ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

മാര്‍ക്‌സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ്
ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

രാവിലെ കേട്ട കാലാവസ്ഥാ പ്രവചനം അക്ഷരംപ്രതി അനുസരിക്കുന്നതുപോലെ സുഖകരമായ ഒരു വെയിലില്‍ മാഞ്ചസ്റ്റര്‍ നഗരം അന്ന് ചിരിച്ചുനിന്നു. ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴിയിലൂടെ ടോണി വില്‍സണ്‍ പ്ലേസ് ലക്ഷ്യമാക്കിയാണ് ആദ്യസഞ്ചാരം. ചരിത്രത്തിന്റെ അത്ര സുഖകരമല്ലാത്ത വഴികളിലൂടെ പിന്നോട്ടു നടന്ന്, മങ്കൂറിയണ്‍സ് (Mancurians) എന്ന് വിളിപ്പേരുള്ള മാഞ്ചസ്റ്റര്‍ നിവാസികള്‍ തങ്ങളുടെ നഗരത്തെ സ്‌നേഹിച്ച, അനുഭവിച്ച ഒരു വിദേശിയുടെ തകര്‍ത്തുപേക്ഷിക്കപ്പെട്ട പ്രതിമ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് നഗരമധ്യത്തില്‍ പ്രതിഷ്ഠിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ.. ടോണി വില്‍സണ്‍ പ്ലെയിസ് കണ്ടെത്താന്‍ വലിയ വിഷമമൊന്നുമുണ്ടായില്ല. കാരണം പെയിന്റിംഗ് ഗാലറിയും നാടക അരങ്ങുകളും സിനിമാ തിയേറ്ററുമൊക്കെ സമ്മേളിക്കുന്ന ആധുനിക കലാരൂപങ്ങളുടെ ബൃഹത്തായ പ്രദര്‍ശന കേന്ദ്രമായ 'ഹോം' അവിടെയാണ്. അതിന്റെ പരിസരമാണ് എന്റെ ലക്ഷ്യം.  

ചുറ്റുമുള്ളവര്‍ക്ക് അന്യമായ ഭാഷയിലെ ചില അക്ഷരങ്ങള്‍ കോറിയിട്ട സ്തൂപത്തിനു മുകളില്‍ താന്‍ പ്രതീക്ഷിക്കുന്നത് ദൂരെയെവിടെയോയാണെന്ന മട്ടില്‍ അനന്തതയിലേക്ക് കണ്ണുംനട്ട് ആ പ്രതിമ നിന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പുവരെ ലോകത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്ന കമ്യൂണിസം എന്ന രാഷ്ട്രീയ സാമൂഹിക സിദ്ധാന്തത്തിന്റെ സഹ ഉപജ്ഞാതാവായ 'ഫെഡറിക് ഏംഗല്‍സി'ന്റെ മൂന്നര മീറ്ററോളം ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ വെയിലിന്റെ കസവണിഞ്ഞ് മുന്നില്‍. ആധുനിക മുതലാളിത്ത ഘോഷങ്ങള്‍ക്കിടയില്‍ ഒന്നിനേയും കൂസാതെ ഒരു വിജയിയുടെ മുഖഭാവത്തോടെ ആ പ്രതിമ: ഒരു കയ്യിലെ വിരലുകള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആവണം, ഒരു പുസ്തകമുണ്ട്. ലോകം ഏറെ കണ്ട പക്വതയോടേയും പരിജ്ഞാനത്തോടേയും ചുറ്റുമുള്ള ഇളംതലമുറയുടെ ചെയ്തികളെ വാത്സല്യത്തോടെ വീക്ഷിക്കുന്ന ആ മുത്തച്ഛന്‍പ്രതിമയുടെ അരഭാഗത്ത് പല യുദ്ധങ്ങള്‍ അതിജീവിച്ച ഒരു സൈന്യാധിപന്റെ ശരീരത്തിലെന്നപോലെ ആഴത്തില്‍ ഒരു മുറിവ് സൂര്യപ്രകാശത്തില്‍ തെളിഞ്ഞുകിടന്നു. 

മാഞ്ചസ്റ്ററിന്റെ ദത്തുപുത്രനാണ് ഏംഗല്‍സ്. ഈ നഗരത്തിലെ ജീവിതാനുഭവമാണ് ലോകചരിത്രത്തിന്റെ ഗതിമാറ്റിയ പ്രത്യയശാസ്ത്ര രൂപീകരണത്തിന് അദ്ദേഹത്തിന്റെ ചിന്തയ്ക്ക് വളമേകിയത്. 1842-ല്‍ ഒരു സമ്പന്ന കുടുംബത്തില്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ എംഗല്‍സ് ലോകത്തിലെ ആദ്യത്തെ വ്യവസായ നഗരത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാലാവസ്ഥയില്‍നിന്നും അനുഭവിച്ചെടുത്ത പ്രായോഗിത പാഠങ്ങളാണ് പിന്നീട് ആത്മമിത്രമായ കാള്‍മാര്‍ക്സുമായി ചേര്‍ന്ന് ശാസ്ത്രീയ സോഷ്യലിസം അഥവാ കമ്യൂണിസം എന്ന പ്രസ്ഥാനത്തിന് അടിത്തറയായത്. രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ അന്താരാഷ്ട്ര ഉത്സവത്തിന്റെ സമാപന ദിവസമാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈയിനില്‍നിന്നും രണ്ടു കഷണങ്ങളായി എത്തിയ ഈ പ്രതിമ വീണ്ടും ഒന്നായി ഈ ചത്വരത്തില്‍ ഉയിര്‍ത്തെഴുന്നേറ്റത്. ലോക മുതലാളിത്തത്തിന്റെ അരങ്ങില്‍ വര്‍ഗ്ഗശത്രുവായ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ പ്രതിമയുടെ ആഘോഷത്തോടെയുള്ള പ്രതിഷ്ഠാകര്‍മ്മത്തിലെ വൈരുദ്ധ്യം ആര്‍ക്കും അരോചകമായി തോന്നിയില്ല. റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വര്‍ഷികവേളയില്‍ പ്രമുഖ വെല്‍ഷ് ഗായകന്‍ ഗ്രഫ് റൈസ്  (Gruff Rhys) കമ്യൂണിസംസ് കമിംഗ് ഹോം (Communism's Coming Home) എന്ന ഗാനം ആലപിച്ചപ്പോള്‍ മുതലാളിത്തത്തെ ആധുനിക അടിമത്തമായി വീക്ഷിക്കുന്ന നൂറുകണക്കിനു കാണികള്‍ ആര്‍ത്തു വിളിച്ചു. ജനങ്ങള്‍ക്ക് ചിന്തിക്കാനും അതുവഴി സംവാദങ്ങള്‍ക്ക് തിരികൊളുത്താനുമാണ് പ്രതിമ സ്ഥാപിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തത് എന്നാണ് മാഞ്ചസ്റ്റര്‍ ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ജോണ്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടത്. 


ബെര്‍ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കലാകാരന്‍ ഫില്‍ കോളിന്‍സ് ആണ് രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കിഴക്കന്‍ ഉക്രൈനിലെ പൊള്‍ട്ടാവാ ജില്ലയിലെ (Poltava) മല പെര്‍ഷ്ചെപിനാ (Mala pereshchepina) എന്ന ചെറുപട്ടണത്തില്‍ ഉപേക്ഷിക്കപ്പെട്ട് ചാക്കില്‍ പൊതിഞ്ഞ് ഒരു കൃഷിയിടത്തില്‍, മണ്ണില്‍ മുഖമമര്‍ത്തി കിടന്നിരുന്ന ഈ പ്രതിമ കണ്ടെത്തിയത്. തൊണ്ണൂറുകളുടെ ആദ്യം സോവിയറ്റ് യൂണിയനേയും കിഴക്കന്‍ യൂറോപ്പിലെ അതിന്റെ ഉപഗ്രഹരാജ്യങ്ങളേയും പൊതിഞ്ഞിരുന്ന ഇരുമ്പുമറ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും പൊളിച്ചെറിഞ്ഞതോടെ എംഗന്‍സിന്റെ ഈ പ്രതിമയും നഗരമധ്യത്തില്‍നിന്നും നിഷ്‌കാസിതമായി. കമ്യൂണിസ്റ്റ് നുകത്തില്‍നിന്ന് വിടുതല്‍ നേടിയ ഉക്രൈയിന്‍ ദേശീയതയുടെ അടയാളങ്ങളായ നീലയും മഞ്ഞയും നിറങ്ങള്‍ ചില ഭാഗത്ത് പറ്റിക്കിടക്കുന്ന ഈ പ്രതിമ എട്ടുമാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഫില്‍ കോളിന്‍സിന് വിട്ടുകിട്ടിയത് തികച്ചും സൗജന്യമായിട്ടായിരുന്നു. സോവിയറ്റ് കാലത്തെ എല്ലാ സ്മരണകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്ന ഉക്രൈയിനിലെ സ്‌കൂള്‍ കുട്ടികള്‍, പക്ഷേ, സോഷ്യലിസ്റ്റ് ഗാനം ആലപിച്ചാണ് രണ്ടു ഭാഗങ്ങളായി മുറിക്കപ്പെട്ട പ്രതിമാ ശരീരത്തെ യാത്രയാക്കിയത്. വലിയ ട്രക്കില്‍ യൂറോപ്പിലെ കിഴക്കെ അറ്റത്തുനിന്നും പടിഞ്ഞാറോട്ട് യാത്രയായ പ്രതിമ ഏംഗല്‍സിന്റെ ജന്മനാടായ ബാര്‍മെനിലും ബര്‍ലിനിലും ഇടയ്ക്ക് തങ്ങിയശേഷമാണ് മാഞ്ചസ്റ്ററിലെത്തിയത്. 

തോമസ് പിക്കറ്റി
തോമസ് പിക്കറ്റി

കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അനുഭാവപൂര്‍വ്വം വീക്ഷിക്കുന്ന ഫില്‍ കോളിന്‍സിന്റെ മാര്‍ക്സിസം റ്റുഡേ (Marxism today) എന്ന ഡോക്യുമെന്ററി, ബര്‍ലിന്‍ മതില്‍ തകര്‍ന്നശേഷം തൊഴില്‍ നഷ്ടപ്പെട്ട പഴയ പൂര്‍വ്വ ജര്‍മ്മനിയിലെ, മാര്‍ക്സിസം ലെനിനിസം പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചാണ്. മതിലിന്റെ തകര്‍ച്ചയോടെ മനുഷ്യര്‍ക്കിടയിലെ സഹകരണ മനോഭാവവും ഐക്യബോധവും തകര്‍ന്നെന്നും വ്യക്തിതാല്‍പ്പര്യങ്ങള്‍ മേല്‍ക്കൈ നേടിയെന്നും കോളിന്‍സ് വാദിക്കുന്നു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് ഓര്‍ത്തുപോയ ലോകത്തിന് ഇനി ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ തൊഴിലും മുഖവും നഷ്ടപ്പെടുന്ന മനുഷ്യന്റെ വ്യാകുലതകളും ജീവിത സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടതുണ്ട്. അതിന് മാര്‍ക്സിന്റേയും എംഗല്‍സിന്റേയും ചിന്തകളുടെ പൊരുള്‍ തേടുകയാണ് വികസിത രാജ്യങ്ങളിലെ ചിലരെങ്കിലും. ഫ്രെഞ്ചു ചിന്തകനായ തോമസ് പിക്കറ്റിയുടെ (Thomas Pickety)  2013-ല്‍ പുറത്തിറങ്ങിയ ക്യാപിറ്റല്‍ ഇന്‍  ട്വന്റിഫസ്റ്റ് സെഞ്ച്വറി (Capital in the twenty first century) എന്ന പുസ്തകം വന്‍തോതില്‍ വായിക്കപ്പെടാനും വില്‍ക്കപ്പെടാനും കാരണം ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബൗദ്ധിക അസമത്വത്തെക്കുറിച്ചുള്ള തിരിച്ചറിയല്‍ തന്നെ. എംഗല്‍സ് മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങള്‍കൊണ്ടു തന്നെ, ഇന്നത്തെ കാലത്തും നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായി സംവദിക്കാന്‍ കഴിയുന്ന ചിന്തകനാണ് ഏംഗല്‍സ് എന്നാണ് കൊളിന്‍സിന്റെ പക്ഷം. അദ്ദേഹത്തിന്റെ ചിന്തകള്‍ ഒരു കാലഘട്ടത്തിലേക്കും മാത്രമായി തളച്ചിടാനാവില്ല എന്നും കോളിന്‍സ് വാദിക്കുന്നു.

മേരി ബേണ്‍സ്
മേരി ബേണ്‍സ്

1820 നവംബര്‍ 28-ന് പ്രഷ്യയെന്ന പഴയ ജര്‍മ്മനിയിലെ ഇപ്പോഴത്തെ വുപ്പെര്‍ട്ടല്‍ (Wuppertal)  പ്രദേശത്തെ ബാര്‍മെന്‍ (Barmen) എന്ന പട്ടണത്തിലാണ് ഒരു യാഥാസ്ഥിതിക പ്രൊട്ടസ്റ്റന്റ് തുണിവ്യവസായിയുടെ മകനായി, ഏംഗല്‍സ് ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഒരു വ്യവസായശാലയില്‍ ക്ലാര്‍ക്കായി ജോലിക്കു ചേര്‍ന്നു. ഹെഗലിന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി അന്നത്തെ മിക്ക ജര്‍മ്മന്‍ ചെറുപ്പക്കാരെപ്പോലെ പുരോഗമനാശയം വച്ചുപുലര്‍ത്തുന്ന യംഗ് ഹെഗലിയന്‍ ഗ്രൂപ്പില്‍ അംഗമായ എംഗല്‍സ് വ്യവസായവല്‍ക്കരണത്തിന്റെ വിപത്തുകളെക്കുറിച്ച് 'ഫെഡറിക് ഓസ്വാള്‍ഡ്' എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതി തുടങ്ങി. ഇരുപത്തിഒന്നാമത്തെ വയസ്സില്‍ ബര്‍ലിനില്‍ ജര്‍മ്മന്‍ ഫുട് ആര്‍ട്ടിലറിയില്‍ ഒരു വര്‍ഷത്തെ സൈനിക സേവനമനുഷ്ഠിച്ച് സൈനിക കാര്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഏംഗല്‍സിനെ കൂട്ടുകാര്‍ ജനറല്‍ എന്നാണ് വിളിച്ചിരുന്നത്. ബര്‍ലിന്‍ സര്‍വ്വകലാശാലയിലെ ലക്ചര്‍ ഹാളുകളിലും ബിയര്‍ പാര്‍ലറുകളിലും കൂട്ടുകാരുമായി അന്നത്തെ രാഷ്ട്രീയ, തത്ത്വചിന്തകളെക്കുറിച്ച് വാദപ്രതിവാദം നടത്തിയിരുന്ന എംഗല്‍സിന്റെ പ്രിയ തോഴന്‍ ബോണ്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകനും ചിന്തകനുമായ ബ്രൂണോ ബൗവറുടെ (Bruno Baur) സഹോദരന്‍ എഡ്ഗര്‍ ആയിരുന്നു. പിന്നീട്, ചുവന്ന റാബി എന്നറിയപ്പെട്ടിരുന്ന മോസസ് ഹെസ്സി(Moses Hess)ന്റെ സ്വാധീനത്തില്‍ മുതലാളിത്തം പോലെ ക്രിസ്തുമതവും മനുഷ്യത്വരഹിതമാണെന്ന് പ്രഖ്യാപിച്ച് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം ഉപേക്ഷിച്ച ഏംഗല്‍സ് വിവേചനരഹിതമായ ഒരു സമൂഹത്തിന്റെ ആവിര്‍ഭാവത്തിന് സ്വകാര്യസ്വത്തിന്റെ ഉന്മൂലനവും സോഷ്യലിസവും അത്യാവശ്യമാണെന്നത് തിരിച്ചറിഞ്ഞു. 1840-ല്‍  വില്യം നാലാമന്‍ അധികാരത്തില്‍ വന്നതോടെ അയവുവന്ന സെന്‍സര്‍ഷിപ്പിന്റെ അന്തരീക്ഷത്തില്‍ 'ഓസ്വാള്‍ഡ്' നിരവധി ലേഖനങ്ങള്‍ എഴുതി. ഹെഗലിന്റെ ചിന്തകളെ വിമര്‍ശിച്ച ഫ്രിഡ്റിഷ് ഷെല്ലിംഗിന്റെ (Friedrich wilhem von schelling) പ്രഭാഷണങ്ങളെക്കുറിച്ച് ആക്ഷേപണരൂപേണ എതിര്‍ത്ത 'ഓസ്വാള്‍ഡി'ന്റെ വിമര്‍ശനം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റി. കോളോണില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന റൈനീഷെത് സൈതുങ് (Rheinische Zeitung) എന്ന പത്രത്തിലാണ് പല ലേഖനങ്ങളും അച്ചടിച്ചു വന്നത്. പത്രത്തിന്റെ എഡിറ്ററുടെ പേര് കാള്‍ മാര്‍ക്സ് എന്നായിരുന്നു. ഇതിനിടെ മകന്റെ അപകടകരമായ രാഷ്ട്രീയ വിശ്വാസങ്ങളിലും അരാജക ജീവിതത്തിലും ഭയചകിതനായ പിതാവ് അതിന്റെ പരിഹാരമെന്ന നിലയില്‍ തനിക്കുകൂടി നിക്ഷേപമുള്ള, തുണിവ്യവസായത്തിന്റെ കേന്ദ്രമായ മാഞ്ചസ്റ്ററിലെ, എര്‍മെന്‍ ആന്‍ഡ് ഏംഗല്‍സ് (Ermen and Engels) എന്ന കമ്പനിയില്‍ ജോലിക്കായി ഫ്രിഡ്റിഷിനെ അയയ്ക്കാന്‍ തീരുമാനിച്ചു. ധനികനും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്ന, വ്യവസായ വിപ്ലവം ഏറെ മുന്നോട്ടുപോയ, ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് വിപ്ലവത്തിനായി ഏറെ പാകപ്പെട്ടിരുന്നു എന്ന വിശ്വാസം ഏംഗല്‍സിനുണ്ടായിരുന്നു. 

മാര്‍ക്‌സുമായുള്ള 
കൂടിക്കാഴ്ച

1842-ല്‍ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കൊളോണിലെത്തി ഏംഗല്‍സ് മാര്‍ക്സിനെ കാണുന്നുണ്ട്. ഹെഗലിന്റെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയിരുന്ന മാര്‍ക്സ് എഡ്ഗര്‍ ബൗവറിന്റെ കൂട്ടുകാരനായ ഏംഗല്‍സിനെ സ്വീകരിക്കുന്നതില്‍ അത്ര താല്‍പ്പര്യം കാട്ടിയില്ല എന്നു മാത്രമല്ല, സംശയത്തോടെയാണ് വീക്ഷിച്ചതും. ബൗവര്‍ സഹോദരന്മാരെ ഇഷ്ടമില്ലാതിരുന്ന മാര്‍ക്സ് പക്ഷേ, ഏംഗല്‍സിനെ തുടര്‍ന്നും റൈനിഷെത് സൈതുംഗില്‍ എഴുതാന്‍ ക്ഷണിച്ചു.

മാഞ്ചസ്റ്ററിലെ വീസ്റ്റ് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന എര്‍മന്‍ ആന്റ് ഏംഗല്‍സ് തുന്നല്‍ നൂലു നിര്‍മ്മിക്കുന്ന കമ്പനിയായിരുന്നു. സാര്‍വ്വത്രിക വോട്ടവകാശത്തിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനുംവേണ്ടി വാദിച്ചിരുന്ന ചാര്‍ട്ടിസ്റ്റ് (Chartist) പ്രസ്ഥാനവും ലോകത്തിലാദ്യമായി സഹകരണസംഘങ്ങള്‍ രൂപം കൊണ്ടതും മാഞ്ചസ്റ്ററിലാണ്. ചാര്‍ട്ടിസ്റ്റുകളുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററിലും ലാങ്ഷയറിലും ചെഷയറിലുമൊക്കെ തൊഴിലാളികള്‍ സമരം നടത്തി, ആഴ്ചകള്‍ കഴിയുമ്പോഴാണ് ഏംഗല്‍സ് മാഞ്ചസ്റ്ററിലെത്തുന്നത്. സമരം വിജയിച്ചില്ലെങ്കിലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യവും ശക്തിയും വ്യവസായയുഗത്തില്‍  ആദ്യമായി തിരിച്ചറിഞ്ഞ മുന്നേറ്റങ്ങളില്‍ ഒന്നായി അത് ഇന്നും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. സാമൂഹ്യബോധവും സമത്വചിന്തയും വിതറിയ മാഞ്ചസ്റ്ററിന്റെ ആകാശത്തിനു താഴെയുള്ള ജീവിതം ഏംഗല്‍സ് എന്ന ഇരുപത്തിരണ്ടുകാരന്റെ ചിന്തയേയും സമീപനങ്ങളേയും മാറ്റിമറിച്ചു.
 

മാര്‍ക്‌സ്
മാര്‍ക്‌സ്

തന്റെ ഓഫീസിനു സമീപമുള്ള ഹാള്‍ ഓഫ് സയന്‍സില്‍ ചാര്‍ട്ടിസ്റ്റ് നേതാവായ ജയിംസ് ലീച്ചിന്റേയും സെക്കുലര്‍ ചിന്തകന്‍ ജയിംസ് വാട്ടിന്റേയും സഹകരണപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ സോഷ്യലിസ്റ്റ് ചിന്തകന്‍ റോബര്‍ട്ട് ഓവന്റേയും പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചും വാദ പ്രതിവാദങ്ങളില്‍ പങ്കുകൊണ്ടും ജൂലിയന്‍ ഹാര്‍ണി (Julian Harney) എന്ന ചാര്‍ട്ടിസ്റ്റ് ചിന്തകന്‍ ലീഡ്സില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദ നോര്‍തേണ്‍ സ്റ്റാര്‍ എന്ന പത്രത്തില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയും എംഗല്‍സ്, മാഞ്ചസ്റ്റര്‍ ജീവിതം അര്‍ത്ഥസമ്പുഷ്ടമാക്കി.  ഒരര്‍ത്ഥത്തില്‍ യുവ എംഗല്‍സിന്റെ രാഷ്ട്രീയ ചിന്തകള്‍ക്ക് മൂര്‍ത്തരൂപം നല്‍കുകയായിരുന്നു വ്യവസായ വിപ്ലവത്തിന്റെ മണ്ണ്. കല്‍ക്കരി, ഇരുമ്പ്, തുണി തുടങ്ങിയ പ്രധാന വ്യവസായങ്ങളില്‍ ലോകത്ത് ആദ്യസ്ഥാനം വഹിച്ചിരുന്ന ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ജീവിതാവസ്ഥ നേരില്‍ കണ്ട എംഗല്‍സ് ഞെട്ടിപ്പോയി. പ്രഷ്യയിലെ തുണി നിറം പിടിപ്പിക്കുന്ന വ്യവസായത്തിന്റെ കേന്ദ്രമായ ബാര്‍മനില്‍നിന്നും വന്ന എംഗല്‍സ് അനിയന്ത്രിതമായ വ്യവസായവല്‍ക്കരണം ഒരു പ്രദേശത്തെ ദുരിതഭൂമിയാക്കി മാറ്റിയത് കണ്ട് അമ്പരന്നു. രൂക്ഷമായ മലിനീകരണവും ജനബാഹുല്യവും പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ നിവാസികളുടെ ആയുസ്സ് ചുറ്റുമുള്ള പ്രദേശങ്ങളെക്കാള്‍ പകുതിയാക്കിയിരുന്നു.
തൊഴിലാളികളില്‍ ഭൂരിഭാഗവും ഐറിഷ്‌കാരായിരുന്നു. ഏംഗല്‍സിന്റെ കമ്പനിയിലെ തൊഴിലാളിയായിരുന്ന മേരി ബേണ്‍സ് (Mary Burns) എന്ന ഐറിഷുകാരിയും സഹോദരി ലിഡിയ എന്ന ലൂസിയുമാണ് വ്യവസായ പ്രമുഖനായ ഒരു വിദേശിക്ക് അപരിചിതവും അരക്ഷിതവുമായ ലിറ്റില്‍ അയര്‍ലാന്‍ഡ് (Littel Ireland) എന്നറിയപ്പെട്ടിരുന്ന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശത്തേക്ക്, അവരുടെ ജീവിതം നേരില്‍ കണ്ടുപഠിക്കാന്‍ എംഗല്‍സിനെ സഹായിച്ചത്. ഹാള്‍ ഓഫ് സയന്‍സില്‍ വച്ചാണ് ഏംഗല്‍സ് മേരിയെ കണ്ടുമുട്ടിയത് എന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. ഈ സഹോദരിമാരിലൂടെയാണ് എംഗല്‍സ് ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ജീവിതത്തിലെ ദൈന്യതയും മനസ്സിലെ ക്ഷോഭവും മനസ്സിലാക്കിയത്. 1862 ജനുവരി ഏഴിന് 41-ാമത്തെ വയസ്സില്‍ ഹൃദയസംബന്ധമായ അസുഖംമൂലം മരിക്കുന്നതുവരെ ഏംഗല്‍സിന്റെ ജീവിതപങ്കാളിയായിരുന്നു മേരി. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും എഴുത്തും വായനയും അല്പം അറിയാമായിരുന്ന മേരി ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്ന് മാര്‍ക്സിന്റെ പുത്രി എലനേര്‍ എഴുതിയിട്ടുണ്ട്. ഇരുപതു വര്‍ഷക്കാലം ഏംഗല്‍സിന്റെ ജീവിതസഖിയായി മേരി ജീവിച്ചിട്ടും ഇരുവരും നിയമപരമായി വിവാഹിതരായില്ല. വ്യവസ്ഥാപിത വിവാഹരീതികളോടുള്ള എതിര്‍പ്പായിരുന്നു കാരണം.

ലിറ്റില്‍ അയര്‍ലന്‍ഡിനെ 'ഈ ഭൂമിയിലെ നരകം' എന്നാണ് എംഗല്‍സ് വിശേഷിപ്പിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് റൈനീഷെത് സൈതുങില്‍ ഏംഗല്‍സ് നിരവധി തവണ എഴുതി. അവയെല്ലാം സമാഹരിച്ച് 1845-ല്‍ പ്രസിദ്ധീകരിച്ച ദ കണ്ടീഷന്‍ ഓഫ് വര്‍ക്കിംഗ് ക്ലാസ്സ് ഇന്‍ ഇംഗ്ലണ്ട് (The Condition of working class in England) എന്ന പുസ്തകം ഇന്ന് വ്യവസായ വിപ്ലവത്തെ ഈ ലോകത്തേക്ക് ആനയിച്ച മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ജീവിതഗാഥയായി മാറിയിരിക്കുന്നു.

ഡാന്റേ ഇന്‍ഫെര്‍ണോ എന്ന നരകത്തിലൂടെ നമ്മെ നടത്തിയതുപോലെ ലിറ്റില്‍ അയര്‍ലന്റ് എന്ന ഭൂമിയിലെ നരകത്തിലൂടെ എംഗല്‍സ് വായനക്കാരെ നയിക്കന്നു. ഏഞ്ചല്‍മെഡോ വിക്ടോറിയന്‍ ബ്രിട്ടന്‍സ് മോസ്റ്റ് സാവേജ് സ്ലം (Angel Meadow, Victorian Britain's most savage slum) എന്ന പുസ്തകത്തില്‍ വ്യവസായശാലകളുടെ നിഴലില്‍ നരകിച്ചു കിടക്കുന്ന, കറുത്ത് കൊഴുത്ത അഴുക്ക് വെള്ളം ഒഴുകുന്ന ഇര്‍ക്ക് (Irk) നദിയുടെ തീരത്തുള്ള ഈ പ്രദേശത്തിന്റെ ഭീകരതയും ദൈന്യതയും ഡീന്‍ കിര്‍ബി (Dean Kirby) വരച്ചുകാട്ടുന്നുണ്ട്. 

ട്രിസ്റ്റ്റ്റം ഹണ്ട്
ട്രിസ്റ്റ്റ്റം ഹണ്ട്

നാലുവശങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന ഫാക്ടറി മതിലുകള്‍ക്കിടയിലെ ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്ത് ഇരുന്നൂറോളം കുടിലുകളില്‍ നാലായിരത്തോളം പേര്‍. കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. അഴുക്കു ഒഴുകുന്നതും മനുഷ്യര്‍ നടക്കുന്നതുമെല്ലാം ഒരു വഴിയിലൂടെ. പഴകിയ കൂരകളും പൊട്ടിപ്പൊളിഞ്ഞ വാതിലുകളും. ആ വഴികളിലൂടെ നടക്കുമ്പോള്‍ എതിരെ വരുന്ന നാലു പേരില്‍ ഒരാള്‍ വികലാംഗനായിരിക്കും. അപകടം വ്യവസായശാലകളില്‍ നിത്യസംഭവമായിരുന്നു. എങ്ങും യന്ത്രങ്ങളിലെ എണ്ണയുടെ മണം. ബാലവേല സര്‍വ്വ വ്യാപകം. അംഗവൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍, പട്ടിണിയും കഠിനാദ്ധ്വാനവും മൂലം നാല്‍പ്പതു വയസ്സാകുമ്പോള്‍ തന്നെ ശരീരം തേഞ്ഞു വൃദ്ധരാകുന്ന പുരുഷന്മാര്‍, പ്രസവിക്കാനാവാത്തവിധം അനാരോഗ്യരായ സ്ത്രീകള്‍, രോഗത്തിനും ദാരിദ്ര്യത്തിനും മുന്നില്‍ അടിയറവ് പറഞ്ഞ ഒരു തലമുറ. മനുഷ്യസ്വഭാവത്തിന്റെ നല്ല ഗുണങ്ങള്‍ ത്യജിച്ച് ജീവിക്കേണ്ടിവരുന്ന ഒരു ജനത. മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് ഒരു ഫാക്ടറി ഉടമയോട് സംസാരിച്ചപ്പോള്‍ ''പക്ഷേ, ധാരാളം പണം ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടല്ലോ'' എന്ന അയാളുടെ മറുപടി അവിശ്വസനീയം എന്നാണ് എംഗല്‍സ് എഴുതിയിരിക്കുന്നത്. മനുഷ്യരെപ്പോലെ സ്വന്തം കുടുംബം പുലര്‍ത്തി ജീവിക്കേണ്ട ബാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ അവസ്ഥ, അതുകൊണ്ട് അമേരിക്കയിലെ അന്ന് നിലവിലുണ്ടായിരുന്ന അടിമകളെക്കാള്‍ ദയനീയമായിരുന്നുവെന്നും എംഗല്‍സ് നിരീക്ഷിക്കുന്നു.

തൊഴിലിടങ്ങളിലും പൊതുസ്ഥലത്തും മാത്രമല്ല, സഞ്ചരിക്കുന്ന വഴികളില്‍പ്പോലും തെളിഞ്ഞിരുന്ന അസമത്വത്തേയും വിവേചനത്തേയും  കുറിച്ചും എംഗല്‍സിന്റെ അതിശയിപ്പിക്കുന്ന ശ്രദ്ധ പതിഞ്ഞിരിക്കുന്നു. കോട്ടണ്‍ പോളീസ് (Cottonpolis) എന്നറിയപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ നഗരത്തില്‍ ധനികരായ ഫാക്ടറി ഉടമകളും ഉദ്യോഗസ്ഥരും താമസിച്ചിരുന്നത് ചീഥാം ഹില്‍സ് (Cheetham hills), ബ്രോട്ടം (Broughtom) തുടങ്ങിയ പരിഷ്‌കൃത മേഖലകളിലായിരുന്നു. ഡീന്‍സ്ഗേറ്റിലൂടെ (Deansgate) നഗരത്തിലെത്തുന്ന അവര്‍ക്ക് ഒരിക്കലും ദാരിദ്ര്യത്തിന്റേയും വൃത്തികേടിന്റേയും അലോസരപ്പെടുത്തുന്ന കാഴ്ചകള്‍ കാണേണ്ടിയിരുന്നില്ല. പണിയെടുത്തു തളര്‍ന്ന് നഗരത്തിന്റെ വൃത്തികെട്ട മൂലയില്‍ കുമിഞ്ഞുകൂടിക്കഴിഞ്ഞവരുടെ അദ്ധ്വാനത്തിന്റെ മൂല്യം കവര്‍ന്ന് മറ്റു കൂട്ടര്‍ അതേ നഗരത്തില്‍ ധാരാളിത്തത്തില്‍ മദിച്ചു ജീവിച്ചു. ഫ്യൂഡല്‍ സംസ്‌കാരം തകര്‍ന്നുവീണ യൂറോപ്പിന്റെ മണ്ണില്‍ വ്യവസായവല്‍ക്കരണം പുതിയ പ്രഭുക്കന്മാരേയും അടിയാളന്മാരേയും സൃഷ്ടിക്കുന്നത്, ഏംഗല്‍സ് മാഞ്ചസ്റ്റര്‍ നഗരത്തില്‍ ദര്‍ശിച്ചു. ഫാക്ടറികളും വീടുകളും തെരുവുകളും പണ്ടകശാലകളുമൊക്കെ സാമൂഹികവും രാഷ്ട്രീയവുമായ ശക്തിപ്രകടനങ്ങളുടെ അരങ്ങുകളായിരുന്നു. ബൂര്‍ഷ്വാസിയും പ്രൊലറ്റേറിയനും തമ്മിലുള്ള ആന്തരിക സംഘര്‍ഷം മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിന്റെ കാര്‍മേഘങ്ങള്‍ അദ്ദേഹം കണ്ടു. ഉള്ള് ദ്രവിച്ച, പുരോഗതി അസാധ്യമായ ചികിത്സിക്കാനാവാത്ത വിധത്തില്‍ സ്വാര്‍ത്ഥതയ്ക്കും ലാഭേച്ഛയ്ക്കും കീഴടങ്ങി ആത്മവീര്യം നഷ്ടപ്പെട്ട ഒരു കൂട്ടമായിട്ടാണ് മാഞ്ചസ്റ്ററിലെ ഫാക്ടറി ഉടമകളെ അദ്ദേഹം വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ ശോചനീയാവസ്ഥയും അതില്‍നിന്നും ഉല്‍ഭവിക്കുന്ന രോഷവും തൊഴിലുടമകളുടെ നിസംഗവും നിര്‍വികാരവുമായ സമീപനവും തമ്മില്‍ ഏറ്റുമുട്ടിച്ച് അനിവാര്യമായ ഒരു തൊഴിലാളി വിപ്ലവത്തെ സ്വപ്നം കാണുകയും പ്രവചിക്കുകയും മാത്രമല്ല, പരിചയസമ്പന്നനായ ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെ അന്വേഷണത്വരയോടെയും ദീര്‍ഘദൃഷ്ടിയോടെയും ഒരു സമൂഹത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പാരിസ്ഥിതിക അപഗ്രഥനം കൂടി നടത്തുന്നു അദ്ദേഹം

''വിരുന്നുസല്‍ക്കാരങ്ങളും വൈനും ഷാമ്പൈയിനും ഉപേക്ഷിച്ച്, കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ജീവിതങ്ങളുമായി ആഴത്തില്‍ ഇടപെടാനാണ് ഞാന്‍ ശ്രമിച്ചത്.'' എംഗല്‍സ് എഴുതി. ''എനിക്ക് നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിത്യജീവിതചര്യകള്‍ക്കിടയില്‍ നിങ്ങളുടെ വിഷമങ്ങളെക്കുറിച്ചും അവസ്ഥയെക്കുറിച്ചും സംസാരിക്കാനും നിങ്ങളുടെ മര്‍ദ്ദകരുടെ രാഷ്ട്രീയവും സാമൂഹികവുമായ അധികാരത്തിനെതിരെയുള്ള പോരാട്ടത്തിനു സാക്ഷ്യം വഹിക്കാനുമാണ് ഞാന്‍ ആഗ്രഹിച്ചത്. അത് ഞാന്‍ നിറവേറ്റുകയും ചെയ്തു.''

വ്യവസായവല്‍ക്കരണത്തിന്റെ വികാരശൂന്യമായ അന്തരീക്ഷത്തില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യനേയും ഏംഗല്‍സ് നൂറ്റിഎഴുപത്തിയഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് തിരിച്ചറിയുന്നു. ലണ്ടന്‍പോലുള്ള മഹാനഗരങ്ങളില്‍ വ്യക്തികള്‍ നേരിടുന്ന അന്യഥാബോധവും യാന്ത്രികതയുമൊക്കെ ഒരു സമൂഹ മന:ശാസ്ത്രജ്ഞന്റെ പാടവത്തോടെ ഏംഗല്‍സ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ തന്നെ ഒരു പ്രവാചകനെപ്പോലെ എഴുതിവച്ചതു വായിക്കുമ്പോള്‍ ആരും അത്ഭുതപ്പെടും. ക്രൂരമായ നിസ്സംഗതയോടെ വ്യത്യസ്തമായ നിലപാടുകളും ലക്ഷ്യങ്ങളുമുള്ള പരസ്പരവൈരുദ്ധ്യങ്ങളുടെ ആറ്റങ്ങളായി മുതലാളിത്ത ലോകത്തില്‍, മാനവരാശി ചിതറുമെന്ന് അദ്ദേഹം പ്രവചിച്ചു. വലിയ പരിധിവരെ ഏംഗല്‍സ് മുന്നറിയിപ്പ് നല്‍കിയ രീതിയില്‍ തന്നെയാണ് ഇന്നത്തെ ലോകക്രമം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

 
''വ്യവസായ വിപ്ലവത്തിന്റെ അരങ്ങായിരുന്ന വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ ജീവിതം, അതിന്റെ എല്ലാ ദൈന്യതയോടെയും പുറത്തുകൊണ്ടുവന്ന ഒരു ചരിത്രരേഖ എന്നതിലുപരി ഇംഗ്ലണ്ടിലെ അധ്വാനവര്‍ഗ്ഗത്തിന്റെ അവസ്ഥ'' എന്ന പുസ്തകം, ശാസ്ത്രീയ സോഷ്യലിസം എന്ന കമ്യൂണിസത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര അദ്ധ്യാപകനും ലേബര്‍ പാര്‍ട്ടി മുന്‍ പാര്‍ലമെന്റ് അംഗവുമായ ട്രിസ്റ്റ്രം ഹണ്ട് (Tristram Hunt) എഴുതി. ഈ പുസ്തകത്തിന്റെ പെന്‍ഗ്വിന്‍ പതിപ്പിന് അവതാരിക എഴുതിയ ഡേവിഡ് മക്ലെല്‍  (David Mclell) ചാള്‍സ് ഡിക്കന്‍സിന്റെ 'ഹാര്‍ഡ് ടൈംസിനോ'ടും (Hard times) മാഞ്ചസ്റ്റര്‍കാരിയായ എലിസബത്ത് ഗാസ്‌ക്കലിന്റെ (Elizabeth Gaskell) 'മേരി ബര്‍ട്ടനോ'ടും മൈക്കല്‍ ഹാരിംഗ്ടണിന്റെ 'അദര്‍ അമേരിക്ക'യോടുമാണ് ഈ കൃതിയെ ഉപമിച്ചിരിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കരളലിയിപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഒരു ഭൂതക്കണ്ണാടിവച്ച് നിരീക്ഷിക്കുകയാണ് എംഗല്‍സ് ചെയ്തിരിക്കുന്നത്. 

1945-ല്‍ ജര്‍മ്മനിയിലെ ലീപ്സിഗിലാണ് The condition of working class in England  പ്രസിദ്ധീകൃതമാകുന്നത്. സ്വന്തം നാട്ടിലെ മുതലാളിത്ത സംവിധാനത്തിന് ഒരു താക്കീതായും സോഷ്യലിസമാണ് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് ഉദ്ബോധിപ്പിക്കാനുമാണ് ഏംഗല്‍സ് ജര്‍മ്മന്‍ ഭാഷയിലെഴുതിയ ഈ പുസ്തകംകൊണ്ട് ലക്ഷ്യമിട്ടത്. മാഞ്ചസ്റ്റര്‍ ആകാന്‍ ശ്രമിക്കുന്ന സ്വന്തം ജന്മസ്ഥലമുള്‍പ്പെടെയുള്ള ജര്‍മ്മന്‍ നഗരങ്ങളെ ഗ്രസിക്കാന്‍ പോകുന്ന സാമൂഹ്യദുരന്തത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പുകൂടിയായി ഏംഗല്‍സ് വീക്ഷിച്ച ഈ കൃതിയെ പക്ഷേ, ജര്‍മ്മനിയിലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അവഗണിച്ചു. ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ക്കുശേഷം 1886-ല്‍  ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നു. അതും അമേരിക്കയില്‍. വീണ്ടും ആറു വര്‍ഷം കഴിഞ്ഞ് അതായത് ഏംഗല്‍സ് മരിക്കുന്നതിന് 3 വര്‍ഷം മുന്‍പ് 1892-ലാണ് ഇംഗ്ലണ്ടില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തങ്ങള്‍ കടന്നുവന്ന ദുരവസ്ഥയുടെ നേര്‍വിവരണം മാഞ്ചസ്റ്റര്‍കാര്‍ വായിക്കുമ്പോള്‍ ലിറ്റില്‍ അയര്‍ലന്‍ഡിലെ ചേരി കെട്ടിടങ്ങളൊക്കെ പൊളിച്ചുനീക്കിയിരുന്നു.

1863-ല്‍ മൂലധനത്തിന്റെ രചനക്കിടയില്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ ലൈബ്രറിയില്‍ ഇരുന്ന് ഇംഗ്ലണ്ടിലെ അദ്ധ്വാനവര്‍ഗ്ഗത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റി മാര്‍ക്സ് എംഗല്‍സ് എഴുതി ''എന്തൊരു ശക്തി, എന്തൊരു മൂര്‍ച്ച, എന്തൊരു ആവേശം. പണ്ഡിതോചിതമായ കെട്ടുപാടുകളൊന്നുമില്ലാതെ താങ്കളുടെ സിദ്ധാന്തങ്ങള്‍ നാളെയല്ലെങ്കില്‍ അതിനടുത്തനാള്‍ കഠിനമായ യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് വായനക്കാരെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു'' മുതലാളിത്തത്തിന്റേയും അതിനെതിരായ ചിന്താഗതിയുടേയും തുടക്കം മാഞ്ചസ്റ്ററിലായിരുന്നു എന്നത് ചരിത്രത്തിന്റെ അനിവാര്യതയാകാം. 1830-കളിലും നാല്‍പ്പതുകളിലും ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായ തൊഴിലാളി മുന്നേറ്റങ്ങള്‍ വിജയിച്ചില്ലെങ്കിലും അത് തൊഴിലാളികളുടെ സംഘശക്തിയെ വിളംബരം ചെയ്തു. മുതലാളിത്ത വ്യവസ്ഥ തൊഴിലാളികള്‍ തമ്മില്‍ മത്സരിക്കാന്‍ വേദിയൊരുക്കുന്നതുപോലെ, തൊഴിലുടമകളെ വിറപ്പിക്കാന്‍ അവരുടെ സംഘബോധം വളര്‍ത്താനുള്ള കാരണംകൂടി അത് പ്രദാനം ചെയ്യുന്നുവെന്ന് എംഗല്‍സ് മനസ്സിലാക്കി. അതുകൊണ്ടാണ് ലാഭം മാത്രം ലക്ഷ്യമിടുന്ന കാരുണ്യമില്ലാത്ത മുതലാളിത്ത ഘടനയെ അട്ടിമറിക്കാന്‍ കഴിവുള്ളത് തൊഴിലാളികള്‍ക്ക് മാത്രമാണെന്നും അവരുടെ ഐക്യമാണ് നിര്‍ണ്ണായകമെന്നും എംഗല്‍സ് വിശ്വസിച്ചത്.

1942-നും 44-നും ഇടയ്ക്ക് ഇരുപത് മാസത്തോളം ഇംഗ്ലണ്ടില്‍ താമസിച്ച എംഗല്‍സ് രണ്ടു തവണ ലണ്ടനും സന്ദര്‍ശിച്ചു. അവിടെ രാഷ്ട്രീയ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന ജോസഫ് മോള്‍, എഡ്ഗാര്‍ ബൗവര്‍, കാള്‍ഷോപ്പര്‍  തുടങ്ങിയവരെക്കുറിച്ചും ഥേംസ് നദിയിലെ കപ്പല്‍ ഗതാഗതത്തെക്കുറിച്ചും സെന്റ് ഗൈല്‍സിലെ ചേരികളെക്കുറിച്ചുമൊക്കെ എഴുതി. ഇരുപതു മാസത്തെ മാഞ്ചസ്റ്റര്‍ ജീവിതം പക്വതയില്ലാത്ത ഒരു ചെറുപ്പക്കാരനില്‍നിന്നും ജീവിതത്തില്‍ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തിയ ഒരു യുവാവായി എംഗല്‍സിനെ മാറ്റി. ആ കാലം തന്റെ ചിന്തകളേയും കാഴ്ചപ്പാടുകളേയും എങ്ങനെ സ്വാധീനിച്ചു അല്ലെങ്കില്‍ മാറ്റിമറിച്ചു എന്ന് അദ്ദേഹം പില്‍ക്കാലത്ത് എഴുതി. ''ആധുനിക ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന നിര്‍ണ്ണായക ഘടകമായ, എന്നാല്‍, അന്നുവരെ ചരിത്രകാരന്മാര്‍ അവഗണിക്കുകയോ കുറച്ചുകാണുകയോ ചെയ്തിരുന്ന, സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം എനിക്ക് മനസ്സിലാക്കിത്തന്നത് മാഞ്ചസ്റ്റര്‍ ആയിരുന്നു. സമൂഹത്തിലെ വിവിധ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഹേതു സാമ്പത്തിക അസമത്വമാണെന്ന് എനിക്ക് മനസ്സിലായി. ഇത്തരത്തിലുള്ള വര്‍ഗ്ഗസംഘര്‍ഷം ഇംഗ്ലണ്ടുപോലെ വ്യവസായവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ സ്വാഭാവികമാണെന്നും ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഇതിലൂന്നിയുള്ളതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു''. രണ്ടുകൊല്ലംകൊണ്ട് എംഗല്‍സിന്റെ സാമൂഹ്യ വീക്ഷണത്തിലും രൂപത്തിലും ഭാവത്തിലും വന്ന പക്വത ദര്‍ശിച്ച ബര്‍ളിനിലെ ഡോക്ടര്‍ ജൂലിയസ് വാല്‍ഡെക്ക് (Julius Waldeck)  എംഗല്‍സിന്റെ ജീവിതത്തില്‍ ഒരു അത്ഭുതം നടന്നിരിക്കുന്നുവെന്നാണ് 1844 മെയ് മാസത്തില്‍ എഴുതിയത്. വാല്‍ഡെക്ക് ദര്‍ശിച്ച ആ മാറ്റവും പക്വതയുമാണ് 20 മാസംകൊണ്ട് വെറും ഇരുപത്തിരണ്ടുകാരനായ എംഗല്‍സ് മാഞ്ചസ്റ്റര്‍ എന്ന വ്യവസായ നഗരത്തിന്റെ പാര്‍ശ്വത്തില്‍ തന്നെ രൂപം കൊള്ളുന്ന തൊഴിലാളികളുടെ നരകത്തെക്കുറിച്ച് തഴക്കം വന്ന ഒരു സാമൂഹ്യ നിരീക്ഷകന്റെ ആധികാരികതയോടെ എഴുതിയ ''ഇംഗ്ലണ്ടിലെ അധ്വാനവര്‍ഗ്ഗത്തിന്റെ അവസ്ഥ'' എന്ന വിഖ്യാത രചനയില്‍ നിഴലിച്ചതും. മാര്‍ക്സ് പത്രാധിപത്യം വഹിച്ചിരുന്ന 'റൈനിഷെറ്റ് സെതുംങ്' എന്ന പത്രം 1843 മാര്‍ച്ചോടെ പ്രഷ്യന്‍ ഭരണകൂടം നിരോധിച്ചിരുന്നു. ആ വര്‍ഷം ഒക്ടോബറോടെ മാര്‍ക്സ്, കുടുംബവുമായി പാരീസിലെത്തി. 

1844-ലെ വേനല്‍ക്കാലത്ത് എംഗല്‍സും മാഞ്ചസ്റ്ററില്‍നിന്ന് പാരീസിലെത്തി. 10 ദിവസത്തെ ഈ സന്ദര്‍ശനത്തിലാണ് എംഗല്‍സ് വീണ്ടും മാര്‍ക്സിനെ കാണുന്നത്. ആഗസ്റ്റ് 28-ാം തീയതി പ്ലേസ് ഡൂ പലേസിലെ കഫേ ദിയാ റീജന്‍സില്‍വെച്ച് ആയിരുന്നു ആ കൂടിക്കാഴ്ച നടന്നത്. മാര്‍ക്സിന്റെ മരണംവരെ നാലു പതിറ്റാണ്ടുകാലം നീണ്ടുനിന്ന ആ ബൗദ്ധിക കൂട്ടുകെട്ട് ഇരുപതാം നൂറ്റാണ്ടിലെ ലോക രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചു. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകള്‍ക്ക് പകരമായി നവീന രീതിയിലുള്ള ഒരു പ്രായോഗിക സോഷ്യലിസം അനിവാര്യമാണെന്നും വ്യവസ്ഥാപിത മതങ്ങളും സിദ്ധാന്തങ്ങളുമൊക്കെ ആ പുതിയ ഭൗതിക ചിന്താധാരകള്‍ക്ക് വഴിമാറുമെന്നും ഇരുവരും വിശ്വസിച്ചു. ഇംഗ്ലണ്ടിലെ ജീവിതം നല്‍കിയ വ്യാപാര, മുതലാളിത്ത്വ സാമ്പത്തിക ഘടനയിലെ പരിചയവുമായി പാരീസിലെത്തിയ എംഗല്‍സിന്റെ സാമ്പത്തികശാസ്ത്ര പരിജ്ഞാനവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ തത്വങ്ങളുമായി ചേര്‍ന്നു ശാസ്ത്രീയ സോഷ്യലിസം എന്ന കമ്യൂണിസത്തിന്റെ അടിസ്ഥാനമായി. യാഥാര്‍ത്ഥ്യ സോഷ്യലിസത്തിലേക്കുള്ള സമൂഹത്തിന്റെ പരിണാമത്തില്‍ ബൂര്‍ഷ്വാസിക്കെതിരെ തൊഴിലാളിവര്‍ഗ്ഗത്തിനേ വിപ്ലവം നയിക്കാന്‍ കഴിയൂ എന്ന എംഗല്‍സിന്റെ വാദം മാര്‍ക്സ് ശരിവച്ചു. 1844-ല്‍ തന്നെ ഇരുവരും ചേര്‍ന്ന് ക്രിസ്തീയ വിശ്വാസത്തിലൂന്നിയുള്ള ബ്രൂണോ, എഡ്ഗര്‍ ബൗവര്‍ സഹോദരന്മാരുടെ ഹെഗലിയന്‍ ആദര്‍ശാധിഷ്ഠിത  ചിന്തകളെ പരിഹസിച്ചുകൊണ്ട് 'വിശുദ്ധ കുടുംബം' (The Holy family) എന്ന കൃതി രചിച്ചു. സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തെ അവഗണിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ഉപരിപ്ലവമായ സിദ്ധാന്തങ്ങളെ പരിഹസിക്കുന്ന ഈ ഗ്രന്ഥത്തിന്റെ തുടര്‍ച്ചയാണ് 'ജര്‍മ്മന്‍ ഐഡിയോളജി' എന്ന രചന. ഹെഗലിന്റേയും ബൗവര്‍ സഹോദരന്മാരുടേയും ലുഡ്വിഗ് ഫോയര്‍ബാഹി (Ludwig  Foeoerbach)ന്റേയും ആദര്‍ശവാദങ്ങളില്‍ കുരുങ്ങിക്കിടന്ന ജര്‍മ്മന്‍ തത്ത്വചിന്തയെ കൂടുതല്‍ പ്രായോഗികവും സാമൂഹിക പ്രസക്തവുമാക്കിക്കൊണ്ട് മാര്‍ക്സും എംഗല്‍സും ചരിത്രത്തെ ഭൗതികവാദംകൊണ്ട് പുനര്‍വായിച്ചു വിപ്ലവത്തിന്റെ അനിവാര്യതയെ തള്ളിപ്പറഞ്ഞ യുവ ഹെഗലിയന്മാര്‍ ഉള്‍പ്പെടെയുള്ള സൈദ്ധാന്തികരെ ഈ പുസ്തകം വിമര്‍ശിച്ചു. 

ഇതിനിടയില്‍ പ്രഷ്യന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മാര്‍ക്സിനെ ഫ്രെഞ്ചു സര്‍ക്കാരും പുറത്താക്കി. രാഷ്ട്രീയ സംബന്ധമായ ഒന്നും പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പ് നല്‍കി മാര്‍ക്സ് 1845 മാര്‍ച്ചില്‍ ബ്രസല്‍സിലെത്തി. ഏപ്രിലില്‍ പാരീസില്‍ മാര്‍ക്സിനെ കണ്ടശേഷം സ്വന്തം നാടായ ബാര്‍മനിലെത്തിയ എംഗല്‍സ് അവിടങ്ങളില്‍ വ്യാപകമാകുന്ന സോഷ്യലിസ്റ്റ് ചിന്തകളില്‍ ആവേശം പൂണ്ട് മാര്‍ക്സിന് എഴുതി: ''ബാര്‍മനില്‍ പൊലീസ് ഇന്‍സ്പെക്ടര്‍പോലും കമ്മ്യൂണിസ്റ്റാണ്. ഇരുന്നൂറിലധികം പേരെ ഒരു കമ്യൂണിസ്റ്റ് യോഗം ആകര്‍ഷിച്ചു. ഫാക്ടറി ഉടമകളും മധ്യവര്‍ഗ്ഗവുമെല്ലാം തികച്ചും അസന്തുഷ്ടരാണ്.'' മകന്റെ ചിന്തകളും പ്രവൃത്തികളും ബാര്‍മനിലെ വ്യവസായ പ്രമുഖനും പൗരശ്രേഷ്ഠനുമായിരുന്ന എംഗല്‍സിന്റെ പിതാവിനെ അസ്വസ്ഥനാക്കി. തന്റെ നീക്കങ്ങള്‍ പൊലീസ് ശ്രദ്ധിച്ചു തുടങ്ങിയെന്നു മനസ്സിലാക്കിയ എംഗല്‍സ് 1845 ഏപ്രിലില്‍ ബ്രസല്‍സില്‍ എത്തി, മാര്‍ക്സിന്റെ അയല്‍വാസിയായി താമസം ആരംഭിച്ചു. 1845 ജൂലൈ മധ്യത്തോടെ എംഗല്‍സ് മാര്‍ക്സിനേയും കൂട്ടി മാഞ്ചസ്റ്ററിലെത്തി. ഇംഗ്ലീഷ് നല്ലവണ്ണം കൈകാര്യം ചെയ്തിരുന്ന ഇംഗ്ലീഷ് ചാര്‍ട്ടിസ്റ്റ് സോഷ്യലിസ്റ്റ് നേതാക്കളെ അടുത്തു പരിചയമുണ്ടായിരുന്ന എംഗല്‍സിലൂടെ മാര്‍ക്സ് ഇംഗ്ലണ്ടിന്റെ മണ്ണും കാലാവസ്ഥയും ആദ്യമായി അറിഞ്ഞു. മരണംവരെ ഇംഗ്ലണ്ട് തങ്ങളുടെ കര്‍മ്മമണ്ഡലമായിത്തീരുന്നുവെന്ന് അന്ന് ഇരുവരും കരുതിയിരുന്നില്ല. എംഗല്‍സ് വിശദമായി വരച്ചിട്ട മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ജീവിതത്തിന്റേയും വ്യവസായ യുഗം സൃഷ്ടിക്കുന്ന മുതലാളിത്ത വ്യവസ്ഥയേയും നേരില്‍ കണ്ടു മനസ്സിലാക്കാന്‍ എത്തിയ മാര്‍ക്സ് ഏറെയും ചിലവഴിച്ചത് 1653-ല്‍ സ്ഥാപിതമായ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പൊതുഗ്രന്ഥശാലയായ ചെഥാംസ് ലൈബ്രറിയിലാണ് (Chethams Library) എംഗല്‍സിന്റെ പ്രതിമ നില്‍ക്കുന്ന സ്ഥലത്തുനിന്നും ഒരു മൈലില്‍ അധികമുണ്ട് മില്‍ഗേറ്റിലെ ചെഥാംസ് ലൈബ്രറിയിലേക്ക് എന്ന് ഗൂഗിള്‍ മാപ്പ്  പറഞ്ഞു തന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളും ഏകീകൃത അളവുതൂക്ക സമ്പ്രദായത്തിലേക്ക് മാറിയിട്ടും ഇപ്പോഴും മൈലിലും പൗണ്ടിലും അളന്നു ജീവിക്കുന്ന ബ്രിട്ടീഷുകാരുടെ പാരമ്പര്യത്തിന്റെ പേരിലുള്ള തന്‍ പ്രമാണിത്തം ഈ നാട്ടിലെ താമസത്തിന്റെ ആദ്യനാളുകളില്‍ ഏറെ പേരെ കുഴക്കാറുണ്ട്.

നാഷണല്‍ ഫുട്ബോള്‍ മ്യൂസിയത്തിന്റേയും മാഞ്ചസ്റ്റര്‍ കത്തീഡ്രലിനും അടുത്ത് ഗൂഗിള്‍ കാട്ടിത്തന്ന സ്ഥലം എനിക്ക് അത്ര അപരിചിതമായിരുന്നില്ല. അരമണിക്കൂറോളം നീണ്ട നടപ്പിനെ സുഖകരമാക്കിക്കൊണ്ട്, സൂര്യന്‍ ചൂടിന്റെ ആധിക്യം കുറച്ച് പ്രകാശത്തിന്റെ തിരി കൂട്ടി ജ്വലിച്ചുകൊണ്ടിരുന്നു. വേനല്‍ക്കാലമായതിനാല്‍ നടപ്പുകാരുടെ എണ്ണം കൂടുതലായിരുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥപ്പുരയാണെന്ന ഭാവമൊന്നുമില്ലാത്ത, 1421-ല്‍ പണികഴിപ്പിച്ച ഒരു പൗരാണിക കെട്ടിടത്തിലാണ് ചെഥാംസ് ലൈബ്രറി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഒരു സംഗീത വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തിലധികം വരുന്ന ഗ്രന്ഥശേഖരത്തില്‍ അറുപതിനായിരത്തിലധികം എണ്ണം 1851-നു മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്  എന്നറിയുമ്പോള്‍ ഈ ലൈബ്രറിയിലെ സ്വത്തിന്റെ മൂല്യം മനസ്സിലാകും. മില്‍ട്ടന്റെ 'പാരഡൈസ് ലോസ്റ്റി'ന്റെ കയ്യെഴുത്ത് പ്രതിയുമുണ്ട് കൂട്ടത്തില്‍. മുന്‍കൂട്ടി അനുവാദം വാങ്ങി വേണം സന്ദര്‍ശിക്കാന്‍. പ്രവേശനം സൗജന്യമാണെങ്കിലും മൂന്നു പൗണ്ടില്‍ കുറയാത്ത സംഭാവനകള്‍ സ്വീകാര്യം. മധ്യകാലഘട്ടത്തില്‍ പണിത ഉയര്‍ന്ന മേല്‍ക്കൂരയുള്ള കെട്ടിടവും തുകല്‍പട്ടയിട്ട വലിയ പുസ്തകങ്ങള്‍ നിരത്തിവെച്ച പൊക്കമുള്ള ഷെല്‍ഫുകളുമൊക്കെ ഹാരിപോര്‍ട്ടര്‍ സിനിമയിലെ രംഗം പോലെ തോന്നിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുണ്ട ചട്ടയുള്ള പുസ്തകങ്ങളും അവയെ പേറുന്ന അത്രതന്നെ പുരാതനമായ തടി ഷെല്‍ഫുകളും സൃഷ്ടിക്കുന്ന ഇരുളിലൂടെ മൂന്നര നൂറ്റാണ്ടു പഴക്കമുള്ള ചരിത്രത്തിന്റെ ഗന്ധം ശ്വസിച്ചു മുന്നോട്ടു നടക്കുമ്പോള്‍ സൂര്യവെളിച്ചത്തിന്റെ ഇരച്ചുകയറലില്‍ പ്രകാശമാനമായ ആല്‍ക്കോവ് (Alcove) എന്നു വിളിക്കുന്ന കെട്ടിടത്തിന്റെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഭാഗം. ചുമരിനോട് ചേര്‍ത്ത് പണിതിരിക്കുന്ന ബെഞ്ചിന്റെ നടുക്ക് ദീര്‍ഘ ചതുരാകൃതിയിലുള്ള ഒരു കനത്ത തടിമേശ. 

മൂന്നു വശത്തും പുറത്തെ വെളിച്ചം അകത്തേക്ക് കോരിയൊഴിക്കുന്ന ഉയര്‍ന്ന ജനാലകള്‍. വിദ്യുത്ശക്തിയുടെ അഭാവത്തിലും സുഖമായി ഇരുന്ന് പുസ്തകം പാരായണം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന സംവിധാനം. മാര്‍ക്സ് ഡെസ്‌ക്  (Marx Desk) എന്നറിയപ്പെടുന്ന ലൈബ്രറിയിലെ മൂല. ഈ ലൈബ്രറിയില്‍ ഗവേഷണം നടത്താനും പുസ്തകം വായിക്കാനും എത്തുന്നവരില്‍ എത്രയോ ഇരട്ടിയാണ് ഈ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നത് എന്ന് ഗൈഡ് പറയുന്നു. നൂറ്റി എണ്‍പതു കൊല്ലങ്ങള്‍ക്കുമപ്പുറം മാര്‍ക്സും എംഗല്‍സും വായിച്ച പുസ്തകങ്ങളുടെ പകര്‍പ്പുകള്‍ മേശപ്പുറത്തുണ്ട്. ആര്‍ക്കും മറിച്ചുനോക്കാം, വായിക്കാം. അല്പനേരം ആ ബെഞ്ചില്‍ ഇരുന്നു. പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ മറിച്ചുനോക്കി 1699-ല്‍ പ്രസിദ്ധീകരിച്ച വില്യംപെറ്റിയുടെ എസ്സേസ് ഓഫ് പൊളിറ്റിക്കല്‍ അരിത്തമെറ്റിക് (Essays of Political Arithamatic), 1795-ല്‍ പ്രസിദ്ധീകരിച്ച ദ സ്റ്റേറ്റ് ഓഫ് പുവര്‍ (The State of Poor), 1805-ല്‍ അച്ചടിച്ച ഡേവിഡ് മാക്ഫേസന്റെ (David Mcpherson) അന്നല്‍സ് ഓഫ് കോമേഴ്സ് (Annals of Commerce), ലിറ്ററേച്ചര്‍ ഓഫ് പൊളിറ്റിക്കല്‍ എക്കണോമി (The Literature of political economy). പി ന്നെയുമുണ്ട് പുസ്തകങ്ങള്‍. ഒരിടത്തല്ല പലയിടങ്ങളില്‍ മാറിമാറി ഇരുന്നു. ഈ ബെഞ്ചല്‍ എവിടെയൊക്കെയോ മാര്‍ക്സ് ഇരുന്നു കാണും. നോട്ടുകള്‍ കുറിച്ചുകാണും. എതിരെയിരുന്ന എംഗല്‍സുമായി സംസാരിച്ചു കാണും. വാദിച്ചു കാണും. ചിരിച്ചു കാണും. ചിന്തിച്ചു കാണും. ഉള്ളില്‍ തിങ്ങിക്കൂടിയ ചരിത്രബോധം വായന ദുഷ്‌കരമാക്കി. 

1869-ല്‍ എംഗല്‍സ് മാര്‍ക്സിനെഴുതി: '24 കൊല്ലങ്ങള്‍ക്കു മുന്‍പ് നാം ഇരിക്കാറുണ്ടായിരുന്ന നാലുവശങ്ങളുള്ള ആ മേശക്കരുകില്‍ കഴിഞ്ഞ ദിവസം ഞാന്‍ പോയിരുന്നു. എനിക്ക് വളരെ പ്രിയങ്കരമാണ് ഈ സ്ഥലം. നിറം പിടിപ്പിച്ച ജനല്‍ക്കണ്ണാടിയിലൂടെ അനുഭവിക്കാവുന്ന കാലാവസ്ഥ എപ്പോഴും സുന്ദരമാണ്.  ലൈബ്രേറിയന്‍ വയസ്സന്‍ ജോണ്‍സ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷേ, വളരെ വയസ്സായി. ഇത്തവണ ഞാന്‍ അദ്ദേഹത്തെ ഇവിടെ കണ്ടില്ല.''

1870-ല്‍ മാഞ്ചസ്റ്ററിനോട് വിട പറയുന്നതിനു മുന്‍പ് നഗരത്തിലെ തനിക്ക് പ്രിയപ്പെട്ട സ്ഥലം ഗൃഹാതുരത്വത്തോടെ വീണ്ടും സന്ദര്‍ശിച്ചതാവാം എംഗല്‍സ്. 1875-ല്‍ ഒരു കൊടുങ്കാറ്റില്‍ ജനലിലെ വര്‍ണ്ണക്കണ്ണാടിപ്പാളികള്‍ തകര്‍ന്നുപോയി. പകരം നിറമില്ലാത്ത സാധാരണ കണ്ണാടിപ്പാളികളാണ് ഇപ്പോള്‍ ജനാലകളില്‍.

1845 ഓഗസ്റ്റ് അവസാനത്തോടെ മാഞ്ചസ്റ്ററില്‍നിന്നും മാര്‍ക്സും എംഗല്‍സും ബ്രസല്‍സില്‍ തിരിച്ചെത്തി. നിലവിലുള്ള വ്യവസ്ഥിതികളെ  പിഴുതെറിഞ്ഞ് സമത്വസുന്ദരമായ ഒരു സമൂഹ നിര്‍മ്മിതിക്കുവേണ്ടി പ്രയത്‌നിക്കുന്ന, 1837-ല്‍ സ്ഥാപിച്ച 'ലീഗ് ഓഫ് ജസ്റ്റി'ല്‍ (League of Just) ഇതിനോടകം ഇരുവരും അംഗങ്ങളായിരുന്നു. ബ്രസല്‍സില്‍ തിരിച്ചെത്തിയ എംഗല്‍സ് അവിടത്തെ ജര്‍മ്മന്‍ തൊഴിലാളികളെ സംഘടിപ്പിക്കാനും സോഷ്യലിസ്റ്റ് അനുഭാവികളെ തന്റെയും മാര്‍ക്സിന്റേയും വീക്ഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും യത്‌നിച്ചു. 1847-ഓടെ ലീഗ് ഓഫ് ജസ്റ്റ് ഒരു ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ലീഗായി മാറിക്കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെ ക്രോഡീകരിച്ച് ഒരു ലഘുലേഖ തയ്യാറാക്കാന്‍ ലീഗ് മാര്‍ക്സിനെ ചുമതലപ്പെടുത്തി. ഇതിനിടെ മാനിഫെസ്റ്റോയുടെ ഒരു രൂപരേഖ എംഗല്‍സ് പ്രിന്‍സിപ്പല്‍സ് ഓഫ് കമ്യൂണിസം (Principles of Communism) എന്ന പേരില്‍ തയ്യാറാക്കിയിരുന്നു. ചോദ്യോത്തര രീതിയില്‍ എഴുതിയിരുന്ന എംഗല്‍സിന്റെ ഈ ചിന്തകളേയും സ്വതന്ത്രമായി കടംകൊണ്ട്  മാര്‍ക്സ് എഴുതിയതാണ്, 1848 ഫെബ്രുവരി 21-ന് ലണ്ടനിലെ ബിഷപ്സ്ഗേറ്റില്‍ ജര്‍മ്മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 

ബൈബിള്‍ കഴിഞ്ഞാല്‍ ലോകചരിത്രത്തെ സ്വാധീനിച്ച രചനയായിട്ടാണ് മാനിഫെസ്റ്റോ വിലയിരുത്തപ്പെടുന്നത്. മാനിഫെസ്റ്റോയുടെ രചനയില്‍ എംഗല്‍സിന്റെ പങ്ക് തുലോം ചെറുതാണെന്ന് ഹരോള്‍ഡ് ലാസ്‌കി അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും മുതലാളിത്തസംവിധാനത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദുരിതങ്ങളും അവരുടെ സംഘശക്തിയും നേരിട്ടു കണ്ടെഴുതിയ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വര്‍ഗ്ഗസമരം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം തുടങ്ങിയ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിന് മാര്‍ക്സിന് പ്രേരണയായി എന്നതില്‍ സംശയമില്ല. തങ്ങള്‍ വിശ്വസിക്കുന്ന സിദ്ധാന്തം ശരിവയ്ക്കുന്ന രീതിയില്‍ സാമൂഹ്യ രാഷ്ട്രീയ ക്രമം മാറിവരുന്നത്, വ്യവസായയുഗത്തിന്റെ ആദ്യ പരീക്ഷണശാലയായ മാഞ്ചസ്റ്ററില്‍ എംഗല്‍സും മാര്‍ക്സും ദര്‍ശിച്ചു. ഈ നഗരത്തിലെ ജീവിതാനുഭവങ്ങളിലൂടെ അരിച്ചെടുത്ത ആശയാനുമാനങ്ങള്‍ തെറ്റല്ലെന്നും മാനവരാശിയുടെ ചരിത്രം വര്‍ഗ്ഗസമരത്തിന്റേതാണെന്നും അത് തൊഴിലാളികളുടെ സമ്പൂര്‍ണ്ണാധിപത്യത്തില്‍ പര്യവസാനിക്കുമെന്നുമുള്ള വിചാരധാരയുടെ പശ്ചാത്തല ഭൂമി മാഞ്ചസ്റ്റര്‍ ആയിരുന്നു. അതുകൊണ്ടാണ് വിക്ടോറിയന്‍ ബ്രിട്ടന്റെ ചരിത്രകാരനായ അസാ ബ്രിഗ്ഗ്സ് (Asa Briggs) 1963-ല്‍ പ്രസിദ്ധീകരിച്ച വിക്ടോറിയന്‍ സിറ്റീസ് (Victorian Cities) എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയത്. '1840-ല്‍ എല്ലാ റോഡുകളും അവസാനിച്ചിരുന്നത് മാഞ്ചസ്റ്ററില്‍ ആയിരുന്നു. മാഞ്ചസ്റ്ററിനു പകരം ബിര്‍മിംഗ്ഹാമിലായിരുന്നു എംഗല്‍സ് താമസിച്ചിരുന്നതെങ്കില്‍ വര്‍ഗ്ഗസമരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തം മറ്റൊന്നാകുമായിരുന്നു. അങ്ങനെയെങ്കില്‍ കാള്‍മാര്‍ക്സ് കമ്യൂണിസ്റ്റാവാതെ ഒരു കറന്‍സി പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മാത്രം ചരിത്രത്തിന്റെ അപ്രധാന ഏടുകളില്‍ ഒടുങ്ങുമായിരുന്നു'' ''കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന് ജന്മം നല്‍കിയതിന് ഏതെങ്കിലും സ്ഥലത്തെ പുകഴ്ത്തണമെങ്കിലോ പഴിക്കണമെങ്കിലോ അത് മാഞ്ചസ്റ്ററിനെയാവാം'' എന്ന് മറ്റൊരു ചരിത്രകാരനും എഴുതി. 

മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പരിഭാഷ എംഗല്‍സ് തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1850 നവംബര്‍ നാലു ആഴ്ചകളിലായി എംഗല്‍സ് ലേഖനമെഴുതിയിരുന്ന, നോര്‍തേണ്‍ സ്റ്റാര്‍ പത്രാധിപരായിരുന്ന ജൂലിയന്‍ ഹാര്‍ണി ആരംഭിച്ച റെഡ് റിപ്പബ്ലിക് (Red Republic) എന്ന വാരികയില്‍ ചാര്‍ട്ടിസ്റ്റ് പ്രവര്‍ത്തകയായ ഹെലന്‍ മക്ക്ഫെര്‍ലൈന്‍ (Helen Mcferlane)  പരിഭാഷപ്പെടുത്തിയ മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് രൂപം അച്ചടിച്ചുവന്നു. 'ഹൊവാര്‍ഡ് മോര്‍ട്ടന്‍' എന്ന പേരിലാണ് മക്ഫെര്‍ലൈന്‍ ഹാര്‍ണിയുടെ വാരികയില്‍ എഴുതിക്കൊണ്ടിരുന്നത് എന്തായാലും പരിഭാഷയുടെ അവസാന ഭാഗം പ്രത്യക്ഷപ്പെട്ട നവംബര്‍ 30-നുശേഷം റെഡ് റിപ്പബ്ലിക് എന്ന വാരികയുടെ പ്രസിദ്ധീകരണവും നിലച്ചു. പിന്നീട് ഹാര്‍ണി ഫ്രണ്ട് ഓഫ് ദി പീപ്പിള്‍ (Friend of the People) സ്റ്റാര്‍ ഓഫ് ഫ്രീഡം (Star of Freedom) തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നടത്തി. 1848-ല്‍ വിയന്നയില്‍ ഹാബ്സ്ബര്‍ഗ് (Habsburg) രാജവാഴ്ചയ്‌ക്കെതിരെ ആരംഭിച്ച വിപ്ലവത്തില്‍ പങ്കെടുത്ത ഹെലന്‍ 1852-ല്‍ ബല്‍ജിയന്‍ വിപ്ലവകാരിയായ ഫ്രാന്‍സിസ് പ്രൗസ്തിനെ വിവാഹം ചെയ്തു. 1854-ല്‍ ഭര്‍ത്താവും എട്ടുമാസം പ്രായമുണ്ടായിരുന്ന മകളും നഷ്ടപ്പെട്ട അവര്‍ രണ്ടുകൊല്ലമായി കഴിഞ്ഞ് പതിനൊന്നു മക്കളുള്ള വിഭാര്യനായ ഒരു ഇംഗ്ലീഷ് പാതിരിയെ വിവാഹം ചെയ്തു. രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കി. ശ്വാസകോശ രോഗംമൂലം മരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ ഇംഗ്ലീഷ് ലോകത്തിനു പരിചയപ്പെടുത്തിയ ഹെലന്‍ മക് ഫെര്‍ലൈന് 41 വയസ്സേ ഉണ്ടായിരുന്നുള്ളു.

1848-ല്‍ ഫ്രാന്‍സില്‍ ലൂയി ഫിലിപ്പ് രാജാവിനെതിരെയുള്ള വിപ്ലവം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വ്യാപിച്ചപ്പോള്‍ മാര്‍ക്സും എംഗല്‍സും കൊളോണിലെത്തി. തങ്ങളുടെ നിരോധിക്കപ്പെട്ട പഴയ പത്രത്തെ 'നോയേ റൈനോഷെറ്റ് സൈതുംങ്' എന്ന പേരില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. വിപ്ലവത്തെക്കുറിച്ചും പുതുതായി രൂപീകരിക്കപ്പെട്ട ഹംഗേറിയന്‍ റിപ്പബ്ലിക്കിനെക്കുറിച്ചുമൊക്കെ എംഗല്‍സ് പരമ്പരകള്‍  എഴുതി. 1849 ജൂണില്‍ പത്രം വീണ്ടും കണ്ടുകെട്ടി. പ്രഷ്യന്‍ പൗരത്വം നഷ്ടപ്പെട്ട മാര്‍ക്സ് പാരീസ് വഴി ലണ്ടനില്‍ അഭയം തേടി. 1849 മേയില്‍ തന്റെ ജന്മനഗരത്തിനടുത്തുള്ള എല്‍ബര്‍ഫീല്‍ഡിലെ വിപ്ലവ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനായി എംഗല്‍സ് അങ്ങോട്ടു പോയി. പ്രഷ്യന്‍ ഭരണകൂടം വിപ്ലവം അടിച്ചമര്‍ത്തിയപ്പോള്‍ എംഗല്‍സ് സ്വിറ്റ്സര്‍ലന്‍ഡ് വഴി ലണ്ടനിലേക്ക് രക്ഷപ്പെട്ടു. രാജ, ഫ്യൂഡല്‍ ഭരണങ്ങള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങള്‍ കെട്ടടങ്ങിയതോടെ വ്യവസായ വിപ്ലവം ആ രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. 1848-ലും '49-ലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നത് സ്വന്തം സ്വത്തും ജീവനും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ബൂര്‍ഷ്വാസികളുടെ വിപ്ലവമായിരുന്നുവെന്നും നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയെക്കാള്‍ അവര്‍ ഭയന്നത് വളര്‍ന്നു വരുന്ന തൊഴിലാളികളുടെ ശക്തിയാണെന്നും മാര്‍ക്സും എംഗല്‍സും വിപ്ലവ പരാജയത്തെ വിലയിരുത്തി. അതുകൊണ്ടുതന്നെ ഈ ബൂര്‍ഷ്വാസികള്‍ക്കെതിരെയുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റം അനിവാര്യവും ആസന്നവുമാണെന്ന് ഇരുവരും വിശ്വസിച്ചു.

അകമഴിഞ്ഞ 
സാമ്പത്തിക പിന്തുണ

1850 നവംബറിലാണ് ഏംഗല്‍സ് തന്റെ പിതാവിന് പങ്കാളിത്തമുള്ള എര്‍മന്‍ ആന്‍ഡ് എംഗല്‍സില്‍ (Ermen and Engels) വീണ്ടും ജോലി സ്വീകരിക്കുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായി മാറി ഈ തീരുമാനം. മാര്‍ക്സിന്റെ രാഷ്ട്രീയ സൈദ്ധാന്തിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ആ നൂലുല്‍പാദന കമ്പനിയില്‍ വീണ്ടും ജോലിക്കാരനായത്. മാര്‍ക്സിനോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായ ആദരവാകാം ഏംഗല്‍സിനെ ഈ ത്യാഗത്തിന് സന്നദ്ധനാക്കിയത്. കഠിനാധ്വാനത്തിലും വിശകലനപാടവത്തിലും തന്നെക്കാള്‍ ഏറെ മുന്നിലാണ് മാര്‍ക്സ് എന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. 19 കൊല്ലക്കാലം മാനസികമായി ഒട്ടും യോജിക്കാനാവാത്ത, തൊഴിലാളികളുടെ അധ്വാനമിച്ചത്തെ  ആധാരമാക്കിയ കമ്പനിയിലെ ഉദ്യോഗസ്ഥവേഷം കെട്ടി മാര്‍ക്സിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പോറ്റി. മാര്‍ക്സിന്റെ വലിയ കുടുംബത്തിനാകട്ടെ, പണത്തിന്റെ ആവശ്യം ഏറെയായിരുന്നുതാനും. മാര്‍ക്സിന്റെ കുടുംബത്തെ സ്വന്തം കുടുംബമെന്നപോലെ കരുതിയ എംഗല്‍സും മാര്‍ക്സും തമ്മിലുള്ള ധൈഷണിക, ആത്മബന്ധം അത്യപൂര്‍വ്വമായിരുന്നു.  മാര്‍ക്സിന്റെ മരണശേഷവും എംഗല്‍സിന്റെ സാമ്പത്തിക സഹായവും ഉപദേശവും ആ കുടുംബത്തിന് ലഭിച്ചിരുന്നു.

ആറുകൊല്ലത്തെ ഇടവേളയ്ക്കുശേഷം മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ എംഗല്‍സ് ആദ്യം താമസിച്ചത് ഗ്രേറ്റ്  ഡ്യൂസിറോഡിലെ 70-ാം നമ്പര്‍ വീട്ടിലായിരുന്നു. സ്ട്രേഞ്ച് വേ ജയിലിനടുത്തു ആ കെട്ടിടം ഇന്നില്ല. പിന്നീട് തോണ്‍ക്ലിഫ് ഗ്രോവിലെ ആറാം നമ്പര്‍  വീട്ടിലും ഡോയര്‍ തെരുവിലും താമസിച്ചു. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലമായ തോണ്‍ക്ലിഫ് ഗോവിലെ വീട്ടിന് മുന്നില്‍ എംഗല്‍സ് താമസിച്ചിരുന്നതിന്റെ ചരിത്രപ്രാധാന്യം മുന്‍നിര്‍ത്തി ഒരു നീലഫലകം പതിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റിലെത്തിയ ഏംഗല്‍സ് മേരിബേണ്‍സുമായി ബന്ധം പുതുക്കി. സ്വന്തം വാസസ്ഥലത്തെക്കാളും ഏറെ സമയം അദ്ദേഹം ചെലവഴിച്ചിരുന്ന മേരിയുടേയും സഹോദരി ലൂസിയുടേയുമൊപ്പമായിരുന്നു. 1888-ല്‍ പ്രസിദ്ധീകരിച്ച റോയ് വൈറ്റ് ഫീല്‍ഡ് രചിച്ച എംഗല്‍സ് ഇന്‍ മാഞ്ചസ്റ്റര്‍ - ദ സെര്‍ച്ച് ഫോര്‍ എ ഷാഡോ (Engels in Menchester- The search for a shadow) എന്ന പുസ്തകത്തില്‍ ഏംഗല്‍സിന്റെ ഇരട്ടജീവിതത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. പാളിപ്പോയ വിപ്ലവത്തില്‍ വലിയ പങ്ക് വഹിച്ചശേഷം മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ ഏംഗല്‍സിനെ പ്രഷ്യന്‍ പൊലീസിന്റെ ചാരക്കണ്ണുകള്‍ പിന്തുടര്‍ന്നതിനാലാവാം അദ്ദേഹം ഒരു ഇരട്ടജീവിതം നയിച്ചത്. മാഞ്ചസ്റ്ററിലെ ജര്‍മ്മന്‍ പൗരപ്രമുഖന്മാരുടെ സംഗമ കേന്ദ്രമായ ആല്‍ബര്‍ട്ട് ക്ലബ്ബിലെ അംഗമായിരുന്ന ഏംഗല്‍സ് നല്ലൊരു കുതിരസവാരിക്കാരനും സംഗീത പ്രിയനും വാള്‍പ്പയറ്റ് വിദഗ്ദ്ധനുമായിരുന്നു. ഫ്യൂഡലിസത്തിന്റെ അവശിഷ്ടമായ, വേട്ട പട്ടികളുമൊത്ത് കുതിരപ്പുറത്ത് കുറുനരികളെ വേട്ടയാടുന്ന ആഭിജാത വിനോദത്തില്‍ കമ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ കുറുനരി വേട്ടസംഘത്തില്‍ രണ്ടുപേര്‍ മാത്രമാണ് തന്നെക്കാള്‍ മികച്ച കുതിരസവാരിക്കാര്‍ എന്നും ഏഴുമണിക്കൂര്‍ തുടര്‍ച്ചയായി സവാരി നടത്തിയെന്നും വിപ്ലവസമയത്ത് കുതിരപ്പടയെ നയിക്കുന്നത് താനായിരിക്കും എന്നൊക്കെ എംഗല്‍സ് മാര്‍ക്സിന് എഴുതി. നിത്യേനയെന്നവണ്ണം ഏംഗല്‍സും മാര്‍ക്സും തമ്മില്‍ കത്തിടപാടുണ്ടായിരുന്നു. പൊലീസിന്റെ കയ്യില്‍പ്പെടാതിരിക്കാനാവും അവയില്‍ ഭൂരിഭാഗവും രണ്ടുപേരും നശിപ്പിച്ചു. എങ്കിലും കുറേ അവശേഷിച്ചിട്ടുണ്ട്. നിസ്സാര കാര്യങ്ങള്‍പോലും ഇരുവരും കത്തുകളിലൂടെ പങ്കുവച്ച ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ചെറിയൊരു അലോസരം ഉണ്ടായത് മേരി ബേണ്‍സിന്റെ മരണ സമയത്ത് മാത്രമാണ്. 1862-ല്‍ മേരി മരണമടഞ്ഞപ്പോള്‍ ഏംഗല്‍സ് മാര്‍ക്സിന് എഴുതി: ''അവളോടൊപ്പം എന്റെ യൗവ്വനത്തിന്റെ അവസാനത്തെ അവശിഷ്ടവും ഞാന്‍ കുഴിച്ചുമൂടിയതായി എനിക്ക് അനുഭവപ്പെട്ടു'' തന്റെ ആത്മാര്‍ത്ഥ സുഹൃത്തില്‍ നിന്ന് സാന്ത്വനവും അനുകമ്പയും പ്രതീക്ഷിച്ച ഏംഗല്‍സിന് മറുപടിയായി മാര്‍ക്സ്, സ്വന്തം കുടുംബപ്രശ്‌നങ്ങളെക്കുറിച്ചാണ് എഴുതിയത്. ''ഭൗതിക താല്‍പര്യങ്ങള്‍ മാത്രമുള്ള മുതലാളി വര്‍ഗ്ഗത്തില്‍പ്പെട്ട എന്റെ സഹപ്രവര്‍ത്തകര്‍പോലും ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ സൗഹൃദവും  സഹാനുഭൂതിയും കാട്ടി. പക്ഷേ, തണുത്ത ബൗദ്ധികമായ മേധാശക്തി പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിട്ടാണ് താങ്കള്‍  അവസരം ഉപയോഗിച്ചത്.'' ദേഷ്യവും ദുഃഖവും സഹിക്കാനാവാതെ മാര്‍ക്സിന് എഴുതി.

ഒരാഴ്ചക്കാലം ഏംഗല്‍സ് കത്തെഴുതാതിരുന്നപ്പോള്‍ തെറ്റ് തിരിച്ചറിഞ്ഞ് മാര്‍ക്സ് ക്ഷമാപണം നടത്തി. മറുപടിയായി ഏംഗല്‍സ് എഴുതി: ''ഞാന്‍ പറയട്ടെ ഒരാഴ്ചക്കാലം താങ്കളുടെ കത്ത് എന്റെ തലക്കേറ്റ പ്രഹരംപോലെയായിരുന്നു. എനിക്ക് അത് മറക്കാന്‍ കഴിഞ്ഞില്ല. കാര്യമാക്കേണ്ട. താങ്കള്‍ അവസാനം അയച്ച കത്ത് അതിനു പരിഹാരമായി. മേരിയെ നഷ്ടപ്പെട്ട കൂട്ടത്തില്‍ എന്റെ ഏറ്റവും പഴയ മികച്ച കൂട്ടുകാരനെക്കൂടി നഷ്ടപ്പെടാത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.'' വ്യവസ്ഥാപിത രീതികള്‍ ലംഘിച്ച് വിവാഹിതരാകാതെ ഏംഗല്‍സും മേരിയും ഒരുമിച്ചു താമസിച്ചിരുന്നതുകൊണ്ടാണോ മാര്‍ക്സ് അങ്ങനെ പെരുമാറിയത്. അതാവാന്‍ കാരണമില്ല. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനാവാത്തവിധത്തില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു മാര്‍ക്സും കുടുംബവും അപ്പോള്‍. ഏതായാലും മേരിയുടെ മരണശേഷം ഏംഗല്‍സ് അവരുടെ സഹോദരി ലിസിയെ ജീവിതസഖിയാക്കിയപ്പോള്‍ മാര്‍ക്സിന്റെ എല്ലാ കത്തുകളും അവസാനിച്ചിരുന്നത് ലിസിക്ക് അന്വേഷണം പറഞ്ഞുകൊണ്ടാണ് .
മാഞ്ചസ്റ്ററിലെ മുതലാളിത്തവര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്ന ഏംഗല്‍സ് മേരിയുമായുള്ള ബന്ധം തന്റെ സഹപ്രവര്‍ത്തകരില്‍നിന്നും സ്വന്തം വീട്ടുകാരില്‍നിന്നും മറച്ചുവച്ചു. മാര്‍ക്സിനും കുടുംബത്തിനും അടുത്ത ചില സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. മടുപ്പിക്കുന്ന ജോലിക്കിടയിലും ലോകത്തിലെ ചെറു സാമൂഹിക - രാഷ്ട്രീയ ചലനങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ഏംഗല്‍സ് പ്രോട്ടസ്റ്റന്റ് നവീകരണത്തെക്കുറിച്ചും 1525-ലെ കര്‍ഷകര്‍ നടത്തിയ വിപ്ലവത്തെക്കുറിച്ചുമൊക്കെ എഴുതി. അതു മാത്രമല്ല, അമേരിക്കന്‍ പത്രങ്ങളില്‍ കോളമിസ്റ്റ് ആയിരുന്ന മാര്‍ക്സിനുവേണ്ടി പലപ്പോഴും ഏംഗല്‍സ് ആയിരുന്നു ലേഖനങ്ങള്‍ എഴുതിക്കൊടുത്തിരുന്നത്.

ഇടയ്ക്കിടെ മാര്‍ക്സ് ഏംഗല്‍സിനെ കാണാന്‍ മാഞ്ചസ്റ്ററിലെത്തി. ചെഥാംസ് ലൈബ്രറിയില്‍ ഇരുവരും ദീര്‍ഘനേരം ഒരുമിച്ചിരുന്ന് വായിച്ചു. ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. സാല്‍ഫോര്‍ഡിലെ (Salford) 'റെഡ് ഡ്രാഗന്‍' എന്ന ഇന്നത്തെ ക്രസന്റ് ബാറില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു. മുഖ്യ ഇടപാടുകള്‍ നടത്തുന്ന ഗുമസ്തനായി കമ്പനിയില്‍ ഉദ്യോഗത്തില്‍ കയറിയ എന്‍ഗല്‍സ് 1864 ആയപ്പോള്‍ അതിന്റെ മുഖ്യപങ്കാളിയായി. 1869 ജൂണ്‍ 30-ന് തന്റെ പിതാവിന്റെ ഒസ്യത്തുപ്രകാരമുള്ള പതിനായിരം പൗണ്ടും കമ്പനിയുടെ ഭാവിവരുമാനത്തിന്റെ ഇരുപതു ശതമാനവും വാങ്ങി ഏംഗല്‍സ് എര്‍മന്‍ ആന്‍ഡ് ഏംഗല്‍സ് കമ്പനിയുടെ  പടിയിറങ്ങി. അന്നേരം അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മാര്‍ക്സിന്റെ മകള്‍ എലനിയറിന്റെ ഓര്‍മ്മകളില്‍ ആ ദിവസം മായാതെ നില്‍ക്കുന്നു. ''അന്നു രാവിലെ ഓഫീസില്‍ പോകാന്‍ അവസാനമായി ബൂട്ടു ധരിക്കുമ്പോള്‍  അദ്ദേഹത്തിന്റെ മുഖത്തെ  ഭാവം ഞാന്‍ ഒരിക്കലും മറക്കില്ല. കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് വാതില്‍ക്കല്‍ കാത്തുനിന്നിരുന്ന ഞങ്ങള്‍ വീടിനു മുന്നിലുള്ള ചെറിയ മൈതാനത്തിലൂടെ കയ്യിലുള്ള വടിയും കറക്കി പാട്ടുപാടി വരുന്ന അദ്ദേഹത്തെ കണ്ടു. പിന്നെ മേശയൊരുക്കി ഷാമ്പയിനുമായി ആ ദിവസം ഞങ്ങള്‍ ആഘോഷിച്ചു.''
എംഗല്‍സിന്റെ വിപ്ലവകരമായ ജീവിതം രസകരമായി പ്രതിപാദിക്കുന്ന മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ ട്രിസ്റ്റ്രം ഹണ്ടിന്റെ മാര്‍ക്സസ് ജനറല്‍; ദ റവല്യൂഷണറി ലൈഫ് ഓഫ് എംഗല്‍സ് Marxs's Genaral; The Revolutionary  Life of Engels Z (ഫ്രോക്ക് കോട്ടഡ് കമ്യൂണിസ്റ്റ് എന്ന പേരിലാണ് ഇംഗ്ലണ്ടില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകം മാര്‍ക്സിന്റെ നിഴലില്‍നിന്നും എംഗല്‍സിനെ പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ്. കുതിര സവാരിയും വാള്‍പ്പയറ്റും ഇഷ്ടപ്പെട്ടിരുന്ന, അനേകം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന, ധനികരുടെ ക്ലബ്ബുകളില്‍ അംഗമായിരുന്ന, വരേണ്യവര്‍ഗ്ഗത്തിന്റെ വിനോദമായിരുന്ന കുറുനരി വേട്ടയില്‍ ഹരം കണ്ടിരുന്ന എംഗല്‍സ് ഒരു വശത്ത്. അതേ എംഗല്‍സ് തന്നെയാണ് ദരിദ്രരും നിരക്ഷരരുമായ മാഞ്ചസ്റ്ററിലെ തൊഴിലാളിവര്‍ഗ്ഗത്തില്‍നിന്നും ജീവിതസഖിയെ കണ്ടെത്തിയത് സാധാരണക്കാര്‍പോലും കടന്നുചെല്ലാന്‍  മടിക്കന്ന അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ ജീവിതം നുരക്കുന്ന ചേരികളില്‍ ചെന്ന് അവരുടെ കഷ്ടപ്പാടും പട്ടിണിയും പുറംലോകത്തോട് വിളിച്ചുപറഞ്ഞത്. സര്‍വ്വോപരി താന്‍ കൂടി ഭാഗമായ വ്യവസ്ഥിതിയെ കീഴടക്കി ദേശീയതയുടെ അതിരുകള്‍ ലംഘിച്ച് ലോകത്ത് തൊഴിലാളികളുടെ സര്‍വ്വാധികാരം കാംക്ഷിക്കുന്ന ചിന്തകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും സാമ്പത്തികമായും വൈകാരികമായും പിന്തുണ നല്‍കിയത്.
 ഒരു ദശാബ്ദത്തിനു മുന്‍പ് സാമ്പത്തികമാന്ദ്യം ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ മാര്‍ക്സിന്റെ ചിന്തകളും ആശയങ്ങളും വീണ്ടും പുതിയൊരു കൗതുകത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അപ്പോഴും കമ്യൂണിസ്റ്റ് ചിന്താപദ്ധതിയിലെ പ്രായോഗിക സാമ്പത്തിക സിദ്ധാന്ത രൂപീകരണത്തില്‍ മാര്‍ക്സിനെ സ്വാധീനിച്ച എംഗല്‍സിനെ ആരും ശ്രദ്ധിച്ചില്ല. എംഗല്‍സിന്റെ വൈവിധ്യപൂര്‍ണ്ണമായ വ്യക്തിവൈശിഷ്ട്യങ്ങളിലേക്ക് വെളിച്ചം തൂകി അദ്ദേഹത്തെ മാര്‍ക്സിനൊപ്പം നിറുത്താനുള്ള ശ്രമമാണ് ഹണ്ടിന്റെ പുസ്തകം എന്ന് പലരും അഭിപ്രായപ്പെടുന്നു.

അസാധ്യമായതിന്റെ 
പൂര്‍ത്തീകരണം

1867-ല്‍ ദാസ് ക്യാപിറ്റലിന്റെ ആദ്യവാല്യം പൂര്‍ത്തിയാക്കിയശേഷം മാര്‍ക്സ് ഏംഗല്‍സിന് എഴുതി. ''ഈ വാല്യം ഞാന്‍ എഴുതിതീര്‍ത്തിരിക്കുന്നു. ഇത് സാധ്യമായതില്‍ ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു. താങ്കളുടെ ആത്മത്യാഗം ഇല്ലായിരുന്നുവെങ്കില്‍ ഇത്രയും ബൃഹത്തായ ഒരു കൃത്യം നിറവേറ്റാന്‍ എനിക്ക് കഴിയുമായിരുന്നില്ല.'' ജോലിയില്‍നിന്ന് വിരമിച്ചശേഷം ഏംഗല്‍സ് ലിസിയേയും എലനയറിനേയും കൂട്ടി അയര്‍ലന്‍ഡ് സന്ദര്‍ശിച്ചു. ബ്രിട്ടന്റെ അധീശത്വം മുറിവേല്‍പ്പിച്ച അവിടത്തെ സംസ്‌കാരത്തേയും ഭാഷയേയും  ദേശീയതയേയും കുറിച്ച് പഠിച്ച് എഴുതാനായിരുന്നു ആ യാത്ര. ഒരു ദേശീയത മറ്റൊരു ദേശീയതയെ കീഴ്പെടുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരീക്ഷിച്ച് അദ്ദേഹം നോട്ടുകള്‍ തയ്യാറാക്കിയെങ്കിലും അതൊന്നും ലേഖനമായോ പുസ്തകമായോ വെളിച്ചം കണ്ടില്ല. 1870 സെപ്റ്റംബറിലാണ് ഏംഗല്‍സ് മാഞ്ചസ്റ്ററിനോട് എന്നന്നേക്കുമായി വിടപറഞ്ഞ് ലണ്ടനിലെത്തുന്നത്. വ്യാപാര പ്രമുഖന്റെ വേഷം അഴിച്ച് കമ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായി മാറി, ലണ്ടനിലെത്തി അദ്ദേഹം അവിടെ ലൂസിയുമായുള്ള ബന്ധത്തിന് മറയിട്ടില്ല എന്നു മാത്രമല്ല, 1878 സെപ്റ്റംബര്‍ 11-ന് ലൂസി മരിക്കുന്നതിന് തൊട്ടുമുന്‍പ് അവരുടെ ആഗ്രഹപ്രകാരം ഇരുവരും നിയമപരമായി വിവാഹിതരാകുകയും ചെയ്തു. 1867-ല്‍ മൂലധനത്തിന്റെ ആദ്യവാല്യം, രാഷ്ട്രീയ, സാമ്പത്തിക ചിന്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയെങ്കിലും അതിലെ ആശയങ്ങള്‍ പലതും സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്നു. അതിനാലാണ് 1880-ല്‍ എംഗല്‍സ് 'സോഷ്യലിസം: ഉട്ട്യോപ്യന്‍ ആന്റ് സയന്റിഫിക്ക്' എന്ന ചെറിയ പുസ്തകം എഴുതുന്നത്. മാര്‍ക്സിന്റെ ചിന്തകളെ ലളിതമാക്കി അവതരിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥ്യ സിദ്ധാന്തങ്ങളില്‍നിന്ന് അകന്നുപോയി എന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും 12 കൊല്ലത്തിനകം ഇംഗ്ലീഷടക്കം പത്തു യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം വിവിധ രാജ്യങ്ങളിലെ അധ്വാനവര്‍ഗ്ഗത്തേയും, എന്തിന് മധ്യവര്‍ഗ്ഗത്തേയും കമ്യൂണിസത്തോട് അടുപ്പിച്ചു നവോത്ഥാനകാലത്തെ പുരോഗമനപരമായ ചിന്തകള്‍ ഫ്രെഞ്ചുവിപ്ലവത്തില്‍ കലാശിച്ചെങ്കിലും തുടര്‍ന്നു രൂപീകൃതമായ സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങള്‍ നിരാശാജനകമായിരുന്നു. അതുകൊണ്ട് സമൂഹം സമ്മാനിക്കുന്നത് പിഴവുകള്‍ അല്ലാതെ മറ്റൊന്നുമല്ല, പക്ഷേ, അത് പരിഹരിക്കുക എന്നതാണ് യുക്തിയുടെ കടമ എന്ന് അദ്ദേഹം എഴുതി: ''കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ രൂപീകരണത്തിലും പ്രത്യേകിച്ച് വിപുലീകരണത്തിലും മാര്‍ക്സുമായുള്ള നാല്‍പ്പതു കൊല്ലത്തെ സഹപ്രവര്‍ത്തനകാലത്തും അതിനു മുന്‍പും എനിക്ക് പങ്കുണ്ടായിരുന്നു എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ചരിത്രത്തേയും സാമ്പത്തികശാസ്ത്രത്തേയും സംബന്ധിച്ച പ്രധാന അടിസ്ഥാനപ്രമാണങ്ങളും സൂക്ഷ്മവും അന്തിമവുമായ പ്രസ്താവനകളും മാര്‍ക്സിന്റേതാണ്. രണ്ടോ മൂന്നോ വിഷയങ്ങളിലെ വസ്തുതകള്‍ മാറ്റിനിര്‍ത്തിയാല്‍ എന്റെ സംഭാവനകള്‍ മാര്‍ക്സിന് തന്നെ എളുപ്പത്തില്‍ നല്‍കാന്‍ കഴിയുമായിരുന്നു. മാര്‍ക്സിന് ചെയ്യാന്‍ കഴിഞ്ഞത് ഒരിക്കലും എനിക്ക് സാധിക്കില്ലായിരുന്നു'' ജീവിതകാലം മുഴുവന്‍ മാര്‍ക്സിന്റെ നിഴലിനു പിന്നില്‍ രണ്ടാം ഫിഡിലുമായി നിന്ന എംഗല്‍സ് പറയുന്നത് മികച്ച ഒരു ഒന്നാം ഫിഡില്‍ വായനക്കാരനെ ലഭിച്ച ആഹ്ലാദത്തെക്കുറിച്ചാണ്.

മാര്‍ക്‌സിന്റെ വിയോഗം
ഭാര്യയുടേയും മകളുടേയും വിയോഗത്തിന്റെ ദുഃഖവും രോഗവും തളര്‍ത്തിയ മാര്‍ക്സ് 1883 മാര്‍ച്ച് 14-ന് അന്തരിച്ചു. കിഴക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ അവിശ്വാസികള്‍ക്കും ദൈവനിഷേധകര്‍ക്കും മാറ്റിവച്ചിരുന്ന സ്ഥലത്ത് നടന്ന ശവസംസ്‌കാരത്തില്‍ പങ്കെടുത്തത് കുടുംബാംഗങ്ങള്‍ അടക്കം പതിനൊന്നുപേര്‍ മാത്രം. ''ഡാര്‍വിന്‍ ജൈവസമൂഹത്തിന്റെ വികാസത്തിന്റെ നിയമങ്ങളെ നിര്‍വ്വചിച്ചതുപോലെ മാര്‍ക്സ് മനുഷ്യചരിത്രത്തിന്റെ വളര്‍ച്ചയുടെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കി''യെന്നും ആ വേളയില്‍ ഏംഗല്‍സ് പറഞ്ഞു. അടുത്ത ദിവസം ഏംഗല്‍സ് അമേരിക്കയിലെ ഒരു കൂട്ടുകാരന് എഴുതി. ''മനുഷ്യകുലത്തിന് ഒരു ശിരസ്സ് കുറഞ്ഞു. പക്ഷേ, ഈ കാലഘട്ടത്തിലെ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ ശിരസ്സായിരുന്നു അത്.''

മാര്‍ക്സിന്റെ മരണശേഷം സ്വന്തം രാജ്യമായ ജര്‍മ്മനിയിലോ സ്വിറ്റ്‌സര്‍ലന്റിലോ ശിഷ്ടജീവിതം നയിച്ച് അവിടത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്ന ഏംഗല്‍സ് മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഇംഗ്ലണ്ടില്‍ തുടര്‍ന്നത് എന്നു കരുതപ്പെടുന്നു. മാര്‍ക്സ് മരിക്കുന്നതിനു മുന്‍പ് തന്നെ രണ്ടാം വാല്യത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. പക്ഷേ, പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് 1885-ലാണ് എന്നുമാത്രം. 1894-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം വാല്യം ഏംല്‍സിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. ക്രമമില്ലാതെ മിക്കവാറും ചുരുക്കെഴുത്തു രൂപത്തില്‍ മാര്‍ക്സ് എഴുതിക്കൂട്ടിയ വസ്തുതകളും അനുമാനങ്ങളും പരിശോധിച്ച് മൂലധനംപോലെ ഒരു ഗഹനമായ ഗവേഷണ പുസ്തകത്തിന്റെ തുടര്‍ച്ചയായ വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏംഗല്‍സിന്റെ പതിനൊന്നു കൊല്ലത്തെ പരിശ്രമം കൊണ്ടാണ്. 

1884-ല്‍ ഏംഗല്‍സിന്റെ The Orgin of the Family, Private Property and The State പ്രസിദ്ധീകരിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ നരവംശശാസ്ത്രപരമായി അന്വേഷണം നടത്തിയ ഏംഗല്‍സില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ ഭൂമിയിലുള്ള അവകാശത്തിനുവേണ്ടി വാദിച്ച  ലൂയിസ് മോര്‍ഗന്റെ (Lewis H. Morgan) സ്വാധീനം വളരെ വലുതായിരുന്നു. വിക്ടോറിയന്‍ യുഗത്തിലെ പുരുഷാധിപധ്യത്തിലധിഷ്ഠിതമായ കുടുംബസംവിധാനത്തില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമില്ലാത്ത വീട്ടുവേലക്കാരായി മാത്രം മാറിയിരിക്കുന്നുവെന്നും അവര്‍ക്ക് സമൂഹത്തിലും കുടുംബത്തിലും പരിരക്ഷ അല്ല, മറിച്ച് പുരുഷനോടൊപ്പമുള്ള സമത്വമാണ് വേണ്ടതെന്നും എംഗല്‍സ് വാദിച്ചു. സ്വകാര്യ സ്വത്ത് നിരോധിച്ച്, മാതൃദായക്രമത്തിലൂന്നിയുള്ള സമൂഹജീവിതമാണ് ഇതിനു പരിഹാരമായി അദ്ദേഹം മുന്നോട്ടുവച്ചത്. അങ്ങനെ ലോകത്തിലെ ആദ്യ മാര്‍ക്സിസ്റ്റായ എംഗല്‍സ് ആദ്യകാല സ്ത്രീസമത്വവാദിയാണെന്നും നാം കാണുന്നു. ദിവസേന ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളിലുള്ള ഏഴു പത്രങ്ങളും വിവിധ രാജ്യത്തുനിന്നും പ്രസിദ്ധീകരിക്കുന്ന പലഭാഷകളിലുള്ള ഇരുപതോളം വാരികകളും വായിച്ചിരുന്ന അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 

1840-കളിലെ ചാര്‍ട്ടിസ്റ്റ് മുന്നേറ്റം മുതല്‍ അഞ്ചരപതിറ്റാണ്ടുകാലം പ്രക്ഷുബ്ധമായിരുന്ന യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ വിപ്ലവങ്ങള്‍ക്കൊപ്പം നിന്ന ഏംഗല്‍സ് 1895 ആഗസ്റ്റ് 5-ന് അന്തരിച്ചു. തൊണ്ടയിലെ അര്‍ബ്ബുദമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം മൃതദേഹം  ദഹിപ്പിച്ച് ചിതാഭസ്മം  ഈസ്റ്റ് ബോണിന് (East bourne) അടുത്തുള്ള ബീച്ച് ഹെഡിലെ (Beach head) കടലില്‍ വിതറി. മരണാനന്തരം അദ്ദേഹം തന്റെ സ്വത്തിന്റെ അവകാശികളാക്കിയത് മാര്‍ക്സിന്റെ മക്കള്‍ ലാറയേയും എലനേറിനേയുമായിരുന്നു. ഏകദേശം 26400 പൗണ്ട് ആയിരുന്നു സമ്പാദ്യം. 2011-ലെ കണക്കില്‍ അത് ഏകദേശം 5 ദശലക്ഷം അമേരിക്കന്‍ ഡോളറിനു മുകളില്‍വരും.  

ചെഥാംസ് ലൈബ്രറിയില്‍ നിന്നിറങ്ങി മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് അരികിലൂടെ ഞാന്‍ നടന്നു. ഇതുവഴിയാവണം ഏംഗല്‍സ് ഹാള്‍ ഓഫ് സയന്‍സിലെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോയിരുന്നത്. വെയിലും ചൂടും തിരിച്ചെടുത്ത് സൂര്യന്‍ മേഘങ്ങള്‍ക്കു പിന്നില്‍ തല്‍ക്കാലത്തേക്ക് മറഞ്ഞിരുന്നു. മഴ ചെറുതായി പെയ്തു തുടങ്ങി. 'മാറ്റമില്ലാത്തതായി മാറ്റം മാത്രം.' നൂറ്റിഅന്‍പതു കൊല്ലങ്ങള്‍ക്കിപ്പുറത്ത് മാഞ്ചസ്റ്റര്‍ നഗരം ഏറെ മാറിയിരിക്കുന്നു. നഗരവാസികളെ സൈറന്റെ ശബ്ദത്തില്‍ ശകാരിക്കുകയും പുക തുപ്പി അലോസരപ്പെടുത്തുകയും ചെയ്ത ഫാക്ടറികള്‍ എങ്ങോപോയി മറഞ്ഞു. തുണി വ്യവസായത്തിന്റേയും യന്ത്രനിര്‍മ്മാണത്തിന്റേയും പേരിലല്ല, പുകഴ്പെറ്റ രണ്ടു ഫുട്ബോള്‍ ക്ലബ്ബുകളുടെ മേല്‍വിലാസത്തിലാണ് ഇന്നത്തെ യുവതലമുറ മാഞ്ചസ്റ്ററിനെ അറിയുന്നത്. നടന്ന് വീണ്ടും ഏംഗല്‍സിന്റെ പ്രതിമക്കടുത്തെത്തിയപ്പോള്‍ മഴ നിശ്ശേഷം മാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com