നളിനി ജമീലയുടെ പരാജയ പുസ്തകം

നളിനി ജമീലയുടെ 'റൊമാന്റിക് എന്‍കൗണ്ടര്‍സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍' (ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയാഭിമുഖങ്ങള്‍)
നളിനി ജമീലയുടെ പരാജയ പുസ്തകം

നളിനി ജമീലയുടെ 'റൊമാന്റിക് എന്‍കൗണ്ടര്‍സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍' (ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയാഭിമുഖങ്ങള്‍) എന്ന പുസ്തകത്തെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍, അരുന്ധതി റോയിയുടെ 'മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്' എന്ന രണ്ടാം നോവല്‍ കാത്തിരുന്ന അതേ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഞാന്‍ അല്പമെങ്കിലും സ്ഥൂലീകരിച്ചാണിത് പറയുന്നതെന്നു പ്രിയ വായനക്കാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഡല്‍ഹിയിലെ മിഡ് ലാന്‍ഡ് ബുക്‌സ്, അമൃത് ബുക്ക് ഡിപ്പോ, ഓസ്ഫോര്‍ഡ് ബുക്‌സ് എന്നിവിടങ്ങളിലെ മാനേജര്‍മാരോട് ഇക്കാര്യം ചോദിച്ചാല്‍ മതി. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ച വ്യക്തിയായ രേഷ്മാ ഭരദ്വാജിന്റെ പങ്കാളിയും പുസ്തകത്തിന്റെ രചനാ-സംവിധാനങ്ങളില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുള്ള എഴുത്തുകാരനുമായ ദിലീപ് രാജ് ഈ പുസ്തകത്തിന്റെ കവര്‍ചിത്രം ഒരു മാസത്തിനു മുന്‍പേ ഫേസ്ബുക്കില്‍ ഇട്ട അന്നു മുതല്‍ ഞാന്‍ അന്വേഷിക്കുകയായിരുന്നു ഇതിനെ. അതിനൊരു കാരണമുണ്ട്; രണ്ടായിരത്തി അഞ്ചാമാണ്ടിലാണ് നളിനി ജമീലയുടെ ആദ്യപുസ്തകമായ 'ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' പുറത്തുവരുന്നത്. കേരളത്തില്‍ വലിയ 'സെന്‍സേഷന്‍' സൃഷ്ടിച്ച ഒരു പുസ്തകമായിരുന്നു അത്. 

വിവാദം ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്നെ ബാധിച്ചില്ലെങ്കിലും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം മലയാളികള്‍ക്കിടയില്‍ നിന്നാല്‍ മാത്രം പോരാ എന്നും അതൊരു പാന്‍ ഇന്ത്യന്‍ വായനാ സമൂഹത്തില്‍ എത്തണം എന്നുമുള്ള ആഗ്രഹങ്ങള്‍ എന്നിലുളവാകുകയും അതനുസരിച്ചു പുസ്തകരചയിതാവിനെയോ പ്രസാധകരായ ഡി.സി ബുക്‌സിനെയോ ബന്ധപ്പെടാതെ ഞാന്‍ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഏതാണ്ട് രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. രവി ഡി.സി ഡല്‍ഹിയില്‍ വന്നപ്പോള്‍ ഞാന്‍ ചെന്നു കാണുകയും എന്റെ വിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയും അത് പ്രസിദ്ധീകരിക്കാന്‍ വേണ്ട സഹായങ്ങള്‍ വേണമെന്ന് പറയുകയും ചെയ്തു. രവി ഡി.സി വിശ്വസിക്കാനാകാത്ത പോലെ എന്നെ നോക്കി ഇങ്ങനെ പറഞ്ഞു: ''രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനായി മറ്റൊരാളെ ഏല്‍പ്പിച്ചത്. താമസിയാതെ അത് ഒരു പ്രധാന ഇംഗ്ലീഷ് പ്രസാധകര്‍ പുറത്തിറക്കും.'' എനിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ആരോടും ചോദിക്കാതെയാണല്ലോ ഞാനത് ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞാണ് 'ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' (ആട്ടോബയോഗ്രാഫി ഓഫ് എ സെക്‌സ് വര്‍ക്കര്‍) വെസ്റ്റ്ലാന്‍ഡ് പുറത്തിറക്കുന്നത്; ജെ. ദേവികയാണ് അതിന്റെ പരിഭാഷ നിര്‍വ്വഹിച്ചത്. നളിനി ജമീലയുടെ പുസ്തകത്തിനു ഞാന്‍ നല്‍കിയ പരിഭാഷ ആയിരുന്നില്ല പുറത്തുവന്നതെങ്കിലും വിചിത്രമെന്നു പറയട്ടെ, എന്റെ സാഹിത്യ ജീവിതത്തില്‍ വിവര്‍ത്തനത്തിന്റെ ഒരു അദ്ധ്യായം ഇതോടെ തുറന്നു. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ പതിമൂന്നു പുസ്തകങ്ങള്‍ ഞാന്‍ ഡി.സിക്ക് വേണ്ടി വിവര്‍ത്തനം ചെയ്തു. അങ്ങനെ നളിനി ജമീലയുടെ പുസ്തകവുമായി എനിക്കൊരു ബന്ധമുണ്ടായി. അതുകൊണ്ടാണ്, അവരുടെ രണ്ടാമത്തെ പുസ്തകത്തിനായി ഞാന്‍ ഇത്രയധികം വേപഥു കൊള്ളുകയും പുസ്തകശാലകളിലേയ്ക്ക് നിരന്തരം വിളിക്കുകയും ചെയ്തത്.

പ്രാദേശിക ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യത്തിനാണ് (സാഹിത്യം എന്നു പറയുമ്പോള്‍ ലിറ്റററി എക്‌സ്പ്രഷന്‍ എന്നേ ഇപ്പോള്‍ അര്‍ത്ഥമുള്ളൂ. സാഹിത്യത്തിന്റെ ക്ലാസ്സിക്കല്‍ അര്‍ത്ഥം വളരെയേറെ മാറിക്കഴിഞ്ഞിരിക്കുന്നു) കൂടുതല്‍ ആത്മാവുള്ളത് എന്നൊരു വാദം നിലനില്‍ക്കുന്നത് കൊണ്ടു മാത്രമല്ല, ഇന്നു പ്രാദേശിക ഭാഷകളില്‍ ഉണ്ടാകുന്ന സാഹിത്യ ശ്രമങ്ങള്‍ പലതും ലിങ്ക് ലാംഗ്വേജ് (സേതു ഭാഷ എന്ന് ഞാന്‍ ഇതിനെ പരിഭാഷ ചെയ്യുന്നു) ആയ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നത്. ഈ പരിഭാഷകള്‍ക്കു കാരണമായി എടുത്തുകാട്ടാവുന്ന പ്രധാന കാരണങ്ങള്‍ മൂന്നെണ്ണമാണ്. ഒന്നാമതായി, വളരെ ആദര്‍ശാത്മകമായ ഒരു ബഹുസ്വരത ഇന്ത്യയിലെ മുന്‍ഭരണകൂടങ്ങളും ഒരു നയം എന്ന നിലയില്‍ അക്കാദമികളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. താരതമ്യ സാഹിത്യവും മൊഴിമാറ്റ സാഹിത്യവും ഈ ബഹുസ്വരത നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേണ്ട രണ്ടു സാംസ്‌കാരിക വഴികളാണ്. അതിനാല്‍ പ്രാദേശിക ഭാഷകളിലെ സാഹിത്യം കാര്യക്ഷമമായി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങി. രണ്ടാമതായി, ഇന്ത്യയുടെ ആഭ്യന്തര സാഹിത്യ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് തൊണ്ണൂറുകളുടെ മദ്ധ്യം വരെയും കേവലം അക്കാദമികമായ ഒരു താല്‍പ്പര്യം മാത്രമായിരുന്നെങ്കില്‍ ഇന്ന് അത് ഒരു വലിയ വ്യവസായമേഖല കൂടിയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ തനതായി എഴുതപ്പെടുന്ന സാഹിത്യവും ഇതര ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്ന സാഹിത്യവും വായിക്കാന്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു വായനാസമൂഹം ഉണ്ടായിരിക്കുന്നു. മൂന്നാമതായി, ഇന്ത്യന്‍ പ്രസാധകരംഗം ഇന്നു ലക്ഷ്യമിടുന്നത് കേവലം ആഭ്യന്തര വിപണിയെ മാത്രമല്ല. ഇന്ത്യയിലെ സാഹിത്യത്തിന് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ ഒരു വിപണിയെക്കൂടി ഇത് ലക്ഷ്യമിടുന്നുണ്ട്. ഈ അന്താരാഷ്ട്ര വിപണി എന്നത് കേവലം ഒരു വശത്തേയ്ക്കുള്ള സാഹിത്യത്തിന്റെ ഒഴുക്ക് മാത്രമല്ല ഇന്ന്. എത്രമാത്രം അന്താരാഷ്ട്ര സാഹിത്യം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്ത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുവോ അതിനെക്കാളേറെ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യം ഇന്ന് ആഗോള വിപണിയിലേക്ക് എത്തുന്നുണ്ട്. ഇതിനെ നാം ഉദാത്ത സാഹിത്യത്തിന്റെ വളര്‍ച്ച എന്ന നിലയില്‍ കാണുന്നതിനു പകരം ബഹു ജ്ഞാന വ്യവസ്ഥകളുടെ ലിറ്റററി എക്‌സ്പ്രഷന്‍ എന്ന നിലയില്‍ കാണുന്നതാകും നല്ലത്.

വിപണി ലക്ഷ്യമിടുമ്പോള്‍
നളിനി ജമീലയുടെ രണ്ടാമത്തെ പുസ്തകം മലയാളത്തില്‍ പറയപ്പെടുകയും മലയാളത്തില്‍ രേഖപ്പെടുത്തപ്പെടുകയും ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട് ഇംഗ്ലീഷ് ഒറിജിനല്‍ കൃതിയായി പ്രസാധനം ചെയ്യപ്പെടുകയും ചെയ്ത ഒരു കൃതിയാണ്. അതായത്, ഒരു മലയാള കൃതി ആദ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് അത് മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു (താമസിയാതെ മലയാളം പരിഭാഷ/ വേര്‍ഷന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം). ഒരു പക്ഷേ, ഇത് ആദ്യമായിട്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഇവിടെ കൃതിയുടെ പാഠത്തിനുള്ളില്‍ ഒരു ചെറിയ 'വിപ്ലവം' നടക്കുന്നുണ്ട്. അതായത്, വിവര്‍ത്തനം ചെയ്യപ്പെട്ട ഒറിജിനല്‍ മലയാള കൃതി അല്ല ഇംഗ്ലീഷ് രൂപത്തില്‍ വന്നിരിക്കുന്നത്. ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് ആവശ്യമായ ചില ഭാഷാപരമായ നീക്കുപോക്കുകള്‍ പാഠത്തില്‍ ഉണ്ടായിരിക്കാം. ഈ പുസ്തകത്തിന്റെ മലയാളം ഒറിജിനല്‍ പ്രസിദ്ധീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിവര്‍ത്തനത്തിന് ആധാരമായ ഒറിജിനല്‍ കയ്യെഴുത്തു പ്രതിയും പ്രസിദ്ധീകൃതമായ ഇംഗ്ലീഷിനോട് നീതിപുലര്‍ത്തുന്ന മലയാളം വിവര്‍ത്തനവും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. കാരണം അതൊരു വിവര്‍ത്തനത്തിന്റെ 'കെണിയാണ്.' ഒരു ഭാഷയില്‍നിന്നു പുറത്തേയ്ക്കു പോയി അന്യഭാഷയിലേക്ക് പ്രവേശിക്കുന്ന ഒരു പാഠം, തിരികെ മൂലഭാഷയിലേയ്ക്ക് തിരികെ വരുമ്പോള്‍ അല്പം മാറിയാകും വരുന്നത്; ദുബായിലേക്ക് പോയ രമേശന്‍ അല്ലല്ലോ തിരികെ വരുന്ന രമേശന്‍. ചുരുക്കിപ്പറഞ്ഞാല്‍ നളിനി ജമീലയുടെ ഈ പുസ്തകം വിവര്‍ത്തന സംബന്ധിയായ ഒരു പ്രശ്നം മുന്നോട്ടു വെയ്ക്കുന്നു. അത് അക്കാദമികമായ ഒരു പ്രശ്‌നമാണെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് ഇത് ആദ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത് എന്ന ചോദ്യം പ്രസക്തമാകുന്നു.

നളിനി ജമീല ഇന്ന് ഒറ്റപ്പെട്ട ഒരു ലൈംഗികത്തൊഴിലാളി അല്ല. അവര്‍ ഒരു ഡോക്യുമെന്ററി ഫിലിം സംവിധായികയും കേരള ലൈംഗികത്തൊഴിലാളി ഫോറത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയും ആണ്. അവരുടെ ആദ്യത്തെ പുസ്തകം തന്നെ 40,000 കോപ്പികളില്‍ അധികം വിറ്റഴിയുകയും ഇംഗ്ലീഷ്, ഫ്രെഞ്ച്, ഹിന്ദി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ നളിനി ജമീല ഇന്ന് കേരളത്തിനു പുറത്തുള്ള (ഒരു പരിധിവരെ ആഗോള തലത്തിലുമുള്ള) ഒരു വായനാ സമൂഹത്തിനു സുപരിചിതയാണ് (ഇതെന്റെ നേരനുഭവമാണ്. എവിടെയെല്ലാം നളിനി ജമീല എന്നു ഞാന്‍ പറഞ്ഞുവോ, അവിടെയെല്ലാം അവര്‍ എന്റെ മുന്നില്‍ ആദ്യപുസ്തകം ഇംഗ്ലീഷിലോ ഹിന്ദിയിലോ എടുത്തുവെച്ചു. എം.ടി. വാസുദേവന്‍ നായര്‍ക്കോ തകഴിക്കോ പോലും ഇത്തരം ഒരു 'പരിചിതത്വം' കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുസ്തകശാലയ്ക്കു പുറത്തു കിട്ടുമോ എന്ന കാര്യത്തില്‍ എനിയ്ക്കു സംശയമുണ്ട്.) ആ വായനാ സമൂഹത്തിന്റെ മുന്നിലേക്കാണ് മുന്നുപാധികളില്ലാത്ത ഇംഗ്ലീഷ് പുസ്തകം തന്നെ നളിനി ജമീലയുടേതായി എത്തിച്ചു കൊടുക്കുന്നത്. കേരളത്തിലെ മൊത്തം വായനക്കാരുടെ എണ്ണത്തെക്കാള്‍ ഏറെയുണ്ടാകും അഖിലേന്ത്യാ-അഖില ലോകവിപണിയിലെ ഉപഭോക്താക്കളുടെ എണ്ണം എന്ന വളരെ ലളിതമായ കണക്കുകൂട്ടല്‍ തന്നെയാണ് ഈ പുസ്തകം ആദ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ കാരണം. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നതാണ് പുസ്തകവിപണി എന്നറിയുമ്പോള്‍ ഇതൊരു കുറ്റപ്പെടുത്തലായി കാണേണ്ടതില്ല; മറിച്ച്, ഇതിന്റെ സാഹിത്യഗുണം കൊണ്ടാണ് ആദ്യമേ ഇംഗ്ലീഷില്‍ത്തന്നെ പ്രസിദ്ധീകരിച്ചതെന്ന അവകാശവാദം ആരും ഉന്നയിക്കാതിരുന്നാല്‍ മാത്രം മതി. സാഹിത്യഗുണം ഇല്ലെങ്കില്‍ മലയാളമുള്‍പ്പെടെയുള്ള മിക്കവാറും ഭാഷകളില്‍ ഒരേ സമയം പ്രസിദ്ധീകരിച്ചാലും പുസ്തകം പരാജയപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനുള്ള മികച്ച തെളിവാണല്ലോ ജനപ്രിയ എഴുത്തുകാരനായ പാവ്ലോ കൊയ്ലോയുടെ 'അഡല്‍റ്ററി' എന്ന പുസ്തകം.
ഈ പുസ്തകത്തിന്റെ സാഹിത്യഗുണത്തെക്കുറിച്ചോ മറ്റേതെങ്കിലും വശത്തെക്കുറിച്ചോ ഒരു തരത്തിലുമുള്ള മുന്‍ ധാരണകളും വെച്ച് പുലര്‍ത്താതെയാണ്, തികഞ്ഞ നിര്‍മ്മമത്വത്തോടെ ഞാനീ പുസ്തകം വായിച്ചത്. ഓരോ പേജ് വായിച്ചു കഴിയുമ്പോഴേയ്ക്കും എന്റെ നിരാശ കൂടിക്കൂടി വന്നു. പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അതിനെ എടുത്ത് ഒരേറു വെച്ച് കൊടുക്കാന്‍ തോന്നി. എം. കൃഷ്ണന്‍ നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ''ഞാന്‍ പണം കൊടുത്തു വാങ്ങിയതാണല്ലോ'' എന്ന ഒരൊറ്റ പരിഗണനയാലാണ് അതിപ്പോഴും എന്റെ ഷെല്‍ഫില്‍ ഇരിക്കുന്നത്. ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന ഒന്നാം പുസ്തകത്തില്‍ നളിനി ജമീല സംസാരിച്ചത് ഹൃദയത്തിന്റെ ഉള്ളില്‍ നിന്നായിരുന്നെങ്കില്‍ ഈ പുസ്തകം പറഞ്ഞുകൊടുത്തിരിക്കുന്നത് കേവലം തൊലിപ്പുറത്തുനിന്നാണ്. ഒന്നാം പുസ്തകത്തില്‍ പറഞ്ഞതിന്റെ കുറേക്കൂടി വിപുലമായ ആഖ്യാനമോ പറയാത്ത ചില കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളോ ഒക്കെയാണ് നളിനി ജമീലയുടെ ''പ്രണയാഭിമുഖങ്ങളില്‍' ഉള്ളത്. ഒന്നാമതായി ഈ പുസ്തകം രചിച്ചത് തന്നെ ഒരു വലിയ വായനാ സമൂഹത്തിനു വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. രണ്ടാമതായി, ഈ പുസ്തകത്തിന്റെ സംവിധാനം കാമസൂത്ര എന്ന ഗര്‍ഭനിരോധന ഉറയുടെ രൂപത്തിലാണ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ കവര്‍ ലേ ഔട്ട് തന്നെ വളരെ തരം താണ സൗന്ദര്യാനുശീലനങ്ങളെയാണ് പിന്തുടരുന്നത്. 'സെക്‌സ്' എന്ന വാക്ക് ഏറ്റവും അധികം വിറ്റഴിയപ്പെടുന്നതും ഗൂഗിളില്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കാണെന്നും ഉള്ള മുന്നറിവിലാണ് ഈ കവര്‍ ചിത്രത്തിന്റെ സംവിധാനം. വില്‍ക്കാന്‍ വേണ്ടി എന്ത് പ്രചാരണ തന്ത്രവും സ്വീകരിക്കാം എന്നിരിക്കെ, പുസ്തകത്തിന്റെ മൊത്തം അവതരണം എന്നതില്‍ സ്ത്രീ സ്വാതന്ത്ര്യ വിചാരങ്ങളുടേതായ ഒരു അന്തര്‍ധാര എന്ന തരത്തില്‍ വേഷം മാറിയ ഹിപ്പോക്രിസി അടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.

നളിനി ജമീലയുടെ കര്‍ത്തൃത്വം
ഈ പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്ന രേഷ്മാ ഭരദ്വാജ്, തനിക്കും ദിലീപിനും ബൈജു നാരായണനും വേണമെങ്കില്‍ സഹ എഴുത്തുകാര്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെടാമായിരുന്നു എന്ന് പറയുന്നുണ്ട്. പക്ഷേ, അത് നളിനി ജമീലയുടെ പുസ്തകം തന്നെ എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും അവര്‍ പറയുന്നു. പുസ്തകത്തിന്റെ മുന്‍ ചട്ടയ്ക്കുള്ളില്‍ നളിനി ജമീലയുടെ വലിയൊരു ചിത്രമുണ്ട്. പിന്‍ചട്ടയുടെ ഉള്ളില്‍ രേഷ്മാ ഭരദ്വാജിന്റെയും അത്ര തന്നെ വലിപ്പമുള്ള ചിത്രവുമുണ്ട്. ഇപ്പോള്‍ വലിയ സാഹിത്യ അവാര്‍ഡുകള്‍ എല്ലാം തന്നെ പുരസ്‌കാരത്തുക വിവര്‍ത്തകര്‍ക്കു കൂടി തുല്യമായി പങ്കുവെക്കുന്നുണ്ട്; അതായത്, വിവര്‍ത്തകര്‍ എന്നത്, സഹ എഴുത്തുകാരന്‍/കാരി കൂടിയാണെന്നു പറയാതെ പറയുന്നു. സഹ എഴുത്തുകാരിയാണെന്ന് രേഷ്മാ ഭരദ്വാജ് അവകാശപ്പെടാതെ തന്നെ അവരെ സഹ എഴുത്തുകാരിയാണെന്ന് അടയാളപ്പെടുത്താനുള്ള വക പുസ്തകത്തിന്റെ ആമുഖ ലേഖനങ്ങള്‍ ഒന്നില്‍ രേഷ്മാ ഭരദ്വാജ് പറയുന്നുണ്ട്. നളിനി ജമീലയുടെ ആമുഖ ലേഖനമാകട്ടെ, അവര്‍ ഇതുവരെ പറഞ്ഞതില്‍നിന്നു പുതുതായി ആരെക്കുറിച്ചും തനിക്കു പറയാനില്ല എന്ന സൂചന കൂടി നല്‍കുന്നു. 'ലൈംഗികത്തൊഴിലാളി കൂടിയായ എഴുത്തുകാരി' എന്നാണ് രേഷ്മാ ഭരദ്വാജിന്റെ മുഖലേഖനത്തിന്റെ തലക്കെട്ട്. ഇതിനെ വേണമെങ്കില്‍ എഴുത്തുകാരി കൂടിയായ ലൈംഗിക തൊഴിലാളി എന്നുകൂടി നമുക്ക് വായിച്ചെടുക്കാം. നളിനി ജമീലയുടെ കര്‍ത്തൃത്വം വളരെ സന്ദിഗ്ദ്ധമായ നിലയില്‍ത്തന്നെ നിര്‍ത്തുകയാണ് വിവര്‍ത്തക ചെയ്യുന്നത്. ഇതില്‍ എഴുത്തുകാരി എന്ന കര്‍ത്തൃത്വത്തിനാണോ അതോ ലൈംഗിക തൊഴിലാളി എന്ന കര്‍ത്തൃത്വത്തിനാണോ പ്രാധാന്യം? രണ്ടാമതെത്തില്ലെങ്കില്‍, ആദ്യത്തേത് ഉണ്ടാകുമോ? ആദ്യത്തേത് ആണെങ്കില്‍ രണ്ടാമത്തേത് ആകാനുള്ള സാധ്യത ഉണ്ടോ?

ഒരു എഴുത്തുകാരി എന്ന നിലയില്‍ നളിനി ജമീല പരാജയപ്പെടുകയാണ് ഈ പുസ്തകത്തില്‍. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍, നളിനി ജമീലയെ രേഷ്മാ ഭരദ്വാജും സംഘവും പരാജയപ്പെടുത്തുകയാണ്. കാരണം ആമുഖ ലേഖനത്തില്‍ രേഷ്മ തനിക്ക് ഒരു ലൈംഗിക തൊഴിലാളി ആകാനുള്ള ആഗ്രഹമുണ്ടായതിനെക്കുറിച്ചും നളിനി ജമീലയുമൊത്തു പ്രവര്‍ത്തിക്കുന്ന വേളയില്‍ അവരില്‍നിന്നു ലൈംഗികത്തൊഴിലിന്റെ ആദ്യപാഠങ്ങള്‍ താന്‍ എങ്ങനെ പഠിച്ചുവെന്നും രേഷ്മ പറയുന്നു. പക്ഷേ, ഓരോ ഘട്ടത്തിലും താന്‍ ഒരു ലൈംഗികത്തൊഴിലാളി ആകുന്നതില്‍നിന്നു പിന്മാറുകയാണ്. തനിക്ക് അതിനു കഴിയില്ല, അല്ലെങ്കില്‍ താന്‍ അതല്ല എന്ന ബോധം രേഷ്മയെ അത്തരമൊരു തീരുമാനത്തില്‍നിന്നു പിന്മാറ്റുന്നു. ഇതിനെ ഒരു ഭീരുത്വമായി അവതരിപ്പിക്കാത്ത രേഷ്മ, നളിനി ജമീലയെ ഒരു അപരമായി ആമുഖത്തില്‍ത്തന്നെ സൃഷ്ടിച്ചു വെയ്ക്കുന്നു. (ലൈംഗികത്തൊഴില്‍ ചെയ്യാന്‍ കഴിയാത്തത് ഒരു ഭീരുത്വമായി എണ്ണപ്പെടേണ്ടത്, മധ്യവര്‍ഗ്ഗ സദാചാരത്തോട് കലാപം ചെയ്യുന്നതിനായി ഇറങ്ങിത്തിരിക്കുകയും ഒടുവില്‍ തനിക്കതിനു കഴിയില്ല എന്നു പറഞ്ഞു പിന്മാറുകയും ചെയ്യുമ്പോഴാണ്. സായുധവിപ്ലവത്തിന് ഇറങ്ങുന്നവര്‍ കാടും തോക്കും കാണുമ്പോള്‍ പിന്മാറുന്നതിനെ ഭീരുത്വം എന്നല്ലാതെ വേറെ ഏതു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്?) അപ്പോള്‍, നളിനി ജമീലയെ 'പോലുള്ള' ഒരാള്‍ക്കേ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ കഴിയൂ എന്ന് രേഷ്മാ ഭരദ്വാജ് ആദ്യമേ തന്നെ നിജപ്പെടുത്തുന്നു. അങ്ങനെ തന്നില്‍നിന്നും അപരമായ ഒരു കര്‍ത്തൃത്വത്തിന്റെ ചെലവില്‍ ചെറിയ ഒരു വിപ്ലവം നടത്തുക എന്ന ടിപ്പിക്കല്‍ മധ്യവര്‍ഗ്ഗ തന്ത്രമാണ് വിവര്‍ത്തക ഇതില്‍ എടുത്തിരിക്കുന്നത്. ഒരു പക്ഷേ, തനിക്ക് സഹ എഴുത്തുകാരിയാകാന്‍ ആഗ്രഹമില്ല എന്ന തീരുമാനം പോലും വരുന്നത് ഈ അപരവല്‍ക്കരണം എന്ന സാധ്യതയില്‍നിന്നാണ്.

മാംസനിബദ്ധമല്ല രാഗം എന്ന് കുമാരനാശാന്‍ പാടി. മാംസനിബദ്ധമല്ലാത്ത രാഗം മാനവ ഹൃദയത്തിലില്ലാ എന്ന് ചങ്ങമ്പുഴയും അദ്ദേഹത്തിന്റെ സ്‌കൂളില്‍ പെട്ട കവികളും വിശ്വസിച്ചു. ഈ രണ്ടു നിലപാടുകള്‍ക്കും അവയുടേതായ തീവ്രതാവാദ സ്വഭാവം ഉണ്ട്. മനുഷ്യന്‍ ജീവിക്കുന്നത് മധ്യമാര്‍ഗ്ഗികള്‍ ആയിട്ടാണ്. മധ്യമാര്‍ഗ്ഗത്തിനു കാമ ക്രോധ ലോഭ മോഹാദികളില്‍നിന്നു വിട്ടു നില്‍ക്കാനും കഴിയില്ല. എന്നാല്‍, പ്രണയവും രതിയും രണ്ടാണ്; പ്രണയത്തിനു രതി എന്ന ഉപാധിയോ രതിക്കു പ്രണയം എന്ന ഉപാധിയോ അനിവാര്യമല്ല. എന്നാല്‍, പ്രണയമില്ലാത്ത രതിയും രതിയില്ലാത്ത പ്രണയവും ഉപ്പില്ലാത്ത കഞ്ഞിപോലെ തന്നെയാണ്. എന്നാല്‍ ഉപ്പില്ലാതെ കഞ്ഞി കുടിക്കുന്നവര്‍ ധാരാളമുണ്ട്. എങ്കിലും പ്രണയം അല്ലെങ്കില്‍ പ്രേമം എന്ന ഒരു പരികല്പന/സംവര്‍ഗ്ഗം ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം വരുന്ന പേലവത്വം അതുമായി ബന്ധപ്പെട്ട വിവിധ സാഹിത്യ-ചിത്രകലാ- സിനിമാ -ബാലെ -നാടക -ഒപ്പോറാ -സംഗീത ആഖ്യാനങ്ങള്‍ ഒക്കെ അതിനെ കാണുന്നതിനും മനസ്സിലാക്കുന്നതിനും ഒരു ഫ്രെയിം ഒരുക്കിത്തരാറുണ്ട്. പ്രണയം എന്നത് അഗാധമായ ജീവിത ദര്‍ശനങ്ങളേയും യാഥാര്‍ത്ഥ്യങ്ങളേയും ഒരുപോലെ അവതീര്‍ണ്ണമാക്കുന്നതാണ്. റോമിയോ -ജൂലിയറ്റ് മുതല്‍ മാര്‍ക്‌സ് -ജെന്നി വരെയും സാര്‍ത്ര് -സിമോണ്‍ ഡി ബുവര്‍ മുതല്‍ കാഫ്ക - ഫെലിസ് ബൗര്‍ വരെയും അങ്ങനെ എത്രയോ പ്രണയങ്ങള്‍ നാം കണ്ടിരിക്കുന്നു. ഒരു സൗകര്യത്തിനു വേണ്ടിയുണ്ടാകുന്ന ബന്ധങ്ങളെ എങ്ങനെ പ്രണയം എന്നു വിളിക്കാന്‍ കഴിയും? നളിനി ജമീല ഈ പുസ്തകത്തില്‍ വിവരിക്കുന്ന പ്രണയം വളരെ ഉപരിപ്ലവവും അവര്‍ക്കു ലൈംഗികത്തൊഴില്‍ ചെയ്യുന്നതിനുവേണ്ടിയുള്ള ചില സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ അധിഷ്ഠിതവുമാണ്. ഒരു തരത്തിലും ആഴമുള്ള ബന്ധങ്ങളേയോ അതുളവാക്കുന്ന മാനസിക വ്യാപാരങ്ങളേയോ ഈ പുസ്തകം വ്യക്തമാക്കുന്നില്ല എന്നു മാത്രമല്ല, നളിനി ജമീലയെക്കുറിച്ച് നമുക്ക് ആദ്യത്തെ പുസ്തകത്തില്‍ തോന്നിയ മതിപ്പ് തീരെ കുറഞ്ഞു പോവുകയും ചെയ്യും.
എന്നാല്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയബന്ധങ്ങള്‍ക്കു രമണന്‍ - ചന്ദ്രികയുടെ പാവനതയും മജീദ് - സുഹ്‌റയുടെ ദുരന്തബോധവും ഒക്കെ ഉണ്ടാകണം എന്നു വാശിപിടിക്കാന്‍ കഴിയില്ല. പക്ഷെ, ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, നളിനി ജമീലയുടെ 'പ്രണയബന്ധങ്ങള്‍' ഒരു തരത്തിലും മാനസികോന്നമനം തരികയോ ആ ബന്ധങ്ങളുടെ ആഖ്യാനം രചയിതാവിനെക്കുറിച്ചു മറ്റൊരു ഡയമെന്‍ഷന്‍ വായനക്കാരില്‍ സൃഷ്ടിക്കാന്‍ ഉതകുകയോ ചെയ്യുന്നില്ല എന്നതാണ്. അതേസമയം ഈ പുസ്തകത്തെ സന്ദര്‍ഭവല്‍ക്കരിച്ചതില്‍ രേഷ്മാ ഭരദ്വാജിനും സംഘത്തിനും ഉണ്ടായ വീഴ്ച എന്നത്, അവര്‍ നളിനി ജമീലയെ ആഴമുള്ള ഒരു ചരിത്ര പരമ്പരയില്‍ കണ്ണിചേര്‍ത്തില്ല എന്നതാണ്. ലോകത്ത് വളരെ പ്രശസ്തരായ പല സ്ത്രീകളും 'ലൈംഗികത്തൊഴിലിലൂടെ' വലിയ ചരിത്രങ്ങളെ വിശകലനം ചെയ്യുകയും അവയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ വളരെ പ്രശസ്തയായ ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു ആനി സ്പ്രിങ്കിള്‍. അവര്‍ പില്‍ക്കാലത്ത് അമേരിക്കയിലെ ഒരു പ്രധാന സാംസ്‌കാരിക ബിംബം ആയിമാറി. സിനിമാ സംവിധായിക, ടെലിവിഷന്‍ ഹോസ്റ്റ്, എഴുത്തുകാരി തുടങ്ങി വിവിധ തലങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുക മാത്രമല്ല, മനുഷ്യ ലൈംഗികത എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു. അമേരിക്കന്‍ ക്യൂറേറ്ററായിരുന്ന കാതറിന്‍ കൂ, ഇത്തരത്തില്‍ കലാരംഗത്തെ പ്രമുഖരെ അടുത്തറിയുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത സ്ത്രീയാണ്. ഇത്തരത്തില്‍, ഒരു പരിസ്ഥിതിയുടെ ഉള്ളില്‍ നിറുത്തി നളിനി ജമീലയെ ചര്‍ച്ച ചെയ്യുവാന്‍ രേഷ്മാ ഭരദ്വാജിനു കഴിഞ്ഞില്ല എന്നു മാത്രമല്ല, ആദ്യപുസ്തകത്തില്‍ നളിനി ജമീലയ്ക്കു ലഭിച്ച സ്വതന്ത്ര വ്യക്തി എന്ന പ്രതിച്ഛായ ഈ പുസ്തകത്തോടെ തകരുകയും ചെയ്യുന്നു. അവര്‍ പ്രണയം എന്നു പറയുന്നതെല്ലാം പുരുഷാധിപത്യത്തിനു വഴിപ്പെട്ട് ചൂഷണം ചെയ്യപ്പെടല്‍ മാത്രമായിരുന്നു എന്നു നാം തിരിച്ചറിയുന്നു. രണ്ടായിരത്തി പതിനെട്ടില്‍ ഇറങ്ങിയ ഏറ്റവും മോശപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു പുസ്തകമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com