സഖാവിന്റെ മകള്‍: ഇകെ നായനാരുടെ മകള്‍ എഴുതുന്നു

അച്ഛന്റെ മകളാണെന്ന് തിരിച്ചറിയുമ്പോള്‍ ആളുകളില്‍നിന്നു കിട്ടുന്ന സ്‌നേഹത്തെക്കുറിച്ചു പറയാന്‍ വാക്കുകളില്ല.
സഖാവിന്റെ മകള്‍: ഇകെ നായനാരുടെ മകള്‍ എഴുതുന്നു




ച്ഛന്റെ മകളാണെന്ന് തിരിച്ചറിയുമ്പോള്‍ ആളുകളില്‍നിന്നു കിട്ടുന്ന സ്‌നേഹത്തെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. അത്രയ്ക്കാണ്. അതാണ് ഏറ്റവും വലിയ അനുഭവം. അക്കാര്യത്തില്‍ ഏതു രാഷ്ട്രീയക്കാര്‍ എന്നൊന്നുമില്ല. രാഷ്ട്രീയത്തിനപ്പുറത്ത് അച്ഛനെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. ആ ഇഷ്ടം ഞങ്ങള്‍ക്കും കിട്ടാറുണ്ട്, കിട്ടിക്കൊണ്ടേയിരിക്കുന്നു. അത്തരം അനുഭവങ്ങളെല്ലാം മനസ്സില്‍ തൊടും. പ്രത്യേകിച്ചും കാസര്‍ഗോഡ് ഭാഗത്തും മറ്റും ദേശാഭിമാനിയുടെ എന്തെങ്കിലും പരിപാടിക്കൊക്കെ പോകുമ്പോള്‍ ആളെ മനസ്സിലായിക്കഴിഞ്ഞ് അവിടുത്തെ സാധാരണക്കാരായ ആളുകള്‍ കാണിക്കുന്ന സ്‌നേഹം വല്ലാത്തൊരു അനുഭവമാണ്. നമ്മുടെ സഖാവിന്റെ മകള്‍ എന്നു പറഞ്ഞ് സ്ത്രീകളൊക്കെ കെട്ടിപ്പിടിക്കും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹം. കേരളം മുഴുവന്‍ ആ സ്‌നേഹമുണ്ട്. കാസര്‍ഗോട്ടെ ചില അനുഭവങ്ങള്‍ പ്രത്യേകമായി പറയുന്നുവെന്നേയുള്ളു.

ചെറുപ്പത്തില്‍ അച്ഛനെ കാണുന്നതുതന്നെ അപൂര്‍വ്വമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായ യാത്രകളിലാകും. വല്ലപ്പോഴും വരും, പോകും. ആദ്യം അച്ഛന്റെ വീട്ടിലേക്കാണ് വരിക. ഞങ്ങള്‍ അമ്മയുടെ വീട്ടില്‍നിന്ന് അങ്ങോട്ടു പോകും. പാര്‍ട്ടിയുടെ പരിപാടി കണ്ണൂരോ മറ്റോ ഉണ്ടെങ്കിലാണല്ലോ വരിക, പകല്‍ അതിനു പോകും. രാത്രി വരും.

1975-ല്‍ കല്യാശേരിയില്‍ അച്ഛന്റെ വീടിന്റെ അടുത്തുതന്നെ വീട് വച്ചശേഷമാണ് അടുത്തു കാണാന്‍ തുടങ്ങിയത്. അടുത്തു കാണാനും അടുത്ത് ഇടപഴകാനും പറ്റി. അപ്പോഴേയ്ക്കും ഞാന്‍ കോളേജില്‍ എത്തിയിരുന്നു. മറ്റുള്ളവര്‍ സ്‌കൂളില്‍. അച്ഛന്‍ ഓഫീസ് റൂമായിട്ടൊക്കെ ഉപയോഗിക്കുന്ന ഒരു പ്രത്യേത മുറിയുണ്ടായിരുന്നു. അച്ഛന്‍ കൂടുതല്‍ സമയവും അവിടെയാണിരിക്കുക. എഴുത്തും വായനയുമൊക്കെയായി അവിടെയുണ്ടാകും. ചായ കുടിക്കാന്‍ മേശയ്ക്കു ചുറ്റിലുമായി ഇരിക്കുമ്പോഴാണ് ഞങ്ങളോട് വിശേഷങ്ങളൊക്കെ ചോദിക്കുക. പഠിപ്പെന്തായി, ഇന്നു കോളേജില് പോകണ്ടേ, അവിടെ എന്തൊക്കെയാണ് വിശേഷങ്ങള്‍ അങ്ങനെയൊക്കെ. അത് ആകെ അഞ്ച് മിനിറ്റൊക്കെയായിരിക്കും. പിന്നെ അച്ഛന് പകല് മുഴുവന്‍ പരിപാടികളായിരിക്കും. രാത്രി വരുമ്പോള്‍ ഞങ്ങള്‍ കിടന്നിട്ടുണ്ടാകും.

അച്ഛന്‍ കര്‍ക്കശക്കാരനായിരുന്നില്ല, വളരെ സോഫ്റ്റ് തന്നെയായിരുന്നു. കര്‍ക്കശമായി ആരോടും പെരുമാറിയിട്ടില്ല. വളരെ സ്‌നേഹംതന്നെയായിരുന്നു. പ്രത്യേകിച്ചും പെണ്‍മക്കളോട്, എന്നോടും ഉഷയോടും ഒരു പ്രത്യേക വാല്‍സല്യമായിരുന്നു. അച്ഛന്റെ ഒരു സഹോദരി അവരുടെ കല്യാണം നിശ്ചയിച്ച് രണ്ടു ദിവസം കഴിഞ്ഞ് പെട്ടെന്നു മരിച്ചുപോയിരുന്നു. അവരോടുള്ള സ്‌നേഹം ഞങ്ങള്‍ പെണ്‍മക്കള്‍ക്കു പ്രത്യേകമായി കിട്ടുമായിരുന്നു. പഠിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന് പറയും. വീട്ടിലങ്ങനെ രാഷ്ട്രീയമൊന്നും പറയില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ത്തന്നെ രാഷ്ട്രീയമുണ്ട് കുടുംബാന്തരീക്ഷത്തില്‍. രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ ജീവിതവും കുട്ടിക്കാലത്തേ നന്നായി അറിയാം. പ്രായം കുറേയായിട്ടും 1992 വരെയൊക്കെ അമ്മമ്മ ദേശാഭിമാനി കൃത്യമായി വായിക്കുമായിരുന്നു. അതെല്ലാം കണ്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് രാഷ്ട്രീയം പ്രത്യേകിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല.

കെപി സുധ
കെപി സുധ

വായനക്കാരന്‍
പെട്ടെന്നു സങ്കടം വരുന്ന പ്രകൃതമായിരുന്നു അച്ഛന്. അത് നിയന്ത്രിക്കാനും കഴിയില്ല. സഖാവ് ഇ.എം.എസ് മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതുപോലെതന്നെയാണ് അമ്മാവന്‍ കെ.പി.ആര്‍ ഗോപാലന്‍ മരിച്ചപ്പോള്‍ കരഞ്ഞത്. അന്നും ഇ.എം.എസ് മരിക്കുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിയാണ്. പക്ഷേ, പദവിയൊന്നും ഉള്ളിലെ സങ്കടം പ്രകടിപ്പിക്കുന്നതിന് അച്ഛനു തടസ്സമായിട്ടില്ല. കെ.പി.ആര്‍. ഗോപാലന്‍ അമ്മയുടെ അമ്മാവനാണ്. പക്ഷേ, എല്ലാവരും പരസ്പരം ബന്ധുക്കളാണല്ലോ. അങ്ങനെയാണ് അവരുടെ വിവാഹവും നടക്കുന്നത്. അതുകൊണ്ട് അച്ഛന് അദ്ദേഹവുമായി വലിയ അടുപ്പമായിരുന്നു. രാഷ്ട്രീയ ഗുരു എന്നു പറയാവുന്ന അടുപ്പം. അദ്ദേഹവും അച്ഛന്റെ ജ്യേഷ്ഠന്‍ നാരായണന്‍ നായനാരും വഴിയാണ് അച്ഛന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കു വന്നത്. കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റും പിന്നെ കമ്യൂണിസ്റ്റും. കയ്യൂര്‍ സമരത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍പോലും അച്ഛന്‍  അതിനോടു പ്രതികരിക്കാന്‍ പോയിട്ടില്ല.  

അച്ഛനെ സ്‌നേഹിക്കുന്ന ആളുകള്‍ വീട് അന്വേഷിച്ചു കണ്ടുപിടിച്ച് വരുന്നത് കാണണമെങ്കില്‍ കല്യാശേരിയില്‍ പോകണം. ഇന്നു പോയാലും കാണാം അമ്മയുടെ അടുത്ത് ആരെയെങ്കിലുമൊക്കെ. എവിടെന്നെങ്കിലുമൊക്കെ പറശ്ശിനിക്കടവിലോ മറ്റോ പോകുന്ന മിക്കവരും അമ്മ അവിടെയുണ്ട് എന്നറിഞ്ഞാല്‍ കാണാതെ പോകില്ല. തമിഴ്നാട്ടില്‍ നിന്നു പോലും അച്ഛന്റെ വീടന്വേഷിച്ചു വരുന്നവരുണ്ട്. കല്യാശേരിയില്‍ പോയിക്കഴിഞ്ഞാല്‍ എനിക്ക് ഒരു മിനിറ്റുപോലും ബോറടിക്കില്ല എന്ന് പറയും അമ്മ. എപ്പോഴും ആള്‍ക്കാരാണ്. ഇടയ്ക്ക് സ്‌കൂളിലേയും കോളേജിലേയുമൊക്കെ കുട്ടികള്‍ വരും. അമ്മയുമായി കുട്ടികളുടെ വര്‍ത്തമാനം സംഘടിപ്പിക്കും. ചെറിയ പരിപാടികള്‍ക്കൊക്കെ അമ്മ പോവുകയും ചെയ്യും. പറയാനുള്ളതെല്ലാം അച്ഛനെക്കുറിച്ചുതന്നെ; ആളുകള്‍ക്കു ചോദിക്കാനുള്ളതും. അമ്മയ്ക്ക് എത്ര പറഞ്ഞാലും അത് തീരുകയുമില്ല.


അച്ഛന്റെ പത്രം വായന പ്രസിദ്ധമാണല്ലോ. രാവിലെ എല്ലാ പത്രങ്ങളും വായിക്കും. അച്ഛന്‍ വായിച്ചുകഴിഞ്ഞിട്ടേ ഞങ്ങള്‍ പോലും തൊടാന്‍ പാടുള്ളു. ഇംഗ്ലീഷ് പത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട വാര്‍ത്തകളിലേക്കു മാത്രമേ വിശദമായി പോവുകയുള്ളു. മലയാളം പത്രങ്ങള്‍ അങ്ങനെയല്ല. അരിച്ചുപെറുക്കി വായിക്കും. വായിച്ചു കഴിയുന്നത് ഓരോന്നായി വശത്തേക്കു മാറ്റിവയ്ക്കും. അപ്പോള്‍ മറ്റുള്ളവര്‍ക്ക് എടുക്കാം. പത്രങ്ങള്‍ വായിച്ചിട്ട് പ്രധാനപ്പെട്ട വാര്‍ത്തകള്‍ മുറിച്ചെടുത്ത് ബുക്കില്‍ ഒട്ടിച്ചുവയ്ക്കുന്ന ശീലം മകന്‍ സൂരജിന് ഉണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞിട്ടു തുടങ്ങിയതാണ്. പിന്നെപ്പിന്നെ വീടുകള്‍ പലതും മാറിയപ്പോള്‍ അതൊക്കെ നഷ്ടപ്പെട്ടു. മധുരത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നു ഭക്ഷണ നിയന്ത്രണം. പക്ഷേ, എവിടെയെങ്കിലും പോയാല്‍ ആരും കാണാതെ പായസം കുടിക്കും. അമ്മയോ വാര്യരോ കൂടെയുണ്ടെങ്കില്‍ മധുരം ശ്രദ്ധിക്കും. ഷുഗറാണ് അച്ഛനെ കുഴപ്പിച്ചത്. അധികം ചികിത്സയ്ക്കൊന്നും പോയിട്ടില്ല. അതെല്ലാം സമയം വേസ്റ്റാ എന്നാണ് പറയുക. തിരുവനന്തപുരത്തായിരിക്കുമ്പോള്‍ നടക്കാന്‍ പോകുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. കൂടെ ഒരു പട്ടീമുണ്ടാകും. 

പത്രാധിപര്‍
എനിക്ക് ദേശാഭിമാനിയില്‍ കിട്ടിയതില്‍ അച്ഛന് സന്തോഷമായിരുന്നു. അച്ഛന്റെ തട്ടകമായിരുന്ന സ്ഥലമല്ലേ. അവിടെ മക്കളില്‍ ഒരാളെങ്കിലും വരുന്നത് സന്തോഷമായിരുന്നു. പ്രത്യേകിച്ചും കണ്ണൂരില്‍. എന്റെ മോള്‍ ഡിഗ്രിക്ക് മാസ്സ് കമ്യൂണിക്കേഷനാണ് എടുത്തത്. അച്ഛന് അത് അറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. അച്ഛന്റെ തുടക്കം പത്രപ്രവര്‍ത്തകനായിട്ടാണല്ലോ. അത് പറയുന്നതും അച്ഛന് ഇഷ്ടമായിരുന്നു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നിട്ടുണ്ടല്ലോ.  

അച്ഛന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഞാന്‍ ക്ലിഫ് ഹൗസില്‍ വന്നു താമസിച്ചിട്ടുണ്ട്. പക്ഷേ, സ്ഥിരമല്ല. വരും പോകും. പക്ഷേ, മക്കള്‍ മൂന്നു പേരും അച്ഛന്റെ കൂടെത്തന്നെയായിരുന്നു. അതുകൊണ്ട് എന്നെക്കാളും അച്ഛനുമായി അടുപ്പവും രാഷ്ട്രീയധാരണയും അവര്‍ക്കാണെന്നു തോന്നാറുണ്ട്. മൂത്ത മകന്‍ സൂരജിനെ കാണുമ്പോഴേ ആളുകള്‍ പറയാറുണ്ട്, അപ്പൂപ്പനെപ്പോലെയാണെന്ന്.
അച്ഛന്‍ കുറേക്കാലം കൂടി ജീവിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല പെട്ടെന്നാണ് അച്ഛന് അസുഖം വന്നത്. അച്ഛന്‍ ഷുഗറിന്റെ ആളല്ലേ. എനിക്കും ഷുഗറുണ്ട്. അച്ഛന്‍ അതു തന്നിട്ടാണ് പോയതെന്നു ഞാന്‍ പറയാറുണ്ട്.

അച്ഛന്റെ വായന അപാരമായിരുന്നു. പുസ്തകങ്ങള്‍ കുറേയൊക്കെ പലരും കൊണ്ടുപോയി. ആര് ചോദിച്ചാലും അമ്മ എടുത്തുകൊടുക്കും. ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ എല്ലാവരേയും ഡല്‍ഹിക്കു കൊണ്ടുപോയതാണ് അച്ഛന്റെ കൂടെ ഉണ്ടായിട്ടുള്ള യാത്ര. അല്ലാതെ ഭാര്യയും മക്കളേയും കൂടെക്കൊണ്ടു പോകാനോ വിനോദയാത്ര നടത്താനോ ഒന്നും അച്ഛനു സമയമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് അത് നന്നായി അറിയുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് പരിഭവം തോന്നിയിട്ടുമില്ല.

അച്ഛന്‍ അന്ന് എം.പി ആയിരുന്നു. ഞങ്ങളുടെ ഏറ്റവും ഇളയ അനിയന്‍ വിനോദ് ജനിച്ചിട്ടു തന്നെയില്ല. കൃഷ്ണകുമാര്‍ ചെറിയ കുട്ടി. പാര്‍ലമെന്റ് കാണാന്‍ പോയി, ആഗ്രയില്‍ പോയി താജ്മഹല്‍ കണ്ടു. അങ്ങനെ കുറേ സ്ഥലങ്ങള്‍. അച്ഛന്റെ എം.പി. ഫ്‌ലാറ്റിലാണ് താമസിച്ചത്. ആ യാത്രയും രസമായിരുന്നു. മൂന്നു ദിവസമെടുക്കുമല്ലോ ട്രെയിനില്‍ അന്ന് ഡല്‍ഹിയില്‍ എത്താന്‍. വലുതായ ശേഷം ഞങ്ങള്‍ മക്കള്‍ അമ്മയുമായി പലയിടത്തും പോയിട്ടുണ്ട്. അച്ഛനു കഴിയില്ല കൂടെ വരാന്‍. അത് അറിയാവുന്നതുകൊണ്ട് വിഷമമില്ല.
കുവൈറ്റില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ ശേഷമാണ് അച്ഛന്‍ യാത്രകളില്‍ അമ്മയെ കൂട്ടാന്‍ തുടങ്ങിയതുതന്നെ. എനിക്ക് ഒറ്റയ്ക്കു പോകാന്‍ കഴിയും എന്ന ധൈര്യമായിരുന്നു എപ്പോഴും അച്ഛന്. പക്ഷേ, അതിനുശേഷം ഡോക്ടര്‍ പറഞ്ഞു, ഒറ്റയ്ക്കു യാത്ര പാടില്ലെന്ന്. അപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു, സഖാവ് ഇങ്ങനെ തനിച്ചു യാത്ര ചെയ്യരുത്, ടീച്ചറേയും കൊണ്ടുപോകണം. 
അച്ഛന്റ മരണം കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ വിയോഗമായിരുന്നു. ഞങ്ങളെ അത് ശരിക്കും ബാധിച്ചു. സഹിക്കാനാകാത്ത വേദന. അത് മരിക്കുവോളം മാറില്ല.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com