പ്രണയാനന്തരം ഗൗരിയമ്മ: ബിനോയ് വിശ്വം എഴുതുന്നു

പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ വഴിപിരിയേണ്ടിവന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണവര്‍. ആ ബന്ധത്തിലെ സങ്കീര്‍ണ്ണതകളെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

(2018ൽ  പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയിലെ ഉള്ളടക്കം)

രീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോയ നാളുകളില്‍ വൈക്കത്തുനിന്ന് ഒരു പാര്‍ട്ടി സംഘാടകന്‍ ഇടയ്ക്കിടെ ചേര്‍ത്തലയില്‍ എത്തും. പ്രസ്ഥാനത്തോട് അടുപ്പമുള്ള പലരേയും ബന്ധപ്പെടുന്ന കൂട്ടത്തില്‍ ആ സഖാവ് ചേര്‍ത്തല ബാറിലെ പാര്‍ട്ടി അനുഭാവിയായ യുവ അഭിഭാഷകയേയും കാണും. സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ ആ സഖാവിനെ വീട്ടില്‍ക്കൊണ്ടുവന്ന് ഊണ് കൊടുത്തിട്ടേ തിരിച്ചയയ്ക്കാവൂവെന്ന് ആ വക്കീലിനു തോന്നി. അത് ഇല്ലായ്മകളുടെ കാലമായിരുന്നു. വക്കീല്‍ ആകട്ടെ, അവിടുത്തെ സമ്പന്നമായ കുടുംബത്തിലെ അംഗവും. ഊണ് കഴിഞ്ഞ് പുറപ്പെടുമ്പോള്‍ ബോട്ട് കൂലിക്കായി എട്ടണ ആ സഖാവിന്റെ കൈയില്‍ മുടക്കം കൂടാതെ വച്ചുകൊടുക്കാനും വക്കീല്‍ മറന്നിട്ടില്ല. ആ വക്കീല്‍ ഗൗരിയമ്മയാണ്. വൈക്കത്തുനിന്ന് എത്തുന്ന പാര്‍ട്ടി സഖാവ് എന്റെ അച്ഛന്‍ സി.കെ. വിശ്വനാഥന്‍. 

പിന്നീട് എത്രയോ ദിവസം ആലപ്പുഴയിലെ വീട്ടില്‍വച്ച് ഈ ആദ്യകാല ബന്ധങ്ങളെപ്പറ്റി ഗൗരിയമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ കാലത്തെ പാര്‍ട്ടി ബന്ധങ്ങളെല്ലാം ഇതുപോലെ ഹൃദയത്തില്‍ വേരുള്ളതായിരുന്നു. പാര്‍ട്ടി രണ്ടായപ്പോഴും കെ.ആര്‍. ഗൗരിയമ്മയും സി.കെ. വിശ്വനാഥനും രണ്ടുവശത്തേക്ക് ഭാഗം പിരിഞ്ഞ് പോയപ്പോഴും, ഒടുവില്‍ ഗൗരിയമ്മ 'ജെ.എസ്.എസ്' ആയി മാറിയപ്പോഴും ആ സ്‌നേഹത്തിന്റെ ആഴം കുറഞ്ഞിട്ടില്ല. വൈക്കത്തെ ഞങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചുവച്ച പഴയ ആല്‍ബത്തിന്റെ താളുകളില്‍ പി. കൃഷ്ണപിള്ള, എം.എന്‍, ടി.വി, അച്ചുതമേനോന്‍, ആര്‍. സുഗതന്‍, പി.ടി. പുന്നൂസ് എന്നിവരുടെ ഫോട്ടോകള്‍ക്കൊപ്പം എ.കെ.ജിയുടേയും സി.കെ. സുശീലയുടേയും ഗൗരിയമ്മയുടേയും ചിത്രങ്ങള്‍ എന്നുമുണ്ടായിരുന്നു. പ്രസ്ഥാനം വഴിപിരിഞ്ഞപ്പോഴും എന്റെ അച്ഛനമ്മമാര്‍ മറുഭാഗത്തേക്ക് പോയ ഈ നേതാക്കളെ ശത്രുക്കളായി കണ്ടില്ല. രോഗബാധിതയായി യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ ദിനങ്ങളില്‍ എന്റെ അമ്മ സി.കെ. ഓമന പറഞ്ഞ ആഗ്രഹങ്ങളിലൊന്ന് ഗൗരിച്ചേച്ചിയെ കാണണം എന്നതായിരുന്നു.

ഒരു ദിവസം അതിനായി മാറ്റിവച്ചത് സായൂജ്യം നിറഞ്ഞ ഓര്‍മ്മയായി മനസ്സില്‍ ഇപ്പോഴും നില്‍ക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് ഞങ്ങള്‍ ചെന്നത്. ''ങാ ഓമനയോ!'' എന്ന് ചോദിച്ചുകൊണ്ട് ഗൗരിയമ്മ എന്റെ അമ്മയുടെ കൈ പിടിച്ചു. അവരിരുവരും സ്വീകരണമുറിയിലെ പഴയ സെറ്റിയില്‍ അടുത്തടുത്തിരുന്നു ഒരുപാട് വര്‍ത്തമാനം പറഞ്ഞു. അടുത്ത കസേരയില്‍ ഇരുന്ന ഞാന്‍ ആ സ്‌നേഹത്തിന്റെ ആഴം അളക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉച്ചയോടെ ഞങ്ങള്‍ മടങ്ങുമ്പോള്‍ നല്ല കറി കൂട്ടി ഒരു ഊണ് തരാന്‍ കഴിയാത്തതിലുള്ള സങ്കടമായിരുന്നു ഗൗരിയമ്മയ്ക്ക്. അതിനോടകം ആ വീട്ടിലുള്ള അണ്ടിപ്പരിപ്പും ഉപ്പേരിയും ഈന്തപ്പഴവും കേക്കും എല്ലാം തന്നിട്ടും അവര്‍ക്ക് മതിയായില്ല. ഗൗരിയമ്മയ്ക്ക് നൂറ് വയസ്സാവുമ്പോള്‍ ഇത്തരം ഒരുപാട് ഓര്‍മ്മകളാണ് മനസ്സിലേക്ക് തിക്കിത്തിരക്കി കടന്നുവരുന്നത്. 

കഥകളിലെ 
കഥയില്ലായ്മകള്‍

ഗൗരിയമ്മയുടെ രാഷ്ട്രീയ ചരിത്രം എത്രയോ തവണ പലരും എഴുതിയതും പറഞ്ഞതുമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്റെ സ്ഥാനം സ്വന്തം കരുത്തുകൊണ്ട് അടയാളപ്പെടുത്തിയ ധീരവനിതയാണവര്‍. തന്നെപ്പറ്റി ചിലര്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ കഥകളിലെ കഥയില്ലായ്മയെപ്പറ്റിയും തുറന്നു പറയാനുള്ള ആര്‍ജ്ജവം ഗൗരിയമ്മയ്ക്കുണ്ട്.  'വയലാര്‍ റാണി' എന്ന് തന്നെ ചിലര്‍ വിശേഷിപ്പിച്ചതിനെപ്പറ്റി അവര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റി എഴുതിയ ആ സമരത്തില്‍ തനിക്ക് നേതൃത്വപരമായ പങ്കില്ലായെന്നും പറയാന്‍ അവര്‍ക്ക് കൂസലുണ്ടായിരുന്നില്ല. പ്രസ്ഥാനത്തിലെ സഖാക്കളുടെ കേസുകള്‍ നടത്തുന്ന രാഷ്ട്രീയ മിത്രമായ അഭിഭാഷകയായിരുന്നു അവര്‍ അക്കാലത്ത്. അണ്ണന്‍ (സഹോദരന്‍ കെ.ആര്‍. സുകുമാരന്‍) അന്നേ പാര്‍ട്ടിയില്‍ സജീവമായിരുന്നു. അങ്ങനെയാണ് പി. കൃഷ്ണപിള്ള അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ആ വീടുമായി ബന്ധപ്പെടുന്നത്. ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുള്ള പില്‍ക്കാല രാഷ്ട്രീയ സംഭവങ്ങളൊന്നും പറയാനല്ല ഈ കുറിപ്പ് ഉദ്ദേശിക്കുന്നത്. 

ഗൗരിയമ്മയും ടി.വി. തോമസും തമ്മിലുള്ള പ്രണയവും കല്യാണവും വഴിപിരിയലുമെല്ലാം കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ വഴിപിരിയേണ്ടിവന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണവര്‍. ആ ബന്ധത്തിലെ സങ്കീര്‍ണ്ണതകളെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍, ഒന്നെനിക്ക് ഉറപ്പാണ്; ഗൗരിയമ്മ ടി.വി. തോമസ്സിനെ അഗാധമായി സ്‌നേഹിക്കുന്നു. യൗവ്വനത്തിലേതുപോലെ ഈ നൂറാം വയസ്സിലും ഗൗരിയമ്മയ്ക്ക് ടി.വിയോട് ആരാധന കലര്‍ന്ന പ്രണയമുണ്ടെന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. ഗൗരിയമ്മയ്ക്ക് ശുണ്ഠി മൂക്കിന്റെ തുമ്പത്താണ്. ഈ വരികള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ ആ അമ്മ കോപം കാണിച്ചേക്കും. അപ്പോഴും ആ മനസ്സില്‍ ടി.വിയോടുള്ള സ്‌നേഹമായിരിക്കും നിറഞ്ഞുനില്‍ക്കുക. 

ഒരിക്കല്‍ ഗൗരിയമ്മയോട് ഞാന്‍ അതിനെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. സഖാവ്, സഹപ്രവര്‍ത്തക, ഭാര്യ എന്നീ നിലകളിലെല്ലാം ടി.വിയെപ്പറ്റി പറയാന്‍ ഗൗരിയമ്മയ്ക്ക് അവകാശമുണ്ട്. ടി.വി. ജീവിതത്തോട് വിടപറഞ്ഞ 1977 മാര്‍ച്ചിലെ ആ ദിനം ഓര്‍മ്മയിലേക്ക് വരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ടി.വിയുടെ മൃതദേഹത്തിനടുത്ത് അന്ന് എ.ഐ.എസ്.എഫ്  പ്രസിഡന്റായിരുന്ന ഞാനും നില്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഗൗരിയമ്മ അങ്ങോട്ടു വന്നത്. വികാരവിക്ഷോഭങ്ങളുടെ തിരകള്‍ ആഞ്ഞടിച്ച അവരുടെ മുഖഭാവം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഗൗരിയമ്മയുടെ വീട്ടിലെ സ്വീകരണമുറിയില്‍ ആരുടേയും കണ്ണില്‍ ആദ്യം പെടുന്നത് അവരുടെ വിവാഹഫോട്ടോയാണ്. അവര്‍ രണ്ടുപേരും അന്ന് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ചരിത്രത്തില്‍ അനിഷേധ്യസ്ഥാനമുള്ള രണ്ടുപേര്‍ ജീവിതത്തില്‍ ഒന്നിച്ച നിമിഷത്തിന്റെ ഫോട്ടോയാണത്. ഒരിക്കല്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഗൗരിയമ്മ അവരുടെ ബെഡ്‌റൂമിലേക്ക് എന്നെ കൊണ്ടുപോയി. ആ മുറിയുടെ നാല് ചുവരുകളിലും ടി.വി. ആണ്. ആ ചിത്രങ്ങളിലൂടെ ടി.വി. ഗൗരിയമ്മയോട് സംസാരിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. ഈ നൂറാം പിറന്നാളില്‍ ആഘോഷങ്ങളുടെ ആരവങ്ങളൊടുങ്ങുമ്പോള്‍ ഗൗരിയമ്മ എന്ന വിപ്ലവ തേജസ്വിയായ വനിത എന്തെല്ലാം ചിന്തിക്കുമെന്ന് കൃത്യമായി പറയാനാവില്ല. എന്നാല്‍, ആ ചിന്തകളുടെ ഏറ്റിറക്കങ്ങളില്‍ ടി.വി. തോമസ് കടന്നുവരാതിരിക്കില്ല എന്ന് മനസ്സ് മന്ത്രിക്കുന്നു. 

ടി.വി. തോമസിന്റെ ജന്മശതാബ്ദിവേളയില്‍ ഒരു മലയാള പ്രസിദ്ധീകരണം ആവശ്യപ്പെട്ടതുപ്രകാരം ഞാന്‍ അദ്ദേഹത്തെക്കുറിച്ച് സാമാന്യം നീണ്ട ഒരു ലേഖനമെഴുതി. 'ടി.വി'യെക്കുറിച്ച് പറയുമ്പോള്‍ ഗൗരിയമ്മയും ഗൗരിയമ്മയെക്കുറിച്ച് പറയുമ്പോള്‍ ടി.വിയും ചര്‍ച്ചാവിഷയമാകുന്ന കുടുംബാന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. അതിന്റെ സ്വാധീനത്തിലാകാം പ്രസ്തുത ലേഖനത്തിന്റെ അവസാന ഭാഗത്ത് ഇങ്ങനെ എഴുതാനാണ് എനിക്കു തോന്നിയത്: ''എങ്കിലും ടി.വിയും ഗൗരിയമ്മയും തമ്മില്‍ പിരിയാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു.'' പ്രാധാന്യത്തോടെ ലേഖനം അച്ചടിച്ച് വന്ന ദിവസം ഞാന്‍ ഗൗരിയമ്മയെ കണ്ടു. ഇങ്ങനെ ഒരു കാര്യം കണ്ടതായിപ്പോലും അവര്‍ ഭാവിച്ചില്ല. പിറ്റേ ദിവസം, ആ ലേഖനം വായിച്ചോ എന്ന് ചോദിക്കാതിരിക്കാനായില്ല. പ്രകടമായ നീരസത്തോടെ അവര്‍ പറഞ്ഞത് ഞാന്‍ കണ്ടില്ല എന്നാണ്. 

നിയമസഭയിലെ ഒരു രംഗം. കൃഷിയുടേയും കയറിന്റേയും ചുമതലയുള്ള ഒരു മന്ത്രിയായിരുന്നു ഗൗരിയമ്മ. ഞാന്‍ സി.പി.ഐയുടെ നിയമസഭാ കക്ഷി ഉപനേതാവ്. കയര്‍ വ്യവസായത്തിലെ പ്രതിസന്ധിയെപ്പറ്റി മന്ത്രി ദീര്‍ഘമായി പ്രസംഗിക്കുകയായിരുന്നു. എവിടെയെങ്കിലും, കയര്‍ വ്യവസായ പുനഃസംഘടനയ്ക്കുവേണ്ടി ടി.വി. തോമസ് ആവിഷ്‌കരിച്ച 'ടി.വി. ഫോര്‍മുല'യെപ്പറ്റി ഒരു പരാമര്‍ശമുണ്ടാകുമെന്ന് ഞാന്‍ കരുതി. അതുണ്ടാകുന്നില്ല. ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ പതിവില്ലാത്തതു പോലെ ഗൗരിയമ്മ വഴങ്ങി. ''ടി.വി. ഫോര്‍മുലയെപ്പറ്റി ഒരു വാക്കുപോലും പറയാന്‍ അങ്ങ് എന്തേ മറന്നുപോകുന്നു'' എന്ന ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് മന്ത്രി ചാടിയെഴുന്നേറ്റു. ''ഇരിക്കെടൊ അവിടെ'' എന്ന് ഗൗരിയമ്മ പറഞ്ഞപ്പോള്‍ വഴക്കടിക്കാനല്ല എനിക്ക് തോന്നിയത്. പ്രതിപക്ഷത്തിന് പഥ്യമല്ലാത്ത അനുസരണയോടെ ഞാന്‍ ഇരുന്നു. എന്റെ സുഹൃത്തുക്കളായി കോണ്‍ഗ്രസ് അംഗങ്ങള്‍ ആര്‍ത്തുചിരിച്ചുകൊണ്ട് എന്നെ കളിയാക്കി. അവര്‍ക്ക് മറുപടി പറയാന്‍ ഞാന്‍ എഴുന്നേല്‍ക്കേണ്ടിവന്നില്ല. തിരിഞ്ഞുനിന്നുകൊണ്ട് അവരോടായി ഗൗരിയമ്മ പറഞ്ഞതിങ്ങനെയാണ്: 

''നിങ്ങളാരും ചിരിക്കേണ്ട, അയാള്‍ വിശ്വന്റെ മകനാണ്. എനിക്ക് അയാളോട് അങ്ങനെ പറയാന്‍ അധികാരമുണ്ട്.'' ആ അധികാരത്തിനും അതിന്റെ പുറകിലെ സ്‌നേഹത്തിനും ആണ് ഇന്ന് നൂറ് വയസ്സാകുന്നത്. എനിക്ക് മാത്രമല്ല, ആ സ്‌നേഹശാസനകള്‍ അനുഭവിച്ചറിഞ്ഞ പതിനായിരങ്ങള്‍ക്ക് ഈ ദിനത്തില്‍ ഇത്തരം ഓര്‍മ്മകള്‍ തികട്ടിവരും. പാര്‍ട്ടികള്‍ പലതാണെങ്കിലും ചേരികള്‍ മാറിമറിഞ്ഞെങ്കിലും കെ.ആര്‍. ഗൗരി എന്ന വിപ്ലവ വനിത പരിചയപ്പെട്ട എല്ലാവരുടേയും മനസ്സില്‍ ജ്വലിച്ചു നില്‍ക്കും. പുറമെ കാണുന്ന പരുക്കന്‍ ഭാവമല്ല, പലപ്പോഴും പൊട്ടിത്തെറിക്കുന്ന ദേഷ്യമല്ല വാസ്തവത്തിലെ ഗൗരിയമ്മ. ആ മനസ്സ് നിറയെ അടക്കിവച്ചിരിക്കുന്നത് അതിരില്ലാത്ത സ്‌നേഹമാണ്. ഒരേ ജയിലില്‍ കെ.ആര്‍. ഗൗരിയമ്മയും കൂത്താട്ടുകുളം മേരിയും (എന്റെ ഭാര്യ ഷൈലയുടെ അമ്മയാണവര്‍) തടവുകാരായി കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ തടവുകാര്‍ക്കുള്ള പ്രത്യേക സെല്ലിലായിരുന്നു ഗൗരിയമ്മ. അമ്മച്ചി (കൂത്താട്ടുകുളം മേരി) സാധാരണ തടവുകാര്‍ക്കുള്ള സെല്ലിലും. രാഷ്ട്രീയ തടവുകാര്‍ക്ക് ഭക്ഷണത്തോടൊപ്പം ഇടയ്ക്ക് മീന്‍വറുത്തത് അടക്കമുള്ള പ്രത്യേക വിഭവങ്ങള്‍ വല്ലപ്പോഴുമുണ്ടാകും. അത് പ്രത്യേകം പൊതിയാക്കി ഏതെങ്കിലും വാര്‍ഡന്‍മാര്‍ മുഖേന മേരിക്ക് കൊടുത്തയയ്ക്കാന്‍ ഗൗരിയമ്മ മറന്നിട്ടില്ല. 

''മേരിയും മറ്റും സഹിച്ച മര്‍ദ്ദനത്തിന്റെ മുന്‍പില്‍ ഞാന്‍ അനുഭവിച്ചതൊന്നും ഒന്നുമല്ലെന്ന്'' പറയണമെങ്കില്‍ അസാമാന്യമായ സത്യസന്ധതയുണ്ടാവണം. ചരിത്രത്തിനു മുന്‍പില്‍ കണ്ണടച്ച് നില്‍ക്കാന്‍ പലരും സാമര്‍ത്ഥ്യം കാണിക്കുന്ന കാലത്ത് ചരിത്രത്തോടും നിലപാടുകളോടും പുലര്‍ത്തിയ നീതിബോധമാണ് ഗൗരിയമ്മയെ വ്യത്യസ്ത ആക്കുന്നത്. ആ വ്യത്യസ്തതയ്ക്കു മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com