മഹുവയെ ബിജെപി കുരുക്കിയതെന്തിന്?

കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും ലോക്‌സഭയിലും പുറത്തും നിരന്തരം ചോദ്യങ്ങൾ ചോദിച്ചത് പ്രതികൂട്ടിലാക്കിയതിന്റെ പേരിൽ ഗൂഢാലോചനയിലൂടെ അവരുടെ രാഷ്ട്രീയം ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ ഭരണപക്ഷ
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?

കൊൽക്കത്ത നഗരം കണ്ടതിൽവച്ചേറ്റവും ആകർഷകമായ സ്ത്രീ!

15 കൊല്ലം മുൻപ് മൾട്ടിനാഷണൽ കോർപറേറ്റ് കമ്പനിയിലെ ജോലിയുപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ച് ലണ്ടനിൽ നിന്നെത്തിയ മഹുവ മൊയ്‌ത്രയ്ക്ക് ഒരു മാഗസീൻ നൽകിയ വിശേഷണം ഇതായിരുന്നു. ലൂയി വ്യൂട്ടണിന്റെ ബാഗ്, വലിയ കണ്ണടകൾ, പ്ലീറ്റെടുത്ത സാരി എന്നിങ്ങനെ മഹുവയുടെ പ്രൊഫഷണൽ നോക്കും നടപ്പും വംഗരാഷ്ട്രീയത്തിന് അതുവരെ അപരിചിതമായിരുന്നു. സൗന്ദര്യത്തിനൊപ്പം വാക്ചാതുര്യവും പ്രാഗത്ഭ്യവും ഒത്തുചേർന്നപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ബംഗാളിലെ ഫയർബ്രാൻഡ് ലേഡിയായി മഹുവ മാറി. ആസാമിലെ കാച്ചർ ജില്ലയിലെ ലബാക്കിൽ ബംഗാളി ബ്രാഹ്മണ ദമ്പതികളായ ദ്വിപേന്ദ്രലാൽ മൊയ്‌ത്രയുടേയും മഞ്ജു മൊയ്‌ത്രയുടേയും മകളായി ജനനം. അത്യാവശ്യം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു മഹുവയുടേത്.

കൊൽക്കത്തയിലെ ഗോഖലെ മെമ്മോറിയൽ സ്‌കൂളിലെ പഠനത്തിനുശേഷം അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് മൗണ്ട് ഹോളിയോക് കോളേജിൽനിന്ന് കണക്കിലും സാമ്പത്തികശാസ്ത്രത്തിലും ഉപരിപഠനം നടത്തി. പഠിച്ചിറങ്ങിയ 1998-ൽ തന്നെ ജെ.പി. മോർഗനിൽ ജോലിക്ക് ചേർന്നു. 24-ാം വയസ്സിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി തുടങ്ങിയ പ്രൊഫഷണൽ കരിയർ മഹുവ അവസാനിപ്പിക്കുമ്പോൾ ലണ്ടനിൽ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു അവർ.

തിരക്കേറിയ കോർപറേറ്റ് ജീവിതത്തിനിടയിൽ രാഷ്ട്രീയവും പൊതുജീവിതവുമാണ് തന്റെ മണ്ഡലമെന്ന് അവർക്കു തോന്നി. അങ്ങനെ, 2008-ലാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകയായി മഹുവ രംഗത്തുവരുന്നത്. കോൺഗ്രസ്സിലാണ് തുടക്കം. ആദ്മി കി ശിപായി പദ്ധതിയിൽ ശ്രദ്ധാകേന്ദ്രമായി. രാഹുൽ ഗാന്ധി കണ്ടെത്തിയ പ്രാഗത്ഭ്യം തെളിയിച്ച യുവതലമുറയിൽപ്പെട്ട മഹുവ വളരെ പെട്ടെന്ന് ബംഗാളിലെ ശ്രദ്ധയാകർഷിക്കുന്ന നേതാവായി. അഭിപ്രായഭിന്നതകൾ കൊണ്ട് പിന്നീട് കോൺഗ്രസ് ഉപേക്ഷിച്ചെങ്കിലും പൊളിറ്റിക്കൽ ഫൈറ്റർ എന്ന നിലയിൽ മഹുവയ്ക്ക് തിളങ്ങാനായത് തൃണമൂൽ കോൺഗ്രസ്സിലെത്തിയ ശേഷമാണ്. ഇടതുപക്ഷവുമായി സഹകരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനമാണ് പാർട്ടി മാറ്റത്തിനു പിന്നിൽ. പിന്നെ പ്രതിപക്ഷം എന്ന നിലയിലെ കോൺഗ്രസ്സിന്റെ ദുർബ്ബല പ്രവർത്തനവും. ഒന്നരവർഷത്തെ കോൺഗ്രസ് ബാന്ധവം അവസാനിപ്പിച്ച് മമത ബാനർജിയുടെ കാറിൽ ആദ്യമായി പാർട്ടി ഓഫീസിലെത്തി. പരിഷ്‌കാരിയായ കോർപറേറ്റ് ലേഡിക്ക് രാഷ്ട്രീയം വഴങ്ങില്ലെന്ന് പാർട്ടിക്കാർ അണിയറയിൽ പറഞ്ഞു. എന്നാൽ, മമതയുടെ കൈത്താങ്ങിൽ തൃണമൂൽ കോൺഗ്രസ്സിന്റെ വക്താവായി അവർ മാറി. അടക്കം പറഞ്ഞവർ വാക്കുകൾ തിരിച്ചെടുത്തു.

2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ കരിംപൂരിലേക്കാണ് മഹുവയെ മമത മത്സരിക്കാൻ നിയോഗിച്ചത്. കൊൽക്കത്തയിൽനിന്ന് 183 കിലോമീറ്റർ അകലെയുള്ള ജലംഗി തീരത്തുള്ള ഈ മണ്ഡലം സി.പി.എമ്മിന്റെ ചുവപ്പുകോട്ടയായിരുന്നു. 34 വർഷത്തെ ഭരണം അവസാനിപ്പിച്ച് 2011-ൽ മമത കൊൽക്കത്തയിൽ അധികാരത്തിലേറിയപ്പോഴും കരിംപൂർ സി.പി.എമ്മിനൊപ്പം അടിയുറച്ച് നിന്നു. അവിടെയാണ് മഹുവ മത്സരിച്ചത്. വിദേശിവനിത എന്നായിരുന്നു എതിരാളികളുടെ വിശേഷണം. ഏവരേയും ഞെട്ടിച്ചുകൊണ്ട് 15,989 വോട്ടുകൾക്കാണ് 2011-ൽ സി.പി.എമ്മിലെ സോമേന്ദ്രനാഥ് ഘോഷ് തൃണമൂലിലെ ഡോ. രാമേന്ദ്രനാഥ് സർക്കാരിനെ തോൽപ്പിച്ചത്.

ജൂനിയർ മമത

മൂന്നുവർഷം കഴിഞ്ഞപ്പോൾ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായി. ഇത്തവണ തട്ടകമായി കിട്ടിയത് കൃഷ്ണനഗർ. മമത നേരിട്ട് മത്സരിക്കണമെന്നാവശ്യപ്പെട്ടു. എതിരാളി ബി.ജെ.പിയിലെ ഫുട്‌ബോൾ താരമായ കല്യാൺ ചൗബേ. രാഷ്ട്രീയത്തിനൊപ്പം ഫുട്‌ബോളിനേയും സ്‌നേഹിച്ച ബംഗാൾ ജനത പക്ഷേ, ഇത്തവണ മഹുവയെ ജയിപ്പിച്ചു, ഭൂരിപക്ഷം 65,404 വോട്ടുകൾ. അന്നു മുതൽ ദേശീയ രാഷ്ട്രീയത്തിലെ സെലിബ്രിറ്റിയാണ് അവർ. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലെ ഫാസിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പരാമർശിച്ചുകൊണ്ട് നടത്തിയ ലോക്‌സഭയിലെ ആദ്യ പ്രസംഗം തന്നെ വൈറലായി.

അച്ചാദിൻ വന്നുവെന്ന് അവകാശപ്പെടുന്നവർ കണ്ണുതുറന്ന് കാണാത്തതുകൊണ്ടാണ് രാജ്യം ഫാസിസത്തിലേക്ക് നടന്നടുക്കുന്നത്, അറിയാതെ പോകുന്നത് എന്നു പറഞ്ഞു തുടങ്ങിയ മഹുവ രാജ്യത്തെ ഫാസിസത്തിന്റെ 7 ലക്ഷണങ്ങൾ അക്കമിട്ടു നിരത്തി. മോദിക്കെതിരേ കടന്നാക്രമിക്കാനുള്ള തന്റേടം അവർ കാണിച്ചു. 10 മിനിട്ടായിരുന്നു ആ കന്നിപ്രസംഗത്തിനെടുത്തത്. ബി.ജെ.പിയോടുള്ള രാഷ്ട്രീയവിരുദ്ധത മാത്രമല്ല ആ വാക്കുകളിൽ നിഴലിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന ആശങ്കകൾ അതിൽ നിഴലിച്ചിരുന്നു. സുരക്ഷയ്‌ക്കെന്ന പേരിൽ തന്നെ നിരീക്ഷിക്കാൻ പൊലീസുകാരെ നിയോഗിച്ചപ്പോൾ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും റഷ്യൻ ഗുലാഗിലാണ് തന്റെ താമസമെന്നും അവർ തുറന്നുപറഞ്ഞു. മതവർഗ്ഗീയതയും ഭരണവും ചേർന്ന സംവിധാനം ഫാസിസത്തിലേക്കുള്ള സഞ്ചാരത്തിലാണെന്ന് അവർ കാര്യകാരണസഹിതം വിശദീകരിച്ചു.

ശബ്ദമുയർത്തി നിശ്ശബ്ദയാക്കാൻ ശ്രമിച്ചിട്ടും തളരാതെ, പരിഹസിച്ച് ഇരുത്താൻ ശ്രമിച്ചെങ്കിലും അവഗണിച്ച്, വാദങ്ങൾ അക്കമിട്ട് നിരത്തി സർക്കാരിനെ നിശ്ശബ്ദമാക്കിയ പെൺശബ്ദമായി അവർ മാറി. അതിദേശീയത, മനുഷ്യാവകാശ ലംഘനങ്ങൾ, ഭരണഘടനാസ്ഥാപനങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങൾ, രാജ്യസുരക്ഷയുടെ പേരിൽ ഭരണകൂടം നടത്തുന്ന ആക്രമണം എന്നിവയൊക്കെ വിമർശിക്കുന്ന പ്രസംഗങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ പോലും ചർച്ചാവിഷയമായി. അന്നുമുതൽ ഇങ്ങോട്ട് ലോക്‌സഭയിലും പുറത്തും ബി.ജെ.പിക്ക് വെല്ലുവിളിയാണ് മഹുവ. പ്രസംഗങ്ങൾ മാനദണ്ഡമാക്കിയാൽ മികച്ച പ്രതിപക്ഷ എം.പി. വിശദീകരണങ്ങളോടെ, ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ സർക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കി.

പൗരത്വഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം, കർഷകസമരം, മണിപ്പൂർ കലാപം, ഹിൻഡൻബെർഗ് റിപ്പോർട്ട് തുടങ്ങി ബി.ജെ.പിയും മോദിയുമൊക്കെ പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങളിൽ അവർ ശക്തമായി പ്രതികരിച്ചു. ആധികാരികമായി പഠിച്ച മഹുവയുടെ ശബ്ദത്തെ തടയാൻ പ്രതിപക്ഷ എം.പിമാർക്ക് ബഹളംവയ്ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അയോധ്യവിധിക്കേസ് ബി.ജെ.പിക്ക് അനുകൂലമായി വിധിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അവരുടെ രാജ്യസഭാ എം.പിയായി ലോക്‌സഭയിലെത്തിയതായിരുന്നു മറ്റൊരു സന്ദർഭം. മുൻ ചീഫ് ജസ്റ്റിസിനെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മഹുവ നടത്തിയ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തു. വിശുദ്ധമായിരുന്ന ഇന്ത്യൻ നീതിന്യായ സംവിധാനം ഇപ്പോൾ പവിത്രമല്ല എന്ന് പറഞ്ഞാണ് അവർ ആ പ്രസംഗം തുടങ്ങിയത്.

പലപ്പോഴും പ്രധാനമന്ത്രി നേരിട്ട് തന്നെയാണ് ഈ വിമർശനകൊടുങ്കാറ്റിന്റെ കാഠിന്യം ഏൽക്കേണ്ടിവന്നത്. യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്താൻ മോദി വിളിച്ച അവലോകനയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത വിട്ടുനിന്നത് വിവാദമായപ്പോൾ മഹുവ പ്രതികരിച്ചതിങ്ങനെ: 30 മിനിറ്റ് കാത്തിരിക്കേണ്ടിവന്നതിന്റെ പേരിൽ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിനുവേണ്ടി ഞങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുന്നു. .ടി.എമ്മുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽപ്പിച്ചു. വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ. കൊവിഡ് കാലത്ത് ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമില്ല എന്ന് ആവർത്തിക്കുന്ന യോഗിയുടെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്തത് ഇങ്ങനെ: “കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഓൺലൈൻ യോഗത്തിൽ യോഗി ആശുപത്രികളോടു പറഞ്ഞു ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ചു സംസാരിക്കുന്നതു നിർത്തണമെന്ന്. അല്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നാണ് യോഗി പറയുന്നത്. നിങ്ങൾ എന്തുചെയ്യും, മരിച്ചവരേയും നിങ്ങൾ അടിച്ചിടുമോ?”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തിൽ, മഹുവ മൊയ്‌ത്ര ഗുസ്തി താരങ്ങളുടെ സമരവും അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളും ഉന്നയിച്ചു. സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.) പുറത്തുവിട്ട ഡേറ്റയെ അടിസ്ഥാനമാക്കി മഹുവ മൊയ്‌ത്ര പൊളിച്ചടുക്കി. “പപ്പു എന്ന വാക്ക് രൂപീകരിച്ചത് സർക്കാരും ഭരണകക്ഷിയുമാണ്. കരിതേച്ചു കാണിക്കാനും കഴിവില്ലായ്മ കാട്ടാനുമാണ് നിങ്ങൾ ഈ വാക്ക് ഉപയോഗിക്കുന്നത്. പക്ഷേ, പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു ആരാണ് യഥാർത്ഥ പപ്പു എന്ന്” മഹുവ മോദിക്കെതിരേ പറഞ്ഞതിങ്ങനെ.

ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മണിപ്പൂരിനുവേണ്ടി പ്രതിപക്ഷ മുന്നണി ഒന്നടങ്കം നടുത്തളത്തിലിറങ്ങി. സ്ത്രീകളുടെ മാനാഭിമാനവും ജനതയുടെ പൗരാവകാശങ്ങളും ഇല്ലാതായപ്പോൾ മൗനംപാലിച്ച പ്രധാനമന്ത്രിക്കെതിരെ അവർ പരസ്യമായി രംഗത്തുവന്നു. മണിപ്പൂർ കലാപത്തിൽ സർക്കാർ തുടർന്ന മൗനത്തിലും മഹുവ ആഞ്ഞടിച്ചു: “പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലേക്ക് വരാത്തതാണോ അതോ മണിപ്പൂരിലേക്ക് പോകാൻ തയ്യാറാവാത്തതാണോ കൂടുതൽ ദൗർഭാഗ്യകരം എന്ന് പറയാനാവുന്നില്ല” എന്നായിരുന്നു മഹുവയുടെ പ്രതികരണം. ദേശീയ പൗരത്വഭേദഗതി വിഷയത്തിൽ ലോക്‌സഭയിൽ മഹുവ നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു: കോളേജിൽ പഠിച്ച് നേടിയെന്ന് പറയുന്ന ബിരുദം എടുത്തുകാണിക്കാൻ മന്ത്രിമാർക്ക് കഴിയാത്ത രാജ്യമാണ് ഇത്. വഴിയാധാരമായി കഴിയുന്ന പാവങ്ങളോട് ഈ രാജ്യത്ത് ജനിച്ചുവെന്ന് തെളിയിക്കുന്ന രേഖ കാണിക്കാൻ പറഞ്ഞാൽ അവർക്കെങ്ങനെ കഴിയും.

ബി.ബി.സിയുടെ ഡൽഹി ഓഫീസിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം” - ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്രസർക്കാരിനെ അവർ പരിഹസിച്ചത് ഇങ്ങനെ. ഗുസ്തി താരങ്ങൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ ജാമ്യം നേടി പാർലമെന്റിലെത്തിയ ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെയും അവർ രംഗത്തെത്തി. കുറ്റാരോപിതനായ ബി.ജെ.പി എം.പി വിജയാഘോഷവുമായാണ് വ്യാഴാഴ്ച പാർലമെന്റിലേക്ക് എത്തിയതെന്ന് മഹുവ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഈ ചിത്രം കാണുമ്പോൾ ഗുസ്തി താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നു മൗനഗുരുവായ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനഃസാക്ഷിയോടു ചോദിക്കണമെന്നുമായിരുന്നു മഹുവയുടെ വിമർശനം.

.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് അവർ പലതവണ ആവർത്തിച്ചിട്ടുണ്ട്. .എസ്.ആർ.ഒ ഇപ്പോൾ ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമാണ്. എല്ലാ ദൗത്യങ്ങളേയും തെരഞ്ഞെടുപ്പിനു മുൻപ് ദേശീയതയെന്ന വികാരം ഉയർത്താനായി ഉപയോഗിക്കുന്നു. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ, മോദിയുടെ മാജിക്കായി കാണിക്കാൻ ഭക്തട്രോൾ ആർമി 24 മണിക്കൂറും ശ്രമിക്കുന്നുവെന്നായിരുന്നു അവരുടെ വിമർശനം.

ലോക്‌സഭയിൽ മാത്രം ഒതുങ്ങുന്നില്ല മഹുവയുടെ പോരാട്ടം. ഗുജറാത്ത് വംശഹത്യക്കാല അതിക്രമകാലത്തെ ഇരയായ ബിൽക്കീസ് ബാനുവിനു വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് മഹുവയായിരുന്നു, കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും ജയിലിൽ നിന്നിറക്കി പൂമാലയിട്ട് സ്വീകരിച്ച ബി.ജെ.പിക്കെതിരേ അവർ സുപ്രീംകോടതിയിൽ ശബ്ദമുയർത്തി.

ചോദ്യങ്ങളിൽ മഹുവ വീണോ?

വാക്കുകളിലൂടെ എതിരാളികളെ നിഷ്‌പ്രഭരാക്കുന്ന ആർജ്ജവത്തിന്റേയും സാമാന്യനീതിയുടേയും ശബ്ദത്തെ ഇല്ലാതാക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ഭരണപക്ഷം. ഇപ്പോഴത്തെ ആരോപണങ്ങളും നടപടികൾക്കുള്ള നീക്കങ്ങളിലെ തിടുക്കവും അതാണ് കാണിക്കുന്നത്. മറ്റൊന്ന്, ഇന്ന് മഹുവയെ തൃണമൂലിനുപോലും ഇഷ്ടമല്ല, മമതയുടെ വിശ്വസ്തയായാണ് തുടങ്ങിയതെങ്കിലും മഹുവയുടെ ഇപ്പോഴത്തെ പോരാട്ടങ്ങളിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ആ മൗനം സൂചിപ്പിക്കുന്നത്. കാളി ദേവിയെക്കുറിച്ചുള്ള വിവാദപരാമർശത്തിൽ തൃണമൂലും മഹുവയും വിരുദ്ധചേരികളിലായിരുന്നു. മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി വ്യക്തികൾക്ക് കാളിയെ കാണാമെന്നുള്ള മഹുവയുടെ പരാമർശം തൃണമൂൽ കോൺഗ്രസ് തള്ളിപ്പറഞ്ഞു. പിന്നാലെ ട്വിറ്ററിൽ പാർട്ടിയെ അൺഫോളോ ചെയ്ത് മഹുവയും അനിഷ്ടം പ്രകടമാക്കി. സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഏറ്റവുമൊടുവിലെ ആരോപണങ്ങളിൽപോലും മമത പറഞ്ഞത് ഇത്രമാത്രം: മഹുവയ്‌ക്കെതിരേ നടക്കുന്നത് രാഷ്ട്രീയപരമായ പകവീട്ടിലാണ്.

ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ സംബന്ധിച്ചാണ് മഹുവ നേരിടുന്ന പ്രധാന ആരോപണങ്ങൾ. അദാനിയുടെ വ്യവസായങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു ബിസിനസ്സുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി, ചോദ്യങ്ങൾ തയ്യാറാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാൻ പാർലമെന്റ് അംഗത്തിന്റേതായ ലോഗിൻ ഐഡിയും പാസ്വേഡും ദർശനു നൽകി എന്നിവയാണ് ആരോപണങ്ങളിൽ പ്രധാനം.

ഫാസിസ്റ്റ് ഭരണകൂടത്തോട് പോരാടുമ്പോൾ കാണിക്കേണ്ട നിതാന്ത ജാഗ്രത പുലർത്തുന്നതിൽ മഹുവയ്ക്ക് വീഴ്ചയുണ്ടായെന്നത് യാഥാർത്ഥ്യമാണ്. സ്ഥിരം തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയെന്നും എന്നാൽ ഇതിന്റെ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് പല ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അത് അവരുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇനി പാർലമെന്റിലും നിയമസഭകളിലും ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ പൊതുതാല്പര്യത്താല്‍ ഉള്ളതാകണമെന്നതാണ് സങ്കല്പം. ആ നിലയിലാണ് ജാഗ്രതക്കുറവുണ്ടായെന്ന് കരുതേണ്ടത്. ചോദ്യങ്ങൾക്കായി തന്നോടു മഹുവ പണവും സമ്മാനങ്ങളും വാങ്ങിയെന്നു ദർശൻ പറഞ്ഞിട്ടില്ല. അതു മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായിയുടേയും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടേയും ആരോപണം മാത്രമാണ്.

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായ മഹുവ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് വ്യക്തമാക്കി ഇറങ്ങിപ്പോയിരുന്നു. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെക്കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മൊയ്‌ത്ര വ്യക്തമാക്കി. ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്‌സ് പാനൽ കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഢാലോചന എങ്ങനെ

ഹിരനന്ദാനിയും അദ്ദേഹത്തിന്റെ അച്ഛനും മോദിയോട് അടുപ്പമുള്ളവരാണെന്നാണ് മൊയ്‌ത്ര പറയുന്നത്. ഗൂഢാലോചന പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്നതാണെന്നും അവർ വാദിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായിയാണ് ഹിരനന്ദാനി. യു.പിയിലും ഗുജറാത്തിലുമുള്ള അവരുടെ ഏറ്റവും പുതിയ രണ്ട് പദ്ധതികൾ ഉദ്ഘടനം ചെയ്തത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്.

അടുത്തിടെ പ്രധാനമന്ത്രിയുടെ കൂടെ അന്തർദേശീയ ബിസിനസ്സ് യാത്ര നടത്തിയ ആളുകൂടിയാണ് അദ്ദേഹം. ഇത്രയും വലിയ സാമ്രാജ്യം കൈവശമുള്ള, എല്ലാ മന്ത്രിമാരുടെ അടുത്തും പ്രധാനമന്ത്രിയുടെ ഓഫീസിൽപോലും ബന്ധങ്ങളുള്ള ഹിരാനന്ദാനി എന്തിനാണ് ആദ്യമായി എം.പിയാകുന്ന തന്നെ പേടിക്കുന്നതെന്നും അവർ ചോദിക്കുന്നു. മഹുവ പറയുന്നതുപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ടുപോകുന്നത്. സർക്കാരും ഭരണപക്ഷവും ദുഷ‌്‌പ്രചാരം കുടിൽവ്യവസായമായി നടത്തുന്നു. അതുപോലൊരു ഗൂഢാലോചന സിദ്ധാന്തത്തിന്റെ ബാക്കിപത്രമാകാം ഒരുപക്ഷേ, ഇപ്പോഴത്തെ വിവാദങ്ങൾ. ചെറുത്തുനിൽപ്പുണ്ടെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കേണ്ട കാലത്ത് രാഷ്ട്രീയപോരാട്ടം ഒരു രാത്രിയോ പകലോ കൊണ്ട് അവസാനിക്കില്ലെന്നും അവർക്ക് ബോധ്യമുണ്ട്. ആ പോരാട്ടം തുടരട്ടെ!

ഈ റിപ്പോർട്ട് കൂടി വായിക്കാം
പൈതൃകമുണർത്തുന്ന താഴത്തങ്ങാടി പള്ളി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി
ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com