ആണാചാരങ്ങളുടെ അടിത്തറ ഇളകുമ്പോള്‍

അനീതിക്കെതിരേ ഡബ്ല്യുസിസിയുടെ പോരാട്ടം ലിംഗനീതിക്കും ആണ്‍കോയ്മയ്ക്കുമെതിരേയുള്ള സമരചരിതമാകുന്നതെങ്ങനെ?
ആണാചാരങ്ങളുടെ അടിത്തറ ഇളകുമ്പോള്‍



ലിംഗനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ലോകത്തെമ്പാടും #metoo വഴി നടന്നത്. മിറാമാക്സ് ഉടമ ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് നടി അലീസ മിലാനോ വെളിപ്പെടുത്തിയത് ഒരു കൊല്ലം മുന്‍പാണ്. 2017 ഒക്ടോബര്‍ 15ന്. അതുവരെ ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ 'പരസ്യമായ രഹസ്യം' മാത്രമായിരുന്നു. നടീനടന്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സ്വകാര്യസംഭാഷണങ്ങളില്‍ നാടകീയത നിറഞ്ഞ കഥകള്‍ മാത്രമായിരുന്നു അത്. എന്നാല്‍, ഈ അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകള്‍ അതിന്റെ മാനവികമായ അര്‍ത്ഥത്തില്‍ ആധിപത്യവും ചൂഷണവും ഹിംസയുമാണെന്ന് മനസിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. അപൂര്‍ണമായ വിചാരണകളില്‍ തെളിഞ്ഞ അനീതികള്‍ ചിന്തിക്കുന്ന ഏതു മനുഷ്യനെയും സ്പര്‍ശിച്ചിട്ടുണ്ടാകണം. 

ദാരിദ്ര്യത്തിനും എയ്ഡ്‌സ് വ്യാപനത്തിനുമെതിരേ ഒട്ടേറെ നല്ല പ്രവൃത്തികള്‍ ചെയ്ത വെയ്ന്‍സ്റ്റെയ്ന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് താന്‍ നിര്‍മിച്ച സിനിമകളുടെയോ സമ്പന്നമായ ജീവിതരേഖയുടെയോ പേരിലായിരുന്നില്ല. ആണ്‍കോയ്മ നിറഞ്ഞ സിനിമാ വ്യവസായത്തില്‍ അദ്ദേഹം നടത്തിയ പീഡകളുടെ പേരിലായിരുന്നു. തിക്താനുഭവങ്ങള്‍ വെളിപ്പെടുത്തിയ റോസ് മക് ഗാവന്റെയും ആഷ്ലി ജൂഡിന്റെയും പേരില്‍ ആശാവഹമായ ഒരു പുതുചരിത്രം തന്നെ രേഖപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകയായ Tarana Burke ഉപയോഗിച്ച #metoo വൈറലായി. നിസഹായതയുടെ ഏങ്ങലുകളും വിതുമ്പലുകളും വാക്കുകളില്‍ നിറഞ്ഞു. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെങ്ങുമുള്ള വനിതകള്‍ക്ക് വിവരണാതീതമായ തന്റേടവും കരുത്തുമാണ് മീ ടു നല്‍കിയത്. ഒരു ദിവസം കൊണ്ടുമാത്രം ലോകമെമ്പാടും രണ്ടുലക്ഷം ട്വീറ്റുകളാണ് ആ വാക്കിനുണ്ടായത്. വെളിപ്പെടുത്തല്‍ വന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ 1.2 കോടി ജനങ്ങള്‍ ആ ഹാഷ്ടാഗ് ഉപയോഗിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന ബില്‍ കോസ്ബി എന്ന നടന്‍ ഇന്ന് ജയിലിലാണ്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പോലും ഇത്തവണ പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഈ വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബോളിവുഡിലും ആ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. പല വിഗ്രഹങ്ങളും ഉടഞ്ഞുവീണു. പല നിര്‍മാണ കമ്പനികളും പിരിച്ചുവിട്ടു. 

പലവിധത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ഇത്രയും സൂചിപ്പിച്ചത് അതിക്രമത്തെക്കുറിച്ചുള്ള സ്ത്രീകളുടെ ഈ വെളിപ്പെടുത്തലുകള്‍ സാമൂഹ്യഘടനയില്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് പറയാനാണ്. കേരളത്തില്‍ സമീപകാല ചരിത്രത്തില്‍, കുടുംബവും തൊഴിലിടവും മതസ്ഥാപനങ്ങളും തുടങ്ങി ആണ്‍കോയ്മയുടെ എല്ലാ മേഖലകളിലും നവോത്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവമുള്ള സ്ത്രീമുന്നേറ്റം ദൃശ്യമായിരുന്നു. പൊമ്പിള ഒരുമൈയില്‍ തുടങ്ങി കന്യാസ്ത്രീകളുടെ സമരം വരെയുള്ള പ്രതിഷേധങ്ങളില്‍, അവരുടെ മേഖലകളില്‍ ആണ്‍കോയ്മയ്ക്കും അനീതിക്കുമെതിരായ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മുറിവേറ്റവരുടെയും പോരാട്ടം കൂടിയായിരുന്നു. എന്നാല്‍, സാഹചര്യങ്ങളില്‍ രൂപപ്പെട്ട മാനവിക വിരുദ്ധതകളെ തിരുത്തിയും നവീകരിച്ചും മുന്നേറാനുള്ള മനുഷ്യസമൂഹത്തിന്റെ സാധാരണത്വര ഇവിടെ ദൃശ്യമായില്ല. മറിച്ച്, അടിച്ചമര്‍ത്തപ്പെട്ടവര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ ഹീനമായ രീതിയില്‍ അക്രമിക്കാനാണ് പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥകള്‍ ശ്രമിച്ചത്. 

കന്യാസ്ത്രീകളുടെ സമരം, ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തല്‍, നാമജപയാത്ര ഈ മൂന്നു പ്രതിഷേധങ്ങളെടുക്കുക. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പറിച്ചെറിയാനാവില്ലെന്ന ആത്മവിശ്വാസത്തില്‍  നിലപാടുകള്‍ സധൈര്യം തുറന്നു പറഞ്ഞ wcc അംഗങ്ങള്‍ക്കെതിരേ പോരാടുന്ന താരസംഘടനയും കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞ ക്രൈസ്തവസഭയും ആചാരസംരക്ഷണത്തിന് തെരുവിലിറിങ്ങിയ കുലസ്ത്രീകളും പയറ്റുന്നത് ഒരു രാഷ്ട്രീയമാണ്. തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ സഹനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചവരാണ് ആദ്യ രണ്ട് സമരങ്ങളും നയിച്ചതെങ്കില്‍ തങ്ങളുടെ തന്നെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും എതിരായി സ്ത്രീകള്‍ തന്നെ നടത്തുന്നതാണ് മൂന്നാമത്തെ നാമജപ സമരം. ആചാരങ്ങളുടെ പിന്‍ബലത്തില്‍ സ്ത്രീക്ക് ചരിത്രത്തില്‍ നിഷേധിക്കപ്പെട്ട മൗലിക അവകാശങ്ങള്‍ തിരിച്ചു നല്‍കിയതിനെതിരെയാണ് ഇവരുടെ പോരാട്ടം. നാമജപസംഘവും അമ്മയുടെ ആരാധകക്കൂട്ടവും സഭാവിശ്വാസിയായ പി.സി. ജോര്‍ജ് അടങ്ങുന്ന രാഷ്ട്രീയക്കാരും ഒരു രാഷ്ട്രീയത്തിന്റെ സന്തതികളാണ്. സവര്‍ണജാതി ബോധത്തിന്റെയും ഉപജാപകസംഘമായ ഇവരെ സ്ത്രീവിരുദ്ധത എന്ന ഒറ്റ നൂലില്‍ കോര്‍ത്തെടുക്കാം. ജാതിസമ്പ്രദായം പോലെ തന്നെ, കുടുംബ ജനാധിപത്യം പോലെ, മതങ്ങള്‍ പോലെ, സിനിമകള്‍ പോലെ പുരുഷസമഗ്രാധിപത്യത്തിന്റെ സര്‍വ മേഖലകളും അവികിസതങ്ങളും ഭയം തീണ്ടിയവയുമാണ്. ലിംഗതുല്യതയും നീതിയൊന്നും അവരുടെ വിശ്വാസത്തിലും പ്രയോഗത്തിലുമില്ല. 

അതുകൊണ്ട്തന്നെ A.M.M.A അതൊരു വെല്‍ഫയര്‍ സംഘടനയല്ല, കുടുംബം മാത്രമാണ്.  ആണ്‍കോയ്മ നിറഞ്ഞ, വകതിരിവില്ലാത്ത,  സദാചാര സ്വഭാവസവിശേഷതകളുള്ള ഒരു കൂട്ടം ആളുകളുടെ സംഘചേരല്‍ മാത്രമാണത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ ആദിമധ്യാന്തം അവര്‍ ആവര്‍ത്തിക്കുന്നതും ആ കുടുംബത്തിന്റെ പേര് ചീത്തയാക്കരുതെന്നാണ്. ഓഷോയുടെ ദാര്‍ശനികത പറയുകയും പതറുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിരിച്ചും ശരീരചേഷ്ടകള്‍ കാണിച്ചും നിസാരവത്കരിച്ച് രക്ഷപെടുന്നത് താരസംഘടനയുടെ മേധാവികളുടെ പതിവുപരിപാടിയാണ്. രാഷ്ട്രീയവും നിലപാടും ചോദിക്കുമ്പോള്‍ അത് ആവശ്യമില്ലാത്ത ചോദ്യങ്ങളാകുന്നത് ആ സത്യസന്ധതയില്ലായ്മ കൊണ്ടുമാത്രമാണ്. സംഘടനയുടെ ചെയ്തികളെക്കുറിച്ചു ചോദിക്കുമ്പോള്‍ ഒരു മുറം പച്ചക്കറിയെക്കുറിച്ച് പറയാമെന്നു പറയുന്ന ഇടതു പാര്‍ട്ടിയുടെ ജനപ്രതിനിധി ആ നിലപാടില്ലായ്മയാണ് കാണിക്കുന്നതും. 

അഷ്ടമിരോഹിണി ദിനത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് കിട്ടിയ പോസിറ്റീവ് എനര്‍ജിക്ക് മതഭേദവും രാഷ്ട്രീയഭേദവുമില്ലെന്നായിരുന്നു മോഹന്‍ലാല്‍ജി ബ്ലോഗില്‍ കുറിച്ചത്. എന്താണ് 'കംപ്ലീറ്റ് ആക്ടര്‍ക്ക്' കിട്ടിയ മതേതരമായ ആ ഊര്‍ജദായകം? ശരണംവിളികളോടെ ആചാരസംരക്ഷത്തിന് ഇറങ്ങിപ്പുറപ്പെട്ട കുലസ്ത്രീകളും വിശ്വാസത്തിനായി ഏതറ്റംവരെ പോകുമെന്നു വാദിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരും ഫലത്തില്‍ പറയുന്നത് ഒന്നുതന്നെ- സ്ത്രീവിരുദ്ധത. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു സഭ നല്‍കുന്ന പിന്തുണയും ദിലീപിനു താരസംഘടന നല്‍കുന്ന പിന്തുണയും ചില സമാനതകളുണ്ട്. ഇരുവരും കുറ്റാരോപിതര്‍ മാത്രമാണത്രെ. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാമല്ലോ? തെളിഞ്ഞുവന്നാല്‍ സമ്മതിക്കാം. അതുവരെ ഇരയോടൊപ്പവും വേട്ടക്കാരനുമൊപ്പം നിന്ന് കുമ്പിടി കളിക്കും.  
 

ആത്മവിശ്വാസം കുറയുമ്പോള്‍ പരിഹാസം കവചമാക്കുന്ന രാഷ്ട്രീയ നീതികേടാണ് താരസംഘടനയും മോഹന്‍ലാലും ഇത്തവണയും ആ 'നടിമാരോട്° ചെയ്തത്. വ്യക്തികള്‍ എന്ന നിലയില്‍ അവരോരുത്തരും പേരെടുത്ത് പരാമര്‍ശിക്കേണ്ടവര്‍ തന്നെയാണ്. രേവതി, പാര്‍വതി, പദ്മപ്രിയ എന്നീ മൂന്നു പേരുകളെടുത്തു പറയുകയെന്നത് അവരോട് പുലര്‍ത്തേണ്ട മാന്യത തന്നെയായിരുന്നു. അതുണ്ടായില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞതും. ഇവര്‍ മൂന്നു പേരും മോഹന്‍ലാലിനൊപ്പം അഭിനയിച്ചവരാണ്. രേവതിയെ പോലെ മുതിര്‍ന്ന അഭിനേത്രിയെ നടി എന്നു വിളിക്കുന്നതിലെ അനൗചിത്യവും മര്യാദകേടും ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് മനസിലാകില്ല.  ചുരുക്കിപ്പറഞ്ഞാല്‍, നടിമാര്‍ എന്ന പരാമര്‍ശത്തോടെ തങ്ങളെങ്ങനെയാണ് സിനിമയിലും ജീവിതത്തിലും രണ്ടാംനിരക്കാരായി മാറുന്നത് എന്നു ബോധ്യപ്പെടുത്തിയാണ് wcc വാര്‍ത്താസമ്മേളനം തുടങ്ങിയതു തന്നെ. അതേസമയം, തങ്ങളെ വെറും നടിമാര്‍ എന്നാണ് മോഹന്‍ലാല്‍ വിളിച്ചതെന്ന് രേവതി പറയുമ്പോള്‍, പിന്നെ നടിയെ നടിയെന്നല്ലാതെ മറ്റെന്ത് വിളിക്കണം എന്നൊക്കെ ആരാധകര്‍ പരിഹസിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും മറ്റൊരു വ്യക്തിയില്‍ നിന്നു ലഭിക്കേണ്ട ചില സാമാന്യമര്യാദകളും അവകാശങ്ങളുമുണ്ട്. അതൊക്കെ വിറളിപിടിച്ച ആരാധകര്‍ക്ക് എങ്ങനെ അറിയാന്‍. ദേശീയ അവാര്‍ഡുകളാണ് ബഹുമാനത്തിന്റെ മാനദണ്ഡമെങ്കില്‍ രേവതിക്കും ലഭിച്ചിട്ടുണ്ട് പുരസ്‌കാരങ്ങള്‍. മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമാരംഗത്തുള്ള അവരും മോഹന്‍ലാലിനെപ്പോലെ അഭിനയസാധ്യതയുള്ള പ്രതിഭയാണ്. ആണ്‍കോയ്മയുടെ താരാധിപത്യത്തിനെതിരേ ജീവിതത്തിലും സിനിമയിലും പടപൊരുതിയാണ് അവര്‍ മുദ്രപതിപ്പിച്ചത്. 

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് Wcc യുടെ പേജില്‍ അസഭ്യവര്‍ഷം നടത്തുന്ന ഫാന്‍സുകാരും ശബരിമലയില്‍ കയറിയാല്‍ സ്ത്രീകളെ രണ്ടായി വലിച്ചുകീറുമെന്നു അധിക്ഷേപം ചൊരിയുന്നവരും രണ്ടുവ്യത്യസ്ത വിഷയങ്ങളില്‍ ഒരേ സ്ത്രീവിരുദ്ധരാഷ്ട്രീയം പിന്‍പറ്റുന്നവരാണ്. എറണാകുളം പ്രസ്‌ക്ലബില്‍ മലയാള സിനിമയിലെ ആണ്‍ അധികാരത്തെ വെല്ലുവെളിച്ച് വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്ത സമ്മേളനത്തെ അപഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവരാണ്. അവര്‍ ശബരിമലയുടെ വിഷയത്തില്‍ അട്ടഹാസം മുഴക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നവരാണ്. സ്ത്രീവിരുദ്ധത ശീലമാക്കിയവരാണ്.

അവരുടെ കൂട്ടത്തിലാണ് താരസംഘടനയുടെ പ്രസിഡന്റും. wcc അംഗങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കു മേല്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്‌ക്കോ എന്തെങ്കിലും വ്യക്തതയുണ്ടോ എന്ന് ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധിച്ചാല്‍ മനസിലാകും. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ജനറല്‍ബോഡി യോഗത്തിനു ശേഷം ചേര്‍ന്ന അവെയ്ലബിള്‍ എക്സിക്യൂട്ടീവും കഴിഞ്ഞ് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് വിചിത്ര നിലപാടുകളുടെ ആഭാസവര്‍ഷമായിരുന്നു മറുപടികള്‍. സംഘടന ആര്‍ക്കൊപ്പമാണെന്ന ചോദ്യത്തിന് നടിക്കൊപ്പമാണ് അതോടെപ്പം ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഇനി, വഴിയരുകിലെകന്യാസ്ത്രീ സമരം സഭയെ അവഹേളിക്കാനാണെന്ന് പറഞ്ഞ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ചതും സമാനമായ നിലപാടാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരാണ് ഈ സമരം എന്നു പ്രഖ്യാപിച്ച കെ.സി.ബി.സിയും താരസംഘടന പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേരളം പിന്നിട്ട നവോത്ഥാനത്തിന്റെ വഴികള്‍ പോലും ശരിയല്ലെന്ന ധാരണയാണ് ഈ ആഭാസാഹ്വാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതു പോലും. അക്രമിക്കപ്പെട്ട ഇരയ്ക്കാണോ പിന്തുണ അതോ കുറ്റാരോപിതനാണോ പിന്തുണ എന്ന ചോദ്യത്തിനു പോലും യുക്തിസഹമായ ഉത്തരം നല്‍കാന്‍ ഇത്തരം സംഘടനാനിര്‍മിതികള്‍ക്ക് കഴിഞ്ഞിട്ടില്ല. 

ആക്രമിക്കപ്പെട്ട നടിയൊടൊപ്പം നില്‍ക്കുകയും പ്രതിയായ താരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അതിനെ നിലപാടില്ലായ്മ എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. സര്‍വരെയും വിഡ്ഢിയാക്കുന്ന ആ പ്രസ്താവനയെ എങ്ങനെയാണ്  ഒരു വ്യക്തിയുടെ നിലപാടായിട്ട് കൂട്ടാന്‍ കഴിയുക? പൊതുസമൂഹത്തിന് മുന്നില്‍ അങ്ങേയറ്റം അപഹസിക്കപ്പെട്ടുനിന്ന ഒരു സംഘടനയുടെ തലവനായി തീര്‍ന്നിട്ടു പോലും ആ നിലപാടില്ലായ്മയ്ക്ക് യാതൊരു മാറ്റവുമില്ല.  രാഷ്ട്രീയമില്ലാത്ത, കൃത്യതയില്ലാത്ത ഒരു വാചകം പോലും ഡബ്ല്യുസിസി അംഗങ്ങള്‍ ആ പത്രസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നില്ല. യുക്തിയുടെയും വിവേകത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അവരുടെ ചോദ്യങ്ങളും മറുപടികളും. പറയുന്നതില്‍ വ്യക്തതയുണ്ട്, അഭിമാനവുമുണ്ട്. അവരുടെ ചോദ്യങ്ങളില്‍ അസ്വസ്ഥരായവര്‍ തൊട്ടുമുന്നിലുമുണ്ടായിരുന്നു. അക്രമോല്‍സുകമായി ചോദ്യം ചോദിച്ച അവര്‍  അക്ഷരാര്‍ത്ഥത്തില്‍ ആണ്‍കോയ്മയുടെ പ്രതിനിധികളായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ വിചാരണ നടത്താന്‍ തുനിഞ്ഞിറങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചരിത്രം പരിശോധിച്ചാലറിയാം അവര്‍ ഇരകളുടെ കൂടെയായിരുന്നോ അതോ വേട്ടക്കാരുടെ ഒപ്പമായിരുന്നോ എന്ന്. സമൂഹത്തിലെ പ്രതിലോമതകളുടെ പങ്ക് പറ്റുകയായിരുന്നു ഇവരും. ആള്‍ക്കൂട്ടത്തിന്റെ പിന്തുണയല്ല അഭിനയത്തിന്റെയും കഴിവിന്റെയും വ്യക്തിത്വത്തിന്റെയും മാനദണ്ഡമെന്ന് തിരിച്ചറിയപ്പെടും. 

ഈ അമ്മ എന്നുപറയുന്ന സംഘടനയിലുള്ളത് ആരാണ്?. സെലിബ്രിറ്റീസ് ആണ്. കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആള്‍ക്കാരാണ് അമ്മയെന്ന സംഘടനയ്ക്ക് അകത്തുള്ളത്. അവര്‍ പറയുന്നത് വാര്‍ത്തയാണ്. അവര്‍ ആഹാരം കഴിക്കുന്നത് വാര്‍ത്തയാണ്.അവര്‍ എന്തു ചെയ്താലും വാര്‍ത്തായണ്. അവര്‍ ചിന്തിക്കുന്നതും വാര്‍ത്തയാണ്. അവര്‍ക്കൊരു ഉത്തരവാദിത്വം വേണ്ടേ?. ഓരോ എക്‌സിക്യൂട്ടീവ് അംഗങ്ങളും അവരെടുക്കുന്ന തീരുമാനത്തില്‍ ഒരുത്തരവാദിത്വം വേണ്ടേ?- രേവതി

ഈ വ്യവസായത്തെ നാണംകെടുത്താന്‍ ഉദ്ദേശ്യമില്ല. എന്നാല്‍ മീടു മുന്നേറ്റത്തിലെ വെളിപ്പെടുത്തലുകള്‍ പോലുള്ള നിരവധി സംഭവങ്ങള്‍ ഇവിടെയുമുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വൈകാതെ അതും പുറത്തുവരും. ഒരു പ്രഷര്‍ കുക്കറിന്റെ അവസ്ഥയിലാണിപ്പോള്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടാം- ബീനാപോള്‍

സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ അഭിസംബോധന ചെയ്യുന്ന സംവിധാനം സിനിമാരംഗത്ത് വേണമെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്. ഈ ഒരു സമയം ഇന്ത്യ മുഴുവന്‍ ഒരു മൂവ്‌മെന്റ് നടക്കുന്ന സമയമാണ്. ഇന്ത്യന്‍ രാഷ്ട്രീയമടക്കം, ബോളിവുഡ് അടക്കം നടപടിയെക്കുന്ന കാലമാണിത്. സ്ത്രീകള്‍ സംസാരിക്കുന്ന, അവരെ കേള്‍ക്കുന്ന ഒരു സമയമാണ് ഇത്. അവര്‍ എന്തു പറയുന്നോ അതു വിശ്വസിക്കുന്ന ഒരു സമയമാണ്. ഇതെല്ലാം നിലനില്‍ക്കേ കേരളത്തില്‍ അങ്ങനെയല്ല- അഞ്ജലി മേനോന്‍

വാക്ക് വിശ്വസിച്ചാണ് ഞങ്ങള്‍ ചര്‍ച്ചയ്ക്കു പോയത്. അവര്‍ ഞങ്ങളെ കേള്‍ക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ആരോപണങ്ങള്‍ കൊണ്ട് അവര്‍ ഞങ്ങളെ മൂടുകയായിരുന്നു. സംഘടനായോഗങ്ങളിലെ ഹാജറിന്റെകാര്യങ്ങളൊക്കെയാണ്അവര്‍ സംസാരിച്ചത്. 40 മിനിട്ടിനു ശേഷം സംസാരിക്കാന്‍ അനുവദിക്കണമെന്ന് അവരോട് കെഞ്ചേണ്ടി വന്നു- പാര്‍വതി

മി ടു ക്യാമ്പയിനില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലുകളും അതിനെതിരായ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കയാണ്. എന്നാല്‍, നമ്മുടെ കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുറ്റാരോപിതനായ നടനെ വച്ച് ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണന്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. ഒരു നാട് മുഴുവന്‍ അക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നപ്പോള്‍ നമുക്ക് നോക്കാം എന്ന നിസംഗമറുപടിയാണ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്- റിമ കല്ലിങ്കല്‍ 

എന്തിനാണ് കുറ്റാരോപിതനായ ഒരു അംഗത്തെ അകത്ത് നിര്‍ത്തുന്നത് ?സംഘടനാനേതൃത്വം ഞങ്ങളോട് നുണ പറയുകയാണെന്നത് അതില്‍ തന്നെ വ്യക്തമാണ്.  'അമ്മ' തുടങ്ങിയ വ്യക്തികളാണ് ബൈലോ ഉണ്ടാക്കിയത്.  അവര്‍ തന്നെയാണ് ഇപ്പോഴും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കുന്നതും. ഗണേഷ് കുമാറാണ് ബൈലോ ഉണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്.  ഇത്രയും വലിയ ഒരു വിഷയത്തില്‍ പോലും ഇരയ്ക്കൊപ്പം നില്‍ക്കാത്ത ഇത്, ഇനി അമ്മയിലേക്ക് വരുന്ന സ്ത്രീകളുടെയും അവസരം കളയുന്ന ഒന്നായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്- പത്മപ്രിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com