ആത്മജ്ഞാനത്തിന്റെ പിന്‍വഴികള്‍

പ്രശസ്ത ദക്ഷിണേന്ത്യന്‍ കവി ഗോ ഊണിന്റെ ലിറ്റില്‍ പില്‍ ഗ്രിം എന്ന നോവല്‍ഇതിഹാസസമാനമായ സൃഷ്ടിയാണ്.
ഗോ ഊണ്‍
ഗോ ഊണ്‍

''രിച്ചുപോയവരുടെ വിലാപങ്ങള്‍ എന്നില്‍ അധിവസിക്കുന്നു. മണ്‍മറഞ്ഞവരെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് എന്റെ നിയോഗം എന്നു ഞാന്‍ തിരിച്ചറിയുന്നു. ദെറീദ പറഞ്ഞതാണ് ശരി. മരിച്ചുപോയവര്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. അവരെ ഉപേക്ഷിക്കരുത്. മരിച്ചുപോയവര്‍ എന്നിലൂടെ എഴുതുന്നു എന്നു പറയുന്നതാവും ശരി. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഈ ഭൂമി ഒരു വലിയ ശവപ്പറമ്പല്ലേ?'' വിശ്വപ്രസിദ്ധ ദക്ഷിണ കൊറിയന്‍ കവി ഗോ ഊണിന്റെ (Ko Un)* വാക്കുകളാണിവ. കൊറിയന്‍ യുദ്ധത്തിന്റെ ഭീകരതയും കൂട്ടക്കശാപ്പുകളും കണ്ടു മനസ്സ് മരവിച്ചുപോയ ഗോ ഊണ്‍ മനുഷ്യനിര്‍മ്മിതമായ കോലാഹലങ്ങളില്‍നിന്നും രക്ഷ നേടാനായി തന്റെ ഇരുചെവികളിലും ആസിഡൊഴിച്ചു. തുടര്‍ന്ന്, ഒരു ചെവിയുടെ കേഴ്വിശക്തി പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. പിന്നീട്, ഒരു പതിറ്റാണ്ട് കാലം ബുദ്ധഭിക്ഷുവായി കഴിഞ്ഞ ശേഷം 1960-ല്‍ തന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. അതിനുശേഷം സന്ന്യാസജീവിതം അവസാനിപ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിലേയ്ക്ക് ഇറങ്ങുകയാണുണ്ടായത്. കൊറിയന്‍ പട്ടാളഭരണത്തിന്റെ കിരാതവാഴ്ചയ്‌ക്കെതിരെ പോരാടിയ ഒരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് എന്ന നിലയില്‍ പലപ്പോഴും അദ്ദേഹം ജയിലിലടക്കപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഈ കാലയളവിലെല്ലാം അദ്ദേഹം സ്വത്വപ്രകാശനം നടത്തിയിരുന്നത് കവിതകളിലൂടെയാണ്.

സ്വതന്ത്രനാക്കപ്പെട്ട ശേഷവും കവിത തന്നെയായിരുന്നു ഗോ ഊണിന്റെ പ്രാണവായു. തികച്ചും യാദൃച്ഛികമായ ഒരു സംഭവമാണ് തന്നെ കവിയാക്കി മാറ്റിയതെന്ന് ഗോ ഊണ്‍ പറയുന്നു: ''തന്റെ ബാല്യകൗമാരങ്ങള്‍ ഏതൊരു സാധാരണ ബാലന്റേയും പോലെ തന്നെയായിരുന്നു. എന്നാല്‍, ഒരു ദിവസം രാത്രി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോള്‍, ഇരുട്ടില്‍ വഴിയോരത്തു എന്തോ തിളങ്ങുന്നത് കണ്ടു. അതെടുത്തു വീട്ടില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് അത് കുഷ്ഠരോഗിയായ കൊറിയന്‍ കവി ഹാന്‍ ഹാന്‍ ഊണിന്റെ ആദ്യ കവിതാസമാഹാരമാണ് എന്നു മനസ്സിലായത്. പുതിയ പുസ്തകം ആരോ വഴിയില്‍ ഉപേക്ഷിച്ചതാകാം. അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ ഞാനതു വായിച്ചിരുന്നു, ഒരു ഉന്മാദിയെപ്പോലെ. നേരം വെളുത്തപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു എന്റെ നിയോഗം ഹാന്‍ ഹാന്‍ ഊണിനെപ്പോലെ കവിതകളെഴുതി അലഞ്ഞുനടക്കാനാണെന്ന്.''

150-ല്‍പ്പരം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞ ഗോ ഊണിന്റെ കവിതശേഖരത്തില്‍ 30 വാല്യങ്ങളിലായി പരന്നുകിടക്കുന്ന 'മാനിന്ബോ' എന്ന ബൃഹത്ത് സംരംഭവും ഉള്‍പ്പെടുന്നു. തന്നോടൊപ്പം തടവും യാതനകളും അനുഭവിച്ചിരുന്ന, പീഡനങ്ങള്‍ക്കിടയില്‍ മരിച്ചുപോവുകയോ കൊലചെയ്യപ്പെടുകയോ ചെയ്യപ്പെട്ട 10,000 കൊറിയന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ കവിതാ സമാഹാരം. ഇതില്‍ ഓരോ കവിതയും ഓരോ തടവുകാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഗോ ഊണിനെ ലോകമറിയുന്നത് കവിയായിട്ടാണ്. പക്ഷേ, അപൂര്‍വ്വമായിട്ടെങ്കിലും ഗദ്യരചനകള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. നോവലുകളും നാടകങ്ങളും ഒക്കെ ഉള്‍പ്പെടും ഈ കൂട്ടത്തില്‍. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള ഗോ ഊണിന്റെ ഒരേയൊരു നോവലാണ് 'ലിറ്റില്‍ പില്‍ഗ്രിം' (Little Pilgrim).

ഇതിഹാസ സമാനമായ ഒരു സൃഷ്ടിയായി വേണം ഇതിനെ വിലയിരുത്താന്‍. ഒരു നോവലെന്ന വിശേഷണമുണ്ടെങ്കിലും തത്വമീമാംസപരമായ ഒരു ദീര്‍ഘ ഉപന്യാസമായോ ആധ്യാത്മിക ഗ്രന്ഥമായോ യാത്രാവിവരണമായോ പുരാണ ഇതിഹാസമായോ ഒക്കെ ഈ കൃതിയെ നമുക്ക് വായിച്ചെടുക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ''ഒരു കവിയുടെ കയ്യൊപ്പ് പതിഞ്ഞ നോവല്‍'' എന്ന് ഈ കൃതിക്ക് നിരൂപകര്‍ ചാര്‍ത്തിക്കൊടുത്ത വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ഭാവനാപൂര്‍ണ്ണമായ ഭാഷാപ്രയോഗങ്ങളും ബിംബങ്ങളും വെളിപാടുകളും കോര്‍ത്തിണക്കിയ ഗോ ഊണിന്റെ രചനാശൈലി. 

ശ്രീ ബുദ്ധന്റെ ഏറ്റവും ദീര്‍ഘമായ വിളംബരസൂക്തം എന്നു വിശേഷിപ്പിക്കാവുന്ന അവതംസക സൂത്രത്തിന്റെ അവസാനത്തേതിനു തൊട്ടുമുന്‍പു വരുന്ന അദ്ധ്യായമാണ് ഗന്ധവ്യൂഹസൂത്രം. ഗന്ധവ്യൂഹസൂത്രത്തിലെ ബുദ്ധോപദേശങ്ങള്‍ക്ക് ഒരു പുസ്തകത്തിന്റെ അത്രതന്നെ വലിപ്പമുണ്ട്. ഗന്ധവ്യൂഹസൂത്രത്തെ മൂലാധാരമാക്കി രചിക്കപ്പെട്ട കൃതിയാണ് ഗോ ഊണിന്റെ 'ലിറ്റില്‍ പില്‍ഗ്രിം.' ഗന്ധവ്യൂഹസൂത്രത്തിന്റെ ഘടനാപരമായ സവിശേഷതകള്‍ ഇതിന്റെ രചനയില്‍ ഗോ ഊണ്‍ നിലനിര്‍ത്തിയിട്ടുള്ളതായി കാണാം. ഗന്ധവ്യൂഹ സൂത്രത്തില്‍ ഉള്ളതുപോലെതന്നെ ഗോ ഊണിന്റെ നോവലിലും 53 ഗുരുനാഥന്മാരുണ്ട്. സുധാന എന്ന് പേരുള്ള ബാലന്‍ ബോധിസത്വജീവനത്തിന്റെ മര്‍മ്മമറിയാന്‍ വേണ്ടി നടത്തുന്ന സത്യാന്വേഷണ യാത്രകളുടെ വിവരണമാണ് ഈ കൃതി.

മഞ്ജുശ്രീ ബോധിസത്വയില്‍ തുടങ്ങി സമന്തഭദ്ര ബോധിസത്വയില്‍ അവസാനിക്കുന്ന ഈ തീര്‍ത്ഥയാത്രയ്ക്കിടയില്‍ സുധാന, 53 വ്യത്യസ്തരായ ഗുരുശ്രേഷ്ഠരെ കണ്ടുമുട്ടുന്നുണ്ട്. ഓരോ കൂടിക്കാഴ്ചയും ബോധിസത്വജീവനത്തിലേക്ക് നയിക്കുന്ന നവീനമായ ഉള്‍ക്കാഴ്ചകള്‍ സുധാനയ്ക്ക് സമ്മാനിക്കുന്നുണ്ട്. സുമേരിയന്‍ സംസ്‌കാരത്തിനെ അവശേഷിപ്പായ 'ദീല്‍ഗാമെഹ്' (Gilgamesh)), ഡാന്റെയുടെ ഡിവൈന്‍ കോമഡി തുടങ്ങിയ ഇതിഹാസ രചനകള്‍ മുതല്‍ പില്‍ഗ്രിംസ് പ്രോഗ്രസ്സും യുലെസസ്സും വരെയുള്ള ആധുനിക രചനകള്‍ വരെ നാം പരിചയിച്ചിട്ടുള്ള ഇതിഹാസ സമാനമായ യാത്രകളേയും ആത്മപരിശോധനകളേയും ഗോ ഊണിന്റെ നോവല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

അവതംസക സൂത്രം എന്ന ചിന്താപദ്ധതി
ഷേക്സ്പിയര്‍, ഈറ്റാലോ കാല്‍വീനോ, ഊമ്പെര്‍റ്റോ ഏകോ, ഷൂസി സരമാഗു, ടെരിക് വാല്കെറ്റ് മുതലായ മഹാരഥന്മാര്‍ പൗരാണിക ഐതിഹ്യങ്ങളേയും ഇതിഹാസങ്ങളേയും ആധുനിക പരിവേഷം നല്‍കി കഥ, കവിത, നാടകം തുടങ്ങിയ മാദ്ധ്യമങ്ങളില്‍ക്കൂടി നമ്മെ പരിചയപ്പെടുത്തിയതിനു സമാനമായ ഒരു പ്രക്രിയയാണ് ഗോ ഊണും നിര്‍വ്വഹിക്കുന്നത്. 

പൗരസ്ത്യദേശങ്ങളിലെ ഏറ്റവും ആധികാരികവും സങ്കീര്‍ണ്ണവുമായ ചിന്താപദ്ധതിയായാണ് അവതംസകസൂത്രം വിലയിരുത്തപ്പെടുന്നത്. ഈ ചിന്താപദ്ധതി പ്രാചീനകാലഘട്ടങ്ങളെ എത്ര ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ചൈനയിലെ സില്‍ക്ക് റൂട്ടിലുള്ള ഗുഹകളില്‍ കാണപ്പെടുന്ന, പത്താം നൂറ്റാണ്ടിലേതെന്ന് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിട്ടുള്ള മ്യുറല്‍ ചിത്രങ്ങള്‍, ഇന്‍ഡോനേഷ്യയിലെ ബൊറോദോസൂര്‍ ക്ഷേത്രസമുച്ചയത്തിലെ ശില്പങ്ങള്‍ തുടങ്ങി നിരവധി സ്മാരകചിഹ്നങ്ങള്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അവതംസകസൂത്രത്തിന്റെ സ്വാധീനശക്തി വിളിച്ചോതി നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു.

അവതംസകസൂത്രത്തിന്റെ അന്തസ്സാരം വളരെ ലളിതമാണ്. ചേതനവും അചേതനവുമായ എല്ലാ വസ്തുക്കളുടേയും അനുസ്യൂതമായ അന്തര്‍ വ്യാപനത്തെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സങ്കര അസ്തിത്വം (inter-being). അനന്തതയുടെ എല്ലാ അവസ്ഥാവിശേഷങ്ങളും - എല്ലാ ജീവജാലങ്ങളും പ്രകൃതിയും കടന്നുപോകുന്ന ഓരോ നിമിഷങ്ങളും ബോധ, അബോധ മണ്ഡലങ്ങളും സമയ, കാല, പദാര്‍ത്ഥബന്ധിതമല്ലാത്ത, നിസ്സീമമായ അനന്തതയിലെ പാരസ്പര്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ 'സര്‍വ്വം ഏകമയം, ഏകം സര്‍വ്വമയം' എന്നതാണ് അവതംസകസൂത്രത്തിന്റെ സൂക്തവാക്യം. ''സമുദ്രത്തിന്റെ രഹസ്യം ഒരു മഞ്ഞുതുള്ളിയില്‍ കണ്ടെത്തി ഞാന്‍'' എന്ന് മഹാനായ ഖലില്‍ ജിബ്രാന്‍ കാവ്യാത്മകമായി പ്രവചിച്ചതും ഇതേ സത്യത്തെത്തന്നെയാണ് വിളംബരം ചെയ്യുന്നത്. 

സാധാരണത്വവും അസാധാരണത്വവും ഒന്നുതന്നെയാണെന്ന് അവതംസകസൂത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അനുഭവങ്ങളില്‍ക്കൂടി മാത്രമേ സ്വത്വത്തെ നമുക്ക് സ്വാംശീകരിക്കാന്‍ കഴിയൂ. പുഴയില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കൊച്ചുകുട്ടിയായ സുധാനയെ രക്ഷപ്പെടുത്തിയ മഞ്ജുശ്രീ, പരമമായ ബോധിസത്വമായിരുന്നിട്ടുകൂടി ജീവിതത്തിന്റെ അന്തരാര്‍ത്ഥം സുധാനയെ പഠിപ്പിക്കുകയല്ല ചെയ്തത്. മറിച്ച്, പരുക്കനായ ജീവിതാനുഭവങ്ങളിലേയ്ക്ക് തുറന്നുവിടുകയാണ് ചെയ്തത്. സത്യാന്വേഷിയായി അലയേണ്ടിവരുന്ന സുധാനയ്ക്ക് 53 ഗുരുമുഖങ്ങളില്‍നിന്ന് ശിക്ഷണം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ദീര്‍ഘവീക്ഷണം ചെയ്യുന്നു. എന്നാല്‍, ഇത്തരം ജീവിതോപദേശം നല്‍കുന്ന ഗുരുക്കന്മാരെല്ലാം യോഗിവര്യന്മാരുമല്ല. ഉപായധര്‍മ്മമനുസരിച്ചു ഗുരുനാഥന്മാര്‍ക്ക് പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാം. സുധാന കണ്ടുമുട്ടുന്ന ഗുരുശ്രേഷ്ഠരില്‍ മഹാമുനിമാരും സാധാരണ മനുഷ്യരും സമൂഹത്തില്‍നിന്നു ഭ്രഷ്ട് കല്പിച്ചു പുറന്തള്ളപ്പെട്ടവരും ധനികരും പാവപ്പെട്ടവരും കുടിയനും തെമ്മാടിയും തട്ടാനും തോണിക്കാരനും രാജകുമാരിയും കുട്ടികളും മാലാഖമാരും ഭൂതഗണങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ഉള്‍പ്പെടുന്നു.

സ്വബോധാവസ്ഥയില്‍ മാത്രമല്ല, ഉറക്കത്തിലും സ്വപ്നാവസ്ഥയില്‍പ്പോലും ശിക്ഷണം നടക്കുന്നുണ്ട്. ഇവരുടെ ബോധാന സമ്പ്രദായങ്ങളും വ്യത്യസ്തമാണ്. ഓരോ ഗുരുവും സുധാനയെ അടുത്ത ഗുരുവിന്റെ സമീപത്തേക്ക് അയക്കുമ്പോള്‍ ഇങ്ങനെ പറയുന്നു: ''എന്റെ അറിവ് വളരെ പരിമിതമാണ്. നിന്റെ അടുത്ത ഗുരുമുഖത്തുനിന്നു നിനക്ക് വളരെയേറെ പഠിക്കാനുണ്ട്.'' സവിശേഷമായ മറ്റൊരു കാര്യം, എല്ലാ ഗുരുക്കന്മാരും സുധാനയ്ക്ക് ഉപദേശം നല്‍കുന്നില്ല എന്നതാണ്. ചിലര്‍ സുധാനയെ ആട്ടിപ്പായിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ ആട്ടിപ്പായിക്കപ്പെടുമ്പോഴും സുധാന സന്തോഷവാനാണ്. അവനു ഗ്രഹിക്കാനുള്ളത് ആ ഗുരുമുഖത്തുനിന്നും ലഭിച്ചു കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് അത്തരം സന്ദര്‍ഭങ്ങളില്‍ അവന്‍ മടങ്ങുന്നത്.

എന്നാല്‍, സുധാന എന്താണ് ഓരോ ഗുരുശ്രേഷ്ഠരില്‍നിന്നും ഗ്രഹിച്ചത് എന്ന് ഗോ ഊണ്‍ വ്യക്തമാക്കുന്നില്ല. ജീവിതത്തിന്റെ ഗൂഢാര്‍ത്ഥങ്ങളെ അനുഭവങ്ങളില്‍നിന്നു ലഭിക്കുന്ന ഉള്‍ക്കാഴ്ചകളിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ എന്നു പറഞ്ഞുവെയ്ക്കുകയാണ് ഗോ ഊണ്‍ ഈ സമീപനത്തിലൂടെ ചെയ്യുന്നത്. ഗോ ഊണിന്റെ അസാധാരണമായ ജീവിതത്തിനു സമാന്തരമായി സഞ്ചരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ഇതിവൃത്തത്തിന്റെ മറ്റൊരു സവിശേഷത. നീണ്ട 22 വര്‍ഷക്കാലം കൊണ്ടാണ് ഈ ഇതിഹാസ സമാനമായ സംരംഭം ഗോ ഊണിനു വിശാലമായ ക്യാന്‍വാസിലേക്ക് പകര്‍ത്താനായത്. ബുദ്ധനും ബുദ്ധനെ പിന്തുടര്‍ന്നുവന്ന ബോധിസത്വങ്ങളും സന്യാസി ശ്രേഷ്ഠരുമൊക്കെ വിഹരിച്ചിരുന്ന പ്രാചീന ഭാരത ഭൂമിതന്നെയാണ് സുധാനയുടെ തീര്‍ത്ഥയാത്രയ്ക്കായി ഗോ ഊണ്‍ തെരഞ്ഞെടുത്തത്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ തുടങ്ങി ഗംഗാതടവും ഡെക്കാന്‍ പീഠഭൂമിയും കടന്ന് തെക്ക് കാവേരി നദീതീരങ്ങളും പശ്ചിമഘട്ടത്തിലെ കാടുകളും പര്‍വ്വതങ്ങളും വരെ സുധാനയുടെ സഞ്ചാരഭൂമിയായി മാറുന്നത് കാണാം. യാത്രയുടെ ആദ്യ പാദത്തില്‍ സുധാനക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഒരു ഗരുഡന്‍ കൂട്ടിനുണ്ട്. ചിന്താസരണികളുടെ പരകീയപ്രവേശം സാധ്യമാക്കാന്‍ ഉതകുന്ന സിദ്ധികളുള്ള പക്ഷിയാണ് ഈ ഗരുഡന്‍. സുധാനയുമായി സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്നുണ്ട്  ഈ പക്ഷിക്ക്. 

ഗോ ഊണ്‍ സന്ന്യാസജീവിതം നയിക്കുന്ന കാലയളവിലാണ് ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാനായി കൊറിയ മുഴുവന്‍ അലഞ്ഞുനടക്കുന്ന നാളുകളാണ് ഗോ ഊണിന്റെ ജീവിതത്തില്‍ തുടര്‍ന്നു വന്നത്. ഒരു മുതിര്‍ന്ന ബുദ്ധഭിക്ഷുവിന്റെ സ്‌നേഹപൂര്‍വ്വമായ പ്രേരണയാണ് ഒടുവില്‍ ഈ ഉദ്യമത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ഗോ ഊണിനു ധൈര്യം നല്‍കിയത് എന്ന് അദ്ദേഹം പറയുന്നു. 

20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അന്നത്തെ പ്രഗല്‍ഭ സാഹിത്യകാരന്മാര്‍ മാജിക് റിയലിസത്തെ പുണര്‍ന്നിരുന്ന കാലത്താണ് ഗോ ഊണ്‍ ആ പാതയില്‍നിന്നു മാറി സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ രചനാരീതിയെ ബുദ്ധിസ്റ്റ് റിയലിസം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇതിവൃത്തമുണ്ടെങ്കിലും കഥ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. കഥയ്‌ക്കൊരു മധ്യഭാഗവുമില്ല. കഥാകാരന്റെ കഥ അവസാനിക്കുന്നിടത്ത് വായനക്കാരന്റെ കഥ തുടങ്ങുന്നു. 53 ഗുരുക്കന്മാരെ കണ്ട് വന്ദിച്ചു ശിക്ഷണം പൂര്‍ത്തിയാക്കി ബോധിസത്വസാരം ഗ്രഹിച്ച ശേഷവും സുധാനയുടെ യാത്ര അവസാനിക്കുന്നില്ല. കാട്ടില്‍ക്കൂടി നടന്നുനീങ്ങുന്ന സുധാന കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഒരു ബാലനെ കണ്ടുമുട്ടുന്നു. കരയുന്നതിന്റെ കാരണം തിരക്കുന്ന സുധാനയോടു തന്റെ അമ്മ മരിച്ചുപോയി എന്ന് ബാലന്‍ പറയുന്നു. ''എപ്പോള്‍'' എന്ന ചോദ്യത്തിന് ''കുറച്ചു സമയം മുന്‍പ്'' എന്ന് ബാലന്‍ മറുപടി നല്‍കുന്നു. ''ഇന്നലെയാണോ, മിനിഞ്ഞാന്നാണോ?'' സുധാന വീണ്ടും ചോദിക്കുന്നു. ''വ്യക്തമായി ഓര്‍ക്കുന്നില്ല. ഏകദേശം 10 വര്‍ഷമായിക്കാണും അമ്മ മരിച്ചിട്ട്'' ബാലന്റെ ഈ മറുപടി കേട്ട് ഒരു നിമിഷം സുധാന സ്തബ്ധനായി നിന്നുപോകുന്നു.

തുടര്‍ന്ന് സുധാനയ്ക്കു പുതിയൊരു വെളിപാടുണ്ടാകുന്നു. സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും പുതിയൊരു മണ്ഡലം സുധാനയ്ക്കു മുന്നില്‍ വികസിച്ചുവരികയായി. സന്തോഷാധിക്യത്താല്‍ സുധാനയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പ്രാചീന ഭാരതത്തിലെ ജനങ്ങള്‍ക്ക് ''ഇവിടെ'' എന്നു പറഞ്ഞാല്‍ ഒരു ദശലക്ഷം മൈലുകള്‍ക്കപ്പുറമുള്ള സ്ഥലമാണ്. ''അല്‍പ്പം മുന്‍പ്'' എന്നു പറഞ്ഞാല്‍ പത്തുവര്‍ഷം മുതല്‍ യുഗങ്ങള്‍ വരെ നീണ്ടുപോയേക്കാവുന്ന ഒരു കാലയളവാണ് എന്ന് സുധാന തിരിച്ചറിയുന്നു. സമയമെന്നാല്‍ ഭാരതീയര്‍ക്കു പ്രാകൃതികമായ സമയമാണ്. ശൂന്യമായ അനന്തതയുടെ പ്രപഞ്ചം ചുരുളഴിയുന്നതങ്ങനെയാണ്. പ്രപഞ്ചത്തിന്റേയും വ്യക്തിസ്വത്വത്തിന്റേയും അനന്തവിസ്തൃതികള്‍ സാകല്യാവസ്ഥയിലെത്തുന്നതങ്ങനെയാണ്. ബോധിസത്വമായി മാറിയ സുധാനയ്ക്ക് ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായവയുടേയും സകര്‍മ്മികവും നിഷ്‌ക്രിയവുമായവയുടേയും സംയോജനം സാധ്യമാക്കുന്ന പരമമായ സ്വാതന്ത്ര്യം അനുഭവവേദ്യമാകുന്നുണ്ട്. വ്യതിരിക്തമായതും സാര്‍വ്വജനീന സ്വഭാവമുള്ളതും സകര്‍മ്മികമായതും നിഷ്‌ക്രിയമായതും എല്ലാം പരസ്പരം സംയോജിച്ചും വിഘടിച്ചും നില്‍ക്കുന്ന ശാശ്വതാവസ്ഥയാണ് സാര്‍വ്വലൗകിക ഐക്യത്തിന്റെ കവാടം നമുക്കു മുന്നില്‍ തുറന്നിടുന്നത് എന്ന് സുധാന തിരിച്ചറിയുന്നു. എങ്കിലും, ഏറ്റവും ഉദാത്തതലത്തിലായാലും അടിസ്ഥാന തലത്തിലായാലും വ്യത്യസ്ത പ്രകൃതികളുടെ സാരൂപ്യത്തിനു ഭിന്നതയില്‍ അന്തര്‍ലീനമായ അനന്യത എന്ന തത്ത്വം തന്നെയാണ് നിദാനമാകുന്നത്. ബുദ്ധസമാധിയും ഒരു ഭ്രാന്തന്റെ ജല്‍പ്പനങ്ങളും ഒരുപോലെ, പ്രകാശമാനമായ ബുദ്ധഹാരമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് മുന്നില്‍ നരകം മാത്രമാണ് അവശേഷിക്കുന്നത് എന്ന് ഗോ ഊണ്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കരയുന്ന ബാലന്റെ കൈ പിടിച്ചുകൊണ്ട്  ''നമുക്ക് പോകാം'' എന്നു പറഞ്ഞു സുധാന തുറമുഖം ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന രംഗത്തോടുകൂടിയാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, കഥ അവസാനിക്കുന്നില്ല; യാത്രയും.
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് സന്ന്യാസി ചിയാന്‍ചാങ്ങ് (Xuanzang) ബുദ്ധന്റെ തിരുവെഴുത്തുകള്‍ അന്വേഷിച്ചു നടത്തിയ ഭാരതപര്യടനം ഇതിവൃത്തമാക്കി രചിക്കപ്പെട്ട 16-ാംനൂറ്റാണ്ടിലെ നോവല്‍ 'ജേര്‍ണി ടു ദ വെസ്റ്റ്' (Journey to the West) ആണ് ഗോ ഊണിന്റെ നോവലിനോട് ഇതിവൃത്തപരമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കൃതി. 1994-ല്‍ റിലീസ് ചെയ്ത കൊറിയന്‍ ചലച്ചിത്രം 'ഹുഎയന്‍ ചോഹിയോന്ഗ്' (Hwaom Gyeong) ഗന്ധവ്യൂഹസൂത്രത്തിന് ഒരു വ്യത്യസ്ത വ്യാഖ്യാനം നല്‍കി ചിത്രീകരിക്കപ്പെട്ട ചിത്രമാണ്. എങ്കിലും ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് 16-ാം നൂറ്റാണ്ടിലെ നോവലും 20-ാം നൂറ്റാണ്ടിലെ സിനിമയും ഗോ ഊണിന്റെ ഇതിഹാസ രചനയ്ക്ക് വളരെ പിന്നിലാണെന്നാണ്  നിരൂപക മതം.

ബോധിസത്വപന്ഥാവിലെ പത്തു വിശ്വാസങ്ങളേയും പത്തു വാസസ്ഥാനങ്ങളേയും പത്തു ആചാരങ്ങളേയും പത്തു ആത്മസമര്‍പ്പണങ്ങളേയും 10 അവസ്ഥകളേയും ദ്യോതിപ്പിക്കുന്നതാണ് സുധാനയുടെ ഓരോ കൂടിക്കാഴ്ചകളും. അതുകൊണ്ടുതന്നെ ഈ ഗുരുശിഷ്യസമ്പര്‍ക്കങ്ങള്‍ക്ക് വൈകാരികതലത്തിനപ്പുറമുള്ള ഒരു അമൂര്‍ത്ത സ്വഭാവം കൈവരുന്നു. കെട്ടുറപ്പുള്ള ഒരു ഇതിവൃത്തമല്ല ഇവിടെ നാം കാണുന്നത്. മറിച്ച്, ചെറിയ ഉപകഥകളുടെ ഒരു ശൃംഖല ആണ്. അതുകൊണ്ട് നോവലുകളില്‍ നാം സ്വാഭാവികമായും പ്രതീക്ഷിക്കുന്ന ഇതിവൃത്ത വികാസം ഇവിടെ സംഭവിക്കുന്നില്ല. ബുദ്ധിസ്റ്റ് റിയലിസ്റ്റ് ആഖ്യാനരീതിയുടെ സവിശേഷതയായി ഇതിനെ വിലയിരുത്താം. പല ഉപകഥകളും ആവര്‍ത്തനവിരസമായി കാണുന്നത് ഒരു ന്യൂനതയാണ് എന്നു പറയാതെ വയ്യ. ഒരു കവി കഥയെഴുതുമ്പോള്‍ കവിക്കു മാത്രം അവകാശപ്പെട്ട 'പൊയെറ്റിക് ലൈസന്‍സ്' ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികം മാത്രം. ആവര്‍ത്തനവിരസമായി വരുന്ന വര്‍ണ്ണനകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഈ നോവല്‍ കുറച്ചുകൂടി ഹ്രസ്വവും കേട്ടുറപ്പുള്ളതുമാകുമായിരുന്നു എന്ന് കരുതുന്നതില്‍ അപാകതയില്ല. 

ഒരു വസന്തകാല സ്വപ്നം പോലെ ക്ഷണികമാണ് ജീവിതത്തില്‍ നാം അനുഭവിക്കുന്ന സന്തോഷത്തിന്റേയും ആത്മനിര്‍വൃതിയുടേയും നിമിഷങ്ങള്‍ എന്ന ബുദ്ധനിരീക്ഷണത്തെ സാധൂകരിക്കുന്ന തരത്തിലാണ് സുധാനയ്ക്ക് അനുഭവവേദ്യമാകുന്ന രതിയാത്ര വര്‍ണ്ണിച്ചിരിക്കുന്നത്. സുന്ദരിയായ ഹേഹ്വയുമായുള്ള സ്വപ്നസഞ്ചാരത്തിനിടയ്ക്കാണ് രതിയുടെ സൗന്ദര്യവും നിറവും സുധാന അനുഭവിക്കുന്നത്. ഇത് സാധ്യമാക്കുന്ന മാദ്ധ്യമമായി വരുന്നതാകട്ടെ ഒരാനയും. പരുന്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നപോലെതന്നെ ആനയും യാത്രയുടെ മധ്യഭാഗത്ത് സുധാനയ്ക്ക് വഴികാട്ടിയായ സുഹൃത്തായി പ്രത്യക്ഷപ്പെടുന്നു. ആനയുമായും സുധാന സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. മര്‍മ്മപ്രധാനമായ ഒരു സന്നിവേശമാണ് ഗോ ഊണ്‍ ഈ സ്വപ്നദര്‍ശനത്തില്‍ക്കൂടി നിര്‍വ്വഹിക്കുന്നത്. ജീവിതം ക്ഷണികമാണെന്നിരിക്കെ അതില്‍ അടങ്ങിയിരിക്കുന്ന അഭിനിവേശങ്ങളെല്ലാം തന്നെ മോക്ഷപ്രാപ്തിക്കുള്ള പാതയില്‍ അവിഭാജ്യഘടകങ്ങളായി മാറുന്നു എന്ന് ഗോ ഊണ്‍ ഈ സ്വപ്നദര്‍ശനത്തിലൂടെ വെളിപ്പെടുത്തുന്നു. 

ലിംഗപരിണാമങ്ങളും ഭ്രമാത്മകതയും

ലിംഗപരിണാമങ്ങളും ജൈവപരിണാമങ്ങളും ഉള്‍പ്പെടുന്ന മാന്ത്രികരൂപാന്തര കല്പനകള്‍ ചില ഉപകഥകള്‍ക്കായി ഗോ ഊണ്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ആദ്യം 'സുമേര' എന്ന ആണ്‍കുട്ടിയായും പിന്നീട് 'സന്യുറ്റ' എന്ന് പേരുള്ള പെണ്‍കുട്ടിയായും പ്രത്യക്ഷപ്പെടുന്നു. ക്രൂരതയുടെ പര്യായമായി അവതരിക്കുന്ന അനാല രാജാവ് യഥാര്‍ത്ഥത്തില്‍ കഥയുടെ ആദ്യ ഭാഗങ്ങളില്‍ സുധാനയുടെ മാര്‍ഗ്ഗദര്‍ശിയായി പ്രത്യക്ഷപ്പെടുന്ന പരുന്തിന്റെ മായികരൂപപരിണാമം മാത്രമാണെന്ന് സുധാന തിരിച്ചറിയുന്നു. 
മനോരഥ സൃഷ്ടികളും ഭ്രമാത്മക കല്പനകളും എല്ലാ സംസ്‌കാരങ്ങളുടേയും ഭാഗമാണെന്നിരിക്കിലും ബുദ്ധകഥകളില്‍ അവ തത്ത്വമീമാംസാപരമായ ഒരു പ്രക്രിയ നിര്‍വ്വഹിക്കുന്നതായാണ് കാണുന്നത്. ജീവിതം ക്ഷണികമാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ, ഈ പ്രപഞ്ചം തന്നെ ദൈവങ്ങളുടെ വിശുദ്ധ വിനോദ പ്രകാശനമാണെന്ന് വിഭാവനം ചെയ്യാന്‍ എളുപ്പമാണ്. ജീവിതവും കഥയും യാഥാര്‍ത്ഥ്യവും ഭാവനയും എല്ലാം ആത്മവിമോചനത്തിനുള്ള മിഥ്യാകല്പനകള്‍ മാത്രമാണ്. 

ബുദ്ധിസ്റ്റ് പദാവലിയുടെ വേലിയേറ്റം

ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രപ്രകാരം വിമോചനപ്രക്രിയ പുരോഗമനോന്മുഖമായ ഒരു പദ്ധതിയല്ല. അതില്‍ പടിപടിയായി പുരോഗമിക്കുകയും നിറവേറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥകളുമില്ല. ബോധോദയം എന്നത് ക്രമമായ സംഭരണത്തില്‍ക്കൂടി നേടിയെടുക്കേണ്ട അന്ത്യലക്ഷ്യവുമല്ല. 'ലിറ്റില്‍ പില്‍ഗ്രിം'' എന്ന ഈ നോവലില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ഒരു അടിസ്ഥാന ചിന്താധാരയാണിത്. സുധാനയുടെ യാത്രകളൊന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നില്ല എന്ന് മാത്രമല്ല, അവയ്ക്ക് ഒന്നിനും ഒരു നിശ്ചിത ദിശാബോധവുമില്ലതാനും. ഒരു ഉപകഥയുടെ അന്ത്യത്തില്‍ ഗോ ഊണ്‍ പറയുന്നു: ''ദിശാബോധമില്ലാത്ത ഒരു കുട്ടിയുടെ സ്വാതന്ത്ര്യം എന്തെന്ന് സുധാന അറിഞ്ഞു. എവിടെപ്പോകുന്നതും ഒരിടത്തും പോകാതെ അനന്തമായ നിശ്ചലാവസ്ഥയില്‍ കഴിയുന്നതും ഒരുപോലെയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. അങ്ങനെയുള്ള ഒരു നിശ്ചലാവസ്ഥ തന്നെയാണ് അനന്തമായ യാത്രകളുടെ ശാശ്വതമായ ചലനാത്മകതയും.''

തന്റെ യാത്രകളുടെ ആദ്യഘട്ടങ്ങളില്‍ തനിക്കു മാര്‍ഗ്ഗദര്‍ശിയായി വരുന്ന പരുന്ത് വിടവാങ്ങുമ്പോള്‍ സുധാന നടത്തുന്ന ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ''ഓരോ വേര്‍പാടിന്റേയും പ്രഭവസ്ഥാനം ഒരു സംയോഗമാണ്. തുടര്‍ന്ന്, വിയോഗം സംയോഗത്തില്‍ അവസാനിക്കുന്നു. അനന്തമായി പ്രവഹിക്കുന്ന സംയോഗവിയോഗ ചക്രങ്ങളാണ് ഈ ലോകഗതി നിര്‍ണ്ണയിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്ന കൊറിയന്‍ കവിയും ബുദ്ധഭിക്ഷുവുമായിരുന്ന മാന്‍ഹെഇയുടെ (Manhae) കവിതകളില്‍ നിറയുന്നതും കൂടിച്ചേരലിന്റെ ആഹ്ലാദവും വേര്‍പാടിന്റെ നീറ്റലും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈ സന്തുലിതാവസ്ഥയാണ്. 

അവതംസകസൂത്രവുമായി ഘടനാപരമായ സാമ്യം മാത്രമാണ് ഗോ ഊണിന്റെ നോവലിനുള്ളത്. അവതംസകസൂത്രത്തിലെന്നപോലെ നോവലിലും 53 ഗുരുസ്ഥാനീയരെ സുധാന കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍, ഗന്ധവ്യൂഹസൂത്രത്തില്‍ കാണുന്ന തത്ത്വശാസ്ത്രപരമായതും ആത്മീയവുമായ ദീര്‍ഘപ്രഭാഷണങ്ങള്‍ ഗോ ഊണിന്റെ നോവലിലില്ല. ഒരു നോവലിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അത്തരം ഉപന്യാസ സ്വഭാവമുള്ള വിശകലനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരിമിതികളേറെയുണ്ടെന്നു മനസ്സിലാക്കാം. എന്നാല്‍, അവതംസകസൂത്രത്തിലെന്നപോലെ വസ്തുനിഷ്ഠമായ അവലോകനങ്ങളെ മറികടക്കാനായി നോവലിലും ഗദ്യഭാഷ കവിതയ്ക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ജന്മനാ കവിയായ ഗോ ഊണിന് ഈ പരിണാമം വളരെ ലളിതമായും സുഗമമായും ആവിഷ്‌കരിക്കാന്‍ കഴിയുന്നു. സുധാന പലപ്പോഴും പദ്യരൂപത്തിലാണ് ഗുരുക്കന്മാരെ അഭിസംബോധന ചെയ്യുന്നത്. കഥകളും ഉപകഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീര്‍ണ്ണമായ ഈ ആഖ്യാനത്തിന്റെ ആഴവും പരപ്പും പുരാണ ഐതിഹ്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഇതിലെ എല്ലാ കഥകള്‍ക്കും നാടോടിക്കഥകളുടെ പരിവേഷവുമുണ്ട്. അങ്ങനെ വിലയിരുത്തിയാല്‍ നാടോടിക്കഥളുടെ സഞ്ചയമായും ഈ രചനയെ കാണാന്‍ കഴിയും.

അഡോണിസ്‌
അഡോണിസ്‌

അവതംസകസൂത്രത്തിന്റെ കാതലായ ആശയം നിസ്വാര്‍ത്ഥ  പരോപകാരതല്പരതയാണ്. സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സമര്‍പ്പിച്ച ഗോ ഊണ്‍ ഈ ആശയത്തില്‍ ആകൃഷ്ടനായത് തികച്ചും സ്വാഭാവികം. അന്തര്‍വ്യാപനത്തിന്റേയും 'സര്‍വ്വം ഏകമയം' എന്ന തത്ത്വത്തിന്റേയും പ്രതിഫലനം അവതംസകസൂത്രത്തിലെന്നപോലെതന്നെ ഗോ ഊണിന്റെ നോവലിലും ഉടനീളം കാണാന്‍ കഴിയും. നോവലിന്റെ അവസാന ഭാഗത്ത് ഭാവി ബുദ്ധനായ മൈത്രേയയെ സുധാന കണ്ടുമുട്ടുന്ന രംഗം ശ്രദ്ധേയമാണ്. ''വര്‍ണ്ണവിളക്കുകള്‍കൊണ്ട് അലങ്കരിച്ച വീരോചനയുടെ ഗോപുരത്തില്‍ അവര്‍ കടന്നപ്പോള്‍ കണ്ടത് വിസ്മയകരമായ കാഴ്ചയാണ്.

ദെരിദ
ദെരിദ

നക്ഷത്രശോഭയോടെ പ്രസരിക്കുന്ന ആയിരക്കണക്കിന് ഗോപുരങ്ങള്‍ നാല് ദിക്കിലേക്കും അനന്തമായി പരന്നുകിടക്കുന്നു. ഓരോ ഗോപുരവും തികച്ചും വ്യതിരിക്തമായത്. എന്നാല്‍, ഓരോ ഗോപുരവും മറ്റെല്ലാ ഗോപുരങ്ങളിലേയും സൂക്ഷ്മമായ വസ്തുക്കളെപ്പോലും പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ആ നിമിഷം സുധാനയ്ക്ക് സ്വന്തം പ്രതിബിംബം എല്ലാ ഗോപുരങ്ങളിലും എല്ലാ വസ്തുക്കളിലും ദര്‍ശിക്കാന്‍ സാധിച്ചു.'' ബുദ്ധാവസ്ഥ എല്ലാവരിലും എല്ലാ വസ്തുക്കളിലും നിലകൊള്ളുന്നു. അത് തിരിച്ചറിയുക എന്നത് മാത്രമാണ് ബോധിസത്വത്തിന്റെ കര്‍മ്മം. പ്രപഞ്ചത്തിന്റെ അപരിമേയമായ വിശാലതയും അതിലടങ്ങിയിരിക്കുന്ന വസ്തുക്കളുടെ സൂക്ഷ്മാവസ്ഥകളും ഒരേസമയം ദര്‍ശിക്കാന്‍ കഴിയുന്നതപ്പോള്‍ മാത്രമാണ്. കാലസൂചകമായ എല്ലാ താല്‍ക്കാലിക യാഥാര്‍ത്ഥ്യങ്ങളേയും ഒരു ശാശ്വതമായ ആശയത്തില്‍ കാണാന്‍ കഴിയും എന്ന് പുരാതന ഗ്രീക്ക് ചിന്തകന്‍ പ്ലാറ്റോ (Plato) പറഞ്ഞതിന് സമാനമാണിത് (Notions of Microcosm and Macrocosm).

ബുദ്ധിസ്റ്റ് ആശയങ്ങള്‍ പ്രമേയമാക്കി നോവല്‍ രൂപത്തില്‍ അവതരിപ്പിക്കാന്‍ പരിമിതികളേറെയാണ്. പ്രത്യേകിച്ചും ബുദ്ധിസ്റ്റ് സിദ്ധാന്തങ്ങളില്‍ ഏറ്റവും കഠിനമായതും ധൈഷണികമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമായ അവതംസകസൂത്രത്തെ കഥാരൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍. ഈ കാരണം കൊണ്ടുതന്നെ നോവലിന്റെ തുടക്കം മുതല്‍ ബുദ്ധിസ്റ്റ് പദാവലികള്‍ ഉപയോഗിക്കാന്‍ ഗോ ഊണ്‍ നിര്‍ബ്ബന്ധിതനാകുന്നതായി കാണാം. നോവലിന്റെ അവസാന ഭാഗങ്ങള്‍ എത്തുമ്പോള്‍ ബുദ്ധിസ്റ്റ് സാങ്കേതിക പദസഞ്ചയങ്ങള്‍ കൂട്ടത്തോടെ പ്രയോഗിക്കപ്പെടുന്നുണ്ട്. വായനയെ പലപ്പോഴുമിത് ക്ലേശകരമാക്കുന്നുണ്ടെങ്കിലും കഥാശൈലി ലളിതമായിത്തന്നെ നിലനിര്‍ത്തുന്നു ഗോ ഊണ്‍. പുസ്തകത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുള്ള സാങ്കേതിക പദസംഗ്രഹം ബുദ്ധിസ്റ്റ് സിദ്ധാന്തങ്ങള്‍ തീരെ പരിചയമില്ലാത്തവര്‍ക്ക് സഹായകരമാണെന്നതില്‍ സംശയമില്ല. സങ്കീര്‍ണ്ണമായ ബുദ്ധിസ്റ്റ് സിദ്ധാന്തങ്ങളെ ലളിതമായതും സുതാര്യമായതുമായ കഥാഖ്യാനശൈലിയുടെ മേലങ്കിയിട്ടു അവതരിപ്പിക്കുകയാണ് ഗോ ഊണ്‍ ചെയ്യുന്നത്.

ബുദ്ധിസ്റ്റ് തത്ത്വചിന്താപദ്ധതിയില്‍ വികാസം എന്ന ആശയത്തിനു സ്ഥാനമില്ല. അതുപോലെതന്നെ പിന്‍വാങ്ങലുമില്ല. (Ideas of Progression and Retrogression). എല്ലാ വസ്തുക്കളും അവയുടെ താല്‍ക്കാലികവും അനിശ്ചിതവുമായ യാഥാര്‍ത്ഥ്യങ്ങളില്‍ (temporal reality) നിലകൊള്ളുന്നു. അഖണ്ഡമായ യാഥാര്‍ത്ഥ്യം എന്നൊന്നില്ല. ഒരു വസ്തുവിന്റെ സാകല്യം എന്നത് അനിശ്ചിതത്വത്തില്‍ അധിഷ്ഠിതമായ തന്മയീഭാവമാണ്. ആ നിലയ്ക്ക് ഒരു വസ്തുവിന്റെ ഉണ്മ അതായിരിക്കുന്ന അവസ്ഥയില്‍ (stage of 'thunsess') മനസ്സിലാക്കാന്‍ കഴിയുക എന്നത് ബുദ്ധാവസ്ഥയെ സൂചിപ്പിക്കുന്നു. യാത്രയുടെ ഒരു വേളയില്‍ സുധാന ഈ അവസ്ഥയില്‍ എത്തിച്ചേരുന്നുണ്ട്. ചരിത്രത്തില്‍ നാം കണ്ടു പരിചയിച്ച ഗൗതമബുദ്ധന്‍ ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ത്തന്നെയാണ് സുധാന തന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത് എങ്കിലും ഒരിക്കലും അവര്‍ കണ്ടുമുട്ടുന്നില്ല. അങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്കായി ബോധപൂര്‍വ്വമായ ശ്രമങ്ങളും സുധാന നടത്തുന്നില്ല. കഥയുടെ അന്ത്യത്തില്‍ ഗൗതമാബുദ്ധന്റെ സഞ്ചാരപഥത്തിന്റെ വിപരീത ദിശയിലാണ് സുധാന യാത്ര ചെയ്യുന്നതെന്ന് നാം മനസ്സിലാക്കുന്നു. അചേതനവും സചേതനവുമായ എല്ലാ വസ്തുക്കളിലും ബുദ്ധന്‍ ഒരു ആന്തരികശക്തിയായി നിലകൊള്ളുന്നുണ്ട്. സുധാന കണ്ടുമുട്ടുന്ന 53 ഗുരുശ്രേഷ്ഠരിലും മനുഷ്യനും മാലാഖയും ഭൂതവും മൃഗവും പക്ഷിയുമായൊക്കെയായി അവതരിക്കുന്ന എണ്ണമറ്റ ബോധിസത്വങ്ങളിലും ബുദ്ധചൈതന്യം അന്തര്‍ലീനമായിരിക്കുന്നു. ആ നിലയ്ക്ക് ഗൗതമബുദ്ധനെ നേരില്‍ കാണുക എന്നതിനു പ്രസക്തി നഷ്ടപ്പെടുന്നു. സമഷ്ടിവായിയായ അവസ്ഥയിലേ ചരിത്രത്തിനു സ്ഥാനമുള്ളൂ എന്ന് ഗോ ഊണ്‍ വിശ്വസിക്കുന്നു. ചരിത്രമെന്നത് മത, സമൂഹ, രാഷ്ട്രീയ നേതാക്കന്മാരുടേയോ ഏതെങ്കിലും മേഖലയില്‍ പ്രശസ്തരായവരുടേയോ ജീവചരിത്രങ്ങളുടെ സഞ്ചയമല്ല. സാധാരണ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം വ്യാഖ്യാനിക്കുമ്പോള്‍ മാത്രമാണ് ചരിത്രത്തിനു സാംഗത്യമുള്ളത്. ഈ വിശ്വാസത്തിലുറച്ചാണ് ഗോ ഊണ്‍ കവിതകളെഴുതിയിരുന്നതും. അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗവും അശരണരായ മനുഷ്യരെക്കുറിച്ചാണെന്ന് ഓര്‍ക്കുക. 'ലിറ്റില്‍ പില്‍ഗ്രിം' എന്ന ഈ നോവല്‍ പൂര്‍ത്തീകരിക്കാനായി ഗോ ഊണിനു നീണ്ട 22 വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നതുകൊണ്ട് തന്നെ ശൈലീപരമായ മാറ്റങ്ങള്‍ നോവലില്‍ ഉടനീളം കാണാന്‍ കഴിയും. ആദ്യ ഭാഗങ്ങളില്‍ ഭാവഗാനസദൃശമായ പ്രയോഗങ്ങള്‍ ഏറെയുണ്ട്. നോവലിന്റെ മധ്യഭാഗമെത്തുമ്പോള്‍ കൂടുതല്‍ സാമൂഹികബോധം പ്രകടമാക്കുന്ന കാര്യങ്ങളാണ് ഗോ ഊണ്‍ പറയുന്നത്. അതിനുചേര്‍ന്ന ശൈലിയും അദ്ദേഹം സ്വീകരിച്ചു കാണുന്നു.

ഏകാധിപത്യഭരണങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ അവശ്യകതയും ജനകീയ സ്വഭാവമുള്ള ഭരണകൂടങ്ങളുടെ അനിവാര്യതയും സ്വരൂപിച്ചു കൂട്ടിയ ധനത്തിന്റെ ബന്ധനത്തില്‍നിന്ന് ധനികര്‍ മോചിതരാകേണ്ടതിന്റെ അടിയന്തര സ്വഭാവവും ഒക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്. നോവല്‍ അതിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ ബുദ്ധിസ്റ്റ് പദാവലിയുടെ ഒരു വേലിയേറ്റം തന്നെ നമുക്കനുഭവപ്പെടുന്നു. ബ്രഹ്മാണ്ഡശാസ്ത്രത്തിലെ വിവിധങ്ങളായ സ്വര്‍ഗ്ഗസ്ഥാനങ്ങളും ബോധിസത്വജീവനത്തിന്റെ യാഥാസ്ഥിതിക പാതകളും ഈ ഘട്ടത്തില്‍ നമുക്ക് ദൃശ്യവേദ്യമാകുന്നു. 

ഒരു ഇടതുപക്ഷ പരിഷ്‌കരണവാദിയായാണ് ദക്ഷിണ കൊറിയയില്‍ ഭരണപക്ഷത്തോടടുപ്പമുള്ളവര്‍ ഗോ ഊണിനെ ചിത്രീകരിക്കുന്നത്. എന്നാല്‍, വിചിത്രമായി തോന്നാമെങ്കിലും ഒരു പക്ഷം നിരൂപകര്‍ അദ്ദേഹത്തിന്റെ രചനകളെ സെയിന്റ് ലൂക്കിന്റെ സുവിശേഷങ്ങളോടാണ് ഉപമിച്ചു കാണുന്നത്. രാത്രിയുടെ മാലാഖമാരേയും പാതാളത്തിലെ ഭൂതഗണങ്ങളേയും ഒക്കെ സുധാന കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍, അവരുടെയൊക്കെ സന്ദേശങ്ങള്‍ പ്രയോഗിക കാരുണ്യത്തിന്റെ മൊഴിമുത്തുകളായാണ് ഗോ ഊണ്‍ അവതരിപ്പിക്കുന്നത്. വിശക്കുന്നവനു ഭക്ഷണം നല്‍കുന്നതിന്റേയും സ്വത്തു പങ്കുവെച്ച് നല്‍കുന്നതിന്റേയും വേദനിക്കുന്നവന് ആശ്വാസമാകേണ്ടതിന്റേയും അവശ്യകതയാണ് ഈ സന്ദേശങ്ങളില്‍ പ്രകടമാകുന്നത്.

ക്രിസ്തീയ വൈദികശാസ്ത്രമനുസരിച്ച് എല്ലാ യാത്രകള്‍ക്കും ഒരന്ത്യമുണ്ട്. മരണത്തോടെ സ്വര്‍ഗ്ഗം പൂകുമെന്ന വിശ്വാസമാണ് ആ യാത്രയ്ക്കാധാരം. ജോണ്‍ ബന്യന്റെ 'പില്‍ഗ്രിംസ് പ്രോഗ്രസ്സി'ല്‍ ക്രിസ്ത്യന്‍, സ്വര്‍ഗ്ഗകവാടത്തിലെത്തുന്നുണ്ട്. എന്നാല്‍, സമയബന്ധിതമായ ചിന്തയോ മഹാദുരന്തത്തില്‍ അവസാനിക്കുകയും പിന്നീടു പ്രവാചകനിലൂടെ പുനര്‍ജ്ജനിക്കുകയും ചെയ്യുന്ന കാലചക്രങ്ങളെക്കുറിച്ചുള്ള വിശ്വാസസംഹിതകളോ ബുദ്ധിസ്റ്റ് ചിന്താധാരകളില്‍ ഇല്ല. ഒരര്‍ത്ഥത്തില്‍ ബുദ്ധിസ്റ്റ് വിശ്വാസപ്രമാണങ്ങള്‍ അസ്ട്രോഫിസിക്‌സ് പോലെയാണ്. അന്ത്യമില്ല, അവസ്ഥാന്തരങ്ങളേ ഉള്ളു അതില്‍. അതുകൊണ്ടുതന്നെ ബുദ്ധിസ്റ്റ് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്ന കഥയ്ക്കും അന്ത്യമുണ്ടാവാന്‍ പാടില്ല. കഥയുടെ പരിസമാപ്തി മറ്റൊരു തുടക്കമായി നമുക്കനുഭവപ്പെടുന്നു.

സുധാനയ്ക്ക് ബോധോദയമുണ്ടാവുകയും ബോധിസത്വമായി മാറുകയും ചെയ്‌തെങ്കിലും മരണശേഷവും മായികലോകത്തിലെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകാനായി ബോധിസത്വങ്ങള്‍ നിലകൊള്ളും എന്നതാണ് വിശ്വാസപ്രമാണം. അതുകൊണ്ട് മരണവും ഒരവസ്ഥാന്തരം മാത്രമായി പരിണമിക്കുന്നു. ബോധിസത്വമായി മാറിയ സുധാന പൂര്‍ണ്ണസ്വതന്ത്രനാണ്. മനുഷ്യനിര്‍മ്മിതമായ എല്ലാ വ്യവസ്ഥിതികളില്‍നിന്നുമുള്ള മോചനമാണ് ബോധിസത്വാവസ്ഥ. ബോധിസത്വത്തിന്റെ സ്ഥാനം ആരാധനാലയങ്ങളിലോ ഭരണസിരാകേന്ദ്രങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അല്ല. യാതന അനുഭവിക്കുന്ന മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ അത് ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ബോധിസത്വത്തിന്റെ വിശാല മാനവികതയും അമരത്വവും അതില്‍ നമുക്ക് ദര്‍ശിക്കാനാകും.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനര്‍ഹരുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം നേടിയിട്ടുള്ള ഗോ ഊണ്‍ നൊബേല്‍ ഒഴികെ ഒട്ടുമിക്ക അന്താരാഷ്ട്ര അംഗീകാരങ്ങളും ഇതിനോടകം നേടിക്കഴിഞ്ഞു. തന്റെ മാതൃരാജ്യമായ ദക്ഷിണ കൊറിയ, മറ്റേതൊരു രാജ്യത്ത് ലഭിക്കുന്നതിലുമുപരി ശ്രേഷ്ഠമായ പദവിയും അംഗീകാരവും നല്‍കിയാണ് അദ്ദേഹത്തെ ഈ അടുത്തകാലം വരെ ആദരിച്ചിരുന്നത്. പക്ഷേ, സമീപകാലത്ത് അദ്ദേഹത്തിനെതിരായി ഉയര്‍ന്നുവന്ന ലൈംഗിക അപവാദം ആ പ്രതിഭാത്തിളക്കത്തിനു മങ്ങലേല്‍പ്പിച്ചു എന്നു പറയാതെ വയ്യ. ലൈംഗിക പീഡനകഥ വെറും കെട്ടുകഥയാണെന്ന് ഗോ ഊണ്‍ വാദിക്കുന്നുണ്ടെങ്കിലും ദക്ഷിണ കൊറിയന്‍ ഭരണകൂടം അതൊന്നും ചെവിക്കൊണ്ട മട്ടില്ല. ഗോ ഊണിനെ മിക്ക ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും പുറത്താക്കി എന്നു മാത്രമല്ല, കൊറിയന്‍ സ്‌കൂളുകളിലേയും കോളേജുകളിലേയും പഠനപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ക്കു പഠിപ്പിക്കുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഈ വര്‍ഷം തന്റെ 85-ാം പിറന്നാള്‍ ആഘോഷിക്കേണ്ട ഗോ ഊണിനു ഇതു വലിയ തിരിച്ചടി തന്നെയാണ്. ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട സ്ഥിതിക്ക് ഇനി നൊബേല്‍ പുരസ്‌കാരം നേടാനുള്ള വിദൂരസാദ്ധ്യതപോലും അദ്ദേഹത്തിനുണ്ടാവില്ല എന്നുറപ്പിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും തുടര്‍ന്നും താന്‍ കവിതകളെഴുതുകയും സമൂഹനന്മായ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുമെന്നു ഗോ ഊണ്‍ പറയുന്നു. 

എല്ലാം നിശ്ശബ്ദമായിക്കഴിയുമ്പോള്‍ നാം ഗോ ഊണിന്റെ കവിതകള്‍ക്കായി ചെവി കൂര്‍പ്പിക്കും. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ''നിശ്ശബ്ദതയെന്നത് വാക്കുകളുടെ ചവറ്റുകൂടയല്ല, വാക്കുകളുടെ ശവകുടീരവുമല്ല. വാക്കുകളുടേയും നിശ്ശബ്ദതയുടേയും അനുരഞ്ജനമാണെന്റെ സ്വപ്നം. നിശ്ശബ്ദതയാണ് ഏറ്റവും ഉല്‍കൃഷ്ടമായ കവിത.'' സിറിയന്‍ കവി അദോനിസിനൊപ്പം ഗോ ഊണിനേയും 20-ാം നൂറ്റാണ്ടിലെ മഹാകവിയായി ലോകം വാഴ്ത്തും എന്ന കാര്യത്തില്‍ സംശയമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com