'ഭാരത് അരിയില്‍ കേന്ദ്രത്തിന് 10 രൂപ ലാഭം', 11 രൂപ സബ്‌സിഡിയോടെ കെ- റൈസ് വിപണിയില്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കിഴിവുമായി 'ഗോള്‍ഡന്‍ ഓഫര്‍'

സപ്ലൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയില്‍
കെ-റൈസ് വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു
കെ-റൈസ് വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു

തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയില്‍. പ്രതികൂല സാഹചര്യങ്ങളിലും ഒരു ക്ഷേമ-വികസന പദ്ധതിയില്‍ നിന്ന് പോലും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും ഈ നിലപാടിന്റെ ദൃഷ്ടാന്തമാണു ശബരി കെ-റൈസെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കമ്പോളത്തില്‍ പല ബ്രാന്‍ഡുകളോടും മത്സരിക്കുന്ന സപ്ലൈകോയ്ക്ക് ബ്രാന്‍ഡിങ് പ്രധാനമാണെന്നതു മുന്‍നിര്‍ത്തിയാണു ശബരി കെ-റൈസ് എന്ന പ്രത്യേക ബ്രാന്‍ഡില്‍ അരി വിപണിയിലെത്തിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്പന്നങ്ങള്‍ക്കു മികച്ച വിപണിവില ലഭിക്കുന്നതില്‍ ബ്രാന്‍ഡിങിനു വലിയ പങ്കുണ്ട്. കിലായ്ക്കു 40 രൂപയോളം ചെലവഴിച്ചു സര്‍ക്കാര്‍ വാങ്ങുന്ന ഈ അരി മട്ട, ജയ, കുറുവ ഇനങ്ങളിലായി 29/30 രൂപയ്ക്കു പൊതുജനങ്ങള്‍ക്കു നല്‍കുകയാണ്. ഓരോ കിലോയ്ക്കും 10 മുതല്‍ 11 രൂപ വരെ സബ്‌സിഡി നല്‍കി ഫലപ്രദമായ വിപണി ഇടപെടലാണു സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. കെ-റൈസിനു പുറമേ സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി അഞ്ചു കിലോ അരി കൂടി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ ഭക്ഷ്യധാന്യ വിഹിതംപോലും വെട്ടിക്കുറയ്ക്കുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതനു മുന്‍പ് 16,25000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളത്തിനു ലഭിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതോടെ വിഹിതം 14,25000 മെട്രിക് ടണ്ണായി കുറഞ്ഞു. ഇതില്‍ 10,26000 മെട്രിക് ടണ്‍ മുന്‍ഗണനാ വിഭാഗത്തിനാണ് അനുവദിക്കുന്നത്. അതു കേരളത്തില്‍ 43 ശതമാനം വരും. 57 ശതമാനം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കായി സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരി വിഹിതം 33294 മെട്രിക് ടണ്ണാണ്. ഈ പ്രതിമാസ സീലിങ് ഉള്ളതിനാല്‍ പ്രത്യേക ഉത്സവങ്ങള്‍, ദുരന്തങ്ങള്‍ തുടങ്ങി കൂടുതല്‍ അരി നല്‍കേണ്ട സാഹചര്യങ്ങളില്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യം വന്നപ്പോഴാണ് അതു മറികടക്കാന്‍ എഫ്‌സിഐ വഴി ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീമില്‍ സംസ്ഥാനം പങ്കെടുത്ത്, സപ്ലൈകോ 29 രൂപ നിരക്കില്‍ അരി വാങ്ങി 23-24 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്നത്. ഇതു സംസ്ഥാനത്ത് അരിവില പിടിച്ചുനിര്‍ത്തുന്നതിനു വലിയ തോതില്‍ സഹായിച്ചു. ഇപ്പോള്‍ അതും തടഞ്ഞിരിക്കുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതരം നിബന്ധനകള്‍ ഇതിനായി മുന്നോട്ടുവച്ചതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സപ്ലൈകോ മുഖേന 24 രൂപ നിരക്കിലും റേഷന്‍ കടകള്‍ വഴി 10.90 രൂപ നിരക്കിലും നല്‍കിയിരുന്ന അരി 'ഭാരത് റൈസ്'എന്ന പേരില്‍ 29 രൂപ നിരക്കു നിശ്ചയിച്ച് ഇപ്പോള്‍ വിപണിയിലിറക്കുകയാണ്. 18.59 രൂപ നിരക്കില്‍ വാങ്ങുന്ന ഈ അരിയാണ് 29 രൂപ നിരക്കു നിശ്ചയിച്ചു വില്‍ക്കുന്നത്. കേന്ദ്രം അരി വിതരണം നേരിട്ട് ഏറ്റെടുത്തതു ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മുന്‍നിര്‍ത്തിയാണ്. അതേസമയം, കെ-റൈസ് 11 രൂപയോളം സബ്‌സിഡി നല്‍കിക്കൊണ്ടു സംസ്ഥാനം വിതരണം ചെയ്യുന്നത്. രണ്ടു സമീപനത്തിലെ വ്യത്യാസമാണ് ഇതില്‍ കാണേണ്ടത്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണ സമ്പ്രദായമാണു സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അതു കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സപ്ലൈകോ മുഖേന വിലകുറച്ചു നല്‍കുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വരുന്ന രണ്ടാഴ്ചകൊണ്ട് വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഏപ്രില്‍ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് നല്കുന്ന 'ഗോള്‍ഡന്‍ ഓഫര്‍' എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷ്യ, ധാന്യ വിപണിയില്‍ ഫലപ്രദമായ ഇടപെടലുകളാണു സപ്ലൈകോ നടത്തിവരുന്നത്. സപ്ലൈകോയ്‌ക്കെതിരായി തെറ്റിദ്ധാരണ പരത്തുന്നതരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണമെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.

കെ-റൈസ് വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു
രാഹുലിന്റേത് അഹങ്കാര സ്വരം, മോശമായിപ്പോയി; പദ്മജയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പാര്‍ട്ടി വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com