പി ബാലചന്ദ്രന്‍
പി ബാലചന്ദ്രന്‍ഫെയ്സ്ബുക്ക്

വിവാദ രാമായണ പോസ്റ്റ്; നേരിട്ടെത്തി വിശദീകരിക്കണം, പി ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ്

രാമായണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ പി ബാലചന്ദ്രൻ എംഎൽഎയോട് സിപിഐ വിശദീകരണം തേടി

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ പി ബാലചന്ദ്രൻ എംഎൽഎയോട് സിപിഐ വിശദീകരണം തേടി. ജില്ലാ എക്സിക്യുട്ടിവിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറി പി ബാലചന്ദ്രന് കത്ത് നൽകി. വിഷയം ചർച്ച ചെയ്യാൻ 31നാണ് ജില്ലാ എക്സിക്യൂട്ടിവ് യോഗം വിളിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സിപിഎം -സിപിഐ നേതാക്കൾ എംഎൽഎക്കെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ഇതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ബാലചന്ദ്രനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഫെയ്‌സബുക്കിലൂടെ തന്നെ എംഎൽഎ ഖേദ പ്രകടനവും നടത്തിയിരുന്നു.

'കഴിഞ്ഞ ദിവസംFB ൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു'- എംഎൽഎ പോസ്റ്റിൽ കുറിച്ചു.

'രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയായിരുന്നു ബാലചന്ദ്രന്റെ വിവാദ പോസ്റ്റിലെ വാചകങ്ങൾ.

ഹൈന്ദ വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക എന്നാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാർ വിമർശിച്ചത്. 'മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി... സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികൾ പിന്തുണയ്ക്കാനുണ്ടെങ്കിൽ എന്തുമാവാമെന്ന ധാർഷ്ഠ്യം....!ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്റെ പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ...'- അനീഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പി ബാലചന്ദ്രന്‍
നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ; ജനകീയ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി ആറിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com