സാംസ്‌കാരിക വിഷം പടര്‍ത്തുന്ന ടിവി പരമ്പരകള്‍

എല്ലാ രംഗത്തും വ്യാജന്മാര്‍ വിലസുന്ന ഈ ആധുനിക കാലത്ത് കലയുടെ ലേബലില്‍ വരുന്ന കലാസൃഷ്ടികളും ചിലത് വ്യാജമാണെന്ന് നാം തിരിച്ചറിയണം.
സാംസ്‌കാരിക വിഷം പടര്‍ത്തുന്ന ടിവി പരമ്പരകള്‍

ല്ലാ രംഗത്തും വ്യാജന്മാര്‍ വിലസുന്ന ഈ ആധുനിക കാലത്ത് കലയുടെ ലേബലില്‍ വരുന്ന കലാസൃഷ്ടികളും ചിലത് വ്യാജമാണെന്ന് നാം തിരിച്ചറിയണം. പല ചലച്ചിത്രങ്ങളും നാടകങ്ങളും സാഹിത്യ കൃതികളും ടെലിവിഷന്‍ പരിപാടികളുമൊക്കെ മാരകമായ എന്‍ഡോസള്‍ഫാനെ പോലെ സമൂഹത്തിന് അപകടകരമാണ്. എന്‍ഡോസള്‍ഫാന്‍ ജനിതകപരമായ ശാരീരിക വൈകല്യങ്ങളാണ് ഉണ്ടാക്കുന്നതെങ്കില്‍, ഇത് മനുഷ്യനില്‍ മാനസിക വൈകല്യമുണ്ടാക്കുന്നു. തലമുറകളുടെ ബുദ്ധിയേയും ചിന്തയേയും ഭാവനയേയുമെല്ലാം വികലമാക്കുകയും മുരടിപ്പിക്കുകയും മനസ്സുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. മണ്ണും ജലവും വായുവും അന്തരീക്ഷവും ആഹാരവും മരുന്നും സര്‍വ്വവും വിഷമയമായി ഇവിടെ ജീവിതം തന്നെ അസാധ്യമായിരിക്കുമ്പോള്‍ 'സംസ്‌കാരിക വിഷം' കൂടി തീണ്ടേണ്ടിവരുന്ന മലയാളിയുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും തോല്‍പ്പിക്കപ്പെടുകയാണ്. വിവരവിനിമയ വിസ്ഫോടനത്തിന്റെ ഇക്കാലത്ത് ടെലിവിഷനും ഇന്റര്‍നെറ്റുമെല്ലാം സര്‍വ്വ സാധാരണമാണ്. അവയ്ക്ക് മനുഷ്യജീവിതത്തില്‍ വന്‍ സ്വാധീനമാണ് ചെലുത്താന്‍ കഴിയുന്നത്. മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ടെലിവിഷനും ഇന്റര്‍നെറ്റും എല്ലാ അധികാരത്തോടേയും സര്‍വ്വ സ്വാതന്ത്ര്യത്തോടേയും നമ്മുടെ വീടുകള്‍ക്കുള്ളിലേക്ക് കയറിവരുകയാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കര്‍ശനമായ ഗുണമേന്മാ പരിശോധനകളും നിയന്ത്രണങ്ങളും പരമപ്രധാനമാണ്. അരുതാത്തതൊന്നും കുടുംബത്തിനകത്തേയ്ക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടാ. നിര്‍ഭാഗ്യവശാല്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിനുമേല്‍ ദയാരഹിതമായി പടരുന്ന വിഷാണുക്കളായി ഇവ, പ്രത്യേകിച്ചും ടെലിവിഷന്‍ പരിപാടികള്‍ നമ്മുടെ സ്വീകരണമുറികളിലേക്ക് അതിക്രമിച്ച് കടക്കുകയാണ്. അഭ്യസ്തവിദ്യരായ ആള്‍ക്കാര്‍പോലും അത്തരം ചാനല്‍ പരിപാടികളുടെ ചതിക്കുഴിയില്‍ കുടുങ്ങിപ്പോകുന്നു. ഈ സംസ്‌കാരിക ജീര്‍ണ്ണതയ്ക്ക് അറുതിയില്ലാതെ വരുന്നത് അത്യന്തം ഗൗരവത്തോടെ നാം കാണേണ്ടതുണ്ട്.

ഓരോ ദിവസവും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ നിലവാരം വിലയിരുത്തുമ്പോള്‍ ജനപ്രിയ ഇനമായ സീരിയലുകളാണ് ഏറ്റവും പിന്നില്‍. മനുഷ്യരുടെ ദുര്‍ബ്ബല വികാരങ്ങളെ തൊട്ടുണര്‍ത്തി പരമാവധി ചൂഷണം ചെയ്യുന്ന തരത്തിലാണ് പല സീരിയലുകളും സൃഷ്ടിക്കപ്പെടുന്നത്. പരസ്യങ്ങളിലൂടെ കോടികള്‍ കൊയ്യുന്ന ടിവി ചാനലുകളുടെ കച്ചവടതന്ത്രമാണ് ഇതിനു പുറകില്‍. വര്‍ഷങ്ങളോളം തുടര്‍ച്ചയായി സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് പല സീരിയലുകളും. പ്രേക്ഷകര്‍ക്ക് ആ കാലയളവില്‍ ശാരീരികവും മാനസികവും സാംസ്‌കാരികവുമായ വളര്‍ച്ചയുണ്ടാകുമെങ്കിലും സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് കാലമെത്ര കഴിഞ്ഞാലും ഒരു വളര്‍ച്ചയുമുണ്ടാകുന്നില്ല. തുടങ്ങുന്ന കാലത്ത് കഥാപാത്രം പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിദ്യാഭ്യാസം പത്താം ക്ലാസ്സില്‍ തന്നെയായിരിക്കും. കഥാപാത്രങ്ങള്‍ മാത്രമല്ല, കലയും കലയിലെ ക്രിയാംശവുമെല്ലാം തുടങ്ങിയിടത്തുതന്നെ നിന്നു ചുറ്റിത്തിരിയുന്നതല്ലാതെ ഒരു വികാസവും പ്രാപിക്കാറില്ല. ആവര്‍ത്തനവിരസങ്ങളായ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അനുദിനം അരോചകമായി തുടരുന്നു. അഭിനയം എന്നത് നടീനടന്മാര്‍ നിരന്നുനിന്ന് നിര്‍ത്താതെ പറയുന്ന കുറേ വര്‍ത്തമാനം മാത്രമായി മാറുന്നു. ചതുര്‍വിധാഭിനയത്തിന്റെ സാധ്യതകളൊന്നും സീരിയലുകളില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഭൂമിയിലില്ലാത്ത ജീവിതങ്ങള്‍
ഇതുവരേയും പറയാത്ത ഒരു കഥ എന്നൊന്നില്ല. എല്ലാ കഥയും പറഞ്ഞുകഴിഞ്ഞതാണ്. ഓരോ കഥയും പുതിയ പുതിയ രീതികളില്‍ ആവിഷ്‌കരിക്കുന്നു എന്നു മാത്രമേയുള്ളൂ. എങ്കിലും ഒരു യഥാര്‍ത്ഥ (റിയലിസ്റ്റിക് ജീവിതകഥ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ അത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകണം. ജീവിതത്തിന്റെ കലാപരമായ പുനഃസൃഷ്ടിയുമാകണം. യഥാര്‍ത്ഥ ജീവിതത്തിന്റെ ഏറ്റവും മികച്ച അനുഭവം നല്‍കാന്‍ അതിനു കഴിയണം. ആവിഷ്‌കൃതമാവുന്ന ജീവിതത്തിന്റെ മാതൃകകള്‍ ഭൂമിയില്‍ എവിടെയെങ്കിലുമുണ്ടാവണം. യഥാര്‍ത്ഥമല്ലാത്ത, പൂര്‍ണ്ണമായും ഭാവനാസൃഷ്ടമായത്  ആണെങ്കില്‍ക്കൂടി അതിനു കലാപരമായ സത്യത്തിലൂന്നിയുള്ള കാര്യകാരണബന്ധത്തോടുകൂടിയ വിശ്വസനീയതയുടെ ഒരു തലമുണ്ടാകണം. അങ്ങനേയും ഒരു ജീവിതമുണ്ട് അഥവാ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് എന്ന ഒരു വിശ്വാസം എങ്കിലും പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ അതിനു കഴിയണം. പക്ഷേ, ജീവിതത്തിന്റെ യാതൊരു സ്വാഭാവികതയുമില്ലാത്ത കഥകളും കഥാപാത്രങ്ങളും അശ്ലീലവും ദ്വയാര്‍ത്ഥവും നിറഞ്ഞ സംസ്‌കാര രഹിതമായ സംഭാഷണങ്ങളും കൃത്രിമമായ ആവിഷ്‌കരണങ്ങളുമായുള്ള വെറും കെട്ടുകാഴ്ചകളായാണ് പല സീരിയലുകളും പ്രേക്ഷകനിലേക്കെത്തുന്നത്. ഭൂമിയിലില്ലാത്ത ജീവിതങ്ങള്‍. ഭൂമിയിലല്ലാത്ത ജീവിതങ്ങള്‍... അങ്ങനെ തോന്നിപ്പിക്കുന്ന അസ്വാഭാവികതയും അതിഭാവുകത്വവും അധികമായുള്ള, അതിവൈകാരികതയുടെ അസഹനീയമായ പ്രകടനങ്ങളാണ് പലതും. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത അവതരണങ്ങളാണ് ഏറെയും.

ഒരു സാധുപെണ്‍കുട്ടിയോ കുരുന്നുകുഞ്ഞോ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളാണ് പ്രമേയമെങ്കില്‍ ആ ക്രൂരതയുടെ ഏറ്റവും പാരമ്യവും കടന്ന് എപ്പിസോഡുകള്‍ മുന്നോട്ടുപോകും. സാമാന്യ ജനത്തിന്റെ സകല യുക്തിയേയും പരിഹസിച്ചുകൊണ്ട് അവിശ്വസനീയ തലങ്ങളിലേക്ക് ആ ക്രൂരതയെ വളര്‍ത്തി എങ്ങനേയും പ്രേക്ഷകരെ കണ്ണീരണിയിച്ച് റേറ്റിംഗിലേക്ക് കുതിക്കുന്നതിനാണ് ശ്രമം. അതിനായി എന്തും ചെയ്യും. കഥാപാത്രങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കും, എന്തും. സ്ത്രീ കഥാപാത്രങ്ങള്‍ വീട്ടുജോലിക്കാരിയായാലും യജമാനത്തിയായാലും അടുക്കളയിലായാലും ബെഡ്റൂമിലായാലും പറമ്പിലായാലും മരണവീട്ടിലായാലുമൊക്കെ നന്നായി അണിഞ്ഞൊരുങ്ങി സര്‍വ്വാഭരണവിഭൂഷിതകളായി ഏതോ വലിയ ഒരാഘോഷത്തില്‍ പങ്കെടുക്കാനെന്നപോലെയാകും എപ്പോഴും പ്രത്യക്ഷപ്പെടുക. അഹങ്കാരികളും തന്റേടികളും മഹാധിക്കാരികളുമൊക്കെയാണ് മിക്ക സ്ത്രീ കഥാപാത്രങ്ങളും. സ്വന്തം ഭര്‍ത്താവിനേയും മറ്റു പുരുഷന്മാരേയുമൊക്കെ അവര്‍ അഭിസംബോധന ചെയ്യുന്ന ഭാഷയും വാക്കുകളും ധാര്‍ഷ്ട്യം നിറഞ്ഞ അവരുടെ പെരുമാറ്റവും ഭാവപ്രകടനങ്ങളുമൊക്കെ ഭാരതീയമായ സ്ത്രീ സങ്കല്‍പ്പത്തിന്റെ സര്‍വ്വ മഹനീയതകളും അപ്പാടെ തകര്‍ക്കുന്നതാണ്. സ്ത്രീവിരുദ്ധ നിലപാടുകളാണ് ഒട്ടുമിക്ക സീരിയലുകളിലും ആവിഷ്‌കരിക്കപ്പെടുന്നത്. അമ്മാവിയമ്മ മരുമകള്‍ സംഘട്ടനം, ഒന്നിലധികം സ്ത്രീകള്‍ ഒരു പുരുഷനെ വശീകരിക്കാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ (പുരുഷന്‍ വിവാഹിതനായാലും അഞ്ചു കുഞ്ഞുങ്ങളുടെ പിതാവായാലും വശീകരണത്തിന് തടസ്സമാവുന്നില്ല) ഇതൊക്കെ മിക്ക സീരിയലുകളിലും ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും മറ്റുള്ളവരെ ചതിക്കുന്നവരും കുടുംബകലഹം ഉണ്ടാക്കുന്നവരുമാണെന്ന സന്ദേശമാണ് ഏതാണ്ടെല്ലാ സീരിയലുകളും നല്‍കുന്നത്. ഇത്രമേല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതും വെറും പൈങ്കിളി സ്വഭാവമുള്ളതും കഥാപാത്രങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ വിഡ്ഢികളാക്കുന്നതുമായ പരമ്പരകള്‍ തുടരാന്‍ ടെലിവിഷന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കുകയാണ്. അവര്‍ അവകാശപ്പെടുന്ന എല്ലാ മൂല്യബോധത്തിന്റേയും പൊള്ളത്തരവും കാപട്യവുമാണ് അത് വെളിവാക്കുന്നത്.) പുരുഷ കഥാപാത്രങ്ങള്‍ക്ക് അവിഹിതബന്ധം ഒരലങ്കാരമാണ്. സ്വന്തം മക്കള്‍പോലും അതിനെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും അതിന്റെ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്കും അവിഹിതബന്ധവും അവിഹിത ഗര്‍ഭവുമൊക്കെ ഒരു പാപബോധവുമില്ലാതെ അനുവദിക്കപ്പെടുന്നു. വര്‍ഷങ്ങളായി കൂടെ കഴിഞ്ഞാലും കൂടെക്കിടന്നുറങ്ങിയാലും തന്റെ സ്വന്തം കുഞ്ഞിനെ തിരിച്ചറിയാന്‍ കഴിയാത്ത അമ്മ... (അമ്നീഷ ബാധിച്ച അമ്മയൊന്നുമല്ല, നല്ല പ്രജ്ഞയുള്ള അമ്മ തന്നെ. അമ്മയെ തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞ്; ഒരിക്കലും അറിയാന്‍ കഴിയാത്ത അച്ഛന്‍. ഒന്നും തിരിച്ചറിയാന്‍ കഴിയാതെ മലയാളി ആകെ പകച്ചിരിക്കുകയാണ്.

ഇതൊക്കെ നിരന്തരം കാണുന്ന പ്രേക്ഷകര്‍ ഇതാണ് ഇങ്ങനെയാണ് യഥാര്‍ത്ഥ ജീവിതം എന്ന് തെറ്റിദ്ധരിക്കുന്നു. സീരിയലുകളില്‍ കാട്ടുന്ന കുന്നായ്മകളും കുശുമ്പും കുതന്ത്രവും കുത്തുവാക്കും കുത്തിത്തിരിപ്പും പൊങ്ങച്ചവും പാരവയ്പും പരദൂഷണവും പീഡനങ്ങളും തുടങ്ങി സര്‍വ്വ അസാന്മാര്‍ഗ്ഗിക സംഗതികളും സാന്മാര്‍ഗ്ഗികമാണെന്നു ചിന്തിക്കുന്നു. ജീവിതത്തോടുള്ള മനോഭാവവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമൊക്കെ ഈ കാഴ്ചകളുടെ ശീലത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നു. പുരുഷന്മാരെല്ലാം അവിഹിതക്കാരാണെന്ന് ധരിച്ച് സംശയരോഗികളായി മാറുന്ന സ്ത്രീകളും സ്ത്രീകളെല്ലാം വഴിപിഴച്ചവരാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരും എല്ലാം ഇങ്ങനെയാണെന്ന് ജീവിതത്തിന്റെ ബാലപാഠങ്ങളായി പഠിക്കുന്ന കുട്ടികളും സമൂഹത്തില്‍ വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നു. ടെലിവിഷന്റെ അതിപ്രസരം മൂലം ആളുകള്‍ അക്ഷരങ്ങളില്‍നിന്ന് അകലുന്നു. വായനാശീലമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വീടിനുള്ളിലെ മനുഷ്യര്‍ തമ്മില്‍ പോലും ആശയവിനിമയവും കൂടിച്ചേരലുമൊക്കെ അനാവശ്യമായി മാറുന്നു. കുടുംബ ബന്ധങ്ങള്‍ പോലും ശിഥിലമാകുന്നു. എന്നും നിരന്തരം ഉപയോഗിച്ചാല്‍ ഏതു മനുഷ്യനും അതിന് അടിമപ്പെട്ടുപോകും. പിന്നീട് അതൊരുതരം രോഗമായി പരിണമിക്കും. മദ്യവും മയക്കുമരുന്നും ചിലരുടെ സമനില തെറ്റിക്കുന്നതുപോലെ ടിവി സീരിയലുകളും ആളുകളുടെ മനോനില തകര്‍ക്കുന്നു. അത്തരത്തില്‍ സീരിയല്‍ ഭ്രാന്ത് ബാധിച്ച നിരവധി പേരെ നമുക്ക് ചുറ്റും കാണാം. ഇത്തരം പരിപാടികള്‍ തുടര്‍ച്ചയായി കണ്ട് പുതിയൊരു ആസ്വാദനശീലം പ്രേക്ഷകര്‍ക്കുണ്ടാവുന്നുണ്ട്. ഇതാണ് ഏറ്റവും ഉദാത്തമായ കലാസൃഷ്ടി എന്ന് അവര്‍ ശീലിക്കുന്നു. കലാമൂല്യമുള്ള മികച്ച കലാസൃഷ്ടികള്‍ ആസ്വദിക്കാനുള്ള ഉയര്‍ന്ന തലത്തിലുള്ള ആസ്വാദനശേഷി തന്നെ നഷ്ടമാകുന്നു. മുന്‍പ് കൂടിയാട്ടവും കഥകളിയും പോലുള്ള ഉല്‍കൃഷ്ട കലാരൂപങ്ങള്‍ നന്നായി അറിഞ്ഞാസ്വദിച്ചിരുന്നവരാണ് മലയാളികള്‍. കാലം പോകെപ്പോകെ കൂടുതല്‍ ലളിതമായത്, 'ചിന്ത' ഒട്ടും വേണ്ടാത്തത് എന്ന തരത്തില്‍ ആസ്വാദനത്തില്‍ വലിയ മാറ്റമുണ്ടായി. അങ്ങനെ ആസ്വാദനപരമായ ആ ആവശ്യത്തില്‍നിന്നും പില്‍ക്കാലത്ത് ഓട്ടന്‍ തുള്ളലും ചാക്യാര്‍ കൂത്തും ബാലെയും നാടകവും കഥാപ്രസംഗവും സിനിമാറ്റിക് ഡാന്‍സും മിമിക്രിയും കോമഡി പ്രോഗ്രാമുകളും... ഇന്നിപ്പോ ഇക്കിളിപ്പെടുത്തുന്ന പൈങ്കിളി സീരിയലുകളുമൊക്കെയായി പരിണമിച്ചതും ബഹുഭൂരിപക്ഷത്തേയും പുളകംകൊള്ളിച്ചുകൊണ്ടിരിക്കുന്നതും. ഇവ കണ്ട് കണ്ട് ആനന്ദത്തിലാറാടുന്ന മലയാളിയുടെ ആസ്വാദനതലത്തിലെ വന്‍ അപചയമാണ് ഇവിടെ പ്രകടമാവുന്നത്.
ഞാന്‍ ഒരു സീരിയല്‍ വിരുദ്ധനല്ല. സീരിയലുകള്‍ പാടേ നിരോധിക്കണം എന്ന അഭിപ്രായവും എനിക്കില്ല. അങ്ങനെയെങ്കില്‍ ചില സാംസ്‌കാരിക - സാമൂഹ്യ - മത - സാമുദായിക രാഷ്ടീയ രാജവെമ്പാലകളുടെ വിഷം വമിക്കുന്ന വാക്കുകളുടെ ചീറ്റലുകളും നിരോധിക്കേണ്ടിവരും. അത് പ്രായോഗികവുമല്ല. ടെലിവിഷന്‍ സീരിയലുകള്‍ പ്രേക്ഷകര്‍ വളരെ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്ന വലിയൊരു വിനോദോപാധിയാണ്. ഒരുപാട് പേര്‍ക്ക് ഉപജീവനമായ തൊഴില്‍ മേഖലയുമാണ്.

കലയുടെ സാമൂഹ്യപ്രവര്‍ത്തനം
സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ ഭൂരിപക്ഷം പേരും കാണാന്‍ ഇഷ്ടപ്പെടുന്ന അത്തരം പരിപാടികള്‍ ഒഴിവാക്കാന്‍ ചാനലുകള്‍ക്കും കഴിയില്ല. ഈ അവസ്ഥയില്‍ അങ്ങനെയുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത്വവും സമൂഹത്തോട് ഉന്നതമായ പ്രതിബദ്ധതയുമാണ് ഉണ്ടാവേണ്ടത്. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് കലയാണെന്നും കല കൈകാര്യം ചെയ്യുന്നത് വലിയൊരു ജനസമൂഹത്തെയാണെന്നും അല്‍പ്പമൊരു പിഴവ് പറ്റിയാല്‍ ഒരു ജനതയെ മുഴുവന്‍ അത് അധഃപതിപ്പിക്കുമെന്നുള്ള തിരിച്ചറിവ് ആദ്യമുണ്ടാവണം. നിസ്സാരമായി ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല കല എന്ന തിരിച്ചറിവ്. അത് ദൈവികവും പവിത്രവുമാണ്. ആ ചിന്തയോടുകൂടിയ ഒരു സമീപനം കല കൈയാളുന്നവര്‍ക്കുണ്ടാകണം. തെറ്റായ സന്ദേശം ഒരു കലാസൃഷ്ടിയും സമൂഹത്തിന് നല്‍കരുത്. ഇനിയിപ്പോള്‍ സന്ദേശമൊന്നും നല്‍കിയില്ലെങ്കിലും കുഴപ്പമില്ല; പക്ഷേ, സന്ദേശം നല്‍കുന്നെങ്കില്‍ അത് ശരിയുടേയും നന്മയുടേയും പക്ഷത്തു നില്‍ക്കുന്നതാകണം. കലയുടെ പരമമായ ലക്ഷ്യം പ്രേക്ഷകനെ രസിപ്പിക്കുകയും അവരില്‍ സന്തോഷം നിറയ്ക്കുകയും തന്നെയാണ്. പക്ഷേ, ആ ആനന്ദാനുഭൂതി പകരുന്നതിലൂടെ അവന്റെ മലീമസമായ മനസ്സിനെ സംസ്‌കരിച്ച് സംസ്‌കാര സമ്പന്നനായ, സ്‌നേഹവും കാരുണ്യവും ആര്‍ദ്രതയുമുള്ള നല്ല മനുഷ്യനായി രൂപാന്തരപ്പെടുത്തുക എന്ന ഉന്നതമായ ലക്ഷ്യം കൂടി കലാസൃഷ്ടികള്‍ നിറവേറ്റേണ്ടതുണ്ട്. ജീവിതത്തില്‍ മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകളും മനുഷ്യത്വവും നീതിബോധവുമൊക്കെ തിരിച്ചുപിടിക്കാന്‍ കലകള്‍ സഹായകമാവണം നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തേയും പൈതൃകത്തേയും ഭാഷയേയും സംസ്‌കാരത്തേയുമൊക്കെ സംരക്ഷിക്കുന്നതുമാവണം. സാമൂഹ്യ പരിവര്‍ത്തനോപാധിയായിക്കൂടി കല മാറുമ്പോഴാണ് കലയുടേയും കാലഘട്ടത്തിന്റേയും ദൗത്യം പൂര്‍ത്തികരിക്കപ്പെടുന്നത്. പക്ഷേ, പല സീരിയലുകളും കാണുമ്പോള്‍ പ്രേക്ഷകന്‍ വല്ലാതെ ചൂളിപ്പോകുന്ന അവസ്ഥയാണുണ്ടാകുന്നത്. പരിഷ്‌കൃതവും സംസ്‌കൃതവുമായ ജീവിതമാണ് നമ്മുടേത് എന്നവകാശപ്പെടുന്ന മലയാളികള്‍ക്കു നേരെ കൊഞ്ഞനം കാട്ടുന്നവയാണ് പല ടെലിവിഷന്‍ പരിപാടികളും. ഭാഷയേയും സംസ്‌കാരത്തേയുമെല്ലാം മുറിവേല്‍പ്പിക്കുന്ന ബന്ധങ്ങളേയും ജീവിതത്തെത്തന്നെയും മലീമസമാക്കുന്ന സാംസ്‌കാരിക അപചയമാണ് പലപ്പോഴും പ്രകടമാവുന്നത്.

ഉദാത്തമായ കലാസൃഷ്ടികള്‍ ഒരുക്കാന്‍ കരുത്തുള്ള ഒട്ടനവധി പ്രഗല്‍ഭരും പ്രതിഭാശാലികളും ഈ രംഗത്തുണ്ട്. മികച്ച കലാസൃഷ്ടികള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുമുണ്ട്. ടെലിവിഷനില്‍ വരുന്ന മൂല്യമുള്ളതും വിജ്ഞാനപ്രദവുമായ ചില പരിപാടികളേയും വിസ്മരിക്കുന്നില്ല. പക്ഷേ, അതൊക്കെ വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ എന്നു മാത്രം. 'ചാനല്‍ റേറ്റിംഗ്' എന്നത് ഒരു വില്ലനായി മുന്നില്‍ വരുമ്പോള്‍ പ്രാഗല്‍ഭ്യവും പ്രതിഭയും സര്‍ഗ്ഗശേഷിയുമൊക്കെ തളയ്ക്കപ്പെടുന്നു. എല്ലാ രംഗത്തുമെന്നപോലെ കച്ചവടവല്‍ക്കരണത്തിന്റെ അപകടങ്ങളും അപചയങ്ങളും കലയിലും പ്രതിഫലിക്കുക സ്വാഭാവികം. അതിനാല്‍ത്തന്നെ കലാപ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചാനല്‍ അധികാരികള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍ തുടങ്ങിയവര്‍ക്കാണ് ഇക്കാര്യത്തില്‍ കാര്യമായി ഇടപെടാന്‍ കഴിയുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തില്‍നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല. പക്ഷേ, ഒരു അഭിനേതാവിന് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ചിന്തകള്‍ക്കോ നിലപാടുകള്‍ക്കോ ഒന്നും അഭിനയത്തില്‍ യാതൊരു പ്രസക്തിയുമില്ല. ഒരു നടന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ലഭിക്കുന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ആകെ കഴിയുന്നത് അത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമെടുക്കല്‍ മാത്രമാണ്. പലപ്പോഴും ഞാന്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. അത് വരും തലമുറകളോട് ഞാന്‍ ചെയ്യുന്ന ഒരു നന്മയായിട്ടാണ് കരുതുന്നത്. അതുകൊണ്ടൊന്നും സീരിയലുകള്‍ ഇല്ലാതാവുന്നില്ല. മലയാളികള്‍ മതിമറന്നാഹ്ലാദിച്ച് മനസ്സോടു ചേര്‍ക്കാന്‍ തയ്യാറുള്ളിടത്തോളം കാലം അനന്തമായി തുടരുന്ന മഹാപരമ്പരകള്‍ അനുസ്യൂതം മെഗാഹിറ്റുകളായി തുടരുകതന്നെ ചെയ്യും. സാക്ഷരതയിലും സാംസ്‌കാരികതയിലും മുന്നില്‍ നില്‍ക്കുന്നവരാണ് നാം മലയാളികള്‍ എന്നുള്ള അവകാശവാദമൊക്കെ വെറുതെയാണെന്നാണ് സീരിയലുകള്‍ പോലുള്ള ടെലിവിഷന്‍ പരിപാടികളുടെ പെരുമഴക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com