'അവര്‍ ഞങ്ങളെ ശകാരം കൊണ്ടു മൂടി, സിപിഎം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ'

ചോരയും കണ്ണീരും വീണ് കണ്ണൂരിന്റെ മണ്ണ് കുതിരുമ്പോഴും സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം പ്രചരിപ്പിക്കാന്‍ പണിപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍ അവിടെ ജീവിക്കുന്നുണ്ട്. 
'അവര്‍ ഞങ്ങളെ ശകാരം കൊണ്ടു മൂടി, സിപിഎം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ'

ചോരയും കണ്ണീരും വീണ് കണ്ണൂരിന്റെ മണ്ണ് കുതിരുമ്പോഴും സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം പ്രചരിപ്പിക്കാന്‍ പണിപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍ അവിടെ ജീവിക്കുന്നുണ്ട്. അവരിലൊരാളായ കെ.പി.എ. റഹിം സംസാരിക്കുന്നു

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തുടര്‍ച്ചയായി നടക്കുന്ന കണ്ണൂരില്‍ അതിന് സമാന്തരമായി സമാധാനപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കൊല്ലും മറുകൊലയുംകൊണ്ട് മനസ്സ് മരവിച്ച മനുഷ്യര്‍ക്കിടയിലൂടെ നന്മയുടെ വെളിച്ചം കെട്ടുപോകാതെ കൊണ്ടുപോകുന്നവര്‍. ആയുധം കൊണ്ടുള്ള ക്രിമിനല്‍ രാഷ്ട്രീയത്തെ സമാധാനംകൊണ്ട് പ്രതിരോധിക്കാന്‍ ഒരു കൂട്ടം ആളുകള്‍ കണ്ണൂര്‍ ജില്ലയില്‍ എപ്പോഴും സജീവമാണ്. അധികം വാര്‍ത്തകളില്‍ ഇടം നേടാത്ത ആ പ്രവര്‍ത്തനങ്ങള്‍ക്ക്, കൊലപാതകങ്ങള്‍ സ്വാഭാവികമാകുന്ന ഒരു നാട്ടില്‍ ഏറെ മൂല്യമുണ്ട്- ഇപ്പോഴും കൊലയുടെ എണ്ണത്തിലെ ബാലന്‍സിങില്‍ നിന്നുകൊണ്ടുമാത്രം ചര്‍ച്ച നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും.

നാല്പത് വര്‍ഷത്തിലധികമായി പാനൂര്‍-തലശ്ശേരി മേഖലയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഗാന്ധിയന്‍ കെ.പി.എ. റഹീം ജില്ലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റും ജില്ലാ കോര്‍ക്കമ്മിറ്റി അംഗവും പാനൂര്‍ സ്വദേശിയുമായ  കെ.പി.എ. റഹീം പാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും കൂടിയായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വിട്ട് ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലേക്കെത്തിയ അദ്ദേഹം കണ്ണൂരില്‍ അക്രമത്തെ നിലനിര്‍ത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചും ജനങ്ങളുടെ നിസ്സംഗതയെക്കുറിച്ചും മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ചും വ്യക്തമാക്കുന്നു. 

സമാധാനത്തിന്റെ വഴികള്‍

എന്റെ യൗവ്വനകാലത്ത് ഞാന്‍ ഗാന്ധി യുവമണ്ഡലത്തിലുണ്ടായിരുന്നു. പിന്നീട് സര്‍വ്വോദയ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു. അതിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രാദേശിക തലത്തിലും ജില്ലാതലത്തിലും ഏറെ ശ്രമിച്ചിട്ടുണ്ട്. സ്ഥിരമായി സംഘര്‍ഷം നിലനില്‍ക്കുന്ന ആയിത്തറ-മമ്പറം, പൊയിലൂര്‍, പാനൂര്‍, നാദാപുരം ഏരിയകളില്‍  ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപകാലത്ത് മാറാട് പോയിരുന്നു. മാറാട് പ്രശ്‌നം പരിഹരിച്ചത് പി. ഗോപിനാഥന്‍ നായര്‍ എന്ന സര്‍വ്വോദയ നേതാവിന്റെ നേതൃത്വത്തിലാണല്ലോ. അന്ന് സര്‍വ്വോദയ മണ്ഡലത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു ഞാന്‍. ആ നിലയ്ക്ക് ഞാനും  സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഗാന്ധിയന്മാര്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച പാനൂര്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി  ജില്ലാ ഗാന്ധി സെന്റിനറി സൊസൈറ്റി 1999 ജൂണ്‍ 23-ന് പാനൂര്‍ മേഖല ജനകീയ സമാധാന സമിതി രൂപീകരിച്ചു. അതിന്റെ കണ്‍വീനര്‍ ഞാനും ചെയര്‍മാന്‍ ഈ അടുത്ത് നമ്മെ വിട്ടുപോയ കെ. പാനൂരും ആയിരുന്നു. 1999 ഒക്ടോബര്‍ 20-ന് അത് കണ്ണൂര്‍ ജില്ലാ ജനകീയ സമാധാന സമിതിയായി വിപുലപ്പെടുത്തി. അപ്പോഴും അതിന്റെ അധ്യക്ഷന്‍ അദ്ദേഹവും കാര്യദര്‍ശി ഞാനുമായിരുന്നു. ഞങ്ങള്‍ സുകുമാര്‍ അഴീക്കോട്, വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങി പലരേയും കണ്ണൂരില്‍ കൊണ്ടുവന്ന് സമാധാനത്തിനായി ഉപവാസം നടത്തുകയും പ്രകടനങ്ങള്‍ നടത്തുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അക്രമ പ്രതിരോധ ജാഥകളും സമ്മേളനങ്ങളും സമാധാന യോഗങ്ങളും ഇപ്പോഴും സജീവമായി തുടരുന്നുണ്ട്.

അസഹിഷ്ണുക്കളായ രാഷ്ട്രീയക്കാര്‍

ഇവിടെ ഇരുപാര്‍ട്ടികള്‍ക്കും അസഹിഷ്ണുതയാണ്. വീക്ഷണപരമായ വിയോജിപ്പുകള്‍ ആശയംകൊണ്ട് നേരിടാനും അക്രമത്തിലേക്ക് തെന്നിപ്പോകാതെ ജനാധിപത്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുനടക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. അത് കണ്ണൂര്‍ ജില്ലയുടെ നിര്‍ഭാഗ്യമാണ്. അതിന്റെ സൈക്കോളജി എന്താണ് എന്നെനിക്കറിയില്ല.
രണ്ടു പാര്‍ട്ടികളുടെ അസഹിഷ്ണുതയുടെ ഫലമാണ് ഇപ്പോഴും തുടരുന്ന അക്രമം. ഇവര്‍ക്ക് സഹിഷ്ണുത ഇല്ല. പണ്ടൊക്കെ രാഷ്ട്രീയവേദികളില്‍ കുറച്ച് സദാചാരമെല്ലാം പ്രസംഗിക്കാറുണ്ട്. ദേശീയമൂല്യങ്ങള്‍ സംസാരിക്കും. ഇപ്പോള്‍ അതാരെങ്കിലും ചെയ്യാറുണ്ടോ. അതൊന്നും പ്രസക്തമല്ലാതായിരിക്കുന്നു. ജനാധിപത്യമെന്നു പറഞ്ഞാല്‍ സഹകരണമാണ്. സംഘര്‍ഷം ഒഴിവാക്കലാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ ഇരിക്കെ ബഹുജന താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒത്തുപോകലാണ്. അത് ഒരു അമ്യൂസ്മെന്റാണ് എന്നാണ് നെഹ്റു പറഞ്ഞത്.
ആദര്‍ശ മനുഷ്യരിലൂടെ പ്രകാശിക്കുന്ന ഒരു കലാബോധമാണത്. അതിനു പകരം കാടന്‍ മട്ടിലുള്ള രാഷ്ട്രീയമായ വ്യതിയാനമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരെയടക്കം പൗരവല്‍ക്കരിക്കണം.

ശകാരവര്‍ഷവുമായി സി.പി.എം.

സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച ഒരു സമയത്ത് കണ്ണൂരിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജില്ലാ ഓഫീസിന് മുന്നില്‍ ഞങ്ങള്‍ സത്യഗ്രഹം നടത്തിയിട്ടുണ്ട്. സ.പി.എമ്മിന്റെ ജില്ലാക്കമ്മിറ്റി ഓഫീസിനടുത്തും ഞങ്ങള്‍ നടത്തി. തൊട്ടുമുന്‍പിലല്ല, അകലെയായിരുന്നു ഞങ്ങള്‍ പ്രതിരോധം സംഘടിപ്പിച്ചത്. അന്ന് നേതാക്കന്മാരില്‍ ചിലര്‍ വന്ന് ഞങ്ങളെ ശകാരവര്‍ഷങ്ങള്‍കൊണ്ട് അഭിഷേകം ചെയ്തു.  അങ്ങനെ ഒരു അനുഭവം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മാത്രമേ ഉണ്ടായിട്ടുള്ളൂ. ആ സമയത്ത് അത് വലിയ വാര്‍ത്തയായിരുന്നു. ഞാന്‍ ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമോ എതിരോ അല്ല. 
പ്രായോഗിക രാഷ്ട്രീയം എന്നൊന്നുണ്ട്. ആദര്‍ശം ലംഘിക്കുന്നവരെല്ലാം പറയുന്ന ഒരു വാക്ക് 'അത് പ്രായോഗികമല്ല' എന്നാണ്. ആദര്‍ശലംഘനത്തിലൂടെ മുതലെടുപ്പു നടത്തുന്നവര്‍ പറയുന്നതെന്താണെന്നുവെച്ചാല്‍, നിങ്ങള്‍ പറയുന്ന സത്യവും ധര്‍മ്മവും ഒന്നും നടക്കില്ല, അത് പ്രായോഗികമല്ല എന്നാണ്. ആദര്‍ശങ്ങള്‍ പാര്‍ട്ടിയോഗത്തിലും സെമിനാറിലും പ്രസംഗിക്കാം. അധികാര രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളും അതാവശ്യപ്പെടുന്ന ധര്‍മ്മഭംഗങ്ങളുമാണ് ഇന്നത്തെ രാഷ്ട്രീയം. അതിന്റെ ഭാഗമാണിതെല്ലാം. മൂല്യബോധമുള്ള രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങളോട് ബഹുമാനമാണ്. കക്ഷിരാഷ്ട്രീയത്തെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്ന ആദര്‍ശമില്ലാത്ത രാഷ്ട്രീയക്കാര്‍ ഞങ്ങള്‍ക്കെതിരാണ്. അവരുടെ മുന്‍പില്‍ ഞങ്ങള്‍ എതിരാളികളാണ്.  അത്തരം രാഷ്ട്രീയക്കാര്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍പോലും തയ്യാറാകാറുണ്ട്. നാടിന്റെ നന്മയാണ് ലക്ഷ്യം വെക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങളെ കരിതേക്കാന്‍ നടക്കും അവര്‍. എനിക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ ഏറെയുണ്ട്. മഹാത്മാ ഗാന്ധി ചൂണ്ടിക്കാണിച്ച ഏഴ് സാമൂഹ്യതിന്മകളും അവയുടെ പാരമ്യത്തിലെത്തി നില്‍ക്കുകയാണിവിടെ- തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, സ്വഭാവശുദ്ധിക്ക് സ്ഥാനമില്ലാത്ത വിദ്യാഭ്യാസം, മനുഷ്യത്വത്തിന് സ്ഥാനമില്ലാത്ത ശാസ്ത്രം, അധ്വാനിക്കാതെ നേടുന്ന ധനം, ധാര്‍മ്മികതയില്ലാത്ത കച്ചവടം, ത്യാഗമില്ലാത്ത ആരാധന, മനസ്സാക്ഷിയില്ലാത്ത സുഖതൃഷ്ണ. ഈ തിന്മകളെയെല്ലാം വര്‍ദ്ധിപ്പിക്കുന്നത് തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയമാണ്. ഇന്ന്  അധികാര രാഷ്ട്രീയവും ആദായ രാഷ്ട്രീയവുമാണ്. ആദര്‍ശരാഷ്ട്രീയവും അടിസ്ഥാന രാഷ്ട്രീയവും ഇല്ല. അക്രമരാഷ്ട്രീയത്തേയും അഴിമതിരാഷ്ട്രീയത്തേയും ചൂണ്ടിക്കാണിക്കുന്നവരെ അരാഷ്ട്രീയരായി ചിത്രീകരിക്കുന്ന കപടന്മാരാണ് ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരില്‍ പലരും.

ഇനി വേണ്ട പാര്‍ട്ടിയുടെ പ്രതിപ്പട്ടിക

അക്രമസംഭവങ്ങളിലെല്ലാം പാര്‍ട്ടികള്‍ പ്രതികളുടെ ലിസ്റ്റ് കൊടുക്കുകയാണ് ചെയ്യുക. യഥാര്‍ത്ഥ പ്രതികളായിരിക്കില്ല. പാര്‍ട്ടി കൊടുക്കുന്ന ആ ലിസ്റ്റില്‍ ഉള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുക. അങ്ങനെ ചെയ്യാതിരിക്കുകയും നിയമാനുസൃതമായ ശിക്ഷ അവര്‍ക്ക് ലഭിക്കുന്ന നടപടികള്‍ തുടരുകയുമാണെങ്കില്‍ ഭയപ്പാടുകൊണ്ട് കൂടുതല്‍ അക്രമസംഭവങ്ങള്‍ക്ക് ആളുകള്‍ മുതിരില്ല. പക്ഷേ, ഇവിടെ അക്രമിസംഘത്തെ എപ്പോഴും നിലനിര്‍ത്തുകയും തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതും ചിലപ്പോള്‍ തയ്യാറുള്ളതുമായ ആള്‍ക്കാരെ  കുറ്റവാളികളുടെ വേഷമണിയിച്ച് അവതരിപ്പിക്കുകയും ചെയ്യുകയാണ്.
ഒരു സംഭവം പറയാം. പാര്‍ട്ടി ഏതാണെന്നും ആളുടെ പേരും ഞാന്‍ പറയുന്നില്ല. എന്റെയൊരു സുഹൃത്ത്, അയാളൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടുണ്ടായ സംഭവമാണെന്നാണ് എന്റെ ഓര്‍മ്മ. ഇരുപാര്‍ട്ടികളും അങ്ങോട്ടുമിങ്ങോട്ടും അക്രമം നടത്തുകയാണ്. ഈ സര്‍ക്കാരുദ്യോഗസ്ഥനായ ആള്‍ക്ക് ഒരു പാര്‍ട്ടിയോട് അനുഭാവം ഉണ്ട് എന്നല്ലാതെ സജീവ പ്രവര്‍ത്തകനൊന്നുമല്ല. എന്നിട്ടും ഇയാളെ കിട്ടിയപ്പോള്‍ മറ്റേ പാര്‍ട്ടിക്കാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. തല്ലിച്ചതച്ചു. പരിസരത്തുള്ള ഒരു ഡോക്ടറുടെ സഹായത്തോടെ അയാള്‍ക്ക് പ്രഥമശുശ്രൂഷ കിട്ടി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം അയാള്‍ക്ക് അനുഭാവമുള്ള പാര്‍ട്ടി ഇടപെട്ടു. പാര്‍ട്ടി അയാളോട് ആവശ്യപ്പെട്ടത് ''ഞങ്ങള്‍ പറയുന്ന വ്യക്തികളാണ് നിങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്ന് പറയണം'' എന്നാണ്. അയാള്‍ പറഞ്ഞത്, ''എനിക്ക് പാര്‍ട്ടിയോട് അനുഭാവം ഉള്ളത് ശരിയാണ്. ഞാന്‍ അക്രമിക്കപ്പെട്ടത് ശരിയാണ്. എന്നാലും ഒരിക്കലും കണ്ടാല്‍ തിരിച്ചറിയുന്ന അക്രമികളെ എന്റെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഞാന്‍ പറഞ്ഞുകൊടുക്കും. അല്ലാതെ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ ചൂണ്ടിക്കാണിക്കുകയും എന്നെ അക്രമിച്ചവരെ രക്ഷപ്പെടുത്തുകയും നിങ്ങള്‍ക്കാവശ്യമുള്ളവരെ ശിക്ഷിക്കുകയും ചെയ്യാന്‍ ഞാന്‍ കൂട്ടുനിക്കില്ല.'' അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം അയാളിപ്പോഴും ആ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയാണ്. അവരില്‍നിന്നുള്ള നിസ്സഹകരണവും പാര്‍ട്ടിയുടെ എതിര്‍പ്പുമൊക്കെ ഇയാളിപ്പോഴും അനുഭവിക്കുകയാണ്. ഇതിലൂടെ ഞാന്‍ പറയുന്നത് അക്രമം ചെയ്യുന്ന് ആരോ, അതിന്റെ പേരില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ക്രിമിനലുകള്‍ വേറെയാരോ- ഇതൊക്കെ വെവ്വേറെയാണ്. പ്രതിയായി പോകുന്നവര്‍ക്കാണെങ്കില്‍ ജയിലില്‍ എല്ലാ സുഖസൗകര്യങ്ങളും ഉറപ്പാക്കും. അതത് പാര്‍ട്ടികള്‍ അവരുടെ ബാക്കിയെല്ലാ കാര്യങ്ങളും നോക്കിക്കൊള്ളുകയും ചെയ്യും. അക്രമത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു പറയുമ്പോഴും അക്രമം തങ്ങളുടെ രക്ഷയ്ക്കുവേണ്ടി എന്ന പേരില്‍ കൊണ്ടുനടക്കുകയാണ്. അവരുടെ ഭദ്രതയ്ക്കുവേണ്ടി എന്നാണ് അവര്‍ ചിന്തിക്കുന്നതെങ്കിലും അതത് പാര്‍ട്ടികളുടെ ക്ഷീണത്തിനാണ് അത് ഉതകുക എന്നത് വേറെ കാര്യം. അക്രമം തുടരുമ്പോള്‍ അതത് പാര്‍ട്ടി ക്ഷീണിക്കുന്നേ ഉള്ളൂ. അവര്‍ക്ക് ജനങ്ങഉുടെ അപ്രീതി സമ്പാദിക്കേണ്ടിവരുന്നു എന്ന തിരിച്ചറിവ് അവര്‍ക്കില്ല. ഇത് വലിയ കഷ്ടമാണ്. അക്രമിക്കാത്തവനെ അക്രമിയായി അവതരിപ്പിക്കുക. അക്രമം നടന്നാല്‍ കുറ്റവാളിയായി പ്രത്യക്ഷപ്പെടാന്‍ തയ്യാറുള്ളവരെ ഉപയോഗപ്പെടുത്തുക, അവര്‍ക്ക് ജയിലിനുള്ളിലും പുറത്തും അവിഹിതമായ സുഖസൗകര്യങ്ങള്‍ ഒരുക്കുക- അങ്ങനെയുള്ള അനാശാസ്യമായ ഒരു പ്രവണതയാണ് ഇപ്പോഴും തുടരുന്നത്.

ഫലം കാണാതെ സമാധാനയോഗം

വിവിധ പ്രദേശങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെ ഒരു മേശയ്ക്കു ചുറ്റും ഇരുത്തി സമാധാനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ജനകീയ സമാധാന സമിതി പാനൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് വി.ആര്‍. കൃഷ്ണയ്യരാണ് പ്രസംഗിക്കാന്‍ വന്നത്. അദ്ദേഹം കണ്ണൂരിലും പാനൂരിലും സംസാരിച്ചു. പാനൂരില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒരു നിവേദനം അദ്ദേഹത്തിനു കൊടുത്തു. ആ നിവേദനത്തില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത് വിവിധ രാഷ്ട്രീയ കക്ഷികളിലെ സംസ്ഥാന നേതാക്കളെ ഒരുമിച്ചിരുത്തി ഇനി അക്രമസംഭവങ്ങള്‍ ഉണ്ടാവില്ല എന്ന ധാരണാപത്രത്തില്‍ അവരെക്കൊണ്ട് ഒപ്പുവെപ്പിക്കുക എന്നതാണ്. അതു പ്രകാരം 1999 നവംബര്‍ 30-ന് ഫോറം ഫോര്‍ ഡമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റിയുടെ പിന്തുണയോടെ ചര്‍ച്ച വിളിച്ചു. കൊച്ചിയില്‍ വെച്ചു നടന്ന ആ യോഗത്തില്‍ ഞാനും കെ. പാനൂരും പങ്കെടുത്തിരുന്നു. യോഗം കഴിഞ്ഞ്  വലിയ പ്രതീക്ഷയിലാണ് ഞങ്ങളെല്ലാം മടങ്ങിയത്. പിറ്റേന്നാണ് ജയകൃഷ്ണന്‍ മാഷ് കൊല്ലപ്പെട്ടത്. അത് വല്ലാത്തൊരു തിരിച്ചടിയായിരുന്നു. വി.ആര്‍. കൃഷ്ണയ്യരേയും അത് വല്ലാതെ ദുഃഖിപ്പിച്ചിരുന്നു.
തിന്മയുടെ സക്രിയത്വമല്ല, നന്മയുടെ നിഷ്‌ക്രിയത്വമാണ് പ്രശ്‌നം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഹിംസ എപ്പോഴും ശക്തിമത്താണ്. കുരുക്ഷേത്രയുദ്ധത്തില്‍ അധര്‍മ്മത്തിന്റെ പക്ഷത്ത് നൂറുപേരുണ്ടായില്ലേ, മറുഭാഗത്ത് അഞ്ചുപേരും. പ്രവാചകന്‍ മനുഷ്യസാഹോദര്യവും ദൈവത്തിന്റെ ഏകത്വവും പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പീഡിതരായ അടിമകളും അസുഖംകൊണ്ട് വീര്‍പ്പുമുട്ടിയ അബലകളായ പെണ്ണുങ്ങളും വിപ്ലവബോധമുള്ള കുറച്ച് ചെറുപ്പക്കാരും മാത്രമേ ഉണ്ടായുള്ളൂ. ബാക്കിയെല്ലാവരും മറുപക്ഷത്തായിരുന്നു. അതുകൊണ്ട് എല്ലാക്കാലത്തും തിന്മ സക്രിയമായിരുന്നു. തിന്മ സക്രിയമായപ്പോഴൊന്നും നന്മ മിണ്ടാതിരുന്നില്ല. നന്മ അതിന്റെ പണിയെടുത്തു. മുഹമ്മദ് നബി നന്മയെ ചലിപ്പിച്ചു. ചലിക്കുന്ന നന്മയും ജ്വലിക്കുന്ന നന്മയും വേണം. കര്‍മ്മനിരതമായ നന്മ വേണം. ഞാന്‍ നന്മയുടെ പക്ഷത്താണെന്ന് പറഞ്ഞ് മിണ്ടാതിരുന്നിട്ടെന്താ കാര്യം. തിന്മയുടെ പക്ഷത്തുനില്‍ക്കുന്നവന്‍ എപ്പോഴും സജീവമാണ്. അവന്‍ ബോംബെടുത്ത് പായും, മറ്റെല്ലാം ചെയ്യും. ഒരു വലിയ വിഭാഗം ജനങ്ങള്‍ ഞങ്ങള്‍ ഇതിനെല്ലാം എതിരാണ് എന്നു പറഞ്ഞ് നിസ്സഹകരണം പ്രഖ്യാപിച്ചാല്‍ തിന്മ പിന്‍വാങ്ങില്ലേ. അഹിംസാത്മകമായ നിസ്സഹകരണംകൊണ്ട് ഒരു ജനതയ്ക്ക് ഇത് മാറ്റിയെടുത്തൂടെ. ഇന്ത്യന്‍ സ്വാതന്ത്ര്യം പോലും അങ്ങനെ വന്നതല്ലേ. മറ്റുപല കാരണങ്ങള്‍ ഉണ്ടെങ്കിലും മഹാത്മാ ഗാന്ധിയുടെ നിലപാടിന്റെ ഫലം തന്നെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം. അഹിംസയ്ക്ക് അതിന്റെ ഗുണഫലമുണ്ട്. ഹിംസയ്ക്ക് അതിന്റെ ദോഷഫലവുമുണ്ട്. ഇവിടെ ഉള്ള നന്മ നിഷ്‌ക്രിയമാണ്, നിശ്ശബ്ദമാണ്. സഹകരണം ആവശ്യപ്പെട്ടാല്‍ വലിയ മടിയാണ് ആളുകള്‍ക്ക് വരാന്‍. ഞങ്ങളുമായി സഹകരിക്കുന്ന കുറച്ചു പേരുണ്ട്. അവരുടെ പിന്തുണയോടുകൂടിയാണ് വളരെ സാഹസികമായി ഞങ്ങള്‍ സമാധാനത്തിനുവേണ്ടി ശബ്ദിക്കുന്നത്.
അക്രമമല്ല പ്രശ്‌നം അക്രമം സംബന്ധിച്ചുള്ള നിശ്ശബ്ദതയാണ്. നമ്മളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പോലും ആളുകള്‍ ശബ്ദിക്കുന്നില്ല. ആവശ്യമില്ലാതെ രാഷ്ട്രീയനേതൃത്വങ്ങളെ പേടിക്കുകയാണ്. ഒരു ശ്രദ്ധ നല്ലതാണ്. നമ്മള്‍ പ്രകോപനം ഉണ്ടാക്കരുത്. വിവരമില്ലാത്തവരെ പ്രകോപിപ്പിച്ച് പ്രശ്‌നങ്ങള്‍ വലുതാക്കരുത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും എപ്പോഴും പറയുന്നത് ഞങ്ങളുടേത് പ്രതിരോധമാണെന്നാണ്. അക്രമം നടത്തുന്നത് എതിര്‍ പാര്‍ട്ടിയാണ് എന്നാണ് പറയുക. അതെന്താ നിങ്ങള്‍ കാണാത്തത് എന്നാണ് ഇരുപാര്‍ട്ടിയും ചോദിക്കുക. ഉണ്ടായ സംഭവങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ആരാണ് ലീഡ് ചെയ്യുന്നത് എന്ന് നോക്കല്‍ ഞങ്ങളുടെ പണിയല്ല എന്നാണ് അതിന്റെ മറുപടി.

മാധ്യമങ്ങളുടെ നിസ്സംഗത

സമാധാന പ്രവര്‍ത്തനങ്ങളോട് മാധ്യമങ്ങളുടെ നിലപാട് നെഗറ്റീവാണ്. സമാധാന ശ്രമങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിരളമായേ പത്രങ്ങള്‍ കൊടുക്കുകയുള്ളൂ. ഇവിടെ നടക്കുന്ന കൊലപാതകമടക്കമുള്ള അക്രമസംഭവങ്ങളും കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരം, അലമുറകള്‍ ഒക്കെ വെണ്ടക്ക അക്ഷരത്തില്‍ പ്രാധാന്യത്തോടെ കൊടുക്കും. അത് അപ്രധാനമാണ് എന്നല്ല പറയുന്നത്. അതേ അവസരത്തില്‍ ഇതിനെ തടയാനുള്ള ചില ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നതും പ്രധാനമാണ്. ഒരിക്കല്‍ പാനൂരില്‍ ഒരു സമാധാന ചര്‍ച്ച നടന്നു. ഞാനായിരുന്നു അദ്ധ്യക്ഷന്‍. ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പുതന്നെ ഞാന്‍ പറഞ്ഞു: ''പരിഹാരം തേടലാണ് വേണ്ടത്. പ്രശ്‌നങ്ങളും ഭിന്നതകളും എടുത്തുപറഞ്ഞ് കൂടുതല്‍  മാനസികമായി സ്വയം അകലാനും കേള്‍വിക്കാരനെ അകറ്റാനുമല്ല യോഗം. ഇരുപാര്‍ട്ടികള്‍ക്കും അങ്ങോട്ടുമിങ്ങോട്ടും എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് ഇവിടെ പറയരുത്.'' ശേഷം വളരെ നല്ല രീതിയില്‍ ജനാധിപത്യബോധത്തോടെ അവര്‍ സംസാരിച്ചു. ആ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ''യോഗം നടത്തി, പ്രസംഗിച്ചു'' എന്നു മാത്രമാണ്. സാംസ്‌കാരിക പരിപാടികളൊന്നും കൊടുക്കാന്‍ സ്പേസ് ഇല്ല എന്നാണ് പറയുക. അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ ഈ സ്പേസ് പ്രശ്‌നം ഇല്ല. ഈ അക്രമം നടക്കുമ്പോള്‍ത്തന്നെ എത്ര പുസ്തകച്ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നുണ്ട്. അല്പമെങ്കിലും നന്മ ഇവിടെ ശേഷിക്കുന്നത് ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്. അതിനൊന്നും വേണ്ട പ്രചാരം കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ല. ജീവിതത്തിന്റെ സാംസ്‌കാരിക മുഖത്തെ ഉയര്‍ത്തിക്കാട്ടേണ്ട മാധ്യമങ്ങളുടെ നിസ്സംഗത ഗുരുതരമായ ഒരു തിന്മയാണ്. സമാധാനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ആളുകള്‍ കുറവാണ്. സാഹിത്യകാരന്മാരില്‍ ചിലര്‍ ഇത്തരം വിഷയങ്ങള്‍ തിരിഞ്ഞുനോക്കില്ല. ഭീരുക്കളാണ്. പക്ഷേ, ഇത്തരം വിഷയങ്ങള്‍ അവരുടെ സാഹിത്യരചനയ്ക്ക് അസംസ്‌കൃത വസ്തുവാക്കുകയും ചെയ്യും. ഇതൊക്കെ വെച്ച് കഥയെഴുതും, പ്രശ്‌നങ്ങളില്‍ ഇടപെടില്ല.

പ്രതീക്ഷ

ഞങ്ങള്‍ എത്ര സമാധാന ശ്രമങ്ങള്‍ നടത്തിയാലും എതെങ്കിലും ഇടവഴിയില്‍വെച്ച് ഒരു തെമ്മാടി ഒരു നിരപരാധിയെ കുത്തിക്കൊന്നാല്‍ ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും. ഒരു സമാധാന അനുകൂല മാനസിക അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മൗനമായി അനുകൂലിക്കുന്നതിനു പകരം പരസ്യമായി അതിനുവേണ്ടി ശബ്ദിക്കണം. ഭീരുത്വംകൊണ്ടോ ഉദാസീനതകൊണ്ടോ നിരുത്തരവാദപരതകൊണ്ടോ പലരും അതിനു തയ്യാറാകുന്നില്ല. ഇവിടെയിപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ട് ഹര്‍ത്താലായാല്‍ ചിക്കന്‍ സ്റ്റാളിലേക്കാണ് ആളുകള്‍ പോകുക. ചിക്കന്‍ വാങ്ങി വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കുകയാണ്. ഒരാള്‍ കൊല്ലപ്പെടുന്നത് നല്ലൊരു ലിഷര്‍ ടൈമാണ് പലര്‍ക്കും. അത്രയ്ക്ക് പൗരബോധരാഹിത്യത്തിന്റെ അന്ധകാരത്തിലാണ് മനുഷ്യര്‍. അക്രമത്തിനെതിരെ ജനങ്ങളെ ഉണര്‍ത്താനേ ഞങ്ങള്‍ക്ക് പറ്റൂ. അല്ലാതെ പകരം തോക്കെടുത്ത് നടക്കാന്‍ പറ്റില്ലല്ലോ. സമാധാന സംഘടനകളൊക്കെ ഇപ്പോള്‍ ദുര്‍ബ്ബലമാണ്. ഗാന്ധിയന്‍ സംഘടനകള്‍ക്ക് ഇപ്പോള്‍ ചെറുപ്പക്കാരെ കിട്ടുന്നില്ല. സ്വാര്‍ത്ഥികള്‍ തീരെ വരില്ല. രാഷ്ട്രീയകക്ഷികളുടെ കൂടെ നിന്നാല്‍ ഒരു ജോലിസാധ്യതയെങ്കിലും വരുമ്പോള്‍ ശുപാര്‍ശ ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ ഉണ്ടാവുമല്ലോ. ഞങ്ങളെ അതിനു കിട്ടില്ലല്ലോ. ഇതൊക്കെയാണെങ്കിലും ധര്‍മ്മത്തിന്റെ വഴികള്‍ അംഗീകരിക്കുന്ന ചെറുപ്പക്കാരുമുണ്ട്. കുറേയൊക്കെ അക്രമത്തിനെതിരായി ആളുകള്‍ നില്‍ക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെയാണ്. ഞങ്ങള്‍ നിശ്ശബ്ദരായാല്‍ ഇതും ഉണ്ടാകില്ല. അങ്ങനെ ചിന്തിക്കുന്ന മനസ്സുകള്‍ ഒരിക്കലും വൃഥാവിലല്ല. നികത്താന്‍ സാധിക്കാത്തതെന്നു തോന്നുന്ന ഒരു ഗര്‍ത്തത്തില്‍ ഒരു കല്ലെറിഞ്ഞാല്‍ അത് നികത്താന്‍ കഴിയില്ല. പക്ഷേ, ആ ഒരു കല്ല് അവിടെ ഉണ്ടാകും എന്നു പറയുമ്പോലെ അതിനു മുകളില്‍  ഇനിയും കല്ലുകള്‍ വീഴട്ടെ.  നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സീറോ അല്ല. വിചാരിച്ചപോലെ സ്വിച്ച് അമര്‍ത്തി ഓഫാക്കാന്‍ പറ്റില്ല. അതിന് അതിന്റേതായ സമയം എടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com