തീക്കളിയെന്ന് മുരളീധരന്‍; ഗവര്‍ണറുടേത് 'റോഡ് ഷോ'യെന്ന് ശിവന്‍കുട്ടി; ചിരിയിലൊതുക്കി മുഖ്യമന്ത്രി

പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്.
വി മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു
വി മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു ഫെയ്‌സ്ബുക്ക്‌

കൊച്ചി. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള സമീപനമാണ് മുഖ്യമന്ത്രിയുടെത്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ യാത്രവേളയില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച് ഒരുകൂട്ടം ഗുണ്ടകളെ ഇറക്കിവിട്ട് ഭീഷണിപ്പെടുത്തുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്ര സുഗമമാക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യമായ നിര്‍ദേശം നല്‍കിയില്ല. വിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ഗവര്‍ണറുടെ റൂട്ട് മാറ്റം ഉള്‍പ്പടെ ആവശ്യമായതൊന്നും ഉണ്ടായില്ല. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിലൂടെ ഗവര്‍ണറെ വരുതിക്ക് നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതെന്നങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ കാസര്‍കോട്ട് പറഞ്ഞു.

ഗവര്‍ണറുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിയിലൊതുക്കി. നിലമേല്‍ സംഭവത്തിലൂടെ ഗവര്‍ണര്‍ നിരന്തരമായി ഉത്തരവാദിത്വം ലംഘിക്കുന്നുവെന്ന് ബോധ്യമായിരിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാവര്‍ക്കുമെതിരെ സമരം സ്വാഭാവികമാണ്. ബോധപൂര്‍വം ഗവര്‍ണര്‍ ഷോ നടത്തുകയാണ്. ഇത് നേരത്തെയും നടത്തിയിരുന്നു.

ഗവര്‍ണര്‍ക്ക് പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നിട്ടും ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണ്. അദ്ദേഹത്തിന്റെ മാനസികാ അവസ്ഥ വല്ലാത്തനിലയിലേക്ക് പോയിരിക്കുകയാണെന്നാണ് രണ്ടുദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ് അദ്ദേഹം ഇങ്ങനെ കുത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ഗവര്‍ണറെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്ന് ശിവന്‍ കുട്ടി പറഞ്ഞു.

കേരളത്തിന് ഗവര്‍ണറെ ആവശ്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ദ്രോഹമല്ലാതെ ഗവര്‍ണര്‍ സംസ്ഥാനത്തിനായി ഒരു ഉപകാരവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വരുംദിവസങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥന സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

വി മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു
എസ്എഫ്‌ഐക്കാരെ വീണ്ടും തെരുവില്‍ നേരിട്ട് ഗവര്‍ണര്‍; പ്രധാനമന്ത്രിയെ വിളിക്കണമെന്നാവശ്യം; റോഡില്‍ കുത്തിയിരിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com