എഴുത്തുകാരന്റെ ജ്വലനമാണ് അവന്റെ ഭാഷ: തോമസ് ജോസഫ് സംസാരിക്കുന്നു

എഴുത്തുകാരന്‍ തോമസ് ജോസഫ് സംസാരിക്കുന്നു
തോമസ് ജോസഫ്
തോമസ് ജോസഫ്

കേരളസാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം താങ്കളെ തേടിയെത്തി. കഥയില്‍ അതു എന്ത് ഊര്‍ജ്ജമാണ് നല്‍കിയത്?
എന്റെ കഥയെക്കുറിച്ച് ആധികാരികമായി ഞാന്‍ പറയുന്നില്ല. വ്യത്യസ്തമായി കഥ എഴുതാന്‍ ആഗ്രഹിച്ച ഒരാളാണു ഞാന്‍. വ്യത്യസ്തതയ്ക്കുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. എന്റെ അവാര്‍ഡു കൊണ്ടുമാത്രം മലയാളകഥ മുന്നോട്ടുപോകും എന്നു വിശ്വസിക്കുന്നില്ല. ഞാന്‍ എന്റേതായ രീതിയില്‍ എഴുതിക്കൊണ്ടിരിക്കും. ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് മടങ്ങിവരണമെന്ന് എന്നോട് പലരും പറയാറുണ്ട്. അതാണ് എഴുതേണ്ടതെന്നും. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം, പതിവു ചിട്ടപ്രകാരം അല്ലെങ്കില്‍ നിത്യജീവിതത്തിന്റെ ചില കണക്കെഴുതുന്നതുപോലെ എഴുതി ലോകം പിടിച്ചെടുക്കാം, സാഹിത്യം പിടിച്ചെടുക്കാം എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നിലവിലുള്ള സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിയുന്ന ഒരു രീതി കഥയില്‍ ഉണ്ടാകണം.

ചെറുകഥ എങ്ങനെയാണ് തോമസ് ജോസഫിനെ പിടികൂടുന്നത്?
അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ കഥകള്‍ എഴുതുമായിരുന്നു. ഫാക്ട് ഹൈസ്‌കൂളിലായിരുന്നു പഠനം. അപ്പര്‍ പ്രൈമറി സ്‌കൂള്‍ കഴിഞ്ഞ് ഫാക്ട് ഹൈസ്‌കൂളിലെത്തിയപ്പോള്‍ ചില അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചു. പ്രമുഖ നാടകകൃത്തു കൂടിയായിരുന്ന കെ.എസ്. നമ്പൂതിരി, അന്നത്തെ ആഴ്ചപ്പതിപ്പുകളില്‍ കവിത എഴുതിയിരുന്ന കെ.യു. മേനോന്‍, താഴത്തേടം രാഘവന്‍ നായര്‍ എന്നിവരുടെയൊക്കെ പിന്‍ബലം ഉണ്ടായിരുന്നു. എന്റെ ഒരു അമ്മാവന്‍-അദ്ദേഹം നാടകകൃത്തും ഗായകനും നടനും ആയിരുന്നു. അമ്മാവനെ അനുകരിച്ച് ഞാനും നാടകങ്ങള്‍ എഴുതി. ആദ്യം എഴുതിയതെന്ന് നാടകമായിരുന്നെന്ന് വേണമെങ്കില്‍ പറയാം. ചെറുകഥയിലേക്ക് ഞാന്‍ വരാനുള്ള കാരണം അമ്മാവന്‍തന്നെ ആയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പും അന്വേഷണം മാസികയും അമ്മാവന്‍ മുഖേനയാണ് ലഭിച്ചിരുന്നത്.

ഭാഷയും ക്രാഫ്റ്റും താങ്കളുടെ രചനാശൈലിയിലെ പ്രധാന മര്‍മ്മങ്ങളാണ്. 
പ്രത്യേകരീതിയിലുള്ള വായനയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാളാണ് ഞാന്‍. അത് ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. അത്തരം വായനകൊണ്ടാണ് സക്കറിയ, ഒ.വി. വിജയന്‍ എന്നിവരിലേക്കെത്തിയത്. ബൈബിളിന്റെ അന്തരീക്ഷവും ഭാഷയും എനിക്കിഷ്ടമായിരുന്നു. വായനയില്‍ നിന്ന് രൂപപ്പെടുന്നതല്ലാതെ ഉള്‍ക്കാഴ്ചകളുടെ ലോകം നമ്മുടെ ഉള്ളിലുണ്ട്. അത് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാനാകില്ല.  ഉള്ളില്‍ത്തന്നെ നമുക്ക് ഒരു ഭാഷ, ആ ഭാഷ, അത് നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്ന്, നമ്മുടെ കാഴ്ചപ്പാടുകളില്‍ നിന്ന്, നമ്മുടെ ദു:ഖങ്ങളില്‍നിന്നെല്ലാം രൂപപ്പെട്ടു വരുന്നുണ്ടെന്നാണ്  വിശ്വാസം. ലോകത്ത് ചെടികളും മരങ്ങളും പൂക്കളും പക്ഷികളും ഉണ്ടാകുന്നതുപോലെ എഴുത്തുകാരനില്‍ ഒരു ഭാഷ ഉണ്ടാകുന്നു. ഭാഷയ്ക്കുവേണ്ടി ഒരാള്‍ എത്ര ശ്രമിച്ചാലും ഭാഷ സ്വരൂപിക്കപ്പെടണമെന്നില്ല. ഭാഷാശാസ്ത്രം പഠിക്കുന്നതുപോലെയല്ല ഭാഷ സ്വരൂപിക്കുന്നത്. അതൊക്കെ ജന്‍മനാ വിരിഞ്ഞു വിരിഞ്ഞു വരുന്ന ഒരു സങ്കേതം. അല്ലെങ്കില്‍ ഒരു ജീവിതകല്‍പ്പന എന്നു വേണമെങ്കില്‍ പറയാം. പിന്നെ ഇതിനെക്കുറിച്ചൊക്കെ നമ്മള്‍ ഒരു മുന്‍വിധിയോടുകൂടി എങ്ങനെയെന്ന് ചോദിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായ മറുപടി എഴുത്തുകാരന് പറയാന്‍ പറ്റില്ല. അത് തന്നെയാണ് ഒരു എഴുത്തുകാരന്‍ എന്ന വ്യക്തി. ഞാന്‍, എനിക്കുവേണ്ടി ഒരു ഭാഷ എന്നതൊക്കെ ഞാനതിനുവേണ്ടി ജ്വലിക്കുന്നുണ്ടെങ്കിന്‍ മാത്രമേ സംഭവിക്കുകയുള്ളൂ. 

കഥാരചന എന്ന ആയുധംകൊണ്ട് ലോകത്തിനായി എന്ത് ഇടപെടലാണ് താങ്കള്‍ നടത്തിയത്?
എന്റെ ഭാഷകൊണ്ടാണ് ഞാന്‍ ഇടപെടുന്നതെന്ന് എനിക്ക് തോന്നുന്നു. കൃത്യമായ ഉത്തരമൊന്നും എനിക്ക് തരാന്‍ കഴിയണമെന്നില്ല. ഒരു മനുഷ്യന്‍, ഓരോ മനുഷ്യനും ഭൂമി സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍, ഞാന്‍എന്റെ എഴുത്തുകൊണ്ടുമാത്രം ഇടപെടുന്നു എന്നു പറഞ്ഞാല്‍ അത് എത്രമാത്രം സത്യമായിരിക്കും എന്നു പുറമേ നില്‍ക്കുന്നവര്‍ വിശ്വസിക്കണമെന്നില്ല. കാരണം, എന്റെ ജീവിതത്തില്‍ വലിയ ജോലികളോ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളോ എനിക്കുണ്ടായില്ല. കഥയെഴുതാന്‍ വേണ്ടി മാത്രമുള്ള ഒരു ജോലിയാണ് ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ഒരുപാടുകാലം ജോലിയില്ലാതെയും ജീവിക്കേണ്ടിവന്നു. പല ജോലികളും ലഭിച്ചെങ്കിലും, ഉപേക്ഷിച്ചു. ചില പത്രങ്ങളിലൊക്കെ ജോലി ചെയ്താണു ജീവിച്ചത്. അപ്പോഴും കഥയെഴുത്തിനാണ് മുന്‍ഗണന നല്‍കിയത്. അതൊക്കെ പലപ്പോഴും ആളുകള്‍ ബാലിശമായിട്ടാകാം കണക്കാക്കുന്നത്. പക്ഷേ, എന്നെ സംബന്ധിച്ച് കഥ വലിയ സംഭവമായിരുന്നു. ഇപ്പോഴും ഞാന്‍ കഥ എന്ന തട്ടകത്തെ മുറുകെപ്പിടിക്കുന്നു. കഥയില്‍ഞാന്‍ എവിടെ നില്‍ക്കുന്നു എന്നെനിക്ക് അറിയില്ല. 

എഴുത്തും ജീവിതവും താങ്കള്‍ക്ക് രണ്ടാണോ?
ഒരുപക്ഷേ, ഞാന്‍രണ്ടിനേയും രണ്ടായി കാണാതെ വന്നതാണ് എന്റെ കുഴപ്പം.  സ്വപ്നത്തിന്റെ ഭാഷയിലായിരുന്നു ഞാന്‍ ജീവിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോയപ്പോള്‍ പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്- ഇതുവരെ ഒരു സ്വപ്നത്തില്‍ ആയിരുന്നോ ഞാന്‍ എന്ന്. ഒരു സ്വപ്നത്തിലായിരുന്നതുകൊണ്ട് ഇത്തരം വേര്‍തിരിവുകളെക്കുറിച്ച് പറയാന്‍ പറ്റില്ല.  തീര്‍ച്ചയായിട്ടും കൂലിപ്പണിക്കാരനെക്കാളും ഒരു ഇലക്ട്രീഷ്യനെക്കാളും മുകളിലായുള്ള ഒരു കല്‍പ്പന, ഒരു ഇമേജ് എഴുത്തുകാരന് കിട്ടുന്നുണ്ട്. 

എഴുത്ത് എന്ന ഇടപെടല്‍?
എഴുത്ത് എനിക്ക് സംഘര്‍ഷമല്ല. ആരുമായും ഞാന്‍ സംഘര്‍ഷം ഉണ്ടാക്കിയിട്ടില്ല. എങ്കിലും മനസ്സ് എപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. എന്റെ ജീവിതത്തിന്റേതായ പ്രയാസങ്ങള്‍കൊണ്ടും പ്രശ്‌നങ്ങള്‍കൊണ്ടും ആയിരുന്നു അത്. എഴുത്ത് എന്ന കര്‍മ്മം പല എഴുത്തുകാര്‍ക്കും പല രീതിയിലായിരിക്കാം. എന്നെ സംബന്ധിച്ച് അത് ഒരു വെളിപാടുപോലെയാണ്. ഉദാഹരണം, ചിത്രശലഭങ്ങളുടെ കപ്പല്‍ എന്ന കഥ. ഏലൂരിലെ വീട്ടിലിരുന്നാണ് അതെഴുതിയത്. പെട്ടെന്ന് എഴുതിപ്പോയ ഒരു കഥ. സംഭവിക്കപ്പെടുന്നതാണ് എഴുത്ത്. ലോകസാഹിത്യം നോക്കുകയാണെങ്കില്‍, ഓര്‍ഹാന്‍ പാമുക്ക് കൂറ്റന്‍ നോവലുകള്‍ എഴുതുന്നത് വല്ലാത്ത ഇന്‍സ്പിരേഷന്‍ കിട്ടിയിട്ടു തന്നെയാണ്. 

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന കൃതിയിലേക്ക് മടങ്ങിവരാം
എന്റെ കഥയെക്കുറിച്ച് ഞാന്‍ പറയുക എന്നതു വലിയ താല്‍പ്പര്യമുള്ള കാര്യമല്ല. എങ്കിലും, ആ സമാഹാരത്തില്‍ കുഴപ്പമില്ലാത്ത ചില കഥകള്‍ ആണ് ഉള്ളത് എന്നാണെനിക്ക് തോന്നുന്നത്. രാത്രികളുടെ രാത്രിയൊക്കെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. 'പനിക്കിടക്ക'എന്ന കഥ എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 

സക്കറിയാസാഹിത്യം ഒരു വലപോലെ താങ്കളിലെ വായനക്കാരനിലും എഴുത്തുകാരനിലും ഇടപെട്ടിട്ടുണ്ട്?
സക്കറിയ എന്ന എഴുത്തുകാരന്‍, ഒരു വലിയ പ്രവാഹം പോലെ വന്ന കാലത്തായിരുന്നു എന്റെയൊക്കെ എഴുത്തിന്റെ ആദ്യകാലം. സക്കറിയ എന്നെ തീവ്രമായി ആകര്‍ച്ചു. കാരണം അസ്തിത്വദു:ഖത്തിന്റെ പിറകേ പോകാതെ മാറിനിന്ന് സക്കറിയ ചിന്തിക്കുകയും കാര്യങ്ങളെ വിശകലനം ചെയ്യുകയും ചെയ്തു. ജീവിതത്തെ സൂക്ഷ്മമായി എഴുതി. സക്കറിയയുടെ വല, പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍എന്നീ കഥകളില്‍ എന്നെ വിസ്മയപ്പെടുത്തുന്ന ഒരു ലോകമുണ്ട്. പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന കഥയില്‍ ഒരു ഗവേഷകനെക്കാളും ആഴത്തിലാണ് എഴുത്തുകാരന്‍ നിലനില്‍ക്കുന്നത്. ഇലയുടെ അനക്കം, പാഴിലയുടെ അനക്കം എന്നിവയൊക്കെ ഒപ്പിയെടുത്തിട്ടുണ്ട്. ഇത്രമാത്രം സൂക്ഷ്മനിരീക്ഷണം മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല. എനിക്ക് എന്റേതായ ഒരു ലോകം. ഒരുപക്ഷേ, സക്കറിയയില്‍നിന്ന് പ്രചോദനംകൊണ്ട് ഉണ്ടായതുമാവാം.
അദൃശ്യമായ സൗഹൃദത്തിന്റെ ഒരു കാറ്റ്, പ്രകാശം, പ്രസരണം എന്നെയും സക്കറിയയേയും കൂട്ടിയോജിപ്പിച്ചതാകാം. ജീവിതംകൊണ്ടാണ് കുതറേണ്ടത്, ബാക്കിയൊക്കെ താനെ എത്തിച്ചേരും എന്നാണ് കഥാകൃത്ത് എന്ന നിലയില്‍ സക്കറിയ എനിക്ക്  തന്ന വാക്കുകള്‍. ആ വാക്കുകള്‍ എന്നെ പ്രചോദിപ്പിച്ചു.

ആദ്യകഥ?
അഞ്ചാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ ഫാക്ട് ഹൈസ്‌കൂള്‍ മാസികയില്‍ പ്രസിദ്ധീകരിച്ച അനുജത്തി. എല്ലാ വര്‍ഷവും മധ്യവേനലവധിക്കാലത്ത്... 'എന്റെ നെഞ്ചില്‍ ദു:ഖത്തിന്റെ പൂക്കള്‍ ഉറങ്ങിക്കിടക്കുന്നു' എന്ന കഥ. അന്നത്തെ വലിയ മോഡേണ്‍ കഥയായി പലരും പറഞ്ഞിരുന്നു. ആ മാസികയില്‍ ആദ്യകഥയായിത്തന്നെ അതു പ്രസിദ്ധീകരിച്ചു. മണ്ണില്‍ കിടക്കുമ്പോള്‍ മണ്ണില്‍ അലിഞ്ഞുപോകുന്ന ഒരു ഘട്ടം, ഒരു ഏകാന്തതയാണ് ആ കഥ. അതിനെക്കുറിച്ച് പൂര്‍ണ്ണമായ രൂപം ഉണ്ടായിട്ടില്ല.


എഴുത്തുകാരന്റെ സ്ഥാനം?
എഴുത്തുകാരന് ഉദാത്തമായ രചനകള്‍ എഴുതണമെങ്കില്‍ എല്ലാ മതങ്ങള്‍ക്കും പുറത്തുപോകണം. എല്ലാ വിശ്വാസങ്ങള്‍ക്കും പുറത്തുപോകണം. ഒരു കെട്ടുപാടുകളിലും അകപ്പെടാതെ നോക്കണം. ഒരു നിര്‍ബന്ധബുദ്ധി ഉണ്ടായിരിക്കണം. ഞാന്‍ മനുഷ്യസ്‌നേഹത്തിലൂന്നിയാണ് എഴുതുന്നത്. സ്‌നേഹം അമൂര്‍ത്തമായ കാര്യമാണ്. പക്ഷേ, എന്റെ ഉള്ളില്‍ സാഹിത്യേതരമായ മനുഷ്യസ്‌നേഹമുണ്ട്. ഒരു കര്‍ഷകനിലുള്ള മനുഷ്യസ്‌നേഹം. മനുഷ്യനെ മനുഷ്യനായിട്ട് മാത്രം കാണുന്ന ആളുകള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 

ഒരു നദിക്കരയിലിരുന്നുകൊണ്ട് നദിയെ വീക്ഷിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യേണ്ടത്. പക്ഷേ, ഞാന്‍ അതില്‍ വീണുപോയിട്ടുണ്ട്. ആ ഒഴുക്കില്‍ വീണുപോകും. അപ്പോള്‍ ഞാന്‍ കഥയില്‍ അദൃശ്യമായി സ്‌നേഹം ചിത്രീകരിക്കുന്നു. ജീവിതത്തെ അതുകൊണ്ടുതന്നെ വളരെ പക്വമായി കാണാന്‍ പറ്റാറില്ല. പക്വതയോടെ ജീവിതത്തെ ഞാന്‍ സമീപിച്ചിട്ടില്ല. 

'അത്ഭുതസമസ്യ' എന്ന കഥയിലെ കഥാപാത്രം ഞാന്‍ തന്നെയാണ്. എന്റെ ഒരു കാലഘട്ടത്തില്‍ അലഞ്ഞുതിരിയലുണ്ടായിരുന്നു. ആ ഒരു ജീവിതമാണതില്‍. എന്നെപ്പോലെ അലഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ ഉണ്ടാവില്ല. മഹാനഗരങ്ങളില്‍ പോയി അലഞ്ഞിട്ടില്ല. ഫാക്റ്റ് കോര്‍ട്ടേഴ്സ് വഴികളിലൂടെയും വ്യവസായ സ്ഥലമായ ഏലൂരിലൂടെ ഞാനെന്നും അലഞ്ഞു തിരിഞ്ഞു. കമ്പനിപ്പുകയും ജിപ്സവും കൂട്ടിയിട്ട സ്ഥലത്തിലൂടെയും ഞാന്‍ അലഞ്ഞു. എന്റെ ദു:ഖം, എന്റെ ഏകാന്തത ഇതെല്ലാം കഥയില്‍ വരിഞ്ഞുമുറുകിയിട്ടുണ്ട്. ഞാന്‍ അനുഭവിച്ച പരലോകമായിരുന്നു ഈ ഏലൂര്‍. കേരളത്തില്‍ എവിടെച്ചെന്നാലും അത്തരമൊരു സ്ഥലം ഉണ്ടാവില്ല. അവിടത്തെ അന്തരീക്ഷം, വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, തൊഴിലാളികളുടെ കെട്ടിടങ്ങള്‍ - ഇതിലൂടെ നടന്നു നടന്നാണ് കഥയുടെ ലോകം ഞാന്‍ കെട്ടിപ്പടുത്തത്.

അസംബന്ധ സാഹിത്യകാരന്‍ എന്നും പരലോക സാഹിത്യകാരന്‍ എന്നുമൊക്കെ എന്നെ വിളിച്ചവരുണ്ട്. (ചിരിക്കുന്നു). ഒരു ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍ക്കുന്നപോലെയോ ഒരു ചിത്രം കാണുന്നതുപോലെയോ ആസ്വദിക്കാനാവുന്നതല്ല കഥ. കഥ എപ്പോഴും ഒരു ഫ്രെയിമിലിട്ട് ആസ്വദിക്കാന്‍ കഴിയണമെന്നില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലല്ല കല. നമ്മള്‍ എന്തെങ്കിലും ഒന്ന് ഒളിപ്പിച്ചുവെയ്ക്കാത്ത കല എന്തിനാണ്? കഥാകാരന്റെ, കലാകാരന്റെ, സ്വാതന്ത്ര്യത്തെക്കുറിച്ച് ഇവിടെ പലര്‍ക്കും അറിയില്ല.

അപ്പനും അമ്മയും?
ഫാക്ടില്‍ തറക്കല്ലിട്ടപ്പോള്‍ അവിടത്തെ കൂലിപ്പണിക്കാരനായി അപ്പന്‍ ജോലിക്ക് കയറി. ഓപ്പറേറ്റര്‍ ആയിട്ടാണ് പിരിഞ്ഞത്. തൊമ്മന്‍ എന്നായിരുന്നു പേര്. അപ്പന്‍ വിക്രമാദിത്യകഥകള്‍ പറഞ്ഞു തരുമായിരുന്നു. പുത്തന്‍പാന ഗംഭീരമായി പാടുമായിരുന്നു. ഉച്ചസമയത്ത് കമ്പനിയില്‍ അദ്ദേഹത്തിന് ഞാന്‍ ചോറ് കൊണ്ടുപോയി കൊടുക്കും. നാഫ്ത പ്ലാന്റിലാണ് വര്‍ക്ക് ചെയ്തിരുന്നത്. 50 പൈസയൊക്കെ തരും. 'വഴിവിളക്കിലെ പാട്ട്' എന്ന ഒരു കവിത ഞാന്‍ ആ കാലത്ത് എഴുതിയിട്ടുണ്ട്. വരി ഇങ്ങനെയാണ്: ''ഞാന്‍ വഴിവക്കില്‍ നില്‍ക്കുന്നു. മഴപ്പാറ്റകള്‍ എന്നെ കൊത്തി, നിങ്ങള്‍ ആരും തിരിഞ്ഞുനോക്കുന്നില്ല'' എന്നിങ്ങനെ പോകുന്ന വരികള്‍. അമ്മച്ചി കുറേ കഷ്ടപ്പെട്ട വ്യക്തിയായിരുന്നു. ഭക്ഷണം കഴിക്കുകയില്ല. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കും. ചട്ടയും മുണ്ടുമൊക്കെയാണ് ധരിച്ചിരുന്നത്. 

നല്ല കലകള്‍, കലാകാരന്‍മാര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്?
എന്റെ രചനകളില്‍ വ്യത്യസ്ത അന്തരീക്ഷമാണ് മരിച്ച ആത്മാക്കളുടെ ലൈബ്രറിയിലുള്ളത്. പലപ്പോഴും അത് തിരിച്ചറിയപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. ഗായകരെ തന്നെ എടുക്കാം. യേശുദാസ് മാത്രമല്ലല്ലോ ഗായകന്‍. അയിരൂര്‍ സദാശിവന്‍, എ.കെ. സുകുമാരന്‍ ഇവരൊക്കെ നല്ല ഗായകരാണ്. കെ.സി. വര്‍ഗീസ് എന്ന മനോഹരമായി പാടുന്ന ഗായകനുണ്ടായിരുന്നു. 'സ്‌നേഹയമുനേ' എന്ന പാട്ടൊക്കെ പാടിയ തൃശൂര്‍കാരന്‍. അതിങ്ങനെ എല്ലാ മേഖലയിലുമുണ്ട് ശ്രദ്ധിക്കപ്പെടാതെ പോയവര്‍.  കായികരംഗത്തു തന്നെ, അത്ലറ്റുകളില്‍ എനിക്ക് നന്നായി അറിയാവുന്ന രംഗമാണത്. പപ്പന്‍ എന്ന ഇന്ത്യന്‍ ടീമിനെത്തന്നെ നയിച്ച വോളിബോളിലെ കായികതാരം. പന്ത് വളരെ കലാപരമായി മുകളില്‍ നിന്നടിച്ച് ഒരു വിരലുകൊണ്ട് കുത്തിയാണ് അപ്പുറത്തേക്ക് കളയുന്നത്. അത് ഒരു കലയാണ്. പക്ഷേ, ഈ രംഗത്തും അറിയപ്പെടാതെ പോയ ചില റിബലുകള്‍ ഉണ്ടായിരുന്നു. തൊടുപുഴ ഔസേപ്പ് എന്ന വ്യക്തി. അദ്ദേഹം അടിച്ച് പന്തിന്റെ ഷെയ്പ്പ് തന്നെ മാറ്റിയ ആളാണ്. ജിമ്മിജോര്‍ജ്ജിനെക്കുറിച്ച് എല്ലാവരും പറയുന്നുണ്ട്. പക്ഷേ, അസാധാരണനായ ഔസേപ്പിനെക്കുറിച്ച് ആരും പറയുന്നില്ല. സാഹിത്യത്തിലും ഈ പ്രവണതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com