ചില മദ്ധ്യവര്‍ഗ ചിന്തകള്‍: ഡോ. പി. മോഹനന്‍പിള്ള എഴുതുന്നു

ജനസംഖ്യയില്‍ മദ്ധ്യവര്‍ഗ്ഗമെന്നു വിശേഷിപ്പിക്കാവുന്നവര്‍ എത്ര? മദ്ധ്യവര്‍ഗ്ഗത്തെ എങ്ങനെ തിരിച്ചറിയാം? എന്നു മുതല്‍ക്കാണ് മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്? അവരുടെ വ്യാപനം എങ്ങനെ? 
ചില മദ്ധ്യവര്‍ഗ ചിന്തകള്‍: ഡോ. പി. മോഹനന്‍പിള്ള എഴുതുന്നു

ദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ച് നിലവിലുള്ള മിക്കവാറും എല്ലാ പഠനങ്ങളും ഒരു മുന്നറിയിപ്പു തരുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് വ്യാവസായിക മുതലാളിമാരുടേതായിരുന്നെങ്കില്‍ ഭാവി മദ്ധ്യവര്‍ഗ്ഗത്തിന്റേതായിരിക്കുമെന്നാണത്. മദ്ധ്യവര്‍ഗ്ഗം സാമൂഹ്യ രാഷ്ട്രീയ ശ്രേണിയില്‍ പടര്‍ന്നു കയറി അതിന്റെ തലങ്ങും വിലങ്ങും ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് പലരും വിശ്വസിക്കുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന സിദ്ധാന്തത്തിന് മങ്ങലേറ്റതോടെ ഇന്ന് മദ്ധ്യവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന സിദ്ധാന്തം സ്വീകാര്യമായി മാറിക്കൊണ്ടിരിക്കുകയാണോ?
മദ്ധ്യവര്‍ഗ്ഗം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത് മദ്ധ്യേയുള്ളവര്‍ അല്ലെങ്കില്‍ ഇടനിലക്കാര്‍ എന്നാണല്ലോ. അതായത് സമൂഹത്തിലെ ഏറ്റവും മുകള്‍ത്തട്ടിലുള്ള മുതലാളിമാരുടേയും ഏറ്റവും താഴത്തെ തട്ടിലുള്ള തൊഴിലാളികളുടേയും ഇടയിലുള്ളവര്‍. അവര്‍ക്ക് തൊഴിലാളി മുതലാളി വര്‍ഗ്ഗങ്ങളില്‍നിന്നും വ്യത്യസ്തമായ താല്പര്യങ്ങളുണ്ടോ എന്ന ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. മദ്ധ്യവര്‍ഗ്ഗത്തെ ഒരു വര്‍ഗ്ഗമായി കാണേണ്ടതില്ലെന്നും മറ്റു വര്‍ഗ്ഗങ്ങളുടെ രീതിയില്‍ സമാന താല്പര്യമില്ലാത്തതു കാരണം ഒരു പ്രത്യേക വിഭാഗമായി കണ്ടാല്‍ മതിയെന്നും കരുതുന്നവരുണ്ട്. മദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ തൊഴില്‍, വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് നടത്തി നിരീക്ഷിക്കണം. ഇത് ക്ലേശകരമായതുകൊണ്ട് അത്രയൊന്നും ബുദ്ധിമുട്ടില്ലാത്ത ഒരു മാര്‍ഗ്ഗമാണ് നിരീക്ഷകര്‍ അവലംബിക്കുന്നത്. അതായത് ശാരീരികാദ്ധ്വാനം ഒഴിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍, അല്പമൊക്കെ വിദ്യാഭ്യാസവും വരുമാനവുമുള്ളവര്‍ മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്ന് അനുമാനിക്കുന്നു. പക്ഷേ, ഈ നിരീക്ഷണത്തില്‍ ഒരു വ്യക്തതയില്ല എന്നു മാത്രമല്ല, ആ കാരണം കൊണ്ടുതന്നെ വിശകലനശേഷിയുള്ളതല്ലതാനും.
മദ്ധ്യവര്‍ഗ്ഗത്തെ ഒന്നായി കാണാതെ പല തട്ടുകളിലാക്കുന്ന പ്രവണതയും ശക്തമാണ്. ഉദാഹരണത്തിന് കമ്പോളവും ഭൂമിയുമായി ബന്ധപ്പെട്ടവര്‍, വ്യവസായങ്ങളുമായി ബന്ധപ്പെട്ടവര്‍, സോഫ്റ്റ്വെയര്‍ മുതലായ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവര്‍ അങ്ങനെ പോകുന്നു തരംതിരിവുകള്‍. മദ്ധ്യവര്‍ഗ്ഗത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലും വിഭജിക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള മേല്‍ത്തട്ടുകാര്‍ അതിനും താഴെ വരുമാനമുള്ള മദ്ധ്യവര്‍ഗ്ഗം ഏറ്റവും കുറഞ്ഞ വരുമാനമുള്ള താഴേത്തട്ടുകാര്‍ ഇങ്ങനെയുള്ള ശ്രേണി നമുക്കു സങ്കല്പിക്കാം. മേല്‍വിവരിച്ചതില്‍ നിന്നും മദ്ധ്യവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഭിന്നത വ്യക്തമാവുകയാണ്.

പിരമിഡും ഉള്ളിയും
വികസ്വര രാജ്യങ്ങളിലെ സാമൂഹ്യസാമ്പത്തിക ഘടന വിശദീകരിക്കുമ്പോള്‍ അതിനെ ഒരു പിരമിഡിന്റെ രൂപത്തോട് ഉപമിക്കാറുണ്ട്. മദ്ധ്യവര്‍ഗ്ഗം ഇടനിലക്കാരാണെന്ന വിശേഷണത്തില്‍നിന്നും ഉണ്ടായതാണ് ഈ ഉപമ. വികസ്വര രാജ്യങ്ങളിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ താഴത്തെ തട്ടിലാണല്ലോ. ചെറിയ ന്യൂനപക്ഷ സമ്പന്നര്‍ മുകളിലത്തെ തട്ടിലും. അങ്ങനെ ആകുമ്പോള്‍ പിരമിഡിന്റെ രൂപസാദൃശ്യം വരുന്നത് സ്വാഭാവികമാണുതാനും. പക്ഷേ, ഈ രൂപം സ്ഥിരതയുള്ളതാണെന്ന് കരുതരുത്. വികസനം ശക്തിയായി കടന്നുവരുന്നതോടെ ഈ ആകൃതിക്കു മാറ്റമുണ്ടാകുന്നു. താഴേക്കിടയിലുള്ളവര്‍ പതുക്കെപ്പതുക്കെ മുകളിലേക്കു വരുന്നു. അതുകാരണം മദ്ധ്യവര്‍ഗ്ഗം ക്രമേണ വികസിച്ച് ഒരു ഉള്ളിയുടെ രൂപസാദൃശ്യം കൈവരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യ മദ്ധ്യവര്‍ഗ്ഗത്തിന്റെ നാടായി മാറുകയാണെന്നാണ് ബുദ്ധിജീവികളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നിരീക്ഷണം.1 ലഭ്യമായ സിദ്ധാന്തങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്നുവരുന്ന ചില പ്രസക്തമായ ചോദ്യങ്ങളുണ്ട്. മൊത്തം ജനസംഖ്യയില്‍ മദ്ധ്യവര്‍ഗ്ഗമെന്നു വിശേ ഷിപ്പിക്കാവുന്നവര്‍ എത്ര? മദ്ധ്യവര്‍ഗ്ഗത്തെ എങ്ങനെ തിരിച്ചറിയാം? എന്നു മുതല്‍ക്കാണ് മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്? അവരുടെ വ്യാപനം എങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനം.
ചരിത്രപരമായി നോക്കുമ്പോള്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ പൗരസമൂഹവും സ്ഥാപനങ്ങളും മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയുമായി ഒത്തുപോകുന്നത് കാണാമെന്ന് പലരും അവകാശപ്പെടുന്നുണ്ട്. 19-ാം നൂറ്റാണ്ടിലെ സാമൂഹ്യ പുരോഗതിക്ക് മദ്ധ്യവര്‍ഗ്ഗം നല്‍കിയ സംഭാവനകളെയാണ് ഈ കൂട്ടര്‍ ഓര്‍മ്മപ്പെടുത്തുന്നത്. അടുത്തകാലത്ത് പ്രസിദ്ധമായ ആധുനികവല്‍ക്കരണ സിദ്ധാന്തം പറയുന്നത് മദ്ധ്യവര്‍ഗ്ഗം ജനാധിപത്യം സംരക്ഷിക്കാനും നില നിര്‍ത്താനും അനിവാര്യമായ ഒരു ഘടകമാണെന്നാണ്.2 ഉന്നത വിദ്യാഭ്യാസവും അറിവും സമ്പാദിക്കുന്നതിനാണ് മദ്ധ്യവര്‍ഗ്ഗം ശ്രമിക്കുന്നത്. ഇത് സാമൂഹ്യമാറ്റത്തെ സഹായിക്കും.3 അവരുടെ ക്രിയാത്മകമായ പങ്കുചേരല്‍ സ്ഥാപനങ്ങളുടെ ഗുണപരമായ വളര്‍ച്ചയ്ക്ക് ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. പ്രബുദ്ധമായ പങ്കാളിത്തം, ശക്തിയുള്ള അഭിപ്രായങ്ങള്‍, മൂല്യങ്ങളിലെ സമാനത എന്നിവയാണ് ഇവരുടെ ഇടപെടല്‍കൊണ്ടുണ്ടാക്കുന്ന ഗുണഫലങ്ങള്‍. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പിതൃത്വം മദ്ധ്യവര്‍ഗ്ഗത്തില്‍ അവരോധിക്കപ്പെടുന്നുണ്ട്. പ്രൊട്ടസ്റ്റന്റ് വിഭാഗം അവരുടെ ജീവിതത്തില്‍ പകര്‍ത്തിയ സമ്പാദ്യശീലം, മിതവ്യയം, സംരംഭകത്വം എന്നിവ വളര്‍ന്നത് മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവവിശേഷത്തിന്റെ ഭാഗമായുണ്ടായതാണെന്നാണ് വിശ്വാസം.

മദ്ധ്യവര്‍ഗ്ഗം വികസ്വര രാഷ്ട്രങ്ങളില്‍
നമ്മള്‍ മദ്ധ്യവര്‍ഗ്ഗത്തെപ്പറ്റി ഇതുവരെ നിരീക്ഷണം നടത്തിയത് വികസിത രാജ്യങ്ങളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. മദ്ധ്യവര്‍ഗ്ഗം ഇന്ന് വികസ്വര രാഷ്ട്രങ്ങളില്‍ വലിയ സാമൂഹ്യശക്തിയായി പരിണമിച്ചിരിക്കുന്നു; മറ്റു സാമൂഹ്യശക്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് വികസ്വര രാജ്യങ്ങളിലെ വികസന പ്രക്രിയയുടെ പ്രത്യേകതകളാണ്. കൊളോണിയലിസവുമായി ബന്ധപ്പെട്ടു വന്ന ഈ രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച മുതലാളിത്ത വികസനം ഒരു സങ്കീര്‍ണ്ണ പ്രക്രിയയായിരുന്നു. ഇത്തരം പ്രക്രിയകളില്‍ മാര്‍ക്സിനും വിഭാവനം ചെയ്ത തരത്തില്‍ ഒരു വര്‍ഗ്ഗധ്രുവീകരണം സാദ്ധ്യമായില്ല.

രണ്ടാമതായി അവികസിത രാജ്യങ്ങളില്‍ സ്വത്തിന്റെ ഉടമസ്ഥാവകാശം പലതരത്തിലാണ്. ഇതു മാത്രമല്ല സ്വത്തു സമ്പാദനരീതികള്‍, ഉപജീവന - മാര്‍ഗ്ഗങ്ങള്‍, ഉല്പാദന സമ്പ്രദായങ്ങള്‍, കര്‍ഷകരിലെ വലിപ്പച്ചെറുപ്പം ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ മുതലാളിത്തം വളര്‍ന്നു വികസിച്ച് വികസിത രാജ്യങ്ങളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പറഞ്ഞുവരുന്നത് വര്‍ഗ്ഗരൂപീകരണം കൂടുതല്‍ സങ്കീര്‍ണ്ണത നിറഞ്ഞതും അവ്യക്തവുമാണെന്നാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോരാത്തതിന്, മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വാധീനത കൂടാന്‍ ഒരു കാരണം മദ്ധ്യവര്‍ഗ്ഗത്തിന്റെയത്ര ശക്തി മറ്റുള്ളവര്‍ക്കില്ലാത്തതുകൊണ്ടു കൂടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

നിര്‍വ്വചനത്തിലെ പ്രശ്‌നങ്ങള്‍
മദ്ധ്യവര്‍ഗ്ഗം സാമ്പത്തികമായും സാമൂഹ്യമായും സമാനതയുള്ളവരല്ലെന്ന് സൂചിപ്പിച്ചുവല്ലോ. അവര്‍ സാമൂഹ്യസാംസ്‌കാരിക തലങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ആരാണ് മദ്ധ്യവര്‍ഗ്ഗം എന്ന കാര്യത്തില്‍ സമാനാഭിപ്രായക്കാരുമല്ല. ഇടനിലക്കാര്‍ എന്നു പറഞ്ഞ് കൈ ഒഴിയാനാണ് മിക്കവരും ശ്രമിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുള്ള വിശകലനം പലപ്പോഴും ബുദ്ധിമുട്ടുള്ള പ്രക്രിയയായതുകൊണ്ട് അതിനെ ഉപേക്ഷിച്ച് വളരെ ലളിതമായ മാര്‍ഗ്ഗമാണ് നിരീക്ഷകര്‍ അവലംബിക്കുന്നത്. അതിനെക്കുറിച്ച് നമ്മള്‍ നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു.
മറ്റു വികസ്വര രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗം ഒരു പ്രധാന ശക്തിയായത് എണ്ണത്തിലെ വര്‍ദ്ധനവുകൊണ്ടല്ല, സാമൂഹ്യ പദവിയിലെ ഔന്നത്യം കൊണ്ടാണ്. കൂടുതല്‍ വിശദീകരിക്കുന്നതിനു മുന്‍പായി ചില ചരിത്രവസ്തുതകള്‍ കൂടി ഗ്രഹിക്കേണ്ടിയിരിക്കുന്നു. വികസ്വര രാജ്യങ്ങളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ കാര്യമായി നടന്നിട്ടുണ്ട്. നടന്നിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് വളര്‍ച്ചാ വികാസത്തെക്കുറിച്ചും നമുക്കു ചിന്തിക്കാം.

വികസിത രാഷ്ട്രങ്ങളില്‍ മദ്ധ്യവര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നത് സാമ്പത്തിക സാങ്കേതിക മാറ്റത്തിന്റെ ഫലമായിട്ടാണ്. 1875-ല്‍ റവ. തോമസ് ബേനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.4 അദ്ദേഹം ഇടനിലക്കാര്‍ സംരംഭകത്വത്തിന് ആസ്തിയുള്ളവരാണെന്ന് നിരീക്ഷിച്ചു. നേരത്തെ സൂചിപ്പിച്ച നിര്‍വ്വചനത്തില്‍നിന്നുള്ള പ്രധാന മാറ്റം ശ്രദ്ധിക്കുക. ഇതു സംഭവിച്ചതിന്റെ പ്രധാന കാരണം മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ മാറ്റമാണെന്നു കാണാം. മുതലാളിത്വത്തിന്റെ ആരംഭദിശയില്‍ ഫാക്ടറി ഉടമസ്ഥര്‍ തന്നെ നേരിട്ട് മാനേജ്മെന്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. വ്യവസായങ്ങള്‍ വളര്‍ന്ന് ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളായപ്പോള്‍ അതിന്റെ മാനേജ്മെന്റ് കൂടുതല്‍ പ്രാഗല്‍ഭ്യവും വൈദഗ്ദ്ധ്യമുള്ള തൊഴിലായി മാറി. മദ്ധ്യവര്‍ഗ്ഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ വൈദഗ്ദ്ധ്യമുള്ള വെള്ള കോളര്‍ തൊഴിലെടുക്കുന്നവര്‍ എന്ന ഖ്യാതി പരന്നു. ഇവരെ മറ്റു പ്രധാനപ്പെട്ട രണ്ടു വര്‍ഗ്ഗങ്ങളില്‍ നിന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മദ്ധ്യവര്‍ഗ്ഗം എന്ന് പൊതുവേ അറിയപ്പെടുന്നുവെങ്കിലും സമാനതയുള്ളവരല്ലെന്ന് നേരത്തെ കണ്ടുകഴിഞ്ഞുവല്ലോ. മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉപരിഘടനയില്‍ വൈദഗ്ദ്ധ്യമുള്ളവര്‍, സ്വയം തൊഴില്‍ ഏര്‍പ്പെടുന്നവര്‍, ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥവര്‍ഗ്ഗം എന്നിവര്‍ ഉള്‍പ്പെടുന്നു. വേറൊരു തട്ടിലുള്ളവര്‍ നിശ്ചിത സമയത്തു ജോലി ചെയ്യുന്നവരും ജോലി സ്ഥിരതയുള്ളവരും കൂടുതല്‍ ആനുകൂല്യം കിട്ടുന്നവരുമാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ഇവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇവരെ മദ്ധ്യവര്‍ഗ്ഗം എന്നു വിശേഷിപ്പിക്കുന്നതിനു പകരം മദ്ധ്യവര്‍ഗ്ഗങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതാണ് ഭേദം എന്നു നിരീക്ഷിക്കുന്നവരുണ്ട്. ഇതിനു പ്രധാന കാരണം ഇവരുടെ ഇടയിലെ വരുമാനം, സ്റ്റാറ്റസ്, ജോലിയുടെ രീതികള്‍, വൈവിദ്ധ്യം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്താല്‍ മദ്ധ്യവര്‍ഗ്ഗമെന്ന സംബോധന ഒരു വിശേഷണം മാത്രമായേ കാണാന്‍ പറ്റൂ എന്നാണ്.5 നേരത്തെ സൂചിപ്പിച്ചതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉയര്‍ന്നുവന്ന സംരംഭകരേയും ഉദ്ദേശിച്ചായിരുന്നു വല്ലോ ഈ പ്രയോഗം. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗ്ഗം കഴിഞ്ഞാല്‍ പ്രധാന വര്‍ഗ്ഗം ഇവ രാണെന്നും ഇവരുടെ സാന്നിദ്ധ്യം കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റപ്രസ്ഥാനങ്ങള്‍ക്ക് പക്വത വരാന്‍ സാദ്ധ്യതയുണ്ടെന്നും കരുതിയിരുന്നു. മറ്റു വിഭാഗങ്ങളുടെ കൂടെയാണ് നേരത്തെ ഇവരെ കണ്ടിരുന്നതെങ്കിലും. അതുകൊണ്ടുതന്നെ ആയിരിക്കണം മദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ - കാഴ്ചപ്പാടില്‍ ഒരവ്യക്തതയുണ്ടെന്ന് പലരും കരുതിയത്.6
പക്ഷേ, പിന്നീടുള്ള മുതലാളിത്ത വികസന വിശകലനങ്ങളില്‍ ഈ അവ്യക്തത അപ്രത്യക്ഷമായി. മദ്ധ്യവര്‍ഗ്ഗത്തെ ഒരു സവിശേഷ ശക്തിയായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, മാര്‍ക്സിന്റെ മോഡലില്‍ മുതലാളിത്ത സമൂഹത്തില്‍ രണ്ടു വര്‍ഗ്ഗങ്ങളേയുള്ളു. മദ്ധ്യവര്‍ഗ്ഗം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും കാലക്രമേണ അവര്‍രും പ്രത്യക്ഷരാകുമെന്നുമാണ് മാര്‍ക്സ് കരുതിയത്. ആസ്തിയുള്ള മദ്ധ്യവര്‍ഗ്ഗം മുതലാളിമാരെ പിന്തുണക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും കരുതി. മാനിഫെസ്റ്റോയില്‍ നിരീക്ഷിച്ചതുപോലെ മദ്ധ്യവര്‍ഗ്ഗത്തിനു താഴെയുള്ള ചെറിയ വ്യാപാരികള്‍, കരകൗശല തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിക്കാര്‍ എന്നിവര്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമാണ്. കാരണം, കുറഞ്ഞ അളവില്‍ മൂലധനമുള്ളവര്‍ മത്സരശേഷി ഇല്ലാത്തവരാണ്. പോരാത്തതിന് മേല്‍വിവരിച്ചവരുടെ പ്രത്യേക വൈദഗ്ദ്ധ്യം പുതിയ ഉല്പാദന രീതികളുടെ ആവിര്‍ഭാവത്തോടെ പ്രസക്തമല്ലാതായിത്തീരും. അതേസമയം മദ്ധ്യവര്‍ഗ്ഗത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ മുതലാളികളുമായി ഒന്നിച്ചുപോകുന്നവരായിരിക്കും.7

മദ്ധ്യവര്‍ഗ്ഗത്തിന്റെ വൈവിധ്യവും പുതിയ സാദ്ധ്യതകളും
മദ്ധ്യവര്‍ഗ്ഗത്തിന്റെ വൈവിധ്യം കണക്കിലെടുത്തുകൊണ്ട് കലേസ്‌കി എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മദ്ധ്യഭരണക്രമം എന്ന ആശയം മുന്നോട്ടുവച്ചു. ഇത്തരത്തിലുള്ള ഭരണ സംവിധാനം മദ്ധ്യവര്‍ഗ്ഗത്തിലെ താഴേക്കിടയിലുള്ളവരും സമ്പന്നരുമായ കര്‍ഷകരും തമ്മില്‍ ഒരു സഖ്യം വിഭാവനം ചെയ്യുന്നു. ഇതില്‍ സമ്പന്ന കര്‍ഷകര്‍ കൂലി കൊടുത്ത് പണിയെടുപ്പിച്ച് കൃഷി ചെയ്യുന്നവരാണെങ്കിലും സ്വന്തം അദ്ധ്വാനം കൂടി കൃഷിക്കുവേണ്ടി നീക്കിവയ്ക്കും. എന്നാല്‍ ഭൂപ്രഭുക്കള്‍ പാട്ടം വാങ്ങി കഴിയുന്നവരും അദ്ധ്വാനിക്കാത്തവരുമാണ്. അതുപോലെതന്നെ പണം വായ്പ കൊടുത്ത് കൊള്ളപ്പലിശ ഈടാക്കുന്നവരുമാണ്.

ചില പ്രത്യേക സാഹചര്യങ്ങളിലാണ് സഖ്യമുണ്ടാകുന്നത്. എന്തുകൊണ്ടാണ് മദ്ധ്യവര്‍ഗ്ഗത്തിലെ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ തമ്മില്‍ സഖ്യത്തിലേര്‍പ്പെടുന്നത്? മുതലാളിത്തം വന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്കകള്‍, പൊതുമേഖല വികസിച്ചാലുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ചുള്ള പ്രത്യാശകള്‍ ഇവയായിരിക്കണം പ്രധാന കാരണങ്ങള്‍. പക്ഷേ, ഇത്തരം ഭരണകൂടങ്ങള്‍ക്ക് ആയുസ്സ് പൊതുവേ കുറവാണ്. കാരണം അതിന്റെ നടത്തിപ്പില്‍ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍തന്നെ ഈ സംവിധാനത്തെ നശിപ്പിക്കുന്നു. ഇതൊരു പക്ഷം. മദ്ധ്യവര്‍ഗ്ഗത്തിന്റെ പരിണാമത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റമാണ് മുകളില്‍ വിശദീകരിച്ചത്. മുകളില്‍ വിശദീകരിച്ച ഒരു ഭരണക്രമം ഉണ്ടായാല്‍ത്തന്നെ സാമ്രാജ്യത്വ ചുറ്റുപാടുകളില്‍ അതിന്റെ നിലനില്‍പ്പ് സംശയാസ്പദമാണ്.8 കൂടുതല്‍ വിശകലനം നടത്തുന്നതിനു മുന്‍പ് മദ്ധ്യവര്‍ഗ്ഗത്തിന്റെ വലിപ്പം എത്രമാത്രമുണ്ടെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു.  

ഒരു താരതമ്യം
ഏഷ്യന്‍ വികസന ബാങ്ക് 2010-ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യ ഉള്‍പ്പെടെ ഏതാനും വികസ്വര രാജ്യങ്ങളിലെ മദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ച് ആധികാരികമായ ഒരു പഠനമുണ്ട്. 1990-നും 2008-നുമിടയില്‍ തെരഞ്ഞടുത്ത രാജ്യങ്ങളിലെ ആറു കോടിയിലധികം പേര്‍ ഈ രാജ്യങ്ങളില്‍ പട്ടിണി ഉപേക്ഷിച്ച് പട്ടിണിരേഖയ്ക്കു മുകളില്‍ എത്തി. ഇന്ത്യയിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ കാര്യത്തില്‍ താരതമ്യേന കുറഞ്ഞതോതിലേ മെച്ചപ്പെട്ടിട്ടുള്ളൂ. വികസന കാര്യത്തില്‍ ഇന്ത്യയുടെ പോക്ക് അത്ര ശ്ലാഘനീയമല്ല എന്നു സാരം. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം പന്ത്രണ്ടാമതാണ്.9

ഇന്ത്യയെക്കാള്‍ വളരെ മുന്‍പുതന്നെ ആഗോളവല്‍ക്കരണവും സ്വതന്ത്രവല്‍ക്കരണവും ആരംഭിച്ചത് ഒരു കാരണമായി കരുതുന്നു. പലരും നേരത്തെ നടത്തിയ താരതമ്യപഠനം ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തെ നിര്‍വ്വചിച്ചത് പി.പി.പി അടിസ്ഥാനത്തില്‍ (PPP അഥവാ പര്‍ച്ചേസിംഗ് പാരിറ്റി തിയറി ഡോളര്‍ അടിസ്ഥാനത്തില്‍ രാജ്യങ്ങളിലെ സാധനങ്ങളുടെ വാങ്ങല്‍ കഴിവ് നിര്‍ണ്ണയിക്കുന്ന ഒരു മാനദണ്ഡം) രണ്ടു ഡോളറിനും ഇരുപത് ഡോളറിനും ഇടയില്‍ വരുമാനം ലഭിക്കുന്നവര്‍ എന്ന നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍.
ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ച് ലോകശ്രദ്ധ പതിഞ്ഞത് മക്കിന്‍സ്‌കി ആഗോള ഇന്‍സ്റ്റിറ്റിയൂട്ട് രണ്ടായിരത്തി ഏഴില്‍ നടത്തിയ നിരീക്ഷണം വന്നതു മുതല്‍ക്കാണ്. മക്കിന്‍സ്‌കി നടത്തിയ നിരീക്ഷണത്തില്‍ ഈ തലമുറയില്‍ത്തന്നെ ഉന്നതിയിലേക്ക് ഉയരുന്ന മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളുണ്ടാകും. അടുത്ത രണ്ടു ദശകങ്ങളില്‍ ജര്‍മ്മനിപോലുള്ള വികസിത രാജ്യങ്ങളെ കടത്തിവെട്ടി ലോകത്തെ അഞ്ചാമത്തെ ഉപഭോക്തൃ രാജ്യമായി മാറുമെന്ന് രേഖപ്പെടുത്തുന്നു.10 ലോകപ്രശസ്ത സാമ്പത്തിക നിരീക്ഷകരായ ഇക്കണോമിസ്റ്റ് മാസിക ഇതേ അഭിപ്രായം രണ്ടായിരത്തില്‍ പറഞ്ഞിരുന്നു. എന്നാലും നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയില്‍ മദ്ധ്യവര്‍ഗ്ഗം വളര്‍ന്നെങ്കിലും മറ്റു രാജ്യങ്ങളിലുണ്ടായതുപോലെ ത്വരിത വളര്‍ച്ച ഉണ്ടായില്ല. 

ചരിത്രത്തില്‍നിന്നൊരു പാഠം
വികസ്വര രാജ്യങ്ങളില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമ്പത്തിക ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ അടുത്തകാലത്ത് കൈവന്ന പ്രധാന പാഠം തെക്കുകിഴക്കന്‍ ഏഷ്യയുടെ വികസനാനുഭവങ്ങളില്‍നിന്നാണ്. ഈ അടുത്തകാലത്തുണ്ടായ പ്രബന്ധമായ സാമ്പത്തിക പരിണാമം പരക്കെ അറിയപ്പെട്ടിട്ടുള്ളതാണല്ലോ. ദശലക്ഷം കണക്കിനാളുകള്‍ പട്ടിണിയുടെ ഇത്തിരി വട്ടത്തില്‍നിന്നും മോചനം നേടി മദ്ധ്യവര്‍ഗ്ഗത്തിന്റെ ഭാഗമായത് ഈ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് വളമായി.

ഉപഭോഗത്തിലെ വളര്‍ച്ചയും അതിനോട് ബന്ധപ്പെട്ട ദ്രുതീകരണവും അതിന് ആക്കം കൂട്ടി. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ (ഉദാ: ഭല്ല) ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത് വികസനപാതയിലെ സുഖപ്രദമായ പ്രതലം എന്നാണ്.11 പക്ഷേ, ഈ അവസ്ഥയിലെത്താന്‍ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം ഏകദേശം ആറായിരം ഡോളറോളം വേണം. (ഏകദേശം നാലു ലക്ഷത്തില്‍ കൂടുതല്‍ രൂപ). ഇന്ത്യ ഈ അവസ്ഥയിലേക്ക് 2017 ഓടെ എത്തുമെന്നു കരുതുന്നു. വാര്‍ഷിക വളര്‍ച്ച ഏകദേശം ഒന്‍പതുശതമാനത്തിലധികമായിരിക്കുകയും അതു തുടര്‍ച്ചയായി ഉണ്ടായിരിക്കുകയും വേണം. പക്ഷേ, മേല്‍പ്പറഞ്ഞ രീതിയിലുള്ള വളര്‍ച്ചാ വര്‍ദ്ധനവ് 2007-നു ശേഷം ചില വര്‍ഷങ്ങളില്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അതു കാരണം ഇത്തരം പ്രവചനങ്ങള്‍ വെറും പാഴ്വാക്കായി മാറുന്നു.

വലിപ്പത്തെക്കുറിച്ചുള്ള കണക്കുകള്‍
ഇന്ത്യയിലെ വര്‍ഗ്ഗത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള രേഖാചിത്രം രൂപപ്പെടുന്നത് അവരെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതനുസരിച്ചാണ്. ഏഷ്യന്‍ വികസന ബാങ്കിന്റെ മദ്ധ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ള കണക്കുകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അന്താരാഷ്ട്ര നിലവാരത്തില്‍ ഡോളറിന്റെ വാങ്ങല്‍ കഴിവ് (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി അഥവാ പി.പി.പി) അനുസരിച്ച്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ നിഗമനങ്ങള്‍ ഇതില്‍നിന്നും വ്യത്യസ്തമാണ്.12 അവരുടെ അഭിപ്രായത്തില്‍ 2001-02 ലെ വിലനിലവാരത്തില്‍ രണ്ടു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയ്ക്ക് വാര്‍ഷിക വരുമാനമുള്ളവരെ മദ്ധ്യവര്‍ഗ്ഗമായി കണക്കാക്കാം. മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയെപ്പറ്റിയുള്ള നിഗമനങ്ങള്‍ അവരെ എപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് നേരത്തെ കണ്ടുവല്ലോ. നേരത്തെ വിശദീകരിച്ചതുപോലെ പി.പി.പിയുടെ അടിസ്ഥാനത്തില്‍ മേയര്‍ കൃസ്റ്റീന്‍ ഡി റോസ്റ്റാളും13 2005-ല്‍ ദിവസ വരുമാനം കുറഞ്ഞത് പത്തു ഡോളറിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ മദ്ധ്യവര്‍ഗ്ഗം മൊത്തം ജനസംഖ്യയുടെ ആറു ശതമാനം അല്ലെങ്കില്‍ 70 ദശ ലക്ഷം ജനങ്ങളെ മാത്രമേ കണ്ടുള്ളു. NCAER, '95-'96 മുതല്‍ രണ്ടായിരത്തി അഞ്ചു വരെ മദ്ധ്യവര്‍ഗ്ഗത്തിന്റെ വാര്‍ഷിക വളര്‍ച്ച വെറും 14 ശതമാനമായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം ഓര്‍ക്കേണ്ടത് NCAER നടത്തിയ പഠനപ്രകാരം '95-'96 മുതല്‍ 2005-'06 വരെ വളര്‍ച്ചാ നിരക്ക് കുറഞ്ഞ് 11 ശതമാനമായി.

മദ്ധ്യവര്‍ഗ്ഗത്തിന്റെ വ്യാപ്തി
ഇന്ത്യയില്‍ മദ്ധ്യവര്‍ഗ്ഗം ജനസംഖ്യയുടെ എത്ര ശതമാനം വരും ഇതിനെക്കുറിച്ചുള്ള ഏകദേശ കണക്ക് സുര്‍ജിത് ഭല്ല കണക്കാക്കിയിട്ടുണ്ട്. കണക്കനുസരിച്ച് 1970-ന്റെ മദ്ധ്യം വരെ മൊത്തം ജനസംഖ്യയുടെ 1.5 മാത്രമായിരുന്നു. 1985 ഓടു കൂടി അത് 2.5 ശതമാനമായി വര്‍ദ്ധിച്ചു. 1990-ല്‍ 12.5 ശതമാനവും 2007-ല്‍ 25 ശതമാനവുമായി കുതിച്ചുകയറി. മുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായിരുന്നു എന്നാണ്.

നേരത്തെ കണ്ടതുപോലെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലാണ് മദ്ധ്യവര്‍ഗ്ഗം ഉയര്‍ന്ന വളര്‍ച്ചാ തോത് ഏര്‍പ്പെടുത്തിയത്. അന്‍പതുകളിലും അറുപതുകളിലും എഴുപതുകളിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാപിച്ചു. പൊതുമേഖലയുടെ വരവോടെയാണ് മദ്ധ്യവര്‍ഗ്ഗം വളരാന്‍ തുടങ്ങിയത്. പക്ഷേ, ഇവിടെ പ്രതീക്ഷിച്ചത്ര തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. കാരണം സാങ്കേതികത കൂടിയതും തൊഴില്‍സാദ്ധ്യത കുറഞ്ഞതുമായ ഉല്പാദന പ്രക്രിയ ആയിരുന്നല്ലോ പൊതുമേഖലകളില്‍ ഉപയോഗിച്ചിരുന്നത്. ഇതുകാരണം തൊഴില്‍ വര്‍ദ്ധനവിന് ചാലക ശക്തിയായ ഉപഭോക്തൃമേഖലയെ പ്രചോദിപ്പിക്കാന്‍ പൊതുമേഖലക്കായില്ല. സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് നിയന്ത്രണവുമുണ്ടായിരുന്നു. തൊഴില്‍ വികസനത്തില്‍ വേണ്ടത്ര വളര്‍ച്ച ഉണ്ടായതുമില്ല.

തൊണ്ണൂറുകളില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായി. ഇതിന്റെ പ്രധാന കാരണങ്ങള്‍ സ്വതന്ത്രവല്‍ക്കരണവും അതുമൂലമുണ്ടായ ഉയര്‍ന്ന വളര്‍ച്ചാനിരക്കുമാണ് പലരും കരുതുന്നു. സ്വതന്ത്രവല്‍ക്കരണം ഉപഭോക്തൃ മേഖല ഉള്‍പ്പെട്ട എല്ലാ മേഖലകളും വിദേശ നിക്ഷേപകര്‍ക്കു തുറന്നു കൊടുത്തു. തൊഴില്‍സാദ്ധ്യതകള്‍ വര്‍ദ്ധിച്ചു എന്നാണല്ലോ അനുമാനം, അതേറെക്കുറേ ശരിയാണെന്നു കാണാം. നേരത്തെ സൂചിപ്പിച്ചതുപോലെ സാങ്കേതികത കൂടിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണല്ലോ പൊതുമേഖലാ ചരക്കുല്പാദനം നടത്തിക്കൊണ്ടിരുന്നത്. ഇത്തരം ഉല്പാദന പ്രക്രിയ ഉപയോഗിച്ചതു കാരണം തൊഴില്‍സാദ്ധ്യത വളരെ കുറവുമാണ്. സ്വതന്ത്രവല്‍ക്കരണം ഉപഭോക്തൃമേഖല ഉള്‍പ്പെടെ എല്ലാ മേഖലകളേയും തുറന്നു കൊടുത്തു. തൊഴില്‍സാദ്ധ്യത ഉപഭോക്തൃ മേഖലയിലാണല്ലോ വളരെ കൂടുതല്‍. അതു കാരണം ഉപഭോക്തൃ ചരക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ധ്വാനശേഷി, കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന് സാദ്ധ്യതയുണ്ട്. ഉല്പാദന ചങ്ങലയിലെ ഏറ്റവും അവസാനകണ്ണിയായ വിതരണരംഗത്താണ് തൊഴില്‍വര്‍ദ്ധന ഉണ്ടാകുന്നത്. അതുകൊണ്ടായിരിക്കാം സ്വകാര്യമേഖലയില്‍ ഉത്തേജനം ഉണ്ടായതും മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതും. രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചാനിരക്ക് കുറഞ്ഞു. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതുകൊണ്ടായിരിക്കാം ഇതുണ്ടായതെന്ന് അനുമാനിക്കുന്നു. സമീപകാലത്ത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടായ അസമത്വവും എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വളര്‍ച്ചയുമായിരിക്കണം ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയെ പിന്നോട്ടു വലിച്ചത്.

ചുരുക്കത്തില്‍ മദ്ധ്യവര്‍ഗ്ഗം മൊത്തം ജനസംഖ്യയില്‍ നാലിലൊരു ഭാഗമേയുള്ളൂ എങ്കിലും മദ്ധ്യവര്‍ഗ്ഗം ഇവിടെയൊരു ശക്തിയായി വളരാന്‍ തുടങ്ങിയെന്ന യാഥാര്‍ത്ഥ്യം നമുക്കു തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം തിരിച്ചറിവുകള്‍ നമുക്കു തരുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്? ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗം ജനസംഖ്യയിലെ ചെറിയ വിഭാഗമേ ആകുന്നുള്ളു എങ്കിലും, അവര്‍ ഒരു ന്യൂനപക്ഷമല്ല. മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും വൈവിധ്യവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു പ്രധാന സംഭവവികാസമാണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെ അവാന്തര വിഭാഗങ്ങളായുള്ള വേര്‍തിരിവ് മാത്രമല്ല മറ്റു തരത്തിലുള്ള വൈവിദ്ധ്യങ്ങളും വളരെ പ്രസക്തമാണ്. ഈ വൈവിദ്ധ്യത്തിന്റെ പ്രധാന കാരണങ്ങള്‍ ജോലി, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളാണ്. അല്ലാതെ പരമ്പരാഗത സമൂഹത്തെപ്പോലെ ജാതിയോ മതമോ ലിംഗപരമായ വ്യത്യാസങ്ങളോ അല്ല. എന്നിരുന്നാലും, വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും അടിസ്ഥാനത്തില്‍ മാത്രം തങ്ങളുടെ സ്വത്വം വെളിവാകണമെന്നില്ല. മദ്ധ്യവര്‍ഗ്ഗത്തിന്റെ പുരോഗമന സ്വഭാവം കൈവിട്ട രീതിയിലാണ് അവരുടെ സ്വഭാവത്തിലുണ്ടായ മാറ്റമെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ചരിത്രപരമായി പ്രസക്തമെന്നു തോന്നുന്ന ഒരു നിരീക്ഷണം കെ.എം. പണിക്കര്‍ നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക.

മദ്ധ്യവര്‍ഗ്ഗത്തിന്റെ ചരിത്രപരമായ പരിണാമഘട്ടത്തില്‍ കൊളോണിയല്‍ വാഴ്ചക്കാലത്തുണ്ടായ സമ്പര്‍ക്കത്തില്‍നിന്നാണ് വിശകലനം തുടങ്ങുന്നത്.ഫ്യൂഡല്‍ സംവിധാനത്തില്‍ മേല്‍ത്തട്ടുകാരുണ്ടെങ്കിലും ആധുനിക രാഷ്ട്രീയ ഭരണസംവിധാനത്തിന് ആവശ്യമായ വിദ്യാഭ്യാസം വേണ്ട ജോലികളും കൊളോണിയല്‍ സംവിധാനത്തിലുണ്ടായിരുന്നു. അവര്‍ ഒരു പരിധിവരെ പരമ്പരാഗത പൈതൃകത്തെ തിരസ്‌കരിക്കുകയും കൊളോണിയല്‍ സംസ്‌കാരത്തേയും മൂല്യങ്ങളേയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഭരണവും കൊളോണിയലിസവും വാര്‍ത്തെടുത്ത ബുദ്ധിജീവി വര്‍ഗ്ഗമായിരുന്നു ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗം. അതിനാല്‍ അവരുയര്‍ത്തിയ ആശയങ്ങളും വളര്‍ത്താന്‍ ശ്രമിച്ച സ്ഥാപനങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടവ ആയിരുന്നു. ഇന്ത്യയിലെ സാഹചര്യത്തിന്റെ ആവശ്യാര്‍ത്ഥം ഉണ്ടായതല്ല എന്നു സാരം.

അതുകൊണ്ടായിരിക്കാം ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം വെറും അനുകര്‍ത്താക്കളായി മാറിയത്. അതു മാത്രമല്ല, ഇവിടെ വളര്‍ന്നുവന്ന മദ്ധ്യവര്‍ഗ്ഗം പുതുമൂല്യങ്ങള്‍ ഉരുത്തിരിയാത്തതു കാരണം ആ സ്വഭാവ വിശേഷം തുടര്‍ന്നുപോന്നു. ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും ഒക്കെ സ്വാധീനം കൊണ്ടായിരിക്കണം ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം വെറും അനുകര്‍ത്താക്കളായി മാറിയത്. മദ്ധ്യവര്‍ഗ്ഗത്തിനുണ്ടാകേണ്ട പുരോഗമന ചിന്താഗതികള്‍ പുറകോട്ട് പോകാനുള്ള പ്രേരകശക്തി ഇതായിരിക്കാം.14
ഇന്ത്യന്‍ സാഹചര്യത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന് ദളിതരോടുള്ള മനോഭാവം വളരെയധികം ചര്‍ച്ച ചെയ്ത വിഷയമാണല്ലോ. തങ്ങളുടെ ഇടയിലേക്ക് ഒരു താഴ്ന്ന ജാതിക്കാരന്‍ കടന്നുവരുന്നത് അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല എന്നു മാത്രമല്ല, അവരെ അകറ്റിനിര്‍ത്താന്‍ എല്ലാ അടവുകളും പയറ്റുകയും ചെയ്യും.15 ഇവര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് തങ്ങളുടെ മേലധികാരിയായി വരുന്ന താഴ്ന്ന ജാതിയിലെ ജീവനക്കാരനെയാണ്. സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഒരു ഹരിജന്‍ ഓഫീസര്‍ റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹമിരുന്ന മുറി ചാണകം തളിച്ച് ശുദ്ധീകരിച്ചത് ഈ അടുത്തകാലത്തെ ഒരു വലിയ വാര്‍ത്ത ആയിരു ന്നുവല്ലോ. സ്ത്രീകളോടുള്ള കാഴ്ചപ്പാടും പഴയ മൂല്യങ്ങളില്‍നിന്നും വളരെയൊന്നും വ്യത്യസ്തമല്ല. കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യം പരമ്പരാഗത കുടുംബസംവിധാനത്തെ തകര്‍ക്കുമെന്ന ഭയം മദ്ധ്യവര്‍ഗ്ഗ പുരുഷന്മാരില്‍ ശക്തമാണ്. സ്ത്രീകളുടെ തുല്യതയെ അംഗീകരിക്കാതിരിക്കാനുള്ള പ്രധാന കാരണം ഈ ചിന്താഗതി ആയിരിക്കണം.16


1)Bhatia B.M, India's Middle class in Nation Building, Konark Publications Pvt. Ltd, 1994, New Delhi.
2)Lipset S.M (1959), Some Social Requisitions of Democracy and economic development, American Political Science Review, 69-105. 
3)Glacer et al (2004) Do Institutions cause Growth, Journal of Economic Growth, 9,271-303 
4)Thomas Gilbern, quoted in Bewganin Janut, Aristotle on politics, Newyork................. 1943
5) S.G. D.H. Cole, 'The conception of Middle class, British Journal of Sociology, vol. I, 1950. 
6)K.N. Raj (1973), 'The politics and economics of Intermediary Regemes.' EPW, July 1973.
7)Marx and Engels, Articles on Britian, selected works, vol. I, Moscow, 1950 
8)EMS Namboodiripad (1973), 'on the Inter mediate Regemes, Economical political weekly. 
9)അര്‍മേനിയ, അസന്‍ബജാന്‍, ബംഗ്ലാദേശ്, കമ്പോഡിയ, ജോര്‍ജിയ, ഇന്തോനേഷ്യ, മലേഷ്യ, മംഗോളിയ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിങ്ങനെ മറ്റു രാജ്യങ്ങള്‍. 
10)Mikinsey Global Institute (2007) 'Next Big spenders, The Indian Middle class' Newyork 19th May. 
11)Bhalla, Surgit 'The middle class effect on hitting the sweetspot available in http: Middleclass Growth in Emerging market. 
12)National council of Applied Economic Research (2005) available at http://www.NCAER
13)Meyar, Christian Dirostall (2012) New estimates of Indian Middle class Technical Note, centre for Rural Department. 
14)കെ.എന്‍. പണിക്കര്‍, കൊളോണിയലിസം, സംസ്‌കാരം, പാരമ്പര്യ ബുദ്ധിജീവികള്‍, ദേശാഭിമാനി ബുക്ക് ഹൗസ്, തിരുവനന്തപുരം. 
15)See Gopal guru, Dalit Middle Class Hangs In the Air in Intiaz Ahmed A & Helmut Reifeld Middle class values in India and Western Europe, Social Science Press New Delhi,
16)Katharina Poggen Clorf kakar, middle class formation and cultural constration in gender, Imtiaz Ahmed etal 'Middle class values in India, Social Science press New Delhi - 2001).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com