നമ്മള്‍ റെയിലരി വരുന്നതും കാത്ത് ക്യൂ നില്‍ക്കുന്നു: കെവി ബേബി എഴുതുന്നു

കല്ലും മണ്ണും മാറ്റി ചാണകം കലക്കിയൊഴിച്ചു മെഴുകിയാലുറപ്പിക്കാം കൊയ്ത്തുത്സവം കൊടിയേറിയെന്ന്.
നമ്മള്‍ റെയിലരി വരുന്നതും കാത്ത് ക്യൂ നില്‍ക്കുന്നു: കെവി ബേബി എഴുതുന്നു

ല്യാണിയും കൂട്ടരും കാലത്തേ വന്നു മുറ്റം അമര്‍ത്തിയടിച്ചു. കല്ലും മണ്ണും മാറ്റി ചാണകം കലക്കിയൊഴിച്ചു മെഴുകിയാലുറപ്പിക്കാം കൊയ്ത്തുത്സവം കൊടിയേറിയെന്ന്. പിന്നെ, ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത ഉത്സാഹോത്സവം! അടുത്ത ദിവസം പാടത്തു കൊയ്ത്തു തുടങ്ങും. അഞ്ചാറു പെണ്ണുങ്ങള്‍ നിരന്നുനിന്നു കൊയ്തു മുന്നേറും. അവര്‍ ഇടയ്ക്ക് എന്തോ ചില പാട്ടുകള്‍ പതുക്കെ സ്വരം താഴ്ത്തി പാടാറുണ്ട്. (അവര്‍ പാടിയത് കൊയ്ത്തുപാട്ടുകളാണുപോലും) കുട്ടികള്‍ ഞങ്ങള്‍ അവരുടെ പിമ്പേ നടന്നു കാലാ പെറുക്കും. കൊയ്യുമ്പോള്‍ അവരുടെ കൈയില്‍നിന്ന് അവരറിയാതെ ഊര്‍ന്നു വീഴുന്ന കതിരുകളാണ് കാലാ. വലിയവര്‍ കൊയ്‌തെടുത്ത കതിരുകള്‍ കൂട്ടിക്കെട്ടി മുടിയുണ്ടാക്കും. അതേ കതിരുകൊണ്ടു തീര്‍ത്ത മുടി! നെല്‍ക്കതിര്‍ മുടി! ഞങ്ങള്‍ കാലകൊണ്ടു കുഞ്ഞുപിടിത്താളു കെട്ടും. മുടികള്‍ ചേര്‍ത്തുവച്ചു കെട്ടിയുണ്ടാക്കുന്നത് കറ്റ. ഒരു കറ്റയില്‍ അഞ്ചാറേഴെട്ടു മുടികളുണ്ടാവും. കറ്റ ചുമന്നുകൊണ്ടുവന്നു മുറ്റത്തിടും. പിന്നെ മെതിക്കലും പാറ്റലും. മെതിക്കല്‍ രണ്ടു തരം. വലിയ മരത്തടിയില്‍ ആഞ്ഞുതല്ലി നെന്മണികള്‍ വേര്‍പെടുത്തും; അല്ലെങ്കില്‍ മുടിയില്‍ കയറിനിന്നു ചവിട്ടിച്ചവിട്ടി മണികള്‍ അടര്‍ത്തും. (കഥകളിക്കളരിയിലെ ചവിട്ടിയുഴിയല്‍ പോലെ! കൊയ്ത്തുകാര്‍ ആശാന്മാര്‍, മുടികള്‍ ശിഷ്യന്മാരും) കറ്റമെതി കഴിഞ്ഞാല്‍ പിന്നെ പാറ്റലായി. പാറ്റല്‍ എന്നാല്‍ കതിരും പതിരും വേര്‍തിരിക്കല്‍. മെതിച്ചു കൂട്ടിയിട്ട നെല്ല് പൊലി. ഒരാള്‍ കോരുകൊട്ടയില്‍ പൊലി നിറച്ചുയര്‍ത്തി ചരിച്ചു വീഴ്ത്തുമ്പോള്‍ ചുറ്റും നില്‍ക്കുന്ന രണ്ടുമൂന്നു പേര്‍ മുറം കൊണ്ടു വീശും. നെന്മണികള്‍ നടുക്കു വീണു കൂമ്പാരമാകും. പതിരു പറന്നകന്നു ചുറ്റും ചിതറിവീഴും. ഈ പാറ്റല്‍ കഴിഞ്ഞാല്‍ പുന്നെല്ല് പനമ്പിലിട്ടുണക്കി പത്തായത്തില്‍ കൊണ്ടുപോയിടും. 

മെതി കഴിഞ്ഞാല്‍ അവലും മലരും ഉണ്ടാക്കാറുണ്ട്. ഓട്ടുകലത്തിലിട്ടു വറുത്ത നെല്ല് ഉരലിലിട്ടു കുത്തി അവലാക്കും. വറുത്ത നെല്ല് ഉരലിലിട്ടാലുടനടി ഉലയ്ക്കകളുമായി ഉരലിനിരുവശത്തും റെഡിയായി നില്‍ക്കുന്ന കല്യാണിയും അന്നംകുട്ടിയും മാറി മാറി വേഗം വേഗം ഇടിക്കും. അവല് മുറത്തിലേക്ക്. ഉമിയും അവലും ചേറ്റി വേര്‍തിരിക്കും. മലരുണ്ടാക്കണമെങ്കില്‍ നെല്ല് കുറച്ചുനേരം കൂടി ഓട്ടുകലത്തിലിട്ടു വറുത്താല്‍ മതി. നെല്ലു പൊട്ടി താനേ മലരാകും. ഇതിന് ഇടി വേണ്ട. മലരും  ഉമിയും താനേ വേര്‍പിരിയും. പൂ പോലെയുള്ള മലര്! വലുതായപ്പോളല്ലേ അറിയുന്നത് മലരിന് പൂവെന്നും അര്‍ത്ഥമുണ്ടെന്ന്. ഓര്‍മ്മവച്ചനാള്‍ ആദ്യം അറിഞ്ഞത് നെല്ലില്‍നിന്നുണ്ടാക്കുന്ന മലര്. തേങ്ങയും ശര്‍ക്കരയും കൂട്ടിത്തിന്ന മലര്. അവലും കൊട്ടത്തേങ്ങയും നല്ല ചേര്‍ച്ച. അവലും തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു വിളയിക്കും. അവലും മലരും വെറുതെ തിന്നാനും എന്താ സ്വാദ്! കുഞ്ചന്‍നമ്പ്യാര്‍ തുള്ളലുകളിലാണ് ഏറ്റവുമധികം വര്‍ണ്ണന. അക്കൂട്ടത്തില്‍ ഭക്ഷണവിഭവങ്ങളുടെയും സദ്യകളുടെയും വര്‍ണ്ണന ഒന്നു വേറെതന്നെ. അക്കൂട്ടത്തില്‍ അവലും മലരും കൊട്ടൊത്തേങ്ങയും ശര്‍ക്കരയും... 

കൊയ്ത്തുത്സവത്തിന്റെ പ്രധാന ഭാഗമാണ് പതമ്പളക്കല്‍. കൂലിക്കാര്‍ക്ക് ന്യായമായ കൂലി നെല്ലായിത്തന്നെ കൊടുക്കല്‍. അപ്പന്‍ നെല്‍ക്കൂനയുടെ അടുത്തിരുന്നു പണിക്കാര്‍ ഇട്ടുകൊടുക്കുന്ന നെല്ല് പറയില്‍ അളക്കാന്‍ തുടങ്ങും. ഒന്ന്... ഒന്നേ... ഒന്നേ... രണ്ട്... രണ്ടേ...ല്‍ പിന്നെ വരുന്ന ഏഴാമത്തെ പറ പണിക്കാര്‍ക്ക്. ചുരുക്കിപ്പറഞ്ഞാല്‍, ഏഴിലൊന്ന് പതമ്പ്. 

നെല്ലുണക്കി പത്തായത്തില്‍ ശേഖരിക്കും. പിന്നെ ആവശ്യം പോലെയെടുത്തു ചെമ്പുകലത്തിലിട്ടു പുഴുങ്ങും. പുഴുങ്ങിയ നെല്ല് വേനല്‍ക്കാലമാണെങ്കില്‍ പനമ്പില്‍ നിരത്തിയുണക്കും. ഇടയ്ക്ക് ഒന്നു ചിക്കിക്കൊടുക്കണം. (''കാറ്റു ചിക്കിയ തെളിമണലില്‍ കാലടിയാല്‍ നീ കഥയെഴുതീ'' എന്ന ഭാസ്‌കരന്‍ മാഷിന്റെ വരികള്‍, 'അറബിക്കടലൊരു മണവാളന്‍...' എന്ന പാട്ട്. ഭാര്‍ഗ്ഗവീനിലയം. പനമ്പില്‍ കയറിനിന്ന് രണ്ടു കാലടികൊണ്ടും നെല്ല് പരത്തുന്നതാണ് ചിക്കല്‍. നമ്മുടെ കാര്‍ഷിക സംസ്‌കാരം ഭാസ്‌കരന്‍ മാഷിന്റെ രചനകളെ എത്രമാത്രം സ്വാധീനിച്ചു എന്നതിന് ഒരുദാഹരണം) പുഴുങ്ങിയുണക്കിയ നെല്ല് ആദ്യകാലത്തൊക്കെ ഉരലിലിട്ടു കുത്തി അരിയാക്കുമായിരുന്നു. പിന്നീട് മില്ലില്‍ കൊണ്ടുപോയി കുത്തിക്കാന്‍ തുടങ്ങി. 

കൊയ്ത്തുത്സവം നടക്കണമെങ്കില്‍ വിതപ്പണി നടന്നേ പറ്റൂ. വിതയ്ക്കാതെ കൊയ്ത്തില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് പാടത്തെ വിതപ്പണി ഒരുത്സവമായി തോന്നിയിട്ടില്ല. അതു പാടത്തുമാത്രം നടക്കുന്ന വെറും പണി. അപ്പനും പണിക്കാരും പാടത്ത് ഉഴുവും. അപ്പനും പണിക്കാരും വെളുപ്പിന് എഴുന്നേറ്റ് കാളകളും നുകവും കലപ്പയും മറ്റുമായി പാടത്തേക്ക്. കുട്ടികള്‍ ഞങ്ങള്‍ മാറിമാറി കഞ്ഞി കൊണ്ടുപോയി കൊടുക്കും. ഇത്തിരി നേരം വൈകിയാല്‍, വഴക്കു പറയും. ദേഷ്യപ്പെടും. ഒരു തവണ, ഒരു തവണ മാത്രം അപ്പന്‍ എന്നെ ഉഴവു പഠിപ്പിക്കാന്‍ നോക്കി. എന്റെ കൈ കലപ്പയില്‍ പിടിപ്പിച്ച്, കരി ചാലിലുറപ്പിച്ച് അങ്ങനെ... അങ്ങനെ... പക്ഷേ, അപ്പന്‍ കൈ വിട്ടാലുടനെ കരി ചാലില്‍നിന്നു തെറ്റുകയായി. നീ ഒരിക്കലും ശരിയാവില്ല. അന്നേ ഞാന്‍ ആ പാടത്തുനിന്നു പുറത്താക്കപ്പെട്ടു. (പില്‍ക്കാലത്ത് ഇത് പ്രമേയമാക്കി രണ്ടു കവിതകള്‍ എനിക്കുണ്ടായി: അ-ഗതി, സ-ഗതി)

വിതയ്ക്കാന്‍ വിത്തുവേണം. വിത്തു മുളപ്പിച്ചെടുക്കണം. നെല്ല് പന്ത്രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടുവച്ച് കുതിര്‍ത്തെടുക്കും. പിന്നെ, അത് വെള്ളം വാര്‍ന്നുപോകുന്ന കൊട്ടയില്‍ ഇട്ട് അല്ലെങ്കില്‍ മൂലയില്‍ കൂനയാക്കി, മേലേ നനച്ച ചാക്കിട്ട് മൂടി മുകളില്‍ ചെറിയ ഭാരം കയറ്റിവയ്ക്കും. ഒരു ദിവസം കഴിയുമ്പോള്‍ വിത്തുകള്‍ മുളയ്ക്കും. ഇനി ഇത് ഉഴുതൊരുക്കിയ പാടത്ത് വിതയ്ക്കയേ വേണ്ടൂ. വിത മൂന്നു തരം: പൊടിയില്‍ വിത, വെള്ളത്തില്‍ വിത, ഞാറുനടല്‍. ഞാറു നടുന്നതിനു ആദ്യം കണ്ടത്തില്‍ വിത്തു വിതച്ചു ഞാറുണ്ടാക്കി ഞാറു പറിച്ചെടുത്തു നടണം. വീടിന്റെ മുന്‍വശത്തുള്ള സ്ഥലത്തു മഴക്കാലത്തു ഞാറു നട്ടു മുളപ്പിച്ചു പറിച്ചെടുത്തു പാടത്തു കൊണ്ടുപോയി നടും. ഞാറു മുളപ്പിച്ചെടുക്കുന്ന കണ്ടം തേമാലിക്കണ്ടം. എനിക്ക് നെല്‍ക്കൃഷിയുടെ എ,ബി,സി,ഡി അറിയില്ല. എങ്കിലും അപ്പനും പണിക്കാരും തമ്മില്‍ നടന്ന വര്‍ത്തമാനത്തില്‍നിന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചില കൃഷിക്കണികകള്‍: വിരിപ്പുകൃഷി, മുണ്ടകന്‍ കൃഷി, പുഞ്ചകൃഷി... കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത്, മിഥുനക്കൊയ്ത്ത്...

ഇക്കാലത്ത് കേരളത്തില്‍ നെല്‍ക്കൃഷി മിക്കവാറും അസ്തമിച്ചു കഴിഞ്ഞു. കൃഷി ചെയ്യുന്നവര്‍ക്കാകട്ടെ, കനത്ത നഷ്ടവും. എങ്കിലും, എന്റെ ഉള്ളിലുള്ള കുട്ടിക്കാലം എന്നെക്കൊണ്ട് 'അരിപ്പാട്ട്' എന്നൊരു കവിത എഴുതിച്ചു. നമ്മുടെ നാട്ടില്‍ നെല്‍ക്കൃഷി മിക്കവാറും ഇല്ലാതായി. നമ്മള്‍ അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, റെയിലരി വരുന്നതും കാത്തു ക്യൂ നില്‍ക്കുന്നു. ഇനി അതിവിദൂര ഭാവിയില്‍ ഇന്ത്യയില്‍നിന്നേ നെല്‍ക്കൃഷി അപ്രത്യക്ഷമായാല്‍ നാം മറ്റു രാജ്യങ്ങളില്‍നിന്നു കപ്പലരി വരുന്നതും കാത്തു തുറമുഖത്തു ക്യൂ നിന്നേക്കാം. അങ്ങനെയൊരു 'നല്ല' കാലം വരല്ലേ വരല്ലേ വരല്ലേയെന്നു പ്രാര്‍ത്ഥിക്കാം.

ഇതെഴുതിക്കഴിഞ്ഞു, ഞാന്‍ കാല്‍ നൂറ്റാണ്ടു മുന്‍പ് (ഇരുപത്തഞ്ചു കൊല്ലം മുന്‍പ് എന്നു പറഞ്ഞാല്‍, ശക്തി പോരാ) കുറിച്ച 'കൊയ്ത്തുത്സവം' എന്ന ബാലകവിത ഓര്‍മ്മയിലെത്തുന്നു: 
കൊയ്ത്തുത്സവമിന്നു കൊടിയേറി
കുട്ടനതുകണ്ടുത്സാഹമേറി.
അടിവച്ചുകൊയ്ത്തുകാരോടൊത്തവന്‍
പാടത്തെത്തിപ്പുകില്‍ കണ്ടുനിന്നൂ; കേട്ടുനിന്നൂ.
ചൊടികളില്‍ കൊയ്ത്തിന്റെ പാട്ടുമീട്ടി
കൈകളില്‍ കൊയ്ത്തരിവാളു നീട്ടി
പത്തു പെണ്ണുങ്ങളരിഞ്ഞടുക്കി
യൊത്തു കേറുന്നതു കണ്ടുനിന്നൂ; കേട്ടുനിന്നൂ.
പാറിപ്പറന്നിങ്ങടുത്തടുത്ത്
പാടിമയക്കിപ്പറന്നു താഴ്ന്ന്
കൊത്തിപ്പറന്നു കളിയാക്കിടും
കൊച്ചു കിളികളെക്കണ്ടു നിന്നൂ; കേട്ടു നിന്നൂ.
കണ്ടും കേട്ടും രസം പിടിച്ചു
കണ്ടത്തിലേയ്ക്കടി വെച്ചിറങ്ങി.
കൊയ്തു മുന്നേറുന്നതിന്റെ പിമ്പേ
കാലാ പെറുക്കി നടന്നു മെല്ലെ.
വലിയവര്‍ കൊയ്തു വലിയ കറ്റ
തലയിലെടുത്തു നടന്നിടുമ്പോള്‍
കാലാകൊണ്ടു പിടിത്താളുകെട്ടി
കൈയിലെടുത്തവന്‍ തലയുയര്‍ത്തീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com