പ്രഗ്‌നാനന്ദ, ആനന്ദിന്റെ പിന്‍ഗാമി

അഞ്ചുതവണ ലോക ചെസ്സ് ചാമ്പ്യനായ ഇന്ത്യയിലെ വിശ്വനാഥ് ആനന്ദിനൊരു പിന്‍ഗാമിയെ കിട്ടി എന്നു നമുക്കു അഭിമാനിക്കാം. 
ആര്‍. പ്രഗ്‌നാനന്ദ
ആര്‍. പ്രഗ്‌നാനന്ദ

ഞ്ചുതവണ ലോക ചെസ്സ് ചാമ്പ്യനായ ഇന്ത്യയിലെ വിശ്വനാഥ് ആനന്ദിനൊരു പിന്‍ഗാമിയെ കിട്ടി എന്നു നമുക്കു അഭിമാനിക്കാം. 
ഗണിതം, സംഗീതം, ചെസ്സ് എന്നീ മേഖലകളിലാണ് അസാധാരണ വൈഭവമുള്ള അത്യത്ഭുത ബാലപ്രതിഭകളെ പലപ്പോഴും കാണാറുള്ളത്. അക്കൂട്ടത്തില്‍ മോര്‍ഫി, ഫിഷര്‍ കാപ്പാബ്ലാങ്ക, റഷേവ്സ്‌കി, കാള്‍സന്‍ എന്നീ ചെസ്സ് മഹാരഥന്മാരെപ്പോലെ ഇപ്പോളിതാ ഒരാളെ ഇന്ത്യയ്ക്കും കിട്ടിയിരിക്കുന്നു. അതാണ് 12 വയസ്സില്‍ ഗ്രാന്റ് മാസ്റ്ററായ തമിഴ്‌നാട്ടിലെ പ്രഗ്‌നാനന്ദ. 

2002 ആഗസ്റ്റ് 12-നു ഉക്രൈനിലെ സര്‍ജികര്‍ ജാക്കിന്‍ എന്ന ബാലനായ മഹാരഥന്‍ ലോകത്തിലേറ്റവും ചെറുപ്പത്തില്‍ (12 വര്‍ഷം 7 മാസം) ഗ്രാന്റ് മാസ്റ്ററായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഈ റെക്കോര്‍ഡ് മാറ്റിമറിക്കുക അസാദ്ധ്യമാണെന്നു അഭിജ്ഞര്‍ അന്നു വാഴ്ത്തി. എന്നാല്‍ അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത ഒരു ഭാരതപുത്രന്‍, പ്രഗ്‌നാനന്ദ ഇപ്പോള്‍ രണ്ട് റെക്കോര്‍ഡിന്റെ അടുത്തെത്തി (12 വര്‍ഷം 10 മാസം 13 ദിവസം). പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ചരിത്രനേട്ടമായിത്തീര്‍ന്നിരിക്കുന്നു. ഈ കര്‍ജാക്കിന്‍ കഴിഞ്ഞ തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടധാരിയായിരുന്ന നോര്‍വേയിലെ മാഗ്‌നസ്‌കാള്‍സന്റെ ചാലഞ്ചറായിരുന്നു. അതില്‍ കാള്‍സന്‍ നിഷ്പ്രയാസം തന്റെ സ്ഥാനം നിലനിര്‍ത്തി. 

1969-ല്‍ ജനിച്ച വിശ്വനാഥ് ആനന്ദ് 18-ാം വയസ്സില്‍ ലോക ജൂനിയര്‍ ചാമ്പ്യനും ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ഗ്രാന്റ് മാസ്റ്ററും ആയി. ആര്‍. പ്രഗ്‌നാനന്ദ 12-ാം വയസ്സില്‍ ഗ്രാന്റ് മാസ്റ്ററും ഏയ് ഗ്രൂപ്പ് മത്സരത്തില്‍ ലോകചാമ്പ്യനുമാണ്. ലോക ജൂനിയര്‍ ചാമ്പ്യന്‍ പദവി സീനിയര്‍ തലത്തിലേക്കുള്ള കരുത്തുറ്റൊരു പടിയാണ്. കാസ്പറോവ്, കാര്‍ഷോവ്, ആനന്ദ് എന്നീ മഹാത്മാക്കള്‍ ആ പട്ടികയില്‍ ചവിട്ടിയാണ് ലോകകിരീടം കയ്യടക്കിയത്. 

ആര്‍. പ്രഗ്‌നാനന്ദ
തമിഴ്നാട്ടിലെ ബാങ്കുദ്യോഗസ്ഥാനായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും പുത്രനാണ് പ്രഗ്‌നാനന്ദ. ആ ബാലന്‍ ചെറുപ്പത്തില്‍ത്തന്നെ ചെസ്സില്‍ ആകൃഷ്ടനായി. ഗൗരവപൂര്‍വ്വം ശാസ്ത്രീയമായി അതു പഠിക്കാന്‍ തുടങ്ങി. ഈ വിനോദത്തിന്റെ ജന്മഭൂമി (ഭാരതം) യില്‍നിന്നുയര്‍ന്നുവന്ന വീരപുത്രന് ഇനി നമ്മുടെ കായികമണ്ഡലത്തില്‍ അവിസ്മരണീയമായ സ്ഥാനം തന്നെയുണ്ട്. 

വിശ്വനാഥന്‍ ആനന്ദ്
വിശ്വനാഥന്‍ ആനന്ദ്

ഒരു കളിക്കാരന്‍ താന്‍ പരാജയപ്പെടുന്ന ഗെയിമില്‍ നിന്നാണ് ഏറെ പഠിക്കുക എന്നു മഹാനായ കാപ്പാബ്ലാങ്ക (ക്യൂബ) പറഞ്ഞിട്ടുള്ളതു വേദവാക്യം പോലെ പ്രഗ്‌ന ഓര്‍ക്കുന്നു. ഒരു ഗെയിം തീര്‍ന്നു ചിരിച്ചുകൊണ്ടു ഹാളില്‍നിന്നു ഈ ബാലന്‍ ഇറങ്ങിവരുന്നതു കണ്ടാല്‍ അയാള്‍ക്കു ജയമാണോ തോല്‍വിയാണോ നേരിട്ടതെന്നു നമുക്കു പറയാനാവില്ല. സാധാരണയായി കുട്ടികള്‍ തോറ്റ ഗെയിം അപഗ്രഥിക്കാറില്ല. എന്നാല്‍, പ്രഗ്‌ന അതു ചെയ്യും. ഈ ഊര്‍ജ്ജസ്വലനായ താരത്തെ മറ്റുള്ളവരില്‍നിന്നു ഭിന്നനാക്കുന്ന മുഖ്യ ഗുണമാണത്. അയാള്‍ക്കു തന്റെ നിലപാടില്‍ നല്ല പ്രതീക്ഷയുണ്ട്.

ഈയിടെ നെതര്‍ലാന്‍ഡിലെ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ തന്റെ ഗ്രാന്റ് മാസ്റ്റര്‍ തോത് പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിക്കാമെന്നു വിചാരിച്ചിരിക്കെ 9 ഗെയിമില്‍നിന്നും  6 എണ്ണം ഈ സമര്‍ത്ഥന്‍ തോറ്റു. തുടക്കത്തില്‍ 4-ാം സ്ഥാനത്തായിരുന്ന ആള്‍ ഒടുക്കം രണ്ടാം സ്ഥാനത്തായിപ്പോയി. ശിക്ഷകനായ എം.ആര്‍. രമേഷ് പറയുന്നു. അതാണ് ഇയാളുടെ ഏറ്റവും മോശമായ പ്രകടനമെന്ന്. എന്തുവന്നാലും ഒരു കുഴപ്പവുമില്ല ഈ ബാലന്. ഈ സ്പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അധികം പേരിലും കാണാത്ത ഒരു പ്ലസ് പോയിന്റാണ്.

ഗ്രാന്റ്മാസ്റ്റര്‍
ഇറ്റലിയില്‍ നടന്ന ഇപ്പോത്തെ ടൂര്‍ണമെന്റില്‍ (ജൂണ്‍ 2018) സമയസമ്മര്‍ദ്ദത്തില്‍ കുടുങ്ങാതെ ഈ ബുദ്ധിമാന്‍ രണ്ടാം സ്ഥാനം കയ്യടക്കിയത് ഏറെ ശ്രദ്ധേയമാണ്. അങ്ങനെ ലോകത്തില്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്റ് മാസ്റ്ററായ മിടുക്കന്‍ കായിക ഭാരതത്തിന്റെ പതാകാവാഹകനായി. മറ്റൊരു ഇന്ത്യക്കാരനായ പരിമാര്‍ജന്‍ നേഗിയുടെ ഗ്രാന്റ് മാസ്റ്റര്‍ റെക്കോര്‍ഡും (13 വര്‍ഷം 4 മാസം 22 ദിവസം, 2006) പ്രഗ്‌ന തിരുത്തി. അങ്ങനെ മൂന്നാമത്തെ ഗ്രാന്റ് മാസ്റ്റര്‍ തോതും ആ പദവിയും 2529 റേറ്റിങ്ങും നേടിയപ്പോള്‍ ആ ബഹുമതി ആ ശിരസ്സിന് അലങ്കാരമായിത്തീര്‍ന്നു. 

കഴിഞ്ഞ മാര്‍ച്ചില്‍ ഒരു മത്സരത്തില്‍നിന്നു ഈ ബഹുമതി കിട്ടാതെപോയത് ചില സാങ്കേതിക കുഴപ്പം മൂലമാണ്. മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും (ഇറ്റലി 2017) ഫിഷര്‍ സ്മരകമത്സരത്തിലും (ഗ്രീസ് ഏപ്രില്‍ 2018) ഓരോ ഗ്രാന്റ് മാസ്റ്റര്‍ നോം (തോതു) ഈ പിഞ്ചു ബാലന്‍ നേടിയിട്ടുണ്ടായിരുന്നു. ഈ അനുഭവസമ്പത്ത് ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ ഏറെ ഉപകരിച്ചു. 

ഈ നര്‍ണ്ണായക ചാമ്പ്യന്‍ഷിപ്പില്‍  8 പോയിന്റും രണ്ടാംസ്ഥാനവും കയ്യടക്കിയത് ചാമ്പ്യനെക്കാള്‍ അര പോയിന്റ് വ്യത്യാസത്തിലാണ്. റാംകാസിസ്റ്റംസിന്റെ ചെയര്‍മാനും അഖിലേന്ത്യാ ചെസ്സ് സംഘടനാ പ്രസിഡന്റുമായ പി.ആര്‍. വെങ്കിട്ടരാമരാജയുടെ സ്പോണ്‍സര്‍ഷിപ്പ് തക്കസമയത്തു ലഭിച്ചത് ഈ കൊച്ചു താരത്തിനു വളരെ ഗുണം ചെയ്തു. മികച്ച അന്താരാഷ്ട്ര മത്സര പങ്കാളിത്തവും വിദഗ്ദ്ധ ശാസ്ത്രീയ ശിക്ഷണവും വളരെ പണച്ചെലവ് ഉള്ളതാണ്. കേരളത്തില്‍നിന്ന് ആദ്യം ഗ്രാന്റ് മാസ്റ്ററായ എറണാകുളത്തെ ജി.എന്‍. ഗോപാലിനു ഒരു മാസത്തെ മികച്ച അന്താരാഷ്ട്ര ശിക്ഷണത്തിനു 14 വര്‍ഷം മുന്‍പ് 2 ലക്ഷം രൂപയാണ് ചെലവായതെന്ന് നമുക്ക് ഓര്‍ക്കാം. കംപ്യൂട്ടറും ഒന്നാംകിട ഗ്രാന്റ് മാസ്റ്ററുടെ നിരന്തര സഹായവും അതിന് അത്യന്താപേക്ഷിതമാണ്. എല്ലാ സാഹചര്യവും ഒത്തുവന്നതിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് ഈ മഹത്തായ നേട്ടം. 

ചെസ്സിന്റെ ബാലപാഠം ഗ്രഹിച്ച ശേഷം രമേഷ് എന്ന സമര്‍ത്ഥ ഗ്രാന്റ് മാസ്റ്ററുടെ കീഴില്‍ വളരെ നാള്‍ പരിശീലിച്ചതു പ്രഗ്‌നയെ ഒരു പുതിയ ലോകത്തിലേക്ക് ഉയര്‍ത്തി. അതിസമര്‍ത്ഥനായ ഗ്രാന്റ് മാസ്റ്ററും സമരതന്ത്രാവിഷ്‌കരണത്തില്‍ ഒന്നാംകിട താരവുമായ രമേഷ് സ്വന്തം ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ശിക്ഷകനായി ഈ ബാലനെ സഹായിച്ചതിന്റെ ഗുണം ശരിക്കു കണ്ടു. അതിനാല്‍ പ്രഗ്‌ന ഒരു ഭാഗ്യശാലിയാണെന്നുകൂടി പറയാം.

ആര്‍. പ്രഗ്‌നാനന്ദ
ആര്‍. പ്രഗ്‌നാനന്ദ

നാല് വര്‍ഷം മുന്‍പ് ചെന്നൈയിലെ ഒരു സംരംഭത്തിലാണ് താന്‍ അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയതെന്ന് പ്രഗ്‌നയുടെ മാതാവ് പറയുന്നു. അതിലെ ഒരു ജേതാവായിരുന്നു പ്രഗ്‌ന. അന്ന് അയാളുടെ ബുദ്ധിശക്തിയും ആസൂത്രണ പാടവവും കണ്ട് ആശ്ചര്യപ്പെട്ടു താന്‍ മകനു ശിക്ഷണം കൊടുക്കാമെന്നു രമേഷ് ബാബുവിനോടു പറഞ്ഞു. തേടിയ വള്ളി കാലേല്‍ ചുറ്റിയതുപോലെ സസന്തോഷം അദ്ദേഹമത് സമ്മതിച്ചു. കാലം മുന്‍പോട്ടു നീങ്ങി. 
പ്രഗ്‌നയുടെ മൂത്ത സഹോദരി എയ്ജ് ഗ്രൂപ്പ് വിഭാഗത്തില്‍ രണ്ട് ലോക കിരീടം കരസ്ഥമാക്കിയിട്ടുണ്ട്.  ആ കുട്ടി പ്രഗ്‌നാനന്ദയുടെ ശിക്ഷണത്തില്‍ കാര്യമായ പങ്കുവഹിച്ചു. ശിക്ഷണത്തില്‍ സഹായിക്കാന്‍ വീട്ടില്‍ത്തന്നെ നല്ലൊരു കളിക്കാരനുണ്ടായിരുന്നത് ഏതൊരാള്‍ക്കും ഒരു ഗുണമാണ്. ശിക്ഷകന്റെ ഈ അഭിപ്രായം ഒരു നല്ല അനുഗ്രഹമാണ്. 

അങ്ങനെയിരിക്കെ ഒരു മത്സരത്തില്‍ വ്യത്യസ്ത വിഭാഗത്തില്‍ ഈ സഹോദരങ്ങള്‍ക്കു ഒന്നിച്ചു പങ്കെടുക്കാന്‍ അവസരം കിട്ടി. ഏഷ്യന്‍ യൂത്ത് ചെസ്സ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ശിക്ഷകന്‍ മലയാളിയായ ടി.ജെ. സുരേഷ്‌കുമാറായിരുന്നു. മത്സരശേഷം ഫലമെന്തായാലും പ്രഗ്‌നാനന്ദ നിരാശനായി മുങ്ങാറില്ലെന്ന് ആ ശിക്ഷകന്‍ ഓര്‍ക്കുന്നു. 
ചെസ്സിലെ അയാളുടെ മോഹങ്ങള്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ ഹിന്ദു പത്രത്തിലെ ഒരു ലേഖകന്‍ പ്രഗ്‌നാനന്ദയോട് ചോദിച്ചു. തന്റെ അന്തിമലക്ഷ്യം ലോകചാമ്പ്യന്‍ പദവി എന്നായിരുന്നു അതിന്റെ ഉത്തരം. എന്നാല്‍ ഇപ്പോള്‍ ആദ്യം റേറ്റിങ്ങ് മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ലോകത്തിലെ 10 അത്യുന്നത കളിക്കാരില്‍ ഒരാളാകാന്‍ റേറ്റിങ്ങ് 2750 എങ്കിലും ആര്‍ജ്ജിക്കണം. 2800-നു മേല്‍ റേറ്റിങ്ങ് കിട്ടിയിട്ടുള്ള അഞ്ചാറ് വിശ്വോത്തര കളിക്കാരില്‍ ഭാരതീയന്‍ ആനന്ദ് മാത്രമാണ്. പ്രഗ്‌നാനന്ദയ്ക്ക് 2700-ലെത്താനുള്ള നിലവാരം ഉണ്ടെന്നാണ് ഇപ്പോള്‍ കോച്ചിന്റെ അഭിപ്രായം. താമസിയാതെ പ്രഗ്‌ന അതു നേടുമെന്നു രമേഷ് ഉറപ്പിച്ചു പറയുന്നത് നമുക്ക് വിശ്വസിക്കാം. 
ഈയിടെ ഒരു മികച്ച താരത്തോട് കളിച്ച് തന്റെ റേറ്റിങ്ങിന്റെ മാറ്റുരച്ചു നോക്കാന്‍ അയാള്‍ക്ക് അവസരം കിട്ടി. സ്പെയിനിലെ (ലിയോണ്‍) മത്സരത്തില്‍ പ്രഗ്‌ന, ലോക ഏഴാം നമ്പര്‍ താര (വെസ്ലി)വുമായി പൊരുതി. ഈ മത്സരശേഷം എതിരാളി പ്രഗ്‌നയെ വിളിച്ചു. അയാള്‍ പ്രതിഭാശാലിയാണെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഒരാളോടു തന്നെ 4 ഗെയിമുള്ള ആ ഏറ്റുമുട്ടലില്‍ പ്രഗ്‌നയ്ക്ക് 11/2pt. കിട്ടി. മികച്ച ഒരു ഫോട്ടോഗ്രാഫര്‍ (ഡേവിഡ് ലാഡി) പറഞ്ഞത് മദ്രാസില്‍നിന്ന് അലറിത്തകര്‍ക്കുന്ന ഒരു കടുവ ലിയോണ്‍ പട്ടണത്തെ വിറപ്പിച്ചുവെന്നാണ്. 64 കളത്തില്‍, ഈ ടൈഗര്‍ ക്ലബ്ബിലെ അംഗത്തിന്റെ പൊരിഞ്ഞ പോരാട്ടം ഏതാനും വര്‍ഷം ലോകം കാണുമെന്നു നമുക്കു പ്രതീക്ഷിക്കാം. 
ഭാരത കായിക വേദിയുടെ അഭിമാനഭാജനമായി മാറിയ പ്രഗ്‌നാനന്ദ, ലോകതലത്തില്‍ത്തന്നെ വളരെ പ്രതീക്ഷയുണര്‍ത്തുന്ന പ്രോജ്ജ്വല താരമാണ്. ഇത്തരം മുന്തിയ പ്രതിഭാശാലികളെയാണ് പുതുതലമുറയ്ക്ക് മുന്‍പില്‍ മാതൃകയായി അവതരിപ്പിക്കേണ്ടത്. 

ചെറുപ്പത്തില്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ - ചാര്‍ട്ട്
ക്രമനമ്പര്‍    കളിക്കാരന്‍    രാജ്യം    പ്രായം    റേറ്റിങ്ങ്    G.M. കാലം
1.സോര്‍ജികര്‍ ജാകിന്‍    ഉക്രൈന്‍    12 വര്‍ഷം 7 മാസം    2527    12 ആഗസ്റ്റ് 2002
2.ആര്‍. പ്രഗ്‌നാനന്ദ    ഇന്ത്യ    12 വര്‍ഷം 10 മാസം    2529    23 ജൂണ്‍ 2018
3.എന്‍. അബ്ദുസത്തോറോവ്    ഉസ്ബക്    13 വര്‍ഷം 1 മാസം 11 ദിവസം    2498    19 ഒക്ടോബര്‍ 2017
4.പരിമാര്‍ജന്‍ നേഗി    ഇന്ത്യ    13 വര്‍ഷം 4 മാസം 22 ദിവസം    2480 1 ജൂലായ് 2006
5.മാഗ്‌നസ്‌കാള്‍സന്‍    നോര്‍വ്വെ    13 വര്‍ഷം 4 മാസം 27 ദിവസം    2567    26 ഏപ്രില്‍ 2004
6.വിയി    ചൈന    13 വര്‍ഷം 8 മാസം 23 ദിവസം    2526    26 ഫെബ്രുവരി 2013
7.ബുസിയാഴി    ചൈന    13 വര്‍ഷം 10 മാസം 13 ദിവസം    2565    23 ഒക്ടോബര്‍ 1999
8.സാമുവെല്‍ സെവിയന്‍    യു.എസ്.എ    13 വര്‍ഷം 10 മാസം 27 ദിവസം    2484    22 നവംബര്‍ 2014
9.റിച്ചേര്‍ഡ് റപ്പോര്‍ട്ട്    ഹംഗറി    13 വര്‍ഷം 11 മാസം 6 ദിവസം    2486    3 മാര്‍ച്ച് 2010
10.ടി. റാഡ്ജൂബോവ്    അസര്‍ ബൈജാന്‍    14 വര്‍ഷം  14 ദിവസം 2533    26 മാര്‍ച്ച് 2001

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com