ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.
ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്. ഇന്ത്യ നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും അതിന്റെ നാനാതരം വൈവിദ്ധ്യങ്ങളിലൂടെയാണ്. എല്ലാ വൈവിദ്ധ്യങ്ങളേയും തിരസ്‌കരിച്ച് ഏകശിലാത്മകമായി എല്ലാ ജനങ്ങളേയും ദേശീയതയിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണോ വേണ്ടത്? അതോ എല്ലാ വൈവിദ്ധ്യങ്ങളേയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ദേശീയതയെ പരിപോഷിപ്പിക്കണോ? വൈവിദ്ധ്യങ്ങളുടെ നിലനില്‍പ്പും പരിപോഷണവും ദേശീയതയേയും ദേശത്തിന്റെ നിര്‍മ്മിതിയേയും തടസ്സപ്പെടുത്തുകയാണോ അതോ സഹായിക്കുകയാണോ ചെയ്യുക? ന്യൂനപക്ഷങ്ങളുടെ സവിശേഷവും വ്യതിരിക്തവുമായ നിലനില്‍പ്പും അവകാശങ്ങളും എല്ലാം ദേശീയോദ്ഗ്രഥനത്തിനു തടസ്സമാണ് എന്ന നിലപാടാണ് RSS, BJP എക്കാലവും കൈക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷാവകാശങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഹിന്ദു ദേശീയതയിലേക്ക് ഉദ്ഗ്രഥിക്കാത്തവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രത്തില്‍നിന്നും പൗരത്വത്തില്‍നിന്നു തന്നെയും പുറത്തുപോകാം എന്ന ആക്രോശങ്ങള്‍ ഉയരുന്നതും അതുകൊണ്ടാണ്. വ്യക്തി സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കുന്നവരും കൂട്ടായ (group)  അവകാശങ്ങളെ അംഗീകരിക്കാന്‍ വിമുഖത കാണിക്കാറുണ്ട്.

ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് ഇന്ത്യയിലെ  മാത്രം പ്രത്യേകതയല്ല. ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 10-20 ശതമാനം വരെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഏറ്റവും കൂടുതല്‍ അനീതികള്‍ക്ക്, സാമൂഹിക സാമ്പത്തിക വിവേചനങ്ങള്‍ക്ക് എന്തിനു വംശഹത്യകള്‍ക്കു വരെ ഇരയാക്കപ്പെടുന്ന വിഭാഗമാണ് ന്യുനപക്ഷങ്ങള്‍. അവര്‍ പൊതു സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍നിന്നു ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് അവരുടെ സ്വത്വത്തേയും സംസ്‌കാരത്തേയും അന്തസ്സിനേയും അംഗീകരിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം കൂടിയാണ്.

അപരവല്‍ക്കരിച്ച ചരിത്രം

ഇന്ത്യയെപ്പോലെ വൈവിദ്ധ്യബഹുലമായ രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യം ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷമായ ഇടം അനുവദിക്കുകയാണോ വേണ്ടത് അതോ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തിലേക്ക് ഉദ്ഗ്രഥനം ചെയ്യുകയാണോ വേണ്ടത്? ഭൂരിപക്ഷ ആധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍നിന്ന്, തീരുമാനങ്ങള്‍ എടുക്കുന്ന നേതൃതലങ്ങളില്‍നിന്നു ന്യൂനപക്ഷങ്ങള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ഒഴിവാക്കപ്പെടുന്നു. ഭൂരിപക്ഷ സമൂഹത്തിനു മുന്നില്‍ അവരുടെ ചരിത്രം, സംസ്‌കാരം, ഭാഷ എല്ലാം അപരവല്‍ക്കരിക്കപ്പെടും. ന്യൂനപക്ഷങ്ങള്‍ എന്നതു സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം കിട്ടാത്ത പാര്‍ശ്വവല്‍കൃതരായിത്തീരും. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക അവകാശങ്ങള്‍ നല്‍കി അവരെ ചൂഷണത്തില്‍നിന്നും നിര്‍ബ്ബന്ധിത ഭൂരിപക്ഷത്തിലേക്കുള്ള ഉദ്ഗ്രഥനത്തില്‍നിന്നും പരിരക്ഷണം നല്‍കണം എന്നും അവര്‍ക്കായി പ്രത്യേക നയങ്ങളും പരിപാടികളും തന്നെ വേണമെന്നും അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകരിക്കപ്പെടുന്നത്. 

ന്യൂനപക്ഷ അവകാശങ്ങള്‍ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നതു ന്യൂനപക്ഷ പ്രീണനങ്ങളായും അവര്‍ക്കുള്ള ചില സവിശേഷ ആനുകൂല്യങ്ങളായുമാണ്. സത്യത്തില്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം നിലവില്‍ വന്ന ലീഗ് ഓഫ് നേഷന്‍സ് തന്നെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക ഉടമ്പടികളും ധാരണകളും ഉണ്ടാക്കിയിരുന്നു. എന്നാല്‍, പിന്നീട് രണ്ടാം യുദ്ധത്തിനുശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്ര സംഘടന ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് ഒട്ടും പരിഗണന നല്‍കിയിരുന്നില്ല.

മനുഷ്യാവകാശങ്ങള്‍ എന്ന വിശാലമായ ഒരു കുടക്കീഴില്‍ എല്ലാ വിഷയങ്ങളേയും അഭിസംബോധന ചെയ്യാനായിരുന്നു ശ്രമം. അതുകൊണ്ടാണ് യു.എന്‍ ചാര്‍ട്ടറിലോ മനുഷ്യാവകാശങ്ങളുടെ സാര്‍വ്വദേശീയ പ്രഖ്യാപനത്തിലോ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവും കാണാത്തത്. എന്നിരുന്നാലും ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴില്‍ വംശഹത്യയ്‌ക്കെതിരെയുള്ള കണ്‍വെന്‍ഷന്‍ 1948-ല്‍ത്തന്നെ നിലവില്‍ വന്നിരുന്നു. പൗരാവകാശങ്ങളുടേയും രാഷ്ട്രീയ അവകാശങ്ങളുടേയും അന്താരാഷ്ട്ര രേഖയില്‍ (International convention on civil and political Rights) അനുച്ഛേദം 27 ആയി ന്യൂനപക്ഷ  സംരക്ഷണം ഉള്‍പ്പെടുത്തി. 1992-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ദേശീയ, വംശീയ, മത, ഭാഷ ന്യൂനപക്ഷങ്ങളുടെ  അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം ( UN Declaration on the rights of Persons belonging to National or ethnic, Religious and Linguistic Minorities, 1992) അംഗീകരിച്ചു.

ഇന്ത്യയിലേക്കു വരുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ തുല്യതയേയും മതസ്വാതന്ത്ര്യത്തേയും കുറിച്ചു പറയുന്ന അനുച്ഛേദങ്ങള്‍ക്കു പുറമേ 29, 30, 350A അനുച്ഛേദങ്ങള്‍ ന്യൂനപക്ഷ  അവകാശങ്ങളെ സവിശേഷമായി പ്രതിപാദിക്കുന്നു. അനുച്ഛേദം 29-ല്‍ ഇന്ത്യയുടെ ഏതുഭാഗത്ത് താമസിക്കുന്ന പൗരന്മാരുടെ ഏതു വിഭാഗത്തിനും സവിശേഷമായ ഭാഷയോ ലിപിയോ സംസ്‌കാരമോ ഉണ്ടെങ്കില്‍ അതു സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നു പറയുന്നു. കൂടാതെ രാഷ്ട്രമോ രാഷ്ട്രത്തിന്റെ സാമ്പത്തിക സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതം, ജാതി, വംശം, ഭാഷ എന്നിവയുടെ പേരില്‍ ഒരു പൗരനും പ്രവേശനം നിഷേധിക്കാന്‍ പാടില്ല എന്നും പറയുന്നു. അനുച്ഛേദം 30-ല്‍ മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഹിതപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്യാം. ഈ ഭരണഘടനാ വ്യവസ്ഥയ്ക്ക് ഇന്നു വന്നുചേര്‍ന്ന പരിണതി സവിശേഷമായി പിന്നീട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കു മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു രാഷ്ട്രം നടത്തേണ്ട പരിശ്രമങ്ങളെക്കുറിച്ചാണ് അനുച്ഛേദം  350A-യില്‍ പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ എങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത് എന്നും അതു പിന്നീട് എന്തായി തീര്‍ന്നു എന്നും അതില്‍ ഇന്ത്യാ വിഭജനം എങ്ങനെ സ്വാധീനിച്ചു എന്നതും പരിശോധിക്കേണ്ടതാണ്. 

ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ 292 അംഗങ്ങളെ പ്രാദേശിക നിയമനിര്‍മ്മാണ സഭകളില്‍നിന്നും (Provincial Legislative Assemblies 93 പേര്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരും നാലു പേര്‍ ചീഫ് കമ്മിഷണറുടെ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നവരും ആയിരുന്നു. ഇതില്‍ വിഭജനത്തിനു ശേഷം ചില പ്രവിശ്യകള്‍ ഇല്ലാതാവുകയും ആകെ അംഗങ്ങളുടെ എണ്ണം 389-ല്‍നിന്ന് 299 ആയി കുറയുകയും ചെയ്തു. 1946 ഡിസംബര്‍ ഒന്‍പതിന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ആദ്യത്തെ യോഗത്തില്‍ പങ്കെടുത്ത 210 അംഗങ്ങളില്‍ 155 പേര്‍ ഹിന്ദുക്കളും കേവലം 4 പേര്‍ മുസ്ലിങ്ങളും പട്ടിക ജാതിക്കാര്‍ 31 പേരും അഞ്ച് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍, പിന്നാക്ക വര്‍ഗ്ഗക്കാര്‍ ആറുപേര്‍, നാല് സിഖുകാര്‍, മൂന്ന് ആംഗ്ലോ ഇന്ത്യന്‍, മൂന്ന് പാഴ്സികള്‍ എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. 

ഭരണഘടനാ നിര്‍മ്മാണസഭയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുന്നോട്ടുവെച്ച പ്രമേയരൂപത്തിലാണ് ന്യൂനപക്ഷ  അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 13-ന് അവതരിപ്പിച്ച ഈ പ്രമേയത്തില്‍ ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയിരുന്നു. അതിനു ശേഷം ഭരണഘടനാ നിര്‍മ്മാണസഭ മൗലികാവകാശങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ധ്യക്ഷനായി ഒരു ഉപദേശകസമിതി രൂപീകരിക്കുകയും അതിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഒരു ഉപസമിതി രൂപീകരിക്കുകയും ചെയ്തു. ഈ ഉപസമിതി ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച് ഒരു ചോദ്യാവലി തയ്യാറാക്കിയിരുന്നു. അതില്‍ ന്യൂനപക്ഷ സംരക്ഷണത്തെ സംബന്ധിച്ചു പൊതുവായും അവരുടെ രാഷ്ട്രീയ, സാമ്പത്തിക, മതപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പരിരക്ഷണത്തെക്കുറിച്ചു പ്രത്യേകിച്ചും ചോദ്യങ്ങള്‍ ഉള്‍ച്ചേര്‍ത്തിരുന്നു. അങ്ങനെ ഉപസമിതി തലത്തില്‍, ഉപദേശക സമിതി തലത്തില്‍ പിന്നീട് ഭരണഘടനാ നിര്‍മ്മാണസഭയുടെ തലത്തില്‍ എന്നിങ്ങനെ ത്രിതലമായി ന്യൂനപക്ഷ അവകാശങ്ങളേയും സംരക്ഷണത്തേയും കുറിച്ചു വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.


ഭരണഘടനയുടെ കരട് തയ്യാറാക്കിയ വേളയില്‍ 292-301 വരെ 10 അനുച്ഛേദങ്ങളിലായി ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള സവിശേഷ വകുപ്പുകള്‍ എന്ന നിലയില്‍ത്തന്നെ ഉണ്ടായിരുന്നു. സംസ്ഥാന നിയമനിര്‍മ്മാണസഭകളിലും പാര്‍ലമെന്റിലും മുസ്ലിങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍, ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കു സംവരണം, പൊതുനിയമനങ്ങളില്‍ സംവരണം, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സവിശേഷ ഉദ്യോഗസ്ഥരുടെ നിയമനം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെക്കുറിച്ച് അനേ്വേഷിക്കുന്നതിനു കമ്മിഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യാ വിഭജനം ഭരണഘടനാ നിര്‍മ്മാണ സഭയില്‍ സവിശേഷമായ സ്വാധീനം ചെലുത്തുകയും ന്യൂനപക്ഷ അവകാശങ്ങളും പരിരക്ഷണവും വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. ആദ്യം പ്രത്യേക ഇലക്ട്രേറ്റ് എന്നതു നിരസിക്കപ്പെടുകയും പിന്നീട് ന്യൂനപക്ഷങ്ങള്‍ക്കു നിയമനിര്‍മ്മാണസഭകളിലേക്കും പാര്‍ലമെന്റിലേക്കും സംവരണം എന്നതും തൊഴില്‍ നിയമനങ്ങളില്‍ സംവരണം എന്നതും ക്രമത്തില്‍ ഉപേക്ഷിക്കപ്പെട്ടു. വര്‍ഗ്ഗീയമായ അടിസ്ഥാനത്തില്‍ നടന്ന വിഭജനം അംഗങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയും രാഷ്ട്രീയ പ്രാതിനിധ്യം, സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം ചോര്‍ത്തിക്കളഞ്ഞു. കേവലം വിദ്യാഭ്യാസ സാംസ്‌കാരിക അവകാശങ്ങള്‍ മാത്രമായി ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷണവും ചുരുക്കപ്പെടുകയും ചെയ്തു. ഇന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പിന്നോക്കാവസ്ഥയെക്കുറിച്ചു നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ അന്നത്തെ ഒഴിവാക്കലുകള്‍ സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ പരിഗണന നല്‍കി അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക, സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ആദ്യഘട്ടത്തിലെ ആശയം ക്രമേണ ഭരണഘടന അവസാന രൂപം ആര്‍ജ്ജിക്കുമ്പോഴേയ്ക്കും തന്നെ കയ്യൊഴിഞ്ഞിരുന്നു എന്നു കാണാം. 

അന്താരാഷ്ട്ര സംഘടനകളും കണ്‍വെന്‍ഷനുകളും 'ന്യൂനപക്ഷങ്ങള്‍' എന്നതിനെ നിര്‍വ്വചിക്കാത്തതുപോലെ തന്നെ ഇന്ത്യന്‍ ഭരണഘടനയും 'ന്യൂനപക്ഷം' എന്നതിന് ഒരു നിര്‍വ്വചനം നല്‍കുന്നില്ല. ജനസംഖ്യാടിസ്ഥാനത്തില്‍ ആണ് സാധാരണയായി ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കപ്പെടാറ്. 1992-ലെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മിഷന്‍ നിയമത്തില്‍ പറയുന്നത് 'ന്യൂനപക്ഷങ്ങള്‍' എന്നു കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യുന്നവരാണ് ന്യൂനപക്ഷങ്ങള്‍ എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ 1993 ഒക്ടോബര്‍ 23-ന് കേന്ദ്ര ഗവണ്‍മെന്റ് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി  വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി വിജ്ഞാപനം ചെയ്തു. അതുപോലെ സംസ്ഥാനം ന്യൂനപക്ഷ കമ്മിഷന്‍ നിയമം അനുസരിച്ചു സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അതതു  സംസ്ഥാനങ്ങളിലെ  ന്യൂനപക്ഷങ്ങളെ വിജ്ഞാപനത്തിലൂടെ നിശ്ചയിക്കാം. 

ന്യൂനപക്ഷങ്ങള്‍ എന്താണ്? ന്യൂനപക്ഷങ്ങളെ എങ്ങനെ നിശ്ചയിക്കാം എന്നീ ചോദ്യങ്ങള്‍ ആദ്യമായി സുപ്രീംകോടതി അഭിമുഖീകരിച്ചത് 1957-ലെ കേരള വിദ്യാഭ്യാസ ബില്ലില്‍ ആയിരുന്നു. ഒന്നാം കേരള മന്ത്രിസഭയുടെ പതനത്തിനുതന്നെ കാരണമായ വിമോചന സമരത്തിലേക്കു നയിച്ച പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ ആയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട സംഘാടനത്തിനും വികാസത്തിനും വേണ്ടിയുള്ള ബില്‍ എന്ന സാമാന്യം ദീര്‍ഘമായ പേരാണ് (A bill to provide for the better organization and development of calculational institutions in the State) നല്‍കിയിരുന്നത്. 1957 സെപ്റ്റംബര്‍ രണ്ടിനാണ് കേരള നിയമസഭ ഈ ബില്‍ പാസ്സാക്കുന്നത്. ഗവര്‍ണര്‍ ഈ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയും രാഷ്ട്രപതി ബില്ലിലെ ചില വകുപ്പുകളുടെ ഭരണഘടനാ സാധുതയെക്കുറിച്ചു സംശയം പ്രകടിപ്പിക്കുകയും ഭരണഘടനാബഞ്ചിന്റെ പരിഗണനയ്ക്കായി സുപ്രീംകോടതിക്കു വിടുകയുമായിരുന്നു. ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെയുള്ള വിഭാഗങ്ങളാണ് ന്യൂനപക്ഷം എന്നു നിര്‍വ്വചിക്കുകയാണെങ്കില്‍ അടുത്ത ചോദ്യം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെയാണോ, ഒരു സംസ്ഥാനത്തിന്റേതാണോ അതോ ഒരു പ്രദേശത്തിന്റേതാണോ? കേരളം വാദിച്ചത് വിദ്യാഭ്യാസ സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തിത്തെ അടിസ്ഥാനമായി കണക്കാക്കണം ന്യൂനപക്ഷ പദവി എന്നായിരുന്നു. എന്നാല്‍, സുപ്രീംകോടതി ഈ വാദം അംഗീകരിച്ചില്ല. പ്രദേശം ആണ് അളവുകോല്‍ എങ്കില്‍ ഒരു ജില്ലയാണോ താലൂക്കാണോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ പഞ്ചായത്താണോ മുനിസിപ്പാലിറ്റിയാണോ അവിടത്തെ വാര്‍ഡാണോ? സുപ്രീംകോടതി ഈ പ്രശ്‌നത്തെ മറികടന്നത് കേരള വിദ്യാഭ്യാസ ബില്‍ കേരള സംസ്ഥാനത്തിനു മുഴുവന്‍ ബാധകമായതുകൊണ്ട് ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കേണ്ടതും സംസ്ഥാന അടിസ്ഥാനത്തില്‍തന്നെയാണ് എന്നു വിധിച്ചുകൊണ്ടായിരുന്നു. കേരള വിദ്യാഭ്യാസ ബില്ലിലെ വിധിന്യായത്തിനുശേഷം സുപ്രീംകോടതിയും ഹൈക്കോടതികളും പിന്തുടര്‍ന്നതു ന്യൂനപക്ഷ പദവി നിര്‍ണ്ണയിക്കേണ്ടതു സംസ്ഥാനതലത്തിലാണ് എന്ന തത്ത്വമാണ്.

ഇതിനെത്തുടര്‍ന്നു സുപ്രീംകോടതി ആര്യസമാജത്തെ പഞ്ചാബിലെ മതന്യൂനപക്ഷമായും പട്ന ഹൈക്കോടതി ആര്യസമാജനത്തേയും ബ്രഹ്മസമാജത്തെ മതന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചതു ശരിവച്ചു. പക്ഷേ, മതന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വ്വചനത്തില്‍ ഒരു മതത്തിന്റെ ആവാന്തര വിഭാഗങ്ങളേയോ എതെങ്കിലും സെക്ടിനേയോ ഉള്‍പ്പെടുത്താമോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. സുപ്രീംകോടതിയും പട്ന ഹൈക്കോടതിയും എടുത്ത നിലപാടില്‍നിന്നും ഭിന്നമായ നിലപാടാണ് ഡല്‍ഹി ഹൈക്കോടതി  സ്വീകരിച്ചത്. അവര്‍ ആര്യസമാജത്തിനെ മതന്യൂനപക്ഷമായി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് വിധിച്ചത്. 

വിദ്യാഭ്യാസവും
സംവരണാവകാശവും

ന്യൂനപക്ഷാവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഉയര്‍ന്നുവന്ന രണ്ടു പ്രധാനപ്പെട്ട കേസുകളാണ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് കേസും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കേസും. ഏതാണ്ട് സമാനമായ ചോദ്യങ്ങളില്‍ സുപ്രീംകോടതി എടുത്ത വിരുദ്ധ സമീപനങ്ങളുടേയും നിലപാടുകളുടേയും കൂടി അടിസ്ഥാനത്തിലാണ് ഈ വിധി ന്യായങ്ങള്‍ ശ്രദ്ധേയമാവുന്നത്.
സെന്റ് സ്റ്റീഫന്‍സ് കോളേജും ഡല്‍ഹി യൂണിവേഴ്സിറ്റിയും തമ്മിലുള്ള കേസില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ, വിദ്യാര്‍ത്ഥികളെ പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റേയും മികവിന്റേയും അടിസ്ഥാനത്തില്‍ പ്രവേശിപ്പിക്കണം എന്ന നിലയിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോളേജ് ബാദ്ധ്യസ്ഥമാണോ. തങ്ങളുടെ സമുദായാംഗങ്ങള്‍ക്കുവേണ്ടി സീറ്റുകള്‍ സംവരണം ചെയ്യാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് അവകാശമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഈ കേസില്‍ സുപ്രീം കോടതി മുന്‍പാകെ ഉയര്‍ന്നുവന്നത്. 

സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംസ്ഥാപനത്തിന്റെ ചരിത്രം, എംബ്ലം, മോട്ടോ, പ്രാര്‍ത്ഥനാമുറി, മതപരമായ പരിശീലനം, മാനേജ്മെന്റ്, പ്രീന്‍സിപ്പല്‍ നിയമനം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം പരിഗണിച്ച് സുപ്രീംകോടതി വിധിച്ചത് സെന്റ് സ്റ്റീഫന്‍സ് കോളേജ് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഡല്‍ഹി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു എന്നുള്ളതുകൊണ്ട് അതിന്റെ ന്യൂനപക്ഷ പദവി നഷ്ടപ്പെടില്ല എന്നുമായിരുന്നു. ഏകീകൃതമായ മാര്‍ക്ക് വ്യവസ്ഥ സ്വീകരിച്ചാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പല വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെടും എന്നും അതുകൊണ്ട് യൂണിവേഴ്സിറ്റിയുടെ സര്‍ക്കുലര്‍ പാലിക്കാന്‍ കോളേജിനു ബാദ്ധ്യതയില്ല എന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. 50 ശതമാനം വിദ്യാര്‍ത്ഥികളെ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് പ്രവേശിപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു. 

എന്നാല്‍, സുപ്രീംകോടതിയുടെ ഈ കണ്ടെത്തലുകളും വിലയിരുത്തലുകളുമല്ല അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ കാര്യത്തില്‍ സംഭവിച്ചത്. അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ ഭേദഗതി നിയമങ്ങളെ അസീസ് ബാഷയും മറ്റു ചിലരും ചോദ്യം ചെയ്യുകയായിരുന്നു. അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഭേദഗതി നിയമങ്ങള്‍ വഴി പുതിയ ഭരണസ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 30(1)ന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാന്‍  സുപ്രീംകോടതി തയ്യാറായില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനും ഭരണത്തിനുമുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കണം എങ്കില്‍ അതു ന്യൂനപക്ഷങ്ങള്‍ സ്ഥാപിച്ചതായിരിക്കണം എന്നാണ്  സുപ്രീം കോടതി പറഞ്ഞത്.  അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷങ്ങളല്ല; ഭരണകൂടമാണ് എന്ന വിചിത്രമായ തീര്‍പ്പിലാണ് സുപ്രീം കോടതി എത്തിച്ചേര്‍ന്നത്. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിക്കപ്പെട്ടു എങ്കിലും സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടത് 1920-ലെ  അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല നിയമം വഴി ഭരണകൂടത്തിനാലാണ് എന്നതായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. 1920-ലെ നിയമം വഴി സര്‍വ്വകലാശാല സ്ഥാപിതമാകുന്നതോടെ MAO കോളേജിന്റെ  മുസ്ലിങ്ങള്‍ സ്ഥാപിച്ച സ്ഥാപനം എന്ന പദവി ഇല്ലാതായി എന്നായിരുന്നു സുപ്രീംകോടതി  തീര്‍പ്പിലെത്തിയത്.

അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ സംസ്ഥാപനത്തിന്റെ ചരിത്രം സുപ്രീംകോടതി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയോ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്തില്ല എന്നതാണ് വാസ്തവം. മുസ്ലിം വിഭാഗത്തിനിടയില്‍ പാശ്ചാത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ MAO കോളേജ് ആരംഭിക്കുന്നത്. കോളേജ് സ്ഥാപിച്ചതിനുശേഷം അതിനെ ഒരു സര്‍വ്വകലാശാലയായി  വളര്‍ത്തുക എന്നതായിരുന്നു അതിന്റെ സ്ഥാപകരുടെ ലക്ഷ്യം. എങ്ങനെയാണ് മുസ്ലിം സമുദായം മൂന്നു മില്യണ്‍ രൂപ ശേഖരിച്ച് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിലേക്കായി സര്‍ക്കാരിലേക്കു നിഷേപിച്ചത് എന്നെല്ലാം വിശദമായി കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്. 1920-ല്‍  സര്‍വ്വകലാശാല സ്ഥാപിച്ചുകൊണ്ടുള്ള നിയമത്തിന്റെ ലക്ഷ്യമായി വിശദീകരിക്കുന്നതുതന്നെ അലിഗറില്‍ ഒരു 'മുസ്ലിം സര്‍വ്വകലാശാല' സ്ഥാപിക്കുക എന്നതാണ്. (An act to establish and incorporate a teaching and residential Muslim University at Aligarh). MAO കോളേജ് പിരിച്ചുവിടുകയും സൊസൈറ്റിയുടേയും മുസ്ലിം സര്‍വ്വകലാശാല ഫൗണ്ടേഷന്‍ കമ്മിറ്റിയുടേയും മുഴുവന്‍ സ്വത്തുക്കളും അവകാശങ്ങളും സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങള്‍ക്കായി കൈമാറുകയും ചെയ്യണം എന്നു നിയമത്തിന്റെ ആമുഖത്തില്‍ തുടര്‍ന്നു പറയുന്നു. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി  മുസ്ലിം സമൂഹം സ്ഥാപിച്ചതാണ് അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല എന്ന വസ്തുത നിര്‍ഭാഗ്യവശാല്‍ സുപ്രീംകോടതിക്കു കാണാന്‍ കഴിഞ്ഞില്ല.  മുസ്ലിം സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ യാതൊരുവിധ തടസ്സങ്ങളും ഇല്ലാതിരുന്നിട്ടും അതിനു മിനക്കെടാതെ പുതിയൊരു സര്‍വ്വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത് എന്ന കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമായിത്തന്നെ പിശകായിരുന്നു. സത്യത്തില്‍ പുതിയൊരു സര്‍വ്വകലാശാല സ്ഥാപിക്കാനല്ല, അവര്‍ അഭ്യര്‍ത്ഥിച്ചതു പകരം നിലവിലുള്ള MAO കോളേജിനെ മുസ്ലിം സര്‍വ്വകലാശാലയായി പരിവര്‍ത്തിക്കാനും വളര്‍ത്താനുമാണ്. അതിനായി ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച മൂന്നു മില്ല്യണ്‍ രൂപ നിക്ഷേപിക്കണം എന്ന നിബന്ധന മുസ്ലിം സമുദായം പാലിക്കുകയും ചെയ്തു. 

സുപ്രീംകോടതിയുടെ വിധിന്യായം രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. H.M. സീര്‍വ്വായിയെപ്പോലുള്ള ഭരണഘടനാ വിദഗ്ധര്‍  നിശിതമായ ഭാഷയില്‍ വിധിന്യായത്തെ വിമര്‍ശിച്ചു. മുസ്ലിം സമുദായം രാഷ്ട്രീയ പ്രക്ഷോഭത്തിനിറങ്ങി. അവസാനം ഭരണകൂടം 1972, 1981 വര്‍ഷങ്ങളിലെ നിയമഭേദഗതികളിലൂടെ അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി പുന:സ്ഥാപിക്കാനായി ശ്രമിച്ചു. 

2005-2006 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളില്‍ 50 ശതമാനം സീറ്റ് മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യാനുള്ള സര്‍വ്വകലാശാലയുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഡോ. നരേഷ് അഗര്‍വാള്‍ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ അലഹാബാദ് ഹൈക്കോടതി ഈ നിയമഭേദഗതികള്‍ക്കു ശേഷവും അസീസ് ബാഷ കേസിലെ  സുപ്രീംകോടതി വിധി സാധുവാണെന്നും അലിഗര്‍ സര്‍വ്വകലാശാലയ്ക്കു ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്നും വിധിച്ചു.             

അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സര്‍വ്വകലാശാല സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സെന്റ് സ്റ്റീഫന്‍സ് കേസില്‍ കെട്ടിടം, എംബ്ലം, പ്രാര്‍ത്ഥനാമുറി തുടങ്ങിയവയെല്ലാം പരിഗണിച്ച സുപ്രീംകോടതി അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ കൂടുതല്‍ പ്രകടമായ മുസ്ലിം സാന്നിദ്ധ്യം തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. സര്‍വ്വകലാശാല സ്ഥാപിച്ചത്, നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍, മത പരിശീലനം തുടങ്ങിയ എത്രയോ ഘടകങ്ങള്‍  ന്യൂനപക്ഷ പദവിക്ക് അനുകൂലമായി ദൃശ്യമായിരുന്നു. എന്നാല്‍, വസ്തുതാ വിരുദ്ധം പോലുമായ വ്യാഖ്യാനങ്ങളിലുടെ സുപ്രീംകോടതി  വിപരീത ദിശയിലേക്കാണ് നീങ്ങിയത് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയ്ക്ക് അനുരോധാത്മകമായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

T.M.A പൈ ഫൗണ്ടേഷന്‍, ഇസ്ലാമിക് എഡ്യുക്കേഷന്‍ സൊസൈറ്റി, ഇനാംദാര്‍ തുടങ്ങിയ കേസുകളിലേക്ക് എത്തുമ്പോഴേക്കും ന്യൂനപക്ഷ അവകാശങ്ങള്‍ എന്നതിനേക്കാള്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ കച്ചവടത്തിനും ന്യായീകരണമായി സുപ്രീംകോടതി വിധികള്‍ മാറുന്നതായാണ് കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അനിയന്ത്രിതമായ അവകാശം വകവച്ചുകൊടുക്കുന്ന നിയോ ലിബറല്‍ വിദ്യാഭ്യാസനയത്തിനു നീതിന്യായ ന്യായീകരണം ചമയ്ക്കുന്ന വിധിന്യായങ്ങളായിരുന്നു ഇവ. ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമായ നിരവധി ചോദ്യങ്ങള്‍ അതേസമയം തന്നെ പരിഗണിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്തു. ആഗോള അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ ന്യൂനപക്ഷം എന്ന പദവി നിര്‍ണ്ണയിക്കുന്നത് ജനസംഖ്യാടിസ്ഥാനത്തിലല്ല. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വ്യതിരിക്തതയും സമൂഹത്തില്‍ അവര്‍ക്കുള്ള വിധേയ പദവിയും പരിഗണിച്ചാണ്. ഭൂരിപക്ഷത്തിന്റെ അധീശത്വത്തിനു കീഴ്പെടേണ്ടിവരുന്ന വ്യതിരിക്തമായ ഒരു വിഭാഗമാണ് ന്യൂനപക്ഷങ്ങള്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഉന്നത നീതിപീഠം ഈ നിയമതത്ത്വസംഹിതയുടെ (jurisprudence) പുതിയ വികാസങ്ങളേയും വളര്‍ച്ചകളേയും ഇന്നുവരെ പരിഗണിച്ചിട്ടില്ല.


എം.എസ്. ഗോള്‍വര്‍ക്കറുടെ 'we or our nationhood defined' എന്ന 1939-ല്‍ പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തിന്റെ അഞ്ചാം അദ്ധ്യായത്തില്‍ ഇങ്ങനെ എഴുതുന്നു: 'At the outset we must bear in mind that so far as 'nation' is concerned, all those who fall outside the five-fold limits of that idea  can have no place in national life  unless they abandon their differences, adopt the  religion, culture and language of the national and completely  merge themselves in the  national race. So long as they maintain their racial, religious and cultural differences, they cannot but only be foreigners, who may be either friendly or inimical to the nation.'
ദേശീയതയുടെ ഭൂരിപക്ഷ വ്യാഖ്യാനത്തെ അംഗീകരിച്ച് അതിന്റെ മതത്തേയും ഭാഷയേയും സംസ്‌കാരത്തേയും തങ്ങളുടെ എല്ലാ വ്യത്യസ്തതകളേയും ഉപേക്ഷിച്ചു പുല്‍കാത്തിടത്തോളം അവര്‍ ദേശത്തോട് സൗഹൃദത്തിലാണെങ്കിലും അല്ലെങ്കിലും വിദേശികളാണ് എന്നാണ് ഇന്ത്യന്‍ ദേശീയതയെ ഹിന്ദു ദേശീയതയായി നിര്‍വ്വചിക്കുന്നവര്‍ വിശദീകരിക്കുന്നത്. ഹിന്ദു ദേശീയതയെ ഇന്ത്യന്‍ ദേശീയതയായി നിര്‍വ്വചിക്കുകയും അതിനു ഭരണകൂട സാധൂകരണം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് വൈവിധ്യങ്ങള്‍, വൈജാത്യങ്ങള്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവ ഭരണഘടനാപരമായി സംരക്ഷിക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രാരംഭദിനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം, സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം എന്നിവ സജീവ പരിഗണനയിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ വിഭജനത്തിന്റെ അനുരണനങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയിലും എത്തുകയും രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം എന്നീ തലങ്ങളെല്ലാം ചോര്‍ത്തിക്കളയുകയും വിദ്യാഭ്യാസ സാംസ്‌കാരിക അവകാശങ്ങള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു. ഇന്നു വ്യതിരിക്തമായ നിലനില്‍പ്പുകളെപ്പോലും അസാദ്ധ്യമാക്കുകയും സമ്മര്‍ദ്ദങ്ങളാല്‍ ഭൂരിപക്ഷ ദേശീയതയിലേക്കു ന്യൂനപക്ഷങ്ങളെ ഉള്‍ച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വികാസത്തിന് ഒട്ടുമേ ശോഭനമായ ചിത്രമല്ല നല്‍കുന്നത് എന്നു മാത്രം സൂചിപ്പിക്കട്ടെ. 


REFERENCE:

1. Granville Austin - The Indian Constitution : Cornerstone of a nation, Oxford University Press, 1999.
2. Granville Austin-Working in a democratic constitution: A history of the Indian experience Oxford India, 2003.
3. Manisha Sethi - Minority claims and Majoritarian anxieties : The Jain question, EPW Vol. 49, December 3, 2016.
4. Mollica Dastider - Marginaised as minority Tribal citizens and border thinking in India, EPW Vol. 25, June 18, 2016.
5. Prathibha Jain - Balancing Minority rights and gender Justice: The impact of protecting multiculturalism on women's rights in India, Berkely journal of International law Vol. 23, Issue 1,  2005.
6. Rakesh Kr Singh - Constitutional mandate and rights of  linguistic minorities, Journal of Indian Law Institute Vol. 48:2, 2006.
7. Aftab Alam - Minority rights under international law, Journal of Indian Law Institute Vol. 57:3, 2015.
8. Virendra Kumar- Minorities Right to run educational institutions: TMA Pai foundation in perspective Vol. 45:2, 2003.

Important Cases referred:

1. TMA Pai foundation case 2002(9) SC25
2. St. Stephan's college v University of Delhi (1992)1 SCC 558
3. In Re Kerala Education Bill 1957 1959 SCR 173
4. Azeez Basha v Union of India 1968 SCR(1) 833
5. Naresh Agarwal v.U.O.I 2005 SCC 1705

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com