വിവാദ രാമായണ പോസ്റ്റ് :പി ബാലചന്ദ്രന് പരസ്യശാസന, അച്ചടക്ക നടപടിയുമായി സിപിഐ

പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തെത്തുടര്‍ന്നാണ് തീരുമാനം
പി ബാലചന്ദ്രന്‍
പി ബാലചന്ദ്രന്‍ഫെയ്സ്ബുക്ക്

തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പി ബാലചന്ദ്രന്‍ എം എല്‍ എയ്‌ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തെത്തുടര്‍ന്നാണ് തീരുമാനം.

സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ ആണ് അച്ചടക്ക നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇത്തരം പ്രവര്‍ത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവരും പങ്കെടുത്തിരുന്നു. വ്യക്തികളുടെ വിശ്വാസ പ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തി സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നതായും കെ കെ വത്സരാജ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com