'നിലവാരമുള്ള ബാലസാഹിത്യ പുസ്തകങ്ങള്‍ ഇറക്കുകയെന്നത്  എളുപ്പമല്ലെന്ന് അവിടെ വെച്ച് മനസിലായി': സേതു

ഉള്ളടക്കം, ചിത്രീകരണം, പേജിന്റെ വലിപ്പം, പൊതുവായ ലേ ഔട്ട്, മൊത്തത്തിലുള്ള പ്രസാധനം എന്നിവയിലെല്ലാം കാലാകാലങ്ങളായി പലവിധ മാറ്റങ്ങള്‍ വരുത്തിയേ പറ്റൂ
'നിലവാരമുള്ള ബാലസാഹിത്യ പുസ്തകങ്ങള്‍ ഇറക്കുകയെന്നത്  എളുപ്പമല്ലെന്ന് അവിടെ വെച്ച് മനസിലായി': സേതു

രനൂറ്റാണ്ടു കാലത്തെ എഴുത്തു ജീവിതത്തിനുള്ളില്‍ ഒരു ബാലസാഹിത്യകൃതി എഴുതിക്കൂടേയെന്ന് ചോദിച്ച പല പ്രസാധകരുമുണ്ട്. ലീലാവതി ടീച്ചര്‍ കൂടി എഴുതിയ നിലയ്ക്ക് കഥ എഴുതുന്ന ഒരാളെന്ന നിലയ്ക്ക് താങ്കള്‍ക്ക് എന്താണ് പ്രയാസമെന്ന് കളിയാക്കിയവരുമുണ്ട്. ശരിയാണ്, സത്യജിത്ത് റായ് തൊട്ട് നമ്മുടെ എം.ടി. വരെ ഒട്ടേറെ പ്രമുഖര്‍ ബാലസാഹിത്യം കൈകാര്യം ചെയ്തവരാണ്. എന്നിട്ടും ഓരോന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു ഞാന്‍. കാരണം, ധൈര്യമില്ല തന്നെ. ബാലസാഹിത്യം എഴുതണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് കുട്ടികളുടെ മനസ്സറിയാനുള്ള കഴിവുണ്ടാകണം, അതിനായി കുട്ടികളുടെ മനസ്സുമുണ്ടാകണം. ഇക്കാര്യത്തില്‍ എന്റെ ധൈര്യക്കുറവിനു കാരണങ്ങള്‍ പലതായിരുന്നു. ഒന്നാമതായി സ്വന്തം മക്കള്‍ക്ക് കുട്ടിക്കാലത്ത് കഥ പറഞ്ഞുകൊടുത്ത പരിചയമില്ല എനിക്ക്. എന്തൊക്കെയാണ് അവരുടെ മനസ്സിലൂടെ കടന്നുപോകുന്നതെന്നും അവര്‍ക്ക് വേണ്ടതെന്താണെന്നുമൊക്കെ ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെ ഒരു 'ബുദ്ധിമുട്ടുള്ള' എഴുത്തുകാരനായി വിശേഷിപ്പിക്കപ്പെടുന്ന (ഒരു കാരണവുമില്ലാതെ) ഞാന്‍ എന്തെങ്കിലും എഴുതിയാല്‍, അതിന്റെ അര്‍ത്ഥം കുട്ടികള്‍ക്കു വേണ്ട രീതിയില്‍ മനസ്സിലാകുമോയെന്ന പേടിയും. എത്രയോ പ്രഗത്ഭന്മാര്‍  നിറഞ്ഞുനില്‍ക്കുന്ന ഈ രംഗത്ത് ഇനി ഞാന്‍ കൂടിയെന്തിന് എന്ന സ്വാഭാവിക സംശയവുമുണ്ടായിരുന്നു. എന്തായാ ലും, നമ്മുടെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്റെ പ്രസിദ്ധീകരിക്കപ്പെട്ട കഥകളില്‍നിന്ന് തെരഞ്ഞെടുത്ത ചില കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ ഞാന്‍ സമ്മതം മൂളി. അങ്ങനെ അവര്‍ ഒരു പുസ്തകം ഇറക്കിയെങ്കിലും അതിനെ ഞാനെഴുതിയ ബാലസാഹിത്യ കൃതിയെന്നു വിശേഷിപ്പിക്കുന്നത് ശരിയാവില്ല. 

പണ്ടുകാലത്ത് മികച്ച ബാലസാഹിത്യകൃതികളായി കണ്ടിരുന്നത്  'കഥാസരിത്സാഗരം', 'പഞ്ചതന്ത്ര കഥകള്‍', 'അറബിക്കഥകള്‍' 'ഈസോപ്പിന്റെ കഥകള്‍', 'രാമായണ കഥകള്‍', 'കുട്ടികളുടെ മഹാഭാരതം' തുടങ്ങിയവയായിരുന്നു. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും മറ്റും പല രൂപാന്തരങ്ങളുമായി മാലിയുടെ സീരീസ് വന്നപ്പോള്‍ അവയ്ക്ക് വലിയ ജനപ്രീതി കിട്ടിയത് പെട്ടെന്നാണ്. കുട്ടികളോട് രസകരമായി കഥ പറഞ്ഞുപോകാന്‍ നല്ല വൈഭവമുണ്ടായിരുന്നു ദീര്‍ഘകാലം ഓള്‍ ഇന്ത്യാ റേഡിയോവില്‍ പ്രവര്‍ത്തിച്ചിരുന്ന, മാലിയെന്ന മാധവന്‍നായര്‍ക്ക്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ കഥാ സദസ്സുകളില്‍ നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 

പക്ഷേ, പില്‍ക്കാലത്ത് കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കാലമനുസരിച്ച് വളരെയേറെ സങ്കീര്‍ണ്ണമായ രീതിയില്‍ മാറിക്കൊണ്ടിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. സാധാരണ രീതിയിലുള്ള പുരാണകഥകള്‍ക്കും ക്ലാസ്സിക്കുകളിലെ ഹീറോകളുടെ വീരശൂര പരാക്രമങ്ങളോടൊപ്പം പലവിധ സയന്‍സ് ഫിക്ഷനും കാര്‍ട്ടൂണ്‍ കഥകളും പ്രചാരത്തിലായി. എന്തിന്, വിദേശത്തുള്ള എന്റെ പേരക്കുട്ടികള്‍ക്ക് 'കുങ്ങ്ഫൂ  പാണ്ടയോടൊപ്പം' 'ഛോട്ടാ ഭീമും' ഹനുമാന്‍ സീരീസും അര്‍ജ്ജുന്‍, കര്‍ണ്ണന്‍ തുടങ്ങിയവരുടെ വീരപരാക്രമങ്ങളടങ്ങുന്ന കോമിക് പുസ്തകങ്ങളും വീഡിയോ ഫിലിമുകളും വേണമെന്നായി. ടെലിവിഷനിലാണെങ്കില്‍ പലതരം കാര്‍ട്ടൂണ്‍ ചാനലുകളുടെ പ്രളയം. കുട്ടികളുടെ പഠനസമയം തട്ടിയെടുക്കാനായി നിരവധി ഉപാധികള്‍...

എന്തായാലും, ബാലസാഹിത്യത്തെപ്പറ്റി നല്ല ബോദ്ധ്യമുണ്ടായത് എന്‍.ബി.ടിയില്‍ ചേര്‍ന്നതിനു ശേഷമാണ്. സ്ഥാപകനായ പണ്ഡിറ്റ്ജിയുടെ താല്പര്യത്തില്‍ അവിടെ ബാലസാഹിത്യത്തിനായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു. അത്തരത്തിലുള്ള ധാരാളം പുസ്തകങ്ങള്‍ പല ഭാഷകളിലായി പ്രസാധനം ചെയ്തിട്ടുള്ളതുകൊണ്ട് ഈ രംഗത്ത് എന്‍.ബി.ടിക്ക് വലിയ പ്രശസ്തിയുണ്ടായിരുന്നു. മാത്രമല്ല, തങ്ങളുടെ പുസ്തകങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് രാജ്യമാകമാനം എത്തിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് സ്വകാര്യ പ്രസാധകര്‍ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു ഈ സര്‍ക്കാര്‍ സ്ഥാപനം. പക്ഷേ, മികച്ച നിലവാരമുള്ള ബാലസാഹിത്യ പുസ്തകങ്ങള്‍ ഇറക്കുകയെന്നത്  എളുപ്പമല്ലെന്ന് മനസ്സിലായത് അവിടെ വച്ചാണ്. ഉള്ളടക്കം, ചിത്രീകരണം, പേജിന്റെ വലിപ്പം, പൊതുവായ ലേ ഔട്ട്, മൊത്തത്തിലുള്ള പ്രസാധനം എന്നിവയിലെല്ലാം കാലാകാലങ്ങളായി പലവിധ മാറ്റങ്ങള്‍ വരുത്തിയേ പറ്റൂ. ഒരു ചെറിയ ഉദാ ഹരണം പറയാം. മികച്ച ആര്‍ട്ട് പേപ്പര്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ ചില പുസ്തകങ്ങളുടെ താളുകള്‍ ട്യൂബ്ലൈറ്റിനു കീഴെ പിടിക്കുമ്പോള്‍ തിളക്കം കാരണം കണ്ണുകള്‍ വല്ലാതെ വേദനിക്കുന്നുവെന്ന് പരാതിപ്പെട്ടത് വായനക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. വാസ്തവത്തില്‍ അത് വലിയൊരു കണ്ടെത്തലായിരുന്നു ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക്. താരതമ്യേന ഉയര്‍ന്ന നിലവാരമുള്ള കടലാസായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിലും, 'ഗ്ലോസി' കടലാസുകള്‍ക്ക് പകരം ചില പ്രത്യേക തരത്തിലുള്ള മാറ്റ് പേപ്പറാണ് കൂടുതല്‍ നല്ലതെന്ന് പിന്നീട് മനസ്സിലായി. അതുപോലെ പേജ് ലേ ഔട്ടുകളുടേയും ചിത്രീകരണങ്ങളുടേയും  കാര്യത്തിലും പല മാറ്റങ്ങളും അത്യാവശ്യമായി വേണ്ടിയിരുന്നു. ഇക്കാര്യം വിദേശത്തെ ചില മികച്ച ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ കടന്നുപോയപ്പോള്‍ തന്നെ വ്യക്തമായിരുന്നു. ഇതൊന്നും അസാദ്ധ്യമല്ലായിരുന്നു നമ്മുടെ രാജ്യത്ത്. കാരണം, ഉയര്‍ന്ന നിലവാരമുള്ള പ്രസ്സുകള്‍ ഇന്ത്യയിലുണ്ടെന്നു മാത്രമല്ല, വിദേശത്തെ പല വലിയ പ്രസാധകരും തങ്ങളുടെ പുസ്തകങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലുമാണ് അച്ചടിപ്പിച്ചിരുന്നത്. കാരണം, താരതമ്യേന ഇവിടെ ചെലവ് കുറവാണെന്നതു തന്നെ. 

അതുകൊണ്ട്, രാജ്യത്തെ പ്രശസ്തരായ ചില പ്രസാധകര്‍, ആര്‍ട്ടിസ്റ്റുകള്‍, അച്ചടി വിദഗ്ദ്ധര്‍ എന്നിവരുടെ ചില ചര്‍ച്ചായോഗങ്ങള്‍ വിളിച്ചുകൂട്ടിയപ്പോഴാണ് ഈ രംഗത്ത് പല കാര്യങ്ങളിലും ഞങ്ങള്‍ പുറകെയാണെന്നു മനസ്സിലായത്. ബാലസാഹിത്യ പ്രസാധനരംഗത്ത് മറ്റു രാജ്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി നല്ല ബോദ്ധ്യമായിരുന്നു അവര്‍ക്ക്. അങ്ങനെ കുട്ടികള്‍ക്കു കൊടുക്കുന്ന പുസ്തകങ്ങളുടെ കാര്യങ്ങളില്‍ പൊതുവെ കാണിക്കേണ്ട ജാഗ്രതയേയും കരുതലിനേയും പറ്റി ഒരുപാട് മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കിയെന്നു മാത്രമല്ല, ചില പഴയ പുസ്തകങ്ങള്‍ക്കു പുതിയ പതിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും തീരുമാനമുണ്ടായി... ചുരുക്കിപ്പറഞ്ഞാല്‍ ബാലസാഹിത്യമെന്നത് കുട്ടിക്കളിയല്ലെന്ന തിരിച്ചറിവ് കിട്ടിയത് അന്നാണ്. പിന്നീട് ദക്ഷിണ കൊറിയയിലെ സോളില്‍ വച്ചു നടന്ന പുസ്തകോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ കേട്ടത് അവിടത്തെ സാഹിത്യപുസ്തകങ്ങളുടെ വില്‍പ്പന യില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം ബാലസാഹിത്യകൃതികള്‍ക്കാണെന്നാണ്. മാത്രമല്ല, അവിടത്തെ പ്രസാധന  നിലവാരവും വളരെ മെച്ചപ്പെട്ടതാണ്. അങ്ങേയറ്റം ശ്രദ്ധയോടെയാണ് അവര്‍ ബാലസാഹിത്യകൃതികളും ടെക്സ്റ്റ് പുസ്തകങ്ങളും പുറത്തിറക്കുന്നത്. ബാലസാഹിത്യ കൃതികള്‍ക്കു മാത്രമായി ഇറ്റലിയിലെ ബൊളോണയില്‍ ഒരു പ്രത്യേക പുസ്തകോത്സവം നടക്കുന്നുണ്ടെന്നത് വിദേശരാജ്യങ്ങള്‍ ഇത്തരം സൃഷ്ടികള്‍ക്കു കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

ഈ ചിന്തകളൊക്കെ പില്‍ക്കാലത്ത് ഇത്തരമൊരു രചനയെപ്പറ്റി  ഓര്‍മ്മ വന്നപ്പോഴൊക്കെ എന്റെ ഉള്ളില്‍ കടന്നുവന്നിരുന്നു. 
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ കൊല്ലത്തെ മഹാപ്രളയത്തിനുശേഷം ചെളി കയറി നാശമായ ചേന്ദമംഗലത്തെ കൈത്തറിത്തുണികളില്‍നിന്ന് പിറവിയെടുത്ത ചേക്കുട്ടിപ്പാവയെപ്പറ്റി ഒരു ബാലസാഹിത്യകൃതി എഴുതിക്കൂടേയെന്ന് ഡി.സി. ബുക്സ് എന്നോട് ചോദിക്കുന്നത്. ഈ രംഗത്തേക്ക് കടക്കാന്‍ ഇത്രയും കാലം മടിച്ചുനിന്ന എനിക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍പോലും വേണ്ടിവന്നില്ല. കാരണം, ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ദൗത്യം തന്നെയായിരുന്നു. ദിവസം മുഴുവനും  നിറുത്താതെ ചിലച്ചുകൊണ്ടിരുന്ന തറികളുടെ നടുവിലാണ് ഞാന്‍ വളര്‍ന്നത്.  രാവിലെ കണ്ണ് തുറക്കുമ്പോഴേ, അയല്‍വക്കത്തെ വീടുകളിലെ തറികള്‍ കട കടായെന്ന് ശബ്ദിക്കുന്നത് കേള്‍ക്കാം. പ്രളയം നാശം വിതച്ചതിനുശേഷം ചേന്ദമംഗലത്തെത്തിയ എന്നെ ഏറ്റവും അലട്ടിയത് അവിടത്തെ കൈത്തറികള്‍ക്കു സംഭവിച്ച കൊടും നാശമായിരുന്നു. ഈ കുടില്‍വ്യവസായത്തിന്റെ ആദ്യകാല ചരിത്രം നേരിട്ടറിയാവുന്ന ഒരാളെന്ന നിലയില്‍ അവരെ സംബന്ധിക്കുന്ന ഏത് ദുരിതങ്ങളും എന്നെയും വല്ലാതെ വേദനിപ്പിച്ചു. പത്തു നാല്പത് സ്ത്രീകള്‍ നെയ്തുകൊണ്ടിരുന്ന, എന്റെ പഴയ വീടിനടുത്തുള്ള ഷെഡ് അനാഥമായി കിടക്കുകയാ യിരുന്നു. ആകെ നശിച്ചുപോയ തറികള്‍ക്ക് ഒരു പുനര്‍ജ്ജന്മം കൊടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും. രണ്ടു നൂറ്റാണ്ടുകളോളം കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിമാരും സര്‍വ്വസൈന്യാധിപന്മാരുമായിരുന്ന പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലമെന്ന ഗ്രാമം പിന്നീട് അറിയപ്പെട്ടത് അവിടത്തെ കൈത്തറിത്തുണികളുടെ പേരിലാണ്. ഇതിന്റെ ചരിത്രം വരച്ചിടാന്‍ ഞാന്‍ എന്റെ 'മറുപിറവി' എന്ന നോവലില്‍ ശ്രമിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് പവര്‍ലൂമുകളുടെ കടന്നുവരവില്‍ തളര്‍ന്നുപോയ കൈത്തറി വ്യവസായത്തെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചത് സഹകരണപ്രസ്ഥാനമാണ്.

മാധവന്‍ നായര്‍
മാധവന്‍ നായര്‍

പണ്ടു മുതലേ ഒരു കുടുംബത്തിന്റെ പ്രയത്‌നഫലമായാണ് ഒരു മുണ്ട്/സാരി  പുറത്തുവന്നിരുന്നത്. ഗൃഹനാഥനായ പുരുഷനും സ്ത്രീകളും പ്രായമായവരും കുട്ടികളുമെല്ലാം ഈ പ്രക്രിയയുടെ ഓരോ ഘട്ടങ്ങളില്‍ ഇടപെടുന്നവരായിരുന്നു.  അങ്ങനെ നോക്കിയാല്‍ ഒരു മുഴുവന്‍  കുടുംബത്തിന്റെ വിയര്‍പ്പും കണ്ണീരും വീണതാണ് തുണിയുടെ ഓരോ ഇഴയും.  പിന്നീട് പൊതുവെ ലാഭം കുറഞ്ഞ ഈ തൊഴില്‍ വിട്ട് കൂടുതല്‍ വരുമാനം കിട്ടുന്ന പണികളിലേക്ക് ആരോഗ്യമുള്ള പുരുഷന്മാര്‍ തിരിഞ്ഞപ്പോള്‍ ഇത് പൂര്‍ണ്ണമായും സ്ത്രീകളുടെ ചുമതലയിലായി. നൂല് ചുറ്റുക, പാവ് ഉണക്കുക തുടങ്ങിയ അനുബന്ധ ജോലിക്കായി വയസ്സായവരും കുട്ടികളും സഹായിക്കാറുണ്ടെങ്കിലും, നല്ലൊരു ഡബിള്‍ മുണ്ട് നെയ്താല്‍ ഒരു ദിവസം കിട്ടുന്നത് ഏതാണ്ട് 350 രൂപയില്‍ കൂടില്ലെന്ന് വന്നപ്പോള്‍ ഈ പരമ്പരാഗത തൊഴില്‍ ആര്‍ക്കും വേണ്ടാത്ത ഒന്നായി മാറി. 

നേരത്തെ പറഞ്ഞ കരിമ്പാടത്തെ ഷെഡില്‍ പണിയെടുത്തിരുന്ന, നാല്പതോളം പാവപ്പെട്ട സ്ത്രീകളുടെ മുഖത്ത് അന്നു കണ്ട ദൈന്യത ഇന്നും മറക്കാനാവുന്നില്ല.  അവരുടെ ഭാവി ശരിക്കും ഇരുളടഞ്ഞുനിന്ന കാലം. ദൗര്‍ഭാഗ്യവശാല്‍, ഓണക്കാലത്തെ പതിവു സമ്പ്രദായമനുസരിച്ച് മുന്തിയ കസവുമുണ്ടുകളടക്കം, ഏറ്റവുമധികം തുണികള്‍ ഉല്പാദിപ്പിക്കുകയും സ്റ്റോക്ക് ചെയ്യുകയും ചെയ്തിരുന്ന കാലമായിരുന്നതുകൊണ്ട് സൊസൈറ്റികള്‍ക്ക് വന്‍ നഷ്ടം നേരിടേണ്ടിവന്നാല്‍ അതിന്റെ ഭാരം താങ്ങേണ്ടിവരിക സ്വാഭാവികമായും  അതിലെ മെമ്പര്‍മാരായ നെയ്ത്തു തൊഴിലാളികള്‍ക്കാണ്. അന്ന് ചേന്ദമംഗലത്തെ രണ്ടു പ്രമുഖ സൊസൈറ്റികളുടെ പക്കല്‍ ഏതാണ്ട് 35 ലക്ഷം വരുന്ന ചരക്കുണ്ടായിരുന്നത്രെ. പ്രളയജലം ഇറങ്ങിപ്പോയപ്പോള്‍, ചെളികയറി നാശമായ ഈ നേര്‍ത്ത തുണികളെ കത്തിച്ചുകളയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.  

അത്തരമൊരു ചുറ്റുപാടുകളിലാണ് ഈ വ്യവസായത്തിന് ഒരു കൈത്താങ്ങുമായി കുറേ നല്ല വ്യക്തികള്‍ രംഗത്തുവന്നത്. സിനിമാ പ്രവര്‍ത്തകര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മറുനാട്ടിലെ ചില സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്വമേധയാ രംഗത്ത് വരികയായിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ചില പേരുകളാണ് ശാലിനി ജെയിംസ്, ലക്ഷ്മി മേനോന്‍, ഗോപിനാഥ് പാറയില്‍ എന്നിവരുടേത്. മുന്‍മന്ത്രി ബേബിജോണിന്റെ ചെറുമകളും മന്ത്രയെന്ന വസ്ത്രസ്ഥാപനത്തിന്റെ ഉടമയുമായ ശാലിനി ജെയിംസ് ഇതിലെ കുറേ തുണികളെല്ലാം ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കി, പല തരത്തിലുള്ള വസ്ത്രങ്ങളുണ്ടാക്കി വിപണിയിലിറക്കി. അവയ്ക്ക് 'മറുപിറവി' എന്ന ബ്രാന്‍ഡ് നെയിം കൊടുക്കുന്നതിന് മുന്‍പ് അവര്‍ എന്നോട് സംസാരിച്ചിരുന്നു. കുറേക്കൂടി വിസ്മയകരമായിരുന്നു സാമൂഹ്യപ്രവര്‍ത്തകയായ ലക്ഷ്മി മേനോന്റെ പദ്ധതി. അവരുടെ പിതാവായ കോട്ടയത്തെ റബ്ബര്‍ ബോര്‍ഡിലെ പി.കെ. നാരായണന്‍ നല്ലൊരു സഹൃദയനും ഞങ്ങളുടെ പലരുടേയും സുഹൃത്തുമായിരുന്നു. ഈ മുഷിഞ്ഞ കൈത്തറിത്തുണികള്‍ വെടിപ്പാക്കി അവ ഉപയോഗിച്ചു കൊച്ചു പാവക്കുട്ടികളുണ്ടാക്കാനായിരുന്നു അവരുടെ പരിപാടി. പല ഡിസൈനുകളിലുള്ള തുണിപ്പാവ കളുണ്ടാക്കി, അതില്‍ കുട്ടികളുടെ മുഖം വരച്ച്, നിറമുള്ള നാടകൊണ്ട് ഒരു അരപ്പട്ടയും തൂക്കി യിടാന്‍ പാകത്തിന് മുകളില്‍ മറ്റൊരു നാടക്കൊളുത്തുമായപ്പോള്‍ അതൊരു ചേക്കുട്ടിയായി. 

ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാന്‍  ബുദ്ധിമുട്ടുള്ള പരിപാടി. കാരണം, വെറും 25 രൂപയ്ക്ക് വില്‍ക്കുന്ന ഈ കുഞ്ഞിപ്പാവകള്‍കൊണ്ട് എങ്ങനെ ഇത്ര വലിയ പ്രശ്‌നം കൈകാര്യം ചെയ്യാനാവുമെന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു. പക്ഷേ, ലക്ഷ്മി മേനോന്റേയും മാര്‍ക്കറ്റിങ്ങില്‍ പങ്കാളിയായ ഗോപിനാഥ് പാറയിലിന്റേയും ആത്മവിശ്വാസം അവിശ്വസനീയമായിരുന്നു. കേരളത്തിലെ ഒട്ടേറെ സ്‌കൂളുകളിലെ ടീച്ചര്‍മാരും, എന്തിന് വിദേശങ്ങളിലെ മലയാളി സംഘടനകള്‍ വരെയും ഇതിനെ ഒരു വിശുദ്ധ ദൗത്യമായി ഏറ്റെടുത്തപ്പോള്‍ കരിമ്പാടം സൊസൈറ്റിയിലെ സ്റ്റോക്ക് മുഴുവനും ഏറ്റെടുക്കാനും അതിലൂടെ ഏതാണ്ട് മുപ്പത് ലക്ഷം രൂപയോളം ശേഖരിക്കാനും അവര്‍ക്കു കഴിഞ്ഞു. അങ്ങനെ ആ സൊസൈറ്റിയിലെ തറികള്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അവിശ്വസനീയമായൊരു നേട്ടം തന്നെയായി. ചേറില്‍നിന്നു പിറന്ന പാവകള്‍ അങ്ങനെ 'ചേക്കുട്ടികളായി'. നല്ല വിലയുള്ള ബാര്‍ബി പാവകളുടെ കൂടെ കൊച്ചു ചേക്കുട്ടിക്കും ഇടം കിട്ടി. കഴിഞ്ഞ കൊല്ലം ഞാന്‍ പങ്കെടുത്ത കേരളത്തിലെ മൂന്ന് സാഹിത്യസമ്മേളനങ്ങളിലും അതിഥികള്‍ക്ക് ഉപഹാരമായി കിട്ടിയത് ഈ പാവകളായിരുന്നു. കൊച്ചി ബിനാലെയിലും ഇവ കുറേ വില്‍ക്കപ്പെട്ടു. അങ്ങനെ ആ ചെറിയ കുട്ടികള്‍ വലിയൊരു സന്ദേശത്തിന്റെ പ്രതീകമായി. അമേരിക്കയിലെ ടെക്സാസിലെ ഒരു സുഹൃത്തായ ജെയിന്‍ ജോസഫ് ഒരുക്കിയ ക്രിസ്തുമസ് മരത്തില്‍ രണ്ടു ചേക്കുട്ടികള്‍ തൂങ്ങിക്കിടക്കുന്നത് ഫേസ്ബുക്കില്‍ കണ്ടപ്പോള്‍  ചേക്കുട്ടിക്ക് ഒരു വിദേശ പൗരത്വം കിട്ടുകയെന്നത് എളുപ്പമായെന്നു തോന്നി. 

ഇനി ചേക്കുട്ടി ബാലസാഹിത്യത്തിലേക്കും കടന്നുചെന്നതിനെപ്പറ്റി... 
പ്രസാധകനോട് സമ്മതം മൂളിയതിനുശേഷം കുഞ്ഞുനോവല്‍ രൂപത്തിലുള്ള ആ കൃതിയുടെ ഘടനയെപ്പറ്റി ആലോചിച്ചു പോയപ്പോള്‍ ചേക്കുട്ടിയെ വെറുമൊരു പാവയായി ഒതുക്കിയാല്‍ പോരെന്ന് എനിക്കു തോന്നി.  ഒരു മഹാദുരന്തത്തില്‍നിന്ന് ഒരു ദേശവും ജനതയും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ പ്രതീകമായ ആ കുഞ്ഞുപാവയ്ക്ക് വലിയൊരു സന്ദേശം കൊടുക്കാനുണ്ട്. അത് വേണ്ടത്ര സഫലമാകണമെങ്കില്‍ അത് ചെന്നെത്തേണ്ടത് വിശാലമായൊരു ലോകത്തേക്കു തന്നെയാണ്. അതെങ്ങനെ ചെയ്യാനാകുമെന്ന് ആലോചിച്ചു പോയപ്പോള്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പെഴുതിയ 'കൈമുദ്രകള്‍' എന്ന നോവലിനെപ്പറ്റി ഓര്‍മ്മ വന്നു. അതിലെ മുഖ്യകഥാപാത്രം  കളിക്കോപ്പുകള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അജയനാണ്.

പലതരം പാവക്കുട്ടികളുടെ രൂപകല്പന അയാള്‍ ചെയ്യുമ്പോള്‍, അയാളുടെ പങ്കാളിയായ മാര്‍ക്കണ്ഡേയന്‍ അക്കൂട്ടത്തില്‍ ചിലവയ്ക്ക് ജീവന്‍ ഊതിക്കൊടുത്ത്  പുറത്തേക്കയയ്ക്കുന്നു. അങ്ങനെ അപൂര്‍വ്വ സിദ്ധികള്‍ കൈവരിക്കുന്ന മേരിയെന്ന ഒരു വിശുദ്ധ പാവയുടെ ചരിത്രം ആ നോവലിലെ ഒരു ശക്തമായ അന്തര്‍ധാരയായി കടന്നുവരുന്നുണ്ട്. ഇത്തരം പാവക്കുട്ടികള്‍ വിദേശത്തേക്ക്  കയറ്റി അയയ്ക്കുന്ന കൂട്ടത്തില്‍ കിഴക്കന്‍ ജര്‍മനിയിലെത്തിയ മേരി അവിടെ വലിയൊരു ശക്തിയായി വളരുന്നത് വളരെ പെട്ടെന്നാണ്. വലിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന ഒരു കുടുംബത്തില്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മേരിക്ക് കഴിഞ്ഞതോടെ അവളുടെ സ്ഥാനം ഷോക്കേസില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനാമുറിയിലേക്ക് മാറി. ''അവിടെ പീഡാനുഭവത്തിന്റെ നാളുകളില്‍ പ്രാര്‍ത്ഥനാമുറിയിലെ മരത്തട്ടില്‍, തൂവെള്ള വേഷത്തില്‍, കണ്ണുകളില്‍ കാരുണ്യവും വാത്സല്യവുമൊക്കെയായി ഇരുകൈകളും നീട്ടി മേരി നിന്നു.'' (pp. 214) ഒരുപാട് ഇല്ലായ്മകളുടേയും വിഭജനത്തിന്റേ പങ്കപ്പാടുകളുടേയും മുറിവുകളുടേയും നടുവില്‍ നീറുന്ന അവിടത്തെ പല കുടുംബങ്ങളിലും മേരിയെന്ന പാവക്കുട്ടി പതിയെ ഒരു സാന്ത്വനമായി മാറുകയായിരുന്നു. 

മാതൃഭൂമിയില്‍ സീരിയലൈസ് ചെയ്യാനായി 'കൈമുദ്രകളുടെ' കൈയെഴുത്തുപ്രതി കിട്ടിയപ്പോള്‍ പത്രാധിപര്‍ എം.ടി. വാസുദേവന്‍ നായര്‍ അതിന്റെ ആദ്യ അദ്ധ്യായം തുഞ്ചന്‍പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ വായിക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ഞാനത് ചെയ്യുകയും ചെയ്തു. ആഴ്ചപ്പതിപ്പില്‍ വന്നുകൊണ്ടിരുന്ന കാലത്ത് എം.ടി. എന്നോട് പറഞ്ഞത്, ഈ നോവല്‍ ശരിയായി വായിക്കപ്പെടുക സേതുവിന്റെ കാലത്തിനു ശേഷമായിരിക്കുമെന്നാണ്. അത് ഏറെക്കുറെ ശരിയായെന്നു തോന്നുന്നു! പിന്നീട് അത് പുസ്തകമായ ശേഷം, എനിക്ക്  മുട്ടത്തുവര്‍ക്കി അവാര്‍ഡ് നല്‍കാനായി തൃശൂരില്‍ വന്നപ്പോള്‍,  എം.ടി. എന്നെ മാറ്റിനിറുത്തി രഹസ്യമായി പറഞ്ഞു, ഞാനൊരു വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടുവെന്ന്. എന്തേയെന്ന് ചോദിച്ചപ്പോള്‍ പാവക്കുട്ടിക്ക് ജീവന്‍ ഊതിക്കൊടുത്ത് പുറത്തേക്കയക്കുന്ന രീതിയോട് സമാനമായൊന്ന് സാല്‍മന്‍ റുഷ്ദിയുടെ, രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട നോവലായ 'ഫ്യൂറിയില്‍' ഉണ്ടത്രെ. പിന്നീട് ആ പുസ്തകം തേടിപ്പിടിച്ച് വായിച്ചപ്പോള്‍ അതിശയം തോന്നി. ഇത്തരത്തില്‍ ജീവന്‍ പകര്‍ന്നുകിട്ടിയ മാലിക് എന്ന അത്ഭുതപ്പാവയുണ്ട് അതില്‍.  എന്തായാലും, റുഷ്ദിയെ കോപ്പിയടിച്ചുവെന്ന പൊട്ടപ്പേരില്‍നിന്ന് രക്ഷപ്പെടാനായി. 

ഇക്കാര്യം ഓര്‍മ്മ വന്നതോടെ എനിക്ക് ചേക്കുട്ടിയെപ്പറ്റി എഴുതാനുള്ള വാതില്‍ തുറന്നുകിട്ടി. മറ്റു പലരേയും പോലെ, ഒരു സേവനമെന്ന നിലയില്‍ ചേക്കുട്ടിപ്പാവകള്‍ തയ്യാറാക്കിക്കൊടുക്കുന്ന വിനോദിനി ടീച്ചറാണ് അതിലെ മുഖ്യകഥാപാത്രം. വിധവയായ അവര്‍ക്ക് കുട്ടികളില്ല. തന്റെ  തന്നെ സൃഷ്ടിയായ ആ പാവകളിലൊന്നിന് ജീവന്‍ കിട്ടിയെങ്കില്‍ എന്ന അവരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി ചേക്കുട്ടിയെന്ന ചിന്നുവുണ്ടാകുന്നു. ഒടുവില്‍ അവള്‍ക്ക് കൂട്ടായി താഴെ നാല് സഹോദരങ്ങളും... ഒടുവില്‍, ജര്‍മനിയില്‍ ജോലി ചെയ്യുന്ന, ടീച്ചറുടെ പ്രിയ ശിഷ്യ ആലീസിനോടൊപ്പം വിദേശത്തേക്ക്  പറക്കുന്ന ചിന്നു ചുരുങ്ങിയ കാലംകൊണ്ട് അവിടെ ഒരു മഹാവിസ്മയമായി മാറുന്നു. തന്റെ നാട്ടിലുണ്ടായ മഹാപ്രളയത്തേയും പിന്നീടുണ്ടായ പുനരുദ്ധാരണ ശ്രമങ്ങളേയും പറ്റിയുള്ള പ്രഭാഷണങ്ങളിലൂടെ അവള്‍ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചെടുക്കുന്നു. 

ചുരുക്കത്തില്‍ ഒരു നാടിന്റെ, ജനതയുടെ, അവസ്ഥയുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ചേക്കുട്ടി മാറുന്നു... അങ്ങനെ പോകുന്നു കഥ. എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരുപാട്  സന്തോഷവും നിറവും തന്ന രചന.

(അനുബന്ധം: തന്റെ പ്രതിരൂപമായി പാവക്കുട്ടികള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ മനുഷ്യന്‍ ഒരിക്കലും ഓര്‍ത്തുകാണില്ല, അസാദ്ധ്യമെന്ന് താന്‍ കരുതുന്ന പലതും ഒരിക്കല്‍ അവയ്ക്ക് ചെയ്യാനാവുമെന്ന്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com