യു. പ്രതിഭ
യു. പ്രതിഭ Photo:Vincent Pulickal/express

രാഷ്ട്രീയ ശകുനിമാര്‍ അപവാദങ്ങളുടെ പകിട എറിഞ്ഞാലും നുണകള്‍ സത്യമാകില്ല

യു പ്രതിഭ എന്ന വനിതാ നേതാവിന് ലോകം വ്യത്യസ്തമായ അനുഭവമാണ്. ആണ്‍കോയ്മയുടെ കുടില നീതികളോട് പൊരുതി മുന്നേറിയതാണ് അവരുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം

ജനിച്ചുവളര്‍ന്ന കുട്ടനാട്ടിലെ തകഴിയില്‍ ഏറ്റവും താഴേത്തട്ടില്‍നിന്നു നേടിയ ജനവിധിയുമായി 2005-ല്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വരുമ്പോഴും ഇപ്പോഴും ആളുകള്‍ക്കു വിശ്വസിച്ച് ആശ്രയിക്കാവുന്ന ജനപ്രതിനിധിയുടെ പ്രതിച്ഛായ തകരാന്‍ യു. പ്രതിഭ സ്വയം അനുവദിച്ചിട്ടില്ല. 2005-2010-ല്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അതിനു തുടര്‍ച്ചയായ അഞ്ചു വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; 2016-ല്‍, കായംകുളം നിയോജകമണ്ഡലത്തില്‍നിന്നു പതിന്നാലാം നിയമസഭയില്‍ അംഗമായി. 2021-ലും ജയം തുടര്‍ന്നു. സ്ത്രീകളുടേയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനുള്ള നിയമസഭാസമിതിയുടെ അധ്യക്ഷ. സി.പി.എം ഏരിയാ കമ്മിറ്റി അംഗം. യു. പ്രതിഭ സമകാലിക മലയാളത്തിനോടു സംസാരിക്കുന്നു

Q

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു സ്വന്തം പ്രവര്‍ത്തനങ്ങളിലെ തൃപ്തി ആപേക്ഷികമാണ്. എങ്കിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ നിയമസഭാംഗം വരെയുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും ഇതിനെല്ലാം ഇടയാക്കിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും എത്രത്തോളം സംതൃപ്തയാണ്?

A

അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്ത ഒരു സമയമുണ്ടായിരുന്നു, മൂന്നു വര്‍ഷം. വക്കീലിനെ സംബന്ധിച്ച് മൂന്നു വര്‍ഷമൊന്നും പ്രൊഫഷനില്‍ ഒരു കാലയളവാണെന്നു പറയാന്‍ കഴിയില്ല. പക്ഷേ, ആ സമയത്താണ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് ഇറങ്ങുന്നത്. നമ്മുടെ നാട്ടില്‍ പൊതുവേ പാര്‍ലമെന്ററി രംഗത്ത് നില്‍ക്കുന്നവരേയും സംഘടനാരംഗത്തു നില്‍ക്കുന്നവരേയും തമ്മില്‍ താരതമ്യം ചെയ്യുന്ന ഒരു രീതിയുണ്ട്. സംഘടനാരംഗത്തു നില്‍ക്കുന്നവര്‍ നമ്മളെയൊന്ന് ഇകഴ്ത്തുന്നതുപോലെയുള്ള പരാമര്‍ശങ്ങള്‍ നടത്തും. അതു ഒരുപാട് കേള്‍ക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാരണം, സംതൃപ്തിയുടെ മറുവശമാണല്ലോ ഇത്. ഞാനും ഒപ്പം നില്‍ക്കുന്ന ജനങ്ങളില്‍ ഞാന്‍ ഇടപെടുന്നവരില്‍ ഒരു തൊണ്ണൂറു ശതമാനവും ഹാപ്പിയാണ്; അവര്‍ എന്നെ ചേര്‍ത്തുപിടിക്കുന്നവരുമാണ്. എന്നാല്‍, ഈയൊരു വര്‍ത്തമാനമുണ്ട്: പഞ്ചായത്ത് മെമ്പറായി വന്നു, പ്രസിഡന്റായി, പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി, എം.എല്‍.എയായി. ഞാന്‍ ആലോചിക്കാറുണ്ട്, അതൊക്കെ ഒരു തെറ്റാണോ? ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റായി കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കണമെങ്കില്‍ പാര്‍ട്ടി ചുമ്മാ അങ്ങ് നിര്‍ത്തുമോ? ജോലിയും കൂടി ചെയ്തിട്ടല്ലേ? അല്ലാതെ വേറെ ഏതെങ്കിലും പ്രത്യേകതകള്‍ പാര്‍ട്ടി നോക്കുമോ?

എനിക്കു പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്. പക്ഷേ, ഇത്തരം വര്‍ത്തമാനങ്ങള്‍ സംഘടനയുടെ ഭാഗമായ സ്ത്രീകളില്‍നിന്നുതന്നെ നേരിട്ടല്ലെങ്കില്‍പ്പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം facebook
Q

കടന്നാക്രമണങ്ങളോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളോ രൂക്ഷമാകുമ്പോള്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടുതലായി പറയേണ്ടതുണ്ടെന്നും സ്ത്രീ എന്ന നിലയിലുള്ള പരിഗണനയ്ക്കുവേണ്ടി വാദിച്ചാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നും ചിന്തിക്കേണ്ട സ്ഥിതി വന്നിട്ടുണ്ടോ?

A

അഭിപ്രായങ്ങളില്‍ സ്ത്രീ, പുരുഷന്‍ എന്ന വ്യത്യാസവും പരിഗണനയും വേണ്ട എന്നാണ് എന്റെ അഭിപ്രായം. അവസരങ്ങളില്‍ പരിഗണിക്കണം; ഇല്ലെങ്കില്‍ ഒരിക്കലും സ്ത്രീ വരില്ല. അതുകൊണ്ടാണ് അവസരങ്ങളില്‍ പരിഗണിക്കേണ്ടത്. പക്ഷേ, അവരുടെ അഭിപ്രായങ്ങളില്‍ ആ പരിഗണനയൊന്നും വേണ്ട. ഞാന്‍ സ്ത്രീയായതുകൊണ്ട് ഇങ്ങനെ പറഞ്ഞുപോയി എന്ന സമീപനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സ്ത്രീപക്ഷം എന്നത് നമ്മുടെ ഒരു നയമാണ്; പ്രത്യേകിച്ച് വികസനത്തില്‍ ഉള്‍പ്പെടെ സ്ത്രീപക്ഷം എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. പക്ഷേ, സ്ത്രീപക്ഷം എന്നുമാത്രം പറഞ്ഞ് സ്ത്രീയെ ഒതുക്കേണ്ട എന്നുള്ളതാണ്. 'വനിത മുഖ്യമന്ത്രി ആയാല്‍...' എന്ന ചര്‍ച്ച അടുത്തയിടെ ഒരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവന്നു. ഞാന്‍ പറയുന്നത് ഒന്നും സംഭവിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍, വനിത മുഖ്യമന്ത്രി പദത്തില്‍ ഭരിക്കുന്ന ബംഗാളില്‍ സ്ത്രീകളെ ഓടിച്ചിട്ടു തല്ലിയില്ലേ. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മമത ബാനര്‍ജി ശക്തയാണ്. പക്ഷേ, അവര്‍ സ്ട്രോംഗ് ആയതുകൊണ്ട് അവിടുത്തെ സ്ത്രീകളെല്ലാം സ്ട്രോം ഗായി എന്നു പറയാന്‍ പറ്റില്ല. അത് ഒരു മനോഭാവമാണ്. ഇപ്പോഴത്തെ ഒരു ക്ലീഷേ ചോദ്യമാണ്, വനിത മുഖ്യമന്ത്രി ആയാല്‍..., വനിത പ്രധാനമന്ത്രി ആയാല്‍ എന്നൊക്കെ. വനിത പ്രസിഡന്റ് ആയല്ലോ. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനടക്കം അവരെ ക്ഷണിച്ചില്ല എന്നാണല്ലോ പുറത്തുവന്നത്. അതുപോലെ ജനങ്ങളെ കാണിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രിയെ വെച്ചാലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പ്രസക്തിയുമില്ല. അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഉറപ്പായും രാഷ്ട്രീയ ചട്ടക്കൂടുകള്‍ വേണം; അതില്ലാതെ സര്‍വ്വതന്ത്ര സ്വതന്ത്രരായാല്‍ പാളിച്ചകള്‍ വരാം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ അച്ചടക്കം കാണിക്കണമെങ്കില്‍പ്പോലും അവരെ വിശ്വാസത്തില്‍ കൊണ്ടുവരണം.

അതിനിടയില്‍, ഇതേ ചോദ്യത്തിന് കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവ് പറഞ്ഞ മറുപടി കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഒരു വനിതയുമില്ല എന്നാണ്. സത്യത്തില്‍ അതുകേട്ടപ്പോള്‍ ചിരിച്ചുപോയി. എന്നെ മുഖ്യമന്ത്രിയാക്കൂ, ഞാന്‍ യോഗ്യയാണ് എന്ന് ഏതെങ്കിലും വനിത പറയുന്നുണ്ടോ? ഇവര്‍ തന്നെ പറയുന്നു. വനിത മുഖ്യമന്ത്രിയായാല്‍ എന്ന ആ ക്യാംപെയിന്‍ തന്നെ തട്ടിപ്പാണ്. യു.എന്‍ സെക്രട്ടറി ജനറലായി സ്ത്രീ വന്നാലും സ്ത്രീകളെല്ലാം ഉന്നമനത്തിലേക്കു വരുമെന്നു വിശ്വസിച്ചിട്ടു കാര്യമില്ല. സ്ത്രീ ഒരു പ്രത്യേക വസ്തു അല്ലെന്നും സ്ത്രീക്ക് പുരുഷനെപ്പോലെ ശേഷിയും സാമര്‍ത്ഥ്യവും ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടത് ഈ പറഞ്ഞ നേതാവിന്റെ ഉള്‍പ്പെടെ മനസ്സിലാണ്. മുഖ്യമന്ത്രിയാകാന്‍ യോജിച്ച ഒരു സ്ത്രീയും കേരളത്തില്‍ ഇല്ല എന്നത് എത്രത്തോളം മോശപ്പെട്ട ഒരു പ്രസ്താവനയാണ്. പക്ഷേ, ആരും മറുത്തു പറയുന്നില്ല. മറുത്തു പറഞ്ഞാല്‍ വീണ്ടും എന്തെങ്കിലുമൊക്കെ അപവാദം പറയും എന്ന ഭയംകൊണ്ടാണ്. ആ പറഞ്ഞ ആളോടെന്നല്ല ആ ക്യാംപെയ്നോട് ഉള്‍പ്പെടെ യോജിക്കാന്‍ കഴിയുന്നില്ല. അവസരങ്ങളില്‍ സമത്വം വരിക എന്നതാണ് പ്രധാനം. ഏറ്റക്കുറച്ചില്‍ ഇല്ലേ; ഉണ്ട്. അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരെ എടുത്താല്‍ അഞ്ചുപേരും അഞ്ചുതരം കഴിവുകള്‍ ഉള്ളവരായിരിക്കും. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളില്‍ പകുതി ഇടത്ത് പ്രസിഡന്റ് സ്ത്രീകളാണല്ലോ. ചില സ്ഥലത്ത് സംവരണം കൂടാതേയും പ്രസിഡന്റാകുന്നുണ്ട്. എന്റെയൊരു ചിന്ത ഇങ്ങനെയാണ്: അവരില്‍നിന്നു നൂറുപേരെ സാംപിള്‍ പഠനത്തിന് എടുത്താല്‍ ഒരുപക്ഷേ, 50 പേര്‍ മാതൃകയാകുന്നതുപോലെ 50 പേര്‍ വീക്ക് ആയിരിക്കാം. അവരെ നിയന്ത്രിക്കുന്നതു വേറെ ആരെങ്കിലുമൊക്കെ ആയിരിക്കാം. 50 പേര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. അതല്ലേ വേണ്ടത്? നമുക്കു കിട്ടുന്ന സ്പെയ്സ് പോലും മറ്റുള്ളവര്‍ക്കു കൊടുക്കുന്ന സ്ഥിതി ഉണ്ടാകരുത്. സ്വന്തം ജോലി എന്താണെന്ന് ആദ്യമേ തിരിച്ചറിയണം. അതനുസരിച്ചു മുന്നോട്ടു പോകണം. പറയുന്ന അഭിപ്രായങ്ങള്‍ ശരിയാണെന്നു നമുക്കുതന്നെ ബോധ്യപ്പെടണം. അതുറക്കെ പറയണം. സ്ത്രീകള്‍ ഉറക്കെ അഭിപ്രായം പറഞ്ഞാല്‍ അവളെന്തൊക്കെയോ പബ്ലിസിറ്റിക്കുവേണ്ടി പറയുന്നു എന്നാണ് ചിലര്‍ പറയുന്നത്.

ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ വന്നിട്ട് ഏകദേശം 23 വര്‍ഷമായി. 2000-ലാണ് പാര്‍ട്ടി മെമ്പറാകുന്നത്. അന്നുമുതല്‍ കേള്‍ക്കുന്നത് ഇതുതന്നെയാണ്: ''ഇവര്‍ ഇതൊക്കെ പറയാന്‍ ആരാണ്'' എന്നു ചോദിക്കുന്ന ഒരു വിഭാഗം. ഞാന്‍ ഈ കടന്നുവന്ന ഇത്രയും വര്‍ഷങ്ങള്‍ക്ക് ഒരു കാര്യവുമില്ലേ? മനുഷ്യന്റെ മനസ്സിലാണ് മാറ്റം വേണ്ടത്. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ ഒരു ജനാധിപത്യബോധമൊക്കെ വേണ്ടേ? പ്രതിഭ എന്ന വ്യക്തിയെ ഒരു പ്രത്യേക വസ്തുവായല്ല കാണേണ്ടത്. അവരും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്നു കണ്ടുകൂടേ? അവസരങ്ങള്‍ തരുന്നു എന്നത് എന്തോ വലിയ കാര്യമായാണ് പറയുന്നത്. തരുന്നു എന്നാണ് പറയുന്നത്. തരികയല്ലല്ലോ. പിന്നെ, സംവരണം വേണമെന്നു പറയുന്നതിനു കാരണം അതും ഇല്ലെങ്കില്‍ സ്ത്രീകള്‍ സൈഡില്‍ ഇരിക്കേണ്ടിവരും എന്നതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ്സിനു വനിതാ സാമാജികര്‍ കുറയുന്നത്. അവിടെ സംവരണം ഉണ്ടായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ടിവരുമായിരുന്നു. ഇപ്പോള്‍ അവര്‍ കറിക്ക് ഉപ്പ് ഇടുന്നതുപോലെ ഒരു ചേരുവയ്ക്കുവേണ്ടി മാത്രം സ്ത്രീകളെ കൊണ്ടുവരികയാണ്. യു.ഡി.എഫിന്റെ സ്ഥിതി എപ്പോഴും അതുതന്നെയാണ്. പക്ഷേ, എല്‍.ഡി.എഫിന്റെ സ്ഥിതി വ്യത്യസ്തമാണ്. കുറേപ്പേരെ മത്സരിപ്പിക്കുന്നുണ്ട്. എങ്കിലും ഇത്രയുമല്ല വരേണ്ടത്.

'വനിത മുഖ്യമന്ത്രി ആയാല്‍...' എന്ന ചര്‍ച്ച അടുത്തയിടെ ഒരു മാധ്യമം ഉയര്‍ത്തിക്കൊണ്ടുവന്നു. ഞാന്‍ പറയുന്നത് ഒന്നും സംഭവിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍, വനിത മുഖ്യമന്ത്രി പദത്തില്‍ ഭരിക്കുന്ന ബംഗാളില്‍ സ്ത്രീകളെ ഓടിച്ചിട്ടു തല്ലിയില്ലേ. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മമത ബാനര്‍ജി ശക്തയാണ്. പക്ഷേ, അവര്‍ സ്ട്രോംഗ് ആയതുകൊണ്ട് അവിടുത്തെ സ്ത്രീകളെല്ലാം സ്ട്രോഗായി എന്നു പറയാന്‍ പറ്റില്ല.
Q

സ്ത്രീ പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അപവാദ പ്രചരണം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മാനസികമായി തളര്‍ത്താന്‍ ഏറ്റവും വലിയ ആയുധമായി അതാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആ റോള്‍ സമൂഹമാധ്യമങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. അതു കുറേ അനുഭവിച്ചിട്ടുള്ള പൊതുപ്രവര്‍ത്തകയും ജനപ്രതിനിധിയുമാണ് താങ്കള്‍. സമൂഹമാധ്യമങ്ങള്‍ക്ക് ഇനിയുള്ള കാലം അങ്ങനെ തളര്‍ത്താനും ഇല്ലാതാക്കാനും കഴിയുമോ?

A

സമൂഹമാധ്യമങ്ങളില്‍ മാത്രം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരെ സംബന്ധിച്ച് അതൊരു പ്രശ്‌നമാണ്. സമൂഹമാധ്യമത്തിന്റെ അപ്പുറത്തൊരു ലോകമുണ്ട്. വാര്‍ത്തകളുടെ വസ്തുത അന്വേഷിക്കുന്ന ഒരു സമൂഹമുണ്ട്. വേണ്ടത് എടുക്കുക എന്നത് നമ്മുടെ തീരുമാനമാണ്. എവിടെയോ ഇരിക്കുന്ന, നമുക്കു യാതൊരു പരിചയവുമില്ലാത്തവരെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ നമ്മിലേക്കു വരുന്നു. പാട്ടു കേള്‍ക്കാനാണെങ്കിലും ഒരു പൊതുസ്ഥലത്തു വെച്ച് യുട്യൂബ് എടുത്തുനോക്കുമ്പോള്‍ എന്തൊക്കെ അശ്ലീലങ്ങളാണ് അതില്‍ കയറി വരുന്നത്. ഒരിക്കലും നമ്മുടെ ടേസ്റ്റല്ല അത്; നമ്മള്‍ അതു കാണാന്‍ ആഗ്രഹിക്കുന്നവരുമല്ല. സദാചാരത്തിന്റെ ഭാഗമായിട്ടല്ല, പക്ഷേ, നമ്മളത് ആഗ്രഹിക്കുന്നില്ല. നമ്മുടെ സമൂഹത്തിന് ഒരു അച്ചടക്കമുണ്ട്. ആ അച്ചടക്കത്തിനു മുകളിലുള്ളതാണ് സ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്ന സ്ത്രീയാണ് ഞാന്‍. അതായത് ഉടുപ്പൂരി നടക്കുക, പുരുഷനോടൊപ്പം സിഗററ്റ് വലിച്ചു നടക്കുക. അതൊക്കെ പറയുന്ന സ്ത്രീകളോട് എനിക്കു വെറുപ്പൊന്നുമില്ല. പക്ഷേ, അതാണ് സ്വാതന്ത്ര്യം എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ, അത്തരത്തിലൊരു സ്ത്രീ എന്തെങ്കിലും പ്രത്യേകമായി ചെയ്തു പോസ്റ്റ് ചെയ്താല്‍ അതിനുതാഴെ വരുന്ന മോശം കമന്റുകള്‍ നമുക്കു വേണ്ടാതിരുന്നിട്ടും നമ്മിലേക്കും വരുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഉപദേശങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും ബഹളംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. നമ്മളെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒരുതരം ഇടപെടല്‍. ഇതാണ് ശരിക്കും പറഞ്ഞാല്‍ ഗ്ലോബലൈസേഷന്റെ രൂപം.

ഗ്ലോബലൈസേഷന്‍ എന്നു പറഞ്ഞാല്‍ പുതിയ തലമുറയ്ക്കു ചിരി വരും. പക്ഷേ, അമേരിക്കന്‍ ഉല്‍പ്പന്നം നമ്മുടെ നാട്ടിലെ ഗ്രാമത്തിലെ പെണ്‍കുട്ടി ഉപയോഗിക്കാന്‍ ഉപദേശം നല്‍കുകയാണ്. അതു നമുക്കു വേണ്ടെങ്കിലും നമ്മിലേക്ക് എത്തുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതേയോ അതിന്റെ ഭാഗമാകുന്നു. ആ ഒരു ഇടത്ത് പണ്ട് പൊതു കുളിമുറിയുടെ ചുമരില്‍ അശ്ലീലം എഴുതിയവരും ഇരിപ്പുണ്ട്. ട്രെയിനിലെ കക്കൂസിന്റെ ചുമരില്‍ തനിക്കു വിരോധമുള്ള സ്ത്രീയുടെ ഫോണ്‍ നമ്പര്‍ എഴുതിവയ്ക്കുന്നവര്‍ ഉണ്ടല്ലോ. അത്തരം ആളുകള്‍ ഇതിലുണ്ട്. പിന്നെ ഫെയ്സ്ബുക്കില്‍ കുറേപ്പേര്‍ ഫെയ്സ് ഇല്ലാത്തവരാണ്. ഒരാളെ ചീത്ത പറയണമെങ്കില്‍ വേറെ അക്കൗണ്ട് എടുത്ത് അതിലൂടെ പറയും. ഒരു ആത്മസംതൃപ്തി. കാര്യമെന്താണ് എന്നുപോലും അറിയാതെ അതിനടിയില്‍ കുറേ ആളുകള്‍ കമന്റിടുന്നു. അച്ഛനും അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ പറയുന്ന ഒരു സംഘം അതിലുണ്ട്. പക്ഷേ, ഇപ്പോള്‍ അതിന്റെയൊക്കെ കാലം പോയി. അതിനെയൊക്കെ അതിജീവിക്കാന്‍ എല്ലാ സ്ത്രീയും പഠിച്ചു. എങ്കിലും ഈ മലീമസമായ മനസ്സുള്ളവര്‍ അവിടെ ഇരിപ്പുണ്ട് ഇപ്പോഴും. എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും അതിനെ അതിജീവിക്കണം എന്നാണ് പറയാനുള്ളത്. കാരണം, ഇവന്റെ നാവിന്‍തുമ്പിലല്ല നമ്മുടെ ആരുടേയും ജീവിതം. എന്റെ വിഷമങ്ങള്‍ എന്റെ മാത്രമാണ്. ആശ്വസിപ്പിക്കാന്‍ എന്റെ സഹോദങ്ങളോ അമ്മയോ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളോ ഒക്കെ ഉണ്ടായെന്നു വരാം. പക്ഷേ, എന്റെ മനസ്സിലുണ്ടാകുന്ന ആഘാതം എന്റെ മനസ്സിനെ മാത്രമാണ് മുറിവേല്‍പ്പിക്കുന്നത്. മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ അതിന്റെ ആഴം കുറയുമെന്നു മാത്രമേയുള്ളൂ. പക്ഷേ, എന്റെ കടമോ? എന്റെയല്ലേ? 50 ലക്ഷം കടമുണ്ടെങ്കില്‍ സമൂഹം അടയ്ക്കുമോ? യുട്യൂബ് വീഡിയോ ചെയ്യുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടി അവരുടെ കുടുംബത്തിന്റെ കടം മാറ്റാനായിരിക്കും അതു ചെയ്യുന്നത്. അതിന്റെ താഴെ വന്നു തെറിവിളിക്കുന്നവരുടെ മനോനില എന്തായിരിക്കും. അവര്‍ ഇവരുടെ കടം തീര്‍ത്തുകൊടുക്കില്ലല്ലോ. സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നവര്‍ സ്വകാര്യ ദുഃഖം പരിഹരിക്കുന്നില്ല. സന്തോഷമാകട്ടെ, പരിധികളില്ലാത്തതാണ്. അത് ആര്‍ക്കും കൊടുക്കാം; എല്ലാവര്‍ക്കുമുള്ളതാണ്. എന്റെ എന്നല്ല, ആരുടേയും പേഴ്സണല്‍ കാര്യങ്ങളില്‍ പൊതുസമൂഹം അനാവശ്യമായി ഇടപെടേണ്ടതില്ല. ഇനി ഇടപെട്ടാലോ? തീരെ മൈന്‍ഡ് ചെയ്യേണ്ട. അങ്ങനെ നമ്മുടെ പെണ്‍കുട്ടികള്‍ പഠിക്കണം. വൃത്തികെട്ട സ്വരങ്ങള്‍ തെരുവു നായ്ക്കളുടെ കുരപോലെ അവഗണിക്കണം. നമുക്ക് എല്ലാത്തിനേയും കല്ലെറിഞ്ഞ് ഓടിക്കാന്‍ പറ്റുമോ, ഇല്ലല്ലോ.

Q

പുന്നപ്ര-വയലാര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയുടെ രാഷ്ട്രീയ പാരമ്പര്യം മാതൃകയും കരുത്തുമാകുന്നത് സ്വാഭാവികമാണ്. പക്ഷേ, ആ മാതൃക പിന്തുടരുന്ന രീതികള്‍ മാറിപ്പോകുന്ന സ്ഥിതിയില്ലേ ഇപ്പോള്‍?

A

ആലപ്പുഴയില്‍, പ്രത്യേകിച്ച് കുട്ടനാട്ടില്‍ ജനിച്ചു ജീവിച്ചത് വലിയ അഭിമാനമാണ്. കുട്ടനാട്ടില്‍ പതിനേഴോളം രക്തസാക്ഷികളുണ്ട് പാര്‍ട്ടിക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രക്തസാക്ഷിത്വങ്ങളാണ്. കര്‍ഷകരുള്‍പ്പെടെ പാവപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റേയും സമരം ചെയ്തതിന്റേയും പേരില്‍ കൊല്ലപ്പെട്ടവരാണ്. അത്തരത്തിലുള്ള രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ നല്‍കുന്ന ആവേശം സ്വാഭാവികമായി ഉണ്ടാകും. അരിവാള്‍ കണ്ടാല്‍ കുട്ടനാട്ടില്‍ വോട്ട് വീണിരിക്കും. പുന്നപ്രയിലൊക്കെ നമ്മള്‍ കാണുന്നത് എത്രയോ പച്ചയായ മനുഷ്യരെയാണെന്നോ. പക്ഷേ, കുട്ടനാട്ടിലായാലും പുന്നപ്രയിലും മറ്റും ആയാലുമൊക്കെ ന്യൂ ജനറേഷന്‍ മാറിയിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളിലേക്കൊക്കെ എല്ലാവരും വരും. ഒരു എണ്‍പതിനും അതിനു മുകളിലുമൊക്കെ പ്രായമുള്ളവരുണ്ടല്ലോ, അവര്‍ ഓരോരുത്തരും പാര്‍ട്ടിയാണ് എന്നെനിക്കു തോന്നാറുണ്ട്. അവരൊക്കെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അവരോടൊക്കെയുള്ളത് അളവില്ലാത്ത സ്‌നേഹമാണ്. അവര്‍ക്കും അങ്ങനെയാണ്; അത് ഒരു കാലഘട്ടത്തിന്റെ മനുഷ്യരാണ്. പുന്നപ്ര വയലാറിലെ സഖാക്കള്‍ സ്വാധീനിക്കാത്ത സഖാക്കള്‍ ആലപ്പുഴയില്‍ ഇന്നുമുണ്ട്. അതവര്‍ മാറ്റണം.

കുട്ടനാട്ടില്‍ പതിനേഴോളം രക്തസാക്ഷികളുണ്ട് പാര്‍ട്ടിക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രക്തസാക്ഷിത്വങ്ങളാണ്. കര്‍ഷകരുള്‍പ്പെടെ പാവപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റേയും സമരം ചെയ്തതിന്റേയും പേരില്‍ കൊല്ലപ്പെട്ടവരാണ്. അത്തരത്തിലുള്ള രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ നല്‍കുന്ന ആവേശം സ്വാഭാവികമായി ഉണ്ടാകും. അരിവാള്‍ കണ്ടാല്‍ കുട്ടനാട്ടില്‍ വോട്ട് വീണിരിക്കും.
Q

നിഷേധാത്മകമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാം. പൊതുപ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ചും. പക്ഷേ, വ്യക്തിപരമായി ആളുകളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണങ്ങള്‍ രാഷ്ട്രീയത്തില്‍ക്കൂടി വരുന്നത് എങ്ങനെ കാണുന്നു?

A

ഒരാളെ വളര്‍ത്താനും തളര്‍ത്താനും ഒരു അഭിപ്രായത്തിനു കഴിയും. വ്യക്തിപരമായി പറഞ്ഞാല്‍, ഞാന്‍ അനുഭവിക്കുന്നതുപോലെ ഒരുപാട് സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടാകും. മര്‍മറിംഗ് ക്യാംപെയ്ന്‍. കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോള്‍ ഒരാള്‍ പറഞ്ഞതാണ്, ''നമ്മളേക്കാളൊക്കെയങ്ങ് വളര്‍ന്നുപോയി.'' ആര് വളരുന്നു, ആര് തളരുന്നു? ഒരു ബ്രാഞ്ച് സെക്രട്ടറിയും ഒട്ടും മോശമല്ല കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഘടനയില്‍. ഏറ്റവും പ്രധാനംപോലും ബ്രാഞ്ച് സെക്രട്ടറിയാണ്. കാരണം, ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ആ സഖാവാണ്. പോസ്റ്ററൊട്ടിക്കണം, അതിന്റെ ചുമതലയെടുക്കണം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍. താഴേത്തട്ടില്‍ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഒരു ബലമുള്ള പാര്‍ട്ടിയാണ് സി.പി.എം. ഞാന്‍ വളര്‍ന്നുപോയി എന്നുപറഞ്ഞ അദ്ദേഹത്തിന് ഈ പാര്‍ട്ടി കൊടുക്കാത്ത ചുമതലയൊന്നുമില്ല. എന്താ ഇങ്ങനെ പറയുന്നതെന്നു ഞാന്‍ ചോദിച്ചു: ''നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഇപ്പോഴും ഏരിയാ കമ്മിറ്റിയില്‍ത്തന്നെ ഇരിക്കുന്ന ഒരാളാണ് ഞാന്‍. നിങ്ങളുടെ ഈ ക്യാംപെയ്ന്‍ അങ്ങ് വിട്ടുപോയിരിക്കുന്നു. മോശമാണ് കേട്ടോ ഇങ്ങനെ പറയുന്നത്.'' അതാണ് ഞാന്‍ പറഞ്ഞത്, സ്ത്രീപക്ഷ രാഷ്ട്രീയം എന്നു പറയുകയും ഒട്ടും വലുതല്ലാത്ത മനസ്സുമായി നടക്കുകയും ചെയ്യുന്ന കുറച്ചു പേരുണ്ട്. നൂറുപേരില്‍ അവര്‍ പത്തു പേരാകാം. പക്ഷേ, അവരെടുക്കുന്നത് ശകുനിയുടെ ജോലിയാണ്. എങ്ങനെ പകിടകളിച്ചും അവര്‍ അവരുടെ കാര്യങ്ങള്‍ നേടും. അതുണ്ട്; എല്ലാ രാഷ്ട്രീയത്തിലും ഈ ശകുനിമാരുണ്ട്, അന്നുതൊട്ട് ഇന്നു വരെ. അവരാണ് നമ്മളെ മോശപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവര്‍ എല്ലാവരുമായിട്ടും ബന്ധം സ്ഥാപിക്കും. പത്തു തവണ നമ്മളെപ്പറ്റി ഒരു നെഗറ്റീവ് പറയുമ്പോള്‍ ഒരു തവണയെങ്കിലും ഒരാള്‍ വിശ്വസിക്കുമല്ലോ. ഒരുപക്ഷേ, പാര്‍ലമെന്ററി കരിയര്‍പോലെ പൊളിറ്റിക്കല്‍ കരിയര്‍ വരാതെ പോകുന്നത് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടാണ്. ഞാന്‍ എന്റെ കാര്യം മാത്രമല്ല പറയുന്നത്. പഞ്ചായത്ത് മെമ്പര്‍ മുതലുള്ള സ്ത്രീകളുടെ കാര്യമാണ്. പകല്‍ മുഴുവന്‍ വാര്‍ഡില്‍ ജോലി ചെയ്യണം. രാത്രി വീട്ടില്‍ച്ചെന്നു കഞ്ഞിയും കറിയും വയ്ക്കണം. ഇതിനിടെ പാര്‍ട്ടി ജനറല്‍ ബോഡിയില്‍ പോകണം. അവിടെയാണ് സ്ത്രീപക്ഷ കാഴ്ചപ്പാട് വേണ്ടത്. ഗൃഹസ്ഥനായ പുരുഷനു പാതിരാത്രിവരെ അവിടെ ഇരിക്കാം. പക്ഷേ, കുടുംബിനിയായ സ്ത്രീക്ക് വീട്ടില്‍ച്ചെന്നിട്ട് പല കാര്യങ്ങളുണ്ട്. അവരുടെ കുട്ടി പത്താം ക്ലാസ്സിലായിരിക്കാം. മോന് അല്ലെങ്കില്‍ മോള്‍ക്കു പരീക്ഷയാണ്; ഞാനങ്ങു പോകട്ടെ എന്നു പറയും. കാരണം ഒരു അമ്മയ്ക്ക് ഒരു കുട്ടിയെ സ്വാധീനിക്കാന്‍ കഴിയുന്നത്ര അച്ഛനു പറ്റില്ല. ഒരു പെണ്‍കുട്ടിയാണെങ്കില്‍ പ്രത്യേകിച്ചും. അവളുടെ ബയോളജിക്കല്‍ ഇഷ്യൂസ് പറയാന്‍ പറ്റുന്നതൊക്കെ അമ്മയോടാണ്. നിങ്ങളും ഇവിടെ ഇരുന്നേ പറ്റൂ, കമ്മിറ്റി തീര്‍ന്നിട്ടു പോയാല്‍ മതി എന്നു പറയാന്‍ പറ്റില്ലല്ലോ. സഖാവും പാര്‍ട്ടിയല്ലേ, സഖാവ് അവിടെയിരിക്ക് എന്നു പറയുന്ന സങ്കുചിത ബോധത്തില്‍നിന്നു മാറണം. ഞാനിരിക്കുന്നിടത്തോളം എന്റെ സഹപ്രവര്‍ത്തകയായ സഖാവുമിരുന്നു ചര്‍ച്ച ചെയ്യണം എന്ന വാശി വേണ്ട.

ഏതു മേഖലയിലായാലും പഞ്ചായത്ത് മെമ്പറായാലും കുടുംബശ്രീ ചെയര്‍പേഴ്സണായാലും അവള്‍ ചെയ്യുന്ന ജോലി വിലയിരുത്തണം. അസസ്സ് ചെയ്യുമ്പോള്‍ അവള്‍ക്കു കൊടുത്തിരിക്കുന്ന ചുമതലകള്‍ കൂടി നോക്കണം. അതിനേക്കാള്‍ ഭീകരം, കേരളത്തിലെ ഒരു പ്രമുഖ വനിതാനേതാവ് (പേരു പറയാന്‍ മടിയില്ല. പക്ഷേ, അവര്‍ക്കത് വ്യക്തിപരമായി അപമാനകരമായിരിക്കും എന്നതുകൊണ്ട് പറയുന്നില്ല) അടുത്ത ദിവസം എന്നോടു പറഞ്ഞു: ''ഞാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖാവിനുവേണ്ടി വര്‍ക്ക് ചെയ്തതുകൊണ്ട് ഇന്ന ആള്‍ എന്നോടു മിണ്ടത്തില്ല.'' എനിക്കുവേണ്ടി വര്‍ക്ക് ചെയ്തതുകൊണ്ട് നമ്മുടെ പാര്‍ട്ടിയിലെ വനിതാനേതാവ് മിണ്ടത്തില്ലെന്നോ, അതെന്താ എന്നു ഞാന്‍ ചോദിച്ചു. അതറിയില്ല. ''പിന്നെ, എങ്ങനെയാണ് അവരെ വനിതാനേതാവെന്നു വിളിക്കുന്നത്? ഇനി അവര്‍ വരുമ്പോള്‍ ചൂലെടുത്തടിച്ചങ്ങ് ഇറക്കിയേക്കണം, വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല'', ഇതാണ് എന്റെ പ്രതികരണം. പക്ഷേ, ഇത് ഇവര്‍ അവരോട് പറയുമ്പോള്‍ ''സഖാവിനെ ചൂലെടുത്ത് അടിച്ചിറക്കിയേക്കാന്‍ പറഞ്ഞു'' എന്നു പറയും. പശ്ചാത്തലം പറയില്ല. വലിയ ഉന്നത നിലവാരത്തിലിരിക്കുന്ന ഒരു വനിതാനേതാവ് മറ്റൊരാളോട് ചോദിച്ചത് പ്രതിഭ മുടി സ്ട്രെയിറ്റന്‍ ചെയ്തു അല്ലേ എന്നാണ്. ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും ഉന്നത നിലവാരത്തിലിരിക്കുന്ന ഒരാള്‍. അവര്‍ വാതില്‍ അടച്ചുവെച്ചിരിക്കുകയാണ്, കയറ്റില്ലെടീ നിന്നെ എന്ന്. അതിജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരത്തിലുള്ളവരുടെ അധരവ്യായാമങ്ങള്‍ അല്ലെങ്കില്‍ മാനിപ്പുലേഷന്‍ എല്ലായിടത്തും തുടരുന്നുണ്ടാകും. അത്തരം ആളുകള്‍ ഉള്ളിടത്തോളം ഞാനൊന്നും സംഘടനാപരമായി ഒരു പരിധികഴിഞ്ഞാല്‍ ഉയരില്ല എന്ന് ഉറപ്പാണ്. ഈ പറയുന്ന ശകുനിമാരും ചില സ്ത്രീകളും ആത്മപരിശോധന നടത്തണം. സ്വന്തം നിലയ്ക്കും വിലയ്ക്കും ചേര്‍ന്നതാണോ പറയുന്നതെന്ന്. നിലയും വിലയും എന്നു പറഞ്ഞാല്‍, ഈ രാഷ്ട്രീയത്തിന് ഒരു നിലയും വിലയും ഉണ്ട്. വ്യക്തിക്കില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്നതാണ് ഇതെല്ലാം. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി ഇരുന്നാല്‍ ഞാനെന്റെ അച്ഛന്റെ പേരിലോ വീട്ടുപേരിലോ ആയിരിക്കും അറിയപ്പെടുക. ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ എം.എല്‍.എ അല്ലേ അവള്‍ എന്നാണ്. പാര്‍ട്ടി തരുന്ന ഒരു നിലയും വിലയും വേറെയാണ്. അതനുസരിച്ച് നമ്മള്‍ പെരുമാറണ്ടേ. ശൈലജ ടീച്ചറൊക്കെ അങ്ങനെ ചേര്‍ത്തു പിടിക്കുന്നവരാണ്. കണ്ണൂരിന് അങ്ങനെയൊരു പാരമ്പര്യമുണ്ട്. ഇതൊരു വ്യാജ പ്രചാരണമായി ആരെങ്കിലും പറഞ്ഞതാണെങ്കില്‍ തള്ളിക്കളയണം. പറഞ്ഞതാണെങ്കില്‍ തിരുത്തണം. ഒരു വാതിലും ഒരു സ്ത്രീക്കു മുന്നിലും കൊട്ടിയടയ്ക്കപ്പെടരുത്. ചില അപകടങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇല്ലെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഒരു വര്‍ഗീയ പാര്‍ട്ടിയുടെ വളര്‍ച്ച. ഇതൊക്കെ മുതലെടുക്കുന്നത് അവരൊക്കെയാണ്.

എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ എന്താ ഇടുന്നത്, എങ്ങനെയുള്ളതാണ് എന്നൊക്കെ നോക്കി അഭിപ്രായം പറയാറുണ്ട്. ഒരിക്കലും അവരെ തളര്‍ത്തുന്ന ഒരു വാക്കുപോലും പറയാറില്ല. തളര്‍ത്തരുത്. ക്ഷീണിതനായിരിക്കുന്ന ഒരാള്‍ക്ക് നമ്മുടെ ഒരു നല്ല വാക്കു കൊണ്ടായിരിക്കും ഒരു എനര്‍ജി കിട്ടുന്നത്.

പി.കെ മേദിനിയും കെ.കെ ശൈലജയും
പി.കെ മേദിനിയും കെ.കെ ശൈലജയും Photo; Express
Q

കേരളത്തില്‍ ബി.ജെ.പിക്ക് നിയമസഭയിലോ പാര്‍ലമെന്റിലോ പ്രാതിനിധ്യമില്ലെങ്കിലും ആളുകള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലേ. അതിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കു സാധിക്കുന്നില്ല എന്നതല്ലേ ശരി?

A

ഭൂരിപക്ഷ വര്‍ഗ്ഗീയതയോ ന്യൂനപക്ഷ വര്‍ഗ്ഗീയതയോ ഏതായാലും അതിനു പിന്നാലെ പോകാന്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. മനുഷ്യപക്ഷമാണ് ഇടതുപക്ഷം. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ല. സമുദായ സംഘടനകളുടെ പ്രതിനിധികള്‍ ജനപ്രതിനിധികളായിട്ടാണോ അതാതു സമുദായങ്ങളെ സംരക്ഷിക്കുന്നത്? അല്ലല്ലോ. ജയിക്കുന്ന ഓരോ ജനപ്രതിനിധിയും ഈ നാടിന്റെയാണ്. എല്ലാ വിഭാഗങ്ങളുടേയും ക്ഷേമത്തിനുവേണ്ടി നിലകൊള്ളുകയാണ് അവരുടെ ഉത്തരവാദിത്വം. ഏതെങ്കിലും സമുദായത്തിന്റെ എം.എല്‍.എ ആകുന്നത് അഭിലഷണീയമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു സീറ്റുകള്‍ കുറഞ്ഞതിനു പിന്നില്‍ വര്‍ഗ്ഗീയതയ്ക്കു പങ്കുണ്ട്. ഇല്ലെന്നൊന്നും പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പുകാലത്ത് വര്‍ഗ്ഗീയത കൊടികുത്തി വാഴുകയായിരുന്നു. യു.ഡി.എഫിനു വോട്ടു മാത്രം മതി. വളരെ മോശപ്പെട്ട സമീപനമാണ് അവരുടേത്. കേന്ദ്രത്തിനെതിരെ പറയേണ്ട സമയത്ത് അവര്‍ കേരളത്തിലെ സര്‍ക്കാരിനെതിരെ മാത്രം പറയുന്നു. ഓരോ എം.എല്‍.എയുടെ പ്രസംഗങ്ങള്‍ ചരിത്രരേഖകളല്ലേ, അതില്‍ ഒരൊറ്റ വാക്കെങ്കിലുമുണ്ടോ മോദിക്കും മോദി ഗവണ്‍മെന്റിനുമെതിരെ. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്നേഴ്സ് പോലും ബി.ജെ.പിയിലേക്കു പോവുകയാണ്. ഭയം തോന്നുന്നില്ലേ നമുക്ക്. കെ.സി. വേണുഗോപാല്‍ എന്ന കോണ്‍ഗ്രസ് നേതാവ് എം.എല്‍.എ ആയും മന്ത്രിയായും എം.പിയായുമൊക്ക 25 വര്‍ഷമാണ് ആലപ്പുഴയെ പ്രതിനിധീകരിച്ചത്. പക്ഷേ, ആലപ്പുഴ ജില്ലയില്‍ ഒന്നൊഴികെ മുഴുവന്‍ നിയമസഭാ സീറ്റുകളിലും എല്‍.ഡി.എഫ് ആണ് ജയിക്കുന്നത്. കോണ്‍ഗ്രസ്സിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവരാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനായ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി. രാഹുല്‍ ബ്രിഗേഡ് ആണല്ലോ ഇപ്പോള്‍ കോണ്‍ഗ്രസ്; പാര്‍ട്ടിയല്ല. രാഹുല്‍ ഗാന്ധി വരുമ്പോള്‍ അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നവിധം കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം. പ്രതീക്ഷിക്കാനൊന്നുമില്ല. ഖുഷ്ബുവിനെപ്പോലെയുള്ള വനിതകള്‍ ബി.ജെ.പിയിലേക്കു പോയി. കോണ്‍ഗ്രസ്സില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാതെ വരികയും കേരളത്തില്‍ ആ പാര്‍ട്ടി അങ്ങേയറ്റം പാപ്പരാവുകയും ചെയ്തപ്പോള്‍ ഭയപ്പെടുത്തുന്ന തരത്തില്‍ വര്‍ഗ്ഗീയശക്തികള്‍ തല പൊക്കിയിട്ടുണ്ട്. താഴേത്തട്ടില്‍, നമ്മുടെ നാടിന്റെ ആത്മാവാണ് ഗ്രാമപഞ്ചായത്തുകള്‍. ആ ആത്മാവിലേക്ക് ബി.ജെ.പി കയറിത്തുടങ്ങി. കോണ്‍ഗ്രസ്സാണ് ദുര്‍ബ്ബലമാകുന്നത്. ഇടതു പാര്‍ട്ടികള്‍ പൊരുതാനുറച്ച് പൊരുതുകതന്നെയാണ്. കോണ്‍ഗ്രസ്സിന് അധികാരം എന്നത് ഒരു കുതിരക്കച്ചവടമാണ്. അങ്ങനെയാണല്ലോ നശിച്ചുപോയത്. അത് ഒരു പരിധിവരെ ബി.ജെ.പി വളരാന്‍ കാരണമായിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും
രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും Photo:express
Q

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നു കൂടുതല്‍ ശക്തമായ ഇടപെടലുകളും പ്രചാരണപരിപാടികളും വേണ്ടതല്ലേ?

A

വര്‍ഗ്ഗീയ രാഷ്ട്രീയം ശക്തിപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള അപകടം മനസ്സിലാക്കി പ്രതികരിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നുണ്ട്. കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. കോണ്‍ഗ്രസ്സിനു കേരളത്തിലുള്‍പ്പെടെ വര്‍ഗ്ഗീയതയെ തടയാന്‍ കഴിയുന്നില്ല. അതു തിരുത്തിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകും. കേരളം പിടിക്കാന്‍ വലിയ ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. കേരളം അവര്‍ക്കു പ്രശ്‌നം തന്നെയാണ്. അല്ലെങ്കില്‍ ഇത്രയും സാമ്പത്തിക ഉപരോധം തീര്‍ക്കുമോ? പക്ഷേ, ബി.ജെ.പി സര്‍ക്കാര്‍ എല്ലാം കേരളത്തിനു തന്നുവെന്നു വരുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സത്യസന്ധമായ രാഷ്ട്രീയ പ്രചാരണം നടത്തിയാല്‍ കോണ്‍ഗ്രസ്സിനെ ആളുകള്‍ വിശ്വസിക്കും. അതു മനസ്സിലാക്കണം.

Q

സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും യു.ഡി.എഫും കേന്ദ്ര ഏജന്‍സികളിലൊരു വിഭാഗവും കടുത്ത നീക്കങ്ങള്‍ നടത്തുകയാണ് എന്ന വിമര്‍ശനമാണല്ലോ ഇടതുപക്ഷം ഉയര്‍ത്തുന്നത്. ഇതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് കേരളം കൂടെ നില്‍ക്കുന്നുവെന്ന് വിലയിരുത്താന്‍ കഴിയുന്നുണ്ടോ?

A

തീര്‍ച്ചയായും ഉണ്ട്. അതുകൊണ്ടാണ് കൂടുതല്‍ സീറ്റുകളോടെ തുടര്‍ഭരണം കിട്ടിയത്. ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും രാഷ്ട്രീയ ക്യാംപെയ്നും കേന്ദ്ര ഏജന്‍സികളുടെ ഉന്നം വയ്ക്കലും ജനങ്ങള്‍ ഏറ്റെടുത്തില്ല. അതിനു കാരണം പാര്‍ട്ടിയുടെ ക്യാംപെയ്ന്‍ തന്നെയാണ്; താഴേത്തട്ടു മുതല്‍ പാര്‍ട്ടി നടത്തിയ ക്യാംപെയ്ന്‍. ഇടതുപക്ഷത്തിനു തെരഞ്ഞെടുപ്പിനു മാത്രമായി ഒരു രാഷ്ട്രീയമില്ല. എല്ലാക്കാര്യത്തിലും എല്ലാക്കാലത്തും രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് എവിടെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളും നടപടികളുമുണ്ടായാലും അതിനെതിരായ ചെറുത്തുനില്‍പ്പില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വവും പങ്കാളിത്തവുമുണ്ടാകുന്നത്. വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ചെറുത്തുനില്‍പ്പും പ്രചാരണ പരിപാടികളും കൂടുതല്‍ ശക്തമായി നടപ്പാക്കേണ്ടതുണ്ട്.

Q

സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമൊക്കെയുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതു പൊലീസ് സ്റ്റേഷനിലും ധൈര്യമായി കയറിച്ചെന്ന് പരാതി പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടോ?

A

പൊലീസുകാരില്‍ ഇപ്പോഴും മോശമായി പെരുമാറുന്നവരുമുണ്ട്. പക്ഷേ, അവരല്ല കൂടുതല്‍. നന്നായി പെരുമാറുന്നവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരും കഠിനാധ്വാനം ചെയ്യുന്നവരുമാണ് കൂടുതല്‍. പക്ഷേ, ഒരു ചെറിയ നെഗറ്റീവ് ഉണ്ടെങ്കില്‍ത്തന്നെ അതു പ്രശ്‌നമാണ്. എത്ര നല്ല ഭക്ഷണത്തില്‍ ഒരു നുള്ളു വിഷം കലര്‍ന്നാലും അതു ചീത്തയാകും എന്നതുപോലെയാണ്. കേരളത്തിലെ പൊലീസ് ഒരുപാട് നവീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മനോഭാവം ഇനിയും മാറേണ്ടതുണ്ട്. അത്തരത്തിലുള്ളവരെ തെരഞ്ഞുപിടിച്ച് അവര്‍ക്കുള്ള ഡ്യൂട്ടി മാറ്റിക്കൊടുക്കേണ്ടതുണ്ടെങ്കില്‍ മാറ്റുകതന്നെ വേണം. ഒരു സംഘടനയും അവരെ പിന്തുണയ്ക്കരുത്.

പിന്നെ, മുന്‍പത്തേക്കാള്‍ പരാതികള്‍ കൊടുക്കുന്നതിനുള്ള ഭയം മാറിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ പ്ലസ്സും മൈനസും അവിടെയാണ്. സത്യങ്ങള്‍ വിളിച്ചുപറയാന്‍ നവമാധ്യമങ്ങള്‍ക്കു കഴിയുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി പല കേസുകളും വരുന്നുണ്ട്. പൊലീസ് നവീകരിക്കപ്പെട്ടതനുസരിച്ച് പൊലീസുകാരും മാറിയിട്ടുണ്ടോ എന്നതാണ് പ്രശ്‌നം. സ്‌കൂളുകളെല്ലാം നവീകരിക്കപ്പെടുന്നു; പക്ഷേ, പല അദ്ധ്യാപകരുടേയും മനസ്സ് പഴയതാണ്. സ്മാര്‍ട്ട് സ്‌കൂള്‍ എന്നാല്‍, സ്മാര്‍ട്ട് ടീച്ചര്‍ കൂടിയാണ്; സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എന്നാല്‍, സ്മാര്‍ട്ട് പൊലീസ് കൂടിയാണ്. സ്റ്റേഷന്‍ കെട്ടിലും മട്ടിലും മാറിയതുകൊണ്ടുമാത്രം കാര്യമില്ല. പൊലീസ് മാറണം. രാഷ്ട്രീയക്കാരും മാറണമല്ലോ. ഓരോ ജനപ്രതിനിധിയും ഓരോ ലീഡറാണ്. മയക്കുമരുന്നു വ്യാപനത്തെക്കുറിച്ച് പറയുമ്പോഴും അത് ഉപയോഗിക്കുന്നവരായി മാറാത്തവിധം പുതിയ തലമുറയെ എങ്ങനെ പ്രാപ്തരാക്കാം എന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമ്പോഴാണ് ലീഡറാകുന്നത്. ഇവനെല്ലാം കഞ്ചാവാണ്, ഇവനെല്ലാം മയക്കു മരുന്നാണ് എന്നു പറയുകയല്ല വേണ്ടത്.

Q

ഏറെ പ്രതീക്ഷയോടെ കേരളത്തിലെ സ്ത്രീകള്‍ കാണുന്ന വനിതാകമ്മിഷന്‍ ഒരു ദുര്‍ബ്ബലമായ സംവിധാനമായി മാറിയിരിക്കുന്നു എന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

A

യഥാര്‍ത്ഥത്തില്‍ ഭയരഹിതമാകണം സംവിധാനങ്ങള്‍. എവിടെ ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ അവിടെ മാത്രമേ മനുഷ്യനു നീതി കിട്ടുകയുള്ളൂ. വൈകുന്ന നീതി നീതിനിഷേധം തന്നെയാണെന്ന് ഓരോ കമ്മിഷനും അടിവരയിട്ടു പറയുന്നുണ്ട്. സഭാസമിതിയുടെ മുന്നില്‍ വരുന്ന ഓരോ കേസും ഞങ്ങള്‍ കൃത്യമായി അന്വേഷിക്കാറുണ്ട്. നീതി വൈകുന്തോറും പരാതിക്കാരി അനുഭവിക്കുന്ന ഒരു മാനസികപീഡനമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊക്കെയാണെങ്കില്‍ ആരോപണവിധേയനായ വകുപ്പുമേധാവിയും മറ്റും രക്ഷപ്പെട്ടുപോകുന്ന അനുഭവം ഈ സ്ത്രീയെ വല്ലാതെ ഉലയ്ക്കും. അവരോട് മോശമായി പെരുമാറിയ, അല്ലെങ്കില്‍ മാനസികമായി പീഡിപ്പിച്ച ആള്‍ റിട്ടയേഡ് ആയിപ്പോവുകയോ സ്ഥലം മാറിപ്പോവുകയോ ഒക്കെ ചെയ്യും. അന്വേഷണത്തിന്റേയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ ശരിയെന്നു തോന്നിയാല്‍ ഭയമില്ലാതെ തീരുമാനമെടുക്കാന്‍ ഏതു സംവിധാനത്തിനും കഴിയണം. സ്ത്രീകള്‍ക്കെതിരായ നീതി നിഷേധങ്ങള്‍ ഉറപ്പായും ആഭ്യന്തരവകുപ്പ് വെച്ചു പൊറുപ്പിക്കുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹം ഇടപെടും. പക്ഷേ, അദ്ദേഹത്തിന്റെ അടുത്ത് എത്താതിരിക്കാന്‍ വേണ്ടി എവിടൊക്കെയോ അതു കെട്ടപ്പെടുന്നുണ്ട് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താതിരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍.

സ്ത്രീകളെ സംബന്ധിച്ച് അവരുടെ ഹോര്‍മോണ്‍ ചെയ്ഞ്ചസിനുപോലും ഇത്തരം മാനസിക വിഷമങ്ങള്‍ കാരണമാകും. വിഷമങ്ങള്‍കൊണ്ട് പലപ്പോഴും സ്ത്രീകള്‍ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ ആളുകള്‍ പറയും, അവര്‍ക്കു മാനസികരോഗമാണെന്ന്. ഇതാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്നത്. ഒരുപാട് പരാതികള്‍ സാമ്പിള്‍ സ്റ്റഡി ചെയ്യുമ്പോള്‍ അതറിയാം. കളക്ട്രേറ്റിലൊക്കെ സഭാസമിതിയുടെ സിറ്റിംഗിനു പോകുമ്പോള്‍ പരാതിക്കാരായ സ്ത്രീകള്‍ ഉച്ചത്തില്‍ ബഹളം വെച്ച് പരാതി പറയുന്ന അനുഭവങ്ങളുണ്ട്. എഴുതിത്തരൂ എന്നു പറഞ്ഞ് നമ്മളത് എഴുതിവാങ്ങും. പക്ഷേ, ആളുകള്‍ പരസ്പരം അടക്കം പറയും: ''കുഴപ്പമുണ്ട് അല്ലേ?'' ആ സ്ത്രീ സഞ്ചരിച്ച വഴികളുടെ വേദനയാണ് ആ പ്രതികരണ രീതിക്കു പിന്നില്‍ എന്ന് ആരും മനസ്സിലാക്കാറില്ല. നീതി നിഷേധിക്കപ്പെടുമ്പോള്‍ ആ സ്ത്രീയുടെ ചലനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ മാനസികരോഗമെന്നു പറയുമ്പോള്‍ അവരുടെ ഹോര്‍മോണ്‍ ചെയ്ഞ്ചസൊന്നും ആരുടേയും പരിഗണനയില്‍ വരില്ല. വളരെ വേദനാജനകമാണ്. അത്തരം ഒരുപാട് കേസുകളുണ്ട്. വനിതാകമ്മിഷനുമായി ബന്ധപ്പെട്ട് ഒറ്റക്കാര്യമേ പറയാനുള്ളൂ: ഒരു നീതി നിഷേധവും വരരുത്. ജനുവിനാണ് എന്നു കണ്ടാല്‍ ഭയമില്ലാതെ കൃത്യമായി നടപടിയെടുക്കണം.

Q

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുള്ള നിയമസഭാസമിതിയുടെ ഇടപെടലുകള്‍ നീതി ഉറപ്പാക്കാന്‍ എത്രത്തോളം സഹായകമാണ്?

A

ഞങ്ങള്‍ ഒട്ടേറെ കേസുകളില്‍ തീരുമാനമെടുക്കുന്നുണ്ട്. ഭയമില്ലാതെയാണ് ഞങ്ങളത് ചെയ്യുന്നത്. ചില വകുപ്പുകള്‍ക്കു സഹകരിക്കാന്‍ മടിയുണ്ട്. പല വകുപ്പുകളിലും താപ്പാനകളായ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ ഉന്നത തലത്തിലൊന്നും ആയിരിക്കില്ല. അവിടുത്തെ ഏതെങ്കിലും ലെവലിരിക്കുന്ന ആള്‍ വിചാരിച്ചാലും ഒരു ഫയല്‍ പിടിച്ചുവയ്ക്കാനൊക്കെ കഴിയും. അത്തരം താപ്പാനകള്‍ എല്ലാക്കാലത്തുമുണ്ട്.

ഏതെങ്കിലും പുരുഷന്റെ അപ്രീതിക്കു പാത്രമായാല്‍ അവിടെത്തീരുന്ന കരിയറുള്ള പാവംപിടിച്ച ഒരുപാട് സ്ത്രീകളുണ്ട്. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്. പൊളിറ്റിക്കല്‍ ശകുനിമാരുടെ ഏതെങ്കിലും അഭിപ്രായത്തിന് എതിരഭിപ്രായം പറഞ്ഞാല്‍ രാഷ്ട്രീയഭാവി ഇല്ലാതാകുന്ന എത്രയോ പേരുടെ അനുഭവം കേട്ടിട്ടുണ്ട്.
Q

വനിതാ സംവരണ ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും അത് ഇത്തവണ നടപ്പാക്കുന്നില്ലല്ലോ. പക്ഷേ, പാര്‍ട്ടികള്‍ക്കു സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമല്ലോ. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

A

നിയമനിര്‍മ്മാണ സഭകളിലെന്നല്ല സംഘടനാ സംവിധാനത്തില്‍പ്പോലും ഒരു പാര്‍ട്ടിയിലും വേണ്ടത്ര സ്ത്രീ പ്രാതിനിധ്യം ആയിട്ടില്ല. പാര്‍ട്ടികളുടെ കീ റോളുകളിലേക്ക് ഉള്‍പ്പെടെ ഇപ്പോഴും സ്ത്രീകള്‍ വരുന്നില്ല. വന്നാലും, വരുന്ന സ്ത്രീ പുരുഷനെപ്പോലെ പെരുമാറിയിട്ടൊന്നും കാര്യമില്ല. സ്ത്രീ മനോഭാവം തന്നെയായിരിക്കണം. സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ താരതമ്യേന ഭേദം ഇടതുപക്ഷം തന്നെയാണ്. പിന്നെ, ഏതെങ്കിലും പുരുഷന്റെ അപ്രീതിക്കു പാത്രമായാല്‍ അവിടെത്തീരുന്ന കരിയറുള്ള പാവംപിടിച്ച ഒരുപാട് സ്ത്രീകളുണ്ട്. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്. പൊളിറ്റിക്കല്‍ ശകുനിമാരുടെ ഏതെങ്കിലും അഭിപ്രായത്തിന് എതിരഭിപ്രായം പറഞ്ഞാല്‍ രാഷ്ട്രീയഭാവി ഇല്ലാതാകുന്ന എത്രയോ പേരുടെ അനുഭവം കേട്ടിട്ടുണ്ട്. തെറ്റുകാരി എന്നു മുദ്രകുത്തപ്പെടുന്നവര്‍. ഒരു ബില്ലും പാസ്സാക്കാതെ തന്നെ സ്ത്രീകള്‍ക്ക് അവസരം കൊടുക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകേണ്ടതാണ്. തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ.

Q

ലിംഗനീതിയെക്കുറിച്ച് ഒരുപാട് പ്രചാരണവും വര്‍ത്തമാനങ്ങളും ഉണ്ടാകുന്നുണ്ട്. പക്ഷേ, പ്രായോഗികതലത്തില്‍ അതൊരു വെറും വാക്ക് മാത്രമായിപ്പോവുകയാണോ?

A

തീര്‍ച്ചയായും. നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്; സ്ത്രീകള്‍ പക്വമതികളല്ല, എടുത്തുചാട്ടക്കാരാണ്. വിഷകരമാണ് അത്തരത്തിലുള്ള ധാരണകള്‍. ഭയങ്കരമായ ഒതുക്കല്‍. ഞാന്‍ ഇതൊക്കെ പറയുമ്പോള്‍, അവരെ രണ്ടു തവണ എം.എല്‍.എ ആക്കിയില്ലേ എന്നു പറയുന്നവരുണ്ടാകാം. എം.എല്‍.എ ആകുന്നതും എം.പി ആകുന്നതും മാത്രമല്ലല്ലോ കാര്യം. സംഘടനാരംഗത്തേക്കു വരുമ്പോഴാണെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്, അപകടമാണ് എന്നൊക്കെ പറയും. അഭിപ്രായം പറയാന്‍പോലും ഭയന്നുകൊണ്ട് എത്രകാലമാണ് പോകുന്നത്. അഭിപ്രായം പറഞ്ഞാല്‍ ഉപദേശമാണ്; അങ്ങനെ പറയരുത്, നിങ്ങളുടെ ഭാവി പോകില്ലേ. ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെതിരെ ചിലര്‍ അഭിപ്രായം പറയും. ഫെയ്സ്ബുക്കില്‍ എഴുതിയെഴുതി അവള്‍ ഇപ്പോഴും പുറകിലാണ് ഇരിക്കുന്നത്. ഞാന്‍ പുറകിലിരിക്കുന്നതില്‍ വിഷമിക്കുന്ന ആളൊന്നുമല്ല. എവിടിരുന്നാലും അവരവരുടെ ജോലി ചെയ്യുകയാണ് പ്രധാനം. കുറച്ചുകൂടി സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റം വരണം. ആരുടേയും ഔദാര്യത്തിലൊന്നുമാണ് വരുന്നത് എന്നു കരുതരുത്. സ്വന്തം ജീവിതംകൊണ്ടാണ് ഓരോ സ്ത്രീയും ഇന്‍വെസ്റ്റു ചെയ്യുന്നത്. പുരുഷന് ഉടുക്കാനും നടക്കാനും കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമൊക്കെ എപ്പോഴും കൂടെ സഹോദരിയോ ഭാര്യയോ അമ്മയോ ഒക്കെ കാണു. പാവം സ്ത്രീയുടെ കാര്യം അങ്ങനെയല്ല. അവള്‍ രാഷ്ട്രീയ നേതാവാണെങ്കിലും അല്ലെങ്കിലും കാര്യങ്ങള്‍ സ്വന്തമായിത്തന്നെ നോക്കണം. പിന്നെ, ചില അപൂര്‍വ്വം കേസുകളില്‍ ചില സഹായങ്ങള്‍ ചിലരില്‍നിന്നൊക്കെ കിട്ടിയേക്കാം എന്നുമാത്രം. സ്ത്രീകളോടുള്ള സമീപനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മനോഭാവം മാറണം. സംവരണം എഴുതി വയ്ക്കാന്‍ വേണ്ടിയൊന്നും കാത്തിരിക്കേണ്ടതില്ല. എഴുതി വച്ചാല്‍ മാത്രമേ ഇതൊക്കെ നടക്കൂ എന്ന് ആരും പറയേണ്ടതില്ല. അതിന്റെയൊക്കെ കാലം കഴിഞ്ഞു.

Q

സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വം, പ്രത്യേകിച്ചും പൊതുപ്രവര്‍ത്തകയുടെ വ്യക്തിത്വം അവരുടെ നിലനില്‍പ്പിന്റേയും മുന്നോട്ടുള്ള കുതിപ്പിന്റേയുമൊക്കെ വേഗം കുറയ്ക്കുന്നുണ്ടോ?

A

ഉണ്ട്. ധൈര്യമുള്ള സ്ത്രീയാണെങ്കില്‍ ഏതു വിധത്തിലെങ്കിലും അവരെ കടിഞ്ഞാണിടും. ഒരൊറ്റ ലൂസ് ടോക്ക് മതി ഒരു സ്ത്രീയുടെ ജീവിതം കളയാന്‍. പലപ്പോഴും ഒതുക്കപ്പെട്ടു പോകുന്നുവെന്ന തോന്നല്‍ കാരണം അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല; പുതുതായി ഒന്നും പഠിക്കാന്‍ തോന്നില്ല. അവസരങ്ങള്‍ കിട്ടിയാലല്ലേ നമുക്കു പഠിക്കാന്‍ പറ്റുകയുള്ളൂ. തടയിടാന്‍ ഒരു വാക്ക് മതി. ആരുടേയോ ഔദാര്യത്തിലാണ് ഒരു കസേരയില്‍ ഇരിക്കുന്നതെന്നു തോന്നിയാല്‍പ്പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാനിതുവരെ, ഏതു കാര്യം പരിശോധിച്ചാലും എന്റെ രാഷ്ട്രീയത്തിന് എതിരായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, എന്നെക്കുറിച്ച് എന്താണ് അടിച്ചിറക്കുന്നത് എന്ന് അറിയാമോ. ഓ, പാര്‍ട്ടിയുമായിട്ടു പ്രശ്‌നമാണ് അല്ലേ? ഒരു പ്രശ്‌നവുമില്ല. പക്ഷേ, ഈ പറഞ്ഞ ശകുനിമാര്‍ നടന്ന് ഇങ്ങനെ പറയും. യുട്യൂബ് ചാനലുകളില്‍ വരുന്ന പൈങ്കിളി വാര്‍ത്തകളല്ല കാര്യം. ഞാനെവിടെയെങ്കിലും എന്റെ പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടോ? ഇല്ല. എന്റെ കാര്യം മാത്രമല്ല; ഒരു പാര്‍ട്ടിയിലെ മാത്രം കാര്യവുമല്ല. അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിക്കെതിരാണ് എന്നു പറയും. പാര്‍ട്ടിവേദിയില്‍ പറഞ്ഞാല്‍ പറയും, ഇവര്‍ക്കു പാര്‍ട്ടിയെ അറിയില്ല. പിന്നെ എങ്ങനെ സ്ത്രീ മുന്നോട്ടുപോകും. എല്ലാ പാര്‍ട്ടികളിലും നവീകരണമുണ്ടാകണം. സ്ത്രീയെക്കൂടി ഉള്‍ക്കൊണ്ടുപോകണം, ഒരു സാമൂഹികജീവി എന്ന നിലയില്‍ വ്യത്യസ്തയായി കാണണം. അല്ലാതെ അവളുടെ ദൗര്‍ബ്ബല്യമല്ല കാണേണ്ടത്. മനോഭാവം മാറുമ്പോള്‍ മാത്രമേ സ്വതന്ത്രയായ സ്ത്രീക്ക് എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ഏതു വിധേനയും ഒതുക്കിക്കളയും. അതിനു കാരണം കണ്ടെത്തും. സംസാരിച്ചാല്‍ തന്റേടി, പ്രവര്‍ത്തിച്ചാല്‍ അവിവേകി, പെട്ടെന്നു പൊട്ടിമുളച്ചു വന്നവള്‍, മൂക്കാതെ പഴുത്തവള്‍. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്ത്രീ കരുത്തയാണ്. അവള്‍ ദുര്‍ബ്ബലയാകില്ല. പക്ഷേ, ഞാന്‍ പറയാറ് എങ്ങനെ വന്നാലും ഞാനൊരു സ്ത്രീ തന്നെയാണ് എന്നാണ്. കരയാന്‍ തോന്നിയാല്‍ ഞാന്‍ കരയും. എനിക്കു പുരുഷനാകണ്ട. എന്റെ എല്ലാ സ്ത്രീത്വത്തോടും കൂടി വനിതാനേതാവോ പ്രവര്‍ത്തകയോ ആയി നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. പുരുഷനായി മാറിയാല്‍ എനിക്കെന്തിനാണ് സംവരണം, എനിക്കെന്തിനാണ് സ്ത്രീപക്ഷം? സ്ത്രീയുടെ മൈന്‍ഡ് സെറ്റോടുകൂടിത്തന്നെ എല്ലാത്തിനേയും കാണണം.

യു. പ്രതിഭ
യു. പ്രതിഭ Photo:Vincent Pulickal/Express
Q

ഞാനെവിടെയെങ്കിലും എന്റെ പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചല്ലോ. പാര്‍ട്ടിക്കെതിരെ പറയുന്നു എന്നു വരുത്താനുള്ള ഒരു പ്രചരണം എപ്പോഴും യു. പ്രതിഭക്കെതിരേ നടക്കുന്നുണ്ട് എന്നാണോ?

A

ഉണ്ട്. ഈ ശകുനിമാര്‍; ഒരു പറ്റം ശകുനിമാര്‍. ഞാന്‍ വെല്ലുവിളിച്ചു പറയുകയാണ്, എന്റെ ഏതെങ്കിലും ഇന്റര്‍വ്യൂവിലോ വര്‍ത്തമാനത്തിലോ പ്രവൃത്തിയിലോ പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടോ. കണ്ണൂരിലുള്ള സഖാവും ഇടുക്കിയിലുള്ള സഖാവുമൊക്കെ കാണുമ്പോള്‍ ചോദിക്കുന്നു, സഖാവും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നമാണ് അല്ലേ എന്ന്. ഡല്‍ഹിയില്‍ ചെല്ലുമ്പോഴും ചോദിക്കുന്നു. വല്ലാതെ വിഷമകരമാണത്. എന്റെ പാര്‍ട്ടിയും ഞാനും തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ 2021-ല്‍ എന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ നിര്‍ത്തുമോ? അപ്പോള്‍, പ്രശ്‌നം പാര്‍ട്ടി നേതാക്കള്‍ക്കിടയിലല്ല. ഈ ഒരു വിഭാഗത്തിന് എന്നെ അടിച്ചിറക്കണം. എന്റെ പൊളിറ്റിക്കല്‍ കരിയറിലേക്ക് ഒരു ചൂണ്ട കൊളുത്തിയിടണം. അതിനു വലിയ വര്‍ക്ക് നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. അതിനൊക്കെ ഒരു വിലയും കൊടുക്കുന്നില്ല. ഞാന്‍ പറഞ്ഞല്ലോ, ഒരാള്‍ക്ക് പാര്‍ട്ടിയാകാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍പ്പോലും വരണമെന്നില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പിലുള്ള പാര്‍ട്ടിക്കാരെക്കൊണ്ടു മാത്രമാണോ ഈ പാര്‍ട്ടി നിലനില്‍ക്കുന്നത്? ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, ഹൃദയത്തില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്ത ആളുകളുണ്ട്. അതുകൊണ്ട് ഇവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. പക്ഷേ, ഇല്ലാത്ത ഒരു കാര്യത്തില്‍ നടക്കുന്ന ക്യാംപെയ്നില്‍ വിഷമമുണ്ട്. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ചു വാചാലരാവുകയും കേരളത്തിലെ സ്ത്രീകളുടെ മുടിയേപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വൃത്തികെട്ട രീതിയിലേക്ക് പോകരുത്. അത്രയും ഇടുങ്ങരുത്; സങ്കുചിതത്വം പാടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com