മാനസികാരോഗ്യ പരിരക്ഷാനിയമം കേരളത്തില്‍ നടപ്പായോ?

ലോകാരോഗ്യ സംഘടന ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീമായി നൽകിയിരിക്കുന്നത് മാനസികാരോഗ്യം ഒരു സാർവത്രിക അവകാശം (Mental Health is a Universal Right) എന്നതാണ്. 
മാനസികാരോഗ്യ പരിരക്ഷാനിയമം കേരളത്തില്‍ നടപ്പായോ?

മാനസികാരോഗ്യം ജന്മാവകാശം’ എന്ന വിഷയം ചർച്ചചെയ്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചത് കഴിഞ്ഞ മാസമാണ്. പൊതുജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന പ്രാധാന്യമെത്ര? സ്ഥാപനങ്ങളുടെ നിലവാരവും നടത്തിപ്പും സംബന്ധിച്ച മാനദണ്ഡത്തിന്റെ കരട് പോലും തയ്യാറാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഇതിനു കൃത്യമായ ഒരു മറുപടി പറയാൻ പ്രാപ്തമായിട്ടില്ല എന്നതാണ് സത്യം. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആറു വർഷം മുന്‍പ് രൂപീകരിച്ച മാനസികാരോഗ്യ പരിരക്ഷാനിയമത്തിന്റെ നടത്തിപ്പിന് ഈ നിമിഷം വരെ എത്രത്തോളം തയ്യാറായി എന്നും ആ നിയമത്തിലെ നിർദ്ദേശം അനുസരിച്ച് കേരളത്തിലെ എത്ര മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു ലൈസൻസ് നേടി എന്നും പരിശോധിച്ചാൽ മാത്രം ഈ ചോദ്യത്തിനുള്ള ഉത്തരമാകും. 2018ല്‍ തന്നെ കേരളം ഈ നിയമത്തിനു ചട്ടങ്ങളഅ‍ രൂപീകരിച്ചിരുന്നു. പക്ഷേ, അവിടെനിന്നു കാര്യമായി മുന്നോട്ടു പോയില്ല. നിയമപ്രകാരമുള്ള റിവ്യൂ ബോർഡുകൾ പേരിനു രൂപീകരിക്കുക മാത്രമാണ് ആകെ ചെയ്തത്.

ആരുടെയൊക്കെയാണ് ഉത്തരവാദിത്വങ്ങൾ

വളരെക്കുറച്ചു സംസ്ഥാനങ്ങൾ മാത്രമാണ് റിവ്യൂ ബോർഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ അഞ്ചു മേഖലകൾ തിരിച്ച്, 14 ജില്ലകൾക്കുമായി അഞ്ച് റിവ്യൂ ബോർഡുകൾ. അതുതന്നെ ഹൈക്കോടതിയുടെ ഇടപെടലും നിർദ്ദേശവുമുണ്ടായപ്പോൾ ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് ലോക മാനസികാരോഗ്യ ദിനത്തിലാണ് റിവ്യൂ ബോർഡ് ഉദ്ഘാടനം ചെയ്തത്. എത്രയും പെട്ടെന്ന് റിവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അതു ചെയ്യാതിരിക്കുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരോടുള്ള മനുഷ്യാവകാശ ലംഘനമാണെന്നും കോടതി മുന്‍പും പറഞ്ഞിരുന്നു. കേരള ലീഗൽ സർവ്വീസസ് അതോറിറ്റി(കെൽസ)യിൽനിന്നു ഹൈക്കോടതിക്കു ലഭിച്ച കത്ത് ഹർജിയായി ഫയലിൽ സ്വീകരിച്ചാണ് വിധി പുറപ്പെടുവിച്ചത്. റിവ്യൂ ബോർഡ് രൂപീകരിച്ചെങ്കിലും അതിനു പ്രവർത്തിക്കാൻ ഓഫീസും ആവശ്യമായ പണവും നൽകാൻ സർക്കാരിന്റെ പക്കലില്ല. അതുകൊണ്ട് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ മാത്രമേ ഇതിനുള്ള വിഹിതം ഉൾപ്പെടുത്തൂ എന്നതാണ് സ്ഥിതി.

കുതിരവട്ടത്തെ മാനസികചികിത്സാരോഗ്യകേന്ദ്രം
കുതിരവട്ടത്തെ മാനസികചികിത്സാരോഗ്യകേന്ദ്രം

2017 വരെ 1987-ലെ മാനസികാരോഗ്യ നിയമമാണ് നിലവിലുണ്ടായിരുന്നത്. അതനുസരിച്ചായിരുന്നു മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങളിലെ അഡ്മിഷനും ഡിസ്ചാർജ്ജുമെല്ലാം. ആ നിയമം ഇല്ലാതാവുകയും ചെയ്തു, പകരമുള്ളത് നടപ്പായിട്ടുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഡോക്ടർമാർക്ക് നിരവധി ഉത്തരവാദിത്വങ്ങൾ നൽകുന്നതിനൊപ്പം രോഗികൾക്കു മുന്‍പില്ലാതിരുന്ന പല അവകാശങ്ങളും ഉറപ്പാക്കുന്നതുകൂടിയാണ് പുതിയ നിയമം. യഥാർത്ഥത്തിൽ, ആറു വർഷം മുന്‍പ് പ്രാബല്യത്തിലായ നിയമം പുതിയതല്ല. പക്ഷേ, പുതിയ നിയമംപോലെ അപരിചിതം. സൈക്യാട്രിസ്റ്റുകൾക്കല്ലാതെ മറ്റാർക്കും ഇതിലധികം ധാരണയുമില്ല; അവരൊഴികെ അധികം ആരും ഈ നിയമം വായിച്ചിട്ടുമില്ല.

സൈക്കോളജിസ്റ്റുകൾ, പൊലീസുകാർ, ആശുപത്രികളിലെ സോഷ്യൽ വർക്കർ തസ്തികയിൽ പ്രവർത്തിക്കുന്നവ, അഭിഭാഷകർ എന്നിവര്‍ക്കും ധാരണയില്ല. ഒരേ സമയം മാനസികാരോഗ്യ ചികിത്സാമേഖലയിലെ സാമൂഹിക പ്രവർത്തനപരിചയം കൂടിയുള്ള വളരെക്കുറച്ച് അഭിഭാഷകർക്കാണ് അറിയാവുന്നത്. അവർ മറ്റുള്ളവരെ ഇതു പഠിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. പൊലീസിനു കുറച്ചു പരിശീലനമൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യണമെന്ന് അവർക്കും അറിയില്ല. മാനസികാരോഗ്യക്കുറവുള്ള ആളെ തങ്ങളുടെ ‘കയ്യിൽ കിട്ടിയാൽ’ ആശുപത്രി വരെ എത്തിക്കണമെന്ന് അറിയാം, പക്ഷേ, പിന്നീടെന്ത് ചെയ്യണമെന്നതിൽ അവ്യക്തത. പൊലീസിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട് ഈ നിയമം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗം മേധാവി ഡോ. എസ്. കൃഷ്ണൻ എഴുതിയ ‘മനോരോഗവും പൗരാവകാശവും’ എന്ന പുസ്തകമാണ് നിലവിൽ ഈ നിയമത്തെ ലളിതമായി മനസ്സിലാക്കാൻ ഈ മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്നത്.

അമ്പരപ്പൊരു പരിഹാരമല്ല

നിയമപ്രകാരം ഒരു പെൺകുട്ടിയേയോ സ്ത്രീയേയോ അഡ്മിറ്റ് ചെയ്താൽ 24 മണിക്കൂറിനകം അത് റിവ്യൂ ബോർഡിനെ അറിയിക്കണം. നല്ല നിർദ്ദേശമാണ്; അത് ആ രോഗിക്കു നല്ലതിനാണ്. പക്ഷേ, അറിയിക്കാൻ റിവ്യൂ ബോർഡ് എവിടെയാണ്? ഇത് 2018 മുതൽ കേരളത്തിലെ സ്ഥിതിയാണ്. അറിയിക്കണമെന്നു നിയമപരമായ നിർദ്ദേശം; പക്ഷേ, അറിയിക്കാൻ സംവിധാനമില്ല. റിവ്യൂ ബോർഡ് ഇല്ലാത്തതുകൊണ്ട് അറിയിച്ചില്ല എന്ന് ഡോക്ടർ രജിസ്റ്ററിൽ എഴുതിവയ്ക്കും. ഇല്ലെങ്കിൽ മെന്റൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഈ വിവരം അറിയിച്ച് ഇ-മെയിൽ അയയ്ക്കും; അതിൽ തീരും.

ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ തവണ റിവ്യൂ ബോർഡ് ചേരണം. അതിന് ബോർഡ് അംഗങ്ങളായ ഗവൺമെന്റ് സൈക്യാട്രിസ്റ്റുകൾ മൂന്നു ജില്ലകളിലുമായി ഓടിക്കൊണ്ടിരിക്കുന്നു. രോഗികൾക്ക് ഈ നിയമത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് അറിയില്ല എന്നത് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനു കാരണവുമായി. കാര്യമായ നിയമബോധന പ്രവർത്തനങ്ങളും നടക്കുന്നില്ല. ഇത് മനപ്പൂർവ്വമല്ലെന്നും സാമ്പത്തിക പരിമിതിയുണ്ടെന്നുമാണ് ഗവൺമെന്റ് നിലപാട്. റിവ്യൂ ബോർഡ് പൂർണ്ണരൂപത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ ആസ്ഥാനവും അതിന്റെ അനുബന്ധ ചെലവുകൾ, അംഗങ്ങളുടെ യാത്രപ്പടി തുടങ്ങിയതിനൊക്കെ പണം വേണം; വലിയ തുക.

ബജറ്റിൽത്തന്നെ ആരോഗ്യവകുപ്പിനു പൊതുവേ അനുവദിക്കുന്ന വിഹിതത്തിൽ വളരെച്ചെറിയ ശതമാനം മാത്രമാണ് മാനസികാരോഗ്യ വിഭാഗത്തിനുള്ളത്. കേന്ദ്ര ഗവൺമെന്റിന്റേയും സംസ്ഥാന ഗവൺമെന്റുകളുടേയും സമീപനം ഒരുപോലെയാണ്. കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ ബജറ്റിൽ 590 കോടി രൂപ മാനസികാരോഗ്യ മേഖലയ്ക്കു വകയിരുത്തിയപ്പോൾ 500 കോടിയും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിന് (നിംഹാൻസ്) ആണ് നൽകിയത്. ബാക്കി 90 കോടി രൂപ മാത്രമാണ് ഗവൺമെന്റിന്റെ മറ്റ് മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങൾക്കു വീതിച്ചു കിട്ടിയത്. അങ്ങനെയുള്ള പക്ഷപാതപരമായ സമീപനമാണ് നിലനിൽക്കുന്നത്. ആനുപാതികമായി അർഹത നോക്കിയല്ല വീതം വയ്ക്കുന്നത് എന്ന പരാതി നിലനിൽക്കുന്നു.

ഇനി പറയുന്ന രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കൂ: ആശുപത്രികൾക്കു പൊതുവേ സുരക്ഷ കുറവാണ് എന്ന പ്രചാരണവും ആശങ്കയും നിലനിൽക്കുന്നു. നിയമം കൂടുതൽ ശക്തമാക്കുകയും ചെയ്തു. പക്ഷേ, ആ സുരക്ഷക്കുറവ് ഏറ്റവും അപകടകരമായ യാഥാർത്ഥ്യമായിരിക്കുന്നത് മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ്. ഇതെഴുതുന്നതിന്റെ തൊട്ടു മുന്‍പൊരു ദിവസം (ഒക്ടോബർ 27 വെള്ളിയാഴ്ച) രാത്രി തിരുവനന്തപുരം പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കു കൊണ്ടുവന്ന രോഗി അക്രമാസക്തനായി കൂടെവന്ന അച്ഛന്റെ തല കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു. തലനാരിഴയ്ക്കാണ് ഡോക്ടറും നഴ്‌സും രക്ഷപ്പെട്ടത്. നാല് സെക്യൂരിറ്റി ജീവനക്കാർ വേണ്ടിടത്ത് രണ്ടുപേർ മാത്രമാണ് രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. അവർ രണ്ടുപേരും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാനോ മറ്റോ പോയതാകാം; പക്ഷേ, രണ്ടുപേരും ഒരേസമയം ഇല്ലാത്ത സ്ഥിതി.

രണ്ടാമത്തേത്: മാനസികാരോഗ്യ ചികിത്സാവിഭാഗത്തിൽ പ്രത്യേക പുരുഷ, സ്ത്രീ വാർഡുകളില്ലാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതിയെ പേടിയോടെയാണ് ജീവനക്കാരിൽ പലരും കൂട്ടിരിപ്പുകാരും കാണുന്നത്. പ്രത്യേകം വാർഡുകൾ ഉണ്ടായിരുന്നതാണ്. ഇപ്പോൾ കെട്ടിടം പൊളിച്ചു പണി നടക്കുന്നതുകൊണ്ട് മെഡിക്കൽ വാർഡിനകത്താണ് ഈ വിഭാഗത്തിലെ രോഗികളുടേയും ഐ.പി വിഭാഗം. 375 പേർക്ക് കിടക്കാവുന്ന സ്ഥലത്ത് സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ നാനൂറോളം പേർ കിടക്കുന്നു. ഇത് ഇനിയും രണ്ട് മൂന്നു വർഷം തുടരേണ്ടിവരും. അക്രമാസക്തരാകാൻപോലും സാധ്യതയുള്ള രോഗികളടക്കമാണ് ഇങ്ങനെ കുറഞ്ഞ സൗകര്യത്തിൽ കൂടുതൽ പേർ, ഈ വിഭാഗത്തിൽപ്പെടുന്ന രോഗികളല്ലാത്തവരുൾപ്പെടെ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യമില്ലാതെ കഴിയുന്നത്. ദുരന്തങ്ങളൊന്നും സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസത്തിലാണ് ഈ വിധം മുന്നോട്ടു പോകുന്നത്. മാനസികാരോഗ്യ വിഭാഗത്തിലെ ഐ.പി വിഭാഗത്തിൽ ചികിത്സയിലുള്ളവർ എപ്പോൾ വേണമെങ്കിലും രൂക്ഷമായി പ്രതികരിക്കാം, അക്രമാസക്തരാകാം. അത് അവർ വേണമെന്നു വെച്ചു ചെയ്യുന്നതല്ല എന്നും അവരുടെ രോഗാവസ്ഥ അവരെക്കൊണ്ടു ചെയ്യിക്കുന്നതാണെന്നും എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, അവരും മറ്റുള്ളവരും സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം രോഗമില്ലാത്ത സംവിധാനങ്ങൾക്കുണ്ട്. അതാണ് നിർവ്വഹിക്കപ്പെടാതിരിക്കുന്നത്.

ഇത്തരം ആശുപത്രികൾക്കൊക്കെ പുതിയ നിയമത്തിന്റെ ശരിയായ നടപ്പാക്കൽ വളരെ പ്രയോജനപ്രദമാണ്. മാനസികാരോഗ്യ ചികിത്സ, രോഗികളുടെ എല്ലാ അവകാശങ്ങളും ഉൾക്കൊണ്ടുകൊണ്ട് നടപ്പാക്കുന്നു. രോഗികൾക്കും ചികിത്സിക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷ നൽകുന്നു, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ ചികിത്സകളിൽ നിന്നുൾപ്പെടെയുള്ള സുരക്ഷ. പക്ഷേ, നിയമം എന്നു നടപ്പാക്കിത്തുടങ്ങാനാകും എന്ന് ഉറപ്പില്ലെങ്കിൽ ഈ പറയുന്നതിലൊക്കെ എന്തർത്ഥം.

ഇങ്ങനെയൊരു കാലം വരുമോ?

ഇതുവരെയുള്ളതിൽനിന്നു വളരെ വ്യത്യസ്തമാണ് ഇനി രോഗികളുടെ അവകാശങ്ങളും അവരോടുള്ള സമീപനവുമെന്ന ശുഭപ്രതീക്ഷയാണ് പരിരക്ഷാനിയമത്തിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാവുക. ഒരാൾക്ക് സ്വയം മാനസികാരോഗ്യ ചികിത്സ വേണമെന്നു തോന്നുകയും അയാൾ (അവർ) നേരിട്ടു ചെന്ന് അഡ്മിറ്റു ചെയ്തു ചികിത്സ ആവശ്യപ്പെടുകയും ചെയ്താൽപ്പോലും അത് അംഗീകരിക്കണം. പക്ഷേ, നിയമത്തിലെ ഇത്തരം വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വരുന്നതാണ് നിലവിലെ സ്ഥിതി. ഉള്ള സൗകര്യത്തിലുമധികം രോഗികൾ തിങ്ങിക്കഴിയുന്നിടത്ത് കൂടുതൽ രോഗികളെ താങ്ങാനാകില്ല. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും കൂടണം. ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുപോകാനും അവകാശം നൽകുന്നുണ്ട് പുതിയ നിയമം. ഇപ്പോഴത്തേക്കാൾ തുറന്ന സമീപനം. ഇൻഡിപെന്‍ഡന്റ് അഡ്മിഷൻ എന്നാണ് ഇതിനു പേര്. സപ്പോർട്ടഡ് അഡ്മിഷൻ വേറെയുണ്ട്. രോഗിക്ക് താൻ രോഗിയാണെന്ന് അറിയാത്ത സ്ഥിതിയിൽ ആളുകൾ ആശുപത്രിയിൽ എത്തിക്കുന്നവരുടെ അഡ്മിഷൻ. അതിൽ രോഗിക്ക് പിന്തുണ ആവശ്യമുണ്ട്. സപ്പോർട്ടഡ് അഡ്മിഷനിൽ നോമിനേറ്റഡ് റെപ്രസെന്റേറ്റീവ് എന്ന ഒരു സംഗതിയുണ്ട്. മുൻ നിയമത്തിൽ ഇല്ലാത്തതാണ് ഇത്. രോഗി തെളിഞ്ഞ ബോധത്തോടെയുള്ള സമയത്ത് ഒരാളെ നാമനിർദ്ദേശം ചെയ്യാം; തനിക്ക് മാനസിക രോഗം ഉണ്ടാവുകയും ആ സമയത്ത് ചികിത്സയുടെ കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാൻ പറ്റാതെ വരികയുമാണെങ്കിൽ ഈ ആളാണ് എന്റെ ചികിത്സയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് മുൻകൂർ നാമനിർദ്ദേശം. ഇത് രജിസ്റ്റർ ചെയ്യുകയും ചികിത്സാ സമയത്ത് ഡോക്ടർക്ക് ലഭ്യമാവുകയും വേണം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ രോഗിയെ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിയുടെ വിവരം ഓൺലൈനിൽ അവിടെ കിട്ടും. ഭാവിയിൽ തനിക്കു രോഗം വന്നാൽ ഏതൊക്കെ രീതിയിൽ ചികിത്സിക്കണം, ഏതൊക്കെ രീതിയിൽ ചികിത്സിക്കരുത്, ഇന്ന സ്ഥാപനത്തിൽ കൊണ്ടുപോകരുത് തുടങ്ങിയ മുൻകൂർ നിർദ്ദേശങ്ങൾ എഴുതിവയ്ക്കാനും ഇതുപ്രകാരം കഴിയും.

Caption
Caption

മാനസികരോഗമുള്ള വ്യക്തിയുടെ രോഗനിർണ്ണയത്തേയും ചികിത്സയേയും കുറിച്ചുള്ള വിവരങ്ങൾ തേടാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾക്ക് അവകാശമുണ്ട്. മാനസികരോഗമുള്ള വ്യക്തിക്കുവേണ്ടിയുള്ള വിവിധതരം പുനരധിവാസ സേവനങ്ങളിലും ഈ ആൾക്ക് പങ്കുണ്ട്. ആശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ്ജ്, രോഗിക്കുവേണ്ടി ബന്ധപ്പെട്ട ബോർഡിന് അപേക്ഷ നൽകുക, രോഗിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ ഇടപെടുക, രോഗിക്ക് അനുയോജ്യരായ പരിചാരകരെ നിയമിക്കുക, ചില സാഹചര്യങ്ങളിൽ രോഗിയെ ഗവേഷണങ്ങളുടെ ഭാഗമാക്കാൻ അനുമതി നൽകുകയോ അല്ലെങ്കിൽ ഗവേഷണത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനം തടയുകയോ ചെയ്യുക തുടങ്ങിയതൊക്കെ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശങ്ങളാണ്.

മാനസികരോഗമുള്ള വ്യക്തിക്ക് സാമൂഹിക ജീവിതത്തിനുള്ള അവകാശം, ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങളിൽനിന്നു സംരക്ഷിക്കപ്പെടാനുള്ള അവകാശം, തുല്യതയ്ക്കും വിവേചനമില്ലായ്മയ്ക്കുമുള്ള അവകാശം, വിവരങ്ങൾ അറിയാനുള്ള അവകാശം, സ്വകാര്യതയ്ക്കും രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടാനുമുള്ള അവകാശം, വിവരങ്ങൾ പുറത്തുവിടാതിരിക്കാനുള്ള അവകാശം, ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനുള്ള അവകാശം, വ്യക്തിബന്ധത്തിനും ആശയവിനിമയത്തിനുമുള്ള അവകാശം, നിയമസഹായം ലഭിക്കുന്നതിനുള്ള അവകാശം, ലഭിക്കുന്ന സേവനങ്ങളിലെ അപാകതകളെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം എന്നിവ നിയമം ശക്തമായി വ്യവസ്ഥ ചെയ്യുന്നു. മാനസികരോഗമുള്ളവരെ സമൂഹത്തിലും അവരുടെ കുടുംബത്തോടൊപ്പവും ജീവിക്കാൻ സഹായിക്കുന്ന രീതിയിലുള്ള ചികിത്സ ആയിരിക്കണം നൽകേണ്ടത് എന്നു നിയമം നിർദ്ദേശിക്കുന്നു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ മാനസികരോഗ ചികിത്സാ സ്ഥാപനത്തിലെ ദീർഘകാല സേവനം ഉപയോഗിക്കുന്നുള്ളൂ എന്ന് സർക്കാർ ഉറപ്പാക്കണം. കമ്യൂണിറ്റി അധിഷ്ഠിത ചികിത്സ പരാജയപ്പെട്ടതായി കാണുമ്പോൾ അവസാന ശ്രമമായി മാത്രമാണ് ഇത് പരിഗണിക്കേണ്ടത്.

ലോകത്തിനൊപ്പം

ഐക്യരാഷ്ട്ര പൊതുസഭ 2006 ഡിസംബർ 13-ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി ഒരു പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായി ഒരു രേഖയും ആ സമ്മേളനം അംഗീകരിച്ചു. ഈ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി യോഗം (യു.എൻ.സി.ആർ.പി.ഡി) ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. വിവിധതരം ‘വൈകല്യങ്ങൾ’ ഉള്ള വ്യക്തികൾക്കും മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും അനുഭവിക്കാനുള്ള അർഹതയും സ്വാതന്ത്ര്യവും യു.എൻ.സി.ആർ.പി.ഡി വ്യക്തമാക്കുന്നു. 2007 ഒക്ടോബറിൽ ഇന്ത്യയും ഒപ്പുവച്ച് ഈ കരാറിന്റെ ഭാഗമായി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ലോകമാകെ മാനസികാരോഗ്യ ചികിത്സയിൽ ഉണ്ടായ വലിയ മാറ്റത്തിന്റെ ഭാഗമായ നിയമം ഉണ്ടായത്. ഏറ്റവും നല്ല നിയമങ്ങളിലൊന്നായാണ് അന്നു മുതൽ പ്രകീർത്തിക്കപ്പെടുന്നത്. അതേസമയം കുറച്ചു ജനങ്ങളുള്ള ചെറിയ രാജ്യങ്ങളിൽ നടപ്പാക്കാൻ എളുപ്പമാണെന്നും ഇന്ത്യയെപ്പോലെ ഇത്ര വലുതും ഇത്രയധികം ജനങ്ങളുള്ളതുമായ രാജ്യത്ത് നടപ്പാക്കാൻ എളുപ്പമല്ല എന്ന് തുടക്കം മുതൽത്തന്നെ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

2017-ലെ നിയമത്തിൽ സൈക്കോളജിസ്റ്റുകൾക്കും കുറച്ചുകൂടി അവകാശങ്ങളുണ്ട്. അതു നല്ലതായും മോശമായും എടുക്കാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട് അവര്‍ക്കിടയില്‍. കാരണം, കേരളത്തിലും രാജ്യത്തു പൊതുവേയും മനശ്ശാസ്ത്ര ചികിത്സ ബാലിശമായ സാഹചര്യം കടന്നിട്ടില്ല എന്ന അഭിപ്രായമുള്ളവർ മനോരോഗ ചികിത്സാ മേഖലയിൽ വളരെ കൂടുതലാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പല രാജ്യങ്ങളിലും സൈക്യാട്രി വിഭാഗത്തിനൊപ്പം തന്നെയാണ്. ഇവിടെ പക്ഷേ, അവർക്ക് രോഗീപരിചരണത്തിലുൾപ്പെടെ വേണ്ടത്ര പരിശീലനമില്ല. പരിശീലനമുണ്ട് എന്നാണ് വയ്പ്; പക്ഷേ, പ്രയോഗത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ സൈക്കോളജിസ്റ്റുകളിൽ കുറേപ്പേരെങ്കിലും വേണ്ടത്ര മികവില്ലാത്തവരാണ് എന്ന അനുഭവവും മനോരോഗ ചികിത്സാമേഖലയിലുള്ളവർ പറയുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യ്ക്ക് സൈക്കോളജിയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുണ്ട്. അത് പഠിച്ചവരാണ് പ്രായോഗിക പരിശീലനമില്ലാത്തവരും സൈക്കോളജി ചികിത്സാമേഖലയുടെ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നവരും എന്നാണ് വിമർശനം. എന്നാൽ, ഇതിനോട് സൈക്കോളജിസ്റ്റുകൾ യോജിക്കുന്നില്ല. ഈ ‘പോര്’ കാലങ്ങളായി നിലനിൽക്കുന്നു. സൈക്കോളജി ന്യൂറോ സയൻസിന്റെ തന്നെ ഭാഗമാണെന്നും അത് തപാലിൽ പഠിക്കേണ്ടതല്ല എന്നുമാണ് വിമർശകരുടെ നിലപാട്. ഒക്യുപേഷനൽ സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിങ്ങനെ മൂന്ന് സ്‌പെഷ്യാലിറ്റിയുമുണ്ട്, ഇഗ്നോ കോഴ്‌സിൽ. പേരു കേട്ടാൽ തോന്നുന്ന നിലവാരമില്ലാത്തതാണ് ഈ വിദൂര വിദ്യാഭ്യാസ സ്‌പെഷ്യാലിറ്റികൾ എന്നാണ് ആക്ഷേപം. പക്ഷേ, ഈ സൈക്കോളജിസ്റ്റുകൾ മാനസികാരോഗ്യനിയമത്തിന്റെ പരിധിയിൽ വരുന്നില്ല. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവരാണ് ഈ നിയമത്തിനു കീഴിൽ വരുന്നത്. അവർ കുറവുമാണ്. അല്ലാത്തവർക്ക് ഒ.പി ചികിത്സ നടത്താം. .പി ഉൾപ്പെടെ മനസ്സിന്റെ രോഗാവസ്ഥ ചികിത്സിക്കുന്ന ഏതു ചികിത്സാ വിഭാഗത്തിനു കീഴിൽ നടത്തുന്ന സ്ഥാപനവും ഈ നിയമത്തിന്റെ പരിധിയിൽ വരും. രോഗിയുടെ സമീപസ്ഥലങ്ങളിൽ സർക്കാർ ആശുപത്രി ഇല്ലെങ്കിൽ, സ്വകാര്യ ആശുപത്രി മാത്രമാണുള്ളതെങ്കിൽ അവിടെ ചികിത്സിച്ചിട്ട് ബില്ല് കൊടുത്താൽ സർക്കാർ ആ പണം രോഗിക്ക് തിരികെ നൽകണമെന്ന് ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

രജിസ്ട്രേഷന്‍ ആശുപത്രികള്‍ക്കില്ല

എല്ലാ മാനസികാരോഗ്യ ചികിത്സാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം എന്നതാണ് 2017-ലെ നിയമത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്. അതായത് പ്രവർത്തിക്കാൻ ലൈസൻസ് വേണം. മുന്‍പ് ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ആവശ്യമായിരുന്നില്ല. മെഡിക്കൽ കോളേജുകളും മനോരോഗ വിഭാഗം കൂടിയുള്ള മറ്റ് ആശുപത്രികളും മറ്റും രജിസ്റ്റർ ചെയ്യുമ്പോൾ മനോരോഗ വിഭാഗം മാത്രമല്ല, സ്ഥാപനം മുഴുവനായും രജിസ്റ്റർ ചെയ്യണം. കാരണം, മനോരോഗ ചികിത്സാ വിഭാഗത്തിൽ മാത്രമല്ല, മറ്റുള്ള ഏതു വിഭാഗത്തിലെ രോഗിക്കും മാനസികാരോഗ്യ ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നില്ല. ഉദാഹരണത്തിന്, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗിക്ക് അവിടെവെച്ച് ഐ.സി.യു സൈക്കോസിസ് എന്ന മനസ്സിന്റെ രോഗം വന്നുകൂടെന്നില്ല. തലച്ചോറിൽ ഒരു ചെറിയ സമ്മർദ്ദം ഉണ്ടായാൽപ്പോലും മാനസികാരോഗ്യത്തിനു തകരാർ സംഭവിക്കാം എന്നാണ് വിദഗ്ദ്ധർ താക്കീതു ചെയ്യുന്നത്. അതുകൊണ്ട് ശ്രീചിത്ര പോലുള്ള ഹൃദയ, ന്യൂറോ ചികിത്സാ സ്ഥാപനങ്ങളും ആർ.സി.സി പോലുള്ള കാൻസർ ചികിത്സാ സ്ഥാപനങ്ങളും ഉൾപ്പെടെ ഏത് ആശുപത്രിയും ഈ ലൈസൻസ് നേടാൻ ബാധ്യസ്ഥമാണ്. പക്ഷേ, ആറു വർഷമായിട്ടും നിയമത്തെക്കുറിച്ച് ധാരണയില്ലാതേയോ അതിനു ഗൗരവം കൊടുക്കാതേയോ ആണ് ഗവൺമെന്റ് സ്ഥാപനങ്ങളുൾപ്പെടെ പ്രവർത്തിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിനു മാത്രമാണ് നിലവിൽ രജിസ്‌ട്രേഷനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇക്കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ ഫീസിനുള്ള പണം അനുവദിച്ചു. 7500 രൂപയാണ് ഫീസ്. മെന്റൽ ഹെൽത്ത് അതോറിറ്റിയിലാണ് അടയ്ക്കേണ്ടത്.

രജിസ്‌ട്രേഷനില്ലാത്ത സ്ഥാപനങ്ങളിൽ മാനസികരോഗമുള്ളവരെ ചികിത്സിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമവിരുദ്ധമാണ്. ആ രോഗിയെ രജിസ്‌ട്രേഷനുള്ള സ്ഥാപനത്തിലേക്കു മാറ്റുകയാണ് വേണ്ടത്. ലൈസൻസുള്ള സ്ഥാപനത്തിലെ ഡോക്ടർ ലൈസൻസില്ലാത്ത സ്ഥാപനത്തിൽ പോയി രോഗിയെ ചികിത്സിക്കുന്നതും ശിക്ഷാർഹമാണ്. മാനസികാരോഗ്യ ചികിത്സയിൽ ഒ.പി മാത്രം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ രജിസ്‌ട്രേഷൻ വേണ്ട. പക്ഷേ, അതിന് ഒരു പ്രശ്നമുള്ളതായി ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും മാനസികാരോഗ്യ ചികിത്സ കൊടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകാം. അഡ്മിഷൻ ജനറൽ മെഡിസിനിലാണെങ്കിലും പുറത്തേക്കു സർട്ടിഫിക്കേറ്റ് കൊടുക്കുമ്പോൾ മാനസികാരോഗ്യ ചികിത്സയെക്കുറിച്ച് എഴുതേണ്ടിവരും. ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്ക് ഇൻഷുറൻസ് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ നിയമപ്രകാരം മാനസികാരോഗ്യവും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വന്നതോടെ കമ്പനികൾ നിർബ്ബന്ധിതരായതാണ്. പക്ഷേ, അഡ്മിറ്റ് ചെയ്ത് ചികിത്സയ്ക്ക് അനുമതി ഇല്ലാത്ത ആശുപത്രിയിൽനിന്നുള്ള സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കൊടുക്കാൻ അവർ തയ്യാറാകില്ല.

ഈ റിപ്പോര്‍ട്ട് കൂടി വായിക്കാം:

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com