പ്രതിഭാസങ്ങളെക്കുറിച്ചു പറയുമ്പോള്‍: ഡോ എ രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ ചെന്നിരുന്നു ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. അടുത്ത ദിവസം നഗരത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ഉദ്യാനത്തില്‍ കൂടാം എന്നു പറഞ്ഞാണ് പിരിഞ്ഞത്.
പ്രതിഭാസങ്ങളെക്കുറിച്ചു പറയുമ്പോള്‍: ഡോ എ രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

തു നഗരത്തില്‍ ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പുസ്തകശാലകളെക്കുറിച്ചും ലൈബ്രറികളെക്കുറിച്ചുമാണ്. ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നാലുള്ള പ്രതീതിയാണ് അവിടം സന്ദര്‍ശിച്ചാല്‍ ഉണ്ടാകുക. അത്തരമൊരു സന്ദര്‍ഭത്തില്‍ തീരദേശ നഗരത്തിലെ ലൈബ്രറിയില്‍ വെച്ചാണ് സുഹൃത്തും ജ്യോതിശാസ്ത്ര അദ്ധ്യാപകനുമായ അതുല്‍ പരാംജ്‌പെയോടൊപ്പം സ്പെയിനില്‍നിന്നുള്ള ജൂഡ് അന്റോണിയൊ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടാനിടയായത്. ബഹുമാന്യനായ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിലുള്ളതാണ് ലൈബ്രറി. പകല്‍ മുഴുവനും അവിടെ ചെലവഴിച്ച് പുസ്തകങ്ങള്‍ വായിച്ചുകൂട്ടുന്നവരുണ്ട്. അവരില്‍ ചിലരെയൊക്കെ മുഖപരിചയവുമുണ്ട്. ചെറുപുഞ്ചിരിയില്‍ ഒതുക്കുന്ന സൗഹൃദങ്ങള്‍. സുഖകരമായ ഇരിപ്പിടങ്ങളും ഏറ്റവും പുതിയ പുസ്തകങ്ങളും ഉള്ള ലൈബ്രറിയില്‍ വെളിച്ചം പകരുന്നത് വലിയ ചില്ലു ജനാലകളാണ്. ജനാലകളുടെ ഓരത്തായി സജ്ജീകരിച്ചിരിക്കുന്ന കുഷ്യനിട്ട ഉയരം കുറഞ്ഞ ഇരിപ്പിടങ്ങളില്‍ ദിവസം മുഴുവനും ആയാസമൊട്ടുമില്ലാതെ ചെലവഴിക്കാം. പുസ്തകങ്ങള്‍ ഷെല്‍ഫില്‍നിന്നെടുത്ത് കസാലകള്‍ക്കു മുന്നിലുള്ള ചെറിയ ചില്ലുമേശകളില്‍ വെച്ചു വായിക്കാം. ഷെല്‍ഫുകളില്‍നിന്നും കുറച്ചു മാറിയാണ് ഇരിപ്പിടങ്ങളുടെ സ്ഥാനം. നിശ്ശബ്ദമായ അന്തരീക്ഷം. ഈ നഗരത്തെ ഇഷ്ടപ്പെടാന്‍ ഒരു കാരണം ഇതാണ്. ഇതൊരു ആശുപത്രിയാക്കി മാറ്റാന്‍ കുറച്ചുനാള്‍ മുന്‍പ് ശ്രമം നടന്നിരുന്നു. ഇവിടുത്തെ സന്ദര്‍ശകരുടേയും പുസ്തകസ്‌നേഹികളുടേയും ശ്രമം കൊണ്ട് ആ ഭീഷണി തല്‍ക്കാലം ഒഴിവായി. 

ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ ചെന്നിരുന്നു ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. അടുത്ത ദിവസം നഗരത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ഉദ്യാനത്തില്‍ കൂടാം എന്നു പറഞ്ഞാണ് പിരിഞ്ഞത്. ഇത്തരം സംഭാഷണങ്ങള്‍ക്കു താല്‍ക്കാലിക വിരാമമിട്ട് അടുത്ത ഒരവസരത്തില്‍ തുടങ്ങുന്നത് പരാംജ്പേയുടെ ഒരു രീതിയാണ്. മറുത്തെന്തെങ്കിലും പറഞ്ഞാല്‍ ഒരക്ഷരം ഉരിയാടാതെ പൊയ്ക്കളയും. പിന്നെ ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പുണെ സ്വദേശിയായ പരാംജ്പേയെ കോളേജ് കാലം മുതല്‍ അറിയാം. ഫോണിലൂടെ ഒട്ടും സംസാരിക്കാത്ത ഒരു രീതിയാണ് അയാളുടേത്. ഇമെയിലുകള്‍ തുറന്നുപോലും നോക്കാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും കാണുന്നത്. ഒരേ തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനാലും എന്നാല്‍, ചിന്തകള്‍ വ്യത്യസ്തമായതിനാലും പരാംജ്പേയുമൊത്തുള്ള സംഭാഷണങ്ങള്‍ ആഴത്തിലുള്ളതും പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതുമാണ്. ഏകദേശം അഞ്ചുവര്‍ഷം മുന്‍പ് ഓറോവില്ലില്‍ വെച്ചു നടന്ന സമാഗമം വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. പിന്നീട് കുറേ നാളത്തേയ്ക്ക് അയാളെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഫോണ്‍ ചെയ്താല്‍ എടുക്കാറില്ല. സിദ്ധികള്‍ ലഭിക്കാനായി ഹിമാലയത്തില്‍ തപസ്സിരിക്കാന്‍ പോയി എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. അതിശൈത്യം പിടിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു തീരദേശ നഗരത്തില്‍ താമസമാക്കി.

റിച്ചാഡ് ഫൈന്‍മാന്‍
റിച്ചാഡ് ഫൈന്‍മാന്‍

ഇവിടുത്തെ താപംകൂടിയ കാലാവസ്ഥയില്‍ പരാംജ്പെയുടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവായി. മേലുദ്യോഗസ്ഥരുമായി വഴക്കുകൂടി ജോലി വലിച്ചെറിയുക എന്നത് സ്ഥിരം സംഭവമാണ്. കുറഞ്ഞത് പത്തുപതിനഞ്ചിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ഒരു പത്രത്തില്‍ ചേര്‍ന്നെങ്കിലും അതും ഉപേക്ഷിച്ചു. ഇപ്പോള്‍ ഈ നഗരത്തിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകനാണ്. ഭാരതീയ ചിന്തയെക്കുറിച്ച് അയാള്‍ക്ക് ആഴത്തിലുള്ള അറിവുണ്ട്. തത്ത്വചിന്തയും ശാസ്ത്രവും അപൂര്‍ണ്ണമെന്ന പരാംജ്പേയുടെ വാദമാണ് മിക്കപ്പോളും തര്‍ക്കത്തിനു കാരണമായി ഭവിക്കുക. ഒന്നിനേയും അംഗീകരിക്കാത്ത പ്രകൃതം. വാദമുഖങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും അതുപേക്ഷിച്ചു. ജൂഡ് ബാഴ്സിലോണ സര്‍വ്വകലാശാലയില്‍ ചേരാനുള്ള ശ്രമത്തിലാണ്. തത്ത്വശാസ്ത്രമാണ് പഠിക്കുന്നത്. തിയററ്റിക്കല്‍ ഫിസിക്‌സില്‍ ഗവേഷണം ചെയ്തു മതിയാക്കി നേരെ ഫിലോസഫിയിലേയ്ക്ക്. തന്റെ സുഹൃത്തായ ഒരു പ്രൊഫസറുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായ ജൂഡിന് രണ്ടുമാസം ഇവിടെ തങ്ങാനുള്ള സൗകര്യം പരാംജ്പെ ഏര്‍പ്പാടാക്കിയിരുന്നു. ഇന്ത്യയിലെ പ്രമുഖമായ സംസ്‌കാരങ്ങളെ അറിയുക എന്നതാണ് ഉദ്ദേശ്യം. 

ആന്തരിക അര്‍ത്ഥങ്ങള്‍
തേടിയുള്ള പ്രയാണം

തിരികെ ഹോട്ടലില്‍ എത്തിച്ചത് പരാംജ്പേയുടെ പഴയ മാരുതി കാറാണ്. കാറിനുള്ളിലാകെ അയാളുടെ വളര്‍ത്തുനായയുടെ രോമം നിറഞ്ഞിരിക്കുന്നു. കുട്ടികളില്ലാത്ത പരാംജ്പേയുടെ വീട് ഒരു മൃഗശാലയാണ്. നായ, പൂച്ച, പലതരം കിളികള്‍ തുടങ്ങിയവ അവിടെ വിഹരിക്കുന്നുണ്ട്. തെരുവുനായ്ക്കളും പൂച്ചകളുമൊക്കെ അസുഖബാധിതരാകുമ്പോള്‍ ഈ കുടുംബത്തെ തിരക്കിവരുന്നതായി അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവര്‍ക്കും ദിനംപ്രതി സമൃദ്ധമായ ഭക്ഷണം പരാംജ്പെ കുടുംബം ഉറപ്പുവരുത്തുന്നു. ലളിതമായ ജീവിതം നയിക്കുന്ന അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ്  ചെലവാക്കുന്നത്. 

അടുത്ത പ്രഭാതത്തില്‍ ഉത്സാഹത്തോടെ ബസ്സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ നിരത്തും വശത്തുള്ള കെട്ടിടങ്ങളും നല്ല സുഷുപ്തിയില്‍. ഇലകള്‍ കൊഴിഞ്ഞുവീണിരിക്കുന്നത് ആരും നീക്കം ചെയ്തിട്ടില്ല. റൊട്ടിയും മാര്‍മലേഡുമായിരുന്നു പ്രഭാതഭക്ഷണം. കട്ടന്‍ചായ രണ്ടു കപ്പ്. ഓറഞ്ച് ജൂസിന്റെ കുപ്പികളും ഇടയ്ക്ക് വിശക്കുമ്പോള്‍ ബ്രഡ് സംഘടിപ്പിച്ചു കഴിക്കാനായി ജാമിന്റേയും വെണ്ണയുടേയും ചെറിയ കണ്ടെയ്നറുകളും ബാഗില്‍ കരുതി. ബസില്‍ ഒട്ടും തിരക്കില്ല. നിര്‍വ്വികാരമായ മുഖങ്ങളുള്ള യാത്രക്കാര്‍. ബസിറങ്ങി അഞ്ചു മിനിട്ട് നടന്നാല്‍ ഉദ്യാനത്തിന്റെ ഗേറ്റിലെത്താം. ഉദ്യാനത്തിന്റെ മുന്നില്‍ കാണാറുള്ള കച്ചവടക്കാര്‍ ഇതുവരെ എത്തിയിട്ടില്ല. ഒരു സായാഹ്നത്തില്‍ ഇവിടെനിന്നും ഉത്തരേന്ത്യന്‍ ചാട്ട് വിഭവങ്ങള്‍ ആവോളം ആസ്വദിച്ചിരുന്നു. ഉണക്കിപ്പൊടിച്ച മാങ്ങയും മറ്റുമൊക്കെയുള്ള രഹസ്യക്കൂട്ടുകള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഉദ്യാനത്തിന്റെ ഗേറ്റുമുതല്‍ തന്നെ വന്‍മരങ്ങള്‍ ആകാശം മൂടിനില്‍ക്കുന്നു. നടപ്പാതയ്ക്കിരുവശവും വൃത്തിയായി പരിപാലിക്കുന്ന പുല്‍ത്തകിടിയുണ്ട്. കമിതാക്കള്‍ക്കു പ്രിയപ്പെട്ട ഈ ഇടത്ത് ഇന്ന് ആരെയും കാണാനായില്ല. 

പടര്‍ന്നു നിലകൊള്ളുന്ന വലിയ മരങ്ങളുടെ കൂട്ടത്തിനു കീഴിലെ സിമന്റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. നല്ല തണലും കുളിര്‍മ്മയുമുള്ള ഇടം. അപ്പുറത്ത് പൂത്തുലഞ്ഞുനില്‍ക്കുന്ന അനേകം ചെടികള്‍. പലതരം സുഗന്ധങ്ങള്‍ നിറഞ്ഞ ഇടം. സുഗന്ധത്തിനു മനോനിലയില്‍ മാറ്റം വരുത്താനാകും എന്നത് വാസ്തവമെന്നു പലതവണ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ചെറുപ്പകാലത്ത് ഇഷ്ടപ്പെട്ടിരുന്ന സുഗന്ധങ്ങളെങ്കില്‍ വളരെയധികം പ്രയോജനം ചെയ്യും. കുറച്ചകലെയായി ഏക്കറുകള്‍ പടര്‍ന്നു നിലകൊള്ളുന്ന വലിയൊരു അരയാലുണ്ട്. ഇത്തരം വൃക്ഷങ്ങള്‍ക്ക് ആരും പേരു നല്‍കാത്തതെന്തെന്ന് ആലോചിച്ചു. പേരിട്ടു വിളിച്ചാല്‍ ചിലപ്പോള്‍ അവ പ്രതികരിക്കാനിടയുണ്ട്. ഇപ്പോള്‍ ഒട്ടും പ്രതികരണമില്ലാതെയാണല്ലോ അവയുടെ നില്‍പ്പ്. 


മനസ്സ് തികച്ചും ശൂന്യമായിരുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ മനസ്സും ക്ഷീണിക്കുമെന്നു തോന്നുന്നു. ഒരു ചിന്തയും കടന്നുവരുന്നില്ല, ഒന്നും എഴുതാനില്ലാത്ത കടലാസുപോലെ. ചെറുതായി മയങ്ങി. അല്പനേരം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ മഹാഗണി വൃക്ഷത്തിനു കീഴില്‍ ജൂഡ് അകലേയ്ക്കു നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ചെറിയ ഉരുളന്‍ കല്ലുകള്‍ നടപ്പാതയ്ക്ക് എതിര്‍വശത്തുള്ള മരത്തില്‍ എറിഞ്ഞുകൊള്ളിക്കുന്നു. ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ കല്ലെറിയുന്നതു നിര്‍ത്തി. പതിയെ എഴുന്നേറ്റ് 'സിഗററ്റ് ഉണ്ടോ' എന്നു ചോദിച്ച് അയാള്‍ ബെഞ്ചിനരികിലെത്തി. ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. സിഗററ്റിനു പകരമായി നീട്ടിയ ഓറഞ്ച് ജ്യൂസിന്റെ കുപ്പി വാങ്ങി ബെഞ്ചിലിരുന്നു പെട്ടെന്നു തന്നെ കുടിച്ചുതീര്‍ത്തു. ''നല്ല പകല്‍ തന്നെ'' എന്നു അയാള്‍ പറഞ്ഞതിനെ ഞാന്‍ ശരിവച്ചു. ''ഇന്ത്യയില്‍ അതെ എന്നു തലയാട്ടുന്ന രീതി യൂറോപ്പില്‍ അല്ല എന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്റെ കോളേജ്മേറ്റ് കമാല്‍ ഇതുപോലെയാണ്'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. പരാംജ്പെ അല്പം കഴിഞ്ഞു മാത്രമേ എത്തുകയുള്ളു എന്ന് ജൂഡ് അറിയിച്ചു. അതിലൊട്ടും അത്ഭുതമില്ല. അയാള്‍ ഒരിക്കലും എവിടെയും സമയത്തിന് എത്താറില്ല.

30 വയസ്സുള്ള ജൂഡിന്റെ കണ്ണുകള്‍ക്കു ചുറ്റും കറുത്ത പാട്. കുറ്റിത്താടിയും അലസമായ ചുരുളന്‍ മുടിയും. വിഷാദം നിറഞ്ഞ പുഞ്ചിരി. ടീഷേര്‍ട്ടും ജീന്‍സുമാണ് വേഷം. ജൂഡ് ഒരു അനിശ്ചിതാവസ്ഥയിലാണെന്നു മനസ്സിലായി. ഇന്നലെ കണ്ടപ്പോള്‍ അതു വ്യക്തമായിരുന്നില്ല. ഇവിടെ പരിചയപ്പെട്ടവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലെ ജീവിതത്തിലെ വിവിധ പ്രതിസന്ധികളില്‍ അകപ്പെട്ടു ചിന്താകുലരാണെന്നു തോന്നുന്നു. പരാംജ്പെയും എന്തോ പ്രശ്‌നത്തിലാണ്.  ആന്തരിക അര്‍ത്ഥങ്ങള്‍ തേടിയുള്ള പ്രയാണം എങ്ങുമെത്തിക്കില്ല. ജൂഡിന്റെ അസ്വസ്ഥമായ മുഖഭാവം യാത്രാക്ഷീണം മൂലമോ ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്തിയതു മൂലം സമയക്രമം മാറിയതുകൊണ്ടോ ആകാം. 

ദേവതാ ശില്‍പം: ഇഷ്താര്‍ (മെസൊപ്പൊട്ടെമിയ)
ദേവതാ ശില്‍പം: ഇഷ്താര്‍ (മെസൊപ്പൊട്ടെമിയ)

''ഒന്നു നടന്നാലോ, വളരെ നേരമായില്ലെ ഈ ഇരിപ്പ്'' എന്നു ഞാന്‍ ചോദിച്ച മാത്രയില്‍ ജൂഡ് ചാടിയെഴുന്നേറ്റു. നടപ്പാതയ്ക്ക് പതിയെയുള്ള കാറ്റിന്റേയും നിഴലിന്റേയും കുളിര്‍മ്മയുണ്ട്.
'''മാതാപിതാക്കള്‍ ബാഴ്സിലോണയിലാണ്. അവിടുത്തെ അരാജകത്വം നിറഞ്ഞ ജീവിതം മടുത്താണ് മാഡ്രിഡില്‍ എത്തിയത്. ഒരു നര്‍ത്തകിക്കൊപ്പമായിരുന്നു താമസം. അവളുടെ അതിഥികള്‍ ശല്യമായതോടെ അവിടം വിട്ടു. ഇപ്പോള്‍ ഒരു പ്രൊഫസറുടെ വീടിന്റെ ഔട്ട്ഹൗസിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ശാസ്ത്രം പഠിപ്പിക്കാന്‍ പോകും. അതു ചെലവിനുള്ള കാശ് സംഘടിപ്പിക്കാനാണ്. നാട്ടില്‍ ഫാംഹൗസും വൈന്‍ഷോപ്പുമുണ്ട്. ഞാന്‍ കൂടി ശ്രമിച്ചാണ് എല്ലാം ഉണ്ടായത്. അതിനാല്‍ മാസംതോറും പിന്നെ വാര്‍ഷിക കണക്കെടുപ്പിനു ശേഷവും നല്ലൊരു തുക അക്കൗണ്ടില്‍ എത്തുന്നുണ്ട്. പിന്നെ പടം വരച്ചു കൊടുത്താല്‍ നല്ല കാശുകിട്ടും. വരയൊക്കെ ബാര്‍സിലോണയില്‍നിന്നു പഠിച്ചതാണ്'' ഏന്തിവലിച്ചുള്ള ശൈലിയിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. 

ജൂഡ് അറിയാതെ മൊബൈലില്‍ ഞാനൊരു ചിത്രമെടുത്തു. വിരോധമില്ലല്ലോ അല്ലേ. 'അസ്തിത്വ പ്രതിസന്ധി നേരിടുന്ന ചെറുപ്പക്കാരന്‍' എന്ന തലക്കെട്ടില്‍ കൊടുക്കാനായി. ചിത്രം അയാള്‍ക്ക് ഇഷ്ടപ്പെട്ടു.
'എന്റെ സ്ഥിതിയിതാണ്' എദ്വാര്‍ഡ് മങ്ക്ന്റെ 'മുറവിളി' എന്ന ചിത്രത്തിലേതുപോലെ ജൂഡ് അഭിനയിച്ചു കാണിച്ചു. വാന്‍ഗോഗ് ജൂഡിനെ എപ്രകാരം പകര്‍ത്തുമായിരുന്നു എന്നാലോചിച്ചു. പല വര്‍ണ്ണങ്ങളുള്ള ചെടികള്‍ക്കിടയില്‍ ജൂഡിന്റെ കവിളുകള്‍ ഒട്ടിയ വലിയ മുഖവും ചുളിഞ്ഞ നെറ്റിയും അകലെ നോക്കുന്ന കണ്ണുകളും. ഒരുതരം അനിശ്ചിതാവസ്ഥ നിഴലിക്കുന്ന തുറിച്ചുനോക്കുന്ന മുഖങ്ങള്‍. ആര്‍ട്ട് ഗാലറിയുടെ ചുമരിലെ ജൂഡ്.
''എന്റെ ഗ്രാമത്തില്‍ എല്ലാം പതിയെയാണ് സംഭവിക്കുന്നത്. സമയം പോലും അവിടെ പതുക്കെയാണ് മുന്നോട്ടു പോകുന്നത്. ഒരു ദിവസം എന്നത് ഇവിടുത്തെ ഒരാഴ്ച പോലെ. ഇവിടെയാകട്ടെ, എവിടെ നോക്കിയാലും തിരക്കുപിടിച്ച ധാരാളം ആളുകളെ കാണുന്നു.'' ജൂഡ് പറഞ്ഞത് ശരിയെന്ന് എനിക്കും തോന്നിയിട്ടുണ്ട്. 

ബാബിലോണിലെ ജ്യോതിശാസ്ത്രലിഖിതം
ബാബിലോണിലെ ജ്യോതിശാസ്ത്രലിഖിതം

''അത്തരം നാട്ടിന്‍പുറങ്ങള്‍ ഇവിടെയുമുണ്ട്. സമയം എന്നത് ആപേക്ഷികമല്ലേ, അതിനാല്‍ അപ്രകാരം അനുഭവപ്പെടുന്നു'' എന്നു പറഞ്ഞത് ജൂഡിനു ബോധിച്ചു.
''ഇലുസിയോന്‍ ഒബ്സ്റ്റിനാദാമെന്റെ പെര്‍സിസ്റ്റെന്റെ'' ജൂഡിന്റെ സ്പാനിഷ് എനിക്കു മനസ്സിലായില്ല. ''ഓ സോറി'', ''ടൈം ഇസ് എ സ്റ്റബോണ്‍ലി പെര്‍സിസ്റ്റെന്റ് ഇല്യൂഷന്‍'' ''സമയം എന്ന രൂഢമൂലമായ അനുഭവത്തില്‍നിന്നും മുക്തിനേടണമെങ്കില്‍ വളരെയധികം ശ്രമിക്കണം. അതില്‍ വിജയിച്ചാല്‍ ബോധോദയമാകും'' ബുദ്ധന്റെ ശ്രമം വിജയം കണ്ടല്ലോ എന്നോര്‍ത്ത് ഞാനതു ശരിവച്ചു.

''സമയം എന്നതിന് അസ്തിത്വമില്ല. ഭൂതകാലം, വര്‍ത്തമാനം, ഭാവി എന്നത് വെറും മിഥ്യാധാരണകള്‍ മാത്രം...'' ബുദ്ധനെപ്പോലെ കണ്ണടച്ചാണ് ഞാനതു പറഞ്ഞത്. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. സംഭാഷണം രസകരമാകുമെന്ന് ഉറപ്പ്. ശൂന്യമായ മനസ്സിനു യഥേഷ്ടം മേയാനുള്ള വക തന്നിരിക്കുന്നു.

യാഥാര്‍ത്ഥ്യം
അര്‍ത്ഥശൂന്യമാവുമോ?

''സ്ഥലത്തിന്റേയും കാലത്തിന്റേയും പ്രത്യേകതകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വിസ്മയം കൊണ്ട് പൊറുതിമുട്ടുന്നു. ആപേക്ഷികതയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് യാഥാര്‍ത്ഥ്യം എന്നു നാം കരുതുന്നത് അര്‍ത്ഥശൂന്യമെന്നാണ്. ഒരോരുത്തര്‍ക്കും വെവ്വേറെ രീതിയില്‍ അനുഭവവേദ്യമാകുന്ന യാഥാര്‍ത്ഥ്യങ്ങള്‍. ഒരു പ്രകാശകണത്തെ സംബന്ധിച്ചു സ്ഥലവും കാലവും നിശ്ചലമാണ്. ദ്രവ്യമാനമൊട്ടുമില്ലെങ്കിലും പ്രകാശകണത്തിന് അല്ലെങ്കില്‍ പ്രകാശതരംഗത്തിനു പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു. ഇത്തരം കാര്യങ്ങളെയൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ ചിത്രം ഒരുക്കുമ്പോള്‍ അതു യാഥാര്‍ത്ഥ്യവുമായി എത്ര ഒത്തുപോകും എന്നത് ചിന്തിക്കേണ്ടതാണ്. നിശ്ചിതമായ അറിവാണ് സയന്‍സ് എന്നത്. എന്നാല്‍, അതില്‍പ്പെടാത്ത പല കാര്യങ്ങളുമുണ്ട്. വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തണം. തത്ത്വചിന്ത അവസാനിക്കുന്ന ഇടത്തുനിന്നു ശാസ്ത്രം തുടങ്ങുന്നു എന്നു പറഞ്ഞു ശീലമുണ്ട്. തിരിച്ചു പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ശാസ്ത്രം അവസാനിക്കുന്നയിടത്ത് തത്ത്വചിന്തയുടെ തുടക്കമാകുന്നു.'' എന്റെ മനോഗതി മനസ്സിലാക്കിയപോലെ അയാള്‍ പറഞ്ഞു. 

''ജൂഡ് ഒരു തുടക്കക്കാരനല്ലേ. ഭൗതികശാസ്ത്രത്തില്‍ ഇനിയും ധാരാളം പ്രവര്‍ത്തനം ബാക്കി കിടക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ അറിയാനുണ്ട്. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും. പക്ഷേ, പലരും തത്ത്വചിന്തയിലേയ്ക്ക് എടുത്തുചാടുന്ന പ്രവണത കാണപ്പെടുന്നു. അതാണെളുപ്പമെന്നു തോന്നുന്നു അല്ലേ.'' എന്റെ പരാമര്‍ശം പലതവണ അയാള്‍ കേട്ടിട്ടുള്ള ഒന്നാണെന്നു തോന്നി. ചില ഭൗതികശാസ്ത്രജ്ഞരും അവരുടെ ആശയങ്ങളെ പിന്തുടരുന്നവരും എന്തുകൊണ്ടാണ് വളരെപ്പെട്ടെന്ന് ഇത്തരം ചിന്തകള്‍ക്കു വശംവദരാകുന്നത്. വിരലിലെണ്ണാവുന്ന പ്രമുഖര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പാറപോലെ ഉറച്ചുനിന്നിട്ടുള്ളത്. തത്ത്വചിന്തയുടെ ആകര്‍ഷണം വല്ലാത്ത ഒന്നുതന്നെ. 
''എടുത്തുചാടുന്നതൊന്നുമല്ല. അതൊരു പരിണാമാവസ്ഥയാണ്. ഒഴിച്ചുകൂടാനാകാത്ത ഒന്ന്'' ജൂഡ് ദൂരേയ്ക്കു കണ്ണുകള്‍ പായിച്ചുകൊണ്ട് പറഞ്ഞു.

''എനിക്കേറെ താല്പര്യമുള്ള മിസ്റ്ററി നിറഞ്ഞ സാഹിത്യഭംഗിയുള്ള എഴുത്തുകളാണ് ഇന്ത്യയിലേത്. ന്യായവും സാംഖ്യവും മറ്റും മനസ്സിലാക്കിയിട്ടുണ്ട്. നളന്ദയും തക്ഷശിലയും മഹാബോധിയും അജന്തയും എല്ലോറയും കാണണം. പിന്നെ കഴിയുമെങ്കില്‍ ടിബറ്റില്‍ കുറേ ദിവസം. അവിടെത്തന്നെ കഴിഞ്ഞാലും വിരോധമില്ല. കണ്ടില്ലേ അവരുടെയൊക്കെ മുഖത്തെ ശാന്തത. നൂറ്റമ്പതു വയസ്സുവരെ അവര്‍ സുഖമായി ജീവിക്കുമെന്നു തോന്നുന്നു.'' ജൂഡിന്റെ ചിന്തകളുടെ പോക്കെങ്ങോട്ടെന്നു വ്യക്തമാകുന്നു.
''നല്ലത് ശാസ്ത്രപഠനമല്ലേ. ഇനിയും എന്തൊക്കെ കണ്ടെത്താനിരിക്കുന്നു. കുറച്ചുപോലും നാം മനസ്സിലാക്കിയിട്ടില്ലല്ലോ. നിശ്ചിതമായ അറിവ് ലഭ്യമല്ലാത്ത മേഖലകളെക്കുറിച്ചുള്ള ഊഹങ്ങളല്ലേ തത്ത്വചിന്തയുടെ അടിസ്ഥാനം. എന്നാല്‍, ശാസ്ത്രം അപ്രകാരമേയല്ല. ശാസ്ത്രം എന്നതിലെ ഘടകങ്ങള്‍ക്കെല്ലാം കൃത്യമായ നിര്‍വ്വചനമുണ്ട്. നമുക്കറിയാവുന്ന കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിലെ രീതികള്‍ ഉപയോഗിച്ചു പരിശോധിച്ചു തൃപ്തിപ്പെടാവുന്നതാണ്. എന്നാല്‍, ഊഹങ്ങള്‍ ശരിയോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അറിവിന്റെ മേഖലകളുടെ ആഴം വര്‍ദ്ധിക്കുമ്പോള്‍ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുന്നു. ഇപ്രകാരമാണ് സംഭവിച്ചിട്ടുള്ളതെന്ന് ഒരു 3000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാലറിയാം.''
ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. ഇടയ്ക്ക് ജൂഡിനെന്തോ പറയണമെന്നുണ്ടായിരുന്നു. 

രണ്ടാഴ്ചയായി ഞാനധികം സംസാരിക്കാറില്ല. ഒറ്റയ്ക്കു യാത്രചെയ്യുമ്പോള്‍ സംസാരിക്കാനുള്ള അവസരമൊട്ടുമില്ല. സൗഹൃദം സ്ഥാപിച്ച് ആശയങ്ങള്‍ കൈമാറാനും മറ്റും ശ്രമിക്കാറുമില്ല. ഇടയ്ക്കിടെ ഇത്തരം വിരാമാവസ്ഥകള്‍ മനസ്സിനും ശരീരത്തിനും നല്ലതെന്ന് അനുഭവം. ഇപ്പോള്‍ സംസാരിക്കുന്ന വിഷയം വളരെ ആശ്വാസം നല്‍കുന്നു. 


'ക്വാണ്ടം ഭൗതികമായിരുന്നു എന്റെ വിഷയം.' ''ക്വാണ്ടം ബലതന്ത്രം നിങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയെന്നു തോന്നിയാല്‍ അതൊട്ടും തന്നെ മനസ്സിലാക്കിയിട്ടില്ല എന്നാണര്‍ത്ഥം എന്ന റിച്ചാഡ് ഫൈന്‍മാന്റെ മുന്നറിയിപ്പിലാണ് പഠിച്ചു തുടങ്ങുന്നതുതന്നെ.'' ജൂഡ് സന്ദേഹത്തോടെ പറഞ്ഞു.
''നമുക്കിന്നു ലഭ്യമായതില്‍ വച്ചേറ്റവും കൃത്യവും ഉപയോഗപ്രദവുമായ ഒന്നാണ് ക്വാണ്ടം സിദ്ധാന്തം. ഏറ്റവും പുതിയ സാങ്കേതികതയ്ക്കു പിന്നിലും ഏറ്റവും സൂക്ഷ്മമായ ഘടകങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും ഈ ആശയമാണ് ഉപയോഗിക്കുന്നത്. സ്ഥൂലവസ്തുക്കളെല്ലാം സൂക്ഷ്മഘടകങ്ങളാല്‍ നിര്‍മ്മിതമായതുകൊണ്ട് ക്വാണ്ടം ഭൗതികം പ്രപഞ്ചത്തിലെ സര്‍വ്വതിനേയും സംബന്ധിക്കുന്ന ഒന്നാണെന്നു പറയാം. സ്പേസിനുപോലും ക്വാണ്ടം വിശദീകരണം കല്പിച്ചിരിക്കുന്നു. ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു എങ്കിലും ക്വാണ്ടം ഭൗതികത്തില്‍ അവ തരംഗങ്ങളാണ്. സംഭാവ്യതാ വിതരണം കണക്കിലെടുത്തു പ്രതിഭാസങ്ങളുടെ വിശദീകരണത്തിലേയ്ക്കും അതിന്റെ പ്രയോഗത്തിലേയ്ക്കും കടക്കുന്നത്, സംഭവങ്ങള്‍ സാധ്യമാകുന്നതിന്റെ സംഭാവ്യത മാത്രമാണ് ഇപ്രകാരം നമുക്കു പറയാന്‍ കഴിയുന്നത്. പക്ഷേ, കുറച്ചുകൂടി സൂക്ഷ്മതയുള്ള വിവരണം ലഭ്യമാകില്ല എന്നു കരുതേണ്ടതില്ല. ചിന്തകള്‍ പുരോഗമിക്കുമ്പോള്‍ വിശദീകരണങ്ങളുടെ സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കുന്നു.'' അല്പം ആവേശത്തോടെ ഞാന്‍ പറഞ്ഞതിനെ ഒരു ചിരിയോടെ ജൂഡ് സ്വീകരിച്ചു.

സദാചാരമൂല്യങ്ങളുടെ
ദര്‍ശനം

''എന്തെങ്കിലുമൊക്കെ കണ്ടെത്തുകയും ഒരു പ്രതിഭാസത്തിന്റെ പ്രവര്‍ത്തനം വിവരിക്കുകയും ചെയ്യുമ്പോള്‍ അതു ശാസ്ത്രമാകുന്നു. അങ്ങനെയല്ലേ കണ്ടുവരുന്നത്. നിശ്ചിതമായ ഒരു വഴിത്താരയിലൂടെയല്ലല്ലോ ഈ ഗമനം.'' ജൂഡ് പറഞ്ഞതിനോട് യോജിക്കാതെ വയ്യ.

''പക്ഷേ, ജൂഡ്, പല പ്രതിഭാസങ്ങളുടേയും വിശദീകരണങ്ങളെ ഏകീകരിച്ചു മാത്രമേ സ്ഥൂലപ്രപഞ്ചത്തെ തല്‍ക്കാലം വിവരിക്കാനാകുകയുള്ളൂ. ഇപ്രകാരം തൃപ്തികരമായ വിശദീകരണം ശാസ്ത്രം നല്‍കുന്നുണ്ടല്ലോ.'' ഈ അഭിപ്രായത്തെ ജൂഡ് അംഗീകരിക്കുന്ന മട്ടില്ല.
ഉദ്യാനത്തിന്റെ ഒത്ത മദ്ധ്യഭാഗത്തുള്ള വൃത്താകൃതിയിലുള്ള തിട്ടയില്‍ ഇരിപ്പുറപ്പിച്ചു. അപ്പുറത്ത് ഒരു ചെറിയ നീര്‍ച്ചോലയുണ്ട്. 'ഫൗണ്ടന്‍ ഓഫ് യൂത്ത്' എന്ന് ജൂഡ്.

''ശാസ്ത്രദര്‍ശനം എന്നൊരിനമുണ്ടല്ലോ. ഫൈന്‍മാന്‍ പറഞ്ഞതുപോലെ ശാസ്ത്രജ്ഞര്‍ക്കു ശാസ്ത്രദര്‍ശനം കൊണ്ടുള്ള പ്രയോജനം പറവകള്‍ക്ക് ഓര്‍ണിത്തോളജി (പക്ഷികളുടെ ശാസ്ത്രം) കൊണ്ടുള്ളതുപോലെ മാത്രം. പുതിയൊരിനം ഇറങ്ങിയിട്ടുണ്ട്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ ദര്‍ശനം. ഓക്സ്ഫഡിലും കേംബ്രിഡ്ജിലും പ്രചാരത്തിലുണ്ട്. ദിശതെറ്റിയ മിസൈലിന്റെ സ്ഥിതിയാണതിന്. റോജര്‍ പെന്റോസൊക്കെ ഇതിലേയ്‌ക്കെങ്ങനെ പതിച്ചുവെന്നത് അജ്ഞാതം തന്നെ. കഴിഞ്ഞതവണ പെന്റോസിനെ കണ്ടപ്പോള്‍, വെറും കുറച്ചു വര്‍ഷം മുന്‍പ്, ഇത്തരം പദ്ധതികളില്‍ അദ്ദേഹം ഒട്ടും മതിപ്പ് കാണിച്ചില്ല എന്നോര്‍ക്കുന്നു.'' അനിഷ്ടം നിഴലിക്കുന്ന മുഖഭാവത്തോടെയാണ് ഞാനതു പറഞ്ഞത്. 

''ശാസ്ത്രത്തിന് എല്ലാം കൈകാര്യം ചെയ്യാനാവില്ല. ശാസ്ത്രീയമായ അറിവ് ഇനിയും പ്രാപ്തമാകാത്ത കാര്യങ്ങള്‍ക്കുള്ള വിശദീകരണത്തിനു തത്ത്വചിന്തയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. നല്ലതും ചീത്തയും ശാസ്ത്രത്തിനു പറഞ്ഞുതരാനാവില്ല. സദാചാരമൂല്യങ്ങളൊക്കെ ശാസ്ത്രത്തിന്റെ മേഖലയ്ക്കപ്പുറത്താണ്. അവിടെയൊക്കെ ദര്‍ശനം തന്നെ വേണം. ലോകത്തെ മാറ്റിമറിക്കുകയല്ല, മറിച്ച് മനസ്സിലാക്കുക എന്നതാണ് തത്ത്വചിന്തയുടെ ലക്ഷ്യം. ഒന്നും നിശ്ചിതമല്ല എന്നതാണ് വാസ്തവം. നിശ്ചിതമായ അടിസ്ഥാനമുള്ളത് എന്നു കരുതുന്നതൊക്കെയും അപ്രകാരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.'' റാഫേലിന്റെ 'സ്‌കൂള്‍ ഓഫ് ഏഥന്‍സ്' എന്ന ചിത്രത്തിലെ പ്ലേറ്റോയെപ്പോലെ വിരല്‍ മുകളിലേയ്ക്കു ചൂണ്ടി ജൂഡ് പറഞ്ഞു.

''ഊഹങ്ങള്‍ ചിന്തയെ വഴിതെറ്റിക്കും. പുതിയ ആശയങ്ങള്‍ രൂപപ്പെടണമെങ്കില്‍ ശാസ്ത്രീയ രീതി അവലംബിക്കണം. അനേകം പ്രപഞ്ചങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ള ഊഹം തന്നെ കുഴപ്പം പിടിച്ചതാണ്. അനേകം പ്രപഞ്ചങ്ങള്‍ നിലനില്‍ക്കാതിരിക്കാനുള്ള സാധ്യതയുമുണ്ടല്ലോ. അതിനു പകരമായി പ്രപഞ്ചത്തെക്കുറിച്ച് നമുക്കുള്ള ഏറ്റവും നല്ല വിവരണം എന്നു പറയുന്നത് എത്ര നല്ലതാണ്. യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പരാമര്‍ശങ്ങളാണ് നല്ലത്. അല്ലെങ്കില്‍ ശാസ്ത്രദര്‍ശനം എന്നതിന്റെ പടുകുഴിയില്‍ അകപ്പെടും. അതൊട്ടും അഭിലഷണീയമല്ല.

പ്രതിഭാസങ്ങളെക്കുറിച്ചുള്ള, ഏറ്റവും യോജിച്ച വിശദീകരണത്തെ അടിസ്ഥാനമാക്കിയുള്ള അനുമാനം മാത്രമാണ് പ്രയോജനപ്പെടുക. മറ്റെല്ലാം ശൂന്യത്തിനു തുല്യം. ശാസ്ത്രത്തില്‍ ഇനിയും ഉത്തരം കണ്ടെത്തേണ്ടതായ പല കാര്യങ്ങളുമുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് ഇനിയും ഏറെ ഗ്രഹിക്കാനുണ്ട്. അതുപോലെ ചുറ്റുപാടുകളെക്കുറിച്ചും വളരെയേറെ അറിയാനുണ്ട്.  ഇനിയും വളരെയധികം മുന്നോട്ടുപോകാനുണ്ട്. സ്ഥൂലപ്രപഞ്ചത്തേയും സൂക്ഷ്മപ്രപഞ്ചത്തേയും ഒന്നിച്ചു വിവരിക്കാനുള്ള പ്രാപ്തി നേടുമ്പോള്‍ പിന്നെയും അറിയാന്‍ ബാക്കിയുണ്ടാകും. ഇതപ്രകാരം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നു തോന്നുന്നു. പ്രതിഭാസങ്ങള്‍ക്കു പിന്നിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഗ്രഹിക്കാനാകും എന്ന ചിന്ത ചിലപ്പോള്‍ ശരിയായി വരുന്നില്ല എന്നു കാണുന്നു. പക്ഷേ, അതേക്കുറിച്ചുള്ള ഭാഗികമായ അറിവാണ് നമുക്കുള്ളത് എന്ന് അറിയുകയും അതനുസരിച്ചു മുന്നോട്ടുപോകുകയും വേണം. ശാസ്ത്രം അപ്രകാരമാണ് മുന്നോട്ടു പോകുന്നത്. ഈ ചിന്ത ശാസ്ത്രത്തിന്റെ മൂല്യത്തെ ഒട്ടും കുറയ്ക്കുന്നില്ല.'' ശാസ്ത്രത്തിലെ മുന്നേറ്റങ്ങളെ ഇകഴ്ത്തുന്ന സന്ദര്‍ഭങ്ങളെ ഓര്‍ത്താണ് ഞാനിപ്രകാരം അഭിപ്രായപ്പെട്ടത്. ജൂഡിന് ഈ സംഭാഷണത്തോടുള്ള മതിപ്പ് വര്‍ദ്ധിക്കുന്നു എന്നതു തീര്‍ച്ച. അപ്പോള്‍ പരാംജ്‌പേയും എത്തിച്ചേര്‍ന്നു.
''എവിടം വരെയായി കാര്യങ്ങള്‍. അടികൂടി പിരിയാറായോ. ഇങ്ങേരുടെ സ്ഥിരം രീതിയാണത്. കഴിഞ്ഞതവണത്തെ സമ്മേളനത്തിന്റെ കുഴപ്പം ഇതുവരെ തീര്‍ന്നിട്ടില്ല'' എന്ന് പരാംജ്പെ മുകളിലേയ്ക്കു നോക്കി തൊഴുതുകൊണ്ട് പറഞ്ഞു. 

ദാര്‍ശനികരുടെ
ആവശ്യവും അനുമാനവും

പരാംജ്പെ കൊണ്ടുവന്ന ആലു പൊറോട്ടയും അച്ചാറും സ്വാദിഷ്ടമായിരുന്നു. ബാഗില്‍ കരുതിയ വെണ്ണയും ചേര്‍ത്തു കഴിച്ചു. എരിവു മൂലം ജാം പുരട്ടിയാണ് ജൂഡ് കഴിച്ചത്. തൃപ്തിയോടെ ഞങ്ങള്‍ ആഹരിക്കുന്നതു കണ്ട് അയാളുടെ മനസ്സു നിറഞ്ഞു എന്നതു വ്യക്തം. ഇതുണ്ടാക്കാന്‍ വേണ്ടി അയാളും ശ്രമിച്ചിട്ടുണ്ടാകും. ഇവിടെയെത്താന്‍ താമസിച്ചത് അതുകൊണ്ടാകാന്‍ സാധ്യതയുണ്ട്.

''ഊഹങ്ങള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായോ ഭാഗികമായോ യാഥാര്‍ത്ഥ്യത്തോട് ഒത്തു നില്‍ക്കുന്നതായി ചരിത്രം പരിശോധിച്ചാല്‍ കാണുന്നു. ഗ്രീക്കുകാരുടെ പല പരികല്പനകളും പിന്നീട് ശരിയായി വരുന്നതു കാണുന്നു. ഡെമോക്രീറ്റസിന്റെ ആറ്റം പരികല്പന പ്രധാനം. പ്രപഞ്ചം ജലത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭാഗികമായി ശരിയാണ്. കാരണം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഹൈഡ്രജനാണ്. അതായത് ജലത്തിന്റെ അടിസ്ഥാന ഘടകം. രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും ചേരുമ്പോളാണല്ലോ ഒരു ജലതന്മാത്രയാകുന്നത്. പ്രപഞ്ചത്തിനൊരു അതിര്‍ത്തിയില്ലെന്നും എന്നാല്‍, പരിധിയുണ്ടെന്നും പറഞ്ഞത് ഗ്രീക്ക് ചിന്തകരാണ്. ആധുനിക ചിന്തയോടൊത്തു നില്‍ക്കുന്ന അനുമാനം. ഭൂമിയില്‍ ജീവന്റെ വിത്തുകള്‍ വര്‍ഷിക്കപ്പെട്ടതാണ് എന്ന പാന്‍സ്പേമിയ എന്ന ആശയവും അവരുടെ സംഭാവന തന്നെ.'' പരാംജ്പെ തന്റെ അറിവുകളുടെ ഭണ്ഡാരം മെല്ലെ തുറന്നു. ഗ്രീക്കു ചിന്തകരുടെ സംഭാവനയെക്കുറിച്ച് ഒരു പ്രബന്ധം പരാംജ്പെ അവതരിപ്പിച്ചിട്ടുണ്ട്. 

''നമുക്കിന്നും അപ്രാപ്യമായിട്ടുള്ള പല മേഖലകളുമുണ്ട്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ശ്രമിച്ചാലും എവിടെ എപ്പോള്‍ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള വിവരങ്ങള്‍ ലഭിക്കില്ല. പക്ഷേ, ശ്രീനിവാസ രാമാനുജന്‍ കുറേക്കാലം കൂടി ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ അതിനുള്ള സമീകരണം കൂടി കണ്ടെത്തുമായിരുന്നു. ചലിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ മേല്‍ ഭൂമി ചെലുത്തുന്ന ഗുരുത്വാകര്‍ഷണം കണ്ടെത്താനുള്ള ഏറ്റവും പ്രബലമായ സമീകരണം രൂപീകരിച്ചത് രാമാനുജനാണ്. അതും റോക്കറ്റ് പോലും കണ്ടെത്തുന്നതിനു വളരെ മുന്‍പ് തന്റെ കണ്ടെത്തലുകള്‍ ആധുനിക ലോകത്തെ മുന്നേറ്റങ്ങളുടെ അടിസ്ഥാനമാകുമെന്ന് രാമാനുജന്‍ ചിന്തിച്ചു കാണാനിടയില്ല. പക്ഷേ, തന്റെ സംഭാവനകള്‍ നിസ്തുലമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. രാമാനുജന്റെ സംഭാവനകളുടെ കുറച്ചുഭാഗം മാത്രമേ ഉപയോഗത്തിലുള്ളൂ. മറ്റു സങ്കീര്‍ണ്ണമായവയുടെ ഉപയോഗം ഇനി അറിയേണ്ടതുണ്ട്.'' രാമാനുജനു ലഭിച്ചതുപോലെയുള്ള ഉള്‍ക്കാഴ്ച ഗ്രീക്കുകാര്‍ക്ക് പണ്ട് ലഭിച്ചിട്ടുണ്ട്. അതിന്റെ കാരണമെന്തെന്നറിയില്ല.'' ഇതും പരാംജ്പെയുടെ സംഭാവന.

''പല പ്രശ്‌നങ്ങള്‍ക്കുമുള്ള പോംവഴികളും പുതിയ ആശയങ്ങളും സ്വപ്നങ്ങളിലൂടെ ലഭിച്ചിരുന്നതായി ആദ്യകാല ഗ്രീക്കു ചിന്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'' എല്ലാവരേയും പോലെ ജൂഡും ഗ്രീക്ക് ചിന്തയുടെ ആരാധകനാണെന്നു വ്യക്തം.
''ഒരു അന്യലോക ജീവി രാമാനുജനു സ്വപ്നാവസ്ഥയില്‍ സമീകരണങ്ങള്‍ നല്‍കി എന്ന വാദത്തെക്കുറിച്ച് എന്താണഭിപ്രായം.'' ജൂഡ് രാമാനുജനെക്കുറിച്ചും അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.
''മസ്തിഷ്‌കത്തിന് പ്രവര്‍ത്തിക്കാനുള്ള വക ഇട്ടു കൊടുത്താല്‍ നാമറിയാതെ അതു ശ്രമിച്ചു കൊണ്ടിരിക്കും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴികള്‍ പെട്ടെന്നു നമുക്കു തോന്നുന്നതിന്റെ പിന്നിലതാണ്. സ്വപ്നാവസ്ഥയില്‍ തനിക്ക് ഒരു അമാനുഷിക ശക്തി പറഞ്ഞുതന്നു എന്ന് രാമാനുജന്‍ പറഞ്ഞത് ഇതാണ്. ലൂസിഡ് ഡ്രീമിങ് എന്ന അവസ്ഥയില്‍ ഇതു സാധ്യമാണ്. ആ അവസ്ഥയില്‍ സ്വപ്നത്തിലെ സംഭവങ്ങളെ സ്വപ്നം കാണുന്നയാള്‍ തന്നെ നിയന്ത്രിക്കുന്നു. ഇപ്രകാരം രാമാനുജന്‍ നിദ്രാവേളയിലും കണക്കുകൂട്ടലുകള്‍ നടത്തുകയായിരുന്നു എന്നു പറയാവുന്നതാണ്.'' സ്വയാനുഭവത്തിന്റെ ഉറപ്പിലാണ് ഞാനിതു പറഞ്ഞത്.

തത്വചിന്തയുടെ പ്രതിഫലനങ്ങള്‍
''പ്രതിഭാസങ്ങളെ വ്യക്തമായി നിര്‍വ്വചിച്ചാല്‍ പകുതി ജോലി കഴിഞ്ഞു. പിന്നെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അനുമാനങ്ങളില്‍ എത്താവുന്നതാണ്. ഉണര്‍ന്നിരിക്കുന്ന വേളയിലോ സുഷുപ്തിയിലോ ആയാലും കുഴപ്പമില്ല. അപ്രകാരമാണ് നാമിതുവരെ പുരോഗമിച്ചത്'' ഗ്രീക്കുകാരുടെ രീതിയാണ് ഇന്നും നാം പിന്‍തുടരുന്നതെന്ന്  എനിക്കു വ്യക്തമായിരുന്നു.
''വേര്‍തിരിച്ചു പറയാവുന്നവയെ പ്രതിഭാസങ്ങള്‍ എന്നു വിളിക്കാം. വ്യതിരിക്തമായ ഘടനയുള്ളതിനാല്‍ അവയുടെ ഉദ്ഭവത്തിനു പിന്നിലെ പ്രവര്‍ത്തനവും പരിണാമ ഗുപ്തിയും അറിയാനാകും. അനിശ്ചിതത്ത്വം അവിടെയുമുണ്ട്. ഏതെങ്കിലുമൊരു ഘടകത്തിലെ ചെറിയ മാറ്റം പോലും ഒരു വ്യൂഹത്തിന്റേയോ സംഭവത്തിന്റേയോ പ്രവര്‍ത്തനത്തെ മാറ്റിമറിക്കും. കാലാവസ്ഥയൊക്കെ പ്രവചനത്തിന് അത്ര വഴങ്ങാത്തത് ഈ കാരണം കൊണ്ടാണ്. ഇതാദ്യം തിരിച്ചറിഞ്ഞത് സുമേറിയക്കാരാണ്. ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളുടെ വ്യക്തമായ സൂചനകള്‍ അവരുടെ കഥകളിലുണ്ട്. ഗില്‍ഗമെഷിന്റെ വിഫലയാത്ര രേഖപ്പെടുത്തിയിട്ടു തന്നെ ഒരു 3000 വര്‍ഷമായിട്ടുണ്ടാകും. ആകാശത്തെ തെളിഞ്ഞ താരകളേയും ഗ്രഹങ്ങളേയും അമാനുഷികരായി സങ്കല്പിച്ചു വിശ്വാസങ്ങള്‍ രൂപീകരിച്ചു. ഇഷ്താര്‍ ദേവത ഒരു ഉദാഹരണം. വീനസും പൂര്‍വ്വദേശത്തെ ദേവതകളും മറ്റൊന്നല്ല. അതുമാത്രമല്ല, തത്ത്വചിന്തയുടെ പ്രതിഫലനങ്ങളുമുണ്ട്. ശാസ്ത്രപഠനത്തിനു ചരിത്രത്തേയും ആശ്രയിക്കണം. സങ്കല്പനങ്ങളുടെ പരിണാമം അറിഞ്ഞാല്‍ പുതിയ ആശയങ്ങള്‍ പിറക്കും. മനുഷ്യമനസ്സിന്റെ ഒരു രീതിയാണത്.'' മദ്ധ്യപൂര്‍വ്വദേശത്തെ പ്രാചീനരുടെ സംഭാവനയെക്കുറിച്ച് പരാംജ്പേയ്ക്ക് നല്ല ബോധ്യമുണ്ട്.

''അതു നല്ല പോഷകസമൃദ്ധമായ ആഹാരം ലഭിച്ചുതുടങ്ങിയതു മൂലമാണെന്നു പറയാം. വിശദമായ കൃഷി തുടങ്ങിയല്ലോ അവര്‍. കാലാവസ്ഥാ പ്രവചനത്തിന്റെ ആദ്യത്തെ കളരി മെസൊപ്പൊട്ടേമിയ തന്നെ. കാറ്റിന്റെ ഗതിയെ ഗ്രഹിച്ച് അവര്‍ തരംതിരിക്കുകപോലും ചെയ്തു. യുദ്ധമെല്ലാം കൊണ്ടുപോയില്ലേ. അവിടുത്തെ കലാമൂല്യമുള്ള പ്രാചീന വസ്തുക്കളെല്ലാം മ്യൂസിയങ്ങളിലോ അല്ലെങ്കില്‍ ചില സമ്പന്നരുടെ വീടുകളിലോ കാണുന്നു. പണ്ട് കൊണ്ടുപോയത് വേറെയും.'' എന്റെ ഉള്ളില്‍ പതഞ്ഞുപൊങ്ങിയ നിരാശ വ്യക്തമായിരുന്നു. ഇറാഖ് സന്ദര്‍ശിക്കാന്‍ കഴിയാത്തതിന്റെ വിഷമവും.

''ഈജിപ്തിലെ മമ്മി കാണുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്. എന്തിനാണ് അവരുടെ കുഴിയൊക്കെ തോണ്ടിയെടുത്ത് വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനവര്‍ക്ക് എതിര്‍പ്പൊന്നുമില്ലേ.'' മമ്മികള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടങ്ങള്‍ ഞാന്‍ ഒഴിവാക്കുകയാണ് പതിവ്.

''വിശ്വാസങ്ങളുടെ അടിസ്ഥാനം മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളാണല്ലോ. ഈജിപ്തിലെ മമ്മികള്‍ മാത്രം ഇന്നു മ്യൂസിയങ്ങളില്‍ ജീവിക്കുന്നു. ചിലപ്പോള്‍ അവര്‍ ഉദ്ദേശിച്ചതും ഇതായിരിക്കും. ഇതുപോലെ തോണ്ടിയെടുത്ത് രാജകീയമായി വയ്ക്കും എന്നൊക്കെ അവര്‍ നേരത്തേ കരുതിയിട്ടുണ്ടാകണം. 5000 വര്‍ഷം മുന്‍പൊക്കെ'' ജൂഡ് ചിരിച്ചുകൊണ്ട് പറഞ്ഞു. 

''യൂഫ്രട്ടീസ്-ടൈഗ്രിസ് സംസ്‌കാരത്തിന്റെ കാലത്തുതന്നെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടാന്‍ ശ്രമിച്ചിരുന്നതായി കാണുന്നു. ഞാനാരാണ്, ഞനെവിടെനിന്നു വന്നു. ഞാനെങ്ങോട്ടാണ് പോകുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അന്നു പ്രധാനമായിരുന്നു. പ്രപഞ്ചാതീത  ശക്തികളിലെ  വിശ്വാസം ഇത്തരം ചോദ്യങ്ങളില്‍ ഇന്നാണ് ഉടലെടുത്തത്. നൈല്‍, സരസ്വതി നദിക്കരകളില്‍ വസിച്ചിരുന്നവരും ഇത്തരം വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കാലഘട്ടങ്ങള്‍ക്കനുസൃതമായി രൂപം കൊള്ളുന്ന അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കഴിയുമ്പോള്‍ സങ്കീര്‍ണ്ണമായ ചിന്തയുടെ തുടക്കമാകുന്നു. പോഷകസമൃദ്ധമായ ആഹാരം തടസ്സമില്ലാതെ ലഭിച്ചു തുടങ്ങിയപ്പോള്‍ ചിന്തകള്‍ അസ്തിത്വത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളിലേയ്ക്കു തിരിഞ്ഞു. മെസൊപ്പൊട്ടേമിയ, ഗ്രീസ്, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലെ ആദ്യ ചിന്തകരെ കുഴക്കിയിരുന്ന അതേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ് ഇന്നും ശ്രമിക്കുന്നതെന്ന് വിസ്മയത്തോടെ നാം മനസ്സിലാക്കുന്നു. ഒട്ടും മുന്നോട്ടു പോയിട്ടില്ല എന്നല്ല, മറിച്ച് അതേ ചോദ്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നു.'' പരാംജ്പെ ഫോമിലായിരിക്കുന്നു. ഇത്തരം അനുമാനങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പരാംജ്പേയ്ക്ക് അറിയാം. 

''അപ്പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ചരിത്രത്തിന്റെ നിശ്ചിത കാലഘട്ടങ്ങളിലെ ദാര്‍ശനികര്‍ അക്കാലത്തെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള അനുമാനങ്ങള്‍  അവതരിപ്പിച്ചു. നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അപഗ്രഥനമാണ് ആദ്യ ചിന്തകര്‍ നടത്തിയത്. അതിന്നും തുടരുന്നു. അറിവിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. ഇതൊരു തുടര്‍ച്ചയാണ്. ആദ്യ ചോദ്യങ്ങള്‍ തന്നെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നു. ഒരോ കാലത്തേയും ചിന്തകര്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനായി ശ്രമിച്ചിരുന്നതായി കാണാം. അവര്‍ ഉള്‍പ്പെടുന്ന കാലത്തിന്റേയും ഭാവിയെക്കുറിച്ചുമുള്ള ദര്‍ശനം അവതരിപ്പിക്കുന്നു. എല്ലാക്കാലത്തേയും പോലെ സമ്പൂര്‍ണ്ണമായ ഉത്തരം അകലെയെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.'' പ്രാചീന ചിന്തകരുടെ സംഭാവനകളെ വിസ്മയത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ച നാളുകളെ ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു.

ശ്രീനിവാസ രാമാനുജന്‍
ശ്രീനിവാസ രാമാനുജന്‍


''നാം കാണുന്നതും നമുക്ക് അനുഭവവേദ്യമാകുന്നതുമാണ് യാഥാര്‍ത്ഥ്യം എന്നു കരുതണം. ഇന്നത്തെ സംഭവങ്ങളുടെ അടിസ്ഥാനം പ്രപഞ്ചത്തിന്റെ ആദ്യകാല അവസ്ഥകളാണ്. അതുപോലെ ഇന്നത്തെ അവസ്ഥകളാണ് പണ്ടുകാലത്തെ അവസ്ഥകളെക്കുറിച്ചുള്ള അനുമാനങ്ങള്‍ക്കടിസ്ഥാനം. ഇത്തരത്തില്‍ ഭൂതകാലത്തെ സൃഷ്ടിക്കുന്നത് വര്‍ത്തമാനകാലത്തെ അവസ്ഥകളാണ്. ഭൂതകാലത്തെ മാറ്റിമറിക്കാനുള്ള അവസരമാണ് ഇങ്ങനെ കൈവരുന്നത്. സൂക്ഷ്മാവസ്ഥയെ ഭരിക്കുന്ന നിയമങ്ങളല്ല സ്ഥൂലാവസ്ഥകളില്‍ പ്രബലമാകുന്നത്. സാമാന്യമായ അവസ്ഥകള്‍ സ്ഥൂലാവസ്ഥകളില്‍ ആവിര്‍ഭവിക്കുകയാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന അനുമാനങ്ങളില്‍ വിടവുകളേറെയുണ്ട്. യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്നതില്‍ നല്ലൊരു പങ്ക് നാം വഹിക്കുന്നുണ്ട്. നമുക്കു ചുറ്റുമുള്ള യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാന്‍ ശാസ്ത്രത്തിനാകും. അതുപോലെ പ്രകൃതിനിയമങ്ങളനുസരിച്ചു വസ്തുക്കള്‍ എങ്ങനെ പെരുമാറും എന്നതിനെക്കുറിച്ചും അറിയാനാകും. ഒരുതരം ഭാവിപ്രവചനം.'' പരാംജ്പേയുടെ വാദത്തെ ഞാന്‍ ശരിവച്ചു. ജൂഡിന്റെ മുഖത്ത് ഭാവഭേദമൊന്നുമില്ല.

''ശരിയാണ്. പണ്ടുകാലത്തെ ദാര്‍ശനിക പ്രശ്‌നങ്ങളെ പുനര്‍നിര്‍വ്വചിച്ചു പോംവഴി കണ്ടെത്താന്‍ യത്‌നിക്കുകയാണ് എല്ലാക്കാലത്തും ചെയ്തുവന്നിട്ടുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതെങ്ങനെ എന്നു മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി സുഗമമാകും''   എന്ന് ജൂഡ്. 
ഞങ്ങള്‍ നടന്നുവന്ന ദൈര്‍ഘ്യമുള്ള മണ്‍പാതയുടെ അങ്ങേയറ്റത്ത് പൂത്തുനില്‍ക്കുന്ന വൃക്ഷങ്ങള്‍ മാത്രം കാണാം.
''നോക്കൂ ജൂഡ് സമാന്തരങ്ങള്‍ ഒത്തുചേരുന്നു.'' പരാംജ്പെ കൈചൂണ്ടിക്കൊണ്ട് പറഞ്ഞു.
''അതേയതെ. സംഘര്‍ഷം ഉണ്ടാകുന്നതും ആ പ്രദേശത്തെക്കുറിച്ചാണ്'' ജൂഡ് വിടാന്‍ ഭാവമില്ല. 
പരാംജ്പേയും ജൂഡും കൂടി മുന്നില്‍ നടക്കുന്നു. വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. ഇത്തരം സംഭാഷണങ്ങള്‍ക്ക് അവസാനമില്ല. ഒരു തീരുമാനത്തിലും ആരും എത്തുകയുമില്ല. ഏതായാലും മുന്നോട്ട് നടക്കുക തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com