'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

മുള്‍ച്ചെടിച്ചില്ലകളും മരക്കൊമ്പുകളും മണ്ണില്‍ വരിയൊപ്പിച്ച് കുത്തിനിര്‍ത്തി വളച്ചെടുത്ത പത്തോ പന്ത്രണ്ടോ സെന്റ് ഭൂമിയാണ് ഈ ബോമ. ഒരു ബോമയ്ക്കുള്ളില്‍ പത്തിനടുത്ത് എന്‍കാജി എന്ന മസായിക്കൂരകള്‍ ഉണ്ടാവും. ബോമയ്ക്കുള്ളില്‍ മറ്റൊരു വട്ടവും കൂടിയുണ്ടാവും. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള 'അതീവ സുരക്ഷായിടം' ആണിത്
'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഞങ്ങള്‍ക്കു മുന്നേ വന്ന സംഘത്തെ കൂകിവിളിച്ചു വണ്ടികേറ്റി വിട്ട സംഘം ബോമയിലേക്കു മടങ്ങി. അവരില്‍ ചിലര്‍ ഞങ്ങളെ 'മാ'യിലും ഗുഡ് മോര്‍ണിങ്ങിലും അഭിവാദ്യം ചെയ്തു. ഞങ്ങള്‍ നോയ്ലിനൊപ്പം ബോമയിലേക്കു നടന്നു. റഷീദ്, പച്ചയില വല വിരിച്ച് വെളിച്ചം അരിച്ചെടുക്കുന്ന അക്കേഷ്യയ്ക്കടിയിലേക്ക് ക്രൂയിസര്‍ കുതിരയെ കെട്ടിയിട്ട് കാത്തുനിന്നു.

മുള്‍ച്ചെടിച്ചില്ലകളും മരക്കൊമ്പുകളും മണ്ണില്‍ വരിയൊപ്പിച്ച് കുത്തിനിര്‍ത്തി വളച്ചെടുത്ത പത്തോ പന്ത്രണ്ടോ സെന്റ് ഭൂമിയാണ് ഈ ബോമ. ഒരു ബോമയ്ക്കുള്ളില്‍ പത്തിനടുത്ത് എന്‍കാജി എന്ന മസായിക്കൂരകള്‍ ഉണ്ടാവും. ബോമയ്ക്കുള്ളില്‍ മറ്റൊരു വട്ടവും കൂടിയുണ്ടാവും. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള 'അതീവ സുരക്ഷായിടം' ആണിത്. ബോമയുടെ പരമ്പരാഗതശൈലി നോയ്ലും കൂട്ടരും ഇവിടെ പാലിച്ചിട്ടുണ്ട്. മുള്‍ച്ചെടിക്കമ്പുകള്‍ അട്ടിയിട്ട് പുറത്തെ വേലിക്ക് (മാ ഭാഷയില്‍ എങ്കാങ്ങ്) പതിവിലേറെ ബലപ്പെടുത്തലുണ്ട് ഇവിടെ. നമ്മുടെ നാട്ടിലെ മുള്‍വേലികളെക്കാള്‍ 'മുള്‍പ്പരമാണ്' ഈ വേലി.

അമ്മയേയും മിനിയേയും അമ്മുവിനേയും മസായിപ്പെണ്‍കിടാങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. തങ്ങളുടെ ഡിസ്‌ക്കുപോലുള്ള കണ്ഠാഭരണങ്ങള്‍ അണിയിച്ചും പാട്ടുപാടിയും ഇളകിയാടിയും അവരെ മാക്കംകൂട്ടാനുള്ള ശ്രമത്തിലായിരുന്നു മസായി സുന്ദരികള്‍. മുട്ടുകളുടെ മുറുമുറുപ്പും പ്രായത്തിന്റെ പരിഭവവും അവഗണിച്ച് അമ്മ പറ്റാവുന്നവിധത്തില്‍ ആടുന്നുണ്ട്. ഗോത്ര നൃത്തങ്ങള്‍ തനിക്കെളുപ്പം വഴങ്ങുന്നതാണെന്ന് അമ്മു പറമ്പിക്കുളത്തെ ആദിവാസി ഊരില്‍ തെളിയിച്ചിട്ടുണ്ട്.

അമ്മയും മിനിയും മസായിപ്പെൺകിടാങ്ങൾക്കൊപ്പം
അമ്മയും മിനിയും മസായിപ്പെൺകിടാങ്ങൾക്കൊപ്പം

ഞാന്‍ നോയ്ലുമായി സംസാരിച്ചുകൊണ്ടു നിന്നു. മസായി ജീവിതത്തെക്കുറിച്ച് 'ഒന്നാം കൈ' വിവരശേഖരണമാണ് ലക്ഷ്യം. നോയ്ല്‍ തീരെ സംസാരപ്രിയനല്ല. ചോദിച്ചാല്‍ ഉത്തരം. അല്ലെങ്കില്‍ ഒരു ഗൈഡിന്റെ അനുഷ്ഠാനവിവരണം. മുഖം തീരെ പ്രസന്നമല്ല. വല്ലാത്തൊരു ഭാരം തൂങ്ങുന്ന ഭാവം. ഗോരംഗോരയില്‍നിന്നുള്ള വഴിക്ക് തലതൂങ്ങി കഴുതകളെ കണ്ടപ്പോഴുണ്ടായ സങ്കടം എനിക്കിപ്പോഴും തോന്നി. കടുംനീലയില്‍ കറുത്തവരകള്‍ കള്ളികളിടുന്ന ഷുക്കയില്‍ നോയ്ല്‍ കൂടുതല്‍ ഇരുണ്ടുപോകുന്നു. എന്നാല്‍, ഇതിനിടയിലൊന്നും മങ്ങിപ്പോകാതെയൊരു സൗഹൃദം സൂക്ഷ്മമായി സൂക്ഷിച്ചിരുന്നു അയാള്‍. അതെന്നെ ധൈര്യപ്പെടുത്തി.

കടുംനിറങ്ങളില്‍, മിക്കവാറും ചുവപ്പില്‍, കറുത്ത കള്ളികള്‍ മേയുന്ന പരുത്തിപ്പുതപ്പാണ് ഷുക്ക. ഇന്ന് മസായികളുടെ പ്രതീകപ്പര്യായം തന്നെയാണ് ഷുക്ക. മസായികളുടെ പരമ്പരാഗത വേഷമൊന്നുമല്ല ഇത്. മസായി ഗോത്രത്തിനു പുറത്തും നഗരങ്ങളിലും ദരിദ്രന്റെ ആഫ്രിക്കന്‍ കമ്പിളിയാണത്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ മാത്രമാണ് ഷുക്ക മസായികളുടെ ഗോത്രവേഷമായി സ്ഥാനമുറപ്പിക്കുന്നത്. കൊളോണിയല്‍ കാലത്ത് സ്‌കോട്ടിഷ് കമ്പനികളില്‍ നിന്നാണ് ഷുക്ക വന്നതെന്നു കരുതുന്നു. അതിനുമുന്‍പ് കാലിത്തൊലിയും ആട്ടിന്‍തോലുമായിരുന്നു മസായിശരീരം മറച്ചിരുന്നത്. കാട്ടിലെ പരുക്കന്‍ ജീവിതത്തിനും കടുത്ത കാലാവസ്ഥയ്ക്കും ചേര്‍ന്നതായിരുന്നു ഒന്നാംതരം പരുത്തിയില്‍ നെയ്ത ഷുക്ക.

ദാര്‍ എസ്സെലാമിലെ തുണിമില്ലുകളുടെ കുത്തകയായിരുന്നു ഷുക്ക. ഇന്ന് ചൈനയില്‍നിന്നുള്ള ഷുക്കകളാണ് മസായികള്‍ ഉപയോഗിക്കുന്നത്. എവിടെനിന്ന് ഷുക്ക വാങ്ങിയാലും അതിന്റെ മൂലയിലും കവറിലും ഇങ്ങനെ എഴുതിയിട്ടുണ്ടാവും -The original Masai shukka, made in China.

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''
വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

ടൂറിസത്തിന്റെ ഭാഗമാകുന്ന ഓരോ മസായിക്കൂട്ടത്തിലും നോയ്ലിനെപ്പോലെയുള്ള രണ്ടോ മൂന്നോ ഗൈഡുമാരുണ്ടാവും. സന്ദര്‍ശകരോട് സംസാരത്തിലും ഭാഷയിലും പിടിച്ചുനില്‍ക്കാന്‍ പഠിപ്പുള്ളവര്‍. പാശ്ചാത്യരുടെ മിഷനറി പ്രവര്‍ത്തനത്തിനിടയിലാണ് മസായിക്കു മെച്ചപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസവും ആംഗ്ലേയ പരിജ്ഞാനവും ലഭിച്ചു തുടങ്ങിയത്. പകരം മസായികള്‍ അവരുടെ കുരിശും കുര്‍ബ്ബാനയും സ്വീകരിച്ചു. നോയ്ല്‍ എന്ന പേരു പറയുന്നുണ്ട് അയാളുടെ സ്‌കൂള്‍ പശ്ചാത്തലവും മതവും. പഠിക്കാന്‍ പോയി ക്രിസ്ത്യാനിയായ നോയ്ലിന് ജീസസ്സിനും മദര്‍ മേരിക്കുമപ്പുറം ആരേയും അറിയില്ല. പ്രാര്‍ത്ഥിക്കുന്നത് മലയോടും മഴയോടും മരത്തോടും മാനത്തോടും. ഏകദൈവ - എങ്കായ് - വിശ്വാസത്തിന്റെ ജീനുകള്‍ നുരയ്ക്കുന്ന മസായിത്തലയില്‍ മറ്റു 'ദൈവങ്ങള്‍' എങ്ങനെ നുഴഞ്ഞുകയറാന്‍?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മസായിപ്പുരാണത്തില്‍ ആദിയില്‍ ആകാശവും ഭൂമിയും ഒന്നായിരുന്നു. മണ്ണും വിണ്ണും വേര്‍പിരിയുമ്പോഴാണ് എങ്കായ് സംഭവിക്കുന്നത്. ഈജിപ്തിലേയും സോമാലിയയിലേയും ചില ഗോത്രങ്ങളും ഇതേ ദൈവസങ്കല്പങ്ങള്‍ പുലര്‍ത്തുന്നുണ്ട്. പൗരുഷത്തിന്റേയും സ്ത്രൈണതയുടേയും മിശ്രിതമാണ് എങ്കായ് ദൈവം. നമ്മുടെ അര്‍ദ്ധനാരീശ്വരന്റെ ആഫ്രിക്കന്‍ പതിപ്പ്. ആഫ്രിക്കയിലെ മിക്ക ഗോത്ര ദൈവങ്ങളുടേയും നിര്‍മ്മാണം ഈ മട്ടിലാണ്. ഉദാഹരണത്തിന് ഈജിപ്തിലെ ഇമാന - അമിനാറ്റ (Imana-Aminata) ദ്വന്ദ്വം.

എങ്കായ്ക്ക് മറ്റൊരു ദ്വന്ദ്വ വ്യക്തിത്വം കൂടിയുണ്ട്. നന്മയുടെ ഭാഗമായ കറുപ്പുനിറമുള്ള എങ്കായ് നരോക്ക്. ചുവപ്പുനിറത്തില്‍ തിന്മയുടെ നന്യോക്ക്. ശ്രദ്ധിക്കുക ആഫ്രിക്കന്‍ പുരാണങ്ങളില്‍ നന്മയുടെ നിറം കറുപ്പാണ്. തിന്മയ്ക്ക് ചുവപ്പോ വെളുപ്പൊ നിറവും ഇംഗ്ലീഷുകാരന്റെ മുഖവുമാണ്.

എങ്കായ് ദൈവം കന്നുകളെ തന്നു. മേച്ചില്‍പ്പുറങ്ങള്‍ തന്നു. തങ്ങളെ ലോകത്തിലെ എല്ലാ കന്നുകാലികളുടേയും ഉടമസ്ഥരാക്കി. അതാണ് മസായി വിശ്വാസം. എവിടെ കന്നുകളെ കണ്ടാലും അവരത് സ്വന്തമാക്കും. മറ്റു ഗോത്രങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കടത്തിക്കൊണ്ടുപോരും. വേണ്ടിവന്നാല്‍ അതിനുവേണ്ടി പടവെട്ടും. അതില്‍ അവര്‍ തെറ്റൊന്നും കണ്ടില്ല. എങ്കായ് ദൈവം പറഞ്ഞിട്ടുണ്ടല്ലോ? ആ അനുഗ്രഹം ഉണ്ടല്ലോ? മസായികളുടെ തുള്ളല്‍ നൃത്തം അന്യന്റെ ആലയിലേക്കു ചാടി കന്നുകളെ തട്ടിക്കൊണ്ടു പോരാനുള്ള പരിശീലനമാണെന്നൊരു ദുഷ് വര്‍ത്തമാനമുണ്ട്. ഇന്ന് അവനവന്റെ കന്നുകളെക്കൊണ്ട് ഇവര്‍ തൃപ്തരാണ്. അവയെത്തന്നെ മേയ്ക്കാന്‍ പുല്ലില്ല.

നോയ്ലില്‍നിന്നു വിവരങ്ങള്‍ വീഴുന്നത് കാട്ടിലെ തൂളല്‍ മഴപോലെയാണ്. ഇടയ്‌ക്കൊന്ന് നനഞ്ഞാലായി. പതിവു പല്ലവികള്‍ക്കപ്പുറം എന്തെങ്കിലും പാടിക്കണമെങ്കില്‍ വല്ലാതെ ശ്രമിക്കണം. മസായിപ്പുര ദര്‍ശനത്തിന് ആളൊന്നുക്ക് പതിനഞ്ചു ഡോളറാണ് ഫീസ്. ഞാന്‍ നല്‍കിയ നൂറു ഡോളര്‍ നോട്ട്, ബാക്കി പോകുമ്പോള്‍ തരാം എന്നു പറഞ്ഞ് നോയ്ല്‍ ഷുക്കയുടെ ഏതോ മടക്കില്‍ ഒളിപ്പിച്ചു.

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''
''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

അമ്മുവും അമ്മയും മസായി ചമയങ്ങളണിഞ്ഞ് പെണ്‍കിടാങ്ങളോട് സംസാരത്തിലാണ്. പെണ്‍കിടാങ്ങളെല്ലാം മൊട്ടത്തലച്ചികളാണ്. വിവിധ കടുംനിറങ്ങളിലുള്ള ഷുക്കകള്‍ തോളെല്ലിനു മുകളില്‍ കെട്ടിയിട്ടിരിക്കുന്നു. അമ്മയെ അവര്‍ക്ക് ശ്ശി പിടിച്ചിരിക്കുന്നു. അമ്മയും നല്ല ഉത്സാഹത്തിലാണ്. എന്താണാവോ അവരുടെ പൊതുഭാഷ! മിനി 'ക്യാമറ പ്രവര്‍ത്തനത്തിലേക്ക്' തിരിഞ്ഞിരിക്കുന്നു. അവരില്‍ ആരാണ് ഏറ്റവും സുന്ദരിയെന്ന് ഞാന്‍ നോയ്ലിനോട് ചോദിച്ചു. എന്റേയും നോയ്ലിന്റേയും 'സൗന്ദര്യം' ഒന്നല്ലല്ലോ. അവള്‍, പിന്നെ അവളും അവളും എന്നു പറഞ്ഞ് നോയ്ല്‍ നാലുപേരെ ചൂണ്ടിക്കാണിച്ചു. നാലും മൊട്ടത്തലകള്‍. സാമാന്യത്തിലധികം ഉയരം. മുഴച്ചുനില്‍ക്കുന്ന മിനുങ്ങിയ കവിളെല്ലുകള്‍. ബാക്കി സൗന്ദര്യക്കണക്കുകളൊക്കെ നീളന്‍ ഷുക്കകള്‍ ഒളിപ്പിക്കുന്നു. ഇതൊക്കെയായിരിക്കാം സൗന്ദര്യം എന്നു ഞാനും കരുതി. അരുഷയിലെ പച്ചക്കറിക്കടക്കാരി തന്ന പാഠം ഞാന്‍ മറന്നിട്ടില്ല.

ബോമയുടെ നടുത്തളത്തില്‍ ഒരുകൂട്ടം മസായിക്കുട്ടന്മാര്‍ അവരുടെ 'വടിത്തുള്ളല്‍' നൃത്തം ആരംഭിച്ചിരിക്കുന്നു. എല്ലാവരും തോട്ടിപ്പരുവം. ഒരു കയ്യില്‍ വടി കുത്തനെപിടിച്ച് കുത്തനെ ചാടുകയാണ്. പഴയ ടയറു വെട്ടിയുണ്ടാക്കിയ ചെരുപ്പിട്ട് (മൃഗത്തോല്‍ച്ചെരുപ്പില്‍നിന്നു ടയര്‍ ചെരുപ്പിലേക്ക് മാറിയിട്ട് അധിക കാലമായിട്ടില്ല) കാല്‍വിരലുകളില്‍ കുത്തിനിന്ന് അങ്ങനെ ഉയരുകയാണ്. അരമീറ്ററോളമൊക്കെയാണ് അങ്ങനെ പൊങ്ങുന്നത്. അഡുമ എന്നാണിതിന്റെ മസായിപ്പേര്. അര്‍ത്ഥം കുത്തനെച്ചാടുക എന്നുതന്നെ. എമുറാത്ത (സുന്നത്ത്) എങ്കിയാമ (വിവാഹം) യുനോട്ടോ (പടയാളികളുടെ തലവടിക്കല്‍) എന്നിങ്ങനെയുള്ള പരമ്പരാഗത ആഘോഷങ്ങളുടെ ഭാഗമായാണ് അഡുമ നടക്കാറ്. ആഘോഷങ്ങള്‍ പത്ത് ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുതിര്‍ന്ന് പുരുഷനും സ്ത്രീയും ആവുന്ന സമയമാണിത്. രണ്ടു കൂട്ടര്‍ക്കും

സുന്നത്തുണ്ടാവും. ഗവണ്‍മെന്റിന്റേയും സന്നദ്ധസംഘടനകളുടേയും വിദ്യാഭ്യാസത്തിന്റേയും ഇടപെടലിലൂടെ പെണ്‍സുന്നത്ത് ഏതാണ്ട് നിലച്ചിട്ടുണ്ട്. ചെറിയ പടയാളികള്‍ (ജൂനിയര്‍ മോറാന്‍) വലിയ പടയാളികളാവുന്നതും പടയാളികള്‍ വിവാഹത്തിനു ക്വാളിഫൈ ചെയ്യുന്നതും ഈ സമയത്താണ്. ഇപ്പോള്‍ നടക്കുന്നത് ടൂറിസ്റ്റുകള്‍ക്കായുള്ള പരിഷ്‌കരിച്ച പതിപ്പാണ്.

ഞാന്‍ നോയ്ലിനെ ഉപേക്ഷിച്ച് അഡുമക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്നു. എന്റെ എല്ലാ കോമാളിത്തരങ്ങളും പകര്‍ത്തിക്കോളൂ എന്നു പറഞ്ഞ് എന്റെ ക്യാമറ കൂടി മിനിയെ ഏല്‍പ്പിച്ചു. ഉന്നത ശീര്‍ഷര്‍ക്കിടയില്‍നിന്നു രണ്ടു ചെറിയ തോട്ടികളെ കണ്ടെത്തി അവര്‍ക്കിടയില്‍ ചെന്നു നിന്നു. എല്ലാവരും ഈ കുട്ടിത്തടിയനെ നീളന്‍ വടി തന്നു സന്തോഷത്തോടെ കൂട്ടത്തില്‍ ചേര്‍ത്തു.

നോയല്‍
തൻ്റെ എന്കാജിക്ക്‌ മുന്നിൽ
നോയല്‍ തൻ്റെ എന്കാജിക്ക്‌ മുന്നിൽ

പടമെടുപ്പുകാരുടെ സൗകര്യത്തിനായി മുഴുവട്ടത്തില്‍ നടക്കേണ്ട നൃത്തം അരവട്ടത്തിലാണ് നടക്കുന്നത്. അവരുടെ ഓഹോയ് ഇഹേയ് കൂഹായ് കോറസ്സിലൊക്കെ ഞാനെളുപ്പം സെറ്റ് ആയി. പിന്നെ ചാട്ടമായി. ഈരണ്ടു പേരായി മുന്നിലേക്ക് ചെന്നു ചാട്ടം. വലതു കയ്യില്‍ വടി കുത്തനെ പിടിച്ച് കാല്‍വിരലുകളില്‍ ആഞ്ഞ് നേരെ മേലോട്ടു പൊങ്ങണം. അങ്ങനെ എന്റെ ഊഴമായി. ചാടുമ്പോള്‍ വടി കുത്തനെപ്പിടിക്കാന്‍ തന്നെ എനിക്കു നാലഞ്ചു ചാട്ടം വേണ്ടിവന്നു. എണ്‍പത് കിലോയുടെ മലയാളിപ്പിണ്ഡം ഭൂമി വിട്ടുയരാന്‍ ആഫ്രിക്കന്‍ ഭൂഗുരുത്വാകര്‍ഷണം സമ്മതിക്കുന്നില്ല. എന്റെ കൂടെച്ചാടുന്ന പഹയന്‍ എന്നെ നാണം കെടുത്താനായി ഒരടിയോളമൊക്കെയാണ് പൊങ്ങുന്നത്. അപ്പുറത്ത് ചന്തിയുന്തിച്ച് മുന്നോട്ടൊന്ന് കുനിഞ്ഞ് കയ്യടിച്ച് കുഹായ് പാടി നൃത്തം തുടരുന്ന പെണ്‍കിടാങ്ങള്‍ എന്റെ സാഹസം കണ്ട് ചിരിക്കുന്നുണ്ട്. അമ്മുവിന്റേയും മിനിയുടേയും മാത്രമല്ല, ഇടയ്ക്കു കേറിവന്ന ഒരു മദാമ്മയുടെ ക്യാമറയ്ക്കും ഞാന്‍ വിരുന്നാകുന്നുണ്ട്.

ഏതാനും ചാട്ടങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ പിന്‍വാങ്ങി. ഓ ഹോയ് കൂ ഹോയ് തുടങ്ങി. എന്റെ ചാട്ടക്കൂട്ടുകാരന്‍ തോളിലൂടെ കയ്യിട്ട് എന്നെ ചേര്‍ത്തുപിടിച്ചു സമാധാനപ്പെടുത്തുകയും അടുത്തവട്ടം ചാട്ടം ഗംഭീരമാകുമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്റെ ഹൃദയം ആഫ്രിക്കന്‍ പെരുമ്പറപോലെ സന്തോഷത്തില്‍ മുഴങ്ങി. മസായികളുടെ വലിയ ഗുണമാണിത്. നമ്മുടെ ആദിവാസികളെപ്പോലെ, മറ്റു ആദിമ ഗോത്രക്കാരെപ്പോലെ മസായി അപകര്‍ഷതയോ അമിത വിധേയത്വമോ പ്രദര്‍ശിപ്പിക്കുന്നില്ല. ആഫ്രിക്കയിലെ ജീവിതരീതി തന്നെയായിരുന്ന അടിമക്കച്ചവടത്തെ ചെറുത്തുനിന്ന ഒരേയൊരു ഗോത്രമാണിത്. നൈല്‍ നദിയുടെ തീരത്തുനിന്നു തെക്കോട്ടിറങ്ങി, മറ്റു ഗോത്രങ്ങളെ തുരത്തിയോടിച്ച് ഗ്രേറ്റ് റിഫ്ട് വാലിയും സമീപദേശങ്ങളും സ്വന്തമാക്കിയ ശൂരന്മാരാണിവര്‍. കുന്തവും പരിചയും ചെറിയ മരഗദയും ആയിരുന്നു ആയുധങ്ങള്‍. നൂറു മീറ്ററപ്പുറമുള്ള ശത്രുവിനെപ്പോലും എറിഞ്ഞുവീഴ്ത്തിയിരുന്നു, ഒറിന്‍ക എന്ന ഗദ. ഇന്നും ഇതൊക്കെത്തന്നെയാണ് മസായി

വീരന്മാരുടെ

ആയുധങ്ങള്‍.

ഞാന്‍ വീണ്ടും ചട്ടത്തിനൊരുങ്ങി. ഇത്തവണ ഷൂസ് ഊരിമാറ്റി മസായി സുഹൃത്തിന്റെ ടയര്‍ ചെരുപ്പിട്ടു. ചാട്ടത്തിന്റെ കൂടോത്രം അതിന്റെ ഉള്ളിലാണെങ്കിലോ! ഏതായാലും ആഫ്രിക്കന്‍ മണ്ണ് കാര്യമായി താഴോട്ട് പിടിച്ച് വലിച്ചില്ല. ഏതാനും സെന്റിമീറ്ററൊക്കെ പൊങ്ങാനാവുന്നുണ്ട്. ഓഹോയ് വായ്ത്താരിക്ക് ഒച്ചയും ഈണവും മെച്ചപ്പെടുകയും ചെയ്തു. ഇപ്പോഴിത്ര മതി. ഞാന്‍ അഡുമക്കാരോട് നന്ദി പറഞ്ഞ് പിന്‍വാങ്ങി. ചൊല്ല് - മറുചൊല്ല് എന്ന മട്ടിലാണ് മസായിപ്പാട്ടുകള്‍. അതങ്ങനെ പാടിയും ആടിയും കൂവിയും കേട്ടും തലമുറകളുടെ സ്വന്തമാകുന്നു. തുളുവിനെപ്പോലെ എഴുത്തറിയാത്ത ശബ്ദാഘോഷമാണ് മസായി (മാ) ഭാഷ എന്നാണ് ഞാന്‍ കരുതിയിരുന്നത്. നോയ്ല്‍ അത് തിരുത്തിത്തന്നു. മാ ഭാഷയില്‍ ഏറെ പുസ്തകങ്ങളുണ്ടോ എന്ന് നോയ്ലിനറിയില്ല. എന്നാല്‍, ബൈബിളുണ്ട് എന്നു മൂപ്പര്‍ ഉറപ്പിച്ചു പറയുന്നു. സ്വാഹിലിയും ഇംഗ്ലീഷുമാണ് ടാന്‍സാനിയയിലെ വ്യവഹാരഭാഷകള്‍. അപൂര്‍വ്വമായാണ് മാ പഠിപ്പിക്കുന്നതും ഉപയോഗിക്കുന്നതും.

ഗൈഡന്‍ നോയ്ല്‍ തന്റെ അനുഷ്ഠാനവിവരണത്തിലേക്കു മടങ്ങി. മറ്റു മസായികളെപ്പോലെയല്ല നോയ്ല്‍. പൊക്കോമില്ല. കൂട്ടുമില്ല. ചുക്കു കടിച്ച മുഖവും. കയ്യിലെ നീളന്‍ വടി നീട്ടിക്കുത്തി, അരപ്പട്ടയില്‍ വലതുവശത്ത് തൂങ്ങുന്ന കഠാരയുമായങ്ങനെ നില്‍ക്കും. തങ്ങള്‍ നോമാഡിക്കുകളാണെന്നാണ് മൂപ്പര് പറയുന്നത്. ഒന്നിലധികം ഇണകളെ കൂട്ടുന്നവരും. കളത്രവും കുട്ടികളും കന്നുകാലിയുമാണ് ഒരു പുരുഷന്റെ സമ്പത്തിന്റെ അളവുകള്‍. മൂന്നോ നാലോ മാസമാണ് ഒരിടത്തുണ്ടാവുക. അപ്പോഴേയ്ക്കും ആ പ്രദേശത്തെ പുല്ലൊക്കെ കന്നുകാലികള്‍ ഒരുവിധം നിരപ്പാക്കിയിട്ടുണ്ടാവും. പിന്നെ കുടിലുകളൊക്കെ പൊളിച്ച് സാധനങ്ങള്‍ കഴുതകള്‍ക്കു പുറത്ത് കെട്ടിവെച്ച് കാലികളുമായി പുറപ്പെടുകയായി, മറ്റൊരു മേച്ചില്‍പ്പുറം തേടി. കൂട്ടത്തിലൊരാള്‍ മരിച്ചു പോയാലും അവര്‍ ബോമയുപേക്ഷിച്ചു പോകും. മൃതദേഹം കാടിനു കൊടുക്കും.

അങ്ങനെ പറഞ്ഞുവന്നാല്‍ മസായികള്‍ സെമിനൊമാഡിക്കാണ്. ഇന്ന് കാടും മസായി നാടും ചുരുങ്ങിവരുകയാണ്. മൃഗങ്ങളും മസായികളും പെരുകുകയാണ്. റിസോര്‍ട്ടുകളും വൈല്‍ഡ് ലൈഫ് ലോഡ്ജുകളും രാജകീയ നായാട്ടു സംഘങ്ങളും കൂടുതല്‍ കാട് സ്വന്തമാക്കുന്നു. മൃഗങ്ങളേയും മസായികളേയും തുരത്തുന്നു. ഓടിപ്പോകാത്തവര്‍ ഏറ്റുമുട്ടലുകളില്‍ മരിക്കുന്നു. കുടിലുകള്‍ക്ക് തീയിടുന്നു. കന്നുകളെ കൊല്ലുന്നു. ചുരുങ്ങിപ്പോയ കാടിനായി പെരുകിയ മൃഗങ്ങളും മസായികളും മത്സരിക്കുന്നു. ഗതികെട്ട് മസായികള്‍ കൃഷിയിലേക്കും നഗരത്തിലേക്കും നീങ്ങുന്നുണ്ട്. നഗരങ്ങളിലവര്‍ ബാര്‍ബര്‍മാരും കേശാലങ്കാര വിദഗ്ദ്ധരും സെക്യൂരിറ്റിക്കാരും ആയി ജോലി നോക്കുന്നു. എത്ര നാഗരികനായാലും മസായി മാസത്തിലൊരിക്കലെങ്കിലും മുണ്ടന്‍ പാട്ട ബസ് കയറിയോ കാടിനുള്ളിലെ ക്യാമ്പുകളിലേക്ക് വെള്ളവും മറ്റു സാധനങ്ങളും കൊണ്ടുപോകുന്ന ലോറികളില്‍ കയറിയോ പിതൃഗോത്രത്തിന്റെ ബോമകളിലെത്തുമെന്നാണ് നോയ്ല്‍ പറയുന്നത്. പാന്റും ടീ ഷര്‍ട്ടും ഊരിവെച്ച് ഷുക്ക മുറുക്കിയവര്‍ കന്നുകള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കാട്ടിലലയും. കാലിച്ചോരയും ചൂടന്‍ പുതുപാലും കുടിച്ച്, ആട്ടിറച്ചി ചുട്ടുതിന്ന് ബോമയിലെ മണ്ണില്‍ നക്ഷത്ര പ്രിന്റുള്ള ഷുക്ക പുതച്ച രാത്രിപ്പെണ്ണിനൊപ്പം കിടന്നുറങ്ങും.

മസായികള്‍ സെമിനൊമാഡിക്കാണ്. ഇന്ന് കാടും മസായി നാടും ചുരുങ്ങിവരുകയാണ്. മൃഗങ്ങളും മസായികളും പെരുകുകയാണ്. റിസോര്‍ട്ടുകളും വൈല്‍ഡ് ലൈഫ് ലോഡ്ജുകളും രാജകീയ നായാട്ടു സംഘങ്ങളും കൂടുതല്‍ കാട് സ്വന്തമാക്കുന്നു. മൃഗങ്ങളേയും മസായികളേയും തുരത്തുന്നു. ഓടിപ്പോകാത്തവര്‍ ഏറ്റുമുട്ടലുകളില്‍ മരിക്കുന്നു. കുടിലുകള്‍ക്ക് തീയിടുന്നു. കന്നുകളെ കൊല്ലുന്നു. ചുരുങ്ങിപ്പോയ കാടിനായി പെരുകിയ മൃഗങ്ങളും മസായികളും മത്സരിക്കുന്നു.

അപൂര്‍വ്വം സംഘങ്ങള്‍ അരുഷപോലെയുള്ള നഗരങ്ങളിലേക്ക് സ്ഥിരമായി കുടിയേറിയിട്ടുണ്ട്. അരുഷയില്‍നിന്നുള്ള ഹൈവേയിലൂടെയാണ് ഞങ്ങള്‍ വന്നത്. റോഡില്‍നിന്നകന്ന് കണ്ടിരുന്ന തകരഷീറ്റുകള്‍ മേഞ്ഞ പുരകള്‍ മസായികളുടേതാണെന്നു ഞങ്ങള്‍ കരുതിയില്ല. പൂര്‍ണ്ണമായും കാട്ടുവാസികളും അപരിഷ്‌കൃതരുമാണ് മസായികള്‍ എന്നാണല്ലോ ഞങ്ങള്‍ പഠിച്ചത്.

സെരംങ്കട്ടിയിലും ഗോറങ്ങ്ഗോരോയിലും ഞങ്ങള്‍ കണ്ടതിനേക്കാള്‍ വലിയ കാലിക്കൂട്ടങ്ങളുമായി ബാലന്മാര്‍ മേഞ്ഞുനടക്കുന്നത് ഞങ്ങളവിടെ കണ്ടിരുന്നു. മുതിര്‍ന്നവരേയും കുട്ടികളേയും സ്ത്രീകളേയും കുടിലില്‍ വിട്ട് യുവാക്കള്‍ (മോറാന്മാര്‍) കാലികളുമായി മേയാന്‍ പോകും. ദിവസങ്ങള്‍ കഴിഞ്ഞാവും മടക്കം. ഇവരെ നമുക്ക് അര്‍ബന്‍ നൊമാഡിക് എന്നു വിളിക്കാം. കാലിപ്പണി പൂര്‍ണ്ണമായി ഉപേക്ഷിച്ച മസായികളും നഗരങ്ങളിലുണ്ട്. കൃഷിയിലും മറ്റു തൊഴിലുകളിലും വ്യാപൃതരായവര്‍. അര്‍ബന്‍ മസായികള്‍. അധികകാലമിനി അലഞ്ഞുതിരിഞ്ഞു കഴിയാനാവില്ലെന്ന് അറിയുന്ന മസായികള്‍ അറിവിലേക്ക് തിരിയുന്നുണ്ട്. കാട്ടിലും വിദൂര ഗ്രാമങ്ങളിലും കഴിയുന്ന മസായികളേക്കാള്‍ വിദ്യാഭ്യാസ-ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ ഇവര്‍ക്ക് കിട്ടുന്നു. ഇവര്‍ക്കിടയില്‍നിന്നു ടീച്ചര്‍മാരും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും രാഷ്ട്രീയ നേതാക്കളും ഉണ്ടാവുന്നുണ്ട്. രണ്ടുവട്ടം ടാന്‍സാനിയയുടെ പ്രധാനമന്ത്രിയായിരുന്ന എഡ്വേര്‍ഡ് സൊക്കോയ്ന്‍ (Edward Sokoine) ഇക്കൂട്ടരില്‍ പെട്ടതാണ്. ടാന്‍സാനിയയുടെ 'രാഷ്ട്രപിതാവായ' ജൂലിയസ് നെരേരയുടെ വലംകയ്യും 1984-ല്‍ കാറപകടത്തില്‍ മരണപ്പെട്ടില്ലെങ്കില്‍ നെരേരയുടെ പിന്‍ഗാമിയായി പ്രസിഡന്റാകേണ്ട ആളുമായിരുന്നു ഈ നാല്‍പ്പത്തിയാറുകാരന്‍.

നോയ്ല്‍ ജോലി തുടരുന്നു. അയാള്‍ ഞങ്ങളെ അയാളുടെ കുടിലിലേക്കു കൊണ്ടുപോയി. വലിയ വട്ടക്കുട്ട കമഴ്ത്തിവെച്ചപോലുള്ള കുടില്‍. മരക്കമ്പുകള്‍ വട്ടത്തില്‍ മണ്ണിലേക്കിറക്കി, വിലങ്ങനെ ചെറുചില്ലകള്‍ വെച്ചുകെട്ടി, ഇലകള്‍കൊണ്ട് പൊതിഞ്ഞ്, അതില്‍ മണ്ണ് - ചാണകം - ഗോമൂത്രം മിശ്രിതം തേച്ചുപിടിപ്പിക്കുന്നു. ഇതിനു മുകളില്‍ ചാണകം മെഴുകിയാല്‍ ചുമരായി. മേല്‍ക്കൂരയും അക്കേഷ്യക്കമ്പുകളുണ്ടാക്കുന്ന അസ്ഥിപഞ്ജരത്തില്‍ പുല്ലും ഇലകളും നിറച്ച് ചാണക മിശ്രിതം (മചാഗോ മിശ്രിതം) തേച്ചുപിടിപ്പിച്ച് ഉണ്ടാക്കുന്നു.

വന്യമൃഗങ്ങളെ തടയാന്‍ ഈ ചാണകച്ചുമരുകള്‍ക്കാവുമോ? ഞാന്‍ നോയ്ലിനോട് ചോദിച്ചു. ഏയ്, ഇതിന് ആ ഉദ്ദേശ്യമില്ല. അത് ആ പുറംവേലിയുടെ പണിയാണ്. അതു ഞങ്ങള്‍ പുരുഷന്മാരുടെ പണിയാണ്. എങ്കാങ്ങ് എന്നു വിളിക്കുന്ന അക്കേഷ്യ മുള്‍വേലി ചൂണ്ടി നോയ്ല്‍ പറഞ്ഞു. നോയ്ലിന്റെ ആണ്‍കോയ്മ ചുരമാന്തുന്നു.

സിംഹമോ പുലിയോ നിങ്ങളുടെ കന്നുകളെ കൊന്നുതിന്നാറുണ്ടോ? ഞാന്‍ ചോദിച്ചു.

അപൂര്‍വ്വമാണ്.

അങ്ങനെയുണ്ടായാല്‍? വന്യമൃഗങ്ങള്‍ നിങ്ങളെ പരിക്കേല്‍പ്പിച്ചാല്‍? ആരെയെങ്കിലും കൊന്നാല്‍?

ഞങ്ങള്‍ കൊല്ലും. നിര്‍വ്വികാരമായ മുഖത്തിനു കോട്ടം വരുത്താതെ നോയ്ല്‍ പറഞ്ഞു.

വന്യമൃഗങ്ങള്‍ കൊന്നുകളയുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് സര്‍ക്കാര്‍ വക നഷ്ടപരിഹാരം എന്ന ചടങ്ങൊക്കെയുണ്ട്. ഒരു നടക്കാ ചടങ്ങ്. അതുകൊണ്ട് അവര്‍ കൊല്ലുന്നു. കുന്തവും അമ്പും വില്ലും കുഞ്ഞന്‍ ഗദയും ഉപയോഗിച്ച് ശത്രുവിനെ തീര്‍ത്തുകളയുന്നു. തരംഗീറിയിലും മന്യാരയിലുമാണ് മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ കൂടുതലുണ്ടാവുന്നത്. ഇവിടെത്തന്നെയാണ്

കൃഷിക്കും ലോഡ്ജുകള്‍ക്കും മറ്റ് ടൂറിസ്റ്റ് സൗകര്യങ്ങള്‍ക്കുമായി കൂടുതല്‍ കാട് കയ്യേറിയിട്ടുള്ളത്. മുഖ്യ നഗരങ്ങളോട് അടുത്തുകിടക്കുന്ന ഇവിടെ മസായികളും മറ്റു ഗോത്രങ്ങളും മൃഗങ്ങളെ നേരിടുന്നത് അമ്പും കല്ലും കുന്തവുമായിട്ടൊന്നുമല്ല. നല്ല നാടന്‍ തോക്കാണ് അവിടങ്ങളില്‍ മൃഗങ്ങളെ നേരിടുന്നത്.

മസായി യുവാക്കൾക്കൊപ്പം
മസായി യുവാക്കൾക്കൊപ്പം

അതിരുകളെക്കുറിച്ച് അറിവില്ലാത്ത ചില സിംഹത്താന്മാര്‍ ചിലപ്പോള്‍ ഗ്രാമത്തിലെത്തും. അതിലും അപൂര്‍വ്വമായി, ചില പഞ്ഞദിനങ്ങളില്‍ ചിലര്‍ മസായികളുടെ കാലികളെ തേടിയെത്തും. അതല്ലാതെ മൃഗങ്ങള്‍ മസായികളെ തേടിയോ മസായികള്‍ മൃഗവേട്ടയ്‌ക്കോ ഇറങ്ങാറില്ല. മസായിയുടെ ശൗര്യം വിളംബരം ചെയ്യാറുണ്ടായിരുന്ന 'സിംഹവധം' ഇപ്പോഴിവര്‍ ആടാറില്ല. അസുഖബാധിതരായ, പരിക്കേറ്റ സിംഹങ്ങളേയും മറ്റു മൃഗങ്ങളേയും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്ക് ഏല്‍പ്പിക്കാനും കാട്ടിലെ കമ്പിക്കെണികള്‍ (nsares) നീക്കം ചെയ്യാനും ഇന്നു വനപാലകരെ സഹായിക്കുന്നത് മസായികളാണ്. അങ്ങനെ മഹാവനങ്ങളായ സെരങ്കട്ടിയിലും ഗോരംഗോറയിലും മസായി-മൃഗ-വനപാലക കൂട്ടായ്മ രൂപപ്പെടുന്നുണ്ട്.

കുടിലിലേക്ക് ഞാനും അമ്മുവും മാത്രമാണ് കയറിയത്. ഞവണിക്കയുടെ വായിലേക്കെന്നപോലെ ഒരു വശത്തുനിന്നാണ് വാതില്‍. ഉള്ളില്‍ കുറ്റാക്കൂരിരുട്ട്. ഏതാനും നിമിഷങ്ങളെടുത്തു, നിലംപറ്റിക്കിടക്കുന്ന രണ്ടു കുള്ളന്‍ കട്ടിലുകളും ഒരടുപ്പും ഏതാനും പാത്രങ്ങളും തിരിച്ചറിയാന്‍ കഴിയാതെ പോയ ഏതാനും വസ്തുക്കളും അല്പമൊന്ന് തെളിഞ്ഞുകാണാന്‍. തീ കത്തിപ്പടരാനുള്ളതെല്ലാമുള്ള വലിയൊരു ചാണകവരളിയായ കുടിലിനുള്ളില്‍ (എന്‍കാജി) പാചകം എന്നത് തീക്കളി തന്നെയാണ്.

കുടിലിലേക്ക് കടക്കുമ്പോള്‍ എങ്കാങ്ങിനെച്ചൊല്ലിയുള്ള നോയ്ലിന്റെ ആണ്‍ വമ്പിന് ഓ... male big male എന്ന് അമ്മുവിലെ ഫെമിനിച്ചി രോഷം കൊള്ളുകയും കുറച്ചുകൂടി കടുപ്പമുള്ള വാക്കുകള്‍ വിഴുങ്ങുകയും ചെയ്തിരുന്നു. നോയ്ലിന്റെ മുഖം അപ്പോള്‍ കൂടുതല്‍ ഇരുണ്ടുപോകുന്നത് കൂരയിലെ കൂരിരുട്ടിലേക്കു കയറുമ്പോള്‍ ഞാന്‍ കണ്ടിരുന്നു. കൂരയില്‍നിന്നു പുറത്തെത്തി നോയ്ല്‍ സംസാരം തുടങ്ങിയതും എങ്കാങ്ങില്‍നിന്നുതന്നെയാണ്.

പുറംവേലി കെട്ടല്‍ ഉള്‍പ്പെടെ പ്രതിരോധവും സംരക്ഷണവുമാണ് മോറാന്മാര്‍ (പടയാളികള്‍) എന്നു വിളിക്കപ്പെടുന്ന യുവാക്കളുടെ വകുപ്പുകള്‍. കുടുംബത്തേയും കുലത്തേയും വളര്‍ത്തുമൃഗങ്ങളേയും മേച്ചിലിടങ്ങളേയും വന്യമൃഗങ്ങളില്‍നിന്നും പുറത്തുനിന്നുള്ള മനുഷ്യരില്‍നിന്നും സംരക്ഷിക്കുക. നാല്‍ക്കാലികളെ മേയ്ക്കുന്നതും ആണുങ്ങളുടെ - പ്രത്യേകിച്ചും കുട്ടികളുടേയും യുവാക്കളുടേയും പണിയാണ്. കന്നുകാലികളേയും മസായീ കരകൗശലങ്ങളേയും നാട്ടുചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും കൂട്ടത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരുന്നതും ഇവര്‍ തന്നെ. ബാക്കിയുള്ള ഒട്ടുമിക്ക ജോലികളും സ്ത്രീകളുടെ സംവരണമാണ്. കടിലുകെട്ടല്‍, കുട്ടികളെ വളര്‍ത്തല്‍, പാല്‍ കറന്നെടുക്കല്‍ വെച്ചുവിളമ്പല്‍ അങ്ങനെയെല്ലാം.

നഗരപ്രാന്തങ്ങളില്‍ മസായിച്ചന്തകളുണ്ട്. ചിലയിടങ്ങളില്‍ മസായിച്ചന്തദിനം തന്നെയുണ്ട്. അവിടെയാണ് മസായികളുടെ കൊടുക്കല്‍ വാങ്ങല്‍. കുഞ്ഞന്‍ ലോറികളിലും മുണ്ടന്‍ ലോളിയോണ്ട ബസുകളിലും പിക്കപ്പുകളിലും അടുക്കടുക്കായി നിരന്നു മടങ്ങുന്ന കറമ്പന്‍ മൊട്ടത്തലകളും ഷുക്കകളുടെ വര്‍ണ്ണ വൈചിത്ര്യവും ചന്തമുള്ള കാഴ്ചയാണ്.

പുരുഷകേന്ദ്രീകൃതമാണ് മസായികളുടെ ഗോത്രഘടന എന്ന് നോയ്ല്‍ സമ്മതിക്കുന്നു. പിന്നീടങ്ങോട്ട് നോയ്ല്‍ പറഞ്ഞതെല്ലാം ഏതൊരു മസായി സംബന്ധ വെബ്സൈറ്റില്‍ വായിക്കാവുന്നവ തന്നെ. അത്ര സുഖകരമല്ലാത്ത അനുമാനങ്ങളും അതിലേക്കെത്തുന്ന വസ്തുതകളും നോയ്ല്‍ വിട്ടുകളയുന്നുണ്ടെന്നു മാത്രം. വിവാഹങ്ങള്‍ നിശ്ചയിക്കുന്നത് മസായിക്കൂട്ടത്തിലെ മൂപ്പന്മാരാണ്. പെണ്‍കുട്ടിക്കോ അവളുടെ അമ്മയ്‌ക്കോ അതില്‍ കാര്യമൊന്നുമില്ല. അനുസരിക്കുക, അത്രതന്നെ. പുരുഷന്റെ മൂന്നാമത്തേയും നാലാമത്തേയും

പെണ്ണുകെട്ടാവുമ്പോള്‍ ഇണകള്‍ക്കിടയിലെ ദൂരം പതിനഞ്ചിലേറെ വര്‍ഷങ്ങളായിരിക്കും. അതുകൊണ്ടുതന്നെ ഇവരില്‍ പലരും ചെറുപ്പത്തിലേ വിധവകളാകും. ഇവര്‍ക്കു പിന്നെ വിവാഹമില്ല. സ്വന്തമായി കന്നുകളോ കൃഷിയോ ഉണ്ടാവില്ല. ആണ്‍മക്കളുണ്ടെങ്കില്‍ അവരുടെ ദയയില്‍ കഴിഞ്ഞുകൂടാം. വിവാഹ സമയത്ത് സ്ത്രീധനമെന്നപോലെ കൂടെ കൊണ്ടുവരുന്ന കന്നുകള്‍പോലും ഗൃഹനാഥന്റേയും പിന്നീട് ഇളയ മകന്റേതുമാകും. പിതൃസ്വത്തിലാകട്ടെ, പെണ്‍മക്കള്‍ക്ക് അവകാശമില്ല. ആണ്‍മക്കളില്ലാത്ത വിധവകളുടെ ജീവിതം കാലിക്കൂട്ടത്തിലെ മുതുക്കിപ്പശുവിനേക്കാള്‍ കഷ്ടമാണ്.

മാറ്റത്തിന്റെ ഇളംകാറ്റുകള്‍ ബോമകളില്‍ വീശിത്തുടങ്ങുന്നുണ്ട്. ബഹുഭാര്യത്വം തുടരുന്നുണ്ടെങ്കിലും അതു പഴയപോലെയത്ര 'ബഹു' അല്ല. വരന്റെ പ്രായം പെണ്‍കുട്ടിയുടെ അച്ഛനേക്കാള്‍ താഴെയാകണം എന്നും ഇന്നു നിഷ്‌കര്‍ഷയുണ്ട്. ചില എന്‍ജിയോകള്‍ പശുക്കളെ വളര്‍ത്താന്‍ നല്‍കിയും കൃഷിയിടങ്ങളില്‍ പുനരധിവസിപ്പിച്ചുമൊക്കെ വിധവകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പഠിക്കാന്‍ വാശിപിടിക്കുന്ന പെണ്‍കുട്ടികളുടെ മസായിക്കഥകളും ഇന്ന് അപൂര്‍വ്വമല്ല.

ബോമയില്‍ത്തന്നെ ഒരു സ്‌കൂളുണ്ട്. വിരോധമില്ലെങ്കില്‍ സ്‌കൂളിലൊന്നു കയറാം എന്നു വളരെ ഭവ്യതയോടെയാണ് നോയ്ല്‍ ക്ഷണിച്ചത്. കമ്പുകള്‍ കുത്തിനാട്ടി മേല്‍ക്കൂര മേഞ്ഞ ചെറിയൊരു ചതുരമുറിയാണ് സ്‌കൂള്‍. സ്‌കൂളിലേക്കു കയറുമ്പോള്‍ ഒരു സുന്ദരിമദാമ്മ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു. മുട്ടറ്റം തേടിയിറങ്ങുന്ന മഞ്ഞപ്പാവാട നിതംബങ്ങളെ മറച്ച് പണി നിര്‍ത്തിയിരിക്കുന്നു. ഇവര്‍ക്കുവേണ്ടിയാണ് സ്‌കൂള്‍ പുരയില്‍നിന്ന് ഉച്ചത്തിലുള്ള ഇംഗ്ലീഷ് അക്ഷരമാല പാട്ടും വണ്‍ മുതല്‍ ടെന്‍ വരെ ചൊല്ലലും താങ്ക്യുവും കേട്ടത്. പുറത്തേയ്ക്ക് കേട്ട ഇംഗ്ലീഷ് കേമത്തത്തിനോട് അകത്തെ സാഹചര്യങ്ങള്‍ ചേരുന്നില്ല. അഴുക്കും പൊടിയും കുസൃതി കൂട്ടുന്ന തറയില്‍ പൊക്കം കുറഞ്ഞ ഏതാനും ബെഞ്ചുകളില്‍ ഇരുപതോളം കുട്ടികള്‍ തിങ്ങിയിരുന്നു. പല പ്രായക്കാര്‍, പല വലിപ്പക്കാര്‍. മൂക്കില്‍നിന്നു നിരന്തരം തള്ളിവരുന്ന കൊഴുത്ത മഞ്ഞയെ കുട്ടികള്‍ അവഗണിച്ചു നാണം കെടുത്തുന്നു. മൂക്കൊന്ന് തുടയ്ക്കാന്‍ മെനക്കെട്ട അല്പം ചിലരുടെ മുഖത്ത് മണ്ണും മൂക്കളയും ചേര്‍ന്നു ചില വികൃതാക്ഷരങ്ങള്‍ എഴുതിയിരിക്കുന്നു. പെട്ടിപ്പുറത്തിരുന്ന ഷര്‍ട്ടും പാന്റ്സും ധരിച്ച മുപ്പതുകാരന്‍ അയാം ദ ടീച്ചര്‍ എന്നു പരിചയപ്പെടുത്തി. ഒരു വശത്തെ ബോമച്ചുവരില്‍ ചെറിയൊരു ബ്ലാക്ക്‌ബോര്‍ഡ്. വൃത്തിയായി എഴുതിവെച്ച എബിസിഡികള്‍. കുട്ടികള്‍ എബിസിഡി പാടിക്കഴിഞ്ഞ് മറ്റേതോ ഇംഗ്ലീഷ് പാട്ടിലേക്കു കടന്നപ്പോഴേക്കും ക്ലാസില്‍ വെച്ചിരുന്ന സംഭാവന പെട്ടിയില്‍ രണ്ടായിരം ടാന്‍സാനിയന്‍ ഷില്ലിങ്ങിട്ട് ഞാനും അമ്മുവും പുറത്തുകടന്നു. 'സ്‌കൂള്‍ പ്രദര്‍ശനം' അത്രയ്ക്ക് അസ്വസ്ഥരാക്കിയിരുന്നു, ഞങ്ങളെ.

എന്കാജി എന്ന മസായിക്കൂരകൾ
എന്കാജി എന്ന മസായിക്കൂരകൾ

ഈ മരക്കൊമ്പുമറ സ്‌കൂളില്‍ എന്തെങ്കിലും പഠനം നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഒരു സംഭാവനപ്പെട്ടി വെയ്ക്കാനുള്ള സ്ഥലം മാത്രമായിരിക്കാം അത്. കൂടുതല്‍ പഠിക്കണമെന്നുള്ളവര്‍ അടുത്തുള്ള ഗോരംഗോരയിലേക്കോ ലോലിയോണ്ടോയിലേക്കോ പോകണമത്രേ. ഈ അടുത്തെന്നു പറയുന്നത് എത്ര ദൂരെയാണെന്നു ചോദിച്ച് നോയ്ലിനെ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. നമ്മുടെ 'അടുത്തി'നേക്കാള്‍ അകലെയകലെയാണ് മസായിയുടെ അടുത്ത്.

പുറത്ത് സുന്ദരി മദാമ്മ നോയ്ലുമായി സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. അല്‍പ്പവസ്ത്രങ്ങള്‍ ഞങ്ങള്‍ക്കായി നീക്കിവെച്ച മാദകവെളുപ്പു നോക്കി നോയ്ലിനോട് ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു. ഈ വെളുപ്പുനിറം നിങ്ങള്‍ക്കിഷ്ടമാണോ? നോയ്ല്‍ അതിലെ കുസൃതി കണ്ടില്ല. അല്ല. ഞങ്ങള്‍ക്കിഷ്ടമല്ല. ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്. ഞങ്ങള്‍ക്കത്ഭുതമായി. പച്ച ആ പട്ടികയിലുണ്ടായില്ല. പിന്നെ ചുവന്ന മണ്ണ്. ചോര ചേര്‍ന്നു ചുവന്ന മണ്ണ്. മസായിക്ക് മണ്ണാണ് ജീവിതം. Land is life.

തിരിച്ചു നടക്കുമ്പോള്‍ നോയ്ല്‍ നൂറു ഡോളറിന്റെ ബാക്കി നാല്‍പ്പത് ഡോളര്‍ തന്നു. ഈ ഡോളറുകളൊക്കെയെന്ത് ചെയ്യും എന്നായി ഞാന്‍. ഒരു ടാങ്കര്‍ വെള്ളത്തിനു ഞങ്ങള്‍ കൊടുക്കുന്നത് നാനൂറ് ഡോളറാണ്. പിടിച്ചുപിടിച്ച് മൂന്ന് മാസത്തേയ്ക്ക് ഞങ്ങള്‍ അതുപയോഗിക്കും. അതു ഞെട്ടിക്കുന്ന തുകയും അറിവുമായിരുന്നു. ഞാന്‍ പിന്നെ വരവുചെലവു കണക്കു ചോദിച്ചില്ല. ബോമയുടെ നടുവട്ടത്തിനോട് ചേര്‍ന്നു പല തട്ടുകളിലായി മസായികളുടെ ആഭരണങ്ങളും കരകൗശലങ്ങളും എക്‌സിബിഷന്‍ കം സെയിലിനു നിരത്തിയിട്ടുണ്ട്. ഞാന്‍ അവയില്‍നിന്നു മാറി നടന്നു. അത്യുന്നത വിലകളാണ് അവരിതിന് ആവശ്യപ്പെടുക. വിലപേശിനില്‍ക്കുന്ന സന്ദര്‍ശകരോട് പരുഷമായി പെരുമാറാനും നിര്‍ബ്ബന്ധപൂര്‍വ്വം വാങ്ങിപ്പിക്കാനും ഇവര്‍ക്കു മടിയില്ലെന്നു കേട്ടിട്ടുണ്ട്. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു തിരിച്ചറിയുന്ന ഗോത്രജനത മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ പഠിച്ചിരിക്കുന്നു.

നടുത്തളത്തില്‍ അഡുമക്കാര്‍ ഇടവേളകളിട്ട് നൃത്തം തുടരുന്നുണ്ട്. കൂടെച്ചാടാന്‍ എന്നെപ്പോലൊരു കോമാളിയെ അവര്‍ക്കിനിയും കിട്ടിയിട്ടില്ല. ഒന്നുരണ്ടു പേര്‍ പഴയ സഹനര്‍ത്തകനെ കൈവീശിക്കാണിക്കുന്നുണ്ട്. എല്ലാവരും തോട്ടിപോലെ നീണ്ടും പലകപോലെ പരന്നും ആണ്. ദുര്‍മേദസ് തീരെയില്ല. അവരുടെ തുള്ളല്‍ നൃത്തം കണ്ടാല്‍ ഊര്‍ജ്ജശേഖരത്തിന്റെ അളവില്‍ നാം അത്ഭുതപ്പെടും.

തങ്ങള്‍ക്കിടയില്‍ രോഗങ്ങള്‍ പൊതുവെ കുറവാണെന്ന് നോയ്ല്‍ അവകാശപ്പെടുന്നു. പ്രാഥമിക ചികിത്സയൊക്കെ പരമ്പരാഗത

കാട്ടുമരുന്നുപയോഗിച്ച് ബോമയില്‍ത്തന്നെയാണ്. അതിലൊടുങ്ങാത്ത കേസുകളെ ഹെല്‍ത്ത് സെന്ററുകളിലേക്കു കൊണ്ടുപോകും. വേണമെങ്കില്‍ ടൗണിലേക്ക്. അങ്ങനെയൊക്കെയാണ് നോയ്ലിലെ ഗൈഡ് വിസ്തരിക്കുന്നത്. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്തെന്നപോലെ ആരോഗ്യരംഗത്തും പ്രധാന സേവകര്‍ എന്‍ജിയോകളും പുറത്തുനിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ്. ഈ അല്പശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നത് മസായികളുടെ അലച്ചില്‍ ശീലമാണ്. അപൂര്‍വ്വമായിട്ടുള്ള മൊബൈല്‍ ക്ലിനിക്കുകള്‍ ഒരു പരിധിവരെ ഈ പരിമിതികള്‍ മറികടക്കുന്നുണ്ട്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com