'സോളാര്‍ കമ്പനികള്‍ തെറ്റിദ്ധരിപ്പിച്ചതാണോ?, ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല'; കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്

വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത് എന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍
കറന്‍റ് ബില്ല്, ശ്രീലേഖ
കറന്‍റ് ബില്ല്, ശ്രീലേഖ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത് എന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍. കാര്യങ്ങള്‍ പഠിക്കാതെ സോളാര്‍ പാനലുകള്‍ വെയ്ക്കുകയും അതിലെ ഉത്പാദനം മനസ്സിലാക്കാതെ വീട്ടിലെ വൈദ്യുതി ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ എല്ലാവരും 'ശ്രീലേഖ' യാകും എന്ന് വിമര്‍ശിച്ച് കെഎസ്ഇബിയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ വി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മറുപടി നല്‍കിയത്.

'ശ്രീലേഖ മാഡത്തിന്റെ വീട്ടില്‍ 5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത്. അതില്‍ 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തു. മാഡത്തിന്റെ വീട്ടില്‍ ഗ്രിഡില്‍ നിന്നും ഇപോര്‍ട്ട് ചെയ്ത് 1282 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. (Normal399 യൂണിറ്റ് + പീക്ക് 247 യൂണിറ്റ് + ഓഫ് പീക്ക് 636 യൂണിറ്റ് = 1282 യൂണിറ്റ്) ബില്ല് ചെയ്യുന്നത് ഗ്രിഡില്‍ നിന്നും ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്നും ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്ത വൈദ്യുതിയുടെ യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിയുടെ അളവിനാണ്. ആയതിനാല്‍, 1282 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. 10038 രൂപ ആണ് ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് ഈടാക്കിയിരിക്കുന്നത്. ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല'- കുറിപ്പില്‍ പറയുന്നു.

വീട്ടില്‍ സോളാര്‍ വെക്കുമ്പോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ എന്നും കെഎസ്ഇബി കട്ടോണ്ട് പോകുമെന്നും നിലവില്‍ സോളാര്‍ വെയ്ക്കുന്നതിന് മുന്‍പുള്ള കറന്റ് ബില്ലിനേക്കാള്‍ കൂടുതലാണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. 'സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി off grid ആക്കി വെക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!'-ശ്രീലേഖയുടെ കുറിപ്പിലെ മറ്റു പ്രസക്ത ഭാഗങ്ങള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്:

ശ്രീലേഖ മാഡത്തിനെപ്പോലെ DGP ആയി വിരമിച്ച വ്യക്തി കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ KSEB എന്ന പൊതുമേഖലാ സ്ഥാപനത്തെ പൊതു ജനങ്ങൾക്കു മുന്നിൽ കരിതേച്ച് കാണിക്കാൻ ശ്രമിച്ചത് ഒട്ടും ശരിയായില്ല. ഏതോ സോളാർ കമ്പനികൾ മാഡത്തിനെ തെറ്റിദ്ധരിപ്പിച്ചതാകാനേ സാധ്യതയുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സോളാർ കച്ചവടം പൊടിപൊടിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ശക്തമാണ്.

സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ സ്വന്തം വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വ്യക്തമായി പഠിച്ചിരിക്കണം. കാര്യങ്ങൾ പഠിക്കാതെ സോളാർ പാനലുകൾ വയ്ക്കുകയും അതിലെ ഉത്പാദനം മനസ്സിലാക്കാതെ വീട്ടിലെ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്താൽ എല്ലാവരും "ശ്രീലേഖ" യാകും...

ഏപ്രിൽ മാസം പതിനായിരം രൂപയുടെ ബില്ല് വന്നപ്പോൾ സോളാർ വച്ചു തന്ന കമ്പനിയുടെ ഉപദേശപ്രകാരമായിരിക്കും ഓൺഗ്രിഡിൽ നിന്ന് ഓഫ് ഗ്രിഡിലേക്ക് മാറ്റാമെന്ന് അവർ കരുതുന്നത്.

ഇനി മാഡത്തിൻ്റെ ബില്ല് സംബന്ധമായ കാര്യങ്ങൾ വ്യക്തമാക്കാം

ശ്രീലേഖ മാഡത്തിന്റെ വീട്ടിൽ 5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. മാഡത്തിന്റെ വീട്ടിൽ ഗ്രിഡിൽ നിന്നും ഇപോർട്ട് ചെയ്ത് 1282 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. (Normal-399 യൂണിറ്റ് + പീക്ക് - 247 യൂണിറ്റ് + ഓഫ് പീക്ക് - 636 യൂണിറ്റ് = 1282 യൂണിറ്റ്)

ബില്ല് ചെയ്യുന്നത് ഗിഡിൽ നിന്നും ഇംപോർട്ട് ചെയ്ത വൈദ്യുതിയിൽ നിന്നും ഗ്രിഡിലേക്ക് എക്സ് പോർട്ട് ചെയ്ത വൈദ്യുതിയുടെ യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിയുടെ അളവിനാണ്.

ആയതിനാൽ, 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

10038 രൂപ ആണ് ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് ഈടാക്കിയിരിക്കുന്നത്.

സോളാർ നിലയത്തിൽ ഉത്പാദിപ്പിച്ച വൈദ്യുതിയായ 557 യൂണിറ്റിൽ 290 യൂണിറ്റ് ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തല്ലോ? അപ്പോൾ നിലയത്തിൽ ഉത്പാദിപ്പിച്ച 557 - 290 = 267 യൂണിറ്റ് വൈദ്യുതി മാഡം സ്വന്തം വീട്ടിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാം. അത്തരത്തിൽ ഗ്രിഡിൽ നിന്നും 1282 യൂണിറ്റും സ്വന്തം നിലയത്തിൽ ഉൽപ്പാദിപ്പിചച്ച 267 യൂണിറ്റും ഉൾപ്പടെ ഒരുമാസം കൊണ്ട് 1549 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. എന്നാൽ, ഗ്രിഡിലേക്ക് നൽകിയ 290 യൂണിറ്റും, അവരുടെ നിലയത്തിൽ ഉൽപ്പാദിപ്പിച്ച് അവർ തന്നെ ഉപയോഗിച്ച 267 യൂണിറ്റും കുറച്ച് വെറും 992 യൂണിറ്റിനാണ് ന്യായമായി ബില്ല് ചെയ്തിരിക്കുന്നത്. (1549-290-267 = 992 Unit)

ശ്രീലേഖ മാഡത്തിൻ്റെ ബില്ലിൽ ഒരു തെറ്റും ഇല്ല.

ഇനി മാഡം ഓഫ് ഗ്രിഡ് ആക്കുകയാണെങ്കിൽ / മാഡത്തിൻ്റെ FB പോസ്റ്റ് കണ്ട് ആരെങ്കിലും ഓഫ് ഗ്രിഡ് സോളാർ വയ്ക്കുകയാണെങ്കിൽ സോളാർ പാനലുകളുടെ കപ്പാസിറ്റിയും ബാറ്ററി കപ്പാസിറ്റിയും ഉറപ്പ് വരുത്തുക. ഏറ്റവും എഫിഷ്യൻസി കുറഞ്ഞ ഉപകരണമാണ് ബാറ്ററി എന്നും മനസ്സിലാക്കുക.

മാഡം തെറ്റ് മനസ്സിലാക്കി FB പോസ്റ്റ് പിൻവലിക്കുമെന്ന് കരുതുന്നു.

ഉണ്ണികൃഷ്ണൻ വി

AEE, KSEBL

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com