പൈതൃകമുണർത്തുന്നതാഴത്തങ്ങാടി പള്ളി

പൈതൃകമുണർത്തുന്നതാഴത്തങ്ങാടി പള്ളി

യിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന കോട്ടയം ജില്ലയിലെ മീനച്ചിലാറിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മുസ്‌ലിം ആരാധനാലയമാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത മുസ്‌ലിം പള്ളികളുടെ നിർമ്മിതിയിൽനിന്നും വിഭിന്നമായി കേരളീയ വാസ്തുവിദ്യയും കൊത്തുപണികളും തച്ചുശാസ്ത്ര തന്ത്രങ്ങളും പള്ളിയെ വേറിട്ടതാക്കുന്നു. കേരളീയ തനിമയിലുള്ള മട്ടുപ്പാവും മുഖപ്പും കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുന്നു. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന കൊത്തുപണികൾകൊണ്ട് അലങ്കരിച്ച മുഖപ്പുകൾ (മകുടം) ഏവരേയും വിസ്മയിപ്പിക്കുന്നുണ്ട്. വിവിധ നിറങ്ങളിൽ പെയ്‌ന്റ് ചെയ്ത വിശിഷ്ടമായ കൊത്തുപണികളാണ് ഇതിന്റെ സവിശേഷത. പള്ളിയുടെ പ്രധാന കവാടമായ കിഴക്ക് ഭാഗത്തുള്ള മുഖപ്പിലാണ് ഏറ്റവും സവിശേഷമായതും ഭംഗിയുള്ളതുമായ കൊത്തുപണികൾ കാണപ്പെടുന്നത്. മറ്റ് രണ്ട് മുഖപ്പുകളേക്കാളും വിശാലമായത് കിഴക്ക് വശത്തുള്ള ഈ മുഖപ്പിനാണ്. എന്നാൽ, പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് വടക്ക് ഭാഗത്തുള്ള വലുതും ചെറുതുമായ മറ്റ് രണ്ട് മുഖപ്പുകളാണ്. കിഴക്ക് - പടിഞ്ഞാറ് ദിശയിൽ സ്ഥിതിചെയ്യുന്ന മസ്ജിദിന്റെ പ്രധാന കവാടം കിഴക്കായിരുന്നെങ്കിലും നിലവിലെ പ്രവേശനകവാടം വടക്ക് ഭാഗത്താണുള്ളത്. പള്ളിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലിലെ കട്ടള പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചതാണ്. 800 വർഷത്തിനു മുകളിലുള്ള നിർമ്മിതികളിലാണ് ഇത്തരത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച കട്ടള കണ്ടുവരുന്നതെന്ന് പഴമക്കാർ പറയുന്നു.

താഴത്തങ്ങാടി മസ്ജിദ്
താഴത്തങ്ങാടി മസ്ജിദ്

ള്ളിയുടെ ചരിത്രം

താഴത്തങ്ങാടി ജുമാ മസ്ജിദിന് രേഖാപരമായ ചരിത്രം സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും മസ്ജിദിന് 1000 വർഷത്തിലേറെ പഴക്കം ഉള്ളതായി ചരിത്രകാരന്മാർ കണക്കാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തുതന്നെ കേരളത്തിൽ ഇസ്‌ലാമിക പ്രചരണത്തിനായി അറബികൾ കേരളത്തിൽ എത്തിയതായി കണക്കാക്കുന്നു.

വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി അവർ സംഘങ്ങളായി പല സ്ഥലങ്ങളിലും താമസിച്ചിരുന്നു. അത്തരത്തിൽ വ്യാപാര ആവശ്യങ്ങൾക്കായി താഴത്തങ്ങാടിയിലും അറബികളും മറ്റു വിദേശികളും എത്തിയിരുന്നതായി കണക്കാക്കുന്നു. അക്കാലത്ത് കോട്ടയം ജില്ലയുടെ ആസ്ഥാനം താഴത്തങ്ങാടി ആയിരുന്നതായി പറയപ്പെടുന്നു. അങ്ങനെ ഇസ്‌ലാമിക പ്രചരണത്തിനായി അറേബ്യയിൽനിന്ന് കേരളത്തിലെത്തിയ പ്രവാചകന്റെ അനുയായി ആയ മാലിക് - ബിൻ - ദീനാറിന്റെ സഹോദര പുത്രൻ മാലിക് - ബിൻ - ഹബീബ്, താഴത്തങ്ങാടിയിൽ എത്തുകയും ഈ മസ്ജിദ് നിർമ്മിച്ചതായി പറയപ്പെടുന്നു. ഈ പള്ളിയും തൊട്ടടുത്തുള്ള തളി ശിവക്ഷേത്രവും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണി തീർത്തതെന്ന് വിശ്വസിക്കുന്നു.

പൂർണ്ണമായും കേരളീയ വാസ്തുവിദ്യയിൽ പണികഴിപ്പിച്ച ഈ പള്ളി കോട്ടയത്തെ മുസ്‌ലിം പൈതൃകത്തിന്റെ അടയാളമായി ഇന്നും നിലനിൽക്കുന്നു. മീനച്ചിലാറിന്റെ കൈവഴി പള്ളിയുടെ കുളത്തിനോട് ചേർന്ന് ഒഴുകുന്നതായി പഴമക്കാർ പറഞ്ഞുകേട്ടതായി പള്ളിയുടെ അടുത്ത് കട നടത്തുന്ന മൂസ പറയുന്നു.

അകം പള്ളി
അകം പള്ളി

ഈ പള്ളിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഐതിഹ്യം പള്ളിയോട് ചേർന്നുള്ള ഖബറുകളുടേതാണ്. ഈ ഖബറുകൾ ആരുടേതാണെന്നു വ്യക്തമായ വിവരം ലഭ്യമല്ലെങ്കിലും പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആശാരിമാരിൽ ഒരാൾ പള്ളിയുടെ മേൽക്കൂട്ട് സ്ഥാപിച്ച ശേഷം മുകളിൽനിന്നും ബോധരഹിതനായി നിലത്ത് വീണു മരണപ്പെട്ടുവെന്നും അദ്ദേഹത്തെ പള്ളിയോട് ചേർന്ന് ഖബറടക്കിയെന്നും കരുതുന്നു. അതല്ല, ആദ്യകാല ഇസ്‌ലാമിക പ്രചാരകരുടെ ഖബർ ആവാമെന്നും കരുതുന്നു. ഏതായാലും ഈ ഖബറുകളുടെ കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമല്ല.

നിഴൽ ഘടികാരം

പള്ളിയുടെ മുറ്റത്തായി സമചതുരാകൃതിയിൽ ശിലാനിർമ്മിതമായ ഒരു ഫലകം സ്ഥാപിച്ചതായി കാണാം. ഇതിന്റെ നടുവിൽ വൃത്താകാരത്തിൽ ഒരു ദ്വാരവുമുണ്ട്. ക്ലോക്കുകളും വാച്ചുകളുമെല്ലാം കണ്ടുപിടിക്കുന്നതിനു മുന്‍പ് സൂര്യപ്രകാശത്തിൽ നിഴലുകൾ അളന്നായിരുന്നു സമയം കണക്കാക്കിയിരുന്നത്. അത്തരത്തിൽ ഫലകത്തിന്റെ നടുവിലുള്ള ദ്വാരത്തിലൂടെ സൂര്യപ്രകാശം കടക്കുമ്പോൾ കാണുന്ന നിഴൽ കണക്കാക്കിയാണ് പകൽ സമയത്തെ നിസ്കാരത്തിന്റെ സമയം കണക്കാക്കിയിരുന്നത്. ഉപയോഗശൂന്യമാണെങ്കിലും പഴമയുടെ ഓർമ്മയ്ക്കെന്നോണം ഇത് ഇന്നും സംരക്ഷിച്ചുവരുന്നു.

നിഴല്‍ ഘടികാരം
നിഴല്‍ ഘടികാരം

നിഴൽ ഘടികാരവും കണ്ട് പള്ളിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ പള്ളിയുടെ പഴമ പറയുന്ന ഒരു നിർമ്മിതിയുണ്ട്. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച കട്ടള. ഇതിലാണ് പ്രധാന വാതിൽ സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒറ്റക്കല്ലിൽ തീർത്ത കൽതൊട്ടിയും കാണാം. ഒറ്റക്കല്ലിൽ ചതുരാകൃതിയിൽ കുഴിച്ചെടുത്താണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലിൽ തീർത്ത പാത്തി വഴി കിണറ്റിലെ വെള്ളം കൽതൊട്ടിയിലേക്ക് എത്തിക്കുന്നു. ഈ ജല സംഭരണിയിൽനിന്ന് പാദശുദ്ധി വരുത്തിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. പണ്ടു കാലങ്ങളിൽ മുളയിൽ ചിരട്ട കെട്ടിയുണ്ടാക്കിയായിരുന്നു വെള്ളം കോരിയിരുന്നതെന്ന് മൂസ പറയുന്നു. കൽതൊട്ടിയുടെ തൊട്ടടുത്തുള്ള ഗോവണി കയറിയാൽ എത്തുന്നത് പള്ളിയിലെ ഉസ്താദുമാർ പണ്ട് താമസിച്ചിരുന്ന മുറിയിലേക്കാണ്.

പൂർണ്ണമായും മരത്തടികൊണ്ട് നിർമ്മിച്ച മച്ചും തൊട്ട് താഴെയുള്ള കൽതൊട്ടിയും മുറിയിൽ എല്ലാ സമയവും തണുപ്പ് നിലനിർത്തുന്നുവെന്ന് ഉനൈസ് താഴത്തങ്ങാടി (പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ) പറയുന്നു. മൂന്ന് കിളിവാതിലുകൾപോലെയുള്ള ജനലുകൾ മുറിയിൽ മികച്ച വായുസഞ്ചാരം നിലനിർത്തുന്നു.

പള്ളിയുടെ അകം പ്രധാനമായും അകം പള്ളി - പുറം പള്ളി എന്നിങ്ങനെ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ രണ്ട് മുറികളേയും വേർതിരിക്കുന്ന മരഭിത്തിയിൽ കള്ളികളായി തിരിച്ച് സങ്കീർണ്ണമായ കൊത്തുപണികൾകൊണ്ട് അലങ്കരിച്ചതായി കാണാം. ഇതിനു മുകളിലായി ഖുർആൻ സൂക്തങ്ങളും പള്ളി പരിപാലനം പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും (നബി വചനം) മരത്തടിയിൽ കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ അകത്തളത്തിൽ മേൽക്കൂരയിൽ തീർത്ത കൊത്തുപണികൾ അത്രമേൽ ഭംഗിയുള്ളതാണ്.

മുക്കൂറ്റ് സാക്ഷ

പുറം പള്ളിയിൽനിന്ന് അകം പള്ളിയിലേക്ക് പ്രവേശിക്കുന്ന വാതിലിൽ അത്യപൂർവ്വമായ ഒരു പ്രത്യേകത കാണാം. ഓരോന്നായും അല്ലാതെ ഒരുമിച്ചും അടക്കാനും തുറക്കാനും കഴിയുന്ന മൂന്ന് സാക്ഷകളാണ് ഈ വാതിലിന്റെ പ്രത്യേകത. മുക്കൂറ്റ് സാക്ഷ എന്ന ഈ മാജിക് ലോക്ക് അടയ്ക്കുന്നതിനും തുറക്കുന്നതിനും നല്ല പരിശീലനം വേണം. എന്താണ് ഇതിന്റെ തന്ത്രമെന്നോ എങ്ങനെയാണ് നിർമ്മിച്ചതെന്നോ ഇന്നുവരെ ആർക്കും മനസ്സിലായിട്ടില്ലെന്ന് ഉനൈസ് താഴത്തങ്ങാടി പറയുന്നു. ആധുനിക സങ്കേതികവിദ്യയെ വെല്ലുന്ന സൂത്രപ്പണിയാണ് ഈ മുക്കൂറ്റ് സാക്ഷയിലുള്ളത്.

അകം പള്ളിയിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ വാതിലിന്റെ പൂട്ട് മണിച്ചിത്രത്താഴിന്റെ രൂപമാണ്. എടുത്തുകെട്ടിയ കൊത്തുപണികളാണ് ഈ വാതിലിലേയും സവിശേഷത. വൈദ്യുതി ലൈറ്റുകൾ വരുന്നതിന്റെ മുന്‍പ് ഉണ്ടായിരുന്ന സ്ഫടിക തൂക്കുവിളക്കുകൾ ഇന്നും വിസ്മയമായി നിലനിൽക്കുന്നുണ്ട്.

പള്ളിയെ താങ്ങിനിർത്തുന്ന തേക്കുകൊണ്ട് നിർമ്മിച്ച വലിയ തൂണുകളാണ് അകത്തെ മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ എട്ട് തൂണുകളാണ് പള്ളിയെ താങ്ങിനിർത്തുന്നത്. നാല് തൂണുകൾ അകം പള്ളിയിലും നാല് തൂണുകൾ പുറം പള്ളിയിലുമായി കാണാം. പള്ളിയുടെ അകത്തെ മേൽക്കൂരയിൽ തീർത്ത കൊത്തുപണികളും എടുത്തുകെട്ടിൽ ഘടിപ്പിച്ച പൂക്കളും കൗതുകകാഴ്ച തന്നെയാണ്. അകം പള്ളിയിൽ കമാനാകൃതിയിൽ തീർത്ത മിഹ്‌റാബും (പള്ളിയിലെ ഇമാം നിസ്കാരത്തിനു നേതൃത്വം നൽകുന്ന സ്ഥലം) തൊട്ടടുത്തുള്ള മിംബറും (വെള്ളിയാഴ്ചയും പെരുന്നാൾ ദിവസങ്ങളിലും ഇമാം ഖുതുബ പ്രഭാഷണം നിർവ്വഹിക്കുന്ന പ്രസംഗപീഠം) കാണാം.

തെക്കംകൂർ രാജാവ് സംഭാവനയായി നൽകിയ വാൾ ഇമാമിന്റെ മിംബറിനരികിൽ കാണാം. നിക്കൽ പൂശി ഇന്നും ഈ വാൾ സൂക്ഷിച്ചുവരുന്നു.

ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ത്തൊട്ടി
ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ത്തൊട്ടി

മാളികപ്പുറം

പുറം പാളിയിൽനിന്നുള്ള ഗോവണി കയറി മാളികപ്പുറത്ത് എത്താം. വെള്ളിയാഴ്ചകളിലും പെരുന്നാൾ ദിവസങ്ങളിലും ആളുകൾ കൂടുന്ന സന്ദർഭങ്ങളിൽ നിസ്കരിക്കാനാണ് മാളികപ്പുറം സജ്ജമാക്കിയത്. അകം പള്ളിയും പുറം പള്ളിയും ചേർന്നത്രയും വലിപ്പമുള്ള ഹാൾ ആണ് മാളികപ്പുറം. താഴെ നിലയിലുള്ള എട്ട് തൂണുകളുടേയും മുകളറ്റം മാളികപ്പുറത്തെ മേൽക്കൂര വരെ നീണ്ടുനിൽക്കുന്നു. വാസ്തുവിദ്യാപരമായ ഒട്ടേറെ സവിശേഷതകൾ ഈ മുകൾനിലയിലുണ്ട്. മേൽത്തട്ടിനും ഭിത്തിക്കുമിടയിലെ ചുറ്റുമുള്ള അറയിലൂടെ വായുസഞ്ചാരം സാധ്യമാക്കി പള്ളിയിൽ തണുപ്പ് നിലനിർത്താനുള്ള പഴയകാല സംവിധാനം ഇവിടെയുണ്ട്. മേൽക്കൂട്ടിന്റെ പണികളും ചെറിയ രൂപത്തിലുള്ള കൊത്തുപണികളും നിർമ്മാണത്തിലെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു.

പള്ളിയുടെ പുറത്ത് കാണുന്ന കുളം പണ്ടുകാലങ്ങളിൽ വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്നു. ഇവിടുന്ന് അംഗശുദ്ധി വരുത്തിയ ശേഷം അകത്തെ കൽതൊട്ടിയിൽനിന്ന് പാദശുദ്ധിയും വരുത്തിയാണ് വിശ്വാസികൾ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിച്ചിരുന്നത്. മുറ്റത്തിന്റെ ഭംഗി നിലനിർത്തുന്നതിൽ ഈ കുളത്തിന്റെ പങ്ക് വളരെ വലുതാണ്. വിശാലമായ മുറ്റവും അതിനോട് ചേർന്നുള്ള കുളവും പഴമയുടെ നിറം മങ്ങാത്ത മുഖപ്പുകളും കാഴ്ചക്കാരിൽ മികച്ച ദൃശ്യാനുഭവം നൽകുന്നു. രാത്രിയിൽ പള്ളിയുടെ പുറത്ത് പ്രകാശം ലഭിക്കാനായി ഉപയോഗിച്ചിരുന്ന കൽവിളക്കുകൾ ഇപ്പോഴും കാണാം.

കാലാനുസൃതമായ ചെറിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പഴയ പൈതൃകം നഷ്ടപ്പെടുത്തിയുള്ള ഒരു നിർമ്മിതിയും പുതുതായി ഈ പള്ളിയിൽ വന്നിട്ടില്ല. പള്ളിയുടെ ഈ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ ഇനിയും പള്ളി പരിപാലിക്കുമെന്ന് പരിപാലക സമിതി ജനറൽ സെക്രട്ടറി അബ്ദുൽ നാസര്‍ പറഞ്ഞു. പള്ളിയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്നതിനും പള്ളി പരിപാലിക്കുന്നതിനും പ്രദേശവാസികൾ കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അസിസ്റ്റന്റ് ഇമാം പറഞ്ഞു.

താഴത്തങ്ങാടിയിലെ

വീടുകൾ

താഴത്തങ്ങാടി ജുമാ മസ്ജിദിനു സമാനമായ പൈതൃകം നിലനിർത്തിയ ചില വീടുകൾ ഈ നാട്ടിലെ മറ്റൊരു പ്രത്യേകതയാണ്. തങ്ങളുടെ പിതാമഹന്മാരുടെ കാലത്ത് അവർ നിർമ്മിച്ച ഈ വീടുകൾ യാതൊരു മാറ്റവും വരുത്താതെ ഇന്നും സൂക്ഷിച്ചുവരികയാണെന്ന് ഇതിൽ ഒരു വീടിന്റെ ഉടമസ്ഥനായ കുര്യൻ പറഞ്ഞു. ഈ വീടുകൾക്ക് ഏകദേശം 200 വർഷത്തിലേറെ പഴക്കം കണക്കാക്കുന്നതായും ഇവർ പറയുന്നു. പൈതൃകമുറങ്ങുന്ന താഴത്തങ്ങാടിയും അവിടുത്തെ കാഴ്ചകളും സഞ്ചാരികൾക്കു പുതിയ നവ്യാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്. താഴത്തങ്ങാടി ജുമാ മസ്ജിദിനു പുറമെ കോട്ടയത്തെ ആദ്യ ക്രിസ്ത്യൻ ദേവാലയവും തളി ക്ഷേത്രവുമെല്ലാം ഇവിടുത്തെ പഴമ നിലനിർത്താൻ സഹായിക്കുന്നു. മീനച്ചിലാറിനു തീരത്തെ പൈതൃകമുണർത്തുന്ന ഇത്തരം നിർമ്മിതികൾ പഴമയുടെ തനിമ നിലനിർത്തി സംരക്ഷിക്കപ്പെടട്ടെ.

കേരളീയ വാസ്തുവിദ്യയുടെ ഉദാത്ത മാതൃക

പള്ളിക്കോണം രാജീവ്

(ചരിത്രകാരൻ, സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം, സംസ്ഥാന സെക്രട്ടറി, കേരള പ്രാദേശിക ചരിത്രപഠന സമിതി.)

15-ാം നൂറ്റാണ്ടു മുതൽ കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായ തെക്കുംകൂറിന്റെ ഭരണ തലസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള പഴയ കോട്ടയം. താഴത്തങ്ങാടി, വലിയങ്ങാടി, പുത്തനങ്ങാടി എന്നീ മൂന്നു വാണിജ്യകേന്ദ്രങ്ങൾ ഈ പട്ടണത്തിന്റെ ഭാഗമായിരുന്നു. AD 1749 സെപ്റ്റംബറിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മ ആക്രമിച്ച് കീഴടക്കുന്നതുവരെ എട്ടു നൂറ്റാണ്ടുകളോളം വൈദേശിക ശക്തികളോട് കുരുമുളകിനു വിലപേശിയിരുന്ന താഴത്തങ്ങാടി നാടിനെ സമ്പന്നമാക്കി. ആ സമ്പന്നത ഇന്നും നിലനിൽക്കുന്ന ഏതാനും ആരാധനാലയങ്ങളുടെ നിർമ്മിതിയിൽ നമ്മുക്കു കാണാനാവും. കേരളത്തിലെ 18 തളികളിൽ ഒന്നായ കോട്ടയം തളിയിൽ ക്ഷേത്രം, അനന്യമായ വാസ്തുശില്പവൈഭവം നിറഞ്ഞ താഴത്തങ്ങാടി ജുമാ മസ്ജിദ്, കോട്ടയം പട്ടണത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ കോട്ടയം വലിയപള്ളി, ഉജ്ജ്വലമായ ചുവർ ചിതങ്ങൾകൊണ്ട് സമ്പന്നമായ കോട്ടയം ചെറിയപള്ളി തുടങ്ങിയ ആരാധനാലയങ്ങൾ തെക്കുംകൂർ കാലഘട്ടത്തിലെ മതാതീത സഹവർത്തിത്വത്തിന്റേയും പൈതൃകത്തിന്റേയും പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

1000 വർഷങ്ങൾക്കു മുന്‍പാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥാപിക്കപ്പെട്ടതെന്നാണ് പരമ്പരാഗതവിശ്വാസം. അങ്ങനെയെങ്കിൽ അറബികളുമായി വ്യാപാരരംഗത്ത് ഇടപഴകിയ തദ്ദേശീയരായ മുസ്‌ലിം ജനത ഇവിടെ ഉണ്ടായിരുന്നു എന്നു കരുതേണ്ടിവരും. അറേബ്യയിൽനിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി എത്തിയ മാലിക് - ബിൻ - ദീനാറിന്റെ കാലം മുതലാണ് കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ചു തുടങ്ങിയത് എന്നു പല പഴയകാല ചരിത്രഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം കേരളത്തിൽ പത്തു പള്ളികളും തമിഴ്‌നാട്ടിൽ ഒരു പള്ളിയും സ്ഥാപിച്ചുവത്രെ. അദ്ദേഹത്തിന്റെ പിൻഗാമിയും സഹോദരപുത്രനുമായ മാലിക് - ബിൻ - ഹബീബ് കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെ സ്ഥാപിച്ച പത്ത് പള്ളികളിൽ ഒന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് നിലവിലുള്ള വിശ്വാസം. തെക്കുംകൂർ രാജാവാണ് പള്ളിയുടെ ഇന്നു കാണുന്ന പ്രകാരം പണി കഴിപ്പിക്കുന്നതിന് അനുമതി നൽകിയത്. കൊച്ചിയിലെ ഖാസിയായിരുന്ന ശൈഖ് അഹമ്മദ് ഇവിടുത്തെ ആദ്യകാല്യ ആചാര്യനായിരുന്നു.

മുസ്‌ലിം ആരാധനാലയ നിർമ്മിതിയിൽ കേരളീയ വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ജുമാ മസ്ജിദ്. കേരളത്തിലെ പുരാതനമായ മുസ്‌ലിം പള്ളികളിൽ രൂപഭംഗിയിൽ ഏറ്റവും മികച്ചത് ഈ മസ്ജിദ് തന്നെയണ്. അറബിലിപികളും പുഷ്പരൂപങ്ങളും കൊത്തിയ തടിഭിത്തിയും സൂത്രപ്പണിയുള്ള ഓടാമ്പലും മച്ചിലെ തടിപ്പണികളും അക്കാലത്തെ മരയാശാരിമാരുടെ വൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്നതാണ്. പള്ളിയുടെ ഉൾഭാഗത്ത് സദാസമയവും സമശീതോഷ്ണാവസ്ഥ നിലനിര്‍ത്തുന്ന വായുനിർഗ്ഗമന സംവിധാനവും വിസ്മയിപ്പിക്കുന്ന പഴയ കാല സാങ്കേതികവിദ്യയാണ്. തേക്കിൻതടിയിൽ നിർമ്മിച്ച തൂണുകളും കമാനവും മേൽക്കൂട്ടും തട്ടിൻപുറവുമെല്ലാം കാഴ്ചയ്ക്ക് വിഭവങ്ങളാണ്.

താഴത്തങ്ങാടി ജുമാ മസ്ജിദിനു പുറമെ കോട്ടയം തളിയിൽ ക്ഷേത്രം, കോട്ടയം വലിയപള്ളി, കോട്ടയം ചെറിയപള്ളി തുടങ്ങിയ ആരാധനാലയങ്ങളുടേയും അക്കാലത്തെ പൈതൃകമുണർത്തുന്ന വീടുകളുടേയും വാസ്തുവിദ്യാപരവും ചരിത്രപരവുമായ പ്രാധാന്യവും രണ്ടര നൂറ്റാണ്ടു മുന്‍പ് നിലനിന്നിരുന്ന അങ്ങാടികളുടെ വാണിജ്യചരിത്രവും തെക്കുംകൂർ രാജ്യചരിത്രവും പഠനവിധേയമാക്കിയും ചുവർചിത്ര - വാസ്തുശില്പ സംരക്ഷണവും ഉറപ്പാക്കിയും ഈ പ്രദേശത്തിന്റെ പൈതൃക പ്രചാരത്തിനായി ടൂറിസം പദ്ധതികൾ രൂപപ്പെടേണ്ടതുണ്ട്. കേരളത്തിലെ പൈതൃക പ്രാധാന്യമുള്ള അഞ്ചു തെരുവുകളിൽ ഒന്നായി താഴത്തങ്ങാടിയെ വിനോദസഞ്ചാര വകുപ്പ് തെരഞ്ഞെടുത്തിരുന്നു. ഇതര ദേശക്കാർക്ക് ഈ നാടിനെ നേരിൽ കണ്ടറിയുന്നതിനു പൈതൃക വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ സാധിക്കും. പ്രാദേശിക ചരിത്രവും പൈതൃകപഠനവും ലക്ഷ്യമാക്കി പതിനൊന്നു വർഷങ്ങളായി പ്രവർത്തിക്കുന്ന കോട്ടയം നാട്ടുകൂട്ടം പഠനവേദി ‘പഴയ കോട്ടയം - പൈതൃകപദ്ധതി’ എന്ന പേരിൽ ദീർഘകാല പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ്, പുരാവസ്തുവകുപ്പ്, സാംസ്കാരിക വകുപ്പ് എന്നീ സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും ചേർന്നു രൂപീകരിക്കുന്ന വിദഗ്ദ്ധസമിതിയുടെ ചുമതലയിൽ മദ്ധ്യകാല കേരളത്തിൽ ഏറെ പ്രശസ്തമായ ഈ ജനപഥത്തിന്റെ ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക സ്വത്വവും അനാവരണം ചെയ്യുന്നതിനും വിനോദസഞ്ചാരികളിൽ എത്തിക്കുന്നതിനുമായി വികസന പദ്ധതികൾ തുടങ്ങി വയ്ക്കുന്നതിനു ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com