ഉദയകുമാര്‍ വിധി: പൊലീസിന് കിട്ടേണ്ട ശിക്ഷയും ശിക്ഷണവും

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഉണ്ടായ കോടതിവിധി നമ്മുടെ പൊലീസിനെക്കുറിച്ച് ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്
ഉദയകുമാര്‍ വിധി: പൊലീസിന് കിട്ടേണ്ട ശിക്ഷയും ശിക്ഷണവും

ന്ത്രണ്ട്‌ കൊല്ലം മുന്‍പൊരു ഓണക്കാലത്ത് കൂലിപ്പണി ചെയ്തും ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റും ജീവിച്ച ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ വിധിയറിഞ്ഞ് മാധ്യമങ്ങള്‍ അയാളുടെ വീട്ടിലെത്തുമ്പോള്‍ പ്രഭാവതിയമ്മയ്ക്ക് ഇതാണെന്റെ മകനെന്നു ചൂണ്ടിക്കാണിക്കാന്‍ അവന്റെ ഒരു ഫോട്ടോ പോലുമില്ല. അമര്‍ത്തിയുരുട്ടിയ ഇരുമ്പ്ദണ്ഡുകള്‍ ജീവന്റെ അവസാനത്തുള്ളിയും ഊറ്റിയെടുത്ത് വെറുമൊരു ചതഞ്ഞ മാംസക്കഷണമായി മാറിയ ഉദയകുമാറിന്റെ, പത്രങ്ങളില്‍ അച്ചടിച്ചുവന്ന നെഞ്ചുപിളര്‍ക്കുന്ന പടം മാത്രമാണ് കണ്ണീരുവറ്റിയ ആ അമ്മ ഇന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന പൊന്നുമകന്റെ ചിത്രം. ദരിദ്രനായ ആക്രിക്കെവിടുന്നാണ് 4000 രൂപ കിട്ടിയത് എന്ന കുറ്റാന്വേഷണ വിദഗ്ദ്ധരുടെ മോസ്റ്റ് ഇന്റലിജന്റ് ക്വസ്റ്റിനാണ് ഉദയകുമാറിനെ പ്രതിയാക്കിയത്. പട്ടിണിക്കാരനാണെങ്കില്‍ പണം കിട്ടിയത് മോഷ്ടിച്ചുതന്നെയെന്ന പൊലീസിന്റെ പൊതുബോധബുദ്ധി കൂടിച്ചേര്‍ന്നപ്പോള്‍ കസ്റ്റഡിയിലെടുക്കാനുള്ള വകുപ്പുമായി. ഒടുവില്‍ സാമ്പ്രദായിക പൊലീസ് മുറയില്‍ ഉദയകുമാര്‍ ഓര്‍മ്മയായി. ദരിദ്രനല്ലായിരുന്നെങ്കില്‍ ഉദയകുമാറിനു ജീവന്‍ നഷ്ടപ്പെടുമായിരുന്നോ എന്നത് ഉരുട്ടിക്കൊലയുടെ 12-ാം കൊല്ലത്തിലും ഉയരുന്ന ഒരു പ്രധാന ചോദ്യമാണ്. എന്നാല്‍, അതില്‍ മാത്രം ഒതുങ്ങുന്നതല്ല ഉദയകുമാര്‍ ഉരുട്ടിക്കൊല വിധിയും അതിന്റെ മാനങ്ങളും എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ പൊലീസുകാര്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധി സമൂഹത്തിന്റെ മനസ്സാക്ഷിയും ഭരണകൂടത്തിന്റെ മദ്ധ്യസ്ഥരും ഉത്തരം പറയേണ്ട ഒട്ടനവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഇന്ന് ഒരമ്മയുടെ വിജയം, പഴികേട്ടു മരവിച്ച ഒരു സേനയുടെ വീണ്ടുവിചാരത്തിനും മരവിച്ചു മരിച്ചുപോയ ഒരു സമൂഹമനസ്സിന്റെ വീണ്ടെടുപ്പിനും സഹായിക്കുമോ എന്നന്വേഷിക്കുന്നതും. 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വ്വീസിലിരിക്കെ രണ്ട് പൊലീസുകാര്‍ക്ക് വധ ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിടുന്നത്. അതുകൊണ്ടുതന്നെയാവാം ഉദയകുമാര്‍ കൊല്ലപ്പെട്ടിട്ട് 12 വര്‍ഷത്തിനിപ്പുറം പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമ്പോള്‍ പൊലീസുകാര്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ മനസ്സുകളും ഒരിക്കലും തിരികെ വരാത്ത മകനു നീതി വാങ്ങിക്കൊടുക്കാന്‍ നീണ്ട പോരാട്ടത്തിലേര്‍പ്പെട്ട ഒരു അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതും. 

പാളിപ്പോയ അട്ടിമറികള്‍
ആദ്യം പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പ്രഭാവതിയുടെ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു 2008-ല്‍ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 2017 ജൂണ്‍ 19-ന് ആരംഭിച്ച വിചാരണയില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. മൂന്ന് പൊലീസുകാര്‍ പ്രതികളായിരുന്ന കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. അടിയന്തരാവസ്ഥക്കാലത്തെ മര്‍ദ്ദനമുറകളെ അനുസ്മരിപ്പിക്കും വിധം ക്രൂരമായി നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊന്ന കേസില്‍ പ്രതികളായ മൂന്നു പൊലീസുകാര്‍ക്കും വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും മതിയാവില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. കേസിലെ മൂന്നാം പ്രതിയായ സോമന്‍ എന്ന കോണ്‍സ്റ്റബിള്‍ വിചാരണവേളയില്‍ മരിച്ചു. കൂട്ടുപ്രതികളായ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍നിന്നും ശ്രമങ്ങളുണ്ടായി. പൊലീസ് മുറയ്ക്കും ഉരുട്ടിക്കൊലക്കും ലഭിക്കുന്ന രാഷ്ട്രീയമാനങ്ങളും സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ നാടകങ്ങളുംകൊണ്ട് ഒട്ടേറെ വാര്‍ത്താപ്രാധാന്യം നേടിയ ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ മാധ്യമങ്ങളുടേയും സമൂഹത്തിന്റേയും സശ്രദ്ധമായ ഇടപെടല്‍കൊണ്ടാണ് പലപ്പോഴും പാളിപ്പോയത്. വലിയ വിഭാഗം പൊലീസുകാരും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴും ഉദയകുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കൊല്ലപ്പെട്ട ശേഷമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ച് പൊലീസ് അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതുപോലും. വ്യാജ എഫ്.ഐ.ആര്‍ വരെയുണ്ടാക്കിക്കൊണ്ടാണ് ഒരു വിഭാഗം പൊലീസുകാര്‍ സേനയിലെ ക്രിമിനലുകള്‍ക്ക് കൂട്ടുനിന്നത്. അട്ടിമറിയുടെ നിര്‍ണ്ണായക വ്യാജരേഖയായ എഫ്.ഐ.ആര്‍ ഉണ്ടാക്കിയത് തങ്ങളല്ലെന്നു കേസില്‍ പ്രതികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വെളിപ്പെടുത്തിയതോടെ പൊലീസ് ക്രിമിനലുകളുടെ സര്‍വ്വ അടവുകളും അടിപടലെ പൊളിഞ്ഞുവീണു. 

ഒരാളെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിയമസഹായം തേടാന്‍ അനുമതി നല്‍കണം. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന കാര്യം അയാളെ അറിയിക്കണം. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാകണം. സ്റ്റേഷനിലെ ജി.ഡി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണം. ഈവക നടപടികളൊന്നും ഉദയകുമാറിന്റെ കാര്യത്തില്‍ പൊലീസ് പാലിച്ചിരുന്നില്ല. പൊലീസ് ഇന്നും ഇതു പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഒരമ്മയുടെ പോരാട്ട വിജയമാഘോഷിക്കുന്ന ഈ വേളയിലും ഏറെ പ്രസക്തമാണെന്നോര്‍ക്കുക. 

കേസ് സി.ബി.ഐയുടെ കയ്യിലെത്തിയിട്ടും അട്ടിമറിക്കാര്‍ അടങ്ങിയിരുന്നില്ല. വിചാരണ വേളയില്‍ മാപ്പുസാക്ഷികളടക്കം ഏഴ് സാക്ഷികള്‍ പലപ്പോഴായി കൂറുമാറി. കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം പിടിയിലായ സുഹൃത്ത് മണി എന്ന സുരേഷ് കുമാറും കൂറുമാറി. പൊലീസുകാരനല്ലാത്ത ഏക നിര്‍ണ്ണായക സാക്ഷിയായിരുന്നു സുരേഷ് കുമാര്‍. വിചാരണ ദിവസം രാവിലെ സി.ബി.ഐക്ക് അനുകൂലമായി മൊഴി നല്‍കിയ സുരേഷ് ഉച്ചയ്ക്കുശേഷം പൂര്‍ണ്ണമായി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിഭാഗസംഘം എത്ര ശക്തരായിരുന്നു എന്നു മനസ്സിലാവുന്നത്. കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന ഉറപ്പിലാണ് ഇയാള്‍ മാപ്പുസാക്ഷി ആയത് എന്നാല്‍, വിചാരണവേളയില്‍ ഇതിനു വിരുദ്ധമായാണ് സുരേഷ് പ്രവര്‍ത്തിച്ചത്. അത്രയ്ക്കു ശക്തമായിരുന്നു അയാള്‍ക്കുമേലുള്ള സമ്മര്‍ദ്ദം. കൂറുമാറിയ കേസില്‍ ഇയാള്‍ വീണ്ടും പ്രതിയായി വിചാരണ നേരിടേണ്ടിവരും എന്നും വിധിന്യായത്തിലുണ്ട്. പ്രതികളായ പൊലീസുകാരെ സര്‍ക്കാര്‍ ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം കുറ്റാരോപിതരായ പൊലീസുകാരെ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ച ഉത്തരവില്ലാതെ പിരിച്ചുവിടാനാവില്ല എന്ന ന്യായീകരണത്തിലാണ് അവര്‍ സര്‍വ്വീസില്‍ തുടരുന്നത്. ഇതും കാക്കിയിട്ട സംഘടിത ക്രിമിനലുകള്‍ക്ക് ലഭിക്കുന്ന ഭരണകൂട സൗജന്യമാണെന്നു കരുതുന്നവരുമുണ്ട്. കാക്കിക്കേസുകളാണ് പലപ്പോഴും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നതിനുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നതും. സര്‍വ്വീസില്‍നിന്ന് പുറത്താക്കാന്‍ സെന്‍കുമാറിനും ജേക്കബ് തോമസിനും നേരെ ഉപയോഗിച്ച അതേ നിയമവും നടപടിക്രമങ്ങളും ആയുധങ്ങളും തന്നെയാണ് ക്രിമിനല്‍ പൊലീസുകാരെ പുറത്താക്കാനും സര്‍ക്കാരുകളുടെ കൈയിലുള്ളത്. അവര്‍ക്ക് നല്‍കാത്ത എന്ത് ആനുകൂല്യമാണ് പ്രകടമായ രീതിയില്‍ സാധാരണക്കാരനു നേരെ അതിക്രമങ്ങള്‍ കാട്ടിയ പൊലീസുകാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു നിരത്താന്‍ ഉണ്ടാവുക എന്ന് അന്വേഷിക്കുമ്പോഴാണ് എത്ര ശക്തമാണ് സേനയിലെ ക്രിമിനല്‍ സ്വാധീനം എന്നറിയുന്നത്. 

പൊലീസിലെ ക്രിമിനലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീപീഡനം, കൊലപാതകം, കുട്ടികളെ പീഡിപ്പിക്കല്‍ എന്നിവയടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണിവര്‍. പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചത്. അതേസമയം ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ 2011 ജൂലായ് മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് 1129 പൊലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നു മാറ്റിനിര്‍ത്തി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്നാണെങ്കിലും പലപ്പോഴും അതൊക്കെ വേണ്ട രീതിയില്‍ നടക്കാറില്ല. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെളിവുകള്‍ നല്‍കാന്‍ മറ്റു പൊലീസുകാര്‍ തയ്യാറാകാറില്ല. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ ഇവര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. 1129 പേര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു വിവരാവകാശരേഖ വ്യക്തമാക്കുമ്പോള്‍ 59 പേരാണ് നടപടികള്‍ നേരിടാന്‍ പോകുന്നത്. പൊലീസ് അസോസിയേഷന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും ഇച്ഛയ്ക്കനുസരിച്ച് പലപ്പോഴും സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കുകയും പുറത്താക്കേണ്ടവരെ പുറത്താക്കുകയുമാണ് നയം. നിയമവാഴ്ച നിലനില്‍ക്കേണ്ടിടത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നതാണ് പൊലീസിലെ കുറ്റവാളികള്‍ക്ക് തുണയാകുന്നത്. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വവും പൊലീസിനു തുണയാകും. ഉദയകുമാര്‍ കേസിലും സമ്പത്ത് കേസിലും ശ്രീജീവ് കേസിലുമൊക്കെ പ്രതികള്‍ക്ക് കൂട്ട് ഈ രാഷ്ട്രീയത്തണലുകളാണ്. കസ്റ്റഡി മരണങ്ങളിലും ക്രിമിനല്‍ കേസുകളിലും പ്രതികളാകുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍പോലും ഭരിക്കുന്നവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മടി ഉണ്ടാകാറില്ല. ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കും കസ്റ്റഡി മരണങ്ങളും പൊലീസ് അനീതിയുമൊക്കെ ഭരണത്തിലേറാനുള്ള രാഷ്ട്രീയ ആയുധങ്ങളാണ്. സമയാസമയത്ത് അത് അവര്‍ കൃത്യമായി ഉപയോഗിക്കുകയും ചെയ്യും. രാജന്‍ കേസും ഉദയകുമാര്‍ കേസും സമ്പത്ത് കേസും ഏറ്റവുമൊടുവില്‍ ശ്രീജീവ് കേസും ഇതിന് ഉദാഹരണങ്ങളാണ്. 

അതേസമയം നീതിന്യായ വ്യവസ്ഥയുടെ ചെറിയ പഴുതോ അശ്രദ്ധയോ കൗശലപൂര്‍വ്വം ഉപയോഗിച്ചുകൊണ്ട് പ്രതികള്‍ രക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളും കുറവല്ല. വരാപ്പുഴ കേസിലെ പ്രതിയാക്കപ്പെട്ട ഉദ്യോഗസ്ഥനെ തനിക്ക് മുന്നില്‍ മുന്‍പും മര്‍ദ്ദന ആരോപണങ്ങളുമായി എത്തിച്ചിട്ടുള്ള കാര്യം ജഡ്ജി തന്നെ ഓര്‍ത്തു പറഞ്ഞ കാര്യം നമുക്കറിയാം. മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തുകയോ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്തു രക്ഷപ്പെട്ടിട്ടുണ്ടാകാം. അതിന് ഒരു പൊലീസ് ക്രിമിനല്‍ സംഘംതന്നെ അയാളെ സഹായിച്ചിട്ടുമുണ്ടാകാം. അഥവാ എങ്ങനെ വീണാലും നാലുകാലില്‍ നില്‍ക്കുകയും നിര്‍ത്തിക്കുകയും ചെയ്യുന്ന സംഘം എന്നും സേനയില്‍ സജീവമാണെന്നു ചുരുക്കം. അവരുടെ പ്രതിബദ്ധതയാവട്ടെ, ഒരിക്കലും സമൂഹത്തോടല്ലതാനും. എത്രയോ കാലങ്ങളായി തുടരുന്നതാണെങ്കിലും ക്രിമിനലുകളും അധോലോകങ്ങളുമായുള്ള നിരന്തര സഹവാസം പൊലീസിന്റെ മനോനിലയില്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന ബഹുവിധ മാറ്റങ്ങളെക്കുറിച്ച് എത്രത്തോളം പഠിക്കപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷിക്കുമ്പോഴാണ് അത്തരം ഗൗരവകരമായ ഒരു ഏര്‍പ്പാടും പൊലീസില്‍ നാളിതുവരെയായി നടന്നിട്ടില്ല എന്നറിയുന്നത്. ഉണ്ടായ മാറ്റങ്ങളൊക്കെയും പൊലീസ് സംവിധാനത്തിന്റെ പൊതുമേനിയില്‍ നടത്തിയ പുതുമോടി പിടിപ്പിക്കലുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആന്തരികമായ ശുദ്ധീകരണത്തിന് ആരും തയ്യാറായിട്ടില്ല എന്നതിന്റെ ഫലം കൂടിയാണ് ഉരുട്ടിക്കൊലയായും പീഡനമുറകളായും മനുഷ്യാവകാശ ധ്വംസനങ്ങളായും ഇന്നും നാം അനുഭവിക്കുന്നത്.

കേസ് അന്വേഷണത്തിലെ അശാസ്ത്രീയത
ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ അഭാവം ഇന്നു പൊലീസ് സേന അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയാണ്. ഉദയകുമാര്‍ കേസിലും ഇതു വലിയ തോതില്‍ പ്രകടമായിട്ടുണ്ട്. എ.ആര്‍ ക്യാംപില്‍നിന്നു സ്‌ക്വാഡിലേക്ക് അറ്റാച്ച് ചെയ്ത ഉദ്യോഗസ്ഥരാണ് പ്രതികളായ ജിതകുമാറും ശ്രീകുമാറും. ഇവര്‍ക്ക് കുറ്റാന്വേഷണത്തില്‍ പരിചയമില്ലെന്നും ശാസ്ത്രീയമായ കുറ്റാന്വേഷണത്തില്‍ യാതൊരു തരത്തിലുമുള്ള പരിശീലനവും ലഭിച്ചിരുന്നില്ലെന്നും എന്നും സഹപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നു. നിയമപരമായി കുറ്റവാളികളെ ചോദ്യം ചെയ്യാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്.എച്ച്.ഒ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് കുറ്റാന്വേഷണത്തില്‍ നിയമം അനുവാദം നല്‍കിയിട്ടുള്ളത്. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രധാന ഘടകമായി പൊലീസുകാര്‍ തന്നെ ഈ അനാസ്ഥ ചൂണ്ടിക്കാണിക്കുന്നു. ഈ അശാസ്ത്രീയതയും കീഴ്വഴക്കവും ഇപ്പോഴും ഒരു തടസ്സവും കൂടാതെ തുടരുകയാണ് എന്നതാണ് അതിലേറെ രസകരം.
ഉരുട്ടിക്കൊല പൊലീസിന്റെ കുറ്റാന്വേഷണ രീതികളില്‍ ശാസ്ത്രീയമായി അവലംബിക്കുന്ന ഒന്നാണ് എന്നു കരുതുന്നവരുണ്ട്. രാജന്‍ കേസ് മുതല്‍ കേരളത്തിന് ഇതു പരിചിതമാണ്. യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടമായി സ്വതന്ത്ര ഇന്ത്യ ഇരുകയ്യും നീട്ടി സ്വീകരിച്ച റോളിംഗ് എന്ന വിളിപ്പേര് കിട്ടിയ ഉരുട്ടിക്കൊല 1948-ല്‍ തന്നെ കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നതിനു തെളിവുകളുണ്ട്. അടിയന്തരാവസ്ഥ കാലത്ത പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി നിരവധി പേരാണ് മരിച്ചിട്ടുള്ളത്. ഒരു മുന്‍ നക്‌സലൈറ്റ് പറയുന്നതനുസരിച്ചാണെങ്കില്‍ കേരളത്തില്‍ ഉരുട്ടിക്കൊലയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയറാം പടിക്കല്‍ റോളിങ്ങിനെ കാലികമായി പരിഷ്‌കരിച്ചയാളാണ്. മുന്‍പ് ഉരുട്ടല്‍ പ്രക്രിയ കാലിലാണധികവും നടപ്പാക്കിയിരുന്നത്. ഇതു ദീര്‍ഘനേരം തുടരാനാവില്ല. മെഡിക്കല്‍ ബിരുദധാരികൂടിയായ പടിക്കലാകാം ഇതിന്റെ സാധ്യതയെ വികസിപ്പിച്ചെടുത്തത്. കാല്‍മുട്ടിനു മുകളില്‍ തുടയിലുരുട്ടുമ്പോള്‍ പതുക്കയേ അത് താങ്ങാനാവാത്തതായി തുടങ്ങൂ. കെട്ട ആപ്പിള്‍പോലെ ചീഞ്ഞ് ദുര്‍ബ്ബലമാകുന്ന ആ ഭാഗത്ത് പിന്നെയൊന്നു തൊട്ടാല്‍ മതിയാകും മരണവേദനയില്‍ പിടയാന്‍. അതേ സമയം മരണസാധ്യത താരതമ്യേന കുറവുള്ള ഒരു മര്‍ദ്ദനമുറയുമാണിത്.

അടിയന്തരാവസ്ഥയുടെ ഇരുണ്ടദിനങ്ങളില്‍ രാജനായിരുന്നു ഉരുട്ടിക്കൊലയുടെ ഇരയെങ്കില്‍ ജനാധിപത്യ ഇന്ത്യയുടെ പുതിയ കാലത്തും ഇതേ കഥകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പൊലീസ് ജനാധിപത്യപരമായി മാറാന്‍ തയ്യാറല്ല എന്ന സന്ദേശമാണ് പൊലീസ് മലയാളിക്ക് നല്‍കുന്നത്.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ 13 പേര്‍ അസാധാരണ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 36 കസ്റ്റഡിപീഡനങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കസ്റ്റഡി മരണങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കുന്നത് മുതലുള്ള പല പെറ്റിക്കേസുകളിലും പ്രതിയാക്കപ്പെട്ടവരും നിരപരാധികളും ആണ് ഏറിയ പങ്ക് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഉദയകുമാര്‍ കൊല്ലപ്പെടുന്നത്. ഇരുവിഭാഗങ്ങള്‍ക്കും നേട്ടമായും കോട്ടമായും സംഭാവനകളേറെ നല്‍കിയ സംഭവമായിരുന്നു അത്. ശ്രീജീവ് കേസിലും ശ്രീജിത്ത് കേസിലുമൊക്കെ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച പ്രതിപക്ഷം അവരുടെ കടമ നിര്‍വ്വഹിക്കുന്നുമുണ്ട്. പക്ഷേ, ഉദയകുമാര്‍ കേസില്‍ നിര്‍ണ്ണായകമായ ആ കോടതി വിധി വന്ന ശേഷമോ മുന്‍പോ യു.ഡി.എഫില്‍നിന്ന് ഒരാള്‍പോലും പ്രഭാവതിയേയോ സഹോദരനേയോ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല എന്ന കാര്യം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഉരുട്ടിക്കൊലയുടെ മറ്റൊരു മാനം വ്യക്തമാവും. രാജനെ കൊന്ന പൊലീസിന്റെ പ്രത്യക്ഷ രാഷ്ട്രീയം മുതല്‍ ഇന്നുവരെയുള്ള ഉരുട്ടിക്കൊലയുടെ ചരിത്രം പൊലീസ് ക്രിമിനലിസത്തേയും അതിന്റെ രാഷ്ട്രീയ ബാന്ധവത്തേയും എവിടെയൊക്കെയോ കൂട്ടിക്കെട്ടുന്ന ഒരു സൂക്ഷ്മരാഷട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു. അഥവാ ഉരുട്ടിക്കൊല കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പ്രയോഗം കൂടിയാണ്. അതുകൊണ്ടുതന്നെ പൊലീസിനെ മാത്രം പഴിചാരി ഭരണകൂടങ്ങളെ കസ്റ്റഡിമരണങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്ന ഏര്‍പ്പാട് ഒരു അതിലളിതവല്‍ക്കരണമാണ്.

ഒരു വ്യക്തി ക്രിമിനലാകുന്നതുപോലെയല്ല സേന ക്രിമിനലൈസ് ചെയ്യപ്പെടുന്നത്. ചീഞ്ഞു തുടങ്ങിയ സേന ഉണ്ടാക്കുന്ന ക്രൂരതയുടെ വ്യാപ്തി വളരെ വലുതായിരിക്കും. അവിടെയാണ് ഹു വില്‍ പൊലീസ് ദ പൊലീസ് (പൊലീസിനെ ആര് നിയന്ത്രിക്കും) എന്ന ചോദ്യവും അതിന്റെ ഉത്തരവും ഏറെ ശ്രദ്ധ ആവശ്യപ്പെടുന്നത്. പൊലീസധികാരികളും പൊലീസിന്റെ അധികാരികളും തമ്മിലുള്ള അടിയൊഴുക്കു ബന്ധങ്ങള്‍ ചര്‍ച്ചയാവശ്യപ്പെടുന്നതും. ജനങ്ങള്‍ ആവശ്യപ്പെടാത്തതും അവര്‍ പങ്കാളിയല്ലാത്തതുമായ ഒരു പൊലീസിംഗില്‍ എങ്ങനെയാണ് ജനങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കുക. ജനകീയവും സാമൂഹ്യപരവുമായ ഉള്ളടക്കത്തിലൂടെയല്ലാതെ പൊലീസിനു പ്രതിബദ്ധതയുള്ള രക്ഷാധികാരികളാവാന്‍ കഴിയില്ല, പീഡനമുറികളില്‍നിന്നു സ്വതന്ത്രമാവാനും കഴിയില്ല.

നീതിവ്യവസ്ഥയുടെ പൊതുവികാരം കോടതി കുറ്റവാളിയായി ശിക്ഷിക്കുന്നത് വരെ ആരെയും കുറ്റവാളിയായി കാണാന്‍ പാടില്ല എന്നായിരിക്കെ പൊലീസിന്റെയൊരു കാഴ്ചപ്പാട് ആരെയും കുറ്റവാളിയായി കണ്ടിരിക്കണം എന്നതാണ്. ഈ വൈരുദ്ധ്യത്തില്‍ തുടങ്ങുന്നു പൊലീസ് നയത്തിന്റെ സങ്കീര്‍ണ്ണത. ഈ സങ്കീര്‍ണ്ണതയാണ് പൊലീസിനേയും സമൂഹത്തേയും വിരുദ്ധ ചേരികളിലാക്കുന്നത്. അതേസമയം ഇവിടെ പൊലീസിന്റെ പരിഷ്‌കരണങ്ങള്‍ക്കോ പരിഷ്‌കരണ ഉദ്യമങ്ങള്‍ക്കോ ഒരുകാലത്തും ഒരു കുറവുമുണ്ടായിട്ടില്ല. കമ്മിറ്റികള്‍ക്കും ക്ഷാമമുണ്ടായിട്ടില്ല. റിബറോ കമ്മിറ്റി, സോളി സോറാബ്ജി കമ്മിറ്റി, പദ്മനാഭ അയ്യര്‍ കമ്മിറ്റി, വര്‍മ്മ കമ്മിറ്റി എന്നിവയൊക്കെ തന്നെ വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാലാകാലങ്ങളായി നല്‍കിയിട്ടുണ്ട്. ഒന്നും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലക്ഷ്യം കണ്ടിട്ടില്ല എന്നുമാത്രം. കേസന്വേഷണവും ക്രമസമാധാന പാലനവും രണ്ടായി തിരിച്ചു സേന കൂടുതല്‍ കാര്യക്ഷമമാകണം എന്ന 2006-ലെ സുപ്രീംകോടതി വിധിയുടെ അന്തസ്സത്തപോലും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നറിയുമ്പോഴാണ് കാര്യങ്ങള്‍ എത്ര പിന്നിലാണെന്നു നാമറിയുന്നത്. വിവരദോഷികളായ ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്ന ചോദ്യവും അതിനു കിട്ടുന്ന ഉത്തരവും എത്രയും വലിയ വിവരദോഷമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ, പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ച് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം ലോ ആന്‍ഡ് ഓര്‍ഡറില്‍ മാത്രം ഒതുക്കാതെ കുറ്റവാളികളെ ചോദ്യം ചെയ്യുക, സാക്ഷികളെ ചോദ്യം ചെയ്യുക എന്നിവയിലും പ്രത്യേകം കൊടുക്കേണ്ടതുണ്ട്. ക്രിമിനല്‍ സൈക്കോളജിയും ഫോറന്‍സിക് സൈക്കോളജിയും അറിയാവുന്ന പൊലീസുകാരെ വേണം അന്വേഷണത്തിനു നിയോഗിക്കാന്‍, എന്നാല്‍, ഇപ്പോഴും പൊലീസുകാരെ പഠിപ്പിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ പോലും നമുക്കില്ല. താറാക്കുഞ്ഞുങ്ങളെ നീന്താന്‍ പഠിപ്പിക്കണ്ട എന്ന തിയറിയാണ് ഇപ്പോള്‍ നടക്കുന്നത്. ചുരുക്കത്തില്‍ കേസന്വേഷണങ്ങള്‍ക്കു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കണം വേണ്ടത് എന്ന സുപ്രീംകോടതിയുടെ പ്രാഥമിക നിരീക്ഷണം പോലും  കാലാകാലങ്ങളായി പൊലീസ് സേനയില്‍ ഇറക്കപ്പെടുന്ന സര്‍ക്കുലറുകളിലൂടെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.

ഇരുട്ട്‌കൊണ്ട് ഓട്ട അടക്കുന്ന പണി!
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഭൂരിഭാഗവും ഇപ്പോഴും പാലിക്കപ്പെടാറില്ല. പൊലീസ് സ്റ്റേഷനിലെ എല്ലാ മുറികളിലും സി.സി.ടി.വി സ്ഥാപിക്കുക, പൊലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ സന്നദ്ധസംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കുക, മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കുക തുടങ്ങിയുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും നിയമപാലകരും നിയമത്തിനു വിധേയരാണ് എന്ന് ഓര്‍മ്മപ്പെടുത്താനാകും.
1957-ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാര്‍ കേരളത്തിന്റെ ആദ്യത്തെ പൊലീസ് നയം 1957 ജൂണ്‍ 15-ന് അവതരിപ്പിച്ചതിന്റെ അന്തസ്സത്ത അതു വരെയുണ്ടായിരുന്ന പൊലീസിനെ അടിമുടി പരിഷ്‌കരിച്ച് ജനങ്ങള്‍ക്ക് പൊലീസിനോടും തിരിച്ചുമുള്ള സമീപനം മാറ്റുക എന്നതായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ആ മന്ത്രിസഭയോടൊപ്പം അതും ഒലിച്ചുപോയി. ഒട്ടേറെ ലൊട്ടുലൊടുക്ക് മാറ്റങ്ങള്‍ക്കുശേഷം 2006-ല്‍ കമ്യൂണിറ്റി പൊലീസ് നിലവില്‍ വന്നിട്ടും പൊലീസ് കമ്യൂണിറ്റിയും സോഷ്യല്‍ കമ്യൂണിറ്റിയും തമ്മിലുള്ള അകലവും ശത്രുതയും സ്പര്‍ദ്ധയും ഇരയുടേയും വേട്ടക്കാരന്റേയും വേഷത്തില്‍ ഇപ്പോഴും തുടരുകയാണ്. ഇത്തരമൊരു അവസരത്തിലാണ് പൊലീസും പൊലീസുകാരനും തമ്മിലുള്ള വ്യത്യാസം ചര്‍ച്ച ചെയ്യേണ്ടിവരുന്നത്.

ഉദയകുമാര്‍ ഉരുട്ടിക്കൊലയിലെ പ്രതികള്‍ക്ക് വധശിക്ഷ നന്നായി എന്നു സമൂഹം അഭിപ്രായപ്പെടുമ്പോള്‍ ഇപ്പോള്‍ പരക്കെ പൊലീസുകാര്‍ക്കിടയില്‍ ഒരു ഭീതി പരക്കാന്‍ കാരണമായിട്ടുണ്ടെന്നും അതു കുറച്ചു പേരെയെങ്കിലും നിഷ്‌ക്രിയരാക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വരാപ്പുഴ കേസിലെ വരാന്‍ പോകുന്ന വിധി ഒരു പക്ഷേ, ഇതുപോലെതന്നെ കടുത്തതാവാന്‍ സാദ്ധ്യതയുണ്ടെന്ന അഭിപ്രായവും  പൊലീസിനുള്ളിലുണ്ട്. അതുകൂടി ആയാല്‍ സംസ്ഥാന പൊലീസിലെ വലിയൊരു വിഭാഗം ഭയത്തോടെ ആകും ഇനി സ്വന്തം തൊഴിലില്‍ ഏര്‍പ്പെടുക. ഈ മാനസികനില പൊലീസിന് എത്രത്തോളം ആശാസ്യമായിരിക്കും പൊലീസ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തി മുഴുവന്‍ സേനയ്ക്കും നാണക്കേടുണ്ടാക്കുന്ന ക്രിമിനലുകള്‍ ഉറപ്പായും നീതിക്കു മുന്നില്‍ വരേണ്ടതുണ്ട്. അതിന്റെ ഭാഗമായുണ്ടാകുന്ന ശിക്ഷണ നടപടികള്‍ ഭയവും ആശങ്കയും സന്ദിഗ്ധതയുമാണ് തൊഴില്‍രംഗത്തു നല്‍കുന്നതെങ്കില്‍ അതൊട്ടും പൊലീസ് സേനയെ നന്നാക്കില്ല. മറിച്ചു ശിക്ഷയുടെ മെറിറ്റ് പരിശോധിച്ച് അതാവര്‍ത്തിക്കാതിരിക്കാനും മുഴുവന്‍ സേനയ്ക്ക് ആത്മവിശ്വാസം നല്കാനുമുതകുന്ന അടിയന്തര അഴിച്ചുപണിയാണ് വേണ്ടത്. കൊല്ലാനായി ആരും കുറ്റവാളികളെ മര്‍ദ്ദിക്കാറില്ല. അപ്പോള്‍പ്പിന്നെ കുറ്റം തെളിയിക്കാനുള്ള അമിതാവേശവും അശാസ്ത്രീയമായ വഴികളും ക്രിമിനല്‍ മാനസികാവസ്ഥയുമാണ് കസ്റ്റഡി മരണങ്ങളില്‍ കലാശിക്കുന്നത്. അങ്ങനെയെങ്കില്‍ അതു വധശിക്ഷകൊണ്ട് ഇല്ലാതാക്കാനാവുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്.

മനുഷ്യന്‍ പൊലീസാകുമ്പോള്‍ പൊലീസിനെ മനുഷ്യനാക്കാന്‍ കഴിയാത്ത സമ്പ്രദായങ്ങളേയും പരിശീലനങ്ങളേയും എങ്ങനെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവിമുക്തമാക്കാനാവുക എന്ന കാതലായ പ്രശ്‌നം അവശേഷിക്കുന്നു. ഇതിലൊന്നും അറിഞ്ഞോ അറിയാതേയോ പങ്കാളികളല്ലാത്ത പൊലീസുകാരുടെ കുടുംബത്തെക്കുറിച്ചുള്ള പരിഗണനയാണ് രണ്ടാമത്തെ കാര്യം. ഇരകളുടെ കുടുംബത്തിനു നഷ്ടപരിഹാരവും സഹായവും ലഭിക്കുമ്പോള്‍ പൊലീസുകാരുടെ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെടുകയും അവിടം മുതല്‍ ഇരയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. അവരെ സഹായിക്കാന്‍ ചെന്നാല്‍ മാധ്യമങ്ങള്‍ വിവാദമാക്കുമോ എന്ന പേടിയും പലരേയും അലട്ടുന്നുണ്ട്. ഇവിടെയാണ് പൊലീസുകാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനോടുള്ള വര്‍ഗ്ഗബോധത്തില്‍ വീണുപോകുന്നതും പരസ്യമായി സഹായിക്കല്‍ തങ്ങളുടെ കടമയാണെന്ന് കരുതുന്നതും.
ഇരകളും വേട്ടക്കാരുമെന്ന നിര്‍വ്വചനം പുതിയ അര്‍ത്ഥങ്ങള്‍ അന്വേഷിക്കുന്ന നിസ്സഹായതയുടെ പുതിയ ഇടങ്ങള്‍ അതിനിന്ദ്യമായ ഉരുട്ടിക്കൊല നടത്തിയതിനു വധശിക്ഷ ലഭിച്ചവര്‍ക്ക് വേണ്ടിയുള്ള സഹാനുഭൂതി കാമ്പെയ്നിങ്ങോ ഒരമ്മയുടെ പോരാട്ടവിജയത്തിന്റെ വില കുറച്ചുകാണലോ അല്ല ഇത്. മറിച്ച് വധശിക്ഷ തന്നെ വേണ്ടെന്ന മൂല്യവത്തായ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ പൊലീസ് സേനയുടെ ജനാധിപത്യവല്‍ക്കരണം സംബന്ധിച്ച നവീനമായ ആലോചനകള്‍ക്കുള്ള ചില ചെറിയ ഇടപെടലുകളായി മാത്രം കണ്ടാല്‍ മതി. അത്തരമൊരു പര്യാലോചനയ്ക്കു ഭരണകൂടത്തെ നിര്‍ബന്ധിക്കുന്നു എന്നതാണ് പ്രഭാവതിയമ്മയുടെ പന്ത്രണ്ടു വര്‍ഷം നീണ്ട പോരാട്ടം നല്‍കുന്ന ശേഷിപ്പും. ഇനി വരുംകാലങ്ങളിലൊരിക്കലും ഒരു മകനും ഇരുട്ടുമുറിയിലും ഇരുമ്പുദണ്ഡിലും ഹോമിക്കപ്പെടാതിരിക്കാനായി ഒരമ്മ നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍.

നീതികിട്ടി: പക്ഷേ പോരാട്ടം കഠിനമായിരുന്നു
ഉദയകുമാര്‍ കൊലക്കേസില്‍ നിര്‍ണ്ണായക വിധി പുറത്ത്വരുമ്പോള്‍ പി.കെ. രാജു എന്ന നേതാവിന്റെ വിജയം കൂടിയാണത്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും അന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ. രാജു ഉദയകുമാര്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ആ അമ്മയ്ക്ക് താങ്ങും തണലായും ഒപ്പമുണ്ട്. പ്രഭാവതിയുടെ വീട്ടില്‍ വെച്ചാണ് പി.കെ. രാജു മലയാളത്തോട് സംസാരിച്ചത്.

1981-ല്‍ കന്റോണ്‍മെന്റിലെ പൊലീസുകാരോട് വെള്ളം ചോദിച്ചപ്പോള്‍ നേരിട്ട് വായിലോട്ട് മൂത്രം ഒഴിച്ചു തന്ന അനുഭവം എനിക്കുണ്ട്. അതുകൊണ്ട് പൊലീസുകാരുടെ ക്രൂരതകളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. 2005 സെപ്റ്റംബര്‍ 28-നു രാവിലെ 4.30ന് എന്നെ ഒരു പൊലീസുകാരന്‍ വിളിച്ച് ഉദയകുമാറിന്റെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞു. കക്കയം ക്യാംപിലെക്കാള്‍ ക്രൂരമായാണ് അവനെ അവര്‍ ഉരുട്ടിക്കൊന്നത്. നെഞ്ചിലും തുടയിലുമായി നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചെങ്കിലും മരിക്കുന്ന വരെ അവര്‍ അവന് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കൊടുത്തില്ല. രാവിലെ 7.30 ഓടെ ഞാന്‍ കാര്യം അന്വേഷിച്ച് ചെന്നപ്പോള്‍ എന്നോട് സാബു പറഞ്ഞത് റോഡില്‍ കിടന്നു കിട്ടിയ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചുവെന്നാണ്. അങ്ങനെയല്ലല്ലോ എന്നു തിരികെ ചോദിച്ചപ്പോള്‍ എന്നാല്‍, പിന്നെ രാജു തന്നെ കണ്ടുപിടിക്ക് എന്ന് തമാശ മട്ടില്‍ മറുപടിയും കിട്ടി. ഞാന്‍ അന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ കൂടിയാണ്. രജിസ്റ്ററില്‍ പരിശോധിച്ചപ്പോള്‍ അജ്ഞാത മൃതദേഹം ഫോര്‍ട്ട് പൊലീസ് എത്തിച്ചതായി രേഖകളിലുണ്ട്. സംശയത്തിന് ഇടയില്ലാത്ത വിധം കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കാനായി ബോഡി പുറത്തെത്തിച്ചപ്പോള്‍ ഞാനും കുറച്ചു പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു വെച്ചു. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് എസ്.എ.പിയില്‍നിന്നു കൂടുതല്‍ പൊലീസുകാരെ സ്ഥലത്തെത്തിക്കുകയായിരുന്നു. അന്നു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാമിനോട് ഉദയകുമാറിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്നു വ്യക്തമാക്കാതെ മൃതദേഹം അനക്കാന്‍ പറ്റില്ലെന്നു ഞങ്ങള്‍ തീര്‍ത്തു പറയുകയായിരുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍.ഡി.ഒയെ വിവരം അറിയിക്കുന്നത്. പിന്നീട് ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടക്കുന്നത്. അന്ന് അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞത് ബോഡി പോസറ്റ്‌മോര്‍ട്ടം ചെയ്തു റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഉരുട്ടിക്കൊലയാണ് മരണകാരണം എന്നു തെളിഞ്ഞാല്‍ ഇതിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്നു വൈകുന്നേരത്തിനുള്ളില്‍ നടപടിയുണ്ടാകും എന്ന് ഉറപ്പ് തരണമെന്നായിരുന്നു. ഈ ഉറപ്പ് കിട്ടിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത്. ഈ വിഷയത്തില്‍ പിന്നീട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ നിര്‍ദ്ദേശപ്രകാരം ഞാനും മാങ്കോട് രാധാകൃഷ്ണന്‍ എം.എല്‍.എയും ഇപ്പോഴത്തെ മന്ത്രി വി.എസ്. സുനില്‍കുമാറും ചേര്‍ന്നാണ് സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നത്. അന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് ലാത്തിച്ചാര്‍ജൊക്കെ നടന്നു. 2006-ല്‍ ഞങ്ങളുടെ മന്ത്രിസഭ വന്നു. അന്ന് ആശാന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രഭാവതിയമ്മക്ക് വീട് നല്‍കുന്നത്. ഈ 13 വര്‍ഷം പല തരത്തിലും പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചു. പണം വരെ വാഗ്ദാനം ചെയ്തു. അവര്‍ എന്നോട് ആവശ്യപ്പെട്ടത് ഉദയകുമാറിന്റെ അമ്മയെ കോടതിയില്‍ എത്തിക്കരുത് എന്നായിരുന്നു. പക്ഷേ, സാധാരണക്കാരനു നീതി കിട്ടണം എന്നുതന്നെയായിരുന്നു എന്റെ തീരുമാനം.

ഈ കേസിലെ എന്റെ ഇടപെടലുകള്‍ കാരണമാണ് 2006-ലും 2015-ലും സമരങ്ങള്‍ക്കിടയില്‍ പൊലീസ് ഉന്നംവെച്ച് മനഃപൂര്‍വ്വം എന്നെ തല്ലിച്ചതച്ചത്. തലയ്ക്ക് അടിയേറ്റ് ശസ്ത്രക്രിയ വരെ വേണ്ടിവന്നു. കാഴ്ചയെ ബാധിച്ചു. അന്നത്തെ അടി ഉദയകുമാര്‍ കേസിലെ പകപോക്കലായിരുന്നു. പോലീസിനെ ഇന്നും രാഷ്ട്രീയക്കാര്‍ക്ക് പേടിയാണ്. കാരണം ഒരു മന്ത്രിസഭയെ വീഴ്ത്താന്‍ പൊലീസ് വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും. പക്ഷേ, 13 വര്‍ഷത്തിനു ശേഷമുള്ള ഈ വിധി കേരള പൊലീസിനു വലിയ പാഠമാണ്. അര്‍ഹിക്കുന്ന വധശിക്ഷ തന്നെ പ്രതികള്‍ക്ക് കിട്ടി. അവര്‍ അപ്പീല്‍ പോകും. വധശിക്ഷ മാറി ചിലപ്പോള്‍ ജീവപര്യന്തമാകും. ഇതുവരെ ഞങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും അമ്മയ്ക്കു ചെയ്തു. പക്ഷേ, ഒരു സാധാരണ സ്ത്രീക്ക് ഇങ്ങനെയൊരു നീണ്ട പോരാട്ടം നടത്താന്‍ സാധിച്ചത് അത്രയും കരുത്തുള്ളതുകൊണ്ടാണ്. മകനു നീതി കിട്ടണം എന്ന അവരുടെ ഉറച്ച വിശ്വാസത്തെ തുടര്‍ന്നാണ്. എന്നെ മകന്റെ സ്ഥാനത്ത് കാണുന്നു എന്ന് ആ അമ്മ പറഞ്ഞതുതന്നെയാണ് എനിക്കുള്ള ഏറ്റവും വലിയ അംഗീകാരം.
ഒരു കാര്യം കൂടിയുണ്ട്. ഉമ്മന്‍ചാണ്ടി നേരിട്ട് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കാലത്താണ് ഉദയകുമാര്‍ കൊലചെയ്യപ്പെടുന്നത്. പക്ഷേ, ഇന്നുവരെ ഒരു കോണ്‍ഗ്രസ്സുകാരനോ യു.ഡി.എഫുകാരനോ ഉദയകുമാറിന്റെ അമ്മയെ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ഖേദവും പ്രകടിപ്പിച്ചിട്ടില്ല. വിധി വന്നശേഷം പോലും അവരെ വിളിച്ചില്ല. 

കിട്ടാനുള്ള കാശും വീടുമൊക്കെ കിട്ടിയില്ലേ ഇനിയെങ്കിലും ആ പൊലീസുകാരെ അവര്‍ക്ക് വെറുതേ വിട്ടുകൂടെ. ഉദയകുമാര്‍ കൊലക്കേസില്‍ കോടതി വിധി പുറത്ുവന്നതിനു തൊട്ട് പിന്നാലെ ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഈ വാക്കുകളും ഒരു സ്ത്രീയുടേതാണ്, അമ്മയുടേതാണ്.
സ്വന്തം കുഞ്ഞിന് ഈ ഗതി വന്നാല്‍ അവര്‍ കാശ് വാങ്ങി എല്ലാം മറക്കാന്‍ തയ്യാറാകുമോ. കുഞ്ഞുങ്ങള്‍ക്ക് ഒരു തുമ്മലോ ജലദോഷമോ വന്നാല്‍ സഹിക്കാത്ത മനുഷ്യര്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധിയായ എന്റെ മകനെ കൊന്നവരെ വെറുതേ വിടാന്‍ പറയുന്നത് എങ്ങനെയാണ്?

മകന്റെ നീതിക്ക് വേണ്ടി എന്റെ ജീവിതം
ചെറുപ്പത്തില്‍ത്തന്നെ എന്റെ കല്യാണം കഴിഞ്ഞു. അയാള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. മകന്‍ ഉദയനാണ്. ഒരു വയസ്സും ഒരു മാസവും ഉള്ളപ്പോള്‍ അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു. ഇപ്പോള്‍ എനിക്കൊപ്പം എന്റെ ഇളയ സഹോദരനാണ് ഉള്ളത്. എന്റെ ഒരേയൊരു മകനായിരുന്നു. ഞാന്‍ വീട്ടുവേലക്ക് പോയും അവന്‍ ആക്രി പെറുക്കിയും കൂലിവേല ചെയ്തുമാണ് ഞങ്ങള്‍ ജീവിച്ചത്. എന്റെ മോന്‍ ആരോടും വഴക്കിനു പോകാറില്ല. അവനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമുണ്ടായിരുന്നില്ല. ഞാനും അവനും ഒച്ചത്തില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. അവനു നീതി കിട്ടാന്‍ വേണ്ടി സംസാരിച്ചപ്പോഴാണ് എന്റെ ശബ്ദം പൊങ്ങിത്തുടങ്ങിയത്. ഇന്നിപ്പോള്‍ അവനു നീതി കിട്ടി.

നീ വിഷമിക്കണ്ട ഞാനുണ്ടെടാ നിനക്ക് നീതി കിട്ടാന്‍ എന്നു ഞാന്‍ അവന് ഉറപ്പ് കൊടുത്തതാണ്. ചോദിച്ചവരോടെല്ലാം ഞാന്‍ പറയുമായിരുന്നു അവനെ കൊന്നവരെ തൂക്കിക്കൊല്ലണമെന്ന്. ഇപ്പോള്‍ കോടതിക്കും അത് ബോദ്ധ്യപ്പെട്ടു. കേസ് അട്ടിമറിക്കാനും എന്നെ കൊല്ലാനും വരെ ശ്രമിച്ചവരുണ്ട്. ഒരിക്കല്‍ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ നോക്കി. കൊടിയേറ്റം ഗോപിയുടെ വീട്ടില്‍ കള്ളന്‍ കയറിയ സമയത്ത് ഞാന്‍ സാധനം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ ജീപ്പിടിച്ച് കൊല്ലാന്‍ നോക്കി. രഹസ്യമായി ഇവിടെ പൊലീസുകാരെ വിട്ട് എന്റെ കാര്യങ്ങളെല്ലാം അന്വേഷിപ്പിച്ചു. പക്ഷേ, എന്നെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആര്‍ക്കും സാധിച്ചില്ല. ഒറ്റയ്ക്ക് പുറംലോകം കാണാത്ത ഞാന്‍ അവനുവേണ്ടി എല്ലാ കോടതികളും കയറി ഇറങ്ങി. എന്റെ സഹോദരനും ഞങ്ങള്‍ക്കും നീതി കിട്ടണം എന്നാഗ്രഹിച്ചവരും ഒപ്പം നിന്നു.

സ്‌കൂളിലെ ആയയായി ജോലി നോക്കുന്ന കാലത്താണ് മോനെ പൊലീസ് പിടിക്കുന്നത്. ഒരു ദിവസം രാവിലെ അവനുള്ള ഭക്ഷണമുണ്ടാക്കി കൊടുത്തിട്ട് ഞങ്ങള്‍ ഒന്നിച്ച് ജോലിക്കിറങ്ങി. ഞാന്‍ സ്‌കൂളിലേക്ക് പോയി. വൈകിട്ട് തിരികെ എത്തിയിട്ടും അവന്‍ വന്നില്ല. അടുത്ത ദിവസം രാവിലേയും ഞാന്‍ പതിവുപോലെ സ്‌കൂളിലേക്ക് പോയതാണ്. അന്ന് ഉദയകുമാറിന്റെ അമ്മയെ അന്വേഷിച്ചു പൊലീസുകാര്‍ സ്‌കൂളിലെത്തി. മോര്‍ച്ചറിയിലെത്തിയപ്പോള്‍ മനസ്സിലായി പൊലീസുകാര്‍ കൊന്നതാണെന്ന്. ഞാന്‍ ജനിച്ചതിനു ശേഷം അന്നാണ് ആദ്യമായി പൊലീസിനോട് സംസാരിക്കുന്നതോ അടുത്തു കാണേണ്ടിവരുന്നതോ. അവന്റെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു.

പച്ചയ്ക്ക് എന്റെ മോനെ തിന്നതും പോര തെളിവുകള്‍ ഇല്ലാതാക്കാനും പരമാവധി ശ്രമിച്ചു. അവന്റെ ഒരു ഫോട്ടോ പോലും ഇവിടെയില്ല. ഇപ്പോള്‍ രണ്ടു ദിവസമായി ടി.വിയില്‍ അവനെ ഇടയ്ക്കിടെ കാണുമ്പോള്‍ താങ്ങാന്‍ വയ്യ. ഞാന്‍ ഇത്രയും കാലം ജീവിച്ചിരുന്നത് അവനു നീതികിട്ടാന്‍ വേണ്ടിയാണ്. ദൈവം എന്റെ വിളി കേട്ടു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വീട് തന്നത്. രണ്ട് ദിവസമായി എല്ലാവരും വിളിക്കുന്നുണ്ട്. 13 വര്‍ഷവും എനിക്ക് കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. എനിക്കും മോനും നീതി കിട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com