മാര്‍കേസ്: മഗ്നോളിയപ്പൂക്കളുടേയും സംഗീതത്തിന്റേയും കൂട്ടുകാരന്‍

2014 ഏപ്രില്‍ 17-നാണ് മാര്‍കേസ് അന്തരിക്കുന്നത്. ഏറ്റവും ഒടുവില്‍ രചിച്ച അപൂര്‍ണ്ണമായ നോവല്‍ 'Until August' സാഹിത്യരംഗത്ത് വലിയ ചലനമുളവാക്കിക്കൊണ്ട് പുറത്തുവന്നിരിക്കുകയാണ്. ''ഈ പുസ്തകം ശരിയാവില്ല, ഇതു നശിപ്പിക്കപ്പെടേണ്ടതാണ്'' എന്നു മാര്‍കേസ് സ്വയം വിധിയെഴുതിയ നോവല്‍ എന്തിനു പ്രസിദ്ധീകരിക്കണം എന്ന് ആവലാതിപ്പെടുന്നവരും മേധാക്ഷയം പിടിപെട്ട കാലത്ത് എഴുതിയതാണെങ്കില്‍ക്കൂടി പ്രതിഭാധനനായ സാഹിത്യകാരന്റെ കയ്യൊപ്പ് ഇല്ലാതെ വരുമോ എന്നു പ്രത്യാശിക്കുന്നവരും മറുപക്ഷത്ത് സജീവമായുണ്ട്
മാര്‍കേസ്
മാര്‍കേസ്Photo Courtesy: evanston public library

വിശ്വപ്രസിദ്ധ കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകരോടും ആരാധകരോടും വിടപറഞ്ഞിട്ട് ഒരു ദശകം പൂര്‍ത്തിയാവാനിരിക്കുന്ന വേളയില്‍ വീണ്ടും അദ്ദേഹം വമ്പിച്ച മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. 2014 ഏപ്രില്‍ 17-നാണ് മാര്‍കേസ് അന്തരിക്കുന്നത്. ഏറ്റവും ഒടുവില്‍ രചിച്ച അപൂര്‍ണ്ണമായ നോവല്‍ 'Until August' സാഹിത്യരംഗത്ത് വലിയ ചലനമുളവാക്കിക്കൊണ്ട് പുറത്തുവന്നിരിക്കുകയാണ്. ''ഈ പുസ്തകം ശരിയാവില്ല, ഇതു നശിപ്പിക്കപ്പെടേണ്ടതാണ്'' എന്നു മാര്‍കേസ് സ്വയം വിധിയെഴുതിയ നോവല്‍ എന്തിനു പ്രസിദ്ധീകരിക്കണം എന്ന് ആവലാതിപ്പെടുന്നവരും മേധാക്ഷയം പിടിപെട്ട കാലത്ത് എഴുതിയതാണെങ്കില്‍ക്കൂടി പ്രതിഭാധനനായ സാഹിത്യകാരന്റെ കയ്യൊപ്പ് ഇല്ലാതെ വരുമോ എന്നു പ്രത്യാശിക്കുന്നവരും മറുപക്ഷത്ത് സജീവമായുണ്ട്. ഓര്‍മ്മ തന്റെ എഴുത്തിന്റെ ഉറവിടവും ആയുധവുമാണ് എന്നു പ്രഖ്യാപിച്ച എഴുത്തുകാരന് അവസാന വര്‍ഷങ്ങളില്‍ പിടിപെട്ട സ്മൃതിനാശം എത്ര വലിയ ആകുലതയായിരിക്കണം സമ്മാനിച്ചിട്ടുളളതെന്ന് ആലോചിക്കുക. രോഗത്തോട് പൊരുതിക്കൊണ്ട് തന്റെ പ്രതിഭാശക്തി കൈവിട്ടുപോകാതിരിക്കുന്നതിനുള്ള വലിയ ചെറുത്തുനില്‍പ്പ് അദ്ദേഹത്തിന്റെ മനസ്സില്‍ നടന്നിട്ടുണ്ടായിരിക്കണം. 'എന്‍ ആഗസ്റ്റൊ നോസ് വെമോസ്' (Until August) അഞ്ചുതവണ തിരുത്തിയെഴുതാന്‍ അദ്ദേഹം എടുത്ത കഠിനാധ്വാനം അതിനുള്ള തെളിവാണ്.

പ്രതിഭാശാലികളായ പല എഴുത്തുകാര്‍ക്കും തങ്ങളുടെ അപൂര്‍ണ്ണകൃതികളുടെ വിധിയോര്‍ത്തു തപിച്ച് ഇവിടംവിട്ടു പോകേണ്ടിവന്നിട്ടുണ്ട്. ചോസറുടെ 'കാന്റര്‍ബറി ടെയ്ല്‍സ്', ഡിക്കന്‍സിന്റെ 'ദ മിസ്റ്ററി ഓഫ് എഡ്വിന്‍ ഡ്രൂഡ്', അലക്‌സാണ്ടര്‍ ഡ്യൂമായുടെ 'ദി ലാസ്റ്റ് കവലിയര്‍', ഹെന്റി ജെയിംസിന്റെ 'ദ ഐവറി ടവര്‍', ജെയിന്‍ ഓസ്റ്റിന്റെ 'സാന്‍ഡിറ്റന്‍' (Sanditon) എന്നീ കൃതികള്‍ ഇങ്ങനെ അപൂര്‍ണ്ണ രചനകളായി സാഹിത്യലോകത്ത് ഇടംപിടിച്ചവയാണ്.

'അണ്‍ടില്‍ ആഗസ്റ്റ്' എന്ന നോവലിന്റെ പ്രസിദ്ധീകരണത്തിന് ഗാബോയുടെ കുടുംബം ധൃതിപിടിച്ച് ഒരു തീരുമാനമെടുക്കുകയായിരുന്നില്ല. ഒട്ടേറെ ആലോചനകള്‍ക്കുശേഷമാവണം ആസ്വാദകലോകം അറിയാതെപോകേണ്ട ഒന്നല്ല മാര്‍കേസിന്റെ അന്ത്യരചന എന്ന ബോധ്യത്തിലവര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കല്പനാശക്തിയും കാവ്യാത്മകമായ ഭാഷാശൈലിയും ആരെയും വശീകരിക്കുന്ന കഥനവൈഭവവും വിഭിന്നങ്ങളായ മനുഷ്യാനുഭവങ്ങളോടുള്ള അവസാനിക്കാത്ത കുതൂഹലവും സമൃദ്ധമായ പ്രണയാനുഭവങ്ങളും ഒക്കെ അതിന്റെ പൂര്‍ണ്ണതയിലല്ലെങ്കില്‍ക്കൂടി ഈ കൃതിയില്‍ അവിടവിടെ സ്ഫുരിക്കുന്നുണ്ടെന്ന ഉത്തമ വിശ്വാസമാണ് ഗാബോയുടെ ആഗ്രഹത്തിനു വിരുദ്ധമായി നോവല്‍ പ്രസിദ്ധീരിക്കുന്നതിനെടുത്ത തീരുമാനത്തിനു പ്രേരണയെന്ന് റോദ്രിഗൊയും ഗൊണ്‍സാലൊ ഗാര്‍സിയ ബാര്‍ച്ചയും കൃതിയുടെ ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. കാലം തീരുമാനിക്കട്ടെ, ഈ നടപടിയുടെ ഔചിത്യം എന്ന നിലപാടിലേക്കെത്തുകയായിരുന്നു അവര്‍. ഒരു വിശ്വാസവഞ്ചനയിലൂടെ (betrayal) ഗാബോയുടെ ലോകമെങ്ങുമുള്ള വായനക്കാരിലേക്ക് അദ്ദേഹത്തിന്റെ അന്തിമ രചനയെ എത്തിക്കാന്‍ എടുത്ത നിശ്ചയം എത്രമാത്രം സഫലമായിട്ടുണ്ടെന്നു വിലയിരുത്തേണ്ടത് അനുവാചകനാണ്. ഈ കൃതിയുടെ പ്രസിദ്ധീകരണത്തിലൂടെ ഉന്നതനായ സാഹിത്യകാരന്റെ ആരാധകര്‍ക്ക് ആഹ്ലാദമുളവാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഗാബോ ഈ സാഹസ കര്‍മ്മം പൊറുക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

കേവലം 110 പുറങ്ങള്‍ മാത്രമുള്ള ഈ കൃതി സാങ്കേതികമായ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഒരു നോവലല്ല. എങ്കിലും അപൂര്‍ണ്ണമായ ഒരു നോവല്‍ എന്നു വിളിക്കുന്നതില്‍ തെറ്റില്ല.

നോവലിലെ കേന്ദ്ര കഥാപാത്രം അന്ന മഗ്ദലെന ബാഹ് എന്ന മധ്യവയസ്‌കയാണ്. ഒരു സംഗീത കുടുംബത്തില്‍ പിറന്ന് പ്രൊഫഷണല്‍ ഗായിക എന്ന നിലയ്ക്ക് പ്രസിദ്ധി നേടിയിരുന്ന അന്ന, യോഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ രണ്ടാം ഭാര്യയായിരുന്നു. ജര്‍മനിയിലെ ലീപ്സിഗില്‍ 1701-ല്‍ ജനിച്ച സംഗീതജ്ഞയും ചരിത്ര വ്യക്തിത്വവുമായിരുന്ന അന്ന മഗ്ദലനയുടെ ജീവിതത്തില്‍ ഭാവനാംശം കലര്‍ത്തിയാണ് നോവലിലെ അന്നയെ സൃഷ്ടിച്ചിട്ടുള്ളത്. മാര്‍കേസിനു സംഗീതത്തോടുള്ള അദമ്യമായ അഭിവാഞ്ഛ എത്രയുണ്ടെന്ന് ഊഹിക്കാവുന്നതാണ്.

നോവലിന്റെ തുടക്കത്തില്‍, വളരെ വിചിത്രവും പുരാതനത്വം തോന്നിക്കുന്നതുമായ ഒരു കരീബിയന്‍ ദ്വീപില്‍ അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തുന്ന 46-കാരിയായ അന്നയെ നാം കാണുന്നു. ഡൊമെനിക്കോ അമരിസ് എന്ന ഇണപ്പൊരുത്തമുള്ള പങ്കാളിയോടൊപ്പം കഴിഞ്ഞ 27 വര്‍ഷമായി ദാമ്പത്യജീവിതം നയിക്കുകയായിരുന്നു അന്ന. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു അവളുടേത്. ഡൊമനിക്കോ സംഗീതത്തെക്കുറിച്ച് ചിട്ടയായി പഠിച്ചയാള്‍. മകനും മകളും സംഗീത മാര്‍ഗ്ഗത്തില്‍ത്തന്നെ സഞ്ചാരം. അന്ന നല്ല സംഗീതബോധമുള്ളവളും മികച്ച വായനക്കാരിയും പങ്കാളിയോട്

വിശ്വസ്തത പുലര്‍ത്തുന്നവളുമായിരുന്നു. ദ്വീപില്‍ പ്രാചീനമായ ഒരു ഹോട്ടലിനോടു ചേര്‍ന്നുള്ള ബാറില്‍ അവള്‍ ഐസും സോഡയും ചേര്‍ത്ത് ജിന്‍ കഴിക്കുന്നതോടെ അവളുടെ മൂഡ് മാറിമറിയുന്നു. മുന്‍പൊരിക്കലും ഉണ്ടാവാത്ത കാര്യങ്ങളാണ് അവിടം മുതല്‍ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ബാര്‍ ഗേളിന്റെ സ്‌നേഹസാന്ദ്രമായ പിയാനോ വാദനം കേട്ടുകൊണ്ടാണ് അവള്‍ ജിന്‍ ഓര്‍ഡര്‍ ചെയ്തത്. ദെബ്യൂസിയുടെ 'ക്ലയര്‍ ദ് ലൂണ്‍'-ന്റെ ബോളേറോ വിന്യാസത്തോടെയായിരുന്നു പിയാനോ വാദനം. ക്ലയര്‍ ദ് ല്യൂണ്‍ എന്നാല്‍ നിലാവെളിച്ചം എന്നാണര്‍ത്ഥം. ഇവിടം മുതല്‍ക്ക് നോവലിലുടനീളം സംഗീതത്തിന്റെ മായിക സാന്നിധ്യം അനുഭവിക്കാം. സംഗീതപ്രധാനമായ ഒരു നോവല്‍ എന്ന നിലയില്‍ 'അണ്‍ടില്‍ ആഗസ്റ്റ്' വായിക്കപ്പെടും. മാര്‍സല്‍ പ്രൂസ്റ്റിന്റെ 'ഇന്‍സെര്‍ച്ച് ഓഫ് ലോസ്റ്റ് ടൈമില്‍' സംഗീതവും ചിത്രകലയും നൃത്തവും ക്ലാസ്സിക് നോവലുകളും എത്രത്തോളം ആധിപത്യം ചെലുത്തുന്നുണ്ടോ അത്രത്തോളം ഈ നോവലില്‍ സംഗീതത്തിനു പ്രാമാണ്യം സിദ്ധിക്കുന്നു. പാശ്ചാത്യ സംഗീതജ്ഞാനം ലേശം ഉള്ളവര്‍ക്ക് നോവല്‍ കൂടുതല്‍ ആസ്വാദ്യകരമായി അനുഭവപ്പെട്ടേക്കും. ദെബ്യൂസിന്റെ കോമ്പോസിഷനോടുകൂടി പ്രണയസാന്ദ്രമായ ഒരു അന്തരീക്ഷം നോവലില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. മാന്ത്രികമായ ഒരു രംഗം അവിടം മുതല്‍ക്കു കൊഴുക്കുകയാണ്. അന്നയില്‍ ജിന്നും സംഗീതവും പ്രവര്‍ത്തിച്ചു തുടങ്ങി. 'beautified the sacred mixture of music and gin' എന്നു നോവലിലെ വാക്യം. ഫ്രെഞ്ചു കവി പോള്‍ വലേറി എഴുതിയ 'നിലാവെളിച്ചം' (light) എന്ന കവിതയാണ് ദെബ്യൂസിന്റെ കോമ്പോസിഷനു പ്രചോദനമായിട്ടുള്ളത്. ആ മഹാസംഗീതകാരന്റെ 'ക്ലയര്‍ ദ് ല്യൂണ്‍' നിലാവു പൊഴിയുന്ന അനുഭൂതിയാണ് ശ്രോതാവിലുണര്‍ത്തുക.

മാര്‍കേസ്
'രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു'; സ്നേഹത്തിന്റെ മറുകര തേടിയ കാവ്യസഞ്ചാരി

ഇതെഴുതുന്നതിനിടയില്‍ പലകുറി ദെബ്യൂസിനെ കേള്‍ക്കുകയുണ്ടായി. അഭൗമമായ അനുഭൂതികള്‍ സമ്മാനിക്കുന്ന ദെബ്യൂസിനു നന്ദി. നിലാവെളിച്ചത്തിനു മനുഷ്യന്റെ വികാരങ്ങളെ അഗാധമായി സ്വാധീനിക്കാന്‍ കഴിയും. പോള്‍ വലേറിയുടെ 'നിലാവെളിച്ചം' (moonlight) എന്ന കവിതയില്‍ പ്രണയത്തെയാണ് പ്രകീര്‍ത്തിക്കുന്നതും ആഘോഷിക്കുന്നതും. പ്രണയസാന്ദ്രമായ ഏതോ ലോകങ്ങളില്‍ നാം എത്തിപ്പെടുകതന്നെ ചെയ്യും എന്ന ഗ്യാരണ്ടിയാണ് ദെബ്യൂസ് നല്‍കുന്നത്!

ഇവിടെ മദ്യവും സംഗീതവും ചേര്‍ന്നു നിലാവു സൃഷ്ടിക്കുന്ന അവസ്ഥയില്‍ എന്തും ചെയ്യാവുന്ന മനോന്മാദത്തിലേക്ക് എടുത്തെറിയപ്പെടുന്നു അന്ന. മദ്യത്തിന്റേയും സംഗീതത്തിന്റേയും കോമ്പിനേഷന്‍ അനുഭവിച്ചറിഞ്ഞവര്‍ക്ക് അതേക്കുറിച്ച് വിശദീകരിക്കേണ്ടതില്ല. തുടര്‍ന്നു സംഭവിക്കുന്നത് തികച്ചും അസാധാരണമായ കാര്യമാണ് അന്നയുടെ ജീവിതത്തെ സംബന്ധിച്ചോളമെങ്കിലും. അവള്‍ തന്നെ മുന്‍കയ്യെടുത്ത് തികച്ചും അപരിചിതനായ ഒരു പുരുഷനുമായി രാത്രി മുഴുവന്‍ കാമകേളികളാടുന്നു. 'She devoured him for her own pleasure not thinking of his' (പുറം 18).

ജീവിതത്തില്‍ പങ്കാളിയൊഴികെ മറ്റൊരു പുരുഷനേയും അറിഞ്ഞിട്ടില്ലാത്ത അവള്‍ ഓരോ വര്‍ഷവും ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ ഓരോ കാമുകനുമൊത്ത് ഒരു രാത്രിയിലെ കാമകേളികളില്‍ മുഴുകുന്നു. നോവലിസ്റ്റ് ഇവിടെ ഉപയോഗിക്കുന്ന വാക്ക് വ്യഭിചാരം (fornication) എന്നു തന്നെയാണ്. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ വ്യഭിചരിക്കുകയാണ്. പക്ഷേ, വാക്കുകള്‍ക്ക് ഇത്തരം അര്‍ത്ഥം കല്പിച്ചു നല്‍കുന്നതാരാണ്? പെണ്‍കാമനകളുടെ മന:ശാസ്ത്രം എത്രയും ദുരൂഹമാണെന്ന് മാര്‍കേസ് പറയുന്നതായി തോന്നും ഇവിടെ. ദ്വീപില്‍ അവള്‍ രമിച്ച ആദ്യ പുരുഷന്‍ പുസ്തകത്താളിനുള്ളില്‍ വെച്ചുപോയ 20 ഡോളര്‍ നോട്ട് അവളെ പൊള്ളിക്കുന്നു. കാമത്താല്‍ വിവശയാണെങ്കിലും അവള്‍ പണത്തിനുവേണ്ടി ശരീരം വില്‍ക്കുന്നവളല്ല. അവള്‍ക്ക് ഒരു രാത്രിയുടെ മാത്രം ആയുസ്സുള്ള പരപുരുഷസമാഗമംപോലും പ്രണയോന്മാദത്തിന്റെ അവസ്ഥാന്തരങ്ങള്‍ മാത്രം! സ്ത്രീയുടെ പ്രണയത്തെക്കുറിച്ച് നമ്മള്‍ എന്തറിഞ്ഞു!

അന്ന മഗ്ദലനയുടെ സ്വഭാവത്തില്‍ വന്ന ഈ കാതലായ മാറ്റം പ്രത്യക്ഷത്തില്‍ നമുക്ക് അവിശ്വസനീയമായി തോന്നും. അവള്‍ അത്രയ്ക്ക് സുചരിതയായിരുന്നല്ലോ. പെട്ടെന്നുണ്ടായ ഈ മനംമാറ്റത്തിലേക്കു നയിക്കുമാറ് എന്തു പ്രകോപനങ്ങളാണ് അവളുടെ ജീവിതത്തില്‍ സംഭവിച്ചത്? ഓരോ വര്‍ഷവും ആഗസ്റ്റ് 16-ന് അമ്മയുടെ ശവക്കല്ലറയില്‍ ഗ്ലാഡിയോളി പൂക്കള്‍ അര്‍പ്പിക്കാനെത്തുന്ന അവള്‍ ഓരോ തവണയും അന്യപുരുഷനുമായി വേഴ്ചയിലേര്‍പ്പെട്ടു. പല കാരണങ്ങളാല്‍ ദമിതമായി തുടര്‍ന്നിരുന്ന സ്ത്രീയുടെ കാമനകളെ സാഹചര്യം വിളിച്ചുണര്‍ത്തുകയായിരുന്നോ? സ്ത്രീ മനസ്സിന്റെ കാമനയുടേയും പ്രണയോന്മാദത്തിന്റേയും അപ്രവചനീയതയെ മാര്‍കേസ് മനോഹരമായി അവതരിപ്പിക്കുകയാണിവിടെ എന്നു കരുതുന്നതാണ് ഉചിതം. രതിയുടെ മന്ദാരങ്ങള്‍ (മന്ദാരങ്ങള്‍ എന്നല്ല പറയേണ്ടത്. മഗ്‌നോളിയപ്പൂക്കള്‍ എന്നത്രേ വേണ്ടത്. നമ്മുടെ സംസ്‌കാരത്തില്‍ മന്ദാരത്തിനുള്ള സ്ഥാനം ഒരു നിമിഷം ഓര്‍ത്തുപോയതിനാലാവണം). ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മറ്റൊരു അതികായനായ മരിയൊ വര്‍ഗാസ് യോസയുടെ എഴുത്തിലെന്നപോലെ മാര്‍കേസിന്റെ സാഹിത്യത്തിലും വിരിഞ്ഞു പരിമളം പരത്തുന്നുണ്ടല്ലോ. പെണ്ണിനു വേണമെന്നു വെച്ചാല്‍ ഏതു നിമിഷവും വിസ്മയിപ്പിച്ചു പൊലിപ്പിക്കാന്‍ കഴിയും. അതൊരു സാധ്യതയാണ്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന വര്‍ണ്ണവിസ്ഫോടനങ്ങള്‍പോലെ.

മാര്‍കേസ്
ശൂന്യമാകുന്ന നഗരങ്ങള്‍; പോയി മറഞ്ഞ മനുഷ്യര്‍

കിനാവും

യാഥാര്‍ത്ഥ്യവും

അന്നയുടെ കരീബിയന്‍ ദ്വീപിലേക്കുള്ള യാത്രകള്‍ യാഥാര്‍ത്ഥ്യത്തിന്റെ മരുഭൂവില്‍നിന്നു കിനാവിന്റെ മലര്‍ത്തോപ്പുകളിലേക്കുള്ള പലായനം ആയിരുന്നോ? എല്ലാമുണ്ടായിട്ടും ആന്തരികമായി അനുഭവപ്പെടുന്ന ശൂന്യത അന്ന മഗ്ദലന എന്ന കഥാപാത്രം അനുഭവിക്കുന്നുണ്ട്. അതു ശരീരത്തിനനുഭവപ്പെടുന്ന ശൂന്യതയായിക്കൊള്ളണമെന്നില്ല. എവിടെയൊക്കെയോ അസംതൃപ്തി വിതച്ച് ഉള്‍ക്കാമ്പോളമെത്തുന്ന ശൂന്യതയുടെ ബഹിര്‍സ്ഫുരണമാവാം. ഇനി അത് ദമിതമാക്കി വയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരുന്ന പെണ്‍കാമനയുടെ അപ്രതിരോധ്യമായ തിരപ്പെടല്‍ ആണെന്നുവരുകിലും ഭയക്കേണ്ടുന്ന ഒന്നല്ല.

പ്രണയത്തിന്റെ പേരില്‍, മരണശേഷം ദ്വീപില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹം അന്നയുടെ അമ്മ പ്രകടിപ്പിക്കുന്നു. ആ അമ്മയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിക്കാന്‍ വര്‍ഷാവര്‍ഷം എത്തുമ്പോള്‍ അവള്‍ സ്വന്തം സ്വത്വത്തെ അറിഞ്ഞു തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതുപോലാണ്. അമ്മയുടെ ഐഡന്റിറ്റിയുടെ തുടര്‍ച്ചയാണ് താന്‍ എന്ന് അന്ന സ്വയം ഐക്യപ്പെടുന്ന ഒരു മുഹൂര്‍ത്തമുണ്ട് നോവലില്‍. ആ ദ്വീപില്‍ മരണാനന്തരവും നിത്യവിശ്രമം കൊള്ളണമെന്ന അവളുടെ അമ്മയുടെ ആഗ്രഹത്തിനു പിന്നിലുള്ള ഹേതുവും തീവ്രവികാരവും (passion) തന്റേതുകൂടിയായിരുന്നുവെന്ന് അന്ന തിരിച്ചറിയുന്നുണ്ട്. അമ്മയും അന്നയും കാലത്തിന്റെ ഒരു പ്രത്യേക ബിന്ദുവില്‍ വെച്ച് വൈകാരികമായി ഐക്യപ്പെടുകയാണ്. അമ്മയ്ക്കും തനിക്കുമിടയില്‍ ഏതെല്ലാം വിധത്തിലുള്ള സാധര്‍മ്മ്യങ്ങള്‍ ഉണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞ് അവള്‍ അത്ഭുതം കൂറുന്നു. സ്ത്രീഹൃദയത്തിന്റെ ഊഷ്മാവു നിലകളെ ഓര്‍മ്മനാശത്തിന്റെ പ്രതികൂലാവസ്ഥയിലും അങ്കനപ്പെടുത്താന്‍ മാര്‍കേസിനു കഴിഞ്ഞിരിക്കുന്നു എന്നത് വിസ്മയാവഹമായിരിക്കുന്നു. പുസ്തകത്തിന്റെ ഡ്രാഫ്റ്റ് അഞ്ചുതവണ പുതുക്കം വരുത്തുമ്പോള്‍, അവിടവിടെ ചില വാക്കുകളുടെ, പ്രയോഗങ്ങളുടെ തിരുത്തലുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളതെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷിക്ക് വലിയ കോട്ടം തട്ടിയിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. കോളറക്കാലത്തെ പ്രണയവും 100 വര്‍ഷങ്ങളുടെ ഏകാന്തതയും എഴുതിയ മാര്‍കേസിനെ 'അണ്‍ടില്‍ ആഗസ്റ്റ്' എന്ന നോവലില്‍ പ്രതീക്ഷിക്കരുത്. അത്രയ്ക്കു മഹത്വമൊന്നുമില്ലെങ്കിലും അവിടവിടെ ചില മനോഹാരിതകളെ എടുത്തണിയുന്നുണ്ട് ആഗസ്റ്റ് വരെ എന്ന നോവല്‍. സ്ത്രീ ഹൃദയത്തിന്റെ കാമനകളും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും സ്വത്വബോധം നല്‍കുന്ന ചില തിരിച്ചറിവുകളും സംഗീതത്തിന്റെ ആര്‍ദ്രതയും കാമജന്യമായ അസൂയ ഉള്‍പ്പെടെയുള്ള വൈകാരികനിലകളുടെ സത്യസന്ധമായ ചിത്രീകരണവും ഈ നോവലില്‍ ഇഴ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നത് ധനാത്മകമായ വശമാണ്.

നോവലില്‍ ഒരിടത്ത് പുരുഷനിര്‍മ്മിതമായ ഈ ലോകത്ത് സ്ത്രീയായി ജീവിക്കേണ്ടി വരുന്ന അപമാനത്തെയോര്‍ത്ത് അന്ന കുപിതയാവുന്നുണ്ട്. സ്ത്രീയുടെ ലോകം അവളുടേതു മാത്രമാണ്. അവിടം ഭരിക്കാന്‍ അവള്‍ക്കറിയാം. പുരുഷന്‍ നിര്‍മ്മിച്ചു വെച്ച നിയമങ്ങള്‍ അവളില്‍ അടിച്ചേല്പിക്കുമ്പോള്‍ ജൈവികമായ ചോദനകളെയാണ് മെരുക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീ എന്നാല്‍, ജൈവികത എന്നാണ് മനസ്സിലാക്കേണ്ടത്. ഏതൊരുവനേയും ആഗ്രഹപൂര്‍ത്തിക്ക്

പ്രാപിക്കാന്‍ അന്ന ഒരിക്കലും ഒരു അഭിസാരികയോ, വെറും കാമമോഹിതയോ ആയിരുന്നില്ല. ടോള്‍സ്റ്റോയിയുടെ അന്നയെക്കുറിച്ചു വരെ ആ ആക്ഷേപമുണ്ടായിരുന്നല്ലോ. അന്ന മഗ്ദലെനയുടെ കാമനകള്‍ക്ക് എളുപ്പം ലേബല്‍ ചാര്‍ത്താന്‍ ആവതില്ല. അവള്‍ ശരീരത്തെ നിഷേധിച്ചിട്ടില്ല. അവളുടെ യാത്രകള്‍ ദാമ്പത്യത്തിലെ മടുപ്പുകളെ അകറ്റാനുള്ള ഇടവേളകളായിരുന്നിരിക്കാം. മകള്‍ മൈക്കേലയുടെ തലതൊട്ടപ്പനും അന്നയുടെ സഹപാഠിയുമായിരുന്ന ഡോ. അക്വിലസ് കൊറോനാഡോയുടെ കാമാഭ്യര്‍ത്ഥനയെ അന്ന തൃണതുല്യം നിരാകരിക്കുന്നുണ്ട്.

അമ്മയുടെ ശവകുടീരത്തില്‍ പൂക്കള്‍ വെച്ചു പോവുന്ന അജ്ഞാതനായ ഒരു മനുഷ്യനെക്കുറിച്ച് അന്നയ്ക്ക് വിവരം കിട്ടുന്നുണ്ട്. അമ്മയുടെ ദ്വീപിലേക്കുള്ള യാത്രകളുടെ രഹസ്യം ആ വാര്‍ത്തയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടാവണം. തന്റെ മൃതദേഹം ദ്വീപില്‍ത്തന്നെ സംസ്‌കരിക്കണം എന്ന അവരുടെ താല്‍പ്പര്യത്തെക്കുറിച്ച് അന്നേരം അന്നയ്ക്ക് ഓര്‍മ്മ വരുന്നു. 70 വയസ്സു തോന്നിക്കുന്ന ഒരു മനുഷ്യന്‍ അമ്മയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിട്ടുള്ള ശവക്കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന കാര്യം അവള്‍ വിസ്മയത്തോടെയാണ് അറിയുന്നത്. പ്രണയത്തിന്റേയും ആത്മബന്ധത്തിന്റേയും ആയുസ്സ് ശവമാടത്തില്‍ ഒടുങ്ങുന്നില്ല. 'the best place to sleep was the grave of osmeone you loved' എന്ന് ഹംഗറിയിലെ അസാധ്യ എഴുത്തുകാരി അഗോത ക്രിസ്റ്റോഫ് പറയുന്നതിന്റെ അര്‍ത്ഥം ഇതാവണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്ന ആത്മീയമായ ഉദ്വേഗങ്ങളേക്കാള്‍ ശരീരകാമനയുടെ പൂര്‍ത്തീകരണത്തിനാണ് ശ്രമിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നാലും അതില്‍ വേവലാതിപ്പെടേണ്ടതില്ല. അതും ഒരു മനുഷ്യാവസ്ഥയാണ്. സ്ത്രീയുടെ ജീവിതം, അവളുടെ അഭിലാഷങ്ങള്‍ ദമിതമായിത്തുടരുന്ന സാഹചര്യത്തില്‍ അതു പൊട്ടിച്ചെറിയാനുള്ള നീക്കങ്ങളുമുണ്ടാകും. അന്ന മഗ്ദലെന ബാഹ് മാത്രമല്ല, മദാം ബോവറിയും അന്ന കരേനിനയും വിഭിന്നങ്ങളായ മാര്‍ഗ്ഗത്തിലൂടെ, എന്നാല്‍ സാരാംശത്തില്‍ ഐകരൂപ്യമുള്ള പ്രതിനിധാനങ്ങളാണ്. ടോള്‍സ്റ്റോയിയുടേയും ഫ്‌ലോബേറിന്റേയും മാര്‍കേസിന്റേയും നായികമാരെ പാപിനികള്‍ എന്നു വിളിക്കാന്‍ ആര്‍ക്കുണ്ട് അവകാശം? അവര്‍ പ്രണയത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ആണ്. പ്രണയം ഒരു പാപമല്ല.

ഒടുവില്‍ അമ്മയുടെ ശവക്കുഴിയില്‍നിന്ന് അവരുടെ അസ്ഥികള്‍ പെറുക്കി അന്ന തിരിച്ചു നടക്കുന്ന ഒരു രംഗം നോവലിലുണ്ട്. അമ്മയുടേതായി അവളുടെ ഓര്‍മ്മയില്‍ ശേഷിക്കുന്നതായി അതേയുള്ളൂ. അതോടെ അന്ന തന്റെ തന്നെ സമീപ ഭൂതകാലത്തേക്ക് അനുതാപാര്‍ദ്രമായ നോട്ടമെറിയുന്നു. തുടര്‍ന്ന്, മിഥ്യാഭ്രമം എന്നുവരെ സംശയിക്കാവുന്ന സ്‌നേഹകാമനകളുടെ സ്വച്ഛന്ദമായ ലോകത്തെ എന്നേക്കുമായി ഉപേക്ഷിക്കുന്നു.

''Anna Magdalena took a final compassionate glance of her own past and said good forever to her one night strangers' (പുറം 109).

നോവലിലെ പ്രധാന കഥാപാത്രമായ അന്നയുടെ ധൈഷണിക ജീവിതത്തെ വളരെ കൗതുകത്തോടെയാണ് അനുധാവനം ചെയ്തത്. മികച്ച ഒരു വായനക്കാരിയാണ് അന്ന. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിക്കുന്ന അന്നയെ നാം ആദ്യം വിസ്മയത്തോടെ നോക്കുന്നു. പിന്നീട് പലപ്പോഴായി ഹെമിങ്വെയുടെ 'ഓള്‍ഡ് മാന്‍ ആന്റ് ദ സീ', കാഫ്കയുടെ 'ദ സ്ട്രേയ്ഞ്ചര്‍', 'ബോര്‍ഹസ്', സില്‍വിന ഒകാംബൊയുടെ 'ദ ബുക് ഓഫ് ഫാന്റസി', ജോണ്‍ വിന്‍ധാമിന്റെ 'ദ ഡേ ഓഫ് ദ ട്രിഫിഡ്‌സ്' (The Day of the Triffids) റായ് ബ്രാഡ്ബറിയുടെ 'മാര്‍ഷ്യന്‍ ക്രോണിക്കിള്‍സ്', ഡാനിയല്‍ ഡിഫോയുടെ 'എ ജേണല്‍ ഓഫ് ദ പ്ലേഗ് ഈയര്‍' എന്നീ പുസ്തകങ്ങളും ആണ് അന്ന പലപ്പോഴായി വായിച്ചുകൊണ്ടിരുന്നത്. മാര്‍കേസിന്റെ വായനാ താല്‍പ്പര്യങ്ങളിലേക്കുള്ള ഒരു ഒളിനോട്ടമായി അത് അറിയാതെ രൂപപ്പെടുകയായിരുന്നു. നോവലില്‍ വളരെ ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളായി ഇവ അനുഭവപ്പെട്ടു. മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.

'റാന്‍ഡം ഹൗസി'ന്റെ എഡിറ്റോറിയല്‍ ഡയറക്ടറും 'എന്‍ ആഗസ്റ്റൊ നോസ് വെമോസി'ന്റെ സ്പാനിഷ് എഡിറ്ററുമായിരുന്ന ക്രിസ്റ്റൊബല്‍ പേര തന്റെ പത്രാധിപക്കുറിപ്പില്‍ മാര്‍കേസ് തന്റെ അവസാന രചനയ്ക്ക് തയ്യാറാക്കിയ അഞ്ചു പാഠഭേദങ്ങളെക്കുറിച്ച് സവിസ്തരം വിശദീകരിക്കുന്നുണ്ട്. അതിനു മുന്‍പ് റോദ്രിഗൊയ്ക്കും ഗൊണ്‍സാല ഗാര്‍സിയയ്ക്കും അതറിയില്ലായിരുന്നു. ക്രിസ്റ്റോബല്‍ പേരയുടെ വാക്കുകള്‍ വിശ്വസിക്കുകതന്നെ. എന്തായാലും പ്രസിദ്ധീകരിക്കപ്പെടാതിരിക്കാന്‍ മാത്രം അപകര്‍ഷം ഈ നോവലിനുണ്ടെന്നു തോന്നുന്നില്ല. മേധാക്ഷയം ബാധിച്ച ഒരു എഴുത്തുകാരന്റെ രചനാപരമായ ശൈഥില്യങ്ങളൊന്നും ഈ നോവലിനെ കാര്യമായി ബാധിച്ചിട്ടില്ല. ബാഹ്യ ഇടപെടലുകള്‍ എത്രത്തോളം എന്നു നിശ്ചയിക്കാനും വയ്യ. എന്തായാലും സ്മൃതിനാശത്തിലേക്ക് മെല്ലെ നീങ്ങിക്കൊണ്ടിരുന്ന ഒരാള്‍ക്ക് വരാവുന്ന പ്രമാദമായ ഇടര്‍ച്ചകളൊന്നും ഈ കൃതിയില്‍ കാണുന്നില്ല എന്നത് എടുത്തു പറയണം. നറേഷനില്‍ നൈരന്തര്യവും സൂക്ഷ്മതയും ആവുംവിധം പാലിക്കാന്‍ കഴിയുന്നുണ്ട്, ചില സ്ഖലിതങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും.

ക്രിസ്റ്റൊബല്‍ പേരയ്ക്കു മാത്രം അവകാശപ്പെട്ടതല്ല ഈ കൃതിയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ക്രെഡിറ്റ്. മാര്‍കേസിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മോണിക്ക അലോണ്‍സൊയുടെ സമയോചിതമായ ഇടപെടലുകള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ട്.

ഈ നോവലിന്റെ ആകര്‍ഷണീയത എവിടെയെന്നു ചോദിച്ചാല്‍ നോവലിലുടനീളം ഒരു മായികാന്തരീക്ഷം തീര്‍ത്തുകൊണ്ട് സംഗീതത്തിന്റെ മാസ്മരപ്രഭാവം നിലനിര്‍ത്തുന്നതില്‍ ഗാബോ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നതാണ്. ധിഷണാനാശത്തിലും ലോപം വരാത്ത കലാത്മകതയ്ക്ക് ഉത്തമ നിദര്‍ശനമായി ഈ സംഗീതപ്രണയത്തെ കാണേണ്ടതുണ്ട്. മേധാക്ഷയം ബാധിച്ച ഒരാള്‍ ഏറ്റവുമൊടുവില്‍ മാത്രം മറക്കാനിടയാവുന്നത് അയാള്‍ നെഞ്ചിലേറ്റിയ സംഗീതത്തിന്റെ ആര്‍ദ്രതയായിരിക്കും.

സ്പാനിഷ് ഭാഷയില്‍നിന്ന് ഈ നോവല്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള ആന്‍ മകീന്‍ (Anne McLean) എന്ന കനേഡിയന്‍ എഴുത്തുകാരിയാണ്. മാര്‍കേസ്, ഹുവാന്‍ ഗബ്രിയേല്‍ വാസ്‌കസ് തുടങ്ങിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ കൃതികളടക്കം നിരവധി പുസ്തകങ്ങള്‍ സ്പാനിഷ് ഭാഷയില്‍നിന്നും

ഇംഗ്ലീഷിലേക്ക് അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളികളായ വായനക്കാര്‍ക്ക് മാര്‍കേസ് വലിയൊരു ആവേശമാണ്. മലയാളത്തിലെ എഴുത്തുകാരനെപ്പോലെ അവര്‍ ഈ കൊളംബിയന്‍ സാഹിത്യകാരനെ നെഞ്ചേറ്റുന്നു. അതുകൊണ്ടുതന്നെ മാര്‍കേസ് ഇനിയും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com