ദേശീയത ചുരുങ്ങി വംശീയതയിലേക്ക്!!: സേതു എഴുതുന്നു

കൊണ്ടാടപ്പെടുന്ന ദേശീയത അവസാനം ചുരുങ്ങിച്ചുരുങ്ങി വംശീയതയായി ചുരുങ്ങിപ്പോകുന്നതിനെപ്പറ്റി സൂചിപ്പിച്ചത് ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനായിരുന്നു.  
ദേശീയത ചുരുങ്ങി വംശീയതയിലേക്ക്!!: സേതു എഴുതുന്നു

ദേശീയത വളരെയേറെ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രണ്ടു പഴയ ചൊല്ലു കള്‍ മറക്കാനാവില്ല. 
''എന്റെ ആപേക്ഷികാ സിദ്ധാന്തം വിജയിച്ചാല്‍ ജര്‍മനി എന്നെയൊരു ജര്‍മന്‍കാരനായും ഫ്രാന്‍സ് എന്നെ ഒരു ലോകപൗരനായും കണ്ടേക്കും. അത് പരാജയപ്പെട്ടാല്‍ ഫ്രാന്‍സിന് ഞാനൊരു ജര്‍മനാവും,  ജര്‍മനിക്ക് ഒരു ജൂതനും.''

കൊണ്ടാടപ്പെടുന്ന ദേശീയത അവസാനം ചുരുങ്ങിച്ചുരുങ്ങി വംശീയതയായി ചുരുങ്ങിപ്പോകുന്നതിനെപ്പറ്റി സൂചിപ്പിച്ചത് ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനായിരുന്നു.  സമാനമായ എത്രയോ അവസ്ഥകള്‍ നമ്മുടെ നാട്ടിലും.
ദേശീയതയേയും ദേശഭക്തിയേയും പരിഹസിച്ചുകൊണ്ട് തന്റെ തനത് ശൈലിയില്‍ ജോര്‍ജ്ജ് ബെര്‍ണാര്‍ഡ് ഷായ്ക്കും പറയാനുണ്ടായിരുന്നു.
നിങ്ങള്‍ ഈ രാജ്യത്ത് ജനിച്ചുവെന്നതുകൊണ്ട് തന്നെ മറ്റേതു  രാജ്യത്തെക്കാളും അത് മികച്ചതാണെന്ന നിങ്ങളുടെ ഉറച്ച വിശ്വാസമാണ് ദേശഭക്തി. 

നമ്മുടെ ദേശഭക്തിയെപ്പറ്റി ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാദ്ധ്യതയില്ല. പക്ഷേ, വേദകാല ഘട്ടത്തിലെ മഹത്തായ 'ഭാരതവര്‍ഷം' എന്ന മോഹനമായ ദേശസങ്കല്പം പില്‍ക്കാലത്ത് എന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.

ഇന്ത്യയോട് തീരെ മമതയില്ലാതിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.  നൂറ്റാണ്ടുകളോളം തങ്ങള്‍ അടക്കിവാണ, പാമ്പാട്ടികളുടേയും കയര്‍വിദ്യക്കാരുടേയും നാടിനെ പരിഹസിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കാറുമില്ല. പിന്നീട്  ഇന്ത്യക്ക് സ്വാതന്ത്യ്രം കൊടുക്കാന്‍ അന്നത്തെ ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ആറ്റ്‌ലി മുന്‍കൈയെടുത്തപ്പോള്‍ ഒരു അപസ്വരം കേട്ടത് പ്രതിപക്ഷ നേതാവായിരുന്ന ചര്‍ച്ചിലിന്റെ വശത്തുനിന്നായിരുന്നു... ഒരിക്കലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഒരു രാജ്യം എന്നാണത്രെ അദ്ദേഹം മൗണ്ട് ബാറ്റനോട് പറഞ്ഞത്. തങ്ങള്‍ ഇത്രയും കാലം ഒരു പോറലുമേല്‍ക്കാതെ കൊണ്ടുനടന്ന നാടിന്റെ കടിഞ്ഞാണ്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റിയ  ആരുണ്ടവിടെ?  
കാരണങ്ങള്‍ നിരവധിയുണ്ടായിരുന്നു. 

മുന്‍ധാരണകളെ തകര്‍ത്ത ജനത

അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍. പുറത്തുനിന്നു വരുന്ന ആക്രമണകാരികളെ പൊതുശത്രു ക്കളായി കണ്ട് ഒരുമയോടെ അവരെ നേരിടാന്‍ ശ്രമിക്കാതെ, പരസ്പരം കാല് വാരാനായിരുന്നു പല നാട്ടുരാജാക്കന്മാര്‍ക്കും താല്പര്യം. സ്വന്തം രാജ്യത്തിന്റെ അതിര് കാക്കുക, കഴിയുമെങ്കില്‍ അയല്‍നാട്ടിലേക്ക് കടന്നുകയറി അവിടത്തെ കുറേ മണ്ണ് കൈയിലാക്കുക, അല്ലെങ്കില്‍ അവിടത്തെ സുന്ദരിയായ രാജകുമാരിയെ തട്ടിക്കൊണ്ടുപോകുക, ഇത്തരം പരിപാടികളിലായിരുന്നു പൊതുവെ സുഖലോലുപരായ മിക്ക നാട്ടുരാജാക്കന്മാരുടേയും ശ്രദ്ധ. തമ്മില്‍ പോരടിക്കാന്‍ മാത്രമല്ല, തങ്ങളുടെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി പരദേശികളായ അക്രമികളോട് കൈകോര്‍ക്കാനും തയ്യാറായിരുന്നു ചിലര്‍. അങ്ങനെയാണല്ലോ, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രത്തോടെ പല വിദേശ ശക്തികളും ഇവിടെ കൂട് കൂട്ടിയത്. കൂട്ടത്തില്‍ ജനക്ഷേമകാര്യങ്ങളില്‍ താല്പര്യം കാട്ടിയിരുന്ന ചില നാട്ടുരാജാക്കന്മാരുമു ണ്ടായിരുന്നെന്നത് മറെറാരു കാര്യം.  പക്ഷേ, തങ്ങളുടെ മേല്‍ക്കോയ്മയുള്ളതുകൊണ്ടു മാത്രമാണ് ഒരൊറ്റ രാജ്യമായി ഇവര്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടിയിരുന്നതെന്ന് ബ്രിട്ടീഷുകാര്‍ ഉറച്ചു വിശ്വസിച്ചു കാണണം. അതായത് തങ്ങള്‍ കപ്പല്‍ കയറിക്കഴിഞ്ഞാല്‍ ഇവിടെ സംഭവിക്കാന്‍ പോകുന്നത് മഹാപ്രളയമെന്ന് തന്നെ. അതുകൊണ്ട് സ്വാതന്ത്യ്രത്തിനു ശേഷവും തങ്ങളുടെ ആധിപത്യം നിലനിറുത്തുന്ന, ബ്രിട്ടീഷ് രാജ്ഞിയോട് കൂറ് പുലര്‍ത്തുന്ന ഒരു 'ഡൊമീനിയന്‍' പദവിയായിരുന്നു ചര്‍ച്ചിലിന്റെ മനസ്സില്‍. അതേ സമയം 'പൂര്‍ണ്ണസ്വരാജ്' എന്ന മഹാത്മജിയുടെ ദീര്‍ഘകാല സ്വപ്നം  കോണ്‍ഗ്രസ്സ് ലാഹോര്‍ സമ്മേളനത്തില്‍ പാസ്സാക്കിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നത് ലണ്ടനിലാവില്ല, ഇന്ത്യയില്‍ തന്നെയെന്ന് ഗാന്ധിജിയും വ്യക്തമാക്കി കഴിഞ്ഞിരുന്നു. ഈ രാഷ്ട്രീയ കാലാവസ്ഥ ശരിക്കും മനസ്സിലാക്കാനായ ആറ്റ്‌ലി ഇന്ത്യയ്ക്ക് പൂര്‍ണ്ണസ്വാതന്ത്യ്രം തന്നെയാണ് അനുവദിച്ചു കൊടുത്തത്. 

വിഘടിച്ചു നിന്നിരുന്ന നാട്ടുരാജാക്കന്മാരെ മെരുക്കുകയെന്നത് എളുപ്പമായിരുന്നില്ല. പക്ഷേ, സര്‍ദാര്‍ പട്ടേലും വി.പി. മേനോനും ഉപായങ്ങള്‍  ഓരോന്നായി പുറത്തെടുത്തപ്പോള്‍ പതിയെ ഓരോരുത്തരായി പത്തി താഴ്ത്തി. കുറേക്കാലം മടിച്ചുനിന്ന തിരുവിതാംകൂര്‍, ഹൈദരാബാദ്, ജൂനഗഢ് തുടങ്ങിയവയ്ക്കും ഒടുവില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരേണ്ടിവന്നു. അങ്ങനെ അല്പം പോലും ചോര വീഴ്ത്താതെ ഇത്രയും രാജ്യങ്ങളെ ഏകോപിപ്പിച്ചുവെന്ന  ലോകചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വമായ മഹാസംഭവം വെള്ളക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. 

ഈ രാജ്യത്തിന് ഒത്തുപോകാന്‍ വിഷമമാണെന്ന് പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ചൂണ്ടിക്കാട്ടാ നായി വേറെയും ചില ശക്തമായ കാരണങ്ങളുണ്ടായിരുന്നു.  പത്തോളം സംഘടിത മതങ്ങള്‍. മൂവായിരത്തിലേറെ ജാതികളും ഉപജാതികളും. അവരുടേതായ വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും... പ്രധാന ഭാഷകള്‍ ഇരുപതോളമെങ്കിലും അറുന്നൂറിലേറെ തനതു മൊഴികള്‍, ഗോത്രമൊഴികള്‍, അപരിചിതമായ ഒട്ടേറെ ലിപികള്‍... മിക്കവയുടേയും പുറകില്‍ തലമുറകളുടെ ചരിത്രവും സംസ്‌കാരവുമുണ്ടായിരുന്നു. അങ്ങനെ ഇന്ത്യന്‍ നേതാക്കള്‍ അവകാശപ്പെട്ടിരുന്ന 'നാനാത്വത്തിലെ ഏകത്വ'മെന്നത് വലിയൊരു മിഥ്യയായിരുന്നു വെള്ളക്കാരുടെ കണ്ണില്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാവുന്ന പളുങ്ക്പാത്രം. തങ്ങള്‍ അതീവ ശ്രദ്ധയോടെ കൊണ്ടുനടന്നിരുന്ന ചില്ലുപാത്രം... 

പക്ഷേ, പളുങ്ക്പാത്രം തകര്‍ന്നില്ലെന്നു മാത്രമല്ല, മിക്ക രംഗങ്ങളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാനായി ഇന്ത്യക്ക്. ഒട്ടേറെ വെല്ലുവിളികളിലൂടെ കടന്നുപോന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം ഇന്ന് താരതമ്യേന ഭദ്രമാണ്. ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ഭരണഘടനയും നിയമവ്യവസ്ഥയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഈ രാജ്യത്തിനുണ്ട്. അതുകൊണ്ടാവാം, നയതന്ത്രരംഗത്തും മറ്റും നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇന്ന് വന്‍ശക്തികളും തയ്യാറാകുന്നത്... പിന്നെ രാഷ്ട്രീയരംഗത്ത ചില ഏറ്റയിറക്കങ്ങള്‍...അതൊക്കെ ശക്തമായ ജനാധിപത്യത്തിന്റെ ഭാഗമല്ലേ?
അതേ സമയം, നേരിടേണ്ട വെല്ലുവിളികളും നിരവധി...

ഭാഷയുടെ അടിസ്ഥാനത്തിലുള്ള പ്രോവിന്‍സുകളെന്ന വാദം സ്വാതന്ത്യ്രത്തിനു മുന്‍പു തന്നെ  പ്രബലമായിരുന്നു. സാംസ്‌കാരികമായും ഭരണപരമായും അത് പ്രയോജനം ചെയ്യുമെന്നു കണക്ക് കൂട്ടിയവര്‍ ഏറെയായിരുന്നു. അങ്ങനെ 1936-ല്‍  ആദ്യത്തെ ഭാഷാ സംസ്ഥാനമെന്ന പേരില്‍ രൂപം കൊണ്ടത് ഒറീസ്സയായിരുന്നു. പക്ഷേ, ഇന്ത്യയെ എന്നും ഒന്നായി കാണാന്‍ കഴിഞ്ഞിരുന്ന പണ്ഡിറ്റ്ജിക്ക് ഭാഷാടിസ്ഥാനത്തിലുള്ള  സംസ്ഥാനങ്ങളെന്ന ആശയത്തോട് ആദ്യഘട്ടത്തില്‍ വലിയ എതിര്‍പ്പായിരുന്നു. അത് വിഭാഗീയ ചിന്തകള്‍ക്ക് വഴിവയ്ക്കുകയില്ലേയെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അദ്ദേഹം തന്നെ വ്യക്തിപരമായ താല്പര്യമെടുത്ത് രൂപം കൊടുത്ത നാഷണല്‍ ബുക്ക് ട്രസ്റ്റിന്റേയും (എന്‍.ബി.ടി.) കേന്ദ്രസാഹിത്യ അക്കാദമിയുടേയും  ഉദ്ദേശലക്ഷ്യങ്ങളില്‍ തന്നെ ഇത് വ്യക്തമായിരുന്നു. എന്‍.ബി.ടിയുടെ ലോഗോവില്‍ കുറിച്ചിരിക്കുന്നത് 'ഏക സൂതേ സകലം' എന്ന സംസ്‌കൃത ശ്ലോകമാണ്. അതായത് 'ഒരേ ചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നു എല്ലാം' എന്നര്‍ത്ഥം. പുഷ്പങ്ങള്‍പോലെ പല ഭാഷകളും എന്നുതന്നെ സൂചന. അതുപോലെ തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ സമ്മേളനത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞത് ഇന്ത്യ ഒരു ഭാഷയില്‍ ചിന്തിക്കുന്നു; പല ഭാഷകളില്‍ എഴുതുന്നുവെന്നാണ്. നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഊട്ടിയുറപ്പിക്കാന്‍ ശ്രദ്ധിച്ചവരായിരുന്നു ആദ്യകാല നേതാക്കള്‍.
പക്ഷേ, പ്രാദേശികത എന്ന വികാരം ശക്തിപ്പെട്ടു വരാന്‍ കാലമധികം വേണ്ടിവന്നില്ല.

ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്തിനായി ഉപവാസമിരുന്ന പോറ്റി ശ്രീരാമുലുവിന് ജീവന്‍ വെടിയേണ്ടിവന്നപ്പോള്‍ കാറ്റ് മാറിവീശി. ആന്ധ്രാ സംസ്ഥാനം ജന്മമെടുത്തുവെന്ന് മാത്രമല്ല, സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്കായി 1956-ല്‍ ഒരു കമ്മിഷന്‍ നിയമിക്കപ്പെടുകയും ചെയ്തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ 1957-ല്‍ കേരളം തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടു. പക്ഷേ, അവിടെയും നിന്നില്ല കാര്യങ്ങള്‍. നിരന്തരമായ കലാപകലുഷിത പ്രക്ഷാഭങ്ങള്‍ക്കു ശേഷം ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തുമാക്കി. അതുകഴിഞ്ഞ് പഞ്ചാബും ഹരിയാനയുമുണ്ടായി. പിന്നീട് പണ്ഡിറ്റ്ജി പേടിച്ചതുപോലെ വിഘടനവാദം ഒരു നിലയ്ക്കാത്ത പ്രതിഭാസമായപ്പോള്‍ സംസ്ഥാനങ്ങള്‍ പിളര്‍ന്ന് ഒട്ടേറെ പുതിയവ  പിറന്നു. ഏറ്റവുമൊടുവില്‍ തെലങ്കാനയും. ഇനിയും വിദര്‍ഭ, ഗൂര്‍ഖലാണ്ട്  തുടങ്ങിയ പല കൂട്ടരും മറുവശത്ത് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. 

പ്രാദേശിക മേല്‍ക്കോയ്മ
ഇതിനിടയില്‍ സമര്‍ത്ഥരായ രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രാദേശികതയെ സഫലമായി ചൂഷണം ചെയ്യാന്‍ കഴിഞ്ഞുവെന്നത് ഖേദകരമായൊരു സത്യമാണ്. ദേശീയതയ്ക്കു മേല്‍ പ്രാദേശികത മേല്‍ ക്കോയ്മ സ്ഥാപിക്കുന്ന അസുഖകരമായ ഒട്ടേറെ ദൃശ്യങ്ങള്‍...

ആദ്യം ഓര്‍മ്മവരുന്നത് 1962-ലെ നോര്‍ത്ത് ബോംബെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. ഒരു സാധാരണ തെരഞ്ഞെടുപ്പിനു കൂടി പില്‍ക്കാലത്ത് ആഴത്തിലുള്ള വിഭാഗീയ ചിന്തകള്‍ക്ക് വഴിമരുന്നിടാന്‍ സാധിച്ചുവെന്നത് വിസ്മയകരമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.കെ. കൃഷ്ണമേനോനും എതിര്‍സ്ഥാനാര്‍ത്ഥിയായി കൃപലാനിയും വാശിയോടെ മത്സരിച്ച ആ തെരഞ്ഞെടുപ്പിന് ചുവടെയുള്ള അടിയൊഴുക്കുകള്‍ പലതായിരുന്നു. ഇടതുപക്ഷ ചായ്വുള്ള  മേനോനോട് കടുത്ത എതിര്‍പ്പുള്ളവരായിരുന്നു കോണ്‍ഗ്രസ്സിലെ തന്നെ പ്രമാണിമാരായിരുന്ന മൊറാര്‍ജി ദേശായി, എസ്.കെ. പാട്ടീല്‍, അതുല്യഘോഷ് തുടങ്ങിയവര്‍. സിന്‍ഡിക്കേറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അവര്‍ പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു പോയെന്നത് ചരിത്രത്തിലെ മറ്റൊരു നിയോഗം. വന്‍ പണച്ചാക്കുകളും കുത്തകപ്പത്രങ്ങളും കോര്‍പ്പറേറ്റ് ശക്തികളും കൃപലാനിക്ക് പിന്നില്‍ അണിനിരന്നപ്പോള്‍ മേനോന് ശക്തമായ പിന്തുണയുമായി നിന്നത് പ്രധാനമന്ത്രി നെഹ്‌റുവിനു പുറമെ ബ്ലിറ്റ്‌സിനെപ്പോലെയുള്ള ചില ചെറുപത്രങ്ങളും കെ.എ. അബ്ബാസിനെപ്പോലുള്ള ചില ഇടതുപക്ഷ ബുദ്ധിജീവികളും മാത്രമായിരുന്നു. ധിഷണാശാലിയും തന്റേടിയും നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളോട് ഒത്തുപോകുകയും ചെയ്തിരുന്ന കൃഷ്ണമേനോനെ ഒരു തെന്നിന്ത്യനായ കമ്യൂണിസ്റ്റുകാരനായി മുദ്രകുത്താനായിരുന്നു എതിര്‍പക്ഷത്തിനു താല്പര്യം. പക്ഷേ, വാസ്തവത്തില്‍ മുണ്ടുടുത്ത ലോകപൗരനായിരുന്നു അദ്ദേഹം. 

എന്തായാലും, മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള വീറും വാശിയുമുണ്ടായിരുന്ന ആ തെരഞ്ഞെടുപ്പു കാലം നല്ല ഓര്‍മ്മയുണ്ട് അന്ന് ബോംബെയില്‍ ഉണ്ടായിരുന്ന എനിക്ക്. അങ്ങോട്ടുമിങ്ങോട്ടും ആവുന്നത്ര ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള ആ മത്സരം വളരെ ചൂടും പുകയും നിറഞ്ഞതായിരുന്നു. അതിന്റെ അലയൊലികള്‍ സ്വാഭാവികമായും  ബോംബെയിലെത്തുന്ന മലയാളികളുടെ അഭയകേന്ദ്രമായിരുന്ന ദാദറിലെ 'കൊച്ചിയിലെ നക്ഷത്രം' എന്ന ലോഡ്ജിലെ വൈകുന്നേരങ്ങളിലും മുഴങ്ങിക്കേട്ടിരുന്നു. പക്ഷേ, അന്നു നന്നെ ചെറുപ്പമായിരുന്ന ഞങ്ങള്‍ കുറേപ്പേരെ  സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആകര്‍ഷണം മേനോനുവേണ്ടി അലങ്കരിച്ച ലോറികളില്‍ നഗരപ്രദക്ഷിണം നടത്താറുണ്ടായിരുന്ന ഹിന്ദിയിലെ പ്രമുഖ സിനിമാതാരങ്ങളായിരുന്നു. ദിലീപ്കുമാര്‍, രാജ്കപൂര്‍, ദേവാനന്ദ്, വൈജയന്തിമാല തുടങ്ങിയവരെ നേരില്‍ കാണുകയെന്നത് ഏറെക്കുറെ അസാദ്ധ്യമായിരുന്ന കാലം... ഇതൊക്കെയുണ്ടായിട്ടും അവസാനം കാറ്റ് മാറിവീശുമോയെന്ന ഭയത്തില്‍ ഒരു തുറന്ന പ്രസ്താവനയുമായി പണ്ഡിറ്റ്ജിക്കുതന്നെ രംഗത്തു വരേണ്ടിവന്നു. കൃഷ്ണമേനോനുള്ള ഓരോ വോട്ടും തനിക്കുള്ള വോട്ടാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞപ്പോള്‍ അത് അവസാനത്തെ തുറുപ്പുചീട്ടായിരുന്നു. നല്ല ഭൂരിപക്ഷത്തോടെ മേനോന്‍ ജയിച്ചപ്പോള്‍ ലോഡ്ജില്‍ ലഡു വിതരണത്തിന്റെ കോലാഹലമായിരുന്നുവെന്ന് ഓര്‍ക്കുന്നു. 

പക്ഷേ, ഇതിന്റെ അലയിളക്കങ്ങള്‍ ബോംബെ നഗരത്തെ ബാധിച്ചത് പലതരത്തിലായിരുന്നു.  അതിനു മുന്‍പ് നഗരത്തെ തന്റെ വിരല്‍ത്തുമ്പില്‍ നിറുത്തിയിരുന്നത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന തൊഴിലാളി നേതാവായിരുന്നു. ജോര്‍ജ്ജൊന്ന് കൈ ഞൊടിച്ചാല്‍ ബോംബെ നഗരം മരവിക്കുമെന്നായിരുന്നു അന്നത്തെ ചൊല്ല്. കാരണം, പ്രധാനപ്പെട്ട തൊഴിലാളി സംഘടനകളെല്ലാം അദ്ദേഹത്തിന്റെ ചൊല്‍പ്പടിയിലായിരുന്നു. പക്ഷേ, ഇതിനപ്പുറമൊരു വമ്പന്‍ ശക്തിയുടെ ഉദയം അറുപതുകളിലുണ്ടായി.  നഗരം വല്ലാതെ വളരുകയും ഒട്ടേറെ തൊഴില്‍ സാദ്ധ്യതകള്‍ രൂപം കൊള്ളുകയും ചെയ്ത കാലത്ത് അതില്‍ നല്ലൊരു ഭാഗം, പ്രത്യേകിച്ചും മുന്തിയ വെള്ളക്കോളര്‍ ജോലികള്‍ കൊണ്ടുപോയിരുന്നത് കൂട്ടത്തില്‍ സമര്‍ത്ഥരും നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുമുള്ള  തെക്കേ ഇന്ത്യക്കാരായിരുന്നുവെന്നത് (പുച്ഛസ്വരത്തില്‍ മദ്രാസികള്‍) മഹാരാഷ്ട്രീയരെ വല്ലാതെ അലട്ടിയിരുന്നു. ഇതിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യാനായത് 'മാര്‍മ്മിക്' എന്ന മറാഠി മാസിക നടത്തിയിരുന്ന ബാല്‍ താക്കറേ എന്ന കാര്‍ട്ടൂണിസ്റ്റിനായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഓഫീസിലെ സുഹൃത്തുക്കളുടെ കൈയില്‍ നിന്നു വാങ്ങി വലിയ താല്പര്യത്തോടെ ഞാന്‍ മറിച്ചുനോക്കാറുണ്ടായിരുന്നു. 'മണ്ണിന്റെ മക്കള്‍' എന്ന വാദം ഉയര്‍ത്തിക്കാട്ടി വളരെയെളുപ്പത്തില്‍ മറാഠി മനസ്സിനെ സ്വാധീനിക്കാനായി താക്കറേയ്ക്ക്. നഗരത്തിലെ പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന തെക്കേ ഇന്ത്യാക്കാരുടെ ഒരു ലിസ്റ്റ് തന്നെ തന്റെ മാസികയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചതായി കേട്ടിട്ടുണ്ട്. അതൊക്കെ വ്യക്തമായൊരു കലാപസൂചനയായിരുന്നു. എന്തായാലും അതിനെത്തുടര്‍ന്ന് ആദ്യം ആക്രമിക്കപ്പെട്ടത് തെക്കേ ഇന്ത്യാക്കാരുടെ സ്ഥാപനങ്ങളായിരുന്നു.  പ്രത്യേകിച്ചും ഉഡുപ്പി ഹോട്ടലുകളും മറ്റു കടകളും. പിന്നീട് 1966-ല്‍ ശിവസേന എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം കൊടുത്തു. പ്രാദേശിക വികാരം മുതലെടുത്തുകൊണ്ടുള്ള അവരുടെ വളര്‍ച്ച വളരെ വേഗമായിരുന്നു. നഗരത്തിലെ ജനജീവിതം വരെ സ്തംഭിപ്പിക്കാവുന്ന രീതിയില്‍ അവര്‍ വളര്‍ന്നുകൊണ്ടേയിരുന്നു.

കൃഷ്ണമേനോന്റെ മികച്ച തെരഞ്ഞെടുപ്പ് വിജയവും സേനയുടെ വളര്‍ച്ചയ്ക്ക്  കാരണമായെന്ന് വിശ്വസിക്കുന്നവരുണ്ട്. പിന്നീട് ശിവസേന കടുത്ത ഹിന്ദുത്വത്തിലേക്കും ഫാസിസ്റ്റ് രീതികളിലേക്കും പടര്‍ന്നുകയറുന്നത് നാം കണ്ടുകഴിഞ്ഞു. തീവ്ര ഹിന്ദുത്വ നിലപാടെടുത്തിരുന്ന താക്കറേയുടെ പ്രധാന ഉന്നം എണ്ണത്തിലും വണ്ണത്തിലും നഗരത്തിലെ പ്രബലശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന മുസ്ലിങ്ങളായിരുന്നു. അങ്ങനെ സമാന ചിന്താഗതിക്കാരായ സംഘപരിവാറുമായി കൂട്ടുകൂടി സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരണത്തില്‍വരെ എത്താനാവുന്ന വിധം വരെ വളരാനായി അവര്‍ക്ക്.

തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലും ആന്ധ്രയിലെ 'തെലുങ്കുഗൗരവം' എന്ന തീവ്ര വികാര ത്തിലും പ്രാദേശികത ശക്തമായി എരിഞ്ഞുനിന്നിരുന്നു. കോണ്‍ഗ്രസിനെ എന്നെന്നേക്കുമായി തകര്‍ത്ത് ദ്രാവിഡകക്ഷികള്‍ തമിഴകം വാഴാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഡി.എം.കെയുടെ പല വിഭാഗങ്ങള്‍ക്കപ്പുറം മറ്റു പാര്‍ട്ടികള്‍ക്കൊന്നും അവിടെ കാര്യമായ സ്വാധീനം ചെലുത്താന്‍ പിന്നീട് കഴിഞ്ഞിട്ടില്ല. ഇങ്ങനെ തമിഴക രാഷ്ട്രീയത്തില്‍ പല നേതാക്കളും ഉയര്‍ന്നു വന്നുവെങ്കിലും തെലുങ്കുദേശമെന്ന പാര്‍ട്ടിയിലൂടെ തെലുങ്കുവികാരത്തെ ഉയര്‍ത്തിക്കാട്ടുകയെന്ന ദൗത്യം ഒരു ഒറ്റയാള്‍ പോരാട്ടമായി ഏറ്റെടുത്തത് എന്‍.ടി. രാമറാവുവായിരുന്നു. അങ്ങനെ അദ്ദേഹം തെലുങ്കുദേശമെന്ന പാര്‍ട്ടിയുണ്ടാക്കി ആന്ധ്രയിലെ മുഖ്യമന്ത്രിയാകുകയും ചെയ്തു.  പിന്നീടൊരിക്കല്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്കായി അമേരിക്കയിലേക്ക് പോയ ഇടവേളയില്‍ ആ പാര്‍ട്ടി പിളര്‍ത്തി തങ്ങളുടെ പിന്തുണയോടെ ഭാസ്‌കര റാവുവിനെ കേന്ദ്രം മുഖ്യമന്ത്രിയാക്കിയെങ്കിലും വലിയ ആയുസ്സുണ്ടായിരുന്നില്ല ആ മന്ത്രിസഭയ്ക്ക്. തിരിച്ചുവന്ന് ചൈതന്യരഥത്തിലേറി നാട് ചുറ്റിയ എന്‍.ടി.ആറിന് അതേ തെലുങ്കുവികാരം ഉണര്‍ത്തിത്തന്നെ നഷ്ടപ്പെട്ട അധികാരം പെട്ടെന്ന് തിരിച്ചുപിടിക്കാനായി. കാലമേറെക്കഴിഞ്ഞ് ആന്ധ്ര പിളര്‍ന്നു തെലങ്കാന രൂപം കൊണ്ടപ്പോള്‍ അതേ തെലുങ്കു ഗൗരവം തന്റേതാക്കിയ  ചന്ദ്രശേഖരറാവുവിനും അധികാരം നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാനായി. അതായത്, വ്യക്തമായ ആശയസംഹിതകളോ സൈദ്ധാന്തിക അടിത്തറയോ ഒന്നുമില്ലാതെ വെറും  പ്രാദേശികതയെ ബ്രാന്‍ഡാക്കി മാറ്റി സമ്മര്‍ദ്ദഗ്രൂപ്പുകള്‍ അധികാരം കയ്യാളുകയെന്നത് ഒരു സ്ഥിരം കാഴ്ചയായി മാറി.  

എല്ലാ കാര്യത്തിലും ജാതിമത പരിഗണനകള്‍ തെക്കും പ്രസക്തമാണെങ്കിലും കുറേക്കൂടി സങ്കീര്‍ണ്ണമാണ് കൂട്ടത്തില്‍ വലിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി. കാരണം, ജാതികള്‍ക്കു പുറമെ പല ഉപജാതികളും പലപ്പോഴും സമ്മര്‍ദ്ദഗ്രൂപ്പുകളായി  രംഗത്തു വരാറുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പോലും ഇത്തരം പരിഗണനകള്‍ കടന്നുവരുന്നു. അങ്ങനെ മാറിമാറി വന്നിരുന്ന വിചിത്രമായ സമവാക്യങ്ങള്‍ക്ക് ചരിത്രത്തിന്റെ നാള്‍വഴികള്‍ എളുപ്പത്തില്‍ തിരുത്തിയെഴുതാനായി.  നടപ്പുകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റക്കക്ഷി ഭരണമെന്നത് ഏറെക്കുറെ അസാദ്ധ്യമാകുമ്പോള്‍ നീക്കുപോക്കുകളില്‍ക്കൂടി രൂപംകൊള്ളുന്ന സഖ്യങ്ങള്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുന്നതിന്റെ അപകടങ്ങള്‍ പലപ്പോഴും കണ്ടിട്ടുള്ളതാണ്. 

ഇങ്ങനെ ഭരണഘടനാ ശില്പികളും ആദ്യകാല നേതാക്കളും സ്വപ്നം കണ്ട ദേശീയത പ്രാദേശികതയിലേക്കും ജാതിരാഷ്ട്രീയത്തിലേക്കും ചുരുങ്ങിപ്പോകുന്നത് നമ്മെ പേടിപ്പിക്കുന്നതില്‍ അതിശയമില്ല.

(അനുബന്ധം: ദേശീയത പ്രാദേശികതയായി ചുരുങ്ങുമ്പോള്‍ ഒപ്പം ചുരുങ്ങാതിരിക്കാനാവുമോ, പ്രദേശമനസ്സുകള്‍ക്കും?)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com