'വികസനത്തെക്കുറിച്ചുള്ള വായ്ത്താരികളല്ല, മറിച്ച് നിലനില്‍പ്പിന്റെ മാനിഫെസ്റ്റോയ്ക്കായുള്ള നിര്‍ദേശങ്ങള്‍'

പരിസ്ഥിതി ചിന്തകള്‍ പങ്കുവച്ച ഒരു സായാഹ്നമായിരുന്നു അത്. സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ ഉയര്‍ന്നത് ജൈവതുല്യതയ്ക്കായി വാദിക്കുന്നവരുടെ ആരവമായിരുന്നു.
'വികസനത്തെക്കുറിച്ചുള്ള വായ്ത്താരികളല്ല, മറിച്ച് നിലനില്‍പ്പിന്റെ മാനിഫെസ്റ്റോയ്ക്കായുള്ള നിര്‍ദേശങ്ങള്‍'

രിസ്ഥിതിയെ സ്‌നേഹിക്കുന്നവരുടെ നിറഞ്ഞ സദസ്സിനു മുന്നില്‍ ആറാമത് സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് ഡയറക്ടറുമായ ടി.പി. പത്മനാഭന്‍ ഏറ്റുവാങ്ങി. പയ്യന്നൂരില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണനും സംവിധായകനും നടനുമായ മധുപാലും ചേര്‍ന്നാണ് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. വേദിയില്‍ വെച്ചുതന്നെ പുസ്‌കാരത്തുക സീക്കിന്റെ (സൊസൈറ്റി ഫോര്‍ എന്‍വയേണ്‍മെന്റ് എജ്യുക്കേഷന്‍ ഇന്‍ കേരള) ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നതായി ടി.പി. പത്മനാഭന്‍ പറഞ്ഞത് നിലയ്ക്കാത്ത കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. തുടര്‍ന്ന് സീക്ക് പ്രസിഡന്റ് രാജന്‍ അദ്ദേഹത്തില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.

പരിസ്ഥിതി പ്രവര്‍ത്തനവും സീക്കിന്റെ ദൈനംദിന കാര്യങ്ങളും തനിച്ചു ചെയ്യുന്ന ഒരു കാര്യമല്ലെന്നും അതുകൊണ്ടുതന്നെ ഈ അവാര്‍ഡ് കയ്യേല്‍ക്കുമ്പോള്‍ ഇത് എനിക്കു മാത്രം കിട്ടിയതല്ല എന്നാണ് തോന്നുന്നതെന്നും ടി.പി. പത്മനാഭന്‍ പറഞ്ഞു. 'സീക്ക്' എന്നെക്കൊണ്ടുമാത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.  അവാര്‍ഡ് തുക പൂര്‍ണ്ണമായും സീക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംഭാവന ചെയ്യണം എന്നത് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ തീരുമാനിച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ കോളേജ് സുവോളജി വിഭാഗം മേധാവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സി സി. ജേക്കബ്ബിന്റെ നേതൃത്വത്തില്‍ 1979-ല്‍ ആരംഭിച്ച സീക്ക് കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിപഠന സംഘടനയാണ്. 1987 മുതല്‍ അതിന്റെ ഡയറക്ടറും മുഖമാസികയായ 'സൂചിമുഖി'യുടെ പത്രാധിപരുമാണ് പത്മനാഭന്‍ മാഷ്.

ടിപി പത്മനാഭന്‍ സംസാരിക്കുന്നു
ടിപി പത്മനാഭന്‍ സംസാരിക്കുന്നു

കേരളത്തില്‍ വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെക്കുറിച്ചും പ്രളയാനന്തര കേരളത്തിലെ മനുഷ്യരെക്കുറിച്ചും അവാര്‍ഡ് വിതരണത്തിനുശേഷം മധുപാല്‍ സംസാരിച്ചു. ''നമുക്ക് എല്ലാം അറിയാം എന്ന് വിചാരിക്കുന്നതാണ് മലയാളികളുടെ കുഴപ്പം. ടി.പി. പത്മനാഭന്‍ മാഷിനെപ്പോലുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നമുക്ക് മനസ്സുണ്ടാകണം. ഞാന്‍ പഠിച്ചത് പാലക്കാട് ആയിരുന്നു. അവിടെ ഇപ്പോള്‍ മയിലുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് കയറി വരികയാണ്. മയിലുകളെ കാണാനൊക്കെ നമുക്കിഷ്ടമാണ്. എന്നാല്‍ ചൂടുള്ള പ്രദേശങ്ങളിലേക്കാണ് മയിലുകള്‍ വരുന്നത്.

പുരസ്‌കാര ജേതാവിനൊപ്പം മധുപാല്‍
പുരസ്‌കാര ജേതാവിനൊപ്പം മധുപാല്‍

അതൊരു ദുരന്തമായി കാണാന്‍ കഴിയണം. അതുപോലെ തന്നെയാണ് അവിടെ മണ്ണില്‍നിന്നും വലിയ ചുവന്ന ഉറുമ്പുകള്‍ വരുന്നത്. സഹാറ പോലെയുള്ള മരുഭൂമികളില്‍ കാണപ്പെടുന്ന ഉറുമ്പാണത്. ഇതൊക്കെ ഓരോ ദുരന്തങ്ങള്‍ നമുക്ക് കാണിച്ചുതരികയാണ്. അപ്പോഴൊക്കെ ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന തോന്നലിലാണ് നമ്മള്‍ ജീവിക്കുന്നത്. പ്രളയത്തിലും നമ്മള്‍ ഒന്നും പഠിച്ചില്ല. ആ സമയത്ത് വലിയ ഒത്തൊരുമയൊക്കെ പറഞ്ഞിരുന്നു. പ്രളയം കഴിഞ്ഞ് ഒഴുക്ക് മാറിയപ്പോള്‍ ഒന്നും മാറിയിട്ടില്ല എന്നത് വളരെയധികം സങ്കടത്തോടെ നമ്മള്‍ കാണണം.

സിവി ബാലകൃഷ്ണന്‍, താഹ മാടായി, മധുപാല്‍
സിവി ബാലകൃഷ്ണന്‍, താഹ മാടായി, മധുപാല്‍

ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ പോയപ്പോള്‍ കണ്ടത്  പ്രളയം പൊളിച്ചുകളഞ്ഞ മതിലുകളെല്ലാം അതിനേക്കാള്‍ ഉയരത്തില്‍ കെട്ടിക്കഴിഞ്ഞിരിക്കുന്നു. ആളുകളുടെ മതവും ജാതിയുമെല്ലാം വീണ്ടും നെയിംബോര്‍ഡുകളായി അവിടെ വന്നുകഴിഞ്ഞിരിക്കുന്നു. ഇതൊന്നും അന്ന് അവിടെയാരേയും രക്ഷിക്കാനുണ്ടായിരുന്നില്ല എന്നത് ആരും ഓര്‍ക്കുന്നില്ല.'' മധുപാല്‍ പറഞ്ഞു.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വിഷ്ണു നായരില്‍ നിന്ന് മധുപാല്‍ ഉപഹാരം സ്വീകരിക്കുന്നു
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വിഷ്ണു നായരില്‍ നിന്ന് മധുപാല്‍ ഉപഹാരം സ്വീകരിക്കുന്നു

മതനിരപേക്ഷ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് പരിസ്ഥിതിപ്രവര്‍ത്തകരെന്ന് എഴുത്തുകാരന്‍ താഹ മാടായി പറഞ്ഞു. മനുഷ്യരെക്കുറിച്ചു മാത്രമല്ല, മരങ്ങളെക്കുറിച്ചും അവര്‍ ചിന്തിക്കുന്നു. രാഷ്ട്രീയവും മതവും മനുഷ്യതുല്യതയെക്കുറിച്ചും സമുദായ തുല്യതയെക്കുറിച്ചും അതാത് മതക്കാരില്‍ ഉണ്ടാകേണ്ട ചില നേട്ടങ്ങളെക്കുറിച്ചും ആലോചിക്കുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ജൈവതുല്യതയെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചില മനുഷ്യരെ നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടില്ലെങ്കില്‍ നമ്മുടെ ജീവിതം എത്രത്തോളം അര്‍ത്ഥരഹിതമായിരിക്കും എന്ന് പത്മനാഭന്‍ മാഷിനെപ്പോലുള്ളവരുടെ സാന്നിധ്യം അനുഭവിച്ചവര്‍ക്കു തിരിച്ചറിയാനാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. 1978-ല്‍ സൈലന്റ് വാലി പദ്ധതിക്കെതിരെ കേരളത്തില്‍ ആദ്യമായി ഒരു ജാഥ നടത്തുന്നത് പയ്യന്നൂരിലാണ്. ജോണ്‍ സി. ജേക്കബ്ബും പത്മനാഭന്‍ മാഷുമടങ്ങുന്ന ആളുകള്‍ പങ്കെടുത്ത ജാഥ. അതും കഴിഞ്ഞ് ഒരുപാട് സമരങ്ങള്‍. ആ സമരത്തിന്റെയൊക്ക മുന്നില്‍ വര്‍ഷങ്ങളുടെ പാരിസ്ഥിതിക അനുഭവമുള്ള പപ്പന്‍മാഷിനെപ്പോലുള്ള ആളുകളുണ്ടായിരുന്നു.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സ്വാഗതം ആശംസിക്കുന്നു
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സ്വാഗതം ആശംസിക്കുന്നു

പരിസ്ഥിതി പ്രവര്‍ത്തകനും സീക്കിന്റെ ആദ്യകാല പ്രവര്‍ത്തകനുമായ സി. ഉണ്ണിക്കൃഷ്ണന്‍ എടുത്ത ഫോട്ടോകള്‍ വെച്ച് 1980-കളില്‍ ആയിരത്തോളം സ്ഥലങ്ങളില്‍ പത്മനാഭന്‍ മാഷ് സംസാരിച്ചിട്ടുണ്ട്. അതിലൂടെയൊക്കെയാണ് കേരളം എന്താണ്, കേരളത്തിന്റെ പ്രകൃതി എന്താണ് എന്ന് മനസ്സിലായത്. കേരളത്തിലെ ആദ്യത്തെ ജനകീയ ആരോഗ്യപ്രസ്ഥാനം, ആദ്യത്തെ പരിസ്ഥിതി സംഘടന, പരിസ്ഥിതി പഠനക്ക്യാമ്പ് ഒക്കെ നടക്കുന്നത് പയ്യന്നൂരിലായിരുന്നു. ഒരുപക്ഷേ, കേരളത്തിന്റെ പാരിസ്ഥിതിക തലസ്ഥാനമെന്ന് പയ്യന്നൂരിനെ വിളിക്കാന്‍ പറ്റും. പാരിസ്ഥിതികമായ നിതാന്തമായ ഒരു ജാഗ്രതയിലേക്ക് പയ്യന്നൂരിനെ നയിച്ചതില്‍ പത്മനാഭന്‍ മാഷിന്റെ പങ്ക് വളരെ വലുതാണ്- ഇ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലേയും പരിസര പ്രദേശങ്ങളിലേയും പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതി സ്‌നേഹികളും പരിപാടിയില്‍ പങ്കെടുക്കാനെത്തി. 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്' ഗ്രൂപ്പ് കേരള ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍ സ്വാഗതവും സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസ് നന്ദിയും പറഞ്ഞു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജയേഷ് പാടിച്ചാലിന്റെ ഫോട്ടോ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് മാട്ടുല്‍ ദര്‍ബാര്‍ ടീം ഗസല്‍ അവതരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com