7 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു; 24കാരന് ക്രിസ്മസ്-പുതുവത്സര ബമ്പറില്‍ ഒരു കോടി

ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇമ്പദുരൈ വാങ്ങാറുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂര്‍- നീലിശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈക്ക് ലഭിച്ചു. കൊറ്റമം കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇമ്പദൂരൈ.

കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസില്‍ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. അതില്‍ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങള്‍ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാല്‍ നാട്ടില്‍ ഒരു വീട് വയ്ക്കണമെന്നും ഒരു ബിസിനസ് ആരംഭിക്കണമെന്നുമാണ് ഇമ്പദുരൈയുടെ ആഗ്രഹം.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്ക് കാലടി ശാഖയില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കടൈവാങ്കലില്‍ ഒരു ചെറിയ വീട്ടിലാണ് ഇമ്പദുരൈയും കുടുംബവും താമസിക്കുന്നത്. അമ്മയും ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. പിതാവ് മരിച്ചു.

ഏഴ് വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു. കൊറ്റമത്തെ കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ആറ് വര്‍ഷം മുന്‍പ് ഹെല്‍പര്‍ ആയാണ് ജോലി ആരംഭിച്ചത്. ഇപ്പോള്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ആണ്. കാലടിയിലെ എബിന്‍ ലക്കി സെന്ററില്‍ നിന്നാണ് ഇമ്പദുരൈക്ക് ലോട്ടറി നല്‍കിയ പൗലോസ് ടിക്കറ്റുകള്‍ വാങ്ങിയത്. 20 പേര്‍ക്കാണ് ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
ആത്മകഥാ രചയിതാക്കള്‍ മാതൃകയാക്കണം; കെഎം മാണിയുടെ 'ജീവിതകഥ' രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വലിയ മുതല്‍ക്കൂട്ട്; പിണറായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com