മധുരം, സൗമ്യം, ദീപ്തം: കെജി വാസുമാസ്റ്ററുടെ കലാജീവിതത്തെക്കുറിച്ച്

സര്‍വ്വശ്രീ വാഴേങ്കട കുഞ്ചു നായര്‍, രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കൃഷ്ണന്‍കുട്ടി പൊതുവാള്‍, അപ്പുക്കുട്ടി പൊതുവാള്‍, ഭാഗവതര്‍ നമ്പീശന്‍ - എല്ലാംകൊണ്ടും കഥകളിയുടെ കേളി നിറഞ്ഞുനില്‍ക്കുന്ന കേര
മധുരം, സൗമ്യം, ദീപ്തം: കെജി വാസുമാസ്റ്ററുടെ കലാജീവിതത്തെക്കുറിച്ച്

മധുരം, സൗമ്യം, ദീപ്തം 

സര്‍വ്വശ്രീ വാഴേങ്കട കുഞ്ചു നായര്‍, രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കൃഷ്ണന്‍കുട്ടി പൊതുവാള്‍, അപ്പുക്കുട്ടി പൊതുവാള്‍, ഭാഗവതര്‍ നമ്പീശന്‍ - എല്ലാംകൊണ്ടും കഥകളിയുടെ കേളി നിറഞ്ഞുനില്‍ക്കുന്ന കേരള കലാമണ്ഡലം. അവര്‍ക്കു സമാനന്മാരായ പ്രഗത്ഭ കഥകളി പ്രതിഭകള്‍ കലാമണ്ഡലത്തിനു പുറത്ത് തെക്കും വടക്കും. ചുരുക്കത്തില്‍ കഥകളിയുടെ സുവര്‍ണ്ണകാലം. ബ്രാഹ്മമുഹൂര്‍ത്തങ്ങളില്‍ കലാമണ്ഡലം കളരിയില്‍നിന്ന് വിളക്കു കണ്ടില്ലെങ്കില്‍ തൂക്കിപ്പിടിച്ച കമ്പിറാന്തലുമായി മഹാകവി വള്ളത്തോള്‍ കളരിയില്‍ വന്ന് തട്ടിവിളിക്കുന്ന കാലം. ഇക്കാലത്ത് കീഴ്പടം കുമാരന്‍ നായരാശാന്റേയും രാമന്‍കുട്ടി നായരാശാന്റേയും പത്മനാഭന്‍ നായരാശാന്റേയും കളരികളില്‍ കല്ലുവഴിച്ചിട്ടയുടെ കണിശതയിലും കഠോരതയിലും കടുകിട പിഴയ്ക്കാതെ പത്മശ്രീ ഡോക്ടര്‍ കലാമണ്ഡലം ഗോപിയാശാന്റേയും കുട്ടനാശാന്റേയും സതീര്‍ത്ഥ്യനായി കഥകളി അഭ്യാസം പൂര്‍ത്തിയാക്കിയ കെ.ജി. വാസുദേവന്‍ മാസ്റ്റര്‍ക്കാണ് കഥകളിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വെള്ളിനേഴി കഥകളിഗ്രാമം വീരശൃംഖല അണിയിച്ചാദരിച്ച അദ്ദേഹത്തിനു തന്നെയാണ് വാഴേങ്കട കുഞ്ചുനായരാശാന്റെ പേരിലുള്ള ഈ വര്‍ഷത്തെ ഗുരുദക്ഷിണപുരസ്‌കാരവും ലഭിച്ചത്. 

ആലപ്പുഴ ജില്ലയിലെ കീരിക്കാട്ട് രാമപുരത്ത് ദേവകിയമ്മയുടേയും ഗോപാലന്‍ നായരുടേയും പുത്രനായി ജനിച്ച വാസുമാസ്റ്റര്‍ക്ക്, എട്ടുംപൊട്ടും തിരിയാത്ത കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളില്‍ കണ്ട കഥകളിവേഷങ്ങളോടുണ്ടായ ഭ്രമമാണ് കഥകളി പഠിക്കാനുള്ള താല്പര്യമായി പരിണമിച്ചത്. കഥകളി പഠനത്തിന്റെ ഭാഗമായ ഉഴിച്ചിലും മെയ്യഭ്യാസങ്ങളും കുട്ടിയുടെ ആരോഗ്യത്തെ അപകടപ്പെടുത്തുമെന്നു ഭയന്ന രക്ഷിതാക്കള്‍ക്കു പൂര്‍ണ്ണസമ്മതമായിരുന്നില്ലെങ്കിലും പ്രാഥമിക വിദ്യാഭ്യാസഘട്ടത്തില്‍ത്തന്നെ സ്വന്തം നിര്‍ബന്ധബുദ്ധിക്കു വഴങ്ങി ഏവൂര്‍ രാഘവന്‍ പിള്ളയാശാന്റെ കീഴില്‍ കഥകളിപഠനം ആരംഭിച്ചു. ഏതാനും മാസത്തെ പരിശീലനത്തിനുശേഷം 'ഗുരുദക്ഷിണ' കഥയില്‍ ശ്രീകൃഷ്ണന്റെ വേഷത്തില്‍ അരങ്ങേറ്റവും കഴിഞ്ഞു. അതോടെ ആശാന്റെ കൂടെ ചില ഉത്സവക്കളികള്‍ക്ക് ചെറിയ വേഷങ്ങള്‍ കെട്ടാനും അവസരം കിട്ടി. 

കെജി വാസുദേവന്‍
കെജി വാസുദേവന്‍

പലപ്പോഴും കളിസ്ഥലത്തുനിന്ന് നേരെ സ്‌കൂളിലേക്കാണ് എത്തുക. അത്തരം സന്ദര്‍ഭങ്ങളില്‍ ''ഇവനെ വെടിമരുന്ന് നാറുണു'' (മനയോലയുടെ മണം) എന്നു പറഞ്ഞ് സഹപാഠികള്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നത് അദ്ദേഹം ഇപ്പോഴും തമാശയായി ഓര്‍ക്കുന്നു. ആയിടയ്ക്ക് കഥകളി വേഷത്തിന് വിദ്യാര്‍ത്ഥികളെ എടുക്കുന്നതായ പത്രപ്പരസ്യം വഴിയാണ് കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നത്.  സ്വന്തം വീട്ടിലിരുന്ന് അക്ഷരമാലകള്‍ കുത്തിക്കുറിക്കുന്ന ഒരു കുട്ടി ഒരു സുപ്രഭാതത്തില്‍ സര്‍വ്വകലാശാല ക്ലാസ്സില്‍ എത്തിപ്പെട്ടാലുണ്ടാകുന്ന പകപ്പും അമ്പരപ്പുമാണ് കലാമണ്ഡലം കളരിയില്‍ കാല്‍കുത്തിയപ്പോള്‍ ആ കുട്ടിക്കുണ്ടായത്. അവിടുത്തെ സജ്ജീകരണങ്ങളും സമ്പ്രദായങ്ങളും ചിട്ടകളും അച്ചടക്കവും ആ കുട്ടിയുടെ ഭാവനയ്ക്കപ്പുറത്തുള്ള ഒരു ലോകമായിരുന്നു. 

ആറു വര്‍ഷമായിരുന്നു അന്ന് കഥകളി വേഷ പരിശീലനത്തിന്റെ കാലദൈര്‍ഘ്യം. ആശാന്മാരുടെ നിരന്തരമായ ആവശ്യപ്പെടലിനു വഴങ്ങി പരിശീലനകാലം എട്ടു കൊല്ലമാക്കാന്‍ മഹാകവി സമ്മതിച്ചു. അങ്ങനെ എട്ടുകൊല്ലത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ, കഥകളിവേഷത്തിന് ആദ്യമായി കലാമണ്ഡലത്തിന്റെ പരീക്ഷ ജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയ പ്രഥമ വിദ്യാര്‍ത്ഥി എന്ന പ്രത്യേകതയും വാസുമാസ്റ്റര്‍ക്കുണ്ട്. അക്കാലത്ത് കലാമണ്ഡലം കളിയോഗത്തില്‍ സ്ത്രീവേഷത്തിന് മുതിര്‍ന്ന ആദ്യാവസാന കലാകാരന്മാരാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പഠനകാലം കഴിഞ്ഞിട്ട് എട്ടുകൊല്ലം കൂടി കലാമണ്ഡലം മേജര്‍സെറ്റു കളികള്‍ക്കെല്ലാം വാസുമാസ്റ്റര്‍ നിര്‍ബന്ധിത സ്ത്രീവേഷക്കാരനായി. കഥകളിയിലെ ചിട്ടപ്രധാനവും ആട്ടപ്രധാനവുമായ എല്ലാ സ്ത്രീവേഷങ്ങളും കലാമണ്ഡലത്തിനകത്തും പുറത്തുമുള്ള മഹാനടന്മാരോടൊപ്പം അവതരിപ്പിക്കാന്‍ ഇങ്ങനെ ധാരാളം അവസരം കിട്ടി. പല തലത്തിലുള്ള ആദ്യവസാന വേഷക്കാരോടൊപ്പമുള്ള ഈ കൂട്ടുവേഷ പരിചയം പുരുഷവേഷങ്ങളുടെ പ്രയോഗവൈവിദ്ധ്യങ്ങള്‍ കണ്ടുപഠിക്കാനുള്ള സുവര്‍ണ്ണാവസരങ്ങളായി. പില്‍ക്കാലത്ത് സ്വന്തം നായകവേഷങ്ങളുടെ അവതരണശൈലിക്ക് ഈ അരങ്ങനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായി. ആശാന്മാരുടെ പ്രേരണമൂലം വിദ്യാര്‍ത്ഥികള്‍ക്ക് അരങ്ങുപരിചയം ലഭിക്കാന്‍ വേണ്ടി കലാമണ്ഡലത്തില്‍ മൈനര്‍സെറ്റ് എന്നൊരു വിഭാഗം ആദ്യമായി രൂപംകൊണ്ടതും ഇവരുടെ പഠനകാലത്തായിരുന്നു. അതുകൊണ്ട് സഹപാഠികളായിരുന്ന ഗോപിയാശാന്റേയും കുട്ടനാശാന്റേയും നായകവേഷങ്ങള്‍ക്കും നായിക വാസുമാസ്റ്റര്‍ തന്നെയായിരുന്നു. 1967-ലെ കലാമണ്ഡലത്തിന്റെ മാസങ്ങള്‍ നീണ്ടുനിന്ന യൂറോപ്യന്‍ പര്യടനത്തിലും കോട്ടയ്ക്കല്‍ ശിവരാമനും വാസുമാസ്റ്ററും തന്നെയായിരുന്നു സ്ത്രീവേഷക്കാര്‍. കഥകളി സ്ത്രീവേഷത്തില്‍ തെളിഞ്ഞുറച്ച ഒരു നടന്‍ പില്‍ക്കാലത്ത് പുരുഷവേഷങ്ങളിലും മേലേക്കിടയില്‍ ഇടംപിടിക്കുക എന്ന വൈചിത്ര്യവും വാസുമാസ്റ്റര്‍ക്ക് അവകാശപ്പെട്ടതാണ്. 

കലാമണ്ഡലത്തില്‍നിന്ന് പുറത്തിറങ്ങിയ വാസുമാസ്റ്റര്‍ പേരൂര്‍ ഗാന്ധി സേവാസദനത്തില്‍ കഥകളി അദ്ധ്യാപകനായിരിക്കുമ്പോഴാണ് വെള്ളിനേഴി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ (ഇപ്പോള്‍ ഹയര്‍ സെക്കന്ററി) സ്ഥിരനിയമനം ലഭിച്ചത്. ഈ അദ്ധ്യാപകവൃത്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ കഥകളി കലാകാരനില്‍നിന്ന് വ്യത്യസ്തമായ വ്യക്തിത്വം രൂപപ്പെടാന്‍ കാരണമായി. സ്‌കൂളിന്റെ ബാഹ്യാന്തരീക്ഷപരിമിതി കഥകളി പഠിപ്പിക്കാന്‍ പറ്റിയതല്ല, എന്നാല്‍ കഥകളി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പൊതുപരീക്ഷാ വിഷയവുമാണ്. അതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തനസമയത്തിനു ശേഷവും ഒഴിവുദിവസങ്ങളിലുമാണ് തന്റെ ചുമതലകള്‍ അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത്. എന്നിട്ടും പില്‍ക്കാലത്ത് കഥകളിയില്‍ പ്രസിദ്ധരായ വെള്ളിനേഴി ഹരിദാസന്‍, ഗോപാലകൃഷ്ണന്‍, കലാനിലയം ഗോപി തുടങ്ങിയ കലാകാരന്മാര്‍ക്ക് അടിയുറച്ച പ്രാരംഭ പഠനത്തിലൂടെ ഉപരിപഠനത്തിനു വഴിതെളിക്കാന്‍ കഴിഞ്ഞു. 

സ്‌കൂള്‍ ടീച്ചര്‍ എന്ന നിലയ്ക്ക് ലീവിന്റെ പരിമിതി നിമിത്തം ദൂരെയുള്ള പുറംകളികള്‍ക്ക് യഥേഷ്ടം പോകാന്‍ കഴിയാതായി എന്ന ദോഷവും സംഘടനാപ്രവര്‍ത്തനം, സാമൂഹ്യ - സാംസ്‌കാരിക പ്രസ്ഥാനങ്ങളിലെ സജീവ പങ്കാളിത്തം എന്നിവയ്ക്ക് സമയം കണ്ടെത്താന്‍ കഴിഞ്ഞു എന്ന ഗുണവും അദ്ധ്യാപകവൃത്തിയുടെ മറുവശമാണ്. കലാമണ്ഡലത്തിന്റെ തന്റെ ആശാന്മാരെക്കാള്‍ ആകര്‍ഷകമായ ഒരു സേവന വ്യവസ്ഥ ലഭ്യമായതിനാല്‍ ജീവിതം ഒരിക്കലും ഒരു പ്രാരാബ്ധമായി തീര്‍ന്നില്ല. 

മാനയോലപ്പറ്റുള്ള വടിവൊത്ത മുഖം, ഒത്തശരീരം, കറകളഞ്ഞ അഭ്യാസബലം, കഥാപാത്രങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തില്‍ അധിഷ്ഠിതമായ ഔചിത്യദീക്ഷ, ചിട്ടവിടാത്ത രംഗവൃത്തി, അര്‍പ്പണബുദ്ധി, കലയോടും ആസ്വാദകരോടുമുള്ള പ്രതിജ്ഞാബദ്ധത, സഹപ്രവര്‍ത്തകരോടുള്ള സമഭാവന, കുലീനവും പ്രസന്നവുമായ പെരുമാറ്റം തുടങ്ങിയ സവിശേഷതകളാണ് വാസുമാസ്റ്ററുടെ സര്‍വ്വസ്വീകാര്യതയ്ക്ക് നിദാനം. സ്ത്രീവേഷങ്ങളില്‍ ചിട്ടപ്രധാനമായ ഉര്‍വ്വശി, നരകാസുരവധം- കിര്‍മ്മീരവധം ലളിതമാര്‍, ഭാവാഭിനയ പ്രധാനമായ ദമയന്തി, മോഹിനി (രുഗ്മാംഗദചരിതം), കീചകവധം സൈരന്ധ്രി, കര്‍ണ്ണശപഥം കുന്തി എന്നീ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ അവതരണശില്പത്തില്‍ സുഭദ്രങ്ങളാണ്. ഇന്ന് കഥകളിപ്രേമികളില്‍ നല്ലൊരു വിഭാഗത്തിന്റെ ആവേശമായ മാലിയുടെ കര്‍ണ്ണശപഥം ഡല്‍ഹിയില്‍ ആദ്യമായി അരങ്ങേറിയപ്പോള്‍ കുന്തിയായി അരങ്ങത്തു വരാനുള്ള ചരിത്രനിയോഗം വാസുമാസ്റ്റര്‍ക്കായിരുന്നു. കൂടെ മാമ്പുഴ മാധവപ്പണിക്കരാശാന്റെ കര്‍ണ്ണനും ഗോപിയാശാന്റെ ദുര്യോധനനും ഇ.എം.എസ്, പനമ്പിള്ളി, വി.കെ. മാധവന്‍കുട്ടി, ഒ.വി. വിജയന്‍, വി.കെ.എന്‍, ഡോ. ഒ.എം. അനുജന്‍ തുടങ്ങിയവരായിരുന്നു മുന്‍നിര കാഴ്ചക്കാര്‍. കേരളത്തില്‍ (ടി.ഡി.എം. ഹാള്‍, തിരുവനന്തപുരം) കര്‍ണ്ണശപഥം നടാടെ അവതരിപ്പിച്ചപ്പോഴും കുന്തി അദ്ദേഹം തന്നെയായിരുന്നു. നളബാഹുകന്മാര്‍, രുഗ്മാംഗദന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ പച്ചവേഷങ്ങളും കീചകന്‍, രാവണന്‍, ദുര്യോധനന്‍ മുതലായ കത്തിവേഷങ്ങളും കുചേലന്‍, സന്താനഗോപാലം ബ്രാഹ്മണന്‍ എന്നീ മിനുക്കുവേഷങ്ങളും ഔചിത്യഭാസുരമായി അരങ്ങിലെത്തിക്കുന്നതില്‍ അദ്ദേഹം ഒട്ടും പിന്നിലല്ല. 
ഇയ്യങ്കോട് ശ്രീധരന്റെ മാനവവിജയം, സ്‌നേഹസന്ദേശം എന്നീ ആധുനിക ആട്ടക്കഥകള്‍ രാമന്‍കുട്ടിയാശാന്‍ ചിട്ടപ്പെടുത്തി വാസുമാസ്റ്റര്‍ ചൊല്ലിയാടിച്ചാണ് അരങ്ങത്തെത്തിയത്. വ്യക്തികള്‍ക്കു പകരം ആശയപ്രതീകങ്ങളാണ് മാനവവിജയത്തിലെ കഥാപാത്രങ്ങള്‍. അതില്‍ ലോകസമാധാനം എന്ന നായകവേഷം കെട്ടിയതും വാസുമാസ്റ്ററായിരുന്നു. സോഷ്യലിസ്റ്റാശയം പ്രചരിപ്പിക്കുന്ന ഒരു സോദ്ദേശ്യ ആട്ടക്കഥയായ മാനവവിജയം അരങ്ങിലെത്തിയപ്പോള്‍ 'കഥകളിയിലും ചെങ്കൊടി' എന്നായിരുന്നു ഒരു പത്രവാര്‍ത്താ ശീര്‍ഷകം. പാലക്കാട്ടുവെച്ച് നടന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു അതിന്റെ ആദ്യാവതരണം. ഇ.എം.എസ്, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ മുന്‍നിര നേതാക്കന്മാര്‍ അന്ന് കാഴ്ചക്കാരായുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ബാനറില്‍ ഒരുപാട് അരങ്ങുകളും മാനവവിജയത്തിനു കിട്ടി, പ്രത്യേകിച്ച് വടക്കേ മലബാറില്‍. കഥകളിയുമായി പുലബന്ധം പോലുമില്ലാത്ത ഒരുപാട് സാധാരണക്കാര്‍ക്ക് ഈ കലാരൂപം പരിചയപ്പെടാന്‍ മാനവവിജയം കാരണമായി.

കഥകളി സംഘങ്ങളോടൊപ്പം വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത വിദേശരാജ്യങ്ങള്‍ ചുരുക്കമാണ്. ലണ്ടനില്‍ത്തന്നെ പത്തിലധികം തവണ കലാപര്യടനം നടത്തിയിട്ടുണ്ട്. കേന്ദ്ര, കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍, പട്ടിക്കാംതൊടിയാശാന്റെ പേരിലുള്ള കലാമണ്ഡലം - ഗാന്ധി സേവാസദനം അവാര്‍ഡുകള്‍, കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവയും ഈ കഥകളി നടന്റെ അരനൂറ്റാണ്ടിലധികം കാലത്തെ ആത്മാര്‍ത്ഥമായ കലോപാസനയ്ക്കു ലഭിച്ച അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 
ഭാരവാഹികള്‍ ആവശ്യപ്പെടുന്ന വേഷം ഭംഗിയായി ചെയ്യാന്‍ പരമാവധി ശ്രമിക്കുക, സംഘാടകര്‍ക്കോ  ആസ്വാദകര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ താനായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക - അതാണദ്ദേഹത്തിന്റെ രീതി. നേര്‍ക്കാഴ്ചയിലും പെരുമാറ്റങ്ങളിലും സംഭാഷണങ്ങളിലും മധുരം, സൗമ്യം- അരങ്ങില്‍ മധുരം, ദീപ്തം അതാണ് കെ.ജി. വാസുമാസ്റ്റര്‍. 
പത്‌നി പ്രേമ; ലത, ലതീഷ് രണ്ടു മക്കള്‍. പാലക്കാടിനടുത്തുള്ള മുണ്ടൂരില്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എന്നാല്‍, അരങ്ങില്‍ നിന്നൊഴിയാതെ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com