ഹക്കുന മറ്റാറ്റ

ഞങ്ങളുടെ ആദ്യത്തെ ആഫ്രിക്കന്‍ അര്‍ദ്ധരാത്രി അഡിസ് അബാബയുടെ ആകാശത്ത് വെച്ച് മറികടന്നു. വിമാനത്താവളം പുതുക്കിപ്പണിയുടെ തിരക്കിലായിരുന്നു അക്കാലത്ത്. താല്‍ക്കാലിക സംവിധാനങ്ങളുടെ അലങ്കോലങ്ങളും സ്ഥലപരിമിതിയുടെ അസൗകര്യങ്ങളും ടാന്‍സാനിയന്‍ 'സഫാരി സ്വപ്നങ്ങളില്‍' ഞങ്ങള്‍ കുഴിച്ചിട്ടു. നാലു മണിക്കൂറിലേറെ ഇടവേളയുണ്ടായിരുന്നു അവിടെ. ചാരുകസേരകളില്‍ സുഖമായി കിടന്നുറങ്ങി, ചെക്ക് -ഇന്‍ ചെയ്യുന്നതുവരെ
ഹക്കുന മറ്റാറ്റ

ത്രയും ആശങ്കകളോടെ ഒരു യാത്രയിലേക്കും ഞങ്ങള്‍ ചെന്നിട്ടില്ല. ഇത്രയും ആനന്ദത്തോടെ ഒരു യാത്രയില്‍നിന്നും ഞങ്ങള്‍ മടങ്ങിയിട്ടുമില്ല. അറിവില്ലായ്മക്കറയാല്‍ കറുത്തുപോയ കാന്‍വാസില്‍ വര്‍ണ്ണച്ചിത്രങ്ങള്‍ വരഞ്ഞെടുത്ത അത്ഭുതമായിരുന്നു ആ യാത്ര. 2017 ജനുവരി ഒന്നിന് മസ്‌കറ്റ് ക്രീക്കില്‍ ഡോള്‍ഫിനുകളുടെ അഭിവാദ്യങ്ങളുമായി തുടങ്ങിയ 'യാത്രാവര്‍ഷം' ഡിസംബറില്‍ ടാന്‍സാനിയന്‍ കാടുകളുടെ മൃഗസമൃദ്ധിയില്‍ അവസാനിക്കുകയായിരുന്നു.

സ്പെയിനിലേക്കുള്ള യാത്രയായിരുന്നു തയ്യാറെടുപ്പുകളില്‍. മാഡ്രിഡില്‍ അപ്പുവിനൊപ്പം ഏതാനും ദിവസങ്ങള്‍ രസിച്ചുകൂടുക. ഡിസംബര്‍ തണുപ്പില്‍ യൂറോപ്യന്‍ ക്രിസ്തുമസ് ആഘോഷിക്കുക. മാഡ്രിഡിലും സെവിയ്യയിലും സെഗോവിയയിലും ഒന്ന് ചുറ്റിക്കറങ്ങുക. അങ്ങനെയായിരുന്നു മനക്കോട്ടകള്‍. മൈനസുകളിലേക്ക് കൂപ്പ് കുത്തിയ തണുപ്പും അപ്പുവിന്റെ പരീക്ഷകളും മറ്റു തിരക്കുകളും ആ കോട്ടകള്‍ തകര്‍ത്തു.

കാലാകാലങ്ങളായി നമ്മള്‍ ഇരുട്ടില്‍ ഇരുത്തിയ ആഫ്രിക്കന്‍ വന്‍കര. അല്പമായ അറിവുകളില്‍ നിറയുന്ന ദാരിദ്ര്യം, രോഗങ്ങള്‍, അക്രമങ്ങള്‍, വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍. ആശങ്കപ്പെടാന്‍ ഇനിയെന്തു വേണം? മറ്റൊന്ന് ആഫ്രിക്കന്‍ വിമാനക്കമ്പനികളിലെ വിശ്വാസക്കുറവായിരുന്നു. ആഫ്രിക്കനായയെന്തിനേയും താറടിച്ചു കാണാന്‍ ഒരു 'ദോഷക്കണ്ണ്' സ്വസാഹചര്യങ്ങള്‍ അത്രയൊന്നും മെച്ചമല്ലാത്ത ഇന്ത്യക്കാരനിലുമുണ്ട്. ആശങ്കകളുടെ അനിശ്ചിതത്വത്തില്‍ തീരുമാനം വൈകിക്കൊണ്ടിരുന്നു. ഓരോ യാത്രയ്ക്കുവേണ്ടിയും മൂന്നോ നാലോ മാസത്തെ 'തറോ' തയ്യാറെടുപ്പ് ഒരുക്കാറുള്ള ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നരമാസം മാത്രം ബാക്കിയായി. അപ്പോഴും എല്ലാ വിപരീതങ്ങള്‍ക്കുമിടയില്‍നിന്നും ആഫ്രിക്കന്‍ സഫാരി കൊതിപ്പിച്ചുകൊണ്ടിരുന്നു.

കാലാകാലങ്ങളായി നമ്മള്‍ ഇരുട്ടില്‍ ഇരുത്തിയ ആഫ്രിക്കന്‍ വന്‍കര. അല്പമായ അറിവുകളില്‍ നിറയുന്ന ദാരിദ്ര്യം, രോഗങ്ങള്‍, അക്രമങ്ങള്‍, വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍. ആശങ്കപ്പെടാന്‍ ഇനിയെന്തു വേണം? മറ്റൊന്ന് ആഫ്രിക്കന്‍ വിമാനക്കമ്പനികളിലെ വിശ്വാസക്കുറവായിരുന്നു. ആഫ്രിക്കനായയെന്തിനേയും താറടിച്ചു കാണാന്‍ ഒരു 'ദോഷക്കണ്ണ്' സ്വസാഹചര്യങ്ങള്‍ അത്രയൊന്നും മെച്ചമല്ലാത്ത ഇന്ത്യക്കാരനിലുമുണ്ട്.

തെക്കും കിഴക്കുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളാണ് വനയാത്രയുടെ പറുദീസകള്‍. ആലോചനകളും ആരായലുകളും വായനകളും കെനിയയോ ടാന്‍സാനിയായോ എന്ന ചോദ്യത്തില്‍ അവസാനിച്ചു. അവസാനം സെരങ്കട്ടിയേയും ഗോരംഗോരോയേയും കാട്ടി മോഹിപ്പിച്ച് ടാന്‍സാനിയ വിജയിച്ചു. കെനിയയെ അപേക്ഷിച്ച് നാഷണല്‍ പാര്‍ക്കുകള്‍ക്കിടയിലെ ദൂരം കുറവാണ് ഇവിടെ. കാര്യമായി കൊട്ടിഘോഷിക്കപ്പെട്ടില്ലാത്തതു കൊണ്ട് തിരക്ക് കുറവാണ്. (നിരക്കുകള്‍ കൂടുതലും) കിഴക്കനാഫ്രിക്കന്‍

രാജ്യങ്ങളില്‍ ഭേദപ്പെട്ട രാഷ്ട്രീയ സാമൂഹിക പരിസരവും ടാന്‍സാനിയയ്ക്കുണ്ട്. 18000 രൂപയ്ക്ക് ഇരുവഴി ടിക്കറ്റ് നല്‍കി എത്യോപ്യന്‍ എയര്‍ലൈന്‍സ് ഞങ്ങളുടെ 'വിശ്വാസം' നേടിയെടുത്തു. ജയ്പൂരില്‍നിന്ന് കുവൈത്തിലെക്ക് നാലുമണിക്കൂര്‍ പറക്കാന്‍ ബജറ്റ് എയര്‍ലൈന്‍സുകാര്‍ അമ്മുവിനോട് 25000 ചോദിക്കുമ്പോഴാണ് ആഡിസ് അബാബ വഴി ഏഴ് മണിക്കൂറില്‍ 18000-ത്തിന് ടാന്‍സാനിയായിലെ കിളിമഞ്ചാരോയില്‍ എത്തിക്കാമെന്ന് എത്യോപ്യന്‍ പറയുന്നത്. അതും 'ബജറ്റ്' എന്ന് അവഹേളിക്കാതെ. ആനന്ദലബ്ധിക്കിനിയെന്ത് വേണം? ആഫ്രിക്കയിലെ ഒട്ടുമിക്ക വിമാനക്കമ്പനികള്‍ക്കും താവളങ്ങള്‍ക്കും എന്‍ജിനീയറിംഗ് പിന്തുണ നല്‍കുന്നത് ഇവരാണ്. എത്യോപ്യന്‍ എന്ന വിശേഷണം പേടിപ്പിക്കേണ്ടതില്ല.

Safaribooking.com തുടങ്ങിയ 'വലപ്പണി'ക്കാരുടെ സഹായത്തോടെ രജബു എന്ന ലോക്കല്‍ സഫാരിക്കാരനെ വളച്ചെടുത്തു. ആഡംബര സഫാരി തന്നെ. രജബുവിന്റേത് ഭേദപ്പെട്ട നിരക്കാണ്. ഞങ്ങളുടെ സഫാരി പ്രതീക്ഷകള്‍, മുന്‍ഗണനകള്‍, 83-ന്റെ യൗവ്വനവുമായി അമ്മയും കൂടെയുണ്ടെന്നത്, എല്ലാം രജബുവുമായി സംസാരിച്ചു. അങ്ങനെ ആറു ദിവസത്തെ ടാന്‍സാനിയന്‍ ആഫ്രിക്കന്‍ സഫാരി കരാറായി.

ഇനി തയ്യാറെടുപ്പുകളാണ്. ഇന്ത്യക്കാര്‍ ടാന്‍സാനിയയില്‍ ഓണ്‍ എറൈവല്‍ വിസയ്ക്ക് അര്‍ഹരാണ്. എന്നാലും വിസ എടുത്തുവെയ്ക്കാന്‍ തീരുമാനിച്ചു. കുവൈത്തിലെ താമസസ്ഥലത്തു നിന്ന് അധികം ദൂരമില്ല ടാന്‍സാനിയന്‍ എംബസിയിലേക്ക്. അതും സൗകര്യമായി.

കിളിമഞ്ജാരോ ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്‌
കിളിമഞ്ജാരോ ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട്‌

കുവൈറ്റില്‍ നുഴയിലെ 'റസിഡന്‍ഷ്യല്‍ ഏരിയാ'യില്‍ ആയിരുന്നു എംബസ്സി. ആളും ആരവവുമില്ലാത്ത എംബസ്സിക്കെട്ടിടം. റിസപ്ഷനിലേക്ക് ഒരാളെ വരുത്താന്‍ എനിക്കും മിനിക്കും മൂന്ന് നാല് കൂയ് പൂയ് ചെലവാക്കേണ്ടിവന്നു. റിസപ്ഷിനിസ്റ്റ് നല്ല സൗഹൃദത്തിലായിരുന്നു. പത്ത് മണിയായിട്ടല്ലേയുള്ളൂ, അതുകൊണ്ട് ജീവനക്കാര്‍ എത്തുന്നേയുള്ളൂ എന്നു ക്ഷമാപണം. വിസയ്ക്ക് അപേക്ഷിക്കേണ്ട ഫോമുകള്‍ തന്നു. നടപടി ക്രമങ്ങള്‍ വിസ്തരിച്ചു. ഇറങ്ങുമ്പോള്‍ ഓര്‍മ്മപ്പെടുത്തി, WHO-യുടെ യെല്ലോ കാര്‍ഡ് സംഘടിപ്പിക്കാന്‍ മറക്കേണ്ട. അറിയാം. വായിച്ചിരുന്നു. ടാന്‍സാനിയയിലേയ്ക്ക് പുറപ്പെടുമ്പോഴേയ്ക്കും ശരിയാക്കാം.

ഞങ്ങള്‍ മടങ്ങി.

മഞ്ഞപ്പനി വാക്‌സിനേഷനെടുത്താല്‍ WHO അംഗീകൃത ക്ലിനിക്കുകള്‍ ഒരു കൊച്ചു മഞ്ഞപ്പുസ്തകം തരും. അതിന്റെ കാര്യമാണ് റിസപ്ഷനിലെ ചേട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നത്. യാത്രയിലെ സുരക്ഷയ്ക്കായി നമ്മളെടുക്കുന്ന മറ്റു കുത്തിവെപ്പുകളും ഇതില്‍ രേഖപ്പെടുത്തി വാങ്ങാം. ലോകമാകെ സ്വീകരിക്കപ്പെടുന്ന ആധികാരിക രേഖയാണ് ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിറ്റേന്നുതന്നെ പൂര്‍ത്തിയാക്കിയ അപേക്ഷകളും അനുബന്ധ രേഖകളുമായി ടാന്‍സാനിയന്‍ എംബസ്സിയില്‍ ഹാജരായി. ഒരു ക്ലാസ്സിക്കല്‍ ആഫ്രിക്കന്‍ കാര്‍ന്നോരാണ് ഞങ്ങളെ സ്വീകരിച്ചത്. സംസാരത്തേക്കാര്‍ കൂടുതല്‍ പൊട്ടിച്ചിരിയാണ് അദ്ദേഹം വിനിമയത്തിന് ഉപയോഗിച്ചത്. ഇരിക്കൂ, അരമണിക്കൂറിനുള്ളില്‍ വിസയടിച്ചു തരാം എന്നു പറഞ്ഞ് പൊട്ടിച്ചിരികള്‍ക്കിടയില്‍ ഞങ്ങളെ ഞെട്ടിക്കുകയും ചെയ്തു. ആ അരമണിക്കൂറിനുള്ളില്‍ ഒരു 'ലുലു സഞ്ചി' നിറയെ ലഘുലേഖകളും ബ്രോഷറുകളും നല്‍കുകയും ചെയ്തു. വിസ വിരിച്ച പാസ്പോര്‍ട്ടുകളുമായി അവിടെ നിന്നിറങ്ങുമ്പോള്‍, പ്രായം ചെന്ന അമ്മയെ കൊണ്ടുവന്നതിന് എന്നെ ശാസിച്ചു. അതിന്റെ ആവശ്യമില്ലായിരുന്നു. അമ്മ ഒപ്പിട്ട ഫോമുകള്‍ മതി. വെറുതെ അവരെ ബുദ്ധിമുട്ടിച്ചു. അമ്മ വരേണ്ടതുണ്ടോ എന്നു വിളിച്ചു ചോദിക്കാമായിരുന്നില്ലേ?

സാരമില്ല, ഞാന്‍ പറഞ്ഞു. പിന്നെ അമ്മയ്ക്കത്ര പ്രായമായിട്ടൊന്നുമില്ല. എണ്‍പത്തിമൂന്നായ തേയുള്ളൂ.

യെസ്, യെസ്. ഷി ഈസ് യങ്ങ്. വെരി വെരി യങ്ങ്.

അദ്ദേഹത്തിന്റെ പൊട്ടിച്ചിരി കാറിലേയ്ക്ക് കയറുമ്പോഴും ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു. ഇങ്ങനെയാണ് ഒരു സാധാരണ ജീവനക്കാരന്‍പോലും രാജ്യത്തിന്റെ അംബാസഡറാകുന്നത്. ഇവിടത്തെ ഇന്ത്യന്‍ എംബസ്സിയില്‍ പോയ പല അവസരങ്ങളിലും ഇന്ത്യയില്‍നിന്നു ഞാന്‍ രാജി വെച്ചിട്ടുണ്ട്.

വാക്‌സിനേഷനുകളുടെ 'കുത്തല്‍ ദിന'ങ്ങളായിരുന്നു പിന്നെ. ടാന്‍സാനിയയിലേയ്ക്ക് കടക്കുന്നതിനു പത്തു ദിവസം മുന്‍പെങ്കിലും മഞ്ഞപ്പനിക്കുത്ത് എടുക്കണം. അതുകൊണ്ട് അമ്മു ജയ്പൂരില്‍നിന്നു 3000 ചെലവാക്കി യു.എന്നിന്റെ മഞ്ഞപ്പുസ്തകം കൈക്കലാക്കി. ബാക്കി വാക്‌സിനേഷനുകള്‍ ഇവിടെ കുവൈത്തില്‍ പോര്‍ട്ട് ക്ലിനിക്കില്‍നിന്നെടുത്തു. കോളറ, ഹെപ്പറ്റൈറ്റിസ് എ., ടൈഫോയ്ഡ്, മെനിഞ്ചെറ്റിസ്-അങ്ങനെ ഒരു മഞ്ഞപ്പുസ്തകം നിറയെ കുത്തിവെപ്പുകള്‍. പിന്നെ മലേറിയായെ പ്രതിരോധിക്കാനുള്ള

ഗുളികകളും തയ്യാര്‍. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ അമ്മുവിന്റെ ചോദ്യം... are we going for a tour or war?

കിളിമഞ്ജാരോ പര്‍വ്വതം. ആകാശദൃശ്യം
കിളിമഞ്ജാരോ പര്‍വ്വതം. ആകാശദൃശ്യം

2

ആകാംക്ഷയുടെ

അഞ്ചു ദിനങ്ങള്‍

ബാക്കിയുണ്ട്. എനിമല്‍ പ്ലാനറ്റിലും നാഷണല്‍ ജ്യോഗ്രഫിയിലും യൂടൂബിലും കണ്ടു കൊതിച്ച സഫാരികള്‍ സ്വപ്നങ്ങളുടെ തിരക്കഥകളായി. എസ്.കെയുടെ സിംഹഭൂമിയില്‍ വീണ്ടും വീണ്ടും കയറിയിറങ്ങി. ചിലപ്പോള്‍ സക്കറിയക്കൊപ്പം ആഫ്രിക്കന്‍ വനങ്ങളിലേയ്ക്ക് കാടുകയറി. എന്റെ ആവേശം സഹയാത്രികരിലേയ്ക്കും പടര്‍ന്നു കഴിഞ്ഞു. ഇത്രയൊക്കെ? ഇങ്ങനെയൊക്കെ? എന്നു മനസ്സ് അപ്പോഴും സന്ദേഹിച്ചു.

2017 ഡിസംബര്‍ 14-ന് ഞങ്ങള്‍ ഏത്യോ പ്യന്‍ എയറിന്റെ ഗോവണി കയറുന്നു. തീര്‍ച്ചയായും എയര്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട അകത്തളം. തറയില്‍ വെടിപ്പുള്ള പരവതാനി. ഇരിപ്പിടങ്ങളില്‍ വൃത്തിയുള്ള കുഷ്യനുകള്‍. സൗഹൃദവും പാല്‍പുഞ്ചിരിയുമായി ആഫ്രിക്കന്‍ എയര്‍ ഹോസ്റ്റസ് തരുണികള്‍. ഭക്ഷണം അത്ര ഗംഭീരമായിരുന്നില്ലെങ്കിലും നമ്മുടെ രസമുകുളങ്ങളെ വശീകരിക്കാന്‍ തക്ക എരിവും പുളിയുമുള്ളതായിരുന്നു. ആഫ്രിക്കയെക്കുറിച്ചും എത്യോപ്യന്‍ എയറിനെക്കുറിച്ചും കെട്ടിപ്പൊക്കിയ ആശങ്കകളുടെ കുന്നുകള്‍ ഇടിഞ്ഞുതുടങ്ങി.

ഞങ്ങളുടെ ആദ്യത്തെ ആഫ്രിക്കന്‍ അര്‍ദ്ധരാത്രി അഡിസ് അബാബയുടെ ആകാശത്ത് വെച്ച് മറികടന്നു. അഡിസ് അബാബ വിമാനത്താവളം പുതുക്കിപ്പണിയുടെ തിരക്കിലായിരുന്നു അക്കാലത്ത്. താല്‍ക്കാലിക സംവിധാനങ്ങളുടെ അലങ്കോലങ്ങളും സ്ഥലപരിമിതിയുടെ അസൗകര്യങ്ങളും ടാന്‍സാനിയന്‍ 'സഫാരി സ്വപ്നങ്ങളില്‍' ഞങ്ങള്‍ കുഴിച്ചിട്ടു. നാലു മണിക്കൂറിലേറെ ഇടവേളയുണ്ടായിരുന്നു അഡിസ് അബാബയില്‍. ചാരുകസേരകളില്‍ സുഖമായി കിടന്നുറങ്ങി, ചെക്ക് ഇന്നിനു ക്ഷണിക്കപ്പെടുന്നതുവരെ. ഷൂസും ബെല്‍ട്ടുമൊക്കെ അഴിപ്പിച്ചുള്ള പരിശോധനകള്‍ യൂറോപ്യന്‍ ശല്യനിലവാരത്തിലുള്ളതായിരുന്നു.

നേരം പരപരാ വെളുക്കുമ്പോള്‍ അഡിസ് അബാബയില്‍നിന്നു പറന്ന ഞങ്ങള്‍ ഉച്ചയിലേയ്ക്ക് തിരിഞ്ഞാണ് കിളിമഞ്ജാരോ വിമാനത്താവളത്തിലിറങ്ങിയത്. അഡിസ് അബാബയില്‍നിന്ന് കിളിമഞ്ജാരോയിലിറങ്ങുന്ന വിമാനത്തിന്റെ ഇടതുവശത്താണ് കിളിമഞ്ജാരോ ദൃശ്യപ്പെടുക എന്നായിരുന്നു വിദഗ്ധ മതം. അങ്ങനെയാണ് രണ്ടു നിരയിലായി ഞങ്ങള്‍ നാല് പേര്‍ ഇടതുവശം ചേര്‍ന്നിരുന്നത്. രണ്ടു എയര്‍ ഹോസ്റ്റസുമാരും കിളി ഇടത്തുതന്നെയെന്നുറപ്പിച്ചു പറഞ്ഞു. പക്ഷേ, വെള്ളിപ്പുടവ ചുറ്റിയ ഒരു കൂട്ടം മേഘത്തമ്പുരാട്ടിമാര്‍ കിളിയെ തട്ടിയെടുത്തു പറന്നുകളഞ്ഞു. ദുഷ്ടകള്‍. അഗ്‌നിപര്‍വ്വതമുഖത്തെ കുഴിയും (crater) ഹിമപാളികളും ഏറ്റവും നന്നായി കാണുന്നത് ആകാശത്തുനിന്നാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കിളിമഞ്ജാരോത്തുഞ്ചത്തെ ഹിമപാനികളെ ഉരുക്കിക്കളഞ്ഞുവെന്നും മഞ്ജാരോവിനു പഴയ മൊഞ്ചില്ലെന്നും എയര്‍ഹോസ്റ്റസുമാര്‍ ഞങ്ങളെ സമാധാനിപ്പിച്ചു.

പെന്‍ഷന്‍ പറ്റിയയൊരു ഉഗ്രപ്രതാപശാലിയാണ് കിളിമഞ്ജാരോ. ഇപ്പോള്‍ മയക്കത്തിലാണെങ്കിലും ഒരു പിടി കനലോര്‍മ്മകള്‍ ഗര്‍ഭത്തിലിരുന്നു നീറുന്നുണ്ട്. ആഫ്രിക്കയുടെ പര്‍വ്വത പ്രമുഖനാണ് ഈ അഗ്‌നിപര്‍വ്വതം. എവറസ്റ്റിനെപ്പോലെ പര്‍വ്വതനിരയിലൊരുവനല്ല കിളി. ഒറ്റയ്ക്കാണ് തലയുയര്‍ത്തി നില്‍പ്പ്. അത്തരക്കാരില്‍ ലോകത്തിലെ പൊക്കക്കാരനുമാണ്. പേരിലെ ഓമനത്തമേയുള്ളൂ. ആള് ജഗജില്ലിയാണ്.
ആരുഷ എയര്‍പ്പോര്‍ട്ട്, പിന്നില്‍ മേരു പര്‍വ്വതം
ആരുഷ എയര്‍പ്പോര്‍ട്ട്, പിന്നില്‍ മേരു പര്‍വ്വതം

പെന്‍ഷന്‍ പറ്റിയയൊരു ഉഗ്രപ്രതാപശാലിയാണ് കിളിമഞ്ജാരോ. ഇപ്പോള്‍ മയക്കത്തിലാണെങ്കിലും ഒരു പിടി കനലോര്‍മ്മകള്‍ ഗര്‍ഭത്തിലിരുന്നു നീറുന്നുണ്ട്. ആഫ്രിക്കയുടെ പര്‍വ്വത പ്രമുഖനാണ് ഈ അഗ്‌നിപര്‍വ്വതം. എവറസ്റ്റിനെപ്പോലെ പര്‍വ്വതനിരയിലൊരുവനല്ല കിളി. ഒറ്റയ്ക്കാണ് തലയുയര്‍ത്തി നില്‍പ്പ്. അത്തരക്കാരില്‍ ലോകത്തിലെ പൊക്കക്കാരനുമാണ്. പേരിലെ ഓമനത്തമേയുള്ളൂ. ആള് ജഗജില്ലിയാണ്.

Gateway to Africa's wildlife Heritage എന്നാണ് മുദ്രവാക്യമെങ്കിലും സഫാരിക്കാരെക്കൊണ്ട് കഞ്ഞി കുടിക്കുന്ന തുക്കടാ എയര്‍പോര്‍ട്ടല്ല കിളിമഞ്ജാരോ. ധാരാളം ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ ഇവിടെ ഇറങ്ങിയുയരുന്നു. പല യാത്രകളുടേയും ട്രാന്‍സിറ്റ് പോയ്ന്റാണ്. ഡൊമസ്റ്റിക്ക് യാത്രകളുടെ മുന്തിയ താവളവുമാണ്. ചന്തവും ഒതുക്കവുമുള്ള എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍. സൗഹൃദപൂര്‍വ്വം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ഉദ്യോ ഗസ്ഥര്‍. ഏത്യോപ്യന്‍ എയര്‍ലൈന്‍സിനോട് വിടചൊല്ലി ടെര്‍മിനലിലേക്ക് നടക്കുമ്പോള്‍ അമ്മയ്‌ക്കൊരു സംശയം- വിമാനമിറങ്ങിയത് കിളിമഞ്ജാരോയില്‍ തന്നെയല്ലേ? തയ്യാറെടുപ്പുകള്‍ക്കിടയില്‍ എത്യോപ്യന്‍ എയറിനെക്കുറിച്ച് ഞങ്ങള്‍ വായിച്ചു മറന്ന ഒരു സംഭവമാണ് അമ്മ ചികഞ്ഞിടുന്നത്.

സംഗതിയിതാണ്. 2013-ല്‍ എത്യോപ്യന്‍ എയറിന്റെ ബോയിംഗ് 767 കിളിമഞ്ജാരോയ്ക്ക് പകരം തൊട്ടപ്പുറത്തെ അരുഷ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയിരുന്നു. സഫാരിക്കാര്‍ ഉപയോഗിക്കുന്ന കൊച്ച് എയര്‍പോര്‍ട്ടാണ് അരുഷ. വലിയ ബോയിംഗ് എങ്ങനെ അങ്ങോട്ടെത്തിയെന്നോ അരുഷയുടെ പരിമിത സങ്കേതിക സ്ഥലസംവിധാനങ്ങളില്‍ എങ്ങനെ കുഴപ്പമില്ലാതെ ഇറങ്ങിയെന്നോ വിദഗ്ദ്ധര്‍ക്കിന്നും നിശ്ചയം പോര. ഞങ്ങളിന്ന് താമസിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത് അരുഷയിലാണ്. അതുകൊണ്ട് ഇന്നൊരു ലക്ഷ്യം തെറ്റിയിറങ്ങല്‍ അമ്മ ആഗ്രഹിച്ചിരുന്നുവത്രേ. ബേബിയമ്മയുടെ ഓരോ രസികത്തരങ്ങള്‍!

ആരുഷ
ആരുഷ

പാസഞ്ചര്‍ ടെര്‍മിനലിലേയ്ക്കുള്ള കവാടത്തിലെ വയസ്സന്‍ ഓഫീസര്‍ ഓരോ സഞ്ചാരിക്കും മഞ്ഞപ്പനി കുത്തിവെപ്പിന്റെ മഞ്ഞക്കാര്‍ഡുണ്ടെന്ന് ഉറപ്പുവരുത്തി. വിസ ഡെസ്‌ക്കില്‍ പ്രസന്നനും നിറമില്ലാത്തവനുമായൊരാള്‍, വെല്‍ക്കം ടു ടാന്‍സാനിയ - മെറി ക്രിസ്മസ് - ഹാപ്പി ന്യൂ ഇയര്‍ എന്ന ആശംസാത്രയവുമായി ഞങ്ങളെ സ്വീകരിച്ചു. വനസഫാരിയുടെ ഉന്മാദത്തില്‍ കാലബോധം നഷ്ടപ്പെട്ട ഞങ്ങളെ അയാള്‍, ഡിസംബറാണെന്നും വര്‍ഷം വിടപറയുകയാണെന്നും ഓര്‍മ്മിപ്പിച്ചു. അയാള്‍ക്കു പിന്നിലെ ചുമരു ചാരിനിന്ന് ആഫ്രിക്കന്‍ മുഖമുള്ള മരക്ലോക്ക് രണ്ടു മണി കഴിഞ്ഞെന്നും വിശക്കുന്നില്ലേ വേഗം പോകൂ എന്നും സ്‌നേഹപൂര്‍വ്വം കണ്ണുരുട്ടി.

അരുഷ എയര്‍പോര്‍ട്ടിനു പുറത്ത് രജബു തന്റെ തല്ലിപ്പൊളി നിസ്സാന്‍ കാറും അതിലും മെനകെട്ട ഡ്രൈവറുമായി കാത്തുനിന്നിരുന്നു. നാലും രണ്ടും ആറു പേര്‍ ആ ചെറിയ കാറില്‍ നിറഞ്ഞിരുന്നു. പത്തു മിനിട്ടിലെ കുശലം പറച്ചിലില്‍ത്തന്നെ രജബു അടുത്ത കടുംബസുഹൃത്തായി. ഏതാനും ആഴ്ചകളായിട്ട് ഞങ്ങള്‍ ഇ മെയിലിലും സ്‌കൈപ്പിലും ബന്ധപ്പെടുന്നുമുണ്ടായിരുന്നല്ലോ.

ഫറാജ ഓര്‍ഫനേജിനടുത്തുള്ള ഒരപ്പാര്‍ട്ടുമെന്റാണ് ഞങ്ങളിന്നത്തെ അന്തിയുറക്കത്തിന് ഏര്‍പ്പാടാക്കിയിട്ടുള്ളത്. ലൊക്കേഷന്‍ രജബുവിനു മുന്‍പേ അയച്ചുകൊടുത്തതാണ്. സ്ഥലം മനസ്സിലായെന്ന് രജബുവിന്റെ ഡ്രൈവര്‍ അറിയിച്ചതാണ്. എന്നിട്ടിപ്പോള്‍ അരുഷയിലൂടെയുള്ള ഹൈവേയിലൂടെ തേരാപാരാ ഓടുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ എത്തേണ്ടതാണ്. ഒന്നര മണിക്കൂറായിട്ടും എത്തിയിട്ടില്ല. കാറൊരു പെട്രോ ള്‍ സ്റ്റേഷനിലൊതുക്കിയിട്ട് ഞാന്‍ അപ്പാര്‍ട്ട്മെന്റ് ഹൗസ്‌കീപ്പര്‍ ഷാഡിയെ വിളിച്ചു, അണ്ണാ രക്ഷിക്കണം.

പത്തു മിനിട്ടിനുള്ളില്‍ ഷാഡി ബൈക്കിലെത്തി ഞങ്ങളുടെ പൈലറ്റ് വാഹനമായി. ഹൈവേയില്‍നിന്നു പിരിഞ്ഞ് ഗ്രാമീണ പാതയിലൂടെ ഒരു നൂറ് മീറ്റര്‍. അവിടെ ഒരു പള്ളി. ഒരു ഓര്‍ഫനേജ്. മൂന്നാറിലെ പാടികളേക്കാള്‍ അല്പം മെച്ചപ്പെട്ട ഒരു സംവിധാനം. അതില്‍ ക്ലാസു മുറികളുണ്ട്, കിടപ്പുമുറികളുണ്ട്. എച്ച്.ഐ.വി മൂലം ധാരാളം കുഞ്ഞുങ്ങള്‍ അനാഥരാകുന്ന ആഫ്രിക്കയില്‍ അനാഥാലയങ്ങള്‍ നന്മയേറിയ സംരംഭങ്ങളും വിദേശ ഫണ്ടിനാല്‍ ലാഭമേറിയ ബിസിനസ്സുമാണ്.

ആരുഷയില്‍ ലേഖകനും കുടുംബവും താമസിച്ച വീട്‌

ഫറാജ ഓര്‍ഫനേജിനു മുന്നിലൂടെയുള്ള മണ്‍വഴി ചെന്നുകേറുന്നത് ഷാഡിയുടെ അപ്പാര്‍ട്ട്മെന്റിലാണ്. നമ്മുടെ ഗള്‍ഫ് ഗ്രാമങ്ങളില്‍ പൊന്തിവന്നിരുന്നപോലത്തെ ഇരുനിലവീട്. മുകള്‍ നിലയായിരുന്നു ഞങ്ങള്‍ക്കുള്ളത്. നല്ല സൗകര്യമുള്ള അപ്പാര്‍ട്ട്മെന്റ്. രണ്ട് ബെഡ്റൂം. രണ്ട് ബാത്ത്റൂം. സൗകര്യങ്ങളുള്ള അടുക്കള. ടി.വിയും മ്യൂസിക്ക് സിസ്റ്റവും സോഫയും ഡൈനിങ്ങ് സൗകര്യങ്ങളുമായി സിറ്റിങ്ങ് കം ഡൈനിങ്ങ് റൂം. അമ്മയുടെ അടുക്കള പരിശോധന കഴിഞ്ഞപ്പോള്‍ ഷാഡിക്ക് ഒരു കുക്കറും നാലു സ്പൂണുകളും ഒരിടത്തരം പാത്രവും നാലു കപ്പുകളും കൊണ്ടുവരേണ്ടി വന്നു.

അമ്മുവും മിനിയും ചേര്‍ന്നു തയ്യാറാക്കിയ കറുമ്പന്‍ കട്ടന്‍ കാപ്പിയും കുവൈറ്റില്‍നിന്നും കരുതിയ സൊയമ്പന്‍ എരി മിക്‌സച്ചറും ചേര്‍ന്നു ഞങ്ങളുടെ ടാന്‍സാനിയന്‍ ദിവസങ്ങള്‍ക്കു തുടക്കമിട്ടു. വൈകിപ്പോയൊരു ഉച്ചയൂണിന്റെ തിരക്കുകളിലേയ്ക്ക് അമ്മയും മിനിയും കയറുന്നതിനു മുന്‍പേ കുറച്ചു തൈരും നാലു കോഴിമുട്ടയും വാങ്ങിവരാന്‍ ഷാഡിയെ ചട്ടം കെട്ടി. കോഴിമുട്ടക്കാര്യം പുള്ളിക്ക് പെട്ടെന്നു പിടികിട്ടി. തൈര് എത്ര ശ്രമിച്ചിട്ടും ഷാഡിക്കു രുചിക്കുന്നില്ല. പിന്നെ ആ ശരി, നോക്കട്ടെ എന്നൊക്കെ പറഞ്ഞ് ബൈക്കെടുത്തു പോയി.

ഞങ്ങള്‍ ഊഴമിട്ട് കുളിച്ചു ഫ്രഷായി. മണിക്കൂറുകളുടെ യാത്രയും തിരക്കേറെയും സൗകര്യങ്ങള്‍ കുറവുമായിരുന്ന അഡിസ് അബാബ എയര്‍പോര്‍ട്ടിലെ നാലുമണിക്കൂര്‍ ചാരുബെഞ്ചുറക്കവും ലാഫാര്‍ജ് ഓര്‍ഫനേജ് തേടിയുള്ള തല്ലിപ്പൊളിക്കാറിലെ കറക്കവും ഞങ്ങളെ

ക്ഷീണിപ്പിച്ചിരുന്നു. മുക്കാല്‍ മണിക്കൂറോളമെടുത്തു ഷാഡി മുട്ടയും തൈരും ചെറിയ കൂട് ബ്രെഡുമായെത്താന്‍. തൈര് കണ്ടെത്താന്‍ അയാള്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ട് കിട്ടിയതോ നാല് ചെറിയ കപ്പ് ഫ്‌ലാവേഡ് തൈര്. ഏതായാലും അത്രയും സാധനങ്ങള്‍ അമ്മയ്ക്കും കുട്ടികള്‍ക്കുമുള്ള വെല്‍ക്കം പാക്കായി പ്രഖ്യാപിച്ച് വിലയിടപാടില്‍നിന്ന് ഒഴിവാക്കി ഷാഡി എന്ന നല്ല ആതിഥേയന്‍. ഇതിനിടയില്‍ കെട്ടിടത്തിനു ചുറ്റുമുള്ള പറമ്പില്‍ കായ്ചു തിമിര്‍ക്കുന്ന ഒരു പപ്പായയും മാവും ഒരു വാഴക്കൂട്ടവും ഞങ്ങള്‍ കണ്ടെത്തിയിരുന്നു. അപ്പോള്‍ രാത്രി പപ്പായ ഉപ്പേരിയും മാങ്ങച്ചമന്തിയും കൂട്ടി ഊണ് വാഴയിലയില്‍. ഏതാണ്ടൊക്കെ മനസ്സിലായതുപോലെ ഷാഡി ഓകെ, ഗുഡ്, നോ പ്രോബ്ലം എന്നൊക്കെ പറഞ്ഞത് ഞങ്ങള്‍ സമ്മതമായെടുത്തു.

പിന്നൊരു മണിക്കൂര്‍ അപാര്‍ട്ട്മെന്റ്

പാചകപ്പുരയായി. ഞാനും അമ്മയും അമ്മുവും മിനിയും ദേഹണ്ഡക്കാരായി. ഉള്ളിയരിയുന്നു. ചെറുപയര്‍ അടുപ്പത്തിടുന്നു. അരി വേവിക്കുന്നു. മുട്ടയടിക്കുന്നു. ഡൈനിങ്ങ് ടേബിളില്‍ പ്ലേറ്റുകള്‍ റെഡി. കണ്ണിമാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും റെഡി. ഓംലറ്റുകള്‍ തയ്യാറാവുന്നു. ചോറ് വാര്‍ക്കുന്നു. ചെറുപയറുപ്പേരിയില്‍ മുളകിടുന്നു. എല്ലാം ഡൈനിങ്ങ് ടേബിളില്‍ നിരന്നിരിക്കുന്നു. വിദേശയാത്രകളില്‍ ഈയൊരു ഊണിന് എന്തു രസമാണെന്നോ?

ഊണിനുശേഷം അമ്മ പതിവുള്ള 'പൊടിയുറക്ക'ത്തിലേക്കു പോയി. മിനി നാളത്തെ സഫാരിക്കുള്ള തയ്യാറെടുപ്പുകളിലേക്കും. ഞാനും അമ്മുവും ടാബുകളുമായി ബാല്‍ക്കണിയിലേയ്ക്കും. ഇവിടെയിരുന്നാല്‍ ഫലസമൃദ്ധിയില്‍ ഹാലിളകിയാടുന്ന മാവുകള്‍ക്കും വാഴക്കൂട്ടങ്ങള്‍ക്കും വാഴയിലകളെ കീറിക്കളിക്കുന്ന കുസൃതിക്കാറ്റിനുമപ്പുറം മേരു പര്‍വ്വതത്തെ കാണാം. കിളിമഞ്ജാരോയെപ്പോലെ തീകെട്ടുറഞ്ഞുപോയൊരു അഗ്‌നിപര്‍വ്വതമാണ് മേരു. 4500 മീറ്റര്‍ ഉയരവുമായി, ആഫ്രിക്കയിലെ നാലാമത്തെ പൊക്കക്കാരനാണ് മേരു. ലാവ തുപ്പി നടന്ന പ്രതാപകാലത്തിന്റെ അടയാളങ്ങള്‍ പര്‍വ്വതശരീരത്തില്‍ കാണാം. മേരുവിന്റെ ഇപ്പോഴത്തെ സൗമ്യമുഖത്തേക്ക് ഇന്നു ധാരാളം സഞ്ചാരികള്‍ കയറിച്ചെല്ലുന്നുണ്ട്. കിളിമഞ്ജാരോയുടെ ഈ കൊച്ചനിയന്‍, ചേട്ടനില്‍നിന്നു കേവലം 70 കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ്. കിളിമഞ്ജാരോ ചേട്ടനെ ഇവിടെനിന്ന്, അരുഷയില്‍നിന്നു കാണാന്‍ ബുദ്ധിമുട്ടാണ്. അടുത്ത പട്ടണമായ മോഷിയുടെ ചില ഭാഗങ്ങളില്‍നിന്നു കിളിദര്‍ശനം സാധ്യമത്രെ.

നമുക്കുമുണ്ടൊരു മേരു. ഹിന്ദു ഐതിഹ്യത്തിലെ മേരു. ദൈവങ്ങളുടെ ക്വാട്ടേഴ്സ് ഇവിടെയാണ്. ബ്രഹ്മാണ്ഡത്തിന്റെ അച്ചുതണ്ടിന്റെ സ്ഥാനം. മേരുവിന്റെ താഴ്വാരങ്ങളില്‍ ഹിമാലയ നിരകള്‍. അവിടെനിന്നു തെക്കോട്ട് പരന്നുകിടക്കുന്ന ഭരതവര്‍ഷം. പറഞ്ഞുവരുമ്പോള്‍ ഗ്രീക്കുകാരുടെ മൗണ്ട് ഒളിമ്പസിന്റെ ഇന്ത്യന്‍ പതിപ്പാകും ഈ മേരു. മിത്തോളജിയുടെ തൊങ്ങലുകളില്ലാതെ, പഴയ അഗ്‌നിഗര്‍ഭത്തിന്റെ ഓര്‍മ്മകളുമായി ആഫ്രിക്കയുടെ മേരു ഉണ്മയായി മുന്നില്‍നിന്നു. മുകളിലൂടെ മേരുവിനെ തലോടി വെണ്‍മേഘങ്ങള്‍ കിളിമഞ്ജാരോയിലേക്കു മെല്ലെ പറന്നുപോകുന്നു.

നമുക്കുമുണ്ടൊരു മേരു. ഹിന്ദു ഐതിഹ്യത്തിലെ മേരു. ദൈവങ്ങളുടെ ക്വാട്ടേഴ്സ് ഇവിടെയാണ്. ബ്രഹ്മാണ്ഡത്തിന്റെ അച്ചുതണ്ടിന്റെ സ്ഥാനം. മേരുവിന്റെ താഴ്വാരങ്ങളില്‍ ഹിമാലയ നിരകള്‍. അവിടെനിന്നു തെക്കോട്ട് പരന്നുകിടക്കുന്ന ഭരതവര്‍ഷം. പറഞ്ഞുവരുമ്പോള്‍ ഗ്രീക്കുകാരുടെ മൗണ്ട് ഒളിമ്പസിന്റെ ഇന്ത്യന്‍ പതിപ്പാകും ഈ മേരു. മിത്തോളജിയുടെ തൊങ്ങലുകളില്ലാതെ, പഴയ അഗ്‌നിഗര്‍ഭത്തിന്റെ ഓര്‍മ്മകളുമായി ആഫ്രിക്കയുടെ മേരു ഉണ്മയായി മുന്നില്‍നിന്നു. മുകളിലൂടെ മേരുവിനെ തലോടി വെണ്‍മേഘങ്ങള്‍ കിളിമഞ്ജാരോയിലേക്കു മെല്ലെ പറന്നുപോകുന്നു.

ടാബുകളുമായി ഇവിടെ വന്നിരുന്നത് ടാന്‍സാനിയയുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് 'വിക്കി'ക്കേറാനാണ്. മേരുവിന്റെ മാസ്മരിക കാഴ്ചയില്‍ അതു വിട്ടുപോയി.

കോളണിക്കളികളുടെ മൈതാനമായിരുന്നു കിഴക്കന്‍ ആഫ്രിക്ക. പറങ്കികളും അറബികളും ജര്‍മന്‍കാരും ഇംഗ്ലീഷുകാരും ബെല്‍ജിയവും അവിടെ റുവാണ്ട മലാവി കോംഗോ ടാങ്കനിക്ക സാന്‍സിബാര്‍ എന്നീ പ്രദേശങ്ങളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. 1961-ലാണ് ടാങ്കനിക്ക ബ്രിട്ടീഷുകാരില്‍നിന്നു സ്വതന്ത്രമാവുന്നത്. 1960-ല്‍ ബ്രിട്ടീഷ് ടാങ്കനിക്കയുടെ പ്രധാനമന്ത്രിയായിരുന്ന ജൂലിയസ് നെരേരെ സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നു. ചോരവീഴാതെ സ്വാതന്ത്ര്യത്തിലേക്ക്. ആഫ്രിക്കന്‍ ചരിത്രത്തില്‍ അപൂര്‍വ്വം.

1964-ല്‍ സാന്‍സിബാറും ടാങ്കനിക്കയും ഒത്തുചേര്‍ന്നാണ് ഇന്നത്തെ യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ ഉണ്ടാവുന്നത്. തീരത്തുനിന്ന് 30-50 കിലോമീറ്റര്‍ ദൂരെക്കിടക്കുന്ന ദ്വീപ് സമൂഹമാണ് സാന്‍സിബാര്‍. കൂട്ടത്തില്‍ വലിയ ദ്വീപായ അങ്കുജ(Unguja)യിലാണ് സാന്‍സിബാര്‍ സിറ്റി. അറബിക്കച്ചവടക്കാരുടെ അടിമച്ചന്തയുണ്ടായിരുന്ന സ്റ്റോണ്‍ ടൗണും ഈ ദ്വീപിലാണ്.

ടാങ്കനിക്കയെപ്പോലെ രക്തരഹിത പാതയായിരുന്നില്ല സാന്‍സിബാറിന്റെ സ്വാതന്ത്ര്യത്തിലേക്ക്. അത് അപ്രതീക്ഷിത നായകന്മാരും വില്ലന്മാരും സന്ദര്‍ഭങ്ങളും ചേര്‍ന്ന ചോരക്കഥയാണ്. ഉഗാണ്ടയില്‍ ജനിച്ച് അനാഥനായി വളര്‍ന്ന ഒക്കെല്ലോക്ക് (Okkello) ആയിരുന്നു സാന്‍സിബാറില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള രക്തപാത വെട്ടിയെടുക്കാനുള്ള ചരിത്രനിയോഗം. യൗവ്വനകാലത്ത് ഒക്കെല്ലോ ചെയ്യാത്ത ജോലികളില്ല. ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങളില്ല. 1959-ല്‍ സാന്‍സിബാറിലെ പെമ്പ ദ്വീപിലെ കൃഷിയിടത്തില്‍ കൂലിക്കാരനായി എത്തുന്നു ഒക്കെല്ലോ. എണ്ണത്തില്‍ ചുരുക്കമായ അറബികളുടെ മേധാവിത്വത്തിനെതിരെ തദ്ദേശീയ മുസ്ലിം ഭൂരിപക്ഷം അസ്വസ്ഥരായിക്കൊണ്ടിരുന്ന കാലം. വാണിജ്യരംഗം അടക്കിവെച്ചിരുന്ന തെക്കനേഷ്യക്കാര്‍ക്കെതിരെ ചെറിയ ബഹളങ്ങള്‍ നടക്കുന്ന കാലം.

ടാന്‍സാനിയന്‍ യാത്രയ്ക്കായി തയാറായി നില്‍ക്കുന്ന വാഹനം
ടാന്‍സാനിയന്‍ യാത്രയ്ക്കായി തയാറായി നില്‍ക്കുന്ന വാഹനം

ഒമാന്റെ വിദൂരവിധേയ ഭരണകൂടമായിരുന്നു സാന്‍സിബാറില്‍. പിന്നീടത് ബ്രിട്ടന്റെ പ്രൊട്ടക്ടറേറ്റായി. ഈ കൊളോണിയല്‍ സംരക്ഷണത്തില്‍നിന്ന് 1963-ല്‍ സാന്‍സിബാര്‍ പുറത്തായി. അതിനു മുന്‍പ് ബ്രിട്ടീഷ് മേല്‍നോട്ടത്തില്‍ നടന്ന ഇലക്ഷനുകളെല്ലാം അക്രമങ്ങളിലും ലഹളകളിലും അവസാനിച്ചു. സുല്‍ത്താന്‍ പക്ഷക്കാരായ സാന്‍സിബാര്‍ നാഷണലിസ്റ്റ് പാര്‍ട്ടിയും ആഫ്രോ ഷിരാസി പാര്‍ട്ടിയും ആയിരുന്നു ശത്രു ചേരികള്‍.

1964-ല്‍ ഒക്കെല്ലോയുടെ നേതൃത്വത്തില്‍ വിപ്ലവസേന സുല്‍ത്താനില്‍നിന്ന് അധികാരം പിടിച്ചെടുക്കുന്നു. സുര്യനുദിക്കുന്നതിനു മുന്‍പേ ആരംഭിച്ച് സുര്യന്‍ അസ്തമിക്കുന്നതിനു മുന്‍പേ വിജയിച്ച ഹ്രസ്വ സായുധവിപ്ലവമായിരുന്നു അത്. വിപ്ലവകാരികള്‍ അബാദ് അമാനി കരുമെയെ സാന്‍സിബാര്‍ ഏല്‍പ്പിക്കുകയും ചെയ്തു.

1964 ഏപ്രിലില്‍ ടാങ്കനിക്കയും സാന്‍സിബാര്‍ ദ്വീപുകളും ലയിച്ച് ടാന്‍സാനിയ ജനിച്ചു. പുതിയ രാജ്യത്തിന്റെ തലവനായി ജൂലിയസ് നെരേരെ തുടര്‍ന്നു. ഗാന്ധിജിയില്‍നിന്ന് ആവേശം കൊണ്ട്, ടാന്‍സാനിയയെ അക്രമരഹിത സമരങ്ങളിലൂടെ സ്വതന്ത്രയാക്കിയ നെരേരെയെ 1995-ല്‍ പ്രഥമ ഗാന്ധി സമാധാന സമ്മാനം (Gandhi Peace Prize) നല്‍കി നമ്മള്‍ ആദരിച്ചിരുന്നു.

കറുമ്പന്‍ ചായകളുമായി അമ്മ റെഡിയാ യിരിക്കുന്നു. നെരേരെയും കൂട്ടിയാണ് ഞങ്ങള്‍ ചെന്നത്. സഞ്ചാരങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും നിഷ്‌കളങ്ക താല്പര്യം അമ്മയ്ക്കുണ്ടായിരുന്നു. ടാന്‍സാനിയന്‍ സമരകഥകള്‍ വിവരിച്ചു കഴിഞ്ഞപ്പോള്‍ നെരേരെ നമ്മുടെ ആളും ടാന്‍സാനിയ സുഹൃത് രാജ്യവുമായിക്കഴിഞ്ഞിരുന്നു അമ്മയ്ക്ക്.

നാലരയോടെ ഞാനും അമ്മുവും കൂടി കുറച്ചു ബീന്‍സോ പച്ചപ്പയറോ വാങ്ങാനായി ഇറങ്ങി. ഹൈവേയില്‍നിന്ന് ഫറാജ ഓര്‍ഫനേജിലേക്ക് തിരിയുന്ന ഇടവഴിയുടെ തുടക്കം ചെറിയൊരങ്ങാടിയാണ്. അവിടേക്കെത്തേണ്ടിവന്നില്ല. വഴിയോരത്ത് ടെലിഫോണ്‍ ബൂത്ത് വലുപ്പത്തില്‍ ഒരു മാടക്കട. ഒരെണ്ണക്കറുമ്പി വലിയ വയലറ്റ് പൂക്കളുള്ള നീളന്‍പാവാടയില്‍ പൃഷ്ഠം തള്ളിനില്‍ക്കുന്നു. പലകത്തട്ടില്‍ കുറച്ചു പച്ചക്കറികള്‍. കൂട്ടത്തില്‍ ബീന്‍സുമുണ്ട്. ഞാനൊരു കാല്‍ കിലോ ബീന്‍സിനു പറഞ്ഞു. എന്റെ ഇംഗ്ലീഷിന് അവളെന്തോ സ്വാഹിലി പറഞ്ഞു. ഞാന്‍ വീണ്ടും ബീന്‍സെന്ന്. അവള്‍ വീണ്ടും സ്വാഹിലി. ഞാന്‍ മലയാളത്തിലേക്കു മാറി. അവള്‍ കുറച്ചു കൂടി നീളമുള്ള സ്വാഹിലിയിട്ട് വെട്ടി. അതങ്ങനെ രണ്ടുവട്ടം കൂടി കഴിഞ്ഞപ്പോള്‍ അവള്‍ക്കു ചിരി പൊട്ടി. നാടന്‍ പെണ്‍ചിരിയുമായി അവള്‍ മനോഹരമായ നുണക്കുഴികളുടെ ഇതളുകള്‍ വിടര്‍ത്തി. അവളുടെ അഴകുകളും അളവുകളും കാട്ടാറുപോലെ തുളുമ്പി. അമ്മു ഇടപെട്ടു. ഒരു പിടി ബീന്‍സെടുത്ത്

കൊടുത്തു വിലപറയാന്‍ ആംഗ്യപ്പെട്ടു. യാത്രകളില്‍ ഞങ്ങള്‍ ധാരാളമായി ഉപയോഗിച്ചു വിജയിക്കുന്നതാണ് ഈ ആംഗ്യഭാഷ. ഞങ്ങളഞ്ചു പേരും ഇതില്‍ അതീവ പ്രഗല്‍ഭരാണിന്ന്. സുന്ദരി ബീന്‍സളന്ന് സ്വാഹിലിയില്‍ വില പറഞ്ഞു പിന്നെയും നുണക്കുഴികളെ ഇറക്കിവിട്ടു. ഞാന്‍ 1000 ടാന്‍സാനിയന്‍ ഷില്ലിങ്ങിന്റെ നോട്ട് കൊടുത്ത് ബാക്കിക്ക് കാത്തു നിന്നു. ഏതാനും നാണയത്തുട്ടുകള്‍ എന്റെ കയ്യിലേക്കു തരുമ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കുകയായിരുന്നു. തിളങ്ങുന്ന, കുസൃതിയുടെ നനവുള്ള കണ്ണുകള്‍. മോഹിപ്പിക്കുന്ന നോട്ടം. കറുത്തു മിനുത്തു വിരിയുന്ന കവിള്‍പ്പൂക്കള്‍. പലകത്തട്ടില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന അളവുകള്‍. ഇതൊരു വല്ലാത്ത സൗന്ദര്യം തന്നെ.

തിരിച്ചുനടക്കുമ്പോള്‍, മിസ് വേള്‍ഡ്

സൗന്ദര്യമത്സരത്തില്‍ ഈ കറുത്ത കോന്തികള്‍ക്കെന്ത് കാര്യം എന്നു ചോദിച്ചിരുന്ന എന്റെ യൗവ്വനത്തെക്കുറിച്ച് അമ്മുവിനോട് പറഞ്ഞു.

Each one, each thing is beautiful. In its own way. അമ്മു ഫിലോസഫി പറഞ്ഞു. അതെ ആഫ്രിക്ക എന്നെ തിരുത്തിത്തുടങ്ങിയിരി ക്കുന്നു.

അഞ്ചരയായപ്പോള്‍ വീണ്ടും കവലയിലേക്കിറങ്ങി. മിനിക്കും ചുറ്റുപാടുകളൊക്കെ കാണണമെന്ന്. ഫറാജ ഓര്‍ഫനേജിലെ കുട്ടികള്‍ ദീദി ദീദി വിളികളുമായി അമ്മുവിന്റേയും മിനിയുടേയും കൈകളില്‍ തൂങ്ങി. അവര്‍ക്കുള്ള മിഠായികള്‍ അമ്മു കരുതിയിരുന്നു. ഓര്‍ഫനേജിനടുത്തുതന്നെ ചെറിയൊരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഷാന്‍ഗരായ് സെന്ററില്‍നിന്ന് മൊയ്വാരോ ഗ്രാമത്തിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ വഴി ഇതിലൂടെ കടന്നുപോകുന്നു. വല്ലപ്പോഴും ഇതിലൂടെ കടന്നുപോകുന്ന ഡാലഡാല എന്നു വിളിക്കുന്ന കുട്ടിവാനുകളുടെ അവസ്ഥ പാതയേക്കാള്‍ പരിതാപകരമാണ്. നിറയെ ആള്‍ക്കാരെ കുത്തിനിറച്ച് പൊടിപറത്തി മുരണ്ടുരുണ്ട് ബസ് നീങ്ങുമ്പോളൊക്കെ ഓര്‍ഫനേജിലെ കുട്ടികള്‍ ഓടിവന്ന് ടാറ്റ വീശി.

ഹക്കുന മറ്റാറ്റ
മാര്‍കേസ്: മഗ്നോളിയപ്പൂക്കളുടേയും സംഗീതത്തിന്റേയും കൂട്ടുകാരന്‍

പച്ചക്കറി ബൂത്ത് തുറന്നിരിക്കുന്നുണ്ട്. ആഫ്രിക്കന്‍ സുന്ദരി പക്ഷേ, മുഖം തിരിച്ചു നില്‍പ്പാണ്. ഏതോ പ്രാകൃതഭാഷയും കയ്യും കലാശവുമായി ഇനിയും ശല്യത്തിനെത്തുമെന്ന് അവള്‍ കരുതിക്കാണും. കവലയോടടുത്തുള്ള ചെറിയ ഹോട്ടലൊക്കെ തുറന്നിട്ടുണ്ട്. കടയില്‍നിന്നു പുറത്തുകളയുന്ന വെള്ളമൊക്കെ റോട്ടില്‍ത്തന്നെയാണ് ഒഴിക്കുന്നത്. ഓരം ചേര്‍ന്നൊരു പ്രാകൃത ഗ്രില്ലില്‍ ഏതോ ഇറച്ചിത്തുണ്ടങ്ങള്‍ വല്ലാത്ത മണം തുപ്പി മൊരിയുന്നുണ്ട്. എഴുപതുകളിലെ കേരള കവലകളെ ഓര്‍മ്മിപ്പിക്കുന്ന തേക്കാത്ത ചുവരും ചുവരില്‍ പോസ്റ്ററുകളും ഉള്ള തകരം മേഞ്ഞ ഇരുനില കെട്ടിടങ്ങളില്‍ ബാര്‍ബര്‍ഷോപ്പും കരിക്കച്ചവടവും മദ്യഷാപ്പും മുകള്‍ നിലയില്‍ പാര്‍ട്ടി ഓഫീസും നടക്കുന്നു. തകരക്കൂരയ്ക്കു മുകളില്‍ Chama Cha Mapinduzi(the party of revolution)യുടെ പച്ചപ്പതാക പറക്കുന്നു. ടാന്‍സാനിയയുടെ രാഷ്ട്രപിതാവും നാട്ടുകാര്‍ ആദരപൂര്‍വ്വം വാലിമൂ (Mwalimu-teacher) എന്നു വിളിക്കുന്ന നെരേരെയുടെ പാര്‍ട്ടിയാണത്.

ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് കുറച്ചു മിഠായിയും ബിസ്‌കറ്റുകളും വാങ്ങാനായി ഒരു പലചരക്കു കടയിലേക്കു ചെന്നു. പഴയ നിരപ്പലക സ്‌റ്റൈലാണ് കട. പക്ഷേ, പുറത്തു കനത്ത ഗ്രില്ലിട്ട് വലിയ ബന്തവസ്സിലാണ്. അതിന്റെ കള്ളികളിലൂടെ വേണം സാധനം വാങ്ങാനും പണം കൊടുക്കാനും. മുസ്ലിം-ക്രിസ്ത്യന്‍ ലഹളകള്‍ കത്തിനിന്ന കാലത്തെ ശീലമാണത്രേ.

കവലയില്‍ ഡാലഡാലകളുടേയും അവയുടെ ശരീരത്തകിടില്‍ തട്ടി വല്ലാത്ത ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചുകയറ്റുന്ന കിളികളുടേയും കവലയില്‍ വെറുതെ വന്നുകൂടുന്ന ഗ്രാമീണരുടേയും ബഹളമാണ്. കലപിലയില്ലാത്തത് പാര്‍ട്ടി ഓഫീസിലും ബാറിലുമാണ്. അവിടെ ആഘോഷങ്ങള്‍ക്ക് ഇനിയും സമയമുണ്ടെന്നു തോന്നുന്നു.

മണിക്കൂറുകള്‍നിന്നു മുഷിഞ്ഞ ആഫ്രിക്കന്‍ സൂര്യന്‍ മുഖം കറുപ്പിച്ച് മടങ്ങാന്‍ തുടങ്ങി. ലോണ്‍ലി പ്ലാനറ്റും അമേരിക്കന്‍ ഗൈഡുകളും പറഞ്ഞിരിക്കുന്നത് ടാന്‍സാനിയ സേഫ് അല്ലെന്നും ഇരുട്ടിയാല്‍ പുറത്തിറങ്ങരുതെന്നുമാണ്. എന്നിട്ടാണ് ഇന്നുച്ചയ്ക്ക് വന്നിറങ്ങിയ ഞങ്ങള്‍ ഈ ഗ്രാമക്കവലയില്‍ കറങ്ങുന്നത്. തിരിച്ചു നടക്കുന്നതിനിടയില്‍ ഒരിടവഴി തുടങ്ങുന്നിടത്ത് ചെറിയൊരാഘോഷം നടക്കുന്നു. ലോണ്‍ലി പ്ലാനറ്റിന്റെ വിലക്കു മറന്നു ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഒരിടത്തരം വീടിന്റെ മുറ്റത്ത് പത്തിരുപത് പ്ലാസ്റ്റിക് കസേരകളില്‍ അതിഥികളിരിക്കുന്നു. അതിഥികള്‍ക്ക് കളറു വെള്ളവും പലഹാരങ്ങളുമുണ്ട്. മുന്‍പില്‍ അത്രയാന്നും കേമമല്ലാതെ കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ രണ്ടു യുവതികള്‍ നീലപ്പച്ച ഗൗണില്‍ തിളങ്ങിനില്‍ക്കുന്നു. കണ്ടാലറിയാം അവര്‍ ഇരട്ടകളാണ്. മൂന്നു യുവാക്കള്‍ കയ്യില്‍ പാനീയ പാത്രങ്ങളുമായി നമസ്‌തേ പറഞ്ഞ് ഞങ്ങള്‍ക്കടുത്തേക്കു വന്നു. ഇന്ത്യക്കാരെന്ന് അവര്‍ക്കു മനസ്സിലായിട്ടുണ്ട്. നാളെ ഇരട്ടകളുടെ വിവാഹമാണ്. ഇതു വിവാഹത്തലേന്ന് അടുത്ത ബന്ധുക്കള്‍ക്കുള്ള പാര്‍ട്ടിയാണ്. തുടങ്ങിയിട്ടേയുള്ളൂ. മേളങ്ങള്‍ ബാക്കിയുണ്ട്. വിഭവങ്ങള്‍ വരാനുണ്ട്. ഞങ്ങളുടെ പ്രത്യേക അതിഥികളായി പങ്കെടുക്കണം. എല്ലാം കഴിഞ്ഞേ പോകാവൂ. ഇപ്രാവശ്യം ലോണ്‍ലി പ്ലാനറ്റിന്റെ അമേരിക്കല്‍ വിലക്ക് ഞങ്ങള്‍ സ്വീകരിച്ചു. ആ നല്ല മനുഷ്യരോട് നന്ദി പറഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു നടന്നു.

ഫറാജയിലെ കുട്ടികള്‍ക്കുള്ള മധുരങ്ങള്‍ ഓര്‍ഫനേജ് ഓഫീസിലേല്‍പ്പിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മ ശുണ്ഠിയെടുത്തു കാത്തിരിക്കുന്നു. അരണ്ട വെളിച്ചത്തില്‍, ഷാഡിയുടെ അവ്യക്തമായ 'ഓക്കെ'യുടെ മറവില്‍ നാല് വാഴയിലത്തുമ്പും രണ്ടു പച്ചമാങ്ങയും ഒരു പച്ചപ്പപ്പായയും കൈക്കലാക്കി ജനലുകളും വാതിലുകളുമെല്ലാം അടച്ചു മുറികളില്‍ ഒതുങ്ങിക്കൂടി ഞങ്ങള്‍. ആഫ്രിക്കയില്‍ ഏറ്റവുമധികം ആളുകളെ കൊല്ലുന്ന ഭീകരന്മാരില്‍ രണ്ടാമനായ കൊതുകിനെ പേടിച്ചാണ് ഈ മാളത്തിലൊളിക്കല്‍. (ഒന്നാം ഭീകരന്‍ ഹിപ്പോയും). പക്ഷേ, ആ രാത്രിയിലും പകലിലും ഒരൊറ്റ കൊതുകിനെപ്പോലും കണ്ടില്ല ഞങ്ങള്‍.

വാഴയിലയില്‍ 'ടാന്‍സാനിയന്‍' നാടന്‍ ഊണ് കഴിച്ച് രണ്ടുവട്ടം റമ്മിയും കളിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. വീട്ടില്‍ ഫാനില്ലെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. ഇക്ക്വേറ്ററിന്റെ ശല്യമുണ്ടെങ്കിലും ആള്‍ട്ടിറ്റിയൂട്ടിന്റെ ആധിക്യംകൊണ്ട് ഇവിടെ ചൂട് കുറവാണ്. കൊതുകില്ല, ചൂടില്ല, ഫാനിന്റെ മുരള്‍ച്ചയില്ല. സുഖമായുറങ്ങി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com