അവാര്‍ഡ് ലഭിച്ച ദിവസം കടക്കാര്‍ വീട്ടില്‍ വന്നു ബഹളമുണ്ടാക്കി; പൗളി വത്സന്റെ അനുഭവക്കുറിപ്പ്‌

2017-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പൗളി വത്സന്റെ അനുഭവക്കുറിപ്പ്
പൗളി വത്സന്‍/ മെല്‍ട്ടണ്‍ ആന്റണി
പൗളി വത്സന്‍/ മെല്‍ട്ടണ്‍ ആന്റണി

'രു ഫ്രെഞ്ചു വിപ്ലവം' എന്ന സിനിമയുടെ ഷൂട്ടിംഗിനു പോകാന്‍ ഇറങ്ങുമ്പോഴാണ് 'ഈ.മ.യൗ'വിലേയും 'ഒറ്റമുറിവെളിച്ച'ത്തിലേയും അഭിനയത്തിന് 2017-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എനിക്കാണെന്നു ഞാന്‍ അറിയുന്നത്. സിനിമയിലേയ്ക്ക് എനിക്ക് വഴിതുറന്ന തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം തന്നെയാണ് ആ സന്തോഷവാര്‍ത്ത എന്നെ ആദ്യം ഫോണില്‍ വിളിച്ച് അറിയിച്ചത്. ഷൂട്ടിംഗിനു പോകാനായി വണ്ടിയിലേക്ക് കയറാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍. 

'ഈ.മ.യൗ'വിലേയും 'ഒറ്റമുറിവെളിച്ച'ത്തിലേയും അഭിനയത്തിനുശേഷം ആ രണ്ടു ചിത്രങ്ങളിലേയും എന്റെ അഭിനയം നേരില്‍ കണ്ടിരുന്ന പലരും തുടര്‍ന്നു പലപ്പോഴും എന്നോട് തിരക്കിയിരുന്നു, അവാര്‍ഡ് കിട്ടുമോ എന്ന്. രണ്ടു ചിത്രങ്ങളുടേയും ടീസര്‍ കണ്ടവരും അതേ ആഗ്രഹം എന്നോട് പങ്കുവെച്ചിരുന്നു.
ഞാന്‍ പക്ഷേ, അതു കേട്ടപ്പോഴൊക്കെ വെറുതെ ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത്. രണ്ടു ചിത്രങ്ങളിലും എനിക്കെന്തെങ്കിലും കിട്ടുമെന്നു സ്വപ്നത്തില്‍പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നെപ്പോലൊരാള്‍ക്ക്, അതും ഇന്നലെ മാത്രം സിനിമയിലേയ്ക്ക് കടന്നുവന്നൊരാള്‍ക്ക് അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലല്ലോ. പകരം, 'ഈ.മ.യൗ.' എങ്കിലും എത്രയും വേഗമൊന്നു റിലീസാകണേ എന്നായിരുന്നു ഷൂട്ടിംഗ് കഴിഞ്ഞതു മുതല്‍ നിത്യവുമുളള എന്റെ പ്രാര്‍ത്ഥന.

അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും രണ്ടു ചിത്രങ്ങളും അപ്പോഴും പ്രേക്ഷകര്‍ കണ്ടിരുന്നില്ല. അതിനു പിന്നെയുമെടുത്തു സമയം, ചിത്രങ്ങള്‍ തിയേറ്ററിലെത്താന്‍. കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു ആ നാളുകള്‍. 
അന്നൊക്കെ ദിവസവും ഞാന്‍ വീട്ടില്‍ വന്നു മക്കളോടു പറയും, അമ്മച്ചി ആ പടത്തില്‍ നന്നായി ചെയ്തിട്ടുണ്ടെന്ന്. പടമൊന്നു റിലീസായാല്‍ ഇനിയും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. അങ്ങനെ ഒരു പത്തു പടം കിട്ടിയാല്‍ നമ്മുടെ കടങ്ങളൊക്കെ തീര്‍ക്കാം. കടക്കാരില്‍നിന്നു രക്ഷപ്പെടാം.
സത്യത്തില്‍ എന്റെ മോഹം ഇതായിരുന്നു. അവാര്‍ഡിനെക്കാളേറെ മനസ്സിനെ മഥിച്ചിരുന്നത് വീട്ടിലെ കടങ്ങള്‍ തീര്‍ക്കുന്നതിനെക്കുറിച്ചുളള ചിന്തയായിരുന്നു. അത്രയേറെ പരിഹാസവും ചീത്തയും ഞാനും എന്റെ കുടുംബവും അതിന്റെ പേരില്‍ അതിനകം പലരില്‍നിന്നും കേട്ടുകഴിഞ്ഞിരുന്നു. അപ്പോഴും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. മാസം പന്ത്രണ്ടായിരം വെച്ച് മുതലും പലിശയും ചേര്‍ത്ത് കൊടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. എന്നിട്ടും പ്രശ്‌നം തീരുന്നില്ല. വേറെയും കിടക്കുന്നു കടങ്ങള്‍.

അവാര്‍ഡ് വിവരം അറിഞ്ഞ ദിവസം എന്റെ മൂത്തമകന്റെ കുഞ്ഞിന്റെ പിറന്നാളായിരുന്നു. വൈകുന്നേരം വീട്ടില്‍ ചെറിയൊരു ആഘോഷമൊക്കെ ഒരുക്കിയിരുന്നു. ഞാന്‍ അപ്പോള്‍ സ്ഥലത്തില്ല. ഒരു ചാനലുകാരു വന്നു വിളിച്ചിട്ട് അവര്‍ക്കൊപ്പം പോയിരിക്കുകയാണ്. ആ സമയത്തുതന്നെ കടക്കാര്‍ വീട്ടില്‍ വന്നു ബഹളമുണ്ടാക്കി; കുഞ്ഞിന്റെ പിറന്നാളിനും എനിക്ക് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞും വീട്ടില്‍ ആളുകള്‍ വന്നുകൂടിയിരുന്ന അതേ സന്ദര്‍ഭത്തില്‍ത്തന്നെ!

നേരത്തെ പറഞ്ഞപോലെ, പ്രായം അറുപതിലെത്തിയിരിക്കുന്നു എനിക്കിപ്പോള്‍. ഇനിയെങ്കിലും കടങ്ങള്‍ തീര്‍ത്ത് മക്കള്‍ക്കൊപ്പം സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയണമെന്നാണ് എന്റെ മോഹം. കടക്കാരിയല്ലാതെ ഒരു ദിവസമെങ്കിലും എനിക്ക് ജീവിക്കണം. ഞാന്‍ എപ്പോഴും മാതാവിനോടു പറയും, മരണത്തിലെങ്കിലും എന്നെ കഷ്ടപ്പെടുത്തരുതേ എന്ന്. ദൈവമായിരുന്നു എനിക്ക് എന്നും ആശ്രയം. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നെങ്കിലും അതിനുള്ള പ്രതിഫലമായിട്ടാണ് ഏറ്റവും ഒടുവില്‍ ലഭിച്ച അംഗീകാരത്തെ ഞാന്‍ കാണുന്നത്. ഒരുപാട് പട്ടിണി കിടന്നെങ്കിലും ദൈവം ഒടുവില്‍ ഇത്ര വലിയൊരു സന്തോഷം എനിക്ക് തന്നില്ലേ.
അവാര്‍ഡ് നേടിത്തന്ന 'ഈ.മ.യൗ'വും 'ഒറ്റമുറിവെളിച്ച'വും ഞാന്‍ വളരെ രസിച്ചുചെയ്ത ചിത്രങ്ങളാണ്. രണ്ടും ഒരുപോലെ, സിനിമയെ ഗൗരവത്തോടെ കാണുന്നവരുടേയും ഒപ്പം പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍. ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍. 

'ഈ.മ.യൗ.' പോലൊരു ചിത്രം സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പിന്നീട് മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരുമെല്ലാം ഒരുപോലെ വിശേഷിപ്പിച്ചത്. 'ഒറ്റമുറിവെളിച്ച'വും തികച്ചും ശ്രദ്ധിക്കപ്പെട്ടൊരു വിഷയമായിരുന്നു പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ആഷിക് അബുവിന്റെ കൂടി നിര്‍മ്മാണത്തില്‍ പുറത്തു വന്ന 'ഈ.മ.യൗ'വിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയായിരുന്നു. 'ആമേനും' 'അങ്കമാലി ഡയറീസും' സംവിധാനം ചെയ്ത ലിജോയുടെ അടുത്ത ചിത്രമായിരുന്നു 'ഈ.മ.യൗ.' പ്രശസ്ത എഴുത്തുകാരനും തിലക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് സാറിന്റേതായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. 
'കുട്ടിസ്രാങ്ക്' എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുളള ചലച്ചിത്രകാരനാണ് പി.എഫ്. മാത്യൂസ് സാര്‍. അദ്ദേഹത്തിന്റെ 'ചാവുനിലം' എന്ന നോവലില്‍നിന്നുള്ള ഒരേടായിരുന്നു 'ഈ.മ.യൗ'വിന്റെ പ്രമേയമാക്കിയിരുന്നത്. മാത്യൂസ് സാറും സംവിധായകന്‍ ലിജോയും ഒരുപാട് പ്രതിഭയുളളവരാണ്. അവര്‍ ഇരുവരും ഒരുമിച്ചപ്പോള്‍ 'ഈ.മ.യൗ.' മലയാള സിനിമാ ചരിത്രത്തിലെതന്നെ പുതിയൊരു അദ്ധ്യായമായി. ചിത്രത്തിലെ അഭിനയത്തിന് എനിക്ക് മികച്ച സ്വഭാവനടിക്കുളള അവാര്‍ഡ് ലഭിച്ചപ്പോള്‍ 2017-ലെ ഏറ്റവും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ചിത്രം സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരിയാണ്.

സമാനമാണ് പുതുമുഖ സംവിധായകന്‍ രാഹുല്‍ റിജില്‍ നായര്‍ സംവിധാനം ചെയ്ത 'ഒറ്റമുറിവെളിച്ച'ത്തിന്റേയും കഥ. 2017-ലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഒറ്റമുറിവെളിച്ചമാണ്. മികച്ച സ്വഭാവ നടിക്ക് എനിക്ക് ലഭിച്ച അംഗീകാരം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രം കരസ്ഥമാക്കിയത്. മികച്ച എഡിറ്റിംഗിന് അപ്പു എന്‍. ഭട്ടതിരിക്ക് ലഭിച്ച അവാര്‍ഡും ചിത്രത്തില്‍ നായികയായി അഭിനയിച്ച വിനീത കോശിക്ക് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശവുമായിരുന്നു മറ്റു രണ്ടെണ്ണം.
'ഈ.മ.യൗ'വിലും ഒറ്റമുറിവെളിച്ചത്തിലും ഒരുപാട് സവിശേഷതകളുളള, അഭിനയ സാദ്ധ്യതകളുളള അമ്മ റോളുകളാണ് ഞാന്‍ ചെയ്തത്. 'ഒറ്റമുറിവെളിച്ചത്തി'ല്‍ രണ്ടു തലതിരിഞ്ഞ മക്കളുടെ അമ്മയായിരുന്നു ഞാന്‍. ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്ന, പരുക്കനും മുന്‍കോപക്കാരനുമായ ചന്ദ്രന്‍ എന്ന യുവാവിന്റെ അമ്മ. 'ഈ.മ.യൗ'വിലാകട്ടെ, കോമഡിയും ഗൗരവവും ഒരുപോലെ ഇടകലര്‍ന്ന, തീരദേശത്തിന്റെ ഒരുപാട് സവിശേഷതകളാര്‍ന്ന പെണ്ണമ്മ എന്ന കഥാപാത്രവും.

രണ്ടു ചിത്രങ്ങളിലും മുഖ്യ കഥാപാത്രങ്ങള്‍ക്ക് ഒപ്പം തന്നെയായിരുന്നു എന്റെ വേഷവും. ഇതില്‍ 'ഈ.മ.യൗ'വിലെ പെണ്ണമ്മ എന്ന കഥാപാത്രമായുളള എന്റെ വേഷപ്പകര്‍ച്ചയാണ് എന്നെ സംബന്ധിച്ച് പിന്നീട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും അഭിനന്ദനങ്ങള്‍ക്കിടയാക്കിയതും. ഒട്ടും പിന്നില്‍ അല്ലായിരുന്നു 'ഒറ്റമുറിവെളിച്ചത്തി'ലെ അമ്മ വേഷവും.

വിനായകനും ചെമ്പന്‍ വിനോദുമൊക്കെയായിരുന്നു 'ഈ.മ.യൗ'വിലെ മറ്റു കഥാപാത്രങ്ങളായി അല്ലെങ്കില്‍ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ടത്. രണ്ടു ചിത്രങ്ങളിലും ഒരുപാട് ഡയലോഗുകള്‍ ഉണ്ടായിരുന്നു എനിക്ക്.
'ഒറ്റമുറിവെളിച്ചം' നെയ്യാറ്റിന്‍കരയിലെ ബോണക്കാട് ആയിരുന്നു ഷൂട്ടിംഗ്; അവിടെ തേയിലത്തോട്ടത്തില്‍. 'ഈ.മ.യൗ'വിന്റെ ലോക്കേഷന്‍ എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശ ഗ്രാമത്തിലും. രണ്ടു ചിത്രങ്ങളിലും രണ്ടു ഭാഷാഭേദങ്ങളായിരുന്നു. രണ്ടു സംസ്‌കാരവും. ഒന്ന് കടലോരമെങ്കില്‍ മറ്റൊന്നു മലയോരം. ഇതില്‍ ആദ്യത്തേത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂവിടത്തിനും സംസ്‌കാരത്തിനും ഏതാണ്ട് സമാനമായിരുന്നു.

പിഎഫ് മാത്യൂസ്
പിഎഫ് മാത്യൂസ്


രണ്ടു പശ്ചാത്തലത്തിലും യാതൊരു കലര്‍പ്പുമില്ലാതെ തികച്ചും സ്വാഭാവികമായിത്തന്നെയാണ് ഞാന്‍ അഭിനയിച്ചത്. വിശേഷിച്ചും 'ഈ.മ.യൗ'വില്‍. തീരദേശത്ത് മത്സ്യത്തൊഴിലാളിയുടെ മകളായിട്ടാണല്ലോ ഞാന്‍ ജനിച്ചുവളര്‍ന്നത്. അതും 'ഈ.മ.യൗ'വിന്റെ കഥാപശ്ചാത്തലത്തില്‍ പറയുന്ന അതേ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ത്തന്നെ. 

ചെല്ലാനം എന്ന മത്സ്യബന്ധന ഗ്രാമത്തില്‍, അവിടെ ഒരു ദരിദ്ര ലത്തീന്‍ കത്തോലിക്ക കുടുംബത്തിലുണ്ടാകുന്ന ഒരു മരണത്തിനും ശവമടക്കിനുമിടയിലെ രണ്ടു ദിനങ്ങളാണ് ചിത്രത്തില്‍ മുഖ്യമായും ചിത്രീകരിക്കപ്പെട്ടത്. കഥ പറയുന്നത് മുക്കുവ ഗ്രാമത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടെ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജീവിതം കൂടിയായിരുന്നു സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്. തീരവും മത്സ്യത്തൊഴിലാളികളും തീരത്തിന്റെ സംസ്‌കാരവുമൊക്കെ അതിന്റെ പശ്ചാത്തലമായെന്നു മാത്രം. നേരത്തെ പറഞ്ഞ, ഗ്രാമത്തില്‍ നടക്കുന്ന മരണത്തിലൂടെ അവിടത്തെ മനുഷ്യരുടെ ജീവിതത്തെ കാണുകയായിരുന്നു 'ഈ.മ.യൗ.' എന്ന സിനിമ.

പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങള്‍. അവരുടെ നിവൃത്തികേടുകളും അരക്ഷിതബോധവും നിസ്സഹായതയും ഒക്കെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയില്‍ പി.എഫ്. മാത്യൂസ് സാര്‍ വരച്ചിട്ടിരുന്നത്. എഴുത്തും അഭിനയവും സംവിധാനവും സിനിമാട്ടോഗ്രഫിയും ശബ്ദമിശ്രണവും ഒക്കെ ചേര്‍ന്ന് 'ഈ.മ.യൗ'വിനെ മികച്ചൊരു കലാസൃഷ്ടിയാക്കി മാറ്റിയെന്നാണ് പിന്നീട് സിനിമ കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞത്.
നേരത്തെ പറഞ്ഞപോലെ, ഒരു മരണത്തിനും ശവമടക്കിനുമിടയിലെ രണ്ടു ദിനങ്ങളാണല്ലോ 'ഈ.മ.യൗ'വില്‍ ചിത്രീകരിക്കപ്പെട്ടത്. ഇതില്‍ മരണവീട്ടിലെ രംഗങ്ങളില്‍ വാസ്തവത്തില്‍ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, മറിച്ച് എന്റെ കുട്ടിക്കാലത്തും പിന്നീടും എന്റെ ജീവിതപരിസരങ്ങളില്‍ കണ്ടിട്ടുള്ള രംഗങ്ങളിലെ ന്നപോലെ തികച്ചും റിയലിസ്റ്റിക്കായിത്തന്നെ ഞാന്‍ കടന്നുപോവുകയായിരുന്നു. അഭിനയിക്കുന്നതിനു പകരം ജീവിക്കുക എന്നു പറയില്ലേ, അങ്ങനെയൊന്ന്.

ശവമടക്കിനു മുന്‍പ് ശവപ്പെട്ടിക്കുളളില്‍ കിടത്തിയിരിക്കുന്ന ജഡത്തിനു മുന്‍പിലിരുന്ന് ഞാന്‍ വേഷമിട്ട പെണ്ണമ്മ എന്ന കഥാപാത്രം പലപ്പോഴും എണ്ണിപ്പെറുക്കി കരയുകയും പതം പറയുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. ഏറെക്കാലത്തെ വേര്‍പാടിനുശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ വാവച്ചന്‍ എന്ന ഭര്‍ത്താവാണ് ശവപ്പെട്ടിയില്‍ മരിച്ചുകിടക്കുന്നത്. അതിനു ചുറ്റും ഒപ്പം സമീപത്തും നടക്കുന്ന രംഗങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ജീവിക്കുക തന്നെയായിരുന്നു.

തീരദേശത്ത് അത്തരം രംഗങ്ങള്‍ക്ക് മറ്റെവിടെയും കാണാത്ത ഒരു സവിശേഷത തന്നെയുണ്ട്; വിശേഷിച്ച് ചിത്രത്തില്‍ പറയുന്ന കഥ നടക്കുന്ന ചെല്ലാനം പോലുളള പഴയ തീരദേശ ഗ്രാമങ്ങളില്‍ ഒന്നും മറച്ചുവെയ്ക്കാനില്ലാതെ തീരത്തിന്റെ ജീവിത സംസ്‌കാരം മുഴുവന്‍ ഉള്‍ച്ചേര്‍ന്നതായിരിക്കും അത്തരം രംഗങ്ങള്‍. മരിച്ച വീട്ടിലേക്ക് സ്വന്തക്കാരും ബന്ധുക്കളും അയല്‍ക്കാരുമൊക്കെ കടന്നുവരുമ്പോഴും പോവുമ്പോഴുമെല്ലാം മരിച്ചുകിടക്കുന്നയാളുടെ ഉറ്റ ബന്ധുക്കള്‍, വിശേഷിച്ചും മരിച്ചുകിടക്കുന്നയാള്‍ ഭര്‍ത്താവാണെങ്കില്‍ ഭാര്യ, ഇടയ്ക്കിടെ പതം പറഞ്ഞും എണ്ണിപ്പെറുക്കിയും നിര്‍ത്താതെ കരയും. 
വരുന്നവര്‍ മരിച്ചുകിടക്കുന്നയാളുടെ ശത്രുക്കളാണെങ്കിലും മിത്രങ്ങളാണെങ്കിലും അവരുടെ പേരുചൊല്ലി വിളിച്ചായിരിക്കും ഈ കരച്ചിലും എണ്ണിപ്പെറുക്കലും; അതും കൈകള്‍ രണ്ടും മുകളിലേക്ക് നിവര്‍ത്തിപ്പിടിച്ചും ഇടയ്ക്കിടെ നെഞ്ചത്തടിച്ചും. അതിനിടയില്‍ ചുറ്റുപാടും നടക്കുന്ന മറ്റു കാര്യങ്ങളും കരയുന്നയാള്‍ ശ്രദ്ധിക്കുന്നുണ്ടാകും. വീട്ടുകാര്യങ്ങളിലും ഏര്‍പ്പെടുന്നുണ്ടാവും. കരച്ചിലിനിടയില്‍ നേരത്തെ സ്വന്തക്കാരോടും ബന്ധുക്കളോടുമൊക്കെ മരിച്ചുകിടക്കുന്നയാള്‍ക്ക്, അല്ലെങ്കില്‍ കരയുന്നയാള്‍ക്ക് എന്തെങ്കിലും അലോഹ്യമോ ഈര്‍ഷ്യയോ വഴക്കോ പ്രശ്‌നങ്ങളോ ഒക്കെ ഉണ്ടെങ്കില്‍ അതൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് കരയുന്നയാളില്‍നിന്ന് കുത്തുവാക്കുകളായി ഉതിര്‍ന്നുവീഴും.

'ഈ.മ.യൗ'വില്‍ മരുമകളുടെ വീട്ടുകാര്‍ മരണവീട്ടിലേക്ക് കടന്നുവരുമ്പോള്‍ ''അപ്പാ, ജീവിച്ചിരിക്കുമ്പോള്‍ വരാത്തവരൊക്ക ഇപ്പ വന്നിട്ടുണ്ടപ്പാ...'' എന്നു പറഞ്ഞുകൊണ്ടായിരുന്നു അടുക്കളയില്‍നിന്നു പൊടുന്നനെ ശവപ്പെട്ടിക്കരികിലേക്കെത്തി നെഞ്ചുലക്കുംവിധം ഞാന്‍ അഭിനയിച്ച പെണ്ണമ്മ എന്ന കഥാപാത്രത്തിന്റെ എണ്ണിപ്പെറുക്കിയുളള കരച്ചിലും പതംപറച്ചിലും. ''സ്ത്രീധനത്തിന്റെ കാര്യത്തില് അപ്പന് ഒരു നിര്‍ബന്ധവുമില്ലായിരുന്നിട്ടപ്പാ...'' എന്നു മറ്റൊരു കൊള്ളിവാക്കും കരച്ചിലിനിടയില്‍ തൊട്ടുപിന്നാലെ പെണ്ണമ്മയില്‍നിന്നു പൊട്ടിവീഴുന്നുണ്ട്.

കണ്ടുനില്‍ക്കുന്നവര്‍ക്ക് പെട്ടെന്നു ചിരിക്കാന്‍ തോന്നുന്ന രംഗങ്ങളാണ് ഇതൊക്കെ; ശവത്തിനു മുന്നിലിരുന്ന് ഇത്തരത്തിലുള്ള എണ്ണിപ്പെറുക്കലും പതംപറച്ചിലും. അതും ഒരേ ട്യൂണില്‍, ഒട്ടും താളം തെറ്റാതെ.
സിനിമയില്‍ ഇതൊന്നും അത്ര എളുപ്പത്തില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കാനാവില്ല. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുളളവര്‍ക്കേ അതൊക്കെ സാധ്യമാവു. അതല്ലെങ്കില്‍ കാണുന്നവര്‍ക്ക് അത് മിമിക്രിയായേ അനുഭവപ്പെടൂ. എന്നെ സംബന്ധിച്ച് എന്റെ അപ്പന്‍ മരിച്ചപ്പോഴും പിന്നീട് അമ്മ മരിച്ചുകിടന്നപ്പോഴും ഞാന്‍ കരഞ്ഞിട്ടുള്ളത് 'ഈ.മ.യൗ'വില്‍ പ്രേക്ഷകര്‍ കണ്ട എന്റെ അതേ ട്യൂണില്‍ തന്നെയാണ്. ചെറുപ്പകാലങ്ങളില്‍ നാട്ടില്‍ മരണവീടുകളില്‍ ഞാന്‍ കണ്ടിട്ടുള്ളതും അങ്ങനെതന്നെ.

അന്നൊക്കെ ഏതെങ്കിലും അയല്‍വീട്ടില്‍ ഒരു മരണമുണ്ടായാല്‍ മരിച്ചവീട്ടിലേക്ക് ആരെങ്കിലും കടന്നുപോകുന്നതു കാണുമ്പോള്‍ ഇപ്പോള്‍ ഒരു കരച്ചിലുണ്ടാവുമെന്നു പറഞ്ഞു തിടുക്കത്തില്‍ ഞാന്‍ അവിടേക്ക് ഓടിച്ചെല്ലും. ഇതൊക്കെ എന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന രംഗങ്ങളാണ്. അതുകൊണ്ട് 'ഈ.മ.യൗ'വില്‍ ഈ രംഗങ്ങള്‍ അഭിനയിക്കേണ്ടിവന്നപ്പോള്‍ എനിക്ക് ഒന്നും ആലോചിക്കേണ്ടിവന്നില്ല. ഞാനങ്ങ് യാതൊരു കലര്‍പ്പുമില്ലാതെ തികച്ചും സ്വാഭാവികമായിത്തന്നെ അഭിനയിച്ചു.

ഞാന്‍ അഭിനയിച്ച ആ ഫ്രെയിമില്‍ മറ്റു പല കഥാപാത്രങ്ങളും വെറുതെ നില്‍ക്കുമ്പോള്‍ എനിക്ക് ഒരേ സമയം കരച്ചിലിനിടയ്ക്ക് ഡയലോഗും പറയേണ്ടതുണ്ടായിരുന്നു. പതം പറച്ചിലിനും എണ്ണിപ്പെറുക്കലിനുമിടയില്‍ പെട്ടെന്നു പ്ലേറ്റ് മറിക്കുന്നതുപോലെ അത്യാവശ്യം അടുക്കളയിലേയ്ക്കുള്ള ഓട്ടവും മറ്റും ആ രംഗത്തുണ്ടായിരുന്നു.

അടുക്കളയില്‍ തലേദിവസം വെച്ച താറാവുകറിയുടെ വിശേഷങ്ങള്‍ അയല്‍ക്കാരിയുമായി പങ്കിടുകയും അവര്‍ക്ക് കറി പങ്കിട്ടുകൊടുക്കുകയും ചെയ്യുന്ന കോമഡി രംഗങ്ങള്‍ക്കിടയിലാണ് മരിച്ച വീട്ടിലേക്ക് മരുമകളുടെ വീട്ടില്‍നിന്നു ബന്ധുക്കള്‍ വരുന്നതുകണ്ട് പെട്ടെന്ന് അടുക്കളയില്‍ നിന്നോടി കരഞ്ഞുകൊണ്ട് ശവപ്പെട്ടിക്കരികിലെത്തി അവിടെ കുത്തിയിരുന്നു നേരത്തെ പറഞ്ഞ പതംപറച്ചിലും എണ്ണിപ്പെറുക്കലും നടത്തുന്നത്. അതൊക്കെ നിഷ്പ്രയാസം ആ രംഗത്ത് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു.
പിന്നീട് ചിത്രത്തിന്റെ ഡബ്ബിംഗ് നടന്നപ്പോല്‍ ഒറ്റ ദിവസംകൊണ്ടുതന്നെ ആ രംഗത്തിന്റെ ഡബ്ബിംഗ് ഞാന്‍ പൂര്‍ത്തിയാക്കി; അതും അഭിനയിച്ച സമയത്തെ അതേ വികാരവായ്പോടെ തന്നെ; ആ രംഗത്തിന്റെ വൈകാരികതയും തനിമയും ഒട്ടും ചോര്‍ന്നു പോകാതെതന്നെ. തുടര്‍ച്ചയായ ഡബ്ബിംഗിനിടയില്‍ ഞാന്‍ അല്പം ക്ഷീണിച്ചപ്പോള്‍ തുടര്‍ന്നുള്ള ഭാഗം അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാമെന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും ഞാന്‍ പക്ഷേ, ആ രംഗത്തിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകരുതെന്നു കരുതി അതിനു സമ്മതിച്ചില്ല. ഡബ്ബിംഗ് അപ്പോള്‍ത്തന്നെ പൂര്‍ണ്ണമായി ചെയ്തു.
അത് വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നെന്നും അത് കാണാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നുമാണ് ഡബ്ബിംഗ് സമയത്ത് സ്റ്റുഡിയോയിലുണ്ടായിരുന്ന 'ഈ.മ.യൗ'വിന്റെ തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് സാര്‍ പിന്നീട് ചിത്രത്തിന്റെ ഒരു വീഡിയോ അഭിമുഖത്തില്‍ എന്റെ സാന്നിദ്ധ്യത്തില്‍ത്തന്നെ പറഞ്ഞത്. മാത്യൂസ് സാറിന്റെ ആ വാക്കുകള്‍ തികച്ചും അഭിമാനത്തോടെയാണ് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നത്. അഭിനയിക്കുന്ന സമയത്തെ അതേ വികാരവായ്പോടെ തന്നെ പൗളി അത് ഡബ്ബ് ചെയ്‌തെന്നു സംവിധായകന്‍ ലിജോയും പൗളിയുടെ ഡബ്ബിംഗ് കണ്ട് താന്‍ അന്തംവിട്ടുപോയെന്ന് മാത്യൂസ് സാറും എന്നെ അടുത്തിരുത്തിക്കൊണ്ട് അന്നു പറഞ്ഞു.

എന്റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു അത്. 'ഈ.മ.യൗ'വിലെ ആ രംഗങ്ങള്‍ അത്തരം ജീവിതസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകാത്തവരാണ് ചെയ്യുന്നതെങ്കില്‍ കണ്ടിരിക്കുന്നവര്‍ക്ക് അത് മിമിക്രിയായി അനുഭവപ്പെടുമായിരുന്നെന്നും പി.എഫ്. മാത്യൂസ് സാര്‍ അന്നു പറഞ്ഞിരുന്നു.

'ഈ.മ.യൗ'വിലെ കഥാപാത്രത്തിനൊപ്പം പബ്ലിസിറ്റി കിട്ടിയില്ലെങ്കിലും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട 'ഒറ്റമുറിവെളിച്ച'ത്തിലെ ഗൗരവമേറിയ അമ്മറോളും എന്നെ സംബന്ധിച്ച് ഒട്ടും പിന്നിലല്ലായിരുന്നു. നേരത്തെ പറഞ്ഞപോല, പരുക്കനും മുന്‍കോപിയും ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ചന്ദ്രന്‍ എന്ന യുവാവിന്റെ അമ്മയായിട്ടായിരുന്നു ആ ചിത്രത്തില്‍ എന്റെ അഭിനയം. മറക്കാനാവില്ല ആ കഥാപാത്രം എനിക്ക്.

സ്വകാര്യതയും സ്ത്രീജീവിതവും വൈവാഹിക ജീവിതത്തിലെ ബലാല്‍സംഗവും (ഗാര്‍ഹിക പീഡനം) അതിനെതിരെ ഒരു പെണ്‍കുട്ടി നടത്തുന്ന പ്രതിരോധവുമൊക്കെയായിരുന്നു 'ഒറ്റമുറിവെളിച്ച'ത്തിന്റെ പ്രമേയം. സുധയെന്ന അനാഥയായ പെണ്‍കുട്ടി ഒരു മലയോരഗ്രാമത്തിലേക്ക് വിവാഹിതയായി എത്തുന്നതോടെയായിരുന്നു ചിത്രത്തില്‍ കഥയുടെ തുടക്കം.
നേരത്തെ പറഞ്ഞ ചന്ദ്രന്റെ ഭാര്യയായിട്ടാണ് സുധ എത്തുന്നത്. ചന്ദ്രന്റെ അതേ സ്വഭാവം തന്നെയായിരുന്നു മരിച്ചുപോയ അയാളുടെ അച്ഛന്റേയും. ഭര്‍ത്താവിന്റെ പീഡനങ്ങള്‍കൊണ്ട് പരുവപ്പെട്ട ഒരു സ്ത്രീയായിരുന്നു ഞാന്‍ അഭിനയിച്ച ചന്ദ്രന്റെ അമ്മ എന്ന കഥാപാത്രം. ഭര്‍ത്താവ് തന്നോട് ചെയ്തതൊക്കെ മകനും ഭാര്യയോട് ചെയ്യുന്നത് കണ്ടിരിക്കേണ്ടിവരുന്ന ഹതഭാഗ്യയായ ഒരു സ്ത്രീയുടെ വേഷം.

സ്വന്തം വൈവാഹിക ജീവിതത്തിലെ ദുരന്തങ്ങള്‍ തന്നെയാണ് മകന്റെ ഭാര്യയായെത്തുന്ന പെണ്‍കുട്ടിയേയും കാത്തിരിക്കുന്നതെന്ന് ചന്ദ്രന്റെ അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു തലമുറയില്‍ ഒരേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളായിരുന്നു സുധയും ചന്ദ്രന്റെ അമ്മയും. ഇവര്‍ രണ്ടുപേരും തമ്മിലുളള പ്രത്യേക തരം ഇഴയടുപ്പം സിനിമ തികച്ചും റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചത്. 

വിനീത കോശി എന്ന നടിയായിരുന്നു സുധയുടെ റോളില്‍. ചന്ദ്രനായി നടന്‍ ദീപക്കും. സിനിമയെ പൊള്ളുന്ന അനുഭവമാക്കാന്‍ ദീപക്കും പൗളിയും തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വ്വഹിച്ചുവെന്നാണ് പിന്നീട് ചലച്ചിത്ര നിരൂപകര്‍ എഴുതിയത്. 'ഈ.മ.യൗ'വിലെ 'പെണ്ണമ്മ' എന്ന കഥാപാത്രത്തിനൊപ്പം 'ഒറ്റമുറിവെളിച്ച'ത്തിലെ ഗൗരവമാര്‍ന്ന അമ്മറോളും അങ്ങനെ സിനിമാജീവിതത്തില്‍ എനിക്ക് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ചു; അവാര്‍ഡും അംഗീകാരവും ഒരുപാട് അഭിനന്ദനങ്ങളും നേടിത്തന്നു.

പ്രണത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ചോരനേരാട്ടമുള്ള പകര്‍ന്നാട്ടങ്ങള്‍' എന്ന പൗളി വത്സന്റെ ആത്മകഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com