ആണ്‍ബോധത്തെ ആക്രമിക്കുന്ന വരത്തന്‍

പതിനെട്ടാം മൈലില്‍ ഒരു വാച്ച് ടവറിന്റെ പണി പുരോഗമിക്കുന്നുണ്ട്. അതിനു മുകളില്‍നിന്നു നോക്കിയാല്‍ മലയോരം മുഴുവന്‍ കാണാം.
ആണ്‍ബോധത്തെ ആക്രമിക്കുന്ന വരത്തന്‍

തിനെട്ടാം മൈലില്‍ ഒരു വാച്ച് ടവറിന്റെ പണി പുരോഗമിക്കുന്നുണ്ട്. അതിനു മുകളില്‍നിന്നു നോക്കിയാല്‍ മലയോരം മുഴുവന്‍ കാണാം. അത് മലയോര സംരക്ഷണത്തിനല്ല മറിച്ച് സദാചാര(?) സംരക്ഷണത്തിനാണ്, അവിടെ വരുന്ന പെണ്ണിനെ, അവളോടൊപ്പമുള്ള ആണിനെ (കാണാനല്ല) നോക്കാന്‍, പെണ്ണുടല്‍ വര്‍ണ്ണനയില്‍ അഭിരമിക്കുന്നവരാണ് ഈ പുരുഷ കാഴ്ചക്കാര്‍. മിക്ക മലയാളി പുരുഷ മനസ്സിലും ഈ വാച്ച് ടവറിന്റെ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അവരറിയാതെ എത്തിനോക്കാനുള്ള വാച്ച് ടവറുകള്‍. ആ നോട്ടം തുറക്കുന്നത് ഉടലുകളിലേക്ക് മാത്രമാണ്, മനസ്സിലേക്കല്ല. വരത്തന്‍ ഈ പുരുഷ ടവറുകള്‍ക്കടിയില്‍പ്പെട്ടുപോകുന്ന പെണ്‍ജീവിതത്തിന്റെ അസ്വസ്ഥതയാണ്. സ്വന്തം വീട്ടില്‍ ബാത്ത്റൂമില്‍പ്പോലും സമാധാനമായി പോകാന്‍ പേടിക്കേണ്ടിവരുന്ന നിസ്സഹായതയുടെ സാക്ഷ്യമാണ്. അതിനെക്കാള്‍ പ്രിയയും എബിയും (ഫഹദ്/ഐശ്വര്യ ലക്ഷ്മി) ജൈവവിഭവങ്ങളുടെ രുചിയും സ്വസ്ഥതയും തേടി വിദേശത്തു നിന്ന് കേരളത്തിലേക്ക് തന്റെ (പ്രിയയുടെ) ബാല്യകാല ഗ്രാമത്തിലേക്ക് എത്തിയവരാണ്. ഒടുവില്‍ ഈ വീട്ടിലേക്കുള്ള അതിര്‍ത്തി ലംഘിക്കുന്നവരെ വെടിവെച്ചിടും എന്ന ബോര്‍ഡ് ഗെയ്റ്റിനു മുന്‍പില്‍ സ്ഥാപിക്കുന്നത് വരെയെത്തുന്നു ഇവരുടെ സാക്ഷര നവോത്ഥാന കേരളത്തിലെ ചുരുങ്ങിയ ദിവസങ്ങളിലെ ജീവിതാനുഭവങ്ങള്‍. വരത്തനിലെ സ്ത്രീയും സ്ത്രീവിരുദ്ധതയും പുരുഷജീവിതവും വയലന്‍സുമൊക്കെ പലതരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അമല്‍ നീരദിന്റെ പതിവുകളൊന്നും തെറ്റിക്കാത്ത ചിത്രം, അത്രയേ ഉള്ളു വരത്തനും. പക്ഷേ, ഈ ചിത്രം അനിവാര്യമായ ചില വീണ്ടുവിചാരങ്ങള്‍ക്കുള്ള വഴിമരുന്നാണ്.
മനുഷ്യര്‍ തമ്മിലുള്ള പലതരം അസമത്വങ്ങള്‍ക്കെതിരെ, അധിനിവേശങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കുമെതിരെയൊക്കെ ഒട്ടനവധി പോരാട്ടങ്ങള്‍ നടന്ന മണ്ണാണ് കേരളം. കലുഷിതമായ ആ മുന്നേറ്റങ്ങളുടെ ഹാങ്ങോവറിലാണ് ആഗോളീകരണകാലത്തെ നവമലയാളി. പക്ഷേ, ഈ നവോത്ഥാന രാഷ്ട്രീയത്തിന്റെ ഒരോളവും നമ്മുടെ ഫ്യൂഡല്‍ സദാചാരബോധത്തിന്റെ തൊലിപ്പുറത്തുപോലും സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ 2018-ലും മലയാളിയുടെ ഒളിഞ്ഞുനോട്ടവും ലൈംഗിക ദാരിദ്ര്യവും ആണധികാരവും പ്രമേയമായി സിനിമയുണ്ടാകുന്നതും അതു ചര്‍ച്ച ചെയ്യപ്പെടുന്നതും. ആണ്‍ പെണ്‍ സൗഹൃദത്തിനു മുകളില്‍ എപ്പോഴും അനേകം കണ്ണുകള്‍ ചൂഴ്ന്നുനില്‍പ്പുണ്ട്, അവള്‍ പിഴയാണെന്നു പറയാനുള്ള വെമ്പലുണ്ട്, അവളുടെ ഓരോ ചലനങ്ങളും നിശ്ചയിക്കുന്നത് തങ്ങളാണെന്ന മര്യാദരാമന്മാരുടെ തീര്‍പ്പുകളുണ്ട്. സൈ്വര്യത തേടി അവരെത്തുന്നിടത്ത് ആ ആണുങ്ങള്‍ സംഘടിക്കും, മൊബൈല്‍ ക്യാമറകള്‍ കണ്‍തുറക്കും. ആള്‍ക്കൂട്ടം ആര്‍ത്തട്ടഹസിക്കും. പ്രതിരോധിക്കാന്‍ കഴിയാതെ അത്രമാത്രം അപമാനിക്കപ്പെട്ടവളായി അവള്‍ ജീവിതം തള്ളിനീക്കും. ഇവിടെയാണ് നമ്മുടെ രാഷ്ട്രീയം വ്യക്തിബന്ധങ്ങളെ മനുഷ്യര്‍ തമ്മിലുള്ള ഇഴയടുപ്പങ്ങളെ വികല ലൈംഗിക ധാരണകള്‍ക്കപ്പുറത്തേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പരാജയപ്പെടുന്നത്. അത് ഒരു ജനാധിപത്യ ജീവിതരീതിയോടും വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. കയ്യൂക്കുള്ളവനു ഗെയ്റ്റിനു മുന്‍പില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ബോര്‍ഡ് തൂക്കിത്തീര്‍ത്തും വ്യക്തിപരമായ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാം. സ്ത്രീക്കാകട്ടെ, ഇതാ ഒരു സംരക്ഷകനായി എന്റെ പുരുഷന്‍ കൂടെയുണ്ട് എന്ന പതിവ് നായിക ആലസ്യത്തിലേക്കും തലചായ്ക്കാം. പക്ഷേ, ഇതിനപ്പുറത്താണ് സ്വാതന്ത്ര്യം. ഇവിടെയാണ് 'വരത്തന്‍' കൈകാര്യം ചെയ്ത പ്രമേയം പൊള്ളിക്കുന്നതും ക്ലൈമാക്‌സ് സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകുന്നതും.
      
ആണ്‍നോട്ടങ്ങള്‍
വരത്തന്‍ എന്ന പ്രയോഗംപോലും ഒരു നോട്ടത്തിന്റെ, കാഴ്ചപ്പാടിന്റെ സൂചനയാണ്. തങ്ങളുടെ ലോകത്തേയ്ക്ക് വലിഞ്ഞുകയറി വന്നവ(ളാ)രെന്ന അവഹേളനമാണത്. പാരമ്പര്യം/മതം/വിശ്വാസം ഇതെല്ലാം പിന്‍തുടര്‍ന്നു വരുന്ന ഒരു സമൂഹത്തിന് അത്രയെളുപ്പത്തിലൊന്നും കുടഞ്ഞുകളയാനാകാത്ത ഒരു അധികാരഘടനയുണ്ട്. നമ്മുടേതുപോലുള്ള ഒരു സമൂഹത്തില്‍ പുരുഷകേന്ദ്രീകൃത അധികാരത്തിന്റെ ആഘോഷമാണത്. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവുമൊക്കെ ഭരണഘടന ഉറപ്പ് നല്‍കിയിട്ടും നടപ്പാകാതെ പോകുന്നതിനു പുറകില്‍ ഈ മാറാത്ത സാമൂഹിക മനഃശാസ്ത്രം തന്നെയാണ്. പതിനെട്ടാം മൈലുകാര്‍ക്ക് പ്രിയയും എബിയും വരത്തന്മാരാണ്. നമ്മുടെ സംസ്‌കാരം നശിപ്പിക്കാന്‍ ഓരോരുത്തര്‍ ഇറങ്ങിക്കോളുമെന്ന് ഇവരെ നോക്കി ചായക്കടയിലെ ഒരു ചെറുപ്പക്കാരന്‍ പിറുപിറുക്കുന്നുണ്ട്. പ്രിയയുടെ വേഷം, എബിയോടൊപ്പം കൈപിടിച്ചുള്ള നില്‍പ്പ്, അത്രയൊക്കെ മതി ഒരാണ്‍കൂട്ടത്തിനു സദാചാര മുറുമുറുപ്പുയര്‍ത്താന്‍. കൂട്ടത്തില്‍ മധ്യവയസ്സ് പിന്നിട്ടവന്‍പോലും ഓര്‍ത്തെടുക്കുന്നത് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രിയയുടേയും ചേച്ചിയുടേയും അമ്മയുടേയുമൊക്കെ ശരീരമാണ്. പ്രിയ പോള്‍ 12 ബി എന്ന അശ്ലീല ചേഷ്ട കലര്‍ന്ന ജിതിന്റെ ഓര്‍മ്മ ആണ്‍കുട്ടി എന്ന സാമൂഹിക രൂപപ്പെടലിന്റെ അറക്കുന്ന ഉദാഹരണമാണ്. അയാള്‍ക്ക് സ്‌കൂള്‍ കാലത്തെ സഹപാഠിയെക്കുറിച്ചുപോലും ഉടലാര്‍ത്തിയില്‍ കൊരുത്ത ലൈംഗികഭ്രമം മാത്രമാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് 9-ാം ക്ലാസ്സിലെ ടൂറനുഭവം പങ്കുവെയ്ക്കുന്ന ജോസിയുടേത്. അഥവാ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായംപോലും എത്ര വികലവും പരാജയവുമാണെന്നു വ്യക്തം. സ്‌കൂള്‍ കാലത്തുപോലും പെണ്‍കുട്ടി അവര്‍ക്ക് ഉടല്‍ മാത്രമാണ്. അതിലേക്കുള്ള നോട്ടങ്ങളും ലൈംഗികാഭിനിവേശവുമാണ് അവരെ പുളകംകൊള്ളിക്കുന്ന വിദ്യാലയ ഓര്‍മ്മകള്‍.

ആണ്‍കൂട്ട തമാശകളിലെല്ലാം ഈ സ്ത്രീ വിരുദ്ധതയുണ്ട്. ഇത്തരമൊരു ആണത്ത വീമ്പത്തരങ്ങളിലൂടെ കേള്‍വിക്കാരായെങ്കിലും കടന്നുപോകാത്തവരുണ്ടാകില്ല. നമ്മുടെ സമൂഹത്തില്‍, ഇവിടുത്തെ വരത്തന്മാര്‍ പ്രിയയും എബിയുമല്ല, മറിച്ച് അവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുന്ന ആള്‍ക്കൂട്ടമാണ്. കേരളത്തിലെത്തി ആദ്യ കാര്‍ യാത്രയില്‍ത്തന്നെ എബിയുടേയും പ്രിയയുടേയും സ്വകാര്യതയിലേക്ക് ഡ്രൈവര്‍ കണ്ണാടി തിരിച്ചുവെക്കുന്നുണ്ട്. ആ വഷളന്‍ നോട്ടം ഡ്രൈവറില്‍നിന്നും ആള്‍ക്കൂട്ടത്തിലേക്ക് പടരുന്നത് അതിവേഗമാണ്. അത്രത്തോളം പ്രിയ അരക്ഷിതയാകുന്നുണ്ട്.

പുരുഷനിലേക്ക് പിന്‍വാങ്ങുന്ന പ്രിയ
യാഥാസ്ഥിതികത്വങ്ങളുടെ മുകളില്‍ പോരാടിയും വെല്ലുവിളിച്ചും തന്റേടത്തോടെ പുതിയ ആകാശങ്ങള്‍ തേടുന്ന നിരവധി സ്ത്രീകളെ സമീപകാല കേരളവും മലയാള സിനിമയും കണ്ടു. അടക്കവും ഒതുക്കവും എന്ന ഉപദേശം ഒരു ചതിയാണെന്നു തിരിച്ചറിഞ്ഞ നായികമാര്‍ (റാണി പത്മിനി), പെണ്‍പ്രതികാരത്തിന്റെ കരുത്തില്‍ കയ്യടി നേടിയ ടെസ്സ(ട്വന്റിടു എഫ്.കെ), മാത്തനെ വീണ്ടും വീണ്ടും തന്നിലേക്കടുപ്പിക്കുന്ന സെക്‌സ് ഒരു പ്രോമിസല്ല (മായാനദി) എന്നു സദാചാരങ്ങളെ വെല്ലുവിളിച്ച അപ്പു, ഇങ്ങനെ എത്രയോ കരുത്തുള്ള പെണ്‍വേഷങ്ങള്‍. തങ്ങളുടെ നിലപാടും കരുത്തും തന്റേടത്തോടെ പ്രഖ്യാപിക്കാന്‍ സാമൂഹികമാധ്യമങ്ങളുടെ ഈ കാലത്ത് എത്രയെത്ര പെണ്ണുങ്ങളാണ് രംഗത്തെത്തുന്നത്. ഈ ഒരു പെണ്‍രാഷ്ട്രീയത്തിന്റെ ഉയിര്‍പ്പുകാലത്ത് പ്രിയ പെണ്‍കലഹങ്ങളോട് വേണ്ടത്ര നീതിപുലര്‍ത്തിയില്ല. അവള്‍ക്ക് വ്യക്തിജീവിതത്തില്‍ നിലപാടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട എബിയെ ചേര്‍ത്തുനിര്‍ത്തി സമാധാനിപ്പിക്കുന്നത് അവളാണ്. അതേ ദിവസം തന്നെയാണ് അബോര്‍ഷനെക്കുറിച്ച് അവള്‍ക്ക് എബിയോട് പറയേണ്ടിവരുന്നത്. മുഴുവന്‍ കരുത്തും ചോര്‍ന്നുപോകുന്ന എബിയോട് സാരമില്ല ഇതു നമ്മള്‍ പ്ലാന്‍ ചെയ്തതല്ലല്ലോ, ഇങ്ങനെയൊരു സാധ്യതയുണ്ടന്നു മനസ്സിലായല്ലോ എന്നു സമാധാനിപ്പിക്കുന്നുണ്ട് പ്രിയ. ഗള്‍ഫില്‍നിന്നു കുറച്ചു ദിവസത്തെ വിശ്രമത്തിനായി പതിനെട്ടാം മൈലിലേക്ക് പോകാം എന്ന തീരുമാനംപോലും പ്രിയയുടേതാണ്. സ്വന്തം വീട്ടില്‍ അവളനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റി എത്ര ഭീകരമാണ്. (നമ്മളൊരു വീടെടുക്കുമ്പോള്‍ ഇവിടെ സുരക്ഷിതമാണോ എന്നന്വേഷിക്കുന്നത് കള്ളന്മാരെ പേടിച്ചിട്ടല്ലല്ലോ? അത്രയൊന്നും പണം ഇപ്പോ ഒരു വീട്ടിലുമുണ്ടാകില്ല, പിന്നെ ഭയക്കുന്നത് ഈ നോട്ടങ്ങളെതന്നെയാണ്).
വീടിനകത്തുപോലും ശരീരം ഒളിപ്പിക്കേണ്ടിവരിക. അടുക്കളയില്‍, കിടപ്പറയില്‍, ബാത്ത്‌റൂമില്‍ എവിടെയും അവള്‍ക്ക് കണ്ണുകളെ ഭയപ്പെടേണ്ടിവരുന്നു. എന്നിട്ടും തുറിച്ചു നോട്ടങ്ങളില്‍ മനസ്സാകെ മുറിവേറ്റ് നീറുമ്പോഴും അവള്‍ ചെറിയ പ്രതിരോധം പോലുമില്ലാതെ നിസ്സഹായകയാവുകയാണ്. അടുത്ത നിമിഷം അവളില്‍നിന്നൊരു പൊട്ടിത്തെറി പുതിയ കാലത്തെ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, തന്നെ നോട്ടമിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവനെ മുന്നില്‍ കിട്ടുമ്പോഴും എന്റെ ഭര്‍ത്താവ് ഇവിടെയില്ല, എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല എന്നാണ് പ്രിയയുടെ വെറുപ്പും ദേഷ്യത്തോടും കൂടിയ പ്രതികരണം. വരത്തനില്‍ ഏറ്റവും നിരാശപ്പെടുത്തിയ സീനും ഇതുതന്നെ. ഭര്‍ത്താവിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ അവള്‍ പ്രതിരോധം/പ്രതികരണം നഷ്ടപ്പെട്ടവളാകുന്നതെങ്ങനെ? ഒടുവില്‍ തന്റെ ശരീരമനുഭവിക്കേണ്ടിവന്ന സകല വേദനകളേയും അവള്‍ പലതവണ കഴുകിക്കളയുന്നു. എബിയോട് തന്റെ അപ്പനുണ്ടായിരുന്നങ്കില്‍ എന്നു വിലപിക്കുന്നിടത്താണ് സാമൂഹിക അവസ്ഥ ഹീറോയിസത്തിനു വഴിമാറുന്നത്. അവിടെവെച്ചാണ് അമല്‍ നീരദ് പതിവ് സംഘട്ടനത്തിന്റെ ത്രസിപ്പിക്കലിലേക്ക് ശക്തമായ ഒരു പ്രമേയത്തെ ചെറുതാക്കി കളഞ്ഞത്.

എബി നിസ്സഹായതയില്‍നിന്നു സൂപ്പര്‍ ഹീറോയിലേക്ക് 
താന്‍ സമര്‍പ്പിച്ച പ്രൊജക്ട് നിരസിക്കുന്നതോടെ തൊഴിലില്ലാതാകുന്ന എബിയെയാണ് ചിത്രത്തിന്റെ തുടക്കത്തില്‍ നാം കാണുന്നത്, നിരാശയിലും ആത്മവിശ്വാസമുണ്ടയാള്‍ക്ക്. തൊട്ടുപുറകെയാണ് പ്രിയയുടെ അബോര്‍ഷന്‍ വിവരമയാള്‍ അറിയുന്നത്, പ്രിയയുടെ കരുത്തിലാണ് എബി ആത്മവിശ്വാസമുള്ളവനാകുന്നത്. കേരളത്തിലേക്കുള്ള മടക്കം, പതിനെട്ടാംമൈലില്‍ വിശ്രമവും പ്രൊജക്ട് തയ്യാറാക്കലും എല്ലാം പ്രിയയുടെ നിര്‍ദ്ദേശമാണ്. ചിലപ്പോള്‍ വരത്തനിലെ ആദ്യ പ്രശ്‌നം തൊഴിലാണ്. തൊഴിലിടത്തിന്റെ മാറുന്ന സ്വഭാവങ്ങള്‍. തൊഴില്‍ സുരക്ഷിതത്വം എന്നത് അപ്രസക്തമാകുന്ന കാലമാണന്ന ഓര്‍മ്മപ്പെടുത്തലുകള്‍. പ്രിയയുടെ അമ്മ എബിയോട് ഇനി എന്ത് എന്ന് ആവര്‍ത്തിക്കുന്നുണ്ട്? പ്രിയയ്ക്ക് പപ്പയോടൊപ്പമുള്ള ഓര്‍മ്മയാണ് പതിനെട്ടാംമൈല്‍, പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കാലം അവളെ തിരിച്ചുവിളിക്കുന്നുണ്ട്. ആ വീടിന്റെ ഓരോ വസ്തുവിനും പ്രിയയുടെ മരിച്ചുപോയ പപ്പയുടെ കയ്യൊപ്പുണ്ട്. അത്രത്തോളം ഓര്‍മ്മകളുണ്ട്. സ്വാഭാവികമായും വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏതൊരോര്‍മ്മയിലും ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നുണ്ട്. എബിയുടെ കാഴ്ചയിലും പരിശോധനയിലും ഈ അവസ്ഥയുണ്ട്. ഇതിനു ചേര്‍ന്നതുതന്നെയാണ് പശ്ചാത്തല സംഗീതം. എന്നാല്‍, എബിക്ക് ഒരു ഗൃഹാതുരത്വവും അവകാശപ്പെടാനില്ല. ബോര്‍ഡിങ്ങിലെ പഠനത്തെക്കുറിച്ച് എന്നും പോകാന്‍ മടിക്കുന്ന തിങ്കളാഴ്ചയായിരുന്നു എന്ന ഒറ്റവരിയേ ഉള്ളു. പക്ഷേ, അതുമതി, അത്രയൊന്നും സുഖകരമായിരുന്നില്ല ബാല്യമെന്ന വാചാലതയ്ക്ക്. പ്രിയയ്ക്ക് മുന്‍പേ എഴുന്നേല്‍ക്കുന്നതും ചായ ഉണ്ടാക്കുന്നതും വസ്ത്രമലക്കുന്നതുമൊന്നും എബിക്ക് അസാധാരണമായ ഒന്നുമല്ല. പതിനെട്ടാംമൈലിലെ കാഴ്ചക്കാരായ യുവാക്കള്‍ക്ക് ഇതെല്ലാം ചെയ്യുന്നവന്‍ മൊണ്ണനും പെണ്‍ക്കോന്തനുമൊക്കെയാണ്.
പ്രിയയുടെ ഇന്‍സെക്യൂരിറ്റി എബിക്ക് മനസ്സിലാകുന്നുണ്ട്. പാറ്റയെപ്പോലും കൊല്ലരുതെന്നു വിശ്വസിക്കുന്ന എബിക്ക് അനുരഞ്ജനമാണ് എല്ലാറ്റിനും പരിഹാരമെന്ന വിശ്വാസമുണ്ട്. ബാത്ത്‌റൂമില്‍നിന്ന് പ്രിയ കണ്ടെടുത്ത മൊബൈല്‍ ക്യാമറ ഉടമയ്ക്ക് തിരിച്ചുനല്‍കുന്ന അത്രയും അനുരഞ്ജനം. പ്രിയയെ ശല്യം ചെയ്തവരില്‍നിന്ന് ഒരു പെഗ് വാങ്ങിക്കഴിച്ച് പരമാവധി സമാധാനം ആഗ്രഹിക്കുന്ന ആള്‍.
പക്ഷേ, പപ്പയുണ്ടായിരുന്നെങ്കില്‍ എന്ന പ്രിയയുടെ ചോദ്യം എബിയെ വളരെ പെട്ടെന്നു മറ്റൊരാളാക്കുന്നു. കുറ്റബോധവും നിസ്സഹായതയും അയാളെ പൊട്ടിക്കരയിക്കുന്നുണ്ട്. അപ്പോഴാണ് അഭയം തേടി പ്രേമനും അമ്മയുമെത്തുന്നത്, അവരെ ഒളിപ്പിക്കുന്നതില്‍ തുടങ്ങുന്നു അമല്‍ നീരദിന്റെ യഥാര്‍ത്ഥ എബി.
പ്രിയയെ അപമാനിച്ചവരോടുള്ള പ്രതികാരമാണ് അവസാന 20 മിനിറ്റ്. വലിയ സംഘം ഗുണ്ടകളോട് ഒറ്റക്കെതിരിടുന്ന എബി. ഇലക്ട്രിക്ക് വയറും ഗ്യാസ് സിലിണ്ടറും കത്തിയും തോക്കുമൊക്കെ മാറിമാറി പ്രയോഗിച്ച് ശത്രുവിനെ നിലം പരിചാക്കുന്ന സൂപ്പര്‍സ്റ്റാര്‍ എബി. ഒരു ഘട്ടത്തില്‍ പിറകില്‍നിന്നേറ്റ അടിയില്‍ എബി വീണുപോകുന്നു. അപ്പോള്‍ മാത്രം പ്രിയ തോക്കെടുക്കുന്നു.
അവസാനം വരെയുള്ള സഹനം പെണ്ണിന്റെ അച്ചടക്ക മുദ്രയാണന്നു ചിത്രം പറയാതെ പറയുന്നു.

പതിനെട്ടാം മൈലിലെ സദാചാര ഗുണ്ടായിസം
ആണത്വത്തിന്റെ ഇരട്ടത്താപ്പ് സൂക്ഷ്മമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട് വരത്തനില്‍. സദാചാരവും ഒളിഞ്ഞുനോട്ടവും സമകാലിക സാഹചര്യത്തില്‍ ഒരു നാണയത്തിന്റെ ഒരു വശം തന്നെയാണ്. പ്രിയയിലേക്ക് കാമാര്‍ത്തരായി നോക്കുന്ന അവളെ പീഡിപ്പിക്കുന്ന ആള്‍ക്കൂട്ടം തന്നെയാണ് ഒരു പുരുഷനും സ്ത്രീയും കാറിലിരുന്നു സംസാരിക്കുന്നതിനെ ചോദ്യം ചെയ്യുന്നതും പുരുഷനെ മര്‍ദ്ദിക്കുന്നതും. പേടിച്ചുവിറച്ചിരിക്കുന്ന സ്ത്രീക്ക് നേരെ മൊബൈല്‍ ക്യാമറയുമായി എത്തുന്ന പേടിപ്പിക്കുന്ന കാഴ്ച. പൊലീസിനെ വിളിച്ചോളൂ എന്ന് അയാള്‍ വിലപിക്കുന്നുണ്ട്. ആള്‍ക്കൂട്ട നീതിക്ക് എന്തു പൊലീസ്. സ്ത്രീ പുരുഷ സൗഹൃദങ്ങളില്‍, പ്രണയത്തില്‍ എല്ലാം ഇത്തരം ആള്‍ക്കൂട്ടവിചാരണകള്‍ക്ക് (നോട്ടത്തിലെങ്കിലും) ഇരകളാകുന്ന എത്രയോ അനുഭവങ്ങളുണ്ട് നമുക്ക് ചുറ്റും. ഈ സദാചാരക്കാര്‍ തന്നെയാണ് സ്വന്തം വീട്ടിലെ പെണ്‍കുട്ടിയുടെ കൂട്ടുകാരനെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നതും. മലയാളിയുടെ ഈ കാപട്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് വരത്തന്‍.

ഗ്രാമീണ കാഴ്ചകളിലേക്കൊതുക്കിയ അശ്ലീലം
ഏതൊരു സിനിമയ്ക്കും അതു പശ്ചാത്തലമാകുന്ന ഇടം പ്രധാനമാണ്. വിദേശ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അനുഭവിക്കേണ്ടിവരാത്ത ഇന്‍സെക്യൂരിറ്റിയും പീഡനവുമാണ് പ്രിയയും എബിയും കേരളത്തില്‍ നേരിടുന്നത്. ആദ്യ കാര്‍യാത്രയില്‍ തുടങ്ങുന്ന ഈ അരക്ഷിതത്വം പതിനെട്ടാംമയിലെന്ന മലയോര ഗ്രാമത്തിലെത്തുമ്പോഴേക്കും ജീവിതത്തെ ആകെ ബാധിക്കുന്നു. എന്നാല്‍, മറിച്ച് ചിന്തിക്കുന്ന ഒരാള്‍പോലും ഈ ഗ്രാമീണാനുഭവത്തിലില്ല. പതിനെട്ടാമ മയിലിലെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്ന (ദിലീഷ് പോത്തന്‍) കാര്യസ്ഥന്‍ ഒരു രാഷ്ട്രീയക്കാരനാണന്നു പ്രിയയുടെ അമ്മ പറയുന്നുണ്ട്. സദാചാര ഗുണ്ടായിസത്തിനിരയായ ആളില്‍നിന്നു പണംവാങ്ങി ഒത്തുതീര്‍പ്പിലെത്തുകയാണ് ഇയാള്‍. ഒത്തുതീര്‍പ്പ് പണം വീതംവെക്കുന്നത് ഒരു സാമൂഹികപ്രശ്‌നത്തെ തീര്‍ത്തും നിസ്സാരമാക്കുന്ന കാഴ്ചയായി. പ്രേക്ഷകര്‍ ഇരകളെ വിടുകയും വേട്ടക്കാരുടെ കോപ്രായങ്ങളില്‍ ചിരിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു.
പ്രിയക്കാകട്ടെ, നല്ല സഹപാഠികളെ ആരെയും ഇവിടെ കണ്ടെത്തനാകുന്നില്ല. പഠിക്കുന്ന കാലത്തുതന്നെ അവരെല്ലാം പിഴയാണെന്ന് പ്രിയ പറയുന്നുണ്ട്. അത്രമാത്രം പ്രതീക്ഷ നഷ്ടപ്പെട്ടതാണ് നമ്മുടെ ഗ്രാമീണജീവിതം എന്നു സ്ഥാപിക്കുന്നതു നീതിയല്ല.

സംഘട്ടനം ചോര്‍ത്തിയ പ്രമേയം
അമല്‍ നീരദിന്റെ ചിത്രമല്ലേ കുറച്ച് വയലന്‍സൊക്കെ ഉണ്ടാകുമെന്ന പ്രേക്ഷക ചിന്തയെ മാത്രം തൃപ്തിപ്പെടുത്തുന്നതായി അവസാന 20 മിനിറ്റ്. സദാചാര ഗുണ്ടകള്‍ കണ്‍ മുന്നില്‍ ഒരു സ്ത്രീയേയും പുരുഷനേയും ആക്രമിക്കുന്നതു കണ്ടിട്ടും തന്നോടൊപ്പമുള്ള ആള്‍ പണം വാങ്ങി ഇരകളെ രക്ഷപ്പെടുത്തുന്നതു കണ്ടിട്ടും സൈദ്ധാന്തിക പ്രതികരണം മാത്രം നടത്തി മുന്നോട്ടുപോകുന്ന എബിയെ പ്രതികരണശേഷിയുള്ളവനാക്കുന്നത് തന്റെ പൗരഷത്തെ പ്രിയ ചോദ്യം ചെയ്തപ്പോഴാണ്. അതാകട്ടെ, അങ്ങേയറ്റത്തെ വയലന്‍സിലേക്കും ഇടക്കെപ്പോഴൊക്കയോ പഴയ സാധനങ്ങളില്‍ പരതിനടക്കുന്ന എബി വലിയൊരു പ്രതിരോധത്തിന് അരങ്ങൊരുക്കുന്നുണ്ട് എന്ന ഫീല്‍ പലപ്പോഴായുണ്ട്. എന്നാല്‍, ഷോക്കടിപ്പിച്ചും ഗ്യാസ് സിലിണ്ടര്‍ കത്തിച്ചുമൊക്കെ 'സി.ഐ.ഡി മൂസ' സ്‌റ്റൈലിലുള്ള പ്രതിരോധം നായകനെ മരണമാസാക്കാന്‍ കൊള്ളാം. അവള്‍ക്ക് (പ്രിയ) പോലും അവന്റെ വീഴ്ച വരെ കാത്തിരിക്കേണ്ടിവന്നു തോക്കെടുത്ത് പ്രതിരോധിക്കാന്‍. ഇനി തങ്ങളുടെ ലോകത്ത് ഒരു പാറ്റയ്ക്കുപോലും സ്ഥാനമില്ലെന്നു പാറ്റയെ ചവിട്ടിയരക്കുന്ന എബി പറയാതെ പറയുന്നുണ്ട്.

എത്ര പേര്‍ക്ക് എബിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കാനും അടിച്ചുവീഴ്ത്തി നായകനാകാനും ഇനി ആര്‍ക്കും പ്രവേശനമില്ലെന്നു ഗെയ്റ്റില്‍ ബോര്‍ഡും തൂക്കി സ്വസ്ഥമാകാനും കഴിയും. മാത്രമല്ല, അവസാന 20 മിനിറ്റില്‍ പഴയ പഴത്തൊലി തമാശകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍കൂടി കൂട്ടി ചേര്‍ത്തതോടെ അത്ര നേരം ശ്വാസമടക്കിപിടിച്ചിരുന്നു വേവല3തിയോടെ, ആശങ്കയോടെ അറിഞ്ഞ വലിയൊരു സാമൂഹ്യപ്രശ്‌നം കേവലം കോമാളിത്ത ചിരിയിലേക്ക് വഴിമാറി. അഥവാ വരത്തനില്‍ ഇല്ലാതെ പോയത് ജനാധിപത്യം തന്നെയാണ്
മായാനദിയിലെ അപ്പു മനസ്സില്‍നിന്നു മായുന്നതിനു മുന്‍പ് ഐശ്വര്യ പ്രിയയായി വീണ്ടും അദ്ഭുതപ്പെടുത്തുന്നു. ലിറ്റിലിന്റെ ക്യാമറ അതിശയിപ്പിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ശ്രദ്ധേയമായി. എന്തായാലും നമ്മള്‍ എത്രമാത്രം ഇരട്ടത്താപ്പുള്ളവരാണന്നു തിരിച്ചറിയാന്‍ 'വരത്തന്‍' കാണണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com