എതിര്‍ലിംഗ പദവിവല്‍ക്കരണം മലയാള സിനിമയി: മൈഥിലി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ

സ്ത്രീ സ്ത്രീയും പുരുഷന്‍ പുരുഷനുമായി തീരുന്നത് സാമൂഹികവും സാംസ്‌കാരികവുമായ രൂപപ്പെടുത്തപ്പെടലിലൂടെയാണ്, ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിലല്ല.
എതിര്‍ലിംഗ പദവിവല്‍ക്കരണം മലയാള സിനിമയി: മൈഥിലി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ

സ്ത്രീ സ്ത്രീയും പുരുഷന്‍ പുരുഷനുമായി തീരുന്നത് സാമൂഹികവും സാംസ്‌കാരികവുമായ രൂപപ്പെടുത്തപ്പെടലിലൂടെയാണ്, ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിലല്ല.   

''One is not born, but rather becomes, a woman. No biological, psychological, or economic fate determines the figure that the human female presents in osciety; it is civilization as a whole that produces this creature, intermediate between male and eunuch, which is described as feminine. Only the intervention of osmeone else can establish an individual as an other. In os far as he exists in and for himself, the child would hardly be able to think of himself as sexually differentiated in girls as in boys the body is first of all the radiation of a subjectivity, the instrument that makes possible the comprehension of the world. It is through the eyes, the hand, that children apprehend the universe, and not through the sexual parts.' (Simone De Beauvoir, The second sex, Page 295).

'It is gender that determines what is expected, allowed and valued in a woman or a man in a given context. In most oscieties there are differences and inequalities between women and men in responsibilities assigned activities undertaken, access to and control over reosurces, as well as decision making opportunities' (Keshab Chandra Mandal, Gender and Empowerment: A comparative analysis at India and USA, p19).
'In every osciety on this planet, gender is among the most important of oscial organazing principles' (Burns, Nancy, Lehman K. Schlozman and Verba, Sidncy, The Private roots of public Action Gender Equality and Political Participation).

അതുകൊണ്ടുതന്നെ സ്ത്രീ പുരുഷനും പുരുഷന്‍ സ്ത്രീക്കും പരസ്പരം എതിര്‍ലിംഗമായിത്തീരുന്നത് അവര്‍ സാമൂഹികമായി പരിശീലിപ്പിക്കപ്പെടുന്ന പെരുമാറ്റശീലങ്ങളിലൂടെയാണ്. മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ഈ എതിര്‍ലിംഗ പദവിവല്‍ക്കരണത്തിന് (Opposite Gendering) വിധേയമാവുന്നതും പുറത്താവുന്നതും മറികടക്കുന്നതുമെങ്ങനെയെന്ന് വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. നടി മൈഥിലി അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് പഠനത്തിന് ഉപയോഗിക്കുന്നത്. 

''അരയില്‍ ഒരു മുണ്ടുമാത്രം ചുറ്റി മാറുമറയ്ക്കാതെ നടക്കുന്ന കൂട്ടരായിരുന്നു കേരളത്തിലെ സ്ത്രീകള്‍ അഥവാ യാദൃച്ഛികമായി ഒരു സ്ത്രീ മാറുമറച്ചു നടക്കാന്‍ മുതിര്‍ന്നാല്‍ത്തന്നെയും 'അഹങ്കരിച്ചു വേഷം കെട്ടി നടക്കുന്നുവെന്നു' പറയാതിരിക്കാന്‍ വേണ്ടി, മാന്യരുടെ സന്നിധിയില്‍ മേല്‍മുണ്ടെടുത്തു മാറ്റിക്കളയുന്നതായിരുന്നു പതിവ്'' (പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 30).

'അടിമുടി മൂടി അന്തര്‍ജ്ജനങ്ങള്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ അവര്‍ക്കു തുണക്കാരികളായി ഒപ്പമുണ്ടായിരുന്ന നായര്‍ യുവതികള്‍ അരയ്ക്കുമേല്‍ മറയ്ക്കാതെയാണ് നടന്നിരുന്നത്.'' (പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 31).

'അന്തര്‍ജ്ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അടിമുടി ശരീരം മൂടിയിരുന്നു എന്ന വസ്തുത, വ്യത്യസ്ത ജാതികളിലെ സ്ത്രീശരീരങ്ങളുടേയും നഗ്‌നതയുടേയും മേല്‍ സ്ഥാപിക്കപ്പെട്ടിരുന്ന വ്യത്യസ്തമായ നഗ്‌നതാ, ലൈംഗികസദാചാര, സാമൂഹ്യ പദവിബോധങ്ങള്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ്.''

വ്യത്യസ്ത ജാതിയിലും മതത്തിലുമുള്ള സ്ത്രീപുരുഷന്മാര്‍ സവിശേഷമായ പെരുമാറ്റശീലങ്ങളിലൂടെയാണ് രൂപപ്പെടുത്തപ്പെടുന്നത് എന്നു മുകളിലെ ഉദ്ധരണികളില്‍നിന്നു വ്യക്തമാവും. ഓരോ കാലഘട്ടത്തിലേയും ഓരോ അധികാരശ്രേണിയിലുമുള്ള സ്ത്രീക്കും പുരുഷനും പരസ്പരപൂരകമെന്നവിധം സ്ത്രീപുരുഷ മാതൃകകള്‍ സാമൂഹികമായും സാംസ്‌കാരികമായും നിര്‍മ്മിക്കപ്പെടുകയാണ്. അവര്‍ക്ക് പ്രത്യേകമായ പെരുമാറ്റരീതികളും നിഷ്‌കര്‍ഷിക്കപ്പെടുന്നു.

പൊതു ഇടത്തില്‍ സ്വീകാര്യവും അംഗീകൃതവുമായ പുരുഷ-സ്ത്രീ മാതൃകകള്‍ അധികാരഘടനയാല്‍ നിര്‍മ്മിക്കപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയുമാണ്. പുരുഷമാതൃകയുടെ നേരെ എതിരായാണ് സ്ത്രീമാതൃകയും നിര്‍മ്മിക്കപ്പെടുന്നത്. സാമൂഹിക- അധികാര ശ്രേണീബദ്ധതയ്ക്കനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലെ പെരുമാറ്റരീതികളും വളരെ സവിശേഷതയുള്ളതായിരിക്കും. സ്ത്രീയും പുരുഷനും പരസ്പരം എതിര്‍ലിംഗമായി രൂപപ്പെടുന്നതുകൊണ്ടുതന്നെ സ്ത്രീ മാതൃകയോടു ചേര്‍ന്നുനില്‍ക്കാത്ത സ്ത്രീകള്‍ പുരുഷ മാതൃകയോടും ചേരാതെ നില്‍ക്കുന്നു. അഥവാ അത്തരം സ്ത്രീകള്‍ സ്ത്രീത്വത്തോടും പുരുഷത്വത്തോടും ഒരുപോലെ വിഘടിച്ചുനില്‍ക്കുന്നു, ഇടഞ്ഞുനില്‍ക്കുന്നു എന്നു പറയാം. അഥവാ അവര്‍ എതിര്‍ലിംഗങ്ങളാവാതെ അതിന് പുറത്തുനില്‍ക്കുന്നു എന്നു പറയാം.

നങ്ങേലി എന്ന സ്ത്രീയാണ് കേരള ചരിത്രത്തില്‍ വ്യക്തി എന്ന നിലയില്‍ ആദ്യമായി ശക്തമായും കൃത്യമായും ഈ എതിര്‍ലിംഗ പദവിവല്‍ക്കരണത്തിനെതിരെ ആഴത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീ എന്നു പറയാം. സേതു പാര്‍വ്വതി ഭായി തിരുവിതാംകൂര്‍ ഭരിച്ച കാലത്ത് പിന്നാക്കസ്ത്രീകള്‍ മുലക്കരം നല്‍കണമെന്ന അനാചാരം നിലവിലുണ്ടായിരുന്നു. മുലക്കരം പിരിക്കാന്‍ വന്ന രാജസേവകന് നിലവിളക്ക് കത്തിച്ചു വെച്ച് തന്റെ മുലകള്‍ അറുത്ത് ചേമ്പിലയില്‍ നല്‍കി ഇനി നിങ്ങള്‍ക്ക് മുലക്കരം വേണ്ടല്ലോ എന്നു ചോദിച്ച് പ്രതിഷേധിച്ചു നങ്ങേലി. ചോര വാര്‍ന്ന് നങ്ങേലി മരിച്ചുവീണു. ഭര്‍ത്താവ് ചിരുകണ്ടന്‍ ദുഃഖം താങ്ങാനാവാതെ, നങ്ങേലിക്കായി ഒരുക്കിയ ചിതയില്‍ ചാടി മരിച്ചു. നങ്ങേലി മരിച്ചുവീണ സ്ഥലം മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്നു. 1803-ലായിരുന്നു സംഭവം. (https://feminisminindia.com, Kerala's Casteist Breast Tax And The Story of Nangeli, Sheryl Sebastian) മുലക്കരം നല്‍കുക തുടങ്ങിയ അനാചാരങ്ങള്‍ പാലിക്കാന്‍ ശീലിപ്പിച്ചുകൊണ്ടാണ് അന്നത്തെ ഈഴവസ്ത്രീകളുടെ ലിംഗപദവി രൂപപ്പെടുത്തപ്പെടുന്നത്. ലിംഗപദവിയെ നിര്‍ണ്ണയിക്കുന്ന സാമൂഹികമായ അനാചാരത്തിനെതിരെ ജീവന്‍ ബലി നല്‍കി  പ്രതിഷേധിച്ചാണ് തന്റെ ലിംഗപദവിയെ നങ്ങേലി അട്ടിമറിക്കുന്നത്. കുറിയേടത്തു താത്രി എന്ന സ്ത്രീയാണ് കേരളചരിത്രത്തില്‍ ഈ എതിര്‍ലിംഗ പദവിവല്‍ക്കരണത്തെ വ്യക്തിപരമായി ശക്തമായും മറികടക്കുന്ന മറ്റൊരു സ്ത്രീ എന്നു പറയാം. '1905-ല്‍ നടന്ന കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരത്തില്‍ 66 പുരുഷന്മാരുമായി 'സംസര്‍ഗ്ഗ'മുണ്ടായി എന്നു വെളിപ്പെടുത്തപ്പെടുന്നുണ്ട്.'' (ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 102-103). 

'പലതരം പീഡാനുഭവങ്ങളും സമ്മിശ്രമായി കൂടിക്കുഴഞ്ഞു കിടക്കുമ്പോഴും അതിനുള്ളില്‍ താത്രി നടത്തുന്ന തെരഞ്ഞെടുപ്പുകള്‍, ലൈംഗികാഭിനിവേശങ്ങള്‍, അതിനുവേണ്ടിയൊരുക്കുന്ന സാഹചര്യങ്ങള്‍, കൈമാറ്റങ്ങള്‍, 'എന്റെ മോഹം സാധിച്ചു' എന്നു പറയാന്‍ പ്രകടിപ്പിക്കുന്ന വ്യക്തിത്വശേഷി എല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ത്തന്നെ സ്ത്രീയെന്ന നിലയില്‍ ഒരു സ്ത്രീ ഒറ്റയ്ക്കു നടത്തിയ ലൈംഗിക സ്വാതന്ത്ര്യ സമരത്തിന്റെ നീക്കങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്നവയാണ്'' (സി.എസ്. ചന്ദ്രിക, കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍, പേജ് 63). 

കുറിയേടത്തു താത്രി നടത്തുന്ന തുറന്നുപറച്ചിലുകളും ലൈംഗിക സ്വാതന്ത്ര്യ പ്രഖ്യാപനവും അക്കാലത്തെ നമ്പൂതിരി സ്ത്രീക്ക് സാമൂഹികമായും സാംസ്‌കാരികമായും നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്ന പെരുമാറ്റശീലങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നതും അതിനെ അതിലംഘിക്കുന്നതുമാണ്. ''ഭ്രഷ്ടയാക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വിചാരണയുടെ ഏഴു മാസക്കാലം താത്രി ബുദ്ധിസ്ഥൈര്യതയോടും മനസ്സാന്നിധ്യത്തോടുംകൂടി സ്മാര്‍ത്തവിചാരത്തെ നേരിടുകയും ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കാത്തവിധം (ശരീരത്തിലെ അടയാളങ്ങളടക്കം വിവരിക്കുന്ന താത്രിയുടെ മൊഴികളില്‍ വിവരണങ്ങളുടെ സൂക്ഷ്മതയും കണിശതയുമുണ്ട്) അസാമാന്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു എന്നുള്ള വിവരങ്ങള്‍ അന്നത്തെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥയും പദവിയുമായി ബന്ധപ്പെടുത്തി കാണുമ്പോള്‍ തികച്ചും അസാധാരണമായിരുന്നു.'' (സി.എസ്. ചന്ദ്രിക, കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍, പേജ് 68-69). 

പരമ്പരാഗതമായ സ്ത്രീ മാതൃകയില്‍നിന്നും പെരുമാറ്റരീതികളില്‍നിന്നും തീര്‍ത്തും പുറത്തുനില്‍ക്കുന്നതിനാല്‍ താത്രിക്ക് സമുദായം ഭ്രഷ്ട് കല്‍പ്പിക്കുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളാലും തന്റെ തന്നെ തെരഞ്ഞെടുപ്പുകളാലും എതിര്‍ലിംഗവല്‍ക്കരണത്തില്‍നിന്നും ലിംഗപദവികളില്‍നിന്നും പുറത്തുകടക്കുകയാണ് കുറിയേടത്തു താത്രി.
കേരളചരിത്രത്തില്‍ എതിര്‍ലിംഗ പദവിവല്‍ക്കരണത്തില്‍നിന്നും (Opposite Gendering) ലിംഗപദവിവല്‍ക്കരണത്തില്‍നിന്നും (Gendering) പുറത്തുകടക്കാനുള്ള സാമൂഹികവും സംഘടിതവുമായ ആദ്യ മുന്നേറ്റമായി ചാന്നാര്‍ ലഹളയെ (1813-1859) വിലയിരുത്താം. മാറുമറയ്ക്കാതിരിക്കുക എന്നത് ചാന്നാര്‍ സമുദായത്തിലെ സ്ത്രീകള്‍ പാലിക്കേണ്ടിയിരുന്ന പെരുമാറ്റശീലമായിരുന്നു. മാറുമറയ്ക്കല്‍ സമരത്തിലൂടെ (ചാന്നാര്‍ കലാപം, മേല്‍മുണ്ടു സമരം) അതുവരെയുള്ള ഒരു ശീലത്തെ മറികടന്ന് തങ്ങളുടെ അന്നത്തെ ലിംഗപദവിയില്‍നിന്നും പുറത്തുകടക്കുകയാണ് ചാന്നാര്‍ സ്ത്രീകള്‍.

സിനിമാപാഠം
മൈഥിലിയുടെ ആദ്യ സിനിമയായ 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യില്‍ (സംവിധാനം: രഞ്ജിത്ത്) മൈഥിലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രമായ മാണിക്യത്തിന്റെ ജീവിതം ജാതീയവും ലിംഗപരവുമായി ഒരു സ്ത്രീയുടെ പദവിവല്‍ക്കരണം എങ്ങനെയാണ് നടക്കുന്നതെന്ന് കൃത്യമായും വെളിപ്പെടുത്തുന്നു. ഈഴവ സമുദായത്തിലെ പെണ്‍കുട്ടിയായ മാണിക്യത്തിന്റെ വിവാഹം മുതല്‍ മരണം (കൊലപാതകം) വരെ നിര്‍ണ്ണയിക്കപ്പെടുന്നത് പാലേരിയിലെ ജന്മിയായ/അധികാരപുരുഷനായ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയാലാണ്. കുളക്കടവില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന മാണിക്യത്തില്‍ ലൈംഗികതാല്‍പ്പര്യം ജനിക്കുന്ന അഹമ്മദ് ഹാജി തന്റെ സേവകനായ വേലായുധന്‍ വഴി ഈഴവ സമുദായത്തില്‍ത്തന്നെയുള്ള, ബുദ്ധിവികാസം കുറഞ്ഞ പൊക്കന്‍ എന്ന പുരുഷനെ മാണിക്യത്തിന് വരനായി തീരുമാനിക്കുകയും മാണിക്യവും പൊക്കനും തമ്മിലുള്ള വിവാഹം നടത്തിക്കുകയും ചെയ്യുന്നു. അന്നത്തെ സാമൂഹികശീലത്തില്‍, ഈഴവ പെണ്‍കുട്ടിയായ മാണിക്യത്തിന്റെ എതിര്‍ലിംഗപദവിയിലുള്ള ഈഴവ പുരുഷനെത്തന്നെയാണ് മാണിക്യം വിവാഹം ചെയ്യുന്നത്. അതേസമയം സൂക്ഷ്മവിശകലനം നടത്തിയാല്‍, വേണ്ടത്ര ബുദ്ധിവികാസം ഇല്ലാത്തതിനാല്‍ പൊക്കന് തന്റെ സ്ത്രീയുടെ എതിര്‍ലിംഗ പുരുഷന്‍ എന്ന സ്ഥാനം നഷ്ടപ്പെടുന്നതായി കാണാം. അന്യപുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതു കണ്ട് ക്ഷോഭിക്കുന്ന പൊക്കന്റെ മുന്നില്‍ സ്വത്വബോധത്തോടെ മാണിക്യം മറുപടി പറയുന്നുണ്ട്. ഇവിടെ മാണിക്യം തന്റെ ലൈംഗികതാല്‍പ്പര്യം സ്വയം നിര്‍ണ്ണയിക്കുമ്പോള്‍ പരമ്പരാഗതമായുള്ള സാമൂഹികശീലത്തില്‍നിന്നും പുറത്തുകടക്കുകയാണ്. (എന്നാല്‍, ഇത് മാണിക്യത്തിന്റെ ജീവിതത്തില്‍ വളരെ താല്‍ക്കാലികമാണ്). അന്നത്തെ ഒരു ഈഴവ സ്ത്രീ സ്വയം ലൈംഗികമായ തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഈഴവ സ്ത്രീയുടെ ലിംഗപദവിയിലുള്ള വ്യക്തിക്ക് സാമൂഹികവും സാംസ്‌കാരികവുമായി ഒട്ടും അനുവദനീയമല്ലാത്തതാണ്. അതുകൊണ്ടുതന്നെ തന്റെ ലിംഗപദവിയുടെ ശീലങ്ങളില്‍നിന്നും മാണിക്യം എന്ന കഥാപാത്രം ഇവിടെ പുറത്തുകടക്കുന്നു. എന്നാല്‍, അധികാര പുരുഷന്റെ അദൃശ്യമായ നിയന്ത്രണം അവളെ പിന്തുടരുന്നു. അധികാരപുരുഷന്റെ ലിംഗപദവിയിലുള്ള, ജന്മിയായ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയാല്‍ മുന്‍പേതന്നെ നിശ്ചയിക്കപ്പെട്ടതാണ് മാണിക്യത്തിന്റെ ലൈംഗികജീവിതം. മാണിക്യത്തെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അഹമ്മദ്ഹാജി. എന്നാല്‍, പിതാവിന് പകരം മകന്‍ ഖാലിദ് അഹമ്മദ് മാണിക്യത്തെ ബലാത്സംഗം ചെയ്ത് അക്കാലത്തെ ജന്മിപുരുഷന് സാമൂഹികമായി അംഗീകൃതവും അനുവദനീയവുമായിരുന്ന, താഴ്ന്ന ലിംഗപദവിയിലുള്ള സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള അവകാശാധികാരങ്ങള്‍ നടപ്പിലാക്കുന്നതോടെ, അധികാര പുരുഷന്റെ ലിംഗപദവി കൂടുതല്‍ ഉറപ്പിക്കപ്പെടുന്നു. സാമൂഹിക-ജാതിശ്രേണിയില്‍ താഴ്ന്ന നിലയിലുള്ള സ്ത്രീക്ക് ജന്മിപുരുഷനോട് നിര്‍ബന്ധിതമായിരുന്ന ശാരീരികമായ വിധേയത്വം അക്രമത്തിലൂടെ നടപ്പാവുന്നതോടെ മാണിക്യത്തിന്റെ കീഴാളലിംഗപദവി വീണ്ടും ഉറപ്പിക്കപ്പെടുന്നു.

മാറ്റിനിയിലെ മൈഥിലി
മാറ്റിനിയിലെ മൈഥിലി


1957-ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് 11 ദിവസം മുന്‍പ് നടക്കുന്ന മാണിക്യം കൊലപാതകത്തെത്തുടര്‍ന്ന് മാണിക്യത്തിന്റെ മൃതശരീരം ചുമക്കാന്‍ രണ്ടു പറയന്മാരെ നിയോഗിക്കുന്നത്, കേശവനെക്കൊണ്ട് ബലമായി മുടിമുറിക്കല്‍ ജോലി ചെയ്യിക്കുന്നത്- ഇവയെല്ലാം മേല്‍ജാതി-ജന്മി പുരുഷന്മാരും കീഴാളജാതി പുരുഷന്മാരും തമ്മിലുള്ള ലിംഗപദവിയിലെ വ്യത്യാസത്തെ കാണിക്കുന്ന സിനിമയിലെ സൂചനകളാണ്.

അനേകം പദവിവല്‍ക്കരണങ്ങളിലൂടെ കടന്നുപോവുകയും അതേസമയം പുരുഷന്റെ എതിര്‍ലിംഗമാവുക എന്ന സാമൂഹികശീലത്തിന് പുറത്തുകടക്കുകയും ചെയ്യുന്ന സ്ത്രീയെ കാണാം സാവിത്രിയെന്നും നിഷയെന്നും പേരുള്ള 'മാറ്റിനി' (സംവിധാനം: അനീഷ് ഉപാസന) എന്ന സിനിമയിലെ മൈഥിലി കഥാപാത്രത്തില്‍. അമ്മ മരിച്ചതോടെ അച്ഛന്റെ പീഡനങ്ങള്‍ സഹിച്ച് കഴിയുന്ന, വളരെ താഴ്ന്ന സാമ്പത്തികനിലയിലുള്ള പെണ്‍കുട്ടിയാണ് മാറ്റിനിയിലെ സാവിത്രി. അച്ഛന്റെ പീഡനങ്ങളില്‍നിന്നും രക്ഷപ്പെടണമെന്നാഗ്രഹിച്ചു കഴിയുന്ന വിദ്യാര്‍ത്ഥിനിയായ അക്കാലത്തെ സാവിത്രിയുടെ സാമൂഹികപദവി വളരെ താഴ്ന്നതാണ്. സ്‌കൂളില്‍നിന്നും വീട്ടിലേക്കു മടങ്ങുന്ന ജീപ്പിന്റെ ക്ലീനറായി നില്‍ക്കുന്ന ചെറുപ്പക്കാരന്‍ സാവിത്രിയോട് പ്രണയതാല്‍പ്പര്യം കാണിക്കുന്നുണ്ട്. അയാളോട് നേരിയ അളവിലുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട് സാവിത്രി. ഇവിടെ സാമൂഹികവും സാമ്പത്തികവുമായി പരമ്പരാഗതമായി പദവികളില്‍ ചേര്‍ന്നുപോകുന്ന ഒരു ആണ്‍-പെണ്‍വല്‍ക്കരണം കാണാം. ഈ വ്യക്തികളുടെ പരസ്പരമുള്ള താല്‍പ്പര്യത്തിലെ തെരഞ്ഞെടുപ്പ് സാമൂഹിക അധികാരസ്ഥാപനങ്ങളുമായി ഒത്തുപോവുന്നതാണ്. എന്നാല്‍, ആ ബന്ധം സ്ത്രീയും പുരുഷനും തുല്യവിപരീതങ്ങളായി പരസ്പരം അടുക്കുന്നതിലേക്ക്, ഒന്നിക്കുന്നതിലേക്ക് വികസിക്കുന്നില്ല. പിന്നീട് സാവിത്രിയുടെ പദവി സിനിമാതാരം എന്ന പദവിയിലേക്കാണ് പെട്ടെന്ന് ഉയരുന്നത്. അതുവരെ അവളനുഭവിച്ച സാമൂഹികമായ പദവി അടിത്തട്ടിലുള്ള പെണ്‍കുട്ടിയുടേതാണ്. സിനിമാതാരമാവുന്നതോടെ സാമൂഹികശീലങ്ങളില്‍നിന്നും കൂടുതല്‍ സ്വതന്ത്രമായ, കൂടുതല്‍ സാമൂഹികാധികാരമുള്ള ഒരു പദവിയിലേക്ക് സ്ഥാനപ്പെടുകയാണ് സാവിത്രി. അത് സാമൂഹികമായി, ശരാശരി സ്ത്രീയുടേയും പുരുഷന്റേയും മുകളിലാണെന്നു കാണാം. എന്നാല്‍, സിനിമാമേഖലയിലെത്തുന്നതോടെ ആ മേഖലയ്ക്കകത്തെ പദവിവല്‍ക്കരണത്തിന് സാവിത്രി വിധേയമാവുന്നു. യാദൃച്ഛികമായി ചതിയിലകപ്പെട്ട് പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള (അഡള്‍ട്ട്സ് ഓണ്‍ലി സിനിമകള്‍) സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടിയായി സാവിത്രിയുടെ പദവി മാറുന്നു. അഡള്‍ട്ട്സ് ഓണ്‍ലി സിനിമകള്‍ (സെക്‌സ് കേന്ദ്രീകൃതമായ സിനിമകള്‍) എന്ന പേരിലുള്ള സിനിമകളിലെ താരങ്ങളുടെ സാമൂഹികപദവി മുഖ്യധാരാ താരങ്ങളുടേതില്‍നിന്നും മാത്രമല്ല, ശരാശരി സ്ത്രീയുടേയും പുരുഷന്റേതിലും നിന്നു താഴെയായാണ് സാമൂഹികമായി രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഷക്കീല, രേഷ്മ തുടങ്ങിയ താരങ്ങള്‍ അനുഭവിച്ച സാമൂഹിക അവഗണന ഉദാഹരണം.) അങ്ങനെ നിഷ എന്ന പേര് സ്വീകരിച്ച് സെക്‌സ് സിനിമകളിലഭിനയിക്കുന്ന താരത്തിന്റെ പദവിയിലേക്ക് പരിണമിക്കുമ്പോള്‍ സിനിമാതാരമെന്ന പദവിയില്‍നിന്നും ശരാശരി സ്ത്രീയുടെ പദവിയില്‍നിന്നും സാവിത്രി പുറത്താവുന്നു. അതേസമയം സാവിത്രിയുടെ കൂടെ നായകനായി അഭിനയിച്ച, ഒപ്പം ചതിയിലകപ്പെട്ടുപോയ നജീബ് അവളുടെ കൂടെ താമസിക്കുകയും പിന്നീട് അവളുമായി അടുപ്പത്തിലായി അവളുടെ പുരുഷനായിത്തീരുകയും ചെയ്യുന്നു. ഇവിടെ സെക്‌സ് സിനിമയില്‍ അഭിനയിച്ചവര്‍ എന്ന നിലയില്‍ ഇവര്‍ സാമൂഹികമായി പദവിയില്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നു. അത്തരം പദവിയിലുള്ള താരങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സാമൂഹികമായ അധികാര രാഹിത്യവും ദുര്‍ബ്ബലതയും നിഷയെന്ന കഥാപാത്രത്തിലൂടെ വെളിവാവുന്നുണ്ട്. മുഖം മറച്ച് യാത്ര ചെയ്യേണ്ടി വരുന്ന, അജ്ഞാതയായി ജീവിക്കേണ്ടിവരുന്ന നിഷയെന്ന സാവിത്രിയുടെ സ്ത്രീപദവി പരമ്പരാഗതമായ എല്ലാ സ്ത്രീപദവികളില്‍നിന്നും തീര്‍ത്തും പുറത്താണ്. അവളുടെ എതിര്‍ലിംഗമായി വരുന്ന നജീബ് സമാനമായി അതുവരെയുള്ള പുരുഷപദവികളില്‍നിന്നും  പുറത്താവുന്നു.

'ബ്ലാക്ക് ബെറി' എന്ന ചിത്രത്തില്‍ അലക്കുതൊഴില്‍ നടത്തുന്നയാളുടെ മകനെ പ്രണയിക്കുന്ന, മന്ത്രിയുടെ മകളാണ് മൈഥിലിയുടെ നായികാ കഥാപാത്രം. സാമൂഹികമായി തീര്‍ത്തും വ്യത്യസ്തമായ പദവികള്‍ വഹിക്കുകയാണ് നായികയും നായകനും ഇവിടെ. പരമ്പരാഗതമായ സാമൂഹികശീലങ്ങളില്‍ ഈ നായികയും നായകനും ഒരിക്കലും പരസ്പരം എതിര്‍ലിംഗ സ്ത്രീപുരുഷന്മാരല്ല. പ്രണയത്തിലൂടെയാണ് ഈ സ്ത്രീപുരുഷന്മാര്‍ പരസ്പരം യോജിക്കുന്ന സ്ത്രീപുരുഷന്മാരായി തീരുന്നത്, പരസ്പരം എതിര്‍ലിംഗങ്ങളാവുന്നത്. ഇവിടെ പ്രണയം നിലവിലുള്ള ലിംഗ-ജാതി-സാമൂഹിക പദവികളെ അട്ടിമറിക്കുന്നു. കുമാരനാശാന്റെ 'ദുരവസ്ഥ' എന്ന ഖണ്ഡകാവ്യം ഇവിടെ ഓര്‍ക്കാവുന്നതാണ്. ചാത്തന്‍ പുലയനേയും സാവിത്രി അന്തര്‍ജ്ജനത്തേയും മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ ഒന്നിപ്പിക്കുകയാണ് കുമാരനാശാന്‍ 'ദുരവസ്ഥ'യില്‍. (എന്‍. കുമാരനാശാന്‍, ആശാന്റെ പദ്യകൃതികള്‍) ആശാന്‍ 'ദുരവസ്ഥ' രചിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ സാമൂഹിക പദവികളിലാണ് നമ്പൂതിരി സമുദായത്തിലുള്ള സാവിത്രിയും പുലയ സമുദായത്തിലുള്ള ചാത്തനും. അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ അന്തര്‍ജ്ജനത്തിന്റെ എതിര്‍ലിംഗ പുരുഷന്‍ നമ്പൂതിരിയും പുലയന്റെ എതിര്‍ലിംഗ സ്ത്രീ പുലയിയുമാണ്. പുലയനും അന്തര്‍ജ്ജനവും പരസ്പരം എതിര്‍ലിംഗങ്ങളാവാനുള്ള സാമൂഹിക സാഹചര്യം സംജാതമായിരുന്നില്ല അന്ന്. അത്തരം അവസ്ഥയില്‍ മലബാര്‍ കലാപത്തിന്റെ സാമൂഹിക സാഹചര്യത്തെ ഉപയോഗപ്പെടുത്തി വ്യത്യസ്ത ജാതിസമുദായങ്ങളെ തുല്യപദവികളില്‍ പ്രതിഷ്ഠിച്ച് സാമുദായിക പരിഷ്‌കരണത്തിന് ശ്രമിക്കുകയായിരുന്നു ആശാന്‍. പ്രണയത്തിലൂടെ വൈകാരികമായ തുല്യത പ്രാപിച്ച് പരസ്പരം എതിര്‍ലിംഗങ്ങളാവുകയാണ് 'ബ്ലാക്ക്ബെറി'യില്‍ നായികയും നായകനും.

'ഞാന്‍' എന്ന സിനിമയില്‍ (സംവിധാനം: രഞ്ജിത്ത്) ജന്മിയും ഗാന്ധിയനുമായ കഥാപാത്രത്തിന്റെ (സുരേഷ് കൃഷ്ണ) ഭാര്യാപദവിയാണ് മൈഥിലിയുടെ കഥാപാത്രത്തിന്. എന്നാല്‍, ജന്മിയുടെ എതിര്‍ലിംഗ ശരീരമാവുന്നത് പലപ്പോഴും കുറത്തിയായ കുഞ്ഞൂലി (സജിത മഠത്തില്‍)യാണ്. തന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാനായി അധികാരിയായ പുരുഷന്‍ മറ്റു സ്ത്രീകളെ സമീപിക്കുന്നു ഇവിടെ. കീഴാള സ്ത്രീ ശരീരത്തിന് മുകളിലുള്ള ഈ അധികാരം അന്നത്തെ മേല്‍ജാതി പുരുഷന് സാമൂഹികമായി അംഗീകൃതമായിരുന്നു. അതേസമയം ജാതിയില്‍ കീഴെയായതുകൊണ്ടും അഭിസാരികയായതുകൊണ്ടും ആ സ്ത്രീയുടെ സാമൂഹിക പദവി ശ്രേണിയില്‍ വളരെ താഴെ ആണെന്നതുകൊണ്ടുതന്നെ അയാള്‍ക്ക് ആ സ്ത്രീയില്‍ പിറക്കുന്ന പുത്രന് പുത്രനെന്ന അംഗീകാരം ലഭ്യമാവുന്നില്ല. അഥവാ സമജാതി സ്ത്രീശരീരത്തിലും കീഴാള സ്ത്രീശരീരത്തിലും അവകാശാധികാരങ്ങള്‍ നല്‍കപ്പെട്ടാണ് മേല്‍ജാതി പുരുഷന്റെ ലിംഗപദവി രൂപപ്പെടുത്തപ്പെടുന്നത്. ശാരീരികവും സാമൂഹികവുമായുള്ള വിധേയത്വം പാലിപ്പിക്കുന്നതിലൂടെയാണ് കീഴാള സമുദായ സ്ത്രീയുടെ ലിംഗപദവി രൂപപ്പെടുത്തുന്നത്. ഒരേ ജാതിയിലെ പുരുഷന്മാര്‍ തന്നെയും വ്യത്യസ്തമായ പെരുമാറ്റച്ചട്ടങ്ങള്‍ ശീലിച്ചിരുന്നതായി മുന്‍കാല കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ കാണാം. ഒരേ നമ്പൂതിരി കുടുംബത്തിലെ പുരുഷന്മാര്‍ വ്യത്യസ്തമായ വിവാഹരീതികളാണ് പാലിക്കാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്. സന്താനങ്ങളില്‍ മുതിര്‍ന്ന പുരുഷന്‍ സ്വസമുദായത്തിലെ സ്ത്രീയെ വേളി കഴിക്കുകയും താഴെയുള്ള 'അപ്ഫന്‍' എന്നു വിളിക്കപ്പെട്ടിരുന്ന പുരുഷന്മാര്‍ നായര്‍ സമുദായത്തിലെ സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു ഉണ്ടായിരുന്നത് (വി.ടി. ഭട്ടതിരിപ്പാട്, വി.ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, പേജ് 303). സ്വസമുദായത്തിലെ സ്ത്രീകളെ വിവാഹം ചെയ്ത് അവരുടെ എതിര്‍ലിംഗ/പുരുഷനാവാന്‍ കഴിയാത്ത അപ്ഫന്മാര്‍ നായര്‍ സമുദായത്തിലെ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെട്ട് തങ്ങളുടെ ലൈംഗിക പുരുഷവ്യക്തിത്വം സ്ഥാപിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

അധികാരപുരുഷന്‍ ശാരീരികമായി കീഴ്പെടുത്തി സ്ഥാപിക്കുന്നതാണ് 'നല്ലവ'നില്‍ (സംവിധാനം: അജി ജോണ്‍) നായികയുടെ/സ്ത്രീയുടെ സാമൂഹിക പദവി. ദമ്പതികളായ മല്ലിയും (മൈഥിലി) കൊച്ചെറുക്കനും (ജയസൂര്യ) പൊലീസ് എന്ന അധികാര പുരുഷന്റെ മുന്നില്‍ വിധേയരായി നില്‍ക്കേണ്ടവരാണെന്നതാണ് ഇവിടെ അധികാരം നിര്‍ണ്ണയിക്കുന്ന പദവിവല്‍ക്കരണം. ഇവിടെ നായികയും നായകനും ഒരുപോലെ ഇരയുടെ പദവിയിലാണ്. സ്വയം നിര്‍ണ്ണയാവകാശമില്ലാത്തതോ ആക്രമിക്കപ്പെടുന്നതോ ആയ ഒന്നായി സ്ത്രീ ശരീരം മാറുന്നത് മൈഥിലീ കഥാപാത്രങ്ങളില്‍ പലപ്പോഴും ആവര്‍ത്തിക്കുന്നതായി  കാണാം.

ടി.വി. ചന്ദ്രന്റെ 'ഭൂമിയുടെ അവകാശികളി'ലെ മൈഥിലീ കഥാപാത്രമായ സുനന്ദടീച്ചര്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയാണ്. എതിര്‍ലിംഗ പുരുഷന്റെ അസാന്നിധ്യമാണ് ഇവിടെയുള്ളത് എന്നാല്‍, ഈ അഭാവം എതിര്‍ലിംഗ വ്യക്തി ഉണ്ടായിരുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുമാണ്. സ്വാതന്ത്ര്യ പൂര്‍വ്വഭാരതത്തില്‍ പലപ്പോഴും വിധവകളുടെ സാമൂഹിക പദവി വളരെ താഴെയായിരുന്നു. എല്ലാവിധ അവകാശങ്ങളില്‍നിന്നും അവര്‍ പുറത്തായിരുന്നു. നമ്പൂതിരി സമുദായത്തിലെ വിധവകളുടെ ദയനീയമായ ജീവിതാവസ്ഥയെ വി.ടി. ഭട്ടതിരിപ്പാട് എഴുതുന്നുണ്ട്.

''മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ശവത്തിന്റെ ചൂടാറും മുന്‍പ് ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്യാന്‍ മടിക്കുകയില്ല. സമൂഹം ആ മംഗളകര്‍മ്മത്തെ ആശീര്‍വദിക്കുകയും ചെയ്യും. മരിച്ചത് ഭര്‍ത്താവായിപ്പോയാലോ? നിരാലംബയായ ഭാര്യ അതിന്റെ പാപഭാരം മരണം വരെ തലയിലേറ്റണം. കന്യകാത്വത്തിന്റെ സൗഭാഗ്യംപോലും വിധവയ്ക്ക് അവകാശപ്പെട്ടുകൂടാ. ഒരേ ഈറ്റില്ലത്തില്‍ പിറന്ന്, ഒരേ നാലുകെട്ടില്‍ പുലര്‍ന്നു ജീവിതത്തിന്റെ മേച്ചില്‍പ്പറമ്പിലേക്ക് കാല്‍കുത്തുമ്പോള്‍ സ്ത്രീ തടയപ്പെടുന്നു. കൂടപ്പിറപ്പായ പുരുഷന്‍ മനുഷ്യത്വത്തിന്റെ മതില്‍ചാടി സ്വച്ഛന്ദം വിഹരിക്കുന്നു'' (വി.ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, പേജ് 296).

പാലേരിമാണിക്യത്തിലെ മൈഥിലി
പാലേരിമാണിക്യത്തിലെ മൈഥിലി


രാജാറാം മോഹന്‍ റായിയുടെ മുന്‍കൈയില്‍ നിയമംമൂലം നിരോധിക്കപ്പെട്ട സതി എന്ന ദുരാചാരം എണ്‍പതുകളില്‍ (രൂപ് കന്‍വര്‍, രാജസ്ഥാന്‍, 1987) ആവര്‍ത്തിക്കപ്പെട്ടത് വിധവകളുടെ സാമൂഹിക പദവിയെ ഉയര്‍ത്താന്‍ നടത്തിയ ശ്രമങ്ങളുടെ അട്ടിമറിയായിരുന്നു. 'സിന്ദൂരം വെച്ചോ'യെന്ന് സുനന്ദയോട് ഭര്‍ത്തൃസഹോദരി ചോദിക്കുന്നിടത്ത് സിന്ദൂരം അണിയരുത് തുടങ്ങിയ വിധവകളുടെമേല്‍ സാമൂഹികാധികാരം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. സഹോദരീ ഭര്‍ത്താവ് ശാരീരികമായി കീഴ്പെടുത്താന്‍ ഒരുമ്പെടുന്നിടത്ത് പുരുഷ അഹന്തയും വിധവയോടുള്ള അധികാരപുരുഷന്റെ അധിനിവേശ മനോഭാവവും വെളിവാകുന്നു. കുട്ടികള്‍ക്ക് അറിവു പകര്‍ന്നുനല്‍കി ഏകാന്ത ജീവിതം നയിക്കുന്ന ആ സ്ത്രീ കുടുംബത്തിലെ മറ്റംഗങ്ങളാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട്, ഒടുക്കം ആത്മഹത്യയിലെത്തുകയാണ്. സ്വയംനിര്‍ണ്ണയാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും തടയപ്പെട്ടാണ് വിധവകളുടെ സാമൂഹിക ദവി നിര്‍ണ്ണയിക്കപ്പെടുന്നത്. (വി.ടിയുടെ നേതൃത്വത്തില്‍ വിധവാവിവാഹത്തിലൂടെ എം.ആര്‍.ബി കേരളത്തില്‍ സ്ത്രീ സമൂഹത്തിന്റെ മറ്റൊരു മുന്നേറ്റം കുറിച്ചെങ്കിലും അതിന്റെ തുടര്‍ച്ചകളില്ലാത്തതും സമൂഹം അത്തരം തിരിച്ചറിവുകളില്‍ എത്തിയിട്ടില്ലാത്തതും സ്ത്രീ ജീവിതം പിന്നെയും പിന്നിലേയ്ക്ക് കൊണ്ടുപോകുന്നു.)

പദവിവല്‍ക്കരണങ്ങള്‍ക്ക് തുടരെ വിധേയമാവുകയും ഒടുക്കം എല്ലാവിധ പദവിവല്‍ക്കരണങ്ങളേയും മറികടക്കുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് 'മോഹവലയം' എന്ന ടി.വി. ചന്ദ്രന്‍ ചിത്രത്തില്‍ മൈഥിലി (പ്രമീള) അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തെ നാടക കലാകാരനെ പ്രണയിച്ച് വിവാഹം കഴിക്കുകയും യാദൃച്ഛികതകളില്‍പ്പെട്ട് ജീവിതം വഴിമാറുകയും ബാര്‍ ഡാന്‍സറും ബാര്‍ നടത്തിപ്പുകാരിയും ഒക്കെയായി മാറിത്തീരുകയും ചെയ്യുന്നു ആ ജീവിതം. ഗ്രാമജീവിതത്തില്‍ പ്രമീള തന്റെ എതിര്‍ലിംഗ പുരുഷനെ തെരഞ്ഞെടുക്കുകയാണ്. പ്രമീളയുടെ ജീവിതം പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. മനോരോഗം ബാധിച്ച ഭര്‍ത്താവ്, മരിച്ച മനുഷ്യനെപ്പോലെ ബാറിനകത്ത് ഒരു പരിചാരകനായി കൂടെ നില്‍ക്കുന്നു. ഭര്‍ത്താവ് അവള്‍ക്കിപ്പോള്‍ എതിര്‍ലിംഗ പദവിയിലുള്ള ഒന്നല്ല. സ്ത്രീയുടെ സത്തയെ തിരിച്ചറിഞ്ഞു മാത്രമേ ഒരു പുരുഷന് അടിസ്ഥാനപരമായി അവളുടെ എതിര്‍ലിംഗമാവാന്‍ കഴിയൂ എന്ന നിലയിലുള്ള, കുറേക്കൂടി ഔന്നത്യമുള്ള ഒരു എതിര്‍ലിംഗവല്‍ക്കരണം നമുക്ക് കാണാം, സിനിമാ സംവിധായകനും ചിന്തകനുമായ ജോസ് സെബാസ്റ്റിയന്‍ (ജോയ് മാത്യു) പ്രമീളയില്‍ ആകൃഷ്ടനാവുന്നതോടെ. എന്നാല്‍, അവര്‍ക്കിടയില്‍ ആവിധമുള്ള ബന്ധം വലിയൊരു സാധ്യതയായി വികസിക്കുന്നില്ല. കൂടുതല്‍ അടുപ്പമുള്ള, പരസ്പര തുല്യതയുള്ള ബന്ധത്തിലേയ്ക്ക് വളര്‍ന്നു തുടങ്ങുമ്പോള്‍ പരിചാരകവേഷത്തിലുള്ള ഭര്‍ത്താവോ പ്രമീള തന്നെയോ അതിന് തടയിടുന്നതു കാണാം. പരമ്പരാഗതമായ രീതികളില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യാസമുള്ള ഒരു എതിര്‍ലിംഗ പദവിവല്‍ക്കരണമാണ് ഇവിടെ നടക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. ഈ സ്ത്രീപുരുഷ കഥാപാത്രങ്ങള്‍ സാമൂഹികമായ എല്ലാ രൂപവല്‍ക്കരണങ്ങളില്‍നിന്നും പുറത്തുകടന്ന സ്വതന്ത്ര വ്യക്തികളാണ്. അതുകൊണ്ടുതന്നെ ഇത്തരം വ്യക്തികളുടെ എതിര്‍ലിംഗവല്‍ക്കരണ പ്രക്രിയ സാമൂഹിക അധികാരകേന്ദ്രങ്ങള്‍ക്ക് പങ്കാളിത്തമോ നിയന്ത്രണമോ അധികാര പ്രയോഗമോ സാധ്യമല്ലാത്ത ഒന്നാകുന്നു. അഥവാ അവര്‍ സാമൂഹിക നിര്‍മ്മിതിയായ ലിംഗവല്‍ക്കരണത്തിനും എതിര്‍ലിംഗവല്‍ക്കരണത്തിനും പുറത്തുകടന്നവരാണ് എന്നര്‍ത്ഥം. അത്തരം സ്വതന്ത്ര വ്യക്തിത്വങ്ങളുടെ എതിര്‍ലിംഗവല്‍ക്കരണം പൂര്‍ണ്ണമായും ആ വ്യക്തികളുടെ നിയന്ത്രണത്തിലും അധികാരപരിധിയിലുമാണ്.

'ഞാനും എന്റെ ഫാമിലി'യും എന്ന സിനിമയില്‍ (സംവിധാനം: കെ.കെ. രാജീവ്) നായകനായ ദിനനാഥന്റെ (ജയറാം) പൂര്‍വ്വകാമുകിയാണ് മൈഥിലിയുടെ കഥാപാത്രമായ സോഫിയ. വിവാഹിതനും പിതാവുമായ നായകന്റെ ജീവിതത്തിലേക്ക് യാദൃച്ഛികമായി പൂര്‍വ്വകാമുകി കടന്നുവരികയും അവര്‍ തമ്മിലുള്ള പ്രണയം വീണ്ടും ശക്തമാവുകയും അത് ശരീരബന്ധത്തിലേക്കും സോഫിയ ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിക്കുന്നതിലേക്കും എത്തുന്നു. ഇങ്ങനെ വിവാഹിതനും പൂര്‍വ്വകാമുകിയും തമ്മില്‍ പരസ്പരം എതിര്‍ലിംഗങ്ങളാവുക എന്നത് സാമൂഹികമായി ഒരിക്കലും അംഗീകൃതമല്ലാത്ത ഒരു രൂപവല്‍ക്കരണമാണ്. അതുകൊണ്ടുതന്നെ ആ ബന്ധം സംഘര്‍ഷം നിറഞ്ഞതുമാണ് സിനിമയില്‍. പ്രസവാനന്തരം ആശുപത്രിയില്‍നിന്നു യാത്ര പുറപ്പെടാനിരിക്കെ യാദൃച്ഛികമായുണ്ടാവുന്ന വീഴ്ചയില്‍ സോഫിയ മരണപ്പെട്ട് കുട്ടിയെ നായകനും ഭാര്യയും വളര്‍ത്താന്‍ സമ്മതിക്കുന്നിടത്തെത്തി പരമ്പരാഗതമായ രീതിയിലുള്ള ഭര്‍ത്താവ്-ഭാര്യ-കുടുംബം- ആ വിധമുള്ള സമൂഹം മുന്‍പ് നിശ്ചയിച്ചിട്ടുള്ള വിധമുള്ള ഒന്നാക്കി മാറ്റുന്നുണ്ട് സിനിമ.
'ഈ അടുത്തകാലത്ത്' എന്ന സിനിമയില്‍ (സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്) തമിഴ് നാടോടിയായ രമണി എന്ന കഥാപാത്രമാണ് മൈഥിലി. കളിപ്പാട്ടങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന വിഷ്ണുവാണ് ഭര്‍ത്താവ് (ഇന്ദ്രജിത്ത്). ഇവിടെ പുരുഷന് തുല്യമായി പെരുമാറുന്ന സ്ത്രീയെ കാണാം. തമിഴ് സ്ത്രീപുരുഷന്മാര്‍ക്കിടയിലുള്ള അധികാരതുല്യത ഇവിടെ പ്രകടമാണ്. ഈ വിധമാണ് തമിഴ് സ്ത്രീപുരുഷന്മാരുടെ രൂപപ്പെടല്‍. ഈ സ്ത്രീപുരുഷന്മാര്‍ സാമൂഹിക ജീവിതത്തിലും പരസ്പരം എതിര്‍ലിംഗ സ്വഭാവമുള്ള സ്ത്രീപുരുഷലിംഗ വ്യക്തിത്വങ്ങള്‍ തന്നെയാണ്. തമിഴ് നാടോടി സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പുരുഷാധികാരത്തിന്റെ കുറവ് മറ്റൊരു തരം സ്ത്രീ-പുരുഷ രൂപവല്‍ക്കരണത്തെയാണ് കാണിക്കുന്നത്. ഇത് ശ്രദ്ധ അര്‍ഹിക്കുന്നതാണ്.

മൈഥിലിയുടെ ഏറ്റവും ഒടുവിലിറങ്ങിയ സിനിമയായ 'പാതിര കാല'ത്തില്‍ (സംവിധാനം: പ്രിയനന്ദനന്‍) മൈഥിലി അവതരിപ്പിക്കുന്ന ജഹനാരയാണ് കേന്ദ്ര കഥാപാത്രം. കാണാതായ ഉപ്പയെ അന്വേഷിച്ചിറങ്ങുന്ന ജഹനാരയുടെ യാത്ര സ്ത്രീയുടെ രാഷ്ട്രീയമായ ഇറങ്ങിത്തിരിക്കല്‍ കൂടിയാണ്. എല്ലാ മുഖ്യധാരാ രാഷ്ട്രീയ അന്വേഷണങ്ങളും പുരുഷകേന്ദ്രീകൃതമാവുമ്പോള്‍ 'പാതിര കാല'ത്തില്‍ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, സ്വയം രൂപപ്പെടുത്തിയ സ്ത്രീയെ കാണാം. പരമ്പരാഗത സാമൂഹിക നിര്‍മ്മിതിയില്‍ കുടുംബത്തിനകത്ത് ഒതുക്കപ്പെടുന്ന വിധമാണ് എപ്പോഴും സ്ത്രീയുടെ രൂപപ്പെടുത്തല്‍. ഭക്ഷണം പാകംചെയ്യുക, കുട്ടികളെ പ്രസവിച്ച് വളര്‍ത്തുക, പുരുഷനെ ലൈംഗികമായി തൃപ്തിപ്പെടുത്തുക, പുരുഷന്റെ സംരക്ഷണത്തില്‍ കഴിയുക എന്നീ പുരുഷകേന്ദ്രീകൃതമായ പ്രവൃത്തികള്‍ മാത്രം ചെയ്യേണ്ടുന്ന വിധമാണ് സമൂഹം സ്ത്രീയെ രൂപപ്പെടുത്തുന്നത്. അങ്ങനെയുള്ള സ്ത്രീയെയാണ് പുരുഷന്റെ എതിര്‍ലിംഗമായി പുരുഷകേന്ദ്രീകൃത സമൂഹം നിര്‍മ്മിക്കുന്നത്. ജഹനാര സ്വയം രൂപപ്പെടുത്തുകയും പരമ്പരാഗത സാമൂഹിക നിര്‍മ്മിതിക്കകത്തുള്ള സ്ത്രീമാതൃകകളില്‍നിന്നു പുറത്തുകടക്കുകയും ചെയ്യുന്നു. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാനി'ല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, സ്വയം രൂപപ്പെടുത്തിയ അമ്മ മാതൃക കാണാം. സമൂഹം നടത്തുന്ന ലിംഗപദവിവല്‍ക്കരണത്തില്‍നിന്നും  അത് ആവശ്യപ്പെടുന്ന സ്ത്രീമാതൃകകളില്‍നിന്നും പുറത്തുകടക്കുന്നതുകൊണ്ടുതന്നെ ജഹനാരയുടേത് സാമൂഹികമായ ലിംഗവല്‍ക്കരണത്തിനപ്പുറമുള്ള സ്വയം നടത്തുന്ന വ്യക്തിവല്‍ക്കരണമാണ്.

സാഹിത്യം-സമൂഹം
മലയാള നോവല്‍ സാഹിത്യത്തില്‍ തന്റെ പുരുഷന്റെ എതിര്‍ലിംഗ പദവിയില്‍നിന്നും പുറത്തു കടന്ന ആദ്യ സ്ത്രീയാണ് ഇന്ദുലേഖ (ഒ. ചന്തുമേനോന്‍, ഇന്ദുലേഖ). അന്നത്തെ നമ്പൂതിരി-നായര്‍-മേനോന്‍ പുരുഷന്റെ എതിര്‍ലിംഗ ശരീരവും എതിര്‍ലിംഗ മനസ്സുമായിരുന്ന നായര്‍ സ്ത്രീയുടെ പെരുമാറ്റ രീതികളല്ല ഇന്ദുലേഖ ഒരിടത്തും പ്രകടിപ്പിക്കുന്നത്. അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും സംബന്ധത്തിനു വരുന്ന സൂരി നമ്പൂതിരിപ്പാടിനെ കളിയാക്കിവിടുകയും മാധവനെ പ്രണയിച്ച് വിവാഹം ചെയ്യാനൊരുങ്ങുകയും ചെയ്യുന്നു. പരമ്പരാഗത രീതിയിലാണ് ഇന്ദുലേഖയുടെ രൂപപ്പെടലെങ്കില്‍ സൂരി നമ്പൂതിരിപ്പാടിന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സ്ത്രീയായി പെരുമാറുമായിരുന്നു ഇന്ദുലേഖ. അന്നത്തെ ഒരു നായര്‍-മേനോന്‍ സ്ത്രീക്ക് തീര്‍ത്തും അസാധ്യമായ ഒന്നാണ് ചന്തുമേനോന്‍ ഇന്ദുലേഖയിലൂടെ ചെയ്യിക്കുന്നത്. ജാതീയമായ പദവിവല്‍ക്കരണങ്ങളെ ആഴത്തില്‍ ആക്രമിക്കുകയും സ്ത്രീയുടെ പദവി ഉയര്‍ത്തുകയും സമുദായത്തെ അപ്പാടെ പരിഷ്‌കരിക്കുകയും ചെയ്യാനുള്ള ചന്തുമേനോന്റെ ഇച്ഛയിലാണ് സാമൂഹികമായ എതിര്‍ലിംഗവല്‍ക്കരണത്തേയും പദവിവല്‍ക്കരണത്തേയും മറികടക്കുന്ന ഇന്ദുലേഖ എന്ന സ്ത്രീ കഥാപാത്രം പിറക്കുന്നത്.

മലയാള കവിതയില്‍ ഈ എതിര്‍ലിംഗ പദവിക്ക് കൃത്യമായും പുറത്തു നില്‍ക്കുന്ന ആദ്യ സ്ത്രീകഥാപാത്രം കുമാരനാശാന്റെ 'ദുരവസ്ഥ'യിലെ സാവിത്രി എന്ന നമ്പൂതിരി യുവതിയും പുരുഷ കഥാപാത്രം ചാത്തന്‍ എന്ന പുലയ യുവാവുമാണ്. പരമ്പരാഗത സാമൂഹികവ്യവസ്ഥയില്‍ നമ്പൂതിരിയായ സാവിത്രിയും പുലയനായ ചാത്തനും പരസ്പരം എതിര്‍ലിംഗപദവികള്‍ വഹിക്കുന്നതിന് അധികാരവ്യവസ്ഥ ശക്തമായി തടസ്സം നില്‍ക്കുന്നു. നമ്പൂതിരിക്ക് അന്തര്‍ജ്ജനവും പുലയന് പുലയിയും മാത്രമാണ് അന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എതിര്‍ലിംഗമായി വര്‍ത്തിക്കുന്നത്. ആശാന്‍ സോദ്ദേശ്യം പുലയനേയും അന്തര്‍ജ്ജനത്തേയും പരസ്പരം എതിര്‍ലിംഗ പദവികളിലേക്ക് മാറ്റിപ്പണിയുമ്പോള്‍ സാമൂഹികമായും സാംസ്‌കാരികമായും നടത്തപ്പെടുന്ന എതിര്‍ലിംഗവല്‍ക്കരണത്തിന് പുറത്തുകടക്കുകയാണ് ഈ കഥാപാത്രങ്ങള്‍.

ഇതര സിനിമകളില്‍
ഭരതന്റെ 'വൈശാലി'യില്‍ അലൈംഗിക ജീവിയായി കഴിയുന്ന ഋഷ്യശൃംഗന്‍ എന്ന മുനികുമാരനെ ശരീരംകൊണ്ടും ഒടുക്കം പ്രണയംകൊണ്ടും പുരുഷന്‍ എന്ന എതിര്‍ലിംഗ പദവിയിലേക്ക് സ്ഥാനപ്പെടുത്തുന്നു വൈശാലി. ഇവിടെ ശരീരം എന്ന അര്‍ത്ഥത്തിലുള്ള എതിര്‍ലിംഗവല്‍ക്കരണമാണ് നടക്കുന്നത്. എന്നാല്‍, വൈശാലി ദേവദാസിയുടെ മകളായതിനാല്‍ അവളെ തഴഞ്ഞ് രാജാവായ ലോമപാദന്റെ വളര്‍ത്തുപുത്രിയെ ഋഷ്യശൃംഗന്റെ പട്ടമഹിഷിയാക്കുമ്പോള്‍ വൈശാലിക്ക് ഋഷ്യശൃംഗനുമായുള്ള അവളുടെ എതിര്‍ലിംഗ പദവി നഷ്ടപ്പെടുന്നു. ദേവദാസികള്‍/അഭിസാരികമാര്‍ സ്ത്രീകളുടെ നിലവിലുള്ള പെരുമാറ്റശീലങ്ങളാലല്ല രൂപപ്പെടുത്തപ്പെടുന്നത്. പുരുഷതാല്‍പ്പര്യത്തിനായി എതിര്‍ലിംഗ ശരീരപദവി നല്‍കി സമൂഹം മറെറാരു വിധത്തിലാണ് അവരെ സ്വാംശീകരിക്കുന്നത്.

പുരുഷന്റെ ലിംഗപദവി ഇല്ലാത്തതായി വിലയിരുത്തപ്പെടുന്ന പുരുഷകഥാപാത്രത്തെ കാണാം അടൂര്‍ ഗോപാലകൃഷ്ണന്റെ 'കൊടിയേറ്റ'ത്തിലെ ശങ്കരന്‍കുട്ടിയില്‍ (ഭരത് ഗോപി). ശങ്കരന്‍കുട്ടി നിലവിലുള്ള പുരുഷന്മാര്‍ പെരുമാറുന്ന, അധികാരത്തിന്റേയോ വീര്യത്തിന്റേയോ ക്രൗര്യത്തിന്റേയോ പെരുമാറ്റശീലങ്ങളില്ലാത്തയാളാണ്. അയാള്‍ കുട്ടികളേയും തുല്യരായി കാണുകയും അവര്‍ പറയുന്നത് അനുസരിക്കുകയും ചെയ്യുന്നു. കൊച്ചുകുട്ടികള്‍ കരയുന്നതു കാണുമ്പോള്‍ അയാള്‍ക്ക് സങ്കടം വരുന്നു. ആര്‍ദ്രത, സൗമ്യത, ജനാധിപത്യം, പരിഗണന, അംഗീകാരം, സഹിഷ്ണുത ഇവ പുരുഷലിംഗത്തിന്റെ എതിര്‍ലിംഗമായ സ്ത്രീലിംഗത്തിന്റെ സ്വഭാവശീലങ്ങളായാണ് സാമൂഹികമായി രൂപപ്പെടുത്തപ്പെടുകയും പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഇത്തരം പുരുഷന്മാരുടെ പദവി സ്ത്രീലിംഗത്തിലോ ലിംഗപദവി താരതമ്യേന കുറവായ കുട്ടികളുടെ വിഭാഗത്തിലോ പെടുത്തപ്പെടുന്നു.

ടി.വി. ചന്ദ്രന്റെ 'സൂസന്ന' എന്ന സിനിമയിലെ സൂസന്ന (വാണി വിശ്വനാഥ്) നിലവിലുള്ള സ്ത്രീലിംഗ പദവിയില്‍നിന്നു പുറത്താവുന്നത് ഭര്‍ത്താവ് എന്ന എതിര്‍ലിംഗം ഇല്ലാതാവുകയും ഭര്‍ത്തൃപിതാവ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നതോടെയാണ്. പല പുരുഷന്മാരാലും ചൂഷണം ചെയ്യപ്പെട്ട് വേശ്യ എന്ന പദവിയില്‍ സ്ഥാനപ്പെടുന്നു പിന്നീടവള്‍. എന്നാല്‍, സ്വന്തമായി പുരുഷന്മാരെ തെരഞ്ഞെടുത്ത് സാമൂഹികാധികാരമുള്ള, സ്വയം നിര്‍ണ്ണയനാവകാശമുള്ള പുതിയ സ്ത്രീലിംഗ പദവി നേടിയെടുക്കുന്നു ക്രമേണ അവള്‍. നാല് പുരുഷന്മാരുമായി ശാരീരികവും മാനസികവുമായ ബന്ധം പുലര്‍ത്തുന്നിടത്തേക്ക് പരിണമിക്കുന്നു അവളുടെ ജീവിതക്രമം. ഇതു പരമ്പരാഗത സ്ത്രീയുടെ പദവികളില്‍നിന്നും ശീലങ്ങളില്‍നിന്നും തീര്‍ത്തും പുതിയതാണ്. സമൂഹം ആവശ്യപ്പെടുന്ന സ്ത്രീമാതൃകകളെ മറികടക്കുകയാണ് സൂസന്ന ഇവിടെ. അങ്ങനെ നിലവിലുള്ള സ്ത്രീലിംഗ പദവിയില്‍നിന്നും സൂസന്ന പുറത്തുകടക്കുന്നു.

ശ്യാമപ്രസാദിന്റെ 'ഒരേ കടലി'ല്‍ ചിന്തകനും എഴുത്തുകാരനുമായ നാഥന്‍ (മമ്മൂട്ടി) എന്ന കഥാപാത്രം നിലവിലുള്ള സ്ത്രീ പുരുഷബന്ധങ്ങളെ മാറ്റിച്ചിന്തിക്കുകയും നിലവിലുള്ള വ്യവസ്ഥയിലെ സാമൂഹിക പദവികള്‍ സൂക്ഷിച്ചുകൊണ്ടുതന്നെ അതിന് പുറത്തു ജീവിക്കുകയും ചെയ്യുന്നു. നാഥന് പലപ്പോഴും എതിര്‍ലിംഗമാവുന്നത് (ശാരീരികമായും മാനസികമായും) വേശ്യാലയം ഉടമയായ ബേല (രമ്യാകൃഷ്ണന്‍) എന്ന സ്ത്രീയാണ്. നാഥന്റെ ഗവേഷക സുഹൃത്തുക്കളും വിദ്യാര്‍ത്ഥിനികളും നിലവിലുള്ള സ്ത്രീ പുരുഷലിംഗ പദവികളേയും സദാചാരഘടനയേയും മറികടന്നു പ്രവര്‍ത്തിക്കുന്നവരാണ്. ഒടുക്കം ശരാശരി സ്ത്രീയുടെ ലിംഗപദവി സൂക്ഷിക്കുന്ന ഭര്‍ത്തൃമതിയായ ദീപ്തി എന്ന സ്ത്രീയുടെ (മീരാ ജാസ്മിന്‍) കാമുകനായി മാറി പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ആ സ്ത്രീയുടെ പുരുഷനായി പരിണമിച്ച് സാമ്പ്രദായിക ദാമ്പത്യത്തിലെ എതിര്‍ലിംഗങ്ങളാവുന്നു  പരസ്പരം ആ നായകനും നായികയും.

'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ എല്‍സമ്മ (ആന്‍ അഗസ്റ്റിന്‍) സാമൂഹികമായ പദവിവല്‍ക്കരണത്തിന് വിരുദ്ധമായി രൂപപ്പെടുന്ന പെണ്‍കുട്ടിയാണ്. ശാരീരികമായി പെണ്ണായ എല്‍സമ്മ പരമ്പരാഗത സമൂഹം പെണ്‍കുട്ടികളുടെ ശീലങ്ങളായി പറയുന്ന സരളത, സൗമ്യത, വിധേയത്വം, ഒതുക്കം, മൃദുത്വം തുടങ്ങിയ സ്വഭാവഗുണങ്ങളിലൂടെയല്ല രൂപപ്പെടുന്നത്. അവള്‍ സാമൂഹികമായി പുരുഷനായി പറഞ്ഞുവെച്ചിട്ടുള്ള ധീരത, മനക്കരുത്ത്, കര്‍ക്കശത, കുലുക്കമില്ലായ്മ തുടങ്ങിയ പെരുമാറ്റശീലങ്ങളിലൂടെയാണ് സ്വയം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ അവളെ സമൂഹം ആണിന്റെ ലിംഗപദവിയിലേയ്ക്കു തുല്യപ്പെടുത്തുന്നു. അങ്ങനെയാണ് സിനിമയ്ക്ക് 'എല്‍സമ്മ എന്ന ആണ്‍കുട്ടി'എന്നു പേരു വരുന്നത്. സാധാരണഗതിയില്‍ ഇത്തരം പെണ്‍കുട്ടികളെ 'തലതെറിച്ചവളെ'ന്ന് മുദ്രകുത്താറുണ്ട് സമൂഹം. സിനിമയില്‍ എല്‍സമ്മയുടെ എതിര്‍ലിംഗമായി വരുന്ന പുരുഷകഥാപാത്രമായ പാലുണ്ണി (കുഞ്ചാക്കോ ബോബന്‍) വിപരീതദിശയിലാണ് രൂപപ്പെടുന്നത്. അയാള്‍ സൗമ്യത, ഭയം, സരളത തുടങ്ങിയ സാമൂഹികമായി സ്ത്രീയുടെ സ്വഭാവസവിശേഷതകളായി പറഞ്ഞുവെച്ചിട്ടുള്ള പെരുമാറ്റശീലങ്ങളിലൂടെ രൂപപ്പെടുന്നു.

കൂടുതല്‍ വ്യത്യാസങ്ങളോടുകൂടിയാണ് ഓരോ കാലവും ദേശവും സമുദായവും മതവും സമൂഹവും ലിംഗവല്‍ക്കരണവും എതിര്‍ലിംഗവല്‍ക്കരണവും നടത്തുന്നതെന്നു കാണാം. കൂടുതലും പുരുഷന്‍ അധികാരകേന്ദ്രത്തില്‍ വരുന്നവിധമുള്ള ലിംഗവല്‍ക്കരണമാണ് കാണാന്‍ കഴിയുക. മരുമക്കത്തായം പോലുള്ള ക്രമങ്ങളില്‍ ഇതിന് അല്പം വ്യതിയാനം കാണാം. രേഖീയമോ സ്ത്രീ/പുരുഷന്‍ എന്ന ദ്വന്ദ്വത്തിനകത്തു മാത്രം കൃത്യമായി ഒതുങ്ങിനില്‍ക്കുന്നതോ ആയ ഒരു ചട്ടക്രമം എതിര്‍ലിംഗവല്‍ക്കരണത്തിന് പൊതുവായി പറയാന്‍ കഴിയില്ല എന്നതും ഇതിലെ മുഖ്യ സവിശേഷതയാണ്.

വര്‍ണ്ണത്തിനും വര്‍ഗ്ഗത്തിനും ലിംഗത്തിനും അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള പദവിവല്‍ക്കരണമാണ് നടത്തുന്നതെന്നു മനസ്സിലാക്കാന്‍ കഴിയും. അതേസമയം വ്യത്യസ്ത വര്‍ണ്ണത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലിംഗവല്‍ക്കരണവും എതിര്‍ലിംഗവല്‍ക്കരണവും പദവിവല്‍ക്കരണവും വ്യത്യസ്തമാണെന്നു കാണാം. ഒരേ ജാതിയിലുള്ള സ്ത്രീപുരുഷന്മാരുടെ ലിംഗപരമായ രൂപവല്‍ക്കരണംതന്നെ ചിലപ്പോള്‍ വ്യത്യസ്ത രീതിയില്‍ കാണപ്പെടുന്നു.

'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതക'ത്തിന്റെ കഥയില്‍ മുരിക്കിന്‍കുന്നത്ത് അഹമ്മദ്ഹാജി എന്ന ജന്മിപുരുഷന്റെ രൂപപ്പെടല്‍ കൂടുതല്‍ സാമൂഹികാധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളതാണ്. ജാതീയമായി താഴ്ന്നനിലയിലുള്ള സ്ത്രീക്കും പുരുഷനും മേല്‍ അതിക്രമം കാണിക്കാനുള്ള അധികാരം നല്‍കപ്പെട്ടുകൊണ്ടാണ് ജന്‍മിപുരുഷന്‍ സാമൂഹികമായി രൂപപ്പെടുത്തപ്പെടുന്നത്. അയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഈഴവസമുദായത്തിലെ മാണിക്യമോ ചീരുവോ സാമുദായികമായി അയാളുടെ എതിര്‍ലിംഗ പദവിയിലുള്ളവരല്ല. എന്നാല്‍, കീഴാളസ്ത്രീകളുടെ ശരീരത്തില്‍ അധികാരം അനുവദിക്കപ്പെട്ടുകൊണ്ടാണ് അന്നത്തെ ജന്‍മിപുരുഷന്റെ രൂപപ്പെടല്‍. ചീരുവിന്റെ ഭര്‍ത്താവിനെ ചവിട്ടിക്കൊല്ലുന്നിടത്തും കേശവനെക്കൊണ്ട് നിര്‍ബന്ധിതമായി മുടിവെട്ട് തൊഴില്‍ ചെയ്യിക്കുമ്പോഴും കീഴാളപുരുഷന്മാരുടെ മുകളില്‍ അധിനിവേശം നടത്താനുള്ള അവകാശം നല്‍കപ്പെട്ടാണ് ജന്‍മിപുരുഷന്റെ രൂപപ്പെടലെന്ന് വ്യക്തമാവും. നമ്പൂതിരിയുടെ എതിര്‍ലിംഗം അന്തര്‍ജ്ജനം, നായരുടേത് നായര്‍, നമ്പ്യാര്‍-നങ്ങ്യാര്‍, ഈഴവന്‍-ഈഴവ, പുലയന്‍-പുലയി എന്നിങ്ങനെ എതിര്‍ലിംഗങ്ങളുടെ പദവിവല്‍ക്കരണം രൂപപ്പെടുത്തുമ്പോള്‍ത്തന്നെ ജന്‍മിപുരുഷനോട് വിധേയരാവണമെന്നവിധമാണ് ജന്മിസ്ത്രീയുടേയും കീഴാള സ്ത്രീപുരുഷന്മാരുടേയും പദവിവല്‍ക്കരണം. ഇവിടെനിന്നും 'മാറ്റിനി' എന്ന സിനിമയിലെത്തുമ്പോള്‍ സ്ഥലവും കാലവും സാമൂഹികാവസ്ഥയും മാറുന്നു. ഇവിടെ ജാതീയമായ പദവിവല്‍ക്കരണം ദൃശ്യമല്ല. മറ്റൊരുവിധം പദവിവല്‍ക്കരണം ഇവിടെ കാണാം. അമ്മ മരിച്ചുപോയ, മദ്യപാനിയായ അച്ഛന്റെ അതിക്രമങ്ങളനുഭവിച്ച് കഴിയുന്ന സാവിത്രി വര്‍ഗ്ഗപരമായി, സാമൂഹികമായി താഴെത്തട്ടിലാണ്. സാവിത്രി പിന്നീട് സിനിമാതാരമായി മാറുന്നു. സിനിമാതാരത്തിന്റെ പദവി സാമൂഹികമായി വളരെ ഉയര്‍ന്ന നിലവാരത്തിലാണ് രൂപപ്പെടുത്തപ്പെടുന്നത്. അതേസമയം സെക്‌സ് സിനിമയില്‍ അഭിനയിക്കുന്നവരുടെ പദവി ഇന്ത്യനവസ്ഥയില്‍ വളരെ താഴ്ന്ന നിലയിലാണ് രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇവിടെ സെക്‌സ് സിനിമയില്‍ സാവിത്രിയുടെ കൂടെ അഭിനയിക്കുന്ന നജീബ് സാവിത്രിയുടെ അതേ നിലയിലേക്ക് പദവിയില്‍ താഴ്ത്തപ്പെടുന്നു. മുഖ്യധാരാ സിനിമകളില്‍ അഭിനയിക്കുന്ന സ്ത്രീപുരുഷന്മാരില്‍നിന്നും വളരെ കീഴാളമായാണ് സെക്‌സ് സിനിമകളില്‍ അഭിനയിക്കുന്ന സ്ത്രീപുരുഷന്മാരുടെ പദവി സാമൂഹികമായി രൂപപ്പെടുത്തപ്പെടുന്നത്. അതില്‍ത്തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്ത പദവികളില്‍ സ്ഥാനപ്പെടുത്തപ്പെടുന്നതും കാണാം ചിലപ്പോള്‍. ഷക്കീല എന്ന നടിയുടെ 'കിന്നാരത്തുമ്പികള്‍' എന്ന സിനിമയില്‍ അവരുടെ നായകനായഭിനയിച്ച താരത്തെ പിന്നീട് മുഖ്യധാരാ സിനിമ സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തപ്പോള്‍ത്തന്നെ ഷക്കീലയ്ക്ക് പൊതുസമൂഹത്തില്‍നിന്നും ഓടിയൊളിക്കേണ്ട അവസ്ഥയാണുണ്ടായത്. ഷക്കീലയും നായകനും പരസ്പരം എതിര്‍ലിംഗമാവുമ്പോള്‍ത്തന്നെ  കൂടുതല്‍ അവകാശാധികാരങ്ങള്‍ പുരുഷനു ലഭിക്കുന്നു. 

'നല്ലവന്‍' എന്ന ചിത്രത്തില്‍ സ്റ്റേറ്റാണ് അധികാരരൂപമായി വരുന്നത്. ഭരണകൂടത്തിന്റെ പ്രതിനിധിയായ പൊലീസാണ് ഇവിടെ അധികാര പുരുഷന്‍. നാടോടികളായ മല്ലിയും കൊച്ചെറുക്കനും സാമൂഹികമായി പരസ്പരം എതിര്‍ലിംഗങ്ങളാകാവുന്ന പദവികളിലാണുള്ളത്. മല്ലി വീട്ടുവേലക്കാരിയും കൊച്ചെറുക്കന്‍ കൂലിവേലക്കാരനുമാണ്. ഈ ദമ്പതിമാര്‍ എല്ലാ അര്‍ത്ഥത്തിലും യോജിച്ചുനില്‍ക്കുന്ന എതിര്‍ലിംഗങ്ങളാണ് സമൂഹത്തിന്റെ രൂപപ്പെടുത്തലില്‍. അതേസമയം പൊലീസ് എന്ന അധികാരപുരുഷന് വിധേയപ്പെടണമെന്ന വിധമുള്ള പദവിവല്‍ക്കരണമാണ് ഇവിടെയുള്ളത്. പൂര്‍വ്വകാലത്തെ ജന്മിപുരുഷന് നല്‍കപ്പെട്ടിട്ടുള്ള അവകാശാധികാരങ്ങളുമായാണ് ഇവിടെ പൊലീസെന്ന അധികാരപുരുഷന്റെ രൂപപ്പെടല്‍.

'ഭൂമിയുടെ അവകാശികളി'ല്‍ ഭര്‍ത്താവുള്ള സ്ത്രീയുടേയും ഭര്‍ത്താവ് മരിച്ച സ്ത്രീയുടേയും പദവിവല്‍ക്കരണം കാണാം. ഭര്‍ത്താവ് മരിച്ച സ്ത്രീ മറ്റു സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളില്‍നിന്നും പുറത്താണ്. സാധാരണ സ്ത്രീയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ശവതുല്യമായി ജീവിക്കേണ്ട അവസ്ഥയിലുള്ള സ്ത്രീയും ഇതര സ്ത്രീയും വ്യത്യസ്ത ലിംഗപദവികളില്‍ നില്‍ക്കുന്നു.

'ഞാന്‍' എന്ന സിനിമയില്‍ സ്വജാതിയിലുള്ള സ്ത്രീ ഭാര്യാപദവിയിലുണ്ടായിരിക്കെത്തന്നെ ലൈംഗികാവശ്യത്തിനായി കീഴാളജാതി സ്ത്രീയെ സമീപിക്കുന്ന ജന്മിപുരുഷനെ കാണാം. ജന്‍മിക്ക് അന്യസ്ത്രീകളുമായി ഇടപഴകാനുള്ള അവകാശാധികാരങ്ങള്‍ നല്‍കുമ്പോള്‍തന്നെ ജന്മിയുടെ ഭാര്യാപദവിയിലുള്ള സ്ത്രീക്ക് മറ്റു പുരുഷനുമായി ലൈംഗികമായി ഇടപഴകാനുള്ള അവകാശം തടഞ്ഞുകൊണ്ടാണ് ഉന്നതജാതി സ്ത്രീയുടെ സാമൂഹികമായ രൂപപ്പെടുത്തല്‍. ഇങ്ങനെ ചില പ്രത്യേകാവകാശങ്ങള്‍ പുരുഷന് നല്‍കിയും അത്തരം അവകാശങ്ങളില്‍നിന്നു സ്ത്രീയെ തടഞ്ഞുമാണ് ഉന്നതജാതി സ്ത്രീപുരുഷന്മാരുടെ രൂപവല്‍ക്കരണവും എതിര്‍ലിംഗവല്‍ക്കരണവും നടക്കുന്നത്. അവകാശമുള്ള പുരുഷനും അവകാശമില്ലാത്ത സ്ത്രീയുമാവുമ്പോഴാണ് അവര്‍ പരമ്പരാഗത സമൂഹത്തില്‍ പരസ്പരം എതിര്‍ലിംഗങ്ങളായി യോജിച്ചുനില്‍ക്കുന്നത്. ഇത്തരം രൂപവല്‍ക്കരണത്തെ മറികടന്നു സ്വയം തീരുമാനങ്ങളെടുക്കുന്നിടത്താണ് കുറിയേടത്തു താത്രി സാമൂഹികമായ സ്ത്രീലിംഗവല്‍ക്കരണത്തിനും പദവിവല്‍ക്കരണത്തിനും പുറത്തുകടക്കുന്നത്. നമ്പൂതിരി സ്ത്രീക്ക് സാമൂഹികാധികാരം നിഷ്‌കര്‍ഷിച്ച പെരുമാറ്റരീതികളില്‍നിന്നും ശീലങ്ങളില്‍നിന്നും പുറത്തുകടക്കുമ്പോള്‍ താത്രി നമ്പൂതിരിപുരുഷന്റെ എതിര്‍ലിംഗം എന്ന പദവിക്ക് ചേരാതെ പോവുകയും എതിര്‍ലിംഗപദവിക്ക് പുറത്തുകടക്കുകയും ചെയ്യുന്നു. (ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശനം നടത്താന്‍ ശ്രമിക്കുമ്പോള്‍ പുരുഷകേന്ദ്രീകൃതമായ ഒരു പെരുമാറ്റശീലത്തെ അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ ലിംഗപദവിയെ പുതുക്കുകയാണ് സ്ത്രീകള്‍.)

'വെടിവഴിപാടി'ലെത്തുമ്പോള്‍ വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് സ്ത്രീയും പുരുഷനും സ്വയം നടത്തുന്ന എതിര്‍ലിംഗവല്‍ക്കരണമാണുള്ളത്. ഭാര്യയുടെ എതിര്‍ലിംഗമായ ഭര്‍ത്താവ് ഇവിടെ അഭിരുചികളിലെ വ്യത്യാസം കൊണ്ട് ചേര്‍ന്നുനില്‍ക്കാതെ വരുന്നു. ഫ്രെഞ്ച് ലാംഗ്വേജ് കണ്‍സള്‍ട്ടന്റായ വിദ്യയും ഭര്‍ത്താവായ പ്രദീപും ബുദ്ധിപരമായും സാംസ്‌കാരികമായും വ്യത്യസ്ത താല്‍പ്പര്യങ്ങളുള്ളവരാണ്. സിനിമയിലും സംഗീതത്തിലും താല്പര്യമുള്ള വിദ്യ സമാന താല്പര്യങ്ങളുള്ള ജോസഫുമായി അടുപ്പത്തിലും പ്രണയത്തിലുമാവുന്നത് വ്യക്തിതന്നെ സ്വയം എതിര്‍ലിംഗത്തെ തെരഞ്ഞെടുത്ത് നടത്തുന്ന എതിര്‍ലിംഗവല്‍ക്കരണമാണ്.
സാഹിത്യരംഗത്തുതന്നെയും ഈവിധത്തിലുള്ള എതിര്‍ലിംഗവല്‍ക്കരണം കാണാം. എഴുതുന്നയാളെ പുരുഷനായും കൃതിയെ സ്ത്രീയായും കല്പിച്ചിരുന്നു ആദ്യകാലത്ത്.

''എഴുതുന്ന വ്യക്തിയെ പുരുഷനായും എഴുതപ്പെടുന്ന കൃതിയെ സ്ത്രീയായും സങ്കല്പിക്കുന്ന രീതി ഇക്കാലത്തും തുടരുന്നുവെന്നത് അക്കാലത്തെ സാഹിത്യചര്‍ച്ചകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. 1065-ല്‍ (മലയാളവര്‍ഷം) പ്രസിദ്ധീകരിക്കപ്പെട്ട 'വിദ്യാവിനോദിനി'യില്‍ കാവ്യത്തെ ഇഷ്ടഭാര്യയോടും ശാസ്ത്രത്തെ സുഹൃത്തിനോടും സി.പി. അച്യുതമേനോന്‍ താരതമ്യം ചെയ്തത് ഒരുദാഹരണം മാത്രമാണ്... നവോത്ഥാന സ്ത്രീ സങ്കല്പപ്രകാരം സ്ത്രീകളുടെമേല്‍ ആരോപിക്കപ്പെട്ട 'സഹജവാസനക'ളില്‍ പലതും സാഹിത്യത്തിനും അവശ്യം ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം അക്കാലത്തെ പല എഴുത്തുകാരും ഉന്നയിച്ചതായി കാണുന്നു... 1931-ലെ സാഹിത്യ പരിഷ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ബി. ഭാഗീരഥിയമ്മ കാവ്യവും സ്ത്രീയും തമ്മില്‍ ആരോപിക്കപ്പെട്ട സമാനതയെ അംഗീകരിച്ചെങ്കിലും അത് മറ്റൊരു വിധത്തില്‍ പ്രയോഗിക്കുകയാണ് ഉണ്ടായത്. മലയാള സാഹിത്യം ഉന്നതി പ്രാപിച്ച ചരിത്രഘട്ടങ്ങളെല്ലാം സ്ത്രീയുടെ ഉയര്‍ച്ചയുടെ ഘട്ടങ്ങളായിരുന്നുവെന്നു തെളിയിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍, പുരുഷന്റെ നില സ്വീകരിച്ചുകൊണ്ടുമാത്രമേ സ്ത്രീകള്‍ക്ക് ഉന്നത സാഹിത്യത്തില്‍ ഇടം തേടാനാകൂ എന്ന ധാരണയെ ഇത്തരം പുനരാവിഷ്‌കരണങ്ങള്‍ അധികമൊന്നും ഉലച്ചില്ല. സ്ത്രീകള്‍ സാഹിത്യരചനയില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ടതില്ലെന്ന് 'വിദ്യാവിനോദിനി'യിലൂടെ സി.പി. അച്യുതമേനോന്‍ പ്രഖ്യാപിച്ചത് പ്രശസ്തമാണല്ലോ (1891). ഒന്നാമതായി 'ഗൃഹകൃത്യാനുഷ്ഠാനങ്ങള്‍കൊണ്ടും സൗന്ദര്യശീലാദിഗുണങ്ങള്‍കൊണ്ടും' തൃപ്തിയടയാത്ത സാമര്‍ത്ഥ്യക്കാരികളാണ്  സാഹിത്യരചനയ്ക്കു തുനിയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു (മലയാള സാഹിത്യത്തിലെ തായ്കുലം, ജെ. ദേവിക, സാറാ ജോസഫിന്റെ കഥാസമാഹാരത്തിനുള്ള ആമുഖപഠനം, പേജ് x, xi).

സാമൂഹികമായ രൂപപ്പെടല്‍ ഒരു കുട്ടി പിറക്കുന്നതു മുതലോ അതിനു മുന്‍പുതന്നെയോ നടക്കുന്നുണ്ട്. ഈ രൂപപ്പെടുത്തലില്‍ കുടുംബം, വിദ്യാഭ്യാസം, സമൂഹം, ആരാധനാലയങ്ങള്‍, ഭരണകൂടം, കലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഇവയെല്ലാം പങ്കാളികളാണ്. പെണ്‍കുട്ടികളാണെങ്കില്‍ പാവക്കുട്ടിയെ കളിപ്പിക്കുക, ഭക്ഷണമുണ്ടാക്കി കളിക്കുക എന്നിങ്ങനേയും ആണ്‍കുട്ടികളാണെങ്കില്‍ തോക്ക്, വാഹനങ്ങള്‍ തുടങ്ങിയവപോലുള്ള കളിപ്പാട്ടങ്ങളുപയോഗിക്കുക, കായികമായ കളികളില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുമാണ് പൊതുവേ രൂപപ്പെടുത്തുക. പെണ്‍കുട്ടികള്‍ നടക്കുമ്പോള്‍ നിലമറിയരുത് തുടങ്ങിയ അലിഖിത നിയമങ്ങള്‍ കുടുംബത്തില്‍നിന്നുതന്നെ പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ വിപരീതമായി അടങ്ങിയൊതുങ്ങി കഴിയാന്‍ രൂപപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ വൈകാരികതയുള്ളവരായി രൂപപ്പെടുത്തപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ വൈകാരികത കുറഞ്ഞവരായി, യുക്തിപൂര്‍വ്വം പെരുമാറുന്നവരായി രൂപപ്പെടുത്തപ്പെടുന്നു.

ഉപസംഹാരം
പ്രത്യുല്പാദനം എന്ന പ്രക്രിയയിലാണ് ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയും പുരുഷനും സ്ത്രീയും പുരുഷനുമായി നിര്‍ണ്ണയിക്കപ്പെടുന്നത്. സാമൂഹികം, സാംസ്‌കാരികം, ബൗദ്ധികം, വൈകാരികം, രാഷ്ട്രീയപരം, അധികാരപരം എന്നിങ്ങനെ അനേകം വിധങ്ങളിലൂടെയാണ് സ്ത്രീപുരുഷ വ്യക്തികളായി അവര്‍ രൂപപ്പെട്ടുവരുന്നത് എന്നു കലാസൃഷ്ടികളിലൂടെയുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തും. ഈ രൂപപ്പെടല്‍ കാലദേശങ്ങള്‍ക്കനുസൃതമായി ബഹുസ്വരമാണെന്നും വ്യക്തമാവും. മലയാള സിനിമയില്‍ മൈഥിലി എന്ന നടി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയുള്ള അന്വേഷണം സ്ത്രീ, പുരുഷന്‍ എന്നീ പദവികള്‍ സാമൂഹികവും സാംസ്‌കാരികവും അധികാരപരവുമായ രൂപപ്പെടലുകളിലൂടെയാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. ലിംഗപദവിവല്‍ക്കരണവും എതിര്‍ലിംഗപദവിവല്‍ക്കരണവും എങ്ങനെ നടക്കുന്നുവെന്ന് ഈ കഥാപാത്രങ്ങളില്‍ തെളിഞ്ഞുകാണാം. (മൂന്നാംലിംഗമെന്നും ട്രാന്‍സ്ജന്‍ഡേഴ്സെന്നും ക്വീര്‍ എന്നും വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ലിംഗപദവിവല്‍ക്കരണവും രൂപപ്പെടലും എങ്ങനെയെന്നത് ഈ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വരേണ്ടുന്നതാകുന്നു.)

റഫറന്‍സ്:

1. Simone De Beauvoir, The second sex,Translated and Edited by H.M. Parshley, Vintage Books 1997.
2. Keshab Chandra Mandal, Gender and Empowerment: A comparative analysis at India and USA, Levant Books Kolkata 2012.
3. Burns, Nancy, Lehman K. Schlozman and Verba, Sidney, The Private roots of public Action Gender Equality and Political Participation (Cambridge, Massachusettes, London, England: Harvard Universtiy Press, 2001). 
4. https://feminisminindia.com, Kerala's Casteist Breast Tax And The Story of Nangeli, Sheryl Sebastian.
പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, തൃശൂര്‍ കേരളസാഹിത്യ അക്കാദമി, 1988
5. സി.എസ്. ചന്ദ്രിക, കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍-ഡി.സി.
ബുക്‌സ്, 2016.
6. വി.ടി. ഭട്ടതിരിപ്പാട്, വി.ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍-ഡി.സി. ബുക്‌സ് 2010 ജൂലൈ.
7. ഒ. ചന്തുമേനോന്‍, ഇന്ദുലേഖ-ഡി.സി. ബുക്‌സ്, കോട്ടയം, 2016.
8. സാറാ ജോസഫിന്റെ സമ്പൂര്‍ണ്ണ കഥകള്‍-കറന്റ് ബുക്‌സ് തൃശ്ശൂര്‍, 2010.
9. എന്‍. കുമാരനാശാന്‍, ആശാന്റെ പദ്യകൃതികള്‍-കറന്റ് ബുക്‌സ്, തൃശ്ശൂര്‍.
10. പി. കേശവദേവ്, ഓടയിയില്‍നിന്ന്-പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com