'സാഹിത്യം മലയാളിയുടെ മൂല്യബോധം തിരിച്ചുകൊണ്ടുവരും...': കെ.വി. മോഹന്‍ കുമാര്‍ പറയുന്നു

പുസ്തകം വായിച്ചാ വിശപ്പു മറക്കാമെന്നു പറഞ്ഞ ജ്യേഷ്ഠനാണ് മോഹന്‍ എന്ന കുട്ടിയെ വായനക്കാരനാക്കിയത്.
'സാഹിത്യം മലയാളിയുടെ മൂല്യബോധം തിരിച്ചുകൊണ്ടുവരും...': കെ.വി. മോഹന്‍ കുമാര്‍ പറയുന്നു

''പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ'' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഇന്നും മോഹന്‍കുമാറിന്റെ കണ്ണു നിറയും. പുസ്തകം വായിച്ചാ വിശപ്പു മറക്കാമെന്നു പറഞ്ഞ ജ്യേഷ്ഠനാണ് മോഹന്‍ എന്ന കുട്ടിയെ വായനക്കാരനാക്കിയത്. പ്രകൃതിനിയമങ്ങള്‍ കുട്ടിക്കഥകളുടെ രൂപത്തില്‍ സൂക്ഷിച്ച റഷ്യന്‍ ബാലസാഹിത്യവും മാക്സിം ഗോര്‍ക്കിയും ലിയോ ടോള്‍സ്റ്റോയിയും ദസ്തയേവ്സ്‌കിയും പാബ്ലോ നെരൂദയും ഒരു കുട്ടിയുടെ ജീവിതവീക്ഷണം രൂപപ്പെടുത്തിയത് ദ്രുതഗതിയിലായിരുന്നു. പിന്നീടെപ്പഴോ, ഈശാവാസ്യോപനിഷത്തിലെ ദര്‍ശനം അവന്റെ ഹൃദയത്തില്‍ ബുദ്ധനോടുള്ള പ്രണയമായി വേരുപിടിച്ചു. യൗവ്വനത്തിന്റെ ഏതോ ഒരു തിരിവില്‍ വച്ച് സന്ന്യസിക്കാന്‍ ആഗ്രഹിച്ചെങ്കിലും മേരി ടെയ്ലറുടെ 'ഇന്ത്യന്‍ തടവറയിലെ അഞ്ചുവര്‍ഷങ്ങളും', കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമൊക്കെ വായിച്ചതോടെ മോഹന്‍കുമാറിന്റെ ജീവിതം വഴിമാറിയൊഴുകുകയായിരുന്നു. 

മാതൃഭാഷയോടൊപ്പം മുലപ്പാലിന്റെ മാധുര്യവും നഷ്ടമാകുന്ന ഒരു തലമുറയെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മോഹന്‍കുമാറാണ്. മണ്ണിന്റെ ജീവനില്ലാതാക്കുന്ന വികസനനയങ്ങളേയും പുഴയെ കഴുത്തുഞെരിച്ചു കൊല്ലുന്ന ഉപഭോഗജീവിതത്തേയും തിരുത്താനുതകുന്ന ഒരു പാഠപുസ്തകത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. സ്വന്തം ദേശത്തെ അടയാളപ്പെടുത്തിയ ഉഷ്ണരാശിക്ക് ഈയിടെ വയലാര്‍ അവാര്‍ഡ് നേടിയ മോഹന്‍ കുമാര്‍ പാടത്തും പറമ്പിലും പണിയെടുക്കുന്ന നിസ്വരായ മനുഷ്യരാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു. 

പട്ടിണി കിടക്കേണ്ടിവന്ന ബാല്യത്തെക്കുറിച്ച് 'വിശപ്പ്' എന്ന കഥയെഴുതിയതും മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടും ഫീസില്ലാതെ ആ വലിയ സ്വപ്നം പൊലിഞ്ഞുപോയതും ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിനാല്‍ തൊഴില്‍രഹിതനായി അലഞ്ഞുനടന്നതും മോഹന്‍കുമാര്‍ ഓര്‍ത്തെടുക്കുന്നു. ആവാസവ്യവസ്ഥയില്ലെങ്കില്‍ മനുഷ്യനില്ലെന്ന ബോധ്യത്തോടെയാണ് പാരിസ്ഥിതികവും സാമൂഹികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആത്യന്തിക പരിഹാരം പ്രകൃതിപാഠങ്ങളാണെന്ന് അദ്ദേഹം പറയുന്നത്.  
കോഴിക്കോട് കളക്ടറായിരിക്കെ മണല്‍ലോബിയുടെ വധശ്രമത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട മോഹന്‍കുമാറിന്റെ നിരീക്ഷണക്കുറിപ്പിന്റെ ബലത്തിലാണ് തിരുവനന്തപുരത്ത് ഉദയകുമാറിനെ ഉരുട്ടിക്കൊന്നവര്‍ ശിക്ഷിക്കപ്പെട്ടത്. 2020-'21 വര്‍ഷത്തെ പാഠ്യപദ്ധതിയിലൂടെ 'ജീവിതഗന്ധിയായ അറിവുകള്‍' എങ്ങനെ സമൂഹത്തിലേക്ക് പകരാമെന്നാണ് അദ്ദേഹം ആലോചിക്കുന്നത്.  പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന മോഹന്‍ കുമാറിനെ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെ താക്കോല്‍ കൂടി സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത് ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെയാണ്.   

മാതൃഭാഷ എങ്ങനെയാണ് കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ സ്വാധീനം ചെലുത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിന് വിമര്‍ശനങ്ങളുണ്ടല്ലോ...? 
മാതൃഭാഷ ഉറച്ച കുട്ടിക്ക് മനസ്സുവച്ചാല്‍ ഏത് ഭാഷയും പഠിക്കാന്‍ കഴിയും. ഓരോ കുട്ടിയും അത്ഭുതം നിറഞ്ഞ കണ്ണുകളോടെയാണ് ഭൂമിയിലേക്ക് വരുന്നത്. അവന്‍ ആദ്യമായിട്ട് കേള്‍ക്കുന്നതെന്താണോ, അവന്റെ വീട്ടില്‍ അച്ഛനും അമ്മയും സംസാരിക്കുന്ന ഭാഷ ഏതാണോ അതാണ് ആ കുട്ടിയുടെ മാതൃഭാഷ. കുട്ടി ആശയവിനിമയം നടത്താന്‍ പ്രാപ്തനാകുന്നത് ഈ ഭാഷയിലൂടെയാണ്. അവനെ പരിലാളിക്കുന്നവരുടെ ഭാഷയാണത്. വളര്‍ച്ചാഘട്ടങ്ങളില്‍ അവന്‍ എല്ലാം സ്വാംശീകരിക്കുന്നത് ഈ ഭാഷയിലൂടെയായിരിക്കും. അതുതന്നെയാണ് അവന്റെ Learning Language എന്നു പറയുന്നതും. ആ ഭാഷയിലൂടെ തന്നെ ലോകത്തെ അറിയാന്‍ കഴിയണം. അപ്പോള്‍ കൂടുതല്‍ ശക്തമായി അവന്റെ ധാരണകള്‍ രൂപപ്പെടും. 

ഒരു കുട്ടിക്ക് തിരിച്ചറിവ് ഉണ്ടാകുന്നതും അവന്റെ കാഴ്ചപ്പാട് രൂപപ്പെടുന്നതും സ്വന്തം ഭാഷയിലൂടെ മാത്രമാണ്. ഈ ഭാഷയില്‍ പഠനപ്രക്രിയ നടക്കുമ്പോള്‍ ഗ്രഹണശേഷി കൂടും. തന്റെ സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ വിനിമയത്തിലൂടെ സാധിക്കും. മറ്റൊരു ഭാഷയില്‍ പഠിക്കേണ്ടിവരുമ്പോള്‍ അവന് വൈകാരികമായ ആശയക്കുഴപ്പമുണ്ടാകും. തന്റെ അച്ഛനും അമ്മയും സംസാരിക്കാത്ത, ഒട്ടും പരിചിതമല്ലാത്ത വേറൊരു ഭാഷയില്‍ സാംസ്‌കാരിക വിനിമയം നടക്കില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണത്. കുട്ടികള്‍ക്ക് എല്ലാ ഭാഷകളും അനായാസം പഠിക്കാനുള്ള കഴിവൊക്കെയുണ്ട്. എന്നാല്‍ ജനിച്ചു വീണ കുട്ടി ഭൂമിയെ തിരിച്ചറിയുക എന്നൊരു പ്രക്രിയ ഉണ്ട്. അവന്റെ സ്വന്തം നിരീക്ഷണത്തിലൂടെയും, കഴിവിലൂടേയും, കാഴ്ചയിലൂടെയും, അനുഭവങ്ങളിലൂടെയും ഭൂമിയെ അറിയുക. 

ശലഭങ്ങളേയും പൂക്കളേയും ചെടികളേയും കാറ്റിനേയും വെയിലിനേയും പ്രകൃതിയേയും സ്‌നേഹത്തേയും അറിയുന്നത് മാതൃഭാഷയിലൂടെയാണ്. തന്റെ ഭാഷയിലെ പദങ്ങള്‍ എന്തൊക്കെയാണെന്ന് അവന്‍ പതുക്കനെ പഠിച്ചുവരുന്നത് പൊടുന്നനെ മാറ്റി മറ്റൊന്നു വരുന്നത് ബുദ്ധിവികാസത്തേയും വൈകാരികവികാസത്തേയും ബാധിക്കും. . Forcible Distraction ആണത്. ഏതിലേക്കാണോ കുട്ടി സ്വാഭാവികമായി വളരുന്നത് അതില്‍നിന്നും കുട്ടിയെ മാറ്റിക്കൊണ്ടുപോവുകയാണ്. മലയാളികള്‍ക്കിടയിലുള്ള ഈ പ്രവണത തമിഴ്നാട്ടിലൊന്നും അത്ര രൂക്ഷമല്ല. മാതൃഭാഷയാണവര്‍ക്ക് മുഖ്യം. മലയാളം മോശമാണെന്നൊരു കോംപ്ലക്സ് പൊതുവായുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാസമ്പന്നരായാലും ഇല്ലെങ്കിലും ഇംഗ്ലീഷിനോട് അടിമത്ത മനോഭാവം ഉള്ളവരാണ്. കുട്ടി ഇംഗ്ലീഷ് പറയുന്നതും ഇംഗ്ലീഷില്‍ അച്ഛനേയും അമ്മയേയും വിളിക്കുന്നതുമാണ് അന്തസ്സിനു ചേര്‍ന്നത് എന്ന അബദ്ധധാരണ നമുക്കിടയില്‍ വര്‍ഷങ്ങളായുണ്ട്, ഗള്‍ഫ് ബൂം വന്നതോടെയാണിത് വ്യാപകമായത്. എന്നാല്‍ 'മമ്മി ഡാഡി വിളി' ഇപ്പോള്‍ മാറിവരുന്നുണ്ട്. എന്നാല്‍, ഈയൊരു കോംപ്ലക്സ് പൂര്‍ണ്ണമായും മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. ഇംഗ്ലീഷാണ് മേന്മയേറിയ ഭാഷ, മലയാളം ഒട്ടും അന്തസ്സുള്ള ഭാഷയല്ലെന്ന് വിശ്വസിക്കുന്ന, എന്നാല്‍, ഇംഗ്ലീഷില്‍ തെറ്റില്ലാതെ ഒരു വരിപോലും എഴുതാനും സംസാരിക്കാനും അറിയാത്തവരുമായ ഒരു ജനതയാണ് നമ്മള്‍ എന്നത് വിമര്‍ശനാത്മകമായി കാണണം.  

കൊളോണിയല്‍ ഭരണത്തിന്റെ സ്വാധീനമാണോ ഈ ആംഗലേയ വിധേയത്വത്തിനു കാരണം? 
ഈ പ്രവണതയെ കൊളോണിയല്‍ ഹാങ്ങ് ഓവര്‍ എന്നു പറയുന്നതില്‍ തെറ്റില്ല. അതിനപ്പുറം ഇതൊരു Damonstration Effect ആണ്. നമ്മള്‍ ടി.വിയില്‍ കാണുന്നതും രാജ്യത്തിനു പുറത്ത് ജോലിക്കു പോകുന്നവര്‍ കാണുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നവരെയാണ്. പോഷ് ക്ലബ്ബുകളിലെ ദിനചര്യകളും സിനിമകളുമൊക്കെ സമൂഹത്തെ സ്വാധീനിക്കുന്നു. മലയാളം പറയുന്ന കുട്ടിക്ക് നിലവാരം പോരെന്ന് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തുന്ന രീതി പരക്കെയുണ്ട്.  

ഹീബ്രു ലോകത്തിലെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലയാണ്. അതിന് തുടക്കം കുറിച്ചവര്‍ ബുദ്ധിശൂന്യരല്ല. ഏറ്റവും കൂടുതല്‍ ഐ.ക്യൂ ഉണ്ടെന്ന് നമ്മള്‍ കരുതിയവരാണ് അതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സിഗ്മണ്ട് ഫ്രോയിഡും. ലോകത്ത് കാല്‍നൂറ്റാണ്ടിനിടയ്ക്ക് കൂടുതല്‍ നൊബേല്‍ ജേതാക്കളെ സൃഷ്ടിച്ചത് ഈ സര്‍വ്വകലാശാലയാണ്. അവരുടെ  പഠനമാധ്യമം ഹീബ്രു ഭാഷയാണ്. അവിടെ ഇംഗ്ലീഷേയില്ല. അവിടെ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിപ്പിക്കുന്നത് ഹീബ്രു ഭാഷയിലാണ്. ഗവേഷണപ്രബന്ധങ്ങളും അതേ ഭാഷയില്‍ത്തന്നെ. നമ്മുടെ സമീപനത്തിലെ വൈകല്യം നോക്കൂ. രാജ്യത്തെ എല്ലാ സര്‍വ്വകലാശാലയിലും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷിലേ പ്രബന്ധങ്ങള്‍ എഴുതാന്‍ പാടുള്ളൂ. റിസര്‍ച്ച് ജേര്‍ണലുകള്‍ ഇംഗ്ലീഷിലാണ്. എന്നിട്ടും എത്ര നൊബേല്‍ ജേതാക്കള്‍ ഇവിടെയുണ്ടായി എന്നു ചിന്തിക്കണം. മാതൃഭാഷയില്‍ത്തന്നെ പഠിപ്പിക്കണമെന്ന് പ്രതിഭാധനരായ അവര്‍ അന്നേ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ആ തിരിച്ചറിവ് ഇതുവരെ നമുക്കുണ്ടായിട്ടില്ല.  

ഭൂപരിഷ്‌കരണത്തിലൊക്കെ രാജ്യത്തിനു മാതൃകയായപോലെ മാതൃഭാഷയുടെ മഹിമ വീണ്ടെടുക്കാനുള്ള പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പിലാക്കിക്കൂടെ?  
ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. കക്ഷിരാഷ്ടീയം മറന്നുള്ള പിന്തുണയാണ് നമുക്ക് വേണ്ടത്. സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതിരുന്നിട്ടും ഒരു വിഷയമായി മലയാളം പഠിപ്പിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മുന്‍പും നിര്‍ദ്ദേശങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും നിയമാവലി നടപ്പിലാവുന്നത് ഇപ്പോഴാണ്. 

നമ്മെ നിയന്ത്രിക്കുന്ന ബ്യൂറോക്രസിയുടെ ഭാഷ ഇംഗ്ലീഷാണ്. അതെങ്ങനെ മാതൃഭാഷയിലേക്ക് കൊണ്ടുവരും? 
ബ്യൂറോക്രസിയുടെ ഭാഷ ഇംഗ്ലീഷെന്നതു മാറി മലയാളമാവുകയാണ്. ഭരണഭാഷ മലയാളം തന്നെ. കീഴ്ക്കോടതികളില്‍ വന്നു. ഹൈക്കോടതികളില്‍ ആയിട്ടില്ല. Language of Transaction മലയാളമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ജഡ്ജിമാരായതിനാല്‍ പെട്ടെന്ന് മീഡിയം മാറ്റാനാവില്ല. വിധി ഇംഗ്ലീഷില്‍ തന്നെയാണ് വായിക്കുന്നത്. സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലേക്ക് അത് വരണം. ഭരണഭാഷയില്‍ ഒരുപാട് മലയാളപദങ്ങള്‍ കൊണ്ടുവന്നു. മലയാളത്തില്‍ ഫയലുകളും നോട്ടുകളും എഴുതുന്ന ഒരു സമീപനം സാര്‍വ്വത്രികമായിട്ടുണ്ട്. എന്നാല്‍, എല്ലാ വാക്കുകളും മലയാളീകരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു ഭാഷ വികസിക്കുന്നത് അതില്‍ വന്നുചേരലുകള്‍ സംഭവിക്കുമ്പോഴാണ്. ഇതരഭാഷയില്‍നിന്നും സംസാരിക്കുന്ന ആളുകളില്‍നിന്നും ചേര്‍ച്ചയുള്ള പദങ്ങള്‍ മടിയില്ലാതെ സ്വീകരിക്കാന്‍ കഴിയണം. വന്നുചേരലാണ് ഭാഷയെ സമ്പന്നമാക്കുന്നത്. അടഞ്ഞൊരു വാതിലാവരുത് ഭാഷ. 

മലയാളത്തില്‍ തമിഴ് പദങ്ങളും സംസ്‌കൃതപദങ്ങളുമുണ്ട്. തമിഴും സംസ്‌കൃതവും കൂടിച്ചേര്‍ന്നൊരു ഭാഷയാണ് നമ്മുടേത്. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് പദങ്ങളുമുണ്ട്. മേശ, കടലാസ് ഒന്നും മലയാള വാക്കുകളല്ല. കാറ്, ടെലിവിഷന്‍, ലോറി, ബസ് ഇതൊന്നും ഭാഷയെ മോശമാക്കില്ല. എന്തിനാണ് മലയാളത്തില്‍ എഴുതുമ്പോള്‍ റിപ്പോര്‍ട്ടിനെ പരിപത്രമാക്കുന്നത്. എന്തുകൊണ്ട് റിപ്പോര്‍ട്ട് ആയിത്തന്നെ എഴുതിക്കൂടാ. തന്‍പതിവേട് എന്നൊക്കെയെഴുതി സാധാരണക്കാരന് ഒട്ടും മനസ്സിലാകാത്ത വാക്കുകള്‍ കണ്ടെത്തിക്കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. തമിഴില്‍ പൊലീസ് സ്റ്റേഷന് കാവല്‍നിലയം എന്നു പറയും. അതവര്‍ പണ്ടേ പറഞ്ഞു ശീലിച്ചതാണ്. പുതിയതായി കണ്ടെത്തിയതല്ല. ബോയിലിംഗ് പോയിന്റിനു പകരം തിളനില എന്നത് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ടെത്തിയിരുന്നു. നല്ലതല്ലേ? അത് സാങ്കേതിക പദമാണ്. നിത്യജീവിതത്തിലുള്ളതല്ല. അവിടുന്നാ റിപ്പോര്‍ട്ട് വാങ്ങിക്കണം എന്നതിനു പകരം അവിടുന്നാ പരിപത്രം മേടിക്കണം എന്നു പറയുമ്പോഴുണ്ടാകുന്ന ഒരു കല്ലുകടിയില്ലേ? ഭാഷയുടെ സത്ത ഉള്‍ക്കൊണ്ടുവേണം നാം ഭാഷയെ വളര്‍ത്താന്‍. എന്നാലെ വളരൂ.


തകഴി ശിവശങ്കപ്പിള്ള

മാനവിക വിഷയങ്ങള്‍ പഠിക്കാതെ ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് മൂല്യച്യുതിക്ക് ആക്കം കൂട്ടുന്നുണ്ടോ? 
ആലപ്പുഴയില്‍ വണ്ടാനത്ത് മെഡിക്കല്‍ കോളേജ് വന്നപ്പോള്‍ തകഴിച്ചേട്ടനോട് പത്രക്കാര്‍ ചോദിച്ചു. ''ചേട്ടാ എന്താ അഭിപ്രായം.'' അവരുടെ സിലബസില്‍ ജീവല്‍സാഹിത്യം കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു തകഴിച്ചേട്ടന്റെ മറുപടി. എല്ലാവരും  അതുകേട്ട് പരിഹസിച്ചു. എന്തിനാണ് ഡോക്ടര്‍മാര്‍ സാഹിത്യം പഠിക്കുന്നത്. ശരീരത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചും പഠിച്ചാല്‍ പോരെ. സാഹിത്യം നമ്മെ ജീവിതത്തോട് അടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ ജീവിതാവസ്ഥയെക്കുറിച്ച് നമുക്ക് എംപതിയുണ്ടാവുകയാണ് ചെയ്യുന്നത്. ആ എംപതിയിലൂടെ മാനവികമൂല്യങ്ങള്‍ വളരും. നേരിട്ട് അനുഭവിക്കാന്‍ കഴിയാത്തതാണ് നാം സാഹിത്യത്തിലൂടെ അറിയുന്നത്. പലസ്തീന്‍ ജീവിതത്തെ അറിയാന്‍ നല്ലൊരു പലസ്തീന്‍ സാഹിത്യകൃതിയിലൂടെ കടന്നുപോകണം. ഒപ്പം ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളേയും സ്പര്‍ശിക്കാന്‍ ജീവല്‍സാഹിത്യം വായിക്കണം. അങ്ങനെ വായിക്കുന്നവരും വായിക്കാത്തവരും രോഗിയെ നോക്കുന്നത് രണ്ടു തരത്തിലായിരിക്കും. ഒരാള്‍ക്ക് രോഗി കാശ് പിഴിഞ്ഞെടുക്കാനുള്ള യന്ത്രം മാത്രമാണ്. വൈകാരികമായി ഒരു മമതയും അയാള്‍ക്ക് ഉണ്ടാവില്ല.  എന്നാല്‍ സാഹിത്യം വായിക്കുന്നവന്റെ ഉള്ളില്‍ മാനുഷികമായ ഒരംശം എപ്പോഴുമുണ്ടാകും. 

ടെക്നോളജി മനുഷ്യകേന്ദ്രീകൃതമാവണം. എന്‍ജിനീയര്‍ ഒരു കെട്ടിടം വരയ്ക്കുമ്പോള്‍ സൗന്ദര്യമുണ്ടാവണമെങ്കില്‍ അയാള്‍ക്ക് കല അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അതൊരു സോപ്പുപെട്ടിയായിപ്പോകും. പരിസ്ഥിതിയെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ ഇക്കോ ഫ്രണ്ട്ലി നിര്‍മ്മിതിയാകും. ശാസ്ത്രവും ടെക്നോളജിയും പ്രകൃതിയില്‍നിന്ന് അകലുന്തോറും മനുഷ്യന്റെ നിലനില്പിന് ഭീഷണിയായിത്തീരും. അറിവ് അന്വേഷിക്കുമ്പോള്‍ ടോട്ടാലിറ്റിയെ കാണാതെ പോകരുത്. ശകലിതമായ അറിവ് നേടുന്നവര്‍ കാട് കാണില്ല. ഇലകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. തയ്യല്‍ക്കാരന് കുടുക്ക് തുന്നാന്‍ കൊടുക്കാതെ മറ്റൊരാള്‍ തുടര്‍ച്ചയായി അത് ചെയ്യുമ്പോള്‍ അയാള്‍ക്ക് ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണത വരില്ല. ഇതാണ് മാര്‍ക്സ് അന്യവല്‍ക്കരണം എന്നു പറയുന്നത്. കൊറിയയില്‍ പോയപ്പോള്‍ ഹ്യൂണ്ടായ് ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. കംപ്യൂട്ടറാണ് എല്ലാം ചെയ്യുന്നത്. മനുഷ്യന്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. നട്ടിടുന്നതും ടയറിടുന്നതും കംപ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മെഷീന്‍സ് ചെയ്യുന്നു. ക്രമേണ മനുഷ്യന് റോളില്ലാതാകുന്നു. പണ്ടൊരു മൂത്താശാരി വീടിന്റെ മുഴുവന്‍ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. 

ശാസ്ത്രവിഷയങ്ങള്‍ പഠിക്കണമെങ്കില്‍ ഇംഗ്ലീഷ് വേണമെന്നാണ് ഇവിടെ ഭൂരിപക്ഷവും കരുതുന്നത്. തമിഴ്നാട്ടിലൊക്കെ എന്‍ട്രന്‍സ് പരീക്ഷ അവരുടെ ഭാഷയില്‍ നടത്തുന്നുണ്ടല്ലോ? 
ശാസ്ത്രത്തിലെ സാങ്കേതികപദങ്ങളെ മലയാളത്തിലേക്ക് മാറ്റുന്നതെന്തിനാണ്? അപ്പോഴാണ് കുട്ടികള്‍ക്ക് പ്രയാസം വരുന്നത്. ചൈനയില്‍ പോയി മെഡിസിന്‍ പഠിച്ചവര്‍ക്ക് ഇവിടെ വന്നാല്‍ ഇംഗ്ലീഷ് മെഡിസിന്‍ പുസ്തകം വായിച്ചാല്‍ മനസ്സിലാവുന്നില്ലെന്ന് പറയാറുണ്ട്. ടെര്‍മിനോളജി വ്യത്യസ്തമാണ്. സാങ്കേതിക പദങ്ങളെ അങ്ങനെ തന്നെ കണ്ടാല്‍ പ്രശ്‌നം പരിഹരിക്കാം. സ്വിച്ചിനെ എന്തിനാണ് പരിഭാഷപ്പെടുത്തുന്നത്? ഇംഗ്ലീഷ് ഭാഷ ഈ നിലയില്‍ വളര്‍ന്നത് ലാറ്റിനുള്‍പ്പെടെയുള്ള ഭാഷകളില്‍നിന്ന് പദങ്ങള്‍ സ്വീകരിച്ചാണ്. 

ഭാഷയെ സംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായി കാണുന്നില്ലേ? സംസ്‌കൃതത്തിലെ ഒരു ശ്ലോകത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. തനതു ഭാഷയില്‍നിന്നും മാറുമ്പോള്‍ അനുഭവത്തിന് ശോഷണം സംഭവിക്കുന്നില്ലേ?
സംസ്‌കൃതം ഞാന്‍ പഠിച്ചിട്ടില്ല. പഠിക്കാന്‍ കഴിയാത്തതില്‍ നിരാശ തോന്നിയ ഭാഷയാണത്. ഒരു കവിത എഴുതുമ്പോഴും സാഹിത്യം രചിക്കുമ്പോഴും ആസ്വാദ്യതയ്ക്ക് മലയാളം തന്നെ വേണം. എന്നാല്‍ ഒരു ലേഖനത്തില്‍ സാന്ദര്‍ഭികമായി അന്യഭാഷാ പദത്തിന് പ്രസക്തിയുണ്ടെന്നു വച്ചാല്‍ അതുപയോഗിച്ചാലും ആസ്വാദ്യത കൂടും. കഥയിലും നോവലിലുമൊക്കെ കഥാസന്ദര്‍ഭത്തിന് ചേരുന്ന വിധത്തില്‍ അന്യപദം വേണ്ടിവരും. എഴുത്തുകാരന്റെ തീരുമാനമാണത്. ഇത് ഭാഷ എങ്ങനെ വിനിമയം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. സംസ്‌കൃത കാവ്യം ചൊല്ലുമ്പോഴുള്ള ആസ്വാദ്യതയും അതേ കാവ്യം മലയാളമോ തമിഴോ ചേര്‍ത്തു ചൊല്ലുമ്പോഴുള്ള ആസ്വാദ്യതയും രണ്ടായിരിക്കും. വാക്കുകള്‍ സന്ദര്‍ഭത്തിന് എത്രത്തോളം യോജിക്കുന്നുവെന്നതാണ് പ്രധാനം.

മോഹന്‍കുമാര്‍ എന്ന കുട്ടിയില്‍ എഴുത്തുകാരന്റെ ഭാഷ എങ്ങനെയാണ് രൂപപ്പെടുന്നത്? ഇന്ന് വിഷ്വല്‍ മീഡിയ കുട്ടികളുടെ ഭാഷയും ഭാവനയും നഷ്ടപ്പെടുത്തുന്നതായി ഒട്ടേറെ പഠനങ്ങളുണ്ട്. അമേരിക്കയില്‍ ഡോക്ടറേറ്റ് നേടിയവര്‍ക്ക് പ്രബന്ധം അവതരിപ്പിക്കാന്‍ വീണ്ടും ഭാഷ പഠിക്കേണ്ടിവരുന്ന കാര്യം ഈയിടെ കാലിഫോര്‍ണിയയിലെ ഒരു സുഹൃത്ത് സൂചിപ്പിച്ചിരുന്നു. 
മാതൃഭാഷയില്‍, മലയാളമീഡിയത്തിലാണ് ഞാന്‍ പഠിച്ചു തുടങ്ങിയത്. നാലാം വയസ്സില്‍, ആശാന്‍ പള്ളിക്കൂടത്തില്‍ പോയി മണ്ണിലെഴുതിപ്പഠിച്ചു. നിലത്തെഴുത്ത് ആശാന്‍ എന്നാണ് പറയുക. അദ്ദേഹമാണ് ഹരിശ്രീ കുറിക്കുന്നത്. എന്റെ വിരലുകളേയും അക്ഷരങ്ങളേയും ഉറപ്പിച്ചത് മണ്ണെഴുത്താണ്. അക്ഷരം പഠിച്ച ശേഷം എട്ടുവയസ്സുവരെ ആലപ്പുഴ ടൗണിലായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയുടെ വീടായ ചേര്‍ത്തലയിലേക്ക് മാറിയതോടെ ഞാന്‍ കേള്‍ക്കുന്നത് മറ്റൊരു ഭാഷയാണ്. രണ്ടും മലയാളം തന്നെ. ചേര്‍ത്തലയിലെ മലയാളം കരപ്പുറത്തിന്റെ ഭാഷയാണ്. 'നീ വരുന്നോടാ' എന്നതിന് 'നീ വന്നാടാ'ന്നു ചോദിക്കും. വീണ്ടും ലോപിച്ച് 'നീ വന്നാ' എന്നാകും. 'വന്നാ' എന്നൊരു വാക്ക് ഞാനതുവരെ കേട്ടിരുന്നില്ല. അത് ചേര്‍ത്തലപ്രദേശത്തിന്റെ സ്വന്തം വാക്കാണ്. അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. നിന്റെയൊരു അച്ചടിഭാഷയെന്നും പറഞ്ഞ് അന്നൊക്കെ കൂട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു. ''നിനക്കെന്താ ഞങ്ങളെപ്പോലെ സംസാരിച്ചൂടെ.'' അവര്‍ ചോദിക്കും. ''ചോറുണ്ടോ'' എന്നു ചോദിച്ചാ ''ചോറു തിന്നില്ല'' എന്നു മറുപടി കിട്ടും. ഇതൊരു കുട്ടിക്ക് വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കും. നമ്മുടെ ഭാഷ ട്രൈബല്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. അച്ഛനും അമ്മയും പറഞ്ഞുകേട്ട ഭാഷ തന്നെ മതിയെന്നൊരു തോന്നല്‍ അന്നെനിക്കുണ്ടായിരുന്നു. ആ ഭാഷയാണ് എന്നെ വളരാന്‍ സഹായിച്ചത്. ഇപ്പോള്‍ സംസാരിക്കുന്നതും ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന ഭാഷയാണ്. വള്ളുവനാട് പോയി താമസിച്ച ശേഷം എന്റെ ഭാഷ മാറുകയാണെന്നു വച്ചാല്‍ എന്റെ ദേശവ്യക്തിത്വം മാറുകയാണ്. എന്റെ ദേശത്തനിമ ഞാന്‍ പാലിച്ചേ പറ്റൂ. അപ്പോഴാണ് നാടിന്റെ വൈവിധ്യവും സൗന്ദര്യവും വര്‍ദ്ധിക്കുന്നത്.  നാനാത്വത്തില്‍ ഏകത്വമുണ്ടാകുന്നത്. എന്നാല്‍ ആധുനിക മുതലാളിത്തം ഒരു ഭാഷ, ഒരു വേഷം, ഒരു ഭക്ഷണം എന്നതിലേക്ക് നമ്മെ ചുരുക്കിക്കൊണ്ടുവരികയാണ്. 'ആഗോളഭാഷ' അറിയാത്തവന്‍ അപരിഷ്‌കൃതനാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. നമ്മള്‍ അവരുടെ കെണിയില്‍ വീഴരുത്.

അന്നു വായിച്ച പുസ്തകങ്ങളിലെ ഭാഷ ആലപ്പുഴ ഭാഷയുമായി സാമ്യമുള്ളതായിരുന്നു. വായനയെനിക്ക് വിശപ്പു മറക്കാനുള്ള വഴി കൂടിയായി. ചാള്‍സ് ഡിക്കന്‍സിനേയും സോമര്‍ സെറ്റ് മോമിനേയും അഗതാക്രിസ്റ്റിയേയും അടുത്തറിയുന്നത് അക്കാലത്താണ്.  വീട്ടില്‍ അടുപ്പു പുകഞ്ഞില്ലേലും സഹജീവികളെ ഊട്ടിയാലേ അമ്മയ്ക്ക് ഉറക്കം വരൂ. നാട്ടുകാരാരും അടുപ്പിക്കാത്ത അയല്‍വീട്ടിലെ നാണിയമ്മൂമ്മയ്ക്കും അമ്മ ആഹാരത്തിന്റെ ഒരോഹരി കരുതി വയ്ക്കും. ഞങ്ങളുടെ പ്രദേശത്തുള്ള പത്തുമുപ്പതു പൂച്ചകളും പതിവായി വീട്ടിലെത്തും. ഒരിക്കല്‍ റേഷന്‍ കടയില്‍നിന്നും ക്യൂ നിന്ന് അരി കിട്ടാതെ വന്നപ്പോ വാട്ടുകപ്പ വാങ്ങിക്കൊണ്ടുവന്നു. അമ്മയത് വേവിച്ച് തേങ്ങാ തിരുമ്മിയിട്ട് തന്നാല്‍ മീന്‍ പീരയും കൂട്ടി കഴിക്കാമെന്ന് കൊതിച്ച് കാത്തിരിക്കുമ്പോഴാണ് മുഴുവന്‍ പൂച്ചകള്‍ അകത്താക്കിയതായി അറിയുന്നത്. ആ അനുഭവം എന്റെ ആദ്യകഥയായി. ഉണ്ണിക്ക് വല്ലാത്ത വിശപ്പായിരുന്നു... എന്നു തുടങ്ങുന്ന കഥയിലെ കഥാപാത്രം ഞാന്‍ തന്നെയായിരുന്നു. 

മാര്‍ക്സിസത്തോടുള്ള ആഭിമുഖ്യവും വായനയിലൂടെയാണോ വരുന്നത്? 
ഞങ്ങടെ വീടിന്റെ പടിഞ്ഞാറുവശം പാടങ്ങളായിരുന്നു. തെക്കുവശത്തെ പാടവരമ്പിലൂടെ ചുവന്ന കൊടിയും പിടിച്ച് ആളുകള്‍ ജാഥയായിപ്പോകുമ്പോള്‍ അത് തുലാപ്പത്തിന്റെ ഓര്‍മ്മ പുതുക്കലാണെന്ന് അമ്മ പറഞ്ഞുതരും.  പുന്നപ്ര വയലാര്‍ സമരം നേരില്‍ കണ്ട അമ്മയുടെ അനുഭവകഥനം എന്റെ മനസ്സിലും കമ്യൂണിസത്തിന്റെ   വിത്തിട്ടിരിക്കാം. മാര്‍ക്സിന്റെ ഒട്ടുമിക്ക കൃതികളും വായിച്ചിട്ടുണ്ട്. 'മാതൃഭൂമി' വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന രാഷ്ടീയ ലേഖനങ്ങളും നക്സലിസത്തെക്കുറിച്ചുള്ള പരമ്പരകളുമൊക്കെയാണ് എന്നെ ചാരുമജ്ജുംദാറിലേക്കും ചെഗുവേരയിലേക്കുമൊക്കെ എത്തിച്ചത്. നാട്ടിലെ മോട്ടിലാല്‍ സ്മാരക വായനശാലയിലെ ലൈബ്രേറിയന്‍ സഖാവ് ബാബു 'കോമ്രേഡ്' വായിക്കാന്‍ തന്നതും ഓര്‍മ്മയുണ്ട്. ജന്മിമാരുടെ പീഡനങ്ങളേറ്റുവാങ്ങിയ സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ചും അമ്മ പറഞ്ഞുതരുമായിരുന്നു. പ്രമാണിമാരുടെ മക്കള്‍ സ്‌കൂളില്‍ എന്നോട് കാണിച്ച വിവേചനവും മറക്കാനാവില്ല. ജാതിയെക്കാള്‍ ഭീകരമാണ് സാമ്പത്തിക വേര്‍തിരിവ് എന്നാണ് എന്റെ ബാല്യാനുഭവം. പിന്നോക്ക വിഭാഗക്കാരനാണെങ്കിലും പണമുണ്ടെങ്കില്‍ അംഗീകാരം കിട്ടുമായിരുന്നു. 

ആര്‍ഭാടത്തില്‍ വരുന്നവരും ഒന്നോ രണ്ടോ ട്രൗസറുകള്‍ മാറിമാറിയിട്ട് വരുന്ന പാവപ്പെട്ട കുട്ടികളും തമ്മില്‍ സൗഹൃദം പോലുമുണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കൊരു മുണ്ടും ഷര്‍ട്ടും മാത്രമായിരുന്നു. സമ്പത്ത് കുന്നുകൂട്ടി വയ്ക്കുന്നവരോട് അന്നേ വല്ലാത്ത അമര്‍ഷമുണ്ടായിരുന്നു. മേരി ടെയ്ലറുടെ ഇന്ത്യന്‍ തടവറയിലെ അഞ്ചുവര്‍ഷം എന്ന പുസ്തകം ആ അമര്‍ഷം ജ്വലിപ്പിച്ചു. എല്ലാ മനുഷ്യരും നല്ല ജീവിതം നയിക്കണമെന്ന സ്വപ്നത്തിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകമാണത്. ഫിദല്‍ കാസ്ട്രോയുടെ ''ചരിത്രം എന്നെ കുറ്റകാരനല്ലെന്ന് വിധിക്കും'', ലുഷാവ്സ്‌കിയുടെ 'എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം', എമില്‍ ബേണിന്റെ 'എന്താണ് കമ്യൂണിസം', ഗറില്ലാ വാറിനെക്കുറിച്ച് റജിസ് ദബ്രെ എഴുതിയ പുസ്തകം, എല്ലാം നാട്ടിലെ രാമകൃഷ്ണവായനശാലയിലേക്ക് ഞങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ച പുസ്തകങ്ങളായിരുന്നു. 

കാമ്പസ് കാലഘട്ടത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നോ?

 ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലാണ് ഡിഗ്രിക്ക് ചേരുന്നത്. അന്ന് കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കെ.എസ്.യു  സ്ഥാനാര്‍ത്ഥിയായി നിന്ന് ജയിച്ചിട്ടുണ്ട്. മഹാരാജാസില്‍ പി.ജിക്ക് സീറ്റ് കിട്ടിയെങ്കിലും പോയില്ല. 400 രൂപയാണന്ന് ഫീസ്. ഞാന്‍ റിട്ടയേര്‍ഡ് ഹെഡ്മാഷായ അമ്മാവനെ ചെന്നു കണ്ടു. ''ഇനി പഠിക്കേണ്ട. ഇപ്പോത്തന്നെ പഠിച്ചത് കൂടുതലായിപ്പോയി.'' എന്നാണദ്ദേഹം പ്രതികരിച്ചത്. പത്താം ക്ലാസ്സും പാസ്സായി വല്ല ഷോര്‍ട്ട് ഹാന്‍ഡും പാസായി മുംബൈയിലോ മറ്റോ ജോലിക്കു പോകാമായിരുന്നില്ലേ എന്നദ്ദേഹം ചോദിച്ചു. വെറുതെ കുടുംബം നശിപ്പിക്കാന്‍ പഠിക്കുന്നുവെന്ന അദ്ദേഹത്തിന്റെ അഭിപ്രായം  എന്നെ ശരിക്കും വേദനിപ്പിച്ചു. സാനുമാഷും ലീലാവതി ടീച്ചറും കൃഷ്ണന്‍ നായര്‍ സാറും പഠിപ്പിക്കുന്ന ക്ലാസ്സിലിരിക്കാനുള്ള മോഹം അങ്ങനെ പൊലിഞ്ഞു.

1980-'81 ല്‍ എറണാകുളം ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്ലോമയ്ക്കു ചേര്‍ന്നു. ഞങ്ങളുടെ നാട്ടിലെ വയലാര്‍ മാധവന്‍കുട്ടിക്ക് ബോംബെ ഫ്രീ പ്രസ്സില്‍ ജോലികിട്ടിപ്പോയതാണ് പ്രചോദനമായത്. ജ്യേഷ്ഠന്‍ വിവാഹം കഴിച്ച് മാറിപ്പോയതോടെ ഒറ്റയ്ക്ക് കുടുംബം നോക്കണമായിരുന്നു. അന്നൊന്നും ബസിനു കൊടുക്കാന്‍ പോലും കാശില്ലായിരുന്നു. ദിവസവും ഏഴു രൂപ വേണം. അരൂക്കുറ്റിയില്‍നിന്നും ബോട്ട് പിടിച്ചാല്‍ വൈകിട്ട് ആറരയ്ക്ക് ക്ലാസ്സിലെത്താം. 40 പൈസയാണ് ടിക്കറ്റ്. എട്ടരയ്ക്ക് ക്ലാസ്സും കഴിഞ്ഞ് തിരിച്ച് ബസിനു വരണം. 2.70 ആണ് ചാര്‍ജ്ജ്. ചേര്‍ത്തലയില്‍നിന്നും രാത്രി ബസില്ല. വീട്ടിലെത്താന്‍ കടയില്‍നിന്ന് സൈക്കിള്‍ വാടകയ്ക്കെടുത്ത് വയ്ക്കും. ആകെ 3.10 ചെലവാകും. എല്ലാ ദിവസവും ഇത്രയും കാശ് കിട്ടില്ല. അതുകൊണ്ട് ക്ലാസ്സ് ഒന്നരാടമാക്കി വെട്ടിച്ചുരുക്കി. കോഴ്സും കഴിഞ്ഞ് മനോരമയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് കൗമുദിയില്‍ റിപ്പോര്‍ട്ടേഴ്സിനെ വിളിക്കുന്നത്. പരീക്ഷയെഴുതി പാസ്സായെങ്കിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നു പറഞ്ഞ് എന്നെ ഒഴിവാക്കി.  ഇംഗ്ലീഷില്‍ നന്നായി എഴുതാന്‍ കഴിയുന്ന എനിക്ക് സംസാരിക്കാനുള്ള പേടിയാണ് വിനയായത്. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണിത്.  ജേര്‍ണലിസം പഠിച്ച ശേഷം കുറച്ചുകാലം നാട്ടില്‍ തൊഴില്‍രഹിതനായി അലഞ്ഞുനടന്ന ശേഷമാണ് എറണാകുളം ജില്ലയില്‍  റിപ്പോര്‍ട്ടര്‍ ട്രെയിനിയായി 400 രൂപ മാസശമ്പളത്തില്‍ ജോലിക്കു ചേരുന്നത്. 9 മണി മുതല്‍ രാത്രി പത്തുമണി വരെ ജോലി ചെയ്യണം. 125 രൂപ റൂമിന്റെ വാടക കൊടുത്താല്‍ ബാക്കിയുള്ളത് ചെലവിന് തികയില്ല. എന്റെ വരുമാനം പ്രതീക്ഷിച്ച് ജീവിക്കുന്ന അമ്മയ്ക്ക് നല്‍കാന്‍ അഞ്ചുപൈസ കൈയിലുണ്ടാവില്ല.  

കാക്കനാടന്‍
കാക്കനാടന്‍

കൗമുദിയിലെ ജീവിതവും ജോലിയും വല്ലാതെ ദുഷ്‌ക്കരമായിത്തുടങ്ങിയപ്പോഴാണ് മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ പി.ജിക്ക് രജിസ്റ്റര്‍ ചെയ്തത്. അതിരാവിലെ ഉണര്‍ന്ന് പഠിക്കും. രാത്രി വൈകുംവരെ ജോലി ചെയ്യും. കാക്കനാടന്റെ പറങ്കിമല നോവല്‍ വായിച്ചതും എറണാകുളം ഷേണായീസ് തിയേറ്ററില്‍ നോവല്‍ സിനിമയായി വന്നപ്പോള്‍ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ ക്യൂ നോക്കി നിന്നതും നല്ല ഓര്‍മ്മയുണ്ട്. പത്രത്തിലെ സഹപ്രവര്‍ത്തകര്‍ ഊണ് കഴിക്കാന്‍ വിളിച്ചാല്‍ ബീറ്റുണ്ടെന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറും. ഊണിന് മൂന്നു രൂപയോളം വരും.  എണ്‍പതു പൈസയ്ക്ക് പൊറോട്ടയും വെജിറ്റബിള്‍ കുറുമയുമാണ് എന്റെ ലഞ്ച്. പിന്നെ, ലോഡ്ജില്‍നിന്നും കിട്ടുന്ന കഞ്ഞിയും പയറും അത്താഴമാക്കും.

പത്രപ്രവര്‍ത്തനകാലം എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം സഹായകമായിരുന്നു?  
മാതൃഭൂമിയില്‍ ജോലി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജേര്‍ണലിസത്തിനു ചേര്‍ന്നത്. എം.ടിയെപ്പോലൊരു പത്രാധിപരാവുകയായിരുന്നു ചെറുപ്പകാലത്തെ സ്വപ്നം. എണ്‍പതുകളുടെ മധ്യത്തിലാണ് ഞാന്‍ കഥകളെഴുതിത്തുടങ്ങിയത്. പലതും വെളിച്ചം കണ്ടില്ല. 1986-ല്‍ കാരൂര്‍ പ്രൈസ് കിട്ടിയിരുന്നു. 1992-ല്‍ 'ശ്രാദ്ധശേഷം' എഴുതുന്നതോടെയാണ് പത്രപ്രവര്‍ത്തനത്തില്‍നിന്നും സര്‍ഗ്ഗാത്മക സാഹിത്യത്തിലേക്ക് ചുവടുമാറാനുള്ള ആത്മവിശ്വാസമുണ്ടായത്. പഠനകാലത്തും ജോലി കിട്ടിയപ്പോഴും സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ വേണ്ട സാമ്പത്തിക ചുറ്റുപാട് ഉണ്ടായിരുന്നില്ല. ഓരോ ദിവസവും കഴിഞ്ഞുപോവാന്‍ കഠിനാദ്ധ്വാനം ചെയ്യണമായിരുന്നു. പത്രത്തിലെ ജോലി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, ചീഫിനോട് വീട്ടിലൊന്നും കൊടുക്കാന്‍ കഴിയുന്നില്ല, ശമ്പളം അല്പം കൂട്ടിത്തരണമെന്നു പറഞ്ഞു. രാവിലെ എന്താ കഴിക്കുന്നതെന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. ദോശയും വടയും എന്നു ഞാന്‍ മറുപടി പറഞ്ഞു. പ്രഭാതഭക്ഷണത്തില്‍നിന്ന്  വടയും വൈകുന്നേരത്തെ ഒരു ചായയും കട്ട് ചെയ്താല്‍ 30-40 രൂപ മെച്ചം കിട്ടുമെന്നും അത് വീട്ടില്‍ കൊടുക്കാമെന്നും അദ്ദേഹം ഉപദേശിച്ചു. രണ്ടു വര്‍ഷം എറണാകുളത്ത് ജോലിചെയ്ത ശേഷമാണ് തൃശ്ശൂരില്‍ ജില്ലാ കറസ്പോണ്‍ഡന്റായി നിയമനം ലഭിക്കുന്നത്. 500 രൂപയാണ് ശമ്പളം. അത് ചെക്കായി അയച്ചുതരും. ബാങ്കില്‍നിന്നും അക്കൗണ്ടിലേക്ക് മാറാന്‍ 20 ദിവസമൊക്കെയെടുക്കും. വല്ലാത്ത ദുരിതപ്പാടായിരുന്നു. 

തോമസ് ജേക്കബ്
തോമസ് ജേക്കബ്


പിന്നീട് മനോരമയിലേക്ക് മാറിയതോടെ ചെലവിനുള്ള വരുമാനം കിട്ടിത്തുടങ്ങി. തോമസ് ജേക്കബ് സാറ് ഇന്റേണ്‍ഷിപ്പ് കഴിഞ്ഞിട്ടും എന്നെ പത്രത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഞാന്‍ 1985-'86 ലെഴുതിയ ഡെപ്യൂട്ടി കളക്ടറുടെ ടെസ്റ്റില്‍ നിയമനം വരുന്നത് 1993 ലാണ്. ഒരു വ്യാഴവട്ടം നീണ്ട പത്രപ്രവര്‍ത്തകന്റെ കരിയര്‍ വിട്ട് ഞാന്‍ 1850 രൂപ മാസശമ്പളത്തില്‍ ആലപ്പുഴ സിവില്‍ സര്‍വ്വീസില്‍ ട്രെയിനിയായി നിയമിക്കപ്പെട്ടു. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ എഴുതാനോ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ എനിക്കന്ന് സാധിച്ചില്ല.  
മനോരമയില്‍ ജോലി ചെയ്യുമ്പോഴാണല്ലോ തമിഴ് പുലികളെക്കുറിച്ചുള്ള ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് എഴുതുന്നത്. അത് ഏറെ വായിക്കപ്പെട്ട ഫീച്ചറായിരുന്നു.  

രാജീവ് വധക്കേസിലെ മുഖ്യപ്രതി ശിവരശന്‍ വേദാരാണ്യം വഴിയാണ് ശ്രീപെരുംപത്തൂരിലെത്തിയതെന്ന് അറിവു കിട്ടിയതോടെയാണ് ഞാന്‍ ഫോട്ടോഗ്രാഫര്‍ക്കൊപ്പം അങ്ങോട്ടു പോകുന്നത്. വേദാരണ്യത്ത് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റുചെയ്ത  പെരിയസ്വാമി എന്നൊരാള്‍ കൊല്ലപ്പെട്ടിരുന്നു. ശവസംസ്‌കാരത്തിന് പ്രഭാകരന്‍ വരുമെന്ന സൂചന കിട്ടി. പുലികള്‍ പോയിന്റ് കാലിമര്‍ പക്ഷിസങ്കേതത്തിലെ ചതുപ്പുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ച് ശ്രീലങ്കയിലേക്ക് കടത്തുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തഞ്ചാവൂരില്‍നിന്നും കാറിലായിരുന്നു ഞങ്ങള്‍ വേദാരണ്യത്തിലെത്തിയത്. മണല്‍ച്ചാക്കുകള്‍ക്കിടയില്‍ തോക്കുകള്‍ വച്ച് പ്രഭാകരനെ കാത്തിരിക്കുന്ന പൊലീസ് ഞങ്ങളുടെ കാര്‍ തടഞ്ഞുവച്ചു. ചോദ്യം ചെയ്യലായി. ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ശിവരശന്റെ ഒന്‍പത് മുഖങ്ങളില്‍ ഒന്നിന് എന്റെ മുഖവുമായി സാമ്യമുണ്ടെന്നവര്‍ക്ക് തോന്നി.  
ഞാന്‍ തമിഴില്‍ സംസാരിക്കാതെ മലയാളത്തിലും ഇംഗ്ലീഷിലും സംസാരിച്ചത് അവരുടെ സംശയം വര്‍ദ്ധിപ്പിച്ചു. പത്രലേഖകന്റെ ഐ.ഡി. കാര്‍ഡ് കാണിച്ചിട്ടും അവര്‍ക്ക് വിശ്വാസമായില്ല. രാജീവ് ഗാന്ധിയെ വധിച്ചവര്‍ പത്രക്കാരുടെ ഐ.ഡി. ഉപയോഗിച്ചാണ് വേദിയിലേക്കെത്തിയത്. ഒടുവില്‍, പൊലീസുകാരില്‍ ഒരാളുടെ മകള്‍ മനോരമ ഇയര്‍ബുക്ക് വായിച്ചിരുന്നത് എനിക്ക് രക്ഷയായി. അയാളുടെ ചോദ്യത്തിനുത്തരമായി ഇയര്‍ബുക്കിലെ എഡിറ്ററുടേയും മറ്റും വിശദാംശങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ വിട്ടു. പിന്നീട് പെരിയസ്വാമിയുടെ കുടിലില്‍ ചെല്ലുമ്പോഴാണ് തമിഴ്പുലികള്‍ എന്നെ പിടികൂടുന്നത്. ഒരു പെണ്‍പുലി ഗണ്‍പോയിന്റില്‍ നിര്‍ത്തി ചോദ്യം ചെയ്തു. ക്യാമറയിലെ  ഫിലിം ഊരിയെറിഞ്ഞു. നിങ്ങള്‍ പത്രക്കാരെന്തിനാണ് ഞങ്ങളുടെ ജീവിതം നശിപ്പിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. കേരളത്തില്‍നിന്നും സത്യാവസ്ഥ അറിയാന്‍ വന്നവരാണെന്നും പുലികള്‍ക്കെതിരല്ലെന്നും പറഞ്ഞത് ബോദ്ധ്യപ്പെട്ടതോടെ അവര്‍ ഞങ്ങളെ വെറുതെ വിട്ടു. 

ഇത്തരം അനുഭവങ്ങള്‍ എഴുത്തിന് മുതല്‍ക്കൂട്ടായിത്തീര്‍ന്നിട്ടുണ്ടോ?
തീര്‍ച്ചയായും. വളരെ വേഗത്തില്‍ ഏകാഗ്രതയോടെ എഴുതാന്‍ പഠിച്ചത് പത്രലേഖകനായതോടെയാണ്. എഴുതിത്തുടങ്ങുമ്പോള്‍ ബ്രെയിന്‍ പിന്‍പോയിന്റ് ചെയ്യപ്പെടുകയാണ്. ആ ഒരു ശ്രദ്ധയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വന്നപ്പോള്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും പത്രജീവിതമാണെന്നെ സഹായിച്ചത്. 

മാര്‍ക്സിനെ വായിച്ച് സാമൂഹിക സമത്വവും പട്ടിണിയില്ലാലോകവുമൊക്കെ സ്വപ്നം കാണുമ്പോള്‍ ബ്യൂറോക്രസിയുടെ ചട്ടക്കൂടില്‍നിന്ന് മാത്രം പ്രവര്‍ത്തിക്കുന്നത് ഒരുതരം ആന്തരിക സംഘര്‍ഷമുണ്ടാക്കുന്നില്ലേ? 
വെല്‍ഫെയര്‍ സ്റ്റേറ്റ് എന്റെ മാത്രമല്ല, ഏതൊരാളുടേയും സ്വപ്നമായിരിക്കും. ത്രിവേണിഘട്ടിലൊക്കെ നില്‍ക്കുമ്പോള്‍, കുട്ടികള്‍ ഒട്ടിയ വയറുമായി വന്ന് കൈനീട്ടുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ നമ്മെ വേദനിപ്പിക്കും. 27 കോടിയാളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കിടക്കുന്ന രാജ്യത്താണ് നമ്മള്‍ സുഭിക്ഷമായി ജീവിക്കുന്നത്. നമ്മള്‍ ജോലി ചെയ്യുന്നു. ശമ്പളം വാങ്ങിക്കുന്നു. പക്ഷേ, സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. നമുക്ക് ആദര്‍ശം പറയാം. പ്രധാനമന്ത്രിയെ കുറ്റം പറയാം. പക്ഷേ, വ്യവസ്ഥിതി എങ്ങോട്ടാണ് പോകുന്നത്? അദ്ധ്വാനിക്കുന്ന ജനതയ്ക്ക് പ്രാധാന്യം കിട്ടണം. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ ജീവിതത്തിന്റെ മൂല്യം ബോധ്യപ്പെടണം. അവര്‍ സ്വന്തം ജീവിതത്തിന്റെ മേന്മയറിയാതെ, മേലനങ്ങാത്ത ഉപരിവര്‍ഗ്ഗത്തെ അനുകരിക്കുന്ന തരത്തിലാണ് സമൂഹത്തെ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത്. ബംഗാളിലെ ഗ്രാമങ്ങളില്‍ ഇലക്ഷന്‍ നിരീക്ഷകനായി പോയപ്പോള്‍ അവിടെയും സ്ഥിതി ഇതുതന്നെയായിരുന്നു.  

കേരളത്തില്‍ സാമൂഹ്യാവസ്ഥ മെച്ചപ്പെട്ടു. കുടിയാന്മാര്‍ക്ക് ഭൂമിയൊക്കെ കിട്ടി. എന്നാല്‍ ഭൂമിയുടെ തുണ്ടുവല്‍ക്കരണം കാര്‍ഷികമേഖലയെ മൊത്തം ബാധിച്ചിട്ടുണ്ട്. ഭൂപരിഷ്‌ക്കരണം നടന്നില്ലായിരുന്നേല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപ്പോലെ കേരളവും തുടര്‍ന്നേനെ. എന്നാല്‍ കേരളത്തിന്റെ സ്വാഭാവിക വികാസത്തിനു തടസ്സമായത് ഗള്‍ഫ് ബൂമായിരുന്നു. പണമൊഴുകിയെത്തിയതോടെ സമ്പന്നരെ അനുകരിക്കാനും ഉപഭോഗത്തിലൂടെ സാമൂഹികാംഗീകാരം നേടാനും എല്ലാവരും മല്‍സരിച്ചു. എന്തും വില കൊടുത്തു വാങ്ങാന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞതോടെ കൈയില്‍ കാശില്ലാത്തവന്‍ ഒന്നിനും കൊള്ളാത്തവനായി. സാധാരണ മീനിനു പോലും വന്‍വിലയായി. വിപണിയുടെ സാധ്യതകളായി മാറി ജീവിതം. മാര്‍ക്കറ്റില്‍ പോകാത്തവന്‍ പഴഞ്ചനായി. ഒരു സ്ഥാനത്തിരുന്ന് വിമര്‍ശിക്കുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിത്തീരുകയും ചെയ്തു മലയാളി. 


ഒരു പൊതുലക്ഷ്യത്തിനുവേണ്ടിയാണ് നാല്പതുകളില്‍ നമ്മുടെ തലമുറ ജീവിച്ചത്. ''മനുഷ്യനായി ജീവിക്കണം. അടിമപ്പണി ചെയ്തു ജീവിക്കുന്നത് അന്തസ്സിനു നിരക്കാത്തതാണ്'' എന്നൊരു ചിന്തയിലാണ് അവര്‍ ഒരുമിച്ചത്. കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ജനമുന്നേറ്റങ്ങളുണ്ടാവുന്നത് അങ്ങനെയാണ്. സ്വന്തം പറമ്പുണ്ടായിട്ടും പച്ചക്കറി കൃഷി ചെയ്യാത്തത് മോശമായി നമുക്കിന്ന് തോന്നുന്നില്ല. മുമ്പൊക്കെ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്നതാണ് ഭൂരിപക്ഷം ആളുകളും മോശമായി കരുതിയത്. ഇന്ന് കായികാദ്ധ്വാനം ചെയ്യുന്നത് വിമുഖതയാണ്. സിനിമയും സീരിയലുകളുമൊക്കെ നിരന്തരമായി ചെലുത്തിയ സ്വാധീനമാണ് ഇങ്ങനെയൊരവസ്ഥയിലേക്ക് നമ്മെ എത്തിച്ചത്. 

ഡോക്ടറായും എന്‍ജിനീയറായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും നല്ല വേഷമണിഞ്ഞ് പോവുമ്പോള്‍ സാധാരണക്കാരന്റെ മനസ്സിലത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അപ്പോള്‍ ഇതിനെക്കാള്‍ വലിയൊരു സംഭവമാണ് കൃഷിയെന്ന് അയാള്‍ക്ക് ഒരിക്കലും തോന്നില്ല. പരിഷ്‌ക്കാരികള്‍ക്കിടയില്‍ ഒറ്റത്തോര്‍ത്തുടുത്ത്, ചളിയിലിറങ്ങി പണിചെയ്യുന്നത് അധമത്വമാണെന്ന ചിന്തയും ഉയര്‍ന്നുവരും. മണ്ണിലിറങ്ങുന്നതാണ് മഹത്വമെന്ന് നാം യുവതലമുറയെ ബോധ്യപ്പെടുത്തണം. കര്‍ഷകനാണ് നമ്മുടെ നാടിനാകെ കുടിവെള്ളം നല്‍കുന്നത്. അക്വാഫിനാ കമ്പനിയാണ് ശുദ്ധജലം നല്‍കുന്നതെന്നാണ് പരസ്യം കാണുന്ന കുട്ടികള്‍ പഠിക്കുന്നത്. കര്‍ഷക കുടുംബത്തില്‍നിന്ന് വരുന്നവര്‍ക്ക് രക്തത്തില്‍ കൃഷിയുണ്ടാകും. കുടുംബത്തില്‍നിന്നുതന്നെ കാര്‍ഷികവൃത്തിയുടെ മഹത്വം കുട്ടികളറിയണം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളയുന്നത് ഫാക്ടറിയിലല്ല, മണ്ണിലാണെന്ന് ബോധ്യപ്പെടുത്താനാവണം. അടുത്ത കരിക്കുലം നവീകരണത്തിലൂടെ അതാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.  
കര്‍ഷകരോടുള്ള സാമൂഹ്യാവഗണന മാറിയാലേ കൊടുക്കല്‍ വാങ്ങലിന്റെ ഒരു സംസ്‌ക്കാരം വേരുപിടിക്കൂ. ടെറസിലും പറമ്പിലും കൃഷി ചെയ്യാവുന്ന വിളകള്‍ കടയില്‍ പോയി വാങ്ങുന്നത് വിദ്യാഭ്യാസത്തിന്റെ കുഴപ്പം തന്നെയാണ്. കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്ന ഒരു സിലബസ് നിര്‍ഭാഗ്യവശാല്‍, നാമിതുവരെ അവലംബിച്ചിട്ടില്ല. ഓരോ സ്‌കൂളിലും 33 ശതമാനം ഹരിതാവരണം നിര്‍ബന്ധമായും വേണം. ജൈവവൈവിധ്യമാണ് നമ്മെ നിലനിര്‍ത്തുന്നതെന്ന് കുഞ്ഞുന്നാളിലേ മനസ്സിലാക്കിയ ഒരാള്‍ കുന്ന് കണ്ടാല്‍ അതിടിച്ചുനിരത്തി കെട്ടിടമുണ്ടാക്കാന്‍ തുനിയില്ല. വറ്റിയ പുഴയോരം അയാളെ വേദനിപ്പിക്കും. ഒരാള്‍ക്കും ലോറിയില്‍ മണല്‍ വാരിനിറച്ച്, കെട്ടിടമുണ്ടാക്കുന്നത് വികസനമായി തോന്നില്ല. പ്രകൃതിവിരുദ്ധ ചിന്തകള്‍ മാറ്റിയെടുക്കാന്‍ ക്യാമ്പസ് ഒരു പാഠപുസ്തകമാവണം. അധ്യാപകര്‍ അവിടെ ജീവിച്ച് കാണിക്കണം. മനുഷ്യനെന്നൊരു സ്പീഷിസ് ഇല്ലാതായാല്‍ ഭൂമിയിലെ ജീവരാശിക്ക് ഒന്നും സംഭവിക്കില്ല. മറ്റെല്ലാ ജീവികളും സുഖമായി ജീവിക്കും. എന്നാല്‍ മണ്ണിര ഇല്ലാതായാലോ? പാറ്റകളും ശലഭങ്ങളും തേനീച്ചകളും നശിച്ചുപോയാലോ? നാം അതിജീവിക്കില്ല. ഈ അവബോധമാണ് കുട്ടികളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. 

മാര്‍ക്സിയന്‍ ഇക്കോളജിയും ഗാന്ധിയുടെ നിരീക്ഷണങ്ങളും ഇവിടെ ഒന്നുചേരുകയല്ലേ? 
മാര്‍ക്സും ഗാന്ധിയും തമ്മില്‍ യോജിക്കുന്നത് പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുമ്പോഴായിരിക്കും. മനുഷ്യനെ പ്രകൃതിയില്‍നിന്ന് വേര്‍തിരിച്ച് കാണുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളും ഉള്‍ക്കൊണ്ട വ്യക്തിയാണ് ഗാന്ധി. എന്നാല്‍ കോണ്‍ഗ്രസ്സുകാരുടെ ഗാന്ധിദര്‍ശനം ഖദറിടുന്നതില്‍ മാത്രമായി ഒതുങ്ങിപ്പോയി. ഗാന്ധിയുടെ ദര്‍ശനം പഠിക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ വേണ്ടത്ര ശ്രമിച്ചിട്ടുമില്ല. ഗ്രാമസ്വരാജും കമ്യൂണും ഒന്നു തന്നെയാണ്. സമന്വയത്തിന്റെ പാതയാണ് നാം അന്വേഷിക്കേണ്ടത്.

സുന്ദര്‍ലാല്‍ ബഹുഗുണ മനുഷ്യനും പ്രകൃതിയും ചേര്‍ന്നുനില്‍ക്കുന്നതിനെക്കുറിച്ച് ഹിമാലയത്തില്‍ വച്ചു നടന്ന ഒരു സെമിനാറില്‍ പറയുന്നുണ്ട്. പശുവും പശുവിന്റെ കുഞ്ഞും തമ്മിലുള്ളൊരു ബന്ധമാണ് പണ്ടുണ്ടായിരുന്നത്. കുഞ്ഞ് വന്ന് പാലു കുടിക്കും. പശു നക്കിത്തോര്‍ത്തും. വാല്‍സല്യവും സ്‌നേഹവും മാത്രമായിരുന്നു അമ്മയ്ക്ക്. അമ്മയുടെ അകിടറിയാതെ കുട്ടി കുടിക്കും. ആ കാലഘട്ടം കഴിഞ്ഞ് മനുഷ്യന്‍ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തെക്കുറിച്ചാണ് മാര്‍ക്സ് പറയുന്നത്. വ്യവസായവിപ്ലവത്തിനു ശേഷം അതിജീവനത്തിന് മാത്രമായി എടുക്കുന്നതിനെ ന്യായീകരിക്കുന്ന മാര്‍ക്സ് സ്വകാര്യ സ്വത്തിനെ എതിര്‍ക്കുന്നത് പാരിസ്ഥിതിക തകര്‍ച്ച മുന്നില്‍ക്കണ്ടാണ്. പശുവും കറവക്കാരനും തമ്മിലുള്ള ബന്ധമാണ് മാര്‍ക്സ് വിശകലനം ചെയ്യുന്നത്. പരമാവധി പാല്‍ ഊറ്റിയെടുക്കും. കിടാവിനെക്കുറിച്ച് അയാള്‍ ചിന്തിക്കില്ല. പശു കൂടുതല്‍ ചുരത്താന്‍ ആവശ്യമാണെങ്കില്‍ ഒന്നു മുട്ടിച്ചുകൊടുക്കും.  ഇന്നത് പശുവും കശാപ്പുകാരനും തമ്മിലുള്ള ബന്ധമായി മാറിയിരിക്കുന്നു. ഈയവസ്ഥയില്‍ നിന്നാണ് നമ്മള്‍ സംസാരിക്കുന്നത്. പുഴകളൊക്കെ വറ്റി, മലകള്‍ ഇല്ലാതായി. മണ്ണിന്റെ ഫില്‍ട്ടറിംഗ് മെക്കാനിസം പോയി. ചേര്‍ത്തലയില്‍ പഞ്ചാരമണല്‍ക്കുന്നുകളായിരുന്നു. തോടുകളില്‍ മീനുകളും ശംഖിന്റെ വയല്‍രൂപമായ ഞവണിക്കകളും പൊന്തകളില്‍ കൊക്കും പൊന്‍മാനും, ബുള്‍ബുളും. ഇന്ന് ജീവികളേയില്ല. തിളയ്ക്കുന്ന വെയില്‍ മാത്രം. വരാലുകളേയും ചെമ്പല്ലിയേയും ആവശ്യത്തിനു ചൂണ്ടയിട്ടു പിടിക്കുമായിരുന്നു. കീടനാശിനിയെന്ന 'മരുന്ന്' തളിച്ചതോടെ മല്‍സ്യസമ്പത്തു തന്നെ ഇല്ലാതായി.  
വ്യവസായവല്‍ക്കരണത്തിന്റെ ഉപോല്പന്നങ്ങളാണ് എല്ലാ ഭവിഷ്യത്തുകളും. പ്രകൃതിയുടെ പ്രതികരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാതെ താല്‍ക്കാലിക നേട്ടത്തിനായി നാം ചെയ്യുന്നതാണ് ഭൂമിയിലെ ജീവിതം സങ്കീര്‍ണ്ണമാക്കുന്നത്. നാട്ടിലെ മണല്‍ ഇല്‍മനൈറ്റും ബോക്സൈറ്റുമെടുക്കാന്‍ കൊണ്ടുപോയി. ഗ്ലാസ്സ് ഫാക്ടറിക്ക് സിലിക്ക വേണം. റോഡുകള്‍ക്കു വേണ്ടി തോടെല്ലാം നികന്നു. നീരൊഴുക്കില്ലാതായി. അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞു. കൃഷിയില്ല. വയലുകള്‍ കീറിമുറിച്ച് റോഡുകളായി. നമ്മളെന്താണ് വികസനം കൊണ്ടുദ്ദേശിക്കുന്നത്. ഇന്നത്തെക്കാള്‍ സുഗമമായി ജീവിക്കാന്‍ സാഹചര്യമൊരുക്കുകയാണല്ലോ വികസനം. ഒരാളുടെ വീടിന്റെ മുറ്റത്തേക്ക് റോഡെത്തുന്നതോടെ വിപണിയാണ്, മുതലാളിത്തമാണ് വികസിക്കുന്നത്. 

മണല്‍മാഫിയ താങ്കളെ വധിക്കാന്‍ ശ്രമിച്ചതായി പത്രത്തില്‍ വായിച്ചിരുന്നു. 
ഞാനന്ന് കോഴിക്കോട് കളക്ടറാണ്. 2012 ഡിസംബര്‍ എട്ടിന് ഫറോക്ക് ഭാഗത്ത്   മണല്‍വാരാന്‍ പൊലീസും റവന്യൂ വകുപ്പും ഒത്താശ ചെയ്യുന്ന പരാതി കിട്ടിയപ്പോഴാണ് വെളുപ്പിന് മൂന്നു മണിക്ക് ഞാന്‍ മഫ്ടിയിലുള്ള പൊലീസ് സംഘത്തോടൊപ്പം റെയ്ഡിനു പോയത്. സ്‌കൂള്‍ കുട്ടികളെ മണല്‍ലോബി ഉപയോഗിക്കുകയായിരുന്നു. ലോറിയെ ഞങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ ഏതോ ഒരു പോക്കറ്റ് റോഡിലേക്ക് കയറി. മിനിടിപ്പര്‍ ഡ്രൈവര്‍ മണല്‍ കാറിനു മീതെയിട്ട് ഞങ്ങളെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. ഡ്രൈവര്‍ തക്കസമയത്ത് ബ്രേക്ക് ചെയ്തതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കേസിലെ ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ല. കൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലാത്തവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അവര്‍ വേറെ സ്ഥലത്താണെന്ന് രേഖകളുണ്ടാക്കി രക്ഷപ്പെടുകയാണ് ചെയ്തത്. യു.ഡി.എഫ് മന്ത്രി എന്നെ ശാസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഞാന്‍ കോഴിക്കോടുനിന്ന് പോരുന്നതുവരെ മണല്‍വാരല്‍ നടന്നിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. തിരുവല്ല ഭാഗത്ത് പാറ പൊട്ടിക്കുന്നത് ഒരിക്കല്‍ ഞാന്‍ സ്റ്റേ  ചെയ്തപ്പോള്‍ ഉടമ മകള്‍ക്ക് വീടുവയ്ക്കാനുള്ള പ്ലാന്‍ കൊടുത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.    

ഇപ്പോള്‍ ശബരിമല വിഷയത്തിലും കോടതി ഇടപെട്ടിരിക്കുകയാണല്ലോ. എന്താണ് അഭിപ്രായം? താങ്കളുടെ എഴുത്തിലെ ആത്മീയതയും ദൈവസങ്കല്‍പ്പവും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതാണോ?  
മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള  ആത്മീയതയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഒന്നിന്റേയും ചട്ടക്കൂട് അതിനില്ല. പ്രകൃതി തന്നെയാണത്. ഈശ്വരന്‍ എന്നൊന്ന് ഉണ്ടെങ്കില്‍ അത് എല്ലാ ചരാചരങ്ങളിലും തുടിക്കുന്ന ചൈതന്യമാണ്. അതില്ലെങ്കില്‍ ഈശ്വരനില്ല. എന്റെ കോണ്‍സപ്റ്റ് അതാണ്. ഞാന്‍ ദൈവനിഷേധിയല്ല. എന്റെ ദൈവം പ്രകൃതിയില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ്. അത് ഒരു കണക്കുപുസ്തകവുമായിരിക്കുന്ന ആളല്ല. നന്മകള്‍ ആഗ്രഹിക്കുന്നവനോ ആപത്തില്‍ ചാടുമ്പോള്‍ രക്ഷിക്കുന്നവനോ കാണിക്കയര്‍പ്പിക്കേണ്ട ആളോ അല്ല. കുളത്തൂപ്പുഴയിലും അയ്യപ്പന്‍ കാവിലും അയ്യപ്പന്റെ പ്രതിഷ്ഠകളുണ്ട്. ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് തൊഴാം. ദുഷ്‌ക്കരമായ കാലത്ത് എരുമേലിയില്‍നിന്ന് പേട്ട തുള്ളി, കരിമലയും നീലിമലയും കയറി പോകാന്‍ പ്രയാസമാണ്. ഇന്ന് അങ്ങനെ പ്രായോഗിക ബുദ്ധിമുട്ടുകളൊന്നുമില്ല. 

ശബരിമല മാത്രമല്ല, എല്ലാ കാടുകളും ജീന്‍ കലവറ കൂടിയാണ്. അത് എന്നേക്കുമായി നിലനില്‍ക്കാനായാണ് കാവുകളാക്കി പ്രതിഷ്ഠ വച്ചത്. ജൈവവൈവിധ്യ സംരക്ഷണത്തിന് ഇതാണ് വഴി. ഇങ്ങനെ സൂക്ഷിച്ചതിന് പൂര്‍വ്വികരെ നാം സ്തുതിച്ചേ പറ്റൂ. അമൃതവള്ളി പോലുള്ള അപൂര്‍വ്വ മരുന്നുകള്‍ നിലനിര്‍ത്താനായി മനപ്പൂര്‍വ്വം ഒരു ഫോബിയ ഉണ്ടാക്കുകയായിരുന്നു. ദീര്‍ഘവീക്ഷണമുള്ളവരാണ് അത് ചെയ്തത്. അവര്‍ക്കൊരുദ്ദേശ്യമുണ്ടായിരുന്നു. പിന്നീട് ആചാരങ്ങള്‍ ആചാരങ്ങള്‍ക്കു വേണ്ടി മാത്രമായി. 

എന്റെ വീടിന്റെ മുറ്റത്ത് ഞാനൊരു തമ്പകം നട്ടുവളര്‍ത്തിയിരുന്നു. അത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതോടെ വെട്ടിമാറ്റി. കേരളത്തിലൊട്ടാകെ കാവുകളെ ക്ഷേത്രങ്ങളാക്കി മാറ്റുന്നത് തൊണ്ണൂറുകളോടെയാണ്. പിന്നീടത് കോണ്‍ക്രീറ്റ് കാടുകളായി. ക്ഷേത്രങ്ങള്‍ പണിത് ദൈവത്തെ തടവിലിട്ടു. സര്‍വ്വവ്യാപിയായ ദൈവത്തെ നമുക്ക് ഒരു ശ്രീകോവിലുണ്ടാക്കി അവിടെ തടഞ്ഞുകൂട്ടിയിടാനാവുമോ. കമ്യൂണിസ്റ്റുകാരും കാവുകള്‍ അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിച്ചിരുന്നു. അവര് കരുതിയതിനപ്പുറമാണ് കാര്യങ്ങളെന്ന് ഇപ്പോ മനസ്സിലാക്കുന്നുണ്ട്. ഇപ്പോള്‍ ഭക്തിയും Demand Driven ആണ്.  ശബരിമലയിലായാലും ഏത് ആരാധനാലയത്തിലായാലും ജനങ്ങളുടെ ആവശ്യം കൂട്ടായ തീരുമാനമായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കും. തെറ്റായാലും ശരിയായാലും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ടു നോക്കാതെ പ്രവര്‍ത്തിക്കാനാകുമോ? ഏത് പാര്‍ട്ടിയായാലും ജനങ്ങളുടെ വെല്‍ ബിയിംഗ് ലക്ഷ്യമാണെങ്കില്‍ വോട്ട് ബാങ്ക് നോക്കരുത്. രാജവാഴ്ചയില്‍നിന്ന് ജനാധിപത്യത്തിലേക്ക് വന്ന നമ്മള്‍ അതിന്റെ മൂല്യമറിഞ്ഞിട്ടില്ല. ഇന്നത് ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ശക്തിയുള്ള ഗ്രൂപ്പുകളാണ് എല്ലാ നയങ്ങളും തീരുമാനിക്കുന്നത്. 

ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുമ്പോള്‍ എന്തു ചെയ്യും? 
കാലം കൊണ്ടുവരുന്ന മാറ്റം പൊരുത്തപ്പെടലായി തീര്‍ന്നിട്ടുണ്ട്. കമ്യൂണുകളിലൂടെ ഭരണം നടക്കുമ്പോള്‍ സ്റ്റേറ്റ് കൊഴിഞ്ഞുപോകുമെന്നത് സങ്കല്‍പ്പമാണ്. അതിന് കാലങ്ങളെടുക്കും. പൊതു അഭിരുചിക്കൊത്ത് മുന്നോട്ടുപോകേണ്ട അവസ്ഥയുണ്ട്. പണ്ട് ബൂര്‍ഷ്വാ ക്ലാസ്സ്, പ്രൗലിറ്റേറിയന്‍ ക്ലാസ്സ് എന്നിങ്ങനെയുണ്ടായിരുന്നു. ഇന്ന് എല്ലാ വിഭാഗം ആളുകളും സമ്പത്ത് സമാഹരിക്കുന്നുണ്ട്. സമ്പത്ത് ആര്‍ജ്ജിക്കുന്നതിനു പകരം മൂല്യങ്ങള്‍ സൂക്ഷിക്കുകയും സാമൂഹിക വിനിമയം നടത്തുകയും ചെയ്യുന്നതിന്റെ ആഹ്ലാദം കുട്ടികളില്‍ ഉരുവംകൊള്ളണം. എല്ലാ തൊഴിലുകള്‍ക്കും അംഗീകാരം കൊടുത്ത്, മികച്ച വേതനം ഉറപ്പു വരുത്തണം. കൃഷിക്കു മാത്രമല്ല, മറ്റു തൊഴിലുകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജോലിയുടെ മാന്യതയും സുരക്ഷിതത്വവും ലഭ്യമാവണം. അപ്പോള്‍ സമൂഹം മാറും.
നമുക്ക് കിട്ടുന്നത് മുതലാളിത്ത വിദ്യാഭ്യാസമായതുകൊണ്ട്, ആന്തരികമായി നാം ഏറെയൊന്നും മാറിയിട്ടില്ല. അതുകൊണ്ടാണ് മതം, വിശ്വാസം, എല്ലാം സംഘടിതമായി മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ പലരും ഉപയോഗപ്പെടുത്തുന്നത്. സാംസ്‌കാരികമായി പക്വത നേടിയ ഒരു സമൂഹത്തെ ഇങ്ങനെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാവില്ല. ഇവിടെ മുതലാളിത്തം ഊതിവീര്‍ത്ത് കോര്‍പ്പറേറ്റ് തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ടെക്നോളജിയും ഗ്ലോബലൈസേഷനും ജീവിതം പാടെ മാറ്റി. വന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മാഫിയ ഒരു വശത്തും പണിയെടുക്കുന്നവനും എടുക്കാത്തവനും മധ്യവര്‍ഗ്ഗവും മറുവശത്തുമാണ്. കമ്യൂണിസ്റ്റ് ഭരണമായാലും പ്രൗലിറ്റേറിയനു പകരം ഇടത്തട്ടിലുള്ളവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അപ്പോഴൊക്കെ പലതും നഷ്ടപ്പെടാനുള്ള മധ്യവര്‍ഗ്ഗമാണ് ശക്തിപ്പെടുന്നത്. വിദ്യാഭ്യാസം അടിമുടി മാറിയാല്‍ ഇവരെ സാമ്യവാദസ്വപ്നങ്ങളിലേക്ക് നയിക്കാന്‍ കഴിയും. 

അട്ടപ്പാടിയിലെ ആദിവാസികളെക്കുറിച്ചുള്ള അഴല്‍മൂടിയ കന്യാവനങ്ങള്‍ എഴുതിയത് സ്റ്റേറ്റ്മാന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. ആ എഴുത്തനുഭവം പങ്കുവയ്ക്കാമോ? 
ഇക്കോ ഫൂട്ട് പ്രിന്റ് കുറച്ചു ജീവിക്കുന്ന ആദിവാസികളില്‍നിന്ന് വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന നമുക്ക് പലതും പഠിക്കാനുണ്ട്. അവര്‍ സ്വന്തം തൊഴിലില്‍നിന്നുതന്നെ ആഹ്ലാദം കണ്ടെത്തുന്നവരായിരുന്നു. അതില്ലാതായതോടെയാണ് ഐഡന്റിറ്റി ക്രൈസിസ് വരുന്നത്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു പകരം തനതിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. തിനയും തുവരയും മുത്താറിയും കൃഷി ചെയ്ത് സമ്പുഷ്ടമായി കഴിഞ്ഞ  ഒരു ഭൂതകാലം അവര്‍ക്കുണ്ടായിരുന്നു. വേണ്ടത്ര പോഷകങ്ങള്‍ സ്വയം കൃഷിചെയ്ത ഭക്ഷണത്തില്‍നിന്നും അവര്‍ക്ക് ലഭിച്ചു. അലസജീവിതം നയിച്ചിരുന്നവര്‍ ഒരു തരത്തിലും പ്രകൃതിയെ ചൂഷണം ചെയ്യാനോ വെട്ടിപ്പിടിക്കാനോ ആഗ്രഹിച്ചില്ല. അന്നത്തേയ്ക്ക് മാത്രമെടുത്ത്, നാളേയ്ക്കായി കരുതിവയ്ക്കാതെ അവര്‍ ജീവിക്കുകയായിരുന്നു.  

നമ്മളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനമാണ് വികസനത്തിന്റെ പേരില്‍ ചെയ്തത്. അവരുടെ സംസ്‌കാരത്തെ വികസിപ്പിക്കണം. അവരെ എന്തിനാണ് മലയാളം പഠിപ്പിക്കുന്നത്? പ്രാകൃതമാണ് അവരുടെ ഭാഷയെന്ന് നമുക്കു തോന്നുമെങ്കിലും അവരതാണ് പഠിക്കേണ്ടത്. മലയാളം ബി.എഡ് പഠിച്ചവര്‍ അവരോട് അച്ചടിച്ച മലയാളത്തില്‍ സംസാരിച്ചാല്‍  അവരെങ്ങനെ ഉള്‍ക്കൊള്ളും. സ്വത്വപ്രതിസന്ധി ആരംഭിക്കുന്നത് അങ്ങനെയാണ്. SCERT-ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അവരെ സ്വന്തം ഭാഷയില്‍ പഠിക്കാന്‍ സഹായിക്കുന്ന ടെക്സ്റ്റ് തയ്യാറായി വരികയാണ്. മുഖ്യധാരയെന്ന സങ്കല്പം തന്നെ തെറ്റാണ്. 

ഇന്‍ക്ലൂസീവ് വിദ്യാഭ്യാസം എന്നത് പലരും തെറ്റായിട്ടാണ് മനസ്സിലാക്കി വരുന്നത്.
കാഴ്ചവൈകല്യമുള്ളവരും ബധിരതയും മറ്റ് പ്രയാസങ്ങളുമുള്ള കുട്ടികളെ സ്‌കൂളുകളില്‍ ഒരുമിച്ച് പഠിപ്പിക്കുന്നതില്‍ കുഴപ്പമില്ല. Cultural Identity ഒന്നായവരെ മാത്രം. എന്നാല്‍ ആദിവാസികള്‍ക്ക് അവരുടെ സംസ്‌ക്കാരമുണ്ട് കലയുണ്ട് സംഗീതമുണ്ട്. അവരുടേതായ ചികില്‍സാരീതി പോലുമുണ്ട്. ഇതാണ് സംരക്ഷിക്കപ്പെടേണ്ടതും നാം ആഴത്തില്‍ അന്വേഷിക്കേണ്ടതും. നമ്മള്‍ അവര്‍ക്ക് ഇംഗ്ലീഷ് മരുന്ന് കൊടുക്കും. അവരുടെ വൈദ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്. ഒരു ട്രൈബല്‍ കമ്യൂണിറ്റിയില്‍ പോയി അവരെ തനത് ജീവിതം നയിക്കാനാണ് സഹായിക്കേണ്ടത്. അഹാഡ്സ് അട്ടപ്പാടിയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തെറ്റായിരുന്നു. പ്രകൃതിജന്യവസ്തുക്കള്‍കൊണ്ട് കെട്ടിയ വീടുകളില്‍ താമസിച്ചിരുന്നവരെ കോണ്‍ക്രീറ്റ് കൂടുകളിലേക്ക് മാറ്റി. ഒട്ടും ചൂടില്ലാതെ പ്രകൃതിയുടെ ഇളം തണുപ്പില്‍ ഉറങ്ങി ശീലിച്ചവര്‍ അതിനകത്ത് കയറിയില്ല. അവര്‍ വരാന്തയിലും മുറ്റത്തും കിടന്നുറങ്ങി. പല വീടുകളും വിറക് ശേഖരിച്ചുവയ്ക്കാനായി ഉപയോഗിച്ചത് കാണാമായിരുന്നു.  അവരെ കാട്ടില്‍ത്തന്നെ തളച്ചിടാനല്ല ഇത് പറയുന്നത്. അടിസ്ഥാന വിദ്യാഭ്യാസം തനതു ഭാഷയില്‍ നല്‍കിയിട്ട് അവര്‍ ഇഷ്ടമുള്ള മേഖലയിലേക്ക് വരട്ടെ. അഞ്ചുവയസ്സിനുള്ളില്‍ത്തന്നെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പഠനം തുടരുകയാണ് അഭികാമ്യം. അവരുടെ കരിയര്‍ കൃഷിയാണെങ്കിലും എന്‍ജിനീയറിംഗ് ആണെങ്കിലും അവരുടെ ചിന്തയ്ക്കനുസരിച്ച് രൂപപ്പെട്ടുവരണം. സംഗീതകോളേജില്‍ ചേരണമെന്ന് പറയുന്നവര്‍ക്ക് അതിന് അവസരം കൊടുക്കണം. 'ഞങ്ങളാണ് ശരി, അവര്‍ പ്രാകൃതരാണ്' എന്ന് തോന്നുന്നിടത്ത് വിദ്യാഭ്യാസത്തിന്റെ തനിമ നഷ്ടപ്പെടും. വാസ്തവത്തില്‍ മോഡേണ്‍ ലൈഫിന്റെ കാപട്യം അവരെയിതുവരെ തീണ്ടിയിട്ടില്ല. സമൂഹവുമായി ഇഴുകി ജീവിക്കുമ്പോള്‍ അവരുടെ തനത് പോയ്പ്പോകും. അവര്‍ സ്വന്തം സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടും. വികസനത്തിന്റെ വലിയ പിഴയാണത്. സാംസ്‌കാരിക ദുരന്തവും.   

പുതിയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തൊക്കെയാണ്.
ജപ്പാനില്‍ പോയപ്പോള്‍ കുട്ടികളെ പരസ്പരം കരുതലോടെ കാര്യങ്ങള്‍ ചെയ്യാനാണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലായി. സാമൂഹ്യക്രമത്തില്‍ എങ്ങനെ നന്നായി ജീവിക്കാമെന്നും സ്വന്തം ആരോഗ്യം എങ്ങനെ സൂക്ഷിക്കാമെന്നും വെയിലും മഴയും കൊണ്ടാല്‍ ഇമ്മ്യൂണിറ്റി കൂടുകയാണെന്നും അവര്‍ അനുഭവിച്ചറിയുന്നു. നമ്മുടെ നാട്ടിന്‍പുറത്തെ പള്ളിക്കൂടങ്ങളില്‍നിന്ന് സൗജന്യമായി കിട്ടിയിരുന്ന പരിസ്ഥിതി സമ്പര്‍ക്കമാണ് വികസിത രാജ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ടോക്കിയോയിലെ ലോകോത്തര കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ കൃഷിചെയ്ത് പഠിക്കുന്നതും നട്ടുച്ചയ്ക്ക് ഫുട്‌ബോള്‍ കളിക്കുന്നതും വോളിബാള്‍ തട്ടുന്നതും കാണാമായിരുന്നു. കരിക്കുലത്തിന്റെ ഭാഗമാണിത്. ഇവിടെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ ആളുകള്‍ വിവാദമാക്കും. അടിസ്ഥാന വിദ്യാഭ്യാസമായി മാതൃഭാഷയും ലളിതമായ കണക്കും നല്‍കുന്ന ഫിന്‍ലാണ്ട് മോഡലും  'How to become a good human being, How how to care for others'  എന്നൊക്കെയാണ് പഠിപ്പിക്കുന്നത്. മല്‍സരമേയില്ല. ഒരു ജൈവബോധമുണ്ടാക്കുകയാണ് പ്രധാനം. 
വെറുതെ കിട്ടുന്നതായാലും നമുക്ക് വേണ്ടതിലധികം എടുക്കരുതെന്നൊരു ബോധം നമ്മുടെ പ്രിമിറ്റീവ് സമൂഹത്തില്‍പോലുമുണ്ടായിരുന്നു. അവരെപ്പോലും മുഖ്യധാരയില്‍നിന്നും മാറ്റി സ്വാര്‍ത്ഥപരതയിലേക്ക് കൊണ്ടുവരികയാണ് നാം ചെയ്തത്. v. self oriented മാറി self less ആവണം. ഒരാളെ മല്‍സരിച്ച് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉള്ളില്‍ ശത്രുതയാണ് വളരുന്നത്. സഹകരണബോധമാണ് നാം സൃഷ്ടിക്കേണ്ടത്. പ്രകൃതി ആസ്വദിക്കാന്‍ കഴിയാത്ത, മരങ്ങളുടെ മര്‍മ്മരം കേള്‍ക്കാന്‍ കഴിയാത്ത കുട്ടികളെ പലപ്പോഴും സങ്കടത്തോടെ നോക്കിനില്‍ക്കാറുണ്ട്. നമ്മുടെ കുട്ടിക്കാലത്തൊക്കെ പട്ടിണി കിടന്നാലും മഴവില്ല് കാണുമ്പോള്‍ എന്തൊരാഹ്ലാദമായിരുന്നു. 
നെല്‍ച്ചെടിയും മുക്കുറ്റിയും തുമ്പയും ലാപ്ടോപ്പില്‍ എടുത്തുതരുന്ന കുട്ടികളാണിന്നുള്ളത്. വെര്‍ച്വല്‍ റിയാലിറ്റിയില്‍ ജീവിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. അധ്യാപകരുടെ വായനക്കുറവ് കുട്ടികളുടെ ബൗദ്ധിക വികാസത്തിന് തടസ്സമാകുന്നുണ്ട്. അധ്യാപക കോഴ്സ് കഴിഞ്ഞാല്‍ പിന്നെ ആരും പുസ്തകം തൊടില്ല. ഇത് വളരെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസവകുപ്പ് വീക്ഷിക്കുന്നത്. ''അധ്യാപകര്‍ അറിവിന്റെ പ്രകാശഗോപുരമായിത്തീരണം. എന്നാല്‍ മാത്രമേ ആ പ്രകാശരശ്മികള്‍ കുട്ടികളിലേക്ക് പതിക്കുകയുള്ളൂ'' എന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നത് അക്ഷരംപ്രതി ശരിയാണ്. സിലബസ് എത്ര മികച്ചതായാലും അധ്യാപകരാണ് ആത്യന്തികമായി സമൂഹത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com