നവോത്ഥാനത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് എന്ത് പങ്കാണുള്ളത്: സമൂഹത്തിലുണ്ടായ നവോത്ഥാനത്തെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്ന് ഒ രാജഗോപാല്‍

നവോത്ഥാനത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് എന്ത് പങ്കാണുള്ളത്? ഇവര്‍ എതിര്‍ക്കുകയും പുച്ഛിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ആള്‍ക്കാരാണ് നവോത്ഥാനമുണ്ടാക്കിയത്.
നവോത്ഥാനത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് എന്ത് പങ്കാണുള്ളത്: സമൂഹത്തിലുണ്ടായ നവോത്ഥാനത്തെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്ന് ഒ രാജഗോപാല്‍

വോത്ഥാനത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് എന്ത് പങ്കാണുള്ളത്? ഇവര്‍ എതിര്‍ക്കുകയും പുച്ഛിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ആള്‍ക്കാരാണ് നവോത്ഥാനമുണ്ടാക്കിയത്. ചട്ടമ്പി സ്വാമികളെക്കുറിച്ചൊന്നും ഒരുകാലത്തും ഇവര്‍ മിണ്ടിയിട്ടേയില്ല. കേരളീയ സമൂഹത്തിലുണ്ടായ നവോത്ഥാനത്തെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഇവര്‍ അവസരവാദപരമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയമായി ഇപ്പോഴാണ് അവര്‍ക്ക് അതാവശ്യം വന്നതും

അയോധ്യ വിഷയം ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് ഉണ്ടാക്കിയ കുതിച്ചുചാട്ടംപോലെ ശബരിമല വിഷയം കേരളത്തിലും പാര്‍ട്ടിക്ക് കുതിച്ചുചാട്ടം നല്‍കുമെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. ''പള്ളി പൊളിച്ചവരെന്നും വര്‍ഗ്ഗീയവാദികളെന്നുമൊക്കെ കമ്യൂണിസ്റ്റുകാര്‍ അടക്കമുള്ളവര്‍ ആക്ഷേപിച്ചെങ്കിലും അയോധ്യ ബി.ജെ.പിക്ക് വലിയ ഒരു കുതിച്ചുചാട്ടത്തിനു കാരണമായി. അതേപോലെ സംഭവിക്കാന്‍ പോവുകയാണ് ശബരിമലയിലും. അവിടെ അയോധ്യയാണെങ്കില്‍ ഇവിടെ ശബരിമല''' -അദ്ദേഹം പറയുന്നു. എന്നാല്‍, ശബരിമലയിലെ ഇടപെടല്‍ ബി.ജെ.പിക്ക് കേരളത്തില്‍ ലോക്സഭാ സീറ്റുകളായി മാറുമോ എന്ന ചോദ്യത്തിന്, അങ്ങനെതന്നെ ആകണമെന്നില്ല എന്നാണ് മറുപടി. ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാതിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിന്റെ ഒരു ഭാഗം കോണ്‍ഗ്രസ്സിനും കിട്ടും. എന്‍.എസ്.എസ്-ബി.ജെ.പി അനുകൂല നിലപാടിലേയ്ക്ക് വരികയല്ല ചെയ്തത്; അവര്‍ നിലപാടു മാറ്റിയപ്പോള്‍ അത് മുന്‍പേതന്നെ ബി.ജെ.പി സ്വീകരിച്ചിരുന്ന നിലപാടായി മാറി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നുതന്നെ ബി.ജെ.പിയും കരുതുന്നത് എന്തുകൊണ്ടാണ്?
തീര്‍ച്ചയായും നിര്‍ണ്ണായകമാണ്. നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ അഞ്ചു കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അനുകൂലമായും പ്രതികൂലമായും നന്നായും ദോഷകരമായും എന്തൊക്കെ സംഭവിച്ചു, നേട്ടമുണ്ടായിട്ടുണ്ടോ, പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. രാഷ്ട്രീയ സംവാദം ആവശ്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ച അടിസ്ഥാന സങ്കല്പം തന്നെ ജനങ്ങളെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കലാണല്ലോ. സാധാരണ നിലയില്‍ ജനങ്ങള്‍ അവരുടെ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കും. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് വിഷയങ്ങളെ സംബന്ധിച്ച് കുറേക്കൂടി ശ്രദ്ധ ചെലുത്തുന്നത്. നമുക്ക് ഏതെങ്കിലും മണ്ഡലത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ ഉള്ളുവെങ്കില്‍പ്പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ദീന്‍ദയാല്‍ജി പറയാറുണ്ടായിരുന്നു: ''ജയിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ബേജാറാകേണ്ടതില്ല. നമ്മുടെ ആശയങ്ങള്‍ ജനങ്ങളോടു പറയാനും പരിചയപ്പെടുത്താനും അത് ഉപകരിക്കും.'' അതുകൊണ്ട് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. മോദി ഗവണ്‍മെന്റിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടല്ലോ. പ്രതിപക്ഷം ഈ ഗവണ്‍മെന്റിനെ ഒരു വിപത്തായാണ് കാണുന്നത്. ഇവിടെ നിലനിന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ന്നു, രാജ്യം പിന്നോട്ടു പോവുകയാണ് എന്ന ആശങ്കകള്‍ പ്രകടിപ്പിക്കുന്ന എതിരാളികള്‍ക്ക് ഞങ്ങളോടു സ്വാഭാവികമായും വിരോധമുണ്ട്. അവരുടെ വാദങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. കാരണം, ഞങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പലതും ജനങ്ങള്‍ അറിയുന്നില്ല. പോസിറ്റീവായി ചെയ്യുന്നത് വാര്‍ത്തയാകുന്നില്ല, നെഗറ്റീവായതേ വാര്‍ത്തയാകുന്നുള്ളു. അതുകൊണ്ട് ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ ജനങ്ങളോടു പറയണം. അതു ചര്‍ച്ചയ്ക്ക് വഴിവയ്ക്കാന്‍ ഈ തെരഞ്ഞെടുപ്പ് കാരണമാകും. കുറഞ്ഞപക്ഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെങ്കിലും കാര്യങ്ങള്‍ മനസ്സിലാകുമല്ലോ. 

തട്ടിക്കൂട്ടലല്ലാതെ, ഒരു ആദര്‍ശവും സംഘടനാ വ്യവസ്ഥയും നേതൃനിരയുമുള്ള, രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സംഘടനാ സംവിധാനമുള്ള രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദി എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണുന്നു.

അഞ്ച് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എത്രത്തോളം ആത്മാര്‍ത്ഥമായി വോട്ടു ചോദിക്കാന്‍ കഴിയും. ഈ ഗവണ്‍മെന്റ് വലിയ പരാജയമാണെന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലേ?
മോദി ഗവണ്‍മെന്റിന്റെ പേരില്‍ ജനങ്ങളെ സമീപിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല. കാരണം, നിരവധി കാര്യങ്ങള്‍ ഈ ഗവണ്‍മെന്റ് രാജ്യത്തിനുവേണ്ടി ചെയ്തു. എന്നാല്‍, അതെല്ലാം ജനങ്ങളില്‍ എത്തിയിട്ടില്ല. ഞങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ എന്തായിരുന്നു വിവിധ മേഖലകളില്‍ ഇവിടുത്തെ സ്ഥിതി? ഇപ്പോളെന്താണ് സ്ഥിതി? ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തെക്കുറിച്ചു മതിപ്പ് വര്‍ധിച്ചിട്ടുണ്ടോ, കുറഞ്ഞിട്ടുണ്ടോ ഈ ചോദ്യങ്ങള്‍ ചോദിക്കും, ഉത്തരം പറയും. അതില്‍ ഒട്ടും വേവലാതിയില്ല. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി പോലുള്ള കാര്യങ്ങള്‍ ഉന്നയിച്ച് നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കും, ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് യാതൊരു ഭയവുമില്ല. നോട്ട് അസാധുവാക്കല്‍ ഒരു മഹാദുരന്തമായി എന്നാണ് പലരും പറയുന്നത്. നമ്മുടെ എതിരാളികള്‍ മുഴുവന്‍ വ്യാപകമായി അങ്ങനെയാണ് പ്രചരിപ്പിക്കുന്നത്. കൈയിലുള്ള നോട്ടിനു പെട്ടെന്നു വിലയില്ലാതായ സാധാരണക്കാര്‍ക്ക് അതു വേഗം മനസ്സിലാകും. ഒരു അന്തരാള ഘട്ടമായിരുന്നു അത്. ഒരു സംവിധാനത്തില്‍നിന്നു വേറൊന്നിലേക്കു മാറുമ്പോഴുള്ള പ്രത്യേക സ്ഥിതി. അതില്‍ കുറേ വിഷമമുണ്ടായി, അതിന്റെ പേരില്‍ അവര്‍ക്ക് തെറ്റിദ്ധാരണകളുണ്ട്, ശരിയാണ്. പക്ഷേ, ആ നടപടികളുടെ പ്രയോജനം, അതിലെ ദീര്‍ഘദൃഷ്ടി, അതുണ്ടാക്കിയ ഗുണങ്ങള്‍ എന്നിവയൊക്കെ തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാണ്. അതു ജനങ്ങളോട് വിശദീകരിക്കാന്‍ സാധിക്കും. ഒരു ഭയവും വേണ്ട. ആദ്യം വിഷമമുണ്ടായെങ്കിലും ഇപ്പോള്‍ അതൊക്കെ മറികടന്നിരിക്കുന്നു. ഭൂമിയുടെ വില കുറഞ്ഞത്, സാധാരണക്കാര്‍ക്കു വീടുവയ്ക്കാനും മറ്റും ഭൂമി വാങ്ങാന്‍ സാധിക്കുന്നത്, കള്ളപ്പണക്കാര്‍ ഭൂമിക്ക് കൃത്രിമമായി വില ഉയര്‍ത്തിയിരുന്ന സ്ഥിതി അവസാനിച്ചത്, വരുമാന നികുതി നല്‍കുന്നവരുടെ എണ്ണം കുത്തനേ കൂടിയത് ഇതൊക്കെ മാറ്റത്തിന്റെ വളരെ പ്രകടമായ തെളിവുകളാണ്. സമ്പദ്ഘടനയെ ഗുണപരമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചു.

ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന വിശാല സഖ്യത്തെ എങ്ങനെ കാണുന്നു?
അവരൊരു ശ്രമമൊക്കെ നടത്തിക്കോട്ടെ. മുങ്ങിച്ചാകാന്‍ പോകുന്നവര്‍ കിട്ടുന്ന തുമ്പില്‍ പിടിക്കാറില്ലേ. ആ നിലയ്ക്ക് അതിനെ കണ്ടാല്‍ മതി. ഞങ്ങള്‍ വളരെ സുസംഘടിതമായി, വ്യക്തമായ കാഴ്ചപ്പാടോടുകൂടി വ്യവസ്ഥാപിതമായ രീതിയില്‍ സംഘടന കെട്ടിപ്പടുത്ത് കൊല്ലങ്ങള്‍കൊണ്ട് വികസിപ്പിച്ച പാര്‍ട്ടിയാണ്. ആ നിലയ്ക്ക് കേഡര്‍ സംവിധാനവും പരിപാടികളുമുള്ള രണ്ട് പാര്‍ട്ടികളേ ഇന്ത്യയിലുള്ളു. ഒന്ന് ബി.ജെ.പി, രണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടി. കോണ്‍ഗ്രസ്സ് ഒരു ആള്‍ക്കൂട്ടമാണ്. പ്രിയങ്കാ ഗാന്ധി മുടിയൊക്കെ കാണിച്ചു നല്ല സാരിയൊക്കെ ഉടുത്ത് ആള്‍ക്കാരുടെ മുന്നിലേക്കു വന്നാലുടന്‍ ഓ, എന്നു വിളിച്ച് അവര്‍ ബഹളം വയ്ക്കും. അതുകൊണ്ടെന്തു കാര്യം. കൃത്യമായ നേതൃത്വവും കേഡര്‍ സംവിധാനവും പരിപാടികളും ഇല്ലാതെ എന്തു കാര്യം. ബി.ജെ.പിയെപ്പോലെതന്നെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കേഡര്‍ സംവിധാനവും ഐഡിയോളജിയുമുണ്ട്. പക്ഷേ, അവര്‍ കീഴ്പോട്ടു പോകും. കാരണം അവരുടെ ഐഡിയോളജി ഈ രാജ്യത്തിന്റെ സംസ്‌കാരവുമായി യോജിച്ചു പോകുന്നതല്ല. അവര്‍ ഈശ്വരവിശ്വാസമുള്ള ആളുകളല്ലല്ലോ. വ്യക്തിപരമായി ചില ആളുകളൊക്കെ വിശ്വസിക്കുന്നുണ്ടാകും. പക്ഷേ, ആശയപരമായി അവര്‍ വിശ്വാസികളല്ല. അത് ഈ നാട് സ്വീകരിക്കുമോ, ഈ നാടിന്റെ സംസ്‌കാരത്തിനു യോജിച്ചതാണോ. അസത്യത്തിന്റെ മുകളില്‍ കെട്ടിപ്പടുക്കുന്ന എന്തും തകര്‍ന്നുപോകും. 

വിശ്വാസികളല്ല എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം തകരുമോ. അവര്‍ പറയുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കാനാകുമോ?
അതുകൊണ്ടു മാത്രമല്ല. വൈദേശികമായ ആശയങ്ങളുടെ സ്വാധീനത്തില്‍ കേവലം ഭൗതികതയെ മാത്രം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് കമ്യൂണിസ്റ്റു പാര്‍ട്ടി. ഭൗതികത വേണ്ട എന്നല്ല. മനുഷ്യന് ശരീരമുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്, ആത്മാവുണ്ട്. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ ഭൗതികതയെ മാത്രമാണ് അംഗീകരിക്കുന്നത്. മനുഷ്യനെന്നാല്‍ വയര്‍ മാത്രമല്ലല്ലോ. കണ്ണും മൂക്കും ചെവിയും ആത്മാവുമൊക്കെയില്ലേ. ഇതിനെയെല്ലാം പരിഗണിക്കുന്ന സമഗ്ര സമീപനമാണ് വേണ്ടത്. അപ്പോഴാണ് മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുക. കമ്യൂണിസ്റ്റുകാര്‍ക്ക് ആധ്യാത്മികത അസംബന്ധമാണ്, അശാസ്ത്രീയമാണ്. 

പിന്നെ, അവര്‍ പറയുന്ന രാഷ്ട്രീയത്തിന്റെ കാര്യം. നവോത്ഥാനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചര്‍ച്ചകള്‍തന്നെ എടുക്കാം. നവോത്ഥാനത്തില്‍ ഇവര്‍ക്കെന്തു പങ്കാണുള്ളത്. ഇവര്‍ എതിര്‍ക്കുകയും പുച്ഛിച്ചു തള്ളാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ആളുകളാണ് നവോത്ഥാനമുണ്ടാക്കിയത്. കേരളത്തില്‍ നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത പ്രധാനികളിലൊരാള്‍ ശ്രീനാരായണഗുരുവാണ്. അവര്‍ ഗുരുവിനെ അംഗീകരിച്ചിരുന്നില്ല. ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇഎംഎസ് നമ്പൂതിരിപ്പാട് സ്വീകരിച്ച നിലപാട് ഞാനോര്‍ക്കുകയാണ്. ഗുരുവിന്റെ നവോത്ഥാന ശ്രമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമായിരുന്നു 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ. അതിന്റെ നൂറാം വാര്‍ഷികമായിരുന്നു 1988-ല്‍. കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കിയ മഹാസംഭവത്തിന്റെ വാര്‍ഷികമാണ്. ആ ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ. അദ്വാനിയും വന്നു. നമ്പൂതിരിപ്പാട് വന്നില്ല. മാത്രമല്ല, അന്നേ ദിവസം, അതായത് ഫെബ്രുവരി 28-ന് ദേശാഭിമാനിയില്‍ അദ്ദേഹം ലേഖനം എഴുതി: ''ഗാന്ധിജിയും ശ്രീനാരായണഗുരുവും പ്രതിനിധാനം ചെയ്തിരുന്ന ആശയങ്ങള്‍ക്ക് അവര്‍ ജീവിച്ചിരുന്ന കാലത്ത് പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ആ ആശയങ്ങള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവം കൈവന്നിരിക്കുന്നു'' എന്നാണ് ആ ലേഖനത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ നവോത്ഥാനം പറയുന്നതും ഗുരുവിനെ ഉയര്‍ത്തിക്കാട്ടുന്നതും. ചട്ടമ്പിസ്വാമികളെക്കുറിച്ചൊന്നും ഒരുകാലത്തും ഇവര്‍ മിണ്ടിയിട്ടേയില്ല. അതായത് കേരളീയ സമൂഹത്തില്‍ ഉണ്ടായ നവോത്ഥാനത്തെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഇവര്‍ അവസരവാദപരമായി ഇപ്പോള്‍ ഉപയോഗിക്കുകയാണ്. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശ വിളംബരം എന്ന മഹാസംഭവത്തെ ഒരിക്കലും ആഘോഷിക്കാത്തവര്‍ എണ്‍പത്തിയെട്ടു കൊല്ലം കഴിഞ്ഞാണ് ആഘോഷിച്ചത്. രാഷ്ട്രീയമായി ഇപ്പോഴാണ് അവര്‍ക്ക് ആവശ്യം വന്നത്. അതാണ് കാര്യം. 

ശബരിമല വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്രത്തോളം നേട്ടമുണ്ടാകും?
ബി.ജെ.പിക്ക് കേരളത്തില്‍ കുറേ കൊല്ലങ്ങളായി സ്റ്റെഡിയായ വളര്‍ച്ചയാണുള്ളത്. ഈ വളര്‍ച്ച ഇനിയും ശക്തിപ്പെടും. കമ്യൂണിസ്റ്റുകാരുടേയും കോണ്‍ഗ്രസ്സുകാരുടേയും ആശയങ്ങള്‍ നടപ്പാക്കാന്‍ രണ്ടു കൂട്ടര്‍ക്കും മുപ്പതു കൊല്ലം വീതം ഭരിക്കാന്‍ കിട്ടി. പാവങ്ങള്‍ക്കുവേണ്ടി അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളൊക്കെ നടപ്പാക്കാമായിരുന്നു. പക്ഷേ, ഒന്നും ചെയ്തില്ല. സംസ്ഥാനത്തിനു സാമ്പത്തിക പുരോഗതിയുണ്ടാക്കുന്നതിലുള്‍പ്പെടെ അവര്‍ പരാജയപ്പെട്ടു. നമ്മളിപ്പോള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് മദ്യപാനത്തിലാണ്. അവര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളില്‍ ജനങ്ങള്‍ നിരാശരാണ്. അപ്പോഴാണ് ബി.ജെ.പി വരുന്നത്. ഞങ്ങളെ അവര്‍ വര്‍ഗ്ഗീയവാദികളെന്നും പിന്തിരിപ്പന്മാര്‍ എന്നും വിളിക്കുന്നു. പക്ഷേ, കേരളത്തില്‍ വളര്‍ന്നുവരുന്ന ഏതെങ്കിലും ആശയം ഉണ്ടെങ്കില്‍ അത് ബി.ജെ.പിയുടേത് മാത്രമാണ്. ഞങ്ങള്‍ ദേശീയത എന്നു കാണുന്നതിനെ അവര്‍ വര്‍ഗ്ഗീയത എന്നു വിളിക്കുന്നു. 
ഞങ്ങള്‍ മുന്നോട്ടു പോകുന്നു. ഇപ്പോള്‍ നടക്കുന്ന ചില സംഭവങ്ങള്‍ പ്രത്യേകിച്ചും ബി.ജെ.പിക്ക് കേരളത്തില്‍ ഗുണകരമാവുക തന്നെ ചെയ്യും. അയോധ്യാ സംഭവം ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് ഉണ്ടാക്കിയ വളര്‍ച്ച ഒരു ഉദാഹരണമാണ്. പള്ളി പൊളിച്ചവരെന്നും വര്‍ഗ്ഗീയവാദികളെന്നുമൊക്കെ കമ്യൂണിസ്റ്റുകാര്‍ അടക്കമുള്ളവര്‍ ആക്ഷേപിച്ചെങ്കിലും ആ സംഭവം ബി.ജെ.പിക്ക് വലിയ ഒരു കുതിച്ചു ചാട്ടത്തിനു കാരണമായി. അതേപോലെ സംഭവിക്കാന്‍ പോവുകയാണ് ശബരിമലയിലും. അവിടെ അയോധ്യയാണെങ്കില്‍ ഇവിടെ ശബരിമല. 

ശബരിമലയുടെ പേരില്‍ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കേരളത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമായി മാറും എന്നാണോ?
ഞങ്ങള്‍ വാസ്തവത്തില്‍ ആ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്തിട്ടില്ല. ശബരിമലയില്‍ സമരം ചെയ്യാന്‍ പാടില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ ഞങ്ങള്‍ സ്വീകരിച്ചത്. രാഷ്ട്രീയമായി ഈ ഗവണ്‍മെന്റ് എടുത്ത നിലപാടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലാണ് ഞങ്ങള്‍ സമരം ചെയ്തത്. സന്നിധാനത്തും പമ്പയിലുമൊക്കെ സമരം ചെയ്തത് ബി.ജെ.പിയല്ല; തീര്‍ച്ചയായിട്ടും അല്ല. ഞങ്ങള്‍ വളരെ ബോധപൂര്‍വ്വം സമരം ചെയ്തത് പത്തനംതിട്ടയിലാണ്. ഭക്തന്മാര്‍ പോകും. രഹ്നാ ഫാത്തിമയെയൊക്കെ പൊലീസ് അകമ്പടിയോടുകൂടി കൊണ്ടുപോകുമ്പോള്‍ അവര്‍ പ്രതിഷേധിക്കും. അപ്പോള്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും. പണ്ട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറഞ്ഞതുപോലെ ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെയൊക്കെ ആര്‍.എസ്.എസ്സുകാരാക്കി മുദ്രകുത്തുകയാണ് ചെയ്തത്. 

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സ്ത്രീതുല്യതയുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റുകയല്ലേ സര്‍ക്കാര്‍ ചെയ്തത്. അത് അനുവദിക്കാതിരിക്കുന്നത് ആരായാലും പിന്തുണക്കാന്‍ പറ്റുമോ?
ഡല്‍ഹിയിലുള്ള ചില വക്കീലന്മാരാണ് സുപ്രീംകോടതിയില്‍ കേസ് കൊടുത്തത്. അവര്‍ക്കാര്‍ക്കും ശബരിമലയിലെ ആചാരം എന്താണെന്ന് അറിയില്ല, അതില്‍ വിശ്വാസമുള്ളവരല്ല. അവരുടെ ദൃഷ്ടിയില്‍ ഇവിടെയൊരു ലിംഗപരമായ അനീതിയുണ്ട്, സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നില്ല എന്നാണ് മനസ്സിലാക്കിയത്. യു.ഡി.എഫ് ഗവണ്‍മെന്റ് അന്ന് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് ഇത് അനീതിയല്ലെന്നും അവിടെ പുരാതനകാലം മുതല്‍ നിലനില്‍ക്കുന്ന ആചാരമാണ് എന്നുമാണ്. കേരളത്തില്‍ നിരവധി അയ്യപ്പ ക്ഷേത്രങ്ങളുണ്ടെങ്കിലും അവിടെയൊന്നും ഈ പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് ഋതുമതികളായിരിക്കുന്ന പ്രായത്തില്‍ പോകാന്‍ പാടില്ല എന്നത് ഇവിടെ പ്രതിഷ്ഠാ സമയത്തെ സങ്കല്പമാണ്. ഒരു പ്രായ പരിധിയിലുള്ളവര്‍ പോകാന്‍ പാടില്ല. അത് സ്ത്രീകള്‍ക്കെതിരല്ല. ഒരു ആചാരമാണ്. എല്ലാ സമുദായങ്ങളിലും അവരവരുടെ ആചാരങ്ങളുണ്ട്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ സത്യവാങ്മൂലം മാറ്റിക്കൊടുത്തു. വാദി എന്താണോ പറയുന്നത് അതുതന്നെയായി സര്‍ക്കാരിന്റെയും നിലപാട്. അവിടെ ലിംഗപരമായ അനീതിയുണ്ട് എന്നായി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ അംഗമായ ഇന്ദു മല്‍ഹോത്ര അതിനെതിരായ നിലപാടാണല്ലോ വിധിയില്‍ സ്വീകരിച്ചത്. മറ്റുള്ളവര്‍ക്ക് ശബരിമലയിലെ ആചാരം അറിയില്ല. അവര്‍ ധരിച്ചിട്ടുള്ളത് ഇവിടെ സ്ത്രീകള്‍ക്കെതിരായ ആചാരം നിലനില്‍ക്കുന്നു എന്നാണ്. ഓരോ സ്ഥലത്തും ഓരോ ആചാരമുണ്ട്. അതുകൊണ്ടാണ് വിധി റിവ്യൂ ചെയ്യണമെന്ന് പറയുന്നത്. സാധാരണയില്‍നിന്നു വ്യത്യസ്തമായി തുറന്ന കോടതിയില്‍ത്തന്നെ കേള്‍ക്കുകയും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയുമാണല്ലോ. തീര്‍ച്ചയായും അനുകൂലമാകും എന്നാണ് പ്രതീക്ഷ.

ശബരിമല വിഷയത്തിലെ ഇടപെടല്‍ ബി.ജെ.പിക്ക് കേരളത്തില്‍ ലോക്സഭാ സീറ്റുകളായി മാറുമോ?
അങ്ങനെതന്നെ ആകണമെന്നില്ല. പക്ഷേ, വലിയ തോതില്‍ ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ ശ്രദ്ധയുണ്ടാക്കാന്‍ സാധിച്ചു. അവിടെ കുഴപ്പങ്ങളുണ്ടാക്കിയത് ഞങ്ങളല്ലാതിരുന്നിട്ടുകൂടി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേരിലാണ് കേസുകള്‍. വിശ്വാസികളായ ഭക്തന്മാരാണ് തടഞ്ഞത്. അത് നമ്മുടെ പരിപാടിയല്ല. ഭക്തന്മാര്‍ തടഞ്ഞപ്പോള്‍ അവരെയൊക്കെ ആര്‍.എസ്.എസ് എന്ന് മുദ്രകുത്തി. 721 കേസുകളാണുള്ളത്. ആയിരക്കണക്കിന് ആളുകളെ പ്രതിചേര്‍ത്തു; ശരണമയ്യപ്പാ എന്നു ശരണം വിളിച്ചതിനാണത്. സ്വാഭാവികമായി ബി.ജെ.പിയുടെ നിലപാടിനു കൂടുതല്‍ അംഗീകാരം സാധാരണ നിലയ്ക്ക് വര്‍ധിച്ചുവരുന്നു. അതില്‍ ഒരു കുതിച്ചുചാട്ടത്തിന് ഈ വിഷയം കാരണമാകും.

അത് സി.പി.എമ്മിനും ഇടതുമുന്നണിക്കും എതിരായി മാറും എന്നാണോ വിലയിരുത്തുന്നത്?
അവര്‍ക്കാണ് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്. നേട്ടത്തിന്റെ ഒരു ഭാഗം കോണ്‍ഗ്രസ്സിനും ലഭിക്കും. കോണ്‍ഗ്രസ്സ് പറയുന്നത് ഞങ്ങള്‍ വിശ്വാസികളുടെ കൂടെയാണ് എന്നാണ്. പക്ഷേ, ഒരു കാര്യവും ചെയ്തിട്ടില്ല. ഇസ്തിരിയിട്ട കുപ്പായം അനങ്ങിയിട്ടില്ല. തല്ലുകൊണ്ടതും ചീത്തപ്പേര് കേട്ടതും കോടതിയില്‍ കേസുകളുമായി കയറിയിറങ്ങുന്നതും ബി.ജെ.പിക്കാരാണ്. ജനങ്ങളറിയുന്നുണ്ടല്ലോ ഇത്. എങ്കിലും അവിശ്വാസിയല്ലല്ലോ എന്ന പരിഗണനയില്‍ കുറച്ച് ആനുകൂല്യം അവര്‍ക്കും കിട്ടും, കിട്ടിയേക്കും. പക്ഷേ, വലിയ തോതില്‍ വോട്ടര്‍മാരുടെ ഇടയിലുള്ള പ്രതികരണം നമുക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്‍.എസ്.എസ്സിനെപ്പോലെ പ്രധാനപ്പെട്ട ഒരു സമുദായ സംഘടനയുടെ സമദൂര നയം മാറ്റിവച്ച് ശബരിമല വിഷയത്തോടെ ബി.ജെ.പി അനുകൂല നിലപാടിലേക്ക് വന്നിരിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഏതുവിധമാകും പ്രതിഫലിക്കുക?
എന്‍.എസ്.എസ്, ബി.ജെ.പി അനുകൂല നിലപാടിലേക്ക് വരികയല്ല ചെയ്തത്. അവര്‍ നിലപാട് മാറ്റി. ആ മാറിയ നിലപാട് ബി.ജെ.പി മുന്‍പേ സ്വീകരിച്ചിരുന്നതുതന്നെയാണ്. അതാണ് കാര്യം. ബി.ജെ.പിയുമായി അവര്‍ക്ക് കച്ചവടമോ സീറ്റ് പങ്കിടലോ പരസ്പര ധാരണയോ ഒന്നുമില്ല. ശബരില വിഷയം കണ്ണുതുറപ്പിച്ചതിന്റെ ഏറ്റവും പോസിറ്റീവ് ഉദാഹണമാണിത്. സമദൂരമായിരുന്നു അവരുടേത്. പല ആളുകളേയും സഹായിച്ചിട്ടുണ്ട്. ഇന്ന് ഹിന്ദു സമൂഹം മുഴുവന്‍ അനുഭവിക്കുന്ന അനീതി കണ്ടാണ് അവര്‍ നിലപാട് മാറ്റിയത്. ആ മാറ്റം ബി.ജെ.പി നിലപാടിന് അനുകൂലമായി വന്നു. അതിന്റെ നേട്ടം ഞങ്ങള്‍ക്കു ലഭിക്കും. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ ഉണ്ടായിട്ടുള്ള വലിയ കുതിച്ചുചാട്ടത്തില്‍ ഇതും ഘടകമായിട്ടുണ്ട്

കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും തമ്മില്‍ ഒരുതരം ഈഗോ ക്ലാഷ് നിലനില്‍ക്കുന്നുണ്ടോ. അതാണോ ഇവിടെ ബി.ജെ.പിയെ മിക്കപ്പോഴും പിന്നോട്ടടിക്കുന്നത്?
ഇതുവരെ ഞങ്ങളെക്കുറിച്ചു പറഞ്ഞിരുന്ന ആരോപണം ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ മുഖമാണ് ബി.ജെ.പി എന്നായിരുന്നു. ഇപ്പോള്‍ ആരോപിക്കുന്നത് ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷാണെന്നാണ്. നേരെ വിരുദ്ധമാണത്. സംഘടനകള്‍ക്കുള്ളില്‍ ആര്‍ക്കെങ്കിലുമൊക്കെ ഈഗോ ഒക്കെ ഉണ്ടാകാം. പക്ഷേ, നല്ല നിലയ്ക്ക് ഏകോപനത്തോടെതന്നെ, പരസ്പര ധാരണയോടുകൂടിത്തന്നെയാണ് പോവുക. ആര്‍.എസ്.എസ്സിനു രാഷ്ട്രീയമില്ല. അവര്‍ ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയാണ്. രാഷ്ട്രീയപ്പാര്‍ട്ടി രാഷ്ട്രീയമല്ലേ കൈകാര്യം ചെയ്യേണ്ടത്. ആര്‍.എസ്.എസ്സും ബി.ജെ.പിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. പക്ഷേ, അത് സംഘടന വേറെ, പ്രവര്‍ത്തനരീതി വേറെ, ലക്ഷ്യം വേറെ; ഇതിന്റെ പ്രവര്‍ത്തനം വേറെ. അതേസമയം തന്നെ, സംഘത്തിനു യോജിക്കാനും പിന്തുണയ്ക്കാനും പറ്റുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രമേയുള്ളു. 

ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതികളില്‍ മുതിര്‍ന്ന നേതാവായ താങ്കള്‍ തൃപ്തനാണോ. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലുള്ള തൃപ്തി എങ്ങനെയാണ്?
ബ്രാഹ്മണന്‍ അസന്തുഷ്ടനും ക്ഷത്രിയന്‍ സന്തുഷ്ടനുമായിരിക്കാന്‍ പാടില്ല എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമുണ്ട്. ക്ഷത്രിയനെന്നാല്‍ ഭരിക്കുന്നയാള്‍, രാജാവ്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി ഇവരൊക്കെയാകാം. അവര്‍ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു കൂടുതല്‍കൂടുതല്‍ അക്ഷമരായി അന്വേഷിച്ചുകൊണ്ടിരിക്കേണ്ടവരാണ്. അപ്പോഴത്തെ സ്ഥിതികൊണ്ട് അവര്‍ സംതൃപ്തരായിരിക്കാന്‍ പാടില്ല. കൂടുതല്‍ നന്നാകണം. ഇത് ക്ഷത്രിയ ധര്‍മ്മമാണ്. ഈ ചിന്താഗതി ബ്രാഹ്മണന് ഉണ്ടാകാന്‍ പാടില്ല. ബ്രാഹ്മണന്‍ എല്ലാ സാഹചര്യങ്ങളുമായി തൃപ്തിയോടെ ഇണങ്ങിപ്പോകുന്നവനായിരിക്കണം. 
ഒരു പാര്‍ട്ടിയില്‍ പലതരം ആളുകളുണ്ടാകും. ഏത് പാര്‍ട്ടിയിലും ആ നാട്ടിലുള്ള ജനങ്ങളുടെ സ്വഭാവമല്ലേ പ്രതിഫലിക്കുക. നാടു മുഴുവന്‍ പകര്‍ച്ചവ്യാധി ഉണ്ടാകുമ്പോള്‍ നമുക്കു മാത്രമായി അതില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയാതെ വരും. അങ്ങനെ കണ്ടാല്‍ മതി. പക്ഷേ, അടിസ്ഥാന സ്വഭാവം അതല്ല.
വ്യക്തിപരമായും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത് എല്ലാവരുടേയും നന്മയാണ്.

നിയമസഭയിലെ ബി.ജെ.പിയുടെ ഏക അംഗം എന്ന നിലയില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ സ്വയം എങ്ങനെ വിലയിരുത്തുന്നു?
ഞാന്‍ പറയാറുള്ളത് ഞാന്‍ ഭരണപക്ഷവും പ്രതിപക്ഷവുമല്ല എന്നാണ്. പരസ്പരം എപ്പോഴും എതിര്‍ക്കുന്ന ഭരണ-പ്രതിപക്ഷ രീതിയാണ് നമ്മുടെ സിസ്റ്റത്തിന്റെ പൊതുസ്വഭാവം. സ്ഥിരമായി എതിര്‍ക്കുകയോ സ്ഥിരമായി അനുകൂലിക്കുകയോ ചെയ്യുന്ന ആ രീതി ശരിയല്ല. ഈ ഏര്‍പ്പാട് ഭാരതീയമല്ല. ഞാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും പ്രശ്നാധിഷ്ഠിതമായാണ്. ഇത്തവണത്തെ ബജറ്റിലെ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ എഴുതിവച്ച് നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ പിന്തുണച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com