''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഹൈവേയില്‍നിന്നു തിരിഞ്ഞ് ഞങ്ങള്‍ തരംഗീറിയിലേക്കുള്ള വഴിയിലേയ്ക്കു കയറി. ഒരു 10 മിനിറ്റ് കൂടി ക്രൂയിസര്‍ പിടഞ്ഞോടി. തരംഗീറിയുടെ സ്വാഗത കമാനം അതാ നെഞ്ചുവിരിച്ചു നില്‍ക്കുന്നു. പുറത്തൊരു വലിയ ബോവ്ബാബ് മരം തന്റെ ചപ്രത്തലയുമായി കാവല്‍ നില്‍ക്കുന്നുണ്ട്. ഗേറ്റിനപ്പുറത്ത് അക്കേഷ്യ മരങ്ങള്‍ കുട നിവര്‍ത്തി നില്‍ക്കുന്നുണ്ട്. റിയല്‍ സഫാരി ഇതാ തുടങ്ങുന്നു. ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി
''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

രാവിലെ എട്ടിന് സഫാരിക്കുള്ള ലാന്‍സ് ക്രൂയിസറില്‍ ഡ്രൈവര്‍ - കം - ഗൈഡുമായി രജബു എത്തി. കുഞ്ഞിന്റെ നിഷ്‌കളങ്ക മുഖവും പരുക്കന്‍ പൊക്കവുമായി ഡ്രൈവര്‍ റഷ്ദീ. അതോ റുഷ്ദീ എന്നാണോ പറഞ്ഞത്. ഏതായാലും അമ്മ അപ്പോള്‍ തന്നെ അയാളെ റഷീദാക്കി. റഷീദ്, ഞാനങ്ങനെയേ വിളിക്കൂ എന്നമ്മ. ഓ, അങ്ങനെ മതി എന്നു വിനീതവിധേയനായി റഷീദ്. ഗുഡ്മാന്‍ എന്നു പറഞ്ഞ് അമ്മ റഷീദിന്റെ കൈകളെടുത്ത് തടവിക്കൊണ്ടിരുന്നു. അപരിചതരെ മക്കളാക്കി സ്‌നാനപ്പെടുത്തുന്ന 'ആഭിചാര'മാണ് അത്.

സഫാരി വണ്ടിയുടെ ഓരോ മുക്കിലും മൂലയിലും അതിന്റെ ഉരുക്കുറപ്പ് പ്രകടമാണ്. 10-15 ദിവസമൊക്കെ കാട്ടില്‍ ഓഫ് റോഡ് കറങ്ങേണ്ടവനാണ്. കരുത്തു വേണം. സ്റ്റോറേജ് സൗകര്യങ്ങള്‍ വേണം. ചാര്‍ജ്ജിങ്ങ് സോക്കറ്റുകള്‍ വേണം. ചെറിയ ഫ്രീസര്‍ വേണം. തുറന്നു വെയ്ക്കാവുന്ന മേല്‍ക്കൂര വേണം. ഹെവി ഡ്യൂട്ടി ടയറുകള്‍ വേണം. മികച്ച സസ്പെന്‍ഷകളുണ്ടാവണം. ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടണം. എല്ലാറ്റിനും പുറമേ വലിയ ഫ്യൂവല്‍ ടാങ്കുകള്‍ വേണം. വര്‍ഷങ്ങളോളം നഗരങ്ങളില്‍ ഓടിത്തിമിര്‍ത്ത ലാന്‍ഡ് ക്രൂയിസറോ ഇസുസുവോ ലാന്‍ഡ് റോവറോ ആണ് ഇങ്ങനെ സഫാരി വണ്ടികളായി പുനര്‍ജ്ജനിക്കുന്നത്. റഷീദും രജബുവും കൊണ്ടുവന്നിരിക്കുന്ന ലാന്‍ഡ് ക്രൂയിസറിന്റെ പുനര്‍ജന്മം കഴിഞ്ഞിട്ടും വര്‍ഷങ്ങള്‍ കടന്നുപോയ മട്ടുണ്ട്.


നെയ്‌റോബിയില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ പാത
നെയ്‌റോബിയില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ പാത

റഷീദ് വണ്ടി വിശദമായി സാനിറ്റൈസ് ചെയ്തു. DEET (diethyl toluamide) ആണ് ഈ പുണ്യാഹജലം. ആഫ്രിക്കയിലെ കുപ്രസിദ്ധ കൊലയാളികളായ കൊതുകുകളെ തുരത്തലാണ് ലക്ഷ്യം. പക്ഷേ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഞങ്ങളൊറ്റ കൊതുകിനേയും കണ്ടിട്ടില്ല. ഇനിയെല്ലാവരും കൂടി കാട്ടില്‍വെച്ച് പിടിക്കാന്‍ കാത്തിരിക്കുകയാണോ?

സഫാരി ദിനങ്ങള്‍ക്കാവശ്യമുള്ളത് മാത്രം ഒരു ബാക്ക് പാക്കിലും പെട്ടിയിലുമാക്കി വണ്ടിയില്‍ കേറ്റി. ബാക്കി സാധനങ്ങള്‍ ഷാഡിയുടെ അപാര്‍ട്ട്മെന്റ് കസ്റ്റഡിയിലേല്‍പ്പിച്ചു.

അമ്മയ്ക്ക് ക്രൂയിസര്‍ കുതിരപ്പുറത്ത് കയറാന്‍ സൗകര്യത്തിനായി റഷീദ് ഒരു പി.വി.സി പെട്ടി കരുതിയിരുന്നു. അമ്മുവും റഷീദും കൂടി അമ്മയെ സീറ്റിലേക്ക് കേറ്റിയിരുത്തി. ഞങ്ങള്‍ നാലു പേരും പിന്‍സീറ്റുകളില്‍ ഇരുന്നു. രജബു റഷീദിനടുത്ത് മുന്‍സീറ്റിലും. രജബുവിന്റേയും റഷീദിന്റേയും രാജ് സഫാരി കമ്പനിയുടേയും പേപ്പറുകളൊക്കെ പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് ഷാഡി ഞങ്ങളെ യാത്രയാക്കിയത്.

ലാഫാര്‍ജ് ഓര്‍ഫനേജും പള്ളിയും ഇടവഴിയും താണ്ടി ഞങ്ങള്‍ നെയ്റോബി - ഡോഡോമ (Dodoma) രാജ്യാന്തര പാതയിലൂടെ ഓടിത്തുടങ്ങി. A104 എന്ന ഹൈവേ ശൃംഖലയുടെ ഭാഗമാണിത്. കെനിയയിലെ നയ്റോബിയില്‍ തുടങ്ങി നമംഗയില്‍ ടാന്‍സാനിയയ്ക്ക് കൈകൊടുത്ത് അരുഷയിലൂടെ വന്ന് ഡോഡോമയും കടന്നു തലസ്ഥാനമായ ദാറുസലാമിലെത്തും. ഹൈവേയില്‍ നിന്നിടക്കൊന്നു ഉള്ളിലേക്കോടി, നാഷണല്‍ പാര്‍ക്കുകളിലേയ്ക്കുള്ള പാസ്സുകളും മറ്റു രേഖകളും റഷീദിനെയേല്‍പ്പിച്ച് രജബു അയാളുടെ രാജ് സഫാരി ഏന്‍ഡ് ട്രാവല്‍സിന്റെ ഓഫീസില്‍ ഇറങ്ങിപ്പോയി.

അരുഷയും പട്ടണപ്രാന്തവും വിട്ടുപോന്നാല്‍ റോഡിനിരുവശവും ആരുടേതുമല്ലെന്നും ആരുടേതുമാകാമെന്നും മട്ടിലുള്ള വെളിപ്രദേശങ്ങളാണ്. മൃഗസംരക്ഷണാര്‍ത്ഥം കാട്ടില്‍ നിന്നാട്ടിയോടിക്കപ്പെട്ട മസായി ഗോത്രക്കാര്‍ വളര്‍ത്തുമൃഗങ്ങളുമായി അലയുന്നുണ്ട്. കൂട്ടം കൂട്ടമായി പശുക്കളും ആടുകളും. മസായിയേക്കാള്‍ സങ്കടപ്പെട്ട് തലകുനിച്ച് മേയുന്ന ഒറ്റപ്പെട്ട കഴുതകള്‍. കൊടുംവേനല്‍ കവര്‍ന്നെടുക്കാതെ പോയ പുല്‍നാമ്പുകളെ അവര്‍ ആര്‍ത്തിയോടെ ആക്രമിച്ചു. അക്കേഷ്യ മരത്തണലില്‍ ചുവന്ന ഷുക്ക പുതച്ച മസായിച്ചെക്കനൊപ്പം വലിയ കൂട്ടങ്ങളായി പശുക്കളും ആടുകളും വിശ്രമിക്കുന്നത് ഏതു ക്യാമറയേയും മോഹിപ്പിക്കുന്ന നിറം നിറഞ്ഞ ഫ്രെയിമാണ്.

അരുഷയും പട്ടണപ്രാന്തവും വിട്ടുപോന്നാല്‍ റോഡിനിരുവശവും ആരുടേതുമല്ലെന്നും ആരുടേതുമാകാമെന്നും മട്ടിലുള്ള വെളിപ്രദേശങ്ങളാണ്. മൃഗസംരക്ഷണാര്‍ത്ഥം കാട്ടില്‍ നിന്നാട്ടിയോടിക്കപ്പെട്ട മസായി ഗോത്രക്കാര്‍ വളര്‍ത്തുമൃഗങ്ങളുമായി അലയുന്നുണ്ട്. കൂട്ടം കൂട്ടമായി പശുക്കളും ആടുകളും. മസായിയേക്കാള്‍ സങ്കടപ്പെട്ട് തലകുനിച്ച് മേയുന്ന ഒറ്റപ്പെട്ട കഴുതകള്‍. കൊടുംവേനല്‍ കവര്‍ന്നെടുക്കാതെ പോയ പുല്‍നാമ്പുകളെ അവര്‍ ആര്‍ത്തിയോടെ ആക്രമിച്ചു. അക്കേഷ്യ മരത്തണലില്‍ ചുവന്ന ഷുക്ക പുതച്ച മസായിച്ചെക്കനൊപ്പം വലിയ കൂട്ടങ്ങളായി പശുക്കളും ആടുകളും വിശ്രമിക്കുന്നത് ഏതു ക്യാമറയേയും മോഹിപ്പിക്കുന്ന നിറം നിറഞ്ഞ ഫ്രെയിമാണ്.

ഹൈവേയില്‍നിന്നു മാറിയാല്‍ റോഡിലെമ്പാടും ഡാലഡാലകളാണ്. ടാന്‍സാനിയക്കാരുടെ ഇന്റര്‍സിറ്റി യാത്രകളൊക്കെ ഡാലഡാലകളിലാണ്. നമ്മുടെ പഴയ മറ്റഡോര്‍ വാനുകളുടെ ടാന്‍സാനിയന്‍ പതിപ്പാണ് ഡാലഡാലകള്‍. സാധാരണക്കാരന്റെ ജീവിതവും പ്രാദേശിക സംസ്‌കാരവും അനുഭവിക്കണമെങ്കില്‍ ഡാലയിലെ യാത്രയാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. അത്ര സുഖകരമല്ല ആ യാത്ര. തിക്കും തിരക്കും ചൂടും ചാട്ടവും കുലുക്കവും. മിക്ക ഡാലഡാലകളുടേയും ശരീരവും എന്‍ജിനും പരിതാപകരമാണ്. ചെറുദൂര യാത്രകള്‍ക്ക് ബജാജി എന്നറിയപ്പെടുന്ന ബജാജ് ഓട്ടോറിക്ഷകളാണ്. പിന്നെയുള്ളത് ബോഡ ബോഡകളാണ്,

മോട്ടോര്‍ സൈക്കിള്‍ ടാക്‌സികള്‍. നാലുപേരും രണ്ടു ചാക്കുകളുമായി പായുന്ന ബോഡകള്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.

ഹൈവേയില്‍ തിരക്ക് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് നെയ്റോബിയില്‍നിന്ന് മോഷിയിലേക്കോ ദാറുസലാമിലേക്കോ പോകുന്ന വലിയ ടൂറിസ്റ്റ് ബസുകള്‍ കാണാം. റഷീദ് ക്രൂയിസറിനെ ഫ്യൂവല്‍ പമ്പില്‍ കേറ്റി പള്ളനിറച്ച് ഡീസല്‍ കേറ്റി. പമ്പിനോട് ചേര്‍ന്നു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. ഞങ്ങള്‍ അവിടെനിന്ന് ഏതാനും ചോക്ലേറ്റുകളും ചിപ്സുകളും വാങ്ങി. റഷീദ് കുപ്പിക്കണക്കിനു വെള്ളം സ്റ്റോക്ക് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പമ്പില്‍നിന്നു പുറപ്പെടുമ്പോള്‍ റഷീദ് എന്നെ പിടിച്ചു മുന്നിലെ സീറ്റിലിരുത്തി. എല്ലാവരും പിന്നിലിരിക്കുമ്പോള്‍ മൂപ്പര്‍ക്ക് വീട്ടില്‍നിന്നു പുറത്താക്കിയതുപോലെ തോന്നുന്നത്രേ. അമ്മയ്ക്കതിഷ്ടമായില്ല. പുലിയോ സിംഹമോ വന്ന് എന്നെ പിടിച്ചുകൊണ്ടുപോകും എന്ന് അമ്മ ഭയപ്പെട്ടു. സൂക്ഷിച്ചിരിക്കണം. ഡോര്‍ അടയ്ക്കണം. ലോക്ക് ചെയ്യണം. എന്നൊക്കെ ഓര്‍മ്മിപ്പിച്ചാണ് അമ്മ സമ്മതം മൂളിയത്. ശ്രദ്ധിക്കണം എന്ന് റഷീദിനെ ശട്ടംകെട്ടുകയും ചെയ്തു.

അരുഷയില്‍നിന്ന് തരംഗീറിയിലേക്കുള്ള യാത്ര മൂന്നു മണിക്കൂറാണ്. ദേശാന്തര പാതയായതുകൊണ്ട് നല്ല റോഡാണ്. മറ്റു നഗര-ഗ്രാമീണ പാതകള്‍ ഇങ്ങനെയൊന്നുമല്ല, പരിതാപകരമാണ്. ഇടയ്ക്ക് ചെറിയതും വലിയതുമായ കവലകള്‍. അവിടെ ചെറിയ ആള്‍ക്കൂട്ടമുണ്ടാവും. അവരില്‍ നഗരവാസികളും മസായികളും മറ്റു ഗോത്രക്കാരുമുണ്ടാവും. മൊരിച്ചെടുത്ത ചുവപ്പന്‍ കോഴിക്കാലുകളും കമ്പിയില്‍ കോര്‍ത്തു വറുത്ത ഇറച്ചിക്കഷണങ്ങളും മറ്റു കെബാബുകളും താലങ്ങളിലേന്തി വലിയ ബഹളങ്ങളുമായി യുവാക്കള്‍ കവലകളിലെമ്പാടുമുണ്ട്. പ്രാദേശിക സഞ്ചാരികള്‍

മാത്രമാണ് അവരില്‍നിന്നു വാങ്ങി കഴിക്കുന്നത്. വിദേശികള്‍ക്ക് ഇവരുടെ ഭക്ഷണശുദ്ധിയില്‍ വിശ്വാസമില്ലെന്നു തോന്നുന്നു.

ഇരുവശങ്ങളിലും അവിടവിടെയായി മെലിഞ്ഞ മരങ്ങള്‍ നിറം മങ്ങിയ പച്ച ചപ്രത്തലയുമായി ക്ഷീണിച്ചു നില്‍ക്കുന്നുണ്ട്. അവയുടെ തണലില്‍ മരങ്ങളേക്കാള്‍ ശോഷിച്ച മസായി ബാലന്മാര്‍ വിശ്രമിക്കുന്നുണ്ട്. ഇടയന്മാരാണ്. അവരുടെ എല്ലുന്തിയ കന്നുകാലികള്‍ ചിതറിയ പറ്റങ്ങളായി അടുത്തുതന്നെയുണ്ട്. നോക്കെത്തുന്ന ദൂരത്തെല്ലാം വരണ്ട മണ്ണിന്റെ മങ്ങിയ തവിട്ടുനിറം മാത്രം. പുല്ലിനും കുറ്റിച്ചെടിക്കും വീടുകള്‍ക്കും അതേ നിറം. റോഡരികിലും പീടികമുറ്റത്തും കവലകളിലും സൊറ പറഞ്ഞുനില്‍ക്കുന്ന മസായികളുടെ വസ്ത്രങ്ങളില്‍, ഷുക്കകളില്‍ നിറങ്ങളുടെ സന്തോഷമുണ്ട്. അവയും അഴുക്കിന്റേയും പഴക്കത്തിന്റേയും മങ്ങലിലാണ്. മങ്ങലില്ലാത്തത് കറുത്ത റോഡിനും വെളുത്ത പള്ളികള്‍ക്കും മാത്രം.

തരംഗീറിയിലേക്ക് ഇനി അരമണിക്കൂറോളം എന്ന് റഷീദ്. ആദ്യ വനപ്രവേശത്തിനു ഞങ്ങളെ ഉത്തേജിപ്പിക്കുകയാണ് റഷീദ്. റോഡിനൊരുവശത്തിപ്പോള്‍ നാശോന്മുഖമായ ഏതാനും കൊച്ചു കോണ്‍ക്രീറ്റ് കൂരകളുണ്ട്. ഏതെങ്കിലും എന്‍ജിയോയുടേയോ മതസംഘത്തിന്റേയോ പുണ്യകര്‍മ്മമായിരിക്കാം. അടുത്തുതന്നെ ഓലയോ പുല്ലോ മേഞ്ഞ, മണ്ണും ചാണകവും ചുമരായ കുടിലുകളുണ്ട്.

പുതുതായി പണികഴിപ്പിച്ച ചെറിയ പള്ളികളില്‍ ഒന്ന്
പുതുതായി പണികഴിപ്പിച്ച ചെറിയ പള്ളികളില്‍ ഒന്ന്

ഇടയ്ക്കിടയ്ക്ക് ചെറിയ പള്ളികള്‍ കാണാം. പുതുതായി ഉയര്‍ന്നുവരുന്ന കുരിശുകളാണത്. ക്രിസ്ത്യന്‍ പള്ളികളാണെങ്കിലും അവ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കെനിയായിലെ ബൊക്കോഹറാമിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അരുഷ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലും പുതിയതും പഴയതുമായി ധാരാളം ക്രിസ്ത്യന്‍ പള്ളികളുണ്ട്. അരുഷയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു മുന്നിലെ ഓര്‍ഫനേജിനോട് ചേര്‍ന്നും ഒരു പള്ളിയുണ്ട്. മിഷണറിയുടെ മെഷ്യനുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത് ദാരിദ്ര്യമെന്ന ഇന്ധനത്തിലാണ്. മതകൃഷിക്കു പാകത്തിനു മണ്ണും വളവും വിത്തുകളും ടാന്‍സാനിയയില്‍ സുലഭവും.

നൂറ്റിയിരുപതില്‍പ്പരം എത്ത്നിക്ക് വിഭാഗങ്ങളുണ്ട് ടാന്‍സാനിയയില്‍. അവര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ നോക്കുന്നത് സ്വാഹിലിയാണ്. സ്വാഹിലി എല്ലാവരുടേയും ഭാഷയാണ്. ആ ഭാഷയാണ് അവരെ ചേര്‍ത്തുനിര്‍ത്തുന്നത്. പക്ഷേ, അവര്‍ മതങ്ങളായി പിരിഞ്ഞുപോയാല്‍ സ്വാഹിലി ചിലപ്പോള്‍ പരാജയപ്പെടും. 120

ഗോത്രങ്ങള്‍ക്കിടയില്‍ പുലര്‍ന്ന സൗഹൃദത്തെ രണ്ടു മതങ്ങള്‍ നശിപ്പിച്ചേക്കാം. അതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റ് നെരേരെ ടാന്‍സാനിയയുടെ ചരിത്രം നല്‍കുന്നുണ്ട്.

അരുഷയില്‍ നിന്നിത്രത്തോളം യാത്രയില്‍ അപൂര്‍വ്വമായേ മോസ്‌കുകള്‍ കണ്ടുള്ളൂ. വഴിയിലെപ്പോഴോ റഷീദ് പറഞ്ഞിരുന്നു- പുതിയ ചര്‍ച്ചുകളുണ്ടാവുന്നു. കുറേ പേര്‍ ക്രിസ്ത്യാനികളാവുന്നു. ഇപ്പോഴും മുസ്ലിം തന്നെയാണ് കൂടുതല്‍.

കെനിയയിലെപ്പോലെ പ്രശ്‌നങ്ങളില്ല. രണ്ടു കൂട്ടരും സൗഹൃദത്തിലാണ്. തരംഗീറിയിലേക്കുള്ള യാത്രയില്‍ രണ്ടു തവണ കൂടി റഷീദ് ഇതുതന്നെ പറഞ്ഞു. വിശ്വാസം പോരാത്ത കാര്യം പറഞ്ഞുറപ്പിക്കുന്നപോലെ. ഒന്നുകില്‍ റഷീദ് മേനിപറയുന്ന സൗഹൃദത്തിന് ഉലച്ചിലുണ്ട്. അല്ലെങ്കില്‍ അടുത്തുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവാമെന്ന് റഷീദ് ഭയപ്പെടുന്നു.

റഷീദ് പറഞ്ഞ മതക്കണക്കുകള്‍ ശരിയല്ല. ഇസ്ലാം മതവിശ്വാസികളല്ല കൂടുതല്‍. ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ ക്രിസ്ത്യാനികളാണെന്നു കരുതപ്പെടുന്നു. 1967 മുതല്‍ മതപരമായ ചോദ്യങ്ങള്‍ക്ക് ടാന്‍സാനിയന്‍ സെന്‍സസില്‍ വിലക്കുണ്ട്. എല്ലാം ഊഹക്കണക്കാണ്. അതുകൊണ്ട് തങ്ങള്‍ ന്യൂനപക്ഷമാവുന്നെന്നും അവഗണിക്കപ്പെടുന്നുവെന്നും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുപോലെ വിശ്വസിക്കുന്നു. സാന്‍സിബാര്‍ കൃത്യമായും മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്.

ആഭ്യന്തരയുദ്ധങ്ങള്‍ - മതങ്ങള്‍ക്കിടയിലും ഉപവിഭാഗങ്ങള്‍ക്കിടയിലും ഗോത്രങ്ങള്‍ക്കിടയിലും - ജീവിതരീതിയായിരുന്ന ബുറുണ്ടി, കോംഗോ, റുവാണ്ട, ഉഗാണ്ട, കെനിയ, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ ജൂലിയസ് നെരേരെയുടെ ടാന്‍സാനിയ ഭേദപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളാലും സ്ഥിരതയാലും ഒരത്ഭുതമായിരുന്നു.

ആഫ്രിക്കന്‍

സഫാരിയുടെ തുടക്കം

നെരേരെയുടെ കാലഘട്ടം ക്രിസ്ത്യന്‍ പ്രീണനത്തിന്റേതായിരുന്നു എന്ന അഭിപ്രായമായിരുന്നു പിന്നീട് വന്ന ഭരണാധികാരികള്‍ക്ക്. മതേതരത്വം കടുപ്പിക്കാനായി അവര്‍ മുസ്ലിം പ്രീണനത്തിലേക്കു ചാഞ്ഞു. ടാന്‍സാനിയയില്‍ സ്വകാര്യ ഹണ്ടിങ്ങ് കോറിഡോറിനായി ഗള്‍ഫിലെ രാജകുടുംബങ്ങള്‍ ഒഴുക്കിക്കൊണ്ടിരുന്ന പണവും ഈ വ്യാജ മതേതര വ്യതിയാനത്തിനു കാരണമായിട്ടുണ്ടാകാം. പക്ഷേ, അതു കാട്ടിലും നാട്ടിലും അസ്വസ്ഥതയുടെ സ്ഫോടനങ്ങളുണ്ടാക്കി.

താമസിയാതെ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള ശല്യങ്ങള്‍ അസഹനീയമായിരിക്കുന്നുവെന്ന് കത്തോലിക്കാസഭ മുറവിളി തുടങ്ങി. മൗലികവാദികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നതറിയാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. അവര്‍ അറബ് രാജകുമാരന്മാര്‍ക്കു വേട്ടയാടാന്‍ സിംഹങ്ങളെ ഒരുക്കുന്ന തിരക്കിലായിരുന്നു.

പാവം റഷീദ് ശുഭ പ്രതീക്ഷകളെ പാടുപെട്ട് പിടിച്ചുനിര്‍ത്തുന്നു. നിന്റെ വിശ്വാസം നിന്നെ സന്തോഷിപ്പിക്കട്ടെ എന്ന് റഷീദിനെ ആശ്വസിപ്പിക്കാനേ ഞങ്ങള്‍ക്കപ്പോള്‍ കഴിഞ്ഞുള്ളൂ.

ഹൈവേയില്‍നിന്നു തിരിഞ്ഞ് ഞങ്ങള്‍ തരംഗീറിയിലേക്കുള്ള വഴിയിലേയ്ക്കു കയറി. ഒരു 10 മിനിറ്റ് കൂടി ക്രൂയിസര്‍ പിടഞ്ഞോടി. തരംഗീറിയുടെ സ്വാഗത കമാനം അതാ നെഞ്ചുവിരിച്ചു നില്‍ക്കുന്നു. പുറത്തൊരു വലിയ ബോവ്ബാബ് മരം തന്റെ ചപ്രത്തലയുമായി കാവല്‍ നില്‍ക്കുന്നുണ്ട്. ഗേറ്റിനപ്പുറത്ത് അക്കേഷ്യ മരങ്ങള്‍ കുട നിവര്‍ത്തി നില്‍ക്കുന്നുണ്ട്. റിയല്‍ സഫാരി ഇതാ തുടങ്ങുന്നു. ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി.

ടാന്‍സാനിയായിലെ തരംഗീറി വനപ്രദേശം. ആറു ദിവസത്തെ ആഫ്രിക്കന്‍ സഫാരി ഇവിടെ നിന്നു തുടങ്ങുന്നു. സ്വാഗതം ബോര്‍ഡിനു താഴെയുള്ള 'ഇനിയെന്ത് സംഭവിച്ചാലും നിന്റെ കുറ്റം' എന്ന ഭീഷണി വായിച്ചതോടെ മിനിയും അമ്മുവും സഫാരി വണ്ടിയുടെ ടോപ്പ് ഉയര്‍ത്തിവെച്ചു. മുന്‍ സീറ്റിലിരുന്നു ഞാന്‍ എന്റെ സൂം കാമറ തയ്യാറാക്കിവെച്ചു. ഞങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്ക്.

യാത്രയുടെ ആരംഭം
യാത്രയുടെ ആരംഭം

സഫാരി സാരഥി റഷീദ് തരംഗീറി പാര്‍ക്ക് ഓഫീസിലേക്കു പോയി. അനുമതി പത്രങ്ങളും ഞങ്ങളുടെ വിവരങ്ങളും അവിടെ സമര്‍പ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ മൂത്രപ്പുരയിലൊക്കെ പോയി വന്നു. കാട്ടില്‍ കേറിയാല്‍ പിന്നെ ആ പണി നടക്കില്ല. മിനി അമ്മയേയും കൊണ്ട് ചെറിയൊരു നടത്തത്തിനു പോയി. അരുഷയില്‍നിന്നു തരംഗീറിലേയ്ക്ക് ഒറ്റയിരിപ്പായിരുന്നല്ലോ, അമ്മയ്ക്ക് ചെറിയൊരു നടത്തം ആവശ്യമാണ്. അല്ലെങ്കില്‍ വൈകുന്നേരമാവുമ്പോഴേക്കും മുട്ടുകള്‍ 84 വയസ്സിന്റെ പിണക്കം കാണിക്കും.

കാടിനു ചേരുംവിധത്തില്‍ തന്നെയാണ് പാര്‍ക്ക് ഓഫീസും പരിസരവും. പലയിടത്തും ആനയുടേയും പോത്തിന്റേയുമൊക്കെ തലയോട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കു വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഏതാനും കൂരകളും സജ്ജമാണ്. റഷീദ് വന്നു 'കരീബു സാന തരംഗീരി' എന്നു സ്വാഗതം പറഞ്ഞ് ലാന്‍ഡ് ക്രൂയിസറിനെ വിളിച്ചുണര്‍ത്തി.

മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന കൊടുംകാടൊന്നുമല്ലയിത്. പരന്നുപരന്നു പുല്‍മൈതാനം. ഒരു പിശുക്കുമില്ലാതെ സൂര്യന്‍ വിളമ്പുന്ന വെളിച്ചം. ഇടയ്ക്കു പൊന്തകള്‍, കുറ്റിക്കാടുകള്‍, ചെറുമരങ്ങള്‍, കാടിന്റെ ഉള്ളിലേക്കു നീങ്ങിനില്‍ക്കുന്ന ഏതാനും വന്മരങ്ങള്‍. അത്രേയുള്ളൂ. ഇതിനെ കാടെന്നു വിളിക്കുന്നതു കേട്ടാല്‍ നമ്മുടെ വാല്‍പ്പാറയും പറമ്പിക്കുളവും ഷോലയാറും പൊട്ടിക്കരയും. പക്ഷേ, ഇവിടെ ഞങ്ങളെ കാത്തിരിക്കുന്ന മൃഗസമൃദ്ധി ഇന്ത്യന്‍ കാടുകളെ നാണിപ്പിക്കുകയും ചെയ്യും.

മൂന്നു ക്യാമറകള്‍ മൃഗങ്ങള്‍ക്കുവേണ്ടി ലെന്‍സ് തുറന്നു കാത്തിരിക്കുന്നു. എവിടെ ആനക്കൂട്ടങ്ങള്‍, സീബ്രകള്‍, വില്‍ഡ് ബീസ്റ്റുകള്‍, പക്ഷികള്‍?

ക്ഷമിക്ക്, നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോള്‍ ആ മരം കാണൂ. ആ വലിയ മരം. റഷീദ് ചൂണ്ടിക്കാണിച്ചത് തെക്കനാഫ്രിക്കയുടെ പ്രിയപ്പെട്ട ബവ്ബോബ് (Baobab) മരമാണ്. കാട്ടാനയെ കാത്തിരുന്ന ക്യാമറകള്‍ മരത്തെ പറിച്ചെടുത്തു. ഒരു കുട്ടിയാനയുടെ തടിയുള്ള തായ്ത്തടിയും ഉയരത്തില്‍ ചെന്ന് പെട്ടെന്നു പിരിഞ്ഞുപോകുന്ന മെലിഞ്ഞ കൊമ്പുകളും. മഴയില്ലെങ്കിലും മഴക്കാലമാണല്ലോ എന്നോര്‍ത്താവാം നിറയെ പച്ചിലകള്‍.

കൊല്ലത്തില്‍ ഒന്‍പത് മാസങ്ങള്‍ മരം നഗ്‌നമായിരിക്കും, ഇലകളൊക്കെ പൊഴിച്ച്. ആരോ വലിച്ചിട്ട് തലതിരിച്ച് കുഴിച്ചിട്ടപോലിരിക്കും മരമപ്പോള്‍. അതുകൊണ്ടാണ് തലതിരിഞ്ഞ മരം എന്ന് ബോവ്ബാബ് അവഹേളിക്കപ്പെടുന്നത്. ബോവ്ബാബിന്റെ ഈ രൂപവൈചിത്ര്യം ആസ്വദിക്കാന്‍ ഞങ്ങള്‍ക്കായില്ല. അപ്പോഴേക്കും മൂപ്പര് പച്ചക്കുപ്പായമിട്ട് സുന്ദരക്കുട്ടപ്പനായില്ലേ.

മരം തലതിരിഞ്ഞതിനെപ്പറ്റി ആഫ്രിക്കന്‍ കഥകള്‍ ഒരുപാടുണ്ട്. മഴയും വെള്ളവും കുറവായ തെക്കനാഫ്രിക്കയ്ക്കുവേണ്ടി ദൈവം പ്രത്യേകം ഡിസൈന്‍ ചെയ്തിറക്കിയതാണ് ബോവ്ബാബിനെ. ഒരു വൈന്‍ ഗ്ലാസിന്റെ പരുവത്തിലായിരുന്നു രൂപകല്‍പ്പന. മഴക്കാലത്തു ലഭിക്കുന്ന ജലം സൂക്ഷിക്കാനായിരുന്നു ആ വൈന്‍ ഗ്ലാസ്. പക്ഷേ, ആ സൂത്രം പൊട്ടന്‍ ബോവ്ബാബിനു പിടി കിട്ടിയില്ല. മറ്റു മരങ്ങള്‍ നല്ല ഉരുണ്ടുയര്‍ന്ന തായ്ത്തടിയും തല നിറയെ പച്ചപ്പുമായി നില്‍ക്കുമ്പോള്‍ ഞാന്‍ മാത്രം... മരം കരച്ചിലായി പിഴിച്ചിലായി പരാതിയായി. ആകെ കലമ്പല്‍. ദൈവത്തിനു സഹികെട്ടു. മൂപ്പര് മരം മാന്തിയെടുത്തു. തലകീഴായി കുഴിച്ചിട്ടു. ആകാശം കണ്ട വേരുകളില്‍ ചെറിയ കൂര്‍ത്ത ഇലകള്‍ പൊടിച്ചുപൊടിച്ചു

നിറഞ്ഞു. പഴയ ശാഖകള്‍ വേരുകളായി നനവ് തേടി കരുത്തോടെ താഴേയ്ക്കിറങ്ങി. ആഫ്രിക്കന്‍ ചെകുത്താന്റെ 'വെളുത്ത' കുത്തിത്തിരുപ്പും ഈ വൃക്ഷസങ്കടത്തിനു പിന്നിലുണ്ടെന്നു ചില ഗോത്രങ്ങള്‍ പാടി നടക്കുന്നുണ്ട്.

തരംഗീറിലെ

ഭൂപ്രകൃതി

രൂപം അലമ്പായെങ്കിലും തലതിരിഞ്ഞ മരം തന്റെ കര്‍മ്മം തുടര്‍ന്നു. ജലസംഭരണവും വിതരണവും. ധാരാളം നാരുകള്‍ മെനഞ്ഞുണ്ടാക്കിയ തടിയിലും പതുപതുത്ത പുറംതൊലിയിലുമായി ഗ്യാലണ്‍ കണക്കിനു വെള്ളമാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ബോവ്ബാബ് കരുതിവെക്കുന്നത്. ഈ പൂര്‍ണ്ണവളര്‍ച്ചയെന്നു പറയുന്നത് 700 വര്‍ഷം കൊണ്ടൊക്കെ സംഭവിക്കുന്നതാണ്. ഒരെണ്ണൂറ് വര്‍ഷമായാലേ ബോവ്ബാബിന്റെ തലതിരിഞ്ഞ സൗന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാനാവൂ. ആയിരത്തോളം വര്‍ഷമൊക്കെയാണ് ഇവന്റെ ആയുസ്സ്. ശരീരം നാരുമയമായതിനാല്‍ പ്രായമറിയിക്കുന്ന 'വളര്‍ച്ച വട്ടങ്ങള്‍' ഇവര്‍ക്കില്ല. കാര്‍ബണ്‍ ഡേറ്റിങ്ങാണ് ഉപയോഗിക്കാവുന്ന വിദ്യ. ഇവരില്‍ ഏറ്റവും വയസ്സന്‍ സൗത്ത് ആഫ്രിക്കയിലാണ്. അവിടെ ഒരു സ്വകാര്യ ഫാമില്‍. പ്രായം 6000 വര്‍ഷം. അതായത് ജനനം ബി.സി നാലായിരത്തില്‍. ഇതിന്റെ പൊള്ളയായ അകത്തളത്തില്‍ ഒരു കൊച്ചുബാറും നടത്തുന്നുണ്ട് ഇതിന്റെ ഉടമസ്ഥര്‍.

ഇന്ത്യയില്‍ അപൂര്‍വ്വമാണെങ്കിലും വിന്ധ്യനിലും ഗുജറാത്തിലും കൊങ്കണ്‍ തീരത്തുമായി നൂറില്‍പ്പരം ബോവ്ബാബ് മരങ്ങളുണ്ട്. ആഫ്രിക്കയിലെ സ്പീഷ്യസിനോടാണ് ഇവര്‍ക്ക് വംശക്കൂറ്. വിത്തുകള്‍ കടലിലുടെ ഒഴുകിവന്നടിഞ്ഞതോ അറബി കച്ചവടക്കാര്‍ കൊണ്ടുവന്നു പിടിപ്പിച്ചതോ ആവാം. ചിലയിടങ്ങളിലെല്ലാം സര്‍ക്കാര്‍ ഇതിനെ സര്‍ക്കാര്‍ സംരക്ഷിത മരമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജപാളയത്തെ ചിന്മയ വിദ്യാലയത്തില്‍ ഒരു വലിയ ബോവ്ബാബ് സംരക്ഷിക്കപ്പെടുന്നുണ്ട്.

വഴിയിൽ മസായി ബാലന്മാരുടെ കെട്ടിയാടൽ
വഴിയിൽ മസായി ബാലന്മാരുടെ കെട്ടിയാടൽ

തരംഗീറിലെ ആദ്യ ആനക്കാഴ്ചയും ഒരു ബോവ്ബാബിനൊപ്പമായിരുന്നു. വറുതിക്കാലത്ത് ആനകളുടെ ജലസ്രോതസ്സാണ് ഈ മരത്തിന്റെ തൊലിയും നാരുകളും. ടാന്‍സാനിയയില്‍ ആണെങ്കില്‍ എന്നും വറുതിക്കാലമാണ്. ചിലപ്പോള്‍ ആനക്കൂട്ടമോ ആര്‍ത്തി മുഴുത്ത ആനക്കുട്ടനോ മരത്തെ വല്ലാതെ ആക്രമിക്കും. തലതിരിഞ്ഞവനും സ്രഷ്ടാവിനെ ചോദ്യം ചെയ്ത തിരുമാലിയും ഒക്കെയാണെങ്കിലും ആളൊരു പൊണ്ണത്തടിയനാണ്. ദുര്‍ബ്ബല ശരീരനും ദുര്‍ബ്ബല മനസ്‌കനുമാണ്. ഒറ്റപ്പെട്ടവനുമാണ്. കൂട്ടമായി ബോവ്ബാബുകളെ സാധാരണ കാണാറില്ല. ആനകളുടേയും മൃഗങ്ങളുടേയും അതിക്രമം അധികമായാല്‍ മരം നിലംപതിക്കും. പിന്നെയൊരു കൂമ്പാരം നാരുകളായി ദ്രവിച്ചുതീരും. പഴക്കം ചെന്ന മുന്‍തലമുറ മരങ്ങളൊക്കെ ഇങ്ങനേയും പ്രായംകൊണ്ടും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ മരങ്ങള്‍ മൃഗങ്ങളുടെ, പ്രത്യേകിച്ചും ആനകളുടെ ആര്‍ത്തിയില്‍ അകാലത്തില്‍ മരിച്ചുപോകുകയാണ്. ആനകള്‍ കൂടുതലും ബോവ്ബാബുകള്‍ കുറവും ആയ തെക്കു കിഴക്കേ ആഫ്രിക്കയില്‍നിന്ന് ഈ മരം തന്നെ മറഞ്ഞു പോയേക്കാം.

എന്നാല്‍, അങ്ങനെയങ്ങ് തോറ്റു മരിക്കുന്നവനല്ല ബോവ്ബോബ്. ദൈവത്തോട് കലഹിച്ചവനാണ്. തല തിരിച്ചിട്ടപ്പോള്‍ വേരും കൊമ്പും മാറി കുരുത്തവനാണ്. ആനകള്‍ തൊലി കുത്തിയെടുത്തു പോയാല്‍ അവന്‍ പുതിയ തൊലി വളര്‍ത്തും. കാറ്റോ കാട്ടാനകളോ മറിച്ചിട്ടാല്‍ പുതിയ തായ്ത്തടി വളര്‍ത്തിയെടുക്കും. അങ്ങനെയങ്ങ് കുറ്റിയറ്റു പോവില്ല ഈ തലതിരിഞ്ഞ വൃക്ഷവംശം എന്ന് റഷ്ദി ഉറപ്പുതരുന്നു.

ഇന്ന് തരംഗീറില്‍ മാത്രമേ ടാന്‍സാനിയയില്‍ ബോവ്ബാബുകളുള്ളൂ. ഇവിടത്തെ മറ്റൊരു രസികന്‍ മരമാണ് സോസേജ് ട്രീ. മരക്കൊമ്പുകളിലെമ്പാടും സോസേജുകള്‍ തൂക്കിയിട്ടപോലെ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് രസകരമാണ്. ആനകളുടെ പ്രിയഭോജ്യമാണ് ഈ വെജ് സോസേജുകള്‍. സോസേജ് മരങ്ങള്‍ നമുക്ക് സെരങ്കട്ടിയിലും ഗോരങ്ങ്ഗോരോയിലും മന്യാരയിലും കാണാം.

കാടിന്റെ ഉള്ളിലേക്കു ചെല്ലുന്തോറും കാട്, മൃഗങ്ങളും പക്ഷികളും ഉറവിടമറിയാത്ത ശബ്ദങ്ങളുമൊക്കെയായി സമ്പൂര്‍ണ്ണമാവുന്നു. ഞങ്ങളും ഇവിടെയൊക്കെയുണ്ട് എന്നു ചിന്നംവിളിച്ച് ആനക്കൂട്ടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കൊച്ചു കുസൃതിക്കുട്ടന്മാരും കൂട്ടത്തിലുണ്ട്. നീളന്‍ കൊമ്പന്മാരും കുഞ്ഞന്‍ കൊമ്പുള്ള സുന്ദരികളുമുണ്ട്. ചിലര്‍ക്കു പ്രിയം താഴെയുള്ള പുല്ലും കുറ്റിച്ചെടികളുമാണ്. ചില കരിവീരന്മാര്‍ മരച്ചില്ലകള്‍ ഒടിച്ചെടുക്കുകയാണ്. രണ്ടു പേര്‍ അപ്പുറത്തെ ഒറ്റപ്പെട്ട ബോവ്ബാബ് മരത്തിലേക്കു നടക്കുന്നു. മറ്റൊരു ചെറുകൂട്ടം സഫാരി വണ്ടികള്‍ കടന്നുപോവുന്ന മണ്‍പാതക്കരികില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നു.

റഷീദ് വണ്ടി നിര്‍ത്തി. എന്‍ജിന്‍ ഓഫാക്കുകയും ചെയ്തു. ഒരു കൂട്ടം ആനകള്‍ക്കിടയിലാണ് വണ്ടിയങ്ങനെ നിര്‍ത്തിയിട്ടിരിക്കുന്നത് പഹയന്‍. ഒരുത്തനാണെങ്കില്‍ റോഡിനു വളരെ അടുത്താണ്. ഞങ്ങളൊന്നു വിറച്ചു. ആഫ്രിക്കന്‍ കാട്ടുകറമ്പനൊന്നു കലി വന്നാല്‍? ഇടം തിരിയാനെ, വലം തിരിയാനെ, തിരിച്ചു പോ ആനേ എന്നൊന്നും അലറി വിളിച്ചിട്ട് ഒരു കാര്യവുമില്ല. റഷീദേ, വണ്ടി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിക്കോളൂ എന്നായി ഞാന്‍. റഷീദ് ഹക്കുണ മത്താത്ത പറഞ്ഞ്, ചിരിച്ച് എന്റെ മുകളിലെ ടോപ്പും തുറന്നുവെച്ചു.

രാവിലെ ഒന്‍പത് മണിയോടെ അരുഷയില്‍നിന്നു പുറപ്പെടുമ്പോള്‍ സഫാരി സാരഥി പരിചയപ്പെടുത്തിക്കൊണ്ട് റാഷീദി എന്നോ റാഷ്ടീ എന്നോ പേര് പറഞ്ഞു. അമ്മയ്ക്കാ പേര് ബുദ്ധിമുട്ടായി. എന്നെക്കൊണ്ടു വയ്യ, റഷീദ്. റഷീദ് മതി. ഞാന്‍ റഷീദെന്നേ വിളിക്കൂ എന്നായി അമ്മ. റഷീദ് അപ്പോള്‍ ഇതേ ചിരി ചിരിച്ചു. ഇതേ ഹക്കുണ മത്താത്ത പാടി. അങ്ങനെ ഞങ്ങളുടെ സ്വാഹിലി സമ്പത്തിലേക്ക് ജാംബോയ്ക്കും കാരിബു സാനയ്ക്കും അസാന്‍ഡ സാനയ്ക്കും ശേഷം മറ്റൊരു പ്രയോഗം കൂടി കയറിപ്പറ്റി.

കാടിന്റെ ഉള്ളിലേക്കു ചെല്ലുന്തോറും കാട്, മൃഗങ്ങളും പക്ഷികളും ഉറവിടമറിയാത്ത ശബ്ദങ്ങളുമൊക്കെയായി സമ്പൂര്‍ണ്ണമാവുന്നു. ഞങ്ങളും ഇവിടെയൊക്കെയുണ്ട് എന്നു ചിന്നംവിളിച്ച് ആനക്കൂട്ടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കൊച്ചു കുസൃതിക്കുട്ടന്മാരും കൂട്ടത്തിലുണ്ട്. നീളന്‍ കൊമ്പന്മാരും കുഞ്ഞന്‍ കൊമ്പുള്ള സുന്ദരികളുമുണ്ട്. ചിലര്‍ക്കു പ്രിയം താഴെയുള്ള പുല്ലും കുറ്റിച്ചെടികളുമാണ്. ചില കരിവീരന്മാര്‍ മരച്ചില്ലകള്‍ ഒടിച്ചെടുക്കുകയാണ്.
''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''
ഹക്കുന മറ്റാറ്റ

വാഹനം ഓഫാക്കിയില്ലെങ്കില്‍ വണ്ടിയുടെ വിറയല്‍ ഫോട്ടോകളുടെ ശോഭ കെടുത്തുമെന്നാണ് റഷീദ് പറയുന്നത്. ശക്തികൂടിയ എന്‍ജിനുള്ള ലാന്‍ഡ് ക്രൂസര്‍ പരിഷ്‌കരിച്ചാണ് സഫാരി വണ്ടികളാവുന്നത്. കുലുക്കം

പ്രശ്‌നം തന്നെയാണ്. അടുത്തേക്കു നീങ്ങിവരുന്ന ആനക്കുട്ടവും പ്രശ്‌നമാണ്. സഫാരി വണ്ടികളോട് മൃഗങ്ങള്‍ക്ക് പൊതുവേ സൗഹൃദമാണെന്നാണ് റഷീദ് പറയുന്നത്. അങ്ങോട്ട് ശല്യമില്ലെങ്കില്‍ ഇങ്ങോട്ടുമില്ല. സഫാരി നടക്കുന്ന കാടുകളില്‍ നായാട്ടില്ലാത്തതിനാല്‍ അവര്‍ മനുഷ്യരെ വേട്ടക്കാരായി കാണുന്നില്ല. റഷീദിനെ വിശ്വസിക്കുന്നു. വിശ്വാസം അതല്ലെ എല്ലാം, നാട്ടിലായാലും കാട്ടിലായാലും. ആ വിശ്വാസം സഫാരിയുടെ ആറു ദിവസങ്ങളിലും കാട്ടിലെ സുഹൃത്തുക്കള്‍ കാത്തുസൂക്ഷിച്ചു, സെരങ്കട്ടിയില്‍ വെച്ചൊരു ബബൂണ്‍ വണ്ടിയിലേക്കു കയറിവന്ന് അമ്മുവില്‍നിന്നൊരു പഴം തട്ടിയെടുത്തതൊഴിച്ചാല്‍.

മെല്ലെ മെല്ലെ ഭയം കുറഞ്ഞു. ആശങ്കകള്‍ കാട്ടിലേക്കിറങ്ങിപ്പോയി. കുറുമ്പനാനകള്‍ കൊച്ചു കുസൃതികളുമായി അടുത്തുവന്നു തലയാട്ടി പരിചയപ്പെട്ടു. ഒരാള്‍ ഒരു കെട്ടു പുല്ലും പറിച്ചു വന്ന് അമ്മയുടെ ഭാഗത്തു വന്നു ചവച്ചുതുടങ്ങി. അമ്മയും ആനയും അതൊരേപോലെ ആസ്വദിച്ചു. കൊമ്പന്മാരും യുവാക്കളും അമ്മയുടെ കാലുകള്‍ക്കിടയിലേക്ക് മുല തേടി നൂഴ്ന്നു കയറുന്ന കുട്ടിക്കുസൃതികളുമായി ആനക്കൂട്ടങ്ങള്‍ പിന്നെയും പിന്നെയും.

കാട്ടിലെ ആദ്യ മൃഗകാഴ്ചയുടെ സമൃദ്ധിയില്‍ ഞങ്ങള്‍ അന്തംവിട്ടിരിക്കുന്നു. ലോങ്ങ്ഷോട്ടിലും സൂമിലും വൈഡ് ആംഗിളിലുമായി അവരെല്ലാം സസ്‌നേഹം ഞങ്ങളുടെ ക്യാമറയില്‍ കയറിയിരുന്നു. വീഡിയോ ക്യാമറയുമായി മിനി ഇടത്തും വലത്തും മാറിമാറിയും ചിലപ്പോള്‍ 360 ഡിഗ്രിയിലും കറങ്ങുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്കാണ് ടാന്‍സാനിയന്‍ കാടുകള്‍ വളര്‍ന്നുകയറുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ ആഹ്ലാദം റഷീദ് നന്നായി ആസ്വദിക്കുന്നുണ്ട്.

ക്യാമറകളില്‍ എസ്.ഡി കാര്‍ഡുകളില്‍ ചിത്രങ്ങളും വീഡിയോകളും കുമിഞ്ഞുകൂടുകയാണ്. മതി, പോകാം എന്നായപ്പോള്‍ റഷീദ് പറയുന്നു: ''വരട്ടെ, അവനും കൂടി വന്നോട്ടെ.'' അവന്‍ നീണ്ട കൊമ്പുകള്‍ക്കു മേലെ തുമ്പിക്കൈ പിണച്ചുവെച്ചു തലയും മൂടും കുലുക്കിവരുകയാണ്. ഒരു പ്രഭാത സവാരിക്കിടയില്‍ കണ്ടുമുട്ടിയവരോട് ഒന്നു കുശലം പറഞ്ഞേക്കാം എന്ന മട്ട്. ക്ഷുബ്ധനല്ല. രസിച്ചാണ് വരവ്. ലക്ഷ്യം ഞങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ പേടിക്കണോ വേണ്ടയോ എന്ന വിറയലിലായി. തൊട്ടപ്പുറത്തുള്ള രണ്ടു മൂന്ന് സഫാരി വണ്ടിക്കാര്‍ അതാസ്വദിച്ചു നില്‍ക്കുകയാണ്. വേഗം, വേഗം. പടമെടുക്കൂ. വീഡിയോയെടുക്കൂ. ഗംഭീരമായ ചിത്രങ്ങള്‍ കിട്ടും. റഷീദ് തിരക്കു കൂട്ടി. ഉവ്വുവ്വ്. അവന്‍ വന്ന് ഈ വണ്ടി കുത്തിമറിച്ചിടുമ്പോള്‍ നല്ല പടം കിട്ടും അപ്പുറത്തെ വണ്ടിക്കാര്‍ക്ക്. അതും പറഞ്ഞ് അമ്മു അവനെ തന്റെ ഡിഎസ്എല്‍ആറിലേക്കു പിടിച്ചുകെട്ടിത്തുടങ്ങി.

അമ്മുവിന് റഷീദിന്റേയും കാടിന്റേയും ആനകളുടേയും നിഷ്‌കളങ്കതയില്‍ ഇപ്പോഴും വിശ്വാസമായിട്ടില്ല.

അവന്‍ അടുത്തു വന്നു ചെറിയ കണ്ണുകള്‍ അടച്ചു തുറക്കുകയും ചെവി മെല്ലെയാട്ടുകയും താഴ്ത്തിയിടുകയും ചെയ്തു. പിന്നെ തുമ്പിക്കയ്യുയര്‍ത്തി എനിക്കു മുന്‍പിലെ ബോണറ്റില്‍വെച്ച് വണ്ടിയിലെ മുന്‍വരിക്കാരെയൊന്നു നോക്കി റോഡിനപ്പുറത്തേക്കു കടന്നുപോയി. ഞങ്ങള്‍ക്കു ബാക്കിയുണ്ടായിരുന്ന ഇത്തിരി സഫാരിപ്പേടിയും കൊണ്ടാണ് അവന്‍ പോയത്.

റഷീദിനു സന്തോഷമായി. ഞങ്ങള്‍ക്കും. ലാന്‍ഡ് ക്രൂയിസര്‍ വീണ്ടും മുരണ്ടു. തരംഗീറിലെ പ്രധാന വിഭവങ്ങള്‍ ബോവ്ബാബ് മരങ്ങളും ആനകളുമാണ്. ചെറുമഴയൊക്കെ തുടങ്ങിയിരിക്കുന്നു കിഴക്കനാഫ്രിക്കയില്‍. കൊടുംവേനല്‍ മടങ്ങിപ്പോയിരിക്കുന്നു. അല്ലെങ്കില്‍ ആനകളുടെ പ്രളയമായേനെ എന്നാണ് റഷീദ് പറയുന്നത്. ആനകള്‍ മാത്രമല്ല, സിംഹങ്ങളും പുള്ളിപ്പുലികളും ചീറ്റകളും ബീസ്റ്റുകളും മറ്റു ചെറുമൃഗങ്ങളും ഇത്തിരി നനവും തേടി തരംഗീറി നദീതടത്തിലേക്കൊഴുകും. ഡിസംബര്‍ ജനുവരികളില്‍ മഴയൊഴുകുമ്പോള്‍ അവര്‍ തരംഗീറി വനത്തെ അതിന്റെ പരമ്പരാഗത അന്തേവാസികള്‍ക്കു തിരികെക്കൊടുത്ത് മാതൃവനത്തിലേക്കു മടങ്ങും. ഡിസംബര്‍ മധ്യവാരത്തിലെ സഫാരി കറേയൊക്കെ മൃഗക്കാഴ്ചകള്‍ നഷ്ടപ്പെടുമെന്നറിഞ്ഞുതന്നെയാണ് ഞങ്ങള്‍ തുടങ്ങുന്നത്.

എരാങ്ങി കുന്നുകളിലെ മഴയും ജലവും ശേഖരിച്ചെത്തുന്ന തരംഗീറി നദി കാര്യമായി നിറഞ്ഞിട്ടില്ല. എങ്കിലും ചുറ്റുമുള്ള ചതുപ്പിലും വെള്ളക്കെട്ടുകളിലും ജലത്തെ പിടിച്ചുനിര്‍ത്തുന്നത് തരംഗീറി നദി അതിന്റെ ഗര്‍ഭത്തില്‍ പേറുന്ന വെള്ളമാണ്.

വഴിവക്കത്തെ മസായിക്കൂട്ടങ്ങൾ
വഴിവക്കത്തെ മസായിക്കൂട്ടങ്ങൾ

ചെറുകുന്നുകളും പുല്‍മൈതാനങ്ങളും കുറ്റിക്കാടുകളും ചതുപ്പുകളും ജലാശയങ്ങളും ഇടക്കിടക്ക് ബോവ്ബാബുകളും സോസേജ് മരങ്ങളും അക്കേഷ്യയും ഒക്കെ നിറഞ്ഞതാണ് തരംഗീറി വനത്തിന്റെ ഭൂപ്രകൃതി. അതിലൂടെ കേറിയിറങ്ങിയും ഇളകിയാടിയും മുരണ്ടു നീങ്ങുകയാണ് സഫാരി. സീസണല്ലാത്തതിനാല്‍ മൃഗങ്ങളെപ്പോലെ സഫാരി വണ്ടികളും കുറവാണ്. പിന്നെ കുറേപ്പേരൊക്കെ സെരങ്കട്ടിയും ന്ഗോരങ്ങ് ഗോരയും കണ്ടു തിരിച്ചുപോകും.

മൃഗപാതകളിലൂടെ ചതുപ്പുകള്‍ക്കരികില്‍ എതാനും കൊക്കുകള്‍ തത്തിനടക്കുന്നുണ്ട്. ഗ്രെ ക്രൗണ്‍ ക്രെയിന്‍ വിഭാഗത്തില്‍പെട്ട എതാനും പേര്‍ ഹാജരായിട്ടുണ്ട്. അതിസുന്ദരരാണിവര്‍. രണ്ടു പേര്‍ കൂട്ടുചേര്‍ന്ന് ഇര തേടുന്നുണ്ട്. ഇണകളാകാം. അത്ഭുതകരമായ synchronization അവരുടെ നീക്കങ്ങളിലുണ്ട്. കഴുത്തുയരുന്നതും താഴുന്നതും ഇരയെടുക്കുന്നതും എല്ലാം ഒരുമിച്ച്. നടക്കുന്നത് സമാന്തരമായ വരകളിലൂടെ. നീളന്‍ കാലുകളുടെ ചലനം മാര്‍ച്ച്പാസ്റ്റിലേതുപോലെ കൃത്യം. തൊട്ടപ്പുറത്തെ ഇല കൊഴിഞ്ഞ് ഉണക്കം പിടിച്ച മരത്തില്‍ രണ്ടു പേര്‍ ഉറക്കം പിടിച്ചിരുപ്പുണ്ട്. നമ്മള്‍ കണ്ടു ശീലിച്ച വെള്ള കൊക്കുകള്‍. ചുവന്നുനീണ്ട കൊക്കും മഞ്ഞച്ച നീളന്‍ കാലുകളുമായി. ചതുപ്പിനേയും കടന്നാല്‍ ഇരുവശത്തും ചെറു ജലാശയങ്ങളാണ്. ഒരുപറ്റം സീബ്രകള്‍ രണ്ടിടത്തുമുണ്ട്. ചിലര്‍ വെള്ളത്തിലിറങ്ങി നില്‍പ്പാണ്. ഏതാനും പേര്‍ കൂട്ടമായി നിന്നു വെള്ളം കുടിക്കുന്നു. അവരുടെ കറുപ്പും വെളുപ്പും വരകളെല്ലാം കൂടി കെട്ടുപിണഞ്ഞ് കണ്ണകളുടെ സ്വസ്ഥത കെടുത്തുന്നു. സീബ്രകളുടെ നിറം കറുപ്പാണെന്നും വരകളാണ് വെളുപ്പെന്നും റഷീദ് പറയുന്നു. ഭ്രൂണശാസ്ത്രപരമായ പഠന നിഗമനങ്ങളും ഇതുതന്നെയെന്നു ഞാന്‍ പിന്നീട് വായിച്ചറിഞ്ഞു.

കാട് കൂടുതല്‍ സജീവമാവുകയാണ്. ഒരുപാട് പക്ഷികള്‍. ഒട്ടുമുക്കാലും ഞങ്ങളുടെ അറിവുകളിലേക്കു മുന്‍പ് ചിറകടിച്ചിട്ടില്ലാത്തവര്‍. വിചിത്രമായ നിറസങ്കലനങ്ങള്‍, രൂപഭംഗികള്‍, കിളിപ്പേച്ചുകള്‍. റഷീദ് ക്ഷമയോടെ ഓരോരുത്തരേയും പരിചയപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിലും നാട്ടു വിളിപ്പേരും പറഞ്ഞുതരുന്നുണ്ട്. 'കിളി നോട്ടത്തില്‍' അസ്ഥിക്കു പിടിക്കും കമ്പമില്ലാത്തതിനാല്‍ അതൊന്നും തലച്ചോര്‍ ചേര്‍ത്തുവെച്ചില്ല. Black headed heron, white faced whistling duck, yellow necked spur foul, ഗിനി ഫൗള്‍, ഈജിപ്ഷ്യന്‍ ഗൂസ് എന്നിങ്ങനെ ഏതാനും പക്ഷികള്‍ വീണ്ടും വീണ്ടും മുന്നിലെത്തുകയും റഷീദ് വിസ്തരിച്ച് പറയുകയും ചെയ്തതിനാല്‍ ഇപ്പോഴും ഓര്‍മ്മയിലും ക്യാമറയിലുമുണ്ട്. ക്യാമറയെടുക്കുമ്പോഴേക്കും പറന്നുപോകുന്ന ദുഃസ്വഭാവം ഇവിടത്തെ പക്ഷികള്‍ക്കില്ല.

റഷീദ് പരിചിതവഴികളിലൂടെ ലാന്‍ഡ് ക്രുയിസര്‍ കുതിരയെ തെളിച്ചുകൊണ്ടുപോകുകയാണ്. എവിടെ എപ്പോള്‍ ഏതൊക്കെ മൃഗങ്ങളെന്ന് ഏകദേശം മൂപ്പര്‍ക്കറിയാം. തുടരെത്തുടരെ വന്ന് റഷീദിനീ കാട് മൃഗശാലയായിക്കാണും. മാന്‍ കൂട്ടങ്ങള്‍ അവയുടെ ഭയം തുളുമ്പുന്ന നോട്ടങ്ങളും ചപലതകളുമായി വന്നിട്ടുണ്ട്. ചെറുമാനുകളും ഗസ്സില്ലകളും ഇംപാലകളും കൂട്ടത്തിലുണ്ട്. ചെറുകൂട്ടങ്ങളായി പിന്നെയും പിന്നെയും സീബ്രകള്‍. കൂട്ടത്തില്‍ ഓരോരുത്തരും ഓരോ ദിക്കിലേക്കു ശ്രദ്ധവെച്ചിരിക്കുന്നത് സീബ്രകളുടെ പ്രത്യേകതയാണ്. കാട്ടിലെപ്പോഴും സംഭവിക്കാവുന്ന വേട്ടയിലേക്കാണ് ആ കരുതല്‍. അലസത ഭാവിക്കുമ്പോഴും ഇളം പുല്ലും തളിരിലകളും രുചിക്കുമ്പോഴും കൂട്ടുകാരൊത്ത് തിമിര്‍ത്തു മറിയുമ്പോഴും ചാടിവീഴുന്ന ഒരാക്രമണം, ഇരതേടലിന്റെ പല്ലിറുക്കല്‍, അങ്ങനെയൊക്കെ ഭയക്കുന്നുണ്ടവര്‍. പുല്‍നാമ്പുകളും സസ്യങ്ങളും മരച്ചില്ലകളും ഇതുപോലെ തങ്ങളെ ചവച്ചിറക്കുന്ന ഇരയെ കാത്ത് ഭയക്കുന്നുണ്ടാകാം.

ഒന്നരയോടെ ഞങ്ങള്‍ തരംഗീറി വനത്തിലെ പിക്നിക്ക് ഏരിയയിലെത്തി. ഓരോ വനത്തിലും ഒന്നോ രണ്ടോ പിക്നിക്ക് ഇടങ്ങളുണ്ടാവും. ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍, മേശകള്‍, ബെഞ്ചുകള്‍, വേസ്റ്റ് സംഭരണികള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ടാവും. ഭംഗിയായും വൃത്തിയായും വെച്ചിട്ടുണ്ട് ഇവിടെ. ഇരുപത്തഞ്ചോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലസൗകര്യമുണ്ട് ഇവിടെ. ഹാളിനു മേല്‍ക്കൂരയുമുണ്ട്. ഇവിടേക്കും ടോയ്ലറ്റിലേക്കും വീല്‍ചെയറിനു പോകാവുന്ന വിധത്തിലാണ് വഴി സംവിധാനം ചെയ്തിരിക്കുന്നത്.

റഷീദ് കാട്ടുമരത്തണലില്‍ വണ്ടി നിര്‍ത്തി. അമ്മയെ വണ്ടിയില്‍നിന്നിറക്കാന്‍ പേരക്കുട്ടിയെപ്പോലെ റഷീദ് ഓടിവന്നു. ഡിക്കിയില്‍ കരുതിവെച്ചിരുന്ന പി.വി.സിപ്പെട്ടിയെടുത്തു വെച്ച് വണ്ടിയില്‍നിന്നുള്ള ഇറക്കം ലളിതമാക്കി. 'പോലെ പോലെ' (മെല്ലെ മെല്ലെ) പറഞ്ഞ് അമ്മയ്‌ക്കൊപ്പം നിന്നു. സൂപ്പര്‍ മാമ, ഹക്കുണ മത്താത്ത (അടിപൊളി അമ്മ, ഒന്നും പ്രശ്‌നമല്ല) എന്നുറക്കെപ്പാടി ആ ഇറക്കത്തിനു താളവും ഊര്‍ജ്ജവും നല്‍കി. അരുഷയില്‍നിന്ന് രജാബു ഏല്‍പ്പിച്ച ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ മെസ് ഏരിയായിലേക്ക് നടന്നു. ഒരു മേശക്കിരുപുറത്തായി ഞങ്ങള്‍ ഇരുന്നു. മറ്റൊരു സഫാരിസംഘം അടുത്ത മേശയിലുണ്ട്. കണ്ടിട്ട് ഒരു ഭാരതീയം ലുക്കുണ്ട്. തെക്കന്‍ ആഫ്രിക്കയില്‍ ഇത്തരം മുഖങ്ങള്‍ സാധാരണമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗുജറാത്തില്‍നിന്നും മറ്റും കുടിയേറിയവരുടെ പിന്‍തലമുറകള്‍ ധാരാളമായിത്തന്നെ ഇവിടെയുണ്ട്. 2007-ല്‍ ടാന്‍സാനിയന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് റിച്ച ആദ്യ എന്ന ഇന്ത്യന്‍ വംശജയാണ്. ഇവര്‍ തന്നെയാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ അക്കൊല്ലം ടാന്‍സാനിയായെ പ്രതിനിധീകരിച്ചത്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com