''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

തരംഗീറി, മന്യാര, ഗോരംഗോരോ, സെരങ്കെട്ടി എന്നിങ്ങനെ തെക്കു നിന്ന് വടക്കോട്ട് കോര്‍ത്തിട്ടിരിക്കയാണ് ടാന്‍സാനിയയുടെ വടക്കന്‍ വനങ്ങള്‍. പിന്നെയും വടക്കോട്ട് പോയാല്‍ കെനിയയിലെത്തും
''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രംഗീറിയില്‍നിന്നുള്ള റോഡ് 104 A ഹൈവേയിലെ ചെറിയൊരു ഉത്സവാന്തരീക്ഷത്തിലേക്കാണ് ചെന്നുചേര്‍ന്നത്. കടുത്ത നിറങ്ങളും കറുത്ത മൊട്ടത്തലകളുമായി മസായിക്കൂട്ടങ്ങള്‍. കടുംപച്ചയിലും ചുവപ്പിലും നീലയിലും കള്ളികളുള്ള ഷുക്കകളില്‍ (ശരീരം ചുറ്റി മറയ്ക്കുന്ന പുതപ്പ്. മസായിയുടെ ഔദ്യോഗിക വേഷം) അവരെ കാണാം. അവരുടെ ചന്തദിനമണെന്ന് റഷീദ്. ഇന്ന് വിദൂരമായ മസായി ഗ്രാമങ്ങളില്‍നിന്ന് അവരെത്തും. പിക്കപ്പ് വാനുകളിലും ലോറികളിലും മറ്റു ലൊടുക്കു വണ്ടികളിലും അവര്‍ നഗരത്തിലെത്തുന്നു. വിറ്റും വാങ്ങിയും കുടിച്ചും മദിച്ചും വൈകുന്നേരം അവര്‍ ബോമകളിലേക്കു മടങ്ങുന്നു.

യാത്ര മടങ്ങുന്നത് വരണ്ട ഭൂമിയിലൂടെയാണ്. ഇടക്കിടയ്ക്കുള്ള കവലകളില്‍ ഭൂമിയോളം വരണ്ട ജീവിതങ്ങള്‍ കൂടിനില്‍ക്കുന്നുണ്ട്. കാട് നഷ്ടപ്പെട്ട മസായികളും മേട് നഷ്ടപ്പെട്ട മാടുകളും ഇതൊക്കെ തങ്ങള്‍ക്കൊരുക്കിയ കാഴ്ചകളെന്ന മട്ടില്‍ ഞങ്ങളെപ്പോലുള്ള സ്വാര്‍ത്ഥ സഞ്ചാരികളും.

നേരെ നേരെ നീളെ നീളെ പോകുന്ന റോഡില്‍ വാഹനങ്ങള്‍ കുറവാണ്. ഇവിടെ മഴയും കുറവാണ്. അതുകൊണ്ട് റോഡുകള്‍ക്ക് പരുക്കോ വാര്‍ദ്ധക്യമോ ഇല്ല. യൗവ്വനയുക്തയായി അതങ്ങനെ മലര്‍ന്നു കിടക്കുന്നു. ഇടയ്ക്ക് ചില സഫാരി വണ്ടികള്‍. സീസണില്‍ അവയുടെ എണ്ണം വളരെ കൂടും. ലോളിയോണ്ടോ എന്നു വലുതാക്കിയെഴുതി നെറ്റിയിലൊട്ടിച്ച് മസായികളെ കുത്തിനിറച്ച തല്ലിപ്പൊളി ബസുകള്‍ വല്ലപ്പോഴും കാണാം.

ഗോരോംഗോരോയിലെ കാലിക്കൂട്ടം.കാട്ടുമൃഗങ്ങളുമായി ഇവർക്ക് ശത്രുതയില്ല
ഗോരോംഗോരോയിലെ കാലിക്കൂട്ടം.കാട്ടുമൃഗങ്ങളുമായി ഇവർക്ക് ശത്രുതയില്ല

ഭ്രാന്തന്‍ വണ്ടുകളെപ്പോലെ മൂളിപ്പായുന്ന ഓട്ടോറിക്ഷകളാണ് റോഡുകളില്‍ സാധാരണം. മെയ്ഡ് ഇന്‍ ഇന്ത്യ, ബജാജ്. പക്ഷേ, റഷീദ് ടീ.വി.യെസ് എന്നേ പറയൂ. റഷീദേ, ബജാജ് എന്നെഴുതിയത് കാണുന്നില്ലേ എന്ന് രണ്ടു തവണ ചോദിച്ചു. മറുപടിയിങ്ങനെ: yes, yes. that is teeveeyes. വലിയ പട്ടണങ്ങളില്‍ ഇവ ബജാജി എന്നും വിളിക്കപ്പെടുന്നു.

ഹൈവേയില്‍നിന്നു തിരിഞ്ഞ് മന്യാര, ഗോരങ്ങ്ഗോരോ സെരങ്കട്ടി പാര്‍ക്കുകളെ കോര്‍ത്തിടുന്ന റോഡ് മെലിഞ്ഞിട്ടാണെങ്കിലും ചന്തത്തിനു കുറവില്ല. മന്യാര തടാകക്കരയുടെ തുഞ്ചത്തുള്ള മന്യാര വൈല്‍ഡ് ലൈഫ് ലോഡ്ജിലാണ് ഇന്നു താമസം. അവിടേക്കുള്ള വെട്ടുവഴി മഹാകഷ്ടമാണ്. കുണ്ടും കുഴിയും കല്ലും ചാലും. ചെറിയ രണ്ടു പള്ളികള്‍ വലിയ കുരിശുകളുടെ ഭാരം താങ്ങി ഞെരിയുന്നു. ഓരങ്ങളില്‍ ബീന്‍സും മറ്റും കൃഷിയിറക്കിയിട്ടുള്ള കളങ്ങളുണ്ട്. ഒന്നുരണ്ട് ഹോംസ്റ്റേ ബോര്‍ഡുകളും പബുകളും കഴിഞ്ഞാല്‍ ലോഡ്ജെത്തി.

മന്യാരയില്‍ അനധികൃത കയ്യേറ്റങ്ങള്‍ സാധാരണമാണത്രേ. ഒരുപക്ഷേ, ഈ ലോഡ്ജ് നില്‍ക്കുന്നതും അത്തരമൊരു കയ്യേറ്റത്തറയിലായിരിക്കും. ആ പാപത്തിലൊരു പങ്കു പറ്റാനായി, കൂറ്റന്‍ ഗേറ്റ് കടന്ന്, വലിയ പുല്‍ത്തകിടി ചുറ്റി ഞങ്ങള്‍ ലോഡ്ജിന്റെ പൂമുഖത്തെത്തി.

ഗംഭീര നിര്‍മ്മിതി. പശ്ചാത്തലത്തില്‍ മോഹിപ്പിക്കുന്ന പ്രകൃതി. പുല്‍ത്തകിടികളും മരങ്ങളും തീയിടവും മന്യാരയില്‍ മുഖം നോക്കുന്ന ഓപ്പണ്‍ ബാറുമൊക്കെയായി സുന്ദരമായ ലേ ഔട്ട്. ഞങ്ങളെ സ്വീകരിക്കാന്‍ ലോബിയില്‍നിന്നിറങ്ങി വരുകയും മിനിയോടൊപ്പം അമ്മയെ കൈപ്പിടിച്ച് കൊണ്ടുപോകുകയും ജ്യൂസും സ്‌നാക്ക്സും നല്‍കി സന്തോഷിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ മാനേജരോട് ഞാനതു പറഞ്ഞു. -സന്തോഷം. പക്ഷേ, നിങ്ങളെ ബുദ്ധിമുട്ടിക്കാ വുന്ന ഒരു കൂട്ടരുണ്ടിവിടെ. ബബൂണുകള്‍. ധാരാളമുണ്ടവര്‍. അവര്‍ ഞങ്ങളെ അനുസരിക്കില്ല. നിങ്ങളേയും. സൂക്ഷിക്കുക. ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പെട്ടികളും കുപ്പികളും നിറച്ച ചാക്ക് ഒരാള്‍ വന്ന് എടുത്തു കൊണ്ടുപോയി. അതാണത്രേ സംവിധാനവും. ഒന്നും പുറത്ത് വലിച്ചെറിയരുത്. പ്രത്യേകിച്ചും കാട്ടില്‍. അവ അടുത്ത ലോഡ്ജുകാരുടെ ചുമതലയാണ്.

മന്യാര വൈല്‍ഡ് ലൈഫ് ലോഡ്ജിലെ മിക്ക ജോലിക്കാരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കനാഫ്രിക്കയിലേക്ക് കുടിയേറിയവരുടെ ടാന്‍സാനിയന്‍ പിന്‍മുറക്കാരാണ് ഇന്ന് ഇതു നടത്തുന്നത്.

ഞങ്ങളെ ലോഡ്ജിലാക്കി റഷീദ്, ഡ്രൈവര്‍മാര്‍ക്കായി ലോഡ്ജ് ഒരുക്കിയിട്ടുള്ള താമസ സ്ഥലത്തേക്കു പോയി. ആര്‍ക്കും ക്ഷീണമൊന്നുമില്ല. എന്നാലും എല്ലാവരും ചൂടുവെള്ളത്തില്‍ വിസ്തരിച്ചു കുളിച്ചുവന്നു. മനസ്സില്‍ നിറയുന്ന സന്തോഷം ശരീരത്തിന്റെ വിഷമങ്ങളെ ഒഴിപ്പിച്ചു കളയും. രാവിലെ മുതല്‍ വഴിയിലിറങ്ങിക്കുലുങ്ങിയിട്ടും അമ്മയ്ക്കുപോലും ഒരു പ്രശ്‌നവുമില്ല. സൂപ്പര്‍ മാമ. ഹക്കുണ മത്താത്ത.

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''
''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

മാനേജര്‍ കൊണ്ടുപോയി ഷെഫിനെ പരിചയപ്പെടുത്തി. നാളെ ഉച്ചയ്ക്കുള്ള ഭക്ഷണപ്പെട്ടി ഇവിടെ നിന്നാണ്. ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അതു തയ്യാറാക്കാമെന്ന് മൂപ്പരേറ്റു. റോഡില്‍ കാത്തുനില്‍ക്കുന്ന മസായി ബാല്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞു. അവര്‍ക്കുള്ളത് കൂടി കരുതാമെന്ന് അദ്ദേഹം ചിരിച്ചു.

ലോഡ്ജില്‍ താമസക്കാര്‍ കുറവാണ്. ഡിസംബറിന്റെ നഷ്ടം ഇവര്‍ക്കുമുണ്ട്. അത്താഴവും ഫയര്‍ പ്ലെയിസിലെ ആഫ്രിക്കന്‍ മേളവും പുറത്തു നടന്നൊരു ഫോട്ടോ ഷൂട്ടും കഴിഞ്ഞ് അപ്പുവിനെ വിളിച്ച് അന്നത്തെ കാഴ്ചകള്‍ വിസ്തരിച്ചു പറഞ്ഞു കൊതിപ്പിച്ചാണ് ഞങ്ങള്‍ മുറിയിലേക്കു മടങ്ങിയത്. റിസപ്ഷനിലെ പഴക്കം ഭാവിക്കുന്ന പരുക്കന്‍ ക്ലോക്കില്‍ അപ്പോള്‍ സമയം പത്തേ പത്ത്. കാഴ്ചകള്‍ക്കിടയിലെ ചില വരികള്‍ യാത്രാകാലങ്ങളില്‍ ടാബില്‍ കുറിച്ചിടുന്ന സ്വഭാവമുണ്ട് ഈയിടയായിട്ട്. അതു നിര്‍ബ്ബന്ധപൂര്‍വ്വമായ ഡയറിയെഴുത്തോ കുറിപ്പെടുക്കലോ അല്ല. എഴുതാതെ പറ്റില്ലെന്നു മനസ്സ് നിര്‍ബ്ബന്ധിച്ചാല്‍. എഴുതാതെ ഉറക്കം വരുന്നില്ലന്നു വന്നാല്‍. അന്നു പതിനൊന്നരയോടെയെഴുന്നേറ്റ് ഞാനിങ്ങനെ കുറിച്ചു: came, saw, fell in love. deep green wild love. പിന്നെ പ്രണയപരവശനായി കിടക്കയിലേക്ക്. ഉറങ്ങാന്‍ കഴിയുന്നില്ല. മുറിയുടെ പുറം ഭാഗത്തേക്ക് ചുവരാകുന്ന ചില്ലിലൂടെ, താരകങ്ങള്‍ മന്യാര തടാകത്തോട് കണ്ണിറുക്കിക്കളിക്കുന്നതും നോക്കി കിടന്നു.

മന്യാരയില്‍നിന്ന്

മസായിപ്പുരയിലേക്ക്

വൈകിയുറങ്ങിയാലും രാവിലെ വൈകാതെയുണരാന്‍ കഴിയുന്നത് ഇത്തരം യാത്രകളില്‍ മാത്രമാണ്. പ്രതീക്ഷകളുടെ തെളിച്ചവുമായാണ് ഇന്നത്തെ പുലരിയും വന്നിരിക്കുന്നത്. മുറിയിലെ കെറ്റിലില്‍ തന്നെ ഒരു കട്ടന്‍ ചായയുണ്ടാക്കി

ടാബുമായി ഞാന്‍ ബാല്‍ക്കണിയില്‍ ചെന്നിരുന്നു. ഗുജറാത്തില്‍നിന്നും 'ഒപ്പത്തിനൊപ്പം' ഫലസൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. ലോഡ്ജിലെ പുല്‍ത്തകിടിയും നീന്തല്‍ക്കുളവും മന്യാരത്തടാകക്കരയിലെ മരത്തിരക്കും ഇവിടെയിരുന്നു കാണാം. മന്യാരത്തടാകത്തില്‍നിന്നുള്ള തണുത്ത കാറ്റ് കര്‍ട്ടനുകളേയും വകഞ്ഞുമാറ്റി മുറിയിലേക്കു കയറിപ്പോയി.

ഭൂമിയുടെ അതിരിൽ മേയുന്ന ജിറാഫുകൾ
ഭൂമിയുടെ അതിരിൽ മേയുന്ന ജിറാഫുകൾ

നല്ല പുത്തന്‍കാറ്റ് - കാറ്റിനെ തലോടി അമ്മ പുറത്തേയ്ക്കു വന്നു. യാത്രയ്ക്ക് തയ്യാറായിരിക്കുന്നു. രാവിലത്തെ നടത്തം അമ്മ ഉപേക്ഷിക്കാറില്ല. ഞാന്‍ പ്രഭാതകൃത്യങ്ങള്‍ കഴിച്ച് അമ്മയുമായി നടത്തത്തിനിറങ്ങി. മാനേജരും മറ്റു ജോലിക്കാരും അമ്മയെ കണ്ട് ഓടിയെത്തി കുശലം പറഞ്ഞു, ഹബാരി യാ സുബുഹി പറഞ്ഞു. അമ്മ അവരോട് മലയാളത്തില്‍ നിറയെ വര്‍ത്തമാനം പറഞ്ഞു. ഒറ്റ ദിവസംകൊണ്ട് അമ്മ താരമായിരിക്കുന്നു.

(അമ്മയ്ക്ക് സ്വന്തമായൊരു ആഗോള ഭാഷാസംവിധാനമുണ്ട്. കുവൈത്തില്‍ അപാര്‍ട്ട്മെന്റ് കെയര്‍ടേക്കറായ ഇറാനിയുമായി അമ്മ സുഖമായി സംസാരിക്കും. പൊട്ടും പൊടിയുമുള്ള ഞങ്ങളുടെ അറബി മടുക്കുമ്പോള്‍ ഇറാനി അമ്മയെ കണ്ട് കാര്യം പറയും. ഇത്തിരി 'കയ്യും കലാശവും' ചെലവാകുമെങ്കിലും അമ്മയ്ക്കു കാര്യം മനസ്സിലാകും. ഇറാനിച്ചേട്ടന്‍ അറബിയല്ല പാര്‍സിയാണ് സംസാരിക്കുന്നതെന്ന് 12 കൊല്ലം കഴിഞ്ഞാണ് അമ്മയ്ക്കും ഞങ്ങള്‍ക്കും മനസ്സിലായത്).

ലോഡ്ജിനു മുന്‍വശത്ത് വായാടികളായ കിളികളുടേയും താന്തോന്നികളായ ബബൂണുകളുടേയും അവരുടെ തെമ്മാടിത്തം ഗതികെട്ട് സഹിക്കുന്ന പുല്‍ത്തകിടിയുടേയും ഇടയില്‍ കൂടെ ഞങ്ങള്‍ അരമണിക്കൂര്‍ നടന്നു. അമ്മയുടെ മുട്ടുകള്‍ അയഞ്ഞു. പിന്നെ കുറച്ചുനേരം ബബൂണുകളുടെ പരാക്രമങ്ങള്‍ നോക്കിനിന്നു. തനി മുഷ്‌കന്മാരാണിവര്‍. അവിടെ കിടന്നിരുന്ന ഒരു സഫാരി വണ്ടിയുടെ ജനല്‍ ചില്ല് തുറക്കാനുള്ള ശ്രമത്തിലാണ് രണ്ട് മല്ലന്മാര്‍. വണ്ടി തുറന്ന് എന്തെങ്കിലും നശിപ്പിച്ചാലോ എന്നു ഭയന്നു

ഞാനവരെ ഓടിക്കാന്‍ നോക്കി. എന്റമ്മോ, അവരുടെ ഒരു കാറലും അലറലും ചാട്ടവും. ഞങ്ങള്‍ പേടിച്ചുപോയി. ഞങ്ങളോടും വണ്ടിയോടുമുള്ള ദേഷ്യം അവര്‍ തീര്‍ത്തത് റിയര്‍വ്യൂ മിറര്‍ ഒടിച്ചിട്ടിട്ടാണ്.

ഞങ്ങള്‍ പ്രാതല്‍ കഴിച്ച് മെസ്ഹാളിനു ചേര്‍ന്നുള്ള പുല്‍ത്തകിടിയിലെ കസേരയില്‍ ചെന്നിരുന്നു. അപ്പോഴേക്കും അമ്മയ്ക്കു കൂട്ടായി റഷീദ് വന്നു. അവര്‍ ആഗോളഭാഷയില്‍ വര്‍ത്തമാനവും തുടങ്ങി. റഷീദിന്റെ അപ്പൂപ്പന്‍ മുതലുള്ള കുടുംബചരിത്രം അമ്മയിനി ചോദിച്ചറിയും. ഞാന്‍ റൂമിലേക്കു മടങ്ങുമ്പോള്‍ അമ്മുവും മിനിയും പരിഭ്രാന്തരായി പുറത്തേക്കു വരുന്നു.

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''
വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

എന്തു പണ്യാ ചെയ്‌തേ? എന്ന ചോദ്യത്തില്‍ അവര്‍ എന്നോടുള്ള ദേഷ്യം ഒതുക്കിവെച്ചു.

ബാല്‍ക്കണിയില്‍നിന്നു പോന്നപ്പോള്‍ ഞാന്‍ വാതിലടയ്ക്കാന്‍ വിട്ടുപോയി. അമ്മു മുറിയിലേക്കു കടന്നപ്പോള്‍ വലിയൊരു ബബൂണ്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി അമ്മുവിനെ തുറിച്ചുനോക്കുന്നു. തീവ്രഭയത്തിന്റെ ഉര്‍ജ്ജസ്ഫോടനത്തില്‍ അവള്‍ അലറിവിളിച്ചു. കാട്ടില്‍പോലും കേട്ടിട്ടില്ലാത്ത ആ ഗര്‍ജ്ജനത്തില്‍ ബബൂണ്‍ വിറച്ചു. ജീവനും കൊണ്ടുള്ള പാച്ചിലില്‍ അവന്‍ 'പേടിച്ചുതൂറിയ' അടയാളങ്ങള്‍ ബാല്‍ക്കണിയിലെമ്പാടുമുണ്ട്. പാവം ബബൂണ്‍.

ഒന്‍പതു മണിയോടെ മന്യാര ലോഡ്ജിനോടും ജോലിക്കാരോടും നന്ദിപറഞ്ഞ് സെരെങ്കട്ടിയിലേക്കു പുറപ്പെട്ടു. മന്യാരയില്‍നിന്നുള്ള കുണ്ടന്‍വഴി സെരെങ്കട്ടി റോഡിലേക്കു കയറുന്ന കവലയില്‍ ടാന്‍സാനിയന്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ചില കടകളുണ്ട്. അതില്‍ പകിട്ട് കുറഞ്ഞ കടയിലേക്കു ഞങ്ങള്‍ ചെന്നു. പകിട്ട് കുറവെന്നാല്‍ വിലക്കുറവെന്നു കൂടിയാണ്. രണ്ടു മുറികളും റഷീദിന്റെ ഛായയുള്ള യുവാവും ഒരു വൃദ്ധനും തടിയില്‍ പണിത ശില്പങ്ങളും ഗോത്രവാസനകള്‍ കാണിക്കുന്ന മൂന്നു മരക്കസേരകളുമാണ് കട. മണ്ണ് പുരണ്ട് നിലത്തിരിക്കുന്ന മുണ്ടന്‍ ശില്പങ്ങള്‍ മക്കോണ്ട ഗോത്രത്തിന്റെ സ്പെഷ്യാലിറ്റിയാണ്. പൊടിപിടിച്ച് നിറം മങ്ങി മുന്‍ ചുമരില്‍ തൂങ്ങുന്ന കാന്‍വാസ് ചിത്രങ്ങളും ടാന്‍സാനിയന്‍ സ്പെഷ്യാലിറ്റിയാണ്.

കടയ്ക്കു പുറത്ത് മണ്ണില്‍ കുടിയിരുത്തപ്പെട്ട മാക്കോണ്ടെകളുടെ പരിപാലനം വൃദ്ധനാണെന്നു തോന്നുന്നു. പോളീഷ് ചെയ്തു മിനുക്കിയിട്ടില്ലാത്ത പരുക്കന്‍ ശില്പങ്ങള്‍ക്കില്ലാത്ത ഒരപകര്‍ഷത വൃദ്ധനുണ്ട്. എന്നാല്‍, ചമയങ്ങളുടെ ചതിവില്ലാത്ത ആ അസംസ്‌കൃത ശില്പങ്ങളാണ് ഞങ്ങളെ ആകര്‍ഷിച്ചത്.

കരിമരത്തിലാണ് ശില്പങ്ങള്‍. കറുപ്പ് നിറവും പരുക്കന്‍ ഭാവവും ശില്പങ്ങള്‍ക്ക് ആഫ്രിക്കന്‍ ഗോത്രച്ചുവ നല്‍കുന്നു. തെക്കേ ടാന്‍സാനിയായിലും മൊസാംബിക്കിലുമായി ചിതറിക്കിടക്കുന്ന മാക്കോണ്ടെ ഗോത്രക്കാരാണ് ഇത്തരം ശില്പങ്ങളുടെ പരമ്പരാഗത നിര്‍മ്മാതാക്കള്‍. കൈത്തൊഴിലാണവര്‍ക്കിത്. ഗോത്രനാമത്തില്‍ തന്നെ ശില്പങ്ങള്‍ അറിയപ്പെടുന്നു. ആഫ്രിക്കന്‍ മനുഷ്യരൂപങ്ങള്‍, അവരുടെ ഉത്സവങ്ങള്‍, മൃഗങ്ങള്‍, ദേവഗണങ്ങള്‍, ഭൂതപ്രേതങ്ങള്‍, ആചാരനൃത്തങ്ങളിലും ഉപയോഗിക്കുന്ന മാസ്‌കുകള്‍ എന്നിവയൊക്കെയാണ് മാക്കോണ്ടെ ശില്പങ്ങളാവുന്നത്. എങ്കിലും ഒരു കുടുംബമെന്നപോലെ പത്തും ഇരുപതും മനുഷ്യരൂപങ്ങള്‍ കുഴല്‍പരുവത്തില്‍ കെട്ടുപിണച്ച് നെയ്‌തെടുക്കുന്ന ട്രീ ഓഫ് ലൈഫ് അഥവാ ഫാമിലി ട്രീയാണ് ഇവരുടെ ക്ലാസ്സിക്. ഇത്തരം ശില്പവേലകള്‍ ഉജാമ എന്നറിയപ്പെടുന്നു. ഞങ്ങളുടെ സമ്പന്ന ദാരിദ്ര്യവും സമൃദ്ധമായ പിശുക്കും അവയുടെ വിലയും ഒത്തുപോവുന്നില്ല. മൂന്ന് മാക്കോണ്ടെകളെ ഏതാനും മിനുറ്റുകള്‍ നീണ്ട വിലപേശലിനൊടുവില്‍ ഞങ്ങള്‍ സ്വന്തമാക്കി. ഭംഗിയായി പണിത് കറുപ്പിച്ചു മിനുക്കിയ ഒരു 'മരച്ചട്ടി'യും. ചട്ടിയുടെ വശങ്ങളില്‍ മനുഷ്യരൂപങ്ങളും: ''ചന്തത്തില്‍ കൊത്തിവെച്ചിരുന്നു. പറയുന്ന വിലയുടെ പകുതിയെങ്കിലും താഴ്ത്തിയേ ചോദിക്കാവൂ എന്നാണ് റഷീദിന്റെ താക്കീത്. അതിലും വളരെ താഴ്ത്തിയാണ് ഞങ്ങള്‍ ശില്‍പ്പങ്ങള്‍ കൈപ്പറ്റിയത്. (മലയാളിക്ക് വിലപേശലില്‍ ട്യൂഷന്‍ നല്‍കുന്നു പാവം റഷീദ്!) പുലിയും സിംഹവും ആനയും തൂങ്ങിക്കിടക്കുന്ന മൂന്ന് കീച്ചെയ്നുകള്‍ അമ്മുവിനു സൗജന്യമായി വൃദ്ധന്‍ നല്‍കുകയും ചെയ്തു, കൂട്ടുകാര്‍ക്ക് കൊടുക്കൂ എന്നും പറഞ്ഞ്.

മൃദുമരങ്ങളില്‍ ഗോത്രാചാരങ്ങള്‍ക്കാവശ്യമായ മാപിക്കികള്‍ (mask) ഉണ്ടാക്കിയാണ് മാക്കോണ്ടകള്‍ ഈ 'തടിപ്പണി' തുടങ്ങിയത്. ഈസ്റ്റ് ആഫ്രിക്കയില്‍ കോളനി സ്ഥാപിക്കാന്‍ വന്ന പോര്‍ച്ചുഗീസുകാരാണ് ഇവരുടെ കേമത്തം തിരിച്ചറിഞ്ഞത്. ലോലമായ മരത്തിലുണ്ടാക്കുന്ന ശില്പങ്ങള്‍ക്ക് ഈടില്ലായിരുന്നു. അതിനു പരിഹാരമായത് കട്ടത്തടിയായ കരിന്താളിയുടെ കറുത്ത കാതലാണ്. കരിന്താളിയില്‍ പുതിയ ആശയങ്ങളും പുതിയ രൂപങ്ങളും ഉളിക്കൊത്തില്‍ പിറന്നു. മറ്റു വന്‍കരകളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ മാക്കോണ്ടകളുടെ കെട്ടുകളുമായി തിരിച്ചുപോയി. അമേരിക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും അവ കയറിപ്പോയി. എഴുപതുകളില്‍ അബ്സ്ട്രാക്ടിസവും ആധുനികതയും മാക്കോണ്ടകളെ ആവേശിച്ചു. അപ്പോളും അവ കറുത്ത നിറവും കടുത്ത മുഖവും ഉപേക്ഷിച്ചില്ല. മാക്കോണ്ട ശില്പങ്ങള്‍ ലോകമെമ്പാടും പേരെടുത്തപ്പോള്‍ ജോര്‍ജ് ലിലാംഗപോലെ ചിലരെ പ്രശസ്തരായുള്ളൂ. ബാക്കിയുള്ളവര്‍ ഗ്രാമങ്ങളില്‍ ജന്മസിദ്ധ കലാശേഷിയും സ്വാഭാവിക ദാരിദ്ര്യവുമായി കഴിയുന്നു. തങ്ങളുടെ കുലത്തില്‍നിന്ന് മുസാമ്പിക്കിലും ടാന്‍സാനിയായിലും

മക്കോണ്ട ശില്പങ്ങൾ
മക്കോണ്ട ശില്പങ്ങൾ

രാഷ്ട്ര നേതാക്കളുണ്ടായിട്ടുണ്ടെന്ന് ഇവര്‍ക്ക് വമ്പു പറയാം എന്നുമാത്രം. ടാന്‍സാനിയായിലെ പ്രസിഡന്റായിരുന്ന ബെഞ്ചമിന്‍ മ്കപായും മൊസാംബിക്കിലെ ന്യൂസിയും.

വൃദ്ധനും റഷീദിന്റെ ചായയുള്ളവനും സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. വിലപേശലിലെ ഔത്സുക്യം അവരെക്കുറിച്ചറിയാനും ശില്പങ്ങളെക്കുറിച്ചറിയാനും കാണിച്ചത് അവരെ സന്തോഷിപ്പിച്ചിരിക്കാം. സെരംങ്കട്ടി റോഡില്‍ കുറച്ചു ചെന്നപ്പോള്‍ വലതുവശത്തെ വലിയൊരു കടയിലേക്കു വണ്ടി കയറ്റിനിര്‍ത്തി. ആഫ്രിക്കന്‍ ഗാല്ലറിയ.

ധനികരായ സഞ്ചാരികളെ വശീകരിക്കാനുള്ള ആര്‍ഭാടങ്ങളൊക്കെ ആ വലിയ വില്‍പ്പനശാലയ്ക്കുണ്ടായിരുന്നു. ധാരാളം പൂച്ചെടികളും ചെറുമരങ്ങളും ഭംഗിയായി അടുക്കിയ പാറക്കെട്ടുകളും മൃഗങ്ങളുടേയും മനുഷ്യരുടേയും ശില്പങ്ങളുമൊക്കെയായി ഭംഗിയായ ലാന്‍ഡ് സ്‌കേപ്പിങ്ങ്. കരിങ്കല്‍ പരപ്പിനുമേല്‍ ആള്‍പ്പൊക്കമുള്ള രണ്ട് മാക്കോണ്ടെകള്‍. ഗാല്ലേറിയയുടെ പുറംചുവരില്‍ നിരത്തിത്തൂക്കിയിട്ട ടിന്‍ഗാടിന്‍കാ ചിത്രങ്ങള്‍. ആരേയും മോഹിപ്പിക്കുന്ന നിറസമൃദ്ധി, കേമമായ വരകള്‍. മറുവശത്തെ ചുമര് മൂടുന്നത് പല വലുപ്പത്തില്‍ രൂപത്തില്‍ നിറങ്ങളില്‍ മുഖംമൂടികള്‍. കെട്ടിടത്തിനുള്ളില്‍ കാത്തിരിക്കുന്ന ചിത്രശില്പകലാ വനത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു-ഇതൊക്കെ കാണുക. സമയമെടുത്തു കാണുക. കാണുക മാത്രം. കാര്‍ പാര്‍ക്ക് ചെയ്ത് ഓടിവന്ന റഷീദും അതുതന്നെ പറഞ്ഞു, ഒന്നും വാങ്ങല്ലേ സര്‍. വല്യ വിലയാകും. കണ്ടാല്‍ മാത്രം മതി. ഒരൊറ്റ ദിവസംകൊണ്ട് റഷീദ് ഞങ്ങളുടെ ക്രയവിക്രയ സ്വഭാവം കൃത്യമായി പഠിച്ചിരിക്കുന്നു. അകത്ത് ആഫ്രിക്കന്‍ ചിത്ര-ശില്പങ്ങളുടെ കൊടുങ്കാട് തന്നെയായിരുന്നു. ചുമരുകളിലും ഷെല്‍ഫുകളിലും വെറും നിലത്തും അവിടെ

കൊട്ടകളിലും ശില്പങ്ങള്‍ തിക്കിത്തിരക്കിയിരിക്കുന്നു. ചുമര് മറയ്ക്കുന്ന ടിന്‍ഗാടിന്‍ഗാ ചിത്രങ്ങളുടെ വര്‍ണ്ണ സമ്പന്നതയ്ക്കിടയില്‍ ഒരു കൊച്ചു കുറിപ്പുണ്ട്. അതിങ്ങനെയാണ്: ടാന്‍സാനിയന്‍ ചിത്രകാരനായ എഡ്വേര്‍ഡ് സെയ്ദ് ടിന്‍ഗാടിന്‍ഗാ 1968-ല്‍ ദാരെസ്സലാമില്‍ തുടങ്ങി വെച്ച ചിത്രമെഴുത്തു പദ്ധതിയാണിത്. നാലു വര്‍ഷത്തിനുശേഷം ടിന്‍ഗാടിന്‍ഗാ നിര്യാതനാകുമ്പോഴേക്കും ടിന്‍ഗാടിന്‍ഗാ ചിത്രങ്ങള്‍ കിഴക്കനാഫ്രിക്ക കീഴടക്കിയിരുന്നു. ദരിദ്രമായ ചുറ്റുപാടുകളില്‍ കാര്‍ഡ്ബോര്‍ഡ് കഷണങ്ങളില്‍ സൈക്കിള്‍ പെയ്ന്റ് തേച്ചു തുടങ്ങിയ ടിന്‍ഗാടിന്‍ഗാകള്‍ ഇന്ന് ഒന്നാന്തരം കാന്‍വാസുകളില്‍ മുന്തിയ നിറങ്ങളില്‍ നിറഞ്ഞു സമ്പന്നരായ ടൂറിസ്റ്റുകളോടൊപ്പം യൂറോപ്പിലേക്കും അമേരിക്കന്‍ നാടുകളിലേക്കും കയറിപ്പോകുന്നു.

(കുറിപ്പില്‍ ഇല്ലാത്ത ടിന്‍ഗാടിന്‍ഗാ പുരാണം ഇങ്ങനെയാണ്: ക്രിസ്ത്യാനിയായ അമ്മയുടേയും ഇസ്ലാമായ പിതാവിന്റേയും മകനാണ് ടിന്‍ഗാടിന്‍ഗാ. അതുകൊണ്ടാണ് എഡ്വേര്‍ഡ് സെയ്ദ് എന്ന അസാധാരണ സങ്കലനം പേരിലുള്ളത്. നുഴഞ്ഞുകയറ്റക്കാരനെന്നു തെറ്റിദ്ധരിച്ച ഒരു പൊലീസുകാരന്റെ വെടിയേറ്റാണ് ടിന്‍ഗാടിന്‍ഗാ മരിക്കുന്നത്).

ഒരടി മുതല്‍ ഒരാളോളം പോന്ന ജിറാഫുകള്‍, ആനകള്‍, ഉജാമാ ശില്പങ്ങള്‍. ധൈര്യത്തെ കടിച്ചുകീറിപ്പോകുന്ന സിംഹ രാജന്മാര്‍, പുള്ളിപ്പുലികള്‍. ഗോത്രമനുഷ്യരൂപങ്ങള്‍ -മാക്കോണ്ടെകള്‍. പലതരം മാസ്‌കുകള്‍. അടുത്തത് വസ്ത്രങ്ങള്‍, കടും നിറങ്ങളില്‍. നമുക്കു പരിചയമില്ലാത്ത പാറ്റേണുകള്‍. മറ്റൊരു ഭാഗത്ത് ടാന്‍സാനിയയുടെ മാത്രമായ ടാന്‍സണൈറ്റ് രത്‌നക്കല്ലു പതിച്ച ആഭരണങ്ങള്‍. കലയുടെ ധാരാളിത്തംകൊണ്ടും വൈവിധ്യംകൊണ്ടും നമ്മള്‍ പരിഭ്രാന്തരായിപ്പോകും. എന്തെങ്കിലും വാങ്ങിക്കാതെ അവിടെ നിന്നിറങ്ങുന്നവരില്ല. ഞങ്ങളുടെ കൊടും പിശുക്കും കരിന്താളിക്കാതലോളം കടുത്ത മനസ്സും ധനനഷ്ടം വരുത്താതെ രക്ഷപ്പെടുത്തി. കാശ് ചെലവില്ലാതെ ആഫ്രിക്കന്‍ ശില്പകലയുടെ വലിയൊരു എക്‌സിബിഷന്‍ കണ്ടിറങ്ങുകയായിരുന്നു ഞങ്ങള്‍. എങ്കിലും ചെറിയൊരു പരുക്കേല്‍ക്കാതെയുമിരുന്നില്ല. ഷോറൂമിലെ ഒരു ജിറാഫുമായി അമ്മ പ്രേമത്തിലായി, കൂടെ കൂട്ടണമെന്നു വാശിയായി. അരയാള്‍ പൊക്കമുള്ള ജിറാഫ്. അരോഗദൃഢഗാത്രന്‍. മുന്‍കാലുകളില്‍ നിവര്‍ന്നുനിന്ന് ഇടതു വശത്തേയ്ക്ക് തലവെട്ടിച്ചു നോക്കി ആ സുന്ദരന്‍ അമ്മയെ മോഹിപ്പിച്ചുകളഞ്ഞു. അവന്റെ വലുപ്പവും വിലയും ബോധ്യപ്പെടുത്തി ഒരു വിധമാണ് അമ്മയെ അവനില്‍നിന്നും വേര്‍പ്പെടുത്തിയത്. ടാന്‍സാനിയയില്‍നിന്നു തിരിച്ചുപറക്കും മുന്‍പ് കൊക്കിലൊതുങ്ങുന്നതും ബാഗില്‍ കൊള്ളുന്നതുമായ ഒരു ജിറാഫിനെ വാഗ്ദാനം ചെയ്യുകയും വേണ്ടിവന്നു. എന്നിട്ടും ആ മുഖമങ്ങ് മുഴുവന്‍ തെളിഞ്ഞില്ല. അതിന് റഷീദ് വേണ്ടിവന്നു. അമ്മയെ തിരിച്ചു വണ്ടിയിലേയ്ക്കു കയറാന്‍ സഹായിക്കുമ്പോള്‍ റഷീദ് ഈണത്തില്‍ പറഞ്ഞു, ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? കടയിലും നിറയെ ജിറാഫല്ലേ. സൂപ്പര്‍ മാമാ. ഹക്കുണ മത്താത്ത.

മസായി ഗ്രാമം
മസായി ഗ്രാമം

വീണ്ടും ബജാജികളും ലോളിയോണ്ടയിലേക്കുള്ള മുണ്ടന്‍ ബസുകളും മേയുന്ന റോഡിലൂടെ സെരങ്കട്ടിയിലേക്കുള്ള യാത്ര. കുന്നുകള്‍ കേറിയും ഇറങ്ങിയും ഇടവിട്ടിടവിട്ട് നാടിന്റേയും കാടിന്റേയും ചന്തത്തില്‍ പുളഞ്ഞ്, വളഞ്ഞുപോകുന്ന വഴി. ഇടതുവശം മന്യാര തടാകവും കാടും. ചിലപ്പോള്‍ മരങ്ങള്‍ക്കിടയിലെ ഒഴിവ് മന്യാരത്തടാകത്തിലേക്കുള്ള കിളിവാതിലാവും. ആകാശം നിറയെ വെള്ളിക്കൊലുസ്സിട്ട വെള്ളമേഘങ്ങള്‍ സഫാരിക്കിറങ്ങിയിട്ടുണ്ട്. താഴത്തെ പുല്‍മേടുകളിലേക്ക് തങ്ങളുടെ നിഴലിനെ പറഞ്ഞുവിട്ട് കൊടുംവെയിലിനെ സ്വസ്ഥനാക്കുന്നുണ്ടവര്‍. നിഴല്‍ വീഴുന്നിടത്തെ പുല്ലിനും പച്ചപ്പിനും വല്ലാത്തൊരു നിറപ്പകര്‍ച്ചയാണ്, കാല്‍പ്പനിക ചന്തമാണ്.

ഒരു എസ്‌ക്രീം കഴിക്കണമെന്നു തോന്നിയതും ഗോരംഗോരോ സംരക്ഷിത മേഖലയിലേക്കുള്ള കവാടത്തിലെത്തിയതും ഒരുമിച്ച്. കുറച്ച് സോവനീര്‍ കടകളും ചെറിയൊരു കാപ്പിക്കടയും ടോയ്ലറ്റ് സൗകര്യങ്ങളും ചെക്ക്‌പോസ്റ്റുമാണ് ഇവിടെയുള്ളത്. മൂത്രമൊഴിക്കണമെങ്കില്‍ ഇവിടെ ഒഴിക്കണം. അത്തരം പരിപാടികള്‍ കാട്ടില്‍ അപകടകരമാണ്. ഞങ്ങള്‍ കാര്യങ്ങളൊക്കെ സാധിച്ച് അഞ്ച് പേര്‍ക്കുള്ള ഐസ്‌ക്രീമുകളുമായി വന്നപ്പോഴേക്കും റഷീദ് 'പേപ്പര്‍ വര്‍ക്കുകള്‍' കഴിഞ്ഞെത്തി. പ്രാദേശികമായുണ്ടാക്കിയ പുതുരുചിയില്‍ രസിച്ചും തണുത്തും ഏതാനും സമയം. പിന്നെ ഗൊരംഗോരോ വഴി സെരങ്കെട്ടിയിലേക്ക്, രണ്ടാം വനത്തിലേക്ക്. സഫാരി രണ്ടാം ദിനത്തിലേക്ക്.

തരംഗീറി, മന്യാര, ഗോരംഗോരോ, സെരങ്കെട്ടി എന്നിങ്ങനെ തെക്കു നിന്ന് വടക്കോട്ട് കോര്‍ത്തിട്ടിരിക്കയാണ് ടാന്‍സാനിയയുടെ വടക്കന്‍ വനങ്ങള്‍. പിന്നെയും വടക്കോട്ട് പോയാല്‍ കെനിയയിലെത്തും. അവിടെ സെരെങ്കട്ടി മസായിമാരയാകും.

സഫാരിയുടെ അവസാന ദിവസങ്ങളിലാണ് ഗോരംഗോരോ ക്രേറ്ററിലേക്കിറങ്ങുന്നത്. എന്നാല്‍, ഈ പോക്കില്‍ത്തന്നെ ആ ഗര്‍ത്തത്തിന്റെ ഒരു ദൂരക്കാഴ്ചയെങ്കിലും വേണമെന്ന് റഷീദിനെ നിര്‍ബ്ബന്ധിച്ചിരുന്നു. (റഷീദിന് അതും ഹക്കുണ മത്താത്ത). അത്രയ്ക്ക് തീവ്രമായിരുന്നു പൊറ്റക്കാടിന്റേയും സക്കറിയായുടേയും വര്‍ണ്ണനകള്‍ നിര്‍മ്മിച്ച ഗോരംഗോരോ പ്രണയം. അടുത്ത കാലത്ത് നെറ്റില്‍ വായിച്ച ബ്ലോഗുകളും കണ്ട യുട്യൂബ് വീഡിയോകളും ഇഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്.

കസേര വെറും കസേരയല്ല .രാജാവും രാഞ്ജിയും
കസേര വെറും കസേരയല്ല .രാജാവും രാഞ്ജിയും

റഷീദിന്റെ ഹക്കുണ മത്താത്ത ചതിച്ചില്ല. ക്രേറ്ററിലേക്കുള്ള വ്യൂ ബാല്‍ക്കണിക്കടുത്ത് സഫാരി വണ്ടി നിന്നു. ഞങ്ങള്‍ക്കു മുന്‍പേയെത്തിയ ഗോരംഗോരോ പ്രണയികള്‍ 20-25 പേരുടെ തിക്കിത്തിരക്കുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ ആ ബാച്ച് ഒഴിഞ്ഞുപോയി. ക്രേറ്ററിലെ കാഴ്ചയ്ക്കായി റഷീദ് അമ്മയ്ക്ക് ടെലസ്‌കോപ്പുമായെത്തി. യൗവ്വനത്തിളപ്പു കഴിഞ്ഞ അഗ്‌നിപര്‍വ്വതമാണ് ഗോരോംഗോരോ. അകം തിളച്ചുള്ളുള്ളിലേക്കമര്‍ന്നുണ്ടായതാണ് ഈ ഗര്‍ത്തം. അതും രണ്ടര മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്. 600 മീറ്റര്‍ താഴ്ച. 260 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണം. ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വത ഗര്‍ത്തം (caldera). ഗര്‍ത്തത്തില്‍ 30000-ത്തോളം മൃഗങ്ങള്‍. കിഴക്കനാഫ്രിക്കയുടെ സസ്യജാലങ്ങളുടെയെല്ലാം പ്രാതിനിധ്യം. ഉപ്പുള്ളതും അല്ലാത്തതുമായ ജലാശയങ്ങള്‍. ചതുപ്പുകള്‍. മലകള്‍. കുന്നുകള്‍. പുല്‍മൈതാനങ്ങള്‍. പ്രകൃതി തന്റെ പ്രിയ ജീവജാലങ്ങളെ വലിയ കൈക്കുമ്പിളിലിട്ടു പോറ്റുകയാണ്. ഇന്ദ്രിയങ്ങളെ മദിപ്പിക്കുന്ന ആ കാല്പനിക ചന്തത്തിലേക്കാണ് ദൂരദര്‍ശിനി കണ്ണുകളിലൂടെ അമ്മ ഒളിഞ്ഞുനോക്കുന്നത്. ക്രേറ്റര്‍ നിറഞ്ഞുതുളുമ്പിയെത്തുന്ന കാറ്റിന് ഉച്ചപ്പന്ത്രണ്ടിനും നല്ല തണുപ്പ്, നല്ല ആവേശം. താഴെ ആനകളുടേയും സീബ്രകളുടേയും വില്‍ഡ് ബീസ്റ്റുകളുടേയും കൂട്ടങ്ങള്‍. നിഴലിന്റേയും വെളിച്ചത്തിന്റേയും കുസൃതികളില്‍ തുടുക്കുകയും മങ്ങുകയും ചെയ്യുന്ന പുല്‍മൈതാനത്തിന്റെ ഹരിതച്ഛവി. അതിരുകളില്‍ കറുത്ത മലനിരകള്‍. അതിനപ്പുറം മഞ്ഞൂതി വിടുന്ന നിറം മങ്ങിയ മലകള്‍. അതിനും പിന്നില്‍ വെണ്‍മേഘപാളികളെ നിരത്തിനിര്‍ത്തി മലകളെ പ്രകോപിപ്പിക്കുന്ന ആകാശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് സഫാരി വണ്ടികള്‍ എത്തിയിരിക്കുന്നു. നിറയെ ആള്‍ക്കാരുണ്ട്. ഞങ്ങള്‍ ഗോരംഗോരോയെ അവരെ ഏല്‍പ്പിച്ച് സെരെങ്കട്ടിയിലേക്കുള്ള യാത്ര തുടര്‍ന്നു. താഴെനിന്നു കയറിവന്നുകൊണ്ടിരുന്ന ഒരു ചെറിയ ആട്ടിന്‍പറ്റം അതിന്റെ കുട്ടിത്തലവനേയുംകൊണ്ട് കടന്നുപോകുന്നതുവരെ റഷീദ് പിന്നെയും വണ്ടി നിര്‍ത്തിയിട്ടു. അരുഷയില്‍നിന്ന് തരംഗീറിലേക്കുള്ള യാത്രയ്ക്കിടയില്‍ വലിയ കന്നുകാലിക്കൂട്ടങ്ങളെ ഞങ്ങള്‍ കണ്ടിരുന്നു. അവയെ ഫോട്ടോയില്‍ ഒതുക്കാന്‍ ഞാനും അമ്മുവും മത്സരിച്ചു. പക്ഷേ, തരംഗീറിലെ ആനക്കൂട്ടങ്ങളും സീബ്രാപ്പാടങ്ങളും കാലിക്കൂട്ടങ്ങളിലെ രസം കളഞ്ഞിരിക്കുന്നു. അപ്പോളാണ് റഷീദ് അവയ്ക്ക് വേണ്ടി നേരം കളയുന്നത്. ആട്ടിന്‍പ്പറ്റം തുള്ളിച്ചാടി കടന്നുപോയി. അവയുണ്ടാക്കിയ ഗ്രോം ഗ്രോം വല്ലാതെ മുഴങ്ങി. റഷീദ് ചിരിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഈ കണ്ഠമണിശബ്ദത്തില്‍നിന്നാണ് മസായികള്‍ ഈ സ്ഥലത്തിന് ഗ്രോം ഗ്രോം എന്നു പേരിട്ടത്. അതാണ് ഗോരംഗോരോ ആയത്. അപ്പോള്‍ അതാണ് കാര്യം. ഞങ്ങള്‍ റഷീദിന് അസാന്‍ഡസാന പാടി. റഷീദ് ഹക്കുണ മത്താത്തയും. വണ്ടി സെരങ്കട്ടി കാത്തുവെച്ച അത്ഭുതങ്ങളിലേക്കു നീങ്ങി.

സെരങ്കട്ടിയും ഗോരംഗോരോയും ഇന്നു സംരക്ഷിത വനമേഖലയാണ്. മൃഗസംരക്ഷണത്തിന്റെ അളവുകള്‍ കൂടുമ്പോള്‍ മസായികളും കന്നുകാലികളും അരക്ഷിത മേച്ചില്‍പ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. സംരക്ഷിക്കപ്പെട്ടത് കാടോ കാട്ടുമൃഗങ്ങളോ ആയിരുന്നില്ല. ലോകോത്തര ധനാഢ്യരുടെ, അറബ് രാജകുടുംബങ്ങളുടെ

ലേഖകനും അമ്മയും
ലേഖകനും അമ്മയും

നായാട്ടു സങ്കേതങ്ങളായിരുന്നു സംരക്ഷിക്കപ്പെട്ടത്. അവയില്‍ ഏറ്റവും മുന്തിയതാണ് ദുബായ് രാജകുടുംബത്തിന്റെ ഓര്‍ടെല്ലോ ബിസിനസ് കോര്‍പറേഷന്‍. പിന്നെ കൂടുതല്‍ ടൂറിസ്റ്റുകള്‍. കൂടുതല്‍ വരുമാനം. കൂടുതല്‍ റിസോര്‍ട്ടുകള്‍, വൈല്‍ഡ് ലൈഫ് ലോഡ്ജുകള്‍. കാട്ടില്‍ വിത്തുപൊട്ടി മുളച്ച മസായികളും വളര്‍ത്തുമൃഗങ്ങളും അവരുടെ പുല്‍പ്പരപ്പുകളില്‍നിന്നും നീരുറവകളില്‍നിന്നും തെളിച്ചകറ്റപ്പെട്ടു. സെരെങ്കട്ടിക്കും ഗോരംഗോരോയ്ക്കും ഇടയില്‍ 40000-ത്തോളം മസായികളാണ് ഇന്നു താമസിക്കുന്നത്. സെരങ്കട്ടിയില്‍ കാലിമേച്ചില്‍ തടഞ്ഞിട്ടുണ്ടെങ്കിലും ഗോരംഗോരോയില്‍ പകല്‍നേരത്ത് അത് അനുവദിച്ചിട്ടുണ്ട്. ആറു മണിക്കു മുന്‍പ് കാലികളും മസായികളും ക്രേറ്റര്‍ കേറിപ്പോകണം. മസായികളുടെ നാല്‍ക്കാലികള്‍ പുല്‍മൈതാനങ്ങളെ തരിശാക്കുമെന്നും മസായിയും മൃഗങ്ങളും തമ്മിലെ ശണ്ഠകള്‍ രണ്ടു ഭാഗത്തും നാശമുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് മസായികളെ കാട്ടില്‍നിന്നു തള്ളിമാറ്റിക്കൊണ്ടിരുന്നത്. എന്നാല്‍, പുതിയ പാരിസ്ഥിതിക പഠനങ്ങളും സിദ്ധാന്തങ്ങളും ഈ ലളിതയുക്തികളെ നിരാകരിക്കുന്നു. പലയിടങ്ങളില്‍ മാറിമാറിയലഞ്ഞ് കിട്ടുന്നത് തിന്ന് പറ്റാവുന്നത്ര പാലും മാംസവും തയ്യാറാക്കാന്‍ കാലങ്ങളായി മസായിയുടെ കന്നുകളെ പ്രകൃതി പരിശീലിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വരള്‍ച്ചാശതകങ്ങളിലേക്ക് ഏറ്റവും പ്രാപ്തമായിരുന്നു ഈ മസായി ജീവിതം. അതാണ് ഇന്നത്തെ നുണയറിവുകളുടെ തമ്പുരാക്കന്മാന്‍ തച്ചുതകര്‍ക്കുന്നത്.

ഗോരോംഗോരോയില്‍നിന്നു സെരെങ്കട്ടിയിലേക്കുള്ള യാത്ര ഇളംകുന്നുകളുടെ അരക്കെട്ടു ചുറ്റിപ്പിടിക്കുന്ന വഴികളിലൂടെയായിരുന്നു. പുതുമഴയില്‍ തിരണ്ട മണ്ണില്‍നിന്നും പൊട്ടിമുളച്ച കന്നിപ്പുല്‍നാമ്പുകളുടെ പച്ചവിരിപ്പാണ് വഴിക്കിരുവശവും. പുല്‍പ്പരപ്പില്‍ ഹാലിളകി നടക്കുന്ന ഒട്ടകപക്ഷിക്കൂട്ടത്തിലേക്കും തുള്ളിക്കളിക്കുന്ന കന്നുകുട്ടികളിലേക്കും അവയെ മേയ്ക്കുന്ന മസായിക്കുട്ടികളിലേക്കും ഭൂമി അതിന്റെ ഉന്മാദം പകര്‍ന്നിട്ടുണ്ട്.

തരംഗീറിയില്‍ വിരലിലെണ്ണാവുന്ന ജിറാഫുകളേയേ കണ്ടിരുന്നുള്ളു. ആ കുറവ് സെരങ്കെട്ടി നികത്തുമെന്നുറപ്പായി. ഇപ്പോള്‍തന്നെ അവരെ കൂട്ടം കൂട്ടമായി കാണുന്നുണ്ട്. ഒരെണ്ണത്തിനെ വാങ്ങിച്ചാലോ എന്ന് റഷീദ്. വില കുറവാണെങ്കില്‍ രണ്ടെണ്ണം പോരട്ടേ എന്ന് അമ്മ. പച്ചപ്പ് വാരിക്കൂട്ടി കയറിപ്പോകുന്ന കുന്നുകള്‍ ഭൂതലമവസാനിക്കുന്ന റകാരമായി നീലാകാശത്തെ തൊടുന്നു. അവിടെ ഭൂമിയുടെ അപ്പുറത്തേക്കു വീണുപോകാതെ ശ്രദ്ധിച്ചു നടന്നുനീങ്ങുന്ന ഒരു പറ്റം ജിറാഫുകള്‍. അവരുടെ ഉയര്‍ന്ന തലക്കൊടികള്‍ ഉച്ചവെയിലിനോട് കലഹിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടകങ്ങളും കാട്ടുതേന്‍ അനാകര്‍ഷകമായ കുപ്പികളിലാക്കി വില്‍ക്കുന്ന മസായി ബാലന്മാരും അവര്‍ക്കൊപ്പം വാലാട്ടി നില്‍ക്കുന്ന ശ്വാന ശൂരന്മാരും സങ്കടപ്പെട്ടും തലകുനിച്ചും നീങ്ങുന്ന കഴുതകളുമാണ് പിന്നെയിവിടെയുള്ള കാഴ്ചകള്‍.

സെരങ്കട്ടിയിലേക്കു കടന്നാല്‍ ''ഗോക്കളെ മേയ്ചും കളിച്ചും ചിരിച്ചും'' നടക്കുന്ന മസായിക്കുട്ടന്മാരെ കാണാന്‍ കിട്ടില്ലത്രേ. ആ ഭാഗത്ത് കാലിമേയ്ക്കല്‍ നിരോധനം ശക്തമാണ്. അതുകൊണ്ട് മന്യാരയില്‍നിന്നു കരുതിയിരുന്ന ഭക്ഷണസാധനങ്ങള്‍ ഗോരംഗോരോയിലെ കുട്ടികള്‍ക്കു കൊടുത്തു. അസാന്‍ഡ സാനയുടേയും പിന്നെന്തൊക്കെയോ മസായി ശബ്ദങ്ങളുടേയും കോറസായിരുന്നു പിന്നെ.

വഴിക്ക് വശങ്ങളില്‍നിന്നു ദൂരെയായി മസായിഗ്രാമങ്ങള്‍ കാണാം. സഫാരി വാഹനങ്ങളുടെ കുളമ്പടികള്‍ പൊടിപറത്തുന്ന പ്രധാന പാതയില്‍നിന്നും കാതങ്ങള്‍ അകലെയാണ് ഗ്രാമങ്ങള്‍. അതിലും ദൂരെയാണ് മുഖ്യധാരയില്‍നിന്ന് ഇന്നും മസായികള്‍. മുള്‍ച്ചെടികളും മരക്കൊമ്പുകളും നാട്ടി വട്ടത്തില്‍ വളച്ചുവെച്ചിട്ടുള്ള സ്ഥലമാണ് ഓരോ ഗ്രാമവും. അതില്‍, ചാണകം തേച്ച വള്ളിക്കൊട്ടകള്‍ കമിഴ്ത്തിയിട്ടപോലെ ബോമകള്‍ (മസായിക്കൂരകള്‍) പത്തോ പന്ത്രണ്ടോ കാണും. ബോമകളുടെ വൃത്തനിരകള്‍ക്കും ഉള്ളിലായി മരക്കമ്പുകള്‍ നാട്ടി സുരക്ഷയൊരുക്കിയ മറ്റൊരു വട്ടം-കന്നും കഴുതയും ആടും അടങ്ങുന്ന വളര്‍ത്തുമൃഗങ്ങളുടെ സ്ഥലം. ചില ഗ്രാമങ്ങളില്‍ വലിയ 'മുള്‍ച്ചെടി വട്ടത്തിന്' പുറമേ ഒരു കൂര കൂടിയുണ്ടാകും. മന്യാട്ട എന്നറിയപ്പെടുന്ന ഇവിടെയാണ് ലിംഗാഗ്രം ഉപേക്ഷിച്ച് കുട്ടിത്തം കൊഴിച്ച് മസായി ബാലന്മാര്‍ പൗരുഷം പുണരുന്നതും കുട്ടിപ്പോരാളികളാവുന്നതും.

ദൂരക്കാഴ്ചയില്‍, ഒരു ഭരതന്‍ ചലച്ചിത്രത്തിലെ ഫ്രെയിംപോലെ മനോഹരമാണ് ഗ്രാമങ്ങള്‍. നിറഞ്ഞ പച്ചനിറത്തിനിടയില്‍ ചാരനിറത്തില്‍ കുനിഞ്ഞുനില്‍ക്കുന്ന ബോമകള്‍. തവിട്ട്, വെളുപ്പ്, ചാരക്കറുപ്പു നിറങ്ങളില്‍ കന്നുകളും വെളുത്ത് രോമം നിറഞ്ഞ് ആടുകളും ഗ്രാമത്തില്‍ നിന്നിറങ്ങി വരിയായി നടന്നു പച്ചപ്പിനെ മുറിക്കുന്നു. മുനകൂര്‍ത്ത വടികളുമായി കറുപ്പഴകില്‍ മസായിക്കുട്ടികളും സങ്കടങ്ങള്‍ നിറഞ്ഞ തല ഭൂമിയോളം താഴ്ത്തി നടക്കുന്ന മങ്ങിയ ക്രീം നിറമുള്ള കഴുതകളും അവര്‍ക്കൊപ്പം. നിറാന്തരങ്ങള്‍ക്കു തീവ്രത കൂട്ടി ചുവച്ചുനീലനിറങ്ങള്‍ കള്ളികളാക്കി വാരിപ്പുതച്ച് മസായിപ്പെണ്ണും ആണും.

മസായിഗ്രാമത്തിലേക്കു പോയവരുടെ ബ്ലോഗുകളില്‍ പറയുന്നത് സെരെങ്കട്ടി വഴിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലേക്കു പോകരുതെന്നാണ്. അവ ടൂറിസ്റ്റിക്ക് ആണത്രേ. ദരിദ്രന്റെ പരിതാപകരമായ ജീവിതാവസ്ഥകള്‍ പച്ചയ്ക്കു കാണണമെന്നു വാശിപിടിക്കുന്ന 'ടൂറിസ്റ്റിക്ക് മനസ്സിന്' നല്ല നമസ്‌കാരം പറഞ്ഞുകൊണ്ട് ഞങ്ങള്‍ സഫാരി വണ്ടിയില്‍നിന്നിറങ്ങി. ഗ്രാമത്തില്‍നിന്നു കുന്തംപോലെ മെലിഞ്ഞുകൂര്‍ത്ത യുവാക്കള്‍ നീളന്‍ വടികള്‍ കുത്തനെച്ചലിപ്പിച്ച് ഓഹോയ് ആര്‍പ്പുകളുമായി ഇറങ്ങിവന്നു. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ യുവതികള്‍ പതിഞ്ഞ ശബ്ദവും ഒതുങ്ങിയ ആട്ടവുമായി ഒപ്പമുണ്ട്. രണ്ടു കൂട്ടരുടേയും മൊട്ടത്തലകളില്‍ സൂര്യനിരുന്നു മിനുങ്ങുന്നു. ഗ്രാമത്തില്‍നിന്നിറങ്ങിയ ഏതാനും ടൂറിസ്റ്റുകള്‍ അവരുടെ വാഹനത്തിലേക്കു നീങ്ങുന്നു. അവരെ ഓടിക്കുകയാണോ ഞങ്ങളെ സ്വീകരിക്കുകയാണോ ഈ ഓഹോയ് കൂവലും വടിയിളക്കിയാട്ടവും?

കരുത്തുറഞ്ഞ ശരീരവും അല്പം കടുത്ത മുഖവുമായി 'മസായി നിലവാരത്തില്‍' കുള്ളനായ ഒരു യുവാവ് ഞങ്ങളെ സ്വീകരിച്ചു. (ലോകത്തില്‍ ഏറ്റവും പൊക്കമുള്ള ഗോത്ര വിഭാഗമാണ് മസായികള്‍. ആറടിക്കും മുകളിലാണ് ശരാശരി ഉയരം) I am Noel.Welcome to our village. ഞാന്‍ നിങ്ങളെ ഈ ഗ്രാമം ചുറ്റിക്കാണാന്‍ സഹായിക്കാം. ഉഗ്രന്‍ ഇംഗ്ലീഷ്. ബ്രിട്ടീഷുകാരനെ തോല്‍പ്പിക്കുന്ന ഉച്ചാരണം. ഞാന്‍ തലയൊന്നു കുടഞ്ഞു. ഇരുണ്ട ആഫ്രിക്കയിലെ ഗോത്രഗ്രാമത്തില്‍ തന്നെയാണോ ഞങ്ങള്‍?

മസായി സുഹൃത്ത് ഇടത് കയ്യിലെ വടി നിലത്ത് കുത്തി, ശരീരം ചുറ്റിയിരിക്കുന്ന നീല ഷുക്കയ്ക്കടിയില്‍നിന്നു വലത് കൈ നീട്ടി. ആഫ്രിക്കന്‍ വനത്തില്‍, ഒരു ഗോത്ര ഗ്രാമത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു നാഗരിക ഹസ്തദാനം ഞങ്ങള്‍ നിര്‍വ്വഹിച്ചു.

നന്ദി നോയല്‍. ഞങ്ങള്‍ക്കൊരപേക്ഷയുണ്ട്. നിങ്ങളുടെ ഭാഷയില്‍ ഞങ്ങളെയൊന്നു സ്വീകരിക്കാമോ?

മസായി എന്ന വാക്കിനര്‍ത്ഥം 'മാ' (മസായ്) ഭാഷ സംസാരിക്കുന്നവന്‍ എന്നാണ്. നോയല്‍ നീണ്ടൊരു മാ വാചകത്തില്‍ ഞങ്ങളെ പുന:സ്വാഗതം ചെയ്തു. ഒന്നും മനസ്സിലായില്ലെങ്കിലും നാഗരികതയുടെ ചവര്‍പ്പില്ലാത്ത നിഷ്‌കളങ്കമായ കെട്ടിപ്പിടുത്തമായി ഞങ്ങളതനുഭവിച്ചു.

ആഫ്രിക്ക അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ ഇരുണ്ട മുന്‍ധാരണകളെ തിരുത്തിക്കൊണ്ടിരിക്കുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com