കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ശരികളിലേക്കുള്ള ജീവിതയാത്രകള്‍

ശീതീകരിച്ച റിസോര്‍ട്ട് മുറിയിലെ ആലസ്യത്തില്‍നിന്നു പിറവിയെടുക്കേണ്ടതല്ല തിരക്കഥ എന്നു പുതുതലമുറ തിരക്കഥാകൃത്തുകള്‍ കാണിച്ചുതരുന്നു.
കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ശരികളിലേക്കുള്ള ജീവിതയാത്രകള്‍

ലയാള സിനിമ സാധാരണ മനുഷ്യരെ, അവരുടെ വികാരങ്ങളെ അവരുടെ ഇടയിലിരുന്നു കാണാന്‍ തുടങ്ങിയിരിക്കുന്നു. ശീതീകരിച്ച റിസോര്‍ട്ട് മുറിയിലെ ആലസ്യത്തില്‍നിന്നു പിറവിയെടുക്കേണ്ടതല്ല തിരക്കഥ എന്നു പുതുതലമുറ തിരക്കഥാകൃത്തുകള്‍ കാണിച്ചുതരുന്നു. അതുകൊണ്ട് അവര്‍ ദേശത്തെ അറിയുന്നു. മനുഷ്യന്റെ നിസ്സഹായതയും പ്രണയവും പ്രതിഷേധവും അത്രത്തോളം ആഴത്തില്‍ ആവിഷ്‌കരിക്കുന്നു. പാരമ്പര്യമെന്ന ഫ്യൂഡല്‍ അഹങ്കാരത്തെ/സദാചാരമെന്ന കാപട്യത്തെ തന്റേടത്തോടെ പൊളിച്ചടുക്കുന്നു. അപ്പോള്‍  സ്‌ക്രീനിനെ മറയ്ക്കുന്ന കൊടി ഉയര്‍ത്തലോ, പരസ്പരം പഴിചാരിയുള്ള മുദ്രാവാക്യം വിളികളോ അല്ല, ജീവിതം തന്നെയാണ് രാഷ്ട്രീയം എന്ന ബോധ്യത്തിലേക്ക് ന്യൂ വേവ് എത്തുന്നുണ്ട്. ശ്യാംപുഷ്‌ക്കറിന്റെ തിരക്കഥയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' അത്തരത്തില്‍ സമീപകാലത്തെ മികച്ച രാഷ്ട്രീയ ചിത്രമാണ്. 

മാനസികമായി ആഴത്തിലേല്‍ക്കുന്ന അപകര്‍ഷത മിക്കവരും നേരിടുന്നത് പഠനകാലത്തു തന്നെയായിരിക്കും. ആ അപകര്‍ഷതയില്‍ ചില മനുഷ്യരെ എത്തിക്കുന്നതിലും തളച്ചിടുന്നതിലും ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുണ്ടാകും. അങ്ങനെയൊരു കൊച്ചിക്കാരനായ വിദ്യാര്‍ത്ഥിയില്‍ (ഫ്രാങ്കി-മാത്യു തോമസ്) നിന്നു കഥ തുടങ്ങുമ്പോള്‍ അവന്റെ കൂട്ടുകാര്‍ അറിയുന്ന ലുലുമാളും മറൈന്‍ ഡ്രൈവുമല്ല അവന്റെ ഇടം എന്നു പ്രേക്ഷകര്‍ പെട്ടെന്നു തിരിച്ചറിയുന്നു. വീട്ടിലെല്ലാവര്‍ക്കും ചിക്കന്‍ പോക്‌സാണ്, നിങ്ങളിപ്പോള്‍ വരണ്ട എന്ന കളവില്‍ അവനെന്തക്കയോ പൊതുസമൂഹത്തില്‍നിന്നു മറക്കുന്നുണ്ടെന്നു വ്യക്തം. അവന്‍ കൂട്ടുകാരില്‍നിന്നു മറച്ചുവെച്ച ആ വീട്ടിലേയ്ക്ക്/ദേശത്തിലേയ്ക്ക്/അവരുടെ പ്രണയത്തിലേയ്ക്ക്/പ്രതിഷേധത്തിലേയ്ക്ക് ഒക്കെയാണ് 'കുമ്പളങ്ങി നൈറ്റ്സ്' പ്രക്ഷകനെ അടുപ്പിക്കുന്നത്.

വീട് എന്ന രാഷ്ട്രീയ വൈരുദ്ധ്യം

മനുഷ്യവികാരങ്ങളുടെ സൂക്ഷ്മതയാണ് ശ്യാംപുഷ്‌ക്കറിന്റെ തിരക്കഥയുടെ കരുത്ത്. വികാരങ്ങളുടെ ഈ സൂക്ഷ്മാവസ്ഥകളെ വലിയൊരു പൊളിറ്റിക്കല്‍ ഫ്രെയിമിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടാണ് മധു സി. നാരായണന്‍ എന്ന പുതുമുഖ സംവിധായകന്‍ മലയാളത്തിന്റെ ഒന്നാംനിര സംവിധായകരുടെ കൂട്ടത്തിലേയ്ക്ക് ഉയരുന്നത്. രാത്രിയും പകലും പ്രകൃതിയും മനുഷ്യ വികാരങ്ങളുടെ പശ്ചാത്തലമാകുന്നത് വാക്കുകളിലൂടെയല്ല, ദൃശ്യങ്ങളിലൂടെയാണ്. ഷൈജു ഖാലിദിന്റെ ക്യാമറ കുമ്പളങ്ങിയിലെ രാത്രികള്‍ പ്രേക്ഷക മനസ്സിലെ മായാത്ത ചിത്രങ്ങളാക്കി. ഇവിടെ വീട്/കുടുംബം/പ്രണയം/സദാചാരം/പ്രദേശം ഇവയെല്ലാം പ്രശ്‌നവല്‍ക്കരിക്കപ്പെടുകയും സാമ്പ്രദായികതകളില്‍നിന്നു തെന്നിമാറുകയും ചെയ്യുന്നുണ്ട്. ഹോസ്റ്റലില്‍നിന്ന് കുമ്പളങ്ങിയിലെ വീട്ടിലെത്തുന്ന ഫ്രാങ്കിയെ സ്വീകരിക്കാന്‍ ആരുമില്ല. വാതിലുകളില്ലാത്ത, തേക്കാത്ത പെയിന്റ് ചെയ്യാത്ത തുറന്ന വീടാണ് അവന്റേത്. വീട് അടിച്ചുവാരി വൃത്തിയാക്കുന്നതും ഭക്ഷണമൊരുക്കുന്നതും അവന്‍ തന്നെ. അനാഥത്വത്തിന്റെ മൗനവും അരക്ഷിതത്വത്തിന്റെ വാചാലതയുമുണ്ട് അവന്റെ മുഖത്ത്. അപ്പന്റെ ആണ്ടറുതി ദിനത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായിരുന്നു അവന്റെ പ്രതീക്ഷ. പക്ഷേ, ഏട്ടന്മാര്‍ സജി (സൗബിന്‍ ഷാഹിര്‍), ബോബി (ഷൈന്‍ നിഗം) ആര്‍ക്കുവേണ്ടിയും ഭക്ഷണത്തിനു മുന്നില്‍ കാത്തിരിക്കുന്നില്ല. അപ്പന്റെ ഫോട്ടോ നോക്കിയുള്ള സജിയുടെ നില്‍പ്പിലും പറച്ചിലിലും പ്രേക്ഷകനെ ചിരിപ്പിക്കുന്ന പരിഹാസം ഒളിഞ്ഞിരിപ്പുണ്ട്. ഇത്ര സെന്റിമെന്‍സ് ഈ സീനിനു ചേരില്ലാന്ന് ബോബി തന്നെ പറയുന്നുമുണ്ട്. ബോബിയും സജിയും തമ്മിലുള്ള സംഘര്‍ഷവും അതിനിടയിലേയ്ക്ക് മറ്റൊരു സഹോദരന്‍, സംസാരശേഷി ഇല്ലാത്ത ബോണിയുടെ (ശ്രീനാഥ് ഭാസി) വരവും ഈ വീടിന്റെ ജീവിതത്തിലേയ്ക്കുള്ള ആദ്യ സൂചനയാണ്. അഥവാ ഈ വീട് സിനിമയ്ക്ക് പശ്ചാത്തലം മാത്രമല്ല, കഥാപാത്രം തന്നെയാണ്. നഗരവാസികള്‍ പട്ടിയേയും പൂച്ചയേയും ഉപേക്ഷിക്കുന്ന തുരുത്തില്‍ തീട്ടപ്പറമ്പിനടുത്താണ് ഈ വീട്, ഫ്രാങ്കിയുടെ ഭാഷയില്‍ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീട്. സജിയും ബോബിയും നിലത്ത് വീണുകിടന്നു തമ്മിലടിക്കുമ്പോള്‍ ബോട്ടിലിരുന്ന് ബോണിയും കൂട്ടുകാരും ഈ കാഴ്ച കാണുന്നുണ്ട്. രാത്രിയിലെ ആ വൈഡ് ഷോട്ട് സംഘര്‍ഷങ്ങള്‍ കുത്തിനിറച്ച വീടിന്റെ ബാഹ്യകാഴ്ചയാണ്. ഉത്തരവാദിത്വമെന്ന പൊതുബോധത്തിനോട് ഒരര്‍ത്ഥത്തിലും ഈ വീട്ടിലെ മനുഷ്യര്‍ യോജിച്ചു പോകുന്നില്ല. അതുകൊണ്ടാണ് ''നല്ല കുടുംബങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ട്, അത് നമുക്ക് കാത്തു സൂക്ഷിക്കണ്ടെ, അങ്ങനെയൊരു വീട്ടിലേയ്ക്ക് നിനക്കെങ്ങനെ പോകാന്‍ പറ്റും?'' എന്ന് ഷമ്മി (ഫഹദ് ഫാസില്‍) ബോബിയുടെ കാമുകിയും തന്റെ ഭാര്യാസഹോദരിയുമായ ബേബിയോട് ചോദിക്കുന്നത്. ഒരു സമൂഹത്തിന്റെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന യൂണിറ്റ് വീടുകള്‍ തന്നെയാണ്. പൊതുബോധത്തിലെ നല്ല കുലീന കുടുംബവും/സംസ്‌കാരമില്ലാത്ത കുടുംബവും എന്ന വൈരുദ്ധ്യമാണ് സിനിമയുടെ രാഷ്ട്രീയ അടിത്തറ. ഈ വൈരുദ്ധ്യത്തെ തന്ത്രപരമായി പൊളിച്ചടുക്കുന്നതാണ് കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകന്റെ കൗശലം. സജിയുടേത് പെണ്ണുങ്ങളില്ലാത്ത അരാജകത്വം മാത്രം മുഖമുദ്രയായ തുറന്ന വീടാണ്. സമാന്തരമായി സ്ത്രീകള്‍ മാത്രമുള്ളിടത്തേയ്ക്ക് മൂത്തമകളുടെ ഭര്‍ത്താവായി ഒരു പുരുഷന്‍ എത്തുന്നതും അയാളുടെ സ്വയം പ്രഖ്യാപിത രക്ഷകര്‍ത്തൃത്വത്തില്‍ സുരക്ഷിതമെന്നു തോന്നാവുന്ന വാതിലുകളുള്ള അടച്ചുറപ്പുള്ള വീടാണ് മറുപുറത്ത്. ഈ വീടുകളെ മുഖാമുഖം നിര്‍ത്തി പരസ്പരം വിചാരണചെയ്യുകയും ഇതിലെ രാഷ്ട്രീയ ശരി കണ്ടത്തി വിധി പറയുന്നതിനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്ക് കൊടുക്കുകയും ചെയ്തു എന്നതാണ് തിരക്കഥയുടെ കരുത്ത്. 

വാതിലുകളില്ലാത്ത ആര്‍ക്കും കയറിവരാവുന്ന വീടാണ് സജിയുടേയും സഹോദരങ്ങളുടേയുമെങ്കില്‍ ഷമ്മിയുടേത് അങ്ങനെയല്ല. കുട്ടികള്‍ കളിക്കുന്ന പന്തുപോലും വീടിന്റെ കോമ്പൗണ്ടിലേക്ക് ഉരുണ്ട് വരരുത് എന്നാണ് അയാളുടെ ശാഠ്യം. കുട്ടികളുടെ കാലില്‍ തട്ടി ഷമ്മിയുടെ പറമ്പിലേയ്‌ക്കെത്തിയ പന്തെടുക്കാന്‍ മടിച്ചും പേടിച്ചുമെത്തിയ കുട്ടിയെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു പേടിപ്പിക്കുന്ന ഒറ്റ സീനിലൂടെ ഷമ്മിയെന്താണന്നു പ്രേക്ഷകനറിയുന്നു. അയാളുടെ ഭാര്യപോലും പേടിച്ചുപോയി. പിന്നീടൊരിക്കല്‍ പന്ത് തേടിപ്പോയ ഫ്രാങ്കി തേങ്ങ പൊളിക്കുന്ന ഉപകരണത്തില്‍ കുത്തിനിര്‍ത്തിയ പന്ത് കാണുന്ന രംഗമുണ്ട്. കാറ്റൊഴിഞ്ഞ പന്ത് ഒരു സമൂഹത്തിന്റെ സ്വാര്‍ത്ഥതയുടെ/ഉടമ ബോധത്തിന്റെ പ്രതീകമാകുന്നു. മതിലും സംരക്ഷകനുമുള്ള ആ വീട്ടില്‍നിന്നും വാതിലുകളില്ലാത്ത തുറന്ന വീട്ടിലേക്കുള്ള വഴിതുറക്കുന്നത് പ്രണയത്തിലൂടെയാണ്. ഷമ്മിയുടെ ഭാര്യാസഹോദരി ബേബിയും സജിയുടെ സഹോദരന്‍ ബോബിയും തമ്മിലുള്ള പ്രണയമാണ് വീട്/ഇടം എന്നീ യാഥാര്‍ത്ഥ്യങ്ങളിലേക്കും അതിന്റെ സാമൂഹ്യ പരിസരങ്ങളിലേക്കും ചിത്രത്തെ കൊണ്ടുചെന്നെത്തിക്കുന്നത്.

നിങ്ങളാ തീട്ടപ്പറമ്പിനടുത്തല്ലെ താമസിക്കുന്നത് എന്ന ഷമ്മിയുടെ ചോദ്യത്തില്‍ ചൂളിപ്പോകുന്ന സജി തീട്ടപ്പറമ്പ് നാട്ടുകാരുടേതാണ് എന്നു പറയുന്നുണ്ട്. ഷമ്മിയുടെ പുച്ഛം അരികു ജീവിതങ്ങളോട് എക്കാലത്തും പൊതുസമൂഹം പുലര്‍ത്തുന്ന അതേ ഭാവമാണ്.


 
ട്രൂ ലൗ
അഥവാ ജീവിതത്തിന്റെ രാഷ്ട്രീയം

പ്രണയം രാഷ്ട്രീയ ശരിയിലേയ്ക്കുള്ള തന്റേടമാണ് ഈ ചിത്രത്തില്‍. സിനിമയിലും ജീവിതത്തിലും നാം കണ്ടു ശീലിച്ച പ്രണയസങ്കല്പത്തെ അട്ടിമറിക്കുന്നതാണ് ബോബിയുടെ സുഹൃത്തിന്റെ പ്രണയം. സൗന്ദര്യമെന്ന പൊതുബോധത്തിനു നിരക്കുന്നതല്ല അയാളുടെ രൂപം. എന്നാല്‍, കാമുകി അങ്ങനെയല്ല. ഇതെന്ത് പ്രേമം? എന്ന് ബോബിയുടെ ആശ്ചര്യം പ്രേക്ഷകന്റേതു കൂടിയാണ്. ഈ ബാഹ്യ സൗന്ദര്യത്തിനു പ്രണയത്തില്‍ ഒരു സ്ഥാനവുമില്ലല്ലെ എന്നും ബോബി ചോദിക്കുന്നുണ്ട്. അവള് തേച്ച് പോകും എന്നു ചില പ്രേക്ഷകരെങ്കിലും വിചാരിച്ചുകാണും. പ്രണയത്തിന്റെ സിനിമാ വാര്‍പ്പുരൂപങ്ങളില്‍ സൗന്ദര്യം എക്കാലത്തും പ്രധാനമാണ്, വിവാഹം കഴിക്കാനുള്ള സുഹൃത്തിന്റെ തീരുമാനത്തോട് ചായ കുടിക്കാന്‍ ചായക്കട തുടങ്ങണോ എന്ന പതിവ് മലയാളി പുരുഷന്റെ പരിഹാസമുണ്ട് ബോബിക്ക്. എന്നാല്‍, ബോബിയും സ്വയം വീണ്ടെടുക്കുന്നത് പ്രണയത്തിലൂടെയാണ്. വീട് എന്ന സുരക്ഷിതത്വം, ഏട്ടന്‍, അമ്മ എന്നീ രക്ഷകര്‍ത്തൃത്വം തൊഴില്‍ എന്ന അനിവാര്യത ഇങ്ങനെ അയാളില്‍ പ്രണയമേല്പിച്ച തിരിച്ചറിവുകള്‍ ഏറെയാണ്. 

ബേബിക്കാകട്ടെ, എല്ലാവരാലും പരിഹസിക്കപ്പെടുകയും പഴിക്കുകയും ചെയ്യുന്ന ഒരു വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ഒരു മടിയുമില്ല, അത് അവളുടെ സ്വയം നിര്‍ണ്ണയമാണ്. ഒരു ഘട്ടത്തില്‍ നമുക്കീ പ്രണയമുപേക്ഷിക്കാം എന്നു പറയുന്ന ബോബിയോട് ബേബി (അന്ന ബന്‍) സമ്മതം മൂളി എഴുന്നേല്‍ക്കുന്നുണ്ട്; പക്ഷേ, ''അപ്പൊ ഈ ട്രൂ ലൗ എന്നൊന്നില്ലല്ലേ?'' എന്ന അവളുടെ തിരിഞ്ഞു നിന്നുള്ള ഒറ്റ ചോദ്യത്തിനു മുന്നില്‍ അവന്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ കെല്‍പ്പുള്ളവനാകുന്നു. മീന്‍പിടുത്തം മോശം തൊഴിലല്ലേ എന്ന് അവന്റെ സന്ദേഹത്തിന് ''ഇന്ന് രാവിലേം കൂടി മഞ്ഞക്കൂരി കൂട്ടി കഞ്ഞികുടിച്ച ഈ എന്നോടോ ബാലാ?'' എന്നായിരുന്നു അവളുടെ മറുചോദ്യം. പ്രണയത്തിന്റെ പെണ്‍കരുത്താണ് കുമ്പളങ്ങിയുടെ ട്രൂ ലൗ.

ഫഹദ് ഫാസില്‍, ഗ്രെയ്‌സ് ആന്റണി
ഫഹദ് ഫാസില്‍, ഗ്രെയ്‌സ് ആന്റണി


പ്രണയത്തെ അത്യാകര്‍ഷകമായ അനുഭവമാക്കുന്നു ഷൈജു ഖാലിദിന്റെ ക്യാമറ. എന്നോട് എല്ലാം തുറന്നു പറയൂ, കരയണമെങ്കില്‍ കരഞ്ഞോളൂ എന്ന് നിര്‍ബ്ബന്ധിക്കുന്ന മനോരോഗ വിദഗ്ധന്റെ മുന്നില്‍ തന്റെ ഭൂതകാലം ഓര്‍ത്തോര്‍ത്ത് പൊട്ടിക്കരയുന്നുണ്ട് സജി. ഇതിനു സമാന്തരമായി ബോബി ബേബിയോട് തന്റെ കഥ പറയുന്ന സീനുണ്ട്. ഒരു ചെറുസ്പര്‍ശം പോലും കെട്ടിക്കിടന്ന വേദനകളുടെ പ്രവാഹത്തിലേയ്ക്കുള്ള കണ്ണീരും സാന്ത്വനവുമാകുന്നത് എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വാതിലുകളില്ലാത്ത ചെത്തി തേക്കാത്ത ആ തുറന്ന വീട് എത്ര കിനാവുകളുടെ തണലായിരുന്നു എന്ന് ഈ പ്രണയത്തിലൂടെ നമ്മളറിയുന്നു. പ്രണയം തുറന്നു പറച്ചിലാണ്, പങ്കുവെക്കലാണ്, പരസ്പര സാന്ത്വനമാണ്.
ബോണിയോടെ കാമുകിയായ വിദേശവനിതയും തേപ്പുകാരനോടൊപ്പം ഒളിച്ചോടി വന്ന പെണ്‍കുട്ടിയും പ്രണയാനുഭവങ്ങളുടെ ആര്‍ദ്രമായ വകഭേദങ്ങളാണ്. കായലില്‍ കവര് പൂക്കുന്നത് ബോണിയും കാമുകിയും ചേര്‍ന്നിരുന്നു കാണുന്നത് അതിമനോഹരമായ ദൃശ്യാനുഭവമാണ്.

ഷമ്മി എന്ന കംപ്ലീറ്റ് മാന്‍
അഥവാ സദാചാര പുരുഷന്‍

''നാല് സഹോദരന്മാരുടെ കഥ പറയുന്നതിനിടെ ഷമ്മിയുടെ ഭൂതകാലം വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാല്‍, ഫഹദിന്റെ അസാധ്യ രൂപപരിണാമമാണ് ഞങ്ങള്‍ കണ്ടത്'' എന്ന് ശ്യാംപുഷ്‌ക്കര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഷമ്മിയിലൂടെ ഫഹദ് ശരിക്കും ഞെട്ടിച്ചു, ഫഹദിന്റെ മാനറിസങ്ങളിലൂടെ ഷമ്മി എന്തായിരുന്നു എന്നു പ്രേക്ഷകന്‍ അറിയുന്നു. ഫഹദിന്റെ നോട്ടങ്ങള്‍പോലും അത്ര വാചാലമാണ്. കുളിമുറിയിലെ കണ്ണാടിക്കു മുന്നില്‍നിന്നു റയ്മണ്ടിന്റെ പരസ്യമോഡലിനെപ്പോലെ കംപ്ലീറ്റ് മേന്‍ എന്ന് ആത്മനിര്‍വൃതിയിലെത്തുന്നതും ഒരു ഘട്ടത്തില്‍ ഷമ്മി ഹീറോയാണടാ ഹീറോ എന്ന അലറലും ആണധികാരത്തിന്റെ അഹങ്കാരമാണ്. ഹോംസ്റ്റേക്കായുള്ള മുറിയിലേയ്ക്ക് ഒളിഞ്ഞുനോക്കി ആസ്വദിക്കുന്ന ഷമ്മി പിന്നീട് സദാചാര പ്രസംഗം നടത്തി ബോണിയേയും കാമുകിയായ വിദേശ വനിതയേയും ഇറക്കിവിടുന്നു. പ്രതിഷേധിച്ച വിദേശ യുവതിയോട് യു.എസ് ഒകെ ഇന്ത്യ നോ എന്നാണ് അയാളുടെ മറുപടി. 'നമ്മുടെ സംസ്‌കാരം' എന്ന വ്യാജനിര്‍മ്മിതിയുടെ കാപട്യം ഷമ്മിയിലൂടെ വ്യക്തമാകുന്നു.

ഡൈനിങ്ങ് ടേബിളിന്റെ നടുവിലെ സീറ്റിലിരുന്ന് അയാള്‍ ഭാര്യയുടെ അമ്മയേയും ഭാര്യയേയും സഹോദരിയേയും നിര്‍ബന്ധിച്ച് തനിക്കു ചുറ്റുമിരുത്തുന്നു. ഇനി നമ്മള്‍ ഒറ്റയ്‌ക്കൊറ്റക്കല്ല, ഇതാ ഇങ്ങനെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക എന്നു പറയുന്നുണ്ട്. മരിച്ചുപോയ അച്ഛന്റെ ഫോട്ടോയിലേക്ക് ഫഹദില്‍നിന്ന് ലോ ആങ്കിളില്‍ ഒരു സജഷന്‍ ഷോട്ടുണ്ട്. ഗൃഹനാഥനെന്ന അധികാരമുറപ്പിക്കലിന്റെ പ്രതീകാത്മകതയുണ്ട് സൂക്ഷ്മമായ ആ ക്യാമറ കാഴ്ചയ്ക്ക്.

പക്ഷേ, പെണ്ണുങ്ങള്‍ പ്രതിഷേധിക്കാനിറങ്ങിയാല്‍ അഴിഞ്ഞുവീഴുന്നതേയുള്ള സദാചാര ആങ്ങളമാരുടെ മുഖമൂടിയെന്നതാണ് പ്രമേയപരമായ കരുത്ത്. ആരും പല തന്തയ്ക്ക് പിറക്കില്ല, ഒരു തന്തയേ ഉണ്ടാകൂ എന്നാണ് ശാസ്ത്രം എന്ന ബേബിയുടെ മറുപടിക്കു മുന്‍പില്‍ അയാള്‍ ചൂളിപ്പോകുന്നു. മോസ്‌ക്കിറ്റോ ബാറ്റ് അടിച്ച് പൊട്ടിച്ച് ഏത് ഏട്ടനായാലും മര്യാദയ്ക്ക് പെരുമാറണം എന്ന ഭാര്യയുടെ അപ്രതീക്ഷിത പ്രതിഷേധത്തില്‍ അയാള്‍ നിശ്ശബ്ദനാകുന്നു. രക്ഷകവേഷം കെട്ടിയാടുന്ന എല്ലാ ആങ്ങളമാരുടെ ചെവിയിലും ആ ചോദ്യം പതിച്ചിട്ടുണ്ടാകണം. അഥവാ കുടുംബം എന്ന അധികാര നിര്‍മ്മിതി പെണ്ണൊന്ന് തിരിഞ്ഞു നിന്നാല്‍ തകര്‍ന്നു തരിപ്പണമാകാവുന്നതേയുള്ളു.

താന്‍ കെട്ടിപ്പൊക്കിയ അധികാരങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ സദാചാര വാദികള്‍ക്കു ഭ്രാന്തെടുക്കുക സ്വാഭാവികം. ആരുടെ രക്ഷകവേഷമാണോ അയാള്‍ അഭിനയിച്ചിരുന്നത് അവരെയെല്ലാം കായികമായി വകവരുത്തി വാപോലും മൂടിക്കെട്ടുകയാണ് അയാള്‍. പുരുഷ ശൗര്യത്തിന്റെ അവസാന അടവാണിത്. അവനു ഭ്രാന്താ പൊലീസിനെ വിളിക്ക് എന്ന് അമ്മയ്ക്ക് തന്നെ പറയേണ്ടിവരുന്നത് വൈകി എത്തുന്ന വിവേകം തന്നെയാണ്. ഇത്തരം കംപ്ലീറ്റ് പുരുഷന്മാരെ എന്തുചെയ്യണമെന്ന ഉത്തരത്തിലാണ് കഥയവസാനിക്കുന്നത്.
നവോത്ഥാനവും തുല്യതയും ചര്‍ച്ചയാകുന്ന ഈ കാലത്ത് സാമ്പ്രദായികമായ കുടുംബാധികാരങ്ങളെ തകര്‍ത്തല്ലാതെ തുല്യത എന്നത് വാചകക്കസര്‍ത്ത് മാത്രമാകും എന്നു തന്നെയാണ് ചിത്രം ഊന്നുന്നത്.    

സമീപകാല മലയാള സിനിമയിലുണ്ടാകുന്ന പെണ്‍കരുത്തിന്റെ തുടര്‍ച്ചയുണ്ട് കുമ്പളങ്ങിയിലെ പെണ്ണുങ്ങള്‍ക്ക്. അവര്‍ സ്വയംനിര്‍ണ്ണയാധികാരം ഉപയോഗിക്കുന്നവരാണ്. പാരമ്പര്യത്തിന്റെ മഹിമകളില്‍ മയങ്ങിപ്പോകാത്തവരാണ്. ആണധികാരങ്ങളെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കുന്നവരാണ്. പുതുതലമുറയുടെ ഈ ബോധ്യമാണ് സിനിമയുടെ രാഷ്ട്രീയ ശരി. ആ പെണ്ണുങ്ങളോടൊപ്പമേ പ്രേക്ഷകന് തീയേറ്റര്‍ വിടാന്‍ പറ്റൂ. അത് നായക വില്ലന്‍ സങ്കല്പത്തെ പൊളിച്ചെഴുതുന്ന ബോധ്യമാണ്. തുല്യതയെക്കുറിച്ചുള്ള ചര്‍ച്ചകളോട് ഐക്യപ്പെടുന്നതാണ് കുമ്പളങ്ങി നൈറ്റ്സ്. സജി മരിച്ചുപോയ തമിഴ് ചങ്ങാതിയുടെ ഭാര്യയുമായി ബോട്ടില്‍ വീട്ടിലേയ്ക്കു വരുന്ന സീനുണ്ട്, അത്ര പ്രകാശത്തോടെയുള്ള എന്‍ട്രി അത്രമേല്‍ ശുഭ പ്രതീക്ഷയുടേതാണ്, ബോണിയുടെ കാമുകിയായ വിദേശ വനിത, ഒടുവില്‍ ബോബിയോടൊപ്പം ബേബിയും. ഈ പെണ്ണുങ്ങളാണ് കുമ്പളങ്ങിയിലെ യഥാര്‍ത്ഥ താരങ്ങള്‍. ആണുങ്ങള്‍ മാത്രമുണ്ടായിരുന്ന വീട്ടിലേക്കാണ് ഇവരെത്തുന്നതും മാറ്റമുണ്ടാക്കുന്നതും.
    
കുമ്പളങ്ങി
എന്ന രാഷ്ട്രീയ ദേശം

'മഹേഷിന്റെ പ്രതികാര'ത്തില്‍ ഇടുക്കി, 'കിസ്മത്തി'ലെ പൊന്നാനി, 'ഇ.മ.യൗ'-ലെ തീരദേശം, 'കമ്മട്ടിപ്പാടം' ഇങ്ങനെ ഒരു പ്രദേശത്തിന്റെ രാഷ്ട്രീയ ജീവിതമാവിഷ്‌കരിച്ച സിനിമകളുടെ തുടര്‍ച്ച തന്നെയാണ് 'കുമ്പളങ്ങി നൈറ്റ്സ്.' ഇന്ത്യയിലെ ആദ്യത്തെ ടൂറിസം വില്ലേജാണ് കുമ്പളങ്ങി. ആഗോള വിനോദ കേന്ദ്രത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട സാധാരണ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. മനുഷ്യരുടെ അലസതയ്ക്കും അരാജകത്വത്തിനുമൊക്കെ മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലമുണ്ടെന്ന് ഇവിടുത്തെ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടുത്തെ പ്രകൃതിയില്‍നിന്നു മനുഷ്യരെ പിടിച്ചു മറ്റൊരിടത്തിട്ടാല്‍ കരയ്ക്കു വീണ മീനിനെപ്പോലെ അവര്‍ പിടയും.
മത്സ്യ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബോബിക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല, മുഖം മറച്ച സ്ത്രീകള്‍, യന്ത്രങ്ങളെപ്പോലെ പണിയെടുക്കുന്ന മനുഷ്യര്‍, അവരില്‍നിന്ന് ഓടി രക്ഷപ്പെടുന്നുണ്ട് ബോബി. അവന്റെ ആകാശവും ഭൂമിയും കുമ്പളങ്ങിയാണ്. ആഗോളവല്‍ക്കരണകാലത്ത് പ്രകടനപരതയിലേയ്ക്കു വഴിമാറുന്ന തൊഴില്‍ അവന്റെ ജൈവികതയ്ക്കു ചേരുന്നതല്ലല്ലോ. അന്യര്‍ക്കു പ്രവേശനമില്ലെന്ന വലിയ ബോര്‍ഡും തൂക്കി പെണ്‍ കരുത്തിനെ വീട്ടിലേയ്ക്കു തിരിച്ചു നടത്തിയ വരത്തനില്‍നിന്നും കുമ്പളങ്ങിയുടെ വിശാലതയിലേയ്ക്ക്, സ്വാതന്ത്ര്യത്തിലേയ്ക്ക് പെണ്ണുങ്ങളെ തന്റേടത്തോടെ ഇറക്കിവിടുകയും സകല സദാചാരത്തേയും വലവീശി പിടിക്കുകയും ചെയ്യുന്ന അസാധാരണ കരുത്തും രാഷ്ട്രീയ ശരിയുമാണ് 'കുമ്പളങ്ങി നൈറ്റ്സ്.'

എന്റെ കിളിപോയി... കരയാന്‍ പറ്റുന്നില്ല ഡോക്ടറെ കാണണമെന്ന് സജി അനുജനോട് അപേക്ഷിക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍ എത്ര സ്വാഭാവികമായാണ് സജിയെ അവതരിപ്പിക്കുന്നത്. താന്‍ കാരണം മരിച്ച തമിഴന്റെ ഭാര്യയുടെ കാലില്‍ വീണ് മാപ്പ പേക്ഷിക്കുമ്പോള്‍, പൊലീസ് സ്റ്റേഷനില്‍നിന്നു മുഖമടച്ച് അടി കിട്ടുമ്പോള്‍, ഇനി ഓസടിച്ച് ജീവിക്കാന്‍ പണം തരില്ലെന്ന് തേപ്പുകാരന്‍ തമിഴന്‍ ആണയിടുമ്പോള്‍ അതിവൈകാരികതയിലേയ്ക്ക് വഴിമാറാന്‍ സാധ്യതയുണ്ടായിട്ടും സൗബിന്‍ അടക്കം പാലിക്കുന്നു. മനോരോഗ വിദഗ്ധന്റെ നെഞ്ചില്‍ തലവെച്ച് പൊട്ടിക്കരയുന്ന സൗബിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.

'കുമ്പളങ്ങി നൈറ്റ്സി'ന്റെ രാഷ്ട്രീയത്തോട് യോജിച്ചു പോകാത്തതായി, സജിയുടെ സുഹൃത്തും തേപ്പുകാരനുമായ തമിഴന്റെ മരണം. സജിയെ ആത്മഹത്യയില്‍നിന്നു രക്ഷിക്കുന്നതിനിടെയാണ് അപകടത്തില്‍ അയാള്‍ മരിക്കുന്നത്. ഇടവേളയ്ക്കു തൊട്ടുമുന്‍പ് ഒരു ഞെട്ടലുമുണ്ടാക്കാതെ പ്രേക്ഷകനില്‍ ചിരിയോ നിര്‍വ്വികാരതയോ മാത്രമവശേഷിപ്പിച്ചാണ് ആ മരണം ആവിഷ്‌കരിക്കുന്നത്. അയാളുടെ വിധവയുടെ കാല്‍ക്കല്‍ വീഴുന്ന സജിയില്‍ തീരുന്നു ആ കഥാപാത്രത്തിന്റെ ജീവിതം. അവര്‍ എത്രത്തോളം പ്രണയത്തിലായിരുന്നെന്നു പലപ്പോഴായി പറയുന്നുണ്ട്. പക്ഷേ, സജിയുടെ മറ്റൊരു എന്‍ട്രിക്കായി മാത്രം ഒട്ടും ദയവില്ലാതെ കൊന്നുകളഞ്ഞ ഫീലായിപ്പോയി ആ മരണം.
നായകന്മാര്‍ക്ക് വഴിമാറികൊടുക്കേണ്ടിവരുന്ന സാധാരണക്കാരന്‍ ഈ ചിത്രത്തിന്റെ കല്ലുകടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com