കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍

കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍

ണ്ണെത്താദൂരം പച്ചപ്പ്. ചമ്പക്കുളത്തുനിന്നും കണ്ടംകരിയിലേക്കുള്ള പാതയോരം കടന്ന് മണ്‍പാത. പച്ചവിരിപ്പിലെ വെള്ളിയരഞ്ഞാണം പോലെ തോന്നിക്കുന്ന ചെറുവഴിക്കിരുവശവും നെല്‍ക്കതിരുകള്‍ കാറ്റില്‍ പറന്നുചായുന്നു. കണ്ടം അതിര്‍വരമ്പായ ഒരു തുരുത്തിനൊടുവിലാണ് മുണ്ടയ്ക്കല്‍ മാത്തച്ചന്റെ വീട്. ഛായം മങ്ങിയ പഴമയുടെ ഭംഗിയുള്ള കുട്ടനാടന്‍ വീട്. നിരപ്പോട് ചേര്‍ന്ന തറയിലെ റെഡ് ഓക്സൈഡിന്റെ നിറം മങ്ങിയിട്ടുണ്ട്. ചുവരുകളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍. മുറിയോരത്ത് ബൈബിള്‍. ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍. മേശവലിപ്പില്‍ വാരികകള്‍. ആ വീട്ടിലെ സ്വീകരണമുറിയിലിരുന്നാല്‍ കൈത്തോട്ടിലെ ഓളപ്പാട് കാണാം. അതിനപ്പുറം വിശാലമായ നെല്‍പ്പാടവും. വെള്ളവും ജീവിതവും അണമുറിയാതെ ഒഴുകുകയാണിവിടെ.

മാത്യൂസ്
മാത്യൂസ്

അഞ്ചേക്കറില്‍ നെല്‍ക്കൃഷിയുണ്ട് മാത്യു തോമസിന്. പിന്നെ സ്വല്പം ജൈവക്കൃഷിയും. കര്‍ഷകരുടെ പ്രശ്നങ്ങളൊക്കെ പറഞ്ഞ് പഴങ്കഥയായതാണെന്ന മുഖവുരയോടെ മാത്തച്ചന്‍ പറഞ്ഞുതുടങ്ങി.

നെല്ല് സംഭരണം സംബന്ധിച്ചാണല്ലോ ഇപ്പോള്‍ വിവാദം. മാറേണ്ടത് കൃഷിയോടുള്ള രണ്ടാംനയ സമീപനമാണ്. അതിനും മുന്‍പ് ഈ കുട്ടനാട്ടില്‍ എങ്ങനെയാണ് നെല്ലെടുത്തിരുന്നതെന്നറിയണം. പണ്ടൊക്കെ നെല്ല് സംഭരിക്കുന്നത് കര്‍ഷകര്‍ തന്നെയാണ്. പുഴുങ്ങാന്‍ ചിലരുണ്ടാകും. അവരുടെ ജോലി അതു മാത്രമാണ്. കര്‍ഷരുടെ കയ്യില്‍നിന്ന് അവര്‍ ചെറിയതോതില്‍ നെല്ലെടുക്കും. ചെറിയതോതിലെന്ന് പറഞ്ഞാല്‍ 50 പറയൊക്കെ കാണും. അത് ഉണക്കി പുഴുങ്ങിക്കുത്തി വില്‍ക്കും. വിറ്റുകിട്ടുമ്പോള്‍ ആ പൈസയില്‍നിന്ന് കര്‍ഷകന് നെല്ലിന്റെ പൈസ കൊടുക്കും. ചെറിയൊരു ലാഭം അവരുമെടുക്കും. ഇതായിരുന്നു ആദ്യരീതി. പിന്നീട് കുറച്ചുകൂടി വിപുലമായ സംവിധാനം വന്നു. കുറേക്കൂടി അളവില്‍ നെല്ലെടുക്കാന്‍ തുടങ്ങി. അതോടെ അളവ് പറ മാറി ക്വിന്റലായി. മില്ലുകളുടെ വരവ് അതിനും ശേഷമാണ്. മില്ലുകള്‍ കര്‍ഷകന്റെ കയ്യില്‍നിന്ന് നേരിട്ട് നെല്ലെടുക്കാന്‍ തുടങ്ങി. അപ്പോള്‍ അടുത്ത പ്രശ്നം വിലയാണ്. വിലപേശലിനൊടുവില്‍ അന്നും കര്‍ഷകനാണ് നഷ്ടം. തൊടുന്യായങ്ങള്‍ പറഞ്ഞ് അവര്‍ വില കുറയ്ക്കും. മറ്റു വഴികളില്ലാത്തതിനാല്‍ കര്‍ഷകന്‍ അത് കിട്ടുന്ന വിലയ്ക്ക് കൊടുക്കും. ഈ പ്രശ്നം രൂക്ഷമായപ്പോഴാണ് വില ഏകീകരണം വന്നത്. പാടശേഖരസമിതികളും വന്നു.

കണ്ടംകരിയിലെ പാടം
കണ്ടംകരിയിലെ പാടം

അന്നും പാടശേഖരസമിതികള്‍ ചെയ്തിരുന്നത് സപ്ലൈകോ ഇപ്പോള്‍ ചെയ്തിരുന്നതു തന്നെയാണ്. കൊയ്തെടുത്ത് വാരിയ നെല്ല് സംഭരിച്ചുവയ്ക്കും. അതിനുശേഷം മില്ലുകാരുമായി വിലപേശും. അതും നല്ല നീക്കമായിരുന്നു. സമിതി നിശ്ചയിക്കുന്ന വില കര്‍ഷകന് കിട്ടും. ഇനി അതല്ല കര്‍ഷകന് വേണമെങ്കില്‍ വിപണിയില്‍ കൊടുക്കണമെങ്കില്‍ അതുമാകാം. അന്ന് കോര്‍പറേറ്റീവ് സൊസൈറ്റികള്‍ വഴി കാര്‍ഷികവായ്പയും കിട്ടും. കൃത്യമായി തിരിച്ചടവുണ്ടാകുമെന്നതിനാല്‍ സൊസൈറ്റികള്‍ക്കും അത് നല്ലതായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണെന്ന് തോന്നും ഇപ്പോഴത്തെ പദ്ധതി വരുന്നത്. അന്നാണ് കേരളത്തിലെ നെല്ലുസംഭരണത്തിന്റെ ചുമതല സപ്ലൈകോ ഏറ്റെടുക്കുന്നത്. അന്നവര്‍ക്ക് നെല്ല് കൊടുത്ത ആദ്യ കര്‍ഷകരിലൊരാളാണ് ഞാന്‍. കുറേ എഴുത്തും കുത്തുമായി നടന്നെങ്കിലും പൈസ കിട്ടി. ആദ്യവര്‍ഷങ്ങളില്‍ വലിയ കുഴപ്പമില്ലാതെ പോയി. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സംവിധാനം പാടേ തകര്‍ന്നു.

അതിന്റെ കാര്യം ഞാന്‍ പറയാം. ബാങ്കുകളില്‍നിന്ന് പി.ആര്‍.എസ്. (നെല്ല് കൈപ്പറ്റ് രസീത്) വായ്പയെടുത്തിട്ടാണ് ഞാനുള്‍പ്പെടെ എല്ലാവരും കൃഷിയിറക്കുന്നത്. സംഭരിച്ചുകഴിഞ്ഞ് നെല്ലിന്റെ പൈസ അക്കൗണ്ടില്‍ വരും. കാനറ ബാങ്കിലാണ് എനിക്ക് അക്കൗണ്ടുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, ഒരു തവണ ബാങ്കില്‍ ചെന്നപ്പോള്‍ അക്നോളജ്മെന്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ തുക ഡ്യൂസ് എന്ന് രേഖപ്പെടുത്തിയിരുന്നു. മാനേജരെ കണ്ടപ്പോഴാണ് അറിയുന്നത് സര്‍ക്കാര്‍ വിഹിതം ഇതുവരെ അടച്ചിട്ടില്ലെന്ന്. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞെങ്കിലും തൊട്ടടുത്ത വര്‍ഷം വായ്പ തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അതായത് കൃഷിക്കാരന് അവന്‍ വിളയിച്ചെടുത്ത നെല്ലിന്റെ വില പോലും വായ്പയായാണ് തരുന്നത്. ഉല്പന്നത്തിന്റെ വില എന്ന രീതിയിലല്ല, മറിച്ച് വായ്പ എന്ന നിലയിലാണ്. ഈ സംവിധാനം താമസിയാതെ കുഴപ്പമാകുമെന്ന് അന്നേ തോന്നിയിരുന്നു. ആ സംശയം ഞാന്‍ മാനേജറോട് ചോദിക്കുകയും ചെയ്തു. അതായത് ഈ കുടിശിക എന്റെ പേരില്‍ വരുമ്പോള്‍ എന്റെ സിബില്‍ സ്‌കോറിനെ ബാധിക്കില്ലേ. ഈ ബ്രാഞ്ചില്‍ വന്നാല്‍ കുഴപ്പമില്ല. മറ്റേതെങ്കിലും ബാങ്ക് ശാഖകളില്‍ പോയാല്‍ അത് പ്രശ്നമാകുമെന്നായിരുന്നു മാനേജറുടെ മറുപടി. പക്ഷേ, തൊട്ടടുത്ത വര്‍ഷം വലിയ പ്രശ്നമുണ്ടായില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാവണം പൈസ സര്‍ക്കാര്‍ ബാങ്കുകളില്‍ അടച്ചു. വായ്പയും കിട്ടി. എങ്കിലും കുടിശിക അങ്ങനെതന്നെ നില്‍ക്കുന്നു.

ഇനി, ഇപ്പോഴത്തെ സംഭരണത്തില്‍ പറ്റിയത് നോക്കാം. ഇവിടുത്തെ കാര്യമാണ് പറയുന്നത്. പാലക്കാടൊന്നും ഇതായിരിക്കില്ല സ്ഥിതി. ഇവിടെ രണ്ടു മാസമാണ് കൊയ്ത്തു സീസണ്‍. ഒരുമാസത്തിന്റെ തുടക്കം ഒന്നു മുതല്‍ 30 ദിവസം വരെയാണ് പി.ആര്‍.എസ് എടുക്കുക. തൊട്ടടുത്ത മാസവും അങ്ങനെ തന്നെ. ഏറ്റവും അവസാനത്തെ നെല്ല് കയറിപ്പോയാല്‍ മാത്രമേ പി.ആര്‍.എസ് നടപടികള്‍ തുടങ്ങൂ. ആദ്യം തന്നെ കൊയ്തവരുടെ പി.ആര്‍.എസ് പ്രോസസിങ് നടന്നു. പിന്നീടുള്ളവരുടെ പൈസ കിട്ടിയില്ല. ഇനി കിട്ടിയത് തന്നെ സംസ്ഥാന വിഹിതമാണ് കിട്ടിയത്. അതായത് സംസ്ഥാനം നല്‍കേണ്ട ഏഴു രൂപയാണ് ഇപ്പോള്‍ കൃഷിക്കാര്‍ക്ക് കിട്ടിയത്. ബാക്കി കിട്ടാനുമുണ്ട്. അടുത്ത കൃഷിയിറക്കാനും ജീവിതച്ചെലവിനും കടമെടുക്കണം. ഇല്ലെങ്കില്‍ പലിശയ്ക്കെടുക്കണം- അതാണ് അവസ്ഥ. കൃഷിക്കാരന്‍ എന്നും കടക്കാരനാണ്- മാത്യുസ് പറഞ്ഞുനിര്‍ത്തി.

സംഭരണം എങ്ങനെ?

കൃഷിമന്ത്രി പി. പ്രസാദും വ്യവസായമന്ത്രി പി. രാജീവും വേദിയിലിരിക്കെ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ തുക കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാത്തതിനെ വിമര്‍ശിച്ച നടന്‍ ജയസൂര്യയുടെ പ്രസംഗമാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം ലഭ്യമാകാത്തതാണ് പ്രശ്നത്തിന്റെ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്ന് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. നെല്ല് സംഭരണ പ്രക്രിയയുടെ പ്രശ്‌നങ്ങള്‍, വായ്പയായി കര്‍ഷകര്‍ക്കുള്ള തുക നല്‍കുന്നതിലെ അപാകതകള്‍, തുക നല്‍കുന്നതിലെ കാലതാമസം സൃഷ്ടിക്കുന്ന ബാധ്യതകള്‍, കൃഷിയോടുള്ള രണ്ടാംതരം സമീപനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് നെല്‍ക്കര്‍ഷകര്‍ നേരിടുന്നത്.

കൊയ്ത്തിനു ശേഷം
കൊയ്ത്തിനു ശേഷം

കേരളത്തില്‍ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത് സപ്ലൈകോയ്ക്കാണ്. സപ്ലൈകോ മില്ലുകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. സിവില്‍ സപ്ലൈസ് നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നല്‍കുമ്പോള്‍ കേന്ദ്രവിഹിതം സപ്ലൈകോയുടെ അകൗണ്ടിലേക്കു വരും. ഇത് സംസ്ഥാന വിഹിതവും (7 രൂപ) ചേര്‍ത്ത് കര്‍ഷകരുടെ അക്കൗണ്ടിലേക്കു നല്‍കുന്ന രീതിയാണ് നിലവില്‍ സ്വീകരിച്ചുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20 രൂപ 40 പൈസ കേന്ദ്ര താങ്ങുവിലയായി നല്‍കുന്നു.

ഉല്പാദനച്ചെലവ് കൂടുതലായ കേരളത്തില്‍ ഭൂമിയുടെ പാട്ടനിരക്കും തൊഴിലാളികളുടെ കൂലിനിരക്കും കൂടുതലാണ്. ഇത് കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ഏഴ് രൂപ എണ്‍പത് പൈസ നല്‍കുന്നത്. എന്നാല്‍, ഈ തുക ലഭിക്കുന്നതിനെടുക്കുന്ന കാലതാമസമാണ് പ്രശ്‌നം. മില്ലുകള്‍ ഏറ്റെടുക്കുന്ന നെല്ല് കുത്തി നമ്മുടെ തന്നെ പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത് കഴിയുമ്പോള്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍നിന്നും താങ്ങുവില പ്രകാരമുള്ള തുക ലഭിക്കുകയുള്ളൂ. ആ ഒരു കാലതാമസം കര്‍ഷകരുടെ കയ്യില്‍ പണമെത്തുന്നതിനെ വൈകിപ്പിക്കുന്നു.

2023 ഏപ്രില്‍ മാസം മുതല്‍ സംഭരിച്ച നെല്ലിനു നല്‍കേണ്ട തുകയില്‍ കുടിശ്ശികയുണ്ടെന്ന് പറയുന്നു കര്‍ഷകര്‍. ഒട്ടുമുക്കാല്‍ കര്‍ഷകര്‍ക്കും തുക കിട്ടിയെന്നും ബാക്കിയുള്ളവര്‍ക്ക് കിട്ടാത്തത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നും സര്‍ക്കാര്‍ പറയുന്നു. നിയമസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നല്‍കിയ മറുപടി പ്രകാരം 2023 ജൂലൈ 31 വരെ സപ്ലൈകോ 731184 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിനുവേണ്ട ആകെ തുകയായ 2070.71 കോടി രൂപയില്‍ 1637.83 കോടി കൊടുത്തുതീര്‍ത്തിട്ടുണ്ട്. 433 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

സെപ്റ്റംബറില്‍ കുറച്ച് തുകയേ നല്‍കാനുള്ളൂ എന്ന് സര്‍ക്കാര്‍ വാദം കണക്കിലെടുത്താല്‍ പോലും കര്‍ഷകനെ സംബന്ധിച്ച് അത് വലിയ പ്രശ്നമാണെന്നു പറയുന്നു ചമ്പക്കുളം നെല്ലുല്പാദന ഏകോപനസമിതിയുടെ സെക്രട്ടറിയായ വര്‍ഗീസ് എം.കെ. വയലിലെ പണിക്ക് വരമ്പത്തു തന്നെ കര്‍ഷകന്‍ രൊക്കം കൂലി കൊടുക്കണം. വിത മുതല്‍ രൊക്കമാണ് പൈസ കൊടുക്കേണ്ടത്. വിഷമായാലും വളത്തിനായാലും രൊക്കം പൈസ കൊടുക്കണം. കൊയ്ത്തുമെഷീന്റെ വാടകയും രൊക്കം. കര്‍ഷകരെ സംബന്ധിച്ച് ഒരു വിള കഴിഞ്ഞ് അടുത്ത വിളയിറക്കുന്നതിനുള്ള ചെലവ് കൂടി ഇറക്കിയതിന് ശേഷവും സംഭരിച്ച നെല്ലിനുള്ള പണം സര്‍ക്കാര്‍ നല്‍കിയില്ല. മുന്‍പ് ചെയ്ത വിളയുടെ ആദായവുമില്ല. 45,000 രൂപയ്ക്കു മുകളില്‍ ചെലവിറക്കി ഒരു ഏക്കറില്‍ കൃഷിയിറക്കി നല്ല വിള കിട്ടിയാല്‍ പോലും പരമാവധി ലഭിക്കുന്നത് 15,000 രൂപയില്‍ താഴെയാണ്. 65000 രൂപ കിട്ടിയാല്‍ പോലും വായ്പാ പലിശയടവും ചെലവും കൂലിയും കഴിഞ്ഞ് കര്‍ഷകന് എന്ത് മിച്ചം പിടിക്കാനാണ്. അടുത്ത വര്‍ഷം ലാഭമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വീണ്ടും കൃഷിയിറക്കും. നഷ്ടം സഹിച്ച് മുന്നോട്ടുപോകും.

2006-ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്താണ് ഈ സംഭരണരീതി തുടങ്ങിയത്. കേന്ദ്രപൂളില്‍നിന്നുള്ള ഫണ്ട് കിട്ടുമ്പോള്‍ സര്‍ക്കാര്‍ സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കുന്ന രീതി. കേന്ദ്രസര്‍ക്കാരിന്റെ പൈസ കിട്ടാന്‍ മൂന്നുമാസം വരെ കാലതാമസം എടുക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വി.എസ്. സുനില്‍കുമാര്‍ മന്ത്രിയായിരിക്കുന്ന സമയത്ത് ഉടനടി പൈസ ലഭ്യമാക്കാന്‍ പി.ആര്‍.എസ് ലോണ്‍ സ്‌കീം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയില്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് വായ്പയായി നല്‍കും. സിബല്‍ സ്‌കോറിനെ ബാധിക്കുമെന്ന വിഷയമുണ്ടെങ്കിലും സമയത്ത് പൈസ കിട്ടുമായിരുന്നു. അതായത് കേന്ദ്രസര്‍ക്കാര്‍ തരണ്ട പൈസ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നിന്ന് തരും. അത് രണ്ടാഴ്ചയ്ക്കുള്ളില്‍ കിട്ടുമായിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ സംസ്ഥാനം ബാങ്കിലോട്ട് അടച്ച് ക്ലിയര്‍ ചെയ്യും. രണ്ട് മൂന്നു വര്‍ഷം നടന്നു. പിന്നീട് ഗ്യാരന്റി നല്‍കുന്ന പൈസ സംസ്ഥാന സര്‍ക്കാര്‍ ബാങ്കിന് അടയ്ക്കാതായി. കേരള വിഹിതവും സമയത്ത് അടച്ചില്ല. സ്വാഭാവികമായും ബാങ്കുകാര്‍ ലോണ്‍ നല്‍കാതായി. മുന്‍പ് ചെയ്ത വിളവിനുള്ള ആദായം ലഭിക്കാതെ വീണ്ടും കൃഷിയിറക്കേണ്ടിവരുന്നത് വന്‍ കടക്കെണിയിലേക്കാണ് കര്‍ഷകരെ തള്ളിവിടുന്നതെന്നു പറയുന്നു വര്‍ഗീസ്. കൃഷിയോടുള്ള രണ്ടാംതര സമീപനം തന്നെയാണ് പ്രശ്നം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് മാസം ശമ്പളം വൈകിയാല്‍ എന്താവും സ്ഥിതി. കര്‍ഷകര്‍ സംഘടിതരല്ലെന്നതുകൊണ്ടാവണം ഇത്തരം വീഴ്ചകള്‍ സര്‍ക്കാര്‍ നിസ്സാരമായി കാണുന്നത്- വര്‍ഗീസ് പറയുന്നു.

റിവോള്‍വിങ് ഫണ്ടിന്റെ അനിവാര്യത

പി.ആര്‍.എസ് വായ്പമേല്‍ പലിശ അടക്കേണ്ടിവരുന്നില്ലെന്നും സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിന്റെ പേരില്‍ കൃഷിക്കാരനില്‍നിന്ന് പലിശ ഈടാക്കില്ലെന്നും ബാധ്യത ഉണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ലോണ്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കാതെ കൃഷിക്കാരനില്‍നിന്നും പലിശ ഈടാക്കുന്നതോ അല്ലെങ്കില്‍ കൃഷിക്കാരനുമേല്‍ എന്തെങ്കിലും ബാധ്യത ഉണ്ടാക്കുന്നതോ ആയ സാഹചര്യം വന്നിട്ടില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. പക്ഷേ, അങ്ങനെ വരില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ചോദിക്കുന്നു കര്‍ഷകര്‍. കിട്ടാക്കടം വര്‍ദ്ധിക്കുമ്പോള്‍ ബാങ്കുകാര്‍ നടപടികളെടുക്കും. അതിന്റെ തുടക്കമെന്നവണ്ണമാണ് ഇപ്പോള്‍ വായ്പകള്‍ നിഷേധിക്കുന്നതെന്ന് പറയുന്നു കര്‍ഷകര്‍. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ കര്‍ഷകന്‍ പലിശ അടക്കം തിരിച്ചടക്കാന്‍ ബാധ്യസ്ഥനാകുന്നു എന്ന് പറയുന്ന ഒരു ബാധ്യതാപത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ടെന്ന് അവര്‍ പറയുന്നു.

പരിഹാരം ലളിതമാണെന്ന് പറയുന്നു വര്‍ഗീസ്. വിത കഴിഞ്ഞാല്‍ 45 ദിവസം മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. എത്ര ഏക്കറില്‍ എത്ര ക്വിന്റല്‍ നെല്ല് വരുമെന്ന് 60 ദിവസം മുന്‍പേ സപ്ലൈക്കോയ്ക്ക് അറിയാം. അതനുസരിച്ച് മില്ലുകളെ ഏര്‍പ്പാടാക്കി യഥാസമയം നെല്ലെടുത്ത് മാറ്റാനുള്ള സംവിധാനം ഉണ്ടാക്കണം. അത് നിസ്സാരമാണ്. സപ്ലൈകോയുമായി ബന്ധപ്പെട്ട് നെല്ലെടുക്കുന്ന മില്ലുകള്‍ക്ക് കേരളത്തിലെ മുഴുവന്‍ നെല്ലെടുത്താല്‍പോലും ഒരു സീസണില്‍ രണ്ട് മാസം പ്രവര്‍ത്തിച്ചാല്‍ മതി. അതായത് രണ്ട് സീസണില്‍ നാലുമാസം. അവര്‍ക്കും പ്രശ്നങ്ങളുണ്ട്. അവര്‍ക്ക് പ്രോസസിങ് ഫീ കുടിശികയാണ്. അത് വര്‍ഷങ്ങളായി നല്‍കിയിട്ടില്ല. ചുരുങ്ങിയ പ്രോസസിങ് ഫീസേയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ അത്തരം മില്ലുകള്‍ ആവശ്യവുമില്ല. അതിനായി ഫണ്ട് ചെലവഴിക്കേണ്ടതില്ല. ഇനി വായ്പയുടെ കാര്യത്തില്‍ കര്‍ഷകരുടെ സിബല്‍ സ്‌കോറിനെ ഇത് ബാധിക്കരുതെന്ന് ഒരു റൂളിങ് മതിയാകുമല്ലോ. മൊത്തം കേരളത്തില്‍ ഒരു വര്‍ഷം കൊടുക്കേണ്ട നെല്ലിന്റെ വില 2600 കോടിയാണ്. 2000 കോടിയുടെ ഒരു റിവോള്‍വിങ് ഫണ്ട് ബജറ്റില്‍ വച്ച് കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും.

നെല്ല് അളക്കുമ്പോള്‍ തന്നെ സിവില്‍ സപ്ലൈസ് കോര്‍പറേഷന് ഫണ്ട് ലഭിക്കണം. അടുത്ത സീസണിലേക്ക് എത്ര തുക വേണമെന്ന് മുന്‍കൂട്ടി കാണണം, അതിനനുസരിച്ച് ഒരുക്കങ്ങള്‍ നടത്തണം. ഇത്തവണ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടിയാലോചനകള്‍ പോലുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊയ്ത് വിളവെടുത്താല്‍ സംഭരിച്ചുവയ്ക്കാനുള്ള സൗകര്യവും കുറവാണ്. പാടത്തുനിന്നും നെല്ല് കൊണ്ടുപോകുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം. നെല്ലെടുക്കുന്നത് വൈകിയാല്‍ ഈര്‍പ്പം കയറും. ഈര്‍പ്പത്തിന്റെ അളവ് കൂടിയാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന പൈസയും കുറയും. ഇങ്ങനെ സംഭരണവുമായി ബന്ധപ്പെട്ട ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാലേ കൃഷിക്കാരന്റെ ദുരിതത്തിന് പരിഹാരമാകൂ.

ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും

സംഭരണം മാത്രമല്ല കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്നം. ഗുണനിലവാരമുള്ള വിത്തിനങ്ങള്‍ കിട്ടാത്തത് മറ്റൊരു പ്രതിസന്ധിയാണ്. മികച്ച വിളവ് ലഭിക്കാത്തതിനു കാരണവും അതാണ്. കീടനാശിനികളുടെ വിലവര്‍ദ്ധന മറ്റൊരു പ്രശ്നം. നിയന്ത്രണമില്ലാത്ത വിഷപ്രയോഗം മണ്ണിനേയും ബാധിക്കുന്നു. മികച്ച വിള കിട്ടുന്നത് അടിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. വളത്തിന്റേയും കൂലിച്ചെലവിന്റേയും വര്‍ദ്ധനയാണ് മറ്റൊന്ന്. കുട്ടനാട്ടില്‍ ഐ.ആര്‍.എസ് വഴി സര്‍ക്കാരാണ് കൂലി നിശ്ചയിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഒരു മണി വരെ പാടത്ത് പണിയെടുക്കുന്ന ആളുടെ കൂലി 1000 രൂപയാണ്. നെല്ലുകയറ്റുകൂലി കഴിഞ്ഞ വര്‍ഷം വരെ 800 രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ അത് 1000 ആക്കി. ഒരു ഏക്കറിലെ കണക്കെടുത്താല്‍ 3000 മുതല്‍ 4000 രൂപ വരെ കൂലിച്ചെലവില്‍ മാത്രം വര്‍ദ്ധനയുണ്ടായി. കൂലിച്ചെലവ് കുറയ്ക്കാനാകില്ല എന്നതുകൊണ്ട് തന്നെ തൊഴിലുറപ്പ് പദ്ധതികള്‍ പാടശേഖരത്തും നടപ്പാക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ നയം മാറിയാല്‍ ഇതിനു പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. തൊഴിലാളികളുടെ കൂലി പകുതി തൊഴിലുറപ്പ് പദ്ധതി വഴി സര്‍ക്കാരും ബാക്കി പകുതി കര്‍ഷകനും വഹിക്കുന്ന ഒരു സംവിധാനത്തിലേക്കു വന്നാല്‍ ഈ പ്രശ്നം പരിഹരിക്കാം.

കൂലി കൂടിയതോടെ പല കര്‍ഷകരും പണിയെടുക്കാതെ വിളവെടുക്കുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. നിലം മോശമായാലും വിളവ് കിട്ടിയാല്‍ മതിയെന്ന മട്ടിലായി കാര്യങ്ങള്‍. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മറ്റൊന്ന്. 2018-ലെ പ്രളയത്തിനുശേഷം നദികളിലെ നീരൊഴുക്ക് കുറവാണ്. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ പേരിന് ഡ്രഡ്ജിങ് നടത്തുന്നുണ്ടെങ്കിലും നദികളുടെ ആഴം കുറയുന്നില്ല. മുന്‍പ് നദികളില്‍നിന്ന് ചളിയും മണലും വാരിയാണ് കുട്ടനാട്ടിലെ നിര്‍മ്മിതികളെല്ലാം നടത്തിയത്. ഇന്ന് കിഴക്കുനിന്ന് പാറയും എംസാന്‍ഡും ഇത് കൈയടക്കി. ഇതോടെ സ്വാഭാവിക ഡ്രഡ്ജിങ് നിന്നു. പണ്ടൊക്കെ ഒരു മാസം മഴ തുടര്‍ന്നാലാണ് വെള്ളപ്പൊക്കമുണ്ടാകുക. ഇന്ന് രണ്ട് ദിവസം മഴയായാല്‍ വെള്ളം കയറുമെന്ന് പറയുന്നു കര്‍ഷകര്‍. വര്‍ഷംതോറും നദികളില്‍ ഡ്രഡ്ജിങ് നടത്തി പാടശേഖരത്തിന്റെ ബണ്ട് ബലപ്പെടുത്താവുന്നതേയുള്ളൂ. കുട്ടനാട് പാക്കേജില്‍ ഇതൊക്കെ വിഭാവനം ചെയ്തിരുന്നു. കുറേ കല്ലുകെട്ടലല്ലാതെ അതില്‍ ഒന്നും നടന്നില്ലെന്നു പറയുന്നു കര്‍ഷകര്‍.

കുട്ടനാടിനെ സംബന്ധിച്ച് കൃഷി ചെയ്യുന്നത് കൃഷിക്കുവേണ്ടി മാത്രമല്ല. അതൊരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കലാണ്. കൃഷി ചെയ്തില്ലെങ്കില്‍ ഇവിടുത്തെ 90 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിലാകും. അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകില്ല. ഒരേക്കറിന് 17000 രൂപ വരെ കൂലി നല്‍കുന്ന നെല്‍ക്കൃഷി തന്നെയാണ് ഈ പ്രദേശത്തിന്റെ നട്ടെല്ലെന്ന് പറയുന്നു വര്‍ഗീസ്. ഇതിന്റെ വ്യാപ്തി സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 32 പാടശേഖരസമിതികളുള്ള ചമ്പക്കുളം പഞ്ചായത്തില്‍ മാത്രം 1600 ഹെക്ടറില്‍ കൃഷിയുണ്ട്. അതില്‍ 1200 ഹെക്ടര്‍ രണ്ട് സീസണിലും കൃഷി ചെയ്യുന്നു. ഒരു പുഞ്ച സീസണില്‍ 1600 ഹെക്ടറിലെ കൂലിച്ചെലവ് എട്ട് കോടിയിലധികമാണ്. കര്‍ഷകന്റെ ആദായം 12 കോടിയും. ഇതാണ് ഇവിടെ റീസൈക്കിള്‍ ചെയ്യുന്ന സാമ്പത്തിക സ്രോതസ്. ഒന്നാലോചിക്കണം, പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് പോലും ഒരു കോടി രൂപ മാത്രമാണ്. അതായത് സാധാരണക്കാരന്റെ ജീവിതചക്രം തിരിയുന്നത് കൃഷിയിലാണ്. പഞ്ചായത്തിലെ 5000 വീടുകളില്‍ 60 ശതമാനവും കൃഷിയെ ആശ്രയിക്കുന്നു- വര്‍ഗീസ് പറഞ്ഞുനിര്‍ത്തി.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com