യാഴ് മീട്ടുന്ന ഓന്തുകളുടെ സദിരുകള്‍; സ്മിത ജി.എസ്സിന്റെ ചിത്രങ്ങളെപ്പറ്റി

പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീയെന്നതിന്റെ ശാരീരികവും മാനസികവുമായ അടിമത്തങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന കലാകാരിയാണ് ജി.എസ്. സ്മിത.
യാഴ് മീട്ടുന്ന ഓന്തുകളുടെ സദിരുകള്‍; സ്മിത ജി.എസ്സിന്റെ ചിത്രങ്ങളെപ്പറ്റി

രുപത് ലക്ഷത്തിലധികം ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയിലുണ്ടെന്നാണ് ജീവശാസ്ത്രം പറയുന്നത്. പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന സൃഷ്ടിവൈഭവം ഈ ജീവികളെ സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും മനസ്സിലാവും. അതിജീവനത്തിനാവശ്യമായ ബഹുവിധ സ്വഭാവവിശേഷങ്ങളാണ് ഭൂമിയില്‍ ഇവയുടെ വാസം സുഗമമാക്കുന്നത്. സ്വന്തം നിലനില്‍പ്പിനാവശ്യമായ സന്തുലിത പരിതോവസ്ഥ നിലനിര്‍ത്തുന്നതിലപ്പുറം ചില വ്യക്തമായ പദ്ധതികൂടി ഓരോ സൃഷ്ടിപ്രക്രിയയിലും പ്രകൃതിക്കുണ്ട്.

ഒരു പുല്‍ക്കൊടിപോലും പ്രകൃതിയുടെ നിലനില്‍പ്പിനുമപ്പുറത്തുള്ള ഒരു വലിയ ദൗത്യം നിറവേറ്റാന്‍ ബാധ്യതയുള്ളതുകൊണ്ടാണ് മണ്ണില്‍ നിലകൊളളുന്നത്. എല്ലാം വെട്ടിപ്പിടിച്ച് സ്വന്തമാക്കാന്‍ വെറികാണിക്കുന്ന മനുഷ്യന്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഓരവല്‍ക്കരിക്കപ്പെടുന്ന അടിയാളവര്‍ഗ്ഗത്തോടുളള വരേണ്യ വര്‍ഗ്ഗത്തിന്റെ നീരസവും വെറുപ്പും അതേയളവില്‍ പ്രകൃതിയോടും പ്രകടിപ്പിക്കുകയാണ് നമ്മള്‍. കാട്ടില്‍ കഴിയുന്ന ആദിവാസിക്ക് ഹിംസ്രജന്തുവായ സിംഹം ഒരു ശത്രുവല്ല, തിരിച്ചും. രണ്ടിന്റേയും ആവാസപരിധികള്‍ അവര്‍ പരസ്പരം മനസ്സിലാക്കുകയും അത് ലംഘിക്കാതിരിക്കുകയും ചെയ്തുകൊണ്ട് ഒരു കാട്ടുനീതി അവര്‍ കാത്തുസൂക്ഷിക്കുന്നു.

ഏതു മൃഗരാജനുപോലും കാട്ടില്‍ വേട്ടയാടാനും മേളിക്കാനും സ്ഥാലീയമായ പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളായിട്ടും അതവര്‍ ഒരിക്കലും ലംഘിക്കാറില്ല, കാട്ടില്‍ നിയമപാലകരില്ലാതിരുന്നിട്ടും. ഈ കാട്ടുമര്യാദപോലും മനുഷ്യര്‍ക്കില്ലാത്തതുകൊണ്ട് അവന്റെ വേട്ടയ്ക്ക് പരിധികളില്ല. മണ്ണില്‍ പൊന്ന് വിളയിക്കാന്‍ മണ്ണിനെ കൊല്ലുന്ന കാലത്ത് കര്‍ഷകര്‍ക്ക് ആത്മഹത്യചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വരികയാണ്. ഈ മണ്ണിലെ ഓരോ കീടത്തിനും തന്റേതുമാത്രമായ ഒരു ധര്‍മ്മം അനുഷ്ഠിക്കാനുള്ളതുകൊണ്ടാണ് പ്രകൃതി അതിനെ ഭൂമിയിലേക്ക് അയച്ചതെന്ന വലിയ പരമാര്‍ത്ഥം മനുഷ്യനിന്ന് സൗകര്യപൂര്‍വ്വം മറന്നുപോയതുകൊണ്ടുകൂടിയാണ് കര്‍ഷകര്‍ക്ക് വിളകള്‍ക്ക് തീയിട്ട്, തലയില്‍ കൈവച്ച് നിലവിളിച്ച് ജീവത്യാഗം ചെയ്യേണ്ടിവരുന്നത്.

കോഴിക്കോട് താമസിച്ച് രചനകള്‍ നിര്‍വ്വഹിക്കുന്ന ചിത്രകാരി ജി.എസ്. സ്മിതയുടെ ചിത്രങ്ങള്‍ ഇത്തരം അനിവാര്യമായ ചില രാഷ്ട്രീയ വിചാരങ്ങളാണ് ഭാവുകനോട് പങ്കുവയ്ക്കുന്നത്. നമുക്കു ചുറ്റും, നാം പരിഗണിക്കാറില്ലെങ്കിലും നമ്മെ ഗൗനിച്ച് പരിപാലിക്കുന്ന ചെറുജീവികളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമായിട്ടാണ് സ്മിതയുടെ ചിത്രങ്ങള്‍ ആരംഭിക്കുന്നതെങ്കിലും അത് ബഹുസ്വരമായ മറ്റനേകം ജൈവിക പ്രതിസന്ധികളിലൂടെയാണ് വികാസം നേടുന്നത്. വ്യക്തമായ ഒരു രാഷ്ട്രീയവീക്ഷണം തന്റെ ചിത്രങ്ങളുടെ രചനാവ്യവഹാരമായി സ്വീകരിച്ചിട്ടുള്ള കലാകാരിയാണ് സ്മിത. അതിസൂക്ഷ്മമായ നിരവധി ജീവജാലങ്ങളെ അവയുടെ ജനിതക സവിശേഷതകളോടെ ചിത്രണം ചെയ്യുന്നതില്‍ ഈ ചിത്രകാരി പ്രകടിപ്പിക്കുന്ന ചാതുര്യം അനിതരസാധാരണമാണെന്നതിലുപരി ആ രചനകള്‍ ഭാവുകനെ അഭിസംബോധനചെയ്തു നടത്തുന്ന സംവാദങ്ങള്‍ നമ്മുടെ പാരിസ്ഥിതിക രാഷ്ട്രീയ മണ്ഡലത്തെ പ്രദീപ്തമാക്കുകകൂടി ചെയ്യുന്നുണ്ട്. 

കല ഹതാശരായ മനുഷ്യര്‍ക്കൊപ്പം

കലാപ്രവര്‍ത്തനം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അത് സമകാലിക മാനുഷികാവസ്ഥകളെയാണ് രചനകളില്‍ അടയാളപ്പെടുത്തുന്നത്. പക്ഷേ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ മാനമുണ്ടെന്ന് കലാകാരന്മാര്‍ തിരിച്ചറിയുന്നില്ല. പാരിസ്ഥിതിക രാഷ്ട്രീയത്തെ തനത് രീതിയില്‍ തന്റെ രചനകളില്‍ ചേര്‍ത്തുവയ്ക്കുന്ന സ്മിതയുടെ ഈ രചനകള്‍, എന്‍ഡോസള്‍ഫാന്റെ ഇരകളെന്ന നിലയില്‍ ജീവച്ഛവങ്ങളായി മാറിയ ഒരു ജനക്കൂട്ടം എന്‍മകജെയില്‍ ഇപ്പോഴും കഴിഞ്ഞുകൂടുന്നുവെന്ന ഞെട്ടലുണ്ടാക്കുന്ന ഓര്‍മ്മകളിലേക്ക് കാഴ്ചക്കാരെ പെട്ടെന്ന് എടുത്തെറിയും, ഇവയിലൊന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരെ ഒരിടത്തുപോലും അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും.

കാരണം ആ ഹതാശരായ മനുഷ്യര്‍ക്കൊപ്പം വംശനാശം സംഭവിച്ചുപോയ ഒട്ടനവധി ചെറുജീവിവര്‍ഗ്ഗങ്ങള്‍ ഇന്ന് എന്‍മകജെയില്‍നിന്ന് തിരോധാനം ചെയ്യപ്പെട്ടിരിക്കുന്നു. നിരന്തരമായ വിഷപ്രയോഗത്തിലൂടെ മനുഷ്യന്‍തന്നെ ഇത്രമാത്രം ജീവച്ഛവമായെങ്കില്‍, ചെറുജീവികളും പ്രാണികളും എന്നേ ചത്തൊടുങ്ങിയിട്ടുണ്ടാവും. മനുഷ്യരെക്കുറിച്ച് വേദനിച്ച നമ്മളാരും ശ്രദ്ധിക്കാതെ പോയ ഒന്നാണതെന്ന് സ്മിതയുടെ ചിത്രങ്ങളിലൂടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പ്രാണികള്‍ നമ്മോട് കയര്‍ക്കുന്നു. പ്രകൃതിയുടെ നിലനില്‍പ്പിന് മനുഷ്യന്‍ വേണമെന്നതുപോലെ പ്രസക്തമാണ് പതിനായിരക്കണക്കിന് മറ്റ് ജീവികളും. ലോകത്തെമ്പാടും കൃഷിരീതികളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വീണ്ടുവിചാരങ്ങളില്ലാത്തതും വിവേകശൂന്യവുമായി നടന്ന ഒട്ടധികം പരീക്ഷണങ്ങളുടെ ഫലമായി പതിനായിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍നിന്നു അപ്രത്യക്ഷരായെന്ന് ജന്തുശാസ്ത്രം കണക്ക് പറയുന്നു. അത്രമേല്‍ മാരകമായ വിഷമായിരുന്നു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്, കീടനാശിനികളെന്ന പേരില്‍ വിറ്റഴിച്ചതും മണ്ണില്‍ പ്രയോഗിച്ച് അതിനെ മൃതമാക്കിയതും. മനുഷ്യന്റെ കൊതിക്കെറുവിന്റെ ഉത്തമദൃഷ്ടാന്തം.

പേരുകള്‍കൊണ്ട് വേര്‍തിരിച്ചിട്ടില്ലാത്തതാണ് സ്മിതയുടെ പല ചിത്രങ്ങളെങ്കിലും അവയെല്ലാം ഭൂമിയില്‍നിന്ന് ഓരോ നിമിഷവും ഓരോരോ കാരണങ്ങള്‍കൊണ്ട് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജീവികളെക്കുറിച്ചുള്ള, എതോ അന്യാപദേശകഥകളുടെ ഒരു പരമ്പരയെ ഓര്‍മ്മിപ്പിക്കുന്നു. വംശമറ്റുപോയ ചെറുജീവികള്‍ തങ്ങളുടെ പുനരുജ്ജീവനവേളകള്‍ തേടി സഞ്ചരിക്കുന്നതിനിടയില്‍ സ്മിതയുടെ ചിത്രങ്ങളില്‍ വന്ന് മുളഞ്ഞതുപോലെയാണ് ചിത്രങ്ങളിലെ അവയുടെ ആവാസരീതികള്‍ ചിത്രണം ചെയ്തിരിക്കുന്നത്. നിസ്സാരമെന്ന് നാം കാണുന്ന ഒരു ജീവിയേയും വിധിക്കാനാവില്ലെന്ന് എന്തായാലും ചിത്രകാരി തിരിച്ചറിയുന്നു. രാത്രിയില്‍ റാന്തല്‍ വിളക്കുമാത്രം എരിയുന്ന, തഴുതിട്ടുപൂട്ടിയ ഒരു വീടിന്റെ കോലായിലേക്ക്, പ്രകാശത്തെ ലക്ഷ്യം വച്ച് ചുറ്റിലുംനിന്ന് പറന്നെത്തുന്ന ഈയ്യാംപാറ്റകളുടെ ചിത്രം, പലവിധമായ അര്‍ത്ഥതലങ്ങളെ വ്യഞ്ജിപ്പിക്കുന്നു.

വിളക്കില്‍ വന്നലച്ച്, പ്രാണന്‍ തല്ലിപ്പിടഞ്ഞ്, താഴെ വീണ്, പിന്നീടെപ്പോഴൊ മരണം കടന്നെത്തുംവരെ, നഷ്ടപ്പെട്ട ചിറകുകളുടെ സൗഭാഗ്യങ്ങള്‍ പൂക്കുന്ന സ്വപ്നങ്ങളില്‍ മുഴുകി, നിമിഷങ്ങളെണ്ണിക്കഴിയേണ്ടിവരുന്ന ഈയ്യാംപാറ്റകള്‍ക്കും ഈ ഭൂമിയില്‍ ഒരു ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്നും നൈമിഷിക ജീവിതത്തിനു ഉടമകളായ ഈയ്യാംപാറ്റകള്‍ക്കും ഒരു ജീവിതമുണ്ടെന്നും സ്മിതയുടെ ചിത്രത്തില്‍ കിടന്നുപിടയ്ക്കുന്ന അവ ഭാവുകനോട് വിളിച്ചു പറയുന്നു.

രൂപകല്‍പ്പനയിലും ചിത്രസംയോജനത്തിലും ഈ ചിത്രകാരി കാണിക്കുന്ന മികവും മിടുക്കും ചിത്രതലത്തെ ഏറെ സജീവമായി നിലനിര്‍ത്തുന്നു. ചെറുപ്രാണികളാണെങ്കിലും അവ എല്ലാത്തരം ജൈവപ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണെന്ന് അവയുടെ ചിത്രീകരണ മികവുകൊണ്ട് ചിത്രകാരി സ്ഥാപിച്ചെടുക്കുന്നു. ഒരോ ജീവിയും അതിന്റെ പ്രകൃതിജീവനത്തിനാവശ്യമായ സഹജമായ ചില ജൈവവാസനകള്‍കൊണ്ട് അനുഗ്രഹീതരാണ്. മനുഷ്യന്‍ ഒട്ടും ഓര്‍ക്കാത്ത ഇത്തരം സവിശേഷതകള്‍ പ്രകൃതിയുടെ നിലനില്‍പ്പിനാവശ്യമായ ഇന്ധനവും നല്‍കുന്നുണ്ട്. ചിത്രതലത്തിലാകെ ത്രസിച്ചുനില്‍ക്കുന്ന ഒരദൃശ്യ ചലനതരംഗം നിറങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്താല്‍ സാധ്യമാക്കുന്നുണ്ട്. വലയില്‍ കുടുങ്ങിയ മീനുകളുടെ ചിത്രം അപരിമേയമായ ഒരു നെടുദൃശ്യത്തില്‍നിന്ന് പരിമിതമായ ഒരു കണ്‍മതിപ്പിലേക്ക് ആവാഹിക്കപ്പെട്ട ചെറിയ പരിച്ഛേദമാണ്.

ജിഎസ് സ്മിത
ജിഎസ് സ്മിത

ഛായാഗ്രഹണകലയുടെ സാങ്കേതിക രീതിയില്‍ നിരീക്ഷിച്ചാല്‍ ഒരു അതിസമീപ ദൃശ്യമായിട്ടാണ് ചിത്രം സംയോജനം ചെയ്തിട്ടുളളത്. നോട്ടത്തെ സംബന്ധിക്കുന്ന ശാസ്ത്രസൂത്രത്തിന്റെ മികവില്‍ ചിത്രത്തിന്റെ നാലതിരുകള്‍ക്കും പുറത്ത് ഒരു ദൃശ്യലോകം ബാക്കിയുണ്ടെന്ന് ഈ വീക്ഷണകോണം കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുന്നു. അത് ചിത്രത്തിന്റെ ഒരു തുടര്‍ദൃശ്യത്തിലേക്കും ആ കാഴ്ചകള്‍ പറയാനിരിക്കുന്ന വലിയ പുരാവൃത്തങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകാന്‍ പര്യാപ്തമാക്കുന്നു. ഒരു ചിത്രം അതിന്റെ നാലതിരുകള്‍ക്കു പുറത്തേക്ക് യാത്രപോകേണ്ട ഒരു ദൃശ്യസംവര്‍ഗ്ഗമാണെന്ന് സ്മിതയിലെ ചിത്രകാരി കരുതുന്നുണ്ട്.

അത്തരം ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ദൃശ്യവിതാനത്തിലാണ് സ്മിതയുടെ ഒട്ടുമിക്ക രചനകളും രൂപകല്‍പ്പിതമായിട്ടുള്ളത്. വലയിലെ മീനുകള്‍ ചത്തുകെട്ടുപോയെങ്കിലും അവയുടെ ജീവിതദൗത്യം അവ നിറവേറ്റിക്കഴിഞ്ഞു. വലയുടെ കുറേ ഭാഗം വെള്ളത്തിലും കുറേ ഭാഗം വെളിയിലുമാണെന്ന് ദ്യോതിപ്പിക്കാന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുളള നിറവ്യതിയാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വലയുടെ ഒരു ഭാഗം വെള്ളത്തിലായിരുന്നിട്ടും മീനുകള്‍ ചത്തുപോയെങ്കില്‍, ഒരു ജീവന്‍ അതിന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് മരണമെന്ന പ്രതിഭാസത്തിലാണെന്ന സത്യത്തെ അടയാളപ്പെടുത്തുകയാണ് ചിത്രകാരി. സ്മിതയുടെ രചനകളില്‍ പൊതുവായി കാണുന്ന യാഥാര്‍ത്ഥ്യത്തിലെ അതിയാഥാര്‍ത്ഥ്യം ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.

ഏറ്റവും യാഥാര്‍ത്ഥ്യമെന്ന് തോന്നുമ്പോഴും ചിത്രത്തിലെമ്പാടും വളരെ മൂകമായി ദൃശ്യമാകുന്ന അതിയാഥാര്‍ത്ഥ്യത്തിന്റെ സംജ്ഞകള്‍, സ്മിതയുടെ രചനകളെ ചില ബഹുസ്വര അടയാളങ്ങളുടെ സംവര്‍ഗ്ഗമാക്കി മാറ്റുന്നുണ്ട്. അവ അങ്ങനെയല്ലാതെ ചിത്രീകരിക്കപ്പെടരുതെന്ന് അനുവാചകന് തോന്നിപ്പിക്കുന്ന ഒരു മാന്ത്രികത രചനകളെ ആകെ പൊതിഞ്ഞുനില്‍ക്കുന്ന ഒരു സമ്പ്രദായമാണെന്ന് പറയേണ്ടിവരും. കുറ്റിച്ചെടികള്‍ക്കിടയില്‍, മറ്റു വലിയ ഇരപിടിയന്മാരുടെ ശ്രദ്ധയില്‍ വരാതിരിക്കാന്‍ ശരീരത്തിന് സ്വന്തം പരിതോവസ്ഥയ്ക്കിണങ്ങിയ നിറം സ്വയമണിഞ്ഞ്, കാഴ്ചക്കാരനു നേരെ നോക്കിയിരിക്കുന്ന ചീവീടിന്റെ ചിത്രം അനുവാചകനില്‍ വിഷാദം നിറയ്ക്കും.

കാഴ്ചയ്ക്ക് എത്രമാത്രം വൈരൂപ്യമാര്‍ന്നതാണെങ്കിലും ഒരു ചെറുജീവി അതിന്റെ സഹജമായ ദൈന്യതയും നിസ്സാരതയും വെളിവാക്കുംവിധം എളിമയാര്‍ന്നതായിരിക്കുമെന്ന ചിന്ത ഒരു മിന്നായം പോലെ കാഴ്ചക്കാരനെ തൊടുമ്പോള്‍ വിഷാദമല്ലാതെ മറ്റെന്താണ് തോന്നുക? ചീവീടിനരികെ ഇരതേടുന്ന വേറെയും ചില മണ്ണട്ടകള്‍ സഞ്ചരിക്കുന്നുണ്ട്. നിര്‍ന്നിമേഷമാര്‍ന്ന അവയുടെ ജീവിതത്തെ ഇപ്രകാരം സൂക്ഷ്മമായി നോക്കിക്കാണാന്‍ മറ്റൊരു ജീവിക്കും കഴിയില്ല. നിറങ്ങള്‍കൊണ്ട് ചിത്രകാരി തീര്‍ത്ത രാത്രിയുടെ ഒരു സദിര് ചിത്രത്തിലാകെ മന്ദ്രമധുരമായി പതുക്കെ അലയടിക്കുന്നത് നമുക്ക് കേള്‍ക്കാനാവും. അതീവ സൂക്ഷ്മമായി പണിതെടുക്കുന്ന ചിത്രതലത്തിലെ ചരാചരങ്ങള്‍ ജീവന്റെ ഒരു തുടിപ്പ് എപ്പോഴും പ്രസരിപ്പിക്കുന്നുണ്ട്.

ഒരുപക്ഷേ, ആ പ്രസരണത്തില്‍നിന്നുതിരുന്ന മര്‍മ്മരങ്ങളാവാം ഈ സദിരിനെ മധുരതരമാക്കുന്നത്. അങ്ങിങ്ങ് കായ്ക്കുലകള്‍ മുഴുത്ത് തൂങ്ങുന്ന, തൊലി വിണ്ടിളകിയ ഒരു പടുമരത്തില്‍ കയറിയിരുന്ന്, ലോകത്തെ പരമാനന്ദത്തോടെ വീക്ഷിക്കുന്ന ഒച്ചിന് ഒരു ഋഷിയുടെ നിര്‍ന്നിമേഷതയുടെ നിര്‍ഗുണത്വം കാണാമെങ്കിലും ആ വിമൂകതയില്‍ അനിര്‍വ്വചനീയമായ ഭവഗരിമ ഒളിപ്പിച്ചുവച്ചിട്ടുണ്ട് ചിത്രകാരി. 

സ്വത്വത്തിന്റെ ഛന്ദസുകള്‍
തന്റെ ബാല്യകൗമാരകാലത്തെ കളികളും പാരിസ്ഥിതിക ചങ്ങാത്തവും ഈ കലാകാരിയെ എപ്പോഴും വേട്ടയാടുന്നുണ്ട്. നിമ്നോന്നതമായ ഭൂമിശാസ്ത്രപശ്ചാത്തലം സ്മിതയുടെ ചിത്രതലത്തില്‍ പലപ്പോഴും ആവിഷ്‌കൃതമാകുന്നത് കാണാം. തന്റെ ബാല്യകാലത്തെ ലീലാപരതയുടെ തേന്‍പുരട്ടിയ ഓര്‍മ്മകള്‍ ചിത്രങ്ങളില്‍ പുനര്‍ജ്ജനി നേടുന്നതിന്റെ കാരണവും അതാണ്. തകര്‍ച്ചയിലേക്ക് ക്രമാനുഗതമായി യാത്രചെയ്യുന്ന ഒരു വീട് സ്മിതയുടെ ചില ചിത്രങ്ങളില്‍ ആവര്‍ത്തിത സംവര്‍ഗ്ഗമായി കാണാം. മലയാളത്തില്‍ ഒരുകാലത്ത് പരക്കെ വായിക്കപ്പെട്ടിരുന്ന അപസര്‍പ്പക കഥകളുടെ അന്തരീക്ഷ സൃഷ്ടിയെ തകര്‍ന്നുകൊണ്ടിരിക്കുന്ന  ഈ വീടുകള്‍ ഓര്‍മ്മിപ്പിക്കും.

ഒരു രചനയില്‍, അത്തരത്തിലുള്ള ഒരു വീടിനരികില്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള നിരവധി മാലിന്യക്കൂമ്പാരത്തിനരികില്‍, കാവല്‍ക്കാരനെപ്പോലെ ദൃഢചിത്തനായി നില്‍ക്കുന്ന വന്‍മരത്തിന്റെ കൊമ്പുകളില്‍ എല്ലാറ്റിനും സാക്ഷിയായി പരസ്പരം തങ്ങളുടെ കദനങ്ങള്‍ പങ്കുവയ്ക്കുന്ന രണ്ട് നത്തുകള്‍ കാലമെന്ന മൂകസാക്ഷിയെ അടയാളപ്പെടുത്തുന്നു. ഈ രചനയില്‍ ഇന്നു നാം അഭിമുഖീകരിക്കുന്ന അപരിഹാര്യമായ മാലിന്യപ്രശ്‌നം ഒരു സൂചകമായി കടന്നുവരുമ്പോഴും അവഗണിത വിഭാഗമായ നത്തുകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതിലൂടെ പൊതുസമൂഹത്തിന്റെ അവമതിക്കും അവഗണനയ്ക്കും പാത്രമാകുന്ന അടിക്കാട്ടങ്ങളെക്കൂടി അഭിസംബോധന ചെയ്യുന്നുണ്ട്.

ചിത്രങ്ങള്‍ ബഹുസ്വരമായ വായനയ്ക്കുവേണ്ടിയുള്ള സൃഷ്ടികള്‍ തന്നെയാണെന്ന് സ്മിതയുടെ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ അര്‍ത്ഥത്തില്‍ ഈ രചനകളെ സമീപിക്കുമ്പോഴാണ് അവയുടെ ലാവണ്യപരമായ പ്രത്യയങ്ങള്‍ അനുവാചകന് പകര്‍ന്നെടുക്കാനാവുക. കടല്‍പ്പുറ്റുകള്‍ക്കിടയില്‍ അന്നന്നത്തെ ആഹാരത്തിനായി വേട്ടയ്ക്കിറങ്ങിയ ഞണ്ടുകളെ ചിത്രീകരിച്ചിട്ടുള്ള രചനയില്‍, ഉപജീവനമെന്ന ജീവികളുടെ അനിവാര്യമായ കര്‍മ്മങ്ങള്‍ക്കപ്പുറം അവയുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും അതിന്റെ പരിതോവസ്ഥയുടെ തന്നെ ചാക്രികവ്യവഹാരത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുകൂടി പങ്കുവയ്ക്കുന്നു. ചക്കപ്പഴം പൊളിച്ച് തിന്നുന്ന അണ്ണാറക്കണ്ണന്‍ സര്‍വ്വസാധാരണമായ ഒരു കാഴ്ചയുടെ ഉല്‍പ്പന്നമാണെങ്കിലും അരികുവല്‍ക്കരണത്തിന്റെ ഇരകള്‍ക്ക് നേരെ കാരുണ്യത്തിന്റെ ഒരു കണ്‍ചിമിഴ് ദയയെങ്കിലും വേണ്ടേയെന്ന് ചിത്രകാരി വാശിപിടിക്കുന്നു. അരികുവല്‍ക്കരണത്തിന് നിരന്തരം ഇരയായി മാറിക്കൊണ്ടിരിക്കുകയും അവരുടെ നൃശംസതയ്ക്ക് പാത്രമായി ഉന്മൂലനത്തിന് വിധേയരാവുകയും ചെയ്യുന്ന മധുവിനെപ്പോലെയുള്ള മനുഷ്യര്‍ക്കുവേണ്ടി നടത്തുന്ന സ്മരണാഞ്ജലികൂടിയാണ് ഈ രചന. രാത്രി ഒരു നിരന്തര സാന്നിദ്ധ്യമായി സ്മിതയുടെ പല രചനകളിലും ആവിഷ്‌കൃതമാകുന്നുണ്ട്.

നിറംകെട്ട ലോകത്തിന്റെ ദൃശ്യപ്രതിനിധാനം കൂടിയാണ് രാത്രി. രാത്രിയുടെ ലാവണ്യം ഏറെ പ്രസിദ്ധമായ ചമല്‍ക്കാരങ്ങള്‍ക്ക് വിധേയമാകുമ്പോഴും അത് ചില യാഥാര്‍ത്ഥ്യങ്ങളെ സ്വയം സൂക്ഷിക്കുന്നുണ്ട്. അത്തരം യാഥാര്‍ത്ഥ്യങ്ങളിലെ കയ്പുകള്‍ കാണാനാണ് ചിത്രകാരി ശ്രമിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീയെന്നതിന്റെ ശാരീരികവും മാനസികവുമായ അടിമത്തങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന കലാകാരിയാണ് സ്മിത. തന്റെ തന്നെ സ്വത്വത്തിന്റെ അമൂര്‍ത്തമായ ഛന്ദസ്സുകളാണ് അവരുടെ ചിത്രങ്ങളില്‍ പരകായപ്രവേശം ചെയ്‌തെത്തുന്ന ചെറുജീവികള്‍. ഇത്തരത്തില്‍ അലങ്കാരപ്പെടുത്തുന്ന സ്വത്വപ്രതിസന്ധികളാണ് സ്മിതയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും പ്രത്യക്ഷമാകുന്ന ജൈവവൈവിധ്യ രൂപകങ്ങള്‍. 

ഒറ്റമരത്തില്‍ പതുങ്ങിയിരിക്കുന്ന ഓന്തിന്റെ നിറം ചുകപ്പിലേക്ക് വഴുതുന്നത് കാണാം ഒരു രചനയില്‍. തന്റെ ഇണയെ ആകര്‍ഷിക്കാന്‍ സ്വന്തം ശരീരം നല്‍കുന്ന ചില രാസവ്യവഹാരങ്ങളുടെ ബഹിര്‍സ്ഫുരണമാണത്. ജീവിതം എത്രതന്നെ കയ്പ് നിറഞ്ഞതാണെങ്കിലും കാല്‍പ്പനികതയുടെ ചില മുഹൂര്‍ത്തങ്ങള്‍ സ്വപ്നത്തേരുകളില്‍ വന്നെത്തുന്നു. ഇണചേരുന്ന തുമ്പികളും പ്രണയസല്ലാപത്തിലേര്‍പ്പെടുന്ന ഉറുമ്പുകളും പ്രണയമധുരമായ ജീവിതസന്ദര്‍ഭങ്ങളെക്കൂടി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഏതോ പൂര്‍വ്വകാല ജീവിയുടെ ജീവാശ്മവുമായി ഇണചേര്‍ന്നു രമിക്കുന്ന ഓന്ത് മനുഷ്യരുടെ ലൈംഗിക അരാജകത്വവാസനകളിലെ വന്യത വെളിവാക്കുന്നു. കേവലം കാമസംപൂര്‍ത്തിക്കു വേണ്ടിയുള്ള വെറിക്കപ്പുറം വംശീയമായ ഉന്മൂലനൗത്സുക്യംമൂലം ചെറുകിടാങ്ങളെപ്പോലും അതിദാരുണമാംവിധം ലൈംഗികമായി ഉപയോഗിച്ചു കൊന്നുകളയുന്ന ഒരു സമൂഹത്തില്‍, തന്റെ പൂര്‍വ്വിക ജീവിയുടെ അസ്ഥിക്കൂടവുമായി രമിക്കുന്ന ഓന്തുകള്‍ ഒരു അത്ഭുത പ്രത്യയമല്ലെന്ന് സമീപകാല വര്‍ത്തമാനങ്ങള്‍ രേഖപ്പെടുത്തുന്നു. അജ്ഞതയുടെ ആഴക്കിണറില്‍നിന്ന് ശരംപോലെ പുറത്തേക്ക് ചാടുന്ന കൂപമണ്ഡൂകങ്ങള്‍, അടിമത്തത്തിന്റെ അനിര്‍വ്വചനീയമായ ആഴങ്ങളെ ഉല്ലംഘിച്ച് വിഹായസ്സിന്റെ ബഹുസ്വരതയിലേക്ക് രക്ഷപ്പെടുന്ന മറ്റൊരു രചന, പ്രതിലോമ സംസ്‌കൃതിയുടെ ഭാഗമായി മാറി, യുക്തിയും വിവേചനശേഷിയും നഷ്ടപ്പെടുന്ന സമൂഹത്തിനെതിരെ പരിഹാസ ശരം തൊടുക്കുകയാണ്.

പാരിസ്ഥിതിക രാഷ്ട്രീയത്തെ ഇത്രമേല്‍ സ്വന്തം രചനകളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ചിത്രകാരന്മാര്‍/ചിത്രകാരികള്‍ നന്നേ കുറവായിരിക്കെ സ്മിത ജി.എസ്സിന്റെ രചനകള്‍ പരിസ്ഥിതിക്കുമേലുള്ള അതിക്രമങ്ങളെ ഭാവുകന് മുന്നില്‍ എത്തിക്കാന്‍ ഉപയുക്തമാണ്. താന്‍ കേവലം പ്രകൃതിയെ പകര്‍ത്തുകയല്ലെന്നും വംശനാശത്തിനു മരണവേഗത്തില്‍ വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിവര്‍ഗ്ഗത്തിന്റെ സംരക്ഷണത്തിനായുള്ള ഒരു തനത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ കലാകാരി കരുതുന്നു. ചീവീടുകള്‍ യാഴ് മീട്ടുകയും മണ്ണട്ടകള്‍ നാടോടിപ്പാട്ടുകള്‍ പാടി ഭൂമിയെ കോരിത്തരിപ്പിക്കുകയും ചെയ്യുന്ന ഒരു കാലത്തെ സ്വപ്നം കാണുന്ന ഈ കലാകാരിക്ക് തന്റെ രചനകള്‍ അരികുവല്‍ക്കരിക്കപ്പെടുന്ന അടിയാളവര്‍ഗ്ഗത്തിനുള്ള  സര്‍ഗ്ഗബലികൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com