ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.
ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ



മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്. '1930, 1931, 1932 വര്‍ഷങ്ങളില്‍ പലരും പട്ടിണിയെ നേരിട്ടു. മറ്റു ചിലരാകട്ടെ, പട്ടിണി കിടക്കേണ്ടിവരുമെന്ന ഭയത്താല്‍ പീഡിതരായ'' എന്നാണ് അക്കാലത്തെക്കുറിച്ച് ജെ.കെ. ഗാല്‍ബ്രേയ്ത് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ കുറിച്ചത്. യു.എസിലും മറ്റും ഓഹരിക്കമ്പോളങ്ങളുടെ തകര്‍ച്ചയോടെയായിരുന്നു തുടക്കം. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായവിപ്ലവം ഉണ്ടായതിനുശേഷം മുതലാളിത്തലോകം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്. മിക്ക രാജ്യങ്ങളും അക്കാലത്ത് ആഗോള സാമ്പത്തികത്തകര്‍ച്ചയിലമര്‍ന്നു. 

ഒന്നാം ലോകമഹായുദ്ധത്തിനുശേഷമുള്ള ദശകം ജര്‍മനിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ ക്ലേശങ്ങളുടേതായിരുന്നു. വേഴ്സൈല്‍ ഉടമ്പടിയുടെ ഫലമായി ആ രാജ്യത്ത് നാണ്യപ്പെരുപ്പം അനിയന്ത്രിതമായി. യുദ്ധത്തില്‍ നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നത് കുറച്ചുകൊണ്ടുവരുന്നതും വിപ്ലവകാലത്ത് തൊഴിലാളികള്‍ നേടിയ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും റെയ്ഷ്ബങ്ക് മുഖാന്തരം ആ നാടിന്റെ കറന്‍സിയെ തകര്‍ക്കുകയെന്നതായിരുന്നു ഭരണാധികാരികള്‍ സ്വീകരിച്ച തന്ത്രം.(1) 

ജര്‍മന്‍ കറന്‍സിയായ മാര്‍ക്കിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. തീരെ വിലയില്ലാതായി എന്നുതന്നെ പറയണം. കറന്‍സി നോട്ടുകള്‍ ചുവരുകളെ അലങ്കരിക്കാന്‍ ഉപയോഗപ്പെടുത്തുന്ന അവസ്ഥയില്‍ വരെ എത്തി. 1932-ല്‍ കൈക്കൊണ്ട സാമ്പത്തിക നടപടികളുടെ ഫലമായി അറുപതുലക്ഷം ജര്‍മന്‍കാര്‍ തൊഴില്‍രഹിതരായി. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയോടെ സാമ്പത്തികരംഗത്തും ജര്‍മനിയുടെ പ്രതിയോഗിയായിരുന്ന ബ്രിട്ടനില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഇതും ജര്‍മനിക്കു തിരിച്ചടിയായി. ആ രാജ്യത്തിനത് ഒരു ദശകത്തിനുള്ളില്‍ രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. 

പ്രതിസന്ധി മറികടക്കാന്‍ അന്നാട്ടിലെ ഗവണ്‍മെന്റ് അന്ന് സ്വീകരിച്ച ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പൗണ്ടിന് മൂല്യത്തകര്‍ച്ചയുണ്ടായതോടെ ലോക കമ്പോളത്തില്‍ ജര്‍മനിയുടെ പ്രതിയോഗികളായ ബ്രിട്ടീഷ് ഉല്പന്നങ്ങളോട് മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആ രാജ്യത്തിനു കഴിയാതെയായി. സാമ്പത്തിക പ്രതിസന്ധി വ്യവസായത്തൊഴിലാളി സമൂഹത്തിന്റെ 40 ശതമാനത്തെ നേരിട്ടു ബാധിച്ചു. വര്‍ധിച്ചുവന്ന കടത്തിനും ഇടിയുന്ന ഉല്പന്ന വിലകള്‍ക്കുമിടയില്‍ കര്‍ഷകസമൂഹം ഞെരുങ്ങി. തെരുവുകളില്‍ അസ്വാസ്ഥ്യം പുകയുകയും നാസി പാര്‍ട്ടിയുടെ മിലിട്ടന്റ് വിഭാഗമായ സ്റ്റോം ബറ്റാലിയന്‍ (ബ്രൗണ്‍ഹെംഡെന്‍ അഥവാ തവിട്ടുകുപ്പായക്കാര്‍) കേഡറുകള്‍ തൊഴിലാളികളുമായി ഏറ്റുമുട്ടുന്നത് പതിവായി തീരുകയും ചെയ്തു. 

ഒന്നാം ലോകമഹായുദ്ധവും ജര്‍മന്‍ വിപ്ലവവും ചില പാഠങ്ങള്‍ ജര്‍മനിക്കു നല്‍കി. അവ ഉള്‍ക്കൊണ്ട് ക്ഷേമത്തിലധിഷ്ഠിതമായ ഒരു ആധുനിക രാഷ്ട്രസങ്കല്പം അവിടെ ഉരുത്തിരിഞ്ഞുവന്നു. ഒന്നാം ലോകമഹായുദ്ധം പരാജിതര്‍ക്കിടയില്‍ മനുഷ്യസമത്വത്തെക്കുറിച്ച് ചെറിയ ചില ധാരണകളൊക്കെ സൃഷ്ടിച്ചിരുന്നു. വ്യവസായ വിപ്ലവം നല്‍കിയ സാമ്പത്തികമായ കരുത്തിനു പുറമേ അതില്‍നിന്ന് ഉദ്ഭൂതമായ ആധുനികതയും യുദ്ധമുഖത്ത് ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തുവെന്ന് ഈ പരാജിത രാഷ്ട്രങ്ങള്‍ മനസ്സിലാക്കി. യുദ്ധത്തില്‍ നഷ്ടം നേരിട്ട ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മര്‍മ്മപ്രദേശമായ ടര്‍ക്കിയില്‍ രാജാധിപത്യം അവസാനിപ്പിച്ച് ദേശീയ വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തിലേറിയ കമാല്‍ അത്താത്തുര്‍ക്ക് തന്റെ സമൂഹത്തിന് ഫ്യൂഡലിസവുമായുള്ള ബന്ധങ്ങളറുക്കാന്‍ നടപടികളെടുക്കുകയും ആധുനികതയിലേക്കൊരു കാല്‍വയ്പിനു മുതിരുകയും ചെയ്തു. അതിന്റെ ഭാഗമായി അദ്ദേഹം സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചു. പാര്‍ലമെന്റിലേക്ക് മത്സരിക്കാനും അനുവാദം കൊടുത്തു. ഫ്രാന്‍സിലും ഇറ്റലിയിലുമൊക്കെ ഈ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് ഏറെ മുന്‍പെയായിരുന്നു ഇതെന്നോര്‍ക്കണം. 
ഒന്നാം ലോകമഹായുദ്ധാനന്തരം ഇടതുപക്ഷ നേതൃത്വത്തിലുള്ള നവംബര്‍ വിപ്ലവത്തെ തുടര്‍ന്ന് പ്രഷ്യന്‍ ചക്രവര്‍ത്തി, കൈസര്‍ വില്‍ഹെം രണ്ടാമന്‍, സ്ഥാനപരിത്യാഗം ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ മേല്‍ക്കൈ അട്ടിമറിച്ച് ഭരണകൂടം പിടിച്ചെടുക്കാന്‍ ബോള്‍ഷെവിക്കുകള്‍ നടത്തിയ ശ്രമങ്ങള്‍ രക്തരൂഷിതമായ അന്ത്യത്തിലും സ്പാര്‍ട്ടസിസ്റ്റുകളുടെ പരാജയത്തിലും കലാശിച്ചെങ്കിലും അത് ചില കാര്യങ്ങള്‍ ചെയ്യാന്‍ ഭരണക്കാരെ നിര്‍ബന്ധിതരാക്കി. ശരിക്കും പറഞ്ഞാല്‍ അതൊരു അനുരഞ്ജന നീക്കമായിരുന്നു. ഭരണകൂടം തീവ്ര ഇടതുപക്ഷക്കാരായ ബോള്‍ഷെവിക്കുകളെ അടിച്ചമര്‍ത്തിയും മിതവാദി ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക്കുകളുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കിയുമാണ് 1918-1919 കാലത്ത് ജര്‍മനിയില്‍ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കുന്നത്. അന്ന് യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ ഒട്ടും ഗൗനിക്കപ്പെട്ടതുമില്ല. ഒരു ബോള്‍ഷെവിക് വിപ്ലവം എപ്പോഴും സംഭവിക്കാമെന്ന ഭീതിയും യുദ്ധം അവസാനിപ്പിച്ചപ്പോഴുണ്ടായ കരാറുകളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളുമായിരുന്നു. യുദ്ധത്തില്‍ എതിരാളികളായ സഖ്യകക്ഷികളുടെ ദാക്ഷിണ്യത്തിനു മുന്‍പില്‍ ഇഴയലും മിതവാദി ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ ചെവിക്കൊള്ളലുമായിരുന്നു ഫലം. അങ്ങനെ ജര്‍മനിയില്‍ ഒരു തരം ക്ഷേമ മുതലാളിത്ത സമ്പദ്വ്യവസ്ഥയായിരുന്നു നിലവില്‍ വന്നത്. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയം പതിയേ പിന്‍വാങ്ങിയതും വാഴ്സൈല്‍ ഉടമ്പടി അടിച്ചേല്‍പ്പിക്കപ്പെട്ടതും വ്യവസായ വാണിജ്യ മുതലാളിത്ത വൃത്തങ്ങളില്‍ പുനഃശ്ചിന്തനത്തിനു വഴിയൊരുക്കി. 1920-കളോടെ യാഥാസ്ഥിതിക വലതുപക്ഷം പതുക്കെ ശക്തിയാര്‍ജ്ജിച്ചു തുടങ്ങി. ഉടമ്പടി നിമിത്തം ജനങ്ങളില്‍ അതൃപ്തി നിറയ്ക്കുന്ന നിരവധി നടപടികള്‍ ഭരണകൂടം കൈക്കൊണ്ടെങ്കിലും ജര്‍മനി എന്ന ദേശരാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് അത് വഴിവെച്ചില്ല. 

വലിയ തോതിലുള്ള നാണയപ്പെരുപ്പം സംജാതമായ 1923-ന്റെ തുടക്കത്തില്‍ തന്നെയാണ് ജര്‍മനിയുടെ വ്യാവസായിക തലസ്ഥാനമായിരുന്ന റ്ഹൂര്‍ എന്ന നഗരത്തിലേക്ക് ഫ്രെഞ്ച് സൈന്യം ഇരച്ചുകയറുന്നത്. യുദ്ധക്കെടുതികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനുള്ള ജര്‍മനിയുടെ തയ്യാറില്ലായ്മ അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യമെമ്പാടും തൊഴിലിടങ്ങളില്‍ മെല്ലെപ്പോക്ക് സമരങ്ങളും പണിമുടക്കങ്ങളും പ്രകടനങ്ങളും പൊട്ടിപ്പുറപ്പെട്ടു. സ്വാഭാവികമായും ഗവണ്‍മെന്റിന് ഈ സമരങ്ങളോട് പ്രതികരിക്കേണ്ടിവന്നു.

ഫ്രെഞ്ച് അധിനിവേശത്തോട് പരോക്ഷമായ ചെറുത്തുനില്‍പ്പ് നടത്താനെങ്കിലും ഭരണകൂടം നിര്‍ബന്ധിതമായി. എന്തായിരുന്നു ജനങ്ങളെ അസ്വസ്ഥരാക്കിയതെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് വില്യം എ പെല്‍സ് എ പീപ്പ്ള്‍സ് ഹിസ്റ്ററി ഒഫ് മോഡേണ്‍ യൂറോപ്പ് എന്ന പുസ്തകത്തിലെഴുതുന്നു. ദേശീയ വികാരത്താലാണോ ക്രപും തൈസനും പോലുള്ള മുതലാളിമാരോടുള്ള വര്‍ഗ്ഗവിരോധം കൊണ്ടാണോ എന്നു തീര്‍ച്ചപ്പെടുത്താനാകില്ല. രാജ്യമെമ്പാടും സാമ്പത്തികത്തകര്‍ച്ചയില്‍ ഉഴലുമ്പോഴും മുതലാളിമാര്‍ ലാഭം കുന്നുകൂട്ടുന്നത് തുടര്‍ന്നുകൊണ്ടിരുന്നത് തീര്‍ച്ചയായും മുതലാളിമാരോടുള്ള വിരോധം വര്‍ധിപ്പിച്ചിട്ടുണ്ട്. അത് ഭരണകൂടത്തോടുള്ള ശത്രുതയായും ഫ്രെഞ്ച് അധിനിവേശം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഭരണകൂട ഉദാസീനതയ്‌ക്കെതിരായ പ്രതിഷേധമായും രൂപപ്പെടുകയായിരുന്നു എന്നുവേണം പറയാന്‍. 
ഫ്രെഞ്ച് അധിനിവേശ മുഹൂര്‍ത്തത്തില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കും അട്ടിമറിക്കും പദ്ധതിയിട്ടിരുന്നു. ആയിരത്തോളം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും അവ വളഞ്ഞുവെയ്ക്കുകയും ചെയ്തു. കുറച്ചു ദിവസത്തേയ്ക്ക് സമരം തുടര്‍ന്നെങ്കിലും അത് പിന്നീട് തകരുകയായിരുന്നു. തൊഴിലാളികളെ പൂര്‍ണ്ണമായി രംഗത്തിറക്കാന്‍ സാധ്യമായില്ലെന്നതായിരുന്നു കാരണം. സോഷ്യല്‍ ഡെമോക്രാറ്റുകളായ തൊഴിലാളികള്‍ ബോള്‍ഷെവിക് മാതൃകയിലുളള ഒരു വിപ്ലവത്തിന് എതിരായിരുന്നു. ക്രമേണയുള്ള സോഷ്യലിസത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. തലമുറകള്‍ തമ്മിലുള്ള വിടവും ഇക്കാര്യത്തില്‍ കാണാമായിരുന്നു. പഴയ തലമുറയില്‍ പെട്ടവര്‍ സോഷ്യലിസ്റ്റ് ഗ്രാജ്വലിസത്തില്‍ വിശ്വസിച്ചപ്പോള്‍ പുതിയ തലമുറ വിപ്ലവത്തില്‍ വിശ്വസിച്ചു. മറ്റു ചിലരാകട്ടെ, നേരത്തെ നടന്ന വിപ്ലവശ്രമം പരാജയപ്പെട്ടതു സൃഷ്ടിച്ച നിരാശയിലുമായിരുന്നു. ഒന്നും നേരെയാകാന്‍ പോകുന്നില്ലെന്ന അശുഭചിന്ത അലട്ടിയ ഭൂരിപക്ഷം പേരും ജര്‍മനിയെ ത്രാണനം ചെയ്യാന്‍ ശക്തനായ ഒരു നേതാവ് രാഷ്ട്രീയ മണ്ഡലത്തില്‍ ഉദയം ചെയ്യുമെന്ന പ്രതീക്ഷയിലുമായിരുന്നു. ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ ജര്‍മനിയുടെ അഭിമാനത്തിന് യുദ്ധത്തിലും യുദ്ധാനന്തരവും പലവട്ടം മുറിവേറ്റത് ദേശസ്‌നേഹികളെ വേദനിപ്പിച്ചിരിക്കണം. പ്രായോഗികതലത്തില്‍ ഒരു രാഷ്ട്രീയചിന്ത എന്ന നിലയില്‍ ലിബറലിസം പരാജയത്തെ നേരിട്ടിരുന്നു.(2) 
1929-ലെ സാമ്പത്തികത്തകര്‍ച്ചയ്ക്ക ഏറെ മുന്‍പുതന്നെ ജര്‍മനിയുടെ സമ്പദ്വ്യവസ്ഥ തകരാറിലായിക്കഴിഞ്ഞിരുന്നു. നാണ്യപ്പെരുപ്പം നിമിത്തം കിട്ടുന്ന കൂലി അവര്‍ക്ക് ജീവിതാവശ്യങ്ങള്‍ക്ക് തികഞ്ഞിരുന്നില്ല. തൊഴിലാളികള്‍ക്കിടയില്‍ പാര്‍പ്പിടപ്രശ്‌നം രൂക്ഷമായിരുന്നു.(3) 
യുദ്ധാനന്തരം ജര്‍മന്‍ പ്രദേശങ്ങളില്‍ ആധിപത്യം നിലനിര്‍ത്തിയ വെയ്മര്‍ റിപ്പബ്ലിക് പലനിലയ്ക്കും പുരോഗമനസ്വഭാവം സൂക്ഷിച്ചിരുന്നു. ഇക്കാലത്ത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ അവിടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വര്‍ധിച്ച അംഗസംഖ്യ ഉണ്ടായിരുന്നു. ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ലിംഗസമത്വം ഭരണതലത്തിലും സമൂഹത്തില്‍ പൊതുവേയും പുലര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നെന്ന് മാത്രമല്ല, റെയ്ഷ്സ്റ്റാഗില്‍ (ജര്‍മന്‍ പാര്‍ലമെന്റ്) ബ്രിട്ടനിലെ ഹൗസ് ഒഫ് കോമണ്‍സിലുള്ളതിനെക്കാള്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി നിയമനിര്‍മ്മാണങ്ങളും നടന്നിരുന്നു. 

അതേസമയം ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ തലങ്ങളില്‍ പ്രകടമായിരുന്നു. കൈസര്‍ നാടുവിട്ടുപോയെങ്കിലും രാജവാഴ്ചക്കാലത്തെ പഴയ നേതൃത്വം ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നു പിന്‍വാങ്ങിയിരുന്നില്ല. സൈന്യത്തിലും ഭരണനേതൃത്വത്തിലും അവരുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ വാഴ്സൈല്‍ ഉടമ്പടിക്കോ പുതിയ ജര്‍മന്‍ ഭരണസംവിധാനത്തിനോ കഴിഞ്ഞിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ പ്രതിയോഗികളുടെ താല്‍പ്പര്യങ്ങള്‍ ഉടമ്പടികള്‍ മുഖാന്തരം സംരക്ഷിക്കപ്പെട്ടതും 1918-1919 കാലത്തുണ്ടായ പരാജയപ്പെട്ട ബോള്‍ഷെവിക് വിപ്ലവശ്രമങ്ങള്‍ ഉയര്‍ത്തിയ ഭീഷണിയെ മറികടക്കാന്‍ ഭരണകൂടം മിതവാദി ഇടതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് താല്‍ക്കാലികമായി വഴിപ്പെട്ടതും യാഥാസ്ഥിതിക വലതുപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു. അവര്‍ തങ്ങളുടെ എതിരാളികളെ നേരിടാനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനും ജനാധിപത്യവിരുദ്ധവും അക്രമത്തിലൂന്നിയതുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരുന്നു. സോഷ്യലിസ്റ്റ് ഗ്രാജ്വലിസത്തില്‍ വിശ്വസിക്കാത്തവരും ജര്‍മന്‍ വിപ്ലവനായകരുമായ റോസാ ലക്‌സംബര്‍ഗ്, കാള്‍ ലീബ്ക്‌നെഹ്ഷ്റ്റ്, കുര്‍ട് എയ്‌സനര്‍ എന്നിവരുടെ അന്ത്യം ഇവരുടെ കൈകളാലായിരുന്നു. 

സാമ്പത്തിക മാത്രവാദത്തിന്റെ (Economic determinism) ഇടുങ്ങിയ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് രാഷ്ട്രീയവ്യവസ്ഥയെ വിലയിരുത്തുക എല്ലായ്പോഴും സാധ്യമല്ലെന്നു പറയാറുണ്ട്. എന്നാല്‍, ധനസമ്പദ്വ്യവസ്ഥയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ വേണം അപ്പോഴും തുടങ്ങാന്‍. എം.എന്‍. റോയിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വയറിന്റേയും അരക്കെട്ടിന്റേയും തത്ത്വശാസ്ത്രമായ വഷളന്‍ ഭൗതികവാദത്തെ മതാനുഭവവുമായി ബന്ധപ്പെടുത്തലാണ് ഫാസിസം. പ്രഷ്യന്‍ സാമ്രാജ്യത്വമാണ് മനുഷ്യവളര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന രൂപമെന്ന് ഹെഗല്‍ വിശ്വസിച്ചിരുന്നു. ഫാസിസത്തിന്റെ തത്ത്വശാസ്ത്രമാകട്ടെ, ഹെഗലിനു ശേഷമുണ്ടായ ആശയവാദത്തിന്റെ സ്വാഭാവിക ഫലമാണുതാനും. നീണ്ട കാലങ്ങളായി, വിവിധ ചരിത്രഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ചുവന്ന ദാര്‍ശനിക ചിന്തയുടെ ഫലമാണ് ഫാസിസമെന്ന് ഫാസിസം: ഇറ്റ്‌സ് ഫിലോസഫി, പ്രഫഷന്‍സ് ആന്റ് പ്രാക്ടീസ് എന്ന പുസ്തകത്തില്‍ റോയ് വാദിക്കുന്നുണ്ട്. വയറിന്റേയും അരക്കെട്ടിന്റേയും പ്രത്യയശാസ്ത്രവും മതവും ചേര്‍ന്ന മാരകക്കൂട്ട് (Deadly combination) ആണ് അടിസ്ഥാനപരമായി ഫാസിസത്തിന്റെ തത്ത്വശാസ്ത്രം.


ഫാസിസത്തിന്റെ ഇരുള്‍മേഘങ്ങള്‍
ഇന്ത്യന്‍ ചക്രവാളത്തിലും

മതം തന്നെ രാഷ്ട്രമായി മാറുകയോ, രാഷ്ട്രം തന്നെ മതമായി മാറുകയോ ചെയ്യുന്നതാണ് ഫാസിസ്റ്റ് കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. കേന്ദ്രീകരിക്കപ്പെട്ടതും അമിതാധികാര സ്വഭാവമുള്ളതുമായ ഏതൊരു ഭരണകൂടത്തേയും ലിബറല്‍ ചിന്തകര്‍ ഫാസിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കേന്ദ്രീകരണവും അമിതാധികാര പ്രവണതയും യുദ്ധകാല സോവിയറ്റ് ഭരണകൂടത്തിന്റെ സ്വഭാവം വെച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയെല്ലാം അവര്‍ ഒന്നുകില്‍ ഫാസിസ്റ്റ് എന്നു മുദ്രകുത്താറുണ്ട്. അല്ലെങ്കില്‍ കമ്യൂണിസവും ഫാസിസവും ഇരട്ടകളാണെന്ന നിഗമനത്തിലെത്തുകയോ ആണ് പതിവ്. ഇന്ത്യയിലെ ലിബറലുകളായ ഫാസിസ്റ്റ് വിമര്‍ശകരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. മിക്കവര്‍ക്കും ഫാസിസമെന്നതോ ഫാസിസ്റ്റെന്നതോ ഒരു ശകാരപദം മാത്രമാണ്. നരേന്ദ്രമോദിയെ വിലയിരുത്തിക്കൊണ്ട് ആശിസ് നന്ദി ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. 'I never use the term 'fascist' as a term of abuse; to me it is a diagnostic category comprising not only one's ideological posture but also the personality traits and motivational patterns contextualising the ideology.' എന്നായിരുന്നു അദ്ദേഹം ഒരു ലേഖനത്തില്‍ പറഞ്ഞത്. 

സമ്പദ്വ്യവസ്ഥ എന്ന ഘടകം അവരുടെ വിശകലനങ്ങളില്‍ കടന്നുവരുന്നില്ലെന്നതുകൊണ്ടാകാം ഇങ്ങനെയൊരു വൈകല്യം സംഭവിക്കുന്നത്. ഇങ്ങനെ പറയുമ്പോള്‍ അമിതാധികാര വാഴ്ചയേയും വ്യക്തിസ്വാതന്ത്ര്യ നിഹനത്തേയും കേന്ദ്രീകരണത്തേയും ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്. ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് മനുഷ്യവിരുദ്ധമെന്നു നാം വിളിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഭരണകൂടം ചെയ്യുന്നത് എന്നത് വിശകലനത്തില്‍ പരമപ്രധാനമാണ് എന്നു ഞാന്‍ കരുതുന്നു.
ഉംബര്‍ട്ടോ എക്കോയുടെ അഭിപ്രായത്തില്‍ ഫാസിസം എന്നത് ഒരു സാമാന്യ സംജ്ഞയാണ്. 'ജനറിക്' പദമാണ്. ഗെയിം എന്നോ സ്‌പോര്‍ട്‌സ് എന്നോ പറയുന്നതുപോലെ. സര്‍വ്വകാല ഫാസിസം അഥവാ Ur fascism എന്നാണ് അദ്ദേഹം അതിനെ വിലയിരുത്തുന്നത്. ഫാസിസം വന്നോ എന്നു തിരിച്ചറിയാന്‍ എല്ലാ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിവരണമെന്നു നിര്‍ബന്ധം പിടിക്കാനാകില്ലെന്ന് എക്കോ പറയുന്നു. ഒരു നാട്ടില്‍ ഫാസിസം അതിന്റെ പൂര്‍ണ്ണതയെ പ്രാപിച്ചാല്‍ ആ രാഷ്ട്രീയത്തിന്റെ യുക്തിസഹമായ വിലയിരുത്തലിനും ഭരണകൂടത്തെ വിമര്‍ശനാത്മകമായി പഠിക്കാനും വിശകലനം ചെയ്യാനും നിര്‍ഭയമായി അത് പ്രകാശിപ്പിക്കാനും പ്രചരിപ്പിക്കാനും, എന്തിന് ചെറുത്തുനില്‍പ്പിനുപോലും അവസരം ദുര്‍ലഭമാകുമെന്നതാണ് ചരിത്രം നമുക്കു നല്‍കിയ പാഠം. ഫാസിസം എല്ലാ രാജ്യത്തും എല്ലാ കാലങ്ങളിലും ഒരേ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിച്ചു കൊള്ളണമെന്നില്ലെങ്കിലും ചില ലക്ഷണങ്ങള്‍ തന്നെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ പര്യാപ്തമാണ്. അതില്‍ പരമപ്രധാനമായ ഒന്ന് അതിന്റെ വന്‍കിട മുതലാളിത്ത പക്ഷപാതിത്വമാണ്. ഉലഞ്ഞ സമ്പദ്വ്യവസ്ഥയും കൂടുതല്‍ സഞ്ചയിക്കാനുള്ള മുതലാളിത്ത ത്വര നിറവേറ്റിക്കിട്ടുന്നതിനുള്ള തടസ്സവുമാണ് ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യമായ ഭൗതിക പശ്ചാത്തലമൊരുക്കുന്നത്. പല നിലയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും മുറിവേറ്റ വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ ശക്തമായ ഒരു രാഷ്ട്രീയ-രാഷ്ട്രനേതൃത്വങ്ങള്‍ക്കുവേണ്ടിയുള്ള ദാഹം തീവ്രമായ ഭാഷയില്‍ത്തന്നെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഫാസിസ്റ്റ് രാഷ്ട്രീയം അതിന്റെ പടമുയര്‍ത്തുന്ന ചരിത്രസന്ദര്‍ഭം. ആധുനികതയ്ക്കും ജ്ഞാനോദയ മൂല്യങ്ങള്‍ സമൂഹത്തില്‍ അധീശത്വമുറപ്പിക്കുന്നതിനും മുന്‍പേ സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ മണ്ഡലങ്ങളില്‍ ആധിപത്യമുറപ്പിച്ച മൂല്യങ്ങളും പഴയ ഭരണവര്‍ഗ്ഗവും ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടാകും. രാഷ്ട്രീയപ്പാര്‍ട്ടികളിലും ജനാധിപത്യ വ്യവസ്ഥയിലുമുള്ള വിശ്വാസനഷ്ടം സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രകടമായിരിക്കും. ഇവിടെ വേണ്ടത് പട്ടാളഭരണമാണ് എന്നു പറയുന്ന രാഷ്ട്രീയ നിരക്ഷരര്‍ ഒരു പതിറ്റാണ്ടു മുന്‍പേ നമ്മുടെ നാട്ടില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍, ഈയിടെയായി അത് കുറച്ചു കുറഞ്ഞിട്ടുണ്ട്. കാരണം അവര്‍ ആഗ്രഹിക്കുന്ന മട്ടില്‍ ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയെന്ന് അവര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരക്കാര്‍ തൃപ്തരായിരുന്ന ഒരു കാലഘട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ എന്നാണതിനു പേര്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ വാഴ്ചയ്ക്ക് തുടക്കമിട്ട കാലത്ത് ഈ അവസ്ഥ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പ്രശസ്ത ചിന്തകനായ ഐജാസ് അഹ്മദ് വിശദീകരിക്കുന്നത് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ രൂപംകൊണ്ട യുക്തിവാദവിരുദ്ധവും ഭൗതികവാദ വിരുദ്ധവുമായ പ്രത്യയശാസ്ത്ര നിലപാടാണ് ഫാസിസം എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ വംശീയ സിദ്ധാന്തങ്ങളോട് അതിന് ഏറെ കടപ്പാടുണ്ട്. ചരിത്രത്തിന്റെ ചാലകശക്തി വര്‍ഗ്ഗസംഘര്‍ഷമാണെന്ന ഭൗതികവാദ കാഴ്ചപ്പാടിനു പകരം തീവ്രമായ ഒരുതരം ആത്മീയ ദേശീയത അത് പകരം വയ്ക്കുന്നു. ഓരോ രാഷ്ട്രത്തിനും സവിശേഷമായ വംശീയതയും സംസ്‌കാരവുമുണ്ടെന്നും ചരിത്രത്തില്‍ പ്രാഥമികം സാംസ്‌കാരികമായ സംഘര്‍ഷങ്ങള്‍ക്കാണെന്നും ഫാസിസം വിശ്വസിക്കുന്നു. ഭരണകൂടത്തെക്കുറിച്ചുള്ള വര്‍ഗ്ഗപരമായ വിശകലനങ്ങള്‍ അതിന് അന്യമാണ്. ഭരണകൂടം എന്നത് വര്‍ഗ്ഗസമരത്തിന്റെ ഉല്പന്നമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് അധീശവര്‍ഗ്ഗങ്ങളുടെ താല്പര്യമാണെന്നും അതു കണ്ടില്ലെന്ന് നടിക്കുന്നു. ദേശീയബോധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഐക്യത്തിന്റെ പരമമായ ബിന്ദുവാണ് ഫാസിസത്തിനു ഭരണകൂടം. അതുകൊണ്ടുതന്നെ വര്‍ഗ്ഗസമരത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ദേശത്തിന്റെ ശത്രുക്കളായി മുദ്ര കുത്തപ്പെടുകയും ചെയ്യും. തെരഞ്ഞടുപ്പുകളും ഗവണ്‍മെന്റുകളുടെ അടിക്കടിയുള്ള മാറ്റങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള അവകാശങ്ങളും ഉള്ള ഉദാര ജനാധിപത്യം ദേശീയ ഐക്യത്തിനു ഭീഷണിയായി ഫാസിസം കരുതുന്നു. 
(Colonialism, Fascism and 'Uncle Shylock' A Reflection on Our Times. Frontline Sept.01, 2000).

മുതലാളിത്ത, കമ്യൂണിസ്റ്റ് വ്യവസ്ഥകള്‍ക്കു ബദലായി ഒരു മൂന്നാംപാതയാണ് ഫാസിസം വാഗ്ദാനം ചെയ്യുക. സമ്പദ്വ്യവസ്ഥയിലെ വര്‍ഗ്ഗതാല്പര്യങ്ങളെ ആച്ഛാദനം ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ ഇതുവഴി ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ഒരുതരം കണ്‍കെട്ട്. രണ്ടാം ലോകമഹായുദ്ധാനന്തര കാലത്ത് കൊളോണിയല്‍ വിരുദ്ധ ബൂര്‍ഷ്വാസിയെ പ്രതിനിധാനം ചെയ്ത നെഹ്രുവിനെപ്പോലെയുള്ളവര്‍ ഒരു മൂന്നാംപാതയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, വലിയൊരു വ്യത്യാസം അത് സോഷ്യലിസത്തിലേക്കുള്ള പാത എന്ന നിലയിലാണ് എന്നതാണ്. മാത്രവുമല്ല, സമ്മിശ്ര സമ്പദ്വ്യവസ്ഥയോ ഇന്റര്‍വെന്‍ഷനിസമോ അല്ല ഫാസിസത്തിന്റേത്. എന്നിരുന്നാലും ഫാസിസം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നാംപാതയും സോഷ്യലിസവും നമ്മുടെ ചര്‍ച്ചകളില്‍ വരേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ വര്‍ഗ്ഗസഹകരണം (Class collaboration) ആണ് ഫാസിസ്റ്റ് കാലത്തെ സമ്പദ്വ്യവസ്ഥയുടേയും സമ്മിശ്ര സമ്പദ്വ്യവസ്ഥയുടേയും മുഖ്യമായ കാതല്‍ എന്നതുകൊണ്ട്. 

ഫാസിസം അടിസ്ഥാനപരമായി ചില കൂറുകള്‍ ആവശ്യപ്പെടുന്നുണ്ട്. നേതാവിനോട്, ഒരു അഭിജാതവംശത്തോട്, രാഷ്ട്രത്തോട്, അതുമല്ലെങ്കില്‍ രാഷ്ട്രത്തിന്റെ മഹത്വത്തോട് ഒക്കെയുള്ള കൂറാണ് ഫാസിസത്തിന്റെ സദാചാരമെന്നത്. ലക്ഷ്യം ഒന്നുമാത്രം. രാഷ്ട്രത്തെ ശക്തിപ്പെടുത്തുക, സര്‍വ്വാധികാരമുള്ളതാക്കുക. നാവടക്കൂ പണിയെടുക്കൂ എന്ന ആജ്ഞ നമ്മുടെ രാഷ്ട്രീയത്തില്‍ ആദ്യം മുഴങ്ങിക്കേട്ടത് ഇന്ദിരയുടെ കാലത്തായിരുന്നു. സ്വേച്ഛാപ്രമത്തയായി അവര്‍ വാണിരുന്ന കാലത്തുതന്നെയായിരുന്നു ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം നമ്മുടെ രാഷ്ട്രീയ ചക്രവാളത്തില്‍ മുഴങ്ങിക്കേട്ടതും. ഡി.കെ. ബറുവയെപ്പോലുള്ള സ്തുതിപാഠക വൃന്ദമായിരുന്നു ആ നേതാവിന് ചുറ്റും അന്നുണ്ടായിരുന്നത്. രാഷ്ട്രം നേതാവും മതവും ജീവിതവുമായിത്തീരുന്ന അനുഭവമാണ് അന്നുണ്ടായത്. ശരിക്കും പറഞ്ഞാല്‍ ഇന്ന് ഭരണതലത്തില്‍ പിടിമുറുക്കിയ ഫാസിസ്റ്റ് രാഷ്ട്രീയം പിന്‍പറ്റുന്നത് അന്നത്തെ ചില മാതൃകകളാണ് എന്നു പറയാം.


ഫാസിസത്തിന്റെ അടിത്തറ എങ്ങനെയാണ് രൂപംകൊള്ളുന്നത് എന്നു പരിശോധിക്കുന്ന സന്ദര്‍ഭത്തില്‍ സാമ്പത്തിക മണ്ഡലത്തിലെ ചില പൊതു സവിശേഷതകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. മൂലധനത്തിന്റെ കേന്ദ്രീകരണമാണ് അവയില്‍ പ്രധാനം. മുതലാളിത്തം അതിന്റെ ഉദാരസ്വഭാവം കൈവെടിഞ്ഞിട്ടുണ്ടാകും. ചെറുകിട മൂലധനം മാത്രം നിലനില്‍ക്കുകയും സ്വതന്ത്രമത്സരം പ്രാബല്യത്തിലിരിക്കുകയും ചെയ്തിരുന്ന കാലത്താണ് മുതലാളിത്തം ഉദാര ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നത്. കുത്തക പ്രത്യക്ഷപ്പെടുകയും മൂലധനത്തിന്റെ കേന്ദ്രീകരണം സംഭവിക്കുകയും ചെയ്യുന്നതോടെ മുതലാളിത്തം അതിന്റെ പുരോഗമന സ്വഭാവവും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മേനിപറച്ചിലും ഉദാരജനാധിപത്യവുമൊക്കെ ഉപേക്ഷിക്കുന്നു. യന്ത്രങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികവിദ്യയെന്ന നിലയിലേക്ക് അത് ശാസ്ത്രത്തെ പ്രധാനമായും പരിമിതപ്പെടുത്തുന്നു. ഫാസിസത്തിനു കീഴില്‍ ശാസ്ത്രബോധത്തിനും ശാസ്ത്രീയമായ കാഴ്ചപ്പാടിനും പ്രാധാന്യമില്ല. യുക്തിസഹമായ ചിന്തയോ സ്വതന്ത്രമായ സംവാദത്തിനുള്ള അവസരമോ ഉണ്ടാകില്ല. 

ഇന്ദിര സര്‍വ്വാധികാരി എന്ന നിലയിലേക്ക് വളരുന്ന കാലത്ത് ഇന്ത്യയില്‍ കുത്തക മൂലധനത്തിന്റെ വളര്‍ച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഭരണാധികാരി എന്ന നിലയില്‍ അതുണ്ടാക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഇന്ദിര ബോധവതിയുമായിരുന്നുവെന്നതിനുകൂടി തെളിവാണ് കുത്തകകളെ നിയന്ത്രിക്കുന്നതിനുള്ള എം.ആര്‍.ടി.പി. ആക്ട്. (Monopolistic and Restrictive Trade Practice Act-1969). അതേസമയം വളരെ വൈകാതെ മത-വംശീയാധിപത്യ മോഹങ്ങളുള്ള രാഷ്ട്രീയവുമായി കുത്തക മൂലധനം സന്ധി ചെയ്യാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഒരു തരത്തിലുള്ള മതരഹിതമോ വംശീയരഹിതമോ ആയ ഫാസിസം നടപ്പാക്കാന്‍ അവര്‍ ശ്രമിച്ചതിന്റെ പരിണതഫലമായിരുന്നു  അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഇന്ദിരയുടെ ഭര്‍ത്താവായ ഫിറോസ് ഗാന്ധിയായിരിക്കണം ഒരുപക്ഷേ, അവരെ ആദ്യമായി ഫാസിസ്റ്റ് എന്നു വിളിക്കുന്നത്. ഒരു പ്രഭാതഭക്ഷണവേളയില്‍ തീന്‍മേശയ്ക്കരികെയിരുന്ന് ഫിറോസ് ഫാസിസ്റ്റ് എന്നു തന്നെ അഭിസംബോധന ചെയ്തത് ഇന്ദിരയെ ചൊടിപ്പിച്ചെന്ന് നിഖില്‍ ചക്രവര്‍ത്തിയെ ഉദ്ധരിച്ച് ഫിറോസ് ദ ഫോര്‍ഗോട്ടണ്‍ ഗാന്ധി എന്ന പുസ്തകത്തില്‍ രചയിതാവായ ബെര്‍ട്ടില്‍ ഫാല്‍ക്‌സ് പറയുന്നു. ഇന്ത്യയില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു കാരണം.

ഇന്ത്യയെന്ന സ്വതന്ത്ര ദേശരാഷ്ട്രത്തിന്റെ പിറവി ആസന്നമാണെന്ന് തിരിച്ചറിഞ്ഞ ഒരു മുഹൂര്‍ത്തത്തില്‍ ഭാവിരാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയും അവര്‍ പ്രതിനിധാനം ചെയ്ത വര്‍ഗ്ഗതാല്പര്യങ്ങള്‍ക്ക് അനുസൃതമായി മൂര്‍ത്തവും അതേസമയം വിശാലവുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രേഖകള്‍ തയ്യാറാക്കപ്പെടുകയും ചെയ്തു. നമ്മുടെ ഭാവിജാതകം എന്ന് അവയെ വിളിച്ചാലും തരക്കേടില്ല. അവയില്‍ ജെ.ആര്‍.ഡി. ടാറ്റ, ജി.ഡി. ബിര്‍ള തുടങ്ങിയ വ്യവസായികളുടേയും പിന്നീട് നെഹ്‌റു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായ ഡോ. ജോണ്‍ മത്തായിയുടേയും നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ബോംബെ പ്ലാന്‍ എന്ന രേഖയും എം.എന്‍. റോയിയുടെ പീപ്പിള്‍സ് പ്ലാന്‍ എന്ന രേഖയും, എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ശരി മുഖ്യമായും ഇന്ത്യയെ പടിഞ്ഞാറന്‍ നാടുകളുടെ മാതൃകയിലുള്ള ഒരു ആധുനിക രാഷ്ട്രമാക്കിത്തീര്‍ക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത് (See Tryst with prosperity- Medha M. Kudaisya). സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ച് നമ്മുടെ രാഷ്ട്രനേതാക്കള്‍ക്ക് പ്രധാനമായും രണ്ടുതരത്തിലുള്ള സങ്കല്പങ്ങളാണ് ഉണ്ടായിരുന്നത്. (ഇന്ത്യന്‍ സവിശേഷതകളോടുകൂടിയ സോഷ്യലിസവും സ്വാശ്രിത സമ്പദ്വ്യവസ്ഥയുമായിരുന്നു ഒന്നാമത്തേത്. പാശ്ചാത്യ മുതലാളിത്തത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതായിരുന്നു രണ്ടാമത്തേത്.)

സാമ്പത്തിക മണ്ഡലത്തില്‍ പുരോഗമനപരമായ പരിപാടിക്കനുസൃതമായി സാമ്പത്തികസൂത്രണമുണ്ടാകുന്നത്. ശാസ്ത്രത്തിനും സാംസ്‌കാരിക മണ്ഡലത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും വ്യക്തിസമത്വത്തിനും വിശാലമായ അര്‍ത്ഥത്തില്‍ അംഗീകാരം നല്‍കലായിരുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥ ആസൂത്രണാധിഷ്ഠിതമാകണമെന്നായിരുന്നു നെഹ്‌റുവും സുഭാഷ് ചന്ദ്രബോസുമൊക്കെയുള്‍പ്പെടെയുള്ള പുരോഗമന രാഷ്ട്രീയക്കാരായ സ്വാതന്ത്ര്യ സമരനായകരുടെ കാഴ്ചപ്പാട്. 1937-ലാണ് നീതി ആയോഗ് എന്ന സംവിധാനത്തിനും മുന്‍പ് ദശകങ്ങളോളം നിലനിന്ന പ്ലാനിംഗ് കമ്മിഷന്റെ മുന്നോടിയായ നാഷണല്‍ പ്ലാനിംഗ് കമ്മിറ്റി നിലവില്‍ വരുന്നത്. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ മേഘനാദ് സാഹയും ഈ കമ്മിറ്റിയില്‍ അംഗമായിരുന്നു. ആസൂത്രണത്തിന്റെ സോവിയറ്റ് മാതൃകയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യന്ത്രവല്‍ക്കൃത ഉല്പാദനത്തിനും വ്യവസായവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു അവരുടെ പരിപാടി. സാമ്പത്തികരംഗത്തെ നെഹ്രുവിയന്‍ പരിപാടി പൊതുവേ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ വലതുപക്ഷത്തിന് ഏറെ അതൃപ്തിയാണ് നല്‍കിയിരുന്നത് എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വെയ്മര്‍ റിപ്പബ്ലിക്കിലേതുപോലെ തങ്ങളെ ചെവിക്കൊള്ളുന്നില്ലെന്ന ഖേദവും രോഷവും ഇന്ത്യന്‍ വലതുപക്ഷത്തിലും അക്കാലത്തുണ്ടായിരുന്നു. യന്ത്രവല്‍ക്കൃത സംസ്‌കൃതിയുടേയും വന്‍കിട പദ്ധതികളുടേയുമൊക്കെ വിമര്‍ശകരും അലസ സമ്പദ്വ്യവസ്ഥയുടെ ആരാധകരുമായ ഗാന്ധിയന്‍ രാഷ്ട്രീയക്കാരും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളും വരെ പല ഘട്ടങ്ങളിലും ഈ വലതുപക്ഷത്തോടൊപ്പം അണിനിരന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക ആസൂത്രണത്തിലും സാംസ്‌കാരിക നയത്തിലുമൊക്കെ സോവിയറ്റ് സ്വാധീനം വലിയ തോതിലുണ്ടായിരുന്നു. പ്രത്യേകിച്ചും ഫെല്‍ഡ്മാനെ പിന്‍പറ്റി പി.സി മെഹ്ലാനോബിസ് സൃഷ്ടിച്ച പദ്ധതി നടപ്പാക്കിയ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്. അടുത്ത പതിനഞ്ചു വര്‍ഷത്തേക്ക് ആസൂത്രണമാകാം എന്ന് ബോംബെ പദ്ധതിയും പറഞ്ഞിട്ടുണ്ടായിരുന്നു. 

നെഹ്രുവിന്റെ വിയോഗം സംഭവിച്ച് പിന്നേയും രണ്ടുവര്‍ഷം കഴിഞ്ഞിട്ടാണ് മൂന്നാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുന്നത്. ബോംബെ പ്ലാനാണ് ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കിയതെന്നൊരു കാഴ്ചപ്പാടുണ്ട്. മുതലാളിത്ത താല്പര്യങ്ങള്‍ ഉണ്ടെങ്കിലും സാമ്പത്തികമേഖലയില്‍ ഭരണകൂട ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ബോംബെ പ്ലാന്‍. ഇന്ത്യന്‍ മൂലധനം അക്കാലത്ത് വളര്‍ച്ചയുടെ ആദ്യദശകളിലായിരുന്നു. അടിസ്ഥാന വ്യവസായങ്ങളിലും പശ്ചാത്തല സൗകര്യവികസനത്തിനും പണംമുടക്കിന് അതിന് ശേഷിയില്ലായിരുന്നു. മൂന്നു പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കാം എന്നാണ് ബോംബെ പ്ലാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാഷ്ട്രത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി അധികാരമേറ്റെടുത്ത 1966-ല്‍ മൂന്നാം പഞ്ചവത്സര പദ്ധതി അവസാനിക്കുകയും ചെയ്തു. മൂന്നു പദ്ധതികള്‍ക്കു ശേഷം സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കാമെന്നായിരുന്നു ബോംബെ പ്ലാനിന്റെ നിര്‍ദ്ദേശം. 

മൂന്നാംപദ്ധതിക്ക് ശേഷമാണ് സാമ്പത്തികരംഗം ഉദാരവല്‍ക്കരിക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രകടമായ നീക്കമുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പിനു വിദേശസഹായം അനിവാര്യമായിരുന്നു. രണ്ടാം പദ്ധതിക്കാലത്താണ് ഇങ്ങനെയൊരു സഹായം അനിവാര്യമാണെന്ന ബോധ്യം ശക്തമാകുന്നത്. സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും നേതൃത്വത്തിലുള്ള ശാക്തികചേരികള്‍ ലോകമെമ്പാടും സ്വാധീനം വര്‍ധിപ്പിക്കാനുള്ള മത്സരത്തിലായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് ധനസഹായം ലഭ്യമാക്കാന്‍ ഇരുകൂട്ടരേയും സമീപിക്കുകതന്നെയായിരുന്നു ഇന്തോനീസ്യയിലെ സുകാര്‍ണോ ഗവണ്‍മെന്റിനെപ്പോലെ ഇന്ത്യന്‍ ഭരണകൂടത്തിന്റേയും രീതി. ഇങ്ങനെയൊരു മുഹൂര്‍ത്തത്തിലാണ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് (ഡേവിഡ് സി എന്‍ഗെര്‍മാന്‍ എഴുതിയ 'ദ പ്രൈസ് ഒഫ് എയ്ഡ്: ദ ഇക്കണോമിക് കോള്‍ഡ് വാര്‍ ഇന്‍ ഇന്‍ഡ്യ' എന്ന പുസ്തകം കാണുക. ബ്രജ് കുമാര്‍ നെഹ്രുവിന്റെ ആത്മകഥയായ നൈസ് ഗൈയ്‌സ് ഫിനിഷ് സെക്കന്‍ഡ് എന്ന പുസ്തകത്തിലും നമ്മുടെ വായ്പാന്വേഷണങ്ങളുടെ ചരിത്രമുണ്ട്.

അമേരിക്കയേയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളേയും പ്രീണിപ്പിച്ച് വിദേശസഹായത്തില്‍ വര്‍ധനയുണ്ടാക്കുന്നതിന് മുന്നുപാധിയായിരുന്നു സാമ്പത്തികരംഗത്തെ ഉദാരവല്‍ക്കരണം. ഇതിന്റെ ഭാഗമായി ഐ.എം.എഫിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ഡോളര്‍ സമം 4.76 രൂപ എന്നത് 7.50 എന്നതായി. അതായത് രൂപയ്ക്ക് 36.5 ശതമാനം മൂല്യശോഷണം സംഭവിച്ചു എന്നര്‍ത്ഥം. നേരത്തെ ലോകബാങ്കിന്റെ കീഴില്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ധനശാസ്ത്രജ്ഞനായ ബെര്‍ണാഡ് ബെല്ലും രൂപയുടെ മൂല്യശോഷണം ശുപാര്‍ശ ചെയ്തിരുന്നു.(7)

ചില ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കും (Structural reforms) അന്നു തുടക്കമിട്ടിരുന്നു. മുതലാളിത്ത ലോകക്രമവുമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉദ്ഗ്രഥിതമാക്കി അടവുശിഷ്ട പ്രതിസന്ധിയും നാണ്യപ്പെരുപ്പവുമടക്കമുളള സാമ്പത്തിക സ്ഥിതിവിശേഷങ്ങളെ മറികടക്കുകയും അതുവഴി താന്താങ്ങളുടെ വര്‍ഗ്ഗതാല്പര്യം സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു അക്കാലത്തെ നമ്മുടെ രാഷ്ട്രനേതൃത്വത്തിന്റെ മനസ്സിലിരുപ്പ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവവികാസങ്ങള്‍. 

ഇറക്കുമതി ലൈസന്‍സ്, താരിഫുകള്‍, കയറ്റുമതി സബ്‌സിഡികള്‍ എന്നിവയാണ് ഉദാരമാക്കിയത്. ഈ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഔപചാരിക വ്യവസായ മേഖലയിലെ 80 ശതമാനത്തോളം ഉല്പന്നങ്ങള്‍ നല്‍കുന്ന 59 വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത, ഘടകവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഗവണ്‍മെന്റ് നല്‍കി. (ഇന്‍ഡ്യാ പോളിസി ഫോറം 2004 -ഇന്‍ഡ്യാസ് ട്രേഡ് റിഫോം-അര്‍വിന്ദ് പനാഗരിയ). പ്രധാനമായും ലോകബാങ്ക് നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ നടപടികള്‍. 900 മില്യണ്‍ ഡോളര്‍ വര്‍ഷംതോറും ഇറക്കുമതിരംഗത്തെ വിപുലീകരണത്തിനായി നല്‍കാമെന്നായിരുന്നു ലോകബാങ്ക് വ്യവസ്ഥ. വ്യവസായരംഗത്തുനിന്ന് ഊന്നല്‍ കാര്‍ഷികരംഗത്തേക്ക് മാറണമെന്ന് നേരത്തെ ബെല്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കാര്‍ഷികരംഗത്ത് വിളനാശവും മറ്റും മൂലം ഇറക്കുമതി വിപുലീകരിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ലോകബാങ്ക് നല്‍കിയ സഹായത്തില്‍ വലിയൊരു ഭാഗവും വിനിയോഗിക്കപ്പെടാതെ കിടക്കുകയും ചെയ്തു. 

നേരത്തെ തന്നെ കാര്‍ഷികരംഗം തകര്‍ച്ചയെ അഭിമുഖീകരിച്ചു വരികയായിരുന്നു. പഞ്ചവത്സര പദ്ധതികളെല്ലാം തന്നെ വ്യവസായ വളര്‍ച്ചയ്ക്കായിരുന്നു ഊന്നല്‍ നല്‍കിയിരുന്നതും. കാര്‍ഷികരംഗത്തെ തകര്‍ച്ച വ്യവസായരംഗത്തും പ്രതിഫലിച്ചു. വ്യവസായരംഗത്ത് തിരിച്ചടി ദൃശ്യമായി. വ്യവസായവളര്‍ച്ച 1965-1966 ലെ 5.6 ല്‍ നിന്ന് 1966-1967 ല്‍ 2.6 ശതമാനമായും 1967-1968 ഒന്നാംപാദത്തില്‍ 1.4 ശതമാനമായും കുറഞ്ഞു. സാമ്പത്തികമാന്ദ്യം ലോകബാങ്ക് കുറിപ്പടിയുടെ ഭാഗമാണെന്ന് കരുതാന്‍ ജനങ്ങള്‍ക്കു വലിയ ന്യായങ്ങളുണ്ടായിരുന്നു. ആഭ്യന്തരമായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെയുള്ള വിമര്‍ശനം ശക്തമായതോടെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ നയം പിന്‍വലിക്കേണ്ടതായും വന്നു. അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വര്‍ഷംതോറും 900 മില്യണ്‍ ഡോളര്‍ സഹായം എന്ന വാഗ്ദാനത്തില്‍നിന്ന് ലോകബാങ്ക് പിന്മാറുകയും ചെയ്തു. രാജ്യത്ത് പ്രൊട്ടക്ഷണിസ്റ്റ് നയങ്ങള്‍ക്കുവേണ്ടിയുള്ള പ്രചരണം വീണ്ടും ശക്തമായി. ഇന്തോ-പാക് യുദ്ധത്തിനും ബംഗ്ലദേശ് മോചനത്തിനും മുന്‍പ് ഇന്ദിരാ ഗാന്ധിയെ ഒറ്റപ്പെടുത്തുന്ന നയമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്തലോകം സ്വീകരിച്ചത്. അതായത് ഇന്ദിരയുടെ ഫാസിസംപോലെ അവരുടെ ഇടതു രാഷ്ട്രീയമുഖവും സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണെന്നു സാരം.

സ്വാതന്ത്ര്യലബ്ധിയുടെ മുഹൂര്‍ത്തത്തില്‍ ബ്രിട്ടീഷുകാരില്‍നിന്ന് അധികാരം പിടിച്ചെടുത്തത് പ്രധാനമായും സമൂഹത്തില്‍ അധീശത്വമുള്ള മൂന്നു വിഭാഗങ്ങളായിരുന്നുവെന്ന പ്രണബ് ബര്‍ധന്റെ വിശകലനത്തെ (5) ആസ്പദമാക്കിയും 1960-കളില്‍ നാലാമതൊരു വിഭാഗം (ഇന്ത്യന്‍ ബഹുജനം) കൂടി തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങളുടെ സംരക്ഷണവും രാഷ്ട്രീയ പ്രാതിനിധ്യവും ആവശ്യപ്പെട്ട് രംഗത്തുവന്നെന്ന അചിന്‍ വനായിക്കിന്റേയും മറ്റും നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയും ഇന്ദിര നായകസ്ഥാനത്ത് അവരോധിക്കപ്പെടുന്ന സമയത്ത് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളില്‍ എന്തു സംഭവിച്ചുവെന്നതു സംബന്ധിച്ച് 'ഓട്ടം ഒഫ് ദ മാട്രിയാര്‍ക്: ഇന്ദിരാ ഗാന്ധിസ് ഫൈനല്‍ ടേം ഇന്‍ ഓഫിസ്' എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവായ ഡീഗോ മയ്യോരാനോ ഒരു ക്ഷണിക വീക്ഷണം നല്‍കുന്നുണ്ട്. 1955 ജനുവരിയില്‍ ആവടിയില്‍ വെച്ചുചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹനിര്‍മ്മാണം എന്ന മുദ്രാവാക്യം അംഗീകരിച്ചത് കോണ്‍ഗ്രസ്സിലും ഭരണതലത്തിലും അധീശത്വം പുലര്‍ത്തിയിരുന്ന ഇക്കൂട്ടരില്‍ ഒരു പ്രബലവിഭാഗമായ ഇന്ത്യന്‍ വ്യവസായി മുതലാളിവര്‍ഗ്ഗത്തില്‍ ആശങ്കയും നീരസവും സൃഷ്ടിച്ചിരുന്നു. അതേസമയം മറ്റൊരു പ്രബലശക്തിയെ, ഗ്രാമങ്ങളില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന സമ്പന്ന കര്‍ഷകവിഭാഗത്തെ രണ്ടാംപദ്ധതിയില്‍ വ്യവസായവല്‍ക്കരണത്തിനു കൊടുത്ത ഊന്നലുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും അകറ്റിയിരുന്നുവെന്ന് സുദീപ്ത കവിരാജിനെ ഉദ്ധരിച്ച് മയ്യോരാനോ പറയുന്നു. മൂന്നാമത്തെ വിഭാഗമായ മധ്യവര്‍ഗ്ഗമാകട്ടെ, ഏറെക്കുറെ രാജ്യത്തിന്റെ ആധുനികീകരണം സംബന്ധിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും ഭാവിയിലൊന്നും അവ നടപ്പാകാന്‍ പോകുന്നില്ലെന്നും വിശ്വസിച്ചുതുടങ്ങിയിരുന്നു. ഈ മൂന്നു വര്‍ഗ്ഗങ്ങള്‍ക്കും പുറമേ നാലാമതൊരു വിഭാഗം-ഇന്ത്യന്‍ ബഹുജനങ്ങള്‍- ഭരണകൂടനയങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണമെന്ന ആവശ്യമുയര്‍ത്തി രംഗത്തുവന്നതും ഇക്കാലത്താണ്. രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ കൈയാളുന്നതില്‍നിന്ന് തങ്ങളെ ഇത്രയും കാലം മാറ്റിനിര്‍ത്തിയിരുന്ന നേരത്തെ പറഞ്ഞ മൂന്നു സാമൂഹ്യവര്‍ഗ്ഗങ്ങള്‍ക്കെതിരെ ഈ വിഭാഗം ശക്തമായ നിലപാടെടുക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1960-കളുടെ ഒടുവിലും 1970-കളിലുമായി ക്രമേണയാണെങ്കിലും ബഹുജനങ്ങള്‍ നായകസ്ഥാനത്തേക്ക് വന്നു. ഹിന്ദിമേഖലയില്‍ സ്വാതന്ത്ര്യസമരക്കാലത്ത് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്ന നാമമാത്ര കര്‍ഷകരായിരുന്നു ഇവരില്‍ മുഖ്യം. അര്‍ദ്ധജന്മിത്വ വാഴ്ചാക്രമത്തില്‍ തങ്ങളുടെ യജമാനന്മാരുടെ താല്പര്യത്തിനനുസരിച്ച് ചരിക്കുന്നവരായിട്ടു മാത്രമല്ല, സ്വന്തം രാഷ്ട്രീയേച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രതികരിക്കുന്നവരുമായിക്കൂടി അവര്‍ മാറുകയായിരുന്നു. 

സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കുകയും ഒരു പരിധിവരെ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും സാതന്ത്ര്യസമര പ്രസ്ഥാനം എന്ന നിലയില്‍നിന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന അവസ്ഥയിലേക്ക് പരിണമിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അതിന്റെ വര്‍ഗ്ഗപരമായ ഉള്ളടക്കം വലിയൊരു പരിമിതിയായിരുന്നു. 1967-ലെ പൊതു തെരഞ്ഞെടുപ്പോടെ ഒരു കൂടാര രാഷ്ട്രീയ സംഘടന (Big tent party) എന്ന പ്രതീതിയും കോണ്‍ഗ്രസ്സിനു നഷ്ടപ്പെടാന്‍ തുടങ്ങി.

കര്‍ഷക സമൂഹത്തില്‍ മേല്‍ജാതിക്കാരായിരുന്നു കോണ്‍ഗ്രസ്സ് ഭരണത്തിന്റെ ഗുണഭോക്താക്കള്‍. ഭൂപരിഷ്‌കരണം ഫലപ്രദമായി നടപ്പാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധവെച്ചു. തല്‍ഫലമായി സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം തടസ്സപ്പെടുകയും ആധുനികീകരണത്തിന്റെ ഗതി മന്ദീഭവിക്കാന്‍ ഇടവരികയും ചെയ്തു. ജനാധിപത്യവല്‍ക്കരണം തടസ്സപ്പെട്ടത് ബ്രിട്ടീഷ് ഭരണകാലത്ത് ശക്തമായി വേരുറപ്പിച്ച നാടുവാഴിത്ത ക്രമവും മൂല്യങ്ങളും സമൂഹത്തില്‍ അതേപടി തുടരുന്നതിന് ഇടയാക്കി. ശാസ്ത്രത്തിന്റേയും സ്വതന്ത്ര ചിന്തയുടേയും മുദ്രാവാക്യങ്ങള്‍ തൊലിപ്പുറമേ മാത്രം അവശേഷിച്ചു. 

അതേസമയം കാര്‍ഷികമേഖലയുടെ വികസനത്തിനായി നീക്കിവെയ്ക്കുന്ന വിഭവങ്ങള്‍ അവര്‍ കൈയടക്കി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികള്‍ തൊട്ട് ഉയര്‍ന്ന സ്ഥാനങ്ങളില്‍ വരെ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ ഹിന്ദുവലതുപക്ഷത്തെ രൂപീകരിച്ചതും ഈ മേല്‍ജാതിക്കാരായിരുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും പഞ്ചവത്സര പദ്ധതികളില്‍ വ്യവസായമേഖലയില്‍ പൊതുമേഖലാ നിക്ഷേപം കൂടുതല്‍ ഉണ്ടായി. കാര്‍ഷികമേഖലയില്‍ വികസനത്തിനായി നീക്കിവെയ്ക്കുന്ന വിഭവങ്ങള്‍ കുറഞ്ഞുവരികയും ചെയ്തു. പുറമേ ഗ്രാമീണമേഖലയില്‍ കോ ഓപ്പറേറ്റീവ് രംഗത്തിന്റെ വിപുലീകരണത്തിനും നെഹ്രു സര്‍ക്കാര്‍ പരിശ്രമിച്ചു. ഈവക കാരണങ്ങളാല്‍ത്തന്നെ മേല്‍ജാതി-സമ്പന്ന കര്‍ഷകര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും അകലാനാരംഭിക്കുകയും സ്വതന്ത്ര പാര്‍ട്ടി, ഭാരതീയ ജനസംഘം തുടങ്ങിയ പാര്‍ട്ടികളുമായി അടുക്കാന്‍ തുടങ്ങുകയും ചെയ്തു. രാഷ്ട്രീയമായി ദുര്‍ബ്ബലവും സാമ്പത്തികവുമായി ശേഷിയുള്ളതുമായ നാട്ടിന്‍പുറങ്ങളിലെ ഇടത്തരം കര്‍ഷകവിഭാഗമാകട്ടെ, ചരണ്‍സിംഗിന്റേയും രാംമനോഹര്‍ ലോഹ്യയുടേയുമൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി അടുത്തു. അകന്നുകൊണ്ടിരിക്കുന്ന സമ്പന്നരും ഇടത്തരക്കാരുമായ ഈ കര്‍ഷകവിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാനും കാര്‍ഷികവിഭവങ്ങളുടെ ഉല്പാദനക്കുറവ് സൃഷ്ടിച്ച പ്രതിസന്ധി നേരിടുന്നതിനുമാണ് കോണ്‍ഗ്രസ്സും ഇന്ദിരയും ഹരിതവിപ്ലവം നടപ്പാക്കുന്നത്. ഗ്രാമീണ-കാര്‍ഷികമേഖലയിലെ വായ്പയായും മറ്റുമുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കുന്നതിനാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുന്നതെന്നൊരു വാദവും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.

1967-ലെ തെരഞ്ഞെടുപ്പില്‍നിന്ന് ഇന്ദിരാഗാന്ധി പഠിച്ച പാഠങ്ങളിലൊന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ സംഘടിതശക്തിയായി ഉയര്‍ന്നുവരുന്ന നാലാമതൊരു വിഭാഗത്തെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കേണ്ടതുണ്ട് എന്നതായിരുന്നു. അതേസമയം നേരത്തെ കോണ്‍ഗ്രസ്സിനൊപ്പം നിന്നിരുന്ന ധനിക കര്‍ഷകരേയും വന്‍കിട-ഇടത്തരം വ്യവസായി വ്യാപാരി വിഭാഗത്തേയും മധ്യവര്‍ഗ്ഗത്തേയും പാര്‍ട്ടിക്ക് കൂടെ നിര്‍ത്തേണ്ടിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ചായ്വ് സോവിയറ്റ് യൂണിയനോടായിരുന്നു എന്നത് അമേരിക്കയുള്‍പ്പെടെയുള്ള മുതലാളിത്ത ചേരിക്ക് ഇന്ത്യയെ സംശയദൃഷ്ടിയോടെ കാണുന്നതിന് വഴിവെച്ചു. തുടര്‍ന്ന് വര്‍ഷം തോറും 900 മില്യണ്‍ ഡോളര്‍ സഹായം നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്ന് ലോകബാങ്ക് പിന്മാറുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് ഇന്ദിരാ ഗാന്ധി തന്റെ സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസ്സ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലെ ഉല്‍പ്പതിഷ്ണുക്കളുടേയും ഇടതുപക്ഷ രാഷ്ട്രീയകക്ഷികളുടേയും പിന്തുണ ഇതിന് ലഭിച്ചു. ഭൂപരിഷ്‌കരണം എന്ന മുദ്രാവാക്യം സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ക്കേ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും അത് നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ആത്മാര്‍ത്ഥത കാട്ടിയിരുന്നില്ല. അതായത് ബ്രിട്ടീഷുകാരുടെ കാലത്തു നിലനിന്നിരുന്ന നാടുവാഴിത്ത ബന്ധങ്ങള്‍ ഏറെക്കുറെ നിലനില്‍ക്കുകയും ദരിദ്ര-ഭൂരഹിത കര്‍ഷകര്‍ അതേ അവസ്ഥയില്‍ തുടരുകയും ചെയ്തു. ചുരുക്കത്തില്‍ സ്വാതന്ത്ര്യലബ്ധി അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ലെന്നര്‍ത്ഥം. 1960-കളുടെ രണ്ടാം പകുതിയില്‍ നേരത്തെ ബര്‍ദന്‍ ചൂണ്ടിക്കാട്ടിയ നാലാമത്തെ വിഭാഗത്തിനിടയിലെ, ബഹുജനങ്ങള്‍ക്കിടയിലെ രാഷ്ട്രീയമായ ജാഗരണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനുപോലും വേരോട്ടമുണ്ടായി. രാജ്യമെമ്പാടും ബഹുജന-വര്‍ഗ്ഗസമരങ്ങള്‍ പതുക്കെയാണെങ്കിലും ശക്തിയാര്‍ജ്ജിച്ചു തുടങ്ങി. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടാകുന്നതൊക്കെ ഇക്കാലത്താണ്.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണാനന്തരം കാമരാജ്, നിജലിംഗപ്പ, സഞ്ജീവ റെഡ്ഡി, അതുല്യഘോഷ് എന്നിവരുള്‍പ്പെട്ട സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്വം അവര്‍ക്ക് വെല്ലുവിളിയായി മൊറാര്‍ജി ദേശായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നതിന് തടയിടാനായി ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ദിര ചലിക്കുമെന്ന ധാരണയിലായിരുന്നു ഇത്. ഇന്ദിരയാകട്ടെ, പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും തനിക്ക് പിന്തുണ സൃഷ്ടിച്ചെടുക്കുന്നതില്‍ തല്പരരായിരുന്നു. അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എന്‍. ഹക്‌സര്‍ ഇടതുപക്ഷ ആശയക്കാരനായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ പോലെയുള്ള ഉപദേശകരുടെ ഇടപെടല്‍ കൂടി കൊണ്ടായിരിക്കണം കോണ്‍ഗ്രസ്സിനകത്തെ ഇടതുലോബിയോട് ചേര്‍ന്നു പോകാന്‍ ഇന്ദിര തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി പുരോഗമനപരമായ രാഷ്ട്രീയ പരിപാടി, പത്തിന പരിപാടി നടപ്പാക്കാന്‍ ഇന്ദിരാ ഗാന്ധി തീരുമാനിക്കുകയായിരുന്നു. 

ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹിക നിയന്ത്രണമേര്‍പ്പെടുത്തുക എന്നതിനായിരുന്നു ഇന്ദിര താല്പര്യപ്പെട്ടത്. വേറെ ചില രാഷ്ട്രീയോദ്ദേശ്യങ്ങളുള്ളതിനാല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സുകാരുടെ ബാങ്ക് ദേശസാല്‍ക്കരണം എന്ന ആവശ്യം നിറവേറ്റുന്നതില്‍ അവര്‍ കാലവിളംബം വരുത്തി. എന്നാല്‍, അവയുടെ ദേശസാല്‍ക്കരണത്തില്‍ കുറഞ്ഞതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാര്‍ തയ്യാറില്ലായിരുന്നു. മൊറാര്‍ജി ദേശായിയെയാണ് ബാങ്കുകളുടെ സാമൂഹിക നിയന്ത്രണത്തിനു നടപടികളെടുക്കാന്‍ പാര്‍ലമെന്റ് ഇത് സംബന്ധിച്ച് ഒരു ആക്ട് പാസ്സാക്കുകകയും ചെയ്തു. മോഹന്‍ ധാരിയയും എസ്.എന്‍. മിശ്രയുമുള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് വിഭാഗക്കാര്‍ ഈ ആക്ടില്‍ പ്രതിഫലിച്ചു കണ്ടത് മൊറാര്‍ജിയുടെ നയങ്ങളാണ്. അത് അവര്‍ക്ക് അസ്വീകാര്യവുമായിരുന്നു. ഫരീദാബാദില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തില്‍ അവര്‍ ബാങ്കിംഗ് രംഗം ദേശസാല്‍ക്കരിക്കാനുള്ള ആവശ്യത്തെ ഇന്ദിരാ ഗാന്ധി എതിര്‍ക്കുകയും ബാങ്കിംഗ് രംഗത്തെ സാമൂഹിക നിയന്ത്രണം എന്ന ആശയം മാത്രം അടുത്ത രണ്ടുവര്‍ഷം നടപ്പാകട്ടെ എന്നു വാദിക്കുകയും ചെയ്തു. 

എന്നാല്‍, രാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈന്റെ നിര്യാണത്തോടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരം അനിവാര്യമായി. സ്വന്തം സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് പക്ഷത്തെ ദുര്‍ബ്ബലമാക്കാന്‍ ഇന്ദിരയ്ക്ക് പാര്‍ട്ടിയിലെ ഉല്‍പതിഷ്ണുക്കളുടേയും പുരോഗമനവാദികളുടേയും പിന്തുണ ആവശ്യമായിരുന്നു. അങ്ങനെ 1969 ജൂണില്‍ ബാങ്കിംഗ് ദേശസാല്‍ക്കരണം പ്രാവര്‍ത്തികമായി. 

പറഞ്ഞുവന്നത് ഇന്ദിരയുടെ നയങ്ങളെക്കുറിച്ചാണ്. ആത്യന്തികമായി തന്റെ അധികാര താല്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അത് സോഷ്യലിസ്റ്റ് സ്വഭാവമുള്ള നടപടികള്‍ എടുത്തിട്ടോ, ഭരണകൂട ഇടപെടലിനെ പ്രോത്സാഹിപ്പിച്ചിട്ടോ ആയാല്‍ അങ്ങനെ. 

ഇറ്റാലിയന്‍ ഫാസിസ്റ്റുകളുടേയും നാസികളുടേയും ആദ്യകാല പരിപാടികളില്‍ ഭരണകൂട ഇടപെടല്‍ എന്ന ആശയം ശക്തമായി പ്രതിഫലിക്കുന്നുണ്ട്. നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (നാസി) യുടെ 25-ഇന പരിപാടിയില്‍ ഭൂപരിഷ്‌കരണവും വ്യവസായങ്ങളുടെ ദേശസാല്‍ക്കരണവും ആരോഗ്യരക്ഷയും സാര്‍വ്വത്രിക വിദ്യാഭ്യാസവുമൊക്കെയുണ്ട്. രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങള്‍ക്കു വ്യക്തിതാല്പര്യങ്ങള്‍ പൂര്‍ണ്ണമായും കീഴ്പെടുത്തേണ്ടതുണ്ടെന്നുള്ള കാഴ്ചപ്പാട് തങ്ങള്‍ ധീരമായി നടപ്പാക്കുന്നുവെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തി അവരെ തങ്ങള്‍ക്കു പിറകില്‍ മാര്‍ച്ച് ചെയ്യിക്കാനുള്ള ഒരു ഉപാധി മാത്രമാണ് അത്. 

ഫാസിസം യഥാര്‍ത്ഥത്തില്‍ ഒരു തീവ്ര മുതലാളിത്ത ക്രമമാണ്. രാഷ്ട്രം എന്ന മഹായന്ത്രത്തിലെ പല്‍ച്ചക്രങ്ങളോ അനവധി പല്‍ച്ചക്രങ്ങളിലെ പല്ലുകളോ മാത്രമായിട്ടാണ് തീവ്ര മുതലാളിത്തക്രമം നില്‍ക്കുന്ന രാഷ്ട്രത്തില്‍ സാധാരണ പൗരന്മാര്‍. ഗ്രീക്ക്-ഫ്രെഞ്ച് മാര്‍ക്‌സിസ്റ്റ് ചിന്തകനായ നിക്കോസ് പൗളന്‍സാസ് പറയുന്നത് വ്യക്തികളെ സംബന്ധിച്ച് മുതലാളിത്ത ഭരണകൂടങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന സങ്കല്പം ഓരോ വ്യക്തിയും പരസ്പരം ഒറ്റതിരിഞ്ഞു നില്‍ക്കുകയും എന്നാല്‍, മറ്റുള്ള വ്യക്തികളില്‍നിന്ന് അഭിന്നമായിരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളെപ്പോലെയുള്ള നിയമപരമായ അസ്തിത്വങ്ങളായിട്ടാണ്. ഒരു സാധാരണ മനുഷ്യജീവി എന്ന നിലയിലുള്ള അസ്തിത്വമായിട്ടല്ല. ഇവര്‍ക്ക് ചില അവകാശങ്ങളും കടമകളും ഉണ്ടായിരിക്കും. നിയമപരമായ അസ്തിത്വങ്ങളാകുന്ന ഈ ഒറ്റയൊറ്റ യൂണിറ്റുകളെ കൂട്ടിയോജിപ്പിക്കുന്ന ഒരേയൊരു ഘടകം ഭരണകൂടമാണ്. അതുകൊണ്ടുതന്നെ ജനകീയ ഇച്ഛയുടേയും രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റേയും കുത്തക അതിനായിരിക്കും. 

ഇന്ദിരയുടെ ഭരണകാലത്ത്, പ്രത്യേകിച്ചും അടിയന്തരാവസ്ഥയുടെ സന്ദര്‍ഭത്തില്‍, രാഷ്ട്രം എന്നത് നമ്മുടെ വൈയക്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നു. വ്യക്തികളെ കൂട്ടിയോജിപ്പിക്കുന്ന ഒരേയൊരു ഘടകം ഭരണകൂടം എന്ന അവസ്ഥയിലേക്ക് സമൂഹം പതുക്കെ നീങ്ങുന്നുവെന്ന സൂചന അവരുടെ രാഷ്ട്രീയ നടപടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഉന്നതാദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ജനാധിപത്യ വാദികളുടെ കളരിയില്‍ ജനാധിപത്യത്തിന്റെ ബാലപാഠങ്ങളഭ്യസിച്ച ഇന്ദിരാ ഗാന്ധി ഫാസിസത്തെ അങ്ങേയറ്റം വെറുത്തയാളായിരുന്നു. 1970 മെയ് 21-ന് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡെമോക്രസി ആന്റ് സോഷ്യലിസം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ ചെയ്ത പ്രസംഗത്തില്‍ ഇക്കാര്യം സ്പഷ്ടമാക്കിയിരുന്നു. (6)

ഹിന്ദുത്വ രാഷ്ട്രീയത്തോട് കര്‍ക്കശമായ നിലപാടും എതിര്‍പ്പും വെച്ചുപുലര്‍ത്തിയിരുന്നയാളായിരുന്നു ഇന്ദിര. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതൃപ്തിയെ മുതലെടുത്ത് വളരാനും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനും ശ്രമിച്ചിരുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്കു നേരിടേണ്ടിവന്ന വലിയ തടസ്സങ്ങളിലൊന്ന് ഇന്ത്യന്‍ ജനതയില്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ മകളെന്ന നിലയിലും ആജ്ഞാശക്തിയും പ്രത്യുല്പന്നമതിത്വവും ഉള്ള നേതൃത്വമെന്ന നിലയിലും ഇന്ദിര ഉണ്ടാക്കിയ സ്വാധീനവുമായിരുന്നു. ആധുനിക ജനാധിപത്യമൂല്യങ്ങള്‍ നന്നേ ചെറുപ്പത്തിലേ സ്വാംശീകരിച്ച ഇന്ദിരയെ ഫാസിസ്റ്റ് എന്ന് ആക്ഷേപിക്കപ്പെടുന്നതിലേക്കു വളര്‍ന്ന വ്യക്തിപരമായ പരിണാമം വിചിത്രവും അദ്ഭുതകരവുമായിരുന്നു. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസകാലത്ത് സജീവ ഇടതുപക്ഷാനുഭാവികളായ മോഹന്‍ കുമരമംഗലം, പാര്‍വ്വതി കുമരമംഗലം, പി.എന്‍ ഹസ്‌കര്‍ തുടങ്ങിയവരുമായി അവര്‍ പുലര്‍ത്തിയ അടുപ്പം അവരെ രാഷ്ട്രീയമായി സ്വാധീനിച്ചിരുന്നു. എന്നാല്‍, നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ച് ബോധവതിയായിരുന്ന അവര്‍ . എന്നാല്‍, തന്റെ ശരികളെക്കുറിച്ചുള്ള അമിതമായ ബോധ്യം അവരെ ആദ്യം ജനാധിപത്യവിരുദ്ധയെന്നും (കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പിരിച്ചുവിടുമ്പോള്‍ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുണ്ടായിരുന്നു.) പില്‍ക്കാലത്ത് ഫാസിസ്റ്റ് എന്ന ആക്ഷേപത്തിനും അര്‍ഹയാക്കുകയായിരുന്നു. 

ഇന്ദിരാ ഗാന്ധി ഭരണാധികാരത്തിലേക്ക് വളരുകയും തുടര്‍ന്ന് സ്ഥാനത്തും പാര്‍ട്ടിയിലും പിടിമുറുക്കുകയും ചെയ്ത കാലത്ത് രണ്ട് അയല്‍രാജ്യങ്ങളുമായി ഉണ്ടായ യുദ്ധം സമ്പദ്വ്യവസ്ഥയായിരുന്നു അവര്‍ക്ക് അനന്തരാവകാശമായി കിട്ടിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടുദശകം പിന്നിട്ടിട്ടും തങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന തോന്നലും വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. അവര്‍ക്കിടയില്‍ അസംതൃപ്തിയും നിരാശയും വ്യാപകമായി. ഹിന്ദു-സാമ്പത്തിക വലതുപക്ഷങ്ങളെ വേണ്ട രീതിയില്‍ ഗൗനിച്ചില്ലെന്ന പരിഭവവും പ്രതിഷേധവുമാണ് 1967-ലെ സ്വതന്ത്ര പാര്‍ട്ടിയുടേയും ജനസംഘത്തിന്റേയും ചെറിയ തോതിലുള്ള മുന്നേറ്റങ്ങളില്‍ പ്രതിഫലിച്ചത്. പിന്നിട്ട പഞ്ചവത്സര പദ്ധതികളില്‍ മുഖ്യമായും ഊന്നല്‍ വ്യവസായങ്ങള്‍ക്കായിരുന്നു. കാര്‍ഷികമേഖലയിലേക്ക് നീക്കിവെച്ചത് മുഖ്യമായും കര്‍ഷകര്‍ക്കിടയിലെ സമ്പന്നര്‍ കൈയടക്കി. 

ആദ്യത്തെ മൂന്നു പദ്ധതികള്‍ കഴിഞ്ഞാല്‍ സ്വതന്ത്രവിപണി ക്രമത്തിലേക്ക് മാറണമെന്നായിരുന്നു വ്യവസായ മുതലാളിത്തത്തിന്റെ അഭിലാഷം. എന്നാല്‍, ആ ദിശയില്‍ ഒരു നീക്കവും നടക്കുന്നില്ലെന്ന് അവരും മനസ്സിലാക്കിയിരുന്നു. 1966-ല്‍ ലോകബാങ്കുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രൂപയുടെ മൂല്യശോഷണം ഉണ്ടായെങ്കിലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള കൂട്ടുകെട്ടില്‍ ഇന്ദിരാ ഗാന്ധി തുടക്കത്തില്‍ തല്പരയായിരുന്നില്ല. അന്താരാഷ്ട്രരംഗത്ത് പ്രകടമായ സോവിയറ്റ് ചായ്വും ആഭ്യന്ത രംഗത്ത് ഭരണതലത്തില്‍ വരെ പിടിമുറുക്കിയ ഇടതു രാഷ്ട്രീയവും അവരെ ആശങ്കപ്പെടുത്തിയിരുന്നു. 1969 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി സ്വീകരിച്ച ഭരണപരമായ നടപടികള്‍ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അതേസമയം ബ്യൂറോക്രസിയിലും ഭരണതലത്തിലും പഴയ കൊളോണിയല്‍-നാടുവാഴിത്ത കാലത്തെ അവശിഷ്ടങ്ങള്‍ പ്രകടമായിരുന്നു. ബി.കെ. നെഹ്‌റുവിനെപ്പോലുള്ള ഇന്ദിരയുടെ ഉപദേശകര്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സ്വീകരിച്ച ജനാധിപത്യ മാതൃക രാജ്യത്തിനു യോജിച്ചതല്ലെന്ന് വിശ്വസിച്ചു. (രാമചന്ദ്രഗുഹ എഡിറ്റ് ചെയ്ത മേക്കേഴ്‌സ് ഒഫ് മോഡേണ്‍ ഏഷ്യ എന്ന പുസ്തകത്തിലെ ശ്രീനാഥ് രാഘവന്‍ എഴുതിയ 'ഇന്ദിരാ ഗാന്ധി: ഇന്‍ഡ്യ ആന്റ് ദ വേള്‍ഡ് ഇന്‍ ട്രാന്‍സിഷന്‍' എന്ന അധ്യായം കാണുക) 

വെയ്മര്‍ റിപ്പബ്ലക്കിന്റെ അനുഭവമായിരുന്നു ഫാസിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ദിരയുടെ മനസ്സില്‍ മിക്കപ്പോഴും ഉണ്ടായിരുന്നതെന്നതിന് അവരുടെ പ്രസംഗങ്ങള്‍ തെളിവാണ്. അതുകൊണ്ട് പ്രണബ് ബര്‍ധന്‍ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയ, 1960-കളുടെ ഒടുവില്‍ തങ്ങളുടെ രാഷ്ട്രീയ ഇച്ഛകളും അഭിലാഷങ്ങളും പരസ്യമായി പ്രകടിപ്പിക്കാനാരംഭിച്ച ഇന്ത്യന്‍ ബഹുജനത്തെ തന്റെ രാഷ്ട്രീയാടിത്തറയായി സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങളിലൂടെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച ഇന്ദിര, അതേസമയം സാമൂഹികാതൃപ്തി പ്രകടമാക്കുന്ന മറ്റു വിഭാഗങ്ങളെ കൂടെ നിര്‍ത്താനും പരിശ്രമിച്ചു. തന്റെ ഭരണകാലങ്ങളിലുടനീളം ഈ വിഭാഗങ്ങളെ ഘട്ടം ഘട്ടമായി കൈയിലെടുക്കാനുള്ള ശ്രമം അവര്‍ നടത്തുന്നതായി ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ഹരിതവിപ്ലവം ഒരേസമയം ഉല്‍പ്പാദനവര്‍ധനയും പഞ്ചവത്സര പദ്ധതികളില്‍ അവഗണിക്കപ്പെട്ടുവെന്ന കര്‍ഷകസമൂഹത്തിന്റെ പരാതി തീര്‍ക്കുന്നതും ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു. എന്നാല്‍, സമ്പന്ന-ഇടത്തരം കര്‍ഷകര്‍ക്ക് രാഷ്ട്രീയമായ വിലപേശലിനു കൂടുതല്‍ ശക്തിനല്‍കുകയും കോണ്‍ഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന് ഊര്‍ജ്ജമാകുകയുമാണ് ഇത് പരോക്ഷമായി നിര്‍വ്വഹിച്ച ദൗത്യം. ഫാസിസത്തെക്കുറിച്ച് വാചാലയായിരുന്ന അവര്‍ അതേസമയം രാഷ്ട്രത്തെ ബാഹ്യവും വൈദേശികവുമായ ഇടപെടലുകളെക്കുറിച്ച് നാട്ടുകാര്‍ ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. 
1974-ല്‍ റെയില്‍വേ സമരത്തെ അവര്‍ നേരിട്ട രീതിയില്‍ നിന്നുതന്നെ വലതുപക്ഷത്തേക്കുള്ള ഇന്ദിരയുടെ മാറ്റം പ്രകടമായിരുന്നു. 

അടിയന്തരാവസ്ഥയും സമ്പദ്വ്യവസ്ഥയും
1975 ജൂണ്‍ 25-നാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളിലോരോന്നിന്റേയും സ്വതന്ത്രമായ നിലനില്‍പ്പ് വെല്ലുവിളിക്കപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം തടയപ്പെട്ടു. സെന്‍ഷ്വറിങ് വ്യാപകമാകുകയും സര്‍ക്കാരിന്റെ സ്തുതിപാഠകരായി മാറാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ സാന്നിധ്യം കൊണ്ട് ഫാസിസ്റ്റ് എന്നു വിളിച്ചെങ്കിലും അതത്ര വലിയ ഭീഷണിയൊന്നും ഉയര്‍ത്തിയില്ലയെന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് ജെ.പി. മൂവ്‌മെന്റ് ദുര്‍ബ്ബലമായതുതന്നെ ഉദാഹരണമാണ്. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും ജ്യോതിബസുവും മധുദന്തവാതെയെപ്പോലുളള സോഷ്യലിസ്റ്റ് നേതാക്കളും അറസ്റ്റിലായി. നിരവധി രാഷ്ട്രീയ സംഘടനകള്‍ നിരോധിക്കപ്പെട്ടു. തീവ്ര വലതുപക്ഷവും ഇടതുപക്ഷവുമൊക്കെ അതിലുള്‍പ്പെടുന്നു.

ഭരണതലത്തിലും അല്ലാതേയും സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്ന ഇന്ദിരയുടെ അനുയായികള്‍ വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും രാഷ്ട്ര സുരക്ഷയാണ് പരമപ്രധാനമെന്ന് ഘോഷിച്ച് ഇത്തരം പ്രവൃത്തികളെയെല്ലാം ന്യായീകരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നേരത്തെതന്നെ അവര്‍ പിടിമുറുക്കിയിരുന്നു. 1972-ല്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തിവെച്ച് തന്റെ അനുയായികളെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്ന പതിവ് തുടങ്ങിയിരുന്നു. പ്രതിപക്ഷാനുഭാവവും ഗവണ്‍മെന്റ് വിമര്‍ശനവും മഹാപരാധമായി കരുതുകയും രാഷ്ട്രീയ എതിരാളികളുടെ കുടുംബാംഗങ്ങള്‍വരെ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരകളാകുകയും ചെയ്തു. പൗരാവകാശങ്ങള്‍ വ്യാപകമായി ഹനിക്കപ്പെട്ടു. 

ജുഡീഷ്യറിയെ വരുതിക്കു നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു മറ്റൊന്ന്. ഇലക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തിന്മേല്‍ ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ് കോടതിയുടെ വിധിയായിരുന്നു അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. അതുകൊണ്ടുതന്നെ ജുഡീഷ്യറി തനിക്ക് അനുകൂലമാകണമെന്ന കാര്യത്തില്‍ ഇന്ദിരയ്ക്ക് നിര്‍ബ്ബന്ധമായിരുന്നു. ജുഡീഷ്യറി ദുര്‍ബ്ബലപ്പെടുകയും ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുകയും ചെയ്തുവെന്നതാണ് അക്കാലത്തെ ഒരു സവിശേഷത. 

എല്ലാ അധികാരവും ഇന്ദിരയില്‍ കേന്ദ്രീകരിച്ചു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കിയത് അന്നത്തെ എ.ഐ.സി.സി പ്രസിഡന്റായിരുന്ന ഡി.കെ. ബറുവയാണ്. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന ഗവണ്‍മെന്റുകളെ അവര്‍ പിരിച്ചുവിട്ടു. ഭരണതലത്തിലെ ഓരോ നീക്കവും അവരുടെ അധികാരത്തിലും നിയന്ത്രണത്തിലും നടന്നു. 

നാസി യൂജനിക്‌സിനെ അനുസ്മരിപ്പിക്കുംവിധം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണകക്ഷി നടപ്പാക്കിയ നിര്‍ബ്ബന്ധിത വന്ധ്യംകരണ പരിപാടി (Forced Sterilization)യായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ മറ്റൊരു മനുഷ്യത്വഹീന നടപടി. നിര്‍ബന്ധിത വന്ധ്യംകരണപരിപാടിയും ചേരി നിര്‍മാര്‍ജനവും ഇരകളാക്കിയത് മുഖ്യമായും ദളിതരെയും ദരിദ്രമുസ്ലിംകളെയുമായിരുന്നു. സഞ്ജയ് ഗാന്ധിയുടേയും ജഗ്മോഹന്റേയും നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ തുര്‍ക്കമാന്‍ ഗേറ്റിനു സമീപമുള്ള ചേരികള്‍ ഒഴിപ്പിക്കാന്‍ നടത്തിയ പൊലീസ് വെടിവെയ്പിലാണ് കലാശിച്ചത്. 150-ഓളം പേര്‍ കൊല്ലപ്പെടുകയും 70000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു. അന്ന് ഡി.ഡി.എ വൈസ് ചെയര്‍മാനായിരുന്ന ജഗ് മോഹന്‍ ജമ്മു-കശ്മീര്‍ ഗവര്‍ണറായിരിക്കെ എടുത്ത നടപടികള്‍ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാനുറച്ച ഇന്ദിരയും അവരുടെ രാഷ്ട്രീയ കക്ഷിയും ക്രമേണ ദരിദ്രരെ വംശീയ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്. . ദരിദ്രരില്‍ ഏറിയകൂറുമാകട്ടേ ദളിതരും മുസ്ലിംകളുമാണ് എന്നത് അടിയന്തരാവസ്ഥക്കാലത്തെ  ഇത്തരം നടപടികളുടെ വംശീയസ്വഭാവം വെളിവാക്കുകയും ചെയ്യുന്നു. 

അടിയന്തരാവസ്ഥക്കാലത്തെ വിവാദമായ 42-ാമത് ഭരണഘടനാ ഭേദഗതി ഇന്ത്യയെ പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലെ മുതലാളിത്ത സമ്പദ്വ്യവസ്ഥ ഒരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത്. രണ്ടു അയല്‍രാജ്യങ്ങളുമായുള്ള യുദ്ധം തളര്‍ത്തിയ സമ്പദ്വ്യവസ്ഥയായിരുന്നു പ്രധാനമന്ത്രിയായ ഇന്ദിരയ്ക്ക് അനന്തരാവകാശമായി കിട്ടിയത്. ബംഗ്ലാദേശ് യുദ്ധം ഭാരിച്ച ചെലവുള്ള ഒന്നായിരുന്നു. യുദ്ധത്തിന്റെ ചെലവ് ഒരാഴ്ച 200 കോടിയായിരുന്നു. ജി.ഡി.പിയുടെ വളര്‍ച്ചയേയും അത് ബാധിച്ചു. 0.9 ശതമാനം വളര്‍ച്ചയാണ് 1971-1972 കാലത്ത് സമ്പദ്വ്യവസ്ഥ കൈവരിച്ചത്. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവും വലിയ ചെലവിനു കാരണമായി. 1972-1973 സാമ്പത്തിക വര്‍ഷത്തില്‍ മഴക്കുറവും വരള്‍ച്ചയും കാര്‍ഷികോല്പാദനത്തെ ബാധിച്ചു. നിലനില്പിനായി അപ്പോഴും ധാന്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന രാജ്യം യുദ്ധം നിമിത്തം വിദേശനാണ്യ ശേഖരത്തിലെ കുറവുകൊണ്ട് ബുദ്ധിമുട്ടിലായി. ആളുകളുടെ ക്രയശേഷിയെ വരള്‍ച്ചയും യുദ്ധവും ബാധിച്ചത് വ്യവസായമേഖലയേയും തളര്‍ത്തി. വ്യവസായശാലകള്‍ പൂട്ടിയിടേണ്ടിവരികയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കും താഴ്ന്ന വരുമാനവും ആരോഗ്യ മേഖലയേയും വിദ്യാഭ്യാസ മേഖലയേയും ബാധിച്ചു. 

അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളും ഇന്ത്യയെ അക്കാലത്ത് സാമ്പത്തികമായി ബാധിച്ചു. 1973-ലെ ഓയില്‍ഷോക്ക് വിദേശനാണ്യശേഖരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കി. നാലിരട്ടിയായിട്ടാണ് അസംസ്‌കൃത എണ്ണയുടെ വിലവര്‍ധന ഉണ്ടായത്. രാസവളത്തിന്റേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലയില്‍ കുതിച്ചുചാട്ടമുണ്ടായി. നാണ്യപ്പെരുപ്പം നിയന്ത്രണാതീതമായി. വിദേശനാണ്യ പ്രതിസന്ധി മറികടക്കുന്നതിന് ഇന്ദിര ഐ.എം.എഫിന്റെ സഹായം തേടുകയും ചെയ്തു. 

ഈയൊരു സന്ദര്‍ഭത്തിലാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പിന്തുണയോടെയുള്ള പ്രതിപക്ഷ ഭീഷണിയും രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി രാഷ്ട്രസുരക്ഷയെ മുന്‍നിര്‍ത്തി ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടര്‍ന്നങ്ങോട്ട് സാമ്പത്തികരംഗത്ത് ഇന്ദിര കൈക്കൊണ്ട നടപടികള്‍ വന്‍കിട സ്വകാര്യ മൂലധനത്തിന് അനുകൂലമായിട്ടായിരുന്നുവെന്നത് ഇന്ത്യന്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയേയും മുതലാളി വര്‍ഗ്ഗതാല്പര്യത്തേയും സംരക്ഷിക്കുന്നതിനായിരുന്നു അടിയന്തരാവസ്ഥ എന്ന് വെളിവാക്കുന്നു. സാമ്പത്തികവും പണപരവും ആയ നടപടികളിലൂടെ 1974 ജൂലൈയോടെ നാണ്യപ്പെരുപ്പം തടയിടാന്‍ ഒരു പരിധിവരെ ഇന്ദിരയ്ക്കായി. (ശ്രീനാഥ് രാഘവന്‍ എഴുതിയ 'ഇന്ദിരാ ഗാന്ധി: ഇന്‍ഡ്യ ആന്റ് ദ വേള്‍ഡ് ഇന്‍ ട്രാന്‍സിഷന്‍' എന്ന അധ്യായം, മേക്കേഴ്‌സ് ഒഫ് മോഡേണ്‍ ഏഷ്യ- രാമചന്ദ്രഗുഹ എഡിറ്റ് ചെയ്തത്) 

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനുശേഷം, സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളിലെ ഗുണപരമായ മാറ്റം ലാക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടിയില്‍ ബി.കെ. നെഹ്രുവിനെപ്പോലുള്ളവരുടെ മുന്‍കൈയാല്‍ ഉള്‍പ്പെടുത്തിയ മുതലാളിത്താനുകൂല നിര്‍ദ്ദേശങ്ങളെ വലിയ ബിസിനസ്സുകാര്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടുന്നതിന് അനുപേക്ഷണീയമായ അച്ചടക്കത്തിന്റേയും ഉല്പാദനക്ഷമതയുടേയും വ്യാവസായികരംഗത്തെ സമാധാനത്തിന്റേയും സാഹചര്യം സൃഷ്ടിക്കുന്നതിലേക്ക് നയിച്ച ഇന്ദിരയുടെ പ്രായോഗികതയേയും ഫലവത്തായ സമീപനത്തേയും ജെ.ആര്‍.ഡി. ടാറ്റ ശ്ലാഘിച്ചു. വര്‍ധിച്ച മുതല്‍മുടക്കിന്റെ ഫലമായി ഉല്പാദനത്തിലുണ്ടായ മുന്നേറ്റം സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കി. 1975-1976 ല്‍ കാര്‍ഷികോല്പാദനവും പല ഇരട്ടിയായി വര്‍ധിച്ചു. ഘന, ലോഹവ്യവസായങ്ങള്‍, ഖനനം, വൈദ്യുതിരംഗങ്ങളില്‍ അടിയന്തരാവസ്ഥയുടെ രണ്ടുവര്‍ഷങ്ങളില്‍ വളര്‍ച്ചയുണ്ടായി. 1973-ല്‍ തൊഴില്‍ ദിനങ്ങളുടെ നഷ്ടം 20 മില്യണ്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയനിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയ 1975 കാലത്ത് അത് നാലു മില്യണ്‍ ആയിക്കുറഞ്ഞു. രണ്ടക്കത്തിലുണ്ടായ പണപ്പെരുപ്പനിരക്ക് 1976-ല്‍ 2.1 ആയി. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്തതാണ് മറ്റൊരു സവിശേഷത. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കൂടുതലായുള്ള വളര്‍ച്ചയ്ക്ക് അത് വഴിവെച്ചു. യഥാര്‍ത്ഥത്തില്‍ 1991-ല്‍ നടപ്പിലായ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ മുന്നോടിയായിരുന്നു 1975-1977 കാലഘട്ടത്തിലേത്. 
1970-കള്‍ മുതലുള്ള കാലഘട്ടം ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെന്നപോലെ ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തിലും സവിശേഷ മാറ്റങ്ങളുടേതായിരുന്നു.

1970-കളിലാണ് ഇന്ത്യന്‍ മൂലധനത്തിന്റെ സ്വാഭാവിക ഊര്‍ജസ്വലത ഉണര്‍ന്നുവരുന്നത്. 1970-കളുടെ മധ്യത്തിലാരംഭിച്ച വാണിജ്യസമൂഹത്തോടുള്ള ഇന്ദിരയുടെ രാഷ്ട്രീയ ചായ്വ് അവസാന കാലഘട്ടം വരെയും തുടര്‍ന്നു. നേരത്തെ സ്വതന്ത്രാ പാര്‍ട്ടിപോലുള്ള രാഷ്ട്രീയ സംഘടനകളോട് താല്പര്യം കാണിച്ച ഇന്ത്യന്‍ വാണിജ്യവര്‍ഗ്ഗം രാഷ്ട്രീയത്തില്‍ അവരുടെ ശബ്ദമായി ഇന്ദിരയെ കണ്ടുതുടങ്ങി. 1980-ല്‍ അഖിലേന്ത്യാതലത്തില്‍ ഇന്ദിരയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തിരിച്ചുവരവ് നടത്തിയ സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ ഒരു പ്രശസ്ത ഹോട്ടലില്‍ ഇന്ത്യന്‍ വ്യവസായികളുടെ സംഘടന ഒരു വിരുന്നു നല്‍കി. ധീരുഭായ് അംബാനിയായിരുന്നു മുഖ്യ ആതിഥേയന്‍. ഭരണകൂടവും വന്‍കിട ബിസിനസ്സും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വ്വചിക്കുന്നതിന്റെ തുടക്കമായിരുന്നു അടിയന്തരാവസ്ഥയെന്ന് ശ്രീനാഥ് രാഘവന്‍ തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. 

ആസന്നമായ ഒരു തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ ഘട്ടത്തിലാണ് ജര്‍മനിയില്‍ നാസിസം പ്രത്യക്ഷപ്പെടുന്നതെന്നും ഇന്ത്യയില്‍ ഇന്ദിരയുടെ ഭരണകാലത്തോ ഹിന്ദുത്വത്തിന്റെ അധികാരലബ്ധിയുടെ മുഹൂര്‍ത്തത്തിലോ അത്തരമൊന്ന് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് വിചാരിക്കുന്നത്ര പേടിക്കാനൊന്നുമില്ലെന്നോ ഉണ്ടായിരുന്നില്ലെന്നോ സമാധാനിക്കുന്നത് വെറും രാഷ്ട്രീയ നിഷ്‌കളങ്കത കൊണ്ടാണ്. ഇന്ദിരയുടെ കാര്യത്തിലാണെങ്കില്‍ നിരവധി അഭാവങ്ങള്‍ ചൂണ്ടിക്കാട്ടാം. ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും ആശയങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഒരു പരിസരത്തുനിന്ന് അവര്‍ക്ക് സവിശേഷമായ മൂല്യബോധം ആര്‍ജ്ജിക്കാനായിട്ടുണ്ടാകും എന്ന ന്യായവാദം, സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍, അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്നിങ്ങനെ പല അപവാദങ്ങളും ചൂണ്ടിക്കാണിക്കാനും ഉണ്ടാകാം. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് അവരെടുത്ത നടപടികള്‍ മിക്കതും ഫാസിസ്റ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അത്തരമൊരു ഫാസിസ്റ്റ് ക്രമത്തിന്റെ ആവിര്‍ഭാവത്തിനു സാഹചര്യമൊരുക്കുന്ന സാമ്പത്തിക, സാമൂഹ്യ ഘടകങ്ങള്‍ മിക്കതും അതിനു മുന്‍പ് നിലനിന്നിരുന്നു. ഇന്ദിരയുടെ തിരിച്ചുവരവിനുശേഷമുള്ള കാലഘട്ടത്തിലാണ് അവരൊരുക്കിയ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഹിന്ദുത്വ ഫാസിസം പതിയേ വേരുപിടിക്കാന്‍ തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.

Endnotes

1. From 1921, the German rulers' strategy through the Reich bank, was to ruin the nation's currency in order to reduce reparation payment and roll back the gains workers had achieved during the revolution. 
Page 128 A People's History of Modern Europe. 
1923 അവസാനമാകുമ്പോഴേക്കും ജര്‍മന്‍ മാര്‍ക്കിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ പൂര്‍ണ്ണമായും അവസാനിച്ചു. സ്വര്‍ണ്ണത്തിലോ ബാര്‍ട്ടര്‍ വ്യവസ്ഥയിലോ ഏറ്റവും ശക്തമായ മറ്റെതെങ്കിലും വിദേശ കറന്‍സിയിലോ ആയി അത്. പക്ഷേ, തൊഴിലാളികള്‍ക്കുള്ള പ്രതിഫലം അപ്പോഴും പേപ്പര്‍ കറന്‍സിയില്‍ തന്നെ തുടര്‍ന്നു. ജനങ്ങള്‍ അത് വാള്‍പേപ്പറായോ വീടിനകം ചൂടാക്കുന്നതിനോ ഉപയോഗിച്ചുപോന്നുവെന്ന് വില്യം എ പെല്‍സ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
2. 'In Germany there wans't any alternative left. Liberalism was failing. If I'd been German and not a Jew, I could see I might have become a Nazi, a German nationalist. I could see how they'd become passionate about saving the nation. It was a time when you didn't believe there was a future unless the world was fundamentally transformed.'- എറിക് ഹോബ്‌സ് ബാം മായാ ജഗ്ഗിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. ദ ഗാര്‍ഡിയന്‍ -സെപ്തംബര്‍ 14, 2002.
3. എ പീപ്പ്ള്‍സ് ഹിസ്റ്ററി ഒഫ് മോഡേണ്‍ യൂറോപ്പ്, പേജ് നമ്പര്‍ 129, മൂന്നാം പാരഗ്രാഫ് 
4. പ്രൊഫ. പ്രണബ് ബര്‍ധന്‍ തന്റെ പുസ്തകമായ ദ പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് ഡവലപ്‌മെന്റ് ഇന്‍ ഇന്‍ഡ്യ എന്ന പുസ്തകത്തില്‍ നമ്മുടെ നയങ്ങളെ നിര്‍ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന പ്രപ്‌റൈറ്ററി ക്ലാസ്സെസ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന വിഭാഗങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. വ്യവസായമുതലാളിമാരാണ് ഒന്നാമത്തേത്. സമ്പന്ന കര്‍ഷകര്‍ രണ്ടാമതു വരുന്നു. എല്ലാതരത്തിലും പെട്ട വൈറ്റ് കോളര്‍ ജീവനക്കാരും സര്‍ക്കാര്‍-സര്‍ക്കാരിതര മിലിറ്ററി ബ്യൂറോക്രസി എന്നിവയും ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗമാണ് മൂന്നാമത്തേത്. 

5. ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹിക നിയന്ത്രണമേര്‍പ്പെടുത്തുക, ജനറല്‍ ഇന്‍ഷ്വറന്‍സ് ദേശസാല്‍ക്കരിക്കുക, കയറ്റുമതിയും ഇറക്കുമതിയും ദേശസാല്‍ക്കരിക്കുക, ഭക്ഷ്യധാന്യവിതരണത്തിന് പൊതുവിതരണസംവിധാനം ഏര്‍പ്പെടുത്തുക, സാമ്പത്തിക കേന്ദ്രീകരണത്തേയും കുത്തകകളേയും നിയന്ത്രിക്കുക, നഗരസ്വത്തിലും വരുമാനത്തിലും പരിധി ഏര്‍പ്പെടുത്തുക, ഭൂപരിഷ്‌കരണം മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുക, പഴയ നാട്ടുരാജാക്കന്മാര്‍ക്ക് ലഭ്യമായിരുന്ന പ്രത്യേക അവകാശങ്ങളും പ്രിവിപേഴ്‌സും നിര്‍ത്തല്‍ ചെയ്യുക എന്നിവയായിരുന്നു ഇത്. 
6. The years of Endeavour: Selected Speeches of Indira Gandhi, August 1969-August 1972 (New Delhi; Publications Division, 1975).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com