ദ്രാവിഡ മണ്ണില്‍ കരുത്തനാര്?: തമിഴകം വീണ്ടുമൊരു വിധിയെഴുത്തിനൊരുങ്ങുന്നു

സ്റ്റാലിന്‍
സ്റ്റാലിന്‍



ദ്രാവിഡനായകരുടെ വിയോഗത്തിനു ശേഷം തമിഴകം വീണ്ടുമൊരു വിധിയെഴുത്തിന് ഒരുങ്ങുകയാണ്. ദ്രാവിഡഭൂമി അടക്കിവാണ കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയും നിലനില്‍പ്പിന് പോരാടാനിറങ്ങുന്ന എടപ്പാടി പളനിസ്വാമി- പന്നീര്‍ശെല്‍വം നയിക്കുന്ന എ.ഐ.ഡി.എം.കെയും തമ്മിലുള്ള പോരാട്ടമാണ് നിര്‍ണായകം. ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്നിവയാണ് തമിഴകത്തെ പുതിയ പാര്‍ട്ടികള്‍. ബി.ജെ.പിയോട് അടുപ്പം പുലര്‍ത്തുന്ന രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് ബി.ജെ.പിക്കു തുണയാകുമോയെന്നതാണ് മറ്റൊരു ചോദ്യം.

പ്രചരണരംഗത്ത് ബഹുദൂരം മുന്നിലായിക്കഴിഞ്ഞ സ്റ്റാലിന്‍ മുന്‍പേ വിശാല പ്രതിപക്ഷത്തിനൊപ്പമാണ്. ആ സഖ്യത്തിലെ നിര്‍ണായക രാഷ്ട്രീയശക്തിയുമാണ്.  കടുത്ത മോദി വിരുദ്ധനായ അദ്ദേഹം രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തില്‍ സീറ്റ് ധാരണയൊന്നുമായിട്ടില്ലെങ്കിലും കോണ്‍ഗ്രസും ഡി.എം.കെയും ചേര്‍ന്നാവും ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യത്തെ നേരിടുകയെന്നുറപ്പ്. മുസ്ലീം ലീഗും വൈക്കോയുടെ എം.ഡി.എം.കെയും തിരുമാവളവന്റെ വിടുതലൈ ശിറുതൈകളുമാണ് ഡി.എം.കെ ചേരിയിലുളളത്. ഇടതുകക്ഷികളും പരോക്ഷമായി ഈ ചേരിക്കൊപ്പം നില്‍ക്കുന്നു. പാര്‍ട്ടിയിലെ വിമതര്‍ പോലും സ്റ്റാലിന്റെ നേതൃത്വം അംഗീകരിച്ച മട്ടാണ്. കരുണാനിധിയുടെ മരണത്തിനു ശേഷം പാര്‍ട്ടിയിലേക്ക് കയറാന്‍ ശ്രമിച്ച അഴഗിരിയും ഇന്ന് വലിയ വെല്ലുവിളിയല്ല. 

നരേന്ദ്രമോദിയുമായുള്ള സൗഹൃദം ജയലളിതയുടെ വിയോഗത്തിന് ശേഷവും പാര്‍ട്ടി നിലനിര്‍ത്തുന്നുണ്ട്. സീറ്റു വിഭജനം സംബന്ധിച്ച് ബി.ജെ.പിയും എ.ഐ.ഡി.എം.കെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എസ്.ആര്‍. രാമദോസിന്റെ പി.എം.കെയുമായും അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായും ബിജെപിയുമായി സഖ്യത്തിനു തയ്യാറാണ്. ധര്‍മ്മപുരിയിലേതു പോലൊരു വിജയം ആവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. പി.എം.കെ സ്ഥാപകനായ ഡോ. രാമദാസിന്റെ മകനും മുന്‍കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാമദാസ് വിജയിച്ചത് ധര്‍മ്മപുരിയില്‍ നിന്നായിരുന്നു. അന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഴവില്‍ മുന്നണിയാണ് അന്‍പുമണിക്ക് പിന്തുണ നല്‍കിയത്. കന്യാകുമാരി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിയിലെ പൊന്‍ രാധാകൃഷ്ണന്‍ വിജയിച്ച് കേന്ദ്രസഹമന്ത്രിയുമായി. ഇതൊക്കെയാണ് ബി.ജെ.പിക്ക് ആത്മവിശ്വാസവും ആശ്വാസവും. 

എന്നാല്‍, ഈ ആശ്വാസം എ.ഐ.ഡി.എം.കെയ്ക്കില്ല. അഴിമതി ആരോപണങ്ങളുടെ തീച്ചൂളയിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. മുഖ്യമന്ത്രിക്കെതിരേ വരെ വിവാദാരോപണങ്ങളുണ്ട്. ഏറ്റവുമൊടുവില്‍ കോടനാട് സംഭവം മന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. എടപ്പാടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കൊള്ളയടിച്ചതെന്ന പ്രതികളുടെ വെളിപ്പെടുത്തല്‍ ഇ.പി.എസ്. ചേരിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എസ്റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകളാണ് കവര്‍ന്നതെന്നും ഇതു പളനിസാമിക്കു വേണ്ടിയാണെന്നും  പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയന്‍, വാളയാര്‍ മനോജ് എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 23നു രാത്രി കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയാണു കൊടനാട്ട് ബംഗ്ലാവില്‍ സുരക്ഷാ ജീവനക്കാരന്‍ ഓം ബഹദൂര്‍ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടര്‍മരണങ്ങള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. എസ്റ്റേറ്റിലെ അക്കൗണ്ടന്റ് ദിനേശ് കുമാറിനെ വീട്ടില്‍   തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണു  ദുരൂഹതയിലെ അവസാന കണ്ണി. 

ജയലളിതയുടെ മരണത്തിനു ശേഷം,  കേസിലെ ഒന്നാംപ്രതിയും ജയയുടെ മുന്‍ ഡ്രൈവറുമായ കനകരാജ് പളനിസ്വാമിക്കു വേണ്ടി നടത്തിയ നീക്കമായിരുന്നു എസ്റ്റേറ്റ് കവര്‍ച്ച. കവര്‍ന്നരേഖകളുടെ ബലത്തിലാണ് പളനിസാമി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും മനോജും പറയുന്നു. ഒ.പന്നീര്‍ശെല്‍വം ചേരി(ഒ.പി.എസ്) ഏതു സമയവും തിരിച്ചടിക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ജയലളിതയുണ്ടായിരുന്ന അവസ്ഥയല്ല ഇന്ന് എന്നതാണ് ഇരുവിഭാഗത്തെയും ആശങ്കയിലാക്കുന്നത്. ഏതു സമയത്തും ഭിന്നത മറനീക്കി വരാം. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം ജാഗ്രതയോടെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നതും. ഇതിനൊക്കെ പുറമേയാണ് ടി.ടി.വി ദിനകരന്‍ ഉയര്‍ത്തുന്ന വെല്ലുവിളി. 

പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന എടപ്പാടിയും പന്നീര്‍സെല്‍വവും
പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന എടപ്പാടിയും പന്നീര്‍സെല്‍വവും


അതേ സമയം ടി.ടി.വി ദിനകരന്റെ വിശ്വസ്തനും സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിലെ 18 എംഎല്‍എമാരില്‍ ഒരാളുമായ ശെന്തില്‍ബാലാജി ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എഡി.എം.കെയില്‍ ഭിന്നതയുണ്ട്. എടപ്പാടിയുടെ വിശ്വസ്തരും മന്ത്രിമാരുമായ പി. തങ്കമണിക്കും എസ്.പി. വേലുമണിയടക്കമുള്ളവരാണ് ബി.ജെ.പിയുമായി സീറ്റ് വിഭജനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ അടക്കമുള്ള നേതാക്കള്‍ ബിജെപിക്കെതിരെ പരസ്യ നിലപാടെടുത്തവരാണ്. സംസ്ഥാന നിയമമന്ത്രി സി.വി. ഷണ്‍മുഖം, വ്യാവസായികമന്ത്രി എം.സി. സമ്പത്ത്, വാണിജ്യനികുതി വകുപ്പ് മന്ത്രി കെ.സി. വീരമണി എന്നിവര്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെ എതിര്‍ക്കുന്നവരാണ്. രാജ്യത്താകമാനം മോദി വിരുദ്ധത അലയടിക്കുമ്പോള്‍ അവരുമായി കൂട്ടുകൂടി ക്ഷീണമുണ്ടാക്കാനില്ലെന്ന നിലപാടിലാണ് തമ്പിദുരൈ. ജയലളിത മരിച്ചതോടെ നേതൃത്വത്തിലെ അഭിപ്രായഭിന്നതമൂലം രണ്ടുതവണ പിളര്‍ന്ന എഐഎഡിഎംകെയ്ക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. വേര്‍പിരിഞ്ഞ എടപ്പാടിയെയും പന്നീര്‍ശെല്‍വത്തെയും ഒന്നിപ്പിക്കുന്നതിന് മോഡി ഇടപെട്ടതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യം മുന്നില്‍ക്കണ്ടായിരുന്നു. 

രാഹുല്‍ ഗാന്ധിയും സ്റ്റാലിനും
രാഹുല്‍ ഗാന്ധിയും സ്റ്റാലിനും

ഇതിനിടെ മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്.  സാമൂഹിക മാധ്യമങ്ങളില്‍ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകള്‍ എതിര്‍പ്പറിയിച്ചത്. വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയിരുന്നു.  കൂടാതെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകയ്ക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയിരുന്ന സന്ദര്‍ഭത്തിലും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയിലേക്കുള്ള യാത്ര റോഡ് മാര്‍ഗം ഉപേക്ഷിച്ച് ഹെലികോപ്ടറിലാണ് നടത്തിയത്.

രജനീകാന്തും കമല്‍ഹാസനും
രജനീകാന്തും കമല്‍ഹാസനും


ഇരുപതോളം നിയമസഭാമണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് തമിഴ് രാഷ്ട്രീയത്തെ സംബന്ധിച്ച് മറ്റൊരു നിര്‍ണായക വിഷയം. സ്പീക്കര്‍ അയോഗ്യരാക്കിയ 18 എം.എല്‍.എ.മാരുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 20 ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന തിരുവാരൂര്‍ ഉപതിരഞ്ഞെടുപ്പ് ഗജ കൊടുങ്കാറ്റിനെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജനുവരി 28നായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ജയയുടെ അഭാവത്തില്‍ തിരുവാരൂരില്‍ തോല്‍വി സംഭവിച്ചാല്‍ എ.ഐ.എ.ഡി.എംകെയ്ക്ക് അത് കനത്ത തിരിച്ചടിയാകും. തിരുവാരൂര്‍ കരുണാനിധിയുടെ പ്രിയ മണ്ഡലമെന്നതിനാല്‍ ഡി.എം.കെ.യ്ക്കും പരാജയം ചിന്തിക്കാനാവില്ല. സ്റ്റാലിന്‍ അധ്യക്ഷസ്ഥാനമേറ്റ ശേഷം ആദ്യമായി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. അതുകൊണ്ടുതന്നെ സ്റ്റാലിന്റെ പ്രവര്‍ത്തനമികവ് പാര്‍ട്ടിക്ക് ഗുണംചെയ്‌തോ ഇല്ലയോ എന്ന് അളന്നു തൂക്കുന്ന സന്ദര്‍ഭമാണിത്. തിരുവാരൂരില്‍ സ്റ്റാലിന്‍ മത്സരിക്കണമെന്നമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. മകന്‍ ഉദയനിധി സ്റ്റാലിനെയും കളത്തിലിറക്കാന്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, ഇതു രണ്ടും നടന്നില്ല. 

ഒരു വര്‍ഷം മുന്‍പ്, തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കമായിരുന്നു നടന്‍ രജനികാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കോടമ്പാക്കത്തെ ആരാധക സംഗമത്തില്‍ വച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു. ആരാധക സംഗമത്തിനു അന്ന് കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ രജനീകാന്തിനെ 'തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി' എന്ന മുദ്രാവാക്യത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈ ഒരുവര്‍ഷത്തിനുള്ളില്‍ രജനീകാന്ത് എടുത്ത നിലപാടുകളും അഭിപ്രായവും അത്ര ജനപ്രിയമായിരുന്നില്ല. തൂത്തുക്കുടിയിലെ വേദാന്തയ്ക്കെതിരേ നടന്ന സമരത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് നടപടി അദ്ദേഹം ന്യായീകരിക്കുകയാണുണ്ടായത്.  

ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാത്രം പോകുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദരിദ്രര്‍ക്ക് കുറഞ്ഞ വരുമാനം പദ്ധതിയെയും സ്വാഗതം ചെയ്ത കമല്‍ഹാസന്‍ സഖ്യമുണ്ടാക്കാന്‍ ഇപ്പോള്‍ തയ്യാറാണ്. മുന്‍പ്, കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി ഒരിക്കലും പ്രവര്‍ത്തിച്ചു പോകില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയ അദ്ദേഹം 2018 ഫെബ്രുവരി 21നാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com