'അച്ഛന്റെ ആത്മാവ് പൊറുക്കില്ല'; പദ്മജയെ എടുത്തതു കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല: കെ മുരളീധരന്‍

'വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്രയൊക്കെ പരിഗണന കൊടുത്താല്‍ പോരേ'
കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു ടിവി ദൃശ്യം

കോഴിക്കോട്: വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന പദ്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. പദ്മജ ചെയ്തത് ചതിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് പദ്മജയുടെ ഭാഗത്തു നിന്നും ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അവഗണയുണ്ടായി, മത്സരിച്ചപ്പോള്‍ കാലുവാരാന്‍ ശ്രമമുണ്ടായി എന്നൊക്കെയുള്ള സൂചനകള്‍ ചില മാധ്യമങ്ങളിലൂടെ കണ്ടു. പക്ഷെ കോണ്‍ഗ്രസ് പദ്മജയ്ക്ക് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും നല്‍കിയിരുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2011 ല്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ആ മണ്ഡലത്തിന് സമീപത്തുള്ള സീറ്റിലൊക്കെ എല്‍ഡിഎഫ് എംഎല്‍എമാരായിരുന്നു. ആ സീറ്റിലാണ് ഞാന്‍ പതിനാറായിരത്തില്‍ പരം വോട്ടിന് വിജയിച്ചത്. വടകര, രാജീവ് ഗാന്ധിയുടേയും ഇന്ദിരാഗാന്ധിയുടേയും മരണത്തെ തുടര്‍ന്നുള്ള സഹതാപത്തിലും ഇടതുമുന്നണി വിജയിച്ച മണ്ഡലമാണ്. മുല്ലപ്പള്ളി രണ്ടാം വട്ടം വിജയിച്ചതാകട്ടെ മൂവായിരം വോട്ടിനുമാണ്. അവിടെ അന്നത്തെ ജെഡിയുവിന് നല്ല വേരോട്ടമുള്ള മണ്ഡലമാണ്.

ആ മണ്ഡലത്തില്‍ 84,600 വോട്ടിന് വിജയിക്കാന്‍ കഴിഞ്ഞു. അത് യുഡിഎഫ് എന്നോടൊപ്പം ഒറ്റക്കെട്ടായി നിന്നതു കൊണ്ടും, മണ്ഡലത്തിലെ ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്തതുകൊണ്ടുമാണ്. കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് പദ്മജയ്ക്ക് നല്‍കിയത്. എന്നാല്‍ മുകുന്ദപുരം മണ്ഡലത്തില്‍ ഒന്നര ലക്ഷം വോട്ടിനാണ് പദ്മജ തോറ്റത്. തൃശൂരില്‍ തേറമ്പില്‍ 12,000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ പദ്മജയ്ക്ക് സീറ്റ് നല്‍കിയപ്പോള്‍ 7000 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശൂരില്‍ ആയിരം വോട്ടിന് പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ചിലര്‍ കാലുവാരാന്‍ ശ്രമിച്ചു എന്നൊക്കെ പറയുമ്പോള്‍, അങ്ങനെ ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ തെരഞ്ഞെടുപ്പ് എന്നു പറയുന്നത്. അങ്ങനെയെങ്കില്‍ എന്നെ പലരും കാലുവാരിയിട്ടുണ്ട്. ഞാന്‍ പരാതിയൊന്നും കൊടുക്കാന്‍ പോയിട്ടില്ല. ജനങ്ങള്‍ക്ക് പൂര്‍ണമായും നമ്മള്‍ വിധേയരായാല്‍ ഇതൊന്നും നമ്മളെ ഏല്‍ക്കില്ല. അതുകൊണ്ടു തന്നെ ഈ പറഞ്ഞ ഒരു കാര്യത്തിനും അടിസ്ഥാനമില്ല.

ഇത്രയൊക്കെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. എനിക്ക് കോണ്‍ഗ്രസ് വിട്ടുപോകേണ്ടി വന്ന സാഹചര്യത്തില്‍, എല്‍ഡിഎഫും യുഡിഎഫും എടുക്കാത്ത സാഹചര്യത്തിലും ബിജെപിയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. അന്ന് ആ മുന്നണിയില്‍ ചേരാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കെ കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്. അങ്ങനെയുള്ള കെ കരുണാകരന്റെ കുടുംബത്തില്‍ നിന്നും ഒരാളെ ബിജെപിക്ക് കിട്ടി എന്നത് മതേതര വിശ്വാസികളെ സംബന്ധിച്ച് ഏറെ ദുഃഖം നല്‍കുന്ന കാര്യമാണ്.

അതുകൊണ്ടൊന്നും കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം തകരില്ല. പദ്മജയെ എടുത്തതു കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകില്ല. എല്ലാ സ്ഥലത്തും ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളും. ഒന്നാം സ്ഥാനം അവര്‍ പ്രതീക്ഷിക്കുന്ന സ്ഥലത്തുപോലും ബിജെപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. അതിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഈ ചതിക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കൊണ്ടു തന്നെ പകരം ചോദിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് പദ്മജ പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറയാറുണ്ട്. അതില്‍ പുതുമയൊന്നുമില്ലല്ലോ. ഒരു ഘട്ടത്തില്‍ വിളിക്കാനൊക്കെ ധാരാളം ആളുകളുണ്ട്, പക്ഷെ നമുക്ക് ഈ പ്രസ്ഥാനം വിട്ടു പോകാനൊക്കില്ലല്ലോ. അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസ്ഥാനമല്ലേ എന്നു പറഞ്ഞ വ്യക്തി എങ്ങനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പോയി. പാര്‍ട്ടിയില്‍ എന്തു കിട്ടിയാലും കിട്ടിയില്ലെങ്കിലും കെ കരുണാകരനെ ചിതയിലേക്ക് എടുക്കുമ്പോള്‍ പുതപ്പിച്ച കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാക, അത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

സ്ഥാനങ്ങള്‍ വരും പോകും. ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുമ്പോള്‍ കിട്ടിയതിന്റെ കണക്കാണ് ഓര്‍ക്കേണ്ടത്. പാര്‍ട്ടിയില്‍ എനിക്കും പല പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിലതൊക്കെ മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. പക്ഷെ അതു വേര്‍പിരിയലല്ല. ഇത്രകാലം ഒപ്പം നിന്ന പാര്‍ട്ടിയാണ്. 1960 ല്‍ കരുണാകരന് സീറ്റ് നിഷേധിച്ചു. എന്നിട്ടും അദ്ദേഹം കുലുങ്ങിയില്ല. ഒരു കാലത്ത് കോണ്‍ഗ്രസില്‍ നിന്നും പോയെങ്കിലും, പിന്നീട് ക്ഷമ പറഞ്ഞിട്ടാണ് കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചു വന്നത്.

പദ്മജയുടെ ബിജെപി പ്രവേശം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കെ കരുണാകരനും എ കെ ആന്റണിയും പാര്‍ട്ടിക്കു വേണ്ടി ഏറെ കഷ്ടപ്പെട്ടിട്ടുള്ളവരാണ്. അതൊന്നും അനുഭവിക്കാത്ത മക്കള്‍ക്ക് ഇങ്ങനെ ചില ദുഷ്ടബുദ്ധിയുണ്ടാകും. വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്രയൊക്കെ പരിഗണന കൊടുത്താല്‍ പോരേ. പ്രോത്സാഹിപ്പിക്കാനും കളിയാക്കാനും ചിലരുണ്ട്. അതൊക്കെ നേരിടും. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇമ്മാതിരി ചതി. ഇഡിയും കേഡിയുമൊന്നും ഞങ്ങളുടെ അടുത്തു വരില്ല. അതുകാട്ടി പേടിക്കാനും വരണ്ട. ഇഡി വന്നാലും നിയമപരമായി നേരിടും.

കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് : എം വി ഗോവിന്ദന്‍

വടകരയിലെ വോട്ടര്‍മാര്‍ക്ക് എന്നെ അറിയാം. വര്‍ഗീയതയുമായി ഒരു കോംപ്രമൈസിനും തയ്യാറാകാത്ത ആളാണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഈ പരിപ്പൊന്നും അവിടെ വേവില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹവും മുരളീധരന്‍ തള്ളി. പാര്‍ട്ടി പറഞ്ഞാല്‍ അവിടെ ശക്തമായി പോരാടും. വര്‍ഗീയകക്ഷിക്കൊപ്പം പോയതില്‍ അച്ഛന്റെ ആത്മാവ് പദ്മജയോട് പൊറുക്കില്ല. അതുകൊണ്ടു തന്നെ പദ്മജയുമായി എല്ലാ ബന്ധങ്ങളും അവസാനിച്ചതായും കെ മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com