മനുഷ്യരും ജിന്നുകളും: മലയാളീ മുസ്‌ലിം ഗന്ധങ്ങള്‍ 

ഒരു മലയാളി മുസ്‌ലിം വീട്, ലോകത്തെ മറ്റേതൊരു മുസ്‌ലിം വീട് പോലെയാകുന്നത് അഞ്ചുനേരത്തെ നിസ്‌കാര നേരങ്ങളില്‍ മാത്രമായിരിക്കണം
മനുഷ്യരും ജിന്നുകളും: മലയാളീ മുസ്‌ലിം ഗന്ധങ്ങള്‍ 

ഒരു മലയാളി മുസ്‌ലിം വീട്, ലോകത്തെ മറ്റേതൊരു മുസ്‌ലിം വീട് പോലെയാകുന്നത് അഞ്ചുനേരത്തെ നിസ്‌കാര നേരങ്ങളില്‍ മാത്രമായിരിക്കണം- എഴുത്ത്: താഹ മാടായി, വര: മണി കാക്കര

രു വിനോദസഞ്ചാരിയുടെ കൗതുകത്തോടെ പഴയ വീടിന്റെ അവശിഷ്ടം നോക്കുകയാണ്. അപ്പോള്‍ അത് അത്രയും പ്രാചീനമായ ഒരു വീട് കാലത്തിലേക്ക് ഇട്ടുപോയ സ്മൃതിരേഖപോലെ തോന്നി. രണ്ടു മുറികള്‍ മാത്രം ഇടിച്ചുകളയാന്‍ സമയം കാത്തുകിടക്കുന്നു. കൊട്ടത്തേങ്ങകള്‍, പഴയ ഉരുപ്പടികള്‍, പുതിയ വീട് മിനുങ്ങുമ്പോള്‍ ഉപേക്ഷിക്കുന്ന പെയിന്റ് ടിന്നുകള്‍, ആണി/ മുള്ളാണി/പഴയ കോളാമ്പി അങ്ങനെ പുതിയ വീട്ടില്‍ കൊള്ളാത്ത ഇനം വസ്തുവകകളുടെ സമാഹാരമായി രണ്ടു മുറികള്‍. ചുവരിലേക്കു പായല്‍ പടര്‍ന്നുകയറിയിട്ടുണ്ട്. ആ മുറികളിലൊന്നിലെ അലമാരയിലാണ് വലിയൊരലങ്കാരം പോലെ മുന്‍പു പുസ്തകങ്ങളൊക്കെ വെച്ചിരുന്നത്. ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും, സിന്ത്ബാദിന്റെ കപ്പല്‍ യാത്ര ഈ രണ്ടു കഥകളും ചിത്രകഥകളായിട്ടാണ് അലമാരയില്‍ ഇടം പിടിച്ചത്. ആയിരത്തൊന്നു രാവുകളിലെത്താന്‍ പിന്നെയും ദീര്‍ഘരാത്രികള്‍ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുത്തുകാരന്‍ എന്‍.പി. മുഹമ്മദിനെ കണ്ടപ്പോള്‍ 'അലിഫ് ലൈല വാ ലൈല' വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. വളരെ ലളിതമായ ചോദ്യത്തിന് ആ ആണ്‍കുട്ടിക്കു മറുപടി പറയാന്‍ കഴിഞ്ഞില്ല. ലൈല അവള്‍ ആര്? ലൈലാ മജ്‌നു എന്നു കേട്ടിട്ടുണ്ടെങ്കിലും അലിഫ് ലൈല വാ ലൈല കേട്ടിട്ടില്ല. പൊടിമീശ പോലെയുള്ള ചിരിയോടെ എന്‍.പി. മുഹമ്മദ് പറഞ്ഞു: 'ആയിരത്തൊന്ന് രാവുകള്‍ വായിക്കണം.' ആണ്‍കുട്ടിക്കു ചിത്രകഥയിലെ ആലിബാബയെ ഓര്‍മ്മവന്നു.

ഓത്തുപള്ളിയിലെ  രാത്രി 

ഒരു മലയാളി മുസ്‌ലിം വീട്, ലോകത്തെ മറ്റേതൊരു മുസ്‌ലിം വീട് പോലെയാകുന്നത് അഞ്ചുനേരത്തെ നിസ്‌കാര നേരങ്ങളില്‍ മാത്രമായിരിക്കണം. ആ നേരങ്ങളില്‍ ബുറാഖ് പക്ഷിയുടെ ചിറകുപോലെ കയ്യുയര്‍ത്തി അവര്‍ ആകാശ സഞ്ചാരം നടത്തുന്നു. മിഹ്‌റാജ് രാവില്‍ ബുറാഖ് എന്ന പക്ഷിയാണ് പ്രവാചകനെ ദൈവസന്നിധിയിലെത്തിക്കുന്നത്. ദൈവം, സ്വര്‍ഗ്ഗം, നരകം, ആദിപ്രവാചകന്മാര്‍ എല്ലാവരേയും കാണുന്നുണ്ട്, ആ രാത്രിയാത്രയില്‍ മുഹമ്മദ്. മുസ്‌ലിമുകള്‍ക്കു അഞ്ചു നേരത്തെ നിസ്‌കാരം ആ യാത്രയില്‍ സമ്മാനമായി നല്‍കി അല്ലാഹു. ഇതുപക്ഷേ, ആണ്‍കുട്ടി പിന്നെയാണ് മനസ്സിലാക്കുന്നത്. ഓത്തുപള്ളിയില്‍ പോയി അറബി മലയാളത്തില്‍ 'അലിഫ് ബാ' പഠിച്ച എല്ലാവരേയും പോലെ, പരമ്പരാഗതമായ ഒരു ശീലം പോലെ, ആ ആണ്‍കുട്ടിയും 'അള്ളാഹു അക്ബര്‍' വിളിച്ചു കയ്യുയര്‍ത്തി. പി.ടി അബ്ദുറഹ്മാന്‍ എഴുതി വടകര കൃഷ്ണദാസ് പാടിയ 'ഓത്തുപള്ളിയില്‍ നമ്മളന്നു പോയിരുന്ന കാലം' ഏതു കാലത്തു കേള്‍ക്കുമ്പോഴും സങ്കടത്തിന്റെ നേരിയ ഇമയനക്കമുണ്ട്. പള്ളിയില്‍ പോകാത്ത മലയാളിയും ആ പാട്ടുകേട്ടു വിതുമ്പി. തട്ടമിട്ട പെണ്‍കുട്ടി, തൊപ്പിയിട്ട ആണ്‍കുട്ടിയെ ഉറ്റുനോക്കിയ കാലം. എത്ര മുഹബ്ബത്തുകളുടെ കബറിടമാണ് ഓരോ ഓത്തുപള്ളിയും! ഓത്തുപള്ളിയില്‍ വെച്ച്, തൊപ്പിയിട്ട ആണ്‍കുട്ടി തട്ടമിട്ട പെണ്‍കുട്ടിയെ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. പരസ്പരമുള്ള ആ നോട്ടം ഉസ്താദിലുടക്കി. ഒട്ടും താമസമുണ്ടായില്ല, ആണ്‍കുട്ടിയുടെ കയ്യില്‍ ചൂരല്‍ കൊണ്ടുള്ള വട്ടത്തൊപ്പി! പള്ളിവിട്ട്, രാത്രിയില്‍ കുട്ടികള്‍ കൂട്ടമായി മടങ്ങുകയാണ്. മുന്നില്‍ ഒടിച്ചു മടക്കാവുന്ന മഞ്ഞ ടോര്‍ച്ചുമായി ഉസ്താദുമുണ്ട്. പാതി വഴിയെത്തിയപ്പോള്‍ ഉസ്താദ് ബീടരുടെ വീട്ടിലേക്കു പോയി. ഇരുട്ടില്‍ പിന്നെയുമുണ്ടു നടന്നുപോകാന്‍ ദൂരം. മുന്നില്‍ നടക്കുന്ന ആണ്‍കുട്ടിയുടെ ഇടം കൈയില്‍ ലോലമായ തണുപ്പ്. 'നൊന്തോ?' പതിഞ്ഞ ശബ്ദത്തില്‍. ശാന്തമായി പെണ്‍കുട്ടി ചോദിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പള്ളിയില്‍ വരാതായി. 'ഓളെ ഔത്ത് കൂട്ടിരിക്കയാ' ആണ്‍കുട്ടിയോട് അവളുടെ കൂട്ടുകാരി പറഞ്ഞു. ഓത്തുപള്ളിയില്‍ നിന്നിറങ്ങിയ മുഹബ്ബത്തിന്റെ കിന്നാരത്തട്ടമിട്ട പഴയ മുസ്‌ലിം പെണ്‍കുട്ടികള്‍ ഓരോ വീട്ടിലും ഏതുതരം ഓര്‍മ്മകള്‍ കൊണ്ടാവാം തന്നോട് തന്നെ പകരം വീട്ടിയിട്ടുണ്ടാവുക?

 
അകത്ത്/അകന്നു പോകുന്ന പെണ്‍കുട്ടികള്‍ 

'ഔത് കൂട്ടുക' എന്നു പറഞ്ഞാല്‍, ആ കാലത്ത്, അകത്തു കൂട്ടുക. ഒത്ത പുതിയാപ്പിളയെ ഒത്തുകിട്ടിയാല്‍ മങ്ങലമായി. പഴയ മുസ്‌ലിം പെണ്‍കുട്ടികള്‍ മറക്കുടയ്ക്കുള്ളില്‍ അല്ലെങ്കിലും അന്തര്‍ജ്ജന ജീവിതമാണ് നയിച്ചത്. എന്നാല്‍, അവരുടെ കഥ പറയാന്‍ ഒരു ആയിശുക്കുട്ടി പോലുമുണ്ടായിട്ടില്ല. മലയാളി മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ച ആന്തരിക യാതനകളുടെ കഥകള്‍ ഇനിയും സമാഹരിച്ചിട്ടില്ലാത്ത ഒരു ബൃഹദാഖ്യാനമാണ്. കൂടുതല്‍ കൂടുതല്‍ പര്‍ദ്ദാവരണ ജീവികളായി മാറുകയും ഹിജാബ് എന്റെ അവകാശം എന്ന നിലയില്‍ അതിനെ വാരിപ്പുണരുകയും ചെയ്യുന്ന കാലത്ത്, ഓര്‍മ്മകളുടെ മാസപ്പിറവികള്‍ നാം കാണാനിടയില്ല. ഔത്തു കൂട്ടിയ തട്ടമിട്ട പെണ്‍കുട്ടിയെ യാദൃച്ഛികമായി തൊപ്പിയിട്ട ആണ്‍കുട്ടി ഒരു പുലര്‍കാല യാത്രയ്ക്കിടയില്‍ ഇടവഴിയില്‍ വെച്ചു കണ്ടുമുട്ടി. ഉമ്മയുടെ പിറകെ ക്ഷീണം പിടിച്ച ഒരു നിഴല്‍പോലെ ബന്ധുവീട്ടില്‍ പോവുകയായിരുന്നു അവള്‍. പെട്ടെന്ന്, ഉമ്മയുടെ കണ്ണ് വെട്ടിച്ച് അടുത്തുവന്നു അവള്‍ പറഞ്ഞു: 'എന്നെ ഔത് കൂട്ടിയിരിക്കയാ... എന്നെ കത്തലടക്കാന്‍ പുയ്യാപ്പിളയെ നോക്കുന്നുണ്ട് ഉപ്പ...'
ഒറ്റവരിയില്‍ ഒരു ആത്മകഥ പറഞ്ഞു അവള്‍ ഓടിപ്പോയി. പിന്നീട് കേട്ട മാപ്പിളപ്പാട്ടുകളിലൊന്നും ഇത്രയും ഖേദം നിറഞ്ഞ ഒരു വരിയും ആണ്‍കുട്ടി കേട്ടിട്ടില്ല. കത്തലടക്കുക എന്നു പറഞ്ഞാല്‍ മലബാര്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രഭാതഭക്ഷണം. വയറിന്റെ കത്തല്‍ പത്തിരികൊണ്ട് അടക്കുക! പ്രാതല്‍ എന്നു കാവ്യാത്മകമായി പറയാനാവില്ല അത്. ഏതോ പുയ്യാപ്പിളാക്കു ആജീവനാന്തം തിന്നാനുള്ള മാംസപ്പത്തിരിയായി മാറാന്‍ പോവുകയാണോ ഇത്ര ചെറിയ പ്രായത്തിലേ അവള്‍? ദീര്‍ഘകാലത്തിനുശേഷം അക്ഷരവടിവോടെ ഇങ്ങനെയാണ് അതേക്കുറിച്ചു ആണ്‍കുട്ടി ചിന്തിച്ചത്: പോസ്റ്റ് മോഡേണ്‍ മുസ്‌ലിം പെണ്‍കുട്ടി എന്നത് കേരളത്തില്‍ ഒരു കെട്ടുകഥയാണ്. അഥവാ, അവള്‍ അങ്ങനെയാവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ജീന്‍സും ഹിജാബുമിടും! കാലത്തെ അഭിമുഖീകരിക്കുക ഏറ്റവും നവീനമായ യാഥാസ്ഥികതയോടെയായിരിക്കും. അത് അത്രമേല്‍ പ്രധാനമായ ഒരു സംഭവമല്ലായിരിക്കാം. മുസ്‌ലിം സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ബോധ്യമാവുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്, പര്‍ദ്ദ അവര്‍ സ്വയം വാരിപ്പുണരുന്ന വസ്ത്രമാണ്. സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കാനുള്ള വിജയപതാക എന്ന നിലയിലാണ് അവരതു ധരിക്കുന്നത്. നീ പര്‍ദ്ദ ധരിച്ച് എന്നോടൊപ്പം വരണം എന്ന് ആജ്ഞാപിക്കുന്ന മുസ്‌ലിം പുരുഷനെക്കാള്‍, സ്വന്തം തുറസ്സുകള്‍ക്കു നിരോധനാജ്ഞ പുറപ്പെടുവിക്കുന്ന സ്ത്രീകളാണ് അധികവും. കാലം കാത്തിരുന്ന പാട്ടുകള്‍ അവര്‍ പാടണമെന്നില്ല. മയിലാഞ്ചിയും മൊഞ്ചും ഹൂറിയും അങ്ങനെ അഴകേറിയ മണവാട്ടിയായി അവള്‍ അകത്തേക്കു പിന്മടങ്ങുന്നു, അകന്നകന്നു പോകുന്നു. ഇപ്പോള്‍ ആണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്, മതമാണ് ഓരോ മുസ്‌ലിം സ്ത്രീയേയും കത്തലടക്കിക്കൊണ്ടിരിക്കുന്നത്. ഓത്തുപള്ളിയില്‍ പോയിരുന്ന കാലം ഒന്നിച്ചു പഠിച്ച പെണ്‍കുട്ടികള്‍, ഇപ്പോള്‍ അവരുടെ പെണ്‍കുട്ടികളെ പുതിയാപ്പിളമാര്‍ക്കു കത്തലടക്കാന്‍ ഇളം പ്രായത്തിലെ ഔത് കൂട്ടുന്നുണ്ടാവില്ല. ആര്‍ക്കെങ്കിലും കത്തലാവാന്‍ അവര്‍ സ്വയം നിന്നുകൊടുക്കുകയുമില്ല. തന്നെ കെട്ടാന്‍ പോകുന്ന ആണ്‍ ആരാവണം എന്ന തീരുമാനത്തില്‍ അവള്‍ക്കുമുണ്ട് ഇപ്പോള്‍ പങ്ക്. പക്ഷേ, അപ്പോഴും, മിക്കവാറും, അവള്‍ 'ആധുനികയായ യാഥാസ്ഥിക'യാണ്. മതത്തിനു ഇപ്പോള്‍ പഴയ കാലത്തെക്കാള്‍ സ്വാധീനമുണ്ട് മിക്കവാറും വീടുകളില്‍. സോഷ്യല്‍ മീഡിയകളില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വിളി വളരെയധികമാണ്. മുസ്‌ലിം സ്ത്രീകളെ ഉല്‍ബോധനം ചെയ്യുന്ന പണ്ഡിതന്മാരാല്‍ ശബ്ദമുഖരിതമാണ് സൈബര്‍ ഇടങ്ങള്‍. ഇക്കഴിഞ്ഞ പെരുന്നാളിനു കൗതുകത്തിനു തൊപ്പിയിട്ട് വന്ന ഏട്ടന്റെ തൊപ്പി ഉമ്മ എടുത്തുമാറ്റി. തൊപ്പി കാണുമ്പോള്‍, താടി കാണുമ്പോള്‍, അയ്യേ, എന്തൊരു ബോറ് എന്നതു തോന്നിയതുകൊണ്ടാവുമോ, ഉമ്മ ആ തൊപ്പി എടുത്തുമാറ്റിയത്? രാവുകളിലും പുലരികളിലും ബുറാഖ് പക്ഷിയുടെ ചിറകിലേറി അല്ലാഹുവുമായി മൗന സംവേദം നടത്തുന്ന ഉമ്മ യാഥാസ്ഥികയായിരിക്കുമ്പോഴും ആധുനികതയെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കു പറക്കാനുള്ള ചിറകുകള്‍ ഹൃദയമാണെന്നു പഠിപ്പിക്കുന്നു.

ഒടിച്ചുമടക്കാവുന്ന മഞ്ഞ ടോര്‍ച്ച് 

മുസ്‌ലിം ആണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒരു ദിവസം അതിവിശിഷ്ടമായ ഒരു ഞെക്കു വിളക്ക് വന്നു. ഒടിച്ചുമടക്കാവുന്ന ഒരു മഞ്ഞ ടോര്‍ച്ചായിരുന്നു അത്. പിന്നീട് പുരയിലേക്കു കയറിവന്ന വെളിച്ചത്തിന്റെ ചെറുതും വലുതുമായ അനേകം പതിപ്പുകളില്‍ ആദ്യത്തേത് അതായിരുന്നു. വൈദ്യുതി പ്‌ളഗില്‍ ഒടിച്ചുമടക്കി പിന്‍ കുത്തി ചാര്‍ജ്ജ് ചെയ്ത ശേഷം ഉപയോഗിക്കാവുന്ന ആ ടോര്‍ച്ച് രാത്രിയില്‍ മുട്ടാകൃതിയില്‍ വെളിച്ചം വീഴ്ത്തി. ഏറെ നേരം ചാര്‍ജ്ജ് നില്‍ക്കാത്ത ആ ടോര്‍ച്ച് ഒടിച്ചുമടക്കാവുന്ന അതിന്റെ കൗതുകം കൊണ്ടാണ് ശ്രദ്ധേയമായത്. എല്ലാ മുസ്‌ലിം വീടുകളിലും ആ മഞ്ഞവെളിച്ചം മരുഭൂമിയില്‍നിന്നുള്ള വെളിച്ചമായി കപ്പലില്‍ കയറിവന്നു. ഇപ്പോള്‍ എവിടെയും വെളിച്ചം, വെളിച്ചം, വെളിച്ചം... ചുവരില്‍ തൂക്കാവുന്ന, നൂലില്‍ കോര്‍ക്കാവുന്ന, പോക്കറ്റില്‍ ഒളിപ്പിച്ചുവെക്കാവുന്നവ. മിന്നും വെളിച്ചത്തിന്റെ ആയിരത്തൊന്നു കഥകള്‍.
ഒടിച്ചുമടക്കാവുന്ന മഞ്ഞ ടോര്‍ച്ചുമായി കുട്ടിയും കൂട്ടുകാരനും രാത്രിയില്‍ ബീച്ച് റോഡില്‍ താഹാപ്പള്ളിയില്‍ ദഫ് കാണാന്‍ പോവുകയാണ്. തന്റെ അതേ പേരുള്ള ആ പള്ളി വിജനമായ ഒരിടത്തായിരുന്നു. ആണ്‍കട്ടിയുടെ കൂട്ടുകാരന്റെ ഉപ്പയായിരുന്നു ഏറെക്കാലം അവിടെ മുക്രിയായി ഉണ്ടായിരുന്നത്. വലിയൊരു ചിമ്മിണി വിളക്കായിരുന്നു പള്ളിയില്‍ ഉള്ള ഒരേയൊരു അലങ്കാരം. ഭക്തിയും മൗനവും കൊണ്ട് അവിടെ മറ്റെവിടെയും കിട്ടാത്ത ശാന്തത കിട്ടി. ദഫ് കളിയുള്ള ദിവസങ്ങളില്‍ മാത്രം അവിടെ ശബ്ദം വലിയൊരു ഇരമ്പത്തോടെ ഇറങ്ങിവന്നു. മുസ്‌ലിം മാപ്പിള കലയാണെങ്കിലും ആണ്‍കുട്ടിക്ക് ദഫ് മുട്ടലും ആകപ്പാടെയുള്ള ആ തുള്ളിക്കളിയും അത്ര ഇഷ്ടമായില്ല. എങ്കിലും അതൊരു അസാധാരണ മെയ്‌വഴക്കമാണെന്നു ആണ്‍കുട്ടിക്കു മനസ്സിലായി. എളാപ്പാന്റെ മകന്റെ കല്യാണത്തിന് ദഫ് മുട്ടും കോല്‍ക്കളിയുമുണ്ടായിരുന്നു. മാപ്പിളപ്പാട്ടുകാര്‍ വന്നപ്പോള്‍, ഓര്‍മ്മകളില്‍ മാത്രമായി ദഫ് മുട്ടുകള്‍.
കുറേ വര്‍ഷങ്ങള്‍ക്കുശേഷം, കണ്ണൂരില്‍ സംസ്ഥാന യുവജനോത്സവം നടക്കുമ്പോള്‍ ആണ്‍കുട്ടി വീണ്ടും ദഫ് മുട്ട് ഇമ്പത്തോടെ കണ്ടു. അപ്പോള്‍, മുന്‍പ്, മഞ്ഞ ടോര്‍ച്ചുമായി വീട്ടിലേക്കുള്ള മടക്കം ഓര്‍മ്മിച്ചു. ഒരു ശ്മശാനത്തിന്റെ അരികെയെത്തിയപ്പോള്‍ മുക്രി പറഞ്ഞു: ദിക്‌റ് ചൊല്ലിക്കൊ! ബേക്ക്ന്ന് ആര് വിളിച്ചാലും തിരിഞ്ഞുനോക്കണ്ട! ആണ്‍കുട്ടി വിയര്‍ത്തു.

ടൈഗര്‍ ബാം 

തലവേദന, മനം പിരട്ടല്‍, നെഞ്ചു വേദന, പേശിവേദന തുടങ്ങി എല്ലാ ശരീരവേദനകള്‍ക്കുമുള്ള അത്ഭുത ഔഷധമായിട്ടാണ് ടൈഗര്‍ ബാം മുസ്‌ലിം വീടുകളില്‍ കയറിവന്നത്. സിംഗപ്പൂരില്‍നിന്ന് ഉപ്പ വന്നപ്പോള്‍ അതു മാന്ത്രിക മരുന്നുപോലെ പെട്ടിയില്‍നിന്നു പ്രത്യക്ഷമായി. ഏതുളുക്കിനും അത്, ഏതു വേദനയ്ക്കും അത്. ദീര്‍ഘകാലം ഉമ്മയുടെ ഹൃദയത്തില്‍ അടിഞ്ഞുകൂടിയ ബേ്‌ളാക്ക് പോലും ആ വേദനസംഹാരികൊണ്ട് ഉമ്മ അറിഞ്ഞിരുന്നില്ല! പ്രവാസികള്‍ മരുന്നുകളുടെ ഒരു കെട്ടുതന്നെ കൊണ്ടുവന്നു കേരളത്തിലേക്ക്. ജലദോഷത്തിനും തലവേദനയ്ക്കും ആക്‌സ് ഓയിലിന്റെ പെരുവിരല്‍ വലിപ്പമുള്ള കുപ്പി, ശരീരം മൊത്തമുള്ള എരിച്ചിലിന് ഈഗിള്‍ പച്ചമരുന്ന് സിംഗപ്പൂര്‍ ബ്രാന്‍ഡ്, ദഹനക്കുറവിനു വെള്ളിക്കുളിക, വലിയ കുപ്പിയില്‍ യൂക്കാലിപ്പിട്‌സ് തൈലം... അങ്ങനെ ഓരോ മുസ്‌ലിം വീട്ടിലെ അലമാരകളിലും മങ്കൂസ് മൗലൂദ് നേര്‍ച്ചക്കിത്താബിനോടൊപ്പം ഈ മരുന്നുകളും ഇടംപിടിച്ചു. ഈ മരുന്നിനു 'ഇറ്റിറ്റു' മരുന്ന് എന്നാണ് മൂത്തപുതിയാപ്പിളയുടെ ഉമ്മ വിളിക്കാറ്. മകന്‍ ഗള്‍ഫില്‍നിന്നു കൊടുത്തയച്ച വാക്വം ഫഌസ്‌കിനു 'തീക്കുപ്പി' എന്നും അവര്‍ പേരിട്ടു. ഫ്രിഡ്ജിനു അവര്‍ 'ഐസ് പെട്ടി' എന്നു വിളിച്ചു. 'അലക്കുന്ന ഫ്രിഡ്ജ്' എന്ന് അലക്കുമെഷീനെ വിളിച്ച ബഷീര്‍ താവഴി ഓരോ മുസ്‌ലിം വീടിനുമുണ്ട്. അവര്‍ അവരുടേതായ മുസ്‌ലിം വാക്കുകള്‍ കണ്ടുപിടിക്കുന്നു. ഡിക്ഷനറിയെ 'അര്‍ത്ഥം നോക്കി' എന്നു തര്‍ജ്ജമ ചെയ്യുന്നു.
ആണ്‍കുട്ടിയുടെ മുറിയില്‍, പുസ്തകങ്ങള്‍ മാത്രമല്ല, അനേകം പച്ചമരുന്നുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം സി.വി. ബാലകൃഷ്ണന്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ വന്നു. തൊട്ടു തലേന്നു വീട്ടില്‍നിന്നുള്ള ചെറിയൊരു വീഴ്ചയുടെ വേദന എഴുത്തുകാരനുണ്ടായിരുന്നു. ആണ്‍കുട്ടി ടൈഗര്‍ ബാം പച്ചമരുന്ന് എഴുത്തുകാരനു കൊടുത്തു. രാത്രിയില്‍ വേദനയുള്ളിടത്തു പതുക്കെ മസാജ് ചെയ്യുക.
പിറ്റേന്ന് എഴുത്തുകാരന്‍ ആണ്‍കുട്ടിയെ വിളിച്ചു: വേദനയ്ക്ക് ആശ്വാസമുണ്ട്. അതിന്റെ മണം വളരെ ഹൃദ്യമാണ്.
ഈഗിള്‍ ബ്രാന്‍ഡ് ടൈഗര്‍ ബാം, ഔഷധങ്ങളില്‍ പ്രവാസി ഇറക്കുമതി ചെയ്ത ആയുസ്‌സിന്റെ പുസ്തകമാണ്!

നജസുകള്‍ 

പുനത്തില്‍ കുഞ്ഞബ്ദുള്ള ആണ്‍കുട്ടിയോടു പറഞ്ഞ അനേകം അനുഭവങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്: 'മുക്കാപ്പാക്കി' എന്നാണ് തീയക്കുട്ടികള്‍ കുഞ്ഞു പുനത്തിലിനെ പരിഹസിച്ചിരുന്നത്. ഒരിക്കല്‍ സഹികെട്ട് പുനത്തില്‍ അവരെ തിരിച്ചു വിളിച്ചു 'പോകിനെടാ! നിങ്ങളൊക്കെ നജ്‌സ്ന്നല്ലേ ഉണ്ടായത്..!
ആണ്‍കുട്ടിയും ചെറുപ്പത്തില്‍ ഏറെ കേട്ട വാക്കുകളിലൊന്ന് 'നജസ്' എന്നാണ്. മലിനമായത്, അശുദ്ധമായത് എന്നൊക്കെ അര്‍ത്ഥം. നായ, പന്നി ഇതൊക്കെ നജസാണ്. അതില്‍ ഏറ്റവും പ്രത്യുല്പാദനശേഷിയുള്ള പുരുഷ ശുക്‌ളവും പെടുന്നു. ശുക്‌ളം എന്നു മുസ്‌ലിമുകള്‍ പറയാറില്ല. ഇന്ദ്രിയം എന്നാണ് പറയുക. ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്നാണ് ഈ പടപ്പുകളെല്ലാമുണ്ടാവുന്നത്!
'പെണ്‍കുട്ടിയുടെ മൂത്രം നജസാണോ?'
തട്ടമിട്ട പെണ്‍കുട്ടി തൊപ്പിയിട്ട ആണ്‍കുട്ടിയോട് ഓത്തുപള്ളിയില്‍നിന്നു വരുമ്പോള്‍ ഒരിക്കല്‍ ചോദിച്ചിരുന്നു.
''ആര് പറഞ്ഞിന്?' ആണ്‍കുട്ടി ചോദിച്ചു.
''ഉസ്താദ്.'
എല്ലാവരുടേയും മൂത്രം നജസാണ്, ആണ്‍കുട്ടി സമാധാനിപ്പിച്ചു. അന്നു രാത്രിയില്‍ പുരയിലെത്തി അലമാരയിലെ മുസ്‌ലിം കര്‍മ്മശാസ്ത്ര പുസ്തകം ആണ്‍കുട്ടി തുറന്നു നോക്കി. 'നജസ്'എന്ന അധ്യായത്തില്‍ ഇങ്ങനെ വായിക്കാം:
പാലൊഴികെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍കുട്ടിയുടെ മൂത്രം കൊണ്ടു മലിനത ബാധിച്ച സ്ഥലത്തു മൂത്രത്തേക്കാള്‍ അധികം വെള്ളം കുടഞ്ഞാല്‍ മതി. വെള്ളം ഒലിക്കണമെന്ന നിര്‍ബന്ധമില്ല. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ മൂത്രം ആയ (ചെറിയ പെണ്‍കുട്ടി എന്നത്, പാലൊഴികെ മറ്റൊന്നും ഭക്ഷിക്കാത്ത പെണ്‍കുട്ടിയാണോ എന്നു വിശദമാക്കുന്നില്ല. ഇത്തരം ചില അടവ് നയങ്ങള്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം) സ്ഥലം വലിയവരുടെ പോലെ കഴുകുകതന്നെ വേണം.
ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം, അഥവാ, ഉംദ: പരിഭാഷ, ബയാനിയ്യ പ്രസ്‌സ് ആന്‍ഡ് ബുക്സ്റ്റാള്‍, പരപ്പനങ്ങാടി.
സ്ത്രീകളോടു മൂത്രത്തില്‍ പോലുമുണ്ടോ വിവേചനം? എല്ലാവരുടേയും മൂത്രം ഒരുപേലെയല്ലേ? ഇത്തരമൊരു വിവേചനം ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?
ആണ്‍കുട്ടി ആലോചിച്ചു, അപ്പോള്‍ ആണ്‍കുട്ടിയുടെ മനസ്‌സില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതിയ ഒരു ഓര്‍മ്മ വന്നു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ പേരക്കുട്ടി വൈക്കം മുഹമ്മദ് ബഷീറിന്റെ മടിയില്‍ മൂത്രമൊഴിച്ചു. അതു കണ്ടപ്പോള്‍ കവിക്കു വല്ലാതായി. ബഷീര്‍ സമാധാനിപ്പിച്ചു: ''കുട്ടികളുടെ മൂത്രം പരിശുദ്ധമാണ്!'
തട്ടമിട്ട കുഞ്ഞു കാമുകിയെ കാണുമ്പോള്‍ പില്‍ക്കാലത്ത് ആണ്‍കുട്ടി പറയും: 
കുട്ടികളുടെ മൂത്രം പരിശുദ്ധമാണ്. അതില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല പെണ്ണേ. മൂത്രം വരുന്ന അവയവത്തിനു ലിംഗഭേദമുണ്ടെങ്കിലും മൂത്രം സര്‍വ്വനാമമാണ്.
ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തില്‍ നജസുകളെക്കുറിച്ചു പറയുന്ന ഇടത്ത് ഇങ്ങനെയും വായിക്കാം:
മത്സ്യത്തിന്റെ ശവം ശുദ്ധവും കഴുതയുടെ ശവം നജസുമാണ്!
അലംഘനീയമായ വിധിവിലക്കുകളെ ജീന്‍സും ഹിജാബുമിട്ട പെണ്‍കുട്ടി എങ്ങനെയൊക്കെയായിരിക്കാം മറികടക്കുന്നുണ്ടാവുക? അവള്‍ തന്നില്‍ത്തന്നെ എത്ര വിശദീകരിക്കുന്നുണ്ടാവും ഓരോ കാര്യവും?

ഉപ്പയുടെ കപ്പല്‍ യാത്ര 

അല്പം മഞ്ഞ ബാധിച്ച പഴയ അറബിക്കഥാ പുസ്തകം വായിക്കുമ്പോഴൊക്കെ മുസ്‌ലിം ആണ്‍കുട്ടി ഉപ്പ ഒരിക്കല്‍ കപ്പലില്‍ പോയത് ഓര്‍മ്മിക്കും. ഓരോ മുസ്‌ലിം വീട്ടിലുമുണ്ടാവും പിതൃപരമ്പരയില്‍ ആരെങ്കിലും പേര്‍സ്യയിലെക്കോ മലേഷ്യയിലേക്കോ പത്തേമാരിയിലോ കപ്പലിലോ പോയ കഥ. അത്ഭുതവസ്തുക്കളുടെ മാന്ത്രികപ്പെട്ടിയുമായി പലരും പുറപ്പെട്ട ഇടത്തേക്കു തന്നെ തിരിച്ചെത്തി. ചിലര്‍ കടലില്‍ പിന്നീട് ആരും വായിക്കാത്ത കഥകളായി മത്സ്യങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. ഉപ്പ കപ്പല്‍ യാത്ര പറയുമ്പോള്‍ മാന്ത്രിക ഭാവനകള്‍ പലതും വന്നുനിറയുന്നു.
പത്താം വയസ്സിലാണ് ഉപ്പയുടെ ആദ്യ കപ്പല്‍ യാത്ര. കുഞ്ഞിമങ്ങലം മാപ്പിള യു.പി സ്‌കൂളില്‍ രണ്ടാം കഌസ്സില്‍നിന്നു മൂന്നിലേക്കു ജയിച്ചുനില്‍ക്കുന്ന സമയമായിരുന്നു. പച്ചക്കിളിയൊന്നു പാറി, ഒരു കൊച്ചു തോപ്പിലേറി... ഇങ്ങനെയൊക്കെയുള്ള പദ്യമൊക്കെ പഠിച്ചിരിക്കുന്ന സമയമാണ് എളേപ്പ സിംഗപ്പൂരിലേക്കു വിളിക്കുന്നത്.
ഏഴിമലയുടെ താഴ്വരയിലാണ് ഉപ്പയുടെ വീട്. ഏഴിമലയിലെ ഔലിയാക്കന്മാരുടെ നേര്‍ച്ച സിയാറത്തിനു കുട്ടിക്കാലത്തു പോകും, ചീരണിയുമായി വരും. പോകുന്ന പോക്കില്‍ കുരങ്ങന്മാര്‍ താമസിക്കുന്ന തോട്ടത്തിലേക്കു കൂട്ടുകാരോടൊപ്പം പോകും. ഏഴിമല ഔലിയാക്കന്മാരുടെ പള്ളി പൊളിക്കാന്‍ ശത്രുക്കള്‍ ആനയുമായി വന്നപ്പോള്‍, ആനയടക്കം ശിലയായി മാറിയ 'ആനപ്പാറ' ഇപ്പോഴുമുണ്ടവിടെ എന്ന് ഉപ്പ. ഉപ്പയുടെ ഉപ്പയും സിംഗപ്പൂരിലായിരുന്നു. അവിടെ സ്രാങ്ക് ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ സൈന്യത്തില്‍ ചേര്‍ന്നു. യുദ്ധത്തില്‍ രണ്ടു വിരല്‍ നഷ്ടപ്പെട്ട ഉപ്പാപ്പയ്ക്ക് ആ നിലയില്‍ കുറേക്കാലം പെന്‍ഷന്‍ കിട്ടിയിരുന്നു. മകന്‍ പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍ അതിന്റെ വരവ് നിലച്ചു.
പഴയ മദിരാശി തുറമുഖത്തു നിന്ന് 'റജുല' എന്ന കപ്പലിലാണ് കന്നിയാത്ര, ഏകദേശം നാന്നൂറ് പേര്‍ കപ്പലിലുണ്ടാവും. കപ്പല്‍ പുറപ്പെടാനാവുമ്പോള്‍ കാമരാജോ അണ്ണാദുരൈയോ ആരെങ്കിലും വന്നു യാത്രാമംഗളം നേരും, ആണ്ടവന്‍ തുണക്കട്ടെ എന്ന് ആശംസിക്കും. നന്നായി വെറ്റില മുറുക്കി ചുവന്ന ചുണ്ടുമായി വരുന്ന കാമരാജ് ഉപ്പയുടെ ഉള്ളില്‍ ഇപ്പോഴുമുണ്ട്.
കപ്പല്‍ നീങ്ങുമ്പോള്‍, ഉമ്മയെ ഓര്‍ക്കും. കടല്‍ കാണുമ്പോള്‍ മറ്റെല്ലാം മറക്കും.
കപ്പല്‍ മദിരാശി വിട്ട് നാഗൂര്‍ എത്തുമ്പോള്‍, അല്പനേരം നാഗൂര്‍ ദര്‍ഗയില്‍ സിയാറത്ത് ചെയ്യാന്‍ നിര്‍ത്തും. വളരെയധികം കറാമത്തുള്ള സ്ഥലമാണ് നാഗൂര്‍ ദര്‍ഗ. ഹസ്രത്ത് സയ്യിദ് ശാഹുല്‍ ഹമീദ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഏതോ കാലത്ത് ഒരു കപ്പല്‍ അതു വഴി പോകുമ്പോള്‍, കപ്പലിന്റെ മേല്‍ത്തട്ടിലെ ചില്ലുജാലകം തകരുന്നതും കപ്പലിന് അടിത്തട്ടില്‍ സുഷിരം വീണ് കടല്‍വെള്ളം കയറുന്നതും ഔലിയ കണ്ടു. അപ്പോള്‍ത്തന്നെ ഔലിയ തന്റെ തലയിണ കപ്പലിനു നേരെ എറിഞ്ഞു, ആ ദ്വാരമടച്ചു! വലിയ അത്യാഹിതത്തില്‍നിന്നും കപ്പല്‍ രക്ഷപ്പെട്ടു.അതിന്റെ നന്ദി സ്മരിക്കാന്‍ ആണ് ഓരോ കപ്പലും നാഗൂര്‍ എത്തുമ്പോള്‍, സിയാറത്ത് ചെയ്യാന്‍ നില്‍ക്കുന്നത്. നാഗൂറിനു പുറത്തു സിംഗപ്പൂരില്‍നിന്നുള്ള എല്ലാ അത്ഭുതവസ്തുക്കളും കിട്ടുന്ന വലിയൊരു ബസാറുമുണ്ട്. നാഗൂര്‍ ദര്‍ഗയില്‍ ഔലിയയുടെ മെതിയടി ഉണ്ട്. അതു തലയില്‍ വെച്ചാണ് പ്രാര്‍ത്ഥന...
കപ്പലിനെ മാത്രമല്ല, പഴയൊരു രാജാവിനേയും അത്യാഹിതത്തില്‍നിന്നു രക്ഷിച്ചിട്ടുണ്ട്, നാഗൂര്‍ ഔലിയ. രാജാവിനു വിചിത്രമായ രോഗം. ഓരോ ദിവസവും വയറ് വീര്‍ത്തു വീര്‍ത്തു വരുന്നു. എല്ലാ വൈദ്യന്മാരും വന്നു ചികില്‍സിച്ചു. ഒന്നും ഫലിക്കാതെ വന്നപ്പോള്‍ മന്ത്രി പരിവാരങ്ങള്‍ ഔലിയയെ തേടിയെത്തി മഞ്ചലില്‍ അവര്‍ ഔലിയയെ കൊട്ടാരത്തില്‍ എത്തിച്ചു. വയര്‍ വീര്‍ത്തുപൊട്ടും എന്ന അവസ്ഥയിലാണ് രാജാവ്. ആ ദയനീയമായ കിടപ്പു കണ്ട്, റബ്ബില്‍ ആലമീനായ തമ്പുരാനെ എന്നു വിളിച്ച് ഔലിയ മേലോട്ട് നോക്കുമ്പോള്‍, കൊട്ടാരത്തിന്റെ മേല്‍ക്കൂരയുടെ ഓരം പറ്റി ഒരു തത്ത നില്‍ക്കുന്നു. ഔലിയ തത്തയെ നോക്കി. ദേഹമാസകലം ആണി തറച്ച നിലയിലാണ് തത്ത! ജീവനുവേണ്ടി പിടയുകയാണ് തത്ത. തത്തയുടെ ജീവന്‍ പോകുമ്പോള്‍ രാജാവ് വയറുപൊട്ടി മരിക്കും. അയലത്തെ രാജാവ് ആഭിചാരം ചെയ്തു വിട്ടതാണ് തത്തയെ... എല്ലാം ഔലിയ ഖല്‍ബാല്‍ അറിഞ്ഞു.
മന്ത്രി പരിവാരങ്ങള്‍ തത്തയെ താഴെ ഇറക്കി, ക്ഷമാപൂര്‍വ്വം തത്തയുടെ ഉടലിലെ ആണി ഓരോന്നായി പിഴുതെടുത്തു. തത്തയുടെ റൂഹ് തിരിച്ചു കിട്ടിയപ്പോള്‍, രാജാവിന്റ വയര്‍ സാധാരണ നിലയിലായി. സ്വന്തം ജീവനില്‍ സംപ്രീതനായ രാജാവ് ഒരുപാട് ഭൂമി ഔലിയാക്കു നല്‍കി. നാഗൂര്‍ ദര്‍ഗയുടെ പോരിശ പറഞ്ഞു ഉപ്പ ആശ്വസിക്കുന്നു: എല്ലാം പടച്ചോന്റെ ഖുദ്‌റത്ത്!
പഴയ ഓരോ മുസ്‌ലിം വീടും ഇത്തരം ഔലിയാക്കളുടെ കഥകള്‍ കൊണ്ടു നിറഞ്ഞു. അള്ളാപ്പിച്ച മുല്ലാക്കയെപ്പോലെ എല്ലാവരും അല്ലാഹുവിന്റെ തുണക്കുവേണ്ടി ദുആ ഇരുന്നു.
കപ്പലില്‍ പോകുമ്പോള്‍ പറക്കുന്ന പക്ഷികളെ കാണാം, വമ്പന്‍ സ്രാവുകളെ കാണാം, തിമിംഗലങ്ങള്‍ വാലിട്ടടിച്ചു പോകുന്നതു കാണാം. സമുദ്രത്തിന്റെ അങ്ങേയറ്റമെത്തുമ്പോള്‍ ആകാശത്തുനിന്ന് ഒരു ഭീമന്‍ കൈ സമുദ്രത്തിലേക്കു വരുന്നു.
''ആരുടെ കയ്യാ ഉപ്പ അത്?' ആണ്‍കുട്ടി ചോദിച്ചു.
''കടലില്‍നിന്നു വെള്ളം കോരാന്‍ അള്ളാഹു അയച്ച കൈ! ആ കയ്യില്‍ വെള്ളം കോരി കരയിലും കടലിലും മഴ വരുന്നു!'
കപ്പലില്‍ പോയവര്‍ എല്ലാം ആ കൈ കണ്ടിരിക്കുമോ? ഉപ്പ മാത്രമായിരിക്കുമോ അതു കണ്ടിരിക്കുക?
യാ അള്ളാഹ്!

ഖസസുല്‍ അമ്പിയ 

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വായിച്ചപ്പോള്‍ മുസ്‌ലിം ആണ്‍കുട്ടിക്കു വലിയ അത്ഭുതം തോന്നിയില്ല. അത്ഭുതം നിറച്ചുവെച്ച മറ്റൊരു പുസ്തകമുണ്ട്, ആണ്‍കുട്ടിയുടെ പുസ്തകശേഖരത്തില്‍. 'ഗസസുല്‍ അമ്പിയ' എന്നാണ് അതിന്റെ പേര്. അത്ഭുതങ്ങളുടെയെല്ലാം അത്ഭുതമാണ് ആ പുസ്തകം, അത്രയും വലിയ ആ പുസ്തകം, തൊടുമ്പോഴെല്ലാം കഥകൊണ്ടു നിറയുന്നു ലോകം. ലോകോല്‍പ്പത്തി മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ളവരുടെ കഥകള്‍, ജിന്നുകളുടേയും ശൈത്താന്മാരുടേയും കഥകള്‍, ആഭിചാരത്തിന്റെ കഥകള്‍, പ്രണയത്തിന്റേയും ദു:ഖത്തിന്റേയും കഥകള്‍... കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യെക്കാള്‍ തെളിഞ്ഞ ഗദ്യമാണ് ഗസസുല്‍ അമ്പിയയുടേത്.
പഴയ മുസ്‌ലിം വീടുകള്‍ കഥകളുടെ ഈ കിത്താബ് അവരുടെ അലമാരകളില്‍ സൂക്ഷിച്ചിരുന്നു. ഖറദാവിയും മൗദൂദിയും സലഫികളും പുസ്തകങ്ങളില്‍ വന്നപ്പോള്‍, ഈ പുസ്തകം അട്ടത്തായി. എത്ര മനോഹരമാണ് ഇതിലെ മലയാള ഗദ്യം. നമ്മുടെ ബോധത്തെ തകിടം മറിക്കുന്ന കഥകള്‍, മതചരിത്രം പോലെ ഇതില്‍ പറയുന്നു.
ജിന്നുകള്‍, ജാന്നുകള്‍, ബിന്നുകള്‍... മലക്കുകളെപ്പോലെ മനുഷ്യര്‍ക്കു ഗോചരമല്ലാത്ത സൃഷ്ടികളാണ് ജിന്നുകള്‍ എന്നു മുസ്‌ലിം ആണ്‍കുട്ടി ഇതില്‍ വായിച്ചു. ഇസ്‌ലാം മതത്തിലെ വിധികളെല്ലാം ജിന്നുകള്‍ക്കും ബാധകം. മാത്രമല്ല, 'ഇസ്‌ലാംജിന്നും 'കാഫിര്‍ ജിന്നും' ഉണ്ട്... 'ബുദ്ധിജീവികള്‍' എന്ന അധ്യായത്തില്‍ ഇങ്ങനെ വായിക്കാം: വിശേഷബുദ്ധി നല്‍കപ്പെട്ട ജീവികള്‍ മൂന്നാകുന്നു. മനുഷ്യര്‍, മലക്കുകള്‍, ജിന്നുശൈത്താന്മാര്‍.
ബുദ്ധിജീവികളെ, നിങ്ങള്‍ ജിന്നു ശൈത്താന്മാരാകുന്നു!
ഒരു പണ്ഡിതനും ശൈത്താനും തമ്മിലുള്ള സംവാദം ഇതിലുണ്ട്. പണ്ഡിതനെ പരീക്ഷിക്കുകയാണ് നിരവധി ചോദ്യങ്ങളിലൂടെ ശൈത്താന്‍. അതില്‍നിന്ന് ഒരു ചോദ്യം:
ശൈത്താന്‍: മനുഷ്യരില്‍ എത്ര വിധത്തിലുള്ള വെള്ളങ്ങളുണ്ട്?
പണ്ഡിതന്‍: ഒമ്പതുതരം ജലങ്ങളുണ്ട്. ഒന്ന്: ഉപ്പുനീര്‍. രണ്ട്: കണ്ണനീര്‍. മൂന്ന്: കണ്ണുനീര്‍. നാല്: നാസികജലം. അഞ്ചു: വിയര്‍പ്പ്. ആറ്: മൂത്രം. ഏഴ്: ഇന്ദ്രിയം. എട്ട്: മദിയ്യ്. ഒന്‍പത്: വദിയ്യ്.

താഹ മാടായി

മറ്റൊരു ചോദ്യം:
ശൈത്താന്‍: ക്ഷേമം വര്‍ധിപ്പിക്കുന്ന വസ്തു ഏതാണ്?
പണ്ഡിതന്‍: കാലാനുസൃതമായ മഴ.
നൂഹ് നബിയുടെ കപ്പലില്‍ അവസാനം കയറിയതു കഴുതയാണെന്നും കഴുതയുടെ കാലില്‍ പിടിച്ചാണ് ഇബ്‌ലീസ് കപ്പലില്‍ കയറിപ്പറ്റിയതെന്നും ഇതില്‍ വായിക്കാം.
സലഫികള്‍ വന്നതോടെ ഈ പുസ്തകം മുസ്‌ലിം വായനകളില്‍നിന്ന് അകന്നുപോയി. എന്നാല്‍, പടച്ചോന്റെ ഖുദ്‌റതുപോലെ ജിന്നുകളുടെ പേരില്‍ സലഫികള്‍ പിന്നീട് ഭിന്നിച്ചു, തെരുവില്‍ കലഹിച്ചു.
യാ, അല്ലാഹ്!
മുസ്‌ലിം ആണ്‍കുട്ടി വിസ്മയത്തോടെ ഗസസുല്‍ അമ്പിയയുടെ താളുകള്‍ മറിച്ചു. മാപ്പിള മുസ്‌ലിം സുഗന്ധം ആ പേജുകള്‍ക്കുള്ളതായി ആണ്‍കുട്ടിക്ക് തോന്നി. അയയില്‍ തൂക്കിയിട്ട തളങ്കര തൊപ്പിയും ചുവരില്‍ കൊളുത്തിവെച്ച തസ്ബീഹുകളും നോക്കി മുസ്‌ലിം ആണ്‍കുട്ടി അല്ലാഹുവിനെ അഗാധമായ സ്‌നേഹത്തോടെ സ്മരിച്ചു. കഥകളുടെ തമ്പുരാനെ, യാ അല്ലാഹ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com