ഭാരതപര്യടനം - ഉണ്ണി ആര്‍ എഴുതിയ കഥ 

''സത്യം പറയണം''ചന്ദ്രന്‍ തലയാട്ടി.''നിങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ?''
ഭാരതപര്യടനം - ഉണ്ണി ആര്‍ എഴുതിയ കഥ 

''സത്യം പറയണം''
ചന്ദ്രന്‍ തലയാട്ടി.
''നിങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ?''
മാത്തുക്കുട്ടിയില്‍നിന്നും ഇത്ര ഭാഷാശുദ്ധിയോടെ, അതും ഒട്ടും പച്ച മലയാളം ചേര്‍ക്കാത്തൊരു സംശയം വന്നപ്പോള്‍ ചന്ദ്രന് അതിശയം തോന്നി. മാത്തുക്കുട്ടി ഗൗരവത്തിലാണ് മുഖം എടുത്തു പിടിച്ചിരിക്കുന്നത്. ഇല്ലന്ന് ചന്ദ്രന്‍ തലയാട്ടി.
''ശാരീരികമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം?''
അതിനും ഇല്ലന്നുതന്നെ ചന്ദ്രന്‍ തലയാട്ടി.
മാത്തുക്കുട്ടിയുടെ മുഖത്തെ ഗൗരവം താഴ്ന്നു. അവിടേക്ക് നിരാശയുടെ ചെറിയൊരു തുണ്ട് നിഴല്‍ വന്നു.
''ചുംബനമെങ്കിലും?''
''ഇല്ല.''
മാത്തുക്കുട്ടിയുടെ മുഖം പൂര്‍ണ്ണമായും പ്രതീക്ഷകള്‍ നശിച്ച് ഇരുട്ടിലേക്ക് മുങ്ങിപ്പോയി. ഏറെ നേരത്തെ ശ്രമത്തിനുശേഷം മാത്തുക്കുട്ടി ആ താഴ്ചയില്‍നിന്നു കയറിവന്നത് ഒരു കുപ്പി റമ്മുമായിട്ടാണ്.
മൂന്നു പെഗ്ഗ് കഴിഞ്ഞപ്പോള്‍ ചന്ദ്രന് കരച്ചില്‍ വന്നു. കരയട്ടെ എന്ന് മാത്തുക്കുട്ടിയും വിചാരിച്ചു. കരഞ്ഞ് കരഞ്ഞ് ചാഞ്ഞുപോയപ്പോള്‍ ഒരു പെഗ്ഗ് താങ്ങായി കൊടുത്തു. അത് ഒരു കവിള്‍ കഴിച്ച് കഴിഞ്ഞപ്പോള്‍ കരച്ചിലിന്റെ കമ്പികളയച്ചുവിട്ട ഈണത്തില്‍ ചന്ദ്രന്‍ പറഞ്ഞു: ''പത്ത് വര്‍ഷത്തെ പ്രേമമായിരുന്നു.''
ഈ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ പെയ്തതും കൊഴിഞ്ഞതും കൊയ്തെടുത്തതുമായ പ്രേമങ്ങള്‍ എല്ലാം കൂടി ചേര്‍ത്തുവെച്ചാല്‍ പത്ത് വര്‍ഷത്തിനിടയിലെ ഒറ്റസംഖ്യ മാത്തുക്കുട്ടിയെ സംബന്ധിച്ച് ദരിദ്രന്റെ കീശയിലെ നാണയം പോലെയാണ്. എന്നിട്ടും മാത്തുക്കുട്ടി അത് മറച്ച് വെച്ച് അഭിനയിച്ചു. 
''കഷ്ടമാണ്. നിര്‍ഭാഗ്യകരം.''
മാത്തുക്കുട്ടിയില്‍നിന്നും ഒട്ടും പരിചിതമല്ലാത്ത ഇത്തരം പ്രയോഗങ്ങള്‍ ചന്ദ്രന് ആശ്വാസം കൊടുത്തു. പ്രതിസന്ധിയില്‍ ഒരാള്‍ പാകതയോടെ സംസാരിക്കുന്നതിന്റെ ഒരു ചെറിയ തണല്‍ അത്രയേ ഇപ്പോള്‍ ആവശ്യമുള്ളൂ. അതാണ് മാത്തുക്കുട്ടി ഒരു പിശുക്കുമില്ലാതെ തരുന്നത്. കുപ്പിയുടെ അടിയിലേക്ക് ഓരോ നിമിഷത്തിലും വറ്റിവറ്റിപ്പോകുന്ന മദ്യത്തിനൊപ്പം ചന്ദ്രന്‍ ഒഴിഞ്ഞ കുപ്പിക്ക് സദൃശ്യമായി അസ്തമിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്തുക്കുട്ടി സമാധാനിപ്പിച്ചു: ''ജീവിതം ഇതാണ്. ഇങ്ങനെ മാത്രമാണ് ജീവിതം.''
''എന്നാലും അവള്‍?''ചന്ദ്രന്‍ മേശയില്‍ തല ചെരിച്ച് കിടന്ന് പറഞ്ഞു: ''എന്റെ ജീവിതമായിരുന്നു.''
''അവള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നി. അവള്‍ പോയി. അത് തെറ്റായി കാണരുത്.''


തിരിച്ച് പോകുമ്പോള്‍ ഒരു കയ്യില്‍ ചന്ദ്രനും മറുകയ്യില്‍ ചന്ദ്രന്റെ ബാഗും മാത്തുക്കുട്ടി ചേര്‍ത്ത് പിടിച്ചു. 
''ബാഗിന് നല്ല കനമുണ്ടല്ലോ, ഇതിനകത്തെന്നാ വല്ലോ കല്ലുമാണോ''-ചന്ദ്രന്‍ ചോദിച്ചു.
''അതില്‍ അവള്‍ തന്ന അവസാനത്തെ സമ്മാനമാണ്.'' ഇത് പറഞ്ഞ് തീര്‍ന്നതും ചന്ദ്രന്‍ ഒരു വലിയ കരച്ചില്‍ മാത്തുക്കുട്ടിയുടെ തോളില്‍ വെച്ചു. കരച്ചിലൊന്നും മാത്തുക്കുട്ടിയെ ബാധിച്ചില്ല. സഞ്ചിയിലെ ഭാരം അവളുടെ ഹൃദയമാണെന്ന് തോന്നുന്നുവെന്ന് കള്ളിന്റെ മൂച്ചില്‍ പറഞ്ഞാലോ എന്ന് ആലോചിച്ച് വാ തുറക്കാന്‍ തുടങ്ങിയതും അത്രയും വലിയൊരു പൈങ്കിളി തന്നേപ്പോലൊരു തറവാടിക്ക് ചേര്‍ന്നതല്ലന്ന് മാത്തുക്കുട്ടിക്ക് തോന്നി.
''ചന്ദ്രാ'' മാത്തുക്കുട്ടി വിളിച്ചു. ''അവള് തന്നത് എന്നാന്ന് നോക്കിയോ?''
''ഇല്ല. മാത്തുക്കുട്ടി നോക്കിക്കോളൂ.''
''അത് ശരിയല്ല ചന്ദ്രാ. ഇതവള്‍ നിനക്ക് സ്വകാര്യമായി തന്നതല്ലേ. നീ മാത്രമേ തുറന്ന് നോക്കാവൂ.''
ചന്ദ്രന് പെട്ടെന്ന് മാത്തുക്കുട്ടിക്ക് ഒരുമ്മ കൊടുക്കണമെന്ന് തോന്നി. ചന്ദ്രന്‍ മാത്തുക്കട്ടിയെ കെട്ടിപ്പിടിച്ചതും ഉമ്മ കൊടുക്കാനാവാതെ മാത്തുക്കുട്ടിയുടെ തോളിലേക്ക് ഒരു കുഞ്ഞിനെപ്പോലെ തളര്‍ന്ന് വീണു.
അമ്മയ്ക്കും അച്ഛനും മനസ്സിലായില്ല. പെങ്ങള്‍ക്ക് മാത്രം എന്തോ ഒന്ന് പിടികിട്ടി. അതവള്‍ സ്വകാര്യമായി അമ്മയോട് പറഞ്ഞു: ''ഇനി വല്ലോ പ്രേമനൈരാശ്യമോ വല്ലോം ആണോ?''
''നീ പോടീ'' -അമ്മക്ക് ദേഷ്യം വന്നു.
''അല്ലെങ്കില്‍ പിന്നെ മുറിക്കകത്തിങ്ങനെ ഉണ്ണാതേം ഒറങ്ങാതേം ഒറ്റ ഇരിപ്പ് ഇരിക്കുമോ?''
ഉണ്ണാതേം ഉറങ്ങാതേം എന്നതില്‍ അമ്മയൊന്ന് തടഞ്ഞു. ഒരു നിമിഷംപോലും വിശന്നിരിക്കാത്ത, എപ്പോള്‍ വേണമെങ്കിലും അതും എത്രനേരം വേണമെങ്കിലും ഉറങ്ങാന്‍ ഇഷ്ടമുള്ള ഇവന്‍ ഇങ്ങനെ കുത്തിപ്പിടിച്ച് ഇരിക്കുന്നതിലപ്പോള്‍ കാര്യമായ എന്തോ ഒരു കുഴപ്പമുണ്ട്.
''എടീ, ഇനി വല്ലോ പ്രേമത്തിന്റേം കൊഴപ്പാണോ?''
''എനിക്കറിയാമ്മേല.''
''പിന്നെ, നീയല്ലേ പറഞ്ഞത് നൈരാശ്യമാരിക്കുമെന്ന്.''
''അത് ഞാനൊരു അഭിപ്രായം പറഞ്ഞതല്ലേ.''
അമ്മ കുറച്ചു നേരം ആലോചിച്ചു നിന്നു. നേരിട്ട് കാര്യം ചോദിക്കാം. അതാണ് നല്ല വഴി. അമ്മ ചന്ദ്രന്റെ മുറിക്കടുത്തേക്ക് നടന്നു.
''അമ്മ ചോദിക്കാന്‍ പോകുവാണോ?''
''അതെ.''
''എന്റമ്മേ എടുത്തുപിടിച്ചൊക്കെ ചോദിച്ചാല്‍ അതിന്റെ പേരില്‍ വല്ലോ ആത്മഹത്യേം ചെയ്താല്‍പ്പിന്നെ അതുമതി.''
കുരുത്തക്കേട് പറയുന്നോടീന്ന് പറഞ്ഞ് അവിടെക്കിടന്ന കവളന്‍ മടലെടുത്ത് മകള്‍ക്കിട്ട് എറിഞ്ഞു. അവള്‍ ഒഴിഞ്ഞുമാറിയെങ്കിലും മടലിന്റെയറ്റം ചന്തിയില്‍ കൊണ്ടു. അവളൊന്ന് നിലവിളിച്ചു.
പെങ്ങളുടെ നിലവിളി പൊങ്ങി ചന്ദ്രന്റെ മുറിക്ക് മുകളിലൂടെ പറന്നുപോകുമ്പോള്‍ കണ്ടു, ചന്ദ്രന്റെ ചുണ്ടുകള്‍ ചൊല്ലലില്‍ മെല്ലെ കാലിടറി വിതുമ്പലാവുന്നത് :
''എന്തിനു കരയുന്നതാരുണ്ണീ ഹനിച്ചത്?
ബന്ധമെന്തിതിനെ''ന്നു കേട്ടവനുരചെയ്താന്‍*
''ദേ കരയുന്നു'' പെങ്ങളാണ് പറഞ്ഞത്.
അമ്മയും കേട്ടു. രണ്ട് പേരും ഓടിച്ചെന്നു. വാതിലില്‍ മുട്ടി. ചന്ദ്രന്‍ പെട്ടന്ന് കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കരച്ചില്‍ അനുസരിക്കാതെ കുറേ നേരം കൂടി ആ മുറിയില്‍ തലങ്ങും വിലങ്ങും ഒച്ചവെച്ച് നടന്നു.
ഒന്ന് അടക്കമായപ്പോള്‍ കതക് തുറന്നു. തുറന്നതും അമ്മ അലമുറയിട്ടു. ചന്ദ്രന്‍ അമ്മയെ ആശ്വസിപ്പിച്ചെങ്കിലും കാര്യമറിയാതെ പോവില്ലെന്ന് അമ്മ ശാഠ്യം പിടിച്ചു.
''ഒന്നുമില്ല. ഭാവിയെക്കുറിച്ചോര്‍ത്ത്  കരഞ്ഞതാണ് ' -ചന്ദ്രന്‍ ആണയിട്ട് പറഞ്ഞു.
ചന്ദ്രന്‍ പറഞ്ഞതും കരഞ്ഞതുമൊന്നും അച്ഛന്‍ അറിയരുതെന്ന് ചന്ദ്രന്റെ പെങ്ങളോട് അമ്മ പറഞ്ഞു. പറയില്ലെന്ന് അവള്‍ വാക്ക് കൊടുത്തു. എന്നാല്‍, ആരുമറിയാതെ ചന്ദ്രന്റെ അമ്മ അവരുടെ മൂത്ത ചേട്ടനോട് ഈ കാര്യം പറഞ്ഞു.
''ഭാവിയെ ഓര്‍ത്ത് കരഞ്ഞോ?'' -ചേട്ടന്‍ ചോദിച്ചു.
''കരഞ്ഞു. ഞാനും അവളും കേട്ടതാ.''
ചേട്ടന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. ''അവന്‍ കൊഴപ്പമില്ലാതെ പഠിക്കുന്ന ഒരുത്തനല്ലേ?''
''പിന്നേ, നന്നായി പഠിക്കും.''
''അപ്പോപ്പിന്നെ അവനെന്നാത്തിനാ കരഞ്ഞേ?'' ചേട്ടന് സംശയമായി. ''അവന്‍ അവന്റെ ഭാവി ഓര്‍ത്താണോ അതോ, രാജ്യത്തിന്റെ ഭാവി ഓര്‍ത്താണോ കരഞ്ഞത്?''
''അതൊന്നും എനിക്കറിയാമ്മേല ചേട്ടാ. ചേട്ടനൊന്ന് വന്ന് ചോദിക്കണം.''
അതുവേണോ എന്ന സംശയത്തില്‍ ചേട്ടനൊന്ന് ആലോചിച്ചു. ''ഞാന്‍ വന്ന് ചോദിച്ചാല്‍ അവന്റെ അച്ഛന് ഇഷ്ടമാവത്തില്ല.''
''പുള്ളിക്കാരന്‍ അറിയത്തില്ലന്നേ, ചേട്ടന്‍ ചോദിച്ചാ മതി. അങ്ങേരാവുമ്പം അവനെ ചെലപ്പം തല്ലും.''
അമ്മയുടെ ചേട്ടന്‍ പിറ്റേന്ന് കാലത്ത്, ചന്ദ്രന്റെ അച്ഛന്‍ ജോലിക്ക് പോയ സമയം നോക്കി വീട്ടില്‍ എത്തി.
''അവനെന്തിയേ?''
''മുറിക്കകത്ത് തന്നെ ഇരിപ്പാ.''
ചേട്ടനൊന്ന് മൂളിയിട്ട് ചന്ദ്രനെപ്പോയി വിളിച്ചു. ചന്ദ്രന്‍ കതക് തുറന്നു.
''കുറച്ചു നേരം ഞാനൊന്ന് സംസാരിച്ചോട്ടെ?''
ചന്ദ്രന്‍ ഒന്നും പറഞ്ഞില്ല.
''എടാ അമ്മാവന്‍ ചോദിച്ചത് കേട്ടില്ലേ?'' അമ്മക്ക് ദേഷ്യം വന്നു.
ചന്ദ്രന്‍ തലയാട്ടി.
''ചേട്ടനങ്ങോട്ട് ചോദിക്ക് ചേട്ടാ.''
''നീ പോയേ, ഞാനവനോട് ചോദിച്ചോളാം.''
അമ്മ പോയി. ചന്ദ്രന്റെ അമ്മാവന്‍ മുറിയിലേക്ക് കയറി. കുറച്ചുനേരം സംസാരിച്ചു. എന്നാല്‍, ഞാനിറങ്ങട്ടെ എന്ന് പറഞ്ഞ് അമ്മാവന്‍ ഇറങ്ങി. ചന്ദ്രന്‍ കതക് അടച്ചു.
ചേട്ടന്റെ പിന്നാലെ അമ്മ ഓടിച്ചെന്നു. ചേട്ടന്‍ എല്ലാം പിടി കിട്ടിയെന്ന മട്ടില്‍ നിന്നിട്ട് പറഞ്ഞു: ''പ്രശ്‌നം കണ്ടുപിടിച്ചു.''
അമ്മ ചേട്ടന്റെ മുഖത്തേക്ക് നോക്കിനിന്നു.
''ആദ്യം അതൊന്ന് എടുത്തുമാറ്റിയാല്‍ മതി.''
''ഏത്?''
''അതവിടിരുന്നാല്‍ അവന്റെ മാത്രമല്ല, ഈ എന്റെ വരെ ഭാവി പോകും.''
എണ്‍പത് വയസ്സാകാറായ ചേട്ടന്റെ ഭാവി പോകുമല്ലോ എന്ന് ഓര്‍ത്ത് സങ്കടപ്പെട്ടുകൊണ്ട് ചന്ദ്രന്റെ അമ്മ പറഞ്ഞു: ''നേരെ ചൊവ്വേ കാര്യം പറ ചേട്ടാ.''
''എടീ, വീട്ടില്‍ വെക്കണ്ടാത്ത സാധനം വെക്കരുത്. അത് പണ്ടേ കാരണവന്മാര് പറഞ്ഞിട്ടൊള്ളതാ. ഇല്ലെങ്കില്‍ അതിന്റെ ഫലം നിന്റെ കുടുംബം മാത്രമല്ല, ഞങ്ങളും കൂടി അനുഭവിക്കേണ്ടിവരും.'' ഇതും പറഞ്ഞിട്ട് ചേട്ടന്‍ പോയി.


''അച്ഛനോട് പറഞ്ഞാല്‍ പിന്നെ അത് മതി.'' ചന്ദ്രന്റെ പെങ്ങള്‍ അമ്മയോട് പറഞ്ഞു: ''അമ്മ ചെന്ന് കാര്യം പറയ്.''
''അവന് ചെല കാര്യങ്ങള് മനസ്സിലാവത്തില്ലടീ. കടിഞ്ഞൂല്‍ പൊട്ടനാ.''
''അങ്ങനെ മനസ്സിലായില്ലങ്കില്‍ നമുക്ക് അച്ഛനോട് പറയാം.''
''എന്നിട്ട് വേണം അവിടിരിക്കുന്ന ബാക്കി എല്ലാം കൂടി എടുത്ത് കത്തിക്കാന്‍.''
''അതവിടെ ഇരുന്നാല്‍ കൊഴപ്പാകുന്നതിനേക്കാള്‍ ഭേദമല്ലേ ചേട്ടന്റെ മാത്രം സാധനങ്ങള്‍ എടുത്ത് കത്തിക്കുന്നത് .''
''അത് ശരിയാ.'' അമ്മ പറഞ്ഞു: ''നീ കൂടി വാ, ഒരു ധൈര്യത്തിന്.''
''ഞാന്‍ കൂടി വന്നാല്‍ അമ്മാവന്‍ പറഞ്ഞപോലെ ശരിക്കും കുടുംബകലഹമാകുവോ?''
ചന്ദ്രന്‍ അമ്മയുടേയും പെങ്ങളുടേയും മുഖത്ത് നോക്കാതെ ഒറ്റ വാചകമേ പറഞ്ഞുള്ളൂ: ''നിങ്ങള്‍ക്കിത് വെറും പുസ്തകമായിരിക്കും. എനിക്കിതെന്റെ ജീവിതമാണ്.''
പെങ്ങള്‍ക്ക് അതുകേട്ട് അയ്യേ എന്ന് പറയണമെന്ന് തോന്നി. പക്ഷേ, പറഞ്ഞില്ല.
''നിന്റെ ജീവിതമൊക്കെ ആയിരിക്കും.'' അമ്മ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു: ''ഇതുകൊണ്ട് ബാക്കി ഒള്ളവരുടെ ജീവിതം കൂടി ഇല്ലാതാക്കരുത്.''
''എനിക്ക് സ്വസ്ഥമായിട്ടൊന്ന് ഇരിക്കണം.'' ചന്ദ്രന്‍ മച്ചിലേക്ക് നോക്കിപ്പറഞ്ഞു.
''എടാ ചേട്ടാ'' പെങ്ങള്‍ പറഞ്ഞു: ''നീ മര്യാദക്ക് ഇതിവിടുന്ന് മാറ്റിക്കോ ഇല്ലേല്‍ അച്ഛനോട് പറയും. അതോടെ നിന്റെ ജീവിതം മൊത്തം പോകും.''
അമ്മയും പെങ്ങളും മുറിയില്‍നിന്നു പോയി. അവര്‍ അവിടെ ബാക്കിവെച്ച പേടി വെറുതെ ചുറ്റിലും നടക്കാന്‍ തുടങ്ങി. ഇനി ഇവിടെ ഇരുന്നാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് നല്ല ബോധ്യം തോന്നിയപ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ ചന്ദ്രന്‍ ചാടി എണീറ്റു.
മാത്തുക്കുട്ടി അത്ഭുതത്തിന്റെ വലയില്‍പ്പെട്ടതുപോലെ ചന്ദ്രനെ നോക്കി ഒറ്റയിരുപ്പിരുന്നു. എന്നാലും എന്റെ ചന്ദ്രാ ലോകചരിത്രത്തില്‍ ഇതാദ്യമായിട്ടായിരിക്കും ഇതുപോലൊരു വിയോഗ സമ്മാനം ഒരു കാമുകി കാമുകന് കൊടുത്തിട്ടുണ്ടാവുക എന്നാണ് മാത്തുക്കുട്ടിക്ക് ചന്ദ്രനോട് പറയാന്‍ തോന്നിയത്. പക്ഷേ, മാത്തുക്കുട്ടിക്ക് അതിനു കഴിയാതെ, ആ ഇരിപ്പില്‍ ആഴ്ന്നങ്ങ് പോയി.
''മാത്തുക്കുട്ടീ''ചന്ദ്രന്‍ വിളിച്ചു. ''ഒരു പരിഹാരം പറയൂ.''
എന്ത് പരിഹാരമാണ് പറയേണ്ടതെന്ന് മാത്തുക്കുട്ടിക്ക് അറിയില്ല. വല്ല ഷര്‍ട്ടോ അത്തറോ മിഠായിയോ ഒക്കെ ആയിരുന്നെങ്കില്‍ മീനച്ചിലാറ്റിലോട്ട് വലിച്ചൊരു ഏറും കൊടുത്തിട്ട് നാല് തുപ്പും തുപ്പിയിട്ട് അടുത്ത പണിക്ക് പോകാന്‍ പറയാമായിരുന്നു. ഇതിപ്പോള്‍ അങ്ങനെയുമല്ല. എന്തെങ്കിലും തരത്തില്‍ പറയുന്ന വാക്കിനല്‍പ്പം വളവുണ്ടായാല്‍ അത് അസഹിഷ്ണുതയോ അശ്ലീലമോ തുടങ്ങി പലതുമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അപ്പോള്‍പ്പിന്നെ എന്താണൊരു വഴിയെന്ന് മാത്തുക്കുട്ടി ആലോചിച്ചു. ആലോചിച്ചാലോചിച്ച് മാത്തുക്കുട്ടി ചന്ദ്രനുമായി മുറിയിലെത്തി.
''ദേ, ഇവിടെ വെച്ചോ.'' മാത്തുക്കുട്ടി അലമാര തുറന്ന് കാണിച്ചുകൊടുത്തു.
കുടിച്ച് തീര്‍ന്നതും തീരാനിരിക്കുന്നതുമായ മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍, പല നിറത്തിലുള്ള ഷഡ്ഡികള്‍.
''എന്റെ മാത്തുക്കുട്ടീ ഇതെന്റെ...''
ചന്ദ്രനെ ആ നിമിഷം മാത്തുക്കുട്ടി തടഞ്ഞു: ''നീ പറയാന്‍ വരുന്നതെന്നാന്ന് മനസ്സിലായി. എടാ ഇതാണ് ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം. അതല്ല, അവിടെ വേണ്ടങ്കില്‍ ദേ, ഇവിടെ എവിടെ വേണേലും വെച്ചോളൂ.''
ആഷ് ട്രേയും സിഗരറ്റ് കുറ്റികളുമൊക്കെ തുടച്ച് നീക്കിയിട്ട് ചന്ദ്രന്‍ കാമുകിയുടെ വിരഹബാക്കി അവിടെ ഇറക്കിവെച്ചു.
''ഒരാളും ഇത് ഇവിടെനിന്ന് എടുക്കില്ല.'' മാത്തുക്കുട്ടി ഉറപ്പ് കൊടുത്തു.
''എനിക്കിത് ഇവിടെ ഇങ്ങനെ സൂക്ഷിച്ചാല്‍പ്പോര. എല്ലാ ദിവസവും വന്ന് വായിക്കണം.''
''അതിനെന്നാ നീ എപ്പോ വേണങ്കിലും വന്നിരുന്ന് വായിച്ചോ.''

ചന്ദ്രന്‍ ഇറങ്ങും മുന്‍പ് മാത്തുക്കുട്ടിയുടെ മുന്നില്‍ ഒരു അപേക്ഷ വെച്ചു: ''അതില്‍നിന്നും കടലാസ്സ് കീറിയിട്ട്...''
''ഛെ... നീ എന്നാ വര്‍ത്തമാനമാ ഈ പറയുന്നെ? അതിനല്ലേ ഇംഗ്ലീഷ് പത്രം വരുത്തുന്നേ.''
ചന്ദ്രന്‍ വിശ്വസിച്ചെന്ന് തലയാട്ടി. പെട്ടന്നാണ് മാത്തുക്കുട്ടിയിലെ ലൈംഗികാന്വേഷണ പരീക്ഷകന്‍ ഒരാലോചനയും കൂടാതെ എടുത്തുചാടിയത്: ''അതേ, നീ അവളെ ഓര്‍ത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടോ?''
''എന്റെ മാത്തുക്കുട്ടീ, അങ്ങനെയൊന്നും ചോദിക്കരുതേ.''
''ചന്ദ്രാ'' മാത്തുക്കുട്ടി പക്വതയുടെ ഒരു തുള്ളി ചേര്‍ത്ത് ചന്ദ്രനു മുന്നില്‍ വെച്ചു. ''സ്വയംഭോഗം ഒരു അപരാധമല്ല. സ്വന്തം കാമുകിയെക്കുറിച്ച് ഓര്‍ത്ത് അങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നത് ഒട്ടുമേ തെറ്റല്ല.''
''എനിക്കതിനാവില്ല മാത്തുക്കുട്ടീ.''
മാത്തുക്കുട്ടിക്ക് എന്താണ് അടുത്തതായി പറയേണ്ടതെന്ന് തിട്ടമില്ലാതെ നിന്നിട്ട് ഒടുവില്‍, ചോദിച്ചു: ''ആരെയെങ്കിലും ഓര്‍ത്ത്...?''
ഇല്ലെന്ന് ചന്ദ്രന്‍ തലയാട്ടി. എന്തുകൊണ്ടാണെന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ഇനി ചോദിച്ച് നിരാശപ്പെടേണ്ട എന്ന് മാത്തുക്കുട്ടി തീരുമാനിച്ച നിമിഷത്തിലേക്ക് ചന്ദ്രന്റെ അടഞ്ഞ ശബ്ദത്തില്‍ ആ വാക്യം പിറന്നു: ''അധര്‍മ്മമാണത്.''


ദിവസവും രാവിലെ ചന്ദ്രന്‍ എവിടേക്കാണ് ഇറങ്ങിപ്പോകുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. രാവിലെ മുതല്‍ വൈകിട്ട് വരെ മാത്തുക്കുട്ടിയുടെ മുറിയില്‍ അടച്ചിട്ട് ചന്ദ്രന്‍ എന്താണ് ചെയ്യുന്നതെന്ന് മാത്തുക്കുട്ടിയുടെ അമ്മച്ചിക്കും മനസ്സിലായില്ല. ഊണിന് വിളിച്ചാല്‍ വരില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും ഒരു കട്ടന്‍ കാപ്പി കൊടുത്താല്‍ മതി.
ഒരു ദിവസം മാത്തുക്കുട്ടിയുടെ അമ്മച്ചി റേഷന്‍ കടയില്‍ വെച്ച് ചന്ദ്രന്റെ അമ്മയെ കണ്ടു. 
തിരിച്ച് വീട്ടിലെത്തിയിട്ട് മാത്തുക്കുട്ടിയോട് അമ്മച്ചി പറഞ്ഞു: ''എടാ തന്തയില്ലാക്കഴുവേറീ, ഇവിടെ നീയും നിന്റപ്പനും കൂടി ഒണ്ടാക്കാത്ത പ്രശ്‌നങ്ങളില്ല. അതിന്റെടേല്, ഇനീം കൊഴപ്പമുണ്ടാക്കാനാണോ അവനേം കെട്ടി എടുത്തോണ്ട് വന്നിരിക്കുന്നെ?''
മാത്തുക്കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അപ്പാപ്പന്റെ മകള്‍ ഒരാഴ്ചയായി ഇവിടുണ്ട്. ചന്ദ്രന്‍ ധര്‍മ്മം ലംഘിച്ച് എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയോ?
''എന്റെ അമ്മച്ചീ ചന്ദ്രന്‍ നല്ലവനാ. നുണ പറയത്തില്ല. കള്ളം കാണിക്കത്തില്ല. വീട്ടില്‍ കേറ്റാന്‍ കൊള്ളുന്നവനാ.''
''അവനെ വീട്ടില്‍ക്കേറ്റിക്കോ. അവന്റെ കയ്യില്‍ ഇരിക്കുന്ന പൊത്തകം ഇനി അടിച്ചതിന്റ കത്ത് കണ്ടുപോകരുത് .''
''നമ്മള് സത്യക്രിസ്ത്യാനികളല്ലേ അമ്മച്ചീ.'' മാത്തുക്കുട്ടി ഒരല്‍പ്പം തത്ത്വശാസ്ത്രം എടുത്തു. ''നമ്മള്‍ കുറച്ചുകൂടി...''
അമ്മച്ചിയുടെ ഒറ്റയാട്ടില്‍ മാത്തുക്കുട്ടിയുടെ വാചകം പൂര്‍ണ്ണമാവാതെ നില തകര്‍ന്നുവീണു.
''ഇന്നലെ നിന്റെ മൂത്ത പെങ്ങള് ഇവിടെ വന്ന് ചാടിത്തുള്ളിയിട്ട് പോയപ്പഴേ ഞാന്‍ വിചാരിച്ചതാ ഏതോ ഒരു സാത്താന്‍ ഇവിടെ കേറിക്കൂടീട്ടൊണ്ടന്ന്.''
പുറത്ത് ഈ ഒച്ചയിങ്ങനെ കൂടിക്കൂടി വരുമ്പോള്‍ ചന്ദ്രന്റെ കണ്ണുകള്‍ അക്ഷരങ്ങളുടെ ചെറു തളിര്‍ച്ചകള്‍ക്കിടയിലായിരുന്നു:
പേടിയായ്കേതുമിവിടെപ്പൊറുക്കനീ,
ചൂടിവിടേയ്ക്കു വരികയുമില്ലേതും.
നീചസര്‍പ്പങ്ങളൊടുങ്ങുമൊട്ടാവോളം;
നീചരല്ലാ നിങ്ങള്‍ക്കിടരില്ലേതും
തക്ഷകനും സഹസ്രാക്ഷകനെക്കണ്ടാശു -
ശുക്ഷണിഭീതികൂടാതെ മരുവിനാന്‍**
ഇനി എന്തുചെയ്യുമെന്ന് ചന്ദ്രനും മാത്തുക്കുട്ടിയും ആലോചിച്ചു. സത്യത്തില്‍ മാത്തുക്കുട്ടി മാത്രമാണ് ആലോചനയില്‍ പങ്കെടുത്തത്. ചന്ദ്രന്റെ മനസ്സ് അവിടില്ലായിരുന്നു.
''നമുക്ക് ഒരു കാര്യം ചെയ്താലോ?'' മാത്തുക്കുട്ടി ചോദിച്ചു.
ചന്ദ്രന്‍ മാത്തുക്കുട്ടിയെ നോക്കി.
''ഇനി ഇത് ഈ നാട്ടിലെ ഒരു വീട്ടിലും വെപ്പിക്കത്തില്ല, അതുകൊണ്ട് നമുക്ക് കറിക്കാരന്‍ വേലാച്ചീടെ കൈയില്‍ കൊടുത്താലോ ?''
''ഷാപ്പില്‍ വെക്കാനോ?''
''എന്റെ ചന്ദ്രാ, പാപ്പച്ചനെ കുത്തിയ കത്തി എട്ട് വര്‍ഷം വേലാച്ചിയാ ഷാപ്പില്‍ വെച്ചത്. ഒരാള് കണ്ടുപിടിച്ചോ?''
''അങ്ങനെയാണോ ഇത്?''
''എടാ, ഒരാളെ കുത്തിയ കത്തിയും ഇതും തമ്മില്‍ വെല്ല്യ വ്യത്യാസമൊന്നുമില്ല. അവള് നിനക്കിട്ട് ഒന്ന് താങ്ങീട്ട് പോയതല്ലേ? ശരിക്ക് നോക്കിയാല്‍ ഈ പുസ്തകത്തില്‍, യുദ്ധത്തില്‍നിന്ന് വീണ ചോരയെക്കാള്‍ കൂടുതല്‍ നിന്റെ ചോര കാണും.''
ചന്ദ്രന്‍ ആ സമയത്ത് അവിശ്വസനീയമാം വിധം മാത്തുക്കുട്ടിക്ക് മുന്നില്‍ പൂര്‍ണ്ണത്തിലേക്ക് ഉദിച്ചു.
''ഒരു പൈങ്കിളി ഡയലോഗില്‍ നിന്നെ ഒന്ന് വീഴ്ത്താന്‍ പറ്റുമോന്ന് നോക്കിയതാ.'' മാത്തുക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു .
കറിക്കാരന്‍ വേലാച്ചി മാത്തുക്കുട്ടി കൊടുത്ത പുസ്തകത്തിന്റെ പൊതിച്ചില്‍ തുറന്ന് വായിച്ചിട്ട്, ഇരച്ചുവന്ന ഒരു മിന്നലിന്റെ പൊള്ളലില്‍ കൈ തിരികെ വലിച്ചിട്ട് പറഞ്ഞു: ''നടക്കത്തില്ല.''
''അതെന്നാ വേലാച്ചി അങ്ങനെ പറയുന്നെ?'' മാത്തുക്കുട്ടി ചോദിച്ചു.
''എടാ ചെറുക്കാ ഇത് ഷാപ്പാ. അല്ലാതെ പൂജാമുറിയൊന്നുമല്ല.''
''ഇത് ഇവിടെ വെച്ചാ മതി. ഞാന്‍ വന്ന് കള്ളടിക്കുമ്പോള്‍ ഇവനിവിടെ ഇരുന്ന് ഇത് വായിച്ചോളും.''
''പോടാ നാറീ, എന്നാ നീ മൈക്കും കെട്ടി ഭജനേം കൂടി നടത്തിക്കോ.''
''എന്റെ വേലാച്ചി, വീട്ടില്‍ വെക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ ഇവിടെക്കൊണ്ടുവന്ന്  വെക്കുന്നെ?''
''വീട്ടില്‍ വെക്കാതിരിക്കാന്‍ ഇതെന്നാ കൊച്ചുപുസ്തകം വല്ലതുമാണോ?''
''അതല്ലന്നേ,വീട്ടില്‍ വെച്ചാ കുടുംബകലഹമൊണ്ടാകുമെന്നാ പറയുന്നെ.''
''എടാ മാത്തുക്കുട്ടീ, വീട് പോലെയല്ല ഷാപ്പ്. ഇവിടെ കുടിയന്മാര് ഒറ്റക്കുടുംബം പോലെയാ. അതിനെടേല് കുത്തിത്തിരിപ്പുണ്ടാക്കാന്‍  വരല്ലേ. നീ പോയേ.''
മാത്തുക്കുട്ടി നിരാശയോടെ ഷാപ്പിന്റെ പലകച്ചുവരില്‍ പുതച്ചിരിക്കുന്ന ശ്രീനാരായണ ഗുരുവിനെ നോക്കി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിതെന്ന് വേലാച്ചി പറഞ്ഞതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്ന് ചോദിക്കാനായുമ്പോള്‍ ചന്ദ്രന്‍ പറഞ്ഞു: ''നമുക്ക് പോകാം.''


''ഇനി എന്നാ ചെയ്യും?'' മാത്തുക്കുട്ടി ചോദിച്ചു.
ആകാശത്തുനിന്ന് സൂര്യന്‍ ഊര്‍ന്നിറങ്ങുന്നതും നോക്കിയിരുന്നതല്ലാതെ ചന്ദ്രന്‍ ഒന്നും പറഞ്ഞില്ല.
''നീ എന്നാങ്കിലും ഒന്ന് പറയ്?''
ഇരുട്ട് രണ്ടു പേര്‍ക്കും ഇടയിലേക്ക് വന്നു.
''ചന്ദ്രാ'' മാത്തുക്കുട്ടി വിളിച്ചു.
കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ചന്ദ്രന്‍ പറഞ്ഞു :
''ഉണ്ടു ജനിച്ചാല്‍ മരണമെല്ലാവനു, ബ
മുണ്ടാകവേണ്ടാ വിഷാദമതിനേതും.'' ***
തീര്‍ത്തും താഴ്ന്ന ഒച്ചയിലുള്ള ചന്ദ്രന്റെ ചൊല്ലല്‍ മാത്തുക്കുട്ടിയുടെ കാതില്‍ മൂര്‍ച്ചയോടെയല്ല തൊട്ടത്. അതുകൊണ്ട് ഒന്നുരണ്ട് തവണ എന്താണെന്ന് ചോദിച്ചെങ്കിലും മറുപടി വന്നില്ല. സമയമേറുന്തോറും കനം വെച്ചുവന്ന ഇരുട്ടിന്റെ കറുപ്പില്‍ രണ്ടു പേരും ഒരു ശ്വാസത്തിന്റെ അകലത്തിനപ്പുറവുമിപ്പുറവുമാണ്  ഇരിക്കുന്നതെന്ന് മാത്രം മാത്തുക്കുട്ടിക്ക് മനസ്സിലായി.
''കുറച്ചുനേരം കൂടി ഞാനിവിടെ ഇരിക്കും.'' ചന്ദ്രന്‍ ഇരുട്ടിന്റെ മറയെ തന്റെ താഴ്ന്ന ശബ്ദത്തിലൊന്നുലച്ചപ്പോള്‍ അതിന്റെ അര്‍ത്ഥമറിഞ്ഞ് മാത്തുക്കുട്ടി എഴുന്നേറ്റു. യാത്ര പറഞ്ഞില്ല. മാത്തുക്കുട്ടി തീപ്പെട്ടി വെളിച്ചത്തില്‍ വഴിനോക്കി നടന്നുപോയി.
ഇരുട്ടിയിരുട്ടി നേരം പോകപ്പോകെ ചന്ദ്രന്‍ എഴുന്നേറ്റു. രെവീശ്വരം പാടം കടന്ന്, വട്ടക്കോട്ട് കടന്ന്, പീടികക്കാരുടെ റബ്ബര്‍ത്തോട്ടം കടന്ന് നടന്നു. നടത്തത്തിനിടയിലെപ്പോഴോ ചന്ദ്രന്‍ പിന്നില്‍ പതുമ്മുന്ന ഒരു കാല്‍പ്പെരുമാറ്റം കേട്ടു. ചന്ദ്രന്‍ തിരിഞ്ഞ് നോക്കിയില്ല.
ഉറക്കത്തിനിടയില്‍നിന്ന് മൂത്രമൊഴിക്കാന്‍ എണീറ്റ ഇടപ്പള്ളിയിലെ കൊച്ചുമാപ്പിള മുന്നിലെ ഇടവഴിയിലൂടെ ആരോ നടന്നുപോവുന്നത് കണ്ടു. ആരാണത് എന്ന് അറിയാനായി കയ്യാലയ്ക്കരികിലേക്ക് തിടുക്കപ്പെട്ടെത്തിയപ്പോള്‍ ആ രൂപം ഒരുപാട് മുന്നിലായി നടന്നു കഴിഞ്ഞിരുന്നു. ഒരു നിഴല്‍ പോലെ അത് ദൂരേക്ക് മറയുന്നതും നോക്കിനില്‍ക്കുമ്പോള്‍, ആ രൂപത്തിനു പിന്നാലെ ശാന്തനായി നടന്നുപോവുന്ന ഒരു നായയേയും അയാള്‍ കണ്ടു.
***
കഥയുടെ തലക്കെട്ട് സ്വീകരണത്തില്‍ കുട്ടിക്കൃഷ്ണമാരാരോട് ക്ഷമാപണം.

*
**
*** എഴുത്തച്ഛന്‍

3 യുധിഷ്ഠിരന്റെ മഹാപ്രസ്ഥാന പര്‍വ്വത്തില്‍നിന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com