ശൂന്യമാകുന്ന നഗരങ്ങള്‍; പോയി മറഞ്ഞ മനുഷ്യര്‍

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഇവിടുത്തെ മനുഷ്യര്‍ എങ്ങോട്ടാണ് പോയത്?
പ്രിപ്യാത് നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍
പ്രിപ്യാത് നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍Jorge Franganillo

തികച്ചും സുന്ദരമായ ഒരു നഗരമാണ് യുക്രൈനിലെ പ്രിപ്യാത്. മനോഹരമായ തെരുവുകള്‍, ഒരു നഗരചത്വരം, ഹോട്ടലുകള്‍, ആശുപത്രി, പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള കേന്ദ്രങ്ങള്‍, ഒരു സെന്‍ട്രല്‍ പോസ്റ്റ് ഓഫീസ്, റെയില്‍വേ സ്റ്റേഷന്‍ ഇവയൊക്കെ നഗരത്തിലുണ്ട്. പുറമേ സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, അത്‌ലറ്റിക്‌സ് ട്രാക്കോടുകൂടിയ സ്റ്റേഡിയം, കഫേകളും ബാറുകളും, നദിക്കരയില്‍ ഒരു റസ്റ്റോറന്റ്, കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, നാടകങ്ങള്‍ക്കും ബാലേകള്‍ക്കുമായി തിയേറ്റര്‍, സിനിമാശാലകള്‍, ഡാന്‍സ് ഹാള്‍ അങ്ങനെ വേറേയും. മനുഷ്യര്‍ക്ക് സുഖകരവും സംതൃപ്തവുമായി ജീവിതം നയിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരിടം.

പൗരക്ഷേമത്തെ മുന്‍നിര്‍ത്തി, ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന നഗരാസൂത്രണത്തിന്റെ മികച്ച മാതൃകയാണ് പ്രിപ്യാത്. നഗരത്തിലെ സാംസ്‌കാരിക-വാണിജ്യ സമുച്ചയത്തിന്റെ ചുറ്റുമായി 160 ടവറുകളുണ്ട്. പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകളുടെ ഒരു ശൃംഖലയ്ക്ക് സമീപസ്ഥമായി സവിശേഷ കോണുകളില്‍ അവ നിലകൊള്ളുന്നു. ഓരോ അപാര്‍ട്ട്‌മെന്റിനും സ്വന്തമായി ബാല്‍ക്കണിയുണ്ട്. ഓരോ ടവറിനും വസ്ത്രങ്ങള്‍ കഴുകാനും ഉണക്കിയെടുക്കാനുമുള്ള സൗകര്യമുണ്ട്. ഏറ്റവും വലിയ ടവറുകള്‍ക്ക് ഇരുപതു നിലകളുണ്ട്. ഓരോ ടവറിന്റേയും മേലാപ്പില്‍ ഇരുമ്പില്‍ തീര്‍ത്ത അരിവാളും ചുറ്റികയും അലങ്കരിക്കുന്നു. ആ നഗരം രൂപകല്‍പ്പന ചെയ്തവരുടെ ചിഹ്നമാണത്.

പ്രിപ്യാത്
പ്രിപ്യാത്ഫയല്‍ചിത്രം
ഫയല്‍ചിത്രം

സോവിയറ്റ് യൂണിയന്റെ കാലത്ത് പണിതീര്‍ത്തതാണ് ഈ നഗരം. വന്‍കിട നിര്‍മ്മാണങ്ങളുടെ കാലഘട്ടമായ '70-കളിലാണ് ഈ നഗരം നിര്‍മ്മിക്കപ്പെടുന്നത്. 50,000-ത്തോളം പേര്‍ക്ക് സര്‍വ്വ സൗകര്യങ്ങളോടും കൂടി സുഖമായി കഴിയാവുന്ന ഒരു മോഡേണിസ്റ്റ് യുട്ടോപ്യ എന്നാണ് അവിടം സന്ദര്‍ശിച്ച ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും ബയോളജിസ്റ്റും നാച്ചുറല്‍ ഹിസ്റ്റോറിയനുമായ ഡേവിഡ് ഫ്രെഡറിക് ആറ്റന്‍ബെറോ എഴുതിയിട്ടുള്ളത്. കിഴക്കന്‍ ബ്ലോക്കിലെ മികച്ച യുവ എന്‍ജിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും കുടുംബസമേതം ജീവിക്കാന്‍ വേണ്ടിയാണ് ഈ നഗരം പണികഴിപ്പിച്ചത്. '80-കളിലെ ചില അമേച്വര്‍ ഫിലിം ഫൂട്ടേജുകളില്‍ ഈ നഗരത്തില്‍ സന്തുഷ്ടമായി കഴിയുന്ന മനുഷ്യരുണ്ട്. അവര്‍ ചിരിക്കുകയും കളിക്കുകയും നീന്തുകയും ബാലേ ക്ലാസ്സുകളെടുക്കുകയും ഒളിംപിക് സ്റ്റേഡിയത്തിനു സമാനമായ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുകയും പ്രിപ്യാത് നദിയില്‍ തോണി തുഴഞ്ഞുപോകുകയും ചെയ്യുന്നത് കാണാം.

എഴുപതു വര്‍ഷമാണ് സോവിയറ്റ് യൂണിയന്‍ നിലനിന്നത്. ഇന്നുള്ള പല രാജ്യങ്ങളിലേയും ശരാശരി ആയുര്‍ദൈര്‍ഘ്യത്തിനേക്കാള്‍ കുറവാണ് ഈ കാലയളവ്. മഹത്തായ ആ രാഷ്ട്രം തകര്‍ന്നുപോയതിനുശേഷം അതൊരു പരാജയപ്പെട്ട പരീക്ഷണമായിരുന്നു എന്നാണ് പൊതുവെ പറഞ്ഞുപോരാറ്. എന്നാല്‍, ഈ എഴുപതു വര്‍ഷത്തിനുള്ളില്‍ അത് മനുഷ്യരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം കാണാതെയാണ് വിമര്‍ശകര്‍ ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തുന്നതെന്ന് ലെഫ്റ്റ് ബുക്‌സ് എഡിറ്ററും എഴുത്തുകാരനുമായ വിജയ് പ്രഷാദ് പറയുന്നു. സോവിയറ്റ് യൂണിയന്‍ ഒരു പരാജയമായിരുന്നുവെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഭാവനയുടെ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നു മനസ്സിലാകാന്‍ ചില കണക്കുകളിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചാല്‍ മതി.

ശൂന്യമായ കെട്ടിടങ്ങള്‍
ശൂന്യമായ കെട്ടിടങ്ങള്‍
പ്രിപ്യാത് നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍
ആണവ നിലയത്തില്‍ ചോര്‍ച്ച?; സൈനികര്‍ക്ക് വികിരണമേറ്റു?; റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ച് മടങ്ങുന്നു
ആളൊഴിഞ്ഞ ഫാക്ടറി
ആളൊഴിഞ്ഞ ഫാക്ടറിഫയല്‍ചിത്രം

റഷ്യന്‍ വിപ്ലവത്തിന്റെ കാലത്ത് അതിന്റെ സമ്പദ്‌വ്യവസ്ഥ യു.എസ് സമ്പദ്‌വ്യവസ്ഥയുടെ 12-ല്‍ ഒന്നുമാത്രമായിരുന്നു വലിപ്പം. 1970 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി അതു മാറി. എല്ലാവര്‍ക്കും തൊഴില്‍ എന്നത് ആ രാജ്യത്തെ അവകാശമായിരുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ ആറു ശതമാനം മാത്രമാണ് പാര്‍പ്പിടത്തിനായി ചെലവിടേണ്ടിവന്നിരുന്നുള്ളൂ. മിക്കവാറും എല്ലാവര്‍ക്കും വീടുകളുണ്ടായിരുന്നു. ശിശുസംരക്ഷണവും പരിചരണവും മാത്രമല്ല, കുഞ്ഞിനു ജന്മം നല്‍കിയ ഒരു സ്ത്രീക്ക് ഒരു വര്‍ഷത്തെ പ്രസവാനന്തര പരിചരണവും സൗജന്യമായി ലഭ്യമായിരുന്നു. തൊഴിലില്‍ പ്രവേശിച്ച ഒരാള്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോടുകൂടിയ അവധിയും ലഭിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ ആരംഭകാലത്ത് അതിദരിദ്രരും നിരക്ഷരരുമായ ഒരു ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഭൂരഹിത കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആയിരുന്നു മിക്കവരും. ഫാക്ടറി തൊഴിലാളികളും വലിയ ചൂഷണത്തിനു വിധേയമായിട്ടാണ് ജീവിച്ചിരുന്നത്. എന്നാല്‍, വിപ്ലവാനന്തരം വലിയ മാറ്റമുണ്ടായി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാനില്‍ 1917-ല്‍ രണ്ടു ശതമാനമായിരുന്നു സാക്ഷരതയെങ്കില്‍ 1970 ആകുമ്പോഴേക്കും ഫ്രാന്‍സിനേക്കാള്‍ കൂടുതല്‍ ഗ്രാജ്വേറ്റുകള്‍ ഉണ്ടായി. വന്‍കിട ഫാക്ടറികളുണ്ടായി. വന്‍കിട ഉല്‍പ്പാദനവും സാദ്ധ്യമായി. ശാസ്ത്രരംഗത്തും മികച്ച കുതിപ്പാണ് ആ രാഷ്ട്രം ഉണ്ടാക്കിയത്. ആദ്യമായി ബഹിരാകാശത്തേക്ക് ഒരു മനുഷ്യനെ എത്തിക്കാന്‍ കഴിഞ്ഞെന്ന നേട്ടവും സോവിയറ്റ് യൂണിയനു അവകാശപ്പെട്ടതാണ്. ഇങ്ങനെ സര്‍വ്വ മേഖലയിലും ക്ഷേമം ഉറപ്പുവരുത്തിയെന്നു മാത്രമല്ല, അത്തരമൊരു വ്യവസ്ഥയെ ബാഹ്യമായ ആക്രമണങ്ങളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ആ രാഷ്ട്രത്തെ നയിച്ച പാര്‍ട്ടിയും ഭരണകര്‍ത്താക്കളും കരുതി. മിലിറ്ററി സന്നാഹങ്ങളുടെ കാര്യത്തില്‍ അത് അമേരിക്കയ്ക്കു കിടനിന്നു. ഒരുപക്ഷേ, 1941-ല്‍ ഫാഷിസ്റ്റ് ജര്‍മനിയില്‍നിന്നും ഉണ്ടായ കടന്നാക്രമണത്തിന്റെ അനുഭവമായിരിക്കാം വര്‍ദ്ധിച്ച സൈനികച്ചെലവിനു ആ രാഷ്ട്രത്തെ പ്രേരിപ്പിച്ചത്. ചുരുക്കത്തില്‍ മനുഷ്യരാശിയുടെ സാര്‍വ്വത്രികവും സര്‍വ്വതോമുഖമായ പുരോഗതിയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളുടെ പരിണതിയും പ്രതീകവുമായിരുന്നു സോവിയറ്റ് യൂണിയന്‍.

ഒഴിഞ്ഞ ഫാക്ടറികള്‍
ഒഴിഞ്ഞ ഫാക്ടറികള്‍ ഫയല്‍ചിത്രം
നഗരത്തിലെ ഒഴിഞ്ഞ വീടുകള്‍
നഗരത്തിലെ ഒഴിഞ്ഞ വീടുകള്‍ ഫയല്‍ചിത്രം

പ്രേതനഗരം നല്‍കുന്ന പാഠങ്ങള്‍

സോവിയറ്റ് യൂണിയന്‍ ഇന്നില്ല. പ്രിപ്യാത് ഇന്നുണ്ട്. എന്നാല്‍, അവിടെ ആരും ജീവിക്കുന്നില്ല. ആറ്റന്‍ബറോ അവിടെ കണ്ടത് എന്താണെന്ന് 'എ ലൈഫ് ഓണ്‍ ഔവര്‍ പ്ലാനെറ്റ്, മൈ വിറ്റ്‌നസ് സ്റ്റേറ്റ്‌മെന്റ് ആന്റ് എ വിഷന്‍ ഫോര്‍ ദ ഫ്യൂച്വര്‍' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഡേവിഡ് ആറ്റന്‍ബറോ ആ നഗരം സന്ദര്‍ശിച്ച വേളയില്‍ അവിടത്തെ ഇരുട്ടുവീണതും ശൂന്യവുമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ ശ്രദ്ധാപൂര്‍വ്വമാണ് താന്‍ ഓരോ ചുവടും മുന്നോട്ടുവെച്ചു നടന്നത് എന്ന് അദ്ദേഹം എഴുതുന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴുകയും വീണുതുടങ്ങുകയും ചെയ്യുന്ന ഭിത്തികള്‍, തകര്‍ന്ന ജനലുകളും താഴെ വീഴുമെന്ന മട്ടില്‍ തൂങ്ങിനില്‍ക്കുന്ന ലിന്റെലുകളും. ഹെയര്‍ഡ്രെസ്സിങ് സലൂണുകളില്‍ കസേരകള്‍ കമിഴ്ന്നുകിടക്കുന്നു. ചുമരില്‍ പതിച്ച പൊട്ടിത്തകര്‍ന്ന കണ്ണാടികള്‍. തലമുടി ചുരുട്ടുന്ന ഉപകരണവും മറ്റും ആകെ പൊടിമൂടിയ നിലയിലാണ്. സൂപ്പര്‍മാര്‍ക്കറ്റിന്റെ സീലിംഗില്‍നിന്നും ഫ്‌ലൂറെസന്റ് ട്യൂബുകള്‍ തൂങ്ങിനില്‍ക്കുന്നു. ടൗണ്‍ഹാളിന്റെ നിലത്തുനിന്നും മരപ്പലകകള്‍ ഇളകിപ്പോകുകയും മാര്‍ബിളില്‍ തീര്‍ത്ത ഗംഭീരമായ ഗോവണിച്ചുവട്ടില്‍ നീളെ കുന്നുകൂടി കിടക്കുകയും ചെയ്യുന്നു. സിറിലിക് ലിപിയില്‍, നീല വടിവൊത്ത അക്ഷരങ്ങള്‍ എഴുതി നിറച്ച പേജുകളുള്ള എക്‌സര്‍സൈസ് പുസ്തകങ്ങള്‍ സ്‌കൂളിലെ ക്ലാസ്മുറികളില്‍ നിറയെ ചിതറിക്കിടക്കുന്നു. ഒരിക്കല്‍ ജലവിനോദികള്‍ ആര്‍ത്തുല്ലസിച്ച സ്വിമ്മിംഗ് പൂളുകള്‍ വരണ്ടുകിടക്കുന്നു. അപാര്‍ട്‌മെന്റുകളിലെ ഫര്‍ണിച്ചറും മറ്റും ചിതറിക്കിടക്കുന്നു. സോഫകളിലെ കുഷ്യനുകള്‍ നിലത്തുണ്ട്. കിടക്കകള്‍ പിഞ്ഞിക്കീറിയ അവസ്ഥയിലാണ്. മിക്കവാറും എല്ലാം ചലനം നിലച്ച നിലയിലാണ്. ഇടയ്‌ക്കൊരു കാറ്റെങ്ങാനും വീശിയാല്‍ തന്നിലത് പെട്ടെന്നൊരു ഞെട്ടലിനു കാരണമായെന്ന് ആറ്റന്‍ബറോ എഴുതുന്നു. ഓരോ വാതിലുകള്‍ കടന്നുപോകുമ്പോഴും മനുഷ്യരുടെ അസാന്നിദ്ധ്യം കൂടുതല്‍ കൂടുതല്‍ മനസ്സില്‍ സന്നിഹിതമാകും. മനുഷ്യരുടെ അസാന്നിദ്ധ്യം എന്നതിന്റെ സാന്നിദ്ധ്യംകൊണ്ട് അവര്‍ അവിടെയില്ലെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ സന്നിഹിതമാകുന്നു. പോംപെ, ആങ്‌കോര്‍ വട്ട്, മാച്ചു പിച്ചു എന്നിങ്ങനെയുള്ള നിര്‍ജ്ജനീകരിക്കപ്പെട്ട നഗരങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് പ്രിപ്യാത്.

വിജനമായ നടവഴികള്‍
വിജനമായ നടവഴികള്‍ഫയല്‍ചിത്രം
ഒഴിഞ്ഞ കെട്ടിടങ്ങള്‍
ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഫയല്‍ചിത്രം

അസാധാരണമായി അവിടെ ഒന്നുമില്ല എന്ന സംഗതി അവിടം സന്ദര്‍ശിക്കുന്ന ഒരാളുടെ ശ്രദ്ധ അതുപേക്ഷിക്കപ്പെട്ട സാഹചര്യത്തിന്റെ അസാധാരണത്വത്തിലേക്ക് ക്ഷണിക്കുന്നു. ഒറ്റ നോട്ടത്തില്‍ അവിടെ ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, ഏതോ അഭിശപ്ത നിമിഷത്തില്‍ പ്രിപ്യാതില്‍ കാലം നിശ്ചലവും നിശ്ചേതനവുമായിരിക്കുന്നു എന്ന് അടുത്ത നിമിഷത്തില്‍ തിരിച്ചറിയും. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഇവിടത്തെ മനുഷ്യര്‍ എങ്ങോട്ടാണ് പെട്ടെന്ന് പോയ്മറഞ്ഞത്? എങ്ങനെയാണ് ഇവിടം പ്രേതനഗരമായി മാറിയത്?

ഡേവിഡ് ആറ്റന്‍ബെര്‍ഗിന്റെ പുസ്തകം
ഡേവിഡ് ആറ്റന്‍ബെര്‍ഗിന്റെ പുസ്തകംഫയല്‍ചിത്രം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ രാഷ്ട്രീയത്തില്‍നിന്നും പടിയിറക്കപ്പെട്ട, സാര്‍വ്വത്രികമായ ക്ഷേമവും സുരക്ഷിതത്വവുമുള്ള ഒരു സമൂഹം എന്ന സ്വപ്നം ഉപേക്ഷിക്കപ്പെട്ട സന്ദര്‍ഭത്തെയല്ലേ യഥാര്‍ത്ഥത്തില്‍ പ്രിപ്യാത് പ്രതീകവല്‍ക്കരിക്കുന്നത്? പോരാട്ടങ്ങള്‍ തുടരുമെങ്കിലും പതിത ജനകോടികളെ സംബന്ധിച്ചിടത്തോളം കാലം അവിടെ തല്‍ക്കാലം നിലച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു പല കാരണങ്ങളുണ്ട്. പ്രിപ്യാത് ജനരഹിതമായ ഒരു നഗരമായി തീര്‍ന്നതിനു പിറകിലുള്ള ഏതെങ്കിലും ഒരു കാരണം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ടോ? ഉണ്ട്. ചെര്‍ണോബില്‍ ഒരു സവിശേഷ വികസനമാതൃകയുടെ ഉല്‍പ്പന്നമാണ്. അവികസിതമായ കാര്‍ഷിക സമൂഹത്തില്‍നിന്നും സര്‍വ്വ മനുഷ്യര്‍ക്കും ക്ഷേമം പുലരുന്ന ഒരു സമൂഹത്തിലേക്ക് ഉദിച്ചുയരാന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ തിരഞ്ഞെടുത്ത വഴിയുടെ സന്തതിയാണത്. മുതലാളിത്തത്തില്‍ ഈ വഴി ഏതാനും കോര്‍പ്പറേറ്റുകള്‍ക്കോ വ്യക്തികള്‍ക്കോ പണം കുന്നുകൂട്ടുന്നതിനുവേണ്ടിയാണ്. എന്നാല്‍, സോവിയറ്റ് ഭരണത്തില്‍ ഈ വഴി മുഖാന്തിരം ചരിത്രത്തില്‍ - പിന്നാക്ക കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍നിന്നും സോഷ്യലിസത്തിലേക്ക് - മുന്നേറാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായിരുന്നു. സോവിയറ്റ് വികസന നയങ്ങള്‍ മൂലമുണ്ടായ ഏറ്റവും കുപ്രസിദ്ധമായ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായിരുന്നു അരാല്‍ തടാകത്തിനു സംഭവിച്ചത്. മുഖ്യമായും വരണ്ട പ്രദേശങ്ങളിലെ പരുത്തിക്കൃഷിക്ക് സഹായകമാകുന്ന രീതിയില്‍ ജലസേചന ആവശ്യങ്ങള്‍ക്കായി നദികള്‍ ഗതി തിരിച്ചുവിട്ടത് കടലിന്റെ വലുപ്പം ഗണ്യമായി കുറയുന്നതിനു കാരണമായി. ഇതു ഗുരുതരമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും ജൈവവൈവിദ്ധ്യം നഷ്ടമാകുന്നതിനും ഇടയാക്കി. തീര്‍ച്ചയായും സോവിയറ്റ് ഭരണത്തില്‍ അരാല്‍ കടലിനു ചുറ്റുമുള്ള ജനതയുടെ ജീവിതത്തില്‍ ഭൗതിക പുരോഗതി ഉണ്ടായി. പ്രിപ്യാതില്‍ ജീവിച്ചിരുന്നവരുടെ ഭൗതിക സമൃദ്ധിയെ ആത്യന്തികമായി സ്‌ഫോടനം തകര്‍ത്തതുപോലെ ആ ഭൗതിക പുരോഗതിയെ അരാല്‍ തടാകത്തിന്റെ പാരിസ്ഥിതിക തകര്‍ച്ച ബാധിച്ചു. ഭൗതിക പുരോഗതിയും സമൃദ്ധിയും എല്ലായ്‌പോഴും ആത്യന്തിക ക്ഷേമം ഉറപ്പുവരുത്തിക്കൊള്ളണമെന്നില്ല.

ഫോസ്റ്റര്‍-ബ്രൂക്കെറ്റ്
ഫോസ്റ്റര്‍-ബ്രൂക്കെറ്റ്ഫയല്‍ചിത്രം
ജോണ്‍ ഫോസ്റ്റര്‍
ജോണ്‍ ഫോസ്റ്റര്‍ ഫയല്‍ചിത്രം
അതേസമയം, പ്രശസ്ത എക്കോ-സോഷ്യലിസ്റ്റുകള്‍ ജോണ്‍ ബെല്ലാമി ഫോസ്റ്ററും പോള്‍ ബുര്‍ക്കെറ്റും ചേര്‍ന്നെഴുതിയ 'മാര്‍ക്‌സ് ആന്റ് എര്‍ത്ത്' എന്ന പുസ്തകത്തില്‍ പറയുന്നത് സോവിയറ്റ് യൂണിയനില്‍ പരിസ്ഥിതി രാഷ്ട്രീയം ശക്തിപ്പെട്ടിരുന്നുവെന്നാണ്. സ്റ്റാലിന്റെ ശുദ്ധീകരണവും സോവിയറ്റ് പരിസ്ഥിതി ശാസ്ത്രമേഖലയെ ബാധിച്ച ലൈസങ്കോ വിവാദവും ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും സോവിയറ്റ് അക്കാദമിക സമൂഹത്തിന്റെ അടിത്തട്ടില്‍ പരിസ്ഥിതി സംബന്ധിച്ച പഠനങ്ങള്‍ വ്യാപകമായിരുന്നു.

സോവിയറ്റ് യൂണിയനിലെ പരിസ്ഥിതി ചിന്തകളുടെ വികാസത്തിന്റെ അവസാന കാലഘട്ടത്തില്‍ സദ്ഫലങ്ങള്‍ നല്‍കിയ ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബെല്ലാമി ഫോസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സംഘടന സോവിയറ്റ് യൂണിയനിലായിരുന്നു ഉണ്ടായിരുന്നത്. അതിനൂതനമായ ഒരു കാലാവസ്ഥാ ശാസ്ത്രമാണ് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്തത്. ആല്‍ബിഡോ ഫീഡ്ബാക്കിനെക്കുറിച്ചുള്ള മിഖായേല്‍ ബുഡിക്കോയുടെ ഗവേഷണത്തേയും പഠനത്തേയും നിഗമനങ്ങളേയും പിന്തുടര്‍ന്ന്, വര്‍ദ്ധിച്ചുവരുന്ന ഭൗമതാപനത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പു നല്‍കുന്നത് സോവിയറ്റ് യൂണിയനാണ്. 1961-ല്‍ ബുഡിക്കോയാണ് മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമാദ്യമായി മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭൗമതാപനം എന്നതു സംബന്ധിച്ച അറിവ് നല്‍കുന്നത്. ബയോസ്‌ഫെറിക്, ഗ്ലോബല്‍ ഇക്കോളജിയിലും പാലിയോക്ലിമാറ്റിക് ഗവേഷണത്തിലും മാര്‍ഗ്ഗദര്‍ശിയായി കണക്കാക്കേണ്ടുന്നയാളാണ് ബുഡിക്കോ.

വിജയ് പ്രഷാദ്
വിജയ് പ്രഷാദ്ഫയല്‍ചിത്രം

തീര്‍ച്ചയായും ഏകശിലാരൂപത്തിലുള്ള ഒരു രാഷ്ട്രീയമല്ല സോവിയറ്റ് യൂണിയനുണ്ടായിരുന്നത്. മറ്റെല്ലാ ഇടങ്ങളിലുമെന്നപോലെ പരിസ്ഥിതി സംബന്ധിച്ചും വലിയ ആശയ സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിരുന്നു. മനുഷ്യ പുരോഗതിയുടേയും പ്രകൃതി സംരക്ഷണത്തിന്റേയും ആശയങ്ങള്‍ സംബന്ധിച്ച് ഒരു പുനശ്ചിന്തനം പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യ പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഭൗതികസമൃദ്ധി എന്ന ആശയവും പരിസ്ഥിതി സംരക്ഷണം എന്ന ആശയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിസ്ഥിതി സംരക്ഷണം പിന്നിട്ടുതന്നെ നിന്നു എന്നതിന്റെ തെളിവാണ് അരാല്‍ തടാകവും ചെര്‍ണോബിലിന്റെ തകര്‍ച്ചയും.

ചെര്‍ണോബില്‍ റിയാക്ടര്‍ തകര്‍ന്നതി നെത്തുടര്‍ന്നാണ് പ്രിപ്യാതില്‍നിന്നും ജനം ഒഴിഞ്ഞുപോയത്. 1986 ഏപ്രില്‍ 26-ന് വ്‌ലാദിമിര്‍ ഇല്ലിച്ച് ലെനിന്‍ ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റിനരികെയുള്ള നാലാം നമ്പര്‍ റിയാക്ടറാണ് പുലര്‍ച്ചെ ഒന്നരയോടെ തകര്‍ന്നത്. മോശം ആസൂത്രണത്തിന്റേയും മാനുഷികമായ പിഴവിന്റേയും ഫലമായിട്ടായിരുന്നു ആ സ്‌ഫോടനം. ചെര്‍ണോബില്‍ റിയാക്ടറുകളുടെ രൂപകല്‍പ്പനയില്‍ പിഴവുകളുണ്ടായിരുന്നു. റിയാക്ടറുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ അതേപ്പറ്റി അജ്ഞരായിരുന്നു. അവരുടെ ഭാഗത്തുനിന്നും ശ്രദ്ധക്കുറവും ഉണ്ടായി. സാദ്ധ്യമായ വിശദീകരണം ഇത്രമാത്രമാണ്. മാനുഷികമായ പിഴവുകളാണ് ചെര്‍ണോബില്ലിനു കാരണം. ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ ഒന്നിച്ച് ഉണ്ടായാല്‍ അതില്‍നിന്നും പുറത്തുവരുമായിരുന്നതിനേക്കാള്‍ നാനൂറ് ഇരട്ടി റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ് ചെര്‍ണോബില്‍ തകര്‍ച്ചയെത്തുടര്‍ന്ന് പൊങ്ങിപ്പരന്നത്. യൂറോപ്പില്‍ മിക്കവാറും എല്ലായിടത്തേക്കും അത് വ്യാപിച്ചു. മഞ്ഞായും മഴയായും അത് ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും മണ്ണിലും ജലത്തിലും കലര്‍ന്നു. അത് ആത്യന്തികമായി ഭക്ഷ്യശൃംഖലയെ ബാധിച്ചു. സംഭവത്തെത്തുടര്‍ന്നുണ്ടായ അകാലമരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലെ കൃത്യതയെ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കമുണ്ടെങ്കിലും ലക്ഷക്കണക്കിനു വരും ഇത് എന്നതില്‍ മറ്റൊരു അഭിപ്രായമുണ്ടാകില്ല.

ചരിത്രത്തില്‍ മനുഷ്യരാശിക്ക് ഏറ്റവുമധികം വിലകൊടുക്കേണ്ടിവന്ന പാരിസ്ഥിതിക ദുരന്തമായി ചെര്‍ണോബില്‍ തകര്‍ച്ചയെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നാണ് ആറ്റന്‍ബറോയുടെ പക്ഷം. അതിലും വലിയൊരു ദുരന്തത്തിന്റെ വക്കിലാണ് നമ്മള്‍ എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഗോളതലത്തില്‍ തന്നെ കുറേശ്ശെ കുറേശ്ശെയായി ഒരു ദുരന്തത്തിന്റെ ചുരുള്‍ നിവരുന്നുണ്ട്. അത് നമ്മള്‍ അറിയുന്നില്ലെന്നു മാത്രം. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ മോശപ്പെട്ട ആസൂത്രണവും മാനുഷികമായ പിഴവുകളുമാണ്. എന്നാല്‍, അത് ഒരു വികസനമാതൃകയുടെ പ്രശ്‌നമായിട്ടാണ് എടുക്കേണ്ടത്. ഇപ്പോള്‍ ഉപഭോഗതൃഷ്ണയും മൂലധനത്തിന്റെ സഞ്ചയനവും വിഭവങ്ങളുടെ ദുര്‍വ്യയവും മുദ്രാവാക്യങ്ങളാക്കിയ നവലിബറല്‍ മുതലാളിത്തം ലോകം അടക്കിവാഴുമ്പോള്‍, ഭൂമിയെ നിലനിര്‍ത്തുന്ന ജൈവവൈവിദ്ധ്യം അപ്രത്യക്ഷമാകുമ്പോള്‍, ഭരണാധികാരികളും ഭരണകൂടങ്ങളും ആ മുദ്രാവാക്യങ്ങള്‍ക്കു മുന്‍പാകെ ഓച്ഛാനിച്ചുനില്‍ക്കുമ്പോള്‍ ഈ വികസനമാതൃകയെക്കുറിച്ച് ഒന്നാലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ജൈവവൈവിദ്ധ്യത്തിന്റെ സമൃദ്ധി നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ഭൂമിയില്‍ നമുക്ക് സുരക്ഷിതമായി ജീവിക്കാനാകുക എന്ന തിരിച്ചറിവ് ഉണ്ടായിട്ടുകൂടി ജൈവവൈവിദ്ധ്യം കുറഞ്ഞുകുറഞ്ഞുവരുന്നതിനു സാക്ഷികളായി നില്‍ക്കേ നാം ജീവിക്കുന്നു. അപകടമെന്തെന്ന് അറിഞ്ഞിട്ടും അറിവുള്ളവര്‍ നിശ്ശബ്ദരായി തുടരുന്നു.

വിജനമായ തെരുവ്
വിജനമായ തെരുവ്Picasa
പ്രിപ്യാത് നഗരവാസികള്‍ ഓരോ ദിവസവും പ്രഭാതത്തില്‍ അവരുടെ അപാര്‍ട്‌മെന്റുകളിലെ കര്‍ട്ടനുകള്‍ വകഞ്ഞുമാറ്റി കണ്ണോടിക്കുമ്പോള്‍ കണ്ടിട്ടുണ്ടാകുക ഭീമാകാരമായ ആ ന്യൂക്ലിയര്‍ പ്ലാന്റിനെയായിരിക്കും. ഒരു ദിവസം അവരുടെ ജീവിതം നശിപ്പിക്കാനിരിക്കുന്ന ആ ന്യൂക്ലിയര്‍ പ്ലാന്റിനെ. നഗരത്തിലെ മിക്കവാറും എല്ലാവരും അവിടത്തെ ജോലിക്കാരായിരുന്നു. ബാക്കിയുള്ളവര്‍ ഈ ജോലിക്കാരുടെ ആശ്രിതരും. അതിന് അത്ര അടുത്ത് ജീവിക്കുന്നതുകൊണ്ടുള്ള അപകടം എന്താണെന്നു സംബന്ധിച്ച് പലരും ബോധവാന്മാരുമായിരുന്നിരിക്കും. എന്നാലും അവരിലാര്‍ക്കെങ്കിലും ആ റിയാക്ടറുകള്‍ ഓഫാക്കാന്‍ താല്‍പ്പര്യപ്പെട്ടിട്ടുണ്ടാകില്ല എന്ന് ആറ്റന്‍ബറോ എഴുതിയിട്ടുണ്ട്. എന്തെന്നാല്‍ ചെര്‍ണോബില്‍ അവര്‍ക്ക് 'ഏറ്റവും മൂല്യവത്തായ ഒരു ചരക്ക്' - സുഖസൗകര്യങ്ങളുള്ള ഒരു ജീവിതം ഉറപ്പുവരുത്തിയിരുന്നു.
പ്രിപ്യാത് നഗരം
പ്രിപ്യാത് നഗരംPicasa

പ്രിപ്യാതിലാണ് നമ്മളും ജീവിക്കുന്നത്. നാം തന്നെ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ നിഴലില്‍ സുഖജീവിതം നയിച്ചുകൊണ്ട്. നമുക്ക് തല്‍ക്കാലത്തേക്ക് സുഖജീവിതം ഉറപ്പുവരുത്തുന്ന വസ്തുവഹകള്‍ തന്നെയാണ് ഈ ദുരന്തത്തിനു കാരണക്കാര്‍. ഇത് ഇങ്ങനെ തുടരാന്‍ പറ്റില്ല എന്നു വരുംവരേയും ഒരു ബദല്‍ ജീവിതം സാദ്ധ്യമാകും എന്നു തോന്നുംവരേയും ഈ സുഖജീവിതം തുടരും.

നമ്മുടെ നാട്ടിലും ഓരോ വികസന പദ്ധതിയും നടപ്പാക്കാന്‍ തുനിയുമ്പോള്‍ തുടക്കത്തില്‍ കുറേ എതിര്‍പ്പുകളുണ്ടാകും. കുടിയിറക്കപ്പെടുന്ന മനുഷ്യര്‍, ഇല്ലാതാകുന്ന ജൈവവൈവിദ്ധ്യം, പ്രദേശത്തിന്റെ തകിടംമറിയുന്ന ഭൂഘടനയുടെ സ്വഭാവം, അറ്റുപോകുന്ന നീരൊഴുക്കുകള്‍ എന്നിവയൊക്കെ സംബന്ധിച്ച് ന്യായമായ വാദങ്ങളുയരും. സമരങ്ങളുണ്ടാകും. പരിസ്ഥിതി സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മാദ്ധ്യമങ്ങളുടേയും ഇടപെടലുകളുണ്ടാകും. പുനരധിവാസവും നഷ്ടപരിഹാരവും വികസന പദ്ധതികളില്‍ ഏതെങ്കിലും രീതിയിലുള്ള പങ്കാളിത്തവും ബാധിതര്‍ക്കു നല്‍കും. ഒടുവില്‍ പദ്ധതി നടപ്പാകും. ഇതാണ് പതിവ്. വരാനിരിക്കുന്ന ദുരന്തം ഒരുതരത്തിലും നമ്മെ ബാധിക്കുന്നില്ല. കാരണം ഒരു സുഖജീവിതം സമൂഹം ആഗ്രഹിക്കുന്നു. കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനും ജീവിതം അനായാസമാകാനും ആശിക്കുന്നു. സോവിയറ്റ് യൂണിയന്‍പോലെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പ്രകൃതിയുടെ ചെലവില്‍ കൂടിയാണെങ്കിലും സുഖകരവും അനായാസവുമായ ജീവിതം ഒരു പരിധിവരെ സാദ്ധ്യമായി. എന്നാല്‍, മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാവര്‍ക്കും സുഖജീവിതം എന്നൊന്നില്ല. അത് വാങ്ങല്‍ശേഷിയുള്ളവര്‍ക്കു മാത്രമായി ഒതുങ്ങുന്നു.

പ്രിപ്യാത് നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com