മോദിക്കാലത്തെ ജനതയും ജനാധിപത്യവും

സംഘ്പരിവാര്‍ രാഷ്ട്രീയം മോദിയിലൂടെ അടുത്ത അഞ്ചു വര്‍ഷം രാഷ്ട്രത്തെ ഏതുദിശയിലേക്ക് നയിക്കുമെന്ന്  സംബന്ധിച്ച് ആശകളെന്നപോലെ ആശങ്കകളും ഏറെയാണ്
മോദിക്കാലത്തെ ജനതയും ജനാധിപത്യവും


ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു വിജയം നേടി ബി.ജെ.പി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു കൂടി ഇന്ത്യ ഭരിക്കാന്‍ പോകുന്നു. ആകെയുള്ള 543 സീറ്റുകളില്‍ മുന്നൂറിലധികം സീറ്റുകള്‍ ഒറ്റയ്ക്കു തന്നെ ബി.ജെ.പി നേടി. ഏറെ അഭിമാനകരമായ വിജയമാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കൈവരിക്കാനായത്. ഈ വിജയത്തിനു വലിയൊരളവ് ആ പാര്‍ട്ടി കടപ്പെട്ടിരിക്കുന്നതാകട്ടെ, അമിത്ഷാ-നരേന്ദ്ര മോദി നേതൃത്വത്തോടുമാണ്. 

ഇനി പ്രതിപക്ഷത്തിന്റെ കാര്യമെടുക്കുക. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന് രാഹുലും പ്രിയങ്കയും ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് നല്‍കിയതെങ്കിലും തെരഞ്ഞെടുപ്പ് വേദിയില്‍ അതു ഫലം ചെയ്തില്ല. വെറും 52 സീറ്റിലേയ്ക്ക് കോണ്‍ഗ്രസ്സ് ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞ ലോകസഭയില്‍ 44 ആയിരുന്നു. എട്ടു സീറ്റിന്റെ വര്‍ദ്ധന. ഈ എട്ടു സീറ്റ് ആ പാര്‍ട്ടി നേടിയതാകട്ടെ, ലോക്സഭയില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്നു പൂര്‍ണ്ണമായും ഉറപ്പുള്ള ഇടതുപക്ഷത്തിനു കിട്ടാവുന്ന സീറ്റുകള്‍ തങ്ങളുടെ കണക്കില്‍ വരവുവെയ്ക്കുന്ന നയം സ്വീകരിച്ചതുകൊണ്ടാണ്. നാണംകെട്ട തോല്‍വിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിനുണ്ടായത്. പരമ്പരാഗത മണ്ഡലമായ അമേഠി രാഹുലിനെ കൈവിടുകപോലും ചെയ്തു. ഇടതുപക്ഷക്കാര്‍ക്ക് ഏറെ പല്ലുകടിക്കു കാരണമായ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സഹായിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം ലോക്സഭ കാണുമായിരുന്നില്ല. 

ഇടതുപക്ഷത്തിന്റെ സ്ഥിതിയാണ് പരമദയനീയം. സ്വതന്ത്രരടക്കം 64 സീറ്റുകളാണ് 2004-ല്‍ ലോക്സഭയിലും സി.പി.ഐ.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ഇത്തവണ ഇടതുപക്ഷം വെറും ആറു സീറ്റിലാണ് ജയിച്ചത്. വോട്ടു ശതമാനത്തിന്റെ കാര്യത്തിലും വലിയ ഇടിവുണ്ടായി. ഒരുകാലത്ത് വലിയ ഭൂരിപക്ഷത്തോടെ സി.പി.ഐ.എം മുന്നണിയെ വിജയിപ്പിച്ചിരുന്ന പശ്ചിമബംഗാളിലും ത്രിപുരയില്‍ വലിയ വോട്ടു ചോര്‍ച്ചയുണ്ടായി. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സില്‍നിന്നെന്ന പോലെ ഇടതുപക്ഷത്തുനിന്നും ബി.ജെ.പിക്ക് അനുകൂലമായ മാറ്റമുണ്ടായി. കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു വന്‍തോതിലുള്ള വോട്ടു കുറവുണ്ടായി. സി.പി.ഐ.എമ്മിന്റെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു വേദിയൊരുക്കിയ മഹാരാഷ്ട്രയിലും മറ്റും ഇടതുപക്ഷ പാര്‍ട്ടികള്‍ പച്ച തൊട്ടില്ല. 

വലതുപക്ഷ രാഷ്ട്രീയത്തിന്റെ അതിദ്രുതമുള്ള വളര്‍ച്ചയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാം കണ്ട കാഴ്ച. ഇടതുചായ്വുള്ള മധ്യകക്ഷി എന്നു വിളിക്കാവുന്ന കോണ്‍ഗ്രസ്സും ഇടതുപക്ഷവും നിലംപരിശായി. കോണ്‍ഗ്രസ്സ് ഇടതിനെ നേരിട്ട കേരളത്തില്‍ അതുണ്ടാക്കിയ വിജയത്തിലാകട്ടെ, രാഹുലിന് അനുകൂലമായ മതേതര വോട്ടുകളുടെ ഏകീകരണത്തിനെന്നപോലെ ബി.ജെ.പിക്കു ലഭിക്കേണ്ടിയിരുന്ന ഹിന്ദു വലതുപക്ഷ വോട്ടുകള്‍ക്കുമുണ്ട് പങ്ക്. 
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തിരിച്ചടി മതനിരപേക്ഷ കക്ഷികള്‍ക്കു നേരിടേണ്ടി വന്നത്? ഇതന്വേഷിക്കുമ്പോള്‍ ഹിന്ദുത്വ ദേശീയത എന്ന ആശയത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതെന്തുകൊണ്ടെന്നും മഹാത്മാഗാന്ധിയും നെഹ്രുവും മൗലാനാ അബ്ദുള്‍ കലാം ആസാദും മറ്റും പ്രതിനിധാനം ചെയ്ത മതനിരപേക്ഷവും ഉദാരമൂല്യങ്ങള്‍ പുലരുന്നതും ബഹുസ്വരവുമായ ഇന്ത്യന്‍ സമൂഹം എന്ന സങ്കല്പം എന്തുകൊണ്ടാണ് വിസ്മൃതിയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പരിശോധിക്കേണ്ടിവരും. ഇന്ത്യ എന്ന മതനിരപേക്ഷ രാജ്യത്തിന്റെ ഭാവി ഇവിടുത്തെ മതഭൂരിപക്ഷമായ ഹിന്ദുക്കള്‍ എങ്ങനെയാണ് ഹിന്ദുദേശീയത എന്ന ആശയത്തെ സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് നെഹ്രു ദീര്‍ഘവീക്ഷണം ചെയ്തിട്ടുണ്ട്.
മുഖ്യകക്ഷിയായ ബി.ജെ.പി 37 ശതമാനത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ ഇതര എന്‍.ഡി.എ കക്ഷികളുടെ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ അത് 45 ശതമാനമാകും. 1980-ല്‍ ജനതാപാര്‍ട്ടി ഉപേക്ഷിച്ചുവന്ന പഴയ ജനസംഘം പ്രവര്‍ത്തകര്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ നേടിയ ഏറ്റവും വലിയ വോട്ടുവിഹിതം. 2014-ല്‍ എന്‍.ഡി.എയുടെ വോട്ടുവിഹിതം 38 ശതമാനമായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങള്‍ ഏറിയകൂറും ബി.ജെ.പിയുടെ കൂടെ നില്‍ക്കുകയും ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷ  സമുദായങ്ങള്‍ പ്രബലമായ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം ചേരുന്ന പ്രവണത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. മതാടിസ്ഥാനത്തിലുള്ള അപകടകരമായ ചേരിതിരിവാണ് ഇത്തരമൊരു തെരഞ്ഞെടുപ്പു  ഫലത്തിന്റെ അടിസ്ഥാനം എന്ന വസ്തുത ഭയപ്പെടുത്തുന്ന ഒന്നാണ്. 

ഇന്ത്യന്‍ ജനസംഖ്യയില്‍ 200 ദശലക്ഷം മുസ്ലിങ്ങളാണ്. അതായത് 14 ശതമാനം വരും ആകെ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഇപ്പോഴും ശക്തമായ ബി.ജെ.പി വിരോധം പ്രകടിപ്പിക്കുമ്പോള്‍ ഹിന്ദു ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ബി.ജെ.പിയുടെ കൂടെ നില്‍ക്കുന്നു. 
മതാടിസ്ഥാനത്തില്‍ ഒരു വിഭജനം സാധ്യമാക്കി ബി.ജെ.പി എന്ന വലതുപക്ഷ കക്ഷിയെ അധികാരത്തിലേറ്റാന്‍ സഹായകമായ ഘടകങ്ങളെന്തെല്ലാമാണ് എന്ന വിശദമായ പരിശോധന മതനിരപേക്ഷ വാദികള്‍ നടത്തിവരികയാണ്. അതേസമയം ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന ഹിന്ദുവലതുപക്ഷ നേതൃത്വമാകട്ടെ, ഒരു നൂറ്റാണ്ടോളമായി ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഫലമായിക്കൊണ്ടിരിക്കുകയാണ് എന്ന ആഹ്ലാദത്തിലുമാണ്. മുഴുവന്‍ ഹിന്ദുക്കളെയും ഹിന്ദുക്കള്‍ക്കു പുറമേ സാംസ്‌കാരികമായി തദ്ദേശീയത കൂടുതലായി അവകാശപ്പെടാവുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളൊഴികെയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന ഓരോരുത്തരേയും അഭിസംബോധന ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാനശിലയായ വ്യക്തിനിര്‍മ്മാണത്തിനു വിധേയമാക്കാനുമുള്ള ആര്‍.എസ്.എസ് ശ്രമങ്ങള്‍ വിജയിക്കുന്നുവെന്നതിന്റെ സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ എന്നും പറയാവുന്നതാണ്.

മോദി എന്ന അതിമാനുഷനായകന്‍ 

ജനക്കൂട്ടത്തെ കയ്യിലെടുക്കുന്ന വാചാടോപം, ഭരണപരമായ നടത്തിപ്പിലെ കാര്യക്ഷമത, താന്‍പോരിമ, ഭരണഘടനയിലുമുപരി ആര്‍.എസ്.എസ്സിനോടുള്ള വിധേയത്വം, എതിരാളികളെ നിഷ്പ്രഭരാക്കുന്ന രാഷ്ട്രീയകുശലത എന്നിവയാണ് നരേന്ദ്ര മോദി എന്ന നേതാവിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ പറഞ്ഞതുപോലെ നമ്മുടെ ആശയലോകത്തെ എന്തൊക്കെയോ മാറ്റിമറിക്കുന്നുണ്ടെന്നും അവയെക്കുറിച്ചാണ് വൈകിയാണെങ്കിലും നാം അന്വേഷിക്കേണ്ടതുണ്ടെന്നും ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. സെന്‍ ചൂണ്ടിക്കാണിച്ചതുപോലെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ നിരവധി ഇരട്ടി സീറ്റുകള്‍ അവര്‍ക്ക് എങ്ങനെ കിട്ടി എന്ന തൊലിപ്പുറമേയുള്ള ചോദ്യത്തേക്കാള്‍ പ്രസക്തമാണ് അത്. മുന്‍കാലങ്ങളില്‍ റൊട്ടി, കപ്പടാ ഔര്‍ മക്കാന്‍ എന്ന മട്ടിലുള്ള മുദ്രാവാക്യങ്ങള്‍ ശരാശരി ഇന്ത്യന്‍ പൗരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെ അടിസ്ഥാനപ്പെടുത്തിയെങ്കില്‍ 2014-ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി ഗവണ്‍മെന്റ് ജനങ്ങളോട് ബുള്ളറ്റ് ട്രെയിനുകളുണ്ടാകുന്നതിനെക്കുറിച്ച്, കുറഞ്ഞ ചെലവില്‍ വ്യോമസഞ്ചാരം സാധ്യമാക്കുന്നതിനെക്കുറിച്ച്, സ്മാര്‍ട്ട് സിറ്റികളെക്കുറിച്ചൊക്കെയാണ് സംസാരിച്ചത്. അത്രയും അളവില്‍ ദേശീയമായ പൗരുഷവീര്യത്തെക്കുറിച്ചും . 
എന്നാല്‍, ഈ അഞ്ചു വര്‍ഷംകൊണ്ട് ചൊരിഞ്ഞ വാഗ്ദാനങ്ങളിലേറിയ കൂറും നിറവേറ്റപ്പെടാതെ കിടക്കുക തന്നെ ചെയ്തു. എന്നാല്‍, ജനം വിശ്വസിച്ചത് ഇതൊക്കെ നിറവേറ്റപ്പെടുന്നുണ്ട് എന്നുതന്നെയാണ്. തന്റെ പ്രദേശത്തും വൈകാതെ ഇവയൊക്കെ ഉണ്ടാകുമെന്ന വിശ്വാസത്തില്‍ മറ്റൊരു ഭരണാധികാരിക്കും നല്‍കാത്ത ആനുകൂല്യം മോദിക്കു നല്‍കി. ഒരഞ്ചുവര്‍ഷം കൂടി അദ്ദേഹത്തിനു ലഭിക്കുന്നത് അങ്ങനെയാണ്. 

എങ്കിലും 2014-ലെ തെരഞ്ഞെടുപ്പുകാലത്ത് മോദിയും പാര്‍ട്ടിയും സംസാരിച്ചതു മറ്റു ചിലതിനെക്കുറിച്ചായിരുന്നു. അഴിമതി, സമ്പദ്വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള നടപടികള്‍, തൊഴിലില്ലായ്മ ഇല്ലാതാക്കല്‍, സാര്‍വ്വത്രികമായ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ എന്നിങ്ങനെ പോയി അക്കാലത്തെ മുദ്രാവാക്യങ്ങള്‍. എന്നാല്‍, നടന്നതെന്ത്? അമര്‍ത്യാസെന്‍ ചൂണ്ടിക്കാണിച്ചതുപോലെ തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ കണ്ട ഏറ്റവും വലിയ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. ഉള്ള സാമ്പത്തിക വളര്‍ച്ചയുടെ ഫലമാകട്ടെ, അസമവുമായി. പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ തകര്‍ന്നു. അഴിമതിയും ചുവപ്പുനാടയും അതുപടി തന്നെ തുടരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം തെരഞ്ഞെടുപ്പു വേദികളില്‍ മറ്റു കാര്യങ്ങളില്‍ അമിത വാചാലത പ്രകടിപ്പിക്കുന്ന മോദി അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഭയപ്പെടുത്തുംവിധം നിശ്ശബ്ദനായി. 

അതേസമയം ഭയം തന്നെയായിരുന്നു തെരഞ്ഞെടുപ്പു വേദിയില്‍ നരേന്ദ്ര മോദിയുടേയും സംഘ്പരിവാറിന്റേയും മുഖ്യ സെല്ലിംഗ് പോയിന്റ്. അത് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറുകയില്ലാ എന്ന ജനതയുടെ ശരിയായ ഭയമായിരുന്നില്ല. മറിച്ച് 1980-ല്‍ രണ്ടാമതൊരു വരവിനുശേഷം ഇന്ദിര പയറ്റിയ മുഖ്യതന്ത്രമായ പാകിസ്താന്‍ പേടി തന്നെയായിരുന്നു. നമ്മുടെ സഹോദര രാഷ്ട്രം നമുക്ക് ഉണ്ടാക്കാവുന്ന നാശനഷ്ടങ്ങളായിരുന്നു. അതിര്‍ത്തിയില്‍ നമുക്കു നഷ്ടപ്പെടാവുന്ന ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള ഭയമായിരുന്നു. ദക്ഷിണേന്ത്യയേക്കാള്‍ ഉത്തരേന്ത്യയുടെ സാംസ്‌കാരിക ജനിതകം പങ്കുവെയ്ക്കുന്ന ആ രാഷ്ട്രത്തെ ഒരേസമയം ദുര്‍ബ്ബലനും ശക്തനുമായ ശത്രുവെന്ന നിലയില്‍ ചിത്രീകരിക്കാന്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങളും ബാലാക്കോട്ടും സഹായകമായി. 

വാചാടോപതയായിരുന്നു മോദിയുടെ ആയുധം. നോട്ടുനിരോധനത്തിനുശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ അമ്പതു ദിവസത്തിനകം എന്നെ ജീവനോടെ കത്തിച്ചോളൂ എന്നു പറഞ്ഞ അതേ നാക്കുകൊണ്ടുതന്നെ തനിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ പൊള്ളയാണെന്നു സങ്കോചലേശമെന്യേ അദ്ദേഹം സമര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഓരോ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം തന്റെ പ്രസംഗങ്ങളുപയോഗിച്ചത് ഇടതുപക്ഷക്കാരും ലിബറലുകളും ബുദ്ധിജീവികളുമടങ്ങുന്ന തന്റെ വിമര്‍ശകരെ തൊലിയുരിച്ചു കാണിക്കാനും അവരോടുള്ള വെറുപ്പു  വളര്‍ത്താനുമാണ്. അമര്‍ത്യാസെന്‍ ചൂണ്ടിക്കാണിച്ചതുപോലെ മുസ്ലിങ്ങളടക്കമുള്ള അന്യമതസ്ഥരേയും അദ്ദേഹം വെറുതെവിട്ടില്ല. ഇന്ത്യയുടെ എല്ലാ നഷ്ടങ്ങള്‍ക്കും ഉത്തരവാദി നെഹ്രുവും അദ്ദേഹത്തിന്റെ പാരമ്പര്യവുമാണെന്ന് ഓരോ സന്ദര്‍ഭത്തിലും അദ്ദേഹത്തെപ്പോലെ മറ്റു ബി.ജെ.പി നേതാക്കളും ആവര്‍ത്തിച്ചു. 
വെള്ളിത്തിരയിലെ വീരപരിവേഷമുള്ള നായകനില്‍ കാഴ്ചക്കാരന്‍ തന്നെത്തന്നെ കാണുന്നതുപോലെ, താന്‍ ചെയ്യാനാഗ്രഹിച്ചതെല്ലാം ആ വീരനായകന്‍ ചെയ്യുന്നതു കാണുമ്പോള്‍ കസേരയില്‍ കയറിനിന്നു കയ്യടിക്കുന്ന കാഴ്ചക്കാരനെപ്പോലെ തെരഞ്ഞെടുപ്പുവേദിയിലെ മോദിയുടെ ഓരോ പ്രസംഗവും കേട്ട് ഇന്ത്യക്കാരന്റെ ഞരമ്പുകള്‍ ത്രസിച്ചു. ഷോ കഴിഞ്ഞ് ഇനി വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ അയാള്‍ മടങ്ങുന്ന ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ പിന്നീട് സഹിക്കുന്നു എന്നപോലെ അടുത്ത അഞ്ചു വര്‍ഷം മായക്കാഴ്ചകളില്‍നിന്നു മോഹമുക്തനായി ഇന്ത്യക്കാരന്‍ കഴിയുമെന്ന് കോര്‍പ്പറേറ്റ് കങ്കാണിമാരെന്നു പേരുദോഷമുള്ള മോദിയടക്കമുള്ള നേതാക്കള്‍ക്കറിയാം. പ്രതിസന്ധിയുടെ ഓരോ ഘട്ടവും നാക്കുബലം കൊണ്ടു താണ്ടാനാകുമെന്നും.     

പ്രതിപക്ഷത്തെ അനൈക്യം 
മോദിക്ക് വഴിയൊരുക്കി

പ്രഭാത് പട്‌നായിക് 
(സാമ്പത്തിക ശാസ്ത്രജ്ഞന്‍, കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍)

മോദിയുടെ വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 
അത്യന്തം ആശങ്കാജനകമാണ് തെരഞ്ഞെടുപ്പുഫലം, ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം. രാജ്യത്ത് ഫാസിസം ആവിര്‍ഭവിച്ചുകഴിഞ്ഞുവെന്നതിന്റെ കൃത്യമായ സൂചന അതു നല്‍കുന്നുണ്ട്. ബി.ജെ.പി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ്. സര്‍വ്വശക്തനായ മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ രാഷ്ട്രം ഒരു ഫാസിസ്റ്റ് ശക്തിയായിത്തീരാനാണ് പോകുന്നത്. കോര്‍പ്പറേറ്റുകളുടെ സമഗ്രാധിപത്യവും ഹിന്ദുത്വവാഴ്ചയുമാണ് നാമിനി കാണാന്‍ പോകുന്നത്. ലോകമെമ്പാടും തീവ്ര വലതുപക്ഷ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നതായാണ് നമ്മുടെ അനുഭവം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.

പ്രതിപക്ഷ കക്ഷികളിലെ അനൈക്യം തെരഞ്ഞെടുപ്പ് വേദിയിലെ പോരാട്ടത്തെ ബാധിച്ചുവോ? 
തീര്‍ച്ചയായും. മുന്‍കാലങ്ങളില്‍ ഉണ്ടായ ജാഗ്രതപോലും ഉണ്ടായില്ല. ലോകത്തെവിടെയായാലും ശരി, ജനാധിപത്യ ശക്തികള്‍ ഒരുമിച്ചുനില്‍ക്കാന്‍ തയ്യാറായതുകൊണ്ടാണ് ഫാസിസ്റ്റ്-സമഗ്രാധിപത്യ ശക്തികളെ തച്ചുതകര്‍ക്കാന്‍ കഴിഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇത്തവണ അതുണ്ടായില്ല. ആരും അതു ചെയ്തില്ല. ശരിക്കും പറഞ്ഞാല്‍ ഇടതുപക്ഷം പുരോഗമന, ജനാധിപത്യ ശക്തികളുടെ തെരഞ്ഞെടുപ്പുവേദിയിലെ യോജിച്ച പോരാട്ടത്തിനു വഴിയൊരുക്കാന്‍ തയ്യാറാകേണ്ടതായിരുന്നു. യോജിച്ച പ്രതിപക്ഷ നീക്കത്തിന് അവരായിരുന്നു മുന്‍കയ്യെടുക്കേണ്ടിയിരുന്നത്. ഖേദകരമെന്നു പറയട്ടേ, ഇടതുപക്ഷം അതിനു തയ്യാറായില്ല. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വങ്ങളുടെ സങ്കുചിതവികാരങ്ങള്‍ മാനിച്ച ഹൈക്കമാന്‍ഡാകട്ടെ, ആത്മഹത്യാപരമായ നിലപാടാണ് അനുവര്‍ത്തിച്ചത്. തീര്‍ത്തും ഖേദകരമായ അവസ്ഥ തന്നെയാണ്.

പ്രഭാത് പട്‌നായിക് 
പ്രഭാത് പട്‌നായിക് 

ന്യായ് പോലുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടും കോണ്‍ഗ്രസ്സിനു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാതെപോയതെന്തുകൊണ്ടാണ്? 
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന് ഒരു ബദല്‍ സാമ്പത്തിക പരിപാടിയില്ല. ന്യായ് പോലുള്ള പരിപാടികള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ അതിനാവശ്യമായ സാമ്പത്തികവിഭവം എവിടെനിന്നു കണ്ടെത്തും എന്നതുപോലും സംബന്ധിച്ച് ദൃഢമായ ധാരണകള്‍ ആ പാര്‍ട്ടിക്കില്ല. നവലിബറല്‍ നയങ്ങള്‍ തുടങ്ങിവച്ചതുതന്നെ കോണ്‍ഗ്രസ്സാണ്. അതിന്റെ കെടുതികളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയ്ക്കു പശ്ചാത്തലമായതു തന്നെ ഈ നവലിബറല്‍ നയങ്ങളാണ്. വിശ്വാസയോഗ്യമായ ഒരു ബദലായി വളരാന്‍ കോണ്‍ഗ്രസ്സിനു കഴിയുകയില്ല എന്നത് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം ഉറപ്പുവരുത്താനും വിശ്വാസയോഗ്യമായ ഒരു ബദല്‍ പരിപാടി മുന്നോട്ടുവെയ്ക്കാനും കോണ്‍ഗ്രസ്സിനു കിട്ടിയ നല്ല അവസരമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പ്. 

ആശയരംഗത്തെ മേല്‍ക്കൈ 
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു

രാകേഷ് സിഹ്ന 
(രാജ്യസഭാംഗം, ഹിന്ദുത്വ ചിന്തകന്‍, ഇന്‍ഡ്യാ പോളിസി ഫൗണ്ടേഷന്‍ സ്ഥാപകനും ഓണററി പ്രസിഡന്റും)

ഒരു നൂറ്റാണ്ടോളമായി ആര്‍.എസ്.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയെ പ്രാപിക്കുകയും അഭിലഷണീയ ഫലം തരികയും ചെയ്യുന്ന കാഴ്ചയാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പു ഫലം നമ്മള്‍ ഇന്ത്യക്കാര്‍ക്കു വ്യക്തമാക്കിത്തന്നത്. ഒന്നാമതായി നരേന്ദ്ര മോദി എന്ന നേതാവ് ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവ് എന്ന നിലയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു എന്നതാണ്. അദ്ദേഹത്തിന്റെ നയങ്ങളേയും അവ നടപ്പാക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും കാണിച്ച ഇച്ഛാശക്തിയേയുമാണ് ജനം അംഗീകരിച്ചത്. മാര്‍ക്‌സിസ്റ്റുകാര്‍ പ്രോലറ്റേറിയറ്റ് എന്നു വിളിക്കുന്ന ജനവിഭാഗത്തെയാണ് ആ നയങ്ങള്‍ മുഖ്യമായും അഭിസംബോധന ചെയ്തത്. ജാതി, മതം, സമുദായം, പ്രാദേശിക സങ്കുചിതത്വം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള വോട്ടുബാങ്കു രാഷ്ട്രീയത്തെ തകര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

രാകേഷ് സിഹ്ന 
രാകേഷ് സിഹ്ന 

രാജ്യം ആശയപരമായ ഒരു പരിണാമത്തിലൂടെ കടന്നുപോകുന്നു എന്നതാണ് രണ്ടാമത്തേത്. നെഹ്രുവിയന്‍ കാഴ്ചപ്പാടിലുള്ള ദേശീയത, മതനിരപേക്ഷത തുടങ്ങിയ സങ്കല്പങ്ങളൊക്കെ അടിസ്ഥാനമില്ലാത്തവയാണെന്നു തെളിഞ്ഞു. പാശ്ചാത്യമായ മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടായിരുന്നു നെഹ്രുവിന്റേത്. കൊളോണിയല്‍ അറിവുകള്‍ പകര്‍ന്നുനല്‍കിയ ധാരണകളെ ആസ്പദമാക്കിയിട്ടായിരുന്നു നെഹ്രുവിന്റെ വീക്ഷണങ്ങള്‍. അവ പിന്നോട്ടുപോകുകയും ആര്‍.എസ്.എസ് മുന്നോട്ടുവെയ്ക്കുന്ന ദേശീയതയേയും മതനിരപേക്ഷതയേയും സംബന്ധിച്ച സങ്കല്പങ്ങള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രാമുഖ്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ മനസ്സുകളെ അപകോളനിവല്‍ക്കരിക്കാന്‍ ആര്‍.എസ്.എസ്സിനു വലിയ ഒരു പരിധിവരെ സാധ്യമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിനു ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണിക്കുന്നത്. സമൂഹത്തിന്റെ താഴെത്തട്ടില്‍വരെ ഇവ സംബന്ധിച്ച ഹിന്ദുത്വസങ്കല്പങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്. ജനം അവരുടെ യഥാര്‍ത്ഥ സാംസ്‌കാരിക സ്വത്വത്തിലേക്കു മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു. 

ഇന്ത്യയെന്ന രാജ്യം ലോകത്തെ സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും സാംസ്‌കാരികമായും ശക്തമായ ഒരു രാഷ്ട്രമായിത്തീരണമെന്ന ജനാഭിലാഷം നിവര്‍ത്തിക്കുന്നതിനു പ്രാപ്തനായ ഒരു ഭരണാധികാരിയായി നരേന്ദ്ര മോദിയെ കാണുന്നുവെന്നതാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന മൂന്നാമത്തെ സൂചന. ഒന്‍പതു ദശകത്തിലധികമായി ആര്‍.എസ്.എസ് ഇന്ത്യന്‍ ജനതയെ ആത്മാഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കാനും ശക്തമായ ഒരു രാഷ്ട്രമെന്ന നിലയില്‍ സ്വയം പ്രകടിപ്പിക്കാനും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്നതില്‍പ്പിന്നെ അന്താരാഷ്ട്ര വേദികളില്‍ ഈ ഇച്ഛയുടെ നടത്തിപ്പിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. അതു ജനം അംഗീകരിച്ചുവെന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിക്കുന്നത്. 

ഇന്ത്യയില്‍ ജനാധിപത്യം 
പ്രതിസന്ധിയിലേക്ക്

പ്രസേന്‍ജിത് ബോസ് 
(സാമ്പത്തിക ശാസ്ത്രജ്ഞന്‍, ഇടതു ബുദ്ധിജീവി)

ബി.ജെ.പിയുടെ സംഘടനാ മെഷിനറിയുടെ ഫലവത്തായ പ്രവര്‍ത്തനങ്ങളുടേയും തെരഞ്ഞെടുപ്പ് രംഗത്ത് അവരൊഴുക്കിയ പണത്തിന്റേയും ഫലമാണ് തെരഞ്ഞെടുപ്പ് രംഗത്ത് അവര്‍ നേടിയ വിജയം. 38 ശതമാനത്തോളം വോട്ട് ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷി ഒറ്റയ്ക്കുതന്നെ നേടിയിട്ടുണ്ട്. മതാടിസ്ഥാനത്തിലുള്ള വോട്ടുവിഭജനം അത്യന്തം ആശങ്കാജനകവും നിരാശാജനകവുമായ ചിത്രമാണ് നമുക്കു നല്‍കുന്നത്. പ്രതിപക്ഷ കക്ഷികള്‍ക്കാകട്ടെ, കൃത്യമായ ഒരു ധാരണയിലെത്താന്‍പോലും കഴിഞ്ഞതുമില്ല. പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും ബി.ജെ.പി വിരുദ്ധ പ്രാദേശിക കക്ഷികള്‍ക്കുമൊക്കെ ഈ അനൈക്യത്തില്‍ ഒരുപോലെ പങ്കുണ്ട്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ഒരു ബദല്‍ സാമ്പത്തിക പരിപാടി മുന്നോട്ടുവെച്ച് ജനത്തെ ബോധ്യപ്പെടുത്തുന്നതിലും വീഴ്ചയുണ്ടായി. 

പ്രസേന്‍ജിത് ബോസ് 
പ്രസേന്‍ജിത് ബോസ് 

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിയാണ് ഏറ്റവും ഭീതിദമായ അവസ്ഥ. പശ്ചിമബംഗാളിലും ത്രിപുരയിലും മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി.ഐ.എം രാഷ്ട്രീയമായും ധാര്‍മ്മികമായും അധ:പതിച്ചുകഴിഞ്ഞു. ലവലേശം മാപ്പര്‍ഹിക്കാത്ത തരത്തിലുള്ള തകര്‍ച്ച. ഒട്ടും അഭിലഷണീയമായ ഒരു വഴിയല്ല മമതയെ തോല്‍പ്പിക്കാന്‍ അവര്‍ ബംഗാളില്‍ തെരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന് അധീശത്വമുള്ള കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. കേരളത്തില്‍ തോറ്റുവെങ്കിലും വോട്ടുകളില്‍ ബംഗാളിലേതുപോലെയോ ത്രിപുരയിലേതുപോലെയോ ഉള്ള തകര്‍ച്ച ഉണ്ടായതായി കാണുന്നില്ല. ബംഗാളിലേതുപോലെയോ ത്രിപുരയിലേതുപോലെയോ ഒരു അധ:പതനം അവിടെ ഉണ്ടായിട്ടുമില്ല. ഇടതുപക്ഷം വലിയ ഒരു പ്രതിസന്ധിയിലാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സും ഗുരുതരമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ ശക്തിപ്രാപിക്കുന്നത് ഫാസിസമാണോ അല്ലയോ എന്ന തര്‍ക്കത്തിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. എന്തായാലും ഒരു തീവ്ര വലതുകക്ഷി ഇന്ത്യയില്‍ അധികാരത്തുടര്‍ച്ച നേടിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകമെമ്പാടും ഈ സ്ഥിതിവിശേഷമുണ്ട്. വെറുപ്പിന്റേയും ഇതര മതസ്ഥരോടുള്ള വിദ്വേഷത്തിന്റേയും വംശീയതയുടേയും അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയം പലയിടങ്ങളിലും മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെന്നപോലെ പലയിടങ്ങളിലും ഇസ്ലാം പേടിയും അതിന്റെ ഭാഗമാണ്. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലുള്ള ഈ സ്ഥിതിവിശേഷം സമ്പദ്വ്യവസ്ഥയിലുള്ള മാറ്റങ്ങള്‍ക്കു സമാന്തരമാണെന്നും കാണാം. മുതലാളിത്തം ഇന്നു വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പഴയ പുരോഗമന മുതലാളിത്തമല്ല ഇന്നുള്ളത്. 

ഇടതുപക്ഷമല്ലാതെ 
മറ്റൊരു വഴിയില്ല

വിജയ് പ്രഷാദ് 
(ചിന്തകന്‍, ലെഫ്റ്റ് വേര്‍ഡ് മുഖ്യ പത്രാധിപര്‍)

ഇന്ത്യയില്‍ ഇപ്പോള്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനെ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ഒരു കാര്യത്തില്‍ താരതമ്യപ്പെടുത്തി വായിക്കുന്നതു കൗതുകകരമായിരിക്കും. അവിടെ പല ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ ചെലവായത് 6.5 ബില്യണ്‍ ഡോളറാണ് എന്നാണ് കണക്ക്. എന്നാല്‍, ഇപ്പോള്‍ നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഏഴു ബില്യണ്‍ ഡോളര്‍ ചെലവായിട്ടുണ്ട് എന്നതാണ്. ഈ കണക്ക് ഒരു മഞ്ഞുമലയുടെ അറ്റമാണെന്നു വലിയ ആലോചനയൊന്നും കൂടാതെ ആര്‍ക്കും പറയാന്‍ സാധിക്കും. അതായത് ഇതിലും എത്രയോ ഇരട്ടി തുക തെരഞ്ഞെടുപ്പില്‍ ചെലവിട്ടിട്ടുണ്ട്. മുഖ്യമായും ഭരണകക്ഷിയായ ബി.ജെ.പിയാണ് പണമൊഴുക്കുന്നതില്‍ മുന്നിട്ടുനിന്നത്. എവിടെ നിന്നാണ് ഈ പണമൊക്കെ വരുന്നത്? ഡാര്‍ക്ക് മണിയെന്നാണ് ഈ പണത്തിനെ വിശേഷിപ്പിക്കേണ്ടത്. ഈ പണത്തിന്റെ ഉറവിടം എവിടെയാണെന്ന വ്യക്തമേയല്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ സുപ്രീംകോടതിയെ അറിയിച്ചത് ഇലക്ടറല്‍ ബോണ്ടുകള്‍ തെരഞ്ഞെടുപ്പു ഫണ്ടിന്റെ സുതാര്യതയെ ബാധിച്ചിട്ടുണ്ട് എന്നാണ്. തീര്‍ച്ചയായും പണം നല്‍കിയവര്‍ക്കൊക്കെ ഭരണകക്ഷി പ്രത്യുപകാരം ചെയ്യേണ്ടിവരും. അതു കോര്‍പ്പറേറ്റുകള്‍ക്കുള്ള ആനുകൂല്യങ്ങളുടെ രൂപത്തിലും ജനത്തിന്റെ നട്ടെല്ലു കൂടുതല്‍ തകര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളായും വരാനിരിക്കുന്നതേയുള്ളൂ. 

പ്രസേന്‍ജിത് ബോസ് 
പ്രസേന്‍ജിത് ബോസ് 

ഇന്ത്യയിലെ തെരഞ്ഞടുപ്പു നിയമങ്ങള്‍ ഒട്ടും സുതാര്യമല്ല എന്നാണ് എന്റെ പക്ഷം. കോടിക്കണക്കിനു രൂപയാണ് തെരഞ്ഞെടുപ്പുകാലത്ത് ഒഴുകുന്നത്. പണത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയകക്ഷികള്‍ക്കു ചില എക്കൗണ്ടബിലിറ്റിയൊക്കെ ഉണ്ടാകേണ്ടതാണ്. ഏതായാലും ഈ പണമൊഴുക്ക് സൂചിപ്പിക്കുന്നത് അഴിമതി കൂടുതല്‍ വ്യവസ്ഥാപരമാകാന്‍ പോകുന്നു എന്നതാണ്. നിങ്ങള്‍ കേരളത്തിലുള്ളവര്‍ക്കു തെരഞ്ഞെടുപ്പുവേദിയിലെ പണമൊഴുക്ക് അത്ര പരിചയം കാണില്ല. വടക്കേ ഇന്ത്യയിലൊക്കെ പാവപ്പെട്ടവരുടെ വോട്ട് പണം കൊടുത്തു വാങ്ങുകയാണ്.

പുതിയ ഭരണക്രമം പൂര്‍ണ്ണമായും ന്യൂനപക്ഷവിരുദ്ധമായിരിക്കുമെന്നും ഹിന്ദുവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപകരണമായിരിക്കുമെന്നതിനുമുള്ള സൂചനകള്‍ ലഭ്യമായിക്കഴിഞ്ഞു. ജയ് ശ്രീറാം എന്നു നിര്‍ബ്ബന്ധപൂര്‍വ്വം വിളിപ്പിക്കുന്ന ഒരു വ്യവസ്ഥ എങ്ങനെയാണ് ജനാധിപത്യപരമാകുന്നത്? ഇന്ത്യന്‍ ഭരണഘടന നിങ്ങള്‍ക്ക് ഏതു വിശ്വാസവും സ്വീകരിക്കാനും വിശ്വാസിയല്ലാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ദേശീയഗാനം നിര്‍ബ്ബന്ധമായും പാടിയിരിക്കണമെന്നുപോലും ഭരണഘടന അനുശാസിക്കുന്നില്ല. പൗരസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്ന്. 

നെഹ്രുവിയന്‍ യുഗത്തിലെ മൂല്യങ്ങളുടെ പിന്മടക്കം എന്നൊക്കെ പറഞ്ഞു പുതിയ കാലത്തിന്റെ വെല്ലുവിളികളെ കാല്പനികമായി കാണുന്നതിലൊന്നും വലിയ കഴമ്പില്ല. നെഹ്രുവിന്റെ കാലത്ത് എന്തായിരുന്നു ആദിവാസിയുടേയും ദളിതന്റേയും സ്ഥിതി? വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അവരുടെ സ്ഥാനം എവിടെയായിരുന്നു? എന്നെ ഭയപ്പെടുത്തുന്നത് നെഹ്രുവിയന്‍ കാലത്തിനു നേര്‍വിപരീതമായി എന്തെങ്കിലും നടക്കുന്നുവെന്നതല്ല, മറിച്ചു ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന സങ്കല്പം ഇല്ലാതാകുന്നതാണ്. അതു നമുക്കു നല്‍കുന്ന അവകാശങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടുന്നതിലാണ്. 
ഇന്ത്യയില്‍ ഹിന്ദുത്വവാഴ്ച സ്ഥായിയായേക്കുമെന്ന ഭീതി വളരുമ്പോഴും ഇടതുപക്ഷം തളരുന്നതാണ് ലിബറല്‍ ചിന്തകരില്‍ പലരേയും ആഹ്ലാദിപ്പിക്കുന്നത്. ഇടതുപക്ഷത്തിനു ഭാവിയില്ല എന്നതല്ല. ശക്തമായ ഇടതുപക്ഷമില്ലാതെ ഇന്ത്യയ്ക്കു ഭാവിയില്ല എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? വിണ്ടുകീറിയ പാദങ്ങളുമായി കര്‍ഷകര്‍ അവരുടെ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് ചെയ്യുന്ന കാഴ്ച നാം കണ്ടു. ആരാണ് അവരെ സംഘടിപ്പിച്ചത്? കോണ്‍ഗ്രസ്സോ ആര്‍.എസ്.എസ്സോ അല്ലായിരുന്നു. സി.പി.ഐ.എം ഉള്‍പ്പെടുന്ന ഇടതുപക്ഷമായിരുന്നു. ചെങ്കൊടികളുമേന്തിയാണ് അവര്‍ ജാഥ നടത്തിയത്. ഇന്ത്യയിലെ തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിത മേഖലയിലാണ്. ആരാണ് അവരെ സംഘടിപ്പിക്കാന്‍ പോകുന്നത്? ആരാണ് അവരെ ശബ്ദമുയര്‍ത്താന്‍ പ്രാപ്തരാക്കാന്‍ പോകുന്നത്? ഇടതുപക്ഷമല്ലാതെ മറ്റൊരു പോംവഴിയില്ല. 

നേതൃശേഷിയും പണക്കൊഴുപ്പും സഹായകമായി

ജിഗീഷ് മോഹനന്‍ 
(ഡെപ്യൂട്ടി എഡിറ്റര്‍, ദ ഹിന്ദു ബിസിനസ് ലൈന്‍, മുംബൈ)

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇരുകക്ഷി വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം രണ്ടു പ്രധാന കക്ഷികളെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള മത്സരമാണ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത് എന്ന പ്രതീതിയുണ്ടായതാണ് ഒന്നാമത്തേത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യസ്തതയൊന്നുമില്ലാത്തതാണ് രണ്ടു കക്ഷികളുമെന്നുള്ള വസ്തുത അതുവഴി മറച്ചുപിടിക്കാനായി. 

ജിഗീഷ് മോഹനന്‍ 
ജിഗീഷ് മോഹനന്‍ 

രണ്ടാമതായി തെരഞ്ഞെടുപ്പിലെ പണമൊഴുക്കും മോദിക്കുള്ള മാധ്യമ പിന്തുണയുമാണ്. ഒരു കണക്കുപ്രകാരം കോണ്‍ഗ്രസ്സിനേക്കാള്‍ 20 മടങ്ങ് കോര്‍പ്പറേറ്റ് ഫണ്ടാണ് ബി.ജെ.പിക്കു ലഭിച്ചത്. ഏപ്രില്‍ മാസത്തില്‍ മോദി സംബന്ധിച്ച 64 റാലികള്‍ക്കായി 700 മണിക്കൂര്‍ ദൃശ്യമാധ്യമങ്ങള്‍ നീക്കിവെച്ചപ്പോള്‍ രാഹുല്‍ ഗാന്ധി സംബന്ധിച്ച 65 റാലികള്‍ക്കായി 200 മണിക്കൂറാണ് ലഭിച്ചത്. 

മൂന്നാമതായി തീവ്ര ദേശീയതയാണ് മോദിയേയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയേയും കാര്യമായി സഹായിച്ചത്. അതിര്‍ത്തിക്കപ്പുറമുള്ള നമ്മുടെ ശത്രുവിനെക്കുറിച്ച് ഭയം വളര്‍ത്താനും ബാലാക്കോട്ട് ആക്രമണം പോലുള്ള നീക്കങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയെ രക്ഷിക്കാന്‍ താനും തന്റെ ഗവണ്‍മെന്റും പ്രാപ്തമാണെന്ന തോന്നലും ജനങ്ങളില്‍ ഉളവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെത്തന്നെ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍  ആര്‍.എസ്.എസ്സിന്റെ സംഘടനാ മെഷിനറിയും സാംസ്‌കാരിക ദേശീയവാദവും എന്‍.ഡി.എയ്ക്കു കാര്യമായി പ്രയോജനപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com