അപ്പോളോ - 11 ഒരു ചാന്ദ്രയുടെ അരങ്ങും  അണിയറയും

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും വലിയ കാലടയാളം എന്ന് പറയുന്നുണ്ടല്ലോ!
അപ്പോളോ - 11 ഒരു ചാന്ദ്രയുടെ അരങ്ങും  അണിയറയും

നുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും വലിയ കാലടയാളം എന്ന് പറയുന്നുണ്ടല്ലോ! മനുഷ്യന്റെ ഈ ചെറിയ കാലടി മനുഷ്യ സമൂഹത്തിന്റെ വലിയ ഒരു കുതിപ്പ് എന്ന് അപ്പോളോ-11 ന്റെ ക്യാപ്റ്റന്‍ നീല്‍ ആംസ്ട്രോങ് ആവേശഭരിതനായി ചന്ദ്രനില്‍നിന്നും വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ അപ്പോളോ-11-ലെ യാത്ര ഒട്ടും ഗൗരവം നിറഞ്ഞതായിരുന്നില്ലെന്നും യാത്രികരുടെ ചെയ്തികള്‍ ഒരു കുട്ടിക്കളിയെന്നോണം ഗൗരവം ചോര്‍ത്തിക്കളയുന്നതാണെന്നും ഒരു പിന്നാമ്പുറ കഥയുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തമാശക്കളിയെന്ന് തോന്നിപ്പിക്കുന്ന പലതും ആ ചരിത്രയാത്ര ഒപ്പം പേറിയിരുന്നു. ആ കഥയൊക്കെ കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ ചന്ദ്രനില്‍ കാലുകുത്തിയത് ആരുടെയോ ഭാഗ്യംകൊണ്ട് എങ്ങനെയോ സംഭവിച്ചത് എന്ന് തോന്നിപ്പോകും. അപ്പോളോ-11 ദൗത്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി ആഘോഷിക്കാന്‍ ഇരിക്കുന്ന ഈ വേളയില്‍ ഗൗരവതരമല്ലാതെയും ബഹിരാകാശയാത്ര എങ്ങനെ നടത്താം എന്നതിന്റെ രേഖാവിവരണം തമാശയ്ക്കും ഞെട്ടലിനും ഒരേപോലെ സ്ഥാനം നല്‍കുന്നു. ആംസ്ട്രോങും ആല്‍ഡ്രിനും ചന്ദ്രനില്‍നിന്നും പെറുക്കിക്കൊണ്ടുവന്ന പാറക്കഷണങ്ങള്‍ നാസയും നിക്സണ്‍ സര്‍ക്കാരും അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഇവയൊക്കെ കൃഷ്ണമണിപോലെ കാത്തുകൊള്ളണമെന്ന് പറഞ്ഞിട്ടും അവയില്‍ പലതും കാണാനില്ലെന്ന് ഒരു പുതിയ വാര്‍ത്ത വന്നിരിക്കുന്നു. അപൂര്‍വ്വ വിവരങ്ങള്‍ അടങ്ങിയ ചാന്ദ്രശിലയുടെ നഷ്ടം ഗൗരവമായി തോന്നാത്തതില്‍നിന്നും നമുക്ക് പിന്നോട്ട് യാത്ര ചെയ്യാം. ബാലിശമായ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചുണ്ടാക്കിയ ചാന്ദ്രയാത്രയെന്ന ചരിത്രദൗത്യം ചിരിച്ചു മണ്ണുകപ്പാനുള്ള വകയും നമുക്കുതരുന്നു.
1969-ല്‍ നാസ അപ്പോളോ-11 ദൗത്യം വിഭാവനം ചെയ്തപ്പോള്‍ നീല്‍ ആംസ്ട്രോങ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നീ മൂന്ന് യാത്രികരുടെ പേരുകള്‍ ആ വര്‍ഷാരംഭത്തില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. അപ്പോളോ-11-ന്റെ കമാന്ററായി ആംസ്ട്രോങിനേയും പൈലറ്റായി ആല്‍ഡ്രിനേയും കൊളംബിയ പേടകത്തിന്റെ നിയന്ത്രകനായി കോളിന്‍സിനേയും നിശ്ചയിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായി; ചന്ദ്രമണ്ഡലത്തില്‍ പേടകമെത്തുകയാണെങ്കില്‍ ആ മണ്ണില്‍ കാലുകുത്താന്‍ പോകുന്നത് ആംസ്ട്രോങും ആല്‍ഡ്രിനും മാത്രമായിരിക്കും. അപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ യാത്രികരെയും കാത്തുകൊണ്ട് കോളിന്‍സ് കൊളംബിയ പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കണം. പക്ഷേ, മേല്‍പ്പറഞ്ഞ രണ്ട് പേരില്‍ ആരായിരിക്കും ചന്ദ്രനില്‍ ആദ്യം കാലെടുത്തുവക്കുക എന്നത് നാസ വ്യക്തമാക്കിയിരുന്നില്ല ആംസ്ട്രോങിനേയും, ആല്‍ഡ്രിനേയും പോലെ ലോകം മുഴുവന്‍ ഇക്കാര്യത്തില്‍ തലപുകച്ചുകൊണ്ടിരുന്നു. 1961-ല്‍ ജമിനി-8 റോക്കറ്റില്‍ കയറിപ്പോയ പരിചയം ആംസ്ട്രോങിനുള്ളപ്പോള്‍ 1966-ല്‍ ജമിനി-12 റോക്കറ്റില്‍ കയറിപ്പോയതിന്റെ പിന്‍ബലം ആല്‍ഡ്രിനുമുണ്ടായിരുന്നു.

ഗുരുത്വാകര്‍ഷണമില്ലാതെ ജലത്തിനടിയില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ആല്‍ഡ്രിന്‍ കെങ്കേമനാണെന്നത് നാസക്ക് നന്നായി അറിയാമായിരുന്നു. അതില്‍ അതിരുകവിഞ്ഞ വിശ്വാസം ആല്‍ഡ്രിനുമുണ്ടായിരുന്നു. തന്റെ കാലടിയായിരിക്കും ചന്ദ്രനില്‍ ആദ്യം പതിയുക എന്ന് ഊണിലും ഉറക്കത്തിലും ആല്‍ഡ്രിന്‍ കൊതിക്കുകയും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്തൊക്കെ നാസയിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ആംസ്ട്രോങ് വെറുതെ കാറ്റുകൊണ്ടു നടന്നു. നാസ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരില്‍ പ്രേരണ ചെലുത്താനും ആല്‍ഡ്രിന്‍ പത്രമാധ്യമങ്ങള്‍ വഴി കുറച്ചൊക്കെ 'രാഷ്ട്രീയം' കളിച്ചു എന്നാണ് അടുക്കള വര്‍ത്തമാനം. എന്നാല്‍ ചാന്ദ്രവിക്ഷേപണത്തിന് കൃത്യം മൂന്ന് മാസം മുന്‍പാണ് ചന്ദ്രനില്‍ ആദ്യം കാലുകുത്തുന്നത് ആംസ്ട്രോങ് ആയിരിക്കും എന്ന് നാസ പ്രഖ്യാപിക്കുന്നത്. ഇത് ആല്‍ഡ്രിനെ ഒട്ടൊന്നുമല്ല പിടിച്ചുകുലുക്കിയത്. 1969 ജൂലൈ 16-ന് കെന്നഡി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ, ചന്ദ്രനിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഈഗിള്‍ പേടകത്തെ വഹിച്ചുകൊണ്ടുള്ള സാറ്റേണ്‍-വി റോക്കറ്റിലേക്ക് വെളുത്ത ബഹിരാകാശ വസ്ത്രമണിഞ്ഞ് നടന്നുനീങ്ങിയ മൂന്ന് യാത്രികരില്‍ ഏറ്റവും പിന്നിലുണ്ടായിരുന്നത് ബസ് ആല്‍ഡ്രിന്‍ ആയിരുന്നു. നാസയുടെ തീരുമാനങ്ങള്‍ക്കെല്ലാം സമ്മതം നല്‍കിയ അയാള്‍ മനസ്സില്‍ മറ്റെന്തൊക്കെയോ നിശ്ചയിച്ചുറച്ചിരുന്നു. എന്നാല്‍ അവര്‍ മൂവരും ഒരു കാര്യത്തില്‍ തുല്യരായിരുന്നു. തിരിച്ചുവരാന്‍ കഴിയുമെന്ന് ഒരുറപ്പുമില്ലാത്ത ആ യാത്രയില്‍ വേഗതകൂട്ടി സ്പന്ദിച്ച അവരുടെ ഹൃദയം ഒരേ ചരടില്‍ കോര്‍ത്തുകിടന്നത് ഹെല്‍മറ്റിന്റെ മുഖംമൂടിയാല്‍ വിദഗ്ദ്ധമായി മറയ്ക്കപ്പെട്ടു. 

ചാന്ദ്രയാത്രികരായി നാസ തങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതിനൊപ്പം ഒരു ദുഃഖവും യാത്രികരെ ചൂഴ്ന്നുനിന്നു. ജീവന് ഒരുറപ്പുമില്ലാത്ത ആ യാത്രയ്ക്കുവേണ്ടി വലിയൊരു തുക ലൈഫ് ഇന്‍ഷുറന്‍സിനുവേണ്ടി നീക്കിവെക്കാന്‍ മാത്രം ധനികരായിരുന്നില്ല മൂന്നുപേരും. ആ ബാധ്യത ഏറ്റെടുക്കാന്‍ നാസ തയ്യാറായതുമില്ല. കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കിയിരുന്ന ആംസ്ട്രോങാണ് ഇതില്‍ കൂടുതലും ഉലഞ്ഞത്. ചന്ദ്രനില്‍നിന്ന് തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാല്‍ യാത്രികര്‍ കൂടുതല്‍ സമയവും കുടുംബത്തോടൊപ്പം ചെലവഴിച്ചു. പിന്നീടവര്‍ ഒരു തീരുമാനത്തിലെത്തി. ആയിരക്കണക്കിന് പോസ്റ്റല്‍ കവറുകള്‍ വാങ്ങി അതിലെല്ലാം ഓട്ടോഗ്രാഫായി ഒപ്പുവച്ചു. ആ കവറുകളെല്ലാം തങ്ങളുടെ പൊതു സുഹൃത്തിന് അയച്ചുകൊടുക്കുകയും തങ്ങള്‍ യാത്രയില്‍ മരിക്കുകയാണെങ്കില്‍ ഈ ഓട്ടോഗ്രാഫിന് വിലയേറുമെന്നതിനാല്‍ അവ വിറ്റുകിട്ടുന്ന തുക തങ്ങളുടെ കുടുംബത്തിന് നല്‍കണമെന്നും അവര്‍ സുഹൃത്തിനോട് പറഞ്ഞു. റോബര്‍ട്ട് പേള്‍മാന്‍ എന്ന ബഹിരാകാശ ചരിത്രഗവേഷകന്‍ പറയുന്നത് 1990-കളില്‍ ഓരോ ഓട്ടോഗ്രാഫിനും മുപ്പതിനായിരം ഡോളര്‍ വരെ വിലവരുമെന്നായിരുന്നു. എന്നാല്‍ യാത്രികര്‍ മൂന്നുപേരും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ഓട്ടോഗ്രാഫുകളെക്കുറിച്ച് പലപ്പോഴും അവര്‍ തമാശ പറഞ്ഞു ചിരിച്ചു.


ചാന്ദ്രയാത്രയില്‍, ഒരു വഴിക്ക് പോകുന്നതല്ലേ ഇതുകൂടി ഇരിക്കട്ടെ എന്ന മട്ടില്‍ ആംസ്ട്രോങിന്റെ ബാഗില്‍ ഒരു മരക്കഷണം ഉണ്ടായിരുന്നു. ഒഹിയൊ ദേശവാസിയായ ആംസ്ട്രോങ് മറ്റൊരു ഒഹിയൊവാസിയുടെ കൈവിരല്‍ സ്പര്‍ശമേറ്റ മരക്കഷണത്തെയാണ് ചാന്ദ്രയാത്രയില്‍ ഒപ്പം കൊണ്ടുപോയത്. അത് വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരുടെ കൈവിരല്‍ സ്പര്‍ശമുള്ള വിമാനത്തിന്റെ കഷ്ണമായിരുന്നു.
ലോകത്തിന്റെ നെറുകയില്‍ അമേരിക്കയേയും ശാസ്ത്രലോകത്തേയും പ്രതിഷ്ഠിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു ചാന്ദ്രയാത്ര. റഷ്യയുമൊരുമിച്ചുള്ള യാത്രയായിരുന്നു ആദ്യം വിഭാവനം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കെന്നഡിയുടെ മരണത്തിനുശേഷം നിക്സണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ യാത്ര അമേരിക്കയുടേതു മാത്രമാവണമെന്ന് തിരുത്തുണ്ടായി. യാത്ര, ജൂലൈ 16-ന് എന്ന് തീരുമാനിക്കുന്നതിനും മുന്‍പ് ബഹിരാകാശ യാത്രികര്‍ക്കുള്ള സ്പെയ്സ് സ്യൂട്ട് നിര്‍മ്മിക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കപ്പെട്ടു. നിരവധി കമ്പനികള്‍ നാസയെ സമീപിച്ചു. എന്നാല്‍ അന്താരാഷ്ട്ര ലാറ്റക്സ് കോര്‍പ്പറേഷന്റെ വ്യാവസായിക വിഭാഗമായ പ്ലേ ടെക്സ് എന്ന കമ്പനിയാണ് ദര്‍ഘാസ് നേടിയത്. വലിയൊരു തമാശ, ഒരു കൂട്ടം വയസ്സായ സ്ത്രീകള്‍ പണിയെടുക്കുന്ന അമേരിക്കയിലെ ഒരു ബ്രാ നിര്‍മ്മാണ കമ്പനിയാണ് പ്ലേ ടെക്സ്. ഇവര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ബഹിരാകാശ വസ്ത്രത്തിന്റെ ഡിസൈന്‍ ഇവര്‍ മറ്റൊരിടത്തുനിന്ന് മോഷ്ടിച്ചതുമാണ്.

അപ്പോളൊ യാത്രകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അപ്പോളൊ-1-ന്റെ ദുരന്തമുഖം ഓര്‍ക്കാതിരിക്കാനാവില്ല. അവസാനവട്ട പരിശീലനത്തിനിടയിലാണല്ലൊ റോക്കറ്റിലുറപ്പിച്ച പേടകം തീപിടിച്ച് പൊട്ടിത്തെറിക്കുകയും രക്ഷപ്പെടുത്താനാവാത്തവിധം മൂന്നു യാത്രികരും കത്തിക്കരിയുകയും ചെയ്തത്. അപ്പോളൊ-11-ലെ യാത്രികരും ഈ ദുരന്തത്തെക്കുറിച്ച് പല തവണ ചര്‍ച്ചചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ യാത്രയില്‍ കൂടുതല്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. ശ്രദ്ധ കൂടിയതുകൊണ്ടാണോ അതോ ശ്രദ്ധ കുറഞ്ഞതുകൊണ്ടാണോ എന്നറിയില്ല; അല്‍ഡ്രില്‍, താന്‍ ദിവസവും ചെയ്ത് തീര്‍ക്കേണ്ട ജോലികളുടെ ചെക്ക്ലിസ്റ്റ് പേടകത്തിന്റെ ചുമരില്‍ എഴുതി തൂക്കേണ്ടതിന് പകരം തന്റെ സ്പേസ് സ്യൂട്ടിന്റെ ഇടതുകയ്യിലെ കയ്യുറമേലാണ് ഇവ എഴുതിപിടിപ്പിച്ചത്. ആ കയ്യുറ നാസ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ഇന്നത്തെ ഒരു സെല്‍ഫോണിന്റെ ശക്തിയെക്കാള്‍ എത്രയോ കുറവായിരുന്നു അപ്പോളൊ പേടകത്തില്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍ക്കുണ്ടായിരുന്നത് എന്നത് ശരിക്കും ഞെട്ടലുളവാക്കുന്നതുതന്നെയാണ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ കൊളംബിയ പേടകത്തില്‍ നിന്നും ആംസ്ട്രോങിനേയും ആല്‍ഡ്രിനേയും വഹിച്ചുകൊണ്ട് ഈഗിള്‍ പേടകം വേര്‍പെട്ടപ്പോള്‍ പൊട്ടിത്തെറിപോലെ ഒരു വലിയ ശബ്ദമുണ്ടായത് മൂന്ന് യാത്രികരേയും പരിഭ്രമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ചന്ദ്രോപരിതലത്തിലേക്ക് താഴ്ന്നിറങ്ങുന്ന ഈഗിളിനെ കൊളംബിയയുടെ ജനലിലൂടെ ഒട്ടൊരു ഭയാശങ്കയില്‍ കോളിന്‍സ് നോക്കി. ആപത്തുകളെക്കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ ആ ഏകാകിയുടെ മനസ്സിനെ മുഖം എന്നതുപോല്‍ വിവര്‍ണ്ണമാക്കി. ഇതേ സമയം ഈഗിളിന്റെ കമാന്റര്‍ ആംസ്ട്രോങ് തന്റെ വാഹനത്തിന് നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലാക്കുകയായിരുന്നു. അയാള്‍ സ്പെയ്സ് സ്യൂട്ടിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ത്തു. ചന്ദ്രോപരിതലത്തില്‍ പേടകം ഇറങ്ങേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും ഒരിക്കലും അവിടെ ഇറങ്ങാന്‍ കഴിയില്ലെന്ന് യാത്രികര്‍ക്ക് മനസ്സിലായി. ഉദ്ദേശിച്ച സ്ഥലത്തുനിന്നും വാഹനം അതിവേഗത്തില്‍ മൈലുകള്‍ മാറി സഞ്ചരിക്കുകയായിരുന്നു. അഗാധഗര്‍ത്തങ്ങള്‍ക്കും കുന്നുകള്‍ക്കും മുകളിലൂടെ ഈഗിള്‍ പാറിപറന്നു. പേടകം ഉടന്‍ നിലത്തിറക്കിയില്ലെങ്കില്‍ അപകടം തീര്‍ച്ച. ഒരു മിനിട്ടില്‍ താഴെ മാത്രം യാത്ര ചെയ്യാനുള്ള ഇന്ധനമേ പേടകത്തിലുള്ളൂ എന്ന് ആംസ്ട്രോങ് ഞെട്ടലോടെ മനസ്സിലാക്കി. ഒരു ശാസ്ത്രജ്ഞന്റെ എല്ലാ കരവിരുതുകളും പട്ടാളത്തില്‍ താന്‍ ശീലിച്ച മനക്കരുത്തും ആംസ്ട്രോംങിന്റെ കൈകളെ വാഹനത്തിന്റെ സ്റ്റിയറിംഗില്‍ മുറുകെ പിടിപ്പിച്ചു. ചന്ദ്രനിലെ ഏതോ ഗര്‍ത്തത്തില്‍ തകരാന്‍ പോകുന്നു എന്ന് കരുതിയ ഈഗിള്‍ പേടകം 25 സെക്കന്റ് ബാക്കിനില്‍ക്കെ ചന്ദ്രോപരിതലത്തിലിറങ്ങി. ആ അപകടസന്ധിയെ മറികടക്കാന്‍ കഴിഞ്ഞത് ആംസ്ട്രോങിന്റെ മിടുക്കുതന്നെയായിരുന്നു. പിന്നെ ആ രണ്ട് യാത്രികരുടെ ഭാഗ്യവും. സീ ഓഫ് ട്രാങ്കുലിറ്റി എന്ന പേടകം ഇറങ്ങിയ സ്ഥലത്തെ പിന്നീട് യാത്രികര്‍ വിശേഷിപ്പിച്ചു. പേടകത്തിന്റെ ജനലിലൂടെ ആ രണ്ട് യാത്രികരും ചന്ദ്രികയുടെ നാടു കണ്ടു. വീട്ടുമുറ്റത്ത്‌നിന്നും പൗര്‍ണ്ണമി നാളില്‍ ആകാശത്തേയ്ക്ക് നോക്കിയപ്പോള്‍ ചെറിമരങ്ങള്‍ക്കിടയിലൂടെ കണ്ട അതേ നിലാവിന്റെ നാട്! ആല്‍ഡ്രിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു, ''വെളിച്ചത്തെ തൊട്ടു'' (കോണ്ടാക്ട് ലൈറ്റ്). ക്ഷീണിതനെങ്കിലും ആംസ്ട്രോങ് ചെക്ക് ലിസ്റ്റുകള്‍ പരിശോധിച്ചു. ഹൂസ്റ്റണിലെ കണ്‍ട്രോള്‍ കേന്ദ്രത്തില്‍നിന്നും നിര്‍ദ്ദേശമെത്തി - ഇപ്പോള്‍ സമയം വൈകിയിരിക്കുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് അഞ്ചാറ് മണിക്കൂര്‍ വിശ്രമിക്കുക. രണ്ട് യാത്രികരും ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി പിന്നിലേക്ക് ചാഞ്ഞു. മറ്റൊരു ലോകത്തിലേക്ക് തങ്ങള്‍ കാലെടുത്തുവയ്ക്കാന്‍ പോകുന്നു എന്ന ചിന്ത ഇരുവരുടേയും ഉറക്കം കെടുത്തി. ആംസ്ട്രോങ് വെറുതെ കണ്ണടച്ചുകിടന്നപ്പോള്‍ ആല്‍ഡ്രിന്‍ ഇടതുകൈകൊണ്ട് പതുക്കെ തന്റെ ബാഗ് തുറന്നു. താന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാറുള്ള പള്ളിയില്‍നിന്നും കൊണ്ടുവന്ന വെള്ളിക്കാലുള്ള വീഞ്ഞു ചഷകം അയാള്‍ പുറത്തെടുത്തു. പിന്നെ കോര്‍ക്കുകൊണ്ട് മുറുകെ അടച്ച ഒരു കുപ്പി വീഞ്ഞ്, പള്ളിവികാരി പ്രാര്‍ത്ഥനാപൂര്‍വ്വം തന്നയച്ച മൂന്ന് അപ്പങ്ങള്‍, വെള്ള കടലാസില്‍ സ്വന്തം കൈപ്പടകൊണ്ടെഴുതിയ ബൈബിള്‍ സ്‌തോത്രങ്ങള്‍... ചാന്ദ്രയാത്ര മതം, രാഷ്ട്രീയം, രാഷ്ട്രം എന്നിവയ്ക്ക് അതീതമാണെന്നും മനുഷ്യകുലത്തിന്റേയും ഭൂമിയുടേയും പ്രതിനിധിയായാണ് ചന്ദ്രനില്‍ ഇറങ്ങേണ്ടതെന്നും യാതൊരുവിധ മതചിഹ്നങ്ങളോ ക്രിയകളോ ചന്ദ്രനില്‍ അനുഷ്ഠിക്കരുതെന്നും നാസ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആല്‍ഡ്രിന്‍ അതെല്ലാം കാറ്റില്‍ പറത്തി. ചന്ദ്രനിലിറങ്ങിയ വ്യക്തി എന്ന വിജയം അയാളുടെ തലയ്ക്ക് പിടിച്ചു. ഈഗിള്‍ പേടകം ഇപ്പോള്‍ അയാള്‍ക്ക് അള്‍ത്താരയായി തോന്നി. ആംസ്ട്രോങ് അത്ഭുതത്തോടെ നോക്കിയിരിക്കെ ആല്‍ഡ്രിന്‍ കാസയിലേക്ക് വീഞ്ഞുപകരുകയും പാനം ചെയ്യുകയും ചെയ്തു. അപ്പക്കഷണങ്ങള്‍ രുചിച്ചതിനുശേഷം അയാള്‍ ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടു. ചാന്ദ്രയാത്രയെന്ന ചരിത്രദൗത്യത്തില്‍ ചെയ്യരുതെന്ന് നാസ അനുശാസിച്ച കാര്യങ്ങള്‍ എങ്ങനെയാണ് കാറ്റില്‍ പറത്തപ്പെട്ടത്? ആല്‍ഡ്രിന്റെ കയ്യില്‍ നാസ അറിയാതെ എങ്ങനെയാണ് മതചിഹ്നങ്ങള്‍ എത്തപ്പെട്ടത്? കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെട്ട ഈ ദൗത്യത്തില്‍ യാത്രികര്‍ക്കുമേല്‍ നാസയെന്ന ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനോ അമേരിക്കന്‍ സര്‍ക്കാരിനോ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ലേ? ഈ ചോദ്യങ്ങള്‍ പലരും ഉന്നയിച്ചിരുന്നെങ്കിലും നാസ മൗനം പാലിച്ചതെന്തിനായിരുന്നു? ബഹിരാകാശ യാത്രയില്‍ യാത്രികര്‍ ഒപ്പം കൊണ്ടുപോകുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് അറിവില്ല എന്ന് പറയുന്നത് എത്ര ബാലിശമാണെന്നു തോന്നാം. എന്നാല്‍, ഇത് ബാലിശം തന്നെയാണ്. കവിതകൊണ്ട് കളിക്കുന്നതുപോലെയല്ലല്ലോ ശാസ്ത്രംകൊണ്ട് കളിക്കുന്നത്.
ഈഗിളിന്റെ വാതില്‍ തുറന്ന് ഗോവണിയിലൂടെ പിന്‍തിരിഞ്ഞിറങ്ങിയ ആംസ്ട്രോങ് ചന്ദ്രോപരിതലത്തില്‍ കാലൂന്നിയപ്പോള്‍ തെറ്റായി പറഞ്ഞ അടയാളവാക്യവും ഈഗിള്‍ പേടകം ചന്ദ്രനിലിറങ്ങിയപ്പോള്‍ മാറ്റിപ്പറഞ്ഞ അടയാള വാക്യവും ഈ ചരിത്രദൗത്യത്തിന്റെ ഔദ്യോഗിക ഗൗരവം കുറച്ചതിന്റെ പ്രകടോദാഹരണങ്ങളാണ്. ഈഗിള്‍, ചന്ദ്രനെ തൊടുമ്പോള്‍ 'ഈഗിള്‍ ഹാസ് ലാന്റഡ്' എന്നാണ് പറയേണ്ടതെന്ന് നാസ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഹൂസ്റ്റണിലെ നിയന്ത്രണ കേന്ദ്രമറിയാതെ യാത്രയ്ക്കിടയില്‍ മൂന്ന് യാത്രികരും ഇത് മാറ്റിപ്പറയാന്‍ തീരുമാനിക്കുകയായിരുന്നു. 'ഹൂസ്റ്റണ്‍, ട്രാങ്കുലിറ്റി സ്പേസ് ഹിയര്‍, ഈഗിള്‍ ഹാസ് ലാന്റഡ്' എന്ന് ആംസ്ട്രോങ് ആദ്യവാചകം ഉച്ചരിച്ചത് നാസയെ ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. അടയാളവാചകം മാറ്റിപ്പറഞ്ഞ ചരിത്രദൗത്യം എന്ന ചീത്തപ്പേര് നാസ എന്നും പേറാന്‍ അങ്ങനെ വിധിക്കപ്പെട്ടു. ചന്ദ്രോപരിതലത്തില്‍വച്ച് പറഞ്ഞ ആദ്യവാചകം ഇത് തന്നെയാണോ അതോ ആല്‍ഡ്രിന്‍ ജനല്‍ക്കാഴ്ച നോക്കി നിന്നപ്പോള്‍ പറഞ്ഞ 'കോണ്ടാക്റ്റ് ലൈറ്റ്' എന്ന വാചകമാണോ എന്നത് ഇന്നും തര്‍ക്കിച്ചു തീര്‍ന്നിട്ടില്ല. കാലുകുത്തിയശേഷം മൂവി ക്യാമറ നോക്കി ആംസ്ട്രോങ് പറയേണ്ടുന്ന വാചകം നാസ നേരത്തെ ഈ യാത്രികനെ കാണാപ്പാഠം പഠിപ്പിച്ചിരുന്നു. One small step for a man. But great leap for humanity എന്നത് ആംസ്ട്രോങ് പറഞ്ഞപ്പോള്‍ one small step for 'a' man  എന്നതിലെ 'a' പരിഭ്രമം കൊണ്ടൊ എന്തോ മറന്നുപോയി.

 
പേടകത്തില്‍നിന്നും രണ്ടാമത് പുറത്തുവന്ന ആല്‍ഡ്രിന്‍ ആംസ്ട്രോങിന്റെ ഒരു കാലടിയോട് മത്സരിക്കുന്നു എന്നതുപോല്‍ കോണിപ്പടിയില്‍നിന്നും രണ്ടു കാലും വിട്ട് ചന്ദ്രോപരിതലത്തിലേക്ക് ചാടുകയായിരുന്നു. രണ്ടുമൂന്ന് തവണ അയാള്‍ ഈ തമാശ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതില്‍ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച് ആംസ്ട്രോങ് സഹയാത്രികന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ആല്‍ഡ്രിന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. ചന്ദ്രോപരിതലത്തിലെ ആദ്യ മദ്യപാനി എന്ന ഹുങ്കില്‍ അയാള്‍ മദോന്മത്തനായി കാണപ്പെട്ടു. ഇരുപത്തൊന്നു മണിക്കൂറും 36 മിനിറ്റും ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച ഈ യാത്രികര്‍ 1407 ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തുന്നുണ്ട്. ഇവയില്‍ 857 ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും 550 കളര്‍ ചിത്രങ്ങളുമാണ് ഉള്ളത്. ചന്ദ്രോപരിതലത്തില്‍ നിന്നെടുത്ത ഫോട്ടോകളെല്ലാം സൂക്ഷിച്ചു നോക്കിയാല്‍ അതിലെല്ലാം ആല്‍ഡ്രിന്‍ മാത്രമെ ഉള്ളൂ എന്ന് കാണാവുന്നതാണ്. ക്യാമറകള്‍ കൈകാര്യം ചെയ്തത് ആംസ്ട്രോങ് ആയിരുന്നു എന്നതാണ് ഇതിന് കാരണം. ആല്‍ഡ്രിന്റെ ഹെല്‍മറ്റില്‍ പ്രതിഫലിച്ച ആംസ്ട്രോങിന്റെ ചിത്രം മാത്രമാണ് ഇതിനൊരു പേരുദോഷം. പേടകത്തില്‍ ഘടിപ്പിച്ച ലൈവ് ക്യാമറകളില്‍ മാത്രമാണ് ജോലിയില്‍ വ്യാപൃതനായ ആംസ്ട്രോങിനെ കാണുന്നത്. ആല്‍ഡ്രിനോട് കുറച്ചുസമയം ക്യാമറ കൈകാര്യം ചെയ്യാന്‍ ആംസ്ട്രോങ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആല്‍ഡ്രിന്‍ അത് നിരസിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രനില്‍ പതിഞ്ഞ ആദ്യ കാലടി ആംസ്ട്രോങിന്റേതാണെങ്കില്‍ ചന്ദ്രനിലെ ഭൂരിപക്ഷം ഫോട്ടോകളിലും രണ്ടാമനായ ആല്‍ഡ്രിന്‍ നിറഞ്ഞുനിന്നു. ഇതേക്കുറിച്ച് പിന്നീട് പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആംസ്ട്രോങ് തന്നെക്കാള്‍ മികച്ച ഛായാഗ്രാഹകനാണെന്ന് ആല്‍ഡ്രിന്‍ തട്ടിവിടുകയും ഗാഢമായി ചിരിക്കുകയും ചെയ്തു.
ചന്ദ്രോപരിതലത്തില്‍ ഇനിയുമുണ്ട് തമാശകള്‍. ഈഗിള്‍ പേടകത്തില്‍നിന്ന് രണ്ടാമത് പുറത്തിറങ്ങുന്ന ആല്‍ഡ്രിന്‍ പേടകത്തിന്റെ വാതില്‍ മുഴുവനായി അടക്കാതെയാണ് പുറത്തിറങ്ങിയത്. പേടകത്തിനകത്തെ സുരക്ഷിത ഓക്സിജന്‍ അന്തരീക്ഷം ചോര്‍ന്നുപോകുന്നതിന് ഇത് കാരണമായെങ്കിലും കരുതിക്കൂട്ടി തുറന്നിട്ട ഈ വാതിലിനെക്കുറിച്ച് രണ്ട് യാത്രികരും തമാശ പറയുന്നുണ്ട്. മര്‍ദ്ദംകൊണ്ട് അകത്തുനിന്നുമാത്രം അടക്കാവുന്ന വാതിലാണ് പേടകത്തിനുണ്ടായിരുന്നത്. വരുന്ന വരവില്‍ ആല്‍ഡ്രിന്‍ വാതില്‍ വലിച്ചടച്ചിരുന്നെങ്കില്‍ തിരിച്ചു പോകുമ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ചിന്ത ഇരുവരേയും അലട്ടിയിരുന്നു. പേടകത്തിന് പുറത്ത് ഒരു വാതില്‍പ്പിടി ഉറപ്പിക്കാന്‍ പേടക നിര്‍മ്മാതാക്കള്‍ മറന്നുപോയതാണോ വേണ്ടെന്ന് വച്ചതാണോ എന്നതും പിന്നീട് തര്‍ക്കവിഷയമായി. ആംസ്ട്രോങ് പരീക്ഷണ നിരീക്ഷണങ്ങളില്‍ സമയം ചെലവഴിക്കുന്നതിനിടയില്‍ വികൃതിയായ ആല്‍ഡ്രിന്‍ മറ്റൊരു പണി പറ്റിച്ചു. അയാള്‍ ചന്ദ്രോപരിതലത്തില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് വിശദമായൊന്നു മൂത്രമൊഴിച്ചു. അങ്ങനെ ചന്ദ്രോപരിതലത്തില്‍ വിസര്‍ജ്ജിച്ച ആദ്യത്തെ യാത്രികന്‍ എന്ന പദവിയും ആല്‍ഡ്രിന് ലഭിച്ചു. ലോകത്താകമാനമുള്ള 60 കോടി ജനങ്ങള്‍ ടെലിവിഷനിലൂടെ ഈ കാഴ്ച കണ്ടു എന്ന് ടെലഗ്രാഫ് പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനോടൊപ്പം അപ്പോളൊ-11 യാത്രികര്‍ ബഹിരാകാശത്താദ്യമെത്തിയ റഷ്യന്‍ കോസ്മോനട്ട് യൂറി ഗഗാറിനുവേണ്ടിയും ആദ്യ ബഹിരാകാശ യാത്രയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഗഗാറിന്റെ പൂര്‍വ്വികന്‍ വ്‌ലാഡിമര്‍ കോമറോളിനുവേണ്ടിയും ചന്ദ്രമണ്ഡലത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി. അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡി, നിക്സണ്‍ അപ്പോളൊ-11-ലെ മൂന്ന് യാത്രികര്‍ എന്നിവരുടെ പേരും ഒപ്പും ആലേഖനം ചെയ്ത തകിടുകളും ചന്ദ്രനില്‍ നിക്ഷേപിക്കുകയുണ്ടായി. ഇതിനു പുറമെ 73 രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ അടങ്ങിയ മറ്റൊരു സ്റ്റീല്‍ തകിടും യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ സ്ഥാപിച്ചു. ഈ 73 രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉണ്ടായിരുന്നു. അപ്പോളൊ യാത്രികരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സന്ദേശമായിരുന്നു അത്. സമാധാനത്തിന്റെ ചിഹ്നമായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ഒലീവിലയും ചന്ദ്രഗോളത്തിന് ഭൂമിയുടെ സമ്മാനമായി. 

അപ്പോളൊ-11-ലെ യാത്രികര്‍ നൂറ്റിരണ്ട് മണിക്കൂറും 45 മിനിട്ടും 40 സെക്കന്റും യാത്ര ചെയ്താണ് ചന്ദ്രനില്‍ എത്തിയത്. 21 മണിക്കൂറും 36 മിനിട്ടും ചെലവഴിച്ച ശേഷമാണ് അവര്‍ മടക്കയാത്ര ആരംഭിച്ചത്. തന്റെ ഇടതുകാലുവച്ച് ആദ്യമിറങ്ങിയ ആംസ്ട്രോങ്ങാണ് പേടകത്തില്‍ അവസാനം കയറിയത്. ഒരു മണിക്കൂര്‍ 33 മിനിട്ട് ചെലവഴിച്ച ആല്‍ഡ്രിന്‍ ഈഗിളിലേക്ക് കയറിയതിനുശേഷം 41 മിനിട്ടുകൂടി ആംസ്ട്രോങ് ചന്ദ്രോപരിതലത്തില്‍ ചിലവഴിച്ചു. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് ആംസ്ട്രോങും ആല്‍ഡ്രിനും ചേര്‍ന്ന് പ്രത്യേക ലോഹദണ്ഡുകള്‍ വച്ചുണ്ടാക്കിയ ആറടിയോളം വലിപ്പമുള്ള അമേരിക്കന്‍ പതാക ചന്ദ്രനില്‍ കുത്തി നാട്ടിനിര്‍ത്തി. ഒട്ടും ആലോചിക്കാതെ ചെയ്ത ആ സംഭവത്തില്‍ ഇരുയാത്രികരും പിന്നീട് ദുഃഖിച്ചു. പേടകം ഇറങ്ങിയ സ്ഥലത്തിന് തൊട്ടുതന്നെ കൊടി നാട്ടിയത് ശാസ്ത്രജ്ഞനും തെറ്റു പറ്റാം എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ദൗത്യം പൂര്‍ത്തിയാക്കി ഈഗിള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഉണ്ടായ കാറ്റിലും പൊടിയിലും പെട്ട് കൊടി നിലംപതിക്കുകയും മണ്ണില്‍ പൂണ്ടുപോവുകയും ചെയ്തത് ഉയര്‍ന്നുപൊങ്ങുന്ന പേടകത്തില്‍നിന്നും ഇരുയാത്രികരും വേദനയോടെ കണ്ടു. പിന്നീട് ചന്ദ്രഗോളം സന്ദര്‍ശിച്ച ബഹിരാകാശ യാത്രികര്‍ക്ക് ഇതൊരു പാഠമായിരുന്നു. അവര്‍ നാട്ടിയ കൊടികളെല്ലാം പേടകത്തില്‍നിന്നും വേണ്ടത്ര അകലം സൂക്ഷിച്ചിരുന്നു.
നിരവധി പാറക്കഷ്ണങ്ങളും പൂഴിയും ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നപ്പോള്‍ നിരവധി വസ്തുക്കള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്തു. ബാഗുകള്‍, പൈപ്പുകള്‍, ക്യാമറകള്‍, യൂറിന്‍ ബാഗുകള്‍, ക്യാമറ സ്റ്റാന്റുകള്‍ മുതലായവ അവയില്‍പ്പെടും. 1969-ലെ അപ്പോളൊ-11 ദൗത്യം മുതല്‍ 1972-ലെ അവസാന ചാന്ദ്രദൗത്യം വരെ 382 കിലോഗ്രാം ഭാരം വരുന്ന 2415 പാറക്കഷ്ണങ്ങളാണ് ചന്ദ്രനില്‍ നിന്നും ഭൂമിയിലെത്തിയത്. ഗ്രാമിന് 508000 ഡോളര്‍ വിലവരുന്ന ഈ കല്ലുകളില്‍ 500-ലധികം കളവുപോയതായാണ് റിപ്പോര്‍ട്ട്. ചന്ദ്രനിലെ മണ്‍ത്തരികള്‍ സ്വകാര്യ വ്യക്തിക്ക് സൂക്ഷിക്കാമെങ്കിലും പാറക്കഷ്ണങ്ങള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോളൊ-11-ലെ യാത്രികര്‍ ആവേശംകൊണ്ട് വാരിക്കൂട്ടിയ കല്ലുകളുടെ ഭാരം നാസ നിര്‍ദ്ദേശിച്ചതിലും എത്രയോ കൂടുതലായിരുന്നു. അത് പേടകത്തിന് അപകടം വിളിച്ചുവരുത്തും എന്ന് തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ ആംസ്ട്രോങ് തന്റെ കാലിലെ ഭാരംകൂടിയ കാലുറ പുറത്തേക്കെറിയുകയാണുണ്ടായത്. സ്വതേ നാണംകുണുങ്ങിയായ ആംസ്ട്രോങ് ഈ പ്രവൃത്തിയിലൂടെ വലിയൊരു പൊട്ടിച്ചിരിയാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് നാസയിലെ മിഷന്‍ കണ്‍ട്രോള്‍ റൂം പിന്നീട് പ്രസ്താവിച്ചു. ദൗത്യം പൂര്‍ത്തിയാക്കി ഈഗിളിലേക്ക് കയറിയ യാത്രികര്‍ക്ക് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കോളിന്‍സ് എന്ന ഏകാകിയേയും കൊണ്ട് വലംവക്കുന്ന കൊളംബിയ ഷട്ടിലില്‍ തിരിച്ചെത്തണം. അല്‍പ്പനേരത്തെ വിശ്രമത്തിനുശേഷം ചന്ദ്രനില്‍ നിന്നും ഉയര്‍ന്നുപൊങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സംഭവം ഉണ്ടാകുന്നത്. ഉയര്‍ന്ന് പൊങ്ങാന്‍ വേണ്ട റോക്കറ്റുകളെ ജ്വലിപ്പിക്കേണ്ടുന്ന സ്വിച്ച് ലിവര്‍ യാത്രികരുടെ അശ്രദ്ധയാല്‍ കൈതട്ടി ഒെിയുകയുണ്ടായി. യാത്രികരും നാസയിലെ കണ്‍ട്രോള്‍ റൂം വിദഗ്ധരും അടക്കം ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. ഈ ലിവറില്ലാതെ ചന്ദ്രനില്‍ നിന്നും ഉയര്‍ന്നുപൊങ്ങുക സാധ്യമല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ രണ്ട് യാത്രികരും ചന്ദ്രനില്‍ വീണുമരിക്കും എന്ന വിവരം കാട്ടുതീപോലെ ലോകം മുഴുവന്‍ പരന്നു. ഇതേക്കുറിച്ചാലോചിച്ച് കൊളംബിയ പേടകത്തില്‍ തനിച്ചിരുന്ന് കോളിന്‍സ് വെന്തുനീറി. ആംസ്ട്രോങും ആല്‍ഡ്രിനും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. സംഭവഗതി ഇങ്ങനെയൊക്കെയാണെങ്കിലും വികൃതിക്കാരനായ ആല്‍ഡ്രിന് മരണത്തിന് മുന്നില്‍ ഒരു തമാശയാണ് തോന്നിയത്. അയാള്‍ തന്റെ പോക്കറ്റില്‍ കുത്തിയിരുന്ന ബോള്‍പോയിന്റ് പേനയെടുത്ത് പൊട്ടിയ ലിവറിനിടയില്‍ തിരുകി. ചങ്ങാത്തം സ്ഥാപിച്ചുവന്ന മരണം ആ നിമിഷം പിന്‍തിരിഞ്ഞോടിപ്പോയി. പൊട്ടിയ ലിവറിനിടയില്‍ പേനയെത്തേണ്ട താമസം, ഈഗിളിലെ റോക്കറ്റുകള്‍ ജ്വലിക്കുകയും പേടകം ചന്ദ്രനില്‍ നിന്നും മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.


മടക്കയാത്രയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കൊളംബിയ പേടകം എത്തിയത് സെക്കന്റില്‍ 11032 മീറ്റര്‍ വേഗതയിലായിരുന്നു. പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചതിനുശേഷം മൂന്നാഴ്ചക്കാലം യാത്രികരെ തടവുകാരെന്നതുപോലെ താമസിപ്പിച്ചത് ചന്ദ്രനില്‍ നിന്നും മാരകമായ ഏതെങ്കിലും രോഗാണുവിന്റെ വാഹകരാവുമോ ഇവര്‍ എന്ന സംശയത്താലാണ്. ഈ 'പീഡനകാല'ത്തിനുശേഷം യാത്രികരെ ഹവായ് വഴി കൊണ്ടുവന്നപ്പോള്‍ വിമാനത്താവളത്തില്‍ അവര്‍ക്ക് കസ്റ്റംസ് പേപ്പറുകള്‍ പൂരിപ്പിച്ച് നല്‍കേണ്ട ഗതികേടും ഉണ്ടായി. ലോകത്തിലെ ഏറ്റവും വലിയ തമാശയായി ഇന്നും ഇത് കണക്കാക്കപ്പെടുന്നു. മൂന്ന് യാത്രികര്‍ക്ക് മുന്നില്‍ വച്ചുനീട്ടിയ കസ്റ്റംസ് രേഖയില്‍ എവിടെ നിന്നു വരുന്നു എന്ന കോളത്തില്‍ ചന്ദ്രനെന്നും എങ്ങനെ വന്നു എന്ന കോളത്തില്‍ കൊളംബിയ ഷട്ടില്‍ എന്നും എന്തു കൊണ്ടുവന്നു എന്ന കോളത്തില്‍ പാറയും മണ്ണും എന്നും എഴുതേണ്ടി വന്നു. ഈ സംഭവത്തെക്കുറിച്ച് അപ്പോളൊ-11-ന്റെ പല വാര്‍ഷികാഘോഷങ്ങളിലും ആല്‍ഡ്രിനും കോളിന്‍സും തമാശയായി അവതരിപ്പിച്ചിരുന്നു.
അപ്പോളൊ-11 ദൗത്യം വിജയത്തിലെത്തില്ല എന്ന് അമേരിക്കന്‍ ഭരണകൂടം ഉറച്ച് വിശ്വസിച്ചിരുന്നു. നേര്‍ച്ചക്കോഴികളായി, പരീക്ഷണവസ്തുക്കളായി മാത്രം മൂന്ന് മനുഷ്യരെ അന്തമില്ലാത്ത ദേശത്തേയ്ക്ക് രണ്ട് ലക്ഷത്തിനാല്‍പ്പതിനായിരം മൈലുകള്‍ അപ്പുറത്തേയ്ക്ക് പറഞ്ഞയയ്ക്കുകയാണ് ഉണ്ടായതെന്നുള്ളതിന് തെളിവാണ് അമേരിക്കന്‍ പ്രസിഡന്റ് നിക്സന്‍ എഴുതി ഉണ്ടാക്കിയ ചരമപ്രസംഗം. കെന്നഡി സ്പേസ് സെന്ററില്‍നിന്നും സാറ്റേണ്‍ വി റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയ ഉടനെ ഈ ചരമപ്രസംഗം എഴുതി ഉണ്ടാക്കപ്പെട്ടു. അപ്പോളൊ-11 ദൗത്യം പരാജയപ്പെടുകയും മൂന്ന് യാത്രികരും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു എന്നും അമേരിക്കയ്ക്ക് അതില്‍ അതിയായ സങ്കടമുണ്ടെന്നും ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു ആ പ്രസംഗം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന് അത് വായിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല!
ഇതൊക്കെ പോവട്ടെ, യാത്ര പൂര്‍ത്തിയാക്കി തിരിച്ചുവന്ന യാത്രികരെ ശുശ്രൂഷിക്കാന്‍ നാസയ്ക്ക് പിന്നീട് ശുഷ്‌കാന്തി ഉണ്ടായില്ല എന്നത് പരക്കെയുള്ള ആക്ഷേപവും സത്യവുമായിരുന്നു. ചന്ദ്രനില്‍ മനുഷ്യന്റെ ആദ്യ കാലടി പതിപ്പിച്ച ആംസ്ട്രോങ് പൊതുവേദികളില്‍ നിന്നകന്ന് വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ ഏകാകിയായാണ് മരണം വരെ ജീവിച്ചത്. കോളിന്‍സ് കടുത്ത നിരാശയിലും മാനസികാസ്വസ്ഥതകളിലും പെട്ട് ജീവിതം അവസാനിപ്പിച്ചു. ആല്‍ഡ്രിനാകട്ടെ, മാനസിക സമ്മര്‍ദ്ദത്തില്‍പ്പെട്ടുഴന്ന് കടുത്ത മദ്യപാനിയായി മാറി. 'ഗുഡ്നൈറ്റ് മൂണ്‍' എന്നൊക്കെ ആല്‍ഡ്രിന്‍ ഇപ്പോഴും ട്വിറ്ററില്‍ കുറിക്കുന്നു. മറ്റൊരു രസകരമായ വസ്തുത ചാന്ദ്രയാത്രയില്‍ പങ്കെടുത്ത 21 പേരില്‍ 13 പേരും വിവാഹമോചനം നേടി എന്നുള്ളതാണ്.
ക്ലൈമാക്സ് ഇതൊന്നുമല്ല. അപ്പോളൊ-11-ന്റെ ആദ്യ ചാന്ദ്രയാത്രക്കിടയില്‍ പകര്‍ത്തപ്പെട്ട അപൂര്‍വ്വ ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ പല ടേപ്പുകളും ഇന്ന് നഷ്ടമായിരിക്കുന്നു. കെടുകാര്യസ്ഥതമൂലം തെറ്റുപറ്റി ഈ ടേപ്പുകള്‍ക്ക് മുകളില്‍ മറ്റേതോ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടുവത്രെ!
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണങ്ങള്‍ നടക്കുന്ന നാസയിലും സംഭവിക്കുന്നത് ഇതാണെങ്കില്‍...

(മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അര്‍ദ്ധസെഞ്ച്വറി ആഘോഷിക്കാനിരിക്കുന്ന ഈ അവസരത്തില്‍ നാസയുടെ അപ്പോളൊ-11 ദൗത്യത്തിനിടയില്‍ സംഭവിച്ച പല വസ്തുതകളും ബാലിശവും തമാശ നിറഞ്ഞതുമാണ്. ആ കൗതുകവാര്‍ത്തകളിലൂടെ ഒരു ഭ്രമണം.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com